'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഓഗസ്റ്റ് 05, 2013

മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടതെന്തുകൊണ്ട് ?.

ഈജിപ്തില്‍ മുഹമ്മദ് മുര്‍സിക്ക് തെരഞ്ഞെടുപ്പിലൂടെ ലഭിച്ച  അധികാരം നഷ്ടപ്പെട്ടത് എന്തുകൊണ്ട് എന്നതിന് രണ്ട് ഉത്തരങ്ങള്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നു. ഒന്ന്  ഇസ്ലാമിക പ്രസ്ഥാന പ്രവര്‍ത്തകരുടെതും രണ്ടാമത്തേത് മതേതരരെന്ന് വാദിക്കുന്ന ഹമീദ് ചേന്ദമംഗല്ലൂരിനെ പോലുള്ളവര്‍ നല്‍കുന്നതുമാണ്. ഇതില്‍ രണ്ടാമത്തെ ഉത്തരത്തെക്കുറിച്ച് ആദ്യം ചര്‍ച ചെയ്യാം. ഈ ഉത്തരം ഇപ്പോള്‍ മുര്‍സി ഭരണത്തെ പട്ടാളത്തെ ഉപയോഗിച്ച് അട്ടിമറിച്ച് പട്ടാള ഭരണകൂടം നല്‍കുന്നത് തന്നെ. അഥവാ, ഹുസ്നിമുബാറക്കിനെതിരെ പ്രക്ഷോഭം നടത്തി അദ്ദേഹത്തെ ഭരണത്തില്‍നിന്ന് താഴെ ഇറക്കിയ ജനങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി മുര്‍സി ഭരണം നടത്തിയതിനാല്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തിരിയുകയും ഗത്യന്തരമില്ലാതെ പട്ടാളം മുര്‍സിയെ സ്ഥാനഭ്രഷ്ടനാക്കി ജനങ്ങളോടൊപ്പം നില്‍ക്കുകയും ചെയ്തു.

ജനങ്ങള്‍ ഇപ്രകാരം ഇളകി വശകാന്‍ എന്തായിരുന്നു കാരണം എന്നതിനെക്കുറിച്ച് ചര്‍ച ചെയ്യുമ്പോള്‍ ഹമീദ് ചേന്ദമംഗല്ലൂരിന് ലഭിക്കുന്ന ഉത്തരം അദ്ദേഹം മലയാളം വാരികയില്‍ വിശദമായി എഴുതുന്നുണ്ട്. അതിങ്ങനെയാണ്. ഭരിക്കുന്ന പാര്‍ട്ടിയുടെ പേരില്‍ ഫ്രീഡവും ജസ്റ്റീസും തുന്നിചേര്‍ത്തതുകൊണ്ട് കാര്യമായില്ല. ഫ്രീഡവും ജസ്റ്റിസും ജനങ്ങള്‍ക്ക് അനുഭവവേദ്യമാകണം. ഈജിപ്തിലെ ഇസ്ലാമിസ്റ്റ് ഭരണത്തില്‍ ജനങ്ങള്‍ക്ക് ലഭിച്ചത് അണ്‍ഫ്രീഡവും ഇന്‍ജസ്റ്റീസുമായിരുന്നു. മുര്‍സിയുടെ സ്ഥാനനഷ്ടത്തിന് ഇടവരുത്തിയ അടിസ്ഥാന ഘടകം അതാണ്.

രണ്ട് പേജ് വരുന്ന ലേഖനത്തെ ഉപസംഹരിച്ച് ഹമീദ് പറഞ്ഞ ഇക്കാര്യമാണ് മലയാളം വാരിക റൈറ്റ് അപ്പില്‍ നല്‍കിയിട്ടുള്ളതും. എങ്ങനെയാണ് മുര്‍സി അണ്‍ഫ്രീഡവും ഇന്‍ജസ്റ്റീസും ഈജിപ്തുകാര്‍ക്ക് അനുഭവവേദ്യമാക്കിയതെന്ന് ലേഖനത്തില്‍ പറയുന്നുണ്ട്. ലേഖനത്തില്‍ പറയുന്ന വാചോടാപങ്ങളെയും ആശങ്കകളെയും മാറ്റിനിര്‍ത്തിയാല്‍ പറയുന്ന കാര്യങ്ങളില്‍ പ്രസക്തമായത്. ഭരണഘടനാസമിതിയില്‍ ഇസ്ലാമിസ്റ്റുകള്‍ക്ക് മൃഗീയ ഭുരിപക്ഷം നല്‍കി എന്നതാണ്. അതിലൂടെ 10 ശതമാനം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളെയും മുസ്ലിംകളിലെ ഇസ്ലാമിസ്റ്റേതര ചിന്താഗതിക്കാരും അവഗണിക്കപ്പെട്ടുവത്രേ. പിന്നെയുള്ളത് കുറേ ആശങ്കകളും പേടിയും മുന്‍നിര്‍ത്തിയുള്ള വിശകലനമാണ്. ഒരു മതേതരനിയമ വ്യവസ്ഥ നിലനിന്ന രാജ്യം മതനിയമ വ്യവസ്ഥയിലേക്ക് മാറുമ്പോള്‍ അവിടെ മുസ്ലിംകളല്ലാത്തവര്‍ രണ്ടാം കിട പൌരന്‍മാരും അഭിപ്രായ സ്വതന്ത്ര്യമോ മതസ്വതന്ത്ര്യമോ ലഭിക്കാത്തവരായി മാറുമത്രേ. മതേതര ലിബറല്‍ വിഭാഗങ്ങളും സ്ത്രീകളുമൊക്കെ ഇക്കാര്യം ഭയപ്പെട്ടുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇതില്‍ വസ്തുതയായിട്ടുള്ളത് ഈ ചിന്താഗതിയും പേടിയുമുള്ള ഒരു വിഭാഗം മുര്‍സിക്കെതിരെ തിരിഞ്ഞുവെന്ന് മാത്രമാണ്. മറിച്ച് അദ്ദേഹം തന്റെ ഭരണത്തില്‍ ഒരു നിമിഷം പോലും മറ്റുള്ളവരുടെ അഭിപ്രായ സ്വാതന്ത്ര്യം തടഞ്ഞുവെന്നോ ആരെയെങ്കിലും രണ്ടാംകിട പൌരന്‍മാരായി കണ്ടുവെന്നോ സ്ഥാപിക്കാന്‍ ആര്‍ക്കും ആയിട്ടില്ല.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മുര്‍സി അനുകൂല പ്രക്ഷോഭത്തില്‍നിന്ന് 
കരട് ഭരണഘടന അംഗീകരിക്കുന്നത് വരെ തന്റെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ ജുഡീഷ്യറിക്ക് അധികാരമുണ്ടായിരിക്കുന്നതല്ല എന്ന മുര്‍സിയുടെ ഉത്തരവാണ് മുര്‍സിയുടെ ഭരണം പുറത്താക്കപ്പെട്ട ഹുസ്നി മുബാറക്കിന്റെ സ്വേഛാധിപത്യത്തിലേക്ക് നിങ്ങുന്നുവെന്നതിന് മറ്റൊരു തെളിവായി സമര്‍പിക്കുന്നത്. ഈ വാദത്തില്‍ മുര്‍സിക്കെതിരെ അത്തരം ഒരു ആരോപണത്തിന് സാധ്യതയുണ്ടെങ്കിലും വസ്തുത എന്താണെന്ന് ആ സാഹചര്യം പരിഗണിച്ചാല്‍ വ്യക്തമായിരുന്നു. ഏകാധിപതിയായ ഹുസ്നിമുബാറക്ക് എന്ന തലമാത്രമേ മാറിയിട്ടുണ്ടായിരുന്നുള്ളു. ഭരണകൂടത്തിന്റെ മറ്റു ഭാഗങ്ങളല്ലാം ഹുസ്നിമുബാറക്കിന്റെ കയ്യും കാലും തന്നെയായിരുന്നു. തീര്‍ത്തും ജനാധിപത്യവിരുദ്ധമായ നീക്കങ്ങള്‍ ഏകപക്ഷീയമായി ജൂഡീഷ്യറി എടുത്തപ്പോഴാണ് ഭരണഘടന നിലവില്‍വരുന്നത് വരെ തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിയുടെ വാക്കുകള്‍ക്കായിരിക്കണം ശക്തി എന്ന് തീരുമാനിച്ചത്. എന്നാല്‍ വ്യപകമായ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം അതില്‍നിന്ന് പിന്‍മാറി. തന്റെ സത്യസന്ധതയും തന്റെ പാര്‍ട്ടിയുടെ പേരിന്റെ അര്‍ഥവും തെളിയിച്ചു..

30 മില്യണ്‍ ജനങ്ങള്‍ മുര്‍സിക്കെതിരെ തെരുവിലിറങ്ങി എന്ന് പാശ്ചാത്യ മീഡിയകള്‍ കള്ളം പ്രചരിപ്പിച്ചു.
മുര്‍സിക്ക് അധികാരം നഷ്ടപ്പെട്ടത് തെരഞ്ഞെടുത്ത ജനങ്ങള്‍ അവര്‍ ഉദ്ദേശിച്ച വിധം ഭരണാധികാരിയായ മുര്‍സിക്ക് ഭരണം നടത്താന്‍ കഴിയാതെ വന്നപ്പോള്‍ ഒരുമിച്ച് തെരുവിലിറങ്ങിയപ്പോഴാണ് എന്ന പട്ടാള ഭരണകൂട ഭാഷ്യം നാള്‍ക്കുനാള്‍ പൊളിഞ്ഞുകൊണ്ടിരിക്കുകയാണ്. പട്ടാളം അട്ടിമറിക്കുന്നതിന് മുമ്പ് തന്നെ റാബിയ അദവിയയില്‍ മുര്‍സിക്ക് അനുകൂലമായി തഹ്രീര്‍ സ്ക്വയറിലെ ജനക്കൂട്ടത്തെ വെല്ലുന്ന ജനസഞ്ചയം പ്രക്ഷോഭത്തിന് ഇറങ്ങിയിരുന്നു. എന്നാല്‍ അത്യാവേശം മൂത്ത് അട്ടിമറിയില്‍ പങ്കാളികളാകാന്‍ മത്സരിക്കുന്ന ചാനലുകള്‍ അങ്ങോട്ട് തിരിഞ്ഞില്ല. അന്ന് മുതല്‍ ഇന്ന് ഇതെഴുതുന്നത് വരെയും അവര്‍ തെരുവില്‍നിന്ന് മാറിയിട്ടില്ല. അവര്‍ ജീവിതം തന്നെ പൂര്‍ണാര്‍ഥത്തില്‍ ചുട്ടുപൊള്ളുന്ന തെരുവിലേക്ക് മാറ്റിയിരിക്കുന്നു. അവരുടെ ഭക്ഷണവും ഉറക്കവും പ്രാര്‍ഥനയും അവിടെ തന്നെ. എന്താ മുര്‍സിക്ക് എതിരായ ശബ്ദത്തിന് മാത്രമേ പട്ടാളം പിന്തുണക്കൂ എന്നുണ്ടോ?. പട്ടാളത്തിന്റെ വാദത്തില്‍ വല്ല കാമ്പും ഉണ്ടായിരുന്നെങ്കില്‍ ജനാധിപത്യരൂപത്തില്‍ തെരഞ്ഞെടുക്ക ഭരണാധികാരിയെ തിരിച്ചുകൊണ്ട് വരാനുള്ള സമരത്തിനും പിന്തുണ നല്‍കേണ്ടതായിരുന്നില്ലേ.

അതുകൊണ്ട് തന്നെ പട്ടാളത്തിന്റെ വ്യാഖ്യാനം വിശ്വസിക്കുന്നവര്‍ മാറിചിന്തിച്ചുതുടങ്ങുകയും അതേക്കുറിച്ച് ഇസ്ലാമിക പ്രസ്ഥാനങ്ങളും സ്വതന്ത്രമാധ്യമങ്ങളും നല്‍കുന്ന ഉത്തരത്തിന് സ്വീകാര്യത വര്‍ദ്ധിച്ച് വരികയുമാണ്.

അതനുസരിച്ച് മുര്‍സിക്ക് 'അധികാരം നഷ്ടപ്പെട്ടു'വെന്ന് അകര്‍മകക്രിയയില്‍ പറയുന്നത് തന്നെ ഒരു തരം തെറ്റിദ്ധരിപ്പിക്കലാണ്. അധികാരം ശക്തിഉപയോഗിച്ച് തട്ടിപ്പറിക്കുകയാണ് ഉണ്ടായത്. അതിന് ജനങ്ങളുടെ മറതീര്‍ക്കുന്നതില്‍ ഒട്ടൊക്കെ അവര്‍ വിജയിച്ചു. പട്ടാളം മുര്‍സിയെ അറസ്റ്റ് ചെയ്ത് ഭരണം പിടിച്ചെടുക്കുന്നതിന്റെ തലേദിവസം ഇത്രയധികം ആളുകളെ മുര്‍സി വിരുദ്ധരാക്കിയതെന്ത് എന്ന ചോദ്യം നിങ്ങളെ പോലെ എനിക്കും ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനുള്ള കാരണങ്ങള്‍ കൂടി വ്യക്തമായിരിക്കുന്നു. ഇനിയും ജനങ്ങള്‍ക്ക് വേണ്ടിയാണ് പട്ടാളം ഇടപെട്ട് മുഹമ്മദ് മുര്‍സിയെ നീക്കിയതെന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി ചിലകാര്യങ്ങള്‍ ഇവിടെ പങ്കുവെക്കുകയാണ്.

2011 ല്‍ നടന്ന 'ജനുവരി 25 വിപ്ലവം' എന്ന പേരിലറിയപ്പെട്ട പ്രക്ഷോഭമാണ് മുര്‍സി അധികാരത്തിലെത്തുന്നതിലേക്ക് നയിച്ചത്. മുപ്പത് വര്‍ഷത്തിലേറെയായി ഈജിപ്തില്‍ സ്വേഛാധിപത്യം വാണ ഹുസ്നിമുബാറക്കിനെതിരെ ജനങ്ങള്‍ തുനീഷ്യയിലെ പ്രക്ഷോഭത്തെ മാതൃകയാക്കി സോഷ്യല്‍നെറ്റ് വര്‍ക്കിലൂടെയുള്ള പ്രചാരണത്തിലൂടെ ഒന്നിച്ച് തെരുവിലിറങ്ങിയപ്പോള്‍ അന്താളിച്ച് പോയ ഹുസ്നിമുബാറക്കിന് മുന്നില്‍ രണ്ട് വഴിയാണ് ഉണ്ടായിരുന്നത്. ഒന്ന് പട്ടാളത്തിനെ ഉപയോഗിച്ച് ബലം പ്രയോഗിച്ച് പ്രക്ഷോഭം അടിച്ചമര്‍ത്തുക. അല്ലെങ്കില്‍ തന്ത്രപൂര്‍വം തന്റെ ചോറ്റുപട്ടാളത്തിന് കീഴടങ്ങുന്നതായി ഭാവിച്ച് ഉള്‍വലിയുക. ലക്ഷങ്ങള്‍ തെരുവിലിറങ്ങിയാല്‍ അവരെ പട്ടാളത്തെ ഉപയോഗിച്ച് നേരിടുന്നത് അപ്രായോഗികമാണ്. അതിനാല്‍ ഹുസ്നിമുബാറക്ക് രണ്ടാമത്തെ മാര്‍ഗം തെരഞ്ഞെടുത്തു. അങ്ങനെ ഹുസ്നി മുബാറക്ക് കീഴടങ്ങി. പട്ടാളം താല്‍കാലിക ഭരണം ഏറ്റെടുക്കുകയും ജനങ്ങള്‍ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു. അന്താരാഷ്ട്ര നീരീക്ഷകരുടെ സാന്നിദ്ധ്യത്തില്‍ വളരെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പില്‍ ഇഖ് വാനുല്‍ മുസ്ലിമൂന്റെ രാഷ്ട്രീയ പ്രസ്ഥാനം ഫ്രീഡം അന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു.


വിപ്ലവം നടന്നതിന് ശേഷമാണ് അറുപത് വര്‍ഷത്തെ നിരോധനത്തിന് ശേഷം ഇഖ് വാനുല്‍ മുസ്ലിമൂന് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ആറ് പതിറ്റാണ്ട് നിരോധത്തില്‍ കഴിഞ്ഞ ഒരു പാര്‍ട്ടിക്ക് ഒരു വര്‍ഷത്തിനകം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സീറ്റുകളും നേടിയെടുക്കാനായത് ജനങ്ങളുടെ പിന്തുണകൊണ്ട് തന്നെയാണ്. 1928 ലാണ് ഇഖ് വാന്‍ രൂപീകരിക്കപ്പെട്ടത് അതിന് ശേഷം അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിച്ചത് 20 വര്‍ഷം. ഈ കാലയളവില്‍ നേടിയെടുത്ത ജനപിന്തുണ അവര്‍ക്ക് നിരോധന കാലയളവില്‍ നഷ്ടപ്പെട്ടില്ല എന്നാണ് മനസ്സിലാകുന്നത്. ഇഖ് വാനെ നിരോധിച്ചത് അവര്‍ എന്തെങ്കിലും ഭീകരപ്രവര്‍ത്തനം നടത്തിയത് കൊണ്ടല്ല. 1948 ല്‍ ഫലസ്തീനില്‍ ഇസ്രായേല്‍ രാഷ്ടമുണ്ടാക്കാനുള്ള യു.എന്‍ തീരുമാനത്തെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നതാണ് അതിന്റെ നായകന്‍ ഹസനുല്‍ബന്നയുടെ വധത്തിനും ഇഖ് വാന്റെ നിരോധനത്തിനും കാരണം. ആറ് പതിറ്റാണ്ടിലധികം പേര് ഉച്ചരിക്കാന്‍ പോലും അനുവാദം ലഭിക്കാത്ത ഒരു പാര്‍ട്ടി അധികാരത്തില്‍ വരുന്നത് . തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ ഹുസ്നിമുബാറകിന്റെയും അമേരിക്കയുടെയും ചോറ്റുപട്ടാളം പോലും നിനച്ചില്ല. പാശ്ചാത്യര്‍ കൊട്ടിഘോഷിച്ച് നടന്ന അല്‍ബറാദിയുടെ പാര്‍ട്ടിക്ക് ലഭിച്ചത് ഒന്നര ശതമാനം വോട്ട് മാത്രം. അതുകൊണ്ട് തന്നെ തങ്ങളിഷ്ടപ്പെടാത്ത മുര്‍സിയെ താഴെഇറക്കാനുള്ള പരിപാടി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ട അന്ന് തന്നെ തുടങ്ങിയിരുന്നു. ഏതാനും ദിവസത്തിനകം തന്നെ ചെറിയ തമ്പുകെട്ടി തഹ്രരീര്‍ സ്വകയറില്‍ പ്രക്ഷോഭം ആരംഭിച്ചു. എണ്ണത്തില്‍ വളരെ കുറവായിട്ട് പോലും ഈജിപ്തിലെ ചാനലുകള്‍ അവയെ പരമാവധി പൊലിപ്പിച്ച് കാണിക്കുകയും കിട്ടിയ സന്ദര്‍ഭത്തിലെല്ലാം മുര്‍സിയെയും ഭരണത്തെയും താറടിക്കുകയും ചെയ്തു.അതോടൊപ്പം വളരെ ആസൂത്രിതവും സമയബന്ധിതവുമായ ഗൂഢാലോചന മുര്‍സിയെ നിഷ്കാശിതനാക്കാന്‍ തുടര്‍ന്ന് വരികയായിരുന്നു.  അതിന്റെ പര്യവസാനമാണ് കഴിഞ്ഞമാസം സംഭവിച്ച പട്ടാള അട്ടിമറി.

ഇത്രയും പറഞ്ഞത് എന്റെ ഊഹങ്ങളല്ല, ജൂലൈ 13 ന് പുറത്തിറങ്ങിയ അമേരിക്കയിലെ വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ഈ രഹസ്യങ്ങള്‍ തുറന്നെഴുതുന്നത്.  സാല്‍വേഷന്‍ ഫ്രണ്ട നേതാക്കളും പട്ടാളവും മുബാറക്ക് ഭരണകൂടത്തിന്റെ അവശിഷ്ടങ്ങളും പാശ്ചാത്യരാജ്യങ്ങളും അവരുടെ വിനീത വിധേയരായ ചില അറബി രാഷ്ട്രങ്ങളും  ചേര്‍ന്നാണ് ഈ ഗൂഢാലോചന നടത്തിയത്. ജൂലൈ 30 ന് തഹ് രീര്‍ സ്വകയറിലെ പ്രക്ഷോഭകരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനായാല്‍ അട്ടിമറിനടത്താമെന്ന് പട്ടാളം ഏറ്റു. ഏത് ഏതാനും മാസത്തെ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു. അട്ടിമറിക്ക് മാസങ്ങള്‍ക്ക് മുമ്പ് ഒബാമ മുര്‍സിയെ നേരില്‍വിളിച്ച് അട്ടിമറിനടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും എന്നാല്‍ അമേരിക്കക്ക് വഴങ്ങില്ലെന്ന് മുര്‍സി തിരിച്ചടിച്ചതായും ഫ്രീഡം ആന്‍റ് ജസ്റ്റിസ് പാര്‍ട്ടി ഉപാധ്യക്ഷന്‍ ഡോ. ഉസാമുല്‍ അര്‍യാന്‍ വ്യക്തമാക്കിയിരുന്നു. പട്ടാള അട്ടിമറിയെ അനുകൂലക്കണമെന്നും ഇസ്ലാമിസ്റ്റുകള്‍ അധികാരത്തില്‍ തിരിച്ച് വരുന്നത് എങ്ങനെയും തടയണമെന്നും അമേരിക്കയോട് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ആവശ്യപ്പെട്ട വാര്‍ത്തയും ജൂലൈ 6 ന് ഇസ്രായേല്‍ റേഡിയോ പ്രക്ഷേപണം ചെയ്തു. ഈജിപ്ത് പട്ടാളത്തിന് അമേരിക്കന്‍ സഹായം തുടരാനുള്ള ആവശ്യവും ഇസ്രായേലിന്റേതാണ് എന്ന് അന്നാട്ടിലെ പത്രം ഹാററ്റ്സും റിപ്പോര്‍ട്ട് ചെയ്തു. മുര്‍സിയെ അട്ടിമറിച്ചത് ആര്‍ക്ക് വേണ്ടിയായിരുന്നുവെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാവും. എന്നാല്‍ ഇതില്‍ ഉത്തരം പറയേണ്ട ഒരു വിഷയം ബാക്കിയുണ്ട്. ഒന്ന് രണ്ട് മില്യണ്‍ ഈജ്പ്ത്യരെ തെരുവിലിറക്കാന്‍ എങ്ങനെ സാധിച്ചുവെന്ന്. അക്കാര്യം അടുത്ത പോസ്റ്റില്‍ വിവരിക്കാം.





2 അഭിപ്രായ(ങ്ങള്‍):

Usaid kadannamanna പറഞ്ഞു...

നന്നായി എഴുതി,
തങ്ങള്‍ക്കു സ്വീകാര്യമായത്‌ തെരെഞ്ഞെടുക്കപ്പെടുമ്പോള്‍ മാത്രം ജനാതിപത്യം മഹത്തരം ആവുന്ന കപട ജനാതിപത്യ വാദികളായ സാമ്രാജ്യത്വ സയനിസ്റ്റ്റ് ശക്തികള്‍ മുതല്‍ ഫേസ് ബുക്ക്‌ ബുജികള്‍ വരെ ഉള്ളവരുടെ തനി നിറം പുരത്താവാന്‍ കൂടി ഈജിപ്തിലെ പട്ടാള അട്ടിമറി കാരണമായി :)

Anee പറഞ്ഞു...

സത്യസന്ധമായ വിലയിരുത്തൽ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK