'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 30, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയ ഭൂമിക

ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമോ? എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.
തന്മയുടെ രാഷ്ട്രീയം (സ്വത്വരാഷ്ടീയം)

പറഞ്ഞുവന്നത് സ്വത്വം, തന്മ, അനന്യത എന്നീ പേരുകളില്‍ മലയാളത്തില്‍ വ്യവഹരിക്കപ്പെടുന്ന Identity കേന്ദ്രീകരിച്ച് വികസിക്കുന്ന രാഷ്ട്രീയ സമീപനത്തിന്റെ പിറവിയില്‍ സാംസ്‌കാരിക തനിമകളെ അവഗണിച്ച് വര്‍ഗരാഷ്ട്രീയത്തിന് മുഖ്യസ്ഥാനം നല്‍കിയ സംഘടനകള്‍ക്കുള്ള പങ്കിനെക്കുറിച്ചാണ്. എന്തിന്റെ പേരിലാണോ ഒരു വിഭാഗം അവഗണിക്കപ്പെടുകയോ മാറ്റിവെക്കപ്പെടുകയോ നിന്ദിക്കപ്പെടുകയോ അപകൃഷ്ടരായി മുദ്രകുത്തപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്യുന്നത് അതിന്റെ അടിസ്ഥാനത്തില്‍തന്നെ അംഗീകാരത്തിനുവേണ്ടി വാദിച്ചുകൊണ്ടാണ് സംസ്‌കാര രാഷ്ട്രീയം (Cultural Politics) സ്വത്വരാഷ്ട്രീയമായി (Identity Politics) പരിണമിക്കുന്നത് എന്ന് കാണാന്‍ പ്രയാസമില്ല. ജമാഅത്തെ ഇസ്‌ലാമി  നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത് ഈ സ്വത്വരാഷ്ട്രീയത്തിന്റെ ഭൂമികയിലാണ് എന്നത് ഇസ്‌ലാമിനെ കേവലം ഒരു മതമായി കാണുന്നവരുടെ ഊഹം മാത്രമാണ്. യാഥാര്‍ഥ്യവുമായി അതിന് ഒരു ബന്ധവുമില്ല.

സ്വത്വരാഷ്ട്രീയമെന്ന മതേതരപരിഹാരം

മുസ്‌ലിം സ്വത്വപ്രതിസന്ധിക്ക് മതേതരമണ്ഡലത്തിലെ പരിഹാരം കൂടിയായിട്ടാണ് സ്വത്വവാദ രാഷ്ട്രീയം പ്രാബല്യം നേടുന്നത്. സമുദായത്തിനകത്തും ഈ സമീപനത്തിന് വലിയ അളവില്‍ സമ്മതി ലഭിച്ചു. കൊളോണിയല്‍ ആധുനികതയും സവര്‍ണ ദേശീയതയും ഏല്‍പിച്ച ആഘാതങ്ങളെക്കുറിച്ച വിശകലനങ്ങള്‍ ചിലതിരിച്ചറിവുകള്‍ക്കിടയാക്കി എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. കൊളോണിയലിസത്തോട് പ്രതിരോധം തീര്‍ത്ത ദേശീയത പക്ഷേ അതിനകത്തെ മുസ്ലിംകള്‍ ദലിതുകള്‍ തുടങ്ങിയ വിഭാഗങ്ങളോട് നീതിപുലര്‍ത്തിയില്ല എന്ന ചരിത്രബോധ്യത്തില്‍നിന്നാണ് ഇത് ഊര്‍ജം സ്വീകരിച്ചത്. കീഴാള പഠനങ്ങളുടെ (Subaltern Studies) ധൈഷണിക പിന്‍ബലം ഇങ്ങനെയും ഒരു ലോകബോധം സാധ്യമാണ് എന്നതിലേക്ക് ഇത്തരം വിഭാഗങ്ങളെ നയിച്ചു.

'80-കളില്‍ നവ ഇടുതപക്ഷത്തിന്റെ തകര്‍ച്ചയില്‍ 'നിരാശരായ' വിഭാഗങ്ങളാണ് സ്വത്വവാദത്തെ വികസിപ്പിക്കാന്‍ ശ്രമിച്ചത്. ഇടതുപക്ഷത്തിന്റെ ഒരു വിഭാഗം ഇതിന്റെ പ്രചാരകരായി മാറിയത് നാം കണ്ടു. സാമ്രാജ്യത്വ അധിനിവേശത്തിനും സവര്‍ണ ഫാസിസത്തിനും എതിരെ ഒരു സമരരൂപം എന്ന നിലയില്‍ മുസ്‌ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സാംസാകാരിക തനിമകളിലൂന്നി പ്രതിരോധം തീര്‍ക്കണം എന്നാണ് ഇതിലെ പ്രധാന വാദഗതി. 'ഇരകളുടെ ഐക്യം' എന്ന ആശയം ഇതിന് സമാനമായി ഉയര്‍ന്ന് വന്നു. മുസ്ലിംകളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഇരകളായി പരികല്‍പന ചെയ്ത് മാര്‍കിസ്റ്റ് സാസ്‌കാരിക നായകനായ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് മുന്നോട്ടുവെച്ച നീരീക്ഷണങ്ങള്‍ ഇടതുപക്ഷത്തിനിടയില്‍തന്നെ സംവാദങ്ങള്‍ക്ക് വഴിവെച്ചു.

ഇതിനെ കാര്യമായി ചെറുത്തതവരുടെ പരാതി, ന്യൂനപക്ഷതീവ്രവാദത്തിനോടും വര്‍ഗീയതയോടും മൃദുസമീപനം സ്വീകരിക്കാന്‍ ഈ 'ഇരവാദം' കാരണമാകും എന്നതായിരുന്നു. ആഗോളവത്കരണത്തിനെതിരായ പ്രതിരോധങ്ങളെ സ്വയം ദുര്‍ബലപ്പെടുത്താന്‍ ഇത്തരം ശിഥിലീകൃത സ്വത്വബോധം കാരണമാകും എന്നവാദവും ന്യയമായി കരുതപ്പെട്ടു. ജമാഅത്തെ ഇസ്‌ലാമിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച്, ആറെസ്സെനോടും എന്‍.ഡി.എഫിനോടും അതിനെ സമീകരിക്കുന്ന അള്‍ട്രാസെക്യൂലരിസ്റ്റുകളായ ഹമീദാദികള്‍ തന്നെയാണ് ഇതിന് മുന്‍പന്തിയില്‍ നിന്നത്. അവരുടെ അവിരാമമായ ശ്രമഫലമാണ്. ജമാഅത്തെ ഇസ്‌ലാമിയുടെത് സ്വത്വരാഷ്ട്രീയമാണ് എന്ന ധാരണ ശക്തിപ്പെടാന്‍ ഇടയാക്കിയത്.

മറ്റൊരു കാരണം, മാര്‍കിസ്റ്റ് ചിന്തകനായ ഫ്രെഡറിക്ക് ജെയിംസണ്‍ അഭിപ്രായമനുസരിച്ച് മാര്‍ക്കിസ്റ്റുകാരില്‍ രൂപപ്പെട്ട തെറ്റായ ഒരു ധാരണയില്‍നിന്നാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ. 'രാഷ്ട്രീയമായ പ്രതിരോധത്തിന്റെ ഏതൊരു മതാത്മക രൂപവും സമൂര്‍ത്തമായ ശക്കി കൈവരിക്കുന്നത് യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്ന സമുദായത്തിലുള്ള അതിന്റെ വേരുകളില്‍നിന്നാണ്. അല്ലാതെ അതിന്റെ വിശ്വാസവ്യവസ്ഥകളില്‍നിന്നല്ല.' മതത്തെ കേവലം ആചാരാനുഷ്ഠാനങ്ങളുടെ നാട്ടുപാരമ്പര്യമായി കാണുന്ന മതവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ശരിയാണ്. അതില്‍ മുസ്‌ലിം വിഭാഗങ്ങളും ഉള്‍പ്പെടും. അത്തരത്തില്‍ സ്വത്വരാഷ്ട്രീയത്തോട് കുറെയേറെ ആഭിമുഖ്യം പുലര്‍ത്തിയത് 'മതയാഥാസ്ഥിതികര്‍' എന്ന് ഗണിക്കപ്പെടാറുള്ള സുന്നിസംഘടനകളാണ്. ഒരര്‍ഥത്തില്‍ മുസ്ലിം സാമുദായിക സംഘടനകളെയും ആ വിഭാഗത്തില്‍ പെടുത്താം. മിക്കപ്പോഴും ഇതര മുസ്‌ലിം സംഘനകള്‍ അത്തരം സാമുദായിക സംഘടനകളുടെ വാലായി പ്രവര്‍ത്തിക്കുന്നു. ഇവര്‍ പ്രതിനിധാനം ചെയ്യുന്ന ഇസ്‌ലാമിനെയാണ് 'കള്‍ചറല്‍ ഇസ്‌ലാം' എന്ന് ഓമനപേരുനല്‍കി ആദരിക്കുന്നത്. അവരെ രാഷ്ട്രീയ ഇസ്‌ലാമെന്ന് പേര് നിര്‍ത്തി മാറ്റിനിര്‍ത്തപ്പെട്ട സംഘങ്ങള്‍ക്കെതിരെ ഇടതുപക്ഷം അണിനിരത്തുകയാണ്. യഥാര്‍ഥ മുസ്ലിം സ്വത്വരാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നവരെയാണ് ഇടതുപക്ഷം അല്‍പമെങ്കിലും താലോലിക്കുന്നത്. അതില്‍ മുഖ്യം സുന്നികളിലെ എ.പി. വിഭാഗവും.

സമഗ്രജീവിതദര്‍ശനമെന്ന നിലയില്‍ രാഷ്ട്രീയവശത്തിനുകൂടി പ്രാധാന്യം നല്‍കുന്ന ഇസ്‌ലാമിക പ്രസ്ഥാനത്തെ 'മതമൗലികവാദികള്‍' എന്ന ശകാരപ്പേരു ചൊല്ലിവിളിക്കുന്ന ഇടതുസാസ്‌കാരികവൃന്ദം കല്‍പിച്ചരുളിയ മറ്റൊരു അടിസ്ഥാന രഹിഹതവും ഒട്ടും വസ്തുനിഷ്ഠമല്ലാത്തതുമായ ആരോപണമാണ് ജമാഅത്ത് സ്വത്വരാഷ്ട്രീയത്തിന് വേണ്ടി നിലനില്‍ക്കുന്നുവെന്നത്. ഇതിലൂടെ ജമാഅത്തിന്റെ ലക്ഷ്യത്തെ കുറച്ചുകാണിക്കാനും ജനങ്ങള്‍ക്കിടയില്‍ കേവല സാമുദായിക സംഘനടയാക്കി നിസ്സാരവല്‍ക്കരിക്കാനും കഴിയും എന്നവര്‍ കണക്കുകൂട്ടുന്നു. ഇതര മതസംഘടനകളാകട്ടെ ഇടതുപക്ഷം വകവെച്ചുകൊടുക്കുന്ന 'മതേതര ശിതളച്ഛായ'യില്‍ മതിമറന്ന് ഇടതുപക്ഷ കളത്തിലെ കരുക്കാളായി മാറുകയും ചെയ്യുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് ചെക്ക് പറയാന്‍ ഇത്തരം കരുക്കളെ ഇടതുപക്ഷം ഉപയോഗിക്കുന്നു. ഇയ്യിടെ ഒരാഴ്ചയായി ദേശാഭിമാനിയില്‍ വരുന്ന ലേഖനങ്ങള്‍ ഇതിന് ഏറ്റവും അടുത്ത ഉദാഹരണമാണ്. ബ്ലോഗിലൂടെ നടന്നുകൊണ്ടിരിക്കുന്ന ജമാഅത്ത് വിമര്‍ശനത്തിലും ദുര്‍ബലമായ ഈ കരുക്കളെ കാണാന്‍ കഴിയും.

സ്വത്വരാഷ്ട്രീയത്തോടുള്ള ജമാഅത്ത കാഴ്ചപ്പാട്

ഇസ്‌ലാമിക പ്രസ്ഥാനത്തിന് കോളനിയാന്തര ഘട്ടത്തിലെ തന്ത്രപരമായ ഒരു നിലപാട് (Strategic Position) എന്ന നിലക്കുമാത്രമേ ഇത്തരം സ്വത്വബഹളങ്ങളെ കാണാന്‍ കഴിയൂ. അല്ലാതെ അവയെ രാഷ്ട്രീയ പ്രയോഗത്തിന്റെ സ്ഥായിയായ രീതിശാസ്ത്രമാക്കുന്നതില്‍ ഒരു പ്രസക്തിയും അത് കാണുന്നില്ല. വിവിധസ്വത്വങ്ങള്‍ക്ക് കര്‍തൃത്വപദവി (Subject) ലഭിക്കുന്നതുവരെ മാത്രമേ പരമാവധി ഈ രൂപത്തിലുള്ള വ്യവഹാരങ്ങള്‍ മുന്നോട്ടുപോകൂ. അതിലപ്പുറം പോകുന്നതോടെ എന്തിനെയാണോ ഇപ്പോള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത് അതേ പോലെ മര്‍ദകവിഭാഗമായി സാംസ്‌കാരിക സ്വത്വങ്ങളും മാറുകയാകും ഫലം. ദലിത് വാദത്തിന്റെ പരിണാമങ്ങള്‍ ഇത് ബോധ്യപ്പെടുത്തുന്നുണ്ട്. മുസ്ലിം സ്വത്വവാദവും അതില്‍നിന്ന് ഭിന്നമല്ല. ഒരു പരിധി കഴിയുമ്പോള്‍ പ്രതിലോമകരമായ കേവല സാമുദായികതയിലേക്ക് ഒരു വാതില്‍ അവിടെയും തുറന്നുകിടപ്പുണ്ട്. സ്വത്വവാദികള്‍ക്ക് തങ്ങളോടല്ലാതെ മറ്റാരോടും പ്രതിപത്തിയില്ല എന്നതാണ് ഇത്തരത്തിലേക്കൊരു പരിണാമത്തിലേക്ക് അതിനെ എത്തിക്കുന്നത്. മറിച്ച് ഇസ്‌ലാമിക രാഷ്ട്രീയം, അത് വേറെയാണ്. അത് സകല ജനസമുഹങ്ങളെയും ഉള്‍കൊള്ളുന്നതും അവയുടെ അസ്തിത്വം അംഗീകരിക്കുന്നതുമാണ്. മറിച്ചുള്ള വാദങ്ങള്‍ സ്വത്വവാദികളുടേതാണ്. അവയെ മുഖവിലക്കെടുക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് കഴിയില്ല.

എന്നാല്‍ നിലവിലെ അവസ്ഥയില്‍ സ്വത്വരാഷ്ട്രീയത്തിന്റെ സൃഷ്ടിപരമായ വശങ്ങളോട് അനുഭാവ സമീപനം അത് സ്വീകരിക്കുന്നുണ്ട്. അവയെ കണ്ടില്ലെന്ന് നടിക്കുന്നത് പ്രശ്‌നത്തിന് പരിഹാരമല്ല എന്നത് മനസ്സിലാക്കുന്നു. കെ.ഇ.എനിന് അത് പറയാനുള്ള സ്‌പൈസ് അനുവദിക്കുന്നത് ആ തിരിച്ചറിവിന്റെ ഭാഗമാണ്. അദ്ദേഹം തന്നെ തന്റെ വാദം പ്രതിലോമപരമായ ഒരു തലത്തിലേക്ക് മാറ്റപ്പെടുന്നതില്‍ ബോധവാനാണ്, ആ വസ്തുത അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ തന്നെ മനസ്സിലാക്കാം. ഈ ബോധം നന്നായി ജമാഅത്തിനുണ്ട്. അതുകൊണ്ടുതന്നെ സ്വത്വബോധം സാമുദായികമോ വംശീയമോ ആയി സങ്കുചിതമാകുന്നതിലേക്ക് നയിക്കപ്പെടുന്നതിനെ അത് ഭയപ്പെടുന്നു. സ്വത്വത്തെക്കാള്‍ മൗലികതത്വങ്ങളാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. സ്വത്വത്തെക്കാള്‍ ആദര്‍ശപരതയെ അത് മുന്നില്‍ വെക്കുന്നു. സ്വത്വവാദമോ അല്ലാത്തതോ ആയ സാമുദായികതയേക്കാള്‍ ഇസ്‌ലാമിന്റെ വിസ്തൃതമായ രാഷ്ട്രീയ ചട്ടക്കൂടില്‍ വികസിക്കുന്ന സാമൂഹികതയിലാണ് അതിന് താല്‍പര്യം. ഈ സാമൂഹികത രൂപം കൊള്ളുന്നത് വൈവിധ്യമാര്‍ന്ന തന്മകളെ (സ്വത്വങ്ങളെ) ആഭിമുഖീകരിച്ചും മാനവിക നന്മയുടെയും നിതിയുടെയും കാഴ്ചപ്പാടില്‍ അവയെ ഉദ്ഗ്രഥിച്ചും കൊണ്ടായിരിക്കും. കാരണം, സ്വത്വരാഷ്ട്രീയത്തിന്റെ ഘടകാകാശമല്ല, ദൈവപ്രോക്തമായ സമ്പൂര്‍ണ ജീവിതവ്യവസ്ഥയുടെ മാഹാകാശമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഭൂമിക. (തുടരും)

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

'ആധുനികതാ വിമര്‍ശം, സ്വത്വരാഷ്ട്രീയം, ഇസ്‌ലാമിക പ്രസ്ഥാനം' എന്ന അനീസുദ്ധീന് അഹ്മദിന്റെ ലേഖനം (ജ.ഇ. വായനയും പ്രതിനിധാനവും പേജ്. 52-66) വിഷയാധിഷ്ഠിതമായി സംഗ്രഹിച്ചതാണീ പോസ്റ്റ്. കൂടുതല്‍ വായനക്ക് ഐ.പി.എച്ച പ്രസിദ്ധീകരിച്ച് പ്രസ്തുത പുസ്തകം കാണുക.) വിഷയം ലളിതമാക്കുന്നതിനായി ചില കൂട്ടിചേര്‍ക്കലുകള്‍ നടത്തിയിട്ടുണ്ട്. ബ്ലോഗില്‍ അപ്രാധാനമെന്ന് കണ്ട് വലിയ ഒരു ഭാഗം ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. ഈ ലേഖനം ജമാഅത്തെ ഇസ്‌ലാമിയുടെ മേലുള്ള സ്വത്വരാഷ്ട്രീയാരോപണം നട്ടാല്‍ മുളക്കാത്ത് നുണയാണെന്ന് മനസ്സിലാക്കാന്‍ ഒരു പ്രയാസവുമില്ല.

അടുത്ത പോസ്റ്റില് എന്തുകൊണ്ട് സി.പി.എം ജമാഅത്തിനെതിരില്‍ കുരിശ് യുദ്ധം പ്രഖ്യാപിച്ചു എന്നതിന്റെ കാരണങ്ങള്‍ തേടുന്നതോടൊപ്പം. ജമാഅത്തിന് മേലില്‍ അവര്‍ ആരോപിക്കുന്ന വിഷയങ്ങളില്‍ അവരുടെ താത്വികനിലപാട് പരിശോധിക്കാനും ഉദ്ദേശിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമി വിരോധികളുടെ (ഹമീദ്‌-കാരശ്ശേരി പ്രേതബാധിതര്‍) കുപ്രചാരണം എത്രത്തോളം ജനങ്ങളെ വിഡ്ഡികളാക്കുന്നു എന്നതിനു കെ ഇ എന്‍ തന്നെ മികച്ച ഉദാഹരണം. ദൈവമില്ല മതമില്ല എന്ന് സ്വയം പ്രഖ്യാപിക്കുകയും അത്‌ തണ്റ്റെ ജീവിത മണ്ഡലത്തിലേക്ക്‌ പകര്‍ത്തുകയും അന്യ സമുദായത്തില്‍ പെട്ട സ്ത്രീയെ ജീവിത പങ്കാളിയാക്കുകയും തണ്റ്റെ മക്കളെ ഒരിക്കലും മതം പടിപ്പിക്കാതിരിക്കുകയും ചെയ്ത കെ ഇ എന്‍ കുഞ്ഞഹമ്മദിനെ തന്നെ ഈ പരിഷകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ശൂറാ മെബ്ബറാക്കി!! അന്നേ വിവരവും വിവേകവും കൈവിടാത്തവരൊക്കെ പറഞ്ഞതാണു ഈ ശുദ്ദബെഡായി എങ്കിലും ആരും വിശ്വസിക്കരുതെന്ന്. പറഞ്ഞിട്ടെന്ത്‌ കെ ഇ എനിനെ ജമാഅത്താക്കിയേ അടങ്ങു നമ്മുടെ മതേതര നാട്യക്കാര്‍! അതിനു ന്യായവും ഉണ്ട്‌ അവരുടെ പക്കല്‍ എന്താണെന്നോ; കെ ഇ എന്‍ മാധ്യമം പത്രത്തില്‍ കോളമെഴുതുന്നു!! മാധ്യമം പത്രത്തില്‍ ഒരിക്കലെങ്കിലും എഴുതാത്തവരായി ഈ കേരളക്കരയില്‍ ആരെങ്കിലുമുണ്ടെങ്കില്‍ അതവരുടെ ലേഖനം പ്രസിദ്ദീകരണ യോഗ്യമല്ല എന്ന കാരണത്താല്‍ മടക്കിയവരുടേതായിരിക്കും. (ഇ എ ജബ്ബാര്‍ (യുക്തിവാദി) അങ്ങിനെ പറയാമോ ആവൊ?!) പോലും തണ്റ്റെ ലേഖനം മാധ്യമം പ്രസിദ്ദീകരിക്കാതെ മടക്കി എന്ന് പരാതി പെടുന്നു!) ഒരു കണക്കിനത്‌ നന്നായി അതുകൊണ്ട്‌ പുള്ളിയും ജമാഅത്ത്‌ ചാരനാണെന്ന് ഈ വിവരദോഷികള്‍ എഴുതിപിടിപ്പിചില്ലല്ലോ!! നാസ്തികനായ ഹമീദ്‌ ചേന്ദമംഗലൂരിണ്റ്റെ വിവരക്കേടുകള്‍ വിശ്വസിക്കുന്നവരെ പറ്റി എന്തു പറയാന്‍!! ഇനിയിപ്പോള്‍ ഹമീദ്‌ ചേന്ദമംഗലൂരിണ്റ്റെ ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള നിരന്തരം കുറിപ്പുകള്‍ വായിച്ച്‌ ആരെങ്കിലും ടിയാന്‍ ജമാഅത്തിണ്റ്റെ അസിസ്റ്റണ്റ്റ്‌ അമീറോ മറ്റോ ആണെന്ന് എവിടെയെങ്കിലും എഴുതുമോ എന്നാണിപ്പോഴെണ്റ്റെ പേടി!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK