'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, സെപ്റ്റംബർ 16, 2009

മതതീവ്രതയുടെ രൂപാന്തരങ്ങള്‍

മൗദൂദിയും മതതീവ്രവാദവും (2)

മൗദൂദി സാഹിബിന്റെ ലേഖനത്തിലേക്ക് കടക്കുന്നതിന് മുമ്പ് രണ്ടുവാക്ക്. കഴിഞ്ഞ പോസ്റ്റില്‍ ഇസ്‌ലാമിക പ്രവര്‍ത്തകര്‍ വൈകാരിക സന്തുലിതത്വം നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് സൂചിപ്പിച്ചത്. വൈകാരികാസന്തുലിതത്വം എങ്ങനെയാണ് സംഘടനകളെ തീവ്രവാദത്തിലേക്കും തുടര്‍ന്ന് പിളര്‍പ്പിലേക്കും നയിക്കുന്നത് എന്നാണ് ഇവിടെ വിശദീകരിക്കുന്നത്. മുജാഹിദ് സുഹൃത്തുകള്‍ക്ക് പലപ്പോഴും മനസ്സിലാകാത്ത കാര്യമാണ് ജമാഅത്തെ ഇസ്‌ലാമിയും മൗദൂദിയും തമ്മിലുള്ള ബന്ധം. മുജാഹിദ് പ്രാസംഗികരില്‍ ആരെങ്കിലും വസ്തുനിഷ്ഠമായി ആ ബന്ധം വിശദീകരിക്കുന്നത് കണ്ടിട്ടില്ല. ഇതിന് കാരണം മൗദൂദിയുടെ ഇസ്‌ലാമിലുള്ള സ്ഥാനം എന്താണെന്ന് വിലയിരുത്തുന്നതില്‍ മുജാഹിദ് നേതാക്കള്‍ക്ക് സംഭവിച്ച് ഗുരുതരമായ പിഴവാണ്. മൗദൂദിസാഹിബിന്റെ ചിന്തകള്‍ എങ്ങനെയാണ് ജമാഅത്തെ ഇസ്‌ലാമി പ്രയോജനപ്പെടുത്തുന്നത് എന്ന് ഈ ഭാഗം വായിച്ച് കഴിയുമ്പോള്‍ വായനക്കാര്‍ക്ക് ബോധ്യപ്പെടും. അത്തരമൊരു വ്യക്തിത്വത്തിന്റെ പോരായ്മ മുജാഹിദ് പ്രസ്ഥാനം അനുഭവിക്കുന്നുണ്ടെന്ന് മുജാഹിദുകാരല്ലാത്തവര്‍ക്ക് എളുപ്പം മനസ്സിലാകുകയും ചെയ്യും. മൗദൂദിയുടെ ലേഖനത്തെ നെറ്റ്‌വായനക്കാര്‍ക്കായി ഘടനമാറ്റിയാണ് ഇവിടെ അവതരിപ്പിക്കുന്നത്. മുഖ്യ പോയിന്റുകള്‍ വിട്ടുപോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ലേഖനം തുടരുന്നു:

വൈകാരികാസന്തുലിതത്വം: ഒന്നാം ഘട്ടം

ലക്ഷണങ്ങള്‍:

1. അതിന്നിരയാകുന്നവരുടെ മനസ്സ് ഏകമുഖമായിരിക്കും.

ഫലം: അവന്‍ പൊതുവില്‍ ഒന്നിന്റെയും മറുവശം കാണാന്‍ കൂട്ടാക്കുകയില്ല.
ഒരു വശം മാത്രം കാണുകയും താന്‍ കാണുന്ന വശം മാത്രം കണക്കിലെടുത്ത് മറുവശം പറ്റെ അവഗണിക്കുകയും ചെയ്യും.

2. തന്റെ മനസ്സ് ഒരിക്കല്‍ ആകര്‍ശിക്കപ്പെട്ട ദിശയിലേക്കു മാത്രമേ അവന്‍ എല്ലായ്‌പോഴും തിരിയൂ.

ഫലം: തന്റെ ശ്രദ്ധതിരിയേണ്ട വേറെയും ദിശയുണ്ടാകാം എന്ന ചിന്തപോലും അവനുണ്ടാവുകയില്ല.

3. പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിലും അഭിപ്രായം രൂപീകരിക്കുന്നതിലും ഒരു തരം ഏകപക്ഷീയതയും അസന്തുലിതത്വവും അത്തരക്കാരില്‍ പ്രകടമാകും.

ഫലം: എന്തിനെ അവര്‍ പ്രധാനമായി കരുതുന്നുവോ അതുമാത്രം മുറുകെ പിടിക്കുകയും അത്രതന്നെയോ അതിലേറെയോ പ്രാധാന്യമുള്ള മറ്റനേകം കാര്യങ്ങളെ തീരെ അപ്രധാനമായി കരുതുകയും ചെയ്യും.

4. എന്തിനെയാണോ അവര്‍ മോശമായി ഗണിക്കുന്നത് അതിന്റെ പിന്നാലെ കൂടും.

ഫലം: അതുപോലെയോ അതിലും മോശമായ മറ്റുകാര്യങ്ങളെ പൂര്‍ണമായും അവഗണിക്കുക്കുന്നതിലേക്ക് അത് നയിയിക്കുന്നു.

5. തത്വങ്ങളോടുള്ള പ്രതിബദ്ധത മൂലം പ്രായോഗികതയെക്കുറിച്ച് ലവലേശം ചിന്തയില്ലാതെ സ്വയം നിഷ്‌ക്രിയനാകുമാറ് വരട്ടുതത്ത്വവാദിയാകും.

6. ലക്ഷ്യം നേടാനുള്ള ത്വര മൂലം എല്ലാ തത്ത്വങ്ങളെയും ബലികഴിച്ച് യാതൊരു വിവേചനവുമില്ലാതെ ഏത് ഉപാധിയും സ്വീകരിക്കുമാറ് തനിപ്രായോഗിക വാദിയാകും.

രണ്ടാം ഘട്ടം:

ഇത്രയും കാര്യങ്ങളാണ് വൈകാരികാസന്തുലിതത്വം ഒരാളില്‍ അല്ലെങ്കില്‍ ഒരു വിഭാഗത്തില്‍ വരുത്തിവെക്കുന്ന മാറ്റങ്ങള്‍. ഇത്തരമൊരു വിഭാഗം തീവ്രവാദത്തിന്റെ എല്ലാ പ്രാഥമിക ചേരുവകളും ഒത്തു ചേര്‍ന്നവരാണ്. ഈ അവസ്ഥ ഇവിടെ അവസാനിക്കുകയില്ല. പരിധിവിട്ട് മുന്നോട്ട് പോയി കൂടുതല്‍ തീവ്രരൂപമാര്‍ജിക്കുന്നു. അപ്പോള്‍ സംഭവിക്കുന്നത്:

1. സ്വാഭിപ്രായത്തില്‍ കൂടുതല്‍ ഉറച്ചുനില്‍ക്കാനും അഭിപ്രായഭിന്നതയുടെ കാര്യത്തില്‍ കാര്‍ക്കശ്യം പുലര്‍ത്താനും തുടങ്ങുന്നു.

2. മറ്റുള്ളവരുടെ വീക്ഷണങ്ങളെ സഹിഷ്ണുതയോടെ വിലയിരുത്താനോ അവ മനസ്സിലാക്കാനോ പോലും ശ്രമിക്കാതെ, എല്ലാ വിരുദ്ധാഭിപ്രായങ്ങള്‍ക്കും കൂടുതല്‍ മോശമായ അര്‍ഥകല്‍പന നല്‍കി അവയെ എതിര്‍ക്കാനും നിന്ദിക്കാനും ധൃഷ്ടനാവുന്നു.

3. അവസാനം, അവന് മറ്റുള്ളവരെയും മറ്റുള്ളവര്‍ക്ക് അവനെയും പൊറുപ്പിക്കാന്‍ കഴിയാത്ത സ്ഥിതിവിശേഷം സംജാതമാകുന്നു.

മൂന്നാം ഘട്ടം:

വൈകാരികാസന്തുലിതത്വം ഇതോടെ സാമൂഹികജീവിതത്തിന് അനുഗുണമല്ലാത്ത ദുരഭിമാനത്തിലേക്കും ക്ഷിപ്രകോപത്തിലും സംസാരമൂര്‍ഛയിലും അപരരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നതിലും കടന്നാക്രമിക്കുന്നതിലും ചെന്നെത്തുന്നു. വൈകാരികാസന്തുലിതത്തിന് വിധേയമായ ഒരാള്‍ സംഘടനയിലുള്ളതോ അത്തരമൊരാള്‍ പുറത്തുപോകുന്നതോ മൂലം വലിയ സാമൂഹിക നഷ്ടമൊന്നും സംഭവിക്കില്ല. എന്നാല്‍ ഇത്തരം ഒട്ടേറെയാളുകള്‍ ഒരു സംഘടനയിലുണ്ടായാല്‍ ഇതിനുബദലായി മറുതീവ്രവാദം ജനിക്കുകയും അഭിപ്രായവ്യത്യാസം മൂര്‍ഛിച്ച് ഒടുവില്‍ ഭിന്നിപ്പും പിളര്‍പ്പും രൂപം കൊള്ളുകയും ചെയ്യും. അതോടെ ഏതൊന്ന് നിര്‍മിക്കാന്‍ വേണ്ടിയാണോ വളരെ സദുദ്ദേശ്യത്തോടും സദ്വിചാരത്തോടും കൂടി കുറച്ചാളുകള്‍ സംഘടിച്ചത് അതിനുവേണ്ടിയുള്ള പ്രവര്‍ത്തനം ഈ വടം വലിയില്‍ താറുമാറായി പോകുകയും ചെയ്യും.

(ഇതിന്റെ അവസാന ഭാഗം അടുത്ത പോസ്റ്റില്‍)

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മുജാഹിദ് സംഘടനയിലെ ബഹുമാന്യരായ പണ്ഡിതന്‍മാര്‍ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ തീവ്രവാദവും ഭീകരവാദത്തിന്റെ പ്രചോദനവുമൊക്കെ മൗലാനാ സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദിക്ക് ചാര്‍ത്തിക്കൊടുക്കുമ്പോള്‍ വല്ലാതെ അമ്പരപ്പ് തോന്നാറുണ്ട്. ലോകം ആദരിക്കുന്ന ഒരു മഹാപണ്ഡിതനെക്കുറിച്ച് വ്യക്തമായ ഒരു തെളിവും നല്‍കാതെ ഇപ്രകാരം അപവാദം നടത്തുമ്പോള്‍ സത്യത്തില്‍ ഇവര്‍ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ എന്ന് ശങ്കിച്ചുപോകാറുണ്ട്. അദ്ദേഹം തന്റെ ഇസ്്‌ലാമിക പ്രസ്ഥാനത്തെ എങ്ങനെയുള്ള ഉപദേശനിര്‍ദ്ദേശങ്ങളിലൂടെയാണ് വളര്‍ത്തിയത് എന്ന് വ്യക്തമാക്കുന്ന ലേഖനമാണിത്.

Subair പറഞ്ഞു...

ലതീഫ്‌, ഇതൊരു പ്രവചനം പോലെ അനുഭവപ്പെടുന്നു.

മുസ്ലിം സംഘടനകളിലെ പണ്ഡിതന്മാര്‍ തമ്മില്‍ നടക്കുന്ന, തികച്ചും അനാരോഗ്യകകരമായ വഴക്കുകളും വാഗ്വാദങ്ങളും കേട്ടാല്‍ ലജ്ജിച്ചു പോകും.

ഇന്‍റര്‍നെറ്റിലെ ഒരു ഫ്രീ ചാറ്റ് റൂമില്‍ (ഫെയിസ് ബുക്ക്‌ പോലെ തെന്നെ സമയം കൊല്ലിയാണ് അതിലെ ക്ലാസ്സുകളും ചര്‍ച്ചകളും എന്നത് കൊണ്ട് ഞാനായിട്ട് പേര് ഇവിടെ പറയുന്നില്ല) കേരളത്തിലെ മിക്ക മുസ്ലിം സംഘടനകളും ഇരുപത്തി നാല് മണിക്കൂറുകളും ക്ലാസ്സുകളും ചര്‍ച്ചകളും നടത്തുന്നുണ്ട്. ആയ ചര്‍ച്ചകള്‍ ഒരു പത്ത്‌ മിനിറ്റ്‌ കേട്ടാല്‍ മതി ഈ നേതാക്കളുടെ സംസ്കാരം മനസ്സിലാക്കാം. പടച്ചവന്‍ ഇവര്‍ക്ക്‌ നല്ല ബുദ്ദി തോന്നിപ്പിക്കക്കെട്ടെ.

ഈ ലേഖനത്തോടു ചേര്‍ത്ത്‌ വെക്കാവുന്ന ഇന്ഗ്ലീഷില്‍ ഉള്ള ഒരു പ്രഭാഷണത്തിന്‍റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു.

http://www.youtube.com/watch?v=xtjwtmjbOKE

Unknown പറഞ്ഞു...

മൌദൂദി കേവലം ഒരു ഇസ്‌ലാമിക പണ്ടിതന്‍ മാത്രമല്ല, ഒരു നല്ല മനശാസ്ത്ര വിദഗ്ദന്‍ കൂടിയാണെന്ന് ഈ ലേഖനം സാക്ഷ്യപെടുത്തുന്നു..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK