'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഒക്‌ടോബർ 29, 2010

വികസനമുന്നണി പരാജയപ്പെടുത്തപ്പെട്ട വിധം.

 ഈ പാര്‍ട്ടിവോട്ടുകള്‍ എവിടെ പോയി ?!!!...

മലപ്പുറം വാഴക്കാട് പഞ്ചായത്ത് മുണ്ടുമുഴി വാര്‍ഡില്‍ യു.ഡി.എഫിന് 671 വോട്ടും ജനകീയ വികസനമുന്നണി സ്ഥാനാര്‍ഥിക്ക് 360 വോട്ടും ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന്റെ സക്കീന സലാമിന് ലഭിച്ചത് 5 വോട്ട്..!. പാലക്കാട് നഗരസഭ വെണ്ണേക്കര സൗത്ത് വാര്‍ഡില്‍ ജനകീയവികസനമുന്നണി സ്ഥാനാര്‍ഥിയും സോളിഡാരിറ്റി നേതാവുമായ എം. സുലൈമാന്‍ 24 വോട്ടിന്റെ നഷ്ടത്തില്‍ 743 വോട്ടോടെ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ബിജെപി ക്ക് ലഭിച്ച ആകെ വോട്ട് 6..! പാര്‍ട്ടി വോട്ടുകള്‍ എവിടെ പോയി?

ജനകീയ വികസനമുന്നണിയുടെ ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ കേരള ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത  ചില അത്ഭുതങ്ങളും നാം കാണുന്നു. (വോട്ടുകച്ചവടമല്ല ഞാന്‍ ഉദ്ദേശിച്ചത്. ബി.ജെ.പി നടത്തിയ വോട്ടുകച്ചവടത്തെ പറ്റി ബന്ധപ്പെട്ടവര്‍ തന്നെ സൂചന നല്‍കിയിരുന്നു. അതിനൊരു രൂപമുണ്ടായിരുന്നു സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്താതെയും പിന്‍വലിച്ചുമൊക്കെ അത് ഇപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നുണ്ട്.). വോട്ടുകച്ചവടം എന്ന പതിവ് ഉത്തരത്തിന് പുറത്ത് മറ്റെന്തെങ്കിലും കാരണമുണ്ടോ പാര്‍ട്ടികളുടെ വോട്ടു ചോര്‍ചക്ക്. ഇത്തരം ഒട്ടേറെ സംഭവങ്ങള്‍ കാണാന്‍ കഴിയുന്നു. ത്രികോണ മത്സരം നടക്കാനിടയുള്ള സ്ഥലത്ത് അത് നടന്നില്ല. ചില മുന്നണികളുടെ വോട്ടുകള്‍ ഒന്നാകെ ചോര്‍ന്ന് പോയിരിക്കുന്നു. ഇവയെല്ലാം ജനകീയ മുന്നണി സ്ഥാനാര്‍ഥിക്ക് പോള്‍ ചെയ്തു എന്ന് നാം കരുതണോ. പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും ഈ പ്രതിഭാസം കാണുന്നുണ്ട്.
ജമാഅത്തെ ഇസ്‌ലാമിയല്ലാത്ത മുഴുവന്‍ സംഘടനകളും ലീഗിന്റെ പിന്നില്‍ അണിനിരന്ന് കാമ്പയിന്‍ നടത്തി ലീഗ് വോട്ടുകള്‍ സ്വരൂപിച്ചശേഷവും മറ്റുരാഷ്ട്രീയ പാര്‍ട്ടികള്‍ വിശ്വാസം വരാതെ പതിച്ചു നല്‍കി എന്ന് കരുതാന്‍ ന്യായമുണ്ട്. ഇത്രമാത്രം ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ ഭയപ്പെടാന്‍ കാരണമെന്ത്. ഇവര്‍ പഞ്ചായത്തിലും മുനിസിപാലിറ്റിയിലും വന്ന് കഴിഞ്ഞാല്‍ അവിടെയാകെ ഇസ്ലാമിക വല്‍കരിച്ചുകളയുമെന്ന് ഭയപ്പെട്ടതുകൊണ്ടാണോ ഈ ജാഗ്രത. അങ്ങനെയെങ്കില്‍ അതില്‍ ഏറ്റവും വലിയ ഭീതി വേണ്ടത് മുസ്ലിം മതസംഘടനകള്‍ക്കാണോ. 4 നൂറ്റാണ്ട് പഴക്കമുള്ള പള്ളി പൊളിക്കുകയും പരമാവധി മതവൈരത്തിലൂടെ വോട്ടുബാങ്കുറപ്പിക്കുയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് വരെ സ്വാഗതമോതുന്ന ചില സാമുദായികസംഘടനകളും അവയെ പിന്താങ്ങുന്ന മതസംഘടകള്‍ക്കും ജനസേവനമുന്നണിയില്‍ കാണാന്‍ കഴിഞ്ഞ അപകടം അവരൊന്ന് തുറന്ന് പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. 

ഏതായാലും ഈ കളികളൊക്കെ ആവര്‍ത്തിച്ചാല്‍ മാത്രമേ ജനകീയമുന്നണികളെ പിടിച്ചുകെട്ടാന്‍ കഴിയൂ എങ്കില്‍ ആ തന്ത്രത്തിന്  വലിയ ആയുസുണ്ടാകില്ല തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനങ്ങള്‍ അത് തിരിച്ചറിയുക തന്നെ ചെയ്യും. ഈ തകര്‍ച്ച ജനകീയ മുന്നണി അതിന്റെ തിരിച്ചുവരവിനുള്ള ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

വ്യാഴാഴ്‌ച, ഒക്‌ടോബർ 28, 2010

വികസനമുന്നണി: പരാജയപ്പെട്ട പരീക്ഷണം ?

ജമാഅത്തെ ഇസ്‌ലാമിക്ക് അതിന്റെ പ്രവര്‍ത്തകരെ ജനകീയ വികസന മുന്നണി എന്ന കൂട്ടായ്മയിലൂടെ രാഷ്ട്രീയ ഗോഥയിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുമ്പോള്‍ ഉന്നതമായ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ഭരണമെന്ന് ചക്കരക്കുടത്തില്‍ കയ്യിട്ട് വാരാനാണ് അവര്‍ വരുന്നത് എന്ന വാദം രാഷ്ട്രീയ സംഘടനകളില്‍ രഹസ്യമായി പറഞ്ഞപ്പോള്‍. പരസ്യമായി ഉന്നയിക്കപ്പെട്ടത് ജമാഅത്തിന് അതിന് അര്‍ഹതയില്ല എന്ന തരത്തിലായിരുന്നു. കാരണം ജമാഅത്തെ ഇസ്‌ലാമി ജനാധപത്യം അംഗീകരിക്കുന്നില്ല. പിന്നെ എങ്ങനെ അവര്‍ മത്സരിക്കും. എന്നാല്‍ മുപ്പതുവര്‍ഷങ്ങളായി തങ്ങളില്‍ ചിലര്‍ക്ക് വോട്ടു ലഭിച്ചുകൊണ്ടിരുന്നപ്പോള്‍ ഈ വെളിപാട് അവര്‍ക്കുണ്ടായിരുന്നില്ല. മുജാഹിദുകളെ പോലെ ചില മതസംഘടനകളും അവരില്‍നിന്ന് കേട്ട് പഠിച്ച് ചില തീവ്രമതേതരവാദികളും മാത്രം ഉരുവിട്ടുവന്ന വാദം. ഇടതുപക്ഷ നേതാക്കള്‍ ആവര്‍ത്തിച്ചുരുവിടുകയായിരുന്നു. ഇതിന് വേണ്ടി അവര്‍ പാര്‍ട്ടി പത്രം രണ്ടാഴ്ചയോളം നീണ്ടുനിന്ന് പരമ്പര തന്നെ പ്രസിദ്ധീകരിച്ചു. കിട്ടിയ സ്റ്റേജിലെല്ലാം ഇത് പറയുകയും ചാനലുകള്‍ തത്സമയം ജനങ്ങളിലെത്തിക്കുകയും ചെയ്തു. ഇത് ജനമനസ്സില്‍ വമ്പിച്ച പ്രതികരണമുണ്ടാക്കി എന്ന് തെരഞ്ഞെടുപ്പ് ഫലം മുന്നില്‍ വെക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയുന്നു.

ആരോപണ പെരുമഴക്ക് ശേഷം വന്ന തെരഞ്ഞെടുപ്പില്‍ ആള്‍ബലം കുറഞ്ഞ ജമാഅത്തിന് ഇത്തരം ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ജനങ്ങള്‍ക്ക് തങ്ങളെ അറിയാം എന്ന ധാരണ മാത്രമായിരുന്നു കൈമുതല്‍. അത് ശരിയുമായിരുന്നു. ആളുകള്‍ വ്യക്തികളെ പരിഗണിച്ചപ്പോഴും അതിന്റെ പിന്നിലുള്ള ഒരു ആദര്‍ശം മഹാ ഭീഷണിയായി കണ്ടുവോ എന്ന് സംശയിക്കത്തക്കവിധമാണ് ആളുകള്‍ പ്രതികരിച്ചത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തിറക്കിയ ആളുകളേക്കാള്‍ വിദ്യാഭ്യാസപരമായും ധാര്‍മികമായും മുന്നില്‍നിന്നിട്ടും ജനകീയമുന്നണി സ്ഥാനാര്‍ഥികള്‍ അവര്‍ ഏത് മതത്തില്‍ പെട്ടവരാകട്ടേ പരാജയപ്പെട്ടതിന് ഈ പ്രചാരണം വലിയ സ്വാധീനം ചെലുത്തി.  ആകെ അവര്‍ക്ക് ചെയ്യാനായത് ഇത്രമാത്രമാണ്:

[കോഴിക്കോട്:  കന്നിപോരാട്ടത്തിനിറങ്ങിയ  ജനകീയ വികസന മുന്നണിക്കും പ്രാദേശിക കൂട്ടായ്മക്കും തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെക്കാന്‍  കഴിഞ്ഞില്ലെങ്കിലും പലയിടങ്ങളിലും  സാന്നിധ്യമറിയിക്കാന്‍ കഴിഞ്ഞു.  

മലപ്പുറം, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലായി ആറിടത്താണ് ജനകീയ വികസന മുന്നണി സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. പാലക്കാട്, മഞ്ചേരി, മലപ്പുറം നഗരസഭകളില്‍ ഉള്‍പ്പെടെ 30 സീറ്റുകളില്‍ മുന്നണി സ്ഥാനാര്‍ഥികള്‍ രണ്ടാംസ്ഥാനത്തെത്തി. വെട്ടത്തൂര്‍ പഞ്ചായത്തിലെ ഒന്നാംവാര്‍ഡിലും (ശാന്തപുരം) അങ്ങാടിപ്പുറം പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലും (അരിപ്ര)  എടവിലങ്ങാട് പഞ്ചായത്തിലെ രണ്ടാംവാര്‍ഡിലും ഏറിയാട് പഞ്ചായത്തിലെ ഏഴാംവാര്‍ഡിലും വയനാട് വെങ്ങപള്ളി പഞ്ചായത്തിലെ 10ാം വാര്‍ഡിലും കൊല്ലം വെളിനല്ലൂര്‍ പഞ്ചായത്തിലെ 17ാം വാര്‍ഡിലുമാണ് സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.  തൃശൂര്‍ കോര്‍പറേഷനിലെ ആറ് ഡിവിഷനുകളില്‍ ജനകീയ വികസനമുന്നണിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കൊച്ചി കോര്‍പറേഷനില്‍ ജനകീയ വികസന മുന്നണി രണ്ട് ഡിവിഷനുകളില്‍ അഞ്ഞൂറിലേറെ വോട്ടുകള്‍ നേടി വിജയത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. (മാധ്യമം)]

എന്നാല്‍ ഇതായിരുന്നില്ല ഇതിന് മുന്നിട്ടറങ്ങിയവര്‍ പ്രതീക്ഷിച്ചിരുന്നത്. താഴെ നല്‍കിയ വരികള്‍ അതിലേക്ക് വെളിച്ചം വീശുന്നു:

['പഞ്ചായത്തീരാജിന്റെ അന്തഃസത്തക്ക് വിരുദ്ധവും അവിശുദ്ധവും അധാര്‍മികവുമായ അന്തരീക്ഷം ഒരിക്കല്‍കൂടി ഉരുണ്ടുകൂടവെ ജനപക്ഷത്തു നിന്നുയരുന്ന വേറിട്ട സ്വരം സംസ്ഥാനത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാഷ്ട്രീയത്തിന്റെ അതിപ്രസരത്തില്‍നിന്ന് ഗ്രാമ-നഗര ഭരണത്തെ മുക്തമാക്കാനും വികസനത്തിന്റെ നേട്ടങ്ങള്‍ അതിന്റെ യഥാര്‍ഥ പ്രായോജകരിലേക്കെത്തിക്കാനും പ്രകൃതിയുടെ നേരെയുള്ള നഗ്‌നമായ കൈയേറ്റം അവസാനിപ്പിക്കാനും അങ്ങനെ ജനകീയ ഇടപെടലുകളിലൂടെ ജനാധിപത്യത്തിന് ഒരു പുതിയ മുഖം നല്‍കാനുമുള്ള ധീരമായ ശ്രമത്തിന് ഇതാദ്യമായി കേരളത്തില്‍ തുടക്കം കുറിച്ചിരിക്കുന്നു. ധാര്‍മിക-നൈതിക മൂല്യങ്ങളുടെ ഭൂമികയില്‍ ജാതിമത ബന്ധങ്ങള്‍ക്കതീതമായി സ്ത്രീ-പുരുഷന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ പരീക്ഷണം രണ്ടായിരത്തിനുതാഴെ വാര്‍ഡുകളിലേ നടക്കുന്നുള്ളൂവെങ്കിലും ഒന്നാം ഘട്ടത്തില്‍ അതിനു ലഭിക്കുന്ന ജനശ്രദ്ധയും താല്‍പര്യവും പ്രത്യാശാജനകമാണ്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് നിശ്ശേഷം അകറ്റിനിര്‍ത്തണമെന്ന് തീവ്രമതേതര പക്ഷത്തുനിന്ന് മുറവിളികളുയരവെ, മാനവികതയുടെയും നൈതികതയുടെയും പ്രകൃതിസംരക്ഷണത്തിന്റെയും സന്ദേശം മുഴക്കുന്ന ധര്‍മസംഹിതകള്‍ക്ക് സ്വകാര്യ ജീവിതത്തിലെന്നപോലെ പൊതുജീവിതത്തിലും പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന തിരിച്ചറിവിലേക്ക് സമൂഹം പതിയെ മാറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷത ഒരിക്കലും മതങ്ങളുടെ നേരെ നിഷേധാത്മക സമീപനമല്ല സ്വീകരിച്ചിരിക്കുന്നതെന്ന യാഥാര്‍ഥ്യം ബുദ്ധിജീവികളും പണ്ഡിതന്മാരും സാധാരണക്കാരുമെല്ലാം മനസ്സിലാക്കുന്നു. സ്രഷ്ടാവിനെയോ സൃഷ്ടികളെയോ പേടിക്കാത്ത ക്രിമിനലുകളുടെയും കോടീശ്വരന്മാരുടെയും മനുഷ്യാവകാശധ്വംസകരുടെയും കളരിയായി പരിണമിച്ച ഇന്ത്യന്‍ രാഷ്ട്രീയത്തെ മോചിപ്പിക്കാനുള്ള യത്‌നം അതിശക്തമായ വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണെങ്കിലും വിജയിച്ചേ പറ്റൂ, വിജയിപ്പിച്ചേ പറ്റൂ. (എ.ആര്‍ )]

തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചനയനുസരിച്ച് ഇത്തരമൊരു ലക്ഷ്യത്തിന്റെ അടുത്തെത്താന്‍ പോലും വികസനമുന്നണി പരീക്ഷണത്തിന് സാധിച്ചിട്ടില്ല. അതുകൊണ്ട് ഇതിവിടെ അവസാനിപ്പിച്ച് പോകാം എന്ന് തീരുമാനിക്കാന്‍ കഴിയുമോ?. വികസനമുന്നണിക്ക് വേണ്ടി നിന്ന സ്ഥാനാര്‍ഥികളില്‍ മിക്കവരും തോറ്റതിനാല്‍ ഈ ചിന്തയും ആശയവും പ്രസക്തമല്ലെന്ന് വരുമോ.? ജനം മാറ്റം ആഗ്രഹിക്കുന്നില്ല എന്ന സൂചന തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നുണ്ടോ?. ഒരു പഞ്ചായത്തില്‍ വകയിരുത്തുന്ന അഞ്ചുകോടി രുപയില്‍ ഒന്നേക്കാല്‍ കോടി മാത്രം ചെലവഴിക്കുന്നതിനെ ജനം നെഞ്ചേറ്റിയെന്നാണോ നാം മനസ്സിലാക്കേണ്ടത്?. വികസനമുന്നണി എന്ന പേരില്‍ ഒരു സംഘം മുന്നോട്ട് വന്നാലും കാര്യത്തില്‍ കാതലായ മാറ്റം ഉണ്ടാവില്ല എന്നവര്‍ ധരിച്ചുവോ.? അതല്ല ജനങ്ങളുടെ അവിശ്വാസത്തിനും നിരാകരണത്തിനും മറ്റെന്തെങ്കിലും കാരണമുണ്ടോ.?

പ്രതീക്ഷക്കൊത്ത് പുരോഗതി ദൃശ്യമായില്ലെങ്കിലും ഇത് ഇവിടെ അവസാനിപ്പിക്കേണ്ട ഒരു ദൗത്യമായി ഞാന്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍ തെറ്റായ വിശകലനത്തിലെത്തുന്നത് ലക്ഷ്യ പ്രാപ്തിക്ക് ഉപകരിക്കുകയുമില്ല.

ഞായറാഴ്‌ച, ഒക്‌ടോബർ 24, 2010

ജമാഅത്തും ജനകീയമുന്നണിയും

ബൂലോകര്‍ (Netizen‍s) നടത്തുന്ന  പ്രതികരണത്തിന് മുഖ്യകാരണം നെറ്റിലൂടെ ലഭിക്കുന്ന വിവരങ്ങളും അനുഭവങ്ങളമാകും. ഭൂലോകത്ത് നടക്കുന്ന കാര്യങ്ങളാണ് മൊത്തത്തില്‍ പ്രചോദകമെങ്കിലും അവരണ്ടും തനിപകര്‍പ്പാണെന്ന അഭിപ്രായമില്ല. ഇങ്ങനെ ഒരു ആമുഖം നല്‍കാനുള്ള കാരണം. ബ്ലോഗറായ ബഷീര്‍ വള്ളിക്കുന്നിന്റെ ഒരു പോസ്റ്റും അതിനോടനുബന്ധിച്ച് നടന്ന ചര്‍ചയുമാണ്. ഇതെഴുതുമ്പോള്‍ ഏഴ് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിയുകയും മറ്റു ഏഴ് ജില്ലകളിലേത് നാളെ നടക്കാനിരിക്കുകയുമാണ്. ചുരുക്കത്തില്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പ് തന്നെയാണ് മുഖ്യവിഷയം. ആ പോസ്റ്റിന്റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:

"വോട്ടേഴ്സ് ലിസ്റ്റില്‍ എന്റെ പേരില്ല, പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എനിക്ക് വോട്ടുമില്ല. ഇക്കാര്യം  പരസ്യപ്പെടുത്താത്തിനാല്‍ എല്ലാ സ്ഥാനാര്‍ത്ഥികളും എന്നോട് ചിരിക്കാറുണ്ട്. ഇ-പ്രചരണം പൊടിപൊടിക്കുന്നതിനാല്‍ വോട്ടു അഭ്യര്‍ത്ഥിച്ചു കൊണ്ട് നിരവധി ഇമെയിലുകളും കിട്ടുന്നുണ്ട്‌. ഇടതും വലതുമൊക്കെ വരുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇമെയിലുകള്‍ അയക്കുന്നത് ജമാഅത്തെ ഇസ്‌ലാമിക്കാരാണ് . അവരുടെ നോട്ടീസുകളിലും ഇമെയിലുകളിലും പ്രധാനമായി കാണുന്നത് ഒബാമ പറഞ്ഞത് പോലെ മാറ്റത്തിനൊരു വോട്ട് എന്ന  മുദ്രവാക്യമാണ്.  സംഗതി ശരിയാണ്. ജമാഅത്തെ ഇസ്ലാമിക്കാര്‍ വല്ലാതെ മാറിയിട്ടുണ്ട്. ആ മാറ്റത്തിന് ഒരു വോട്ട് കൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല."

ഇത്രയും ഭാഗം വായിച്ച് അതിന്റെ വരികളിലും വരികള്‍ക്കിടയിലും വായിച്ചാല്‍ നിലവിലെ രാഷ്ട്രീയത്തിന്റെ സ്വഭാവവും പുതിയ പ്രവണതകളും ലഭ്യമാകും. വോട്ടുള്ളവരോട് മാത്രം ചിരിക്കുന്ന സ്ഥാനാര്‍ഥികള്‍, അവിടുന്നും കടന്ന് ചിന്തിച്ചാല്‍ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് വേണ്ടി സേവനം ഒതുക്കുകയും പരമാവധി ഇതര പാര്‍ട്ടിക്കാരന്റെ ന്യായമായ അവകാശം പോലും തടഞ്ഞുവെക്കുകയും ചെയ്യുന്ന വാര്‍ഡ് മെമ്പര്‍മാര്‍ (ബ്ലോക്ക് ജിലാതല മെമ്പര്‍മാര്‍ ഇക്കാര്യത്തില്‍ കുറേകൂടി നിഷ്പക്ഷത കാണിക്കുന്നു എന്ന പൊതുവിശ്വാസത്തില്‍ അവരെ ഒഴിവാക്കുന്നു.) വികസനത്തിന്റെ പേരില്‍ നല്‍കപ്പെടുന്ന ഫണ്ടുകള്‍ യഥാവിധി വിനിയോഗിക്കാത്തതിനാല്‍ ലാപ്‌സാക്കി കളയുന്ന പഞ്ചായത്തുകള്‍ ഇവയുടെയൊന്നും സാന്നിദ്ധ്യം നിഷേധിക്കാന്‍ ആര്‍ക്കും സാധ്യമല്ല. മാത്രമല്ല കൂടെകൂടെ ഇത്തരം മേഖലകളിലെ അഴിമതിയും സ്വജനപക്ഷപാതിത്വവും കൂടിവരുന്നു.

ആ ഖണ്ഡികയില്‍ സുചിപ്പിക്കുന്ന മറ്റൊരു കാര്യം. ജമാഅത്തിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും രൂപീകരിക്കപ്പെട്ട ജനകീയ കൂട്ടായ്മകള്‍ വിവിധ പേരുകളില്‍ സ്വതന്ത്രസ്ഥാനാര്‍ഥികളായി രംഗത്തുണ്ട്. നേരത്തെ ഞാന്‍ സൂചിപ്പിച്ച ദുരന്തപൂര്‍ണമായ ഭരണവ്യവസ്ഥ മാറിയേ തീരൂ എന്ന മനസ്സ് പങ്കുവെക്കുകയും. ജമാഅത്തെ ഇസ്‌ലാമിയുടെ -പലരും ചൂണ്ടിക്കാണിക്കുന്ന-അപകടം ബോധ്യപ്പെടാത്തവരും തിരിച്ച് അഭിപ്രായമുള്ളവരുടെയും കൂട്ടായ്മയാണ് ഇങ്ങനെ സംഘടിച്ച് മാറ്റത്തിന് വേണ്ടി ശ്രമിക്കുന്നത്. കേരളത്തില്‍ രണ്ടായിരത്തില്‍ കുറഞ്ഞ വാര്‍ഡുകളിലേക്കാണ് അവര്‍ മത്സരിക്കുന്നത്. ഇവിടെ അതുയര്‍ത്തുന്ന മുദ്രാവാക്ക്യം മാറ്റത്തിന് ഒരു വോട്ട് എന്നതാണ്. ഈ വോട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ മാറ്റത്തിനല്ല. നിലവിലുള്ള അവസ്ഥയില്‍ മാറ്റം ആവശ്യമാണ് എന്ന് കണ്ടതിനാല്‍ അതിനൊരു വോട്ട് എന്ന് തന്നെയാണ് അര്‍ഥം. ജമാഅത്ത് മാറാന്‍ തീരുമാനിച്ച മാറിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. അത് സ്വയം തീരുമാനിച്ച് മാറുന്നതാണ്. ആ മാറ്റത്തിന് പൊതുജനങ്ങളുടെ വോട്ട് ആവശ്യമില്ല. മാറാന്‍ തയ്യാറില്ലാത്തവര്‍ പിളര്‍ന്ന് മാറുന്നത് നാം കാണുന്നുണ്ടല്ലോ.

നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ മതിയെന്നും അതില്‍ പ്രത്യേകിച്ച് പരിഷ്‌കരണം ആവശ്യമില്ലെന്നും കരുതുന്നവര്‍ സ്വാഭാവികമായും ഇതിന്റെ എതിര്‍പക്ഷത്തായിരിക്കും. അവരില്‍ ചിലര്‍ -ജനാധിപത്യവിരുദ്ധമായി- ഇതിനെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കും. അല്ലാതിരുന്നാല്‍ സ്വയം അസ്ഥിത്വം നിഷേധിക്കുന്നതിന് തുല്യമാണ് എന്നവര്‍ മനസ്സിലാക്കുന്നു. എന്നാല്‍ വേറെ ചിലര്‍ ജനാധിപത്യത്തില്‍ ഇത്തരം ഒരു തിരുത്തല്‍ ശക്തിക്കും സ്ഥാനമുണ്ട് എന്ന് മനസ്സിലാക്കി മറ്റു പാര്‍ട്ടികളോടു കാണിക്കുന്ന സൗഹൃദം പുലര്‍ത്തുന്നവരാണ്. പ്രായോഗിക രംഗത്ത് ജനകീയ വികസന മുന്നണികള്‍ പൊതുവായി അനുഭവിക്കുന്നത് ജനാധിപത്യത്തിന്റെ ഈ മഹത്വം തന്നെയാണ്.

ഇന്നലെ നടന്ന ജനകീയമുന്നണി സ്ഥാനാര്‍ഥിക്കെതിരെയുള്ള മുഖംമൂടി ആക്രമണം ഞാന്‍ ആദ്യം സൂചിപ്പിച്ച പ്രതികരണത്തിന്റെ ഭാഗമാണ്. എന്നാല്‍ ബൂലോകത്ത് സുകുമാരന്‍ സാറിനെപോലെ ജനകീയ മുന്നണിയുടെ പ്രവര്‍ത്തനത്തെ അനുകൂലിക്കുന്നവരും. ആ മാറ്റത്തിന് ഒരു വോട്ടുകൊടുക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞ് നിസംഗത പുലര്‍ത്തുന്നവരുമുണ്ട്.

പലരെയും അസ്വസ്തതപ്പെടുത്തുന്നത് ഇത്തരമൊരു കൂട്ടായ്മയുടെ രംഗപ്രവേശനത്തെക്കാള്‍ അതിന് പിന്നില്‍ ജമാഅത്തെ ഇസ്‌ലാമിയാണ് എന്നുള്ള യാഥാര്‍ഥ്യമാണ്. ഈ പ്രയാസപ്പെടുന്നവരില്‍ മുജാഹിദ് സംഘടനകളെ പോലെ അഭിപ്രായ തീവ്രത പുലര്‍ത്തുന്നവരും. തങ്ങളുടെ വോട്ടില്‍ ചോര്‍ച്ചവരും എന്ന ഭീതികൊണ്ട് ജമാഅത്തിന്റെ പേരില്‍ -അത്തരം ജനകീയ കൂട്ടായ്മകളെ- എതിര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുമുണ്ട്. മുജാഹിദുകളൊഴിച്ചുള്ള രണ്ടാമത്തെ വിഭാഗത്തിന് ഒരു പ്രത്യേകതയുണ്ട്. തങ്ങളുടെ എതിരാളികളുടെ വോട്ടാണ് ഈ വിഭാഗം പിടിക്കുക എന്നുറപ്പുള്ളിടത്ത് അവര്‍ ജമാഅത്തിന്റെ മെമ്പര്‍മാരെ വരെ പിന്താങ്ങും. ചിലപ്പോള്‍ സ്വന്തം സ്ഥാനാര്‍ഥികളെ മാറ്റി അത്തരക്കാര്‍ക്ക് ജയിച്ചുവരാനുള്ള അവസരം നല്‍കും. ഭീഷണി തങ്ങള്‍ക്കാണെങ്കില്‍ ആ മുന്നണിയുടെ മുസ്ലിമല്ലാത്ത സ്ഥാനാര്‍ഥിയെ പോലും ജമാഅത്തിന്റെ പേരുപറഞ്ഞ് തോല്‍പിക്കാന്‍ ശ്രമിക്കും. അതില്‍ ലീഗ്, (മുജാഹിദ് ലീഗും പെടും) മാര്‍കിസ്റ്റ് (മുജാഹിദ് മാര്‍കിസ്റ്റും) കോണ്‍ഗ്രസും (മുജാഹിദ് കോണ്‍ഗ്രസും, പി.ഡി.പി ഐ.എന്‍.എല്‍ എന്നിവരും ഇവരുടെയെല്ലാം സുന്നി, മുജാഹിദ് സ്ഥാനാര്‍ഥികളും ഉള്‍പ്പെടും. അതിനാല്‍ അത്തരക്കാരെ ഇവിടെ എതിര്‍ക്കുന്നതിലോ അവര്‍ക്ക് താത്വികമായി മറുപടി പറയുന്നതിലോ കാര്യമില്ല.

ജമാഅത്തെ ഇസ്‌ലാമിയുടെ കപടരാഷ്ട്രീയത്തെ ചെറുത്ത് തോല്‍പിക്കണം എന്ന് പ്രസ്താവനയിറക്കിയ മുജാഹിദ് എന്ന രാഷ്ട്രീയമില്ലാത്ത മതസംഘടന ഇവിടെയുണ്ട്. അറുപത് വര്‍ഷം അവര്‍ ജമാഅത്ത് സാഹിത്യങ്ങളും പ്രസംഗങ്ങളും തൊലിയുരിച്ച് പരിശോധിക്കുകയും ഗവേഷണം നടത്തുകയും ചെയ്തുകൊണ്ടിരുന്നിട്ടും അവര്‍ക്ക് മനസ്സിലായില്ല എന്ന് നടിക്കുന്ന     ഒരേ ഒരു കാര്യം. ജനാധിപത്യത്തെ എതിര്‍ത്ത  ജമാഅത്തെ ഇസ്‌ലാമി എന്തടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിത്തിരിച്ചത് എന്നാണ്. (ജനാധിപത്യത്തിന് മേല്‍ കമഴ്ന്ന് വീഴുക എന്നാണ് അവരുടെ പ്രയോഗം).

രണ്ട് അബദ്ധം ഈ ചോദ്യത്തിലുണ്ട്. (രണ്ട് വാചകത്തില്‍ രണ്ട് കളവ് മതിയല്ലോ.) ഒന്ന് ജനാധിപത്യത്തെ -മുജാഹിദ് പ്രസ്ഥാനം പറയുന്ന പോലെ - ജമാഅത്തെ ഇസ്ലാമി മൊത്തത്തില്‍ തള്ളിക്കളഞ്ഞിട്ടില്ല. മറ്റൊന്ന് ജമാഅത്തെ ഇസ്‌ലാമി ഈ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഇതിന് മുമ്പ് അവര്‍ തങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതിരുന്നപ്പോള്‍ വിട്ടുനിന്നിരുന്നു എന്നത് ശരിയാണ്. 1974 മുതല്‍ ജനാധിപത്യം പ്രക്രിയയില്‍ സജീവമായി ഇടപ്പെട്ട് വരുന്നുണ്ട്. പാര്‍ട്ടിനോക്കാതെ മൂല്യം നോക്കി വോട്ടു ചെയ്തും, ചില നയനിലപാടുകള്‍ക്ക് പിന്തുണ ലഭിക്കാന്‍ പാര്‍ട്ടികള്‍ക്ക് വോട്ടുചെയ്തും ജനാധിപത്യം പ്രക്രിയയില്‍ പങ്കാളിയായിട്ടുണ്ട്. അന്ന് ഇല്ലാത്ത ഒരു പുതിയ മാറ്റം ജമാഅത്തില്‍ വന്നിട്ടില്ല. അതിനാല്‍ ജനാധിപത്യവുമായി ബന്ധപ്പെട്ട ചര്‍ച ഈ സന്ദര്‍ഭത്തില്‍ പ്രത്യേക പരിഗണനയര്‍ഹിക്കുന്നുമില്ല.

ഇവിടെ അവര്‍ മനപ്പൂര്‍വം കളവ് പറയുന്നുവെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം ജനാധിപത്യത്തിന്റെ ഏത് വശത്തെയാണ് ജമാഅത്ത് എതിര്‍ത്തതെന്നും അതില്‍ ജമാഅത്ത് അനൂകൂലിച്ച വശം ഏതെന്നും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ലിങ്ക് നല്‍കിയതിന് ശേഷമാണ് ഈ ചോദ്യമുന്നയിക്കുന്നത്. ഇവിടെ ജനാധിപത്യത്തെ മൊത്തത്തില്‍ നിരാകരിച്ചു എന്ന് വരുത്തിതീര്‍ക്കുന്നത് ഒരു കപടരാഷ്ട്രീയ പാര്‍ട്ടിക്ക് പറയാന്‍ കഴിഞ്ഞാലും ഖുര്‍ആനും സുന്നതും പ്രമാണമായി അംഗീകരിക്കുന്ന ഒരു മതസംഘടനക്കോ അതിന്റെ പ്രവര്‍ത്തകര്‍ക്കോ പറയാന്‍ കഴിയില്ല. മാത്രമല്ല ഒരിക്കലും ജമാഅത്ത് വിയോജിച്ച ജനാധിപത്യത്തിന്റെ ആ വശത്തോടുള്ള തങ്ങളുടെ നിലപാട് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല. പറയുകയുമില്ല. ഇതാണ് വ്യക്തമായ കാപട്യം. അവര്‍ക്കറിയാം പറഞ്ഞാല്‍ അതില്‍ ജമാഅത്തെ ഇസ്‌ലാമി പറഞ്ഞതിനപ്പുറം ഒന്ന് പറയാനാവില്ലെന്ന്. ഇവിടെ ഒരു ജമാഅത്തുകാരന്‍ മനസ്സിലാക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ മുജാഹിദ് പ്രസ്ഥാനങ്ങള്‍ കവലകള്‍ തോറും പ്രസംഗം സംഘടിപ്പിക്കുന്നതിനും തങ്ങളുടെ വാരികകള്‍ ജമാഅത്ത് വിമര്‍ശനങ്ങള്‍ കൊണ്ട് മൂടുന്നതിനും രണ്ട് ഉദ്ദേശ്യമുണ്ട്. ഒന്ന്, സന്ദര്‍ഭം തങ്ങളുടെ പ്രതിയോഗികളെ നേരിടാന്‍ ഉപയോഗപ്പെടുത്തുക. (ഇക്കാര്യത്തില്‍ ഒരവസരവും അവര്‍ നഷ്ടപെടുത്താറില്ല). മറ്റൊന്ന് തങ്ങള്‍ പിന്താങ്ങികൊണ്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമം. ഇതിനപ്പുറം ഇസ്‌ലാമികമായ, രാജ്യസ്‌നേഹപരമായ, ജനക്ഷേമപരമായ ഒരു താല്‍പര്യം ഈ വിമര്‍ശനത്തില്‍ കാണുന്നവര്‍ വിഢികളുടെ സ്വര്‍ഗത്തിലായിരിക്കും.

അതൊടൊപ്പം പ്രയോഗികതലത്തില്‍ ഇത്തരം സ്ഥാനാര്‍ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു കാര്യം പരാമര്‍ശിക്കാതെ ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത് ശരിയല്ല. ജമാഅത്ത് വളരെ ആള്‍ബലം കുറഞ്ഞ ഒരു പാര്‍ട്ടിയാണ്. പത്ത് പ്രവര്‍തകര്‍ പോലുമില്ലാത്ത പഞ്ചായത്തില്‍ അഞ്ചിടത്ത് അത് സ്ഥാനാര്‍ഥികളെ നിര്‍ത്തിയവരുമുണ്ട്. പക്ഷെ മുഴുവന്‍ രാഷ്ട്രീയ നേതാക്കള്‍ കിട്ടിയ വേളകളിലെല്ലാം വിമര്‍ശിച്ചിട്ടും -അതും രാജ്യദ്രോഹമടക്കം- രാഷ്ട്രീയത്തിലിടപെടാത്ത മതസംഘടനകള്‍ വരെ ഇവരെ പരായജയപ്പെടുത്തണമെന്ന രാഷ്ട്രീയാഹ്വാനം നല്‍കിയിട്ടും സമൂഹത്തിലെ നിഷ്പക്ഷരും സ്വതന്ത്രചിന്തകരുമായ നല്ലൊരു വിഭാഗം ജനങ്ങള്‍ ഇതിനെ നന്നായി സ്വീകരിച്ചിരിക്കുന്നു. ജനാധിപത്യം പണാധിപത്യത്തിന് വഴിമാറിക്കഴിഞ്ഞ ഈ ഘട്ടത്തില്‍ പതിറ്റാണ്ടുകള്‍ പാരമ്പര്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ വിള്ളല്‍ വീഴ്തി അവരുടെ വോട്ട് നേടി വിജയിക്കുന്നത് നിസ്സാരമല്ല. അതെത്രമാത്രമുണ്ടാകുമെന്ന് പ്രവചിക്കാന്‍ ഇപ്പോള്‍ ആവില്ല. കാത്തിരുന്നു കാണുക എന്നേ പറയാന്‍ കഴിയൂ. തോറ്റാല്‍ പോലും ഈ സാന്നിദ്ധ്യം രാജ്യത്തിന് ഗുണമേ വരുത്തൂ എന്നകാര്യത്തില്‍ ഈ സംഘത്തെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായവ്യത്യാസമുണ്ടാവില്ല.  

തിങ്കളാഴ്‌ച, ഒക്‌ടോബർ 18, 2010

വികസനമോ ദുരന്തവത്‌കരണമോ?

എ എച്ച്‌
 
കേന്ദ്രത്തിലും സംസ്ഥാനങ്ങളിലുമെല്ലാം വ്യവസായ മന്ത്രിമാരുണ്ട്‌. അവരുടെ കീഴില്‍ സംസ്ഥാന-ജില്ലാ-താലൂക്ക്‌/ബ്ലോക്ക്‌ തലങ്ങളിലെല്ലാം വ്യവസായ വികസനത്തിന്‌ പ്രതിജ്ഞാബദ്ധമായ ഓഫീസുകളും ഓഫീസര്‍മാരുമുണ്ട്‌. ഇത്‌ ആഗോളവല്‌കരണത്തിന്റെ കാലമായതിനാല്‍ കുടില്‍ വ്യവസായങ്ങളോടോ ചെറുകിട വ്യവസായങ്ങളോടെ ഏറെ ആളുകള്‍ താല്‌പര്യം കാണിക്കുന്നില്ല. അവയുടെ ഉല്‌പന്നങ്ങള്‍ ദേശീയ-അന്തര്‍ദേശീയ വിപണികളില്‍ വിറ്റഴിക്കുക എളുപ്പവുമല്ല. അതിനാല്‍ വ്യവസായ വികസന അധികാരികള്‍ ഇപ്പോള്‍ പ്രധാനമായി ലക്ഷ്യമാക്കുന്നത്‌ നൂറുകണക്കില്‍ ഏക്കര്‍ ഭൂമിയും അനേകം മെഗാവാട്ട്‌ വൈദ്യുതിയും വിപുലമായ ഗതാഗത സൗകര്യവും ആവശ്യമുള്ള വന്‍കിട വ്യവസായ സംരംഭങ്ങളെയാണ്‌. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങുകയും പലവിധ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാവുകയും ചെയ്യുന്ന സാഹചര്യത്തിലേ ഇപ്പോള്‍ വിന്‍കിട വ്യവസായികള്‍ പുതിയ യൂണിറ്റുകള്‍ തുടങ്ങാന്‍ സന്നദ്ധരാകുന്നുള്ളൂ.

വ്യവസായശാലയ്‌ക്ക്‌ വേണ്ട നൂറുകണക്കില്‍ ഏക്കര്‍ ഭൂമി ചുരുങ്ങിയ നിരക്കില്‍ ലഭിക്കണം. അവിടെ നിന്ന്‌ തുറമുഖം, എയര്‍പോര്‍ട്ട്‌, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലേക്ക്‌ നാലുവരിയില്‍ കുറയാത്ത അതിവേഗപ്പാത ലഭ്യമാക്കണം. മിതമായ നിരക്കില്‍ വൈദ്യുതി വേണം. എല്ലാ കാലത്തും വെള്ളം കിട്ടുമാറാകണം എന്നിങ്ങനെ ഒട്ടേറെ ഉപാധികള്‍ നിറവേറ്റപ്പെട്ടാലേ ഇപ്പോള്‍ വന്‍കിട വ്യവസായികള്‍ ഒരു പ്രദേശത്ത്‌ പുതിയ ഫാക്‌ടറി തുടങ്ങാന്‍ സന്നദ്ധരാകൂ. അവരെ പ്രീതിപ്പെടുത്താതെ ഒരു മന്ത്രിക്കും ഉദ്യോഗസ്ഥ മേധാവിക്കും വ്യവസായ വികസനമെന്ന ലക്ഷ്യം നിറവേറ്റാനാവില്ല. വ്യവസായശാലകള്‍ക്കും അതിവേഗപ്പാതകള്‍ക്കും ആവശ്യമായ ഭൂമി പല സംസ്ഥാനങ്ങളിലും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഇല്ല. ആയിരക്കണക്കില്‍ ചെറുകിട ഭൂഉടമകളുടെയും കര്‍ഷകരുടെയും കൈവശമുള്ള സ്ഥലങ്ങള്‍ അക്വയര്‍ ചെയ്‌താലേ കാര്യം നടക്കൂ. ഇത്‌ ലളിതമായ കാര്യമല്ല. വികസനവുമായി ബന്ധപ്പെട്ട ഒട്ടേറെ സമസ്യകള്‍ കെട്ടുപിണഞ്ഞു കിടക്കുന്ന മേഖലയാണിത്‌.

വ്യവസായം പോലെയോ അതിലേറെയോ മുന്‍ഗണന ലഭിക്കേണ്ട വിഷയങ്ങള്‍ തന്നെയാണ്‌ സാമൂഹ്യക്ഷേമവും കാര്‍ഷിക വികസനവും പരിസ്ഥിതി സംരക്ഷണവും മറ്റും. ഒരേക്കറില്‍ താഴെ മാത്രം വിസ്‌തൃതിയുള്ള പുരയിടത്തിന്റെ ഉടമസ്ഥരാണ്‌ വ്യവസായശാലയ്‌ക്കും നാലുവരിപ്പാതക്കും റെയില്‍പ്പാത ഇരട്ടിപ്പിക്കലിനും വിമാനത്താവള നിര്‍മിതിക്കും അതിന്റെ വികസനത്തിനും മറ്റും വേണ്ടി സ്ഥലമൊഴിവാക്കിക്കൊടുക്കേണ്ടി വരുന്നവരില്‍ ഭൂരിപക്ഷം. വ്യവസായങ്ങള്‍ക്കും ഗതാഗത സൗകര്യവികസനത്തിനും വേണ്ടി കൃഷിഭൂമി കൊടുക്കേണ്ടി വരുന്നവരില്‍ അധികഭാഗവും പാവങ്ങളോ ഇടത്തരക്കാരോ തന്നെയാണ്‌. പുരയിടം അക്വയര്‍ ചെയ്യപ്പെടുന്നവര്‍ ദീര്‍ഘകാലമായി അനുഭവിക്കുന്ന ജീവിതപരിസരങ്ങളില്‍ നിന്ന്‌ പൂര്‍ണമായി പിഴുതെറിയപ്പെടുകയാണ്‌ ചെയ്യുന്നത്‌. കൃഷിഭൂമി വ്യവസായത്തിനോ അടിസ്ഥാന സൗകര്യവികസനത്തിനോ വേണ്ടി പിടിച്ചെടുക്കുമ്പോള്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗം തടയപ്പെടുക മാത്രമല്ല, നാട്ടിലെ ഭക്ഷ്യോല്‌പാദനം കുറയുകയും ചെയ്യുന്നു. ഒരു വ്യവസായിക്കോ വ്യവസായ ഗ്രൂപ്പിനോ ലാഭം കിട്ടാനും ഒരു വ്യവസായ മന്ത്രിയുടെ വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനും വേണ്ടി ആയിരക്കണക്കില്‍ മനുഷ്യര്‍ കടുത്ത യാതനകള്‍ അനുഭവിക്കേണ്ടി വരുന്നതിനെ യഥാര്‍ഥത്തില്‍ വികസനമെന്ന്‌ വിശേഷിപ്പിക്കാന്‍ തന്നെ പറ്റുമോ? ദുരന്തവല്‌കരണം എന്ന വിശേഷണമല്ലേ അതിന്‌ കൂടുതല്‍ ഇണങ്ങുക?

വികസന പദ്ധതികള്‍ക്ക്‌ വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക്‌ ഏറ്റവും വലിയ ദുരന്തമാകുന്നത്‌ നിയമത്തിന്റെ ദാക്ഷിണ്യമില്ലായ്‌മയാണ്‌. ഇന്ത്യയില്‍ എവിടെയും സര്‍ക്കാര്‍ അക്വയര്‍ ചെയ്യുന്ന ഭൂമിക്ക്‌ യഥാര്‍ഥ മാര്‍ക്കറ്റ്‌ വില നില്‌കാന്‍ നിയമമില്ല. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില മാത്രമേ ഭൂമി നഷ്‌ടപ്പെട്ടവര്‍ക്ക്‌ ലഭിക്കൂ. വ്യവസായികളും അവരെ സ്വീകരിച്ചാനയിക്കുന്ന രാഷ്‌ട്രീയക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‌ നിശ്ചയിക്കുന്നതായിരിക്കും പലപ്പോഴും അക്വിസിഷന്‍ മൂല്യം. തീരെ കുറവായ ഈ വിലകൊണ്ട്‌ പകരം പുരയിടമോ വയലോ വാങ്ങാന്‍ കഴിയാതെ ഭൂമി നഷ്‌ടപ്പെടുന്നവര്‍ വലയുന്ന ദുരവസ്ഥയാണ്‌ അവരെ പലപ്പോഴും പ്രക്ഷോഭങ്ങളിലേക്ക്‌ തള്ളിവിടുന്നത്‌. അതോടെ വ്യവസായികളും രാഷ്‌ട്രീയക്കാരും അവരെ ദേശവിരുദ്ധരോ വികസന വിരോധികളോ ആയി ചിത്രീകരിക്കുന്നു. അതോടെ അവര്‍ക്കു വേണ്ടി ശബ്‌ദിക്കാന്‍ തീവ്രവാദ മുദ്ര പേറുന്നവര്‍ മാത്രം ബാക്കിയാകുന്നു.

പുരയിടത്തിനും കൃഷിഭൂമിക്കുമൊക്കെ പ്രമാണമുള്ളവരുടെ കഥയാണ്‌ ഇപ്പറഞ്ഞത്‌. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും വന്‍ വ്യവസായങ്ങളും ഖനികളും വരുന്നത്‌ ആദിവാസികളുടെയും പട്ടികവര്‍ഗക്കാരുടെയും അധിവാസ ഭൂമികളിലാണ്‌. നൂറ്റാണ്ടുകളായി ഉള്‍നാടുകളിലും വനമേഖലകളിലും ജീവിക്കുന്ന ഇവരുടെ കൈയില്‍ പക്ഷേ, കൈവശാവകാശ രേഖകളൊന്നുമില്ല. അത്തരം രേഖകളുടെ അനിവാര്യതയെക്കുറിച്ച്‌ അവര്‍ ബോധവാന്മാരുമായിരുന്നില്ല. അവരെ ഭൂമിയുടെ നിയമാനുസൃത അവകാശികളാക്കി ശാക്തീകരിക്കണമെന്ന്‌ അവരുടെ നാട്ടിലെ ഭരണാധികാരികള്‍ക്ക്‌ ഒരിക്കലും തോന്നിയിട്ടുമില്ല. വ്യവസായവല്‌കരണമെന്നോ പ്രത്യേക സാമ്പത്തിക മേഖലയെന്നോ പറഞ്ഞാല്‍ തങ്ങള്‍ നൂറ്റാണ്ടുകളായി ആശ്രയിക്കുന്ന ഭൂപ്രദേശത്ത്‌ നിന്ന്‌ നിഷ്‌കരുണം പുറംതള്ളപ്പെടുന്ന പ്രക്രിയയായിരിക്കുമെന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കാന്‍ വേണ്ട രാഷ്‌ട്രീയ സാക്ഷരത അവര്‍ക്ക്‌ വിധിക്കപ്പെട്ടതായിരുന്നില്ലല്ലോ. വ്യവസായികളും അവരുടെ കൂലിപ്പടയും പോലീസുകാരും ചേര്‍ന്ന്‌ അവരെ വ്യവസായ സൈറ്റുകളില്‍ നിന്ന്‌ അടിച്ചോടിച്ച്‌ കളം കാലിയാക്കി; അക്വിസിഷനോ മൂല്യനിര്‍ണയമോ കൂടാതെ. തുരത്തിയോടിക്കപ്പെട്ട മണ്ണിന്റെ മക്കള്‍ക്ക്‌ വേണ്ടി ഭരണകൂട ഭീകരതക്കെതിരില്‍ പോരാടുന്നവരെന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന തീവ്രവാദികളും ആ പാവങ്ങളോട്‌ നീതി പുലര്‍ത്തിയിട്ടില്ലെന്നാണ്‌ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്‌.

ഏത്‌ വികസനവും പരിസ്ഥിതിക്ക്‌ പോറലേല്‌പിക്കാത്ത വിധത്തിലായിരിക്കണം എന്നത്‌ രാഷ്‌ട്രീയ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ അതീതമായി ഇന്ത്യന്‍ ഭരണരംഗത്ത്‌ പതിറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന തത്വമാണ്‌. കേന്ദ്ര-സംസ്ഥാന തലങ്ങളിലെല്ലാം പരിസ്ഥിതി വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡുകളുമുണ്ട്‌. പരിസ്ഥിതിയുടെ പരിരക്ഷയ്‌ക്ക്‌ പ്രതിജ്ഞാബദ്ധമായ സന്നദ്ധ സംഘടനകളും നാടിന്റെ നാനാഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. വനത്തിനും വന്യജീവികള്‍ക്കും കണ്ടല്‍ കാടുകള്‍ക്കും മനോഹരമായ കടല്‍ത്തീരങ്ങള്‍ക്കും വലിയ നാശം വരുത്തിവെക്കും എന്ന ആശങ്കയുടെ പേരില്‍ പല പദ്ധതികളും ഉപേക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും പരിസ്ഥിതിയുടെ സുരക്ഷ അവഗണിച്ചുകൊണ്ട്‌ ഭീമന്‍ വ്യവസായ സംരംഭങ്ങള്‍ക്ക്‌ ഉന്നത ഭരണനേതൃത്വം പച്ചക്കൊടി കാണിച്ച സംഭവങ്ങള്‍ കുറവല്ല. “പരിസ്ഥിതിയുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെങ്കിലും അത്‌ സംബന്ധിച്ച ആശങ്ക വ്യാവസായിക വികസനത്തിന്‌ ഒരു തടസ്സമാകാന്‍ പാടില്ല. വ്യാവസായിക വികസനമില്ലെങ്കില്‍ രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്‌ വീണ്ടും ആപതിച്ചു പോകും. സാവധാനത്തിലാണെങ്കിലും രാജ്യം അതില്‍ നിന്ന്‌ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണെന്ന്‌ ഉറപ്പാണല്ലോ” എന്ന്‌ പത്രാധിപന്മാരുടെ ഒരു സമ്മേളനത്തില്‍ പ്രധാനമന്ത്രി ഇയ്യിടെ പറയുകയുണ്ടായി. ഇത്‌ അദ്ദേഹത്തിന്റെ യാഥാര്‍ഥ്യബോധത്തെയാണ്‌ പ്രതിഫലിപ്പിക്കുന്നതെങ്കിലും അതില്‍ ചില അപകട സൂചനകളുണ്ട്‌.
പരിസ്ഥിതിക്ക്‌ ക്ഷതമേല്‌പിക്കരുതെന്ന നിഷ്‌കര്‍ഷയില്‍ ഇളവ്‌ ലഭിക്കുമെന്ന്‌ ഉന്നതാധികാരികളുടെ പ്രസ്‌താവനകളില്‍ നിന്ന്‌ സൂചന കിട്ടിയാല്‍ ഏത്‌ വ്യവസായിയും പരിസ്ഥിതി സുരക്ഷാ പ്രതിബദ്ധതകളില്‍ നിന്ന്‌ പുറകോട്ട്‌ പോകാനാണ്‌ ശ്രമിക്കുക. പ്ലാന്റുകളില്‍ നിന്നുള്ള വിഷപ്പുകയും മലിനജലവും കൊണ്ട്‌ പരിസര മലിനീകരണമുണ്ടാകാതെ സൂക്ഷിക്കുക എന്നത്‌ ഏറെ പണച്ചെലവുള്ള കാര്യമാണ്‌. വിശപ്പുകയും മലിനജലവും നിര്‍ബാധം പുറംതള്ളുക എന്നതാകട്ടെ പ്രത്യേക പണച്ചെലവൊന്നുമില്ലാത്ത ഏര്‍പ്പാടും. വ്യവസായികള്‍ക്ക്‌ സന്തോഷമുള്ള കാര്യം ബാധ്യതകള്‍ ഏറെ വഹിക്കേണ്ടിവരാതെ ആകര്‍ഷകമായ ലാഭം കിട്ടുകയായിരിക്കുമല്ലോ. കാര്‍ബണ്‍ വാതകങ്ങളും വിഷപദാര്‍ഥങ്ങളും ഏറെ പുറംതള്ളുന്ന വ്യവസായ ശാലകള്‍ക്ക്‌ ലൈസന്‍സ്‌ ലഭിക്കണമെങ്കില്‍ വ്യവസായി തന്റെ ഫാക്‌ടറിക്ക്‌ ചുറ്റും ഒരു ഗ്രീന്‍ബെല്‍റ്റ്‌ (ഹരിതകവചം) സ്ഥാപിക്കാമെന്ന്‌ പ്രതിബദ്ധതയേല്‌ക്കണമെന്ന്‌ നിയമത്തില്‍ വ്യവസ്ഥയുണ്ട്‌. ഇത്‌ ഫാക്‌ടറിയിലെ ജീവനക്കാര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രയോജനമുള്ള കാര്യമാണെങ്കിലും പണച്ചെലവ്‌ കൂടുതലുള്ളതായതിനാല്‍ വ്യവസായികള്‍ ആ ബാധ്യതയില്‍ നിന്ന്‌ ഒഴിഞ്ഞുമാറാനാണ്‌ ശ്രമിക്കുക. സാമ്പത്തിക പുരോഗതിക്ക്‌ വ്യവസായ വികസനം അനിവാര്യമായതിനാല്‍ അത്‌ തടസ്സപ്പെടാത്ത വിധം പരിസ്ഥിതി നിയമങ്ങളില്‍ വിട്ടുവീഴ്‌ച ചെയ്യേണ്ടതാണ്‌ എന്ന നയം ഉന്നതതലങ്ങളില്‍ സ്വീകരിക്കപ്പെട്ടാല്‍ പരിസരമലിനീകരണവും പരിസ്ഥിതി ശോഷണവും വന്‍തോതില്‍ വര്‍ധിക്കുകയായിരിക്കും ഫലം.

വ്യവസായ വികസനം വഴി ധാരാളം പേര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ തൊഴില്‍ ലഭിക്കുകയും പൊതു ഖജനാവിലേക്ക്‌ ഭീമമായ തോതില്‍ നികുതിപ്പണം ലഭിക്കുകയും ചെയ്യുമെന്നതാണ്‌ പ്രസ്‌താവ്യമായ നേട്ടം. എന്നാല്‍ വ്യവസായത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനും വേണ്ടി പുരയിടവും കൃഷിഭൂമിയും നഷ്‌ടപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും വ്യവസായ ശാല കൊണ്ട്‌ നേട്ടമൊന്നും ഉണ്ടാകാറില്ല എന്നതാണ്‌ ദു:ഖസത്യം. അവര്‍ ശിഷ്‌ടകാലം ഏറെ കഷ്‌ടതകള്‍ അനുഭവിക്കേണ്ടിവരുന്നു. അന്നം വിളയുന്ന മണ്ണിന്റെ കമ്മിയും അപരിഹാര്യമായി തുടരുന്നു. പരിസ്ഥിതി പരിരക്ഷയ്‌ക്ക്‌ ക്രമീകരണങ്ങള്‍ ചെയ്‌തിട്ടില്ലെങ്കില്‍ വ്യവസായ ശാല നിലനില്‌ക്കുന്നേടത്തോളം പരിസരങ്ങളിലെ വായുവും വെള്ളവും മണ്ണും വിഷമയമായി തുടരുകയും ചെയ്യും. ഇതൊക്കെയും മാനവികദുരന്തമാണ്‌. ജനവാസമുള്ള ഭൂപ്രദേശങ്ങളുടെയും ദുരന്തമാണ്‌. വന്‍കിട വ്യവസായികളും അവര്‍ക്ക്‌ പരവതാനി വിരിച്ചുകൊടുക്കുന്ന വ്യവസായ മന്ത്രിമാരും മനുഷ്യരോടും മണ്ണിനോടും അല്‌പം കരുണ കാണിക്കാന്‍ സന്നദ്ധരായാല്‍ ഈ ദുരന്തം ഒട്ടൊക്കെ ഒഴിവാക്കിക്കൊണ്ടോ ലഘൂകരിച്ചുകൊണ്ടോ വ്യവസായ വികസനം നടത്താന്‍ കഴിയുമെന്ന്‌ തന്നെയാണ്‌ പരിസ്ഥിതിയെക്കുറിച്ച്‌ ഏറെ ജാഗ്രത പുലര്‍ത്തുന്ന നാടുകളിലെ അനുഭവങ്ങളില്‍ നിന്ന്‌ തെളിയുന്നത്‌. വ്യവസായികള്‍ ലാഭത്തിന്റെയും ഭരണകൂടങ്ങള്‍ നികുതിപ്പണത്തിന്റെയും ഒരു ഭാഗം ഭൂമിയുടെയും മാനവതയുടെയും സുസ്ഥിതിക്ക്‌ വേണ്ടി വിനിയോഗിക്കട്ടെ. വിട്ടുവീഴ്‌ച കൂടാതെ നിര്‍വഹിക്കപ്പെടേണ്ട ബാധ്യതയത്രെ അത്‌.

അവലംബം : ശബാബ് 2010 ഒക്ടോബര്‍ 15

 
Design by CKLatheef | Bloggerized by CKLatheef | CK