ആമുഖം
ഒരു സംഘടന, അത് മതസംഘടനയോ രാഷ്ട്രീയ സംഘടനയോ ആകട്ടേ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി എന്ത് പറയുന്നുവെന്നത് പൊതുവെ ആളുകള്‍ ശ്രദ്ധിക്കാറില്ല. ആ സംഘടനയോടുള്ള നിലപാടുകള്‍ അതിനനുസരിച്ച് മാത്രം രൂപപ്പെടുത്താറുമില്ല. സംഘടന പറയുന്ന ആശയവും ആദര്‍ശവും മുഖവിലക്കെടുത്താല്‍ ആര്‍.എസ്.എസ് രൂക്ഷമായി എതിര്‍ക്കപ്പെടേണ്ട സംഘടനയാണ് എന്ന് ആരും പറയില്ല. താഴെ നല്‍കിയ ഭാഗം വായിച്ചു നോക്കൂ.
['ഭാരതമൊട്ടുക്ക് പ്രവർത്തിക്കുന്ന ആർ.എസ്സ്.എസ്സ്, ഹിന്ദു സ്വയം സേവക സംഘം എന്ന പേരിൽ വിദേശത്തും പ്രവർത്തിക്കുന്നു. ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. മുഖ്യ ലക്‌ഷ്യം, 'വസുധൈവ കുടുംബകം' അല്ലെങ്കിൽ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ്. എന്നാൽ അതിനു മുൻപേ ഉള്ള ലക്‌ഷ്യം, സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ്. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്(Integral Humanism). ആർ.എസ്സ്.എസ്സിന്റെ അഭിപ്രായമനുസരിച്ച് ഒരു ഹിന്ദു എന്നത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ് ഹിന്ദു എന്ന ആർ.എസ്സ്.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്. ഹൈന്ദവം എന്നത് ഒരു മതമല്ല മറിച്ച് ഒരു ജീവിതരീതിയാണ് എന്ന് ആർ.എസ്സ്.എസ്സ് വിശ്വസിക്കുന്നു. ആർ.എസ്സ്.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം രാഷ്ട്രത്തെയും അതിന്റെ ജനങ്ങളേയും ദേവീരൂപത്തിൽ(ഭാരതാംബ) കണ്ട് സേവനം ചെയ്യുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്.' (ml.wikipedia.org)]
വിക്കിയില്‍നിന്നെടുത്തതാണ് ഈ ഭാഗങ്ങള്‍ , അവ തിരുത്താതെ നിലനില്‍ക്കുന്നത് കൊണ്ട് മാത്രമല്ല, ആര്‍.എസ്.എസ് താത്വികാചാര്യനായ പി.പരമേശ്വരനുമായുള്ള അഭിമുഖം ടി.വി.യില്‍ കണ്ടതുകൊണ്ടും ഇങ്ങനെ അറിയപ്പെടാനും പ്രചരിപ്പിക്കപ്പെടാനുമാണ് അതിന്റെ പ്രവര്‍ത്തകരും നേതൃത്വവും ആഗ്രഹിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആര്‍.എസ്.എസ് അനുഭാവികളല്ലാത്ത ആരും ഇവിടെ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യത്തിനനുസരിച്ചാണ് ആ സംഘടന ചരിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല. അതിന്റെ പ്രവര്‍ത്തകരും ആ സന്ദേശം ഉള്‍കൊണ്ടിട്ടുണ്ടെന്ന് ധരിക്കാന്‍ യാതൊരു പഴുതും അവരുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനം നമുക്ക് നല്‍കുന്നില്ല.
ഒരിക്കലും യാതൊരു താരതമ്യവും അര്‍ഹിക്കാത്ത ഈ സംഘടനയെ ഇവിടെ താങ്കള്‍ പരാമര്‍ശിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കാം. ആര്‍.എസ്. എസ് സംഘടന മുന്നോട്ട് വെക്കുന്ന ആദര്‍ശവും അത് പുലര്‍ത്തുന്ന നയനിലപാടുകളും പ്രവര്‍ത്തനങ്ങളും ആളുകള്‍ക്കെല്ലാം ഏറെക്കുറെ സുപരിചിതമാണ്. അതിലെ വൈരുദ്ധ്യം ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്രകാരവും പ്രവര്‍ത്തികാന്‍ സാധ്യമാണ് എന്ന് ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍.എസ്.എസ് എന്ന സംഘടനയുമായി നിരന്തരം താരതമ്യം ചെയ്യുക ജമാഅത്ത് വിമര്‍ശകരുടെ ശൈലിയാണ്. അറിയപ്പെടുന്ന ഒന്നുമായിട്ടാണല്ലോ താരതമ്യം ചെയ്യുക. ഇവിടെ ആര്‍.എസ്.എസ് സുപരിചിതവും ജമാഅത്ത് ഏറെക്കുറെ അപരിചിതവുമാണ്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനെ ജമാഅത്തെ ഇസ്ലാമിയുമായി ആരും താരതമ്യം ചെയ്യുന്നത് കണ്ടിട്ടില്ല.
ഒരു സംഘടനയെ മനസ്സിലാക്കാന്‍ അതുകൊണ്ടുതന്നെ എഴുതപ്പെട്ട സാഹിത്യം മാത്രം മതിയാവില്ല. അത് ചൂണ്ടികാട്ടി സംഘടനയും പ്രാധാന്യവും അപ്രമാദിത്വവും സ്ഥാപിക്കാനാവില്ല. സ്വയം പ്രതിരോധവും പ്രത്യാക്രമണവും വ്യക്തിത്വമായി അംഗീകരിക്കുന്ന സംഘടനകള്‍ പോലും അത് തങ്ങളുടെ ലക്ഷ്യങ്ങളിലെവിടെയും എഴുതിവെക്കാറുമില്ല. എഴുതിവെച്ചത് അങ്ങനെത്തന്നെ പിന്തുടരപ്പെടേണ്ടതാണ് എന്ന ചിന്ത സംഘടനാ നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ നയിക്കുന്നതായി തോന്നുന്നില്ല. മിക്ക സംഘടനകളുടെയും അവസ്ഥ ഇതായിരിക്കെ ഇതില്‍നിന്ന് ഒരു സംഘടന വ്യത്യസ്ഥമാണ് എന്ന് അംഗീകരിക്കാന്‍ പെട്ടെന്ന് ജനം തയ്യാറാകില്ല. ഇത് ജമാഅത്ത് നേരിടുന്ന ഒരു പ്രതിസന്ധിയാണ്.
നല്ല ലക്ഷ്യങ്ങള്‍ളും മാര്‍ഗവും എഴുതിവെക്കുകയും അതിനനുസരിച്ചുതന്നെ നിലപാടെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയെ എങ്ങനെ നേരിടും. അതിനുള്ള പരിഹാരമാണ് മുഖംമൂടി ആരോപണം. സംഘടനകള്‍ക്ക് മുഖം മൂടി പ്രവര്‍ത്തനവും സുപരിചിതമാണ്. മേല്‍ പറഞ്ഞ സംഘടനകളിലും ഞാന്‍ സൂചിപ്പിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് ആവശ്യത്തിന് പ്രയോഗിക്കുന്നവരാണ്. അതുകൊണ്ട് ജമാഅത്തിനെ പരിചയിക്കാത്തവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ ആരോപണത്തിലൂടെ നിഷ്പ്രയാസം സാധിക്കും. ആശയപരമായി നേരിടാനോ പ്രവര്‍ത്തങ്ങളെ വിമര്‍ശിക്കാനോ സാധ്യമല്ലാതെ വന്നതിനാല്‍ ജമാഅത്തിനെതിരെ രണ്ട് തന്ത്രങ്ങളാണ് വിമര്‍ശകര്‍ പയറ്റിയത്. അതില്‍ ജമാഅത്ത് ഒരു തരം മുഖം മുടി അണിഞ്ഞിട്ടുണ്ടെന്നും, ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും യഥാര്‍ഥ ലക്ഷ്യം അവരുടേത് മറ്റൊന്നാണെന്നും പറഞ്ഞു പ്രചരിപ്പിക്കുന്നു. ആ ലക്ഷ്യം എന്താണ് അത് തങ്ങള്‍ വിശദീകരിക്കും ജമാഅത്ത പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അത് അംഗീകരിക്കണം. ഇതാണ് വിമര്‍ശകരുടെ നിലപാട്.
ഇക്കാരണത്താല്‍ ജമാഅത്ത് പ്രവര്‍ത്തകരും നേതാക്കളും അധിക സമയം ചെലവഴിക്കേണ്ടി വരുന്നത്. നിങ്ങള്‍ പറയുന്നതല്ല ഞങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനമാര്‍ഗമെന്നും വിശദീകരിക്കാനാണ്. 'നോക്കൂ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ , ഒരു ലക്ഷ്യം എഴുതിവെക്കുകയും അതിനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട്. അതില്‍ രണ്ടിലും പെടാത്ത നിഗൂഢ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതെങ്ങനെ?' എന്ന അവരുടെ ചോദ്യത്തിന് ഒരു വിലയും വിമര്‍ശകര്‍ കല്‍പിക്കുന്നില്ല. ഒരു സംഘടനക്കും ഈ ഗതിയുണ്ടാവില്ല. ലക്ഷ്യമെന്താണെന്ന് പ്രതിയോഗികള്‍ വിശദീകരിക്കുകയും ഇപ്പോഴുള്ള നിങ്ങളുടെ പ്രവര്‍ത്തനം കടപമാണെന്ന് വാദിക്കുകയും ചെയ്യുക. ഏതൊരു സംഘടനയും ഇത്തരം ഒരു ശ്രമത്തിന് മുമ്പില്‍ നിസ്സഹായമായി പോകും. ആദര്‍ശത്തിലും പ്രവര്‍ത്തനത്തിലും യഥാര്‍ഥ മുഖം മൂടിയിട്ട സംഘടനകള്‍ക്ക് ഈ പ്രതിസന്ധിയില്ല. കാരണം അവരുടെ മുഖം മൂടി അവര്‍ സ്വയംഅംഗീകരിക്കുന്നത് തന്നെയാണ്. അതുകൊണ്ട് വര്‍ഗീയതാരോപണം ആര്‍.എസ്.എസ് ഒരു അപമാനമായി കാണുന്നില്ല. പ്രത്യാക്രമണാരോപണം മുസ്‌ലിം തീവ്രവാദ സംഘടനകള്‍ ഒരു പോരായ്മയായി കാണുന്നില്ല. മറ്റുള്ളവരുടെ ഇത്തരം ആരോപണങ്ങള്‍ ഒരു സൗകര്യമായി മനസ്സിലാക്കപ്പെടുകയാണ് പലപ്പോഴും.
എന്നാല്‍ ജമാഅത്തിന് ഇത് അംഗീകരിക്കാനാവില്ല. തങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനമാര്‍ഗവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യത്യസ്ഥനിലപാടുകള്‍ക്ക് അവരുദ്ദേശിക്കാത്ത അര്‍ഥം നല്‍കുന്നതും അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജമാഅത്തിന്റെ യഥാര്‍ഥ ശക്തി അതിന്റെ ലക്ഷ്യവും ആദര്‍ശവുമാണ്. ജമാഅത്ത് വിശദീകരിക്കുന്നത് പോലെ അത് ഉള്‍കൊള്ളുമ്പോള്‍ മാത്രമേ അതിന്റെ പ്രവര്‍ത്തനങ്ങളെ യഥാവിധി ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളൂ. ലക്ഷ്യങ്ങള്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തങ്ങളില്‍ മുഖംമൂടി ആരോപണത്തെ ആശ്രയിക്കേണ്ടി വരുന്നത്. ജമാഅത്തിന്റെ പക്കല്‍ ഇതിനുള്ള പരിഹാരം തങ്ങളുടെ ലക്ഷ്യവും ആദര്‍ശവും പ്രവര്‍ത്തനമാര്‍ഗവും യഥാവിധി വിശദീകരിക്കുകയും അതിനെ പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക മാത്രമാണ്. മറ്റൊരു കുറുക്കുവഴി അതിന് മുന്നിലില്ല.
ജമാഅത്തിന് അതിന്‍െതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. അതുകൊണ്ട് ഇന്നേ വരെ ചിലപ്പോഴൊക്കെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നും മറ്റുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്തും കഴിഞ്ഞു പോരുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെ ജമാഅത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍നിന്നുകൊണ്ട് കൂറേകൂടി സക്രിയമായ ഇടപെടല്‍ അത് നടത്തുകയുണ്ടായി. ഇതിലൂടെ നഷ്ടം സംഭവിക്കുന്ന രാഷ്ട്രീയ കക്ഷിക്കള്‍ക്ക് സ്വാഭാവികമായും എതിര്‍പ്പുണ്ടാവും. തങ്ങളുടെ എതിര്‍പ്പിന്റെ കുന്തമുന ജമാഅത്തിന് നേരെ തിരിച്ചു. എങ്ങനെ ഈ കൂട്ടരെ ഒതുക്കണം എന്ന ചിന്ത ചെന്നെത്തിയത്; ജമാഅത്തിന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ മത്സരിക്കാനോ അര്‍ഹതയില്ല കാരണം അവര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്ന വാദം ശക്തിയായി ഉയര്‍ത്തുക എന്നിടത്താണ്. ബഹുമാന്യനായ സഖാവ് പിണറായി വിജയന്‍ അതിന് സമാരംഭം കുറിക്കുകയും ചെയ്തു. ഇന്ന് കേരളത്തില്‍ മുഖ്യമന്ത്രിയെക്കാളും ആധികാരികയുള്ളത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ്.
ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ജമാഅത്തിന് പറയാനുള്ളത് എക്കാലത്തും ഒന്നുതന്നെയായിരുന്നു. അതന്താണെന്ന് വിശദീകരിക്കാനാണ് തുടര്‍ പോസ്റ്റുകളിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. ആദ്യമായി ഒന്നോര്‍മിപ്പിക്കട്ടെ ഇത് ജമാഅത്ത് സാഹിത്യങ്ങളില്‍നിന്നും ജമാഅത്ത് സാഹിത്യങ്ങള്‍ക്ക് അവലംബിച്ച സ്രോതസില്‍നിന്നും ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍നിന്നും ഞാന്‍ മനസ്സിലാക്കിയതിന്റെ രത്‌നച്ചുരുക്കമാണ്. എന്നുവെച്ചാല്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ ജമാഅത്തിന്റെ ഔദ്യോഗിക നിലപാടുകളാകാം എന്ന സാധ്യത മാത്രമേ ഉള്ളൂ. ഔദ്യോഗിക നിലപാടുകളറിയാന്‍ ഞാന്‍ അവലംബിച്ച മാര്‍ഗങ്ങള്‍ നിങ്ങളും അവലംബിക്കുക മാത്രമാണ് പരിഹാരം. എന്റെ വിശദീകരണം ജമാഅത്തിനെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും അര്‍ഥത്തില്‍ സഹായകമാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (തുടരും)
4 അഭിപ്രായ(ങ്ങള്‍):
എതിര്‍പ്പുകള്‍ എങ്ങനെയൊക്കെ എന്ന വിഷയം താമസിയാതെ പ്രതീക്ഷിക്കു. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വിമര്‍ശനങ്ങളും ക്ഷണിക്കുന്നു. ദയവായി മുന്‍ധാരണകള്‍ വെച്ച് വൈരനിര്യാതനത്തിനുള്ള മാര്‍ഗമായി ചര്‍ചയെ കാണാതിരിക്കുകു.
>>ജമാഅത്തിന് അതിന്‍െതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. അതുകൊണ്ട് ഇന്നേ വരെ ചിലപ്പോഴൊക്കെ രാഷ്ട്രീയത്തില്‍നിന്ന് വിട്ട് നിന്നും മറ്റുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്തും കഴിഞ്ഞു പോരുകയാണ്.<<
രാഷ്ട്രീയത്തില്‍ നിന്നും ഇന്നേ വരെ വിട്ടു നിന്നതായി അറിയില്ല. വിട്ടു നിന്നത് വോട്ടെടുപ്പില്‍ നിന്നുമാണ്. രണ്ടും തമ്മിലുള്ള വ്യത്യാസം ഞാന്‍ വിശദീകരിക്കാതെ തന്നെ അറിയാമല്ലോ. മനപ്പൂര്‍വം അല്ലെങ്കിലും, ലത്തീഫിന് തെറ്റ് പറ്റിയതായി കരുതുന്നു. തിരുത്തുമല്ലോ.
@മുനീര്‍ ,
വോട്ടെടുപ്പില്‍നിന്ന് എന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. തെറ്റ് ചൂണ്ടിക്കാണിച്ചതില്‍ നന്ദി പറയുന്നു. വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നതിനെ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നു എന്ന രീതിയില്‍ ഇവിടെ പ്രചരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതിന് അവരുടേതായ ഒരു കാരണവും അവര്‍ കണ്ടെത്തുന്നു. തെറ്റുതിരുത്തിയിട്ടുണ്ട്.
നിങ്ങള്‍ 'മതം' മാത്രം പറഞ്ഞാല്‍ ഞങ്ങള്‍ 'മുഖം മൂടി സിദ്ധാന്തം' പിന്‍വലിക്കാം. വേണമെങ്കില്‍ നാല് സ്കൂളുകളും അനുവദിക്കാം. :)
'നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ നിനക്ക് ആവശ്യമുല്ലത്ര ധനം ഞങ്ങള്‍ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൗന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്ക് ഇഷ്ടപ്പെട്ട സ്ത്രീയെ വിവാഹം ചെയ്യാനുള്ള അവസരം ഞങ്ങള്‍ ഉണ്ടാക്കിത്തരാം.' എന്ന പഴയ ലൈന്‍ തന്നെ!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.