'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, മാർച്ച് 07, 2012

ത്വാഗൂത്തിനെ വെടിയുക എന്നാല്‍ ?

കെ.സി അബ്ദുല്ല മൌലവി
മുജാഹിദ് ജമാഅത്ത് സംവാദത്തില്‍ സ്ഥാനം പിടിച്ച ഒരു സാങ്കേതിക പദമാണ് ത്വാഗൂത്ത്. ഈ പദം ഇവിടെ വിശദീകരിക്കുന്നത് ഒരു സംവാദ വിഷയം എന്ന നിലക്കല്ല. സകല പ്രവാചകന്‍മാരും ഒന്നാമത്തെ പ്രഖ്യാപനത്തില്‍ തന്നെ സമൂഹത്തോട് പറഞ്ഞ രണ്ടു കാര്യങ്ങളില്‍ ഒന്ന് ഈ വിഷയവുമായി ബന്ധപ്പെട്ടതാണ് എന്നതുകൊണ്ടാണ്. മുഴുവന്‍ പ്രവാചകന്‍മാരുടെയും സന്ദേശത്തിന്റെ സത്ത് ഈ രണ്ട് കാര്യങ്ങളിലാണ്. ഒന്ന്. അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക. രണ്ട് ത്വാഗൂത്തിനെ വെടിയുക. ത്വാഗൂത്തിനെ വെടിയുകയെന്ന് പറയുമ്പോള്‍ അതിനെ നിഷേധിച്ചുതള്ളുക എന്നുകൂടി ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ ഇസ്ലാമിന്റെ ആദര്‍ശവചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ എല്ലാ താല്‍പര്യങ്ങളും മേല്‍ പറയപ്പെട്ട രണ്ട് കാര്യങ്ങളിലും ഉള്‍പെട്ടിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാഹ് എന്നതിന്റെ കുറേകൂടി വിശദീകരണമാണ് അത് എന്നും പറയാം. അല്ലാഹുവിന് മാത്രമേ ഇബാദത്ത് ചെയ്യാവൂ എന്ന് പറയുന്നത്രയും പ്രധാനമാണ് ത്വാഗൂത്തിനെ വെടിയുക എന്നതും. രണ്ടും ഒപ്പം നടക്കേണ്ടതാണ്. രണ്ടും അഭിവാജ്യമാണ്.

ഇബാദത്തിന് ആരാധന എന്ന് അര്‍ഥം പറഞ്ഞ് ശീലിച്ച പോലെ ത്വാഗൂത്തിന് പിശാച് എന്നും മാത്രമേ അര്‍ഥം പറയൂ എന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഇബാദത്തിന്റെ എല്ലാ ഇനങ്ങളും ആരാധനയില്‍ ഒതുക്കാന്‍ പാടുപെടുന്നത് പോലെ ത്വാഗൂത്തുമായി പരാമര്‍ശിച്ചതൊക്കെ പിശാചായും പൈശാചികമായും വ്യാഖ്യാനിക്കുന്നു. ഇത്തരം ദുര്‍വ്യാഖ്യാനത്തിനൊക്കെ ഒരൊറ്റ കാരണമേ ഉള്ളൂ. ജമാഅത്തിനെ തോല്‍പിക്കുകക. ജമാഅത്ത് ജനങ്ങളുടെ മുന്നില്‍ സമര്‍പിക്കുന്നത് മൗദൂദിയുടെ സ്വന്തമെന്ന് വരുത്തിതീര്‍ക്കുക.

മുജാഹിദ് പണ്ഡിതനായിരുന്ന കെ..പി. മുഹമ്മദ് മൗലവിയാണ് ഈ വാദത്തിന് ചുക്കാന്‍ പിടിച്ചത്. സ്വാഭാവികമായും അതിനെ പിന്തുണക്കലാണ് തന്റെ ചുമതലയെന്ന് ധരിച്ച അബ്ദുല്‍ ഹമീദ് മദനിയും ത്വാഗൂത്ത് എന്നാല്‍ പിശാച് ആണ് എന്ന് സ്ഥാപിക്കാന്‍ വളരെയേറെ ഊര്‍ജം ചെലവാക്കിയിട്ടുണ്ട്. ഇതിന്റെ അര്‍ഥ കല്‍പനക്കനുസരിച്ച് ഇസ്ലാമിക അധ്യാപനം തന്നെ മനസ്സിലാക്കുന്ന വിഷയത്തില്‍ വ്യത്യസ്ഥ വീക്ഷണമായിരിക്കും എന്നതാണ് ഇത്തരം പദപ്രയോഗങ്ങളില്‍ അബദ്ധം സംഭവിച്ചാലുള്ള പ്രശ്‌നം. എന്തിന് ഇക്കാര്യത്തില്‍ ജമാഅത്തും മുജാഹിദും വാഗ്വാദം നടത്തണം എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതിന്റെ വിവക്ഷ എങ്ങനെയാണ് പൂര്‍വ പണ്ഡിതന്‍മാര്‍ വിശദീകരിക്കുന്നത് എന്ന് അന്വേഷിക്കുകയും അതില്‍ നിന്ന് മനസ്സിലാകുന്നത് സ്വീകരിക്കുകയും ചെയ്താല്‍ പോരെ.

ജമാഅത്ത ഇസ്ലാമിയോ മൌദൂദിയോ ത്വാഗൂത്ത് എന്ന പദത്തിന് പുതിയ ഒരു അര്‍ഥവും കണ്ടുപിടിച്ചിട്ടില്ല. എന്ന് പ്രമാണികരായ ഇസ്ലാമിക പണ്ഡിതരുടെ അഭിപ്രായം പഠിക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലാകും.

ഇമാം ഇബ്‌നു ജരീര്‍ അത്ത്വബ് രി ജാമിഉല്‍ ബയാനില്‍ പറഞ്ഞത് ഇങ്ങനെയാണ്: ത്വാഗൂത്തിന്റെ അര്‍ഥത്തില്‍ വ്യാഖ്യാതാക്കള്‍ വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞിരിക്കുന്നു. ചിലര്‍ പറഞ്ഞു പിശാച് എന്ന്. ഉമറുബ്‌നുല്‍ ഖത്താബ്, മുജാഹിദ്, ശഅബി, ളഹ്ഹക്ക്, ഖത്താദ, സുദ്ദി ഇവരെല്ലാം പിശാച് എന്നര്‍ഥം പറഞ്ഞവരാണ്. മറ്റു ചിലര്‍ പറഞ്ഞു ആഭിചാരകന്‍ എന്ന്. അബുല്‍ ആലിയാ, മുഹമ്മദ് എന്നിവരാണ് അത് പറഞ്ഞത്. വേറെ ചിലര്‍ പറഞ്ഞു ജോത്സ്യന്‍ എന്ന്. സഈദ്ബ്‌നു സുബൈര്‍ , റഫീഅ് ഇബ്‌നു ജുറൈജ്, ജാബിര്‍ എന്നിവരാണ് ഈ അഭിപ്രായക്കാര്‍ .

പിശാച്, ആഭിചാരകന്‍, ജ്യോത്സ്യന്‍ എന്നീ മൂന്ന് അഭിപ്രായങ്ങള്‍ അവയുടെ വക്താക്കളോടൊപ്പം വിവരിച്ചതിന് ശേഷം അദ്ദേഹം സ്വന്തം അഭിപ്രായം ഇങ്ങനെ രേഖപ്പെടുത്തി....

(അല്ലാഹുവിനെതിരെ അതിക്രമനയം കൈകൊള്ളുകയും അങ്ങനെ അല്ലാഹുവിനെ വിട്ടു ഇബാദത്ത് ചെയ്യപ്പെടുകയും ചെയ്യുന്ന സകലതുമാണ് ത്വാഗൂത്ത് എന്ന് പറയുന്നതാണ് എന്റെ അഭിപ്രായത്തില്‍ ശരി. ഇബാദത്ത് ചെയ്യപ്പെടുന്നത് ആ ത്വാഗൂത്തിന്റെ നിര്‍ബന്ധം കൊണ്ടാവട്ടേ, ഇബാദത്ത് ചെയ്യുന്നവന്റെ ഇഷ്ടത്തോടുകൂടിയാവട്ടെ, ഇബാദത്ത് ചെയ്യപ്പെടുന്ന വസ്തു മനുഷ്യനാകട്ടെ, പിശാചാകട്ടെ, വിഗ്രഹമകട്ടെ, ബിംബമാകട്ടെ, മറ്റെന്തെങ്കിലും ആയിക്കൊള്ളട്ടെ എല്ലാം ത്വാഗൂത്തുകള്‍ തന്നെ.)

ഇക്കാര്യത്തില്‍ എന്തിന് മുജാഹിദുകളെ ആക്ഷേപിക്കുന്നുവെന്ന്് ചോദിക്കാം. കാരണം ധാരാളം സഹാബികള്‍ പറഞ്ഞ അര്‍ഥമല്ലേ മുജാഹിദുകളും പറഞ്ഞുള്ളൂ എന്ന ചോദിക്കാം. എന്നാല്‍ നമ്മുക്ക് മനസ്സിലാകുന്നത്. ആ മഹാന്‍മാര്‍ പിശാച് എന്ന് പറഞ്ഞപ്പോള്‍ ഉദ്ദേശിച്ചിരുന്നത് മുജാഹിദുകള്‍ ഉദ്ദേശിച്ച പിശാചിനെ അല്ല എന്നതാണ്. ഇബ്‌നു കഥീറില്‍ മുജാഹിദ് എന്ന പണ്ഡിതനെ ഇങ്ങനെ ഉദ്ധരിക്കുന്നു. മുജാഹിദ് പറഞ്ഞു, പ്രശ്‌നങ്ങള്‍ക്ക് വിധിലഭിക്കാന്‍ ജനങ്ങള്‍ സമീപിക്കുന്ന, അവരുടെ കാര്യത്തെ നിയന്ത്രിക്കുന്ന മനുഷ്യരുപത്തിലുള്ള പിശാചാണ് താഗൂത്ത്

അതേ പ്രകാരം ജാബിര്‍ , ജ്യോത്സ്യന്‍ എന്ന് അര്‍ഥം പറഞ്ഞതായി ത്വബ് രി അഭിപ്രായപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ പരിശോധിക്കുമ്പോള്‍ നമ്മുക്ക് കുറേകൂടി വിശാലമായ ഒരു അര്‍ഥം ലഭിക്കുന്നുണ്ട്. അത് പിശാചിലേക്കും അതിലൂടെ പിശാചിന്റെ പ്രേരണ പ്രകാരം അല്ലാഹുവിന്റെ നിയമത്തില്‍നിന്ന് മനുഷ്യരെ തെറ്റിച്ച് മറ്റൊന്നിലേക്ക് നയിക്കുന്ന മനുഷ്യരുമൊക്കെ ആകുന്നു.

ഇബ്‌നു അബ്ബാസ് (റ) : 'ത്വാഗൂത്ത് എന്നാല്‍ വിഗ്രഹങ്ങളെ ചുറ്റിപ്പറ്റി നിലകൊള്ളുകയും ജനങ്ങളെ ദുര്‍മാര്‍ഗത്തിലകപ്പെടുത്താന്‍ ഈ വിഗ്രഹങ്ങളെ സംബന്ധിച്ച് കള്ളകഥകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യരാണ് ത്വാഗൂത്തുകള്‍ ' .

ഇനി ഹാഫിസ് ഇബ്‌നു കസീറിന്റെ അഭിപ്രായത്തില്‍ : 'ഈ സൂക്തം (4. 60)ഇപ്പറഞ്ഞെതിനേക്കാളെല്ലാം വിശാലമാണ്. കാരണം കിതാബില്‍നിന്നും സുന്നത്തില്‍നിന്നും തെറ്റി അത് രണ്ടുമല്ലാത്ത നിഷിദ്ധത്തിലേക്ക് വിധിയും തേടിപ്പൊകുന്ന എല്ലാവരെയും ഇത് കുറ്റപ്പെടുത്തുന്നു. അതാണിവിടെ താഗൂത്ത്'.

എ്ന്ന് വെച്ചാല്‍ ഖുര്‍ആനും സുന്നത്തും വിട്ട് തെറ്റായ വിധികള്‍ നല്‍കുന്നവരാണ് താഗൂത്ത് എന്നുപറയാന്‍ ഇമാം ഇബ്‌നു കസീര്‍ മടിച്ചില്ല. ജാബിറും, മുജാഹിദും പറഞ്ഞ ജ്യോത്സ്യനും പിശാചും ഒരു തരത്തില്‍ വിധികര്‍ത്താക്കളായ മനുഷ്യര്‍ തന്നെയായിരുന്നു.

ഖുര്‍ആനും സുന്നത്തും വിട്ട് അവയല്ലാത്തതുകൊണ്ട് വിധികല്‍പ്പിച്ച കഅ്ബ ബ്‌നു അശ്‌റഫിനെയാണ് താഗൂത്ത് കൊണ്ട് നിസാഇലെ 60 ാം സൂക്തത്തില്‍ പരാമര്‍ശിച്ചത് എന്ന് ഇമാം സമഖ്ശരിയും കശ്ശാഫില്‍ പറയുന്നു.

മേല്‍ പരാമര്‍ശിച്ചവയൊക്കെ വിശുദ്ധഖുര്‍ആനിലെ വിവിധ സൂക്തങ്ങളില്‍ പരാമര്‍ശിച്ച താഗൂത്ത് എന്ന പദത്തെ സന്ദര്‍ഭത്തില്‍ വെച്ച് വിശദീകരിച്ചതാവാം. പൊതുവായി ആ പദത്തെ വിശദീകരിക്കുമ്പോള്‍ ഇതിനെയെല്ലാം ഉള്‍കൊള്ളുന്ന ഒരു വിവക്ഷയാണ് പണ്ഡിതന്‍മാര്‍ നല്‍കികാണുന്നത്.

സയ്യിദ് റശീദ് രിദാ ത്വാഗൂത്തിനെ ഇങ്ങനെ വിശദീകരിക്കുന്നു: 'ഏതൊന്നില്‍ വിശ്വസിക്കലും അതിന് ഇബാദത്ത് ചെയ്യലും കടുത്ത വഴികേടിനും സത്യത്തില്‍നിന്ന് തെറ്റിപ്പോകുന്നതിനും കാരണമാകുന്നുവോ അതാണ് ത്വാഗൂത്ത്്. ഇബാദത്ത് ചെയ്യപ്പെടുന്നത് ഏതെങ്കിലും സൃഷ്ടിയോ അനുകരിക്കപ്പെടുന്ന നേതാവോ, പിന്തുടരപ്പെടുന്ന ദേഹേഛയോ ആയിക്കൊള്ളട്ടെ'.

അല്ലാമാ ഇബ്‌നു ഖയ്യിം കുറേകൂടി സമഗ്രമായ ഒരു വ്യാഖാനം നല്‍കുന്നു: 'അടിമയെന്ന തന്റെ സാക്ഷാല്‍ പരിധി വിട്ടുകടക്കുന്നവരെല്ലാം താഗൂത്താകുന്നു. അത് ആരാധന ചെയ്യപ്പെടുന്ന ആരാധ്യനാകട്ടെ, പിന്തുടരപ്പെടുന്ന നേതാവാകട്ടെ, അനുസരിക്കപ്പെടുന്ന യജമാനനാകട്ടെ. അപ്പോള്‍ ഏത് ജനതയുടെയെും ത്വാഗൂത്ത് അല്ലാഹുവിനെയും റസൂലിനെയും വിട്ട് അവര്‍ വിധിയും തേടി ചെല്ലുന്ന വിധികര്‍ത്താവ്, അല്ലെങ്കില്‍ അല്ലാഹുവിനെ കൂടാതെ ആരാധിക്കപ്പെടുന്ന ആരാധ്യന്‍, അതുമല്ലെങ്കില്‍ അല്ലാഹുവിങ്കള്‍ നിന്നുള്ള രേഖയൊന്നുമില്ലാതെ അവര്‍ പിന്‍പറ്റുന്ന നേതാവ്, അങ്ങനെയുമല്ലെങ്കില്‍ അല്ലാഹുവിനുള്ള അനുസരണമാണ് എന്ന് തെളിഞ്ഞിട്ടില്ലാത്തതിനാല്‍ അവര്‍ അനുസരിക്കുന്ന യജമാനന്‍, ഇതെല്ലാമാണ് ലോകത്തെ ത്വാഗൂത്തുകള്‍.  ഇവയെയും ഇവയോടുള്ള ജനങ്ങളുടെ സമീപനത്തെയും പറ്റി ശരിക്കുചിന്തിച്ചാല്‍ ജനങ്ങളധിക പേരും അല്ലാഹുവിനുള്ള ഇബാദത്തില്‍ നിന്ന് താഗൂത്തിനുള്ള ഇബാദത്തിലേക്കും അല്ലാഹുവിനുള്ള അനുസരണത്തിന് പകരം ത്വാഗൂത്തിനുള്ള അനുസരമത്തിലേക്കും തിരിഞ്ഞുകളഞ്ഞതായി നിനക്ക് കാണാന്‍ കഴിയുന്നതാണ്' (ഫത് ഹുല്‍ മജീദ്)

ത്വാഗൂത്തിന് ഇത്രയും വിപുലമായ അര്‍ഥമുള്ളതുകൊണ്ട് തന്നെയാണ് പ്രവാചകന്‍മാരുടെ പ്രഥമ പ്രഖ്യാപനം അല്ലാഹുവിന് ഇബാദത്ത് ചെയ്യുക, ത്വാഗൂത്തിനെ വെടിയുക എന്നതായി മാറിയത്. ഇബാദത്ത് അതിന്റെ വിപുലമായ അര്‍ഥത്തില്‍ പരിഗണിച്ചാല്‍ സ്വാഭാവികമായും ത്വഗൂത്ത് എന്നതിനെ 'പിശാചി'ല്‍ (അതിന്റെ അര്‍ഥം ത്വാഗൂത്തിന്റെ മേല്‍ പറയപ്പെട്ട അര്‍ഥങ്ങളൊക്കെ ചേര്‍ത്ത് വിപുലപ്പെടുത്തിയിട്ടില്ലെങ്കില്‍) ഒതുക്കാന്‍ കഴിയില്ല.

ചുരുക്കം: അല്ലാഹുവിന്റെ അടിമയെന്ന അവസ്ഥ അതിലംഘിച്ചു അല്ലാഹുവിനെതിരില്‍ അതിക്രമ നയം കൈക്കൊള്ളുകയും സ്വയം ദിവ്യത്വമോ യജമാനത്വമോ നടിച്ചു അതുനടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എല്ലാ സംഘടനകളും വ്യക്തികളും താഗൂത്ത് എന്ന വിവക്ഷയില്‍ പെടുന്നു.
(തുടരും)
(കെ.സി അബ്ദുല്ല മൌലവിയുടെ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തെ അവലംബിച്ച് തയ്യാറാക്കിയത്)

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK