'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ജനുവരി 08, 2017

എം.എം. അക് ബർ: പാഠപുസ്തകത്തിലെ ദേശവിരുദ്ധത ?


പീസ് ഇൻ്റർനാഷണൽ സ്കൂൾ ശ്രദ്ധിക്കപ്പെട്ടത് അവിടെ പഠിപ്പിക്കുന്ന ഒരു പാഠ പുസ്തകത്തിൽ മതേതരത്വത്തിന് നിരക്കാത്ത ഒരു പരാമർശം കണ്ടെത്തിയതിനെ തുടർന്നാണ് എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പിന്നീട് മറ്റുപല ചാർജുകളും അതിനോട് ചേർത്ത് പിന്നീട് വന്നിട്ടുണ്ട്. കേരളത്തിൽ നിന്ന് നാട് വിട്ടവരുടെ വിഷയം ആണ് അതിലൊന്ന്. അതിലൊക്കെ ശരിയുമുണ്ടാവാം. 

 എന്നാൽ ഇതുവരെ ആരും ആ പുസ്തകഭാഗം ചർചവിഷയമാക്കുന്നത് കണ്ടില്ല. ഒരു കാരണം ആരോപണം വന്ന ഉടനെ അത് സിലബസിൽ പഠിപ്പിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിരുന്നുവെന്ന് അതിൻ്റെ എം.ഡി. എം.എം അക് ബർ തന്നെ പറഞ്ഞതുകൊണ്ടാണ്. മൂന്ന് പേർ യു.എ.പി.എ ചുമത്തപ്പെടാൻ കാരണമായ ആ പാഠഭാഗം ഒന്ന് പരിശോധിച്ചാൽ എന്താണ് പ്രശ്നം.  അത് എത്രത്തോളം മതേതരവിരുദ്ധമാണ്, എത്രത്തോളം ദേശവിരുദ്ധമാണ്, എത്രത്തോളം അത് ഇസ്ലാമികമാണ് എന്ന ഒരു പരിശോധനയാണ് എൻ്റെ പരിമിതമായ അറിവ് വെച്ച് ഇവിടെ നടത്തുന്നത്.  നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ കമൻ്റ് ബോക്സ് റെഡിയാണ്. അതിനാൽ ഇത് ഒരു അന്വേഷണം മാത്രമാണ്. 

പുസ്തകത്തിൽ നൽകിയതിന് ഞാൻ മനസ്സിലാക്കിയ അർഥമാണ് താഴെ നൽകിയിട്ടുള്ളത് ....

***********************
പ്രവർത്തനം: 

നിങ്ങളുടെ ഉറ്റ സുഹൃത്ത് ആഡം/ സൂസൻ മുസ്ലിമാകാൻ തീരുമാനിച്ചിട്ടുണ്ട്. താഴെ നൽകപ്പെട്ടവയിൽ ഏത് ഉപദേശമാണ് നിങ്ങൾ നൽകുക.

എ. അവൻ/അവൾ തൻ്റെ പേര് അഹ് മദ്/സാറ എന്നാക്കി ഉടനടി മാറ്റുക.

ബി. അവൻ/അവൾ കുരിശുള്ള ഒരു ചെയിൻ ധരിച്ചിരിക്കുന്നു. അത് അഴിച്ചുമാറ്റുക.

സി. സത്യസാക്ഷ്യം (ശഹാദ) പഠിക്കുക.

ഡി. രക്ഷിതാക്കൾ മുസ്ലിംകളല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകുക.

ഇ. ഹലാൽ ചിക്കൻ തിന്നുക.

മേൽ നൽകിയ ഉപദേശങ്ങൾ ശരിയായ ക്രമത്തിൽ ക്രോഡീകരിക്കുക. അതിൻ്റെ കാരണങ്ങൾ ക്ലാസിൽ ചർച ചെയ്യുക.

************************


ഒറ്റനോട്ടത്തിൽ 


രണ്ടാം ക്ലാസിലെ പുസ്തകമാണിത് എന്നാണ് കേട്ടത്. (അതല്ല മൂന്നിലെയോ നാലിലെയോ ആണെങ്കിലും പറയാനുള്ളത് ഒന്നു തന്നെ) സ്വന്തം ക്ലാസിൽ പഠിക്കുന്ന അല്ലെങ്കിൽ അയൽ പക്കത്തുള്ള ഒരു ക്രിസ്തുമത വിശ്വാസിയായ സുഹൃത്തിനോട് ഒരു ഏഴ്/എട്ടു വയസ്സുകാരൻ ഇസ്ലാമിനെ പരിചയപ്പെടുത്തി അല്ലെങ്കിൽ എങ്ങനെയോ മതം മാറാൻ തീരുമാനിക്കുന്നുവെന്ന് സങ്കൽപിച്ചുകൊണ്ടുള്ള ഒരു ചോദ്യമാണിത്. ഒരു സാമാന്യബുദ്ധിക്കും നിരക്കാത്ത കാര്യമാണിത്. ഇതുവരെ അത്തരമൊരു സംഭവം  കാണാൻ കഴിഞ്ഞിട്ടില്ല. പരമാവധി സംഭവിക്കാവുന്നത് ആ കൂട്ടി വീട്ടിൽ ചെന്ന് അമ്മേ.. നമുക്കും ക്ലാസിലെ റമീസിൻ്റെ മതം സ്വീകരിച്ചാലോ എന്ന് ചോദിച്ചേക്കാം. മോനെ അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം എന്ന് അമ്മ പറയുന്നതോടെ അതവിടെ അവസാനിക്കും. അതല്ല ഇനി ആ കുട്ടി അങ്ങനെ തന്നെ റമീസിനോട് പറഞ്ഞുവെന്ന് വെക്കുക, ഈ പാഠപുസ്തകം പഠിച്ച് ക്ലാസിലെ ചർചയൊക്കെ കേട്ട് റമീസ് അവനെ ഉപദേശിക്കുന്നുവെന്ന് കരുതുക.  എങ്കിൽ അത് എത്രത്തോളം പ്രയോഗികമായി നടപ്പാകും എന്നാലോചിക്കുക. ചുരുക്കത്തിൽ ഒരു അസംബന്ധം എന്നതിൽ കവിഞ്ഞ് ആ ചോദ്യങ്ങൾക്ക് ഒരു മൂല്യവുമില്ല. പ്രതികരണവുമില്ല. ഒരു ഇലയനക്കം പോലും അത് പഠിച്ചതുകൊണ്ടോ ചർച ചെയ്തതുകൊണ്ടോ ഉണ്ടാവില്ല. 

ഒരു പാഠപുസ്തകത്തിലെ ശരാശരി  ചോദ്യത്തിൻ്റെ നിലവാരമോ ഘടനയോ ഇതിനില്ല. ഏത് ഉപദേശം നൽകും എന്ന് ചോദ്യം തുടങ്ങിയപ്പോൾ നാം വിചാരിക്കുക. അതിൽ ഏറ്റവും യോജിച്ച ഒന്ന് നൽകും. അങ്ങനെ വരുമ്പോൾ ആദ്യം നൽകേണ്ട ഉപദേശം ശഹാദ ചൊല്ലാനോ / പഠിക്കാനോ ഒക്കെ ആയിരിക്കും. ബാക്കിയുള്ളത് പിന്നെ വരുന്നതല്ലേ എന്ന രൂപത്തിൽ നാം വിടുകയും ചെയ്യും. 


എന്നാൽ അവസാനം മനസ്സിലാക്കുന്നത് അവയൊക്കെ നൽകേണ്ട ഉപദേശമാണെന്നും അവ ക്രമത്തിലാക്കുകയാണ് കുട്ടി വേണ്ടതെന്നുമാണ്. എന്ന് വെച്ചാൽ ഇസ്ലാം സ്വീകരിക്കാത്ത മാതാപിതാക്കളിൽ നിന്ന് ആ എഴുവയസ്സുകാരൻ ഓടിപ്പോകുന്നതടക്കമുള്ള ഉപദേശം സ്വന്തം കൂട്ടുകാരൻ നൽകണം. ഇത് ഒരു പൊതുവിദ്യാലയത്തിൽ പഠിപ്പിക്കുന്നത് മതേതരത്വത്തിന് നിരക്കുന്നതല്ല എന്ന നിലക്ക് മാത്രമാണ് ഇതിൽ ചർച നടക്കുന്നത്. ഇതിലെ ഇസ്ലാമിക വിരുദ്ധതയും ക്രൂരതയും അന്തക്കേടും ചർചയാക്കാതിരുന്നാൽ മുസ്ലിംകളൊക്കെയും ഇതിനെ അംഗീകരിക്കുന്നുവെന്നാണ് മുസ്ലിമല്ലാത്ത ഇതര ജനത മനസ്സിലാക്കുക. 

ചോദ്യത്തിലെ ഇസ്ലാമിക വിരുദ്ധത

അതിനാൽ ഇത് എന്ത് മാത്രം ഇസ്ലാമികമല്ല എന്ന കാര്യം അദ്യം പറയട്ടേ. ഇത് കുട്ടികൾ നടപ്പാക്കാനുള്ളതല്ല, ഒരാൾ മുസ്ലിമാകുമ്പോൾ എന്ത് സ്വീകരിക്കണം എങ്ങനെ പെരുമാറണം എന്ന് പഠിപ്പിക്കാനായിട്ടാണ് ഈ പാഠം ഉൾപ്പെടുത്തിയത് എന്ന് വിശദീകരിക്കാനുള്ള സാധ്യത മുൻ നിർത്തിയാണിത് പരിശോധിക്കുന്നത്. അങ്ങനെയും കൂടിയാണല്ലോ ധാർമിക പാഠങ്ങൾ നാം കുട്ടികളെ പഠിപ്പിക്കുന്നത്. അതിനാൽ കുട്ടികളുടെ കാര്യം വിടാം. പ്രായപൂർത്തി വന്ന ഒരാളുടെ കാര്യത്തിലാണ് ഇതെങ്കിൽ ഈ വിഷയത്തിൽ പറയാനുള്ളത് എന്താണെന്ന് നോക്കാം.  

ഇസ്ലാം എന്നത് മനുഷ്യർക്കാകമാനമുള്ള ദൈവത്തിൻ്റെ ദർശനമാണ്. മുഹമ്മദ് നബി മുസ്ലിംകളുടെ മാത്രം ഒരു നേതാവല്ല. ലോകത്തെ മുഴുവൻ മനുഷ്യർക്കും അനുഗ്രഹമായിട്ട് ദൈവത്താൽ നിയോഗിക്കപ്പെട്ടതാണ്. ഇങ്ങനെയാണ് മുസ്ലിംകൾ കരുതുന്നത്.  ദൈവം ഏകനാണെന്നും സൃഷ്ടികളുടെ പരമമായ അനുസരണത്തിനും അരാധനക്കും ഏക അർഹൻ അവനാണെന്നും അംഗീകരിക്കുകയും, മുഹമ്മദ് നബി അതേ സ്രഷ്ടാവായ ദൈവത്തിൻ്റെ ദുതനും ദാസനുമാണെന്നും മനസ്സിലാക്കുകയും അത് അംഗീകരിക്കുകയും ആ അംഗീകരത്തിൻ്റെ പ്രത്യക്ഷ തെളിവായി അത് അപ്രകാരം ഉച്ചരിക്കുകയും ചെയ്താൽ ഒരാൾ മുസ്ലിമായി. ശഹാദത്ത് എന്ന് പറയുന്നത് ഈ കർമത്തിനാണ്. ഇതോടെ ദൈവത്തിൻ്റെ കൽപനകൾ സാധ്യമാകുന്ന എല്ലാ ജിവിതമേഖലയിലും അവൻ പ്രാവർത്തികമാക്കും. തൻ്റെ വിശ്വാസത്തിന് നിരക്കാത്ത കാര്യങ്ങൾ അവൻ ഒഴിവാക്കുകയും ചെയ്യും. 

ആദം എന്നോ സൂസൻ എന്നോ പേരുള്ള ഒരു വ്യക്തി മുസ്ലിമാകുമ്പോൾ ആ പേര് മാറ്റണം എന്നത് ഒരു ആവശ്യമേ അല്ല. അയാൾക്ക് വ്യക്തിപരമായി അത് മാറ്റണമെങ്കിൽ മാറാമെന്ന് മാത്രം. എൻ്റെ ഒരു സഹപ്രവർത്തകൻ്റെ പേർ ആദം എന്നായിരുന്നു. ക്രിസ്ത്യാനികൾ ആഡം എന്ന് പറയുമായിരിക്കാം. സൂസനും അപ്രകാരം തന്നെ മുഹമ്മദ് നബി മുസ്ലിമായ വ്യക്തികളോട് തങ്ങളുടെ പേർമാറ്റാൻ ആവശ്യപ്പെട്ടത് വളരെ ചുരുക്കമാണ്. ബഹുദൈവാരാധന സൂചിപ്പിക്കുന്ന (അല്ലാഹുവിലേക്കല്ലാതെ അടിമത്തം ചേർത്ത് പറയുന്നതുമായ) ചില പേരുകൾ മാത്രം മാറ്റി. പ്രത്യക്ഷത്തിൽ തന്നെ വൃത്തിയില്ലെന്ന് തോന്നുന്ന (വണ്ട്, നായ..തുടങ്ങിയ)  ചില പേരുകളുംമാറ്റി. 


കുരിശ് ധരിക്കുന്നത് പഴയ വിശ്വാസത്തിൻ്റെ ഭാഗമാണ്. യേശു ദൈവത്തിൻ്റെ പ്രവാചകനാണെന്നും അദ്ദേഹം കുരിശിലേറ്റപ്പെട്ടില്ലെന്നും മനസ്സിലാക്കുന്ന ഒരു മുസ്ലിം പിന്നെയും അത്തരം മാല ധരിച്ചു നടക്കാനിഷ്ടപ്പെടില്ല. അതിനാൽ അക്കാര്യത്തിൽ പ്രത്യേകം ആരുടെയും ഉപദേശം വേണ്ടിവരില്ല. 

ശഹാദ ചൊല്ലുക എന്ന കാര്യത്തോടെയാണ് മുസ്ലിമാകുന്നത്. അഥവാ അതിന്റെ ആന്തരികവും ബാഹ്യവുമായ അർഥം മനസ്സിലാക്കിയിട്ടാണ് ഇസ്ലാമാകാൻ തീരുമാനിക്കുന്നത്. അതിനാൽ ഈ പറഞ്ഞ ഉപദേശവും മുസ്ലിമാകാൻ ഉദ്ദേശിക്കുന്ന ആൾക്ക് ആവശ്യമില്ലാത്തതാണ് എന്നാണ് എൻ്റെ അഭിപ്രായം. 

ഈ ഉപദേശങ്ങളിൽ ഏറ്റവും പ്രതിലോമപരവും തീർത്തും ഇസ്ലാമികമല്ലാത്തതുമായ അഭിപ്രായമാണ് രക്ഷിതാക്കൾ മുസ്ലിമല്ലാത്തതിനാൽ വീട്ടിൽ നിന്ന് ഓടിപ്പോകണം എന്ന ഉപദേശം. ഇടക്കാലത്ത് ചിലരെ ബാധിച്ച തീവ്രസലഫിസം പ്രചരിപ്പിക്കുന്ന ഈ പരമാർശം പാഠപുസ്തകത്തിൽ കടന്നുകൂടിയത് ബോധപൂർവ്വം തന്നെയാണ്. എം.എം, അക് ബർ സാഹിബ് അതിനോട് യോജിക്കുന്നോ വിയോജിക്കുന്നോ എന്നറിയില്ല. എന്നാൽ അദ്ദേഹത്തോടൊപ്പം മൌദൂദിയെ തീവ്രവാദത്തിൻ്റെ മാസ്റ്റർ ബ്രൈനാക്കാൻ നാക്കിട്ടടിച്ച ശംസുദ്ധീൻ പാലത്ത് പിന്നീട് ആ വാദം പ്രചരിപ്പിച്ചതിൻ്റെ പേരിൽ യു.എ.പി.എ ചുമത്തപ്പെട്ടിരിക്കുകയാണ് ഇവിടെ ഓർക്കേണ്ടതുണ്ട്. 

പ്രവാചകൻ്റെ കാലത്ത് ഇസ്ലാം സ്വീകരിച്ചവർ തങ്ങളുടെ വീട്ടിൽ അമുസ്ലികളായ മാതാപിതാക്കളെ പരിപാലിച്ച് തന്നെകഴിച്ചുകൂട്ടുകയായിരുന്നു. അവർ ദൈവത്തിൽ പങ്കുചേർക്കാൻ  പറഞ്ഞാൽ അനുസരിക്കരുതെന്ന് മാത്രമാണ് വിലക്ക്. 


സ്വന്തം മാതാപിതാക്കളോട് കൂറും സ്‌നേഹവുമുള്ളവനാകണമെന്ന് മനുഷ്യനെ നാം ഊന്നി ഉപദേശിച്ചിട്ടുണ്ട്. മാതാവ് അവശതക്കുമേല്‍ അവശത സഹിച്ചുകൊണ്ടാണ് അവനെ ഗര്‍ഭം ചുമന്നത്. രണ്ടുവര്‍ഷം അവന്ന് മുലയൂട്ടുന്നതില്‍ കഴിഞ്ഞു. (അതുകൊണ്ട് നാം അവനെ ഉപദേശിച്ചു:) എന്നോട് നന്ദിയുള്ളവനായിരിക്കുക; നിന്റെ മാതാപിതാക്കളോടും. നിനക്ക് എന്നിലേക്കുതന്നെ മടങ്ങേണ്ടതുണ്ട്. എന്നാല്‍, അവര്‍ നിനക്കറിവില്ലാത്ത വല്ലതിനെയും എന്റെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിച്ചാല്‍, അതിനു നീ വഴങ്ങിപ്പോകരുത്. എന്നാല്‍, ഇഹലോകത്ത് അവരുടെ കൂടെ നല്ലനിലയില്‍ വര്‍ത്തിക്കേണം. (ഖുർആൻ, ലുഖ് മാൻ എന്ന അധ്യായത്തിൽ നിന്ന്)


 മാതൃത്വത്തിനും പിതൃത്വത്തിനും ഇസ്ലാം നൽകുന്ന സ്ഥാനം നിലവിലെ മറ്റേതെങ്കിലും മതാനുയായികൾ പിന്തുടരുന്നുണ്ടോ എന്ന് സംശയമാണ്. മാതാപിതാക്കളുടെ തൃപ്തിയിലാണ് അല്ലാഹുവിൻ്റെ തൃപ്തി അവരുടെ കോപത്തിലാണ് ദൈവത്തിൻ്റെ കോപം എന്ന് പഠിപ്പിച്ച പ്രാചകൻ, നിങ്ങൾ എന്നോട് നന്ദികാണിക്കുക നിങ്ങളുടെ മാതാപിതാക്കളോടും എന്ന് ചേർത്ത് പറഞ്ഞ ഖുർആൻ. അതിൻ്റെ അനുയായികൾ എന്ന് പറയുന്നവർക്ക് എങ്ങനെ മുസ്ലിമാകാൻ ഉദ്ദേശിക്കുന്ന ഒരാളോട് ഇങ്ങനെ ഉപദേശിക്കാനാവും. അതിനാൽ ഇത് മതേതരത്വത്തിന് വിരുദ്ധമെന്നതിനേക്കാൾ ഇസ്ലാമിക വിരുദ്ധമായ ഉപദേശമാണ്. 

അവസാനം പറഞ്ഞത് വലിയ ഒരു തമാശ തന്നെ. അവിടെ അടിവര ഹലാൽ എന്നതിനായാൽ പോലും മുസ്ലിമായ ഒരാൾക്ക് അടിയന്തിരമായി നൽകേണ്ട ഒരു ഉപദേശമെന്ന സ്ഥാനം അതിനില്ല. പ്രത്യേകിച്ചും ക്രിസ്ത്യാനികളാകുമ്പോൾ അവർ അറുത്തത് പോലും തിന്നാം എന്നാണ് ഇസ്ലാമിൻ്റെ വിശാലമായ കാഴ്ചപ്പാട്. മാത്രമല്ല ഇസ്ലാം സ്വീകരിക്കുന്ന ഒരാൾക്ക് മാത്രമല്ല അല്ലാത്തവർക്ക് കൂടി അറിയാം. മുസ്ലിംകൾ ഹലാൽ ചിക്കനേ കഴിക്കൂ എന്നത്. ചുരുക്കത്തിൽ തികഞ്ഞ യുക്തിരാഹിത്യവും ഇസ്ലാമിക വിരുദ്ധതയും ചേർന്നതാണ് ഈ ചോദ്യം എന്ന കാര്യത്തിൽ സംശയമില്ല. 

ചോദ്യത്തിലെ മതേതര/ദേശ വിരുദ്ധത

ഒരു പബ്ലിക്ക് സ്കൂളിൽ/എല്ലാ മതത്തിലുമുള്ള കുട്ടികൾ പഠിക്കുന്നിടത്ത് ഇത്തരമൊരു ചോദ്യമോ അതിന് സഹായകമായ പാഠമോ പഠിപ്പിക്കുന്നത് മതേതര വിരുദ്ധമാണ് എന്നകാര്യത്തിൽ സംശയമില്ല. അതിനാൽ അത് നീക്കം ചെയ്യാൻ ആവശ്യപ്പെടാം. എന്നാൽ അതിലുപരിയായി രാജ്യവിരുദ്ധത ആരോപിച്ച് യു.എ.പി.എ ചുമത്താൻ മാത്രം അതിലെന്താണ് ഉള്ളതെന്ന് എനിക്ക് മനസ്സിലായിട്ടില്ല. ഞാൻ പറഞ്ഞു കുട്ടികളോട് ഇത്തരം വിഷയം ചർച ചെയ്യുന്നത് കുട്ടികളെ തന്നെ അറിയില്ല എന്നതിൻ്റെ തെളിവാണ്. ഈ തികഞ്ഞ അന്തക്കേട് മാറ്റിവെച്ച് പരിശോദിച്ചാൽ, ഇസ്ലാം സ്വീകരിക്കുന്ന ഒരാളോട് അതിൻ്റെ വിശ്വാസത്തോട് നിരക്കാത്ത കാര്യങ്ങൾ ചെയ്യരുത് എന്ന് ഉപദേശിക്കാനും ആവിശ്വാസത്തിന് അനുഗുണമാകുന്ന കാര്യങ്ങൾ ചെയ്യണം എന്ന് കൽപിക്കാനും അവകാശം ഉണ്ടാകേണ്ടത് ഭരണഘടനയുടെ തന്നെ അന്തസത്തക്ക് യോജിക്കുന്ന ഒരു കാര്യമാണ്. ഒരു മതം സ്വീകരിച്ചവർ അത് സ്വീകരിക്കാത്ത രക്ഷിതാക്കളുടെ  വീട്ടിൽ നിന്ന് പോരണം എന്നത് ഏതെങ്കിലും ഒരു മതശാസനയായി ഉണ്ടെങ്കിൽ അങ്ങനെ ആവശ്യപ്പെടുന്നതിൽ എന്താണ് പ്രശ്നം. ഫലത്തിൽ ഇപ്പോൾ നടക്കുന്ന മഹാഭൂരിപക്ഷം മതമാറ്റത്തിലും (ഏത് മതമായാലും) അവർ വീടുവിട്ട് ഇറങ്ങുന്നു. ഇത് ഇസ്ലാമികമല്ലെന്ന് മുകളിൽ സൂചിപ്പിച്ചു. എങ്കിലും അത്തരം ഒരു ഉപദേശം ദേശദ്രോഹമാകുന്നത് മനസ്സിലാക്കാനാവുന്നില്ല. അതിന് മനസ്സുള്ളവർ അത് സ്വീകരിച്ചാൽ മതിയല്ലോ. 


ഞാനിവിടെ നൽകിയ പുസ്തക പേജ് ചിത്രം ഓൺലൈനിൽ വ്യാപിച്ച ഒന്നാണ്. എനിക്ക് ലഭിച്ചതും അവിടെ നിന്നാണ്. ഈ വിഷയത്തിൽ ഇത്രയും കാര്യം സൂചിപ്പിക്കാതിരുന്നാൽ ഇതൊക്കെ ഇസ്ലാമിൻ്റെ അധ്യാപനമാണ് എന്ന് പൊതു ജനം മനസ്സിലാക്കാനിടയുണ്ട്. എം.എം. അക് ബറിൻ്റെ കാര്യത്തിൽ മുസ്ലിം സമൂഹം ഒന്നിച്ച് അദ്ദേഹത്തിന് നേരിടേണ്ടിവരുന്നത് നീതിപൂർവകമായ ഭരണകൂട ഇടപെടലല്ല എന്ന് പ്രഖ്യാപിക്കുമ്പോൾ പ്രത്യേകിച്ചും ഈ കാര്യം പറയാതിരിക്കുന്നത് ഇസ്ലാമിനോട് ചെയ്യുന്ന നീതിയായിരിക്കില്ല. 

പ്രശ്നങ്ങളുടെ യഥാർഥ കാരണം സലഫികൾ/മുജാഹിദുകൾ എന്നറിയപ്പെടുന്നവരുടെ ഇസ്ലാമിലെ അസന്തുലിതമായ കാഴ്ചപ്പാടാണ്. അതുകൊണ്ടാണ് പ്രത്യക്ഷത്തിൽ തന്നെ അന്തക്കേടും ഇസ്ലാമിക വിരുദ്ധവുമായ ആ പാഠം ഉൾകൊള്ളു പാഠപുസ്തകം ഇതുവരെ പഠിപ്പിക്കാനിടയാക്കിയത്. ഇസ്ലാമിൻ്റെ സാമൂഹിക / രാഷ്ട്രീയ കാഴ്ചപ്പാടുകൾ നിരാകരിച്ചവരുടെ ഇസ്ലാം ആരാധനകളിലേക്കും ചിഹ്നങ്ങളിലേക്കും ആവശ്യത്തിലധികം ചാഞ്ഞിരിക്കുന്നു. അതുകൊണ്ടാണ് ക്രിസ്തുമസ്സിന് ആശംസകളർപ്പിക്കുന്നതടക്കം അതീവ ഗൌരവമായ അനിസ്ലാമികതയായി അവർ മനസ്സിലാക്കുന്നത്. എന്നാൽ ഇവർ നായികക്ക് നാൽപത് വട്ടം തീവ്രവാദത്തിൻ്റെ മുഴുവൻ പേറ്റൻ്റും മൌദൂദിക്കും ജമാഅത്തെ ഇസ്ലാമിക്കും പതിച്ചു നൽകുകയും ചെയ്യും.. അത് കള്ളം പറയേണ്ടിവരികയാണെങ്കിൽ അത് ചെയ്യും. ലോകത്തെ അറിയപ്പെടുന്ന, കഴിഞ്ഞ നൂറ്റാണ്ടിലെ വലിയ പ്രബോധനകനെ, ഖുർആൻ വ്യാഖ്യാതാവിനെ, ഇസ്ലാമിക സേവനത്തിന് അന്താരാഷ്ട്ര ഫൈസൽ അവാർഡ് നേടിയ വ്യക്തിത്വത്തെ അഥവാ ഇമാം അസ്സയിദ് മൌലാന മൌദൂദി (റ) യെ തീവ്രവാദത്തിൻ്റെ മാസ്റ്റർ ബ്രൈനാക്കാൻ പാടുപെടുകായയാരുന്നു എം.എം അക് ബർ എന്നത് ഇവിടെ ഓർക്കാതിരിക്കാനാവില്ല. അദ്ദേഹത്തിൽ സലഫി തീവ്രതയുണ്ട്. അതുകൊണ്ടാണ് മൌദൂദിയിൽ അദ്ദേഹം തീവ്രവതകാണുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ യു.എ.പി.എ ചുമത്താൻ മാത്രം അതുണ്ടെന്ന് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ അതിനേക്കാളൊക്കെ വിദ്വേഷം വെറുപ്പും ശത്രുതയും ഉണ്ടാക്കുന്നവർക്ക് എതിരെ പലപ്പോഴും സാദാ കേസുപോലും ചാർജ് ചെയ്യുന്നില്ല എന്ന അവസ്ഥ ഇവിടെയുണ്ട്. 

നിയമം എല്ലാവർക്കും ഒരുപോലെയാകണം. അതിലാണ് ജനാധിപത്യവും മതേതരത്വവും ദേശത്തിൻ്റെ നന്മയും അഖണ്ഡതയും നിലനിൽക്കുന്നത് എന്ന് വിശ്വസിക്കുന്നവനാണ് ഇയ്യുള്ളവൻ. 

ഈ പറഞ്ഞത് ഏതെങ്കിലും ഒരു സംഘടനയുടെ കാഴ്ചപ്പാട് ആണെന്ന് അവകാശപ്പെടുന്നില്ല. തുറന്ന ചർച ഈ വിഷയത്തിൽ ക്ഷണിച്ചുകൊള്ളുന്നു. 



11 അഭിപ്രായ(ങ്ങള്‍):

MAmsTricks പറഞ്ഞു...

1.എന്റെ സുഹുര്‍തെ ഒരു കുട്ടി ഇസ്ലാം മതം സ്വീകരിച്ചാല്‍ ഓടി പോകാന്‍ തീരുമാനിച്ചാല്‍ പാടില്ല എന്നത് പഠിപ്പിക്കാന്‍ വേണ്ടിയാണു ആ പാഠഭാഗം , ഓടി പോകണം എന്ന് പറഞ്ഞ ഏതേലും അധ്യാപകനെ ചൂണ്ടികാണിക്കാന്‍ ലതീഫിനു കഴിയുമോ ?

MAmsTricks പറഞ്ഞു...

2.ഇസ്ലാം മതം സ്വീകരിചെന്നു കരുതി പേര് മാറ്റണം എന്നില്ല എന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണു ആ ചോദ്യം അവിടെ ഇട്ടിരിക്കുന്നത്

MAmsTricks പറഞ്ഞു...

"കുട്ടികളെ എങ്ങനെ മതംമാറ്റാമെന്ന് പഠിപ്പിക്കുന്ന കോഴ്സുകള്‍ സംസ്ഥാനത്ത് അനുവദിക്കില്ല. " - മുഖ്യ മന്ത്രി Pinarayi Vijayan
നല്ല കാര്യം തന്നെ , പക്ഷെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു സ്കൂളിനെതിരെ തീവ്രവാദവും നിർബന്ധിത മതപരിവർത്തനവും ഒക്കെ പഠിപ്പിക്കുന്നു എന്ന് കുപ്രചരണം നടത്തി അവർക്കെതിരെ കേസെടുക്കാൻ മുസ്ലിം സംഘടനകൾ കൂട്ട് നിൽക്കണമെന്ന് പറയുന്നതും ഈ ആടിനെ പട്ടിയാക്കാൻ കൂട്ട് നിൽക്കണമെന്ന് പറയുന്നത് പോലെ തന്നെയല്ലേ പിണറായി സർക്കാരേ ?
പീസ് സ്‌കൂളിലെ വിവാദമായ പാഠ ഭാഗം സ്‌കൂൾ മാനേജ്‌മെന്റ് തന്നെ സ്വമേധയാ ഒരു പോലീസിന്റെയും കോടതിയുടെയും ഉത്തരവ് പോലുമില്ലാതെ തന്നെ എടുത്ത് കളഞ്ഞതാണ്.
ഇനി "കുട്ടികളെ എങ്ങനെ മതംമാറ്റാമെന്ന് പഠിപ്പിക്കുന്ന കോഴ്സുകള്‍" ഉണ്ടായിരുന്നു എന്ന് കാണിച്ചു അതിൽ പിടിച്ചു തൂങ്ങി ഒരു മുസ്ലിം പണ്ഡിതന് കൂടി എങ്ങനെയെങ്കിലും UAPA അവാർഡ് നൽകാനാണ് സർക്കാരിന്റെ പരിപാടി എങ്കിൽ അതിനു മുൻപ് വിവാദമായ ആ പാഠ ഭാഗത്തിലെ ആദ്യത്തെ വരി ബഹുമാനപ്പെട്ട മുഖ്യൻ ഒന്ന് കൂടെ മനസ്സിരുത്തി ഒന്ന് വായിക്കണം എന്നപേക്ഷ .
-------------------
Activity :
Suppose, your best friend Adam/Suzanne has DECIDED to become a Muslim.
Among the choices, What advice will you give ?
------------------------
അതായത് ആദമോ സൂസനോ മതം മാറാൻ തീരുമാനിച്ചു കഴിഞ്ഞാൽ അവർക്കു നിങ്ങൾ എന്ത് ഉപദേശമാണ് നൽകുക എന്ന്.
ഇതിൽ എവിടെയാണ് മതം മാറ്റാൻ പഠിപ്പിക്കുന്ന ഭാഗമുള്ളതു ? മതം മാറാൻ തീരുമാനിച്ചവർക്ക് എന്ത് ഉപദേശമാണ് നൽകുക എന്നല്ലേ ചോദിച്ചുള്ളൂ ? അതും മാനേജ്‌മെന്റ് എടുത്തു കളഞ്ഞതല്ലേ ?
കഥയിലെ "ആദാമിനെയും സൂസന്നയെയും" പോലുള്ള ആരെയെങ്കിലും നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതപരിവർത്തനം നടത്താൻ പീസ് സ്‌കൂൾ പഠിപ്പിക്കുന്നുണ്ടോ ?
"ആദാമിനെയും സൂസന്നയെയും" പോലുള്ള ആരെങ്കിലും മതം മാറാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ അവർ മാറാനുള്ള കാരണം വ്യക്തമായിട്ടു അന്വേഷിച്ചിട്ടു പോരെ പണ്ടെപ്പോഴോ ഒരു തവണ "ഉപദേശിക്കാൻ പഠിപ്പിച്ചു " എന്ന് കാണിച്ച് സ്‌കൂളിനെതിരെയും പണ്ഡിതനെതിരെയുമുള്ള ഈ വിളറിയെടുക്കൽ ?
ഇനി സ്‌കൂളിലെ MD യായ MM AKBAR ന്റെ പ്രവർത്തനങ്ങളാണ് സംശയമെങ്കിൽ അദ്ദേഹം ലക്ഷക്കണക്കിന് അനുയായികൾ ഉള്ള പ്രശസ്തനായ ഒരു ഇസ്‌ലാമിക മതപണ്ഡിതനാണ്. അദ്ദേഹം ആരെയെങ്കിലും നിർബന്ധിച്ചോ പ്രലോഭിപ്പിച്ചോ മതം മാറ്റാൻ പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിന്റെ വ്യക്തമായ തെളിവുകൾ അദ്ദേഹത്തിനെ പിന്തുടരുന്ന മുസ്ലിംകൾക്ക് തുറന്നു കാണിക്കാനുള്ള ആർജ്ജവം സർക്കാർ കാണിക്കണം. അതറിയാനുള്ള അവകാശം അവർക്കുണ്ട്.
അല്ലാതെ ഇരുട്ടത്തിരുന്നു "ആടല്ല പട്ടിയാണ്" "പട്ടിയല്ല ആടാണ്" എന്ന് വിളിച്ചു കൂവുകയല്ല വേണ്ടത് !
മതം മാറാൻ തീരുമാനിച്ച എന്റെ സുഹൃത്തിനെ ഉപദേശിക്കരുത് എന്ന് പറയാൻ ഇവിടെ ഒരു സർക്കാരിനും അവകാശമില്ല !
ഒരു വിവാദം ഒഴിവാക്കാൻ വേണ്ടി പാഠ പുസ്തകങ്ങൾ നീക്കം ചെയ്യണമെന്ന് പറയുന്നത് അംഗീകരിക്കാം. പക്ഷെ , മതം മാറാൻ തീരുമാനിച്ചവനെ ഉപദേശിച്ചാൽ അത് തീവ്രവാദം ആകുമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ല !
സ്‌കൂളുകൾ അടച്ചു പൂട്ടിയെ പറ്റൂ എന്നാണെങ്കിൽ നിങ്ങൾക്ക് പൂട്ടാം ! പണ്ഡിതന്മാരെ ജയിലിലുമടക്കാം !
സത്യം എന്താണെന്ന് ജനങ്ങളെ പഠിപ്പിക്കുകയും
സദുപദേശങ്ങൾ നൽകുകയും ചെയ്യുന്നത് ഒരു മുസ്ലിമിന്റെയും കർത്തവ്യമാണ്.
അതുകൊണ്ടു തന്നെ ഓരോ മുസ്ലിമും ഇവിടെ MM AKBAR ഉം ഓരോ മുസ്ലിം കുടുംബങ്ങളും പീസ് സ്‌കൂളും ആണെന്ന കാര്യം നിങ്ങൾ മറക്കരുത് .
ഉപദേശങ്ങൾ നമ്മൾ തുടർന്ന് കൊണ്ടേയിരിക്കും !
NB: ആരെങ്കിലും മതം മാറാൻ തീരുമാനിച്ചവരുണ്ടെങ്കിൽ ഉപദേശത്തിനായി പീസ് സ്‌കൂൾ വരെ പോകേണ്ട കാര്യമില്ല , ഈയുള്ളവൻ എന്നെക്കൊണ്ടാവും വിധം ഫ്രീയായി ഉപദേശങ്ങൾ നൽകാൻ തയാറാണ് അതിനു ബാധ്യസ്ഥനാണു എന്ന് കൂടി ഇതിനാൽ അറിയിക്കുന്നു .

MAmsTricks പറഞ്ഞു...

https://www.facebook.com/groups/rightthinkers/permalink/1300911029993503/

MAmsTricks പറഞ്ഞു...

ഇത് ജമാഅത്ത് ഇസ്ലാമി കാഴ്ചപാടിന് വിരുധമായിടുള്ള ബ്ലോഗ്‌ ആണല്ലോ . ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇത് അവരുടെ നിലപാടായി ഇതിനെ അനുകൂലികുമോ അതോ മുളയിലെ നുള്ളി സത്യാവസ്ഥ കൊണ്ട് വരുമോ ?

CKLatheef പറഞ്ഞു...

മുഹമ്മദ് ഐമൻ താങ്കളുടെ അഭിപ്രായപ്രകടനത്തിന് നന്ദി പറയുന്നു.. താങ്കളോട് തർക്കിക്കേണ്ട ആവശ്യം എനിക്കില്ല. താങ്കൾ പറഞ്ഞ പ്രകാരം ആണെങ്കിൽ അതിൽ ഒട്ടും കുറ്റം പറയാനില്ല. രണ്ട് പോയിന്റിൽനിന്ന് മൂന്നാമത്തേതിലേക്ക് കടക്കുമ്പോൾ താങ്കൾ പറയേണ്ടത് നേരത്തെ പറഞ്ഞതിന് വിരുദ്ധമാകുന്നില്ലേ.. എന്ന് വെച്ചാൽ ചോദ്യത്തിൽ വ്യക്തമാക്കുന്നത് പോലെ തന്നെ ഇതൊക്കെ നൽകപ്പെടേണ്ട ഉപദേശവും. അത് ക്രമത്തിലാക്കുക എന്ന കാര്യമേ കുട്ടി ചെയ്യേണ്ടതുള്ളൂവെന്നും തന്നെയല്ലേ നേർക്ക് നേരെ ലഭിക്കുന്നത്. അപ്പോഴും ഇത് കുട്ടികളുടെ നിലവാരത്തില്ല എന്നതും കാണിതിരിക്കരുത്. താങ്കളുദ്ദേശിച്ച പോലെയാണ് ചോദ്യകർത്താവുദ്ദേശിച്ചതെങ്കിൽ ഈ ചോദ്യം നിർമിച്ച വ്യക്തി പരമവിഢിയാണ് എന്ന കാര്യത്തിൽ സംശയമില്ല.

CKLatheef പറഞ്ഞു...

ഇത് ജമാഅത്തെ ഇസ്ലാമി കാഴ്ചപ്പാട് എന്നൊന്നും പറയാനില്ല. മുജാഹിദുകൾ തന്നെ ഈ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാട് ഇതുവരെ പറഞ്ഞില്ല. പുസ്തകത്തെക്കുറിച്ച ദൂരൂഹത നീക്കുന്നു എന്ന നിലക്ക് എന്റെ സുഹൃത്തുക്കൾ ഇതിനെ സ്വാഗതം ചെയ്യുന്നതാണ് എഫ്. ബിയിൽ കണ്ടത്..

Afzal. പറഞ്ഞു...

മതപരമായ അറിവ് കുഞ്ഞ പ്രായത്തിലെ മുസ്ലിം കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കാം ത്തിൽ തെറ്റില്ല.
[പക്ഷെ ഇത്തരത്തിൽ കുഞ്ഞന് പ്രായത്തിലെ പഠിപ്പിച്ച് കൊടുക്കേണ്ടതില്ല, കുറച്ച് കൂടി വള രുമ്പോ അവർ സ്വയമേ മനസ്സിലാക്കിക്കോളും. പക്ഷെ ഇത് സിലബസ്സിൽ നിന്ന് നീക്കം ചെയ്‌താൽ മതി . അല്ലാതെ യു ഇ പി ഇ ചുമത്താനും ഇതിന്റെ പേരിൽ തീവ്രവാദപ്പട്ടം നൽകാനും നടക്കേണ്ട തില്ല രാജ്യത്ത് . എത്രെയോ സ്‌കൂളുകളിൽ സൂര്യ നമസ്കാരവും യോഗയും ഒക്കെ പഠിപ്പിക്കുന്നു .....അതൊന്നും ഒരിടത്തും വിലക്കിയതാണ് കണ്ടിട്ടില്ല. പിന്നെ ഇതിന്റെ പേരിൽ പരസ്പരം ചളി വാരിയെറിയാതെ ഒന്നിച്ച് നിൽക്കൂ ...ഒരു പക്ഷെ അടുത്ത ഇര നിങ്ങളാവാം........

V.A.Sidheeque Salamathnager പറഞ്ഞു...

ഇസ്‌ലാമിൻറെ സമഗ്രതയോ സ്ഥലകാല ബോധ വീക്ഷണമോ ഇല്ലാത്തവരുടെ വീക്ഷണ വൈകല്യങ്ങളുടെ പരിണതി മൊത്തം ഇസ്‌ലാമിനും മുസ്ലിംകൾക്കുമുണ്ടാക്കുന്ന ദുഷ്പ്പേര് ഭയാനകം തന്നെ.....

Unknown പറഞ്ഞു...

ചർച്ചാ വിഷയമായ ചോദ്യവും അനുബന്ധവും നിലവാരമില്ലാത്തത് കൊണ്ടോ അല്ലെങ്കിൽ അത് ഉദ്ദേശിച്ച കുട്ടികളുടെ ചിന്താ ശേഷിക്കു പാകമാകാത്തതു കൊണ്ടോ ആണ് ആരുടേയും നിർബന്ധം ഇല്ലാതെ തന്നെ സ്‌കൂൾ അധികാരികൾ പിൻവലിച്ചത് എന്നാണു ഞാൻ കരുതുന്നത്. CK ലത്തീഫിന്റെ ലേഖനം പഠിച്ചു ആ ചോദ്യത്തിന് ഉത്തരമായി കൊടുത്താൽ എം എം അക്ബർ സാറാണ് മാർക്ക് ഇടുന്നതെങ്കിലും ഉയർന്ന മാർക്ക് ലഭിക്കാനിടയുണ്ട്.

മതങ്ങളെയും അതിന്റെ അടിസ്ഥാനങ്ങളെയും പരിചയപ്പെടുത്തുന്നത് ഭയക്കേണ്ടുന്ന ഒന്നല്ല മറിച്ചു പരസ്പരം മനസ്സിലാക്കാനാണ് സാധ്യമാകുക. ആ അർത്ഥത്തിൽ മുൻപ് കേരളത്തിലെ പാഠപുസ്തകങ്ങളിൽ വിവിധ മതങ്ങളെ പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴും ഉണ്ടാകാം. ബുദ്ധ മതത്തിലെ suffering എന്നതിന്റെ വിശദീകരണം പാഠപുസ്തകങ്ങളിൽ നിന്ന് പഠിച്ചതിന്റെ ഓർമ ഇന്നുമുണ്ട്. ക്രിസ്തുവിനെയും ക്രൈസ്തവതെയും ആദ്യം മനസ്സിലാക്കിയത് പാഠപുസ്തകങ്ങളിൽ നിന്ന് തന്നെയാണ്. പല ബൈബിൾ കഥകളും Moral ക്ലാസിൽ പഠിച്ചിട്ടും ഉണ്ട്. "മഹാ ഭാരതത്തെ" അടിസ്ഥാനമാക്കിയ കുട്ടികൃഷ്‌ണ മാരാരുടെ "ഭാരത പര്യടനം" എന്ന പുസ്തകവും പഠിച്ചതായിട്ടോർക്കുന്നു. അതൊന്നും പിൽക്കാലത്തു മത വിദ്വെഷമായി വളർന്നിട്ടില്ല മറിച്ചു കൂടുതൽ സഹിഷ്ണതയാണ് ഉണ്ടാക്കിയത്.

CKLatheef പറഞ്ഞു...

അഭിപ്രായം പറഞ്ഞവർക്ക് നന്ദി.. ബൈജു പറഞ്ഞത് നല്ലൊരു നിർദ്ദേശമാണ്.. മതം ഒരു യാഥാർഥ്യമാണ്. മതമില്ലെന്ന് പറയുന്നവരിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത് പലപ്പോഴും മതവിശ്വാസികളിലുണ്ടെന്ന് പറയുന്നതിനേക്കാൾ വർഗീയതയാണ്.. അതിനാൽ എല്ലാമതങ്ങളുടെയും സാരാംശം കുട്ടികളെ പഠിപ്പിക്കുകയാണ് വേണ്ടത്. മനുഷ്യൻ താനറിയാത്തതിന്റെ ശത്രുവാണ് എന്നത് മതങ്ങളെ സംബന്ധിച്ചും ബാധകമാണ്.. ചിലരെങ്കിലും സൂചിപ്പിച്ചത് ഇവിടെ ഈ പാഠപുസ്തകത്തിൽ ക്രൈസ്തവ ശൈലിയുടെ തനിയാവർത്തനം കാണുന്നുവെന്നതാണ്. സ്കൂൾ വിദ്യാർഥികൾക്ക് എടുക്കേണ്ട ഒരു വിഷയമല്ല ഇത് എന്ന് തന്നെ മനസ്സിലാക്കുന്നു. ചില മുസ്ലിം സഹോദരങ്ങൾക്ക് അത് ഉൾകൊള്ളാൻ പ്രയാസം അങ്ങനെയുള്ളവർ ഒരു കൃസ്ത്യൻ സൂക്കൂളിലെ ഇതേ പാഠം പേര് മാറി ഒന്ന് ഭാവനയിൽ കണ്ടുനോക്കുക. യൂസുഫ് ജോസഫായി മാറുന്നതും അവനോട് നൽകേണ്ട ഉപദേശവും.. എങ്കിലും നമുക്ക് പറയാം യു.എ.പി.എക്കോ രാജ്യദ്രോഹകേസിനോ ഒന്നും ഇതിൽ വകുപ്പില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK