'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഏപ്രിൽ 28, 2015

ഇന്ത്യന്‍രാഷ്ട്രീയ വ്യവസ്ഥ: എന്താണ് മൌദൂദി പറഞ്ഞത് ?

മൌലാനാ മൌദൂദി ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദുരാഷ്ട്രം നിര്‍മിക്കാന്‍ ആവശ്യപ്പെട്ടോ?. മതേതരജനാധിപത്യരാഷ്ട്രത്തെക്കാളും ഞങ്ങള്‍ക്ക് യോജിപ്പ് ഹിന്ദുരാഷ്ട്രമാണ് എന്നദ്ദേഹം പറഞ്ഞോ ?. ചോദ്യം കേള്‍ക്കുമ്പോള്‍ വളരെ വിചിത്രവും വിരോധാഭാസവുമാണെന്ന് തോന്നാം. എന്നാല്‍ ജമാഅത്ത് വിമര്‍ശകര്‍ പുസ്തകത്തിന്റെ റഫറന്‍സ് അടക്കം നല്‍കുമ്പോള്‍ വായനക്കാരും കേള്‍വിക്കാരും അന്തം വിട്ടുപോകുക സ്വാഭാവികമാണ്. കെ.എം ഷാജി എഴുതുന്നു... 


ജമാഅത്ത് സ്ഥാപകന്‍ മൌദൂദി സാഹിബ് തന്നെ ഒരിക്കല്‍ പറഞ്ഞത് ''ജനാധിപത്യത്തെക്കാള്‍ മുസ്ലിംകള്‍ക്ക് നല്ലത് ഹിന്ദുരാഷ്ട്രമാണ്'' എന്നായിരുന്നു. (മൌലാനാ മൌദൂദി. ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം പുറം 35-36) -  സത്യധാര 2006 സെപ്ത 1-15 പേജ് 18. 

ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കുകയാണ് (ഇപ്പോള്‍ കുറേകൂടി കടുപ്പിച്ച് എ.പി. അബൂബക്കര്‍ മുസ്ലിയാരെ പോലുള്ളവര്‍ ഇന്ത്യയെ ഇസ്ലാമിക് റിപബ്ലിക്കാക്കുയാണ് ജമാഅത്തിന്റെ ലക്ഷ്യം എന്നൊക്കെ തട്ടിവിടാറുണ്ട്.) എന്ന് വിമര്‍ശകര്‍ ഒരു ഭാഗത്ത് ആരോപിക്കുക. അതേ സമയം തന്നെ മൌദൂദി ഇന്ത്യയിലെ ഹിന്ദുക്കളോട് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് പറയുക. ഈ രണ്ട് വാദത്തിലെയും വൈരുദ്ധ്യം പോലും വിമര്‍ശകര്‍ക്ക് വിഷയമാകാറില്ല. 

ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത് എന്താണ് മൌദൂദി യഥാര്‍ഥത്തില്‍ പറഞ്ഞത് എന്ന് നിങ്ങളെ നേര്‍ക്ക് നേര കാണിക്കാനാണ്. മൌദൂദിയുടെ വാക്കുകള്‍ പൂര്‍ണാര്‍ഥത്തില്‍ ഇപ്പോള്‍ പ്രസക്തമല്ല എന്നാണ് എന്റെ വിശ്വാസം. കാരണം വിഭജനത്തിന്റെ തൊട്ടുമുമ്പ് ചെയ്ത പ്രസംഗമാണിത്, ഇന്ത്യയില്‍ വരാന്‍ പോകുന്നത് പാശ്ചാത്യന്‍ മതനിരാസസ്വഭാവത്തിലും ഭൂരിപക്ഷത്തിന്റെ അനിയന്ത്രിത അധികാരം ന്യൂനപക്ഷത്തിന്റെ മേല്‍ നടപ്പാക്കാന്‍ പറ്റിയതുമായ മതേതരജനാധിപത്യ വ്യവസ്ഥയായിരുന്നു. അത് തനി പാശ്ചാത്യനും അത് അപ്രകാരം നിലനില്‍ വന്നേടത്തെല്ലാം മതത്തോടും മൂല്യങ്ങളോടുമുള്ള അതിന്റെ രൌദ്രഭാവം പ്രകടമാകുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇന്ത്യസ്വീകരിച്ചത്, മൌദൂദി ഭയപ്പെട്ട മതേതരജനാധിപത്യമല്ല മറിച്ച് മതനിരപേക്ഷമായ ആര്‍ക്കും ആരെയും അടക്കിഭരിക്കാനാവാത്തതും എല്ലാ വിഭാഗങ്ങള്‍ക്കും തുല്യപങ്കാളിത്തം ലഭിക്കുന്നതുമായ ഒരു വ്യവസ്ഥയാണ്. അതുകൊണ്ടു തന്നെ അന്ന് ഭീകരതാണ്ഡവമാടിയ വര്‍ഗീയ ഫാസിസ്റ്റുകള്‍ അന്ന് മുതലിന്നോളം അതിനെ ശത്രുപക്ഷത്താണ് നിര്‍ത്തിയിട്ടുള്ളത്. ഈ വ്യവസ്ഥതാറുമാറാക്കാനും ഇപ്പോഴുള്ള മതേതരത്വം റദ്ദാക്കാനുമുള്ള ശ്രമങ്ങള്‍ അവര്‍ ചരിത്രത്തില്‍ നിരന്തരം നടത്തിപോന്നു. ജമാഅത്തെ ഇസ്ലാമി ഇക്കാര്യത്തില്‍ വളരെയേറ ജാഗ്രത എന്നും കാണിച്ചുവന്നിട്ടുണ്ട്. 

എന്നാല്‍ വിധിവൈപരീത്യമെന്നോണം മതേതരവക്താക്കള്‍ എന്ന ഭാവേന ജമാഅത്ത് വിര്‍ശകര്‍ ഈ വിഭാഗത്തെ വിട്ട് എല്ലായ്പോഴും ജമാത്തിനെ മതേതരവിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിച്ചു. അതിനാല്‍ 1970 ല്‍ ആഗസ്തമാസത്തില്‍ ഏകകണ്ഠമായംഗീകരിച്ച കേന്ദ്ര ഉപദേശക സമിതയുടെ ഒരു പ്രമേയം ഇങ്ങനെ പ്രഖ്യാപിച്ചു. '' ഇക്കാരണത്താല്‍ ഇന്നത്തെ പരിതസ്ഥിതിയില്‍ ഇന്ത്യയില്‍ സമഗ്രാധിപത്യപരവും ഫാസിസ്റ്റ് രീതിയിലുള്ളതുമായ ഭരണക്രമത്തെ അപേക്ഷിച്ച് ആദ്യം പറഞ്ഞ സവിശേഷതകളോട് കൂടിയ മതനിരപേക്ഷ ജനാധിപത്യം ഭരണക്രമം നിലനില്‍ക്കണമെന്ന് ജമാഅത്തെ ഇസ്ലാമി ആഗ്രഹിക്കുന്നു.'' അതേ പ്രമേയത്തില്‍ തന്നെ മതേതരത്വത്തെപ്പറ്റിയുള്ള വീക്ഷണവും ജമാഅത്ത് വിശദീകരിച്ചിട്ടുണ്ട്. ''ഇന്ത്യന്‍ ഭരണഘടന വിവിധമതങ്ങള്‍ക്കും മതാനുയായികള്‍ക്കുമിടയില്‍ നിഷ്പക്ഷമാണ്. അഥവാ മതത്തിന്റെ അടിസ്ഥാനത്തില്‍ അത് പൌരന്മ‍ാര്‍ക്കിടയില്‍ യാതൊരു വിവേചനവും അനുവര്‍ത്തിക്കുയില്ല എന്ന അര്‍ഥത്തില്‍ ഇന്ത്യഒരു മതേതര രാഷ്ട്രമാണ്. ''

ഈ വിശകലനം ജമാഅത്തെ ഇസ്ലാമി ഇന്ന് ഭരതത്തില്‍ നിലവിലുള്ള ഭരണഘടനാപരമായ സംവിധാനത്തോട് രംഞ്ജിപ്പിലെത്തുന്നുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. ഒരു ജനാധിപത്യ വ്യവസ്ഥക്കുവേണ്ടിയും അതുനിലകൊള്ളുന്നുണ്ട്.... (ജമാഅത്തെ ഇസ്ലാമി മതേതരഭാരതത്തില്‍. ഡോ. നജാത്തുല്ലാഹ് സിദ്ധീഖി, പേജ് 20)

ഇന്ത്യ സ്വീകരിച്ച മതേതരത്വത്തോട് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ നിലപാട് വേറെ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അത് ഇങ്ങനെ വായിക്കാം. ഉദ്ധരണം മുകളില്‍ കാണിച്ച അതേ പുസ്തകം. പേജ് 19. 

ഈ വിക്ഷണം ഇസ്ലാമും മനുഷ്യന്റെ മതേതരത്വ വാഞ്ഛയും തമ്മില്‍ സംഘടനം നടക്കാനുള്ള സാധ്യതയെ പരിമിതമാക്കുന്നുവെന്ന് കാണാം. മതേതരത്വത്തിന്റെ കൂടുതല്‍ തീവ്രമായരൂപങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോഴേ ഒരു സംഘര്‍ഷത്തിന്റെ സാധ്യത തെളിയുന്നുള്ളൂ. മതത്തെ തള്ളുകയും മനുഷ്യജീവിതത്തില്‍ ദൈവികമാര്‍ഗ നിര്‍ദ്ദേശത്തിനുള്ള സ്ഥാനം നിഷേധിക്കുകയും ചെയ്യുന്ന ഒരു മതേതരത്വവാദത്തിന് ഇസ്ലാമുമായി പൊരുത്തപ്പെടുക സാധ്യമല്ല. യഥാര്‍ഥത്തില്‍ അത് ഇസ്ലാമിന്റെ നിഷേധമാണ്.... പക്ഷെ ജമാഅത്ത് എതിര്‍ക്കുന്ന രൂപത്തിലുള്ള ഒരു മതേതരത്വത്തോട് ബാധ്യസ്ഥമാണോ ഭാരതം ?. തീര്‍ചയായും അല്ല. 

ചുരുക്കത്തില്‍ ഇന്ത്യന്‍ മതേതരത്വത്തെക്കുറിച്ചല്ല മൌദൂദി മുന്നറിയിപ്പ് നല്‍കിയതും വരുമെന്ന് ഭയപ്പെട്ടതും. അത് ഇന്ന് ഫാസിസ്റ്റുകള്‍ നിലവിലുള്ള മതേതരത്വത്തെ തകര്‍ത്ത് കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യവസ്ഥയെക്കുറിച്ചാണ്. ധാര്‍മികതക്ക് ഒരു സ്ഥാനവുമില്ലാത്ത ആ വ്യവസ്ഥവരുന്നതിനെ മൌദൂദി ഭയപ്പെട്ടിരുന്നു. അതുമുന്നില്‍ വെച്ച് അദ്ദേഹം എഴുതിയത് വായിച്ചാല്‍ അദ്ദേഹത്തിനല്‍ നമുക്ക് ആക്ഷേപം ഉന്നയിക്കാനാവില്ല എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. 

ഇന്ത്യ മുസ്ലിം ഭൂരപക്ഷമുള്ള പാകിസ്ഥാനും ഹിന്ദുഭൂരിപക്ഷമുള്ള ഹിന്ദുസ്ഥാനുമായി വിഭജിക്കപ്പെടും എന്ന് ഉറപ്പായ സന്ദര്‍ഭത്തിലുള്ള അദ്ദേഹത്തിന്റെ ഉപദേശമായി മാത്രമേ ഇതിനെ കാണാവൂ. അദ്ദേഹം തന്നെ ഒരു അഭ്യര്‍ഥന എന്ന നിലക്ക് ഇക്കാര്യം അവതരിപ്പിക്കുകയാണ്. ഇന്ത്യയില്‍ ഭൂരിപക്ഷം വരുന്ന നേതൃത്വം ഇത് കേട്ടിട്ടോ സ്വയം മനസ്സിലാക്കിയോ ഹൈന്ദവ ഫാസിസ്റ്റുകള്‍ക്ക് ഏറ്റെ ഇഷ്ടപ്പെട്ട ആ ദേശീയമതേതരജനാധിപത്യം സ്വീകരിച്ചില്ല എന്നതാണ് പിന്നീട് നാം കാണുന്നത്. അതുകൊണ്ട് ഇന്ന് നാം നോക്കുമ്പോള്‍ ഈ ഉപദേശമത്രയും വൃഥാവിലായി എന്ന് തോന്നാം. എന്നാല്‍ ഒരു സമ്പൂര്‍ണ ഇസ്ലാമിക സംഘടനയുടെ നേതാവ് എന്ന നിലയില്‍ ഇപ്രകാരം അദ്ദേഹം പറയേണ്ടതുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളില്‍ തന്നെ അത് വായിക്കുക. 











മതഗ്രന്ഥങ്ങളിലൊക്കെ - അവ ഏത് മതത്തിന്റേതാകട്ടെ - ചില മാനുഷിക മൂല്യങ്ങളും സദാചാര സങ്കല്‍പ്പങ്ങളും ഉണ്ട് എന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് മൌലാനാ മൌദൂദി ഈവിധം അപേക്ഷിക്കുന്നത് എന്ന് കാണാനാവും മതനിരാസത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും എതിര്‍പക്ഷത്ത് പലപ്പോഴും നിലനില്‍ക്കുകയും ഭൂരിപക്ഷത്തിന്റെ (ഭരണവര്‍ഗത്തിന്റെ) സ്വേഛാധിപത്യത്തിന് അനിയന്ത്രിതമായ അധികാരങ്ങള്‍ (പ്രധാനമായും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏത് നിയമവും അവരുടെ യുക്തവും താല്‍പര്യവുമനുസരിച്ച് മാറ്റാമെന്നതാണ്) ലഭിക്കുകയും ചെയ്യുന്ന ആധുനിക മതേതരത്വം ഇന്ത്യയില്‍ പുലരുകയുണ്ടായില്ല. മതേതരത്വത്തെ മാറ്റി വിവക്ഷിച്ചതോടെയും സോഷിലിസം എന്നതിന് സാമൂഹിക നീതി എന്ന വിവക്ഷ നല്‍കുകയും ചെയ്തതോടെ ജമാഅത്തിന് ഈ വ്യവസ്ഥ അംഗീകരിക്കാന്‍ ഒരു പ്രയാസവും അനുഭവപ്പെട്ടിട്ടില്ല. ഇത് ഇന്നോ കഴിഞ്ഞ വര്‍ഷമോ മാറ്റിപ്പറഞ്ഞതല്ല. തുടക്കം മുതലേ ജമാഅത്തിന്റെ നിലപാട് അതായിരുന്നു. ജമാഅത്തെ ഇസ്ലാമി നിരോധിക്കപ്പെട്ടതിന് മുമ്പുതന്നെ ഇക്കാര്യം സംശയരഹിതമായ വിധം ജമാഅത്ത് നേതാക്കള്‍ വ്യക്തമാക്കിയതാണിത്.

''എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പ്രയോഗിക്കപ്പെട്ടപോലെ സാമൂഹിക നീതി എന്ന വിവക്ഷയാണ് സോഷ്യലിസത്തിനുള്ളതെങ്കില്‍ - അഥവാ പൊതുജനങ്ങള്‍ക്ക് തുല്യമായ സാമ്പത്തികാവസരങ്ങള്‍ ഉണ്ടാക്കുക. മുതലാളിത്തപരമായ ചൂഷണത്തിനന്ത്യം വരിക, വ്യക്തികളുടെയും വിഭാഗങ്ങളുടെയുമിടക്ക് സാമ്പത്തികാസമത്വം പെരുകിവരുന്നതിന് പകരം കുറഞ്ഞുകൊണ്ടിരിക്കുക, ഒട്ടാകെ നോക്കുമ്പോള്‍ രാഷ്ട്രത്തിന്റെ സാമ്പത്തിക മണ്ഡലം ഉന്നതമാവുന്നതോടൊപ്പം നാട്ടിലെ സാധാരണക്കാര്‍ സുസ്ഥിതിയില്‍ കഴിയുകയും ചെയ്യുക എന്നതാണെങ്കില്‍ - അത് അഭിലഷണീയവും അഭികാമ്യവുമാണ്. അത് ഒരിക്കലും എതിര്‍ക്കപ്പെട്ടിട്ടില്ല. മനുഷ്യരുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ അതിനുള്ള പ്രാധാന്യം ജമാഅത്ത് മനസ്സിലാക്കുന്നുണ്ട്. മുതലാളിത്തവും മുതലാളിത്തപരമായ ചൂഷണവും ശാപമാണെന്ന് അത് കരുതുന്നു. '' - (പോളിസി പ്രോഗ്രാം 1962-1972 )

അമ്പതിലധികം വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസി പ്രോഗ്രാമില്‍ പറഞ്ഞതാണ് മുകളില്‍ നിങ്ങള്‍ വായിച്ചത്. ഇതില്‍നിന്ന് എന്ത് മനസ്സിലാക്കണം. ജമാഅത്തെ ഇസ്ലാമി എതിര്‍ക്കേണ്ടതിനെ മാത്രമേ എതിര്‍ത്തിട്ടുള്ളൂ അവയോട് ഇപ്പോഴും അതേ അളവില്‍ എതിര്‍പ്പുണ്ട്. ഒരു മനുഷ്യസ്നേഹിക്ക് അനുകൂലിക്കാവുന്നത് ജമാഅത്ത് എന്നും അനുകൂലിച്ചിട്ടുണ്ട്. ഈ ചരിത്രമൊന്നും അറിയാത്തവരെ വിഢികളാക്കാന്‍ മാത്രമേ വിമര്‍ശകര്‍ക്ക് സാധിക്കുന്നുള്ളൂവെന്നത് ശ്രദ്ധിക്കുക.

 
Design by CKLatheef | Bloggerized by CKLatheef | CK