'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, മേയ് 17, 2010

ഇസ്ലാഹികള്‍ ബ്ലോഗ് എഴുതുമ്പോള്‍


ഇസ്‌ലാഹിപ്രസ്ഥാനമെന്ന മുജാഹിദ് സംഘടനകളുമായി എനിക്ക്  അടുത്ത പരിചയമുണ്ട്. സംസ്‌കരണ പ്രസ്ഥാനമെന്ന നിലയില്‍ ഞാന്‍ ആദ്യമായി പരിചപ്പെട്ടതും വായിച്ചതും മുജാഹിദ് പ്രസ്ഥാനത്തെയാണ്. കെ. ഉമര്‍ മൗലവിയുടെ കീഴില്‍ പുറത്തിറങ്ങിയ സല്‍സബീല്‍ എന്ന മാസിക ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തെ വായിച്ചിരുന്നു. കൈ നെഞ്ചില്‍ കെട്ടിയതിനാലും. കൂടെയുള്ളവരുടെ ചില പുത്തന്‍ ചെയ്തികളെ വിമര്‍ശിച്ചതിനാലും സ്‌കൂളില്‍ പഠിക്കുമ്പോഴെ മുജാഹിദ് എന്ന് ബ്രാന്റ് ചെയ്യപ്പെട്ടു. പിന്നീട് ഇസ്‌ലാമിക പ്രസ്ഥനത്തിന്റെ സ്ഥാപനത്തില്‍ പഠിച്ചപ്പോഴും ഇസ്‌ലാഹി പ്രസ്ഥാനത്തെ വെറുക്കാന്‍ എവിടുന്നും ഒരു നേരിയ പ്രേരണപോലും ലഭിച്ചിരുന്നില്ല. ഏതാണ് രണ്ട് വര്‍ഷത്തോളം ഞാനെന്റെ മനസ്സില്‍ പഴയ ഇസ്‌ലാഹിയായി തന്നെ നടന്നു. പിന്നീടെപ്പോഴോ ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ കുറേകൂടി കുറ്റമറ്റ ഒരു വേര്‍ഷനെന്ന നിലയില്‍ ഇസ്‌ലാമിക പ്രസ്ഥാനം കയറിക്കൂടി. അപ്പോഴും ഇപ്പോഴും മുസ്‌ലിംകളില്‍ അള്ളിപ്പിടിച്ച അനാചരങ്ങള്‍ക്കെതിരെ അതിനെ എങ്ങനെ സഹായിക്കാനാകും എന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇസ്‌ലാഹീ പ്രസ്ഥാനവും ഇസ്‌ലാമിക പ്രസ്ഥാനവും തര്‍ക്കമുള്ള വിഷയത്തില്‍ കൂറെകൂടി വ്യക്തമായ ധാരണലഭിക്കുന്നതിന് ഈ ബന്ധം കാരണമായിട്ടുണ്ടാകാം. എന്റെ പ്രസ്ഥാനമാകട്ടെ മറ്റുള്ള മതസംഘടനകളെ എതിര്‍ക്കുക മുഖ്യഅജണ്ടയായി ഒരിക്കലും കാണുന്നില്ല എന്നതാണ് അനുഭവം. മുജാഹിദ് പ്രസ്ഥാനവുമായി അത് നടത്തിയ സംവാദങ്ങളും അതിനെ നിരൂപണം ചെയ്‌തെഴുതിയ പുസ്തകങ്ങളും ആവശ്യമില്ലായിരുന്നു എന്നഭിപ്രായപ്പെടുന്ന ധാരാളം സഹപ്രവര്‍ത്തകരെ എനിക്കറിയാം. എങ്ങിലും ഇസ്‌ലാഹി പ്രസ്ഥാനവും ഇസ്‌ലാമിക പ്രസ്ഥാനവും ആവശ്യമായ സംവാദം നടക്കണം എന്നാഗ്രഹിച്ചുകൊണ്ടാണ്. ഏതാണ്ട് ഒരു വര്‍ഷം മുമ്പ് ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ തന്നെ ഒരു ബ്ലോഗ് തുടങ്ങിയത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഞാന്‍ പ്രതീക്ഷിച്ച ഒരു സംവാദം നടക്കുകയുണ്ടായില്ല. അതിനാല്‍ ഏറ്റവും കുറവ് സന്ദര്‍ശകരും ഏറ്റവും കുറച്ച് കമന്റുകളുമുള്ള എന്റെ ബ്ലോഗായി ഇത് മാറി.

ഇങ്ങനെ ഒരു പോസ്‌റ്റെഴുതാന്‍ കാരണം. ഇസ്‌ലാഹി ബ്ലോഗേര്‍സ് എന്ന ബ്ലോഗിന്റെ ഉടമ നൗഷാദ് വടക്കേല്‍ പ്രസ്തുത ബ്ലോഗിലിട്ട ഒരു പോസ്റ്റാണ്. ഇസ്‌ലാഹികള്‍ ബ്ലോഗ് എഴുതട്ടെ എന്ന പ്രസ്തുത പോസ്റ്റില്‍ അദ്ദേഹം ഇസ്‌ലാഹി പ്രസ്ഥാനത്തെ ഇങ്ങനെ പരിചയപ്പെടുത്തി:

മുസ്ലിം സമുദായം ആഗോള തലത്തില്‍ പരിചയപ്പെടുത്തപ്പെടുന്നത് സുന്നികള്‍, ശിയാക്കള്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് . ഇവര്‍ തന്നെ പല വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. സുന്നികള്‍ മതപരമായ വിഷയങ്ങളില്‍ നാല് (മദ്ഹബ്) അഭിപ്രായങ്ങളിലാണ്. ഹനഫിഷാഫിഈ, ഹംബലി, മാലിക്കീ എന്നിങ്ങനെ . ഇവയെല്ലാം കൂട്ടി ഒറ്റ അഭിപ്രായം ഉണ്ടാക്കി അന്ചാമതൊന്നിനു വേണ്ടി നില കൊള്ളുന്നവരാണ് ഇസ്ലാഹികള്‍ അഥവാ സലഫികള്‍ .അങ്ങനെയാണ് മുസ്ലിം സമുദായത്തിലെ സാമാന്യ വിവരമുള്ളവരുടെ അഭിപ്രായം .അതവര്‍ തുറന്നു പറയാറുണ്ട്‌ .

എന്നാല്‍ വസ്തുത എന്താണ്? പരിശുദ്ധ ഖുര്‍ആനിന്റെയും സ്ഥിരപ്പെട്ട ഹദീസിന്റെയും (പ്രവാചകനില്‍ (സ) നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂ നതകളില്ലാത്ത്ത പരമ്പരകളോട് കൂടിയ വാക്കുകള്‍ ,പ്രവര്‍ത്തികള്‍ ,മൌനാനുവാദങ്ങള്‍ എന്നിവ) അടിസ്ഥാനത്തില്‍ സമകാലിക മുസ്ലിം സമുദായത്തെ പരിഷ്കരിക്കുന്നതിനു വേണ്ടി ശ്രമിക്കുന്നവരാണ് ഇസ്ലാഹികള്‍ . ഇസ്ലാഹ് എന്ന വാക്കിന്റെ അര്‍ഥം കേടു വന്നത് നന്നാക്കുക എന്നാണു .
തുടര്‍ന്ന് അദ്ദേഹം രണ്ട് സംഘടനകളെ പരിചയപ്പെടുത്തുന്നു:
ഖുര്‍ആനിക വചനങ്ങളുടെ പിന്ബലമോ പ്രവാചകന്‍ (സ ) നിര്‍ദ്ദേശങ്ങളോ ഇല്ലാത്ത ധാരാളം അന്ധ വിശ്വാസങ്ങളും അനാചാരങ്ങളും മുസ്ലിം സമുദായത്തില്‍ നില നില്‍ക്കുന്നുണ്ട് .

അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മരിച്ചവര്‍ (മഹാന്മാര്‍) കേള്‍ക്കുമെന്നും ,  അവരെ അകലെ നിന്നും വിളിച്ചാല്‍ സഹായിക്കുമെന്നുമുള്ള വിശ്വാസമാണ്. (കേരളത്തില്‍ ജീവിക്കുന്നഒരാള്‍ മുഹിയദ്ദീന്‍ ശൈഖെ രക്ഷിക്കണേ.... എന്ന് വിളിച്ചാല്‍ ബാഗ്ദാദില്‍ അന്ത്യ വിശ്രമം കൊള്ളുന്ന മഹാനായ മുഹിയദ്ദീന്‍ ഷെയ്ഖ്‌ (റ) അത് കേള്‍ക്കുമെന്നും വിളിച്ച ആളുടെ വായ കൂടുന്നതിനു മുന്‍പ് തന്നെ ഉത്തരം നല്‍കുമെന്നുമാണ് വാദം )

അത് പോലെ തന്നെ മറ്റൊരുഅപകടകരമായ വാദം ഭരണമില്ലാത്ത ദീന്‍ (മതം) അപൂര്‍ണ്ണമാണ് എന്നതാണ്. അതിന്റെ ഏറ്റവുംവലിയ ശത്രുക്കളിലൊന്നു ജനാതിപത്യവും! ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഒരു ദൈവം പോയി മറ്റൊരു ദൈവം വന്നു എന്ന് പ്രസ്താവിച്ചു സന്തോഷിക്കാതിരുന്നവരാണ് ഇവര്‍! അനിസ്ലാമിക ഗോവെര്‍മെന്റില്‍ ഉദ്യോഗം നിഷിദ്ധമാണെന്ന് മാത്രമല്ല അനിസ്ലാമിക ഭരണ കൂടതിന്റെ ഭാഗ ഭാക്കവുന്നത് മതത്തില്‍ നിന്നും പുറത്തു പോകുവാന്‍ കാരണമാകുന്ന ശിര്‍ക്ക്‌ (ബഹു ദൈവ ആരാധന) ആണെന്നും പറഞ്ഞു വെച്ചു.

ഇവര്‍ക്കെതിരില്‍ പരിശുദ്ധ ഖുറാനും പ്രവാചകന്‍ (സ )യുടെ ചര്യയും മുന്നില്‍ വെച്ച് ഗുണകാംക്ഷയോടെ സംവദിക്കുന്നവരാന് ഇസ്ലാഹികള്‍ . കേരളത്തിലെ സംഘടിത രൂപത്തിന് കേരള നദുവതുല്‍ ‍ മുജാഹിദീന്‍‍ (കെ .എന്‍ .എം )എന്ന് പറയുന്നു ..
നീലനിറത്തില്‍ നല്‍കിയ സ്ഥലത്ത് പരിചയപ്പെടുത്തപ്പെടുന്ന പ്രസ്ഥാനം ജമാഅത്തെ ഇസ്‌ലാമിയെയാണ് എന്നത് വ്യക്തം. പ്രിയ നൗഷാദ് അദ്ദേഹത്തിന് മനസ്സിലായ വിധം പരിചയപ്പെടുത്തിയതാണ്. തികച്ചും ആത്മാര്‍ഥമായിത്തന്നെ. അതിലാര്‍ക്കെങ്കിലും എന്തെങ്കിലും എതിര്‍ക്കാനുണ്ടാകും എന്നുപോലും അദ്ദേഹം നിനച്ചിട്ടുണ്ടാവില്ല. 

മറ്റുസംവാദ ശൈലികളില്‍നിന്ന് ഞാന്‍ കാണുന്ന പ്രത്യേകത അപ്പപ്പോള്‍ പ്രതികരണം നല്‍കാവുന്ന അതിന്റെ ഗുണമാണ്. നിശഃബ്ദമായി ബുദ്ധിയോടും യുക്തിയോടും സംവദിക്കാം. വസ്തുതകള്‍ക്ക് മാത്രമാണ് ഇവിടെ പ്രസക്തി. മൈക്കുകെട്ടിയുള്ള ഖണ്ഡനമണ്ഡനങ്ങളില്‍ ശബ്ദനിയന്ത്രണത്തിനും ശരീരഭാഷക്കുമൊക്കെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ഒരസംബന്ധം ഹാവഭാവങ്ങളിലൂടെ വലിയ ഒരു തത്വമെന്ന നിലക്ക് അവതരിപ്പിക്കാന്‍ പാമരന്‍മാരെ കയ്യടിപ്പിക്കാനും സാധിക്കും. ബ്ലോഗിലെ ചര്‍ച ഒരു അഭിമുഖ സംഭാഷണത്തേക്കാള്‍ ആശയക്കൈമാറ്റത്തിന് പ്രയോജനപ്പെടുത്താം. പറഞ്ഞവരുന്നത് ഇസ്‌ലാഹികള്‍ ഇപ്രകാരം ഒരു പ്രസ്ഥാനത്തെ പരിചയപ്പെടുത്തുമ്പോള്‍ അതിലെ വസ്തുതകള്‍ വ്യക്തമാക്കാനുള്ള സന്നദ്ധത സ്വാഭാവികമായും പ്രദര്‍ശിപ്പിക്കേണ്ടിവരും എന്ന് പറയാനാണ്.

ജമാഅത്തെ ഇസ്‌ലാമി എന്ന ഇന്ത്യയിലൂടെനീളം പരന്നുകിടക്കുന്ന ഒരു ഇസ്‌ലാമിക സംഘടനയെ ഇവ്വിധം പരിചയപ്പെടുത്തിയാല്‍ മതിയോ. അതില്‍ ധാരണകളോ വസ്തുതകളോ കൂടുതല്?‍. ഈ പറയുന്ന പ്രശ്‌നങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നിലപാട് തന്നെയാണോ ഇത്. ഈ വിഷയങ്ങളിലൊക്കെ വ്യക്തവും കൃത്യവുമായ മറ്റൊരു നിലപാട് ഇസ്‌ലാഹികള്‍ക്കുണ്ടോ. ഉണ്ടെങ്കില്‍ അതെന്താണ്. ഇങ്ങനെയൊരു ചര്‍ച പ്രസക്തമല്ലേ. ഇസ്‌ലാഹികളുടെ ബൂലോകത്തേക്കുള്ള രംഗപ്രവേശം ഇത്തരം ആരോഗ്യകരമായ ഒരു ചര്‍ചക്ക് വഴിതുറക്കുമോ. അതല്ല പുറമെയുള്ള ചര്‍ചകള്‍ അതേ പ്രകാരം ബ്ലോഗിലേക്ക് പറിച്ചുനടപ്പെടുമോ. എങ്കില്‍ അതിന്റെ ഭാവി എന്തായിരിക്കും. ആശങ്കകള്‍ക്ക് വലിയ പ്രസക്തിയില്ല. ഒന്നുമില്ലെങ്കില്‍ അല്ലാഹുവില്‍ വിശ്വസിക്കുകയും പരലോകവിചാരണയെ ഭയപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമെന്ന നിലയില്‍ ഇസ്‌ലാഹികളുടെ ബൂലോക പ്രവേശം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്.

അതുകൊണ്ട് നൗഷാദിന്റെ ബ്ലോഗില്‍ ഞാന്‍ ഇങ്ങനെ അഭിപ്രായമിട്ടു:

 
CKLatheef says:
'പ്രിയ നൗഷാദ്,

താങ്കളുടെ ശ്രമങ്ങളെ അകമഴിഞ്ഞ് പിന്തുണക്കുന്നതോടൊപ്പം ചില കാര്യങ്ങള്‍ സൂചിപ്പിച്ചുകൊള്ളട്ടേ. മതവിദ്വേഷികള്‍ ബൂലോഗം കയ്യടക്കിവാണ കാലഘട്ടമുണ്ടായിരുന്നു എന്ന് കാണുന്നു. ഇപ്പോഴും ഇസ്‌ലാമിനെ യഥാവിധി ഉള്‍കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഇസ്‌ലാമിനെ തകര്‍ക്കാനെന്ന ലക്ഷ്യത്തോടുകൂടി എഴുതപ്പെട്ട ലേഖനങ്ങളാണ് ഒരു ഇസ്‌ലാം പഠിതാവിന് കൂടുതല്‍ ലഭ്യമാകുന്നത്. ഇനിയും കുറേ ആളുകള്‍ ഈ രംഗത്തേക്ക് വരേണ്ടതുണ്ട്. യുക്തിവാദികള്‍ തെറ്റിദ്ധരിപ്പിച്ച വിഷയങ്ങളില്‍ ഇസ്‌ലാമിന്റെ യഥാര്‍ഥ നിലപാട് വ്യക്തമാകുന്ന പഠനങ്ങളും ലേഖനങ്ങളും വായനക്കാര്‍ക്ക് ലഭിക്കേണ്ടതുണ്ട്.

അതോടൊപ്പം മുസ്‌ലിം സംഘടനകള്‍ തമ്മിലുള്ള ആരോഗ്യകരമായ സംവാദങ്ങളും നടക്കേണ്ടതുണ്ട്. ഇസ്‌ലാഹി സംഘടനകള്‍ മാത്രമല്ല. മറ്റുസംഘടനകളും നെറ്റിന്റെ സ്വാധീനം വേണ്ടവിധം വിലയിരുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. എന്റെ ഒരു വര്‍ഷത്തെ അനുഭവം എന്നെ പഠിപ്പിച്ചത്, വസ്തുനിഷ്ഠമായ ചര്‍ചകളുള്ള ബ്ലോഗുകള്‍ക്ക് മാത്രമേ വായനക്കാരെ ലഭിക്കുകയുള്ളൂ എന്നതാണ്. അതുകൊണ്ട് കാടടച്ചുള്ളവെടിക്ക് ഇവിടെ പ്രസക്തിയില്ല. അതോടൊപ്പം സംഘടനാ ചര്‍ചകള്‍ വേറെ ബ്ലോഗില്‍ തന്നെ നടത്തുന്നതായിരിക്കും സൗകര്യം. രണ്ടും കൂട്ടിക്കുഴച്ചാല്‍ അതുതന്നെ മതി ഇപ്പോഴുള്ള നമ്മുടെ പ്രതിരോധത്തെ തകര്‍ക്കാന്‍.

ഈ രംഗത്തേക്ക് കടന്നുവരുന്ന ഇസ്‌ലാഹിബ്ലോഗേഴ്‌സ് ഈ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.'
 നൌഷാദിന്റെ മറുപടി:
 Noushad Vadakkel says:
'@ പ്രിയ സഹോദരന്‍ ലതീഫ്‌ മാസ്റ്റര്‍ ,
സംഘടനാ പരമായ ചര്‍ച്ചകള്‍ ആരെങ്കിലും ആരോപണ രൂപത്തില്‍ എഴുതിയാല്‍ പ്രസക്തമാണെന്നോ ,തെറ്റിദ്ധാരണ ഉണ്ടാകുമെന്നോ തോന്നിയാല്‍ മാത്രമേ മറുപടി ഉണ്ടാകൂ എന്ന് അറിയിക്കുന്നു . സംഘടനാ പരമായ ചര്‍ച്ചകള്‍ മറ്റു വിധത്തില്‍ നടക്കുന്നത് കൊണ്ട് (പ്രസിദ്ധീകരണങ്ങള്‍ വഴിയും , സംവാദങ്ങള്‍ വഴിയും) ബ്ലോഗ്‌ രംഗത്ത് അതിനു പ്രസക്തി ഇല്ല എന്നാണു എന്റെ ഭൂരിപക്ഷം ഇസ്ലാഹീ സുഹൃത്തുകളും അഭിപ്രായപ്പെട്ടത് . ഞാനും യോജിക്കുന്നു . മാത്രവുമല്ല മത വിമര്‍ശനവും മത നിന്ദയും തിരിച്ചറിയാനാവാത്ത വിധം കൂട്ടിക്കുഴക്കുന്ന മത വിരുദ്ധരാണ് ബ്ലോഗ്‌ രംഗത്തെ യുക്തിയില്ലാത്ത യുക്തി വാദികള്‍ എന്നതിനാല്‍ നമ്മുടെ ചര്‍ച്ചാ വിഷയം തന്നെ 'മത വിമര്‍ശന മര്യാദകള്‍' എന്നതായിരിക്കണമെന്നാണ് എന്റെ വ്യക്തി പരമായ അഭിപ്രായം . താങ്കളുടെ സന്ദര്‍ശനത്തിനും ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി. ഒപ്പം താങ്കളുടെ ലേഖനങ്ങളും ഇവിടെ പ്രതീക്ഷിക്കുന്നു . പരിഗണിക്കുമല്ലോ . അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍).'

ഒരു ബ്ലോഗില്‍ എപ്രകാരം ചര്‍ചനടക്കണം എങ്ങനെ നടക്കണം എന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം ബ്ലോഗുടമക്ക് വകവെച്ചുനല്‍കിയേ മതിയാകൂ. ചിലരൊക്കെ ഞാനങ്ങനെ ചെയ്യുന്നു. നിങ്ങളും അതേ നിലപാട് സ്വീകരിക്കണം എന്നൊക്കെ പറയാറുണ്ടെങ്കിലും ആരും അത് ചെവികൊള്ളാറില്ല. കൊള്ളേണ്ടതുമില്ല. ഇവിടെയും ഇസ്‌ലാഹി ബ്ലോഗേഴ്‌സ് എന്ന ബ്ലോഗില്‍ അതിന്റെ ഉടമ ഉദ്ദേശിക്കുന്ന വിധം അത് നടക്കട്ടെ. അതൊടൊപ്പം എനിക്ക് ആ വിഷയത്തില്‍ കൂടുതല്‍ പറയാനുള്ളതാണ് ഇവിടെ പറഞ്ഞുകഴിഞ്ഞത്. മറ്റുമതങ്ങളില്‍നിന്ന് വ്യത്യസ്ഥമായി ചര്‍ചകള്‍ക്കും ചിന്തകള്‍ക്കും എമ്പാടും പ്രോത്സാഹനം നല്‍കിയ മതമായതുകൊണ്ട് ഇതിന്റെ എല്ലാതലത്തിലും ചര്‍ചകളും അന്വേഷണങ്ങളും സജീവമാണ്. എന്തൊക്കെയായാലും പ്രവാചകന്‍ പ്രബോധനത്തില്‍ ദീക്ഷിച്ച നിലപാടിനോട് നാമും വിയോജിക്കില്ല എന്നാണ് നാം പ്രതീക്ഷിക്കുന്നത്. പ്രവാചകന്റെ കാലത്ത് ഇസ്‌ലാമില്‍ മറ്റു സംഘടനകളുണ്ടായിരുന്നില്ല ഒരു അല്‍ജമാഅത്ത് മാത്രം. ഇസ്‌ലാം സംവാദം നടത്താന്‍ ആവശ്യപ്പെട്ടത് വേദക്കാര്‍ എന്നറിയപ്പെടുന്നവരോടാണ്. പരസ്പരയോജിപ്പുള്ള കാര്യത്തിലേക്കായിരുന്നല്ലോ ആദ്യക്ഷണം (തആലൗ ഇലാ കലിമത്തിന്‍ സവാഇന്‍ ബൈനനാ വബൈനക്കും.) വേദക്കാരുടെ കാര്യത്തിലിതാകാമെങ്കില്‍ നമ്മുക്കിടയിലെ സംവാദം  എത്രമാത്രം പരസ്പരബഹുമാനത്തോടെയും സൗഹാര്‍ദ്ദപൂര്‍വവുമായിരിക്കണം. നജ്‌റാനില്‍നിന്ന് വന്ന ക്രൈസ്തവരെ പ്രവാചകന്‍ സ്വീകരിച്ച ശൈലിയില്‍ നമ്മുക്ക് മാതൃകയില്ലേ. സംവാദമെന്നാല്‍ വെട്ടൊന്ന് കഷ്ണം രണ്ട് എന്നാണോ. കടുത്ത നിഷേധികളോട് ഒന്നുകില്‍ ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍ സന്‍മാര്‍ഗത്തിലാണ് അല്ലെങ്കില്‍ കടുത്ത വഴികേടിലാണ് എന്ന് ഖുര്‍ആന്‍ പറയുമ്പോഴുള്ള ഒരു മനഃശാസ്ത്ര സമീപനം നാമം പ്രയോഗിച്ചില്ലെങ്കില്‍ പിന്നെ ആരാണ് അത് നടപ്പില്‍ വരുത്തുക. ഇതാര്‍ക്കെങ്കിലുമുള്ള ഒരു മറുപടി പോസ്റ്റല്ല. ശരിയെന്ന് തോന്നിയ ചിലനിലപാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചു എന്ന് മാത്രം.

അതുകൊണ്ട് ബുദ്ധിയും വിവേകവും അറിവുമുള്ള എല്ലാവിഭാഗത്തില്‍പെട്ട ബ്ലോഗര്‍മാരും ധാരാളമായികടന്നുവരട്ടേ. അവര്‍ക്കൊക്കെയും ആവശ്യമായ സ്‌പേസ് ബൂലോഗത്തുണ്ട്.

5 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റില്‍ ഞാന്‍ പ്രകടിപ്പിച്ച അഭിപ്രായത്തോട് നിങ്ങള്‍ക്കുള്ള പ്രതികരണം പ്രതീക്ഷിക്കുന്നു.

Noushad Vadakkel പറഞ്ഞു...

അസ്സലാമു അലൈക്കും... പ്രിയപ്പെട്ട സഹോദരന്‍ ലതീഫ്‌ , താന്കള്‍ ചര്‍ച്ചകളില്‍ പ്രകടിപ്പിക്കുന്ന ഗുണ കാംക്ഷ എന്നെ വളരെ ആകര്ഷിചിരിക്കുന്നു .

മുഖവുരയില്ലാതെ ചില കാര്യങ്ങള്‍ പറയുന്നു :

ജമ അതെ ഇസ്ലാമിയെകുരിച്ചു മാത്രമല്ല സുന്നീ സംഘടനകളെ കുറിച്ചും വളരെ ചുരുങ്ങിയ രൂപത്തിലാണ് ഞാന്‍ ഇസ്ലാഹീ ബ്ലോഗ്ഗെര്സില്‍ എഴുതിയിട്ടുള്ളത് . ഞാന്‍ ജമാ അതെ ഇസ്ലാമിയുടെ പല പണ്ടിതന്മാരുമായും ചര്‍ച്ചകള്‍ നടത്തുവാന്‍ അവസരം കിട്ടിയ ഒരു വ്യക്തിയാണ് . സംവാദങ്ങള്‍ ഉള്ള പ്രസിദ്ധീകരണങ്ങള്‍ താല്പ്പര്യ പൂര്‍വ്വം വായിച്ചിട്ടുമുണ്ട് . എന്റെ മാതാവിന്റെ സഹോദരിയുടെ പുത്രന്‍ തൊടുപുഴയിലെ സജീവ ജമാത്ത്‌ പ്രവര്‍ത്തകനാണ് ,ഒപ്പം സോളിടാരിടിയുടെയും . സോളിഡാരിറ്റി ഇടുക്കി ജില്ല പ്രസിഡന്റ്‌ സുബൈര്‍ ഹമീദ്‌ എന്റെ സുഹൃത്തുക്കളില്‍ ഒരാളാണ് . ഇവരുമായി സജീവ ചര്‍ച്ചകള്‍ തന്നെ നടത്തുവാന്‍ സാധിച്ചിട്ടുണ്ട് .

ഇസ്ലാഹി ബ്ലോഗേഴ്സ് എന്ന ബ്ലോഗ്‌ എന്റെ സ്വന്തം ബ്ലോഗ്‌ അല്ല എന്ന് പറയട്ടെ .അത് സാഹചര്യവശാല്‍ എന്റെ നിയന്ത്രണത്തില്‍ വന്നു എങ്കിലും , ഇസ്ലാഹീ ചിന്തകളുള്ള (മുജാഹിദ്‌ സങ്ങടനയില്‍ പെട്ടവര്‍ എന്ന് വ്യാഖ്യാനിക്കരുത് )

ബ്ലോഗ്ഗര്‍ മാരുടെ പൊതു വേദി എന്ന സുഹൃത്തുക്കളുടെ ആശയമാണ് അതിനു പിന്നില്‍ .സാങ്കേതികമായ ചില കാര്യങ്ങള്‍ മാത്രം ഞാന്‍ കൈകാര്യം ചെയ്യുന്നു എന്ന് മാത്രം .എല്ലാ ബ്ലോഗ്ഗെര്സിനും സ്വന്തമായി ബ്ലോഗ്‌ വേണം എന്നത് ഇതില്‍ ജോയിന്‍ ചെയ്യുവാനുള്ള നിബന്ധനയാണ് .അവരുടെ ബ്ലോഗുകള്‍ അവരുടെ പ്രൊഫൈലില്‍ കാണുവാന്‍ സാധിക്കും .

എന്റെ ബ്ലോഗ്‌ ഇതാണ്


ഈ ബ്ലോഗില്‍ ഒരു സംവാദത്തിനു ഞാന്‍ ഒരുങ്ങുന്നില്ല .തല്‍ക്കാലം യുക്തി വാദക്കാരോടു മാത്രമേ ഇപ്പോള്‍ പ്രതികരണമുള്ളൂ സമയക്കുറവു കൊണ്ടാണ് .. ക്ഷമിക്കുക.
എനിക്ക് വേണ്ടി പ്രാര്തിക്കുമല്ലോ :)

CKLatheef പറഞ്ഞു...

പ്രിയ നൗഷാദ്,

വന്നതിനും, എന്റെ ചില തെറ്റിദ്ധാരണകള്‍ നീക്കിയതിനും നന്ദി. വസ്സലാം...

mukthaRionism പറഞ്ഞു...

അതെ,
'സം‌വാദങ്ങളും ചര്‍ച്ചകളും പരസ്പരബഹുമാനത്തോടെയും സൗഹാര്‍ദ്ദപൂര്‍വവുമായിരിക്കണം.'
താങ്കളുടെ ചിന്തകളോട് യോജിക്കുന്നു..
ചര്‍ച്ചകളും സം‌വാദങ്ങളും
അര്‍ഥവത്തായിത്തീരട്ടെ.
മതങ്ങളെയും
ആദര്‍ശങ്ങളെയും പരസ്പരം അറിയുവാനും മനസ്സിലാക്കാനും
ഈ ചര്‍ച്ചകളിലൂടെ കഴിയുകയാണെങ്കില്‍
നല്ലത്..
ഇസ്ലാഹികള്‍ മാത്രമല്ല,
അറിവും കഴിവുമുള്ള മുസ്ലിംകളുടെ സാന്നിധ്യം ഭൂലോകത്ത് ആവശ്യമാണ്..
നൗഷാദ്, ഇസ്ലാഹികള്‍ എന്ന് പ്രയോഗിച്ചത് പരിഷ്കരണ പ്രവര്‍ത്തകര്‍ എന്ന വിശാലാര്‍ഥത്തിലാണ്.
ഞാനും ഇപ്പറഞ്ഞ ഇസ്ലാഹീ ബ്ലോഗേര്‍സില്‍ അംഗമാണ്..

CKLatheef പറഞ്ഞു...

പ്രിയ മുഖ്താര്‍ ,

ആരോഗ്യകരമായ ചര്‍ചക്കും പരസ്പബഹുമാനത്തോടെയുള്ള സംവാദത്തിനും ബ്ലോഗ് വേദിയാകട്ടെ. പുറത്ത് നടക്കുന്ന ജയിക്കാനും തോല്‍പ്പിക്കാനുമുള്ള ഖണ്ഡനമണ്ഡനങ്ങള്‍ക്ക് ഇവിടെ സ്ഥാനമില്ല. അതുകൊണ്ടായിരിക്കും. ചില ഇസ്‌ലാഹി സുഹൃത്തുക്കള്‍ നൗഷാദിനോട് സംഘടനകള്‍ തമ്മിലുള്ള സംവാദത്തിന് ഇവിടെ പ്രസക്തിയില്ല എന്ന് പറഞ്ഞത് എന്ന് കരുതുന്നു. നാം ഇസ്‌ലാമിനെ പരിചയപ്പെടുത്തുമ്പോള്‍ അത് കേള്‍ക്കാന്‍ സന്‍മനസ്സില്ലാത്തവര്‍ പറയുന്ന കാര്യമാണ്, നിങ്ങള്‍ക്ക് നിങ്ങളുടെ സമുദായത്തെ നന്നാക്കിയിട്ട് പോരെ ഞങ്ങളെ നന്നാക്കല്‍ എന്ന്. അതാണല്ലോ യഥാര്‍ഥത്തില്‍ ഇസ്‌ലാഹി പ്രവര്‍ത്തനം. അതില്‍ നിന്നും ഒരു മുസ്‌ലിമിനെ മാറിനില്‍ക്കാനാവില്ല. ദഅ്വത്തും ഇസ്‌ലാഹും നടക്കേണ്ടതുതന്നെ. കമന്റിന് നന്ദി. കൂരിരുട്ടില്‍ ഇത്തിരിവെട്ടം പകരുന്ന മെഴുകുതിരികളാകാനെങ്കിലും നമ്മുക്ക് കഴിയുമെന്ന് പ്രത്യാശിക്കാം. ഉരുകാന്‍ വിസമ്മതിക്കുന്ന മെഴുകുതിരിക്കള്‍ക്ക വെട്ടം നല്‍കാനാവില്ലല്ലോ. ചിന്തകള്‍ പങ്കുവെച്ചതിന് നന്ദി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK