'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 12, 2013

ബംഗ്ലാ ജമാഅത്തെ ഇസ്ലാമി കൂട്ടക്കൊല നടത്തിയോ ?.


ജമാഅത്ത് തീവ്രവാദ സംഘടനയാണ് എന്ന് സ്ഥാപിക്കാന്‍ വിമര്‍ശകര്‍ക്ക് വല്ലാത്ത വ്യഗ്രതയാണെങ്കിലും അപ്രകാരം  വാദിച്ചശേഷം തെളിവ് നല്‍കാന്‍ വല്ലാതെ പ്രയാസപ്പെടുന്നത് കാണാറുണ്ട്. അതിന് പരിഹാരമായി ചെയ്യാറുള്ളത് ഇന്ത്യയില്‍ അവര്‍ ഇതുവരെ സമാധാനപരമായിട്ടാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്, എന്നാല്‍ അവര്‍ക്ക് കൂടുതല്‍ സ്വാധീനവും ആള്‍ബലവും ഉള്ളിടത്തൊക്കെ അവര്‍ മഹാഭീകരന്‍മാരും തീവ്രവാദികളുമാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. ഈ ആവശ്യാര്‍ഥം അദ്യമൊക്കെ പാകിസ്ഥാനിലേക്ക് വണ്ടികേറുമായിരുന്നു. പുതിയ അനുഭവങ്ങളൊന്നുമില്ലാത്തതിനാല്‍ ചരിത്രത്തില്‍ പിന്നോട്ട് പോകും.   ചരിത്രമാകുമ്പോള്‍ ഒരു  സൌകര്യവുമുണ്ട്. എന്തിനെയും വിമര്‍ശിക്കാന്‍ പറ്റിയവിധം ആരെങ്കിലുമൊക്കെ പറഞ്ഞുവെച്ചിരിക്കും. അങ്ങനെയാണ് മൌദൂദിയുടെ കാലത്ത് ഉണ്ടായ ഖാദിയാനി മസ്അലയില്‍ കേറിപ്പിടിച്ച് ആയിരക്കണക്കിന് ഖാദിയാനികളെ ജമാഅത്തുകാര്‍ വധിച്ചുവെന്ന കള്ളം കെട്ടിവിടുന്നത്. പക്ഷെ കുറെ ചര്‍ച ചെയ്ത് അതിന്റെ മുനയൊടിഞ്ഞിരിക്കുന്നു. മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മറ്റും ഉള്ളി പൊളിക്കുന്നത് പോലെ സൂക്ഷമായി പൊളിച്ച്, അതിന്റെ സത്യാവസ്ഥ വ്യക്തമാക്കുന്ന ചര്‍ചകള്‍ പ്രസ്ഥാന വിമര്‍ശകരുമായി നടന്നിട്ടുണ്ട്. ഖാദിയാനി പ്രശ്നം വേണ്ടത്രക്ലച്ച് പിടിക്കാതെ വന്നപ്പോഴാണ്, കാശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട് പ്രബോധനം അമ്പതാം വാര്‍ഷികപതിപ്പിലെ ചില പ്രയോഗങ്ങളില്‍ പിടിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. അത് ഈ ബ്ലോഗില്‍ തന്നെ ചര്‍ച ചെയ്തിട്ടുണ്ട്.


ഈ വര്‍ഷം പുതിയ ഒരു തെളിവ് ലഭിച്ചു. അത് ബംഗ്ലാദേശില്‍നിന്നാണ് അത് ഇതുവരെ പിടിച്ചതിനേക്കാള്‍ വലിയ മുയലാണ് എന്നാണ് വിമര്‍ശകരുടെ ഇത് വരെയുള്ള ധാരണ. ജമാഅത്തെ ഇസ്ലാമി വിമര്‍ശനത്തിന് പഴുത് നോക്കി നടന്നവര്‍ക്ക് ഒരു ചാകര തന്നെയായിരുന്നു. ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമി നേതാക്കളെ യുദ്ധകുറ്റത്തിന്റെ പേരില്‍ (മിക്കവാറും തലമുതിര്‍ന്ന നേതാക്കളെയൊക്കെ) വധശിക്ഷക്ക് വിധിച്ച സംഭവം. ഇനിയും കുറേ പേര്‍ വധശിക്ഷാവിധി കാത്ത് കഴിയുന്നു. ഇതുമായി ബന്ധപ്പെട്ട് 30 ലക്ഷം ആളുകളെ ജമാഅത്തെ ഇസ്ലാമിക്കാര്‍ കൊലചെയ്തുവെന്നൊക്കെ ഉത്തരവാദപ്പെട്ട ബ്ലോഗര്‍മാരും ഫെയ്സ് ബുക്ക് ആക്ടിവിസ്റ്റുകളും തട്ടിവിട്ടു. അതുമാത്രമോ പാകിസ്ഥാന് പട്ടാളക്കാരുമായി ചേര്‍ന്ന് രണ്ട് ലക്ഷം യുവതികളെ ബലാത്സംഗം ചെയ്യുന്നതിലും ജമാഅത്ത് നേതാക്കള്‍ പങ്കാളികളായി. അവരെ പിന്നെ തൂക്കികൊല്ലേണ്ടേ. വേണം നൂറുതരം. അവാമി ലീഗിന്റെ കള്ളപ്രചാരണത്തില്‍ അന്ന് ജനിച്ചിട്ട് പോലുമില്ലാത്ത, ഇസ്ലാമിനെ വലിയ അസൌകര്യമായി കാണുന്ന യുവാക്കളുടെ പിന്തുണ അവാമി ലീഗ് ഒപ്പിച്ചെടുത്തിട്ടുണ്ട്  എന്നത് മറക്കുന്നില്ല. 


സത്യത്തിന് ഒരു കാവ്യനീതിയുണ്ട് അത് എന്നെങ്കിലും ഒരിക്കല്‍ പുറത്ത് വരും. ചിലപ്പോള്‍ അല്‍പം ക്ഷമിക്കേണ്ടിവരും. ഇതുവരെ ജമാഅത്ത് വിമര്‍ശകര്‍ തകര്‍ത്താടുകയായിരുന്നു. പക്ഷെ അപ്പോള്‍ തന്നെ. പറയുന്നതിലെ വൈരുദ്ധ്യം ജമാഅത്ത് പ്രവര്‍ത്തകര്‍ അത്തരം കള്ളവാര്‍ത്തകള്‍ ചങ്കുതൊടാതെ വിഴുങ്ങുന്നവരെ ഓര്‍മപ്പെടുത്തിയിരുന്നു. വിഷയത്തിലേക്ക് കടക്കുന്നതിന് മുമ്പ് ബംഗ്ലാദേശില്‍നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത നോക്കാം. 


തെരഞ്ഞെടുപ്പ് മേല്‍നോട്ടത്തിന് സര്‍വകക്ഷി സര്‍ക്കാര്‍ രൂപവത്കരണം ലക്ഷ്യമിട്ട് ബംഗ്ളാദേശില്‍ ശൈഖ് ഹസീന മന്ത്രിസഭ രാജി സമര്‍പ്പിച്ചു. പ്രധാനമന്ത്രി രാജിവെച്ച് തെരഞ്ഞെടുപ്പ് വരെ ഭരണം കക്ഷിയേതര സര്‍ക്കാറിനെ ഏല്‍പിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിയാണ് എല്ലാ കക്ഷികള്‍ക്കും പ്രാതിനിധ്യം നല്‍കി പുതിയ സര്‍ക്കാറിനുള്ള നീക്കം.

നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്  ഭരണകക്ഷിയായ അവാമിലീഗിന്റെ സാരഥി ശൈഖ് ഹസീന വാജിദിന്റെ ജമാഅത്ത് വേട്ട ആരംഭിച്ചത്. അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ രക്ഷപ്പെടാം എന്നാണല്ലോ ഭരിക്കുന്ന ഏത് പാര്‍ട്ടികളുടെയും മുഖ്യമായ വിഷയം. ഭരണം മുന്നില്‍ കണ്ട് സ്വേഛാധിപത്യസ്വഭാവമുള്ള ഭരണാധികള്‍ നടപ്പാക്കുന്ന കാര്യങ്ങളെ വളരെ നിഷ്കളങ്കമായി വിലയിരുത്തുന്നവര്‍ ഒരിക്കലും സത്യം തിരിച്ചറിയാതെ പോകും. അതുതന്നെയാണ് ബംഗ്ലാദേശിന്റെ കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയെ വിമര്‍ശിക്കുന്നവര്‍ക്കും സംഭവിക്കുന്നത്.


അവാമി ലീഗിന് മാത്രം ജമാഅത്തെ ഇസ്ലാമിക്കാര്‍ യുദ്ധകുറ്റവാളികളാകുകയും, അതേ സമയം അവരുമായി മറ്റൊരു പ്രമുഖരാഷ്ട്രീയപാര്‍ട്ടി കൂട്ടുചേരുകയും ചെയ്യുന്നതില്‍നിന്ന് തന്നെ സംഭവത്തിലെ നിജസ്ഥിതി ഊഹിക്കാവുന്നതാണ്.  ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബി.എന്‍.പി) നേതൃത്വം നല്‍കുന്ന അതിശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് ശൈഖ് ഹസീന ഗവണ്‍മെന്റ് ഭാഗികമായിട്ടെങ്കിലും മുട്ടുമടക്കാന്‍ തയ്യാറായത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് തങ്ങളെക്കാത്തിരിക്കുന്നത് എന്ന് ഏറ്റവും നന്നായി അറിയുന്നത് അവാമി ലീഗുകാര്‍ക്ക് തന്നെയാണ്. കഴിഞ്ഞ ജൂണില്‍ നടന്ന കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് അത് ശരിവെക്കുകയും ചെയ്തു. സില്‍ഹറ്റ്, ബാരിസല്‍,രാജഷാഹി, ഖുല്‍ന എന്നീ നാല് കോര്‍പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്ലാമി അടക്കമുള്ള 18 കക്ഷിമുന്നണി അവാമിലീഗിനെതിരെ വന്‍വിജയമാണ് നേടിയത്. അതുകൊണ്ട് തന്നെ പതിവനുസരിച്ചുള്ള കെയര്‍ടേക്കര്‍ ഭരണത്തിന് കൈമാറാതെ താന്‍ സ്വയം തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല മത്സരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ജമാഅത്തിനെതിരെ വിലക്ക് കൊണ്ടുവരികയും ചെയ്തു. ശ്രദ്ധേയമായ ഒരു കാര്യം 1996 ല്‍ പ്രതിപക്ഷത്തായിരുന്ന ശൈഖ് ഹസീന ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് ബി.എന്‍.പി സര്‍ക്കാരിനെതിരെ നടത്തിയ സമരത്തിനൊടുവിലാണ് ഈ കെയര്‍ടേക്കര്‍ സംവിധാനം നിലവില്‍ വന്നത് എന്നതാണ്. ഇപ്പോള്‍ അവര്‍ അതിനെ ഭയക്കുന്നതിന്റെ കാരണം ലളിതം.

ശൈഖ് ഹസീനയുടെ ഈ സ്വേഛാധിപത്യമനോഭാവത്തിനെതിരെയുള്ള ബി.എന്‍.പിയുടെ നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭമാണ് ഹസീനയുടെ രാജിയില്‍ കലാശിച്ചിരിക്കുന്നത്. ഇനി എന്ത് സംഭവിക്കും എന്ന് കാതിരുന്ന് കാണാം. നമ്മുടെ വിഷയം അതല്ല. ഇയ്യിടെ ശൈഖ് ഹസീന ജമാഅത്തിനും അതിന്റെ തലമുതിര്‍ന്ന നേതാക്കള്‍ക്കും എതിരെ കളിച്ച നീചവും ക്രൂരവുമായ ഒരു കളിയെക്കുറിച്ചാണ് നമുക്കിവിടെ സംസാരിക്കാനുള്ളത്. കാര്യം ശരിക്ക് മനസ്സിലാകണമെങ്കില്‍ അല്‍പം ചരിത്രം പറയണം.

അല്‍പം ബംഗ്ലാ ചരിത്രം.

ബ്രിട്ടീഷുകര്‍ ഇന്ത്യയും പാകിസ്ഥാനുമായി വിഭജിച്ച് ഭാരത ഭൂഖണ്ഡത്തിന് സ്വതന്ത്ര്യം നല്‍കിയപ്പോള്‍ ഇപ്പോഴുള്ള ബംഗ്ലാദേശ് പാകിസ്ഥാന്റെ ഭാഗമായിരുന്നു. മാപ്പ് നോക്കിയാലറിയാം ബംഗ്ലാദേശ് പാകിസ്ഥാനില്‍നിന്നും വേറിട്ട ഒരു ഖണ്ഡമാണ്. മതമാണ് അവരെ ഒന്നിപ്പിച്ച ഒരേ ഒരു ഘടകം. കാരണം വിഭജനത്തിന്റെ അടിസ്ഥാനം അതായിരുന്നല്ലോ. അങ്ങനെ പാകിസ്ഥാന്റെ ഭാഗമായി കിഴക്കന്‍ പാകിസ്ഥാന്‍ എന്ന പേരില്‍ തുടര്‍ന്ന് പോന്നു. 1970 ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ശൈഖ് മുജീബുര്‍റഹ്മാന്റെ നേതൃത്വത്തിലുള്ള അവാമിലീഗ് മികച്ചപ്രകടനം കാഴ്ചവെച്ചു. പക്ഷെ ജനവിധി മാനിക്കാന്‍ യഹ് യാഖാന്റെ നേതൃത്വത്തിലുളള പാക്ക് പട്ടാളഭരണകൂടം കൂട്ടാക്കിയില്ല. കിഴക്കന്‍ ബംഗാളിലെ ജനങ്ങളോടും അവരുടെ ഭാഷയോടും സംസ്കാരത്തോടും പാക്ക്പട്ടാളവരേണ്യവര്‍ഗത്തിന്റെ നിലപാട് ജനങ്ങളില്‍ എമ്പാടും അതൃപ്തിനിറച്ച പശ്ചാതലത്തില്‍ ജനങ്ങള്‍ കൂടുതല്‍ അസ്വസ്ഥരായി. ജനാധിപത്യപ്രതീക്ഷകളില്‍ നിരാശരായ ജനങ്ങള്‍ ഇളകിവശായി. ഈ കാര്യങ്ങളിലൊന്നും ജമാഅത്തിന് ഒരു പങ്കുമില്ല എന്നത് വ്യക്തം. അതോടൊപ്പം ഒരു തികഞ്ഞ ജനാധിപത്യവാദികളുടെ സ്വരം ഉയര്‍ന്ന് കേട്ടത് മൌദൂദി നേതൃത്വം നല്‍കുന്ന ജമാഅത്തെ ഇസ്ലാമിയില്‍നിന്നാണ്. 

1970 ഡിസംബര്‍ 7 ലെ തെരഞ്ഞെടുപ്പിന് ശേഷം ജമാഅത്തെ ഇസ്ലാമി ആവശ്യപ്പെട്ടുകൊണ്ടിരുന്നത് ജനഹിതം മാനിച്ച് ഭരണഘടനാപ്രകാരമുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ്. ജമാഅത്തെ ഇസ്ലാമി ജനാധിപത്യവിരുദ്ധമാണ് എന്ന് പറയുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് മൌദൂദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പാക്ക് ജമാഅത്ത് നിര്‍വാഹകസമിതി ഐക്യകണ്ഠമായി അംഗീകരിച്ച പ്രമേയം. അതില്‍ ഇങ്ങനെ പറയുന്നു. .... 'അതിനാല്‍ ജനാധിപത്യഅവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പാര്‍ട്ടി എന്ന നിലക്ക്, ഭൂരിപക്ഷം ലഭിച്ച കക്ഷികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണമെന്നാണ് ജമാഅത്തിന്റെ ഖണ്ഡിതമായ നിലപാട്. ആ പാര്‍ട്ടികള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഭരണത്തിലേറിയ ശേഷം അവര്‍ പാലിക്കുന്നുണ്ടോ എന്ന് ജനങ്ങളും വിലയിരുത്തട്ടെ. ജനാധിപത്യത്തില്‍ ഒരു വിധിതീര്‍പ്പും അവസാനവിധിതീര്‍പ്പല്ല...' (ആഈന്‍ വാരിക, ലാഹോര്‍ 1971ജനു 8)

പാകിസ്ഥാനില്‍ നിന്ന് ഒരു സംഘടന ഭരണകൂടത്തോട് തങ്ങളുടേതല്ലാത്ത ഒരു പാര്‍ട്ടിക്ക് വേണ്ടിയാണീ സംസാരം നടത്തിയത്. അത് മാത്രമല്ല. തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് തന്നെ കിഴക്കന്‍ പാകിസ്ഥാന്‍ വിട്ടുപോകുകയാണെങ്കില്‍ പട്ടാളഭരണകൂടത്തിന് ഒന്നും ചെയ്യാനാവില്ല  എന്നും ഓര്‍മപ്പെടുത്തിയിരുന്നു. ഒട്ടും വൈകാരികമല്ലാത്ത ഭാഷയിലാണ് അന്ന് ജമാഅത്ത് സംസാരിച്ചത്. വിഭജനം ഉണ്ടാക്കാനിടയുള്ള മുറിവുകളെക്കുറിച്ച് നന്നായി അറിയുന്നതിനാല്‍ വീണ്ടുമൊരു വിഭജനം നടക്കരുതെന്ന് ജമാഅത്ത് ആഗ്രഹിച്ചിരുന്നു. എന്നാല്‍ പരിഹാരമായി അവരുടെ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കണമെന്നും അടിക്കടി ജമാഅത്ത് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വീണ്ടും വിഭജനം നടന്നു. ഒട്ടനവധി ആളുകള്‍ പാകിസ്ഥാന് പട്ടാളക്കാരാല്‍ കൊല്ലപ്പെട്ടു.  എന്നാല്‍  താത്വിക വിയോജിപ്പിനപ്പറം അതിന്റെ  പ്രവര്‍ത്തകര്‍ പാകിസ്ഥാന് പട്ടാളത്തോടൊപ്പം കൂടി ജനങ്ങളെ അറുകൊല ചെയ്തുവെന്ന് 2007 വരെ ഒരാളും ആരോപിക്കുക പോലും ചെയ്തിട്ടില്ല.

വിഭജനത്തിന് ശേഷം 1979 ല്‍ പുനസംഘടിപ്പിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അവിടുത്തെ രാഷ്ട്രീയത്തില്‍ സജീവമായി ഇടപെട്ട് പോന്നു. 1986, 1991, 1996, 2001, 2008 എന്നീ വര്‍ഷങ്ങളില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ജമാഅത്ത് പങ്കെടുക്കുകയും പാര്‍ലമെന്റില്‍ സജീവ സാന്നിദ്ധ്യമറിയിക്കുകയും ചെയ്തു. 1990 ല്‍ ജനറല്‍ ഇര്‍ഷാദിന്റെ പട്ടാളഭരണകൂടത്തിനെതിരെ സമരം നയിക്കാന്‍ ഇപ്പോള്‍ പ്രതികാരനടപടി തുടരുന്ന അവാമിലീഗും ജമാഅത്തെ ഇസ്ലാമിയും മറ്റ് മുന്ന്  പാര്‍ട്ടികളും ചേര്‍ന്ന് മുന്നണിരൂപീകരിച്ചിരുന്നു എന്നത് മനസ്സിലുണ്ടായിരിക്കട്ടേ. അന്നൊന്നും തോന്നാത്ത യുദ്ധകുറ്റം ജമാത്തിനെതിരെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടത്  എങ്ങനെ?.

യുദ്ധകുറ്റങ്ങളുടെ ചരിത്രം

1972 ജനുവരിയില്‍ ബംഗ്ലാ പ്രസിഡണ്ട് ശൈഖ് മുജീബുര്‍റഹ്മാന്‍ രണ്ട് നിയമങ്ങള്‍ കൊണ്ടുവന്നു. (1). War Crimes Act  (2)  Collaboration Order 1972 . ഇതില്‍ ആദ്യത്തേത് അനുസരിച്ച് പാക് സൈനികര്‍ക്കും ജനറല്‍മാര്‍ക്കും എതിരെ കുറ്റപത്രം സമര്‍പിച്ചു. അവരില്‍ 195 പേര്‍ യുദ്ധകുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. ഇവര്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ തടവുകാരായതിനാല്‍ അവരെ വിട്ടുകിട്ടാന്‍ ഇന്ത്യയോട് അഭ്യര്‍ഥിക്കുകയും ചെയ്തു (ഇന്ത്യയുടെ സഹായത്തോടെയാണ് പാകിസ്താനില്‍നിന്നും ബംഗ്ലാദേശ് മോചനം നേടിയത്  എന്ന കാര്യം നിങ്ങളുടെ മനസ്സിലുണ്ടാകുമല്ലോ). പാക്ക് പട്ടാളക്കാരെയും ഭരണകൂടത്തെയും സഹായിച്ചുവെന്ന പേരില്‍ ബംഗ്ലാദേശ് പിടികൂടിയവരില്‍നിന്ന് 37,471 പേര്‍ക്കെതിരെയും യുദ്ധകുറ്റം ആരോപിച്ചിരുന്നെങ്കിലും കുറ്റപത്രം സമര്‍പിച്ചത് 2748 പേര്‍ക്ക്. ബാക്കിയുള്ളവരെ തെളിവില്ലാത്തതിനാല്‍ വെറുതെ വിട്ടു. വിഭജനത്തിന്റെ തൊട്ടുടനെ നിയോഗിച്ച ഈ കമീഷന്‍ കണ്ടെത്തിയ 2748 പേരില്‍ ഒരു ജമാഅത്തുകാരന്‍ പോലും ഉണ്ടായിരുന്നില്ല. ഇവരില്‍ തന്നെ 752 പേരെയാണ് കോടതി ശിക്ഷിച്ചത്.

തീര്‍ന്നില്ല. അവാമിലീഗിന്റെ ഓഫീസില്‍നിന്ന് തന്നെ പ്രവര്‍ത്തിച്ച മറ്റൊരു കമറ്റി യുദ്ധകുറ്റങ്ങള്‍ ചെയ്തവരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുക എന്ന ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചു. ഭരണഘടനക്ക് രൂപം നല്‍കിയവര്‍ കൂടി ഉള്‍പ്പെടുന്ന ഈ കമറ്റിയുടെ മുഖ്യ ദൌത്യം സൈന്യത്തിന്റെ അധിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുക  എന്നതായിരുന്നു. അവാമി ലീഗ് തന്നെ നടത്തിയ ആ വിപുലമായ വിവരശേഖരണത്തില്‍ ജമാഅത്തുമായി വിദൂരബന്ധം പോലുമുള്ള ആരും ഉണ്ടായിരുന്നില്ല. 30 ലക്ഷം പേരെ പാകിസ്ഥാന്‍ പട്ടാളം കൊന്നുവെന്ന ആരോപണവും രണ്ട് ലക്ഷം സ്ത്രീകളെ മാനഭംഗപ്പെടുത്തി എന്ന ആരോപണവും രണ്ട് വര്‍ഷം നല്‍കിയിട്ടും കമറ്റിക്ക് തെളിയിക്കാന്‍ കഴിഞ്ഞില്ല.  പാകിസ്ഥാന്‍ പട്ടാളത്തിനെതിരെ പോലും തെളിയിക്കാന്‍ പററാത്ത ഈ സര്‍ക്കാര്‍ ആരോപണം ഇപ്പോള്‍ ജമാഅത്തിന്റെ പേരിലാണ് ഇവിടെ ചിലര്‍ കെട്ടി എഴുന്നള്ളിക്കുന്നത് എന്നത് എന്ത് മാത്രം വിചിത്രമായിരിക്കുന്നു. അങ്ങനെ 1974 ല്‍ ഉണ്ടാക്കിയ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് രാജ്യങ്ങളില്‍ പിടിയിലായവര്‍ മോചിപ്പിക്കപ്പെട്ടു.

ശൈഖ് മുജീബുര്‍റഹ്മാന്‍
1974 ഏപ്രിലില്‍ പാകിസ്ഥാനിലെ ലാഹോറില്‍ ചേര്‍ന്ന ഒ.ഐ.സി. യോഗത്തില്‍ ശൈഖ് മുജീബുര്‍റഹ്മാന്‍ പങ്കെടുത്തു. അതോടെ ബംഗ്ലാദേശിനെ പാകിസ്ഥാന്‍  അംഗീകരിച്ചു. 1976 ഓടെ ഇരു രാജ്യങ്ങളും തമ്മില്‍ പൂര്‍ണമായ നയതന്ത്രബന്ധങ്ങള്‍ സ്ഥാപിതമായി. തുടര്‍ന്ന് പാക്ക് പ്രധാനമന്ത്രി സുള്‍ഫികര്‍ അലി ഭൂട്ടോ ബംഗ്ലാദേശ് സന്ദര്‍ശിച്ചു.

ഇതാണ് യഥാര്‍ഥ ചരിത്രം. അന്നത്തെ ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെട്ടുകിടക്കുന്നുണ്ട് പ്രമുഖരുടെ ഗ്രന്ഥങ്ങളില്‍ ബംഗ്ലാദേശ് ഗവ. ഏറ്റവു വലിയ ബഹുമതിയായ ബീര്‍ ഉത്തം  നല്‍കി ആദരിച്ച ശരീഫുല്‍ ഹഖിന്റെ ആത്മകഥ (Bangladesh: Untold Fact)യിലും, ഇന്ത്യന്‍ ലഫ്റ്റനന്‍റ് ജനറലായിരുന്ന ജേക്കബിന്റെ Surrender at Dacca: Birth of a Nation എന്ന പുസ്തകവുമൊക്കെ ഇതിലേക്ക് വെളിച്ചം വീശുന്നു. ഇതൊക്കെ അവഗണിച്ചാണ് അവാമിലീഗ് ഇപ്പോള്‍ പ്രചരിപ്പിക്കുന്ന കള്ളങ്ങള്‍ ഇന്ത്യയിലെ പ്രമുഖ എഴുത്തുകാരടക്കം വായിച്ച് ചര്‍ദ്ധിക്കുന്നത്. അത് വലിയ സത്യം എന്ന നിലക്ക് നെറ്റിലെ സിംഹങ്ങള്‍ വീണ്ടും എടുത്തെഴുതി ജമാഅത്തിനെ ഭീകരവല്‍ക്കരിക്കാന്‍ മത്സരിക്കുന്നു.

പുതിയ ജമാഅത്ത് വേട്ടയുടെ തുടക്കം.

42 വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ ഏതാണ്ടെല്ലാ അലയൊലികളും ജനഹൃദയത്തില്‍നിന്ന് മാഞ്ഞതിന് ശേഷം 2010 ല്‍ ജമാഅത്തിനെ തകര്‍ക്കാന്‍ മാത്രം ലക്ഷ്യം ഇട്ട് തട്ടിപ്പടച്ച പ്രാദേശികമായ ട്രെബ്യൂണലാണ്. ഇന്‍റര്‍ നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍. പേരില്‍ മാത്രമേ ഇന്റര്‍ നാഷണല്‍ ഉള്ളൂ. അവാമി ലീഗ് അനുകൂലികളായ ജഡ്ജിമാരും അഭിഭാഷകരും മാത്രമുള്ള ഒട്ടും സുതാര്യതയില്ലാത്ത ഒരു പ്രാദേശിക കമ്മററി മാത്രമാണിത്. ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ട്രബ്യൂണലടക്കം ഒരു ഡസന്‍ കമറ്റികള്‍ ഇതിന്റെ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.

മറ്റൊരു രസകരമായ കാര്യം ഇതിന്റെ ആദ്യചെയര്‍മാനായ അവാമി ലീഗ് പക്ഷപാതി മുഹമ്മദ് നിസാമുല്‍ ഹഖും ബ്രസല്‍സില്‍ ജോലിചെയ്യുന്ന മറ്റൊരു അവാമിലീഗ് പക്ഷക്കാരനും നടത്തിയ 230 ഇമെയിലും 17 മണിക്കൂര്‍ നീളുന്ന ടെലഫോണ്‍ സംഭാഷണവും വെളിച്ചത്ത് വന്നു. അന്തരാഷ്ട്ര സമൂഹത്തിന് സംശയം തോന്നിപ്പിക്കാത്തവിധം എങ്ങനെ യുദ്ധകുറ്റങ്ങള്‍ പടച്ചുവിടാം എന്നതായിരുന്നു ഇതില്‍ ചര്‍ചവിഷയം. ട്രബ്യൂണലും പ്രോസിക്യൂഷനും ഗവണ്‍മെന്റും തമ്മിലുള്ള സകലകള്ളക്കളികലും പുറത്തായതോടെ ചെയര്‍മാന് രാജിവെക്കേണ്ടി വന്നു. ജമാഅത്ത് നേതാക്കള്‍ക്ക് ശിക്ഷനല്‍കേണ്ട സമയം പോലും മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നുവെന്ന് അതോടെ എല്ലാവരും അറിഞ്ഞു. ട്രബ്യൂണല്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഇത് മതിയായ കാരണമായിരുന്നെങ്കിലും പകരം ആളെ വെച്ച് തുരുതുരാ വധശിക്ഷകള്‍ നടപ്പാക്കുകയായിരുന്നു ഭരണകൂടം


കുറ്റാരോപിതര്‍ക്ക് തങ്ങളുടെ വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്ന ഏത് തരം വിചാരണയെയും തങ്ങള്‍ നേരിടാന്‍ തയ്യാറാണെന്ന് ബഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പക്ഷെ അവര്‍ക്ക് വേണ്ടത് ജമാഅത്തിന് നേതൃത്വം നല്‍കുന്നവരുടെ ചോരയാണ്. ബംഗ്ലാദേശില്‍ ഏറ്റവുമധികം ജീര്‍ണിച്ചത് നീതിന്യായ സംവിധാനമാണ് എന്ന് പറയുന്നത്. സത്യമെഴുതിയതിന്റെ പേരില്‍ 9 മാസം ജയിലില്‍ കഴിയേണ്ടി വന്ന, അമര്‍ദേശ് എന്ന ബംഗാളി ദിനപത്രത്തിന്റെ എഡിറ്റര്‍ മഹമൂദ് റഹ്മാന്‍. വളരെയേറെ പരിഹാസ്യവും വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ് ട്രെബ്യൂണലിന്റെ ഓരോ ശിക്ഷാവിധിയും. അതിനേക്കാള്‍ പരിഹാസ്യമാണ് ഈ നടക്കുന്നതൊക്കെ സെക്യൂലറിസത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് എന്ന നിലക്കുള്ള ഇവിടെയുള്ള ചിലരുടെ സംസാരങ്ങള്‍.

പരിഹാസ്യമായ ശിക്ഷാവിധികള്‍


ഇനി ഇതിലൂടെ പുറത്ത് വന്ന ചില ശിക്ഷാവിധികള്‍ പരിശോധിക്കാം. ഇക്കഴിഞ്ഞ ജനുവരി അവസാനവാരത്തില്‍ ട്രബ്യൂണല്‍ ബംഗ്ലാ ജമാഅത്തെ ഇസ്ലാമി അസി.സെക്രടറി ജനറല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മുഴുവന്‍ ജമാഅത്ത് നേതാക്കള്‍ക്കും വധശിക്ഷ നല്‍കികൊണ്ടിരിക്കുമ്പോഴാണ് ഈ വ്യത്യസ്ഥമായ വിധി. അവാമിലീഗ് അണികളെ ഇളക്കിവിടാനുള്ള ഒരു തന്ത്രപരമായ നീക്കമായിരുന്നു അത്. അതോടെ അണികള്‍ ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷനല്‍കൂ എന്നക്രോഷിച്ചുകൊണ്ട് ശാഹ് ബാഗ് ചത്വരത്തിലേക്ക് നീങ്ങി. ഇത് ഭരണകൂടം നേരത്തെ തിരക്കഥയെഴുതി ഒപ്പിച്ചെടുത്ത ഒന്നായിരുന്നു. ഇതിനെയാണ് മീഡിയ ബംഗാളി വസന്തമെന്ന് വാഴ്തിയത്. അതേ വിവരക്കേട് ഏറ്റുപാടാത്തതിനാണ് ഇവിടെ ചില ആക്ടിവിസ്റ്റുകള്‍ മാധ്യമത്തിനും മീഡിയാ വണ്ണിനുമെതിരെ തിരിഞ്ഞത് എന്നതാണ് അതിലേറെ രസകരം. കഥയറിയാതെ  200 ഓളം ഫെയ്സ് ബുക്ക് സുഹൃത്തുക്കള്‍ അതിന് ലൈക്ക് ചെയ്തതും കണ്ടു. 

ജമാഅത്ത് നേതാക്കളെക്കുറിച്ച വൃത്തികെട്ട കാര്‍ട്ടുണുകള്‍ അവര്‍ ചത്വുരത്തിലെങ്ങും തൂക്കിയിട്ടു. സോഷ്യല്‍ മീഡിയയില്‍ അവര്‍ കുറിച്ചിട്ടത് മിക്കവയും എടുത്തെഴുതാന്‍ പോലും പറ്റാത്തവിധം ഇസ്ലാമിനെയും പ്രവാചകനെയും കുറിച്ച അശ്ലീലങ്ങളായിരുന്നു. അതില്‍ അതിരുകടന്ന ചിലരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ചില മതസംഘടനകള്‍കൂട്ടുചേര്‍ന്ന് രംഗത്തിറങ്ങി. ജമാഅത്തെ ഇസ്ലാമിക്കെതിരെ ഈ കാടത്തം തുടരുന്ന സന്ദര്‍ഭത്തില്‍ തന്നെ ജമാഅത്തെ ഇസ്ലാമി കൂടി ഉള്‍പ്പെട്ട സംഘം അതിനെതിരെ തെരുവിലറങ്ങിയ പശ്ചാതലം ഇതായിരുന്നു. 'ഇപ്പോള്‍ ഇത് വേണമായിരുന്നോ ..' എന്ന് അന്ന് എന്റെ ചില സുഹൃത്തുക്കള്‍ ചോദിച്ചതോര്‍ക്കുന്നു. പേരിനെങ്കിലും ചില ശിക്ഷാവിധികള്‍ സ്വീകരിക്കാന്‍ അതേതുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ബന്ധിതരായി. 

മുകളില്‍ പരാമര്‍ശിക്കപ്പെട്ട അബ്ദുല്‍ ഖാദിര്‍ മുല്ല. ബംഗ്ലാദേശ് സ്വതന്ത്രമായ ശേഷം ധാക്കാ യുണിവേഴ്സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കി, ബംഗ്ലാദേശ് റൈഫിള്‍സില്‍ ചേര്‍ന്നു. ഒരു അര്‍ഥ സര്‍ക്കാര്‍ സൈനികവിഭാഗത്തില്‍ എങ്ങനയാണ് ഒരു യുദ്ധകുറ്റവാളിക്ക് ജോലികിട്ടുക എന്ന് ചോദിക്കരുത്. കാരണം 42 വര്‍ഷത്തിന് ശേഷമാണല്ലോ അവിടെ 'സത്യം വെളിപ്പെടാന്‍' തുടങ്ങിയത്. 

ഇനി മറ്റൊരു കേസ് നോക്കൂ. ദലാവര്‍ ഹുസൈന്‍ സഈദാണ് വധശിക്ഷവിധിക്കപ്പെട്ട മറ്റൊരു നേതാവ്. സംഘടനയുടെ ഉപാധ്യക്ഷന്‍, അറിയപ്പെടുന്ന ഇസ്ലാമിക പണ്ഡിതന്‍, ഉജ്വല പ്രഭാഷകന്‍ എന്ന നിലക്കാണ് അദ്ദേഹം ബംഗ്ലാദേശില്‍ അറിയപ്പെടുന്നത്. നേരത്തെ സൂചിപ്പിച്ച ചോര്‍ന്ന് കിട്ടിയ ടേപ്പില്‍ ഇദ്ദേഹത്തിന്റെ വധിശിക്ഷയെ പരാമര്‍ശിക്കുന്നുണ്ട്. ജനം അന്തിമ വിധിയേ ശ്രദ്ധിക്കൂ പിന്നാമ്പുറ കാര്യങ്ങള്‍ ചികയാന്‍ പോകില്ല എന്നതാണ് ഇദ്ദേഹത്തിന് തൂക്കുകയര്‍ വിധിക്കുമ്പോള്‍ അവരുടെ ഉള്ളിരിപ്പു. അത് വാക്കുകളിലൂടെ ലോകം കേള്‍ക്കുകയും ചെയ്തു. സാത്വികനായ അദ്ദേഹം കൊലനടത്തിയെന്ന്  അല്‍പം മനസ്സാക്ഷിയുള്ള ആരും വിശ്വസിക്കുകയില്ല എന്ന് ശിക്ഷവിധിച്ചവര്‍ക്ക് തന്നെ അറിയാം. വിഭജനം നടന്ന കാലത്ത് അദ്ദേഹം ജമാഅത്ത് പോലുമല്ല. പിന്നീട് 1979 ലാണ് അദ്ദേഹം അംഗത്വം എടുക്കുന്നത്. പിന്നീട് ജമാഅത്ത് ടിക്കറ്റില്‍ മത്സരിച്ച് പാര്‍ലമെന്റ് അംഗം വരെയായി. തങ്ങളുടെ സിംഹാസനം നിലനിര്‍ത്താന്‍ ഇങ്ങനെയുള്ളവരെതന്നെയാണല്ലോ പരലോകത്തേക്ക് വേഗം അയക്കേണ്ടത് അല്ലേ?. 

ദലാവറിനെതിരെ സാക്ഷിയായി പ്രൊസിക്യൂഷന്‍ കൊണ്ടുവന്നത് ഹിന്ദുമതവിശ്വാസിയായ സുഖ് രജ്ഞന്‍ ബാലി എന്നൊരാളെയാണ്. തന്റെ സഹോദരനെ ദലാവര്‍ കൊല്ലുന്നതായി കണ്ടുവെന്ന് ബാലി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ തന്റെ പേര്‍ എങ്ങനെ ഈ സാക്ഷിപട്ടികയില്‍ വന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. സത്യസന്ധനായ അദ്ദേഹം എന്റെ സഹോദരനെ കൊന്നത് ദലാവറല്ല എന്ന് പ്രഖ്യാപിച്ചു. ഇത് ഔദ്യോഗികമായി തിരുത്തുന്നതിന് കോടതിയിലേക്ക് പുറപ്പെട്ട അദ്ദേഹത്തെ ഒരു അജ്ഞാതസംഘം തട്ടികൊണ്ടുപോയി. ആ തട്ടികൊണ്ട് പോയത് ബംഗ്ലാ രഹസ്യപോലീസായിരുന്നു. അവര്‍ ആഴ്ചകളോളം അദ്ദേഹത്തെ പീഡിപ്പിച്ച് ഇന്ത്യഅതിര്‍ത്തിയില്‍ കൊണ്ടുവന്ന് തളളി. അത് തന്നെയും ധാക്കയില്‍നിന്ന് ഇറങ്ങുന്ന ഒരു പത്രം അദ്ദേഹം കൊല്‍ക്കത്തയിലെ ജയിലില്‍ നരകിക്കുകയാണെന്ന സത്യം പുറം ലോകത്തെ അറിയിച്ചത് കൊണ്ട്. അല്ലെങ്കില്‍ അദ്ദേഹം പുറം ലോകം കാണുമായിരുന്നില്ല. ബാലി ബംഗ്ലാദേശിലേക്ക് തിരിച്ചുപോയാല്‍ അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാകുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 

വധശിക്ഷക്ക് വിധേയാനായ മറ്റൊരു നേതാവ്, ബംഗ്ലാ ജമാഅത്തെ ഇസ്ലാമി അധ്യക്ഷന്‍ മൌലാനാ മുത്വീഉര്‍റഹ്മാന്‍ നിസാമി. ഖാലിദാസിയയുടെ മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായി മികച്ച ഭരണം കാഴ്ചവെച്ച അദ്ദേഹത്തെ അഴിമതികേസുകളില്‍ കുടുക്കാനായിരുന്നു തുടക്കത്തില്‍ ശ്രമിച്ചത് എന്നാല്‍ അതിന് സാധിച്ചില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും സംശുദ്ധിയുടെ പര്യായമായ അദ്ദേഹത്തിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി. തനിക്ക് വോട്ടു ചെയ്യാത്തതിനാണ് നിസാമി അവരെകൊന്നതെന്ന് ആരോപിക്കുന്നുണ്ട്. എന്നാല്‍ അതിലെ പരിഹാസ്യമായ വസ്തുത 1970 ല്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല എന്നതാണ്. മറിച്ച് അദ്ദേഹം ആദ്യമായി  മത്സരിക്കുന്നത് 1986 ല്‍. നിസാമി തന്നെ ഇത് ട്രബ്യൂണലില്‍ ചോദിച്ചു.  വധശിക്ഷവിധിക്കുന്നതിനിടയില്‍ വസ്തുത പരിശോധിക്കാന്‍ സമയമെവിടെ അല്ലേ... രാഷ്ട്രീയ പ്രതിയോഗികള്‍ പലപ്പോഴായി എഴുതിവിട്ട ചില പത്രക്കട്ടിംഗുകളാണ് വധശിക്ഷക്ക് തെളിവ്. 

കുറ്റം മാത്രം പറയരുതല്ലോ. ചില വിധിയിലൊക്കെ മനുഷ്യത്വപരമായ കാരുണ്യവും ട്രബ്യൂണല്‍ കാണിച്ചിട്ടുണ്ട്. അങ്ങനെയാണ് 91 വയസുള്ള അദ്ദേഹത്തിന് വധശിക്ഷനല്‍കിയില്ല. പകരം 90 വര്‍ഷത്തെ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചാല്‍ മതി. എന്തൊരു ഔദാര്യം അല്ലേ. സത്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞത് പോലെ ഒരു മിനിറ്റ് പോലും ശിക്ഷിക്കാനുള്ള തെളിവ് പ്രൊസിക്യൂഷന് ഹാജറാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ ജമാഅത്തിന്റെ നേതാവെന്ന നിലക്ക് യുദ്ധകുറ്റങ്ങളുടെ ഉത്തരവാദിത്തം അദ്ദേഹത്തില്‍ ചുമത്തി. ഒരു കാലത്ത് ജമാഅത്തില്‍ പ്രവര്‍ത്തിച്ച് ഇപ്പോള്‍ പ്രവാസ ജീവിതം നയിക്കുന്നവര്‍ക്കും ഉണ്ട് വധ ശിക്ഷ. അബുല്‍ കലാം ആസാദാണ് ആ ഭാഗ്യവാന്‍. ഇനിയും ഒട്ടേറെ കേസുകള്‍ ഇതുപോലെ അന്തം കെട്ടതായി ഉണ്ടെങ്കിലും ട്രബ്യൂണല്‍ എന്താണെന്നും വധശിക്ഷക്ക് വിധിക്കപ്പെട്ട ജമാഅത്ത് നേതാക്കളുടെ അവസ്ഥയെന്താണെന്നും മനസ്സിലാക്കാന്‍ ഈ ഉദാഹരണങ്ങള്‍ മതി. 

ജമാഅത്ത് ധാക്കയില്‍  ട്രബ്യൂണലിനെതിരെ നടത്തിയ ...
ഇതുകൊണ്ടൊക്കെ ജമാഅത്തിനെ തകര്‍ക്കാനാവുമോ, ഇല്ലെന്ന് ഇവര്‍ക്ക് തന്നെ അറിയാം. അതിനാല്‍ 2013 ആഗസ്ത് ഒന്നിന് ജമാഅത്തെ ഇസ്ലാമിയുടെ അംഗീകാരവും ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ജമാഅത്ത് ഉള്‍പ്പെടെയുള്ള ബീഗം ഖാലിദാ സിയയുടെ ബി.എന്‍.പി സഖ്യം അധികാരത്തില്‍ വരുമെന്ന് ഉറപ്പായതോടെയാണ് ജമാഅത്തിനെതിരിലുള്ള ഈ വേട്ട ആരംഭിച്ചത്. ജമാഅത്തിനെതിരെ ഈ സന്ദര്‍ഭത്തില്‍ ഇസ്ലാമോ ഫോബിയ കളിച്ചാല്‍ ഈ രാഷ്ട്രീയ പ്രതിസന്ധിയെ മറിക്കടക്കാം എന്ന് അവരെ ഉപദേശിച്ചതാരാണ് ആവോ. ഏതായാലും ഈജിപ്തില്‍ മുര്‍സിയും ബംഗ്ലാദേശില്‍ ജമാഅത്തെ ഇസ്ലാമി നേതാക്കളും നേരിടുന്ന അവസ്ഥക്ക് ചില സമാനതകളുണ്ട്. ഈ കളികള്‍ക്കൊക്കെ ശേഷവും ശൈഖ് ഹസീനാ വാജിദിന് വേണ്ടത്ര പിടിച്ച് നില്ക്കാനാവുന്നില്ല എന്നാണ് ഇന്നത്തെ രാജിയോടെ ബോധ്യപ്പെടുന്നത്. 

'ഇവര്‍ തങ്ങളുടെ വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ നോക്കുന്നു. അല്ലാഹുവിന്റെ നിശ്ചയമോ, തന്റെ പ്രകാശത്തെ സമ്പൂര്‍ണമായി പരത്തുകതന്നെ വേണമെന്നത്രെ-നിഷേധികള്‍ക്ക് അതെത്ര അസഹ്യമായാലും ശരി.' (ഖുര്‍ആന്‍, 61:8)


(റെഫറന്‍സ് : ബോധനം ദ്വൈമാസിക. 2013 ഒക്ടോബര്‍-ഡിസംബര്‍)

10 അഭിപ്രായ(ങ്ങള്‍):

Usaid kadannamanna പറഞ്ഞു...

ശത്രുക്കള്‍ക്ക് എതിരാവുമ്പോള്‍ ആരുടേയും ഏതു കള്ള കേസും കള്ള പ്രചാരണങ്ങളും ചിലര്‍ക്ക് സ്വീകാര്യമാണ്,
സംഭവ സമയത്ത് ഇല്ലാത്ത കേസും വിചാരണയും, അന്ന് ബാല്യത്തില്‍ ആയിരുന്നവര്‍ക്ക് നേരെ പോലും വരുമ്പോള്‍ അത് രാഷ്ട്രീയ പ്രതികാരത്തിനു വേണ്ടിയുള്ള ഗൂഢാലോചനയുടെ ഫലമാണെന്ന് സാമാന്യ യുക്തിക്ക് മനസ്സിലാവുന്നതാണ്
പക്ഷേ മനസ്സിലാക്കി എന്നന്ഗീകരിച്ചാല്‍ നഷ്ടപ്പെടുന്നത് എന്ത് ചര്‍ച്ച വരുമ്പോഴും പിടിച്ചു നില്‍കാന്‍ ഉള്ള പിടിവള്ളിയാണ്...

സജ്ജാദ് വാണിയമ്പലം പറഞ്ഞു...

ബംഗ്ലാദേശ് വിഭജന കാലത്തെ കൂട്ടകുരുതികളെ കുറിച്ചും കൂട്ട ബലാല്‍സംഗങ്ങളെ കുറിച്ചും കേട്ട കഥകളില്‍ അധികവും നുണയായിരുന്നുവന്നു ഷര്‍മിള ബോസ് സമര്ഥിക്കുന്നു...
http://winnowed.blogspot.in/2011/12/dead-reckoning-memories-of-1971.html

Abid Ali പറഞ്ഞു...

ബംഗ്ലാ ജമാഅത്ത് :ഹസീനയുടെ മതേതര ഭീകരതയുടെ ഇര

CKLatheef പറഞ്ഞു...

അങ്ങനെ അത് സംഭവിച്ചു. ചരിത്രത്തിന്റെ ആവര്‍ത്തനം. അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റി ഇന്നാ ലില്ലാഹി വഇന്നാ ഇലൈഹു റാജിഊന്‍ ...

CKLatheef പറഞ്ഞു...


ബംഗ്ലാദേശ് ജമാഅത്ത് നേതാവിനെ തൂക്കിലേറ്റി
Published on Thu, 12/12/2013 - 23:15 ( 2 hours 27 min ago)

ബംഗ്ലാദേശ് ജമാഅത്ത് നേതാവിനെ തൂക്കിലേറ്റിഅബ്ദുല്‍ ഖാദര്‍ മുല്ല
ധാക്ക: വിമോചന യുദ്ധകാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്‍ ഖാദര്‍ മുല്ലയെ തൂക്കിലേറ്റി. 65 കാരനായ ഇദ്ദേഹത്തിന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചതിന് പിന്നാലെയാണ് ശിക്ഷ നടപ്പാക്കിയത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ രാജ്യത്ത് തൂക്കിലേറുന്ന ആദ്യ നേതാവാണ് ഇദ്ദേഹം.
ധാക്കയിലെ ജയിലില്‍ പ്രാദേശിക സമയം വ്യാഴാഴ്ച രാത്രി 10.01 നാണ് ശിക്ഷ നടപ്പാക്കിയതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 1971ലെ ബംഗ്ളാദേശ് വിമോചന യുദ്ധകാലത്ത് മുല്ല പാക് സൈനികരുടെ അതിക്രമങ്ങളുമായി സഹകരിച്ചു എന്നാണ് ഇദ്ദേഹത്തിനെതിരായ പ്രധാന ആരോപണം. അദ്ദേഹം സമര്‍പ്പിച്ച പുന$പരിശോധനാ ഹരജി തള്ളിയാണ് സുപ്രീം കോടതി ശിക്ഷ ശരിവെച്ചത്. അതേസമയം, ജമാഅത്തെ ഇസ്ലാമിക്കെതിരായ പകവീട്ടലിന്‍െറ ഭാഗമായ രാഷ്ട്രീയ പ്രേരിത നടപടിയാണ് മുല്ലക്കെതിരായ വധശിക്ഷാ വിധിയെന്ന് ജമാഅത്തെ ഇസ്ലാമി കുറ്റപ്പെടുത്തി.
വധശിക്ഷയില്‍ പ്രതിഷേധിച്ച് രണ്ടുദിവസമായി ദേശവ്യാപക പ്രതിഷേധം അലയടിക്കുന്നുണ്ട്. മുല്ലയെ വിസ്തരിച്ച സ്പെഷല്‍ ട്രൈബ്യൂണലിന് അന്താരാഷ്ട്ര മാനദണ്ഡപ്രകാരമുള്ള നിലവാരം ഇല്ളെന്നും അദ്ദേഹത്തിന് അപ്പീലിന് അവസരം നല്‍കണമെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രം പ്രക്ഷുബ്ധാവസ്ഥയില്‍ വീര്‍പ്പുമുട്ടുന്നതിനിടെ ഒരു പ്രമുഖ നേതാവിന്‍െറ വധശിക്ഷ നടപ്പാക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും ബംഗ്ളാദേശ് അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

http://www.madhyamam.com/news/260912/131212

Unknown പറഞ്ഞു...

"എന്നാല്‍ താത്വിക വിയോജിപ്പിനപ്പറം അതിന്റെ (ജമാ അത്തെ ഇസ്ലാമിയുടെ) പ്രവര്‍ത്തകര്‍ പാകിസ്ഥാന് പട്ടാളത്തോടൊപ്പം കൂടി ജനങ്ങളെ അറുകൊല ചെയ്തുവെന്ന് 2007 വരെ ഒരാളും ആരോപിക്കുക പോലും ചെയ്തിട്ടില്ല" - ഇത് വസ്തുതയല്ല. അന്നു തന്നെ ഈ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഞാന്‍ ഗള്‍ഫില്‍ എത്തിയത് 1991-ലാണ്‌. ആ സമയത്ത് കമ്പനിയില്‍ കൂടെ ജോലി ചെയ്തിരുന്ന ബംഗ്ളാദേശികള്‍, അവാമി ലീഗും, ബി. എന്‍. പിയും ജനറല്‍ എര്‍ഷാദിന്റെ പിന്തുണക്കാരും ഇത് പറഞ്ഞിരുന്നു. (വധശിക്ഷയെ ഞാന്‍ അനുകൂലിക്കുന്നില്ല)

Unknown പറഞ്ഞു...

യേശുവിനെ കുരിശിലെട്ടിയ്പ്പോള്‍ അതിനെ അന്ന് അനുകൂലിക്കാന്‍ ആളുണ്ടായിരുന്നു. വര്‍ഷങ്ങളോളം ജയിലില്‍ കിടന്ന നെല്‍സണ്‍ മണ്ടേലയെ ഇന്നു ലോകം ഇങ്ങിനെ ബഹുമാനിക്കുന്നു.

Aneesudheen പറഞ്ഞു...

അബ്ദുല്‍ ഖാദര്‍ മുല്ല .....
രക്തസാക്ഷിത്വങ്ങള്‍ ആവര്ത്തിക്കപ്പെടുന്നു....ചരിത്രവും.....
അധികാരത്തിന്‍റെ തിമിരം ബാധിച്ച ഹസീന വാജിദയും കൂട്ടാളികളും അതിക്രൂരമായി ആ ജീവന്‍ എടുത്തിരിക്കുന്നു....
ഈ രക്തസാക്ഷിത്വം ഇസ്ലാമിക വിപ്ലവത്തിന് വീര്യം പകരും....തീര്‍ച്ച.....
ഇത് ഇസ്ലാമിക മാര്‍ഗ്ഗത്തിലുള്ള അവസാനത്തെ രക്തസാക്ഷിത്വമല്ല....
ബംഗ്ലാദേശിലെ ജമാത്തെ ഇസ്ലാമി നേതാക്കൾ ഭരണകൂട ഭീകരതയെ ധീരമായി നേരിടുന്നു... .
അള്ളാഹു അവർക്ക് ക്ഷമയും സഹിഷ്ണുതയും പ്രദാനം ചെയ്യുമാറാവട്ടെ ....
അബ്ദുൽ ഖാദർ മുല്ലയുടെ രക്തസാക്ഷിത്വം അള്ളാഹു സ്വീകരിക്കുകയും ആത്മാവിനെ അനുഗ്രഹിക്കുകയും ചെയ്യുമാ റാവട്ടെ....ആമീൻ ....

Ameen പറഞ്ഞു...

കൂടുതല്‍ വിവരങള്‍ തന്ന ലേഖനം.
നന്ദി

CKLatheef പറഞ്ഞു...

ധാക്ക: ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി നേതാവ് മുതീഉര്‍റഹ്മാന്‍ നിസാമിയുടെ വധശിക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി. ചൊവ്വാഴ്ച അര്‍ധരാത്രി ധാക്ക സെന്‍ട്രല്‍ ജയിലില്‍വെച്ച് അദ്ദഹേത്തെ തൂക്കിലേറ്റിയതായി നിയമ മന്ത്രാലയം അറിയിച്ചു. 1971ലെ ബംഗ്ളാദേശ് വിമോചനകാലത്തെ യുദ്ധക്കുറ്റങ്ങള്‍ ആരോപിച്ചാണ് 73കാരനായ നിസാമിക്ക് അന്താരാഷ്ട്ര ക്രൈംസ് ട്രൈബ്യൂണല്‍ 2014ല്‍ വധശിക്ഷക്ക് വിധിച്ചത്. കഴിഞ്ഞയാഴ്ച അദ്ദഹത്തേിന്‍െറ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് അദ്ദഹേത്തെ കാശിംപൂര്‍ ജയിലില്‍നിന്ന് ധാക്ക സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്.

1971ലെ യുദ്ധക്കുറ്റത്തിന്‍െറ പേരില്‍ വധശിക്ഷലഭിക്കുന്ന ജമാഅത്ത് നേതാക്കളില്‍ ഏറ്റവും ഒടുവിലത്തെയാളാണ് മുതീഉര്‍റഹ്മാന്‍. നേരത്തെ, ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറി അലി അഹ്സന്‍ മുഹമ്മദ് മുജാഹിദുള്‍പ്പെടെയുള്ള നേതാക്കളെ ട്രൈബ്യൂബണല്‍ വിധിയെ തുടര്‍ന്ന് വധിച്ചിരുന്നു. ശൈഖ് ഹസീന സര്‍ക്കാര്‍ രൂപവത്കരിച്ച ട്രൈബ്യൂണല്‍ ഇതിനകം 13 പേരെ തൂക്കിലേറ്റിയിട്ടുണ്ട്. അന്താരാഷ്ട്ര സമിതികളുടെ പിന്‍ബലമില്ലാത്ത ട്രൈബ്യൂണലിനെതിരെ നേരത്തെ തന്നെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തുവന്നിരുന്നു.

1943ല്‍ ബംഗാള്‍ പ്രസിഡന്‍സിക്കുകീഴിലുള്ള ശാന്തി ഉപാസിനയില്‍ ജനിച്ച മുതീഉര്‍റഹ്മാന്‍ 1991-96 ലും 2001-06ലും പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 2001-03 കാലത്ത് കൃഷി വകുപ്പിന്‍െറയും 2003-06 കാലത്ത് വ്യവസായവകുപ്പിന്‍െറയും ചുമതലയുള്ള മന്ത്രിസ്ഥാനവും വഹിച്ചു. ഈ കാലത്ത് ബംഗ്ളാദേശ് ജമാഅത്ത് അധ്യക്ഷനുമായിരുന്നു അദ്ദഹേം.

http://www.madhyamam.com/international/asia-pacific/2016/may/11/195770

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK