'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജനുവരി 27, 2011

മൗദൂദിയുടെ ജനാധിപത്യനിഷേധ ഉദ്ധരണികള്‍

['നമ്മുടെ പക്ഷത്തില്‍ പ്രസ്തുത മൂന്ന് തത്വങ്ങളും അബദ്ധജഡിലങ്ങളാണ്. അബദ്ധജടിലങ്ങളെന്ന് മാത്രമല്ല, മനുഷ്യനിന്ന് അകപ്പെട്ടുപോയിട്ടുള്ള സകല ദുരിതങ്ങളുടെയും വിനാശങ്ങളുടെയും നാരായ വേര് ആ തത്ത്വങ്ങളാണെന്നുകൂടി നാം ദൃഢമായി വിശ്വസിക്കുന്നുണ്ട്. നമ്മുടെ വിരോധം വാസ്തവത്തില്‍ അതേ തത്ത്വങ്ങളോടത്രേ. നാം നമ്മുടെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് അവയ്‌ക്കെതിരെ സമരം നടത്തിയേ തീരൂ.' (മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം പേജ് 11)]

['മുസല്‍മാന്‍മാരെ സംബന്ധിച്ചിടത്തോളം, ഞാനിതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങളതിന്റെ മുമ്പില്‍ സര്‍വാത്മനാ തലകുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനെ പിറകോട്ട് വലിച്ചെറിയലായിരിക്കും, നിങ്ങളതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങളതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്ലാമിന്റെ പേരില്‍ മുസ്ലിംകളെന്ന് നിങ്ങള്‍ അവകാശപ്പെടുന്നുവോ അതിന്റെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മില്‍ തുറന്ന സമരത്തിലാണ്. അതിന്റെ മൗലിക തത്ത്വങ്ങളും ഇതിന്റെ മൗലിക തത്ത്വങ്ങളും തമ്മില്‍ പ്രത്യക്ഷ സംഘടനമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തു വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റപോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴുന്നിടത്ത് ഇസ്‌ലാം വെറും ജലരേഖയായിരിക്കും. ഇസ്‌ലാമിനെ സ്വാധീനമുള്ള ദിക്കില്‍ ആ വ്യവസ്ഥക്ക് സ്ഥാനമുണ്ടാവുകയില്ല. നിങ്ങള്‍ പരിശുദ്ധ ഖുര്‍ആനും തിരുദൂതരും ആവിഷ്‌കരിച്ച ഇസ്‌ലാമിലാണ് യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നതെങ്കില്‍ നിങ്ങള്‍ എവിടെയായിരുന്നാലും ശരി, മതേതര ഭൗതികത്വ സിദ്ധാന്തത്തിലധിഷ്ഠിതമായ ഈ ദേശീയ ജനായത്തത്തെ പ്രതിരോധിക്കുകയും പകരം ദൈവവിശ്വാസത്തിലധിഷ്ഠിതമായ ആ മാനുഷിക പ്രാതിനിധ്യത്തിന്റെ സംസ്ഥാപനാര്‍ഥം സമരം നടത്തുകയും ചെയ്യേണ്ടത് നിങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത മത കര്‍ത്തവ്യം മാത്രമാകുന്നു. നിങ്ങള്‍ക്ക് ഒരു പ്രത്യേക ജനതയെന്ന നിലയില്‍ സ്വാതന്ത്ര്യവും സ്വയം നിര്‍ണയാവകാശവും ലഭിക്കുന്നേടത്ത് വിശേഷിച്ചും. യഥാര്‍ഥ ഇസ്‌ലാമിക വ്യവസ്ഥിതിക്കു പകരം, ഈ കുഫ് ര്‍ വ്യവസ്ഥയാണ് നിങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് നിര്‍മിച്ചു നടത്തുന്നതെങ്കില്‍പ്പിന്നെ നിങ്ങളോട് എനിക്കൊന്നും പറയാനില്ല. ഇസ്്‌ലാം അപകടത്തില്‍ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് നാടുനീളെ ബഹളവും കോലാഹലവും സൃഷ്ടിച്ചുവിട്ട നിങ്ങള്‍ ആ ഇസ്‌ലാമിനെ പ്രയോഗത്തില്‍ വരുത്താനുള്ള അവസരം കൈവരുമ്പോള്‍ അമാന്തം കാണിക്കുകയും ഇസ്‌ലമിന്റെ സ്ഥാനത്ത് കുഫ്‌റിനെ പ്രതിഷ്ഠിക്കുകയുമാണെങ്കില്‍ നിങ്ങളുടെ ഈ വ്യാജജടിലമായ മുസ്‌ലിംവാദം എത്ര ജുഗുപ്‌സാവഹം.' (മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം, പേജ്:22)

ജമാഅത്തെ ഇസ്‌ലാമിയ വിമര്‍ശിക്കുന്നതിനും അതിന്റെ ജനാധിപത്യ മതേരരത്വ ദേശീയത്വ വിരുദ്ധതക്ക് തെളിവായി ഏറ്റവും കൂടതല്‍ വാമൊഴിയായും വരമൊഴിയായും ഉദ്ധരിക്കപ്പെട്ട മൗദൂദിയുടെ പ്രസംഗത്തിലെ ഉദ്ധരണികളാണ് മുകളില്‍ നല്‍കിയത്. 

ഇത് ഇങ്ങനെത്തന്നെ ജമാഅത്തെ ഇസ്‌ലാമി അംഗീകരിക്കുന്നുണ്ടോ?. 'ഇല്ലെങ്കില്‍ അതിനര്‍ഥം. ജനാധിപത്യ-മതേതരത്വ-ദേശീയത്വ വിരുദ്ധമായ മൗദൂദിയുടെ ആശയങ്ങള്‍, ജമാഅത്തെ ഇസ്‌ലാമി നിലനില്‍പ്പും പ്രവര്‍ത്തനാവസരവും ഉദ്ദേശിച്ച് തല്‍ക്കാലം തള്ളിക്കളഞ്ഞിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് അധികാരം ലഭിക്കുന്ന ആദ്യനിമിഷം  ആ മൂന്ന് (ജനാധിപത്യം, മതേരത്വം ദേശീയത്വം) തത്ത്വങ്ങളെയും കശാപ്പു ചെയ്യും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യമതേതരത്വ സ്‌നേഹം വെറും മുഖമൂടി തന്നെ.' ഇതാണ് പൊതുസമൂഹം ജമാഅത്തെ ഇസ്‌ലാമിക്ക് നല്‍കിയ മുഖം മൂടി ആരോപണത്തിന്റെ പൊരുള്‍.

ഇതിനെ പ്രതിരോധിക്കാന്‍ മൗദൂദിയുടെ തന്നെ പ്രസ്തുത പുസ്തകത്തിലുള്ള ജനാധിപത്യത്തെ അനുകൂലിക്കുന്നതും ഏകാധിപത്യത്തെ തള്ളിക്കളയുന്നതുമായ പരാമര്‍ശങ്ങള്‍ നല്‍കുന്നുണ്ട്. അപ്പോള്‍  അര്‍ഥം മൗദൂദി പ്രസ്തുത പുസ്തകത്തില്‍ തന്നെ അനുകൂലവും പ്രതികൂലവുമായ അഭിപ്രായം പറഞ്ഞുവെന്നോ?. ഇതില്‍ അനുകൂലമായത് ജമാഅത്ത് സ്വീകരിക്കുകയും പ്രതികൂലമായത് തള്ളിക്കളയുന്നുവെന്നോ?. ആരോപണവും അതിന്റെ മറുപടിയും കേള്‍ക്കുന്ന ആള്‍ വീണ്ടും ആശയക്കുഴപ്പത്തില്‍ അകപ്പെടുന്നു.

മൗദൂദിയുടെ പ്രസ്തുത പുസ്തകം വായിക്കാനോ വായിച്ചാല്‍ തന്നെ എന്താണ് മൗദൂദിയും ജമാഅത്തെ ഇസ്‌ലാമിയും തമ്മിലുള്ള ബന്ധം, ഏത് സന്ദര്‍ഭത്തില്‍ എപ്പോഴാണ് മൗദൂദി ഇത് പറഞ്ഞത് എന്തിനെക്കുറിച്ചാണ് പറഞ്ഞത്, ഏത് കാലഘട്ടിലാണ് പറഞ്ഞത്, അദ്ദേഹം പകരം വെക്കുന്ന തത്ത്വങ്ങളെന്ത് എന്നൊക്കെയുള്ള ധാരണയില്ലാത്തവരെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ രണ്ട് കാഴ്ചപ്പാടുകള്‍ സ്വരൂപിക്കുന്നു. ഇസ്‌ലാമിനെക്കുറിച്ച് അറിയാത്തവര്‍ ധരിക്കുന്നത് ഇങ്ങനെയായിരിക്കും:

'മൗദൂദി പറയുന്നത് ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞത് തന്നെ അത് ജനാധിപത്യ മതേതരത്വ ദേശീയത്വ വിരുദ്ധമാണ്. അധിക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും കടുത്ത ഏകാധിപത്യ സ്വേഛാധിപത്യ ഭരണകര്‍ത്തക്കളെ പൊറുപ്പിക്കുന്നത് വെറുതെയല്ല. പ്രവാചകന്റെ കാലത്തെ യുദ്ധങ്ങളും ഖുര്‍ആനിലെ അതുമായി ബന്ധപ്പെട്ട സൂക്തങ്ങളുമൊക്കെ ഇസ്‌ലാമിന്റെ ജനാധിപത്യ മതേതരത്വവിരുദ്ധമായ തത്ത്വങ്ങളെ പിന്താങ്ങുന്നു. കൂടാതെ മുസ്‌ലിം സംഘടനകള്‍ ഏതാണ്ടെല്ലാം താത്വികമായി ജമാഅത്തെ ഇസ്‌ലാമിയോട് ഈ സംവാദത്തില്‍ പരാജയപ്പെടുകയോ നിശബ്ദരാകുകയോ ചെയ്യുന്നു. ഇതൊക്കെ തെളിയിക്കുന്നത് ഇസ്‌ലാമിന്റെ ജനാധിപത്യവിരുദ്ധതയും അതിനെ യഥാവിധി പിന്തുടരുന്നതിനാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യമതേതരത്വ വിരുദ്ധതയുമാണ്'.

ഇനി ഇതേ അരോപണങ്ങള്‍ കേള്‍ക്കുന്ന മുസ്ലിം പൊതുജനം മനസ്സിലാക്കുന്നത്: 'സര്‍വ ഇന്ത്യക്കാരും അംഗീകരിക്കേണ്ട ഇന്ത്യയുടെ മതേതരത്വ-ജനാധിപത്യ തത്ത്വങ്ങളെക്കുറിച്ച് മൗദൂദി എന്തോ അബദ്ധം പറഞ്ഞുപോയതിനാല്‍ ജമാഅത്തെ ഇസ്‌ലാമിക്ക് അവ ഇതുവരെ പഥ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ അവര്‍ പലകാര്യത്തിലും മൗദൂദിയെ തള്ളിയ പോലെ ഈ വിഷയത്തിലും മൗദൂദിയ തള്ളിയിരിക്കുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ അവയെക്കുറിച്ച് ഏതൊരു കാഴ്ചപ്പാടിലാണോ അവിടെ  വൈകി ജമാഅത്തും എത്തിയിരിക്കുന്നു. ചിന്തയും ബുദ്ധിയും അവര്‍ക്ക് കുറവാണ്. പ്രായോഗികത തീരെയില്ല.'

അവരുടെ കൂട്ടത്തില്‍ അല്‍പമൊക്കെ ചിന്തിക്കുന്നവര്‍, ജമാഅത്തിന് ഈ വിഷത്തില്‍ എന്തൊക്കെയോ കാഴ്ചപ്പാടുകളുണ്ടെന്നും എന്നാല്‍ അത് ശരിയാണോ തെറ്റാണോ എന്ന് പറയാന്‍ മാത്രം വിഷയം ചിന്തിക്കുകയോ പഠിക്കുകയോ ചെയ്യാത്തവരാണ്. എന്നാല്‍ അവര്‍ക്കൊന്നറിയാം;  'ഈ വിഷയത്തില്‍ മറ്റു മുസ്ലിം മതസംഘടനകള്‍ കാര്യമായ ഒരു  പഠനമോ വേണ്ടത്ര തെളിവുകളോ ഇല്ലാതെയാണ് ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നത്. മറ്റുപല കാര്യത്തിലുമെന്ന പോലെ ജമാഅത്താകട്ടേ ഈ വിഷയങ്ങളും ചിന്തിച്ചും പഠിച്ചുമാണ് അവതരിപ്പിക്കുന്നത്.' ഇതില്‍ ചില ജമാഅത്ത് അനുഭാവികളും പെടും.

ഉദ്ധരണികള്‍ മേല്‍ നല്‍കപ്പെട്ട പോലെ നല്‍കാനാവില്ലെങ്കിലും ഒന്നര വര്‍ഷത്തിനിടയില്‍ ഇവിടെ കണ്ടതും കേട്ടതുമായ ഒട്ടേറെ സംസാരത്തില്‍നിന്ന് ഉരുത്തിരിച്ചെടുത്ത ആരോപണങ്ങളാണവ. ഞാന്‍ പറയാത്ത ചിന്താഗതികളും വെച്ചുപുലര്‍ത്തുന്നവരുണ്ടാകാം. അത്തരക്കാര്‍ക്ക് അത് കമന്റായി നല്‍കാവുന്നതാണ്.

എന്റെ നിരീക്ഷണത്തില്‍ മുകളില്‍ പറയപ്പെട്ട എല്ലാവരും ചില തെറ്റായ ധാരണകളിലാണ് ഉള്ളത്. മൗദൂദിയുടെ ആശയങ്ങള്‍ ശരിയും യഥാര്‍ഥ ഇസ്ലാമിനെ പിന്തുണക്കുന്നതുമാണ്. അദ്ദേഹത്തിന്റെ ആശയത്തില്‍നിന്ന് ജമാഅത്ത് വ്യതിചലിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹം പറഞ്ഞതും പ്രവര്‍ത്തിച്ചതുമാത്രമാണ് എപ്പോഴും അനുവര്‍ത്തിക്കേണ്ടത് എന്ന് ജമാഅത്ത് ഒരു കാലത്തും ചിന്തിച്ചിട്ടില്ല. അദ്ദേഹം അന്ന് ജനാധിപത്യത്തെയും മതേതരത്വത്തെയും ദേശീയതയെയും കുറിച്ച് പറഞ്ഞത് നൂറ് ശതമാനം ശരിയാണ്. എന്നാല്‍ അദ്ദേഹം പറഞ്ഞതുപോലെ മതേതരത്വജനാധിപത്യ ഇന്ത്യയില്‍ ആ തത്ത്വങ്ങളോട് സന്ധിയില്ലാ സമരം ചെയ്യണം എന്ന് ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഒരു കാലത്തും കരുതിയിട്ടില്ല. അദ്ദേഹം അത് പറഞ്ഞത് ഇന്ത്യക്കാരോടോ ഇന്ത്യയിലെ മുസ്ലിംകളോടോ ലോക മുസ്ലിംകളോടോ അല്ല. അദ്ദേഹം അന്ന് പറഞ്ഞ അതേ അത്മാവുള്‍കൊണ്ട തത്ത്വങ്ങളോട് ഇന്നും ജമാഅത്തെ ഇസ്‌ലാമിക അതേ നിലപാടുതന്നെയായിരിക്കും. മൗദൂദി നടത്തിയത് പോലുള്ള സമരം അതിനെതിരെ നടത്താന്‍ അവര്‍ പ്രതിജ്ഞാബദ്ധരുമായിരിക്കും.എന്തിനെയാണ് മൗദൂദി സത്യത്തില്‍ നിരാകരിക്കുന്നുത്. ഏതിനെതിരെയാണ് അദ്ദേഹം സന്ധിയില്ലാ സമരം നടത്തിയത്.     തുടര്‍ന്നുള്ള പോസ്റ്റുകളില്‍ വായിക്കുക.

ചൊവ്വാഴ്ച, ജനുവരി 25, 2011

ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യവിരുദ്ധത !?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (10)

ജനാധിപത്യത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമിയെ വിമര്‍ശിക്കുന്നവരാണ് ഇവിടെ ഏതാണ്ടെല്ലാ മതസംഘടനകളും രാഷ്ട്രീയ സംഘടനകളും. അതുകേള്‍ക്കുമ്പോള്‍ ആ ആരോപണം കേള്‍ക്കുന്ന ഒരാള്‍ ആദ്യമായി ചിന്തിക്കുക, ഈ പറയുന്ന സംഘടനകളെല്ലാം തങ്ങളുടെ സംഘടനയില്‍ വിശാലമായ അഭിപ്രായ സ്വാതന്ത്ര്യവും ഭൂരിപക്ഷാഭിപ്രായവും അംഗീകരിക്കുന്ന സംഘടനകളാണെന്നും, സംഘടനക്കുള്ളില്‍ കടുത്ത ഏകാധിപത്യപ്രവണത കാണിക്കുന്ന സ്വേഛാധിപത്യ ഘടനയോടുകൂടിയുമായിരിക്കും ജമാഅത്തെ ഇസ്‌ലാമി എന്നുമാണ്.

ഇതിനെക്കുറിച്ച് ഒരു നിമിഷം ചിന്തിച്ചാല്‍ മനസ്സിലാകുന്ന യാഥാര്‍ഥ്യം നിങ്ങളെ അമ്പരപ്പിക്കുക തന്നെ ചെയ്യും. ജമാഅത്ത് തുടക്കം മുതലിങ്ങോട്ട് അതിന്റെ പ്രദേശിക തലം മുതല്‍ അഖിലേന്ത്യാ തലം വരെ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് കൃത്യമായി അതിന് നിശ്ചയിക്കപ്പെട്ട കാലയളവിലാണ്. അതിലൊരിക്കലും മുടക്കം വരുത്തിയിട്ടില്ല. മിക്ക സംഘടനകള്‍ക്കും നേതാക്കള്‍ ആജീവനാന്തമായിരിക്കുമ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അത്തരമൊരു അവസ്ഥയില്ല. അടുത്ത തെരഞ്ഞെടുപ്പോടെ ആരായിരിക്കും അമീര്‍ എന്ന് പ്രവചിക്കാന്‍ കഴിയില്ല. ചിലപ്പോള്‍ പ്രവര്‍ത്തനം പരിഗണിച്ച് വീണ്ടും അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെടാറുണ്ട് എന്നത് ശരി. എങ്കിലും അദ്ദേഹം സ്വയം നേതാവായി തുടരാന്‍ തീരുമാനിക്കുന്നത് കൊണ്ടല്ല അത്. മറിച്ച് ഭൂരിപക്ഷാഭിപ്രായ പ്രകാരം മാത്രമാണ്. സുദീര്‍ഘമായ തുറന്ന അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ അവസരം നല്‍കപ്പെട്ടതിന് ശേഷം നോമിനേഷന്‍ നല്‍കപ്പെട്ടവരുടെ കാര്യത്തില്‍ അഭിപ്രായം ഏകോപിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ വോട്ടിനിടുകയും ഭൂരിപക്ഷാടിസ്ഥാനത്തില്‍ നേതാവിനെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.

നേതാവിനെ തെരഞ്ഞെടുക്കുന്നിടത്ത് മാത്രമല്ല. ജമാഅത്ത് എടുക്കുന്ന എല്ലാ തീരുമാനങ്ങളും വിശാലമായ കൂടിയാലോചനയിലൂടെയും ഭൂരിപക്ഷാഭിപ്രായ പ്രകാരവുമാണ്. പ്രാദേശിക തലത്തില്‍,  മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും അവസരം ലഭിക്കും. ഏരിയാ തലത്തിലും ജില്ലാതലത്തിലും പ്രാദേശിക ഏരിയാ തലത്തില്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കും കൂടിയാലോചന നടത്തുന്നതും തീരുമാനം എടുക്കുന്നതും. അപ്പോഴും മുഴുവന്‍ പ്രവര്‍ത്തകരുടെയും പ്രാധിനിധ്യം അതിന് ലഭിക്കുന്നു. സംസ്ഥാനതലത്തില്‍ ശൂറാ (കൂടിയാലോചന) അംഗങ്ങളെ മൊത്തം മെമ്പര്‍മാരില്‍നിന്ന് തെരഞ്ഞെടുക്കുകയുംഅവര്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ചെയ്യുന്നു. ഇതിന്റെ ആവര്‍ത്തനം തന്നെയാണ് അഖിലേന്ത്യാ തലത്തിലും സംഭവിക്കുന്നത്.

ജമാഅത്ത് ഘടനയുടെ വിശദമായ രൂപം നല്‍കുകയല്ല ഇവിടെ ഉദ്ദേശ്യം ജമാഅത്ത് അതിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും സമ്പൂര്‍ണമായ ജനാധിപത്യം പുലര്‍ത്തുന്നു എന്ന് സൂചിപ്പിക്കുകയാണ്. ഈ സംവിധാനത്തിലൂടെ ജമാഅത്ത് അഖിലേന്ത്യാ തലത്തിലോ സംസ്ഥാനതലത്തിലോ ജില്ലാ ഏരിയാ പ്രദേശിക തലത്തിലോ എടുക്കുന്ന തീരുമാനങ്ങളെല്ലാം അതിലെ മെമ്പര്‍മാര്‍ (റുകുന്‍) കാര്‍ക്കുന്‍ (പ്രവര്‍ത്തകര്‍) എന്നിവരുടെയും പ്രദേശികതലത്തില്‍ അനുഭാവികളുടെയും പ്രാധിനിധ്യമുണ്ട്. അതുകൊണ്ടാണ് എത്ര സങ്കീര്‍ണമായ തീരുമാനങ്ങളും അതില്‍ അക്ഷരം പ്രതി നടപ്പാക്കപ്പെടുന്നത്.

നിലവിലുള്ള മറ്റുസംഘടനകളൊന്നും ജനാധിപത്യം തീരെ പുലരാത്തവരാണ് എന്ന് സ്ഥാപിക്കുക എന്റെ ഉദേശ്യമല്ല. രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ച് അതിനുള്ളിലുള്ളവര്‍ക്കും പുറത്തും നല്ല ധാരണയുണ്ടാകും. എന്നാല്‍ മതസംഘടനകളില്‍ പലതും നേരത്തെ സൂചിപിച്ച പോലെ ആജീവനാന്ത നേതാക്കന്‍മാരെ വഹിക്കാനും അവര്‍ പറയുന്നത് സ്വീകരിക്കാനും അണികള്‍ ബാധ്യസ്ഥരാണ്. കൂടുതല്‍ അതിനെക്കുറിച്ച് പറയുന്നില്ല. ചര്‍ച അത്തരം വശത്തേക്ക് കൊണ്ടുപോകണം എന്നും ആഗ്രഹിക്കുന്നില്ല. ഇന്ത്യജനാധിപത്യ രാജ്യമാണെന്നും ആ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതിനാല്‍ പ്രവര്‍ത്തനങ്ങളില്‍ ജനാധിപത്യം പുലര്‍ത്തണമെന്നും കരുതിയല്ല ജമാഅത്തെ ഇസ്ലാമി ജനാധിപത്യം അതിന്റെ സംഘടനയില്‍ കര്‍ശനമായി നടപ്പാക്കുന്നത്. ജനാധിപത്യമുല്യങ്ങള്‍ ഇസ്ലാമിന്റെ ആവിര്‍ഭാവം മുതലുണ്ട്. അതുകൊണ്ട് ജമാഅത്ത് അത് പിന്തുടരുന്ന ജനാധിപത്യം ആധുനിക ജനാധിപത്യ സിദ്ധാന്തത്തില്‍നിന്ന് സ്വാശീകരിച്ചതല്ല. അതിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധഖുര്‍ആനും തിരുചര്യയും അത് ശക്തമായി നിര്‍ദ്ദേശിച്ചതുകൊണ്ടാണ് അത് ജനാധിപത്യത്തിന് വേണ്ടി വാദിക്കുന്നത്. ഇന്ത്യ സ്വേഛാധിപത്യത്തിന് അടിപ്പെട്ടാലും ജമാഅത്തിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന മുഴുവന്‍ സംഘടനകളും ഇപ്പോള്‍ തുടരുന്ന പോലെയോ അതിനെക്കാളോ ജനാധിപത്യമൂല്യങ്ങളില്‍നിന്ന് അകന്നാലും ജമാഅത്ത് ജനാധിപത്യം അതിന്റെ പ്രവര്‍ത്തനങ്ങളില്‍ സ്വീകരിക്കും കാരണങ്ങള്‍ തുടര്‍ന്ന് വായിക്കുക:

വിശുദ്ധഖുര്‍ആനിന്റെ ശാസനകള്‍ അംഗീകരിക്കുന്ന വിശ്വാസികളുടെ സ്വാഭാവവിശേഷണങ്ങള്‍ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ ഖുര്‍ആന്‍ പറഞ്ഞു.: 'വിധാതാവിന്റെ ശാസനകള്‍ അനുസരിക്കുന്നവരും നമസ്കാരം നിലനിര്‍ത്തുന്നവരും കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ച് നടത്തുന്നവരും നാം നല്‍കിയിട്ടുള്ളതില്‍നിന്ന് ചെലവഴിക്കുന്നവരും തങ്ങള്‍ക്കുനേരെ അതിക്രമങ്ങളുണ്ടായാല്‍ ചെറുക്കുന്നവരുമാകുന്നു' (42:38) 

ഈ സൂക്ത ശകലത്തിന് ജനാധിപത്യവിരുദ്ധനായി അറിയപ്പെടുന്ന മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനം ശ്രദ്ധാപുര്‍വം വായിക്കാനാവശ്യപ്പെടുകയാണ്. മൗദൂദിയുടെ 'ജനാധിപത്യവിരുദ്ധത' മനസ്സിലാക്കാന്‍ അത് ഉപകരിക്കും.

['ഇതനുസരിച്ച് കൂടിയാലോചിക്കുക എന്നത് ഇസ്ലാമിക ജീവിതത്തിന്റെ ഒരു സുപ്രധാന സ്തംഭമാകുന്നു. കൂടിയാലോചനയില്ലാതെ സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് ജാഹിലിയ്യത്താണെന്ന് മാത്രമല്ല, അംഗീകൃത ഇസ്ലാമിക ചിട്ടക്ക് തികച്ചും വിരുദ്ധവുമാകുന്നു. കൂടിയാലോചനക്ക് ഇസ്ലാം ഇത്ര പ്രാധാന്യം കല്‍പിച്ചതെന്തുകൊണ്ടാണ്? അതിന്റെ കാരണങ്ങളെക്കുറിച്ചാലോചിച്ചുനോക്കിയാല്‍, മൂന്ന് കാര്യങ്ങള്‍ നമ്മുടെ മുന്നില്‍ തെളിഞ്ഞുവരുന്നതാണ്. 

1) രണ്ടോ അതില്‍ കൂടുതലോ ആളുകളുടെ താല്‍പര്യവുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും അവരില്‍ ഏതെങ്കിലും ഒരാള്‍ ഒറ്റക്ക് തീരുമാനമെടുക്കുകയും മറ്റുള്ളവരെ അവഗണിക്കുകയും ചെയ്യുന്നത് അതിക്രമമാകുന്നു. പൊതുകാര്യങ്ങളില്‍ ആര്‍ക്കും തന്നിഷ്ടം നടത്താനവകാശമില്ല. ഒരു പ്രശ്നത്തിന് എത്രത്തോളം ആളുകളുടെ താല്‍പര്യവുമായി ബന്ധമുണ്ടോ, അതില്‍ അവരുടെയെല്ലാം അഭിപ്രായം പരിഗണിക്കുകയാണ് നീതിയുടെ താല്‍പര്യം. ഇനി അത് വളരെയധികം ആളുകളുമായി ബന്ധപ്പെട്ട കാര്യമാണെങ്കില്‍ അവരുടെ ആധികാരിക പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കാളികളാക്കണം. 

2) മനുഷ്യന്‍ പൊതുകാര്യങ്ങളില്‍ തന്നിഷ്ടം നടത്താന്‍ ശ്രമിക്കുന്നത് ഒന്നുകില്‍ സ്വാര്‍ഥലാഭത്തിനുവേണ്ടി മറ്റുള്ളവരുടെ അവകാശം ഹനിക്കാനുദ്ദേശിച്ചുകൊണ്ടായിരിക്കും. അല്ലെങ്കില്‍ അയാള്‍ സ്വയം വലിയവനും കഴിവുറ്റവനുമായും മറ്റുള്ളവരെ നിസ്സാരരായും ഗണിക്കുന്നുവെന്നതായിരിക്കും അതിന്റെ കാരണം. ധാര്‍മികമായി ഈ രണ്ടു നിലപാടുകളും ഒരുപോലെ നികൃഷ്ടമാകുന്നു. യഥാര്‍ഥ വിശ്വാസികളുടെ അന്തരംഗത്ത് ഇതില്‍ ഏതെങ്കിലും സ്വഭാവത്തിന്റെ ലാഞ്ഛനപോലും കാണപ്പെടുകയില്ല. മറ്റുള്ളവരുടെ അവകാശങ്ങള്‍ കയ്യേറി അവിഹിതമായ നേട്ടങ്ങളുണ്ടാക്കാനാഗ്രഹിക്കുന്ന സ്വാര്‍ഥിയോ, ബുദ്ധിയുടെ സാരസര്‍വസ്വവും സര്‍വകലാവല്ലഭനും സൂക്ഷ്മജ്ഞനുമായി സ്വയം കരുതുന്ന അഹങ്കാരിയോ ആത്മപ്രശംസകനോ ആവുകയില്ല, സത്യവിശ്വാസി. 

3) മറ്റുള്ളവരുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കുക വമ്പിച്ച ഒരു ഉത്തരവാദിത്വമാണ്. ദൈവത്തെ ഭയപ്പെടുകയും അവന്റെ മുമ്പില്‍ എത്ര രൂക്ഷമായിട്ടാണ് താന്‍ വിചാരണ ചെയ്യപ്പെടുക എന്നറിയുകയും ചെയ്യുന്ന ആരുംതന്നെ ഈ മഹാഭാരം ഒറ്റക്ക് ഏറ്റെടുക്കുവാന്‍ ഒരിക്കലും ധൈര്യപ്പെടുകയില്ല. ദൈവത്തെ ഭയപ്പെടാത്തവരും പരലോക വിചാരമില്ലാത്തവരുമായ ആളുകള്‍ക്കു മാത്രമേ അത്തരം ധൈര്യമുണ്ടാവുകയുള്ളൂ. പാരത്രിക വിചാരണയെക്കുറിച്ച് ബോധമുള്ളവര്‍, ഒരു പൊതുകാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍, ആ കാര്യം ആരുമായൊക്കെ ബന്ധപ്പെട്ടിരിക്കുന്നുവോ അവരെയൊക്കെ അല്ലെങ്കില്‍ അവര്‍ ഭരമേല്‍പിച്ച പ്രതിനിധികളെ കൂടിയാലോചനയില്‍ പങ്കെടുപ്പിക്കാന്‍ തീര്‍ച്ചയായും ശ്രമിക്കും. അതുവഴി കൂടുതല്‍ ശരിയായതും കുറ്റമറ്റതും നീതിനിഷ്ഠവുമായ തീരുമാനമെടുക്കാന്‍ സാധിക്കുന്നു. അറിയാതെ വല്ല പിശകും പറ്റിപ്പോയാല്‍ അതിന്റെ ഉത്തരവാദിത്വം ഒരൊറ്റയാളില്‍ മാത്രം വന്നുചേരുകയുമില്ല.

ഈ മൂന്നു കാരണങ്ങളെക്കുറിച്ചും ആഴത്തില്‍ ആലോചിച്ചുനോക്കിയാല്‍, ഇസ്ലാം മനുഷ്യനു നല്‍കുന്ന ധാര്‍മികാധ്യാപനങ്ങളുടെ അനിവാര്യ താല്‍പര്യമാണ്, കൂടിയാലോചനയിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമ്പ്രദായമെന്നും അതില്‍നിന്നുള്ള വ്യതിചലനം ഇസ്ലാം ഒരിക്കലും അനുവദിച്ചിട്ടില്ലാത്ത വലിയ അധര്‍മമാണെന്നും നന്നായി മനസ്സിലാകുന്നതാണ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും കൂടിയാലോചനാതത്വം പാലിക്കണമെന്നാണ് ഇസ്ലാമിക ജീവിതശൈലി ആവശ്യപ്പെടുന്നത്. വീട്ടുകാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും കൂടിയാലോചിക്കണം. മക്കള്‍ യുവത്വം പ്രാപിച്ചാല്‍ അവരെയും കൂടിയാലോചനയില്‍ പങ്കാളികളാക്കണം. കുടുംബത്തിന്റെ പ്രശ്നമാണെങ്കില്‍ ആ കുടുംബത്തിലെ പ്രായപൂര്‍ത്തിയെത്തിയ സാമാന്യ ബുദ്ധിയുള്ള എല്ലാവരുടെയും അഭിപ്രായമാരായണം. ഒരു ഗോത്രത്തിന്റെയോ സമൂഹത്തിന്റെയോ ഗ്രാമത്തിന്റെയോ പ്രശ്നമാണെങ്കില്‍ അതിലെ എല്ലാ അംഗങ്ങളെയും കൂടിയാലോചനയില്‍ പങ്കാളികളാക്കുക സാധ്യമല്ലെങ്കില്‍ അത് തീരുമാനിക്കേണ്ടത് ഏതെങ്കിലും ഏകോപിത രീതിയനുസരിച്ച്, ബന്ധപ്പെട്ട എല്ലാവരെയും ആധികാരികമായി പ്രതിനിധീകരിക്കുന്നവര്‍ക്ക് പങ്കുള്ള സമിതിയോ പഞ്ചായത്തോ ആകുന്നു. ഒരു രാഷ്ട്രത്തിന്റെ കാര്യങ്ങള്‍ കൊണ്ടുനടത്താന്‍ എല്ലാ ജനങ്ങളുടെയും തൃപ്തിയോടെ ഭരണാധികാരികള്‍ തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. ജനങ്ങള്‍ സ്വീകാരയോഗ്യരായി കരുതുന്ന അഭിപ്രായ സുബദ്ധതയുള്ളവരുമായി കൂടിയാലോചിച്ചാണ് അവര്‍ ജനകീയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അവരുടെ കൈകാര്യം ജനങ്ങള്‍ ഇഷ്ടപ്പെടുന്നിടത്തോളം കാലമേ അവര്‍ അധികാരികളായിരിക്കൂ. സത്യസന്ധതയും ഉത്തരവാദിത്വ ബോധവുമുള്ള ഒരാള്‍ക്ക് ബലാല്‍ക്കാരം സമൂഹത്തിന്റെ കൈകാര്യാധികാരിയാകാനോ ആകണമെന്ന് ആഗ്രഹിക്കാനോ അതിനുവേണ്ടി പരിശ്രമിക്കാനോ കഴിയില്ല. ആദ്യം ശക്തിയുപയോഗിച്ച് ജനങ്ങളെ കീഴടക്കുകയും പിന്നെ ഭയത്തിന്റെ അന്തരീക്ഷത്തില്‍ അവരുടെ സമ്മതിദാനം നേടുകയും ചെയ്യുക എന്ന ഉപായത്തിനും അവര്‍ തയ്യാറാവില്ല. ജനങ്ങള്‍ അവരുടെ സ്വതന്ത്രമായ ഇഷ്ടപ്രകാരം നിശ്ചയിക്കുന്ന പ്രതിനിധികള്‍ക്കു പകരം, തന്റെ തൃപ്തിക്കൊത്തവണ്ണം അഭിപ്രായങ്ങള്‍ പറയുന്ന ഉപദേശകരെ തെരഞ്ഞെടുക്കുക എന്ന തന്ത്രം പ്രയോഗിക്കാനും അവര്‍ക്കു സാധിക്കുകയില്ല. ദുരുദ്ദേശ്യങ്ങള്‍ കൊണ്ടു മലിനമായ മനസ്സില്‍ മാത്രമേ ഇത്തരം ആഗ്രഹങ്ങള്‍ ഉടലെടുക്കുകയുള്ളൂ.

ഒരേസമയം സൃഷ്ടികളേയും സ്രഷ്ടാവിനേയും വഞ്ചിക്കാന്‍ യാതൊരു സങ്കോചവുമില്ലാത്തവര്‍ മാത്രമേ ഇത്തരം അഭിലാഷത്തോടുകൂടി وَأَمْرُهُمْ شُورَى بَيْنَهُمْ എന്നതിന്റെ ബാഹ്യരൂപം നിര്‍മിച്ച് അതിന്റെ ആത്മാവ് കളയാന്‍ ശ്രമിക്കൂ. എന്നാല്‍, അവര്‍ക്ക് ദൈവത്തെ വഞ്ചിക്കാനാവില്ല. പകല്‍വെളിച്ചത്തില്‍ കൊള്ള നടത്തുന്നവന്‍, കൊള്ള നടത്തുകയല്ല, മറിച്ച് ജനസേവനം ചെയ്യുകയാണ് എന്ന് സത്യസന്ധമായി മനസ്സിലാക്കാന്‍ മാത്രം അന്ധരായിരിക്കുകയില്ല സൃഷ്ടികളും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന സിദ്ധാന്തം, അതിന്റെ സ്വഭാവവും പ്രകൃതിയും പരിഗണിക്കുമ്പോള്‍ അഞ്ച് കാര്യങ്ങള്‍ താല്‍പര്യപ്പെടുന്നതായി കാണാം. 

1) ജനങ്ങളുടെ അവകാശങ്ങളും താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട സാമൂഹിക പ്രശ്നങ്ങളില്‍ അഭിപ്രായ പ്രകടനം നടത്താന്‍ ജനങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യമുണ്ടായിരിക്കണം. തങ്ങളുടെ കാര്യങ്ങള്‍ എങ്ങനെയാണ് നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതു സംബന്ധിച്ച് അവര്‍ക്ക് വ്യക്തമായ ബോധവുമുണ്ടായിരിക്കണം. തങ്ങളുടെ കൈകാര്യാധികാരികളില്‍ വല്ല കുറ്റമോ കുറവോ തെറ്റോ കണ്ടാല്‍ അത് തടയാനും പ്രതിഷേധിക്കാനും എന്നിട്ടും നേരെയാവുന്നില്ലെങ്കില്‍ അധികാരികളെ മാറ്റാനും അവര്‍ക്ക് പൂര്‍ണമായ അവകാശമുണ്ടായിരിക്കുകയും വേണം. ആളുകളുടെ വായടച്ചും കൈകാലുകള്‍ കെട്ടിവരിഞ്ഞും വാര്‍ത്തകള്‍ തമസ്കരിച്ചും സാമൂഹിക കാര്യങ്ങള്‍ കൊണ്ടുനടത്തുക എന്നത് സ്പഷ്ടമായ കാപട്യമാകുന്നു. അങ്ങനെ ചെയ്യുന്നത് ആരായിരുന്നാലും അവര്‍ وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന അടിസ്ഥാന തത്ത്വം അനുസരിക്കുന്നവരാണെന്നംഗീകരിക്കാനാവില്ല.

2) സാമൂഹിക കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്വമേല്‍പിക്കപ്പെടുന്നവര്‍ ആര്‍ തന്നെയായിരുന്നാലും ജനങ്ങളുടെ തൃപ്തിയോടെ നിശ്ചയിക്കപ്പെടുന്നവരായിരിക്കണം. സ്വതന്ത്രമായി പ്രകടിപ്പിക്കപ്പെടുന്നതായിരിക്കണം ഈ തൃപ്തി. ഭീതികൊണ്ടോ ഭീഷണികൊണ്ടോ നേടുന്നതാവരുത്. സമ്മര്‍ദംകൊണ്ടും പ്രലോഭനംകൊണ്ടും വാങ്ങിയതുമാകരുത്. വഞ്ചനകൊണ്ടും കുതന്ത്രങ്ങള്‍കൊണ്ടും കൊള്ളയടിച്ചുണ്ടാക്കിയ തൃപ്തി യഥാര്‍ഥത്തില്‍ തൃപ്തിയേ അല്ല. സാധ്യമായ എല്ലാ രീതിയിലും കിണഞ്ഞു പരിശ്രമിച്ച് ഒരു ജനത്തിന്റെ ഭരണാധികാരിയാകുന്ന വ്യക്തി അവരുടെ ശരിയായ ഭരണാധികാരിയായിരിക്കുകയില്ല. ജനങ്ങള്‍ സ്വന്തം ഇഷ്ടത്തോടെയും പ്രീതിയോടെയും ഭരണാധികാരിയായി നിശ്ചയിക്കുന്നവരേ ശരിയായ ജനകീയ ഭരണാധികാരിയായിരിക്കൂ.

3) ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവരായും ജനങ്ങളില്‍ വേരുകളുള്ള ആളുകള്‍ തന്നെ നിശ്ചയിക്കപ്പെടേണ്ടതാകുന്നു. സമ്മര്‍ദം ചെലുത്തിയോ പണം കൊടുത്തോ കളവും കുതന്ത്രവുമുപയോഗിച്ചോ ജനങ്ങളെ വഴിതെറ്റിച്ചോ പ്രതിനിധിസ്ഥാനം നേടുന്നവരൊന്നും യഥാര്‍ഥ ജനകീയാടിത്തറയുള്ളവരായി അംഗീകരിക്കപ്പെടുകയില്ലെന്നു വ്യക്തമാണല്ലോ.

4) അധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ തങ്ങളുടെ അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും യോജിച്ച അഭിപ്രായങ്ങള്‍ വെളിപ്പെടുത്തേണ്ടതുണ്ട്. ആ വിധത്തില്‍ അഭിപ്രായം വെളിപ്പെടുത്താന്‍ അവര്‍ക്ക് പൂര്‍ണ സ്വാതന്ത്യ്രമുണ്ടായിരിക്കേണ്ടതുമാകുന്നു. ഇതില്ലാത്തേടത്ത്, ഭരണാധികാരികള്‍ക്ക് ഉപദേശം നല്‍കുന്നവര്‍ അത്യാഗ്രഹത്തിന്റെയോ ഭയത്തിന്റെയോ പേരില്‍, അല്ലെങ്കില്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ പെട്ടുപോയതിന്റെ പേരില്‍ സ്വന്തം അറിവിനും വിശ്വാസത്തിനും മനഃസാക്ഷിക്കും വിരുദ്ധമായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നിടത്ത് യഥാര്‍ഥത്തില്‍ നടക്കുന്നത് വഞ്ചനയും കാപട്യവുമായിരിക്കും. وَأَمْرُهُمْ شُورَى بَيْنَهُمْ എന്ന തത്ത്വമായിരിക്കുകയില്ല.

5) കൂടിയാലോചനാ സഭയുടെ ഏകകണ്ഠമായ അഭിപ്രായം അല്ലെങ്കില്‍ അവരില്‍ ഭൂരിപക്ഷത്തിന്റെ പിന്തുണയുള്ള അഭിപ്രായം ബന്ധപ്പെട്ടവര്‍ സ്വീകരിക്കേണ്ടതാകുന്നു. എന്തുകൊണ്ടെന്നാല്‍, ഒരു വ്യക്തിക്കോ ഗ്രൂപ്പിനോ എല്ലാം കേട്ട ശേഷവും തന്നിഷ്ടം പ്രവര്‍ത്തിക്കാന്‍ അധികാരമുണ്ടെന്നു വന്നാല്‍, കൂടിയാലോചന തികച്ചും നിരര്‍ഥമായിത്തീരുന്നു. അവരുടെ കാര്യങ്ങളില്‍ കൂടിയാലോചന നടത്തുന്നു എന്നല്ല, പ്രത്യുത `അവരുടെ കാര്യങ്ങള്‍ പരസ്പരം കൂടിയാലോചിച്ചു നടത്തുന്നു` എന്നാണ് അല്ലാഹു അരുളിയിട്ടുള്ളത്. കൂടിയാലോചന നടത്തുന്നതുകൊണ്ട് മാത്രം ഈ വാക്യം പ്രാവര്‍ത്തികമാകുന്നതല്ല. അതിന്, കൂടിയാലോചനയില്‍ ഏകകണ്ഠമായോ ഭൂരിപക്ഷ പിന്തുണയോടുകൂടിയോ എടുക്കപ്പെടുന്ന തീരുമാനങ്ങളനുസരിച്ച് കാര്യങ്ങള്‍ നടത്തുക കൂടി ചെയ്യേണ്ടതനിവാര്യമാകുന്നു.' (Thafheemul Quran)]

ഈ പ്രസ്ഥാനത്തെ ജനാധിപത്യം പഠിപ്പിക്കാന്‍ ഇറങ്ങിത്തിരിക്കുന്നവര്‍ അത് നിര്‍വഹിക്കുന്നത് തങ്ങളെക്കുറിച്ച് അത്മവിചാരം നടത്തിയതിന് ശേഷമാകുന്നത് അവരുടെ തന്നെ നന്മക്ക് സഹായകമാകും. (അവസാനിച്ചു).

തിങ്കളാഴ്‌ച, ജനുവരി 17, 2011

മൗലാനാ മൗദൂദിയും ജനാധിപത്യവും.


'നബി നടപ്പിലാക്കിയ കടുത്തശിക്ഷാ സമ്പ്രദായങ്ങളെയൊക്കെ മൗദൂദി തേനില്‍ പുരട്ടി അവതരിപ്പിക്കുക മാത്രമാണ്‌ ചെയ്തിട്ടുളളത്‌. ഖുര്‍ ആനെയും നബിചര്യയെയും പിന്തുടരുക മാത്രമാണ്‌ മതതീവ്രവാദികളും ചെയ്യുന്നത്‌. ജനാധിപത്യവാദികളായ മുസ്ലീങ്ങള്‍ ആ നിയമങ്ങളെല്ലാം കാലാനുസൃതമായി ഭേദഗതി ചെയ്യാന്‍ തയ്യാറായി എന്നേയുള്ളൂ. ഇസ്ലാമിലെ യുദ്ധനിയമങ്ങളെല്ലാം അവര്‍ തിരുത്തുകയാണുണ്ടായതെന്ന്‌ കാണാം. ജമാ അത്തെ ഇസ്ലാമി പോലും ഇന്ന്‌ ജനാധിപത്യ മൂല്യങ്ങളാണല്ലോ അംഗീകരിക്കുന്നത്‌! അതെല്ലാം നബിയുടെയും മൗദൂദിയുടെയും ആശയങ്ങള്‍ക്ക്‌ എതിരുതന്നെയാണ്‌.' ('ജമാഅത്തെ ഇസ്‌ലാമിയുടെ മുഖംമൂടി' എന്ന തലക്കെട്ടിനുകീഴില്‍ സൈദുമുഹമ്മദ്  ജന്മഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ നിന്നും)

ജനാധിപത്യവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ പഴയ നിലപാടായി എടുത്ത് പറയാറുള്ളത്, ഇന്ത്യാവിഭജനത്തിന് മുമ്പ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി  ലാഹോറില്‍വെച്ച് നടത്തിയ പ്രസംഗത്തിലേതാണ്. 'മതേതരത്വം ദേശീയത്വം ജനാധിപത്യം ഒരു താത്വിക വിശകലനം' എന്ന പേരില്‍ 1960 മുതല്‍ മലയാളത്തില്‍ ലഭ്യമാണ്. പത്താമത്തെ എഡിഷനാണ് ഇപ്പോള്‍ നിലവിലുള്ളത്. ജമാഅത്തും മൗദൂദിയും ആദ്യത്തില്‍ ശക്തമായ ജനാധിപത്യവിരുദ്ധ കാഴ്ചപ്പാടാണ് പുലര്‍ത്തിയിരുന്നത് എന്നതിന് തെളിവായിട്ടാണ് അത് എടുത്ത് ചേര്‍ക്കാറുള്ളത്. ജനാധിപത്യത്തോട് മാത്രമല്ല മതേതരത്വത്തോടും ദേശീയതയോടും (ഇക്കാര്യം പിന്നീട് വിശദീകരിക്കുന്നതാണ്) അതിന് ശത്രുതാ മനോഭവമാണ് ഉള്ളത്. പ്രസ്തുത പുസ്തകം വായിക്കുന്നവര്‍ക്ക് ഒരു വിശദീകരണം ആവശ്യമില്ലാത്തവിധം മൗദൂദി തന്റെ നിലപാട് വിശദീകരിച്ചിരിക്കുന്നു.

ഇന്നോളം പ്രസ്തു പുസ്തകത്തിന് ഏതെങ്കിലും ഭാഗത്ത് നിന്ന് ഒരു ഖണ്ഡനം പുറത്തിറങ്ങിയതായി അറിയില്ല. ജമാഅത്തിനെ വിമര്‍ശിക്കാനായി പുസ്തകങ്ങളും മാസികളും സമ്മേളനങ്ങളും നടത്തുന്ന ഏതെങ്കിലും ഒരു മുസ്ലിം സംഘടനക്ക് മൗദൂദി ഇക്കാര്യത്തില്‍ ഇസ്‌ലാമിക വിരുദ്ധമായ /നിരക്കാത്ത ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് വാദിക്കാമായിരുന്നു. അത് സംഭവിച്ചിട്ടില്ല. മറിച്ചു സംഭവിച്ചിട്ടുണ്ട് താനും അഥവാ അതേ പക്ഷത്ത് നിന്നുള്ളവര്‍ പരാമര്‍ശ വിഷയങ്ങള്‍ ചര്‍ച ചെയ്തപ്പോള്‍ മൗദൂദി പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.

ആദ്യമായി എന്താണ് മൗലാനാ മൗദൂദി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത് എന്ന് അദ്ദേഹത്തിന്റെ ഏതാനും ഉദ്ധരണികളിലൂടെ മനസ്സിലാക്കാം. ശരിയായ നിലപാട് ആ പുസ്തകം വായിക്കുക തന്നെയാണ്. പക്ഷെ അതിന് അവസരം ലഭ്യമല്ലാത്തവര്‍ ഈ ലേഖനം പരിഗണിക്കുമെന്നും പരിശോധനാ വിധേയമാക്കുമെന്നും കരുതുന്നു. മൗദൂദിയുടെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഞാനിതുവരെ എഴുതിയത് അദ്ദേഹത്തിന്റെ ഏതാനും പുസ്തകങ്ങള്‍ മുന്നില്‍ വെച്ചാണ്. അതില്‍നിന്നും ജനാധിപത്യത്തെയാണ് ജമാഅത്ത് പിന്തുണക്കുന്നതെന്നും. അതിന് വിരുദ്ധമായ ഥിയോക്രസിയെയോ ഏകാധിപത്യ സ്വേഛാധിപത്യവ്യവസ്ഥകളെയോ അതിന് പിന്തുണക്കാനാവില്ലെന്ന് മാത്രമല്ല ഇസ്‌ലാം അവയെ ശക്തമായി നിരാകരിക്കുന്നുവെന്നും മനസ്സിലാക്കാം.

സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10).

ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' (മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ്: 20). 

സ്വാതന്ത്യ്രസമരം നടന്നുകൊണ്ടിരുന്ന അവിഭക്ത ഇന്ത്യയിലായിരിക്കെ തന്നെ സയ്യിദ് മൌദൂദി ജനാധിപത്യത്തിന്റെ ഈ മേന്മ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ്: 475).
  
സാമൂഹികമാറ്റത്തിനായി നിലകൊള്ളുന്ന മറ്റേതൊരു പ്രസ്ഥാനത്തെയും പോലെ രാജ്യത്ത് നിലനില്‍ക്കുന്ന സാമൂഹിക, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയവ്യവസ്ഥ മാറണമെന്ന് ജമാഅത്തും ആഗ്രഹിക്കുന്നു. ഈ മാറ്റത്തിന് അതവലംബിക്കുന്ന മാര്‍ഗം തീര്‍ത്തും ജനാധിപത്യപരമാണ്. ആശയപ്രചാരണത്തിലൂടെയും ബോധവത്കരണത്തിലൂടെയുമാണ് അത് മുന്നോട്ടുവെക്കുന്ന കാഴ്ചപ്പാടുകള്‍ക്കനുകൂലമായ പൊതുജനാഭിപ്രായം സൃഷ്ടിക്കുക; ഇതല്ലാത്ത മറ്റൊരു മാര്‍ഗവും അതവലംബിക്കുകയില്ല. ഇത് ജമാഅത്ത് സമര്‍പ്പിക്കുന്ന ആദര്‍ശത്തിന്റെ താല്‍പര്യവും നയത്തിന്റെ ഭാഗവുമാണ്. പ്രസ്ഥാനത്തിന്റെ ആരംഭകാലത്തുതന്നെ ഇക്കാര്യം സയ്യിദ് മൌദൂദി വ്യക്തമാക്കിയിട്ടുണ്ട്: "അല്ലാഹുവിനെ സാക്ഷിനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, ജമാഅത്തെ ഇസ്ലാമി ഏതെങ്കിലും വിധത്തിലുള്ള ഭീകരപ്രവര്‍ത്തനമോ അട്ടിമറിയോ ഒളിയുദ്ധമോ അതുപോലുള്ള നിയമവിരുദ്ധമാര്‍ഗങ്ങളോ സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ലക്ഷ്യം നേടാന്‍ ഒരിക്കലും സന്നദ്ധമല്ല. ആരെയെങ്കിലും ഭയപ്പെടുന്നതുകൊണ്ടല്ല, അത് ജനാധിപത്യരീതി മാത്രം സ്വീകരിച്ചുകൊണ്ട് വിപ്ളവം സൃഷ്ടിച്ചെടുക്കാന്‍ തീരുമാനിച്ചത്.'' 

"ഏതു സന്ദര്‍ഭത്തിലും നമ്മുടെ ഉദ്ദേശ്യശുദ്ധി പ്രകടിപ്പിക്കാന്‍ നമുക്ക് കഴിയും. നമ്മില്‍ നിയമലംഘനത്തിന്റെയോ ഭീകരപ്രവര്‍ത്തനത്തിന്റെയോ കുറ്റം ചുമത്താനാര്‍ക്കും സാധ്യമല്ല. നാം കാംക്ഷിക്കുന്ന ഇസ്ലാമികവിപ്ളവം മനുഷ്യമനസ്സിലാണ് ആദ്യമായി അരങ്ങേറേണ്ടത്. മനുഷ്യന്റെ മനോവികാരങ്ങളെ പരിവര്‍ത്തിപ്പിക്കാതെ ഇസ്ലാമികവിപ്ളവം ഒരിക്കലും സാധിതമാവുകയില്ല. ഭൂമുഖത്തൊരിക്കലും സാധിച്ചിട്ടുമില്ല.'' 

"മനുഷ്യമനസ്സിലെ ചിന്തകളെയും അവരുടെ സ്വഭാവശീലങ്ങളെയും മാറ്റാന്‍ കഴിയാതെ ശക്തിയും അധികാരവുമുപയോഗിച്ചോ ഭീകരപ്രവര്‍ത്തനതന്ത്രങ്ങളുപയോഗിച്ചോ മാറ്റം വരുത്താമെന്നു കരുതുന്നത് വിഫലമോഹം മാത്രമാണ്. അങ്ങനെയുണ്ടാക്കുന്ന വിപ്ളവങ്ങള്‍ക്ക് വേരുറപ്പുണ്ടാകില്ല. അതെളുപ്പം വിപരീത ദിശ പ്രാപിക്കും. മറ്റൊരു വിപ്ളവത്തിന് ആ സ്ഥലം  പാകപ്പെടുത്തുകയായിരിക്കും പരിണിതഫലം'' (ഉദ്ധരണം: ജമാഅത്തെ ഇസ്ലാമി, പ്രബോധനം അമ്പതാം വാര്‍ഷികപ്പതിപ്പ്, പേജ് 44). 

ഏതു സാഹചര്യത്തിലും പ്രവര്‍ത്തനരീതിയും വിപ്ളവമാര്‍ഗവും സമാധാനപൂര്‍വമായിരിക്കണമെന്ന് സയ്യിദ് മൌദൂദിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അദ്ദേഹം അതിങ്ങനെ വ്യക്തമാക്കുന്നു: "എല്ലാ അപകടങ്ങളെയും നഷ്ടങ്ങളെയും സഹിച്ചുകൊണ്ട് സമാധാനമാര്‍ഗത്തിലൂടെ സത്യവാക്യം ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടത്. അതിന്റെ പേരില്‍ തടവറയില്‍ കഴിയേണ്ടിവന്നാലും കൊലമരത്തില്‍ കയറേണ്ടിവന്നാലും ശരി'' ( തസ്രീഹാത് പേജ്: 57). 

"എന്റെ അവസാനത്തെ ഉപദേശമിതാണ്. നിങ്ങള്‍ രഹസ്യ സംഘടനകള്‍ നടത്തുകയോ സായുധവിപ്ളവത്തിന് ശ്രമിക്കുകയോ ചെയ്യരുത്. ഇതും അക്ഷമയുടെയും ധൃതിയുടെയും മറ്റൊരു രൂപമാണ്. ഫലം കണക്കിലെടുക്കുമ്പോള്‍ മറ്റു രൂപങ്ങളെക്കാള്‍ വിനാശകരവും'' ( തഫ്ഹീമാത്ത് ഭാഗം: 3, പേജ്: 362) 

മതവിരുദ്ധമല്ലാത്ത ഇന്ത്യന്‍ ജനാധിപത്യം രൂപപ്പെടുന്നതിന് മുമ്പാണ് ജനാധിപത്യത്തെക്കുറിച്ച മൗദൂദി ഇവയില്‍ പലതും പറഞ്ഞത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മൗദൂദി മതവിരുദ്ധവും മൂല്യനിരാസപരവുമായ ജനാധിപത്യത്തെ നിരൂപണം നടത്തുകയും അതിനോട് ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ജനാധിപത്യത്തിന്റെ രൂപം അവതരിപ്പിക്കുകയുമാണ് ചെയ്തത്. ലോകത്ത് നിലനില്‍ക്കുന്ന ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ക്ക് ജനാധിപത്യം എന്ന് പൊതുവില്‍ പറയുമ്പോള്‍ മൗദൂദി മുന്നോട്ട് വെച്ച ജനാധിപത്യവും വിശാലമായ ജനാധിപത്യ ഇനങ്ങളില്‍ ഒരു ഇനമായി സ്വീകരിക്കാവുന്നതേയുള്ളൂ.

ജനാധിപത്യത്തിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടായ പുതിയമാറ്റം കുറേക്കൂടി പ്രായോഗികമായ സമീപനം അതിനോട് സ്വീകരിച്ചുതുടങ്ങി എന്നത് മാത്രമാണ്. അതാകട്ടെ സാഹചര്യങ്ങളും സന്ദര്‍ഭങ്ങളുടെയും തേട്ടമായി ചലിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികമായ മാറ്റത്തിന്റെ ഫലവുമായിരുന്നു.

 
Design by CKLatheef | Bloggerized by CKLatheef | CK