skip to main |
skip to sidebar
1/31/2012 02:10:00 PM
CKLatheef
7 comments
'സ്വന്തം
ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു
സങ്കല്‌പവീടുപോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ
നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍
മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?' (ഖുതുബാത്ത്, പേജ് 398, ജിഹാദിന്റെ പ്രാധാന്യം)
സങ്കല്‌പവീടു എന്നാല്‍ അങ്ങനെ ഒരു സംഭവം ഇല്ല. അതെല്ലേ അതിന്റെ അർത്ഥം..
ഞാന്‍ ചോദിച്ച ജാമഅത്തുകാരെല്ലാം പറഞ്ഞത്. നിങ്ങൾ... ആ ഖുതുബാത്
മുഴുവന്‍ വായിക്കണം.. അവിടെ വായിക്കണം . ഇവിടെ വായിക്കണം.. എവിടെ
വായിച്ചിട്ടും ഈ എഴുതിയത് ഇല്ലാതാവുന്നുണ്ടോ ?.. ..ഈ മലയാളത്തില്‍ ഉള്ള ഈ
പരിപാഷ ബുക്ക് ഇനി എത്ര പ്രാവശ്യം വായിക്കണം?
ഇത് വായിച്ച്. അതിന്റെ പൂര്‍ണ രൂപങ്ങള്‍ എല്ലാം മനസിലായ ജമാഅത്തുകാര്‍ ഒന്ന് വിശദീകരിക്കണം.. അറിയാന്‍ വേണ്ടിയിട്ടാണ് ..
മുകളില്‍ കൊടുത്ത ഖുതുബാത്തിലെ വാചകങ്ങള്‍ ഖുറാനില്‍ ഉണ്ടോ ?
അല്ലെങ്കില്‍ അതിനു സമാനമായത് ?ഹദീസില്‍ ഉണ്ടോ ?ഏതെങ്കിലും മത്ഹബിന്റെ
ഇമാമുകളോ, അല്ലെങ്കില്‍ മഹാന്മാരായ മുഫസ്സിര്‍ മാരോ , ഇങ്ങനെ
പറഞ്ഞിട്ടുണ്ടോ?
ഇത് സത്യമാണെന്ന് നിങള്‍ വിശ്വസിക്കുന്നു എങ്കില്‍
നിങ്ങളുടെ ദീനിന്റെ അവസ്ഥ എന്താണ്?ഭരണം ഇല്ലാതെ മരിച്ചു പോയ പ്രവാചകന്‍
മാരുടെ അവസ്ഥ എന്താണ് ? അവരുടെ ദീന്‍ പൂര്‍ത്തിയായില്ല എന്നാണോ
നിങ്ങള്‍ പറയുന്നത്?ദീന്‍ പൂര്തിയാകതിരുന്നാല്‍ എന്ത് സംഭവിക്കും?
മുസ്ലിമോ ,കാഫിറോ, മുനാഫിക്കോ, അതോ മുശ്രിക്കോ ? അതോ പാപം ചെയ്തവരോ?
പാപമാണെങ്കില്‍ , വലിയ പാപമോ ചെറിയ പാപമോ? ഭരണം മുസ്ലിമിന്
നിര്‍ബന്ധമാണോ? അതോ സുന്നതോ? അതോ തൌഹീദിന്റെ ഭാഗമോ ? തൌഹീദിന്റെ
ഭാഗമാണെങ്കില്‍ അത് മുഴുവനാകാതെ ഒരാള്‍ മുസ്ലിമാകുമോ? ഭരണം ഉലൂഹിയത്തിലോ ,
അതോ റുബൂബിയത്തിലോ , അതോ അസ്മാഉ വസിഫാതിലോ , പെടുക ? ഇതാണല്ലോ തൊഹീദിന്റെ
ഭാഗങ്ങള്‍.
----------------------ഫെയ്സ് ബുക്കിൽ ഒരു മുജാഹിദ് പ്രവർത്തകന്റെ കമന്റാണ് മുകളിൽ നൽകിയത്. ഇത് ഒരാളുടെ മാത്രം അഭിപ്രായമോ ചോദ്യങ്ങളോ അല്ല. മുജാഹിദ് പണ്ഡിതൻമാർ മുതല്‍ അവരിലൂടെ പാമരന്‍മാര്‍ വരെ അകപ്പെട്ട തെറ്റിദ്ധാരണയുടെ ആഴം വ്യക്തമാക്കുന്ന പരാമര്‍ശങ്ങളാണ് അതിലുള്ളത്. പ്രതികരണത്തിലേക്ക് കടക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ വ്യക്തമാക്കട്ടേ.
ഏതൊരു വാചകത്തിനും അതിന്റെ ശരിയായ ആശയം ലഭിക്കുന്നത് അതിന്റെ സന്ദര്‍ഭത്തില്‍ വെച്ച് വായിക്കുമ്പോഴാണ്. വിമര്‍ശിക്കാന്‍ മാത്രം ഉദ്ദേശിച്ച് ഏത് ഗ്രന്ഥം പരതിയാലും ഇഷ്ടം പോലെ വ്യഖ്യാനിക്കാവുന്ന ഉദ്ധരണികള്‍ ലഭിക്കും. ഈ അവസരം തന്നെയാണ് ഇസ്ലാമിക വിമര്‍ശകരും അവലംബിക്കുന്നത്. ഇസ്ലാമിനെതിരെ യുക്തിവാദി കേന്ദ്രങ്ങളില്‍ നിന്നും ഇതര മതങ്ങളുടെ വിമര്‍ശകരില്‍നിന്നും ആരോപണം വരുമ്പോള്‍ മുജാഹിദും സമസ്തയും ജമാഅത്തുമൊക്കെ അവരോട് വിമര്‍ശനത്തിന് ആധാരമാക്കിയ ഉദ്ധരണി അത് എടുത്ത സ്ഥലവും സന്ദര്‍ഭവും പരിഗണിച്ച് വായിക്കാനാണ് ആദ്യം ആവശ്യപ്പെടാറുള്ളത്. അപ്രകാരം ആവശ്യപ്പെടുന്നത് ഒരു ആത്മവിശ്വാസത്തിന്റെ കൂടി ഫലമാണ്. അപ്രകാരം ചെയ്തിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ അവരുടെ തന്നെ മുന്‍ധാരണ കാരണമായും സംഭവിക്കാം. അപ്പോള്‍ അതിന് കാരണമായ ചില ധാരണകളെ തിരുത്തേണ്ടി വരും.
ഖുതുബാത്തില്‍നിന്ന് മുകളില്‍ ഉദ്ധരിച്ച വാചകത്തെ സംബന്ധിച്ചും അത് തന്നെയാണ് പറയാനുള്ളത്. ദീന്‍ എന്നാല്‍ മതം എന്ന അര്‍ഥത്തിനപ്പുറം ചിന്തിക്കാത്തവര്‍ക്ക് പിണയുന്ന ഒരു അബദ്ധമാണ് മുജാഹിദ് പണ്ഡിതന്‍മാരിലൂടെ ഈ സഹോദരനും പിണഞ്ഞിരിക്കുന്നത്. വിഷയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഒരു ചെറിയ ഉദാഹരണം പറയാം. വിശുദ്ധഖുര്‍ആനിലെ മാഇദ അധ്യായത്തിലെ മൂന്നാമത്തെ സൂക്തത്തിന്റെ ഒരു ഭാഗമാണല്ലോ ( ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു
സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍
തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ) ഹിജ്റ 10ാം വര്‍ഷമാണ് ഈ സൂക്തം അവതരിച്ചത്. അഥവാ പ്രവാചകന്‍റ അവസാന കാലത്ത്. ഈ സൂക്തം മാത്രം എടുത്ത് നമ്മുക്ക് എന്തെല്ലാം ചോദ്യം മുജാഹിദ് ശൈലിയില്‍ ചോദിക്കാം. എന്താണ് കൂട്ടരെ നിങ്ങളീ പറയുന്നത്. ദീന്‍ പൂര്‍ത്തിയായത് അവസാന പ്രവാചകന്‍റെ അവസാന കാലത്തോ? അപ്പോള്‍ അതിന് മുമ്പ് മരിച്ചു പോയ സഹാബാക്കളെല്ലാം പകുതി ദീനും കാല്‍ ദീനുമായി മരിച്ചു പോയവരാണോ?. അവരുടെ ദീന്‍ പൂര്‍ത്തിയായില്ല എന്നാണോ
നിങ്ങള്‍ പറയുന്നത്?ദീന്‍ പൂര്തിയാകതിരുന്നാല്‍ എന്ത് സംഭവിക്കും?
മുസ്ലിമോ ,കാഫിറോ, മുനാഫിക്കോ, അതോ മുശ്രിക്കോ ? അതോ പാപം ചെയ്തവരോ?
പാപമാണെങ്കില്‍ , വലിയ പാപമോ ചെറിയ പാപമോ? ഇങ്ങനെ ചോദിക്കുന്നവന് സാമാന്യഇസ്ലാമിക ബോധം ഉണ്ട് എന്ന് നമ്മുക്ക് പറയാനാവുമോ അത് പോലെ മാത്രമേ മേല്‍ ഖുതുബാത്ത് ഉദ്ധരണിവായിച്ച് വലിയ ചോദ്യമെന്ന നിലക്ക് ഉന്നയിക്കുന്ന മുജാഹിദ് കാരനെക്കുറിച്ചും ഒരു ജമാഅത്ത് പ്രവര്‍ത്തകന് തോന്നുന്നത്. ഇനി ഖുതുബാത്തിലെ ഉദ്ധരണിയെക്കുറിച്ച് ചിന്തിക്കാം.
'സ്വന്തം
ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു
സങ്കല്‌പവീടുപോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ
നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍
മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?' (ഖുതുബാത്ത്, പേജ് 398, ജിഹാദിന്റെ പ്രാധാന്യം) ഇതാണ് ഉദ്ധരണി 2001ല്‍ ഇറങ്ങിയ 16ാമത് എഡിഷനാണ് എന്റെ കൈവശം ഉള്ളത്. അതില്‍ പ്രസ്തുത ഉദ്ധരണി 288 ാം പേജിലാണ്. ഇത് പറയുന്നത് പതിറ്റാണ്ടുകള്‍ക്ക് മുമ്പെങ്ങോ എഴുതിവെച്ച ഉദ്ധരണി പിന്നാലെ വരുന്നവര്‍ പകര്‍ത്തുന്നുവെന്നല്ലാതെ ആ പുസ്തകം വായിച്ചിട്ടോ തൊട്ടുനോക്കിയിട്ടോ അല്ല ആരോപണം ഉന്നയിക്കുന്നത് എന്ന് വ്യക്തമാക്കാനാണ്.
ഈ അധ്യായം ദീനിനെ വിശദീകരിക്കാനല്ല മൌദൂദി ഉപയോഗിക്കുന്നത്. അത് വിശദമാക്കുന്നത് ദീനും ശരീഅത്തും എന്ന പതിനൊന്നാം അധ്യായത്തിലാണ് (പേജ് 123). ആ അധ്യായം വായിച്ച് മൌദൂദിയുടെ ഈ വിശകലനം ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ് എന്ന് പ്രമാണങ്ങളിലൂടെ വ്യക്തമാക്കുകയാണ് വേണ്ടത്. ഇസ്ലാമിന്റെ നാല് സാങ്കേതിക ശബ്ദങ്ങള്‍ എന്ന പുസ്തകത്തിലാണ് എന്താണ് ദീന്‍ എന്ന് വളരെ കൃത്യമായി മൌദൂദി വിശദീകരിക്കുന്നത്. ആ ഭാഗവും ഖുതുബാത്തിലെ ദീനും ശരീഅത്തും എന്ന അധ്യായവും വായിച്ചിട്ടാണ് ഇതേ പുസ്തകത്തിലെ അവസാന അധ്യായമായ ജിഹാദിന്റെ പ്രാധാന്യം (അധ്യായം 29) എന്നിടത്ത് നാം എത്തിച്ചേരുന്നതെങ്കില്‍ ഇത്തരം വിഢി ചോദ്യങ്ങളേ ഉണ്ടാവില്ല. ആ അധ്യായം തന്നെ തുടക്കം മുതല്‍ വായിക്കുന്നുവെങ്കില്‍ എന്താണ് മൌദൂദി ഇതുകൊണ്ട് അര്‍ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാവില്ല. അദ്ദേഹം അത് പറയുന്ന സന്ദര്‍ഭം കൂടി പരിഗണിച്ചാല്‍ ഇതല്ലാതെ ഒരു കാലഘട്ടത്തിന്റെ മുജദ്ദിദ് മറ്റെന്താണ് പറയുക എന്നും നമ്മുക്ക് സംശയമുണ്ടാവും.
ഇസ്ലാമിക വിശ്വാസ പ്രമാണമനുസരിച്ച് ദീന്‍ എന്നാല്‍ ചില ആരാധനകളുടെ സമുച്ചയമായ മതത്തിന് പറയുന്ന പേരല്ല. ദൈവത്തിന് സര്‍വാത്മനാ വിധേയമാകുന്നതിന്റെ പേരാണ്. അതില്‍ ആരാധനയുണ്ട്, വ്യക്തിനിയമമുണ്ട്, സാമൂഹിക-സാംസ്കാരിക-സാമ്പത്തിക-കുടുംബ-രാഷ്ടീയ നിയമങ്ങളൊക്കെയുണ്ട്. അതൊരു ജീവിത വ്യവസ്ഥയാണ്, ഭരണവ്യവസ്ഥയാണ്, സാമ്പത്തിക വ്യവസ്ഥയാണ്. ഇവയിലൊക്കെ പെട്ട ഒന്നോ അതിലധികമോ വ്യവസ്ഥക്ക് ദീന്‍ എന്ന് പ്രയോഗിക്കാമെങ്കിലും ഇസ്ലാം ദീന്‍ എന്നാല്‍ ഇതെല്ലാം ചേര്‍ന്നതാണ്. അതുകൊണ്ട് ഒരു മുസ്ലിമിന് ഓരോ രംഗത്തും ഓരോ ദീന്‍ ആവശ്യമില്ല എന്നതാണ് മൌദൂദി സാഹിബ് പറയുന്നത്. ഇത് അദ്ദേഹത്തിന്റെ കണ്ട് പിടുത്തമല്ല. ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സ്ഥീരീകരിക്കുന്നതാണ്. മൌദൂദി പ്രമാണബദ്ധമായിട്ടല്ലാതെ ഇക്കാര്യം പറഞ്ഞിട്ടുമില്ല. അതിനെ ഖണ്ഡിക്കാതെ ചില ഉദ്ധരണികള്‍ മുറിച്ചെടുത്ത് വിമര്‍ശകര്‍ തെറ്റിദ്ധാരണ പരത്തുന്നതും അതുകൊണ്ടാണ്.
ഇതേ ചിന്തയില്‍നിന്ന് കൊണ്ട് അന്നത്തെ ഭരണവ്യവസ്ഥയെ അടക്കം മൌദൂദി ദീനുകള്‍ എന്ന് വിവക്ഷിക്കുന്നു. എന്നിട്ടദ്ദേഹം പറയുന്നു. നിങ്ങള്‍ ഇസ്ലാം ദീനിന്റെ ആളുകളാണെങ്കില്‍ ഇതര ദീനുകളെ എങ്ങനെ നിങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. ആരാധനകള്‍ ബിംബത്തിനര്‍പ്പിക്കുന്ന ഇതര ദീന് മാത്രമല്ല. മനുഷ്യജീവിതത്തിന്റെ ഇതര രംഗങ്ങളെ സ്വാധീനിക്കുന്ന വ്യവസ്ഥകളെയും ദീന്‍ എന്ന് തന്നെ പറയാവുന്നതാണ്. ആ നിലക്ക് പ്രസ്തുത ഉദ്ധരണി ഉള്‍കൊള്ളുന്ന ഖണ്ഡിക വായിച്ചാല്‍ തന്നെ മൌദൂദിയെ വളരെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുകയാണ് അല്ലാഹുവിന്റെയും റസൂലിന്റെയും പേര് പറഞ്ഞ് മുജാഹിദു നേതാക്കള്‍ ചെയ്യുന്നതെന്ന് ആര്‍ക്കും പകല്‍ പോലെ വ്യക്തമാകും. അതിന് മുമ്പ് വിശുദ്ധഖുര്‍ആനിലെ ഒരു സൂക്തം കൂടി പരിഗണിക്കണം. പ്രവാചകന്റെ നിയോഗ ലക്ഷ്യം എന്താണ് എന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. (തന്റെ ദൂതനെ സന്മാര്‍ഗവും സത്യദീനുമായി
നിയോഗിച്ചത് അവനാകുന്നു; അതിനെ സകല ദീനിനേക്കാളും
വിജയിപ്പിക്കുന്നതിന്-ദൈത്തില്‍ പങ്കാളികളെ കല്‍പിക്കുന്നവര്‍ക്ക് അതെത്ര അസഹ്യമായാലും ശരി. 61:9)
ദൈവത്തിന് പങ്കാളികളെ കല്‍പ്പിക്കുക എന്നത് ആരാധനയില്‍ മാത്രമല്ല. ദൈവത്തിന്റെ സത്തയിലും ഗുണവിശേഷണങ്ങളിലും അധികാരാവകാശങ്ങളിലും പങ്കുചേര്‍ത്താലും മുശ്രിക്ക് തന്നെ. സ്വയം നിയമം നിര്‍മിക്കാനും നടപ്പിലാക്കാനും അധികാരം വാദിക്കുന്നതും അത് അപ്പടി അംഗീകരിച്ചുകൊടുക്കുന്നതും എന്തിന്റെ പേരിലായാലും ദൈവത്തില്‍ പങ്കുചേര്‍ക്കല്‍ തന്നെ. ആ നിലക്ക് തന്നെ മുകളിലെ സൂക്തത്തിലെ ദീനിന് കേവലം ഏതെങ്കിലും മതത്തേക്കാള്‍ വിജയം എന്നതിനപ്പുറം എല്ലാ വ്യവസ്ഥകളെകളെയും അതിജയിക്കുന്നതിന് വേണ്ടി എന്ന ആശയമാണ് കൂടുതല്‍ ഇസ്ലാമിക സത്തയോട് പൊരുത്തപ്പെടുന്നത്. അതിജയിക്കുന്നത് ശക്തികൊണ്ടല്ല അതിന്റെ മികവ് കൊണ്ടാണ് എന്ന് മനസ്സിലാക്കുകയാണ് ഒന്നാമത് വേണ്ടത്. ആ നിലക്കാണ് മൌദൂദി സാഹിബ് ദീന്‍ എന്ന സംജ്ഞയെ കാണുന്നത്. ഇനി അദ്ദേഹം ഖുതുബാത്തില്‍ എന്താണ് പറഞ്ഞെതെന്ന് കാണുക. ഇടക്ക് ബ്രാക്കറ്റില്‍ നല്‍കിയത് എനിക്ക് പ്രസ്തുത ഭാഗത്ത് നിന്ന് മനസ്സിലായത്. 288-289 പേജില്‍ ഒറ്റ ഖണ്ഡികയായിട്ടാണ് മൌദൂദി വിശദീകരിക്കുന്നത് വായനാ സൌകര്യത്തിന് അത് വീണ്ടും ഖണ്ഡികയാക്കിതിരിച്ചിരിക്കുന്നു.
'ഈ തത്വവും നിങ്ങളുടെ ഹൃദയത്തില്‍ സ്ഥലംപിടിച്ചുകഴിഞ്ഞാല്‍ പിന്നെ ഒരു ദീര്‍ഘിച്ച സംഭാഷണമോ വാദപ്രതിവാദമോ കൂടാതെതന്നെ, ദീന്‍ ഏതുജാതിയില്‍ പെട്ടതാണെങ്കിലും അതു അതിന്റേതായ ഭരണം ആഗ്രഹിക്കുന്നുണ്ടെന്ന പരമാര്‍ഥത്തില്‍ നിങ്ങളുടെ ബുദ്ധിതന്നത്താന്‍ ചെന്നെത്തുന്നതാണ്. പ്രജായത്ത ദീനോ രാജത്വദീനോ ആകട്ടേ, സോഷ്യലിസ്റ്റ് ദീനോ അല്ലാഹുവിന്റെ ദീനോ മറ്റേതെങ്കിലും ദീനോ ആകട്ടേ ഓരോന്നിനും അതിന്റെ നിലനില്‍പ്പുതന്നെ സ്വന്തമായ ഭരണം ഏതുവിധത്തിലും അത്യന്താപേക്ഷിതമാകുന്നു. സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‍പ വീടുപോലെയാണ്. (ഇതില്‍നിന്ന് ഈ പരാമര്‍ശം ഇസ്ലാം ദീനിനെക്കുറിച്ച് മാത്രമല്ല എന്ന് വളരെ വ്യക്തമാണ്. അഥവാ ഏത് വ്യവസ്ഥയും അതിന്റെതായ അധികാരം കൂടി ഉണ്ടാവണമെന്ന് അതിയായി അഗ്രഹിക്കുകയും അതിന് വേണ്ടി പണിയെടുക്കുകയും ചെയ്യുന്നു. നമ്മുക്ക് ഇന്നത്തെ കാലത്ത് കമ്മ്യൂണിസത്തെയോ മുതലാളിത്തത്തെയോ എടുക്കാം. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ താന്‍ വിഭാവനം ചെയ്യുന്ന ഒരു അധികാര വ്യവസ്ഥവരുന്നതിനാണ് ശ്രമിക്കുന്നത്. അതിലൊരു തെറ്റും ആരും കാണുന്നില്ല. ഇസ്ലാമിന് ഒരു ആരാധനാ വ്യവസ്ഥകൂടിയുണ്ട് എന്നത്കൊണ്ട് മാത്രം അതിന്റെ രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ച് മിണ്ടാനോ അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണത്തിന് ശ്രമിക്കാനോ പാടില്ല എന്നത് മതത്തെക്കുറിച്ച സമൂഹത്തിന്റെ തെറ്റിദ്ധാരണയില്‍നിന്ന് ഉണ്ടായത്ാണ്. അഥവാ ഇസ്ലാം ദീനും ഇതര ദീനിനെ പോലെ തന്നെ അതിന്റെ പൂര്‍ണത ഭരണവ്യവസ്ഥകൂടി നടപ്പിലാകുമ്പോഴാണ് സംഭവിക്കുന്നത് മൌദൂദി തുടര്‍ന്ന് പറയുന്നത് കാണുക) ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍മാത്രമേ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീടിന്റെ പ്ലാനുണ്ടായിരിക്കുന്നത് കൊണ്ട് എന്ത് പ്രയോജനമാണുള്ളത്. നിങ്ങള്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നിര്‍മിക്കപ്പെട്ട അതേ വീടിന്റെ വാതിലില്‍കൂടിയായിരിക്കും നിങ്ങള്‍ പ്രവേശിക്കുന്നതും പുറപ്പെടുന്നതും അതിന്റെ തന്നെ മേല്‍പ്പുരയുടെയും ചുമരുകളുടെയും നിഴലില്‍നിങ്ങള്‍ക്ക് കഴിച്ചുകൂട്ടേണ്ടതായും വരും. (ഇത്തരുണത്തില്‍ നമ്മുക്ക് പാശ്ചാത്യശക്തികളില്‍നിന്ന് സ്വതന്ത്രമായി രാജത്വദീനില്‍ അഭയം തേടിയ ഈജിപ്തിലെയും തുനീഷ്യയിലെയുമൊക്കെ ജനങ്ങളെക്കുറിച്ച് ഓര്‍ത്തുനോക്കുക. അവര്‍ ഏതൊരു ദീനിന്റെ നിഴലിലായിരുന്നു കഴിച്ചുകൂട്ടിക്കൊണ്ടിരുന്നത്. ഏത് വാതിലിലൂടെയായിരുന്നു പ്രവേശിച്ചിരുന്നതും പുറത്തുപോയിരുന്നതുമെന്ന് അവരുടെ കൈവശം അന്നും ഒരു ദീനുണ്ടായിരുന്നു ഇന്ന് അവരുടെ മോചനമാര്‍ഗമായി കണ്ട അതേ ദീന്‍ എന്ന് നമ്മള്‍ മറക്കാതരിക്കുക. ഈ കാര്യമാണ് മൌദൂദി അന്ന് അഥവാ 1939 ല്‍ ഓര്‍മിപ്പിക്കുന്നത്)
'അതിന്റെ
ആകൃതിയനുസരിച്ച് തന്നെ തമാസത്തിനുള്ള എല്ലാ ഏര്‍പ്പാടും ചെയ്വാന്‍
നിങ്ങള്‍ നിര്‍ബന്ധിതരായി തീരുകയും ചെയ്യും. (ഇത് വ്യക്തമാകണമെങ്കില്‍ എളുപ്പം മുസ്ലിം ബഹുജനം ജനായത്ത ദീന്‍ എന്ന് മൌദൂദിവിളിക്കുന്ന ആധുനിമതേതരജനാധിപത്യ ദീനില്‍ അവിടുത്തെ മുസ്ലിംകള്‍ എങ്ങനെ ജീവിക്കേണ്ടി വന്നുവെന്നതിനെക്കുറിച്ച് മാത്രം ആലോചിച്ചാല്‍മതി. അതായിരുന്നു അന്ന് പരിചയമുള്ള മതേതരജനാധിപത്യം. ഇന്ത്യയിലെ രൂപം ഈ പ്രസംഗത്തിന് ശേഷം രൂപം കൊണ്ട മതനിരപേക്ഷതയാണ്). എന്നിരിക്കെ ഒരാകൃതിയിലുള്ള
വീട്ടില്‍ താമസിച്ചുകൊണ്ട് മറ്റൊരാകൃതിയിലുള്ള വീടിനെ ഹൃദയത്തില്‍
ചിത്രീകരിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നതില്‍ മാത്രം എന്തര്‍ഥമാണുള്ളത്.
സങ്കല്‍പവീട് നിങ്ങളുടെ ഹൃദയത്തില്‍ മാത്രമായിരിക്കുകയും, ഭൂമിയില്‍
നിര്‍മിക്കപ്പെട്ട വീട്ടില്‍ നിങ്ങള്‍ താമസിക്കുകയും ചെയ്യും. തലച്ചോറില്‍
മാത്രം സ്ഥിതിചെയ്യുന്ന ഒരു വീടിനെ സംബന്ധിച്ച് ആരെങ്കിലും വീടെന്ന്
പറയാറുണ്ടോ അത്തരം വീട്ടില്‍ ആര്‍ക്കെങ്കിലും താമസിക്കാന്‍ സാധിക്കുമോ. അടിത്തറ ഭൂമിയില്‍ സ്ഥാപിതമാവുകയും അതിന്‍മേല്‍ ചുമരും മേല്‍പ്പുരയും നിര്‍മിക്കുകയും ചെയ്തതിന് മാത്രമേ വീടെന്ന് പറയുകയുള്ളൂ. അതില്‍മാത്രമേ മനുഷ്യന് താമസിക്കാനും സാധിക്കുകയുള്ളൂ. (മൌദൂദി പറയുന്നതെന്തെന്ന് വ്യക്തം കേവലം മതാചാരങ്ങളുടെ ദീനിനെക്കുറിച്ചല്ല ഇവിടെ ചര്‍ച. ദീനെന്ന് പറയുമ്പോള്‍ ഇസ്ലാം മാത്രവുമല്ല. എല്ലാ വ്യവസ്ഥകളെയുമാണ് ഉദ്ദേശിക്കുന്നത് ഇവിടെ പറയന്നതൊക്കെ എല്ലാ ദീനിനും /വ്യവസ്ഥക്കും ബാധകമായ കാര്യവുമാണ്. ഏത് വ്യവസ്ഥക്ക് വേണ്ടി നിലകൊള്ളുന്നവരായാലും സ്വപ്നംകൊണ്ട് മാത്രം കാര്യമില്ല പണിയെടുക്കേണ്ടതുണ്ട് അഥവാ ജിഹാദ് ചെയ്യേണ്ടതുണ്ട് എന്നാണ് മൌദൂദി പറയാന്‍ ഉദ്ദേശിക്കുന്നത്. സയ്യിദ് മൌദൂദി തുടരുന്നു.)
അതുപോലെ, ഒരു ദീന്‍ സത്യമാണെന്നവെറും വിശ്വാസത്തിന് യാതൊരു അര്‍ഥവുമില്ല. ജനങ്ങള്‍ മറ്റുവല്ല ദീനിലുമാണ് ജീവിതം നയിക്കുന്നതെങ്കില്‍ അത്തരം വിശ്വാസം തീരെ നിഷ്പ്രയോജനമാണ്. സങ്കല്‍പവീടിനെ വീടെന്ന് പറയാത്തത് പോലെ സങ്കല്‍പദീനിന് ദീനെന്നും പറയുകയില്ല. സങ്കല്‍പ ഗൃഹത്തിലെന്നപോലെ സങ്കല്‍പ ദീനിലും ആര്‍ക്കും നിലകൊള്ളുക സാധ്യമല്ല. (മൌദൂദി ദീനെന്ന് ഇവിടെ പറയുന്നത് ചില ആരാധനാ ചടങ്ങുകളെക്കുറിച്ചോ വിശ്വാസത്തെക്കുറിച്ചോ അല്ല എന്ന് മനസ്സിലാക്കണം.) ഏതൊന്നിന്റെ ശക്തി ഭൂമിയില്‍ സ്ഥാപിതമായിരിക്കുന്നുവോ ഏതൊന്നിന്റെ നിയമം അനുഷ്ഠാനത്തിലുണ്ടോ ഏതൊന്നിന്റെ പദ്ധതിയനുസരിച്ച് ജീവിത ഏര്‍പ്പാടുകള്‍ വ്യവസ്ഥിതമായിരിക്കുന്നുവോ അതത്രേ സാക്ഷാല്‍ ദീന്‍ . (ഈ ദീനിനെക്കുറിച്ചാണ് സുറത്തുല്‍ മാഇദയില്‍ നാം നേരത്തെ പൂര്‍ത്തിയാക്കി തന്നുവെന്ന് അല്ലാഹു പറഞ്ഞതും). ആകയാല്‍ ഒരോ ദീനിന്റെയും പ്രകൃതിതന്നെ തേടുന്നത് അതിന് ഭരണം ലഭിക്കണമെന്നാണ്. ഇത്രയുമല്ല ദീന്‍ നിലകൊള്ളുന്നതുതന്നെ ആധികാര ശക്തിയെ മാത്രം ആരാധിക്കുകയും അതിനുമാത്രം അടിമപ്പെടുകയും അതിന്റെ നിയമങ്ങള്‍മാത്രം നടപ്പില്‍വരികയും ചെയ്യാന്‍ വേണ്ടിയാകുന്നു. (ഇതും ഇസ്ലാം ദീനിനെക്കുറിച്ച് മാത്രം പറഞ്ഞതല്ല എന്ന് മലയാളം വായിച്ച് ഗ്രഹിക്കാന്‍ കഴിയുന്നവര്‍ക്ക് പറഞ്ഞുകൊടുക്കേണ്ടതില്ല. സകല ദീനും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് മൌദൂദി പറഞ്ഞുവരുന്നത് ഇത്രമാത്രമാണ്. ഇസ്ലാമില്‍ അധികാരശക്തി അല്ലാഹുവാണ് ആ അധികാരശക്തിയെ ആരാധിക്കുയും അവന് മാത്രം അടിമപ്പെടുകയും അവന്റെ വിധിവിലക്കുകള്‍ മാത്രം അനുസരിക്കുകയും ചെയ്യുമ്പോള്‍ അതാണ് ഇസ്ലാം ദീന്‍ . അവന്റെ നിയമങ്ങള്‍മാത്രം നടപ്പില്‍ വരുത്താന്‍ ശ്രമിക്കുക എന്നത് അതിന്റെ സ്വാഭാവിക തേട്ടമാണ് എന്നാണ്. ഇതില്‍ ആര്‍ക്കാണ് വിയോജിപ്പുണ്ടാവുക. അഥവാ വിയോജിപ്പുണ്ടെങ്കില്‍ അത് അവതരിപ്പിക്കേണ്ടതും വിമര്‍ശിക്കേണ്ടതും തുടക്കത്തില്‍ നാം കണ്ട വിധത്തിലല്ല എന്ന് ആര്‍ക്കാണ് മനസ്സിലാക്കാന്‍ കഴിയാത്തത്.)
ഇനി ആര്‍ക്കെങ്കിലും പൂര്‍ണമായി മനസ്സിലായിട്ടില്ലെങ്കിലോ എന്ന് കരുതി തുടര്‍ന്ന് ഉദാഹരണ സഹിതം അത് വിശദീകരിക്കുകയാണ് സയ്യിദ് മൌദൂദി ചെയ്യുന്നത്. ഒരിക്കല്‍ കൂടി മുജാഹിദുകാര്‍ നല്‍കിയ ഉദ്ധരണിയും അവരുടെ ചോദ്യവും ഒന്നുകൂടി വായിക്കുക. ജമാഅത്തിനെ വിമര്‍ശിക്കാന്‍ വേണ്ടി മാത്രം വിമര്‍ശിക്കുകയാണ് എന്ന് അതില്‍നിന്ന് വളരെ വ്യക്തമായി മനസ്സിലാകും. ഇക്കാരണം കൊണ്ടാണ് വിമര്‍ശകരോട് ആദ്യമായി പുസ്തകം വായിക്കാന്‍ ആവശ്യപ്പെടുന്നത് എന്ന് മനസ്സിലായിക്കാണുമല്ലോ. ഇനിയും മനസ്സിലാകാത്തവര്‍ക്ക് കമന്റ് ബോക്സിലുടെ മറുപടി പറയാം.
7 അഭിപ്രായ(ങ്ങള്‍):
'സ്വന്തം ഭരണമില്ലാത്ത ദീനിന്റെ സ്ഥിതി ഭൂമിയില്‍ സ്ഥാപിക്കപ്പെടാത്ത ഒരു സങ്കല്‌പവീടുപോലെയാണ്. ഭൂമിയില്‍ സ്ഥാപിതമായ ഒരു വീട്ടില്‍ മാത്രമെ നിങ്ങള്‍ക്ക് താമസിക്കാന്‍ സാധിക്കുകയുള്ളൂവെങ്കില്‍ പിന്നെ തലച്ചോറില്‍ മറ്റൊരു വീട്ടിന്റെ പ്ലാനുണ്ടായിരിക്കുന്നതുകൊണ്ട് എന്തു പ്രയോജനമാണുള്ളത്?' (ഖുതുബാത്ത്, പേജ് 398, ജിഹാദിന്റെ പ്രാധാന്യം)
ഇവിടെ ദീന്‍ എന്നത് കൊണ്ട് ഉദ്ദേശിച്ചത് പ്രജായത്ത ദീനും, ദേശീയ ദീനും, വര്‍ഗീയ ദീനും, രാജത്വദീനും, സോഷ്യലിസ്റ്റ് ദീനും ആംഗ്ലേയദീനും എല്ലാം ഉള്‍പ്പെടും എന്നത് എന്ത് മാത്രം രസകരമായിരിക്കുന്നു. ഈ ഉദ്ധരണിവെച്ചാണ് ആറ് പതിറ്റാണ് ലക്ഷക്കണക്കിന് പേജുകള്‍ മുജാഹിദുകള്‍ എഴുതിക്കൂട്ടിയത്. ഇങ്ങനെ മറുപടി പറയാനുള്ള പ്രയാസം പരിഗണിച്ച് ആ ഉദ്ധരണി ഉള്‍കൊള്ളുന്ന ഭാഗം വായിക്കാനാണ് വിമര്‍ശകരോട് ജമാഅത്ത് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടുവന്നത്. അതിന്റെ കാരണം ഇവിടെ നിന്ന് വ്യക്തമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തൌഹീദി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (ഹിജ്റ 661-728, ക്രി. 1264-1329) പറയുന്നു: "ജനങ്ങളുടെ അധികാരം കൈയേല്‍ക്കേണ്ടത് 'ദീനി'പരമായ നിര്‍ബന്ധ ബാധ്യതകളില്‍ അതിപ്രധാനമാണെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്. എന്നല്ല, അധികാരമില്ലാതെ ദീനിന് നിലനില്‍പില്ല. മനുഷ്യരുടെ പൊതുതാല്‍പര്യം സംഘടന വഴി മാത്രമേ പൂരിതമാവൂ. അവര്‍ പരസ്പരം ആശ്രയിക്കുന്നു എന്നതാണ് അതിന് കാരണം. സംഘടിക്കുമ്പോള്‍ അവര്‍ക്ക് ഒരു നായകന്‍ അനിവാര്യമാണ്..... നന്മകല്‍പിക്കലും തിന്മതടയലും അല്ലാഹു നിര്‍ബന്ധമാക്കിയതാണ് താനും. അതും അധികാരവും ശക്തിയും ഇല്ലാതെ പൂരിതമാവുകയില്ല.'' (അസ്സിയാസത്തുശ്ശര്‍ഇയ്യ: പേ: 169) ************ <<>>> ലോകസലഫികൾ ഇസ്‌ലാമിക ആശയം ഇക്കാര്യത്തിൽ വ്യക്‌തമായി വിശദീകരിച്ചിട്ടുണ്ട്. പക്ഷേ കേരളത്തിൽ സലഫികൾ എന്നറിയപ്പെടുന്നവർക്ക് ഇസ്‌ലാമുമായി എന്നതിലേറെ മറ്റു ചില താല്പര്യങ്ങളുമായിട്ടാണ് ബന്ധം.
"മൌദൂദിയുടെ ഈ വിശകലനം ഇസ്ലാമിക ദൃഷ്ട്യാ തെറ്റാണ്" എന്ന് ലത്തീഫ് തന്നെ ഈ ലേഖനത്തിന്‍റെ 10ആം ഖണ്ഡികയില്‍ പറയുന്നുണ്ട്!
എനിക്ക് ആവശ്യമുള്ളത് മാത്രം മുറിച്ചെടുത്തു കണ്ടിചെടുത്തു വിമര്‍ശനം ഉന്നയിക്കല്‍ എന്റെ ജന്മാവകാശം ആണ്. അതിനെ ചോദ്യം ചെയ്യാനോ മറുപടി പറയാനോ താങ്കളെ ഞാന്‍ സമ്മതിക്കില്ല!!
മുനീര്‍ പറയുന്നത് ശരിയാണ്, കെ.സിയുടെ പുസ്തകത്തില്‍ നിന്ന് അത്തരമൊരു വാചകമാണ് മുറിച്ചെടുത്ത് പ്രസിദ്ധീകരണങ്ങളിലും പുസ്തകങ്ങളിലുമൊക്കെ അച്ചടിച്ച് പ്രചരിപ്പിച്ചത്. ഇന്ദിരാഗാന്ധിയുടെ ആരാധകര്‍ എന്ന ഉദ്ധരണിയും ഇവ്വിധം തന്നെ പ്രചരിപ്പിച്ചു.
എന്നെ അത്ഭുതപ്പെടുത്തുന്നത് മറ്റൊരു കാര്യമാണ്. ഇത്രയും കാലം കേരളത്തിലങ്ങോളമിങ്ങോളം പ്രചരിപ്പിച്ച ഒരു ഉദ്ധരണിയുടെ സത്യാവസ്ഥ തുറന്ന് കാണിച്ചപ്പോള്‍ അതില്‍ മറുത്ത് ഒരക്ഷരം പറയാന്‍ ഇവിടെയാരും സന്നദ്ധമാകുന്നില്ലല്ലോ. സത്യത്തില്‍ ഇവര്‍ തെറ്റിദ്ധരിച്ചത് കൊണ്ട് തന്നെ എന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. പലപ്പോഴും ജമാഅത്ത് പക്ഷത്ത് നിന്ന് ഇത്തരം കാര്യത്തിന് മറുപടി പറയാതിരിക്കുന്നത്. ഇത് മനപ്പൂര്‍വം ചെയ്യുകയാണ് എന്ന ധാരണയിലാണ് എന്ന് തോന്നുന്നു. പലരും എന്നോട് പറയുന്നത് മുജാഹിദുകള്‍ക്ക് വേണ്ടി മറുപടി പറഞ്ഞിട്ട് കാര്യമില്ല, അത് അവര്‍ ശ്രദ്ധിക്കുകയില്ല എന്നാണ്. പക്ഷെ ഞാന്‍ മനസ്സിലാക്കുന്നത് ആരോപണം ആരംഭിച്ചവര്‍ മനപ്പൂര്‍വം ചെയ്തതാണെങ്കില്‍ പോലും അത് ആവര്‍ത്തിക്കുന്നവര്‍ സത്യമറിയാതെയാണ് കാര്യം പ്രചരിപ്പിച്ച് പോരുന്നത് എന്നാണ്. ഇവിടുത്തെ മുജാഹിദ് പക്ഷത്തിന്റെ നിശബ്ദത എന്റെ ധാരണയെ ബലപ്പെടുത്തുന്നു.
ഇവിടെ അടിസ്ഥാനപരമായി വിമർശിക്കപ്പെടുന്നത് തൗഹീദുമായി ബന്ധപ്പെട്ടാണ് , അതല്ലാതെ സാമൂഹിക രാഷ്ട്രീയ .....സകല മേഖലകളിലെയും ധീനിന്റെ അധ്യാപനങ്ങൾ അറി യാതെ ഒരാൾക്ക് മുസ്ലിമോ മൌമിനോ ആവാൻ പറ്റില്ല എന്ന് ആരും പറഞി ട്ടില്ലല്ലോ , എഥാർത്ഥത്തിൽ " നിന്നെ മാത്രമേ ആരാധിക്കുകയുള്ളു നിന്ന്നോട് മാത്രമേ സഹായം തേടു കയുള്ളൂ ", എന്നാ സൂറത്ത് ഫാതിഹയിലെ ആയതിലെ ആരാധന എന്നാൽ അനുസരണ എന്ന് കൂടിയാണ് എന്ന് വ്യ്യക്യാനിക്കുകയും അത് വഴി ഭരണത്തെ തൗഹീദുമായി കൂട്ടി കെട്ടുകയും ചെയ്തതാണ് ഇവിടെ പ്രശ്നങ്ങല്ക്കൊക്കെ കാരണം . ഇസ്ലാമിന്റെ അടിതരയായ തൗഹീദില്ലെങ്കിൽ ഒരാൾക്ക് മുസ്ലിമാകാൻ കഴിയില്ല എന്നുള്ളത് ഏതൊരാല്ക്കും പകല് പോലെ അറിയുന്ന കാര്യമല്ലേ , എന്നാൽ ഭരണമില്ലെങ്കിൽ തൗഹീദ് പൂർണമാവുകയില്ല എന്നുള്ളത് ഇസ്ലാമിനു അന്യവും തൗഹീദിലെ ബിദ്അതുമാണ് . സൂറത്തു മാഇ ദ യിലെ
"ഇന്നു ഞാന്‍ നിങ്ങളുടെ ദീന്‍ നിങ്ങള്‍ക്കു സമ്പൂര്‍ണമാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങളില്‍ തികയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുവേണ്ടി ഇസ്ലാമിനെ ദീന്‍ എന്ന നിലയില്‍ ഞാന്‍ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു." ഈ ആയതത്തിൽ അള്ളാഹു നിങ്ങള്ക്ക് തൗഹീദിനെ പൂര്ത്തിയാക്കി തന്നു എന്നല്ലല്ലോ പറയുന്നത് എന്നിരിക്കെ ഈ ആയതിനെ എന്തിനാ തെളിവായി ഉദ്ധരിക്കുന്നത് ,
ഇസ്ലാമിക ഭരണം കൂടി തൌഹീദിന്റെ ഭാഗം ആനെകില്‍, അതില്ലാത്തവര്‍ ശിര്‍ക്ക് ചെയ്യുന്നവര്‍ ആണ്.മുശ്രിക്കുക്കള്‍ ആണ് .
തൌഹീദ് ഇല്ല എങ്കില്‍ പിന്നെ ശിര്‍ക്ക് തന്നെ ഉള്ളു അല്ലെ!? ..ലോകത് ഇസ്ലാമിക ഭരണം നടത്തി തൌഹീദ് പൂര്തികരികുന്ന,ശിര്‍ക്ക് പൂര്‍ണമായി ഒഴിവാക്കുന്ന ഒരു രാജ്യം അല്ലെങ്കില്‍ ഒരു സമുദായം എവ്ടെയാണ് ??
ഇസ്ലാമിക ഭരണം ലോകത് ഇന്ന് എവ്ടെയാണ് ഉള്ളത് ..??? ഒരു സമുദായം
" നശിച്ചാല്‍""" " " മറ്റൊരു സമുദായത്തെ അള്ളാഹു കൊണ്ട് വരും..ആ സമുദായം പ്രവാചക അധ്യപനങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തര്‍ ആവുകയുമില്ല..
ഇസ്ലാമിക ഭരണം എല്ലായിപോഴും ദീനിന്റെ ഭാഗം കൂടിയാണ് എന്ന് പറഞ്ഞാല്‍!! എവടെ ഇസ്ലാമിക ഭരണം നടത്തുന്ന ഒരു രാജ്യം..അള്ളാഹു പറഞ്ഞപോലെ ഇന്ന് ലോകത്ത് എവ്ടെയാണ് അവന്‍ കൊണ്ട് വന്ന ഇസലമിക ഭരണം നടത്തുന്ന രാജ്യം അല്ലെങ്കില്‍ ഒരു സമുദായം..??
ലത്വീഫ് സാഹിബ് വളരെ സമര്‍ത്ഥമായി മൌദൂദിസാഹിബിന്റെ വാക്കുകളെ വ്യാഖ്യാനിച്ചിട്ടുണ്ട്. സത്യത്തില്‍ ഞാനിതിപ്പോഴാണ് കാണുന്നത്. ഇതെക്കുറിച്ച് എനിക്ക് ചോദിക്കാനുള്ള ഒരു ചോദ്യം , 1939ല്‍ മൌദൂദി സാഹിബ് നടത്തിയ പ്രസംഗം പിന്നീട് പുസ്തക രൂപത്തിലാക്കുകയും അക്കാലങ്ങളില്‍ തന്നെ അദ്ദേഹത്തിന്‍റെ വാദങ്ങള്‍ ചര്‍ച്ചയാവുകയും ,വിമര്‍ശന വിധേയമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ ഇങ്ങനെയാണ് ഉദ്ദേശിച്ചത് എന്ന് പറയാന്‍ യോഗ്യന്‍ എന്ത് കൊണ്ടും മൌദൂദിസാഹിബ് തന്നെയാണല്ലോ?. ലത്വീഫ് സാഹിബ് ഇവിടെ വ്യാഖ്യാനിച്ച പോലെ മൌദൂദിസാഹിബ് എവിടെയെങ്കിലും വിശദീകരിച്ചതായി രേഖകള്‍ ഉണ്ടോ?. ഉണ്ടെങ്കില്‍ അതാണ് താങ്കള്‍ ഇവിടെ തെളിവായി നല്‍കേണ്ടത്. അതില്ലയെങ്കില്‍ താങ്കള്‍ക്ക് തിരിഞ്ഞത് മൌദൂദിക്ക് തിരിഞ്ഞില്ല എന്ന്‍ മനസ്സിലാക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.