'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, സെപ്റ്റംബർ 13, 2009

മൗലാനാ മൗദൂദിയും മതതീവ്രവാദവും

സയ്യിദ് മൗലാനാ മൗദൂദിയുടെ ചിന്തകളാണ് ലോകത്ത് തീവ്രവാദത്തിനും ഭീകരവാദത്തിനും കാരണമെന്ന കാര്യത്തില്‍ എന്തെങ്കിലും സംശയം മുജാഹിദ് നേതാക്കള്‍ അവരുടെ പ്രസംഗങ്ങളിലോ എഴുത്തിലോ പ്രകടിപ്പിക്കാറില്ല. അത്രയും ഉറച്ച ബോധ്യം അക്കാര്യത്തിലവര്‍ക്കുണ്ട്. ഖുര്‍ആനും സുന്നത്തുമാണ് തങ്ങളുടെ അടിസ്ഥാനം എന്ന് സ്വയം അവകാശപ്പെടുന്ന ഒരു വിഭാഗം, ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തകനും ദാര്‍ശനികനും പണ്ഡിതനും മുസ്‌ലിം ലോകം ആദരിക്കുന്ന ഒരു മഹാനെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ എന്ത് തെളിവാണുള്ളത് എന്ന് അത്ഭുതപ്പെടാറുണ്ട്. ഇവ്വിഷയകമായി നടത്തപ്പെടുന്ന മുജാഹിദുകളുടെ മുഖാമുഖങ്ങളും ക്ലിപ്പിംഗുകളും പരിശോധിക്കാറുണ്ട്. ഒരു ചോദ്യകര്‍ത്താവിന്റെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന് നല്‍കപ്പെട്ട ഉത്തരം, അറബിയില്‍ എഴുതിയ ഒരു പുസ്തകം ഉയര്‍ത്തിക്കാണിച്ച് ഇവ നിറയെ അത്തരം ഉദ്ധരണികളാണ് എന്ന് പറയുകയാണ് മുജാഹിദ് പ്രാസംഗികന്‍ ചെയ്തത്. അതല്ല വ്യക്തമായ തെളിവുകളുണ്ടെങ്കില്‍ ഇവിടെ നിങ്ങള്‍ ചേര്‍ക്കാവുന്നതാണ്.

ഏതായാലും മൗദൂദിയില്‍ തീവ്രവാദത്തിന്റെ പിതൃത്വം ആരോപിക്കുന്നതിന് മുമ്പ് തീവ്രവാദത്തെ മൗദൂദി സാഹിബ് എങ്ങനെയാണ് നോക്കികണ്ടത് എന്നും അതിനെക്കുറിച്ച് തന്റെ അനുയായികളോട് എന്തുപദേശിച്ചു എന്നും അറിയുന്നത് നന്നായിരിക്കും. ഒരാള്‍ പഠിപ്പിച്ചതിനും നിര്‍ദ്ദേശിച്ചതിനും വിരുദ്ധം പ്രവര്‍ത്തിക്കുന്നവരുടെ ചെയ്തികള്‍ക്ക് അയാള്‍ ഒരിക്കലും ഉത്തരവാദിയായിരിക്കില്ല. അതുകൊണ്ടാണ് നാം (മുജാഹിദ് പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍) പ്രവാചകന് അത്തരം തീവ്രവാദഭീകരവാദങ്ങളുടെ പിതൃത്വം കെട്ടിയേല്‍പ്പിക്കാനുള്ള ഡന്‍മാര്‍ക്ക് പത്രത്തിന്റെ ശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചത്. ഇതേ തെറ്റ് തന്നെയാണ് മുജാഹിദ് പ്രാസംഗികര്‍ മൗദൂദി സാഹിബിനോട് ചെയ്യുന്നത് എന്നെങ്കിലും മനസ്സിലാക്കാന്‍ ഈ പോസ്റ്റ് വായിക്കുക. ദൈര്‍ഘ്യം ഭയന്ന് സംഗ്രമാണ് ഇവിടെ നല്‍കിയിരിക്കുന്നത്. (ലേഖനം പൂര്‍ണമായി വായിക്കാന്‍ ഐ.പി.എച് പുറത്തിറക്കിയ പ്രസ്ഥാനവും പ്രവര്‍ത്തകരും എന്ന പുസ്തകം നോക്കുക.)

'പ്രവര്‍ത്തനസ്വാധീനം വിനഷ്ടമാക്കുന്ന ഒരു ന്യൂനതയാണ് വൈകാരിക അസന്തുലിതത്വം. തിന്‍മക്ക് ജന്‍മം നല്‍കാനുള്ള കഴിവുണ്ടതിന്. അതിന്റെ സ്വാഭാവികഭാവമാണ് ചിന്തയിലും പ്രവര്‍ത്തനത്തിലുമുള്ള സന്തുലിതത്വമില്ലായ്മ. അതാകട്ടെ ജീവിത യാഥാര്‍ഥ്യങ്ങളുമായി നേര്‍ക്കുനേരെ ഏറ്റുമുട്ടുന്നു.

ഒട്ടേറെ വിരുദ്ധഘടകങ്ങളുടെ പാരസ്പര്യവും വിവിധപ്രേരകങ്ങളുടെ സമഞ്ജസമായ കൂടിചേരലിന്റെ ഫലവുമാണ് മനുഷ്യജീവിതം. അവന്‍ ജീവിക്കുന്ന ഭൗതിക ലോകത്തിന്റെ അവസ്ഥയും അത്‌പോലെത്തന്നെ. ഓരോരുത്തരും വ്യത്യസ്ത പ്രകൃതിയിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. സ്വാഭാവികമായും ഇങ്ങനെ ഉരുവം കൊള്ളുന്ന സാമൂഹ്യജീവിതം വൈരുദ്ധ്യങ്ങളുടെ കലവറയാകാതെ തരമില്ല. ചിന്തയിലും വീക്ഷണത്തിലും പ്രവര്‍ത്തനങ്ങളിലും സന്തുലിതത്വം ഉണ്ടായാലെ ഈ ജീവിതത്തില്‍ എന്തെങ്കിലും ക്രിയാത്മകമായി പ്രവര്‍ത്തിക്കാനാവൂ. പ്രശ്‌നത്തിന്റെ എല്ലാവശവും കണക്കിലെടുക്കുകയും അവക്കോരോന്നിനും അതിന്റെതായ അവകാശങ്ങള്‍ നല്‍കുകയും വേണം. ലോകത്ത് ഇന്നേവരെ ഉണ്ടായതും ഇന്നും ഉണ്ടായികൊണ്ടിരിക്കുന്നതുമായ സകല നാശത്തിനും അടിസ്ഥാന കാരണം അസന്തുലിത ദിഷണകള്‍ മനുഷ്യന്റെ പ്രശ്‌നങ്ങളെ ഏകമുഖമായി സമീപിച്ച് അവയുടെ പരിഹാരത്തിനായി സന്തുലിതമല്ലാത്ത പദ്ധതികള്‍ ആവിഷ്‌കരിച്ചതും സന്തുലിതമല്ലാത്ത രീതിയില്‍ അവനടപ്പിലാക്കാന്‍ ശ്രമിച്ചതുമാണ്.

ഇസ്‌ലാമിന്റെ പരിഷ്‌കരണ പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കാന്‍ ഈ ഗുണം(സന്തുലിതത്വം) കൂടുതല്‍ ആവശ്യമാണ്. എന്തുകൊണ്ടെന്നാല്‍ പൂര്‍ണസന്തുലിതത്വത്തിന്റെ ഏക മാതൃകയാണ് ഇസ്‌ലാം. അതിനെ ഗ്രന്ഥത്താളുകളില്‍നിന്ന് സംഭവലോകത്തേക്ക് പറിച്ചുനടണമെങ്കില്‍ ചിന്തയിലും പ്രകൃതിയിലും ഇസ്‌ലാമിന്റെ പ്രകൃതത്തോടും സ്വഭാവത്തോടും താദാത്മ്യമുള്ള സന്തുലിതപ്രകൃതരായ പ്രവര്‍ത്തകര്‍ കൂടിയേ തീരൂ. അലംഭാവത്തിനോ അമിതോത്സാഹത്തിനോ ഇരയായ തീവ്രവാദികള്‍ ഈ പ്രവര്‍ത്തനത്തെ നശിപ്പിക്കുകമാത്രമേ ഉള്ളൂ. ഒന്നും സംഭാവനചെയ്യുകയില്ല.

ജീവിതവ്യവസ്ഥയുടെ സംസ്‌കരണത്തിനും പരിവര്‍ത്തനത്തിനുമുള്ള നിങ്ങളുടെ വല്ല പദ്ധതിയും വിജയിക്കണമെങ്കില്‍ അത് സത്യമാണെന്ന് നിങ്ങള്‍ക്ക് സ്വയം ബോധ്യമായത് കൊണ്ടായില്ല. മറിച്ച് അതോടൊപ്പം അത് സത്യമാണെന്നും പ്രയോജനകരമാണെന്നും സമൂഹത്തിലെ സാധാരണക്കാരെ ബോധ്യപ്പെടുത്താന്‍ കൂടി കഴിയണം. തീവ്രവാദപരമായ ശൈലിയിലൂടെ നടപ്പിലാക്കുന്ന ഒരു തീവ്രപദ്ധതി പൊതുജനങ്ങളില്‍ പ്രതീക്ഷയും പ്രത്യാശയും വളര്‍ത്തുന്നതിന് പകരം അവരില്‍ വെറുപ്പും സംഭീതിയും ജനിപ്പിക്കുക മാത്രമേ ചെയ്യൂ. അവരുടെ ഇത്തരം പ്രവര്‍ത്തനം തങ്ങളുടെ പ്രബോധനശക്തിയേയും സ്വാധീനശക്തിയെയും നശിപ്പിക്കുകയും ചെയ്യും. അത്തരം പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പിലാക്കാനും ഏതാനും തീവ്രവാദികളെ കിട്ടിയെന്ന് വരാം. പക്ഷേ മുഴുവന്‍ സമൂഹത്തെയും തങ്ങളെപോലെ തീവ്രവാദികളാക്കുകയോ യാഥാര്‍ഥ്യത്തിന് നേരെ മുഴുവന്‍ ലോകത്തിന്റെയും കണ്ണുകെട്ടുകയോ ചെയ്യുക എളുപ്പമുള്ള കാര്യമല്ല. സാമൂഹിക സംസ്‌കരണവും പുനര്‍നിര്‍മാണവും ഏറ്റെടുത്ത സംഘടനകള്‍ക്ക് അത്തരം തീവ്രവാദപരമായ നിലപാട് മാരകമായ ആഘാതമാണ്.' 

(ശേഷം അടുത്ത പോസ്റ്റില്‍ )

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്‌ലാമിയില്‍നിന്ന് പുറത്ത് പോയ (വാദത്തിന് വേണ്ടി അങ്ങനെതന്നെ സമ്മതിക്കുക) സിമി എന്ന സംഘടനയില്‍ പെട്ടവരാണ് എന്‍.ഡി.എഫ് നേതാക്കളില്‍ പലരും എന്നതാണ് തീവ്രവാദത്തിന് ജമാഅത്തുമായി ബന്ധമുണ്ട് എന്ന് സ്ഥാപിക്കാനുള്ള മറ്റൊരു വലിയ തെളിവായി ഉന്നയിക്കപ്പെടുന്നത്. പുറത്ത് പോകുന്നവര്‍ പ്രവര്‍ത്തിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം മാതൃസംഘടനക്കുണ്ടങ്കില്‍, മുജാഹിദ് വാദപ്രകാരം തീവ്രവാദത്തിന്റെ പിതൃത്വം അതോ മാതൃത്വമോ പേറേണ്ടത് ജമാഅത്തിനെക്കാള്‍ മുജാഹിദ് പ്രസ്ഥാനമാണ്. കാരണം ജംഇഅത്തുല്‍ ഉലമയാണ് മാതൃസംഘടനയെന്നും അതിനാല്‍ ജമാഅത്തുകാരടക്കമുള്ളവര്‍ തെറ്റുതിരുത്തി അതിലേക്ക് (മുജാഹിദ് സംഘടനയിലേക്ക്) മടങ്ങാനും പലതവണ പ്രസംഗിക്കുന്നത് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. അതു പോകട്ടേ ഇയ്യിടെ പിരിഞ്ഞ മടവൂര്‍ വിഭാഗത്തിനെ ഇങ്ങനെ ആക്ഷേപിക്കേണ്ടതുണ്ടോ അതിന്റെ ഉത്തരവാദിത്വവും മുജാഹിദ് എ.പി പക്ഷത്തിന് തന്നെയല്ലേ.

CKLatheef പറഞ്ഞു...

ബാക്കി ഭാഗം ഇവിടെ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK