'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഫെബ്രുവരി 22, 2011

എം.കെ. ഖരീമിന്റെ ജമാഅത്ത് വിമര്‍ശനം.

നോവലിസ്റ്റ്‌ എം. കെ. ഖരീം ‘മൌദൂദിസ്റ്റുകളുടെ ചിന്തന്‍ ബൈഠക്‌’ എന്ന തലക്കട്ടില്‍ പ്രസിദ്ധീകരിച്ച ജമാഅത്ത് വിമര്‍ശനത്തിലെ പ്രസക്തഭാഗങ്ങളും അതിന് അബ്ദുസ്സലാം, റിയാദ്, കെ.എസ്.എ എഴുതിയ മറുപടിയുമാണ് ഇവിടെ നല്‍കുന്നത്.
 
['ലോകത്തിലെ മുഴുവന്‍ ഭീകര വാദികളും ബന്നയെ, മൌദൂദിയെ, ഖുത്തുബുമാരെ പിന്‍ പറ്റുന്നവരാണ്. അവരുടെ ഭരണ ഘടനയാകട്ടെ യാഥാസ്ഥിതിക ഇസ്ലാമിക ഭരണവും. എന്നാല്‍ അത് ഇസ്ലാമിന് വിരുദ്ധവും. അങ്ങനെ ഒരു ഭരണത്തിനു വേണ്ടി അവര്‍ ലോകത്ത് എവിടെയും വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ രസകരമായ ഒരു കാര്യം ജമാ അത്തെ സുഹൃത്തുക്കള്‍ അവകാശപ്പെടുന്നത് അവര്‍ ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെന്നും, രാഷ്ട്രീയ സംഘടനകളെ പോലെ ആളെ കൊല്ലുകയോ ബസ്സിനു തീ വയ്ക്കുകയോ ചെയ്യുന്നില്ലെന്നും. എങ്കില്‍ തടിയന്റവിടെ നസീറിന്റെ റോളെന്ത് ? തടിയന്റവിട നസീറിനെ സ്വാധീനിച്ചതു ജമാ അത്തെ ഇസ്ലാമിയുടെ ചിന്തകളാണ് എന്നോര്‍ക്കണം. നിരോധിക്കപ്പെട്ട സിമി എന്ന സംഘടനയുടെ തലച്ചോറും മൌദൂദിയുടേത് എന്നോര്‍ക്കുക. എന്തിനു താലിബാന്‍ പോലും അതെ വൈറസ് വാഹകര്‍.

ഹസ്സന്‍ ബന്നയുടെതും മൌദൂദി യുടെതും സയ്യിദ് ഖുത്തുബിന്റെയും ഒരേ ചിന്തയാണ്. അതുകൊണ്ട് തന്നെ ജമാ അത്തെ ഇസ്ലാമി മൂവരെയും അംഗീകരിക്കുന്നു. ജമാ അത്തെ ഇസ്ലാമിയുടെ ലക്ഷ്യമാകട്ടെ ഇസ്ലാമിന്റെ സമ്പൂര്‍ണ സംസ്ഥാപനവും. ആ ഒരു ലക്ഷ്യത്തിലേക്ക് നീങ്ങുന്ന പ്രസ്ഥാനത്തിന് മറ്റു നിയമങ്ങളെ അനുസരിക്കാനോ അംഗീകരിക്കാനോ കഴിയില്ല. അതവര്‍ പുസ്തകങ്ങളിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ബന്നയെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ ലഭ്യമാണ്. ജമാ അത്തെ ഇസ്ലാമി ബന്നയെ അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ജമാ അത്തെ ഇസ്ലാമിയുടെ കേരള ശൂറാ അംഗം ഡോ. അബ്ദുല്‍ സലാം വാണിയമ്പലം രചിച്ച ‘അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്‍ ‘ എന്ന ഗ്രന്ഥം. ബന്നയുടെ അടിസ്ഥാന തത്വങ്ങളെ കുറിച്ച് ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ‘ എല്ലാ വിദേശ മേല്കൊയ്മയില്‍ നിന്നും മുസ്ലീം നാടുകളെ രക്ഷിക്കുക. മോചിതമാകുന്ന നാട്ടില്‍ ഒരുസ്വതന്ത്ര ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുക. അത്തരം ഒരു രാഷ്ട്രം സ്ഥാപിതമായില്ലെങ്കില്‍ അതിനു ശ്രമിക്കാത്തതിന് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും.’ ( പേജ് 53 )

ആ ആശയം തെറ്റിദ്ധാരണ വിതക്കുന്നു. ഭൂമുഖത്ത് നിന്നും ഇസ്ലാം ഒഴിച്ചുള്ള മതങ്ങളെ തുടച്ചു നീക്കണമെന്ന ആഹ്വാനമല്ലേ അത്. മാത്രമല്ല മനുഷ്യന്‍ ജീവിക്കുന്നത് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടിയാണ് എന്ന ബോധം അണികളില്‍ കുത്തി നിറക്കുകയും ചെയ്യുന്നു. അത്തരം വാദത്തെ ഭീകരത എന്നല്ലാതെ മറ്റെന്താണ് വിളിക്കുക.

സയ്യിദ് ഖുത്തുബിന്റെ പ്രധാനപ്പെട്ട ഗ്രന്ഥമായ ‘മൈല്‍ സ്റ്റോണ്‍സ്‌ ‘ വഴിയടയാളങ്ങള്‍ എന്നപേരില്‍ മലയാളത്തില്‍ വിവര്‍ത്തനം ചെയ്തത് ജമാ അത്തെ ഇസ്ലാമിയുടെ അസിസ്ടന്റ്റ് അമീറായ ഷെയ്ഖ്‌ മുഹമദ് കാരക്കുന്നാണ്. സിമിയുടെ ഉടമസ്ഥതയില്‍ ഉണ്ടായിരുന്ന ഹിന്ദുസ്ഥാന്‍ പബ്ലികെഷനാണ് പ്രസാധാകര്‍. ബിന്‍ ലാദന്‍ ഉള്‍പ്പടെയുള്ള തീവ്ര വാദികളെ ആകര്‍ഷിച്ച പുസ്തകമാണ് ‘മൈല്‍ സ്റ്റോണ്‍സ്‌ ‘ ‍. ലാദന്‍ അക്കാര്യം പരസ്യമായി പറഞ്ഞിട്ടുമുണ്ട്. ആ ഗ്രന്ഥം തടിയന്റവിട നസീറിനെയും സ്വാധീനിച്ചതായി ബാങ്ങളൂര്‍ പോലീസിനോട് നസീര്‍ വെളിപ്പെടുത്തുകയുണ്ടായി. ആ പുസ്തകത്തില്‍ നിന്നുള്ള വരികള്‍ ശ്രദ്ധിക്കുക:

‘ഇസ്ലാമിന്റെ ജന്മത്തോടെ സംഘട്ടനവും അനിവാര്യമായി തീരുന്നു. ഇഷ്ടാനുസാരം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൂടി ഇല്ലാത്ത വിധം യുദ്ധം അനിവാര്യമായി തീരുന്നു. കാരണം ഇസ്ലാമിനും അതല്ലാത്തവര്‍ക്കും കൂടി ഒന്നിച്ചു വളരെ കാലം നില്‍ക്കുക സാധ്യമല്ല. അതിനാല്‍ ഇസ്ലാമിന് ഇത്തരം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടെണ്ടി വരുന്നു. .( പേജ്- 107 ).

മുസ്ലീം ഹൃദയങ്ങളില്‍ ശൈത്താനെ കുടിയിരുത്തി വിധ്വംസക പ്രവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഇസ്ലാമുമായി എന്താണ് ബന്ധം. അവരാണ് ഇന്ന് മുസ്ലീങ്ങളായി പൊതു വേദിയില്‍ അണിനിരക്കുന്നത്.

അവരിലൂടെയാണ്‌ ഇന്ന് ഇസ്ലാമിനെ ലോകം അറിയുന്നത്. ഇനിയുമേറെയുണ്ട് അത്തരം തീ കോരിയിടുന്ന വാക്യങ്ങള്‍ ആ പുസ്തകത്തില്‍ :‍

ഓരോരുത്തര്‍ക്കും ഇസ്ലാം സ്വീകരിക്കാനും തിരസ്കരിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. പക്ഷെ, അതിനോടെതിര്‍ക്കാനും യുദ്ധം ചെയ്യാനും വല്ലവരും മുതിര്‍ന്നാല്‍ അവരെ നേരിടണം. വധിക്കുകയോ കീഴ്പ്പെടുത്തുകയോ വേണം. (പേജ്-78 )

‘ ഇസ്ലാമിന്റെ ജിഹാദ് വെറും നാവുകൊണ്ടും പേനകൊണ്ടും മാത്രമല്ല നടത്തേണ്ടത്. വാളും കുന്തവും അതിന്റെ ഘടകങ്ങളാണ്. താന്തോന്നിത്തത്തിന്റെ അധികാര വാഴ്ച അവസാനിപ്പിച്ചു അല്ലാഹുവിന്റെ നിയമ വ്യവസ്ഥ നടപ്പാക്കലാണ്. അതിനുള്ള മാര്‍ഗമാണ് ജിഹാദ്. ( പേജ് 86 )

ജിഹാദ് എന്ന പദം ഏറ്റവും ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. പ്രവാചകന്‍ അതിനു കൊടുത്തിരിക്കുന്ന അര്‍ഥം ദേഹേച്ചയോടുള്ള യുദ്ധം എന്നാണ്. ഭൌതിക സുഖങ്ങളില്‍ നിന്നും ആത്മാവിനെ മോചിപ്പിക്കലാണ് അത്. അത് മറ്റൊരാള്‍ക്ക്, പ്രകൃതിക്ക് പോലും നാശമുണ്ടാക്കലല്ല. ഏതൊരു യുദ്ധവും യുദ്ധം ചെയ്യാനുള്ള ആഹ്വാനം പോലും ഭീകരതയുടെ പരിതിയില്‍ വരുമെന്നിരിക്കെ ഇത്തരം ജല്‍പ്പനങ്ങളെ ഏതു തലത്തില്‍ നിര്‍ത്തും? വളര്‍ന്നു വരുന്ന മുസ്ലീം ചെറുപ്പക്കാരെ ഇത്തരം പുസ്തകങ്ങളിലൂടെ വഴി പിഴപ്പിക്കുന്നവര്‍ ഏതു സാമൂഹ്യ പ്രശ്നത്തില്‍ ഇടപ്പെട്ടിട്ടെന്ത് അവര്‍ ഭീകര വാദികള്‍ അല്ലാതെ മറ്റെന്താണ്!

ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ മൌദൂദിയും ബന്നയുടെ ഒരേ കാലഘട്ടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. 1928 ഇല്‍ ബന്ന മുസ്ലീം ബ്രദര്‍ ഹുഡ് രൂപീകരിച്ചു. ജമാ അത്തെ ഇസ്ലാമിയുടെ രൂപീകരണം 1941 ലും. രണ്ടും തമ്മില്‍ ചിന്താപരമായി ധാരാളം സാമ്യമുണ്ട്‌. ഈ സംഘടനകളെ പാകിസ്താന്‍ ജമാ അത്തെ ഇസ്ലാമി നേതാവ് ഖലീല്‍ ഹാമിദി ഇരട്ട സഹോദരികള്‍ എന്നാണ് പറഞ്ഞത്. സയ്യിദ് ഖുത്തുംബും മൌദൂദിയും ഒരേ പോലെ തീവ്രവാദികളെ സ്വാധീനിക്കുന്നു. അതുപോലെ തന്റെ ജിഹാദി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയും പ്രചോദനവും മൌദൂദിയാണ് എന്നും ബിന്‍ ലാദന്‍ പറഞ്ഞിട്ടുണ്ട്. തടിയന്റവിട നസീറും അക്കാര്യം സമ്മതിച്ചിട്ടുണ്ട് . അതുകൊണ്ട് തങ്ങള്‍ തെരുവില്‍ ഇറങ്ങി ആളെ കൊല്ലുന്നില്ല പൊതു മുതല്‍ നശിപ്പിക്കുന്നില്ല എന്ന മുട്ട് ന്യായം പറഞ്ഞു രക്ഷപ്പെടാന്‍ ജമാ അത്തെ ഇസ്ലാമി ക്ക് കഴിയില്ല.

ജമാ അത്തെ ഇസ്ലാമിയുടെ മുഖം എത്ര വികൃതമാണെന്ന് അവരുടെ പുസ്തകങ്ങളിലൂടെ കണ്ണോടിച്ചാല്‍ മതി. ഏതൊരു പ്രസ്ഥാനത്തെയും അവരുടെ ഗ്രന്ഥങ്ങളിലൂടെ കണ്ടെത്താമെന്നിരിക്കെ ജമാ അത്തെ ഇസ്ലാമിയെ ഇനിയും വെള്ള പൂശുന്നവരെ നാം എന്ത് വിളിക്കും? ഇതിനൊക്കെ ഉത്തരവാദി മുസ്ലീങ്ങള്‍ തന്നെയാണ്. മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നു വരുന്ന കലാ സാഹിത്യകാരെ മുളയിലെ നുള്ളുന്ന പാരമ്പര്യം എന്ന് നിര്‍ത്തുന്നുവോ, കലാ സാഹിത്യത്തെ പരിപോഷിപ്പിക്കുന്നുവോ അന്നേ തെറ്റിന് എതിരെ പൊരുതാന്‍ സത്യങ്ങള്‍ ഉണ്ടാകൂ. അതില്ലാത്തിടത്തു അത്തരം ഭീകര ചിന്തകള്‍ ഉഴുതു മറിചില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. ഏതൊരു സമൂഹത്തിന്റെയും പരിഷ്കര്‍ത്താക്കള്‍ കലാ സാഹിത്യകാര്‍ തന്നെ എന്ന കാര്യം ഇനിയെങ്കിലും മറന്നു കൂടാ. ഇസ്ലാമിനെ ഉദ്ധരിക്കുന്നു എന്ന് പറഞ്ഞു ചിലര്‍ ഇസ്ലാമിന്റെ അക്കൌണ്ടില്‍ പാര്‍ടിയുണ്ടാക്കി വോട്ടു തട്ടി അധികാരത്തില്‍ കയറി സുഖിയന്മാരായി നടക്കുന്നു.

‘ മുസല്മാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോടു തുറന്നു പ്രസ്താവിക്കുന്നു; ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധമാണ്. അതിന്റെ ഓരോ ഘടകവും ഇതിന്റെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധത്തിലാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വാഴിന്നിടത്തു ഇസ്ലാം വെറും ജലരേഖയായിരിക്കും.’ ( മൌദൂദി , ജമാ അത്തെ ഇസ്ലാമിയുടെ സന്ദേശം , പേജ് 32 ,33 )

ഇത്തരം ഭീകര പ്രസ്താവനകള്‍ കൊണ്ട് മനുഷ്യ മനസ്സുകളില്‍ അഗ്നി കോരിയിടാനാണോ ഇസ്ലാമും പ്രവാചകനും മൌദൂടിയെയും കുഞ്ഞാടുകളെയും പഠിപ്പിച്ചത്. ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഈമാനിനും കടക വിരുദ്ധ മെന്നു വാദിക്കുന്നിടത്തു ആശയപരമായ സംഘട്ടനത്തിനു ആഹ്വാനമുണ്ട്. അത്തരം സംഘട്ടനങ്ങള്‍ സന്ധിയില്ലാ സമരത്തിലെക്കും സായുധ കലാപത്തിലേക്കും നീങ്ങും. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്ലാം യോജിക്കുന്നില്ലെന്നു തുറന്നു പറയുമ്പോള്‍ അവര്‍ ഇന്ത്യന്‍ ഭരണഘടനക്ക് പുറം തിരിഞ്ഞു നില്‍ക്കുന്നു എന്ന് വ്യകതമാണ്. അതുകൊണ്ട് തന്നെയാണ് അവര്‍ തിരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍ നിന്നും ഏറെ കാലം വിട്ടു നിന്നത്. ആ ഒരു വഴി തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്‍പ്പ്‌ അപകടപ്പെടുമെന്നു കണ്ടുകൊണ്ടുതന്നെയാണ് മുഖം മിനുക്കാന്‍ ഇടതു പക്ഷ ബുദ്ധിജീവികളെയും ദളിതുകളെയും കൂട്ട് പിടിച്ചു സമൂഹ മധ്യത്തില്‍ അവതരിച്ചിരിക്കുന്നത്. സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ കേരളീയ അന്തരീക്ഷത്തില്‍ എളുപ്പം ക്ലച്ചു പിടിക്കുമെന്ന് അവര്‍ മനസ്സിലാക്കി. അത് മറ്റു മുസ്ലീം സംഘടനകളിലെക്കും തങ്ങളുടെ ആശയം എത്തിക്കാന്‍ ഉപകരിക്കുമെന്നും കണക്കു കൂട്ടി. അപ്പോഴും അവരുടെ വാദവും, ചിന്തകളും അടങ്ങിയ പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിനര്‍ത്ഥം അവര്‍ മൌദൂദിയന്‍ ആശയത്തില്‍ നിന്നും പിന്മാറിയിട്ടില്ല എന്നല്ലേ. ഇസ്ലാമോ അതിന്റെ പ്രമാണങ്ങളോ ഉദേശിചിട്ടില്ലാത്ത രീതിയില്‍ ഇസ്ലാമിക ആശയങ്ങളെ ആര്‍ക്കും സ്വീകരിക്കാന്‍ പറ്റാത്ത നിലയില്‍ ദുര്‍വ്യാഖ്യാനം ചെയ്തു നവോഥാന പ്രവര്‍ത്തകരാണെന്ന് തെറ്റി ധരിപ്പിച്ചു അര നൂറ്റാണ്ടിലതികം കാലമായി ജനങ്ങളെ വഴി തെറ്റിച്ചു വന്ന ജമാ അത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇറങ്ങിയി രിക്കുന്നു. കമ്യൂണിസത്തിനു ബദലായുള്ള ഇസ്ലാമിക സംഘടനയാണ് തങ്ങളുടെതെന്ന് അവകാശപ്പെടുന്നു.

എന്നാല്‍ ജമാ അത്തെ ഇസ്ലാമിയുടെ അടിസ്ഥാന സിദ്ധാന്തങ്ങള്‍ ഇപ്പോഴും മൌദൂദിയന്‍ ചിന്തയില്‍ അധിഷ്ടിതമാണ് എന്നതിന് തെളിവാണ് അവര്‍ മൌദൂദി യുടെ പുസ്തകങ്ങള്‍ നിരത്തികൊണ്ട് ജമാ അത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുന്നതില്‍ നിന്നും മനസ്സിലാക്കാ നാവുന്നത്. ലോകം മുഴുക്കെ ഇസ്ലാമിന്റെ സംസ്ഥാപനം കാംക്ഷിച്ചു ഇറങ്ങി തിരിച്ച ഒരു പ്രസ്ഥാനത്തിന് എത്രമാത്രം മതേതര ജനാധിപത്യ പരിസരത്തു നിന്ന് ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കാനാവും ?

ഭീകര വാദത്തിന്റെ അടിവേരുകള്‍ മൌദൂദി, ഹസനുല്‍ ബന്ന, ഖുത്തുബ് എന്നിവരിലാണ്. മൂവരുടെയും ആദ്യന്തിക ലക്‌ഷ്യം ഇസ്ലാമിന്റെ സംസ്ഥാപനമാണ്. അങ്ങനെ ഒരു അന്തരീക്ഷത്തില്‍ ഇതര മതങ്ങള്‍ ഇസ്ലാമില്‍ ലയിക്കുകയോ ജസിയ കൊടുത്ത് നാലാം തരം പൌരന്മാരായി ജീവിക്കുകയോ വേണം . അല്ലാത്ത പക്ഷം അവയത്രയും തകര്‍ക്കപ്പെടും. അതുകൊണ്ട് പുതിയ കാലത്ത് ആട്ടിന്‍ തോലണിഞ്ഞ ജമാ അത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പ്രവേശം ചെറുക്കപ്പെടെണ്ടത് തന്നെ. ജമാ അത്തെ ഇസ്ലാമി എന്നല്ല ഏതൊരു ഭീകര വര്‍ഗീയ കക്ഷിയുടെയും രാഷ്ട്രീയമായുള്ള ഇടപെടലുകള്‍ തകര്‍ക്കപ്പെടണം . ഇസ്ലാമിക ആശയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ലോകത്തിന്റെ വിവിദ ദിക്കുകളില്‍ മുസ്ലീം ചെറുപ്പക്കാരില്‍ തീവ്രവാദ ചിന്ത ഉണര്‍ത്താനും, വളര്‍ത്താനും കാരണമായ ഗ്രന്ഥങ്ങള്‍ രചിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇസ്ലാമിന് തന്നെ അപമാനം വരുത്തിവച്ച ഒരു പ്രസ്ഥാനത്തിന്റെ തനി നിറം തുറന്നു കാട്ടപ്പെടെണ്ടതാണ്.

സ്വന്തം മൌലീകാടിതറയിലും സാഹിത്യങ്ങളിലും കടുത്ത ജനാധിപത്യ – മതേതര വിരുദ്ധ നിലപാടുകള്‍ പ്രഖ്യാപിക്കുക മാത്രമല്ല, അത്തരം ആശയങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഗ്രന്ഥങ്ങളും പുസ്തകങ്ങളും യഥേഷ്ടം വിറ്റഴിക്കുകയും, ഇസ്ലാമികെതരമായ ഏതൊരു ഭരണ സംവിധാനത്തെയും അകലെ നിന്നും പോലും അംഗീകരിക്കാന്‍ പാടില്ലെന്ന് ശക്തിയുക്തം വാദിക്കുകയും ചെയ്തിരുന്ന ജമാ അത്തെ ഇസ്ലാമി, മതേതര ജനാധിപത്യ സങ്കല്‍പ്പങ്ങളുടെ സംരക്ഷകരായി രംഗത്ത് വരുമ്പോള്‍ അതില്‍ ദുരൂഹതയും സുതാര്യക്കുറവും നിരീക്ഷിക്കപപെടുന്നത് സ്വാഭാവികമല്ലേ? ദുഷ്ടലാക്കോടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുമ്പോഴെല്ലാം മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളും പരിസ്ഥിതി സംരക്ഷണവും അമിതമായ ജനക്ഷേമ തല്പരതയും ആമുഖമാക്കുന്ന ഇക്കാലത്ത് ജമാ അത്തെ ഇസ്ലാമിയെ ആളുകള്‍ സംശയിച്ചാല്‍ അതൊരു അപരാധമായി കാണേണ്ടതുണ്ടോ ?

ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികള്‍ ആവുന്നതും സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നതും വോട്ടവകാശം വിനിയോഗിക്കുന്നത് പോലും ബഹു ദൈവത്വ ആശയം സ്വീകരിക്കലാണെന്നു പ്രഖ്യാപിച്ച ജമാ അത്തെ ഇസ്ലാമിക്ക് ഇസ്ലാമിന്റെ ആദര്ശാടിത്തറ മനസ്സിലാക്കിയേടത്ത് കടുത്ത അബദ്ധം പറ്റിയെന്നു ബോധ്യമാകാന്‍ അവര്‍ കഴിഞ്ഞ കാലങ്ങളില്‍ തങ്ങളുടെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയ ചില ഉദ്ധരണികള്‍ കൊടുക്കുന്നു:

‘അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പില്‍ ഭാഗഭാക്കാവുന്നത് മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം നിഷിദ്ധമാണെന്നു ജമാ അത്തെ ഇസ്ലാമി വിശ്വസിക്കുന്നു.അതിനാല്‍ ഏതെങ്കിലും അനിസ്ലാമിക പ്രസ്ഥാനവുമായി കൂട്ട് ചേര്‍ന്ന് ഭരണ നടത്തിപ്പില്‍ പങ്കു കാരാവുകയോ ആ പ്രസ്ഥാനങ്ങള്‍ക്ക്‌ വോട്ടു നല്‍കുകയോ ചെയ്യുന്നത് ജമാ അത്തിന്റെ വീക്ഷണത്തില്‍ അനുവദിനീയമല്ല’ ( പ്രബോധനം 1970 ജൂലായ്‌ )

അവരുടെ കാഴ്ചപ്പാടില്‍ ശരിയത്ത് ഒഴിച്ചുള്ള എല്ലാ നിയമങ്ങളും ശൈത്താന്റെ നിയമമാണ്. ശരിയത്ത് അല്ലാഹുവിന്റെ നിയമം ആയിരിക്കെ മനുഷ്യ നിര്‍മിതമായ നിയമങ്ങളില്‍ വിശ്വസിക്കരുതെന്ന് ജമാ അത്തെ ഇസ്ലാമി പഠിപ്പിക്കുന്നു. അത്തരം ചിന്ത കൊണ്ട് താറുമാറായ പ്രസ്ഥാനക്കാര്‍ ഭരിക്കുന്ന ലോകത്ത് ഇതര മതസ്ഥര്‍ക്കെന്നല്ല ജമാ അത്തെ ഇസ്ലാമി ഒഴിച്ചുള്ള മുസ്ലീം വിഭാഗങ്ങള്‍ക്കും ജീവിക്കാനാവില്ല.

‘പ്രത്യക്ഷത്തില്‍ ചില വ്യക്തികള്‍ ആണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക് വോട്ടു കൊടുക്കുകയെന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്ലാമിക സിദ്ധാന്തങ്ങള്‍ക്ക് ബൈഅത്ത് ചെയ്യുകയാണെന്നും അതിനാല്‍ ഒരു യഥാര്‍ത്ഥ മുസല്‍മാനു അത് സാധ്യമല്ലെന്നും ഈ പംക്തികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘ ( പ്രബോധനം 1962 ജനുവരി 2 )

തിരഞ്ഞെടുപ്പ് ബഹിഷ്കരണം അവര്‍ക്ക് ആദര്‍ശപരമായ കാരണമാണ്‌. അല്ലാഹുവിന്റെ നിയമം അല്ലാത്ത ഒരു ഭരണത്തിലേക്ക് വരുന്നവര്‍ക്ക് വോട്ടു ചെയ്യുന്നത്, അല്ലാഹുവിനെ വിട്ടു മറ്റൊരാളുടെ അടിമത്തം സ്വീകരിക്കുന്നതിനു തുല്യമായി അവര്‍ കാണുന്നു. അതിനവര്‍ മുന്നോട്ടു വയ്ക്കുന്നത് ‘ലാ ഇലാഹ ഇല്ലല്ലാ’ എന്നാ വാക്യമാണ്. അതിന്റെ ശരിയായ അര്‍ഥം അല്ലാഹു അല്ലാതെ മറ്റൊരു ശക്തി ഇല്ല എന്നാണു. എന്നാല്‍ മൌദൂദി യന്‍ ചിന്ത അതിനെ ദുര്വ്യാഖ്യാനിച്ചു, അനുസരനക്ക് അര്‍ഹന്‍ അല്ലാഹു മാത്രമാണ് എന്നാക്കി മാറ്റിയിരിക്കുന്നു. ലാ ഇലാഹ ഇല്ലല്ലാ എന്നത് ആരാധനയുമായി ബന്ധപ്പെട്ട വിഷയം ആയിരിക്കെ അതിനു വികലമായ അര്‍ഥം നല്‍കി ഭൌതികതയുമായി കെട്ടുന്നു. അവിടെയാന്‍ അല്ലാഹുവിന്റെ നിയമം അല്ലാതെ മനുഷ്യ നിര്‍മിതമായ നിയമങ്ങള്‍ അനുസരിക്കുന്നവര്‍ കാഫിര്‍ ആകുമെന്ന് അവര്‍ പ്രഖ്യാപിക്കുന്നത്. അതുതന്നെ ലോക സമാധാനത്തിന് എന്നല്ല ഇസ്ലാമിനു പോലും എതിരാണ്. ക്യാന്‍സര്‍ ബാധിച്ച ചിന്തകള്‍ അക്ഷരങ്ങളിലൂടെ രോഗം പരത്തുന്നത് എത്ര ഭീകരമായാണ്!

‘ ജമാ അത്ത് തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും മുസ്ലീങ്ങള്‍ മുഴുവനും അത് ബഹിഷ്കരി ക്കണമെന്ന് ആശ പ്രകടിപ്പിക്കുകയും ചെയ്തത് അല്ലാഹുവിനെയും അവന്റെ നിര്‍ദേശത്തെയും തിരസ്കരിക്കുന്ന ഒരു ഭൌതിക രാഷ്ട്രത്തോടു സ്വയംസഹകരിക്കുക എന്നത് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ഇസ്ലാമിന് തികച്ചും വിരുദ്ധമാണെന്ന് ജമാ അത്ത് വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ‘ ( പ്രബോധനം പുസ്തകം 4 ലക്കം 9 1952 ഫെബ്രുവരി )

‘ഈ നാട്ടിലെ ഭരണകൂടം ഇസ്ലാമികമായിരിക്കുമെന്നത് ഗവര്‍മെന്റ് പ്രഖ്യാപിക്കുകയോ അഥവാ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുക വഴി ഇസ്ലാമികമായി മാറ്റാന്‍ സാധിക്കുമെന്ന് ജമാ അത്തിനു തോന്നുകയോ ചെയ്യാത്ത കാലത്തോളം ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല.’ (പ്രബോധനം 1952 ജനുവരി 1 ) ‘ പ്രജാധിപത്യത്തില്‍ ഒന്നിലധികം തമ്പ്രാക്കള്‍ ദിവ്യത്വം വാഴുകയും നിയമ വ്യവസ്ഥകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എകാധിപത്യത്തിലാകട്ടെ ഒരു ദൈവം തന്റെ മന്ത്രിമാരുടെയും ഉപടെഷ്ടാക്കളുടെയും സഹായത്തോടു കൂടി ദിവ്യത്വം നടത്തുന്നു. രണ്ടും ശിര്‍ക്ക് തന്നെ. ( ശിര്‍ക്ക് അഥവാ ബഹു ദൈവത്വം- ആമേന്‍ ആഹ്സര്‍ ഇസ്ലാഹി )

‘ സ്വന്തം ഭരണമില്ലാത്ത സമിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ്പ വീട് പോലെയാണ്.. ‘ ( ഖുതുബാത് പേജ് 398 ) ഇത്തരം വര്‍ഗീയ ഭീകര ചിന്തകള്‍ വഹിക്കുന്ന ഒരു പ്രസ്ഥാനം മനുഷ്യ മസ്തിഷ്കത്തില്‍ പരത്തുന്ന ക്യാന്‍സര്‍ മുളയിലെ നുള്ളേണ്ടത്‌ ആയിരുന്നിട്ടു കൂടി ഇക്കാലമത്രയും ലോകത്തെ മുഴുവന്‍ വഞ്ചിച്ചു കഴിഞ്ഞു കൂടിയതിനു ഉത്തരവാദി ആരാണ് ?

കാരണം തിരഞ്ഞു ചെല്ലുമ്പോള്‍ മുസ്ലീങ്ങളിലെ അജ്ഞതയാണ് എന്ന് കാണാം. താടിയുടെ നീളം കൂട്ടുന്നത്‌ എത്ര വരെയാകാം, നിസ്കാര തഴംബിനു എത്ര വട്ടം വേണം, തല എങ്ങനെയാണ് മറക്കേണ്ടത്‌, ഖബറിടത്തില്‍ പോകണോ വേണ്ടയോ എന്ന ബാഹ്യ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തും കലഹിച്ചും കാലം പോക്കുന്ന മുസ്ലീം സമൂഹങ്ങള്‍ ചെയ്യേണ്ടത് ശരിയായ ഇസ്ലാം എന്തെന്ന് പഠിപ്പിക്കുകയാണ്. കുര്‍ആന്‍ പറയുന്നുണ്ടല്ലോ അല്ലാഹുവിനു ആരുടേയും ബാഹ്യ ചേഷ്ടകളില്‍ താല്പര്യമില്ലെന്നും, അല്ലാഹു നോക്കുന്നത് ഹൃദയത്തിലെക്കെന്നും. ഓരോ മഹല്ലും ഉറപ്പു വരുത്തുക ചെറുപ്പക്കാരുടെ അവസ്ഥ ശരിയായ ദിശയിലാണോ എന്ന്. പള്ളി മുതല്‍ കട്ട് മുടിച്ചും കുംഭ വീര്‍പ്പിച്ചും നടന്നിട്ട് കാര്യമില്ലെന്ന് ഇനിയെങ്കിലും മനസിലാക്കുക. 
വെള്ളിയാഴ്ചകള്‍ തോറും മിമ്പറില്‍ കയറി നിന്ന് പ്രസംഗിക്കുന്ന മുസ്ലീം പണ്ഡിതന്മാര്‍ അര മണിക്കൂര്‍ നേരമെങ്കിലും ജമാ അത്തെ ഇസ്ലാമി പോലുള്ള വര്‍ഗീയ ഭീകര സംഘടനകളെ തുറന്നു കാട്ടാന്‍ ശ്രമിക്കണം. ജമാ അത്തെ ഇസ്ലാമിയെ പ്രധിരോധിക്കേണ്ടത് മറ്റു ആരെക്കാളും മുസ്ലീംഗളുടെ ആവശ്യമാണ്‌. കാരണം ഇന്ന് ലോകം ഇസ്ലാം എന്തെന്ന് പഠിക്കുന്നതും മനസ്സിലാക്കുന്നതും ജമാ അത്തെ ഇസ്ലാമിയുടെ പുസ്തകങ്ങളിലൂടെയാണ്. അത്തരം വിഷം കലര്‍ന്ന പുസ്തകങ്ങള്‍ കാണുമ്പോള്‍ ലോകം അതാണ്‌ ഇസ്ലാം എന്ന് കരുതുന്നെങ്കില്‍ അതിനു ലോകത്തെ പഴിച്ചിട്ട് കാര്യമില്ല. ഇനിയൊരു മുസ്ലീം ചെറുപ്പക്കാരും തീവ്രവാദത്തിലേക്ക് പോകില്ലെന്ന് മുസ്ലീം സമുദായം ഉറപ്പ് വരുത്തുക. ജമാ അത്തെ ഇസ്ലാമിയെ തുറന്നു കാട്ടാത്തിട ത്തോളം മുസ്ലീം സമുദായം സംശയത്തിന്റെ നിഴലില്‍ പെടുക തന്നെ ചെയ്യും. വരും തലമുറ മുസ്ലീം സമുദായത്തെ പഴി ക്കുകയും ചെയ്യും. അതുകൊണ്ട് കപട മുസ്ലീങ്ങളായ ജമാ അത്തെ ഇസ്ലാമിയില്‍ നിന്നും, മറ്റു വര്‍ഗീയ ഭീകര പ്രസ്ഥാന ങ്ങളില്‍ നിന്നും ലോകത്തെ രക്ഷിക്കുക.


ഇസ്ലാം പറയുന്നു, വായിക്കുക, ചിന്തിക്കുക… വായന മനപ്പാടത്തിലേക്ക് ഒതുങ്ങുമ്പോള്‍ ചിന്ത നഷ്ടപ്പെടുന്നുണ്ട്. ആ പഴുതിലേക്കാണ് നുണകള്‍ കയറിക്കൂടുക. മനുഷ്യന്‍ എന്ന് ഇരുകാലിയെ രേഖപ്പെടുത്തുന്നത് മനനം ചെയ്യുന്ന മൃഗം എന്ന തലത്തിലാകുമ്പോള്‍ ചിന്തകള്‍ അകലുന്ന മസ്തിഷ്കത്തെ എന്ത് പേര് ചൊല്ലി വിളിക്കണം! അക്ഷരം സത്യമാകുന്നു. അത് പരത്തേണ്ടത് സത്യത്തിന്റെ പ്രകാശം ആയിരിക്കെ അതെ അക്ഷരങ്ങള്‍ കൊണ്ട് ഇരുട്ട് പണിയുന്നതിനെ ഭീകരത എന്ന് വിളിക്കാമോ! ഭീകര പ്രവര്‍ത്തനം ആയുധം കൊണ്ട് മാത്രമല്ല നടക്കുന്നത് അക്ഷരങ്ങള്‍ കൊണ്ടും . ഏതൊരു ഭീകരതയുടെയും ആദ്യ പടി അക്ഷരങ്ങളിലാണ് , അതെ അക്ഷരങ്ങള്‍ തന്നെ അതിനു മുന്നോട്ടു നയിക്കുകയും. അവസാന ഘട്ടത്തിലാണ് ആയുധത്തില്‍ എത്തുക. അതുകൊണ്ട് തങ്ങള്‍ ആള്‍ നാശം ഉണ്ടാക്കുന്നില്ല, അല്ലെങ്കില്‍ കലാപം നടത്തുന്നില്ല എന്ന് ഭീകരത പരത്തുന്ന സംഘടനകള്‍ പറഞ്ഞാല്‍ മുഖവിലക്ക് എടുക്കണോ! ആള്‍നാശം ആയുധം കൊണ്ട് മാത്രമല്ല അക്ഷരങ്ങള്‍ കൊണ്ടും നടത്താം. ദുര്‍വ്യാഖ്യാനങ്ങള്‍ കൊണ്ട് മനുഷ്യനെ വഴി തെറ്റിക്കുന്നത് ഭീകരത തന്നെയാണ്. ഏതൊരു സത്യത്തെയും നുണയായി ചിത്രീകരിക്കുന്നത് പോലും ഭീകരതയാണ്.

അത്തരം ഭീകരതയുടെ വക്താക്കളാണ് ഹസന്‍ അല്‍ ബന്ന, അബുല്‍ അഅലാ മൌദൂദി, സയ്യിദ് ഖുത്തുബ് . ഇസ്ലാമിനെ എന്നല്ല ലോകത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സറാണ് ജമാ അത്തെ ഇസ്ലാമി . ആ റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ ചതിയില്‍ പെട്ടിരിക്കുന്ന ഇസ്ലാമിനെ രക്ഷിക്കാന്‍ ഇനി ഏതു അവധൂതനാണ് അവതരിക്കുക! ഇസ്ലാം അപകടത്തില്‍ എന്ന് നാഴികക്ക് നാല്പതു വട്ടം പ്രചരിപ്പിക്കുന്നവര്‍ ഓര്‍ക്കുക ഇസ്ലാമിന്റെ ശത്രു മുസ്ലീം നാമധാരികളായ മേല്‍ ഉദ്ധരിച്ചു മൂവര്‍ സംഘത്തിനെ പിന്‍ പറ്റുന്നവര്‍ ആണെന്ന്.']

അബ്ദുസ്സലാം റിയാദ് നല്‍കിയ മറുപടി


ജമാഅത്തെ ഇസ്ലാമിയെയും അതിന്റെ സ്ഥാപക നേതാവായ സയ്യിദ് മൌദൂദിയെയും വിമര്‍ശിക്കാന്‍ മുമ്പൊക്കെ കേരളത്തിലെ കമ്യൂണിസ്റുകാര്‍ ഉപയോഗിച്ചിരുന്ന പദം മതമൌലികവാദം, മതമൌലികവാദി എന്നെല്ലാമായിരുന്നു. ഇപ്പോള്‍ പലരും ഉപയോഗിച്ച് ഒരു വകയായി തീര്‍ന്ന തീവ്രവാദം, തീവ്രവാദി എന്നീ വിശേഷണങ്ങള്‍ കൂടി ജമാഅത്തെ ഇസ്ലാമിക്കും സയ്യിദ് മൌദൂദിക്കും ചാര്‍ത്തി കൊടുക്കാന്‍ വൈകിയാണെങ്കിലും കമ്യൂണിസ്റുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. മതമൌലികവാദമെന്ന പോലെ ഈ പുതിയ പദാവലിയും കമ്യൂണിസ്റ് നിഘണ്ടുവില്‍ നിന്നുള്ളതാണെന്ന യാതൊരു തെറ്റിദ്ധാരണയും ആര്‍ക്കും വേണ്ട. കാരണം കമ്യൂണിസ്റ് നിഘണ്ടുവില്‍ അത്തരം പദങ്ങള്‍ക്കൊന്നും യാതൊരു സാംഗത്യവുമില്ല. ലോകത്ത് സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതുമായ സകല പ്രശ്നങ്ങളെയും കാള്‍ മാര്‍ക്സ് എന്ന ചിന്തകന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലണ്ടന്‍ ലൈബ്രറിയുടെ ഏതോ മൂലയിലിരുന്ന് രൂപപെടുത്തിയ വര്‍ഗ സിദ്ധാന്തത്തിന്റെ മൂശയിലൂടെ മാത്രം നോക്കി കാണാന്‍ പരിശീലിച്ച ലോകത്തെ ലക്ഷണമൊത്ത മൌലികവാദ പ്രസ്ഥാനമായ മാര്‍ക്സിസത്തിന്റെ നിഘണ്ടുവില്‍ എങ്ങനെ മൌലികവാദമെന്ന പദമുണ്ടാകും.

1947-ല്‍ ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിച്ചുവെന്ന് പോലും അംഗീകരിക്കാന്‍ കൂട്ടാക്കാതെ ഇന്ത്യാ ഗവണ്‍മെന്റിനെ സായുധമായി അട്ടിമറിക്കാന്‍ തോക്കും വാരിക്കുന്തവുമായി രംഗത്തിറങ്ങിയ തീവ്രവാദത്തിന്റെ ഒരു ഭൂതകാലവും അര നൂറ്റാണ്ടിലേറെ കാലത്തെ ജനാധിപത്യാനുഭവങ്ങളിലൂടെ കടന്ന് പോയിട്ടും രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഉന്‍മൂലനം ചെയ്യാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത വര്‍ത്തമാനവുമുള്ള കമ്യൂണിസ്റുകാരുടെ നിഘണ്ടുവില്‍ തീവ്രവാദമെന്ന പദവും ഉണ്ടാകാനിടയില്ല.


അങ്ങനെയെങ്കില്‍ അവര്‍ക്കെവിടെ നിന്ന് ലഭിച്ചു ഈ രണ്ട് പദങ്ങളും? സംശയം വേണ്ട അമേരിക്കന്‍ നിഘണ്ടുവില്‍ നിന്നു തന്നെ. മൌലിക വാദത്തെയും തീവ്രവാദത്തെയും കുറിച്ച് കമ്യൂണിസ്റുകാര്‍ക്കും ക്ളാസ്സെടുക്കുന്നത് അമേരിക്കയാണെന്ന് പറയുന്നത് പ്രത്യക്ഷത്തില്‍ വൈരുധ്യമാണെന്ന് തോന്നുമെങ്കിലും വസ്തുത അതാണ്. അതിപ്പോള്‍ മാത്രമല്ല പണ്ടും അങ്ങനെ തന്നെയായിരുന്നു. കാരണം അമേരിക്കന്‍ സാമ്രാജ്യത്വത്തിനും പാശ്ചാത്യ മുതലാളിത്തത്തിനുമെതിരെ തൊണ്ട പൊട്ടുമാറൊച്ചയെടുക്കുമെങ്കിലും പാശ്ചാത്യ ചിന്താപരിസരത്തിനപ്പുറം പോകാന്‍ കഴിയില്ലായെന്നത് മാര്‍ക്സിസത്തിന്റെ ഒരു ജനിതക ദൌര്‍ബല്യമാണ്. മാര്‍ക്സിസം അടിമുടി ഒരു പാശ്ചാത്യ ഉല്‍പന്നമായതാണ് കാരണം. പാശ്ചാത്യ സാമ്രാജ്യത്വ ശക്തികളെ രൂപപ്പെടുത്തിയ യൂറോ കേന്ദ്രീകൃതമായ ചരിത്ര, സാമൂഹിക, ശാസ്ത്ര വീക്ഷണങ്ങള്‍ തന്നെയാണ് കാള്‍ മാര്‍ക്സിന്റെ ചിന്താ പദ്ധതികളെയും രൂപപ്പെടുത്തിയത്. മാര്‍ക്സ് തന്റെ വൈരുധ്യാത്മക ഭൌതികവാദവും വര്‍ഗ സിദ്ധാന്തവും രൂപപെടുത്തിയത് യൂറോപ്പിന്റെ മാത്രം ചരിത്രവും തത്ത്വ ശാസ്ത്രവും പഠിച്ചുകൊണ്ടാണ്. യൂറോപ്യന്‍ ചരിത്രം മാത്രമാണ് ലോക ചരിത്രമെന്ന അഹങ്കാരം മറ്റു യൂറോപ്യന്‍ ചിന്തകന്മാരെ പോലെ മാര്‍ക്സിനുമുണ്ടായിരുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. യൂറോപ്പിനപ്പുറം നാഗരികതയും സംസ്കാരവും ഉണ്ടെന്ന് കാണാനുള്ള കണ്ണ് ഒരു പടിഞ്ഞാറന്‍ സാമ്രാജ്യത്വവാദിയെ പോലെ കാള്‍ മാര്‍ക്സിനുമുണ്ടായിരുന്നില്ല. അതിനാല്‍ യൂറോപ്പിന് വെളിയില്‍ വളര്‍ന്നു വികസിച്ച ഇസ്ലാമിനെയും അതിന്റെ ദാര്‍ശനിക പരിസരത്ത് രൂപപെട്ട സാമൂഹിക പ്രസ്ഥാനങ്ങളെയും വിലയിരുത്താനും വിശകലനം ചെയ്യാനും പാശ്ചാത്യ കണ്ണട തന്നെ ഉപയോഗിക്കാനേ മാര്‍ക്സിസ്റുകള്‍ക്കും സാധിക്കൂ. അതിനാല്‍ തങ്ങളുടെ സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ജമാഅത്തെ ഇസ്ലാമിയെ പോലുള്ള ഇസ്ലാമിക പ്രസ്ഥാനങ്ങളെയും അതിന്റെ സൈദ്ധാന്തികരെയും ഭര്‍ത്സിക്കാനും വിമര്‍ശിക്കാനും അമേരിക്കന്‍ സാമ്രാജ്യത്വവും അവരുടെ നേര്‍ മച്ചുനന്മാരായ ഹിന്ദുത്വ ഫാഷിസ്റുകളും ഉപയോഗിച്ച് തഴമ്പിച്ച ഭാഷ തന്നെ കമ്യൂണിസ്റുകളും ഉപയോഗിക്കുന്നത് അവരുടെ ഈ ജനിതക ദൌര്‍ബല്യത്തെയാണ് വെളിപ്പെടുത്തുന്നത്.

ബ്രിട്ടീഷ് ഇന്ത്യയില്‍ 1941-ല്‍ രൂപവത്കരിക്കപെട്ട ജമാഅത്തെ ഇസ്ലാമിയാകട്ടെ, സ്വാതന്ത്യ്രാനന്തരം 1948ല്‍ പുനഃസംഘടിപ്പിക്കപെട്ട ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയാകട്ടെ ഒരിക്കലും തങ്ങളെ ഒരു കേവല മതസംഘടനയായി സ്വയം പരിചയപെടുത്തിയിട്ടില്ല. തങ്ങള്‍ കൂടി ഭാഗമായ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സാമൂഹിക രാഷ്ട്രീയ ക്രമം എങ്ങനെയുള്ളതാവണമെന്നതിനെ കുറിച്ച് വ്യക്തവും വ്യതിരിക്തവുമായ കാഴ്ചപ്പാടുള്ള ഒരു സാമൂഹിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ക്രമത്തെ കുറിച്ച് കമ്യൂണിസ്റ് പാര്‍ട്ടികള്‍ക്ക് അവരുടേതായ കാഴ്ചപ്പാടുള്ളതുപോലെ തന്നെയാണിത്. തങ്ങള്‍ വിഭാവനം ചെയ്യുന്ന സാമൂഹിക ക്രമത്തിന്റെ രൂപരേഖ വരക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി ഇസ്ലാമിന്റെ ചിന്താ കര്‍മ പദ്ധതിയെ മോഡലാക്കുമ്പോള്‍, കമ്യൂണിസ്റ് പാര്‍ട്ടികള്‍ മാര്‍ക്സിസം ലെനിനിസത്തെ മോഡലാക്കുന്നുവെന്ന വ്യത്യാസമേയുള്ളൂ. ഇതെങ്ങനെ തീവ്രവാദമാകും? മാര്‍ക്സിസം ലെനിനിസത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ ക്രമം മാറ്റിപ്പണിയണമെന്ന ആശയം തീവ്രവാദമല്ലെങ്കില്‍ ഇസ്ലാമിന്റെ ചിന്താ കര്‍മ പദ്ധതിയുടെ അടിസ്ഥാനത്തില്‍ രാജ്യത്തിന്റെ സാമൂഹിക രാഷ്ട്രീയ ക്രമം പരിവര്‍ത്തിപ്പിക്കപ്പെടണമെന്ന ആശയം പ്രചരിപ്പിക്കുന്നതും തീവ്രവാദമല്ല.

എന്നാല്‍ ഈ മാറ്റത്തിന് സോവിയറ്റ് യൂണിയനില്‍ കമ്യൂണിസ്റ് പാര്‍ട്ടി പരീക്ഷിച്ച സ്റാലിനിസ്റ് സമഗ്രാധിപത്യ ശൈലിയോ ബി.ടി രണദിവേ കല്‍ക്കട്ട തിസീസിലൂടെ വിഭാവന ചെയ്ത തെലുങ്കാന മോഡല്‍ സായുധ കലാപമോ മാതൃകയാക്കുന്നത് തീവ്രവാദമാണ്. അത്തരമൊരു തീവ്രവാദം ജമാഅത്തെ ഇസ്ലാമിയിലോ സയ്യിദ് മൌദൂദിയിലോ ആരോപിക്കാന്‍ മാര്‍ക്സിസ്റുകള്‍ക്കെന്നല്ല ആര്‍ക്കും സാധിക്കില്ല. കാരണം, സൈദ്ധാന്തികമായും പ്രായോഗികമായും തീവ്രവാദത്തെയും സായുധവത്കരണത്തെയും പാടെ നിരാകരിച്ച പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. അതുകൊണ്ടാണല്ലോ ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും നിയമാനുസൃതവും ജനാധിപത്യപരവുമായ സാമൂഹിക ഇടപെടലുകളെ മുഴുവന്‍ അടവായും മുഖമൂടിയായും ചിത്രീകരിക്കാന്‍ വിമര്‍ശകര്‍ നിര്‍ബന്ധിതരാവുന്നത്.

ജനാധിപത്യത്തോട് അത് രൂപപ്പെട്ട പശ്ചാത്തലത്തില്‍ നിന്നുകൊണ്ടുള്ള ചില താത്ത്വിക വിമര്‍ശനം ഉന്നയിച്ചപ്പോള്‍ തന്നെ, ഒരു രീതിശാസ്ത്രവും സംസ്കാരവുമെന്ന നിലയില്‍ ജനാധിപത്യം ജമാഅത്തെ ഇസ്ലാമിക്കും വിശിഷ്യാ അതിന്റെ സ്ഥാപക നേതാവ് സയ്യിദ് മൌദൂദിക്കും ഒരു തീവ്ര വികാരമാണ്. പൊതുവെ വിമര്‍ശനാതീതരെന്ന നിലയില്‍ മുഖ്യധാരാ ഇസ്ലാമിക സമൂഹം ഗണിക്കുന്ന പ്രവാചകന്റെ സഖാക്കളില്‍ ചിലരെ വരെ വിമര്‍ശിക്കാനും അതിന്റെ പേരില്‍ പഴി ഏറ്റുവാങ്ങാനും മൌലാനാ മൌദൂദി ധൈര്യപ്പെട്ടത് ജനാധിപത്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത കൊണ്ട് മാത്രമായിരുന്നു. ഖിലാഫത്തും രാജവാഴ്ചയും എന്ന കൃതിയിലെ ജനാധിപത്യത്തിലധിഷ്ഠിതമായ ഇസ്ലാമിന്റെ ഭരണക്രമമായ ഖിലാഫത്തിനെ ഏകാധിപത്യപരമായ രാജവാഴ്ചയായി അധഃപതിപ്പിച്ചവര്‍ക്കെതിരെയുള്ള മൌദൂദിയുടെ നിശിതമായ വിമര്‍ശനം ഒരാവര്‍ത്തിയെങ്കിലും വായിച്ച ഒരാള്‍ക്കും അദ്ദേഹത്തില്‍ ജ്വലിക്കുന്ന ജനാധിപത്യവാദിയുടെ മുമ്പില്‍ നമ്രശിരസ്കനാവാതെ വയ്യ. ടിപ്പുസുല്‍ത്താനെ വിശകലനം ചെയ്തു കൊണ്ടെഴുതിയ ഒരു കുറിപ്പില്‍ അദ്ദേഹത്തിന്റെ ഒട്ടേറെ നന്മകള്‍ എടുത്ത് പറഞ്ഞുകൊണ്ട് തന്നെ ജനാധിപത്യപരമല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ ഭരണത്തിന്റെ അടിത്തറ അനിസ്ലാമികമായിരുന്നുവെന്നാണ് മൌദൂദി വിലയിരുത്തിയത്. ഉമവീ ഖലീഫ യസീദ് ബ്നു മുആവിയയുടെ ഏകാധിപത്യ വാഴ്ചക്കെതിരെ പൊരുതി മരിച്ച ഇമാം ഹുസൈനെ ജനാധിപത്യത്തിന്റെ രക്തസാക്ഷിയെന്നും മൌദൂദി വിശേഷിപ്പിക്കുകയുണ്ടായി.

ജമാഅത്തെ ഇസ്ലാമിക്ക് വിധ്വംസക പ്രവര്‍ത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നറിയാമായിരുന്നിട്ടും ചില കമ്യൂണിസ്റിതര ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ജമാഅത്തെ ഇസ്ലാമിയെ ഭയപ്പെടാന്‍ കാരണം അതിന്റെ കേഡര്‍ സ്വഭാവമാണെന്ന് തോന്നുന്നു. കേഡര്‍ ഘടനയുള്ള കമ്യൂണിസ്റ് പാര്‍ട്ടികളുടെയും ഫാഷിസ്റ് പാര്‍ട്ടികളുടെയും സമഗ്രാധിപത്യ അനുഭവങ്ങളാണ് ഈ ഭയത്തിന് കാരണം. എന്നാല്‍ ജമാഅത്തെ ഇസ്ലാമി ഒരിക്കലും ഒരു സമഗ്രാധിപത്യ പ്രസ്ഥാനമോ അതിന്റെ നേതാവ് ഒരു സമഗ്രാധിപതിയോ അല്ല. നിശ്ചിത കാലയളവിലേക്ക് അംഗങ്ങള്‍ സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കുന്ന, കൂടിയാലോചനകളിലൂടെ മാത്രം തീരുമാനങ്ങളെടുക്കാന്‍ അധികാരമുള്ള വ്യക്തി മാത്രമാണ് അതിന്റെ നേതാവ്. ജമാഅത്തെ ഇസ്ലാമി ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം ആവിഷ്കരിക്കുന്ന കാലത്ത് മുസ്ലിം സംഘടനകള്‍ക്ക് അത്തരമൊന്നിനെ കുറിച്ച് കേട്ട് കേള്‍വി പോലുമുണ്ടായിരുന്നില്ല. ഇന്നും പല മുസ്ലിം മത, രാഷ്ട്രീയ സംഘടനകള്‍ക്കും അതന്യമാണ്.

പരമ്പരാഗത മതപണ്ഡിതന്മാര്‍ ഒരിക്കലും പൊറുത്തു കൊടുക്കാത്ത സയ്യിദ് മൌദൂദിയുടെ മഹാ പാതകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ സൂഫി വിമര്‍ശനങ്ങളാണ്. സൂഫി പാരമ്പര്യത്തില്‍ ജനിച്ച് വളരുകയും സൂഫിസത്തിലെ പലതിനോടും നന്നായി ആഭിമുഖ്യം പുലര്‍ത്തുകയും ചെയ്തിട്ടും അദ്ദേഹം സൂഫിസത്തെ വിമര്‍ശിക്കാനുള്ള ഒരു കാരണം, ജനാധിപത്യപരമല്ലാത്ത അതിലെ ഗുരു ശിഷ്യ ബന്ധമാണ്. സൂഫീ ത്വരീഖത്തുകളുടെ വിമര്‍ശനാതീതമായ ഗുരു സങ്കല്‍പം കാരണം ആഭ്യന്തര ജനാധിപത്യം ഇല്ലാതായതാണ് സൂഫിസത്തിലെ ജീര്‍ണതകള്‍ക്ക് കാരണമെന്നായിരുന്നു മൌദൂദിയുടെ നിരീക്ഷണം. ഇത്തരമൊരു കറ കളഞ്ഞ ജനാധിപത്യവാദിയെ ജനാധിപത്യ വിരുദ്ധനും തീവ്രവാദിയുമായി മുദ്ര കുത്തുന്നത് എഴുപത് വര്‍ഷത്തോളം സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും ഭീകരമായ സമഗ്രാധിപത്യം അടിച്ചേല്‍പിച്ച, സ്റാലിനിസത്തിന്റെ പ്രേതം ഇപ്പോഴും ഉള്ളില്‍ കൊണ്ട് നടക്കുകയും പാര്‍ട്ടിയെ സ്റാലിനിസത്തില്‍ ഉറപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്നവരാണെന്നതാണ് തമാശ.

തങ്ങള്‍ എതിര്‍ക്കുന്ന വിഭാഗത്തെ ആദ്യം നുണ ബോംബുകള്‍ കൊണ്ട് നിര്‍വീര്യമാക്കാന്‍ ശ്രമിക്കുകയെന്നത് ഹിറ്റ്ലര്‍ ഗീബല്‍സിലൂടെ പരീക്ഷിച്ച ഒരു തന്ത്രമാണ.് ഈ തന്ത്രം താന്‍ കമ്യൂണിസ്റുകാരില്‍ നിന്നാണ് പഠിച്ചതെന്ന് ഹിറ്റ്ലര്‍ തന്റെ ആത്മകഥയിലെവിടെയോ പറയുന്നുണ്ട്. മൌദൂദിയെയും ജമാഅത്തെ ഇസ്ലാമിയെയും തീവ്രവാദിയാക്കാന്‍ ഗീബല്‍സിനെ പോലും നാണിപ്പിക്കുന്ന തരത്തില്‍ പെരുംനുണകള്‍ക്ക് മാര്‍ക്സിസ്റ് ജിഹ്വ അച്ച് നിരത്തിയത് കണ്ടപ്പോഴാണ് ഹിറ്റ്ലറുടെ ആത്മകഥ ഓര്‍മ വന്നത്. പാകിസ്താന്‍ പ്രധാന മന്ത്രിമാരായ ലിയാഖത്തലി ഖാനെയും സുല്‍ഫിക്കര്‍ അലി ഭൂട്ടോയെയും കൊന്നത് ജമാഅത്തെ ഇസ്ലാമിയാണ്, പാകിസ്താനില്‍ ഖാദിയാനികളുടെ രക്തത്തിലൂടെ മൌലാന മൌദൂദി കുതിര സവാരി നടത്തി, കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല, ഇസ്ലാമികേതരമായ എല്ലാ രാജ്യങ്ങളോടും യുദ്ധം ചെയ്യാന്‍ അല്‍ജിഹാദു ഫില്‍ ഇസ്ലാം എന്ന കൃതിയിലൂടെ മൌദൂദി ആഹ്വാനം ചെയ്തു തുടങ്ങിയവ അത്തരം നുണകളുടെ ചില സാമ്പിളുകള്‍ മാത്രം. എതിരാളികളെ നുണ ബോംബുകള്‍ കൊണ്ട് നേരിടുന്ന കാര്യത്തില്‍ മാര്‍ക്സിസ്റുകളും ആരുടെയും പിന്നിലല്ലെന്നാണ് ഈ സാമ്പിളുകള്‍ തെളിയിക്കുന്നത്.

ഒരേസമയം എ.പി ഉസ്താദിന്റെ അനുയായിയും, എം.ഇ.എസ്സുകാരനും ചില വലിയ മോഹങ്ങള്‍ കാരണം മാര്‍ക്സിസ്റ് സഹയാത്രികനുമാകാന്‍ കിണഞ്ഞ് ശ്രമിക്കുന്ന ഒരു ചരിത്രാധ്യാപകന്റെ നുണ വര്‍ഷം സയ്യിദ് മൌദൂദിയുടെ വിഖ്യാത കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്ലാമിന് നേരെയാണ്. ജിഹാദിനെ തീവ്രവാദ കൃതിയായി മുദ്ര കുത്താന്‍ വേണ്ടി ഗ്രന്ഥത്തില്‍ ഇല്ലാത്ത ഉദ്ധരണികള്‍ എടുത്ത് ചേര്‍ത്ത് വ്യാജ രേഖ ചമക്കാന്‍ വരെ ചരിത്രാധ്യാപകന്‍ ധൈര്യപ്പെട്ടിരിക്കുന്നു. ഒരു ഗവേഷകനായി കൂടി അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ യജമാനഭക്തി പ്രകടിപ്പിക്കാന്‍ വേണ്ടി മാത്രം ഇത്തരമൊരു വ്യാജ നിര്‍മിതിക്കിറങ്ങി പുറപ്പെടരുതായിരുന്നു. അല്‍ ജിഹാദു ഫില്‍ ഇസ്ലാം ഒരിക്കലും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന ഗ്രന്ഥമല്ലെന്നും മറിച്ച് തീവ്രവാദത്തെ പാടെ നിരാകരിക്കുന്ന കൃതിയാണെന്നുമുള്ള വസ്തുത അത് രചിക്കാനിടയായ പശ്ചാത്തലം തന്നെ വ്യക്തമാക്കി തരുന്നുണ്ട്. ഇസ്ലാമിനും പ്രവാചകനും പരിശുദ്ധ ഖുര്‍ആനുമെതിരെ വിഷലിപ്തമായ പ്രചാരവേലകളുമായിറങ്ങിത്തിരിച്ച ഒരു ഹൈന്ദവ സന്യാസി, പ്രകോപിതനായ ഒരു മുസ്ലിം യുവാവിനാല്‍ കൊല ചെയ്യപ്പെട്ട നിര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് ഇസ്ലാമിലെ ജിഹാദ് വ്യാപകമായി തെറ്റിദ്ധരിക്കപ്പെടുകയും ഭര്‍ത്സിക്കപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രസ്തുത ഗ്രന്ഥം രചിക്കപ്പെടുന്നത്. അതിനാല്‍ നിയമവാഴ്ച നിലനില്‍ക്കെ വ്യക്തികളും സംഘങ്ങളും എന്ത് പ്രകോപനമുണ്ടായാലും നിയമം കൈയിലെടുക്കുന്നത് ജിഹാദാവുകയില്ലെന്ന വസ്തുതക്കാണ് ഗ്രന്ഥകാരന്‍ അടിവരയിടുന്നത്.

ഒരിസ്ലാമിക ഭരണകൂടത്തിന്റെ സൈനിക പദ്ധതിയെന്ന നിലക്കാണ് ജിഹാദിനെ മുഖ്യമായും സയ്യിദ് മൌദൂദി ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. ഇസ്ലാമിക ഭരണകൂടം ആഭ്യന്തരവും വൈദേശികവുമായ വെല്ലുവിളികള്‍ക്കെതിരെ ജനങ്ങളുടെ പിന്തുണയോടു കൂടി നടത്തുന്ന പ്രതിരോധ യുദ്ധങ്ങളാണ് അല്‍ ജിഹാദു ഫില്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഇസ്ലാമിലെ ജിഹാദിലെ പ്രധാനമായൊരിനം. മറ്റൊന്ന് അധിനിവേശ ശക്തികള്‍ക്കെതിരെ കോളനിവല്‍ക്കരിക്കപ്പെട്ട ജനത നടത്തുന്ന ചെറുത്തുനില്‍പ് സമരങ്ങളാണ്. ഇത്തരം യുദ്ധങ്ങളെല്ലാം അന്തര്‍ദേശീയ നിയമം നിയമാനുസൃത യുദ്ധങ്ങളായി അംഗീകരിച്ചവയാണ്. അതേസമയം, ഇസ്ലാം പ്രചരിപ്പിക്കാനും സ്ഥാപിക്കാനും വേണ്ടി യുദ്ധം ചെയ്യുന്നതിനെ ‘ഇസ്ലാമും വാളും’ എന്ന അധ്യായത്തില്‍ നിരാകരിക്കുകയാണ് മൌദൂദി ചെയ്തിരിക്കുന്നത്.ലേഖകന്‍ ആരോപിക്കുന്നത് പോലെ മൌദൂദി വര്‍ത്തമാന ലോകത്തെ ദാറുല്‍ ഇസ്ലാമായും (ഇസ്ലാമിന്റെ ഗേഹം) ദാറുല്‍ ഹര്‍ബായും (യുദ്ധ ഗേഹം) വിഭജിച്ചിട്ടില്ല. ക്ളാസിക്കല്‍ ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലെ അത്തരം വിഭജനങ്ങളെ കുറിച്ച് അല്‍ജിഹാദു ഫില്‍ ഇസ്ലാമില്‍ ചര്‍ച്ച ചെയ്യുന്നേയില്ല.

18-ഉം 19-ഉം നൂറ്റാണ്ടുകളില്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം വിശേഷിച്ചും ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി തുടങ്ങിയ സാമ്രാജ്യത്വങ്ങള്‍ പൊതുവിലും ലോകത്ത് നടത്തിയ അധിനിവേശ യുദ്ധങ്ങളെയും ഇന്ത്യയടക്കമുള്ള കോളനി രാജ്യങ്ങളിലെ അവരുടെ കിരാത വാഴ്ചയെയും അതിനിശിതമായി വിചാരണ ചെയ്യുന്നതാണ് അല്‍ ജിഹാദു ഫില്‍ ഇസ്ലാമിന്റെ മൂന്നാം ഭാഗം. ഇന്ത്യയില്‍ കൊളോണിയല്‍ മര്‍ദക വാഴ്ച നില നില്‍ക്കുകയും അതിനെതിരെ ഇന്ത്യക്കാരുടെ സ്വാതന്ത്യ്രസമരം കത്തിനില്‍ക്കുകയും ചെയ്ത കാലത്താണ് കൊളോണിയലിസത്തെ നിശിതമായി വിമര്‍ശിക്കുന്ന ഈ ഗ്രന്ഥം പുറത്ത് വരുന്നത്. ഇന്ത്യന്‍ നാഷ്നല്‍ കോണ്‍ഗ്രസ് പോലും പിന്തുണച്ച ഒന്നാം ലോക യുദ്ധത്തിലെ ബ്രിട്ടീഷ് നിലപാടിനെ കടുത്ത രീതിയിലാണ് മൌദൂദി വിമര്‍ശിക്കുന്നത്. ബ്രിട്ടന്റെ കൊളോണിയല്‍ ദുരയാണ് ലോകത്തിന് മേല്‍ ഒരു മഹാ യുദ്ധം അടിച്ചേല്‍പിച്ചത് എന്നായിരുന്നു മൌദൂദിയുടെ നിരീക്ഷണം. ബ്രിട്ടീഷ് ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് തന്നെ ഇത്ര നിര്‍ഭയം കൊളോണിയല്‍ താല്‍പര്യങ്ങളെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച മൌദൂദിയല്ലാത്ത മറ്റൊരെഴുത്തുകാരനെ അക്കാലത്ത് ചൂണ്ടിക്കാണിക്കാനാവില്ല. സ്വാതന്ത്യ്ര സമരത്തിലെ സയ്യിദ് മൌദൂദിയുടെ പങ്കിനെ ചോദ്യം ചെയ്യുന്നവര്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണീ ഗ്രന്ഥം. യഥാര്‍ഥത്തില്‍ ബ്രിട്ടീഷിന്ത്യയില്‍ രചിക്കപ്പെട്ട എറ്റവും ശക്തമായൊരു കൊളോണിയല്‍ വിരുദ്ധ രചനയാണ് അല്‍ ജിഹാദു ഫില്‍ ഇസ്ലാം. 16-ാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് കൊളോണിയലിസത്തിനെതിരെ പൊന്നാനിയിലെ ശൈഖ് സൈനുദ്ദീന്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദീന്‍ നിര്‍വഹിച്ച സമാന ദൌത്യമാണ് 20-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ അല്‍ ജിഹാദു ഫില്‍ ഇസ്ലാമും നിര്‍വഹിക്കുന്നത്. അല്‍ ജിഹാദു ഫില്‍ ഇസ്ലാമിലെ കൊളോണിയല്‍ വിമര്‍ശനം തുഹ്ഫതുല്‍ മുജാഹിദീനേക്കാള്‍ ശക്തവും മൂര്‍ത്തവുമാണെന്ന വ്യത്യാസവുമുണ്ട്. അതിനാല്‍ അല്‍ ജിഹാദു ഫില്‍ ഇസ്ലാമിനെ തീവ്രവാദ കൃതിയായി മുദ്ര കുത്തുകയാണെങ്കില്‍ അതേ അളവ് കോല്‍ കൊണ്ട് തുഹ്ഫത്തുല്‍ മുജാഹിദീനെയും അപ്രകാരം മുദ്ര കുത്താവുന്നതാണ്. കൊളോണിയല്‍, സംഘ്പരിവാര ബോധ മണ്ഡലം പേറുന്നവര്‍ ഇതിനകം തന്നെ ഇന്റര്‍നെറ്റിലൂടെയും മറ്റും അത് ചെയ്തുകൊണ്ടിരിക്കുന്നുമുണ്ട്. സ്വത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി മഖ്ദൂമിനെയും മമ്പുറം തങ്ങളെയുമൊക്കെ ഒരു ഘട്ടത്തില്‍ എറ്റെടുത്ത കമ്യൂണിസ്റ് പാര്‍ട്ടി, മാറിയ സാഹചര്യത്തില്‍ വൈകാതെ അവരെയും തീവ്രവാദികളാക്കുമെന്ന് പ്രതീക്ഷിക്കാം. അപ്പോള്‍ പാര്‍ട്ടിയുടെ പുതിയ സഹയാത്രികനായ ചരിത്രാധ്യാപകന്‍ എന്തു ചെയ്യും?

ജമാഅത്തെ ഇസ്ലാമിയില്‍ തീവ്രവാദ മുദ്ര ചാര്‍ത്താന്‍ മാര്‍ക്സിസ്റ് ജിഹ്വ കണ്ടെത്തുന്ന മറ്റൊരു കാരണം അതിന്റെ സാര്‍വ ദേശീയ സ്വാഭാവമാണ്. തീര്‍ച്ചയായും ജമാഅത്തെ ഇസ്ലാമി പ്രതിനിധാനം ചെയ്യുന്ന ഇസ്ലാം ഒരാഗോള മാനവിക പ്രസ്ഥാനമാണ്. കാരണം വര്‍ഗ, ജാതി, വംശ ഭേദമന്യേ മനുഷ്യരാശിയെ പൊതുവിലാണ് അത് സംബോധന ചെയ്യുന്നത്. ആ നിലക്ക് ജമാഅത്തെ ഇസ്ലാമിയും ഒരാഗോള മാനവിക പ്രസ്ഥാനമാണ്. എന്നാല്‍ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ സംഘടനാരൂപം നിലവില്‍ വന്നതും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഇന്ത്യന്‍ ദേശീയതയുടെ ഭൂപരമായ അതിര്‍ത്തിക്കുള്ളിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ദേശീയതയെ അംഗീകരിച്ചും ആദരിച്ചും മാത്രമേ നാളിത് വരെ ജമാഅത്ത് പ്രവര്‍ത്തിച്ചിട്ടുള്ളൂ. ജമാഅത്തിന്റെ ഏതു പ്രവര്‍ത്തനവും നിയമാനുസൃതമായിരിക്കുമെന്ന് ഭരണഘടനയില്‍ ഊന്നി പറഞ്ഞത് അതു കൊണ്ടാണ്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടനക്കും പുറം ലോകത്തെ ഒരാശയവുമായി യാതൊരു ബന്ധവും പാടില്ലെന്നും അത്തരം ബന്ധങ്ങള്‍ ദേശവിരുദ്ധവുമാണെന്ന കാഴ്ചപ്പാട് സംഘപരിവാറിന്റേതാണ്. ദേശീയതയെക്കുറിച്ച ഈ പരിവാര്‍ ഭാഷ്യം സാര്‍വദേശീയത മുഖമുദ്രയായ കമ്യൂണിസ്റുകള്‍ക്ക് എന്നു മുതല്‍ക്കാണ് സ്വീകാര്യമായി തുടങ്ങിയത്?

ഇന്ത്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിയെ പുറംലോകത്തെ കമ്യൂണിസ്റ് പാര്‍ട്ടികള്‍ പ്രത്യേകിച്ചും റഷ്യന്‍ കമ്യൂണിസ്റ് പാര്‍ട്ടിഎങ്ങനെയൊക്കെ സ്വാധീനിച്ചുവെന്നതിന്റെ ചരിത്രം ഓര്‍മിപ്പിക്കാതിരിക്കുന്നതല്ലേ നല്ലത്. കൊളോണിയല്‍ യുദ്ധം പൊടുന്നനെ എങ്ങനെയാണ് ജനകീയ യുദ്ധമായി മാറിയതെന്നും തദടിസ്ഥാനത്തില്‍ ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ക്കാന്‍ പാര്‍ട്ടി എങ്ങനെ നിര്‍ബന്ധിതമായി എന്നുമുള്ള കാര്യങ്ങള്‍ ഇവിടെ ആരും മറന്നിട്ടില്ല. ഇന്ത്യ- ചൈനാ യുദ്ധമുണ്ടായപ്പോള്‍ ‘അവര്‍ അവരുടേതെന്നും നാം നമ്മുടേതെന്നും പറയുന്ന പ്രദേശം’ എന്ന് തുടങ്ങുന്ന ഇ.എം.എസ്സിന്റെ വിവാദമായ പ്രയോഗം എങ്ങനെ രൂപപ്പെട്ടു എന്ന കാര്യവും ഇവിടെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പാകിസ്താനിലോ ബംഗ്ളാദേശിലോ സമാന പേരുള്ള പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതുകൊണ്ട് ഇത്തരം ഗതികേടുകളൊന്നും ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കുണ്ടായിട്ടില്ല. ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ മൂന്ന് യുദ്ധങ്ങളും നടന്നത് സയ്യിദ് മൌദൂദി ജീവിച്ചിരിക്കുമ്പോഴാണ്. ഇവയില്‍ ആദ്യത്തേതായ 1948-ലെ യുദ്ധത്തിന് കാരണം കശ്മീരിലേക്കുള്ള പാക് നുഴഞ്ഞുകയറ്റമായിരുന്നു. നുഴഞ്ഞുകയറ്റത്തിലൂടെയുള്ള അപ്രഖ്യാപിത യുദ്ധം ഇസ്ലാം അനുവദിക്കുന്നില്ല എന്ന ന്യായത്തില്‍ പാകിസ്താന്റെ യുദ്ധനടപടികളെ തന്നെ എതിര്‍ക്കുകയാണ് മൌദൂദി ചെയ്തത്. അതിന്റെ പേരില്‍ അദ്ദേഹത്തിന് ജയിലില്‍ പോകേണ്ടിവരികയും ചെയ്തു. ’65-ലെയും ’71-ലെയും യുദ്ധത്തില്‍ പാക് ജമാഅത്തെ ഇസ്ലാമി സ്വാഭാവികമായും പാക് ഗവണ്‍മെന്റിനോടൊപ്പമായിരുന്നു. എന്നാല്‍ ഇത് ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്ക് ഇന്ത്യയോടൊപ്പം നില്‍ക്കാന്‍ തടസ്സമാകുകയോ അങ്ങനെ ചെയ്യരുതെന്ന് മൌദൂദി തന്റെ അനുയായികളെ ആഹ്വാനം ചെയ്യുകയോ ചെയ്തിട്ടില്ല.

കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുമായി നയപരമായോ ഘടനാപരമായോ യാതൊരു ബന്ധവുമില്ലെന്ന കാര്യം എത്രയോ തവണ വ്യക്തമാക്കിയതാണ്. കശ്മീരിന്റെ ഇന്ത്യയുമായുള്ള ലയനത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായമുള്ളതുകൊണ്ടാണ് അവിടെ പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ തങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി പരിഗണിക്കാതിരിക്കുന്നത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗടക്കമുള്ള പല പാര്‍ട്ടികള്‍ക്കും കശ്മീരില്‍ ഘടകമില്ലാത്തതു പോലെ ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിക്കും അവിടെ ഘടകമില്ലെന്നേയുള്ളൂ.

പിന്നെ മറ്റൊരു കാര്യം, കശ്മീരിന്റെ കാര്യത്തില്‍ ഹിതപരിശോധനയെന്ന നിലപാടുള്ളതോടെപ്പം കോണ്‍ഗ്രസും ഫാറൂഖ് അബ്ദുല്ലയും കൂടി അട്ടിമറിച്ച 1987-ലെ തെരഞ്ഞെടുപ്പ് വരെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമി അവിടത്തെ ജനാധിപത്യ പ്രക്രിയയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ജയിക്കുകയും ചെയ്തിരുന്നു. താഴ്വരയെ തീവ്രവാദത്തിലേക്ക് എറിഞ്ഞ് കൊടുത്ത 1987-ലെ തെരഞ്ഞെടുപ്പ് അട്ടിമറിയെ തുടര്‍ന്ന് അലീഷാ ഗീലാനിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ആത്യന്തിക നിലപാടിലേക്ക് മാറിയതിനു ശേഷവും ജമ്മു-കശ്മീര്‍ ജമാഅത്തെ ഇസ്ലാമി സമാധാനപരമായ പ്രവര്‍ത്തന പാതയില്‍ ഉറച്ചുനില്‍ക്കുകയാണ്.

മതപരിത്യാഗികളെ കൊല്ലാന്‍ മൌദൂദി ആഹ്വാനം ചെയ്യുന്നുവെന്നതാണ് പിണറായി വിജയനടക്കം ഉന്നയിക്കുന്ന മറ്റൊരാരോപണം. പാര്‍ട്ടിയില്‍ നിന്ന് പുറത്തായവരെ വര്‍ഗ ശത്രുക്കളും റിവിഷനിസ്റുകളുമായി മുദ്ര കുത്തി ട്രോടസ്കിയടക്കം കമ്യൂണിസ്റ് ചരിത്രത്തില്‍ യമപുരിക്കയക്കപ്പെട്ടവരുടെ പട്ടിക തല്‍ക്കാലം ഇവിടെ നിരത്തുന്നില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താകുകയോ പുറത്താക്കപ്പെടുകയോ ചെയ്തതിന്റെ പേരില്‍ അവഹേളനക്കും പീഡനങ്ങള്‍ക്കുമിരയായി ഒടുവില്‍ ഹൃദയം പൊട്ടി മരിച്ച മാധവന്‍ ആര്യന്‍, ഭരതന്‍ തുടങ്ങിയ പേരുകളും എന്തിനേറെ എം.വി രാഘവനെ തെരുവില്‍ വേട്ടയാടിയതും നമുക്ക് മറക്കാം.
മുര്‍തദ്ദ് കീ സസാ ഇസ്ലാമി ഖാനൂന്‍ മേം (മത പരിത്യാഗികളുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന മൌദൂദിയുടെ ലഘു കൃതിയാണ് വിമര്‍ശനത്തിനാധാരം. ഇവിടെ ഒരു കാര്യം അടിവരയിട്ട് സൂചിപ്പിക്കേണ്ടതുണ്ട്. വൈവിധ്യമാര്‍ന്ന ഇസ്ലാമിക വിജ്ഞാനശാഖകളില്‍ ചെറുതും വലുതുമായി നൂറിലധികം ഗ്രന്ഥങ്ങള്‍ മൌദൂദി രചിച്ചിട്ടുണ്ട്. അവയില്‍ പ്രകടിപ്പിക്കപ്പെട്ട എല്ലാ അഭിപ്രായങ്ങളോടും ജമാഅത്തെ ഇസ്ലാമി യോജിക്കണമെന്ന യാതൊരു നിര്‍ബന്ധവുമില്ല. ജമാഅത്തിന്റെ രൂപീകരണ യോഗത്തില്‍ വെച്ച് അക്കാര്യം മൌദൂദി തന്നെ വ്യകതമാക്കിയതാണ്. ഈ വിയോജിപ്പിനര്‍ഥം മൌദൂദിയെ തള്ളിപ്പറയുന്നുവെന്നല്ല. മാര്‍ക്സിന്റെയും എഗല്‍സിന്റെയും പല അഭിപ്രായങ്ങളോടും ലെനിനും മാവോയും വിയോജിച്ചിരുന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കാഴ്ചപ്പാടുകള്‍ ഭിന്ന ധ്രുവങ്ങളിലായിരുന്നു. ഇസ്ലാമിലെ കര്‍മ ശാസ്ത്ര മദ്ഹബുകളിലും ഗുരുവില്‍ നിന്ന് കടകവിരുദ്ധമായ പല അഭിപ്രായങ്ങളും ശിഷ്യന്മാര്‍ക്കുണ്ടായിരുന്നു. ഇതിനര്‍ഥം അവരെല്ലാം പരസ്പരം തള്ളിപ്പറഞ്ഞുവെന്നാണോ?

മതപരിത്യാഗം വധശിക്ഷ വരെ നല്‍കാവുന്ന ഒരു ക്രിമിനല്‍ കുറ്റമാണെന്ന് സൂചിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ പ്രാമാണികമെന്ന് കരുതുന്ന ചില ഹദീസുകളിലും കര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. പ്രത്യക്ഷത്തില്‍ ഇസ്ലാം ഉയര്‍ത്തിപ്പിടിക്കുന്ന അഭിപ്രായ സ്വാതന്ത്യ്രത്തിനും വിവേചനാധികാരത്തിനും നിരക്കാത്തതാണ് ഈ പരാമര്‍ശങ്ങള്‍. പൊതുവില്‍ മുസ്ലിം മതമീമാംസകര്‍ അതിനെപ്പറ്റിയൊന്നും വലുതായി ആലോചിക്കാതെ ശിക്ഷയെ കുറിച്ച് പരാമര്‍ശിച്ച് പോവുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത്തരം പരാമര്‍ശങ്ങളെ ചൊല്ലി ഇസ്ലാം ആക്ഷേപിക്കപെട്ട പശ്ചാത്തലത്തിലാണ് മതപരിത്യാഗിയുടെ ശിക്ഷയുടെ രാഷ്ട്രീയം യുക്തി ഭദ്രമായി വിശദീകരിക്കുന്ന മൌദൂദിയുടെ ഗ്രന്ഥം രചിക്കപെട്ടത്.

കേവല മതവിശ്വാസമെന്ന നിലയില്‍ ഇസ്ലാമില്‍ നിന്നുള്ള പരിവര്‍ത്തനത്തെയല്ല അദ്ദേഹം ക്രിമിനല്‍ കുറ്റമായി കണ്ടത്. മറിച്ച്, ഇസ്ലാമിക് സ്റേറ്റിന്റെ അഖണ്ഡതയെ നിരാകരിക്കുന്ന മതപരിത്യാഗത്തെയാണ്. ഒരു ദേശ രാഷ്ട്രം അതിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന വഞ്ചകര്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ (Traitor) സ്വീകരിക്കുന്ന നിലപാടുമായിട്ടാണ് മൌദൂദി അതിനെ താരതമ്യം ചെയ്യുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്ന് വിട്ടുപോകാന്‍ തീരുമാനിച്ച ഏഴ് തെക്കന്‍ സ്റേറ്റുകള്‍ക്കെതിരെ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കന്‍ കൈകൊണ്ട യുദ്ധനടപടികളുമായും മൌദൂദി മതപരിത്യാഗികളോടുള്ള നിലപാടിനെ സമീകരിക്കുന്നുണ്ട്.

മതപരിത്യാഗത്തിനുള്ള ശിക്ഷയെ കുറിച്ച് താത്ത്വിക വിശദീകരണം നല്‍കിയ മൌലാന മൌദൂദി പാകിസ്താനില്‍ ഖാദിയാനികള്‍ക്കെതിരെ സ്വീകരിച്ച നിലപാടും നമ്മുടെ പരിഗണനയില്‍ വരേണ്ടതുണ്ട്. ഖാദിയാനികള്‍ മതപരിത്യാഗികളാണെന്ന കാര്യത്തില്‍ മൌലാനാ മൌദൂദിക്കോ പാകിസ്താനകത്തും പുറത്തുമുള്ള മതപണ്ഡിതന്മാര്‍ക്കോ യാതൊരു സംശയവുമില്ല. എന്നാല്‍, ഖാദിയാനീ പ്രക്ഷോഭത്തിന്റെ പേരില്‍ നമ്മുടെ നാട്ടില്‍ നിരന്തരം വേട്ടയാടപ്പെട്ടുക്കൊണ്ടിരിക്കുന്ന മൌദൂദി ഖാദിയാനികളെ കൊല്ലണമെന്നോ അവരെ തെരുവില്‍ നേരിടണമെന്നോ എവിടെയും പറഞ്ഞിട്ടില്ലല്ലെന്ന കാര്യം വേട്ടക്കാര്‍ സൌകര്യപൂര്‍വം വിസ്മരിക്കുകയാണ്. അദ്ദേഹം ആകെ കൂടി ചെയ്തത് ഖാദിയാനികള്‍ക്ക് ഇസ്ലാമില്‍ സ്ഥാനമില്ലെന്ന കാര്യം പ്രമാണ സഹിതം തെളിയിച്ചതിന് ശേഷം അവരെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് അവരുടെ ന്യൂനപക്ഷ പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെടുക മാത്രമാണ്. പാര്‍ലമെന്റില്‍ അവര്‍ക്ക് സീറ്റ് സംവരണം ചെയ്യണമെന്ന് വരെ മൌദൂദി ആവശ്യപ്പെടുകയുണ്ടായി.

ഖാദിയാനികളുടെ രക്തത്തിലൂടെ മൌദൂദി കുതിര സവാരി നടത്തിയെന്നെല്ലാം പിണറായിഭക്തിയാല്‍ തട്ടിമൂളിക്കുന്ന ടി.കെ ഹംസയെ പോലുള്ളവര്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. അതായത് ഖാദിയാനികളുടെ ചോര വീണ ’50-കളിലെ പാകിസ്താനിലെ ഖാദിയാനി പ്രക്ഷോഭം മൌദൂദിയോ പാക് ജമാഅത്തെ ഇസ്ലാമിയോ സംഘടിപ്പിച്ചതായിരുന്നില്ല. മറിച്ച് അതിന് പിന്നില്‍ സ്വാതന്ത്യ്ര സമരകാലത്ത് മുസ്ലിം ലീഗിന്റെ വിഭജനവാദത്തെ എതിര്‍ത്ത് കോണ്‍ഗ്രസ്സിനോടൊപ്പം നിന്ന ജംഇയ്യത്തുല്‍ അഹ്റാര്‍ എന്ന പാര്‍ട്ടിയായിരുന്നു. പാകിസ്താന്‍ രൂപീകരണത്തെ എതിര്‍ത്തതിനാല്‍ ആ പാര്‍ട്ടിയുടെ മേല്‍ സ്വാതന്ത്യ്രാനന്തര പാകിസ്താനില്‍ സ്വാഭാവികമായും രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ടു. ഇതില്‍ നിന്ന് രക്ഷപെട്ട് പാകിസ്താനിലെ മുസ്ലിം പൊതു ബോധത്തില്‍ ഇടം നേടുന്നതിന് വേണ്ടി അവര്‍ ഖാദിയാനി പ്രക്ഷോഭം കുത്തി പൊക്കുകയായിരുന്നു. പാകിസ്താനില്‍ ഒരിസ്ലാമിക ഭരണഘടനക്ക് വേണ്ടി പാക് ജമാഅത്തെ ഇസ്ലാമി നടത്തി കൊണ്ടിരുന്ന സമാധാനപരമായ പ്രക്ഷോഭത്തെ തളര്‍ത്തുന്നതിനു വേണ്ടി ഭരണകൂടവും ഈ പ്രക്ഷോഭത്തെ ശക്തിപ്പെടുത്താന്‍ അണിയറയില്‍ പ്രവര്‍ത്തിച്ചു. ഖാദിയാനി പ്രക്ഷോഭം മൌദൂദി വേട്ടയായി പരിവര്‍ത്തിപ്പിക്കപ്പെട്ടത് അങ്ങനെയാണ്.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പൂര്ണമായി വായിക്കുന്നതിന്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK