അൽ വലാഅ് വൽ ബറാഅ് എന്നത് ഇയ്യിടെയായി അധികമായി കേൾക്കാൻ തുടങ്ങിയ പദമാണ്.
ഇരുപത്തി അഞ്ചിലധികം വർഷമായി ഇസ്ലാമിനെക്കുറിച്ച് പഠിക്കുന്നുണ്ട്. പക്ഷെ ഒരു
സാങ്കേതിക പ്രയോഗമെന്ന നിലക്ക് ഇത് ശ്രദ്ധയിൽ വരുന്നത് ഇയ്യിടെയാണ്. ഐ.എസ് പിന്തുണക്കുന്ന
ഒരു സൈറ്റിലാണ് ആദ്യമായി ഇത് വായിച്ചത്. (അതുകൊണ്ട് ആദ്യം അവരാണ് പറഞ്ഞത് എന്നർഥമാക്കുന്നില്ല) മുസ്ലിംകളോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ
വലാഅ് എന്നും മുസ്ലികളല്ലാത്തവരോടുള്ള പെരുമാറ്റത്തെക്കുറിക്കാൻ ബറാഅ് എന്നും
ഉപയോഗിച്ചുവരുന്നതായിട്ടാണ് മനസ്സിലായത്. രണ്ട് ദിവസം മുമ്പ് ശംസുദ്ധീൻ പാലത്ത്
എന്ന മുജാഹിദ് പ്രാസംഗികൻ ഈ കാര്യം വിശദീകരിച്ചുകൊണ്ട് നടത്തിയ പ്രഭാഷണം
വ്യാപകമായി ഷെയർ ചെയ്യപ്പെടുകയുണ്ടായി. അവ ശ്രദ്ധയോടെ മുഴുവനായി കേട്ടു. തികഞ്ഞ
വിരക്കേടും അബദ്ധവുമാണ് അവയിലൂടെ എഴുന്നള്ളിക്കുന്നത്. ഈ പത്രങ്ങൾ മറ്റു
വിഷയങ്ങളിലെന്ന...