'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, മാർച്ച് 12, 2013

ദീനും ദുന്യാവും വെല്‍ഫയര്‍ പാര്‍ട്ടിയും ?

രണ്ട് ദിവസം മുമ്പ് നാട്ടിലെ മുജാഹിദുകാരനായ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു: "ഇപ്പോള്‍ മുജാഹിദുകളില്‍ ഒരു വിഭാഗത്തിന്റെയും പരിപാടിക്ക് ഞാന്‍ പോകാറില്ല. എല്ലാം ഒന്ന് കലങ്ങിതെളിയട്ടേ എന്നിട്ട് നോക്കാം." മുജാഹിദുകളിലെ മടവൂര്‍ വിഭാഗമൊഴിച്ചുള്ള ആളുകള്‍ ഇപ്പോള്‍ വല്ലാത്ത ഒരു ആശയക്കുഴപ്പത്തിലാണ്. ഔദ്യോഗികമായി സംഘട ഒരു വഴിക്കും ഒട്ടനവധി ജനസ്വാധീനമുള്ള പ്രാസംഗികര്‍ മറ്റൊരു വഴിക്കും പോയിക്കൊണ്ടിരിക്കുന്നു. തങ്ങള്‍ ആരുടെ കൂടെ കൂടണം എന്ന അങ്കലാപ്പിലാണ് പ്രവര്‍ത്തകര്‍ .   നല്ല ഒരു വിഭാഗം, തങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തെ ആരുടെ സി.ഡികളില്‍നിന്നാണോ മനസ്സിലാക്കിയത് അവരുടെ കൂടെയാണ്. തല്‍കാലം അവര്‍ സംഘടനാ രൂപം സ്വീകരിച്ചിട്ടില്ലെങ്കിലും അധികകാലം ഇങ്ങനെ മുന്നോട്ടുപോകും എന്ന് തോന്നുന്നില്ല. ഐ.സ്.എം എന്ന് അവരും പ്രയോഗിച്ച് തുടങ്ങിയിരിക്കുന്നു. അങ്ങനെയാണ് പ്രോഫ്കോണ്‍ ഒന്ന് മലപ്പുറത്തും മറ്റൊന്ന് കോഴിക്കോടും വെച്ച് നടന്നത്. വിഭാഗീയത ഏറ്റവും പ്രകടമായത് ഈ സമ്മേളനങ്ങളിലൂടെയാണ്. ഇതിനിടയില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ച പോലെ അങ്ങോട്ടും ഇങ്ങോട്ടും ചായാതെ നില്‍ക്കുന്ന ഒരു വിഭാഗത്തെ ടാര്‍ജറ്റ് ചെയ്താണ് ശബാബ് ഇയ്യിടെ ജമാഅത്ത് വിമര്‍ശനപഠനങ്ങള്‍ നടത്തുന്നത് എന്ന് ഊഹിച്ചാല്‍ അത് തെറ്റാവുകയില്ല. മുജാഹിദ് നേതൃത്വം മൊത്തത്തില്‍ മതിപ്പു നഷ്ടപ്പെടുത്തുന്ന വിഭാഗീയതയില്‍ ഏര്‍പ്പെട്ടതുകൊണ്ട് തങ്ങളുടെ തന്നെ അണികളെ പിടിച്ചുനിര്‍ത്തുന്നതാനും ഉദ്ദേശിച്ചാകാം ഈ ലേഖനങ്ങള്‍ . മറ്റൊരു സാധ്യതയും ഈ ലേഖനങ്ങള്‍ക്ക് ഞാന്‍ കാണുന്നില്ല.

എം.എം മുഹമ്മദലി സുല്ലമിയാണ് ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുന്നത്. 2013 മാര്‍ച്ച് 08 ലക്കം 31 ല്‍ ദീനും ദുന്‍യാവും വെല്‍ഫയര്‍ പാര്‍ട്ടിയും എന്ന ലേഖനം വായിച്ചപ്പോള്‍ തോന്നിയ സംശയങ്ങളും പ്രതികരണവുമാണ് ഈ ബ്ലോഗ് പോസ്റ്റിന്റെ ഉള്ളടക്കം.

മനുഷ്യസൃഷ്ടിപ്പിന്റെ ലക്ഷ്യം അല്ലാഹുവിനു മാത്രമുള്ള ഇബാദത്താണ് എന്നത് ഒരു മുസ്ലിമിനും സംശയമില്ലാത്ത കാര്യമാണ്. ആ ലക്ഷ്യം യഥാവിധി മനസ്സിലാകണമെങ്കില്‍ ഇബാദത്ത് എന്നതിന്റെ വിവക്ഷ മനസ്സിലാക്കണം. അതിനര്‍ഥം ആരാധന എന്നാണെങ്കില്‍ ആരാധന എന്ന ചില ചടങ്ങുകള്‍ നിര്‍വഹിക്കലാണ് മനുഷ്യസൃഷ്ടിപ്പിന്റെ യഥാര്‍ഥ ലക്ഷ്യം എന്ന് വരും. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍നിന്നോ തിരുസുന്നത്തില്‍നിന്നോ ഇപ്രകാരം പരിമിതമായ ഒരു അര്‍ഥമല്ല ഇബാദത്തിനുള്ളത് എന്ന് പണ്ഡിതന്‍മാര്‍ നേരത്തെ മനസ്സിലാക്കിയതാണ്. നിരുപാധികമായ അനുസരണവും അടിമത്തവും ആരാധനയും ഉള്‍കൊള്ളുന്നതാണ് ഇബാദത്ത് എന്ന് ആദ്യമായി കണ്ടെത്തിയത് മൌദൂദിയും ജമാഅത്തെ ഇസ്ലാമിയും അല്ല. 

എന്നാല്‍ ശബാബ് ലേഖകന്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നത്, ഇസ്ലാമിക ഭരണകൂടമല്ലാത്തവയോട് സഹകരിക്കുന്നത് തൌഹീദിന്റെ താല്‍പര്യത്തിന് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് ജമാഅത്തെ ഇസ്ലാമി സാഹിത്യങ്ങളും മൌദൂദിയും ഇബാദത്തിന് അടിമവേല, അനുസരണം എന്നിങ്ങനെ അര്‍ഥങ്ങള്‍ വലിച്ചിഴച്ചുകൊണ്ടുവന്നത് എന്ന് വാദിച്ചുകൊണ്ടാണ്. അതിനദ്ദേഹം ഇവിടെ കെ.എം മൌലവിയെ കൂട്ടുപിടിക്കുന്നു. പിന്നീട് ഉദ്ധരിക്കുന്നത് പഴയ അല്‍മനാറില്‍നിന്നാണ്. ജമാഅത്ത് ഊന്നുന്ന കാര്യങ്ങളില്‍നിന്ന് ഭിന്നമായി ജമാഅത്തിനെ തെറ്റായി പ്രചരിപ്പിക്കാനാണ് അതില്‍ കാര്യമായി ശ്രമിക്കുന്നത്. ജമാഅത്തിനെ തങ്ങള്‍ നേരത്തെ വിമര്‍ശിച്ചതെടുത്ത് വീണ്ടും നല്‍കുന്നത് വിമര്‍ശനത്തിന്റെ പുതിയ രീതിയായിരിക്കും.

 ഒരു മതേതര ഗവണ്‍മെന്റിന് കീഴില്‍ ജീവിക്കുന്ന മുസ്ലിംകളുടെ നിലപാട് എന്തായിരിക്കണം എന്ന് കെ.എം മൌലവി വിശദീകരിക്കുന്നത് കാണുക. ``ഇനി നമ്മെപ്പോലെ ഒരു മതേതര ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം എവിടെയായിരുന്നാലും അവരുടെ ഇടയില്‍ ഇസ്‌ലാമിക ജീവിതത്തെ അവര്‍ പാലിക്കണം. അതോടൊപ്പം തന്നെ രാജ്യത്ത്‌ പൊതുവെ നീതിയും സമാധാനവും പാലിക്കേണ്ടതും അവരുടെ കടമയാണ്‌. അതുകൊണ്ട്‌ നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍ അസംബ്ലിയിലും മറ്റും സ്ഥാനങ്ങള്‍ സ്വീകരിക്കേണ്ടതും ഉദ്യോഗങ്ങള്‍ വഹിക്കേണ്ടതുമാണ്‌. അങ്ങനെ ചെയ്യുന്നതുകൊണ്ട്‌ കുറേയെങ്കിലും അക്രമങ്ങളും അനീതികളും തടയാനും ഇസ്‌ലാമിക താല്‌പര്യങ്ങളെയും സമുദായത്തിനുള്ള രാഷ്‌ട്രീയാവകാശങ്ങളെയും സംരക്ഷിക്കാനും സാധിക്കുമെന്നുള്ളത്‌ ഒരു പരമാര്‍ഥം മാത്രമാണ്‌. തന്മൂലം, ഈ ഉദ്ദേശ്യാര്‍ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍ സ്ഥാനവും സ്വീകരിക്കുന്നതു കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി `രണ്ടുപദ്രവങ്ങളില്‍ നിന്ന്‌ ലഘുവായത്‌ സ്വീകരിക്കുക' എന്ന തത്വമനുസരിച്ചു ചിലപ്പോള്‍ അനുവദനീയവും മറ്റു ചിലപ്പോള്‍ നിര്‍ബന്ധവുമായിത്തീരുന്നതാണ്‌. കാരണം മുസ്‌ലിംകളില്‍ പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം ഒഴിഞ്ഞുമാറിനില്‌ക്കുന്ന പക്ഷം നാട്ടില്‍ പൊതുവെ അനീതിയും അക്രമപരമായ നിയമങ്ങള്‍ മൂലം മുസ്‌ലിംകള്‍ക്കു തന്നെ കൂടുതല്‍ ദ്രോഹങ്ങളും അനുഭവിക്കേണ്ടതായി വരുന്നതാണ്‌.'' (അല്‍മനാര്‍, പുസ്‌തകം 4, ലക്കം 7)

ഈ പറഞ്ഞ കാര്യങ്ങളോട് ജമാഅത്തെ ഇസ്ലാമി എന്നെങ്കിലും വിയോജിച്ചിരുന്നുവെന്ന് ഞാന്‍ ഇതുവരെ മനസ്സിലാക്കിയിട്ടില്ല. ഒരു മുസ്ലിമിന് രാഷ്ട്രീയത്തിലും ഇസ്ലാമിന്റെതായ വ്യക്തമായ ഒരു കാഴ്ചപ്പാടുണ്ട് എന്നും സാഹചര്യം മനസ്സിലാക്കി. ചിലപ്പോള്‍ അനുവദനീയവും മറ്റുചിലപ്പോള്‍ നിര്‍ബന്ധവും ആയിത്തീരുമെന്നും കെ.എം മൌലവി പറയുന്നു. സത്യത്തില്‍ ഇതു അതിന്റെ ശരിയായ വിധത്തില്‍ വെള്ളം ചേര്‍ക്കാതെ നടപ്പാക്കുകയല്ലേ ജമാഅത്തെ ഇസ്ലാമി ചെയ്തത്. ഇസ്ലാമിന് പ്രത്യേകമായി രാഷ്ട്രീയത്തില്‍ ഒരു ഇടം തന്നെയില്ല എന്നോ ഉണ്ടെങ്കില്‍ തന്നെ അത് ഇപ്പോള്‍ പ്രയോഗത്തില്‍ വരുത്തേണ്ടതല്ല എന്നോ ചിന്തിച്ച ഒരു കാലഘട്ടത്തില്‍ അത് ഊന്നിപ്പറയുകയും ഇതര രാഷ്ട്രീയ വ്യവസ്ഥകളോട് ഇസ്ലാമിന്റെ ഭൂമികയില്‍നിന്ന് എത്രത്തോളം സഹകരണമാകാം എന്നും ഊന്നിപ്പറയുകയാണ് ജമാഅത്ത് ചെയ്തത്. വോട്ടെടുപ്പില്‍നിന്ന് ആദ്യകാലത്ത് വിട്ടുനിന്നതും പിന്നീട് വോട്ട് ചെയ്തതും രണ്ടുപദ്രവങ്ങളില്‍നിന്ന് ലഘുവായത് സ്വീകരിക്കുക എന്ന തത്വമനുസരിച്ചോ രണ്ടുപകാരങ്ങളില്‍ കൂടുതല്‍ ഉപകാരമുള്ളത് സ്വീകരിക്കുക എന്ന തത്വമനുസരിച്ചോ ആയിരുന്നു. (അത് വേര്‍ത്തിരിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തുന്നില്ല) ഏത് സ്വീകരിച്ചാലും അത് ഇസ്ലാമിന്റെ ഉള്ളില്‍നിന്നുള്ള ഒരു ഇടപെടലായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കെ.എം മൌലവിയുടെ കാലത്തോ പിന്നീടോ ഈ രൂപത്തിലാണോ മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയത്തില്‍ ഇടപെട്ടത് എന്ന് ചിന്തിക്കാവുന്നതാണ്.

സത്യത്തില്‍ മുജാഹിദുകള്‍ ചെയ്തത് മറ്റെല്ലാവരെയും പോലെ തന്നെ തങ്ങളുടെ ഭൌതിക താല്‍പര്യം ലക്ഷ്യംവെച്ച് നിലവിലെ ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. അക്കാര്യത്തില്‍ മുജാഹിദ് പ്രസ്ഥാനം അണികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാനോ നിയന്ത്രിക്കാനോ ശ്രമിച്ചതായി കാണുന്നില്ല. അങ്ങനെ ഉണ്ടെങ്കില്‍ മുജാഹിദുകള്‍ പറയട്ടേ. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമി നിലവിലെ സാഹചര്യം വിലയിരുത്തുകയും ഇന്ത്യന്‍ നിവാസികളുടെ താല്‍പര്യം മുന്‍നിര്‍ത്തി കാലാകാലങ്ങളില്‍ ഇസ്ലാമികമായി ചിന്തിച്ച് തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ രാഷ്ട്രീയത്തിലും നല്‍കിവരികയായിരുന്നു. സ്വഭാവികമായും അക്കാരണത്താല്‍ തന്നെ മുജാഹിദുകളെ പോലെ എന്നും ഒറൊറ്റ നിലപാട് എന്ന അവസ്ഥ ജമാഅത്ത് തീരുമാനങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. ഇതിനെയാണ് ഇന്ന് മുജാഹിദുകള്‍ കളിയാക്കുന്നത്. മുസ്ലിംകളില്‍ സകല നവോത്ഥാനവും ഉണ്ടായത് തങ്ങളുടെ ഈ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ് എന്നും ജമാഅത്ത് പറയുന്നത് കേട്ടിരുന്നെങ്കില്‍ മുസ്ലികള്‍ ഇരുട്ടില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും കരകേറില്ലായിരുന്നുവെന്നും ലേഖകന്‍ തട്ടിവിടുന്നു.

ജമാഅത്ത് ചരിത്രത്തെ ഇരുണ്ട വര്‍ഷങ്ങള്‍ എന്ന് പ്രത്യേകമായി തന്നെ ലേഖകന്‍ വേര്‍ത്തിരിക്കുന്നുണ്ട്. അത് ഹാജി സാഹിബ് ജമാഅത്തിനെ നയിച്ച ഘട്ടമാണത്രേ. അക്കാലത്ത് ഹസനുല്‍ ബന്നയുടെ മിതവാദത്തെ തള്ളി സയ്യിദ് ഖുതുബിന്റെയും സയ്യിദ് മൌദൂദിയുടെയും തീവ്ര ചിന്തകള്‍ക്ക് പ്രമുഖ്യം നല്‍കി എന്ന ഒരു കള്ളാരോപണവും ഇവിടെ ഉന്നയിച്ചിട്ടുണ്ട്. ശബാബ് വീക്കിലി ഇയ്യിടെയായി കാര്യമായി ശ്രമിക്കുന്ന ഒന്നാണ് ഈ വിഭാഗീയതാ ആരോപണം. യൂസുഫുല്‍ ഖര്‍ദാവിയുടെ ഹസനുല്‍ ഹുദൈബിയുടെയോ വിമര്‍ശനങ്ങളെ കേള്‍ക്കാന്‍ സന്നദ്ധമായില്ല എന്നും പറയുന്നു. അത് കേട്ടാല്‍ തോന്നും ഇവരൊക്കെ മുജാഹിദ് പ്രസ്ഥാനത്തിന്റെ അമരക്കാരാണ് എന്ന്. എന്നും എല്ലാ കാര്യത്തിലും യുസുഫുല്‍ ഖര്‍ദാവി അടക്കമുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് ചെവികൊടുത്തുകൊണ്ട് തന്നെയാണ് ഇസ്ലാമിക പ്രസ്ഥാനം മുന്നോട്ട് പോകുന്നത് എന്ന് ഇവരുടെ ആളുകള്‍ക്ക് അറിയില്ല എന്നതാണ് ഇപ്രകാരം പറയാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്.

1960 കളോട് അടുത്തപ്പോള്‍ ജമാഅത്തെ ഇസ്ലാമി തങ്ങളുടെ ആശയത്തില്‍ മാറ്റം വരുത്താന്‍ തുടങ്ങിയത്രേ. ആദ്യം കലാലയങ്ങളെ ഉപയോഗപ്പെടുത്താമെന്നായി, പിന്നീട് ഉദ്യോഗമണ്ഡലങ്ങളില്‍ കയറിപ്പറ്റാമെന്നായി എഴുപതായപ്പോഴേക്ക് തെരഞ്ഞെടുപ്പ് ഗോദയിലും സജീവമായി (തെരഞ്ഞെടുപ്പ് ഗോദയില്‍ താഗുത്തിന് പകരം തൌഹീദിനെ കണ്ടുപിടിക്കാന്‍ സാധിച്ചുവെന്നതാമ് ശബാബ് പരിഹാസം) എന്നും ലേഖകന്‍ സമ്മതിക്കുന്നു.

ഇവിടെ നാം ഒരു കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. ജമാഅത്തെ ഇസ്ലാമിയും മുജാഹിദും തമ്മില്‍ ഇപ്പോഴുള്ള അഭിപ്രായ ഭിന്നത ആശയതലത്തിലോ പ്രയോഗിക തലത്തിലോ. ഇതിനെക്കുറിച്ച് മുജാഹിദ് പ്രസ്ഥാനം എന്നെങ്കിലും പഠിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ?. ഈ ലേഖനം വായിച്ചാലും അതില്‍ ഒരു ഉത്തരം ലഭിക്കുന്നില്ല. പ്രയോഗിക രംഗത്ത് ജമാഅത്തെ ഇസ്ലാമിയുമായി മുജാഹിദ് പ്രസ്ഥാനത്തിനുള്ള അന്തരം നേര്‍ത്ത് വന്നുവെന്ന് അവര്‍ അംഗീകരിക്കുന്നു. ആശയ തലത്തില്‍ വല്ല അന്തരവും നിലനില്‍ക്കുന്നുണ്ടോ ?. ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തെ ദീനിന്റെ ഒരു ഭാഗമായി കണ്ട് നിലപാട് സ്വീകരിക്കുമ്പോള്‍ മുജാഹിദ് പ്രസ്ഥാനം അങ്ങനെ ചെയ്യുന്നില്ല എന്നതാണ് അവര്‍ക്കിടയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയുടെ മര്‍മം. എന്നാല്‍ അതൊരിക്കലും മുജാഹിദുകള്‍ ചര്‍ചയാക്കുന്നില്ല. മറിച്ച് പ്രയോഗത്തിലെ സാമ്യത ചൂണ്ടിക്കാട്ടി ഇപ്പോള്‍ ഞങ്ങളുടെ നിലപാടിലേക്ക് നിങ്ങളുമെത്തി എന്ന് പറയാനാണ് ശബാബ് വീക്കിലിയിലും ഇതര മുജഹാദിതുകളുടെ മാസികകളിലും മുജാഹിദുകള്‍ ചെയ്തുകൊണ്ടിക്കുന്നത്.

വളരെ പ്രാധ്യാന്യപൂര്‍വം എല്ലാവര്‍ക്കും കാണാന്‍ കഴിയുന്ന വിധം റൈറ്റപ്പായി നല്‍കിയ ഒരു ഖണ്ഡിക ഇതാണ്. (((
ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്‌ത്യാനികളും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ഇസ്‌ലാം നശിക്കുമെന്ന്‌ കോണ്‍ഗ്രസ്സിനെതിരെ പ്രോപഗണ്ട നടത്തിയ സയ്യിദ്‌ മൗദൂദിയുടെ അനുയായികളെന്ന്‌ വാദിക്കുന്നവര്‍ ഇന്ന്‌ അതേ വേദി തന്നെ പങ്കിടുന്നു. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ ഇന്‍ര്‍നെറ്റ്‌ കോളം പരിശോധിച്ചാല്‍ അത്‌ മൗദൂദിയെയും ഹാജി സാഹിബിനെയുമെല്ലാം നോക്കി `പറ്റിച്ചേ' എന്നു വിളിച്ചുപറയുന്നതായി തോന്നിപ്പോകും.)))

ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഇസ്ലാം നശിക്കുമെന്ന് എന്നെങ്കിലും കോണ്‍ഗ്രസിനെതിരെ ജമാഅത്തുകാര്‍ പ്രോപഗണ്ട നടത്തിയിട്ടുണ്ടോ ?. ഉണ്ടെങ്കില്‍ അതൊന്ന് കാണിച്ചുതരണം. ഇല്ലെങ്കില്‍ അല്ലാഹുവിനെ ഓര്‍ത്ത് ഈ ഗുരുതരമായ ആരോപണം പിന്‍വലിക്കണം. ലീഗിനോടും മാര്‍കിസ്റ്റ് പാര്‍ട്ടിയോടും കോണ്‍ഗ്രസിനോടും ജമാഅത്തെ ഇസ്ലാമിക്ക് വല്ല വിയോജിപ്പും ഉണ്ടെങ്കില്‍ അത് ഇസ്ലാമിന്റെ അടിസ്ഥാനത്തില്‍ നിന്നുകൊണ്ടാണ്. നിങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ അങ്ങനെ ഒരു അടിസ്ഥാനം ഇല്ലാത്തതുകൊണ്ടാണ് വിയോജിപ്പില്ലാതിരിക്കുന്നതും.

സാഹചര്യവും നന്മതിന്മകളും നോക്കി രാഷ്ട്രീയത്തില്‍ ഒരു നിലപാട് രൂപീകരിക്കണം എന്ന് സൂചിപ്പിച്ചത് കെ.എം മൌലവി തന്നെയാണല്ലോ ആ അടിസ്ഥാത്തില്‍ ചിന്തിക്കുമ്പോള്‍ ഹാജിസാഹിബിനെ നോക്കി പറ്റിച്ചേ എന്ന് വിളിച്ചുപറയുന്നതായി തോന്നുകയില്ല. പക്ഷെ നിങ്ങളുടെ ഇക്കാര്യത്തില അടിസ്ഥാനം കേവലം ജാഹിലിയത്ത് മാത്രമായതുകൊണ്ടാണ് ഇത്തരം തോന്നലുകളുണ്ടാവുന്നത്.

ജമാഅത്തെ ഇസ്ലാമി ഇതുവരെ കോണ്‍ഗ്രസിനും, ലീഗിനും, മാര്‍കിസ്റ്റ് പാര്‍ട്ടിക്കും വോട്ട് ചെയ്തിട്ടുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ താല്‍കാലികമായി വികസന മുന്നണി എന്ന പാര്‍ട്ടിയുടെ കീഴില്‍ മത്സരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒരു ബഹുജന രാഷ്ട്രീയ പാര്‍ട്ടിയുടെ രൂപീകരണത്തിന് മുന്‍കൈ എടുത്തിട്ടുണ്ട്. അതാണ് വെല്‍ഫയര്‍ പാര്‍ട്ടി. അതിന്റെ ലക്ഷ്യങ്ങള്‍ അത് തുറന്ന് പ്രഖ്യാപിച്ചത് തന്നെയാണ്. അതിന്റെയും ജമാഅത്തിന്റെയും ലക്ഷ്യങ്ങള്‍ വേറെ തന്നെയാണ് എന്ന് ജമാഅത്ത് നേതൃത്വവും വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതാക്കളും പ്രത്യേകം പറഞ്ഞിട്ടുള്ളത് തന്നെയാണ്. വെല്‍ഫയര്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തോട് യോജിക്കുന്നവര്‍ക്ക് അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഇവിടെ ഒരു ചോദ്യം പ്രസക്തമാകുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മുജാഹിദുകള്‍ക്ക് വെല്‍ഫയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ വല്ല പ്രശ്നവും ഉണ്ടോ ?.

വെല്‍ഫയര്‍ പാര്‍ട്ടിയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ അടിസ്ഥാനം ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ ദര്‍ശനം തന്നെയാണ്. എന്നാല്‍ മുജാഹിദുകള്‍ക്കോ ?. നിലപാടില്ലായ്മയെ ഏറ്റവും വലിയ നിലപാടായി അഭിനയിക്കുകയാണിവിടെ മുജാഹിദുകള്‍ . വലിയ ആശ്വാസ വാക്കുകളോടെയും പ്രാര്‍ഥനയോടെയുമാണ് ലേഖകന്‍ അവസാനിപ്പിക്കുന്നത്. അത് വായിക്കുമ്പോള്‍ മുജാഹിദുകളുടെയും ജമാഅത്തിന്റെയും രാഷ്ട്രീയ വീക്ഷണങ്ങളുടെ അന്തരം അറിയുന്നവര്‍ക്ക് ചിരിവരാതിരിക്കില്ല. ലേഖകന്‍ ഉദ്ബോധിപ്പിക്കുന്നത് കാണുക.
"ജമാഅത്തിലെ പുരോഗമനവാദികള്‍ ക്ഷമിക്കുക. കേരളത്തിലെ ജമാഅത്തേതര മുസ്‌ലിം സംഘടനകള്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ കണ്ടെത്തിയ ഭൗതിക രംഗത്തെ നവോത്ഥാന പാതയിലേക്ക്‌ നിങ്ങളുടെ സംഘടനയെ നയിക്കുന്നതില്‍ ഒരളവോളം നിങ്ങള്‍ വിജയിച്ചിരിക്കുന്നു. സയ്യിദ്‌ മൗദൂദിയുടെയും സയ്യിദ്‌ ഖുത്തുബിന്റെയുമൊക്കെ വിതണ്ഡവാദങ്ങളില്‍ നിന്ന്‌ സംഘടന മോചിതമായിക്കൊണ്ടിരിക്കുന്നു. ധാര്‍മികസീമകളെ അതിലംഘിക്കാതെ നവോത്ഥാന പാതയിലേക്ക്‌ സംഘടനയെ നയിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമാറാകട്ടെ. വര്‍ധിച്ചുവരുന്ന അന്ധവിശ്വാസങ്ങളെയും ശിര്‍ക്ക്‌ ബിദ്‌അത്തുകളെയും അധാര്‍മിക പ്രവര്‍ത്തനങ്ങളെയും തടയിടാനുള്ള പോരാട്ടത്തില്‍ അണിചേരുക. അതിലൂടെയായിരിക്കും ഐഹിക-പാരത്രിക സൗഭാഗ്യങ്ങള്‍ കൈവരിക്കുന്ന നവോത്ഥാനം സാക്ഷാല്‍കൃതമാവുക."

ഇത്രയും നല്ല ഒരു പ്രാര്‍ഥന ഈ പ്രസ്ഥാനത്തിന് നല്‍കുന്നയാളുടെ ആത്മാര്‍ഥത സംശയിക്കുന്നത് നല്ലതല്ല. ഒരളവോളം വിജയിച്ചിരിക്കുന്നുവെന്നാണ് ഇവിടെ ആശ്വസിക്കുന്നത്. മുഴുവനായി വിജയിക്കാന്‍ എന്ത് വേണം എന്നുകൂടി പറയാമായിരുന്നു. ജമാഅത്തെ ഇസ്ലാമിക്കാര്‍ മുജാഹിദുകാരും സുന്നികളും ചെയ്യുന്നത് പോലെ കമ്മ്യൂണിസ്റ്റ് - ലീഗ് - കോണ്‍ഗ്രസ് പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകര്‍ കൂടിയായിമാറിയാല്‍ മതിയോ ?.  അതോ ജമാഅത്തുകാരല്ലാം വെല്‍ഫയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നാലും വിജയം പൂര്‍ത്തിയാകുമോ ?.

13 അഭിപ്രായ(ങ്ങള്‍):

Usaid kadannamanna പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Usaid kadannamanna പറഞ്ഞു...

ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും ഒന്നിച്ചുപ്രവര്‍ത്തിച്ചാല്‍ ഇസ്ലാം നശിക്കുമെന്ന് എന്നെങ്കിലും കോണ്‍ഗ്രസിനെതിരെ ജമാഅത്തുകാര്‍ പ്രോപഗണ്ട നടത്തിയിട്ടുണ്ടോ ?. ഉണ്ടെങ്കില്‍ അതൊന്ന് കാണിച്ചുതരണം. ഇല്ലെങ്കില്‍ അല്ലാഹുവിനെ ഓര്‍ത്ത് ഈ ഗുരുതരമായ ആരോപണം പിന്‍വലിക്കണം.

സാക്ഷി പറഞ്ഞു...

ചില സംശയങ്ങള്‍ക്ക് മുജാഹിദ് സുഹൃത്തുക്കളില്‍ നിന്ന് ഉത്തരം കിട്ടുമെന്ന്
പ്രതീക്ഷിക്കുന്നു !
1)ആരാധന എന്നത് ദൈവത്തിനുള്ള ജീവിത സമര്‌പ്പണമൊ... അതോ കേവല അനുഷ്ടാനങ്ങളോ ?
2)അനുഷ്ടാനങ്ങള്‍ എന്നാണെങ്കില്‍ وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ
എന്നതിന് അനുഷ്ടാനങ്ങള്‍ ചെയ്യാനല്ലാതെ മനുഷ്യനെയും ജിന്നുകളെയും
സൃഷ്ടിച്ചിട്ടില്ല എന്നാണോ അര്‍ത്ഥം ?
3)രാഷ്ട്രീയം ഇസ്ലാമിന്റെ ഭാഗമെങ്കില്‍ അത് കോണ്‍ഗ്രസ്‌ രാഷ്ട്രീയമോ , ലീഗ്
രാഷ്ട്രീയമോ ,മാര്‍ക്സിസ്റ്റ്‌ രാഷ്ടീയമോ?
4)ദീന്‍ ദുനിയാവില്‍ നടപ്പാക്കാനുള്ള ജീവിത വ്യവസ്ഥയോ,അതല്ലാ
കേവലം മരണ പദ്ധതിയോ?
5)ദീന്‍ പൂര്‍ണമോ ,അപൂര്‍ണമോ ?
6) ലക്‌ഷ്യം ,നയം,മാര്‍ഗ്ഗം എന്നിവയുടെ വ്യത്യാസം എന്ത്?

Muhammed Ali പറഞ്ഞു...

സാഹചര്യവും നന്മതിന്മകളും നോക്കി രാഷ്ട്രീയത്തില്‍ ഒരു നിലപാട് രൂപീകരിക്കണം എന്ന് സൂചിപ്പിച്ചത് കെ.എം മൌലവി തന്നെയാണല്ലോ ആ അടിസ്ഥാത്തില്‍ ചിന്തിക്കുമ്പോള്‍ ഹാജിസാഹിബിനെ നോക്കി പറ്റിച്ചേ എന്ന് വിളിച്ചുപറയുന്നതായി തോന്നുകയില്ല. പക്ഷെ നിങ്ങളുടെ ഇക്കാര്യത്തില അടിസ്ഥാനം കേവലം ജാഹിലിയത്ത് മാത്രമായതുകൊണ്ടാണ് ഇത്തരം തോന്നലുകളുണ്ടാവുന്നത് >>>>>>> നല്ല ഒരു മറുപടി, പക്ഷെ മുകളില്‍ പറഞ്ഞത് കുറച്ചു കല്ലുകടിയായില്ലേ എന്നൊരു സംശയം, വായനയുടെ സുഖം പോയി ഒഴിവാക്കാമായിരുന്നു !

Mohamed പറഞ്ഞു...

നവോദ്ധാനത്തിന്റെ ഒരു ഘട്ടത്തിൽ തങ്ങൾ മുന്നേറിയതിനെക്കാൾ വളരെക്കൂടുതൽ നേരായ പാതയിലേക്ക് ജമാ‌അത്ത് മുന്നേറിക്കഴിഞ്ഞല്ലോ എന്ന അസൂയയും കുശുമ്പും മൂത്ത് പൊട്ടിത്തെറിച്ചപ്പോഴാണ് ലോകത്തിൽ മുസ്‌ലിം സമൂഹം ഒരിക്കലും അംഗീകരിക്കാത്ത തൌഹീദ് വക്രീകരണവുമായി മുജാഹിദുകൾ പോർക്കളത്തിലിറങ്ങിയത്. ആ വക്രീകരണങ്ങൾക്ക് മുജാഹിദുകൾ ഏറ്റവും കൂടുതൽ അവലംബിച്ച തന്ത്രം ഭീമമായ നുണകൾ പടച്ചു വിടുക എന്നതായിരുന്നു. ആ കുതന്ത്രത്തിന്റെ ശിക്‌ഷയാണ് ഇന്ന് ആ ആൾകൂട്ടം അനുഭവിച്ചുകൊണ്ടിരിക്കുന്ന ആശയക്കുഴപ്പവും തമ്മിലടിയും. പക്ഷേ ഒരുപാഠവും മുജാഹിദുകൾ പഠിക്കുന്നില്ല. ഇപ്പോഴും ഓരോ ലേഖനത്തിലും ഓരോ പ്രസംഗത്തിലും പച്ചക്കള്ളങ്ങൾ പടച്ചുവിട്ടുകൊണ്ടേ ഇരിക്കുന്നു അവർ. ഈ ശബാബ് ലേഖനവും അതുതന്നെ ചെയ്യുന്നു.

Kamar പറഞ്ഞു...

സയ്യിദ്‌ ഖുത്ബിനോടുള്ള നിലപാടില്‍ കേരള മുജാഹിദ്‌ നേതാക്കള്‍ക്ക് പല നിലപാടുകളാണ്. ഉദാഹരണമായി അമാനി മൌലവി, കെ.എം മൌലവി തുടങ്ങിയവര്‍ അവരുടെ അവസാനം വരെ സയ്യിദ്‌ ഖുതുബിനെ വളരെ നന്നായി കേരളക്കരയില്‍ പരിച്ചപ്പെടുത്തി.

എന്നാല്‍ ആധുനിക കാലഘട്ടത്തിലെ മുജാഹിദ്‌ നേതാകള്‍ക്ക് ഖുത്ബ വിതണ്ടവാദക്കരനായത് എങ്ങിനെ എന്ന് മനസിലാകുന്നില്ല.

Unknown പറഞ്ഞു...

ente priya ppetta SAAKSHI...Niingalkkokke samaanyam budhi illathayi poyallooo....
Ibadathinte artham ennu parayumpol athukond enthanu udheshikkunnathennu.....Ath kevalam chila anushtanangal alla...Marich Sakala pravarthanagalum athinte paridhiyil varum...
Oru eg parayam...Ibadathinu "kazcha" "nottam" ennu artham undo??Illallo...Pakshe oru manushyante kazchyum nottavum ibadath aakille?aakum...Pakshe ennu karuthi athinu nottam enna arthavum und ennu parayukayum ella nottavum ibadathanu ennum so allahu ishtappedathathu nokkiyal ibadathinte opposite shirk aakum ennu paranju nadannal enthayirikkum avastha...Athupole alle ningalude vadam...Anusaranam ibadath aakum...theerchayaayum..but ibadathinu anusaranam enna artham direct apply cheyth ella anusaranavum ibadath aanennum so indian constitution ne anusarikkunnath shirk aanennum anu ningalude vadam...Ippo nirbanditha maaaya oru avastha ondu maathram govmnt ne anusarikkunnu adava nibandithamaayi mathram shirk cheyyunnu ennanu jamath vadam...Aadyam swantham vaadam enthaaanu ennu nannayi manassilakkuka...Jamathu kaarante ee vaadam avarkku polum ariyilla..atha avastha....
learn islam in a way which Rasool[s] ,sahabath ,thabiee and salafs showedand practiced.....

CKLatheef പറഞ്ഞു...

മുജാഹിദ് സുഹൃത്തുക്കള്‍ തിരിഞ്ഞു നോക്കുന്നുപോലുമില്ലല്ലോ ?. ഒരു ഗുണവുമില്ലാതെ ശബാബിലെ വിലപ്പെട്ട അഞ്ചോളം പേജുകളാണ് ജമാഅത്തെ ഇസ്ലാമിയെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി പതിവായി നീക്കിവെക്കുന്നത്. 10,000 കോപി ശബാബ് വീകിലി വിറ്റ് പോകുന്നുണ്ടെന്ന് കരുതുക 50,000 പേജുകളിലാണ് ഈ വിതണ്ടവാദങ്ങള്‍ ഒരോ ആഴ്ചയും അച്ചടിച്ച് വെക്കുന്നത്. അത്രയും സ്ഥലത്ത് ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന ഏതെങ്കിലും ലേഖനങ്ങളോ ബിദ്അത്തുകളെ തുറന്നുകാട്ടുന്നതിനോ പ്രയോജനപ്പെടുത്തുന്നുവെങ്കില്‍ അതൊരു സല്‍കര്‍മമായേനെ...


ഓര്‍ക്കുക തികഞ്ഞ സങ്കുചിത്വവും അന്ധമായ വിമര്‍ശനങ്ങളുമാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ ശൈഥില്യത്തിന് കാരണമായത്. മടവൂര്‍ വിഭാഗം അതേ വഴിയിലൂടെ സഞ്ചരിക്കാനാണ് ഭാവമെങ്കില്‍ നിങ്ങള്‍ മാത്രം ശൈഥില്യമെന്ന ശിക്ഷയില്‍നിന്ന് രക്ഷപ്പെടുമെന്ന് കരുതരുത്.

CKLatheef പറഞ്ഞു...

അങ്ങനെ ഒരു മുജാഹിദുകാരനെങ്കിലും ഈ പോസ്റ്റില്‍ പ്രതികരിച്ചു. നന്ദി. അതില്‍നിന്ന് തന്നെ ഒരു മുജാഹിദുകാരന്‍ എത്രമാത്രം ഇബാദത്തിന്റെ കാര്യത്തില്‍ തെറ്റിദ്ധാരണയിലാണ് എന്ന് മനസ്സിലാക്കാം.. സാക്ഷിയുടെ കമന്റിനാണ് ജിയാസ് ആ പ്രതികരിച്ചത്. എന്നാല്‍ അതില്‍ ഒരു ചോദ്യത്തിന് പോലും ശരിക്ക് ഉത്തരം പറഞ്ഞോ ?. ഇതാണ് മുജാഹിദ് ദൌര്‍ബല്യം.. ഈ കള്ളിവെളിച്ചത്താകും എന്ന് കരുതിയാണ് ഇവിടെയുള്ള മുജാഹിദുകള്‍ പ്രതികരണമറിയിക്കാതെ വഴിമാറി പോകുന്നത്.

CKLatheef പറഞ്ഞു...

ഇബാദത്തിന്റെ ഒരു ഭാഗം തന്നെയാണ് ആരാധനയും ആ നിലക്ക് അദ്ദേഹം പറഞ്ഞതൊക്കെ ഇബാദത്തിന് ആരാധന എന്നര്‍ഥം പറയുന്നവര്‍ക്കും ശരിയാവേണ്ടതാണ്. ഇബാദത്ത് എന്ന അറബി വാക്കിന്റെ പര്യായം എന്ന നിലക്കല്ല അനുസരണവും അടിമത്തവും ഉപയോഗിക്കുന്നത് മറിച്ച് അല്ലാഹുവിനുള്ള ഇബാദത്ത് അനുസരണവും അടിമത്തവും ആരാധനയും ചേര്‍ന്നതാണ് എന്നാണ് വിശദീകരിക്കുന്നത്.

ഇബാദത്തിനെ ഖുര്‍ആനിലെ ചില സന്ദര്‍ഭങ്ങളില്‍ ഇതാഅത്ത് എന്ന് വിശദീകരിച്ചത് പൂര്‍വികരായ പണ്ഡിതരാണ്. സയ്യിദ് മൌദൂദി അത് എടുത്ത് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ജമാഅത്തെ ഇസ്ലാമി ഇബാദത്തിന് അനസരണം എന്നര്‍ഥം പറഞ്ഞത് ഇന്ത്യന്‍ ഭരണഘടനയെ അനുസരിക്കുന്നവരെ മുശ്രിക്ക് ആക്കാനാണ് എന്നത് മുജാഹിദ് മൌലവിമാരുടെ ഒരു തെറ്റായ പ്രചാരണം മാത്രമാണ്.

CKLatheef പറഞ്ഞു...

സത്യത്തില്‍ ശബാബില്‍നിന്ന് പ്രതീക്ഷിക്കുന്നത്. ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ആദര്‍ശത്തിലോ , ലക്ഷ്യത്തിലോ , പ്രവര്‍ത്തന മാര്‍ഗത്തിലോ ഇസ്ലാമിന്റെ പ്രമാണങ്ങള്‍ക്ക് നിരക്കാത്ത വല്ലതുമുണ്ടെങ്കില്‍ അത് ഗുണകാംക്ഷയോടെ ചൂണ്ടിക്കാണിക്കുക എന്നതാണ്. അതോടൊപ്പം യോജിക്കുന്ന വിഷയങ്ങള്‍ എന്തൊക്കെ എന്ന് കണ്ടെത്തുകയും ചെയ്യണം. എന്നിട്ട് യോജിക്കുന്ന വിഷയങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനും വിയോജിക്കുന്ന മേഖലയില്‍ സൌഹാര്‍ദ്ദ പൂര്‍വം സംവാദം നടത്താനും തയ്യാറാവുക.

vallithodika പറഞ്ഞു...


ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില/ ഇ.കെ. മൗലവി

Email This
[മുജാഹിദ്‌ നേതാവും പണ്ഡിതനുമായ മര്‍ഹൂം ഇ.കെ. മൗലവി കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുഖപത്രമായ അല്‍ മുര്‍ശിദില്‍ `ഈ ലോകത്ത്‌ മുസ്‌ലിംകളുടെ നില' എന്ന ശീര്‍ഷകത്തില്‍ എഴുതിയ ഒരു ലേഖനം.]


ഈ ലോകത്തില്‍ മുസ്‌ലീംകളുടെ നില എന്താണെന്നോ എന്തിന്നായിട്ടാണ്‌ അവര്‍ ഈ ലോകത്തില്‍ എഴുന്നേല്‍പിക്കപ്പെട്ടിരിക്കുന്നതെന്നോ അവരുടെ കര്‍ത്തവ്യം എന്താണെന്നോ അവരില്‍ അധികപേരും അറിയുന്നില്ല. മുസ്‌ലിമിന്ന്‌ ഈ ലോകത്ത്‌ വളരെ അധികം കാര്യങ്ങള്‍ നിര്‍വഹിക്കേണ്ടതായുണ്ട്‌. മുസ്‌ലിമിന്റെ ഇവിടെയുള്ള ഓരോ പ്രവൃത്തിയും പരലോകവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. അവന്റെ വിചാരങ്ങള്‍, വാക്കുകള്‍, പ്രവൃത്തികള്‍ ഇതില്‍ ഓരോന്നിനെപറ്റിയും അവന്‍ പരലോകത്ത്‌വെച്ച്‌ ചോദ്യം ചെയ്യപ്പെടുന്നതാണ്‌. ഈ ബോധം ഓരോ മുസ്‌ലിമിന്നും ഉണ്ടായിരിക്കേണ്ടതാണ്‌. ഇത്തരം ചിന്തകളോടുകൂടിയ വ്യക്തികളാല്‍ സമ്മേളിക്കപ്പെട്ട ഒരു സമുദായമായിരിക്കണം മുസ്‌ലിം സമുദായം. അപ്പോഴാണ്‌ മുസ്‌ലിം സമുദായം ഒരു മാതൃകാ സമ്പ്രദായമായിത്തീരുന്നത്‌.
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങളുടെ നന്മക്കായി എഴുന്നേല്‍പിക്കപ്പെട്ട ഉത്തമ സമുദായമാകുന്നു. നിങ്ങള്‍ നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.'' (ആലുഇംറാന്‍) മുസ്‌ലിംകള്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും ജനങ്ങളുടെ പ്രവൃത്തികളെ നിയന്ത്രിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതായത്‌ നല്ല കാര്യങ്ങള്‍ അവരെ പറഞ്ഞു മനസിലാക്കുകയും ചീത്ത പ്രവൃത്തികളില്‍ നിന്ന്‌ അവരെ തടയുകയും ചെയ്യുന്നു. ഈ മഹത്തായ ഗുണങ്ങള്‍കൊണ്ട്‌ തന്നെയാണ്‌ അവര്‍ ഉത്തമ സമുദായമായിത്തീരുന്നത്‌.
ഈ ലോകത്ത്‌ കേവലം സുഖലോലുപന്മാരായി മൃഗപ്രായന്മാരായി ജീവിക്കുവാന്‍ വന്നവരല്ല മുസ്‌ലിംകള്‍. ഈ ലോകത്ത്‌ അവര്‍ സ്വാധീനശക്തി സ്ഥാപിക്കുകയും അവരുടെ ആ കഴിവിനെ അല്ലാഹുവിന്റെ ആജ്ഞകളെ നടപ്പില്‍ വരുത്തുന്നതിനായി വിനിയോഗിക്കുകയും ചെയ്യുകയത്രെ അവരുടെ കര്‍ത്തവ്യം.
അല്ലാഹു പറയുന്നു: അവര്‍ക്ക്‌ നാം ഭൂമിയില്‍ സ്വാധീനശക്തി നല്‍കിയാല്‍ അവര്‍ നമസ്‌കാരത്തെ നിലനിര്‍ത്തുകയും സകാത്ത്‌ കൊടുക്കുകയും നല്ലതിനെ ഉപദേശിക്കുകയും ചീത്തയെ വിരോധിക്കുകയും ചെയ്യും. കാര്യങ്ങളുടെ പരിണാമം അല്ലാഹുവിന്റെ ഇച്ഛയനുസരിച്ചാണ്‌'' (അല്‍ഹജ്ജ്‌)0)00 0
ഈ ലോകത്ത്‌ തങ്ങളുടെ സ്വാധീനത സ്ഥാപിക്കുകയാണ്‌ മുസ്‌ലിംകളുടെ ചുമതല. അത്‌ അക്രമവും അനീതിയും പ്രവര്‍ത്തിക്കുന്നതിനല്ല; അല്ലാഹുവിന്റെ സന്ദേശങ്ങളെ പ്രവൃത്തി പഥത്തില്‍ കൊണ്ടുവരുന്നതിനാണ്‌ അവര്‍ ഈ ഭൂമിയില്‍ സ്വാധീനശക്തി സ്ഥാപിക്കുന്നത്‌. എന്ത്‌കൊണ്ടെന്നാല്‍ അവര്‍ ജനങ്ങള്‍ക്ക്‌ വേണ്ടി സാക്ഷ്യം വഹിക്കേണ്ടവരാണ്‌.
അല്ലാഹു പറയുന്നു: നിങ്ങള്‍ ജനങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും റസൂല്‍ നിങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കുന്നവരും ആയിരക്കുന്നതിന്‌ വേണ്ടി നാം നിങ്ങളെ ഒരു മിതനിലയിലുള്ള സമുദായമാക്കിയിരിക്കുന്നു.'' (അല്‍ബഖറഃ). പരലോകത്തേക്ക്‌ വേണ്ടുന്ന വിജയവും സൗഭാഗ്യവും സമ്പാദിക്കുന്നതിന്ന്‌ ഈ ലോകത്തുള്ള വിജയവും സൗഭാഗ്യവും എതിരാകുന്നതല്ല. രണ്ടും ഒരേ അവസരത്തില്‍ സമ്പാദിക്കുന്നതിന്ന്‌ കടപ്പെട്ടവരാണ്‌ മുസ്‌ലിംകള്‍.
അല്ലാഹു പറയുന്നു: നിങ്ങളില്‍ നിന്നുള്ള വിശ്വസിച്ചവരെയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നവരെയും അല്ലാഹു ഭൂമിയില്‍ അവന്റെ പ്രതിനിധികളാക്കുമെന്നു അവന്‍ വാഗ്‌ദാനം ചെയ്‌തിരുന്നു.(അന്നൂര്‍)

ഇനിയും അല്ലാഹു പറയുന്നു: ``അല്ലാഹു കാഫിറുകള്‍ക്ക്‌ മുഅ്‌മിനുകളുടെ മേല്‍ യാതൊരധികാരവും നല്‍കീട്ടില്ല'' (നിസാഅ്‌). വീണ്ടും അല്ലാഹു പറയുന്നു:``നിങ്ങള്‍ അശക്തരാകരുത്‌, നിങ്ങള്‍ ദുഖിക്കരുത്‌. നിങ്ങള്‍ സത്യവിശ്വാസികളായിരുന്നുവെങ്കില്‍ നിങ്ങള്‍ തന്നെയാണ്‌ ഉയര്‍ന്നവര്‍'' (ആലുഇംറാന്‍).
നാം ഇവിടെ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കണം. അതായത്‌ അല്ലാഹുവിന്റെ നിയമങ്ങളെ നടത്തുന്നതിനുള്ള അധികാരം നാം കൈവരുത്തണം. അതു ഭൗതികശക്തികൊണ്ടേ സാധിക്കുകയുള്ളു. നാം ഇതര മതസ്ഥരുടെ അടിമകളോ ആജ്ഞാനുവര്‍ത്തികളോ ആയിരിക്കുന്നതിനെ ഇസ്‌ലാം അനുവദിക്കുന്നില്ല. നാം ആജ്ഞാപിക്കുന്നവരും നിരോധിക്കുന്നവരും ആയിരിക്കണം. അതിനുള്ള കഴിവ്‌ സമ്പാദിക്കുവാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ഈ സംഗതി മേല്‍ ഉദ്ധരിച്ച ആയത്തുകളില്‍ നിന്നു ഗ്രഹിക്കാവുന്നതാണ്‌....
സഹോദരന്മാരെ ഉണരുവിന്‍! ഭൂമിയില്‍ അല്ലാഹുവിന്റെ പ്രാതിനിധ്യം സ്ഥാപിക്കുന്നതിനും ഖുര്‍ആന്റെ ആജ്ഞകളെ പ്രചരിപ്പിക്കുന്നതിനുമായി പരിശ്രമിക്കുവിന്‍. (അല്‍ മുര്‍ശിദ്‌ പു: 4 ലക്കം 12 പേജ്‌ 44 ഏപ്രില്‍ 1939).

Aneesudheen പറഞ്ഞു...

സാമാന്യം സംസ്കാരസമ്പന്നരെന്ന് കരുതപ്പെടുന്നവരെപ്പോലും അന്ധമായ കക്ഷിപക്ഷപാതിത്വം എത്രത്തോളം അധഃപതിപ്പിക്കുമെന്നതിന് മികച്ച ഉദാഹരണങ്ങളാണ്ഇവിടെ കുറിച്ച ചില സഹോദരന്മാരുടെ വരികള്‍..... സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയോടും ജമാഅത്തെ ഇസ്ലാമിയോടും എത്രതന്നെ അഭിപ്രായവ്യത്യാസങ്ങളുണ്െടങ്കിലും, മൌദൂദിക്ക് പ്രത്യേകമായ ഒരു മദ്ഹബ് ഉണ്ടായിരുന്നില്ലെന്നും ജമഅത്തെ ഇസ്ലാമി ഒരു മദ്ഹബ് അല്ലെന്നും അംഗീകരിക്കാനുമുള്ള ബുദ്ധിപരമായ സത്യസന്ധതപോലുംപലർക്കും ഇല്ലാതെ പോയി. ഇല്‍മുല്‍ കലാം (ദൈവശാസ്ത്രം), ഫിഖ്ഹ് (കര്‍മശാസ്ത്രം) എന്നീ രണ്ട് മേഖലകളിലും പൂര്‍വീകരില്‍നിന്ന് ഭിന്നമായ മദ്ഹബുകള്‍ മൌദൂദി അവതരിപ്പിച്ചിട്ടില്ല. നേരത്തേയുള്ള ഭിന്ന വീക്ഷണങ്ങളില്‍നിന്ന് സ്വന്തമായ വിവേചനബുദ്ധി ഉപയോഗിച്ച് സ്വീകരിക്കുകയോ നിരസിക്കുകയോ ആണ് അദ്ദേഹം ചെയ്തത്. അക്കാര്യത്തില്‍തന്നെ, തന്റെ വീക്ഷണങ്ങള്‍ സ്വീകരിക്കാന്‍ ജമാഅത്തെ ഇസ്ലാമി ബാധ്യസ്ഥമല്ലെന്നും അദ്ദേഹം തുടക്കത്തിലേ ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയാകട്ടെ, ഒരു കാര്യത്തിലും മൌലാനാ മൌദൂദിയുടെ വീക്ഷണങ്ങളെ അന്ധമായി സ്വായത്തമാക്കിയില്ല. വിശുദ്ധ ഖുര്‍ആനും സുന്നത്തും പൂര്‍വീക മഹാത്മാക്കളുടെ നിഗമനങ്ങളും ആധാരമാക്കി, കൂടിയാലോചനകളിലൂടെ രൂപപ്പെട്ടതാണ് ജമാഅത്തിന്റെ ആദര്‍ശവും ലക്ഷ്യവും നയപരിപാടികളും. ജനങ്ങളില്‍ കാണുന്ന അനിസ്ലാമിക വിശ്വാസാചാരങ്ങളെ ഏറ്റവും ശക്തമായി എതിര്‍ക്കുന്ന പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. എന്നാല്‍, അനിസ്ലാമിക വിശ്വാസാചാരങ്ങള്‍ കേരളത്തിലെ മുജാഹിദ് പ്രസ്ഥാനം ശിര്‍ക്ക്-ബിദ്അത്തുകളായി കണക്കാക്കുന്നതില്‍ പരിമിതമാണെന്ന സങ്കല്‍പം ജമാഅത്തിനില്ല. മത-രാഷ്ട്രവിഭജനം, ശാസ്ത്രീയ സോഷ്യലിസം, കമ്യൂണിസം, മുതലാളിത്തം തുടങ്ങിയ ഭൌതികാദര്‍ശങ്ങളും ഇസ്ലാമിക വീക്ഷണത്തില്‍ അനിസ്ലാമികങ്ങളാണ്; ഖബ്ര്‍ പൂജയും ഇസ്തിഗാസയും മാലമൌലിദുകളും പോലെ അവയും ഉപേക്ഷിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരുമാണ്. ഇത് അംഗീകരിക്കാന്‍ പല മുജാഹിദ് സുഹ്ര് ത്തു ക്കൾക്കും സാധിക്കാതിരിക്കുന്നത് "ദൈവത്തിനുള്ളത് ദൈവത്തിന്, സീസര്‍ക്കുള്ളത് സീസര്‍ക്ക്'' എന്ന അനിസ്ലാമിക ക്രൈസ്തവ ഭൌതികസങ്കല്‍പം പ്രയോഗത്തില്‍ സ്വീകരിച്ചതുകൊണ്ടാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK