'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഓഗസ്റ്റ് 30, 2016

സലഫിസത്തിന്റെ ദുര്‍ബലപ്രതിരോധം

പ്രബോധനം ചോദ്യോത്തരത്തിൽ നിന്ന് ... നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റു ബോക്സിൽ നൽകാം..
--------------------------
'.........സലഫികളുടെ (പൂര്‍വികരുടെ) രീതിശാസ്ത്രം പിന്തുടരുന്നുവെന്ന് അവകാശപ്പെട്ട് അതിന് വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും സലഫി എന്ന പേരില്‍ അറിയപ്പെടാനാഗ്രഹിച്ചു. മതത്തിന് രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയവരും മദ്ഹബുകളെയും (ചിന്താധാര) വ്യക്തികളെയും അന്ധമായി അനുകരിക്കുന്ന സൂഫിത്വരീഖത്തിന്റെ വക്താക്കളും മേല്‍വിലാസം ലഭിക്കുന്നതിന് സലഫി എന്ന പേരില്‍ പരിചയപ്പെടുത്താന്‍ തുടങ്ങി. ഭരണകൂടങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരും ബഹുസ്വരതയോട് യുദ്ധം പ്രഖ്യാപിച്ചവരും ജനാധിപത്യവിരോധികളുമെല്ലാം ആ പദം ദുരുപയോഗം ചെയ്തു. ആത്മീയതയിലുള്ള അതിരുകവിയലും ഇസ്‌ലാമിനെ രാഷ്ട്രീയമായി ദുര്‍വ്യാഖ്യാനിച്ചതുമാണ് ഭീകര സംഘങ്ങള്‍ക്കു പറ്റിയ അബദ്ധം. മാനവരാശിയുടെ ശത്രുക്കളായ ഈ കൊടും ഭീകരരെ സലഫിസവുമായി ബന്ധിപ്പിക്കുന്നത് വിവരദോഷമാണ്.''
''....സലഫികള്‍ ഖുര്‍ആനും നബിചര്യയും പൂര്‍വികര്‍ മനസ്സിലാക്കിയ രീതിയില്‍ ഉള്‍ക്കൊള്ളുന്നതോടൊപ്പം എല്ലാ ആധുനികതകളുടെയും നന്മയുടെ പക്ഷം നില്‍ക്കുന്നവരുമാണ്. ആധുനിക ജനാധിപത്യം, ബഹുസ്വരത, മതനിരപേക്ഷത, സാംസ്‌കാരിക സാമൂഹിക രംഗത്തെ നവീകരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതില്‍ സലഫികള്‍ എന്നും മുന്നിലാണ്. ഖുര്‍ആനിനെയോ നബിവചനങ്ങളെയോ രാഷ്ട്രീയ വ്യാഖ്യാനത്തിന് വിധേയമാക്കാത്തതിനാലാണ് പലപ്പോഴും പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ വക്താക്കള്‍ സലഫികളെ അക്ഷരവായനക്കാരെന്ന് ആക്ഷേപിക്കാറുള്ളത്. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ കടന്നുവരവിനെതിരെ ബൗദ്ധിക ചെറുത്തുനില്‍പു നടത്തി മതനിരപേക്ഷതയുടെ പക്ഷത്ത് മലയാളി മുസ്‌ലിംകളെ ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ സലഫി പ്രസ്ഥാനത്തിന്റെയും ബുദ്ധിജീവികളുടെയും പങ്ക് ആര്‍ക്കും മറക്കാനാവില്ല. ബഹുസ്വര സമൂഹത്തിലെ ഭരണകൂടങ്ങളെ ദൈവികേതര ഭരണകൂടമെന്ന് വിശേഷിപ്പിച്ച് ഭരണകൂടത്തോട് യുദ്ധം പ്രഖ്യാപിക്കുന്ന പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തടഞ്ഞില്ലായിരുന്നെങ്കില്‍ മലയാളി മുസ്‌ലിംകളുടെ അവസ്ഥ മറ്റൊന്നാകുമായിരുന്നു..'' ('സലഫിസവും തെറ്റിദ്ധാരണകളും'-ടി.പി അബ്ദുല്ലക്കോയ മദനി, മാതൃഭൂമി ദിനപത്രം 2016 ആഗസ്റ്റ് 10). മുജീബിന്റെ പ്രതികരണം?
ശുകൂര്‍ ചേകനൂര്‍

ഉസാമ ബിന്‍ ലാദിന്റെയും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണകാരികളുടെയും രംഗപ്രവേശത്തോടെ ആഗോളതലത്തില്‍ സലഫിസവും വഹാബിസവും പ്രതിക്കൂട്ടിലാണ്; വിശിഷ്യാ ദൃശ്യ, ശ്രാവ്യ, അച്ചടി മാധ്യമങ്ങളില്‍. ദാഇശ് എന്ന ഐ.എസിന്റെ അരങ്ങേറ്റത്തോടെ ഈ പ്രവണത ശക്തിപ്പെടുകയും സലഫി സംഘടനകള്‍ കടുത്ത പ്രതിരോധത്തിലാവുകയും ചെയ്തിട്ടുണ്ട്. ഏറ്റവും ഒടുവില്‍ കേരളത്തില്‍നിന്ന് ഏതാനും പേര്‍ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടുവെന്നും അവര്‍ അഫ്ഗാനിസ്താനിലേക്കോ ഇറാഖ്-സിറിയ മേഖലയിലേക്കോ കടന്നുകയറിയിട്ടുണ്ടെന്നുമുള്ള ഇനിയും സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകളെ തുടര്‍ന്ന് സലഫിസം വീണ്ടും വിമര്‍ശന ശരവ്യമായിരിക്കുന്നു. സത്യവും അര്‍ധസത്യവും അസത്യവും കൂടിക്കലര്‍ന്ന ഇത്തരം പ്രചാരണങ്ങളിലെ നെല്ലും പതിരും വേര്‍തിരിച്ച് സ്വന്തം നിരപരാധിത്വം തെളിയിക്കാനുള്ള കേരളത്തിലെ സലഫി സംഘടനകളുടെ ശ്രമം മനസ്സിലാക്കാന്‍ കഴിയാത്തതല്ല, തികച്ചും സ്വാഭാവികമാണത്.
എന്നാല്‍, ദുന്‍യാവില്‍ എന്ത് സംഭവിക്കുമ്പോഴും അതിനെ സംഘടനാ പക്ഷപാതിത്വത്തിന്റെ കണ്ണിലൂടെ നോക്കിക്കണ്ട്, മുന്‍വിധികളോടെ മത-രാഷ്ട്രീയ പ്രതിയോഗികളെ കടന്നാക്രമിക്കാനുള്ള അവസരമാക്കുന്ന പതിവു ശൈലിയില്‍ ഇപ്പോഴത്തെ വിവാദങ്ങളിലും സലഫി അഥവാ മുജാഹിദ് ഗ്രൂപ്പുകളും സുന്നി സംഘടനകളും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. സുന്നി, ശീഈ, സലഫി, സൂഫി ഭേദമന്യേ ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മൊത്തം ടാര്‍ഗറ്റ് ചെയ്തുകൊണ്ടുള്ള പ്രചാരണ യുദ്ധമാണ് ശത്രുക്കള്‍ ലോകവ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്നതെന്ന വസ്തുതയേ മറന്ന് തല്‍ക്കാലത്തെ ലാഭചേതങ്ങള്‍ മാത്രം കണക്കാക്കി പരസ്പരം ചെളിവാരിയെറിയാനുള്ള നീക്കങ്ങള്‍ ആത്മഹത്യാപരമാണെന്ന് ഓര്‍മിപ്പിക്കേണ്ടതില്ല. മുസ്‌ലിം ന്യൂനപക്ഷത്തിന്റെ അസ്തിത്വമോ വ്യക്തിത്വമോ വകവെച്ചുതരാന്‍ തയാറില്ലാത്ത കടുത്ത അതിദേശീയതാവാദികള്‍ അധികാരം കൈയടക്കി ലക്ഷ്യം നേടാന്‍ സര്‍വ തന്ത്രങ്ങളും പയറ്റുന്ന ഇന്ത്യാ മഹാരാജ്യത്ത്, അവരുടെ കെണിയില്‍ വീഴാതിരിക്കാനുള്ള വിവേകം പോലും ചില ഗ്രൂപ്പുകളും നേതാക്കളും പണ്ഡിതന്മാരും കാണിക്കുന്നില്ലെന്ന് വന്നാല്‍ അല്ലാഹു ശപിച്ച മുന്‍ സമുദായങ്ങളേക്കാള്‍ കഷ്ടമാണ് നമ്മുടെ അവസ്ഥ എന്ന് പറയേണ്ടിവരും. സംസ്ഥാനത്തിപ്പോള്‍ നടക്കുന്നത് സലഫിസത്തിനെതിരെ സൂഫിസത്തിന്റെ അനുകൂലികളും സൂഫിസത്തിനെതിരെ സലഫി സംഘടനകളും നടത്തുന്ന പ്രചാരണ യുദ്ധങ്ങളാണ്. സലഫിസമോ സൂഫിസമോ ഇന്നോ ഇന്നലെയോ ജന്മമെടുത്തതല്ല. നൂറ്റാണ്ടുകളുടെ പഴക്കം രണ്ടിനുമുണ്ട്. അനേക ലക്ഷം പേജുകൡലായി ആയിരക്കണക്കില്‍ ഗ്രന്ഥങ്ങള്‍ തദ്വിഷയകമായി എഴുതപ്പെട്ടിട്ടുണ്ട്. പുതുതായി എന്ത് വിവരവും വെളിപാടുമാണ് രണ്ട് കൂട്ടരുടെയും പക്കലുള്ളത്? സമുദായം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയുടെ ഗൗരവം മനസ്സിലാക്കി സലഫികള്‍ അവരുടെ വഴിക്കും സൂഫികള്‍ അവരുടെ വഴിക്കും പോവട്ടെ എന്നും ഇരുപക്ഷവും വിവിധ വിഷയങ്ങളിലെ വീക്ഷണ വ്യത്യാസങ്ങള്‍ അക്കാദമികമായി മാത്രം വിശദീകരിക്കട്ടെ എന്നും വെച്ചാല്‍ എന്ത് നഷ്ടമാണുണ്ടാവുക?
ഇതിനേക്കാള്‍ അപലപനീയമാണ് ഈ വിവാദങ്ങളിലൊന്നും തുടക്കം മുതലേ പങ്കുവഹിക്കാത്ത ഇസ്‌ലാമിക പ്രസ്ഥാനത്തെ അകാരണമായും കുത്സിതമായും കടന്നാക്രമിക്കാനുള്ള ശ്രമം. ഒരുകാലത്തും സലഫിസമോ സുന്നിസമോ സൂഫിസമോ അവകാശപ്പെട്ടിട്ടില്ലാത്ത, മൂന്ന് വിഭാഗങ്ങള്‍ക്കും ഒരുപോലെ ഇഖാമത്തുദ്ദീന്‍ എന്ന ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ വാതില്‍ മലര്‍ക്കെ തുറന്നിട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അതുകൊണ്ടുതന്നെ സംഘടനയില്‍ സലഫി ചിന്താഗതിക്കാരും മദ്ഹബുകളെ പിന്‍പറ്റുന്നവരും തസ്വവ്വുഫിന്റെ നല്ല വശങ്ങളെ സ്വാംശീകരിച്ചവരുമെല്ലാമുണ്ട്. വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തുമാണ് മൂലപ്രമാണങ്ങളായി സംഘടന അതിന്റെ ഭരണഘടനയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സത്യത്തിന്റെ മാനദണ്ഡമായി അല്ലാഹുവിനെയും പ്രവാചകനെയുമല്ലാതെ അംഗീകരിക്കുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുന്നു. ഇതാണ് സലഫിസത്തിന്റെയും ചൈതന്യം. എന്നാല്‍ വിശ്വാസകാര്യങ്ങളും ആരാധനാനുഷ്ഠാനങ്ങളും പ്രാര്‍ഥനകളും കീര്‍ത്തനങ്ങളും മാത്രമല്ല ഖുര്‍ആന്റെയും സുന്നത്തിന്റെയും ഉള്ളടക്കം. കുടുംബജീവിതത്തിലും സാമൂഹിക ബന്ധങ്ങളിലും ഇടപാടുകളിലും പാലിക്കേണ്ട നിയമങ്ങളും നിര്‍ദേശങ്ങളും രണ്ടിലുമുണ്ട്. സാമൂഹിക നീതി എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കാനുള്ള കൃത്യമായ ശാസനകളുണ്ട്. അക്കാര്യം യുക്തിപരമായും പ്രാമാണികമായും തെളിയിക്കുമ്പോള്‍, മതത്തെ സ്വകാര്യ ജീവിതത്തില്‍ തളച്ചിടാന്‍ പ്രതിജ്ഞാബദ്ധരായ മതേതര വാദികളോടൊപ്പം ചേര്‍ന്ന് 'പൊളിറ്റിക്കല്‍ ഇസ്‌ലാമി'ന്റെ മറുപക്ഷത്ത് നിലയുറപ്പിക്കാനുള്ള സാഹസം മറ്റെന്തായാലും സലഫുകളുടെ മാതൃകയല്ല, സുഊദി അറേബ്യയുള്‍പ്പെടെയുള്ള മുസ്‌ലിം രാജ്യങ്ങളിലെ സലഫി പണ്ഡിതന്മാര്‍ അതംഗീകരിക്കുന്നുമില്ല. കേരളത്തിലെ മുജാഹിദുകളുടെ വിചാരവും ധാരയും വേറിട്ടതാണെങ്കില്‍ അവര്‍ സലഫികളെന്നവകാശപ്പെടാതിരിക്കുന്നതാണ് ശരി. സലഫിധാരയില്‍നിന്ന് വേര്‍പ്പെടുന്നതോടെ വിദേശ ഏജന്‍സികളുടെ സഹായം നിലക്കുമെന്ന ഭീതിയാണ് പ്രശ്‌നമെങ്കില്‍ അതിന്റെ പരിഹാരം വേറെ അന്വേഷിക്കണം. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിലെ പിളര്‍പ്പിന്റെ അന്തര്‍ധാരയായി വര്‍ത്തിച്ചത് ഈ വിദേശ സഹായം പങ്കുവെക്കലാണെന്ന് അവരില്‍തന്നെ ചിലര്‍ എഴുതിയതും മറച്ചുവെച്ചിട്ട് കാര്യമില്ല. 'ഇസ്‌ലാമിക ഭീകരത' എന്ന് തെറ്റായി ആരോപിക്കുന്നവര്‍ സലഫിസത്തെയും ഭീകരതയോട് ചേര്‍ത്തുപറയുന്നു എന്നത് ശരിയാണ്. പക്ഷേ, 'മുജാഹിദ്' പ്രയോഗത്തിനുമില്ലേ അതേ കുഴപ്പം? ഇന്ത്യന്‍ മുജാഹിദീനും ഹിസ്ബുല്‍ മുജാഹിദീനും അഫ്ഗാന്‍ മുജാഹിദീനുമൊക്കെ പൊളിറ്റിക്കല്‍ ഇസ്‌ലാമിനെ തള്ളിപ്പറയുന്ന ശുദ്ധ മതേതരവാദികളും 'ആധുനികതകളുടെ പക്ഷത്ത് നില്‍ക്കുന്നവരും' ആണോ? അപ്പോള്‍പിന്നെ മുജാഹിദുകള്‍ എന്ന സംജ്ഞയും ഒഴിവാക്കേണ്ടിവരും. 'ഗ്ലോബല്‍ വിസ്ഡം' പോലെ ഉറുമ്പ് കടക്കാതിരിക്കാന്‍ പഞ്ചസാര ഭരണിക്ക് പുറത്ത് ചായപ്പൊടി എന്നെഴുതി വെക്കുന്ന മഠയത്തരമേ ഒടുവില്‍ ബാക്കിയാവൂ. സമാധാനത്തിന്റെ ദര്‍ശനമായ ഇസ്‌ലാമിനെ ടെററിസവുമായി ചേര്‍ത്തുവെക്കാന്‍ മടിക്കാത്തവര്‍ സലഫിസത്തെയും ഭീകരതയുമായി ബന്ധപ്പെടുത്തുന്നതില്‍ വെപ്രാളപ്പെട്ടിട്ട് പ്രയോജനമില്ല എന്നെങ്കിലും മനസ്സിലാക്കുക.
'എല്ലാ ആധുനികതകളുടെയും പക്ഷം നില്‍ക്കുന്നവരാണ് സലഫികള്‍' എന്ന് അവകാശപ്പെടുമ്പോള്‍ അദൃശ്യജീവികളായ ജിന്നുകള്‍ക്ക് മനുഷ്യശരീരത്തില്‍ കടന്നുകൂടാനും രോഗങ്ങളുണ്ടാക്കാനും സാധിക്കുമെന്നും പ്രത്യേകതരം മന്ത്രമാണ് അതിന് ചികിത്സയെന്നു വാദിക്കുന്ന ഒരു വിഭാഗം സലഫികളാണ് ഇന്ന് കെ.എന്‍.എമ്മിന് ഏറ്റവും വലിയ ഭീഷണിയെന്ന വസ്തുത സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പുരുഷന്മാരെ നാലു വരെ വിവാഹങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന, അത് സ്ത്രീദൈന്യതക്ക് പരിഹാരമാണെന്ന് ഉദ്‌ഘോഷിക്കുന്ന സലഫി പരിപാടിയും ആധുനികതയുടെ പക്ഷത്തു നിന്നാണെന്ന് നാം സമ്മതിക്കണം! സമ്പൂര്‍ണവും സമഗ്രവുമായ ഇസ്‌ലാമിക ദര്‍ശനത്തെ അരാഷ്ട്രീയവത്കരിച്ച് മുസ്‌ലിം യുവാക്കളെ നിരീശ്വര നിര്‍മത ഭൗതിക പ്രത്യയശാസ്ത്രങ്ങളിലേക്ക് ചേക്കേറാന്‍ സഹായിച്ചവര്‍ക്കെതിരെ പ്രാമാണികമായും യുക്തിപരമായും പ്രതിരോധം തീര്‍ത്ത ഇസ്‌ലാമിക പ്രസ്ഥാനത്തെ, അതൊരു മഹാ പാതകമായെന്ന മട്ടില്‍ പ്രതിക്കൂട്ടില്‍ കയറ്റാന്‍ മിനക്കെടുന്നവര്‍ തങ്ങള്‍ക്ക് പറ്റിയ ഗുരുതരമായ അബദ്ധത്തെ മാറിയ പരിതഃസ്ഥിതിയില്‍ വന്‍ നേട്ടമായും സേവനമായും വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് സഹതാപാര്‍ഹമാണ്. 

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK