'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ജനുവരി 31, 2010

മൗദൂദിയുടെ മതരാഷ്ട്രവാദം

'മതരാഷ്ട്രവാദത്തില്‍ നിന്നാണ് എല്ലാ തീവ്രവാദവും ഉടലെടുത്തത്. പ്രമാണങ്ങലെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇസ്‌ലാമിന്റെ പേരില്‍ മതരാഷ്ട്രവാദത്തിന് അബുല്‍ അഅ‌ലാ മൗദൂദി തുടക്കം കുറിച്ചു. ഹൈന്ദവ ധര്‍മങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് ഗോള്‍വാള്‍ക്കര്‍ ഹിന്ദു രാഷ്ട്രവുമായി രംഗത്തുവന്നു. ഇവരാരുംയഥാര്‍ഥത്തില്‍ സമുദായ സംരക്ഷകരല്ലെന്ന് തിരിച്ചറിയണം'. ഇത് മുജാഹിദ് മൗലവിമാര്‍ സ്ഥിരമായി ആരോപിക്കുന്ന മൗദൂദിക്കെതിരെയുള്ള ഒരാരോപണമാണ്. അവസാനമായി ഈ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കണ്ണൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തില്‍ അഹ്മദ് അനസ് മൗലവിയുടെതായി ചന്ദ്രിക 2010 ജനു 5 ന്. ഇതിന് ജമാഅത്ത് ജിഹ്വ നല്‍കിയ മറുപടി.:

മതരാഷ്ട്രവാദം ഇസ്‌ലാമില്‍ ഇല്ല. കാരണം രാഷ്ട്രീയം ഇല്ലാത്ത ഒരു ഇസ്‌ലാം ഭൂമിയില്‍ അല്ലാഹു അവതരിപ്പിച്ചിട്ടില്ല. ഇസ്ലാം ഭൂമുഖത്ത് വന്ന ഒന്നാം തിയ്യതി മുതല്‍ അതില്‍ രാഷ്ട്രീയമുണ്ട്. പ്രവാചകന്‍മാര്‍ ഒന്നടങ്കം രാഷ്ട്രീയം പറഞ്ഞിട്ടുണ്ട്. ചിലര്‍ രാഷ്ട്രം തന്നെ സ്ഥാപിച്ചു. ഉദാഹരണം. ദാവൂദും സുലൈമാനും (അ) മുഹമ്മദ് നബിയും ഇങ്ങനെയല്ലാത്ത ഒരു ഇസ്്‌ലാം മുജാഹിദ് മൗലവിമാരുടെ കൈവശമുണ്ടെങ്കില്‍ അവര്‍ അവതരിപ്പിക്കട്ടെ.

രണ്ടാമതായി. എല്ലാ തീവ്രവാദങ്ങളും രാഷ്ട്രീയത്തില്‍നിന്നുടലെടുത്തതല്ല. മുഅ്തസിലുകളും ഖദ്രികളും ജബ് രികളും നുസൈരികളും ദറൂസികളും ഉണ്ടായത് രാഷ്ട്രീയത്തിന്റെ പേരിലല്ല. 

മൗദൂദി മതരാഷ്ട്രവാദത്തിനോ തീവ്രവാദത്തിനോ തുടക്കം കുറിച്ചിട്ടില്ല. അദ്ദേഹത്തിന്റെ കൃതികള്‍ മുഴുവന്‍ പരിശോധിച്ചാലും തെളിവുകള്‍ ലഭിക്കില്ല. അദ്ദേഹത്തിന്റെയോ സംഘടനയുടെയോ പേരിലും വിലാസത്തിലും പ്രത്യക്ഷത്തിലോ പരോക്ഷമായോ ഒരു തീവ്രവാദ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നുമില്ല. പകരം ഇന്ന് തീവ്രവാദം ആരോപിക്കപ്പെടുന്നതുപോലും വഹാബി പ്രസ്ഥാനത്തിലാണ്. തീവ്രവാദ പ്രസ്ഥാനങ്ങളധികവും സലഫി സംഘടനകളുമാണ്.

നാലാമതായി, 1926 ല്‍ തീവ്ര ഹിന്ദു ദേശീയവാദവുമായി രംഗത്തു വന്ന പ്രസ്ഥാനമാണ് രാഷ്ട്രീയ സ്വയം സേവക് സംഘ്. ഗോള്‍വാള്‍ക്കര്‍ പിന്നീടതിന്റെ സൈദ്ധാന്തിക അടിത്തറയുണ്ടാക്കി. ആ അടിത്തറ തീവ്രഹിന്ദത്വമാണ്. മതരാഷ്ട്രവാദമല്ല. 1941-ലാണ് മൗദൂദി ജമാഅത്തെ ഇസ്‌ലാമി രൂപവല്‍ക്കരിക്കുന്നത്. അദ്ദേഹം ഹിന്ദു-മുസ്‌ലിം ദേശീയതാവാദത്തെ തള്ളിക്കളഞ്ഞു. ആര്‍.എസ്.എസ്സിനു പ്രതികരണമായോ പ്രതിരോധമായോ അല്ല ജമാഅത്ത് നിലവില്‍ വന്നത്. ജമാഅത്തിന്റെ പ്രതികരണമായല്ല ആര്‍.എസ്.എസ് പിറവിയെടുത്തതും. ചരിത്രവും വസ്തുതകളും പഠിക്കാതെ വിമര്‍ശിക്കുന്നവര്‍ക്ക് എന്തും പറയാം.

ഇതിന് എന്ത് മറുപടി പറയാനുണ്ടന്നത് വളരെ പ്രസക്തമാണ്. സത്യത്തില്‍ മുജാഹിദ് മൗലവിമാരുടെ വാദത്തിന് ആവശ്യമായ തെളിവുകളുണ്ടെങ്കില്‍ പ്രബോധനം ഇപ്രകാരം പറയുമായിരുന്നില്ല. ഇനി ഒരു പ്രസംഗം ചുരുക്ക രൂപത്തില്‍ നല്‍കിയതാണ് പത്രത്തിലെങ്കില്‍ ലേഖനമോ വിശദമായ പ്രസംഗമോ ലിങ്കായി ഇവിടെ നല്‍കാവുന്നതാണ്. ഇല്ലെങ്കില്‍ കേവലം വാചോടാപങ്ങള്‍ക്കപ്പുറം തെളിവില്ലാതെയാണ് മുജാഹിദ് മൗലവിമാര്‍ അപ്രകാരം ആരോപിക്കുന്നതെന്ന് പറയേണ്ടിവരും. വ്യക്തമാക്കേണ്ടതിതാണ്:
  • ഇസ്‌ലാമിലില്ലാത്ത ഏത് രാഷ്ട്രീയമാണ് മൗദൂദി വ്യാഖ്യാനിച്ചുണ്ടാക്കിയത്?. 
  • ഇസ്‌ലാമിലെ രാഷ്ട്രിയം എന്നാല്‍ എന്താണ്?. 
  • അതിന് വേണ്ടി നാം പ്രവര്‍ത്തിക്കേണ്ടതുണ്ടോ?. 
  • അതിനെക്കുറിച്ച് നമ്മുക്ക് ഇപ്പോള്‍ ചര്‍ചചെയ്യാമോ?. 
  • നാട്ടില്‍ കുഴപ്പവും കലാപവും ഉണ്ടാക്കുന്ന എന്ത് പരാമര്‍ശങ്ങളാണ് മൗദൂദി നടത്തിയത്?. 
ഇവിടെ വരുന്ന, മുജാഹിദ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന സഹോദരങ്ങള്‍ ആവശ്യമായ തെളിവുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇല്ല എങ്കില്‍ സഹോദരങ്ങള്‍ ചെയ്യേണ്ടത് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് സ്വന്തം പണ്ഡിതന്‍മാരെ തടയുക എന്നതാണ്. മതിയായ തെളിവുകളില്ലാത്ത ആരോപണം കള്ളമാണ്. പതിനായിരങ്ങളോട് മൈക്കില്‍ പറയുന്നതിലൂടെ ഒരേ സമയം പതിനായിരം കളവ് പറയുകയാണ്. നിങ്ങള്‍ പറയുന്നത് പോലെയല്ലെങ്കില്‍ ലോകപണ്ഡിതനായ ഒരു ഇസ്ലാമിക വ്യക്തിത്തത്തെക്കുറിച്ചാണ്  ഈ പറയുന്നത് എന്നോര്‍ക്കുക. പരലോകത്ത് ഇത് ഏത് തരത്തിലുള്ള പ്രതികരണമാണ് കൊണ്ടുവരിക.

പ്രിയ മുജാഹിദ് സഹോദരങ്ങളേ, ഈ പ്രബോധനത്തിന്റെ മറുപടി ഒരു അന്തമില്ലാത്ത സംവാദത്തിന് വേണ്ടി ഇട്ടതല്ല. ഏതെങ്കിലും സഹോദരങ്ങളുടെ വികാരം വ്രണപ്പെടുത്താനുമല്ല. നിങ്ങളുടെ പക്കല്‍ തെളിവുണ്ടെങ്കില്‍ എനിക്ക് അത് മനസ്സിലാക്കാനും. തെളിവില്ലെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ നിര്‍ത്തിവെച്ച് ഇസ്‌ലാമിക സമൂഹം അകപ്പെട്ടിട്ടുള്ള പ്രതിസന്ധികളില്‍ കരകേറുന്നതിനെക്കുറിച്ച് കൂട്ടായി യത്‌നിക്കുന്നതിനും വേണ്ടിയാണ്. അതില്‍ മുസ്‌ലിംകളില്‍ തീവ്രവാദത്തിലേക്ക് ആനയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന-ഇരകളായോ ഉപകരണങ്ങളായോ- യുവാക്കളെ നേര്‍വഴിക്ക് നടത്തുന്നതും. അന്തവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും അവരെ രക്ഷപ്പെടുത്തുന്നതും. ദൈന്യത പേറുന്ന രാജ്യനിവാസികള്‍ക്ക് കഴിയാവുന്ന സഹായം ചെയ്യുന്നതും എല്ലാം പെടും.  രാജ്യത്തിന്റെ നന്മയും അതിലാണ്. ഏത് മതവിഭാഗങ്ങളാകട്ടെ പരസ്പരം കലഹിക്കുന്നതും ചെളിവാരി എറിയുന്നതും അവര്‍ പ്രതിനിധാനം ചെയ്യുന്ന മതത്തിനോ തങ്ങളധിവസിക്കുന്ന രാജ്യത്തിനോ ഒരു നന്മയും കൊണ്ടുവരില്ല എന്നത് സത്യം.

ശനിയാഴ്‌ച, ജനുവരി 30, 2010

ജമാഅത്തെ ഇസ്‌ലാമിയും തീവ്രവാദവും

മുസ്‌ലിം സമുദായം അനുഭവിക്കുന്ന അവശതകളുടെ പേരില്‍ കള്ളകഥകള്‍ ചമച്ച് പൊതുജന ദൃഷ്ടിയില്‍ നില്‍ക്കാന്‍ ശ്രമിക്കുന്നതോടൊപ്പം അവബന്ധപ്പെടുനില്‍്ക്കുന്ന ചരടുകള്‍ ആരുടെയും കണ്ണില്‍ പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നു എന്ന് ജമാഅത്തെ ഇസ്‌ലാമികെതിരെ സമാകാലിക മലയാളം വാരികയുടെ (2009 ഡിസം.25) മുഖപ്രസംഗത്തിലൂടെ നടത്തിയ ആരോപണത്തിന് ജമാഅത്തെ ഇസ്‌ലാമി മുഖപത്രം പ്രബോധനം (2010 ജനുവരി 30)ത്തില്‍ നല്‍കിയ മറുപടിയാണ് താഴെ.

കുറെകാലമായി സമാനമായ ഒരാരോപണം ജമാഅത്തിനെക്കുറിച്ച് ബൂലോഗത്തും നടന്നുകൊണ്ടിരിക്കുന്നു. എല്ലാമാധ്യമങ്ങളും ചാനലുകളും മുസ്‌ലിം ഭീകരത ആഘോഷമാക്കുമ്പോള്‍ അതിനെതിരെ നേരിയ ചെറുത്ത് നില്‍പ് നടത്തി ഇരകളുടെ ഭാഗം കൂടി ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത് സ്വാഭാവികമായും ഇഷ്ടപ്പെടാത്ത യുക്തിവാദികളടക്കമുള്ളവര്‍ ഈ ഇരവാദമാണ് പിന്നീട് തീവ്രവാദത്തിലേക്ക് നയിക്കുന്നതെന്ന് നിരന്തരം ജല്‍പിച്ചുകൊണ്ടിരിക്കുന്നു. തീര്‍ചയായും ഇതിന് ഔദ്യോഗികമായ ഒരു വിശദീകരണം എന്തുകൊണ്ടും സംഗതമാണ്. വസ്തുനിഷ്ഠമായ പ്രതികരണങ്ങള്‍ പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് വായിക്കുക:

'കഴിഞ്ഞ അറുപത് വര്‍ഷമായി രാജ്യത്ത് സമാധാനപൂര്‍വം പ്രവര്‍ത്തിക്കുന്ന ആദര്‍ശ ധാര്‍മിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് ഒരിക്കലും ഇന്ത്യയിലെയോ കേരളത്തിലെയോ മുസ്‌ലിംകളുടെ ഇല്ലാത്ത അവശതകള്‍ പറഞ്ഞുനടന്നിട്ടില്ല. ഉള്ളതു തന്നെ മുഴുവന്‍ പറയുകയോ അതിശയോക്തി കലര്‍ത്തി അവതരിപ്പിക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച ഔദ്യേഗിക കമീഷനുകള്‍ തെളവുകളും സ്ഥിതിവിവരണക്കണക്കുകളും സഹിതം രേഖപ്പെടുത്തിയ പരാധീനതകള്‍, സര്‍ക്കാറുകളും സര്‍ക്കാരിതര ഏജന്‍സികളും പരിഹരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സ്വന്തം നിലയില്‍ നടത്തുന്നുമുണ്ട്. വിഷന്‍ 2016 അതിന്റെ മികച്ച ഉദാഹരണമാണ്. ഗുജറാത്തില്‍ 2002 ല്‍ നടന്നതടക്കം രാജ്യത്ത ആയിരക്കണക്കിന് മുസ്ലിംവിരുദ്ധ കലാപങ്ങള്‍ അരങ്ങേറിയപ്പോഴും തികഞ്ഞ ശാന്തി ന്ത്രമാണ് ജമാഅത്ത് ഉരുവിട്ടത് ദുരിതാശ്വാസവും പുനരധിവാസവുമാണ് അത് സംഘടിപ്പിച്ചത്. 1992 ല്‍ ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് തകിച്ചും അകാരണമായും അന്യായമായും നിരോധിക്കപ്പെട്ടപ്പോള്‍ പോലും, ഫോറം ഫോര്‍ ഡെമോക്രസി അന്റ് കമ്യൂണല്‍ അമിറ്റി (എഫ്.ഡി.സി.എ) രൂപവല്‍കരണത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച് സമുദായിക ബന്ധങ്ങള്‍ മെച്ചപ്പെടുത്താനും മുറിവുകളുണക്കാനുമാണ് ജമാഅത്ത് പണിയെടുത്തത്. പിന്നീട് നിരോധം നീതീകരിക്കാനാവുകയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി അത് റദ്ദാക്കുകയായിരുന്നു. എന്തെങ്കിലും തെളിവുകള്‍ പ്രതിയോഗികള്‍ക്കോ ഗവണ്‍മെന്റിനോ ഹാജറാക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ സ്ഥിതി മറിച്ചായേനെ.

പുറത്ത് നടക്കുന്നതൊന്നും കേരളത്തില്‍ പറയാന്‍ പാടില്ലെന്നും ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ നടക്കുന്നതൊത്തും കേരളമുസ്‌ലിംകള്‍ക്ക് ബാധകമല്ലെന്നുമാണ് ഇവരുടെ വാദമെങ്കില്‍ പരിഹാസമായ വൈരുധ്യത്തിലാണ് ചെന്നുചാടുക. കാരണം ജമ്മു-കശ്മീറിലെയും മഹാരാഷ്ട്രയിലെയും അഹ്മദാബാദിലെയും ബംഗളൂരുവിലെയും സംഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇക്കൂട്ടര്‍ തീവ്രവാദബന്ധം കേരളത്തിലെ മുസ്‌ലിം സംഘടനകളുടെ പേരില്‍ വെച്ചുകെട്ടുന്നത്. അവിടെ നടക്കുന്ന ഏതെങ്കിലും സ്‌ഫോടനത്തിന്റെയോ ഭീകര കൃത്യത്തിന്റെയോ പിന്നില്‍ കേരളത്തിലെയോ മറ്റു സംസ്ഥാനങ്ങളിലെയോ ജമാഅത്തെ ഇസ്‌ലാമി ആണെന്ന് ഇവര്‍ക്ക് ആരോപിക്കുകയെങ്കിലും ചെയ്യാമോ ഇന്നെവരെ തീവ്രവാദ ബന്ധം ആരോപിക്കപ്പെട്ട് പിടിയിലായ ഏതെങ്കിലും വ്യക്തിക്ക് ജമാഅത്തുമായി ബന്ധമുണ്ടോ തടയന്റവിട നസീറോ സര്‍ഫറാസോ അറസ്റ്റിലായ വേറെ വല്ലവരുമോ തങ്ങള്‍ ജീവിതത്തില്‍ വല്ലപ്പഴും മൗദൂദിയുടെ ബുക്ക് വായിച്ചതായി പറഞ്ഞിട്ടുണ്ടോ മറിച്ച് മൗദൂദി തള്ളിപ്പറയുകയും മൗദൂദിയെ തള്ളിപ്പറയുകയും ചെയ്ത ത്വരീഖത്തുകളിലും ആത്മീയ കേന്ദ്രങ്ങളിലും അഭയം തേടിയവരല്ലേ പിടിയിലായവര്‍ തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രം മൗദൂദി സാഹിത്യങ്ങളാണെന്ന് പറയുന്നവര്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയണം.'

ബുധനാഴ്‌ച, ജനുവരി 27, 2010

കേരളാ വനിതാ സമ്മേളനം

കേരള വനിതാ സമ്മേളനം അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഭംഗിയായി പര്യവസാനിച്ചു. പ്രസ്തുത സമ്മേളനത്തിന്റെ വീഡിയോ ഇവിടെ കാണുക.




സമ്മേളനത്തെക്കുറിച്ച കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക..

 
Design by CKLatheef | Bloggerized by CKLatheef | CK