'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, മേയ് 30, 2010

ജമാഅത്തിനെ കല്ലെറിയും മുമ്പ്

സഖാവ് പിണറായിയും ഡോ.എം.കെ മുനീറും വയലാര്‍ രവിയും നടത്തിയ ജമാഅത്ത് വിരുദ്ധ പരാമര്‍ശത്തിനെതിരെ, കേരള മദ്യവിമോചന സമിതി ഡയറക്ടര്‍, ഇ.എ. ജോസഫ് മാധ്യമം പത്രത്തില് എഴുതിയ പ്രതികരണം ഇവിടെ മുഴുവനായി ചേര്‍ക്കുന്നു, വായിക്കുക:
Saturday, May 29, 2010 
'ദൈവ രാജ്യത്തിനു വേണ്ടിയാണ് ജമാഅത്തെ ഇസ്‌ലാമി ശ്രമിക്കുന്നത്. അരുത്.. അത് അനുവദിക്കരുത്' എന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരിക്കുന്നു. മുസ്‌ലിം ലീഗ് മതേതരത്വത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മതരാഷ്ട്രത്തിനു വേണ്ടിയാണ് ജമാഅത്ത് ശ്രമിക്കുന്നതെന്ന് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് നേതാവ് ഡോ. എം.കെ. മുനീര്‍ കുറ്റപ്പെടുത്തിയിരിക്കുന്നു. ആര്‍.എസ്.എസ്സും ജമാഅത്തെ ഇസ്‌ലാമിയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങളാണെന്നാണ് വയലാര്‍രവിയുടെ ആരോപണം. തെരഞ്ഞെടുപ്പുകളില്‍ ഇടപെടുവാന്‍ മുസ്‌ലിം ലീഗ് അല്ലാതെ മറ്റു മുസ്‌ലിം സംഘടനകളെ അനുവദിക്കില്ലെന്ന് ജമാഅത്തിനെ ഉദ്ദേശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി ഭീഷണി മുഴക്കിയിരിക്കുന്നു. ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവരൊക്കെ വിശുദ്ധരും ജമാഅത്ത് നികൃഷ്ടരും ആണെന്ന്. യഥാര്‍ഥത്തില്‍ ആടിനെ പേപ്പട്ടിയാണെന്നു പറഞ്ഞ് കല്ലെറിഞ്ഞു കൊല്ലാന്‍ ശ്രമിക്കുകയാണ് ഇവര്‍.

ദൈവ കല്‍പനകളെ വളച്ചൊടിക്കുകയും പുതിയത് പലതും കൂട്ടിച്ചേര്‍ക്കുകയും ചെയ്ത യഹൂദമത നേതാക്കളോട് അതേമതത്തില്‍ ജനിച്ച യേശു ക്രിസ്തു അരുത് എന്ന് പറഞ്ഞു. യഹൂദര്‍ യേശുവിനെ കുരിശില്‍ തറച്ചുകൊന്നു. യേശു ശ്രമിച്ചത് ഭൂമിയില്‍ ദൈവരാജ്യം സൃഷ്ടിക്കാനാണ്. യേശു പഠിപ്പിച്ച പ്രാര്‍ഥനയും അങ്ങനെതന്നെയാണ്. 'സ്വര്‍ഗസ്ഥനായ പിതാവേ, അങ്ങയുടെ രാജ്യം വരേണമെ....' മഹാത്മാഗാന്ധി വധിക്കപ്പെട്ടതും രാമരാജ്യ സൃഷ്ടിക്കായി വാദിച്ചതിന്റെ പേരിലാണ്.

വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും പറഞ്ഞതിനെ വളച്ചൊടിക്കുകയും പുതിയ ചില രീതികള്‍ കടന്നുകൂടുകയും ചെയ്യുന്നതായി മനസ്സിലാക്കാന്‍ തുടങ്ങിയപ്പോഴാണ് ഇന്ത്യക്കാരനായ മൗലാനാ മൗദൂദി 1941 ആഗസ്റ്റ് 26ന് ജമാഅത്തെ ഇസ്‌ലാമി എന്ന സംഘടനക്കു രൂപം നല്‍കിയത്. ജമാഅത്ത് എന്നതിന്റെ അര്‍ഥം കൂട്ടായ്മ എന്നാണ്. അവിഭക്ത ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചതിനാല്‍ ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ വിഭജിത ഭാഗങ്ങളിലെല്ലാം ഈ സംഘടനയുടെ പേരില്‍ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുവെന്നല്ലാതെ ഇന്ത്യയിലെ ജമാഅത്തിന് ഇന്ത്യക്കു പുറത്തും കശ്മീരിലെ സംഘടനകളുമായും ഒരു ബന്ധവുമില്ല.

ഖുര്‍ആനും നബിയും പറഞ്ഞതില്‍ കടുകിട വ്യത്യാസം കൂടാതെ നല്ല മനുഷ്യരായി ജീവിച്ച് മരണത്തോടെ പരലോകത്ത് ജീവിതം തുടരുക. ഇതാണ് ഇസ്‌ലാമിക ജീവിതത്തിന്റെ ലക്ഷ്യം. ഇസ്‌ലാം നാമധാരികളായ പലരും വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളതായി നമുക്കറിയാം. എന്നാല്‍, ഇന്ത്യയിലെ ഒരു ജമാഅത്തുകാരന്റെ പേരില്‍ ഇന്നേവരേ ഒരു ആരോപണം പോലും ഉയര്‍ന്നുവന്നിട്ടില്ല.

ഇസ്‌ലാം ഒരു മിഷനറി പ്രവര്‍ത്തനമാണ്. ഓരോ മുസല്‍മാനും ഓരോ മിഷനറിയാണ്. പ്രസംഗത്തിലോ ഉപദേശത്തിലോ അല്ല. മറിച്ച്, ജീവിത വിശുദ്ധികൊണ്ടാണ്. ഇസ്‌ലാമിന്റെ ഈ വിശുദ്ധി നഷ്ടപ്പെടാതിരിക്കാനാണ് ജമാഅത്ത് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജമാഅത്തിനെതിരെ ആരോപണം ഉന്നയിച്ചവര്‍ ആരൊക്കെയെന്ന് നമുക്കറിയാം. പിണറായി വിജയന്‍ വിമര്‍ശിച്ച അന്നുതന്നെയാണ് അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ നീലകണ്ഠനെ വേദിയില്‍ കയറി മര്‍ദിച്ചത്. അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ കേരളത്തിലും ഇന്ത്യയിലും ലോകംമുഴുവനും ഇന്നോളം ചെയ്തുകൂട്ടിയ കൊലയും അക്രമവും ആര്‍ക്കെങ്കിലും മറക്കാന്‍ കഴിയുമോ?

മുസ്‌ലിം ലീഗ് നേതാക്കളുടെ ആക്രോശം കേള്‍ക്കുമ്പോള്‍ തമാശതോന്നുന്നു. ഇന്ത്യ വിഭജിച്ച് പാകിസ്താന്‍ ഉണ്ടാക്കാന്‍ വേണ്ടി രൂപവത്കരിച്ചതാണ് മുസ്‌ലിം ലീഗ്. പക്ഷേ, ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടരുത് എന്ന് ശക്തമായി ആഗ്രഹിച്ചയാളാണ് ജമാഅത്തിന്റെ സ്ഥാപകന്‍ മൗദൂദി.
വയലാര്‍ രവി ഉപമിച്ചത് ആര്‍.എസ്.എസിനോടാണ്. ഹേ, രവീ.... ആര്‍.എസ്.എസുകാര്‍ ഉള്‍പ്പെട്ട കൊലക്കേസുകള്‍ കഴിഞ്ഞ ആഴ്ചപോലും കേരളത്തിലുണ്ടായി. എന്നാല്‍, ഒരു ജമാഅത്തുകാരന്‍ ഉള്‍പ്പെട്ട ഒരു കേസെങ്കിലും ഇന്നോളം ഉണ്ടായിട്ടുണ്ടോ? ജമാഅത്തിനെ ഒരു വര്‍ഗീയ സംഘടനയായി ചിത്രീകരിക്കുവാനാണ് നീക്കമെങ്കില്‍  എന്താണ് വര്‍ഗീയത എന്ന് രവി വിശദമാക്കണം. വിശ്വാസത്തിനനുസരിച്ച് ജീവിക്കുന്നതിന് വര്‍ഗീയത എന്ന് വിളിക്കുന്നത് വലിയ തെറ്റാണ്. ജമാഅത്തെ ഇസ്‌ലാമി ആരെയെങ്കിലും ഇസ്‌ലാമില്‍ ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചതായി റിപ്പോര്‍ട്ടുണ്ടോ?

തെരഞ്ഞെടുപ്പുകളില്‍ ഇടപെടരുതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ താക്കീത്. കുഞ്ഞാലിക്കുട്ടി ഒന്നു മനസ്സിലാക്കണം, ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം. ഇത് തെറ്റായ കാര്യമാണോ? പാര്‍ട്ടി രൂപവത്കരിച്ചത് ഭരണത്തില്‍ വരാന്‍ തന്നെയാണ്. ഗാന്ധിജി ഉള്‍പ്പെടെയുള്ള മനുഷ്യസ്‌നേഹികള്‍ പറഞ്ഞിട്ടുള്ളത് മതമില്ലാത്ത രാഷ്ട്രീയം നിര്‍ജീവമെന്നാണ്. ഇന്നത്തെ രാഷ്ട്രീയത്തിന്റെ മൂല്യശോഷണത്തിന്റെ കാരണം രാഷ്ട്രീയത്തില്‍നിന്നും മതാംശം (ധാര്‍മികത) ചോര്‍ന്നതു തന്നെയാണ്. നിരീശ്വരവാദികളായ പാര്‍ട്ടിക്കാര്‍ പറയുന്നത് ഏറ്റുപറയരുത്. ജമാഅത്ത് രൂപവത്കരിച്ച നാള്‍ മുതല്‍ എല്ലാ സമ്മേളനങ്ങളിലും മറ്റുമത പ്രതിനിധികളെ പങ്കെടുപ്പിക്കാനും സല്‍ക്കരിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട്. ജമാഅത്തിനെ സംബന്ധിച്ച് ഇത് എഴുതാന്‍ ഈ ലേഖകനെ പ്രേരിപ്പിച്ചത് അവരുടെ സൗഹൃദ മനോഭാവം മൂലമാണ്. ഈയുള്ളവന്‍ ദൈവത്തിന്റെ പുത്രനായ യേശുവില്‍ വിശ്വസിക്കുന്ന, എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്ന ഒരു ക്രിസ്ത്യാനിയാണ്. അധികാരക്കൊതി മൂലം നന്‍മയെ തിന്‍മയായി ചിത്രീകരിച്ച് നിങ്ങളുടെ തിന്‍മനിറഞ്ഞ പ്രവൃത്തികളെ വെള്ളപൂശാന്‍ ശ്രമിക്കരുത്.

കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാനല്ലേ സഖാക്കള്‍, സമരത്തെ സഹായിച്ച സോളിഡാരിറ്റിയെയും ജമാഅത്തിനെയും നികൃഷ്ടരായി ചിത്രീകരിക്കുന്നത്. ഇതുവരെ സോളിഡാരിറ്റിയും ജമാഅത്തും വളരെ സജീവമായി എല്ലാ സമരഭൂമിയിലും ഉണ്ടായിരുന്നതാണ്. അന്നൊന്നും തോന്നാത്ത ഈ ആരോപണങ്ങള്‍ ഇപ്പോള്‍ തോന്നുന്നത് അസൂയകൊണ്ടാണ്, സമരഭൂമിയിലും ജീവകാരുണ്യ പ്രവൃത്തികളിലും സംഘടനാ രംഗത്തും ജമാഅത്ത് വ്യക്തിമുദ്ര പതിപ്പിച്ച് മുന്നേറുന്നതിലും ജനം അവരെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുമുള്ള അസൂയകൊണ്ട്.

കര്‍മഭൂമിയില്‍ ജമാഅത്തിനെ കൂടുതല്‍ ശക്തമാക്കാന്‍ ദൈവം അനുവദിക്കട്ടെ! സത്യമേവഃ ജയതേഃ

20 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തിന് അനുകൂലമായി സംസാരിക്കുന്നവര്‍ക്കും ആരോപണങ്ങളെ നേരിടേണ്ടിവരുന്നു. തങ്ങള്‍ വിലക്കെടുക്കപ്പെട്ടവരാണ് എന്ന പഴിയാണ് അവര്‍ കേള്‍ക്കേണ്ടി വരുന്നത്. അല്ലെങ്കില്‍ ജമാഅത്തിന്റെ ഒളിയജണ്ടകള്‍ അറിയാത്തവര്‍ എന്നും. ഗാന്ധിജി ജമാഅത്ത് സമ്മേളനത്തെയും അതിന്റെ പ്രവര്‍ത്തകരെയും പുകഴ്തിയത് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇയ്യിടെ ഒരു സുഹൃത്ത് പറഞ്ഞത്. ഗാന്ധിജിക്ക് ജമാഅത്തിനെ മനസ്സിലായിട്ടുണ്ടാവില്ല എന്നും അല്ലെങ്കില്‍ അദ്ദേഹത്തിന് പരിചയമുള്ളത് അന്നത്തെ ജമാഅത്തിനെയാണ് എന്നുമാണ്. രണ്ടായാലും അബദ്ധമാണ് ഗാന്ധിജിയെ കൊച്ചാക്കലാണ്. ഒന്ന് ആരെങ്കിലും വിളിക്കുമ്പോഴേക്ക് കേറിചെല്ലുന്ന പ്രകൃതമായിരുന്നു ഗാന്ധിജിക്കെന്നത്. അക്കാലത്തും ജമാഅത്ത് ഇവ്വിധം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടേതില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു അദ്ദേഹത്തിന്റെ നിലപാട് കാരണം അദ്ദേഹത്തിന് സത്യത്തോട് മാത്രമേ പ്രതിബദ്ധതയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അദ്ദേഹം പറഞ്ഞു. (cont..)

CKLatheef പറഞ്ഞു...

"ഞാന്‍ ഇന്നലെ ജമാഅത്തെ ഇസ്ലാമിയുടെ സമ്മേളനത്തില്‍ സംബന്ധിച്ചു. അത് സാധുക്കളുടെ സമ്മേളനമായിരുന്നു. ഭിക്ഷയാചിക്കുന്ന സാധുക്കളുടേതല്ല. നന്മ പ്രചരിപ്പിക്കുകയും മനുഷ്യരെ സേവിക്കുകയും ഉച്ചനീചത്വം തുടച്ചുനീക്കുകയും
നിങ്ങള്‍ ദൈവദാസരാണെങ്കില്‍ ദൈവത്തിന്റെ കല്‍പനകള്‍ അനുസരിക്കൂ എന്ന് ജനങ്ങളോട് പറയുകയും ചെയ്യുന്ന സാധുക്കളുടെ സമ്മേളനം. അവരുടെ സമ്മേളനത്തില്‍ സംബന്ധിച്ചതില്‍ എനിക്ക് ഖേദഃമില്ല; സന്തോഷമേയുള്ളൂ.
അവര്‍ ഇനിയും എന്നെ ക്ഷണിച്ചാല്‍ കാല്‍നടയായെങ്കിലും ഞാനവരുടെ സമ്മേളനത്തില്‍ സംബന്ധിക്കും''
(ഗാന്ധിജി, സര്‍ച്ച്ലൈറ്റ് - പാറ്റ്ന 27 ഏപ്രില്‍ 1946)

ഇങ്ങനെ പറയണമെങ്കില്‍ നെട്ടെല്ല് എന്ന ഒരു സാധനം വേണം. മുഖം മറച്ച് ചര്‍ചക്ക് പോകുകയും പിടിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മതസരിക്കുന്നുണ്ടോ എന്നറിയാന്‍ പോയതാണെന്നും. അവര്‍ ഭീകരതയുടെ മാസ്റ്റര്‍ ബ്രൈനാണന്നും പറയുന്നതിനോട് അവര്‍ക്ക് തന്നെ വിശ്വാസമില്ല എന്ന് അവരുടെ വാക്കുകളും മുഖഭാവവും ശ്രദ്ധിച്ചാല്‍ മനസ്സിലാകും.

ഗാന്ധിജി ഇത് പറഞ്ഞത് ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നപ്പോഴാണ്. ഗാന്ധിജിയുടെ ആ വാക്കുകളില്‍ ദൃഢത നമ്മുക്ക് മനസ്സിലാക്കാന്‍ കഴിയും. വേണമെങ്കില്‍ മുനീര്‍ ശൈലിയില്‍ ഞാനവരെ പഠിക്കാന്‍ പോയതായിരുന്നു എന്ന് പറഞ്ഞ തടിസലാമത്താക്കാമായിരുന്നു. പക്ഷെ ചരിത്രത്തില്‍ അദ്ദേഹത്തിന് ഇന്നുള്ള മഹത്വം ഒരു വിഭാഗത്തിനിടയിലെങ്കിലും നഷ്ടപ്പെടുത്തുമായിരുന്നു അത്. ഇത് പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ ആരും അവമതിച്ചിട്ടില്ല. സത്യവും ധര്‍മവും എവിടെയും എപ്പോഴും ആദരിക്കപ്പെടും.

Unknown പറഞ്ഞു...

കിനാലൂരില്‍ സമരം ചെയ്ത നാട്ടുകാരെ പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തപ്പോഴുണ്ടായ നാണക്കേട് മറക്കാന്‍ തന്നെയാണ് ഒരു നേതാവ് പെട്ടെന്ന് സമരത്തെ സഹായിച്ച ജമാഅത്തിനെ തള്ളിപ്പറഞ്ഞത് എന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അതിരിക്കട്ടെ. ജമാ‌അത്തില്‍ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ വെറുക്കപ്പെടാന്‍ ഒരു കാരണവും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഇവിടെ പ്രശ്നം മൌദൂദിസമാണ്. ഇസ്ലാം വെറുമൊരു ആത്മീയതയില്‍ അധിഷ്ഠിതമായ മതമല്ല. ഒരു ജീവിതവ്യവസ്ഥ തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അത്കൊണ്ടാണ് മുസ്ലീമിങ്ങള്‍ മുസ്ലീമിങ്ങളാല്‍ മാത്രമേ ഭരിക്കപ്പെടാവൂ എന്ന് മൌദൂദിസം ശഠിക്കുന്നതായും അത് ജനാധിപത്യവിരുദ്ധമാണെന്നും ജമാ‌അത്തിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഒരു ബഹുസ്വരസമൂഹത്തില്‍ മതേതേരജനാധിപത്യം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഈയൊരു രാഷ്ട്രീയവ്യവസ്ഥ അംഗീകരിക്കുന്നതായി ജമാ‌അത്ത്-ഇ-ഇസ്ലാമി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ആ സംഘടന എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എല്ലാ വിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഇവിടെ ഇടം ഉണ്ട് എന്ന തോന്നല്‍ എല്ലവര്‍ക്കും ഉണ്ടാകണമല്ലോ. എനിക്ക് ജമാ‌അത്തിന്റെ ഇപ്പോഴത്തെ നിലപാടുകളെ കുറിച്ച് കൂടുതല്‍ അറിയില്ല. ലത്തീഫ് വിശദമാക്കുമല്ലോ :)

Noushad Vadakkel പറഞ്ഞു...

സോളിടാരിട്ടി പ്രവര്‍ത്തകര്‍ ചെയ്തത് തെറ്റാണെന്ന് ആരും പറയുന്നില്ല .വിവാദം ഉയരുന്നത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമാണ് .

ഈ ലേഖനത്തില്‍ പറയുന്നു :

>>>>ജമാഅത്ത് രൂപവത്കരിച്ചതുതന്നെ ഒരു പാര്‍ട്ടിയായിട്ടാണ്. ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഇതാണ് ജമാഅത്തിന്റെ വാദം.<<<<

ആണോ ???

ആണെങ്കില്‍ ,

"ലോകത്ത് ദൈവത്തിന്റെ സന്ദേശം ഉയര്‍ത്തുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം"

അപ്പോള്‍ മതേതര ജനാധിപത്യത്തിന്റെ ഭാവി ?????

മുസ്ലിംകള്‍ ന്യൂന പക്ഷമായ ,ഉള്ളവരില്‍ ബഹു ഭൂരിപക്ഷവും ശിര്‍ക്കില്‍ അകപ്പെട്ട ഇന്ത്യ മഹാ രാജ്യത്തു തന്നെ വേണം ഇത്തരം ചിന്താഗതികള്‍ !!!! .

CKLatheef പറഞ്ഞു...

പ്രിയ കെ.പി.എസ് സാര്‍ ,

വളരെ തഴക്കം ചെന്ന പക്വമതിയായ ഒരു ബ്ലോഗറെന്ന നിലക്ക് താങ്കളുടെ അഭിപ്രായത്തിന് വളരെയധികം വിലകല്‍പിക്കുന്നു. വസ്തുതകളെ അംഗീരിച്ച് ആശങ്കകള്‍ പങ്കുവെച്ചതിലും നന്ദിയുണ്ട്. ഇനിയും ജമാഅത്തിനെ കേവലമുസ്ലിം സംഘടനകളിലൊന്നായി അവഗണിക്കാനോ പൊട്ടിമുളച്ച് അസ്തമിച്ചുകൊണ്ടിരിക്കുന്ന കേവല രാഷ്ട്രീയപാര്‍ട്ടികളിലൊന്നായി തള്ളിക്കളയാനോ കേരളീയ പൊതു സമൂഹത്തിന് കഴിയില്ല. ഒന്നുകില്‍ അവര്‍ വസ്തുനിഷ്ഠമായി അതിനെ വിലയിരുത്താനും ബുദ്ധിപരമായി അതിനെ നേരിടാനും ശ്രമിക്കണം. അല്ലെങ്കില്‍ അന്ധമായി അതിനെ ആക്ഷേപിച്ച് സ്വയം പരിഹാസ്യത ഏറ്റുവാങ്ങാന്‍ തയ്യാറാകണം. ഈ രണ്ട് മാര്‍ഗങ്ങളാണ് അവരുടെ മുമ്പിലുള്ളത്. രണ്ടു വിഭാഗവും കേരളത്തിലുണ്ട്. മൂന്നാമൊതു വിഭാഗം അതിനെ മനസ്സിലാക്കി അതിന്റെ ജനക്ഷേമവും മനുഷ്യസ്‌നേഹത്തിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞവരാണ്. ഞങ്ങളെ അന്ധമായി വിമര്‍ശിക്കുന്നവരേക്കാള്‍ അടുത്തറിഞ്ഞവര്‍ മൂന്നാമത്തെ വിഭാഗമാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം.

താങ്കള്‍ ഇവിടെ സൂചിപ്പിച്ച പോലെ മതേതരജനാധിപത്യത്തോട് അതിന്റെ കാഴ്ചപ്പാട് വിശദീകരിക്കാതെ ജമാഅത്തിന് കേരളീയ സമൂഹമെന്നല്ല ഇന്ത്യയില്‍ തന്നെ പ്രവര്‍ത്തിക്കാനാവില്ല എന്ന് എല്ലാവരെക്കാളും നന്നായി അറിയാം. മതേതരജനാധിപത്യത്തോട് നമ്മുക്കുള്ള പ്രതിപത്തിക്ക് കാരണം അത് ഉള്‍കൊള്ളുന്ന അഭിപ്രായ സ്വാതന്ത്ര്യവും മതനിരപേക്ഷതയുമാണ് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ജനാധിപത്യത്തിന് അതിനേക്കാള്‍ ഉയര്‍ന്ന ചില ഗുണങ്ങളുണ്ട്. അത് മനുഷ്യനാവശ്യമായ നിയമങ്ങള്‍ ഭൂരിപക്ഷാഭിപ്രായ പ്രകാരം നിര്‍മിക്കുന്നു എന്നതാണ്. ഈ ഒരു വശത്തോട് ജമാഅത്തിന് താത്വികമായി വിയോജിപ്പുണ്ട്. ജമാഅത്ത് പറയുന്നത് മനുഷ്യന് ആവശ്യമായി നിയമങ്ങള്‍ എല്ലാതലത്തിലും പ്രവാചകന്‍ മുഹമ്മദ് നബിയിലൂടെ നല്‍കപ്പെട്ടിരിക്കുന്നു എന്നാണ്. അവയെ പരിശോധിക്കാന്‍ ജമാഅത്ത് മനുഷ്യരെ ക്ഷണിക്കുന്നു. ചുരുക്കത്തില്‍ മതേതരജനാധിപത്യത്തിന്റെ നല്ലഗുണങ്ങളെ അംഗീകരിക്കുകയും ജനാധിപത്യത്തിന്റെ ഈ ഒരു വശത്തിന് ഒരു തിരുത്ത് നല്‍കുകയുമാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്. ഇനി മതേതരത്വത്തെയും ജനാധിപത്യത്തെയും മൗദൂദി തള്ളുകയും അത് ഇസ്‌ലാമിന് കടകവിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് എന്ന ഒരു വസ്തുതയുണ്ട്. ജമാഅത്ത് അത് നിഷേധിക്കുന്നില്ല. ആ പഠനം ഇന്നും പ്രസക്തമായതിനാല്‍ അവയെക്കുറിച്ച് വിവരിക്കുന്ന് ജനാധിപത്യം മതേതരത്വം ദേശീയത്വം ഒരു താത്വിക വിശകലനം എന്ന പുസ്തകം ഇപ്പോഴും ജമാഅത്ത് പുറത്തിറക്കുന്നു. പക്ഷെ അതില്‍ പരാമര്‍ശിക്കുന്ന മതേതരജനാധിപത്യം അന്ന് നിലവിലുണ്ടായിരുന്ന പാശ്ചാത്യന്‍ മതേതരത്വമാണ്. അത് മതനിരാസത്തിലധിഷ്ഠിതമാണ്. മനുഷ്യന്റെ സാമൂഹ്യവും സാമ്പത്തികവുമായ രംഗങ്ങളില്‍ മതത്തിന് വിലക്കേര്‍പ്പെടുത്തുന്ന മതേതരത്വമാണ്. അതിനോട് യോജിക്കാന്‍ കഴിയില്ല എന്നത് ജമാഅത്തിന്റെ മാത്രം വാദമല്ല. കേരളത്തിലെ ചിന്തിക്കുന്ന വിവരമുള്ള മുസ്്‌ലിംകളൊക്കെ അപ്രകാരം ചിന്തിക്കുകയും പറയുകയും ചെയ്യുന്നു. പക്ഷെ മുസ്ലിം സംഘടനകള്‍ തങ്ങള്‍ പ്രതിയോഗികളെന്ന് കരുതുന്ന ഒരു വിഭാഗത്തിനെതിരെ അന്ധമായി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്നാണ് എന്റെ പക്ഷം.

നിങ്ങളുടെ മുഴുവന്‍ സംശയങ്ങളും ഒരു കമന്റിലൂടെ തീര്‍ക്കാമെന്നോ ജമാഅത്തിന്റെ നയനിലപാടുകള്‍ ഇത്ര ചുരുക്കിപ്പറഞ്ഞാല്‍ ആളുകള്‍ക്കത് ഉള്‍കൊള്ളാന്‍ കഴിയുമെന്നോ ഞാന്‍ കരുതുന്നില്ല. പക്ഷെ ഒന്നെനിക്കുറപ്പുണ്ട്. താങ്കള്‍ സൂചിപ്പചത് പോലുള്ള ആശങ്കകള്‍ മാന്യമായി ദുരീകരിക്കാനുള്ള കഴിവ് ഈ സംഘടനക്കുണ്ട് എന്നതാണത്. ഞങ്ങള്‍ ആകെ പ്രതീക്ഷിക്കുന്നത് അത്തരക്കാരില്‍ നിന്ന് ഞങ്ങളെ കേള്‍ക്കാനുള്ള ക്ഷമ മാത്രമാണ്. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി.

CKLatheef പറഞ്ഞു...

ഇവിടെ സംസാരിച്ച ഇസ്‌ലാഹി പ്രവര്‍ത്തകനായ നൗഷാദുമായി സംവദിക്കുന്നതിനുള്ള പ്രയാസം. ഇസ്‌ലാമിനെ അടിസ്ഥാമായി സ്വീകരിക്കുന്ന സംഘടന എന്ന് പറയുകയും ഇസ്്‌ലാമില്‍ രാഷ്ട്രീയമുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നതോടൊപ്പം അതിന്റെ പ്രായോഗികതയും അതിനുമുപരി അതിന്റെ അവതരണവും ഇന്നെവരെ വ്യക്തമായ ഒരു രൂപം ആ സംഘടന സ്വീകരിച്ചിട്ടില്ല എന്നതാണ്. എന്നാല്‍ എന്താണ് ജമാഅത്ത് ചര്‍ച ചെയ്യുന്നിടത്ത് അവര്‍ക്കുള്ള സ്ഥാനം എന്ന് ചോദിച്ചാല്‍ ഇതൊരവസരമാണ് എല്ലാതലത്തില്‍ നിന്നും എതിര്‍പ്പുകള്‍ ജമാഅത്തിന് നേരെ വന്നുകൊണ്ടിരിക്കെ (എതിര്‍പ്പുകള്‍ മാതമല്ല അനുകൂലാഭിപ്രായങ്ങളുമുണ്ട് എന്ന് ഇതിലെ പോസ്റ്റ് തെളിവാണ് ഇത്രയും നന്നായി അതിനെ പരിചയപ്പെടുത്താന്‍ പലപ്പോഴും ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് പോലും കഴിയാറില്ല) തങ്ങളുടെ നിഷേധാത്മകമായ പങ്ക് നിര്‍വഹിക്കുക എന്നതാണ് ഇവിടെ സലഫി ഇസ്ലാഹി ദൗത്യം. തങ്ങള്‍ക്ക് ഒറ്റക്ക് ഇവരെ പിടിച്ചുകെട്ടാന്‍ സാധിക്കില്ല അതിനാല്‍ ജമാഅത്തിനെ അന്ധമായി വിമര്‍ശിക്കുന്നവരുടെ കൂടെ ഇവരും കൂടി. എന്നിട്ട് വലിയ ചോദ്യമുയര്‍ത്തി. നിങ്ങള്‍ ഇസ്‌ലാമിന് വേണ്ടിയാണ് പ്രവര്‍ത്തികുന്നതെങ്കില്‍ അപ്പോള്‍ മതേതരജനാധിപത്ത്യത്തിന്റെ ഭാവി???? കേള്‍ക്കുന്നവരാരും എന്താ സുഹൃത്തേ ഇക്കാര്യത്തില്‍ നിങ്ങളുടെ വീക്ഷണം എന്ന് ചോദിക്കില്ല എന്ന ധൈര്യവും. തക്കത്തില്‍ തങ്ങള്‍ മാത്രമാണ് മതേതരജനാധിപത്യത്തിന് വാദിക്കുന്നവര്‍ എന്ന ധാരണയും സൃഷ്ടിക്കാം. അതുകൊണ്ട് പോസ്റ്റില്‍ ജോസഫ് പറഞ്ഞതു പോലെ ജനം ഞങ്ങളെ വിശ്വാസത്തിലെടുക്കുന്നുവെന്നതിലുള്ള അസൂയമാത്രമാണ് ഇതിന് കാരണം എന്ന് ഇവിടെ വന്ന് വായിക്കുന്ന വായനക്കാരില്‍ മിക്കവര്‍ക്കും തിരിച്ചറിയാന്‍ കഴിയും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇവിടെ സലഫി സി.ഡി.കല്‍ മാത്രം കാണുന്നവരല്ല ഇവിടെ വരുന്നവര്‍ എന്ന് അത്തരക്കാര്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ചിന്തകന്‍ പറഞ്ഞു...

പ്രിയ കെ.പി.എസ്
താങ്കളിലെ നല്ല മനസ്സിനെ അഭിനന്ദിക്കാതെ വയ്യ. സത്യത്തില്‍ മാര്‍കിസം എന്നത് പറയുമ്പോലെ മൌ‍ദൂതിസം എന്ന ഒരു സംഗതിയേ ഇല്ല. അങ്ങിനെയുണ്ടെന്ന് വാദിക്കുന്നവര്‍ ജമാ അത്തിന്റെ ശത്രുക്കളാണ്.

ഒരു സാമൂഹ്യ പരിഷ്കര്‍ത്താവ്,ചിന്തകന്‍, അനേക സാഹിത്യ രചകനകളുടെ കര്‍ത്താവ്, ജമാ അത്തിന്റെ സ്ഥാപക നേതാവ് എന്നതിലുപരി ജമാ അത്ത് അദ്ദേഹത്തിനോ അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ക്കോ യാതൊരു അപ്രമാദിത്വവും കല്പിച്ചിട്ടില്ല. കല്പിക്കുകയുമില്ല. കല്പിക്കരുതെന്ന് പഠിപിച്ചതും മൌദൂതി തന്നെയാണ്. ഇത് വരെ ഒരു ജമാ അത്ത് പ്രവര്‍ത്തകര്‍ പോലും ഒരു വിധ അക്രമ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാവാതിരുന്നത് അദ്ദേഹത്തിന്റെ ചിന്തകളും ഉപദേശങ്ങളും വായിച്ചിട്ടാണ് എന്നത് അഭിമാനപൂര്‍വ്വം തന്നെ പറയാന്‍, ഒരു ജമാ അത്ത് പ്രവര്‍ത്തകനും ഒരു മടിയുമുണ്ടാവില്ല.

അദ്ദേഹം സൈദ്ധാന്തിക തലത്തില്‍ വിലയിരുത്തിയ കാര്യങ്ങളെ അനവസരത്തില്‍ ക്വോട്ട് ചെയ്തു ആളുകളില്‍ ഭീതിയുണ്ടാക്കുന്നവര്‍ സത്യത്തില്‍ ചെയ്യുന്നത് ഒരു അക്രമം പ്രവര്‍ത്തന തന്നെയാണ്.

സത്യത്തിന് വേണ്ടി നിലകൊള്ളുമ്പോള്‍ എതിര്‍പുകള്‍ സ്വാഭാവികമാണ്. അത് ശാരീകകമാവാം, സൈദ്ധാന്തികകമാവാം,ആശയ തലത്തിലോ, മറ്റു തലങ്ങളിലോ ആവാം. എന്നാല്‍ ഇതിന്റെ പേരില്‍ ഒരു ജമാ അത്ത് പ്രവര്‍ത്തകന്‍ പോലും കല്ലോ കത്തിയോ ആയി നടന്ന് നാട്ടില്‍ അക്രമുണ്ടാക്കിയിട്ടില്ല/അക്രമമുണ്ടാക്കുകയുമില്ല എന്നത് 100% തന്നെ ഉറപ്പിച്ച് എനിക്ക് പറയാനാവും.

CKLatheef പറഞ്ഞു...

ഞാന്‍ മുകളില്‍ നൗഷാദിന്റെ കമന്റിന് പ്രതികരണമായി നല്‍കിയത് കേവല ആരോപണമല്ല. എങ്ങനെ ആവശ്യപ്പെട്ടാലും സലഫി പ്രസ്ഥാനം ജനാധിപത്യത്തോടും മതേതരത്വത്തോടും അവരുടെ അഭിപ്രായം പറയുകയില്ല. ഞങ്ങളതിനെ അംഗീരിക്കുന്നു എന്ന കേവല അഭിപ്രായമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. അതിനെ യഥാവിധി വിശദീകരിച്ച് അതിന്റെ എല്ലാവശങ്ങളും വിശകലനം ചെയ്ത്. ഇസ്്‌ലാമികമായി അതിനോട് യോജിക്കാവുന്നതും വിയോജിക്കാവുന്നതുമായി അഭിപ്രായം പറയുകയാണെങ്കില്‍ അവര്‍ക്ക് ജമാഅത്തെ ഇസ്്‌ലാമി പറയുന്നതല്ലാത്ത ഒരഭിപ്രായം പറയാന്‍ കഴിയില്ല. അവരില്‍പെട്ട് പല പണ്ഡിതന്‍മാരും ആ തരത്തില്‍ തന്നെ ഇപ്പോഴും അത് പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ അതല്ലാം അവരുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഞങ്ങളുടെത് ഖുര്‍ആനും സുന്നത്തുമാണെന്നും തട്ടിവിടുകയാണ സലഫി സുഹൃത്തുക്കള്‍. ഉദാഹരണത്തിന് എം.എം അക്ബര്‍ (നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍) തന്റെ മുഹമ്മദ് നബിയെ അറിയുകെ നബിനിന്ദകരെയും എന്ന പുസ്തക പേജ് 42, 43 ഇവിടെ ഉദ്ധരിക്കാം. (തുടരും)

CKLatheef പറഞ്ഞു...

'ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്നു മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൗഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്നു സെക്യൂലരിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും അരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യൂലരിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ ഏല്ലാ മേഖലകളെയും ദൈവിക ബോധന പ്രകാരം പരിവര്‍ത്തിപ്പിക്കുയാണ് മതമെന്ന ഇസ്‌ലാമിക സങ്കല്‍പം ഒരു തരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍ക്കരണത്തിന്റെ പേരിലുള്ള സാംസ്‌കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൗന്ദര്യ പ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ മാര്‍ക്കറ്റിനെ സ്‌നിഗ്ധമാകകാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്‌ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് സ്വതന്ത്ര വിപണി നിലനില്‍ക്കുന്നതുതന്നെ. ഇവടുയെയെല്ലാം നേരെ ഇസ്‌ലാം പുറം തിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യൂലരിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കാന്‍ ഉള്ളത് ഇസ്‌ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയം.'

(ഉദ്ധരണം: പ്രബോധനം, 2010 മെയ് 29, പേജ് 30).

അക്ബര്‍ പറഞ്ഞത് ശരിയാണ്. നേരായ ചിന്തയാണ്. മതനിരപേക്ഷമായ മതേതരത്വമാണ് ഇന്ത്യയുടെതെങ്കിലും മതവിമുക്തമായമതനിഷേധപരമായ ഒരു സെക്യൂലരിസം മനസ്സില്‍ കൊണ്ടുനടക്കുന്നവരുണ്ട്. അതുതന്നെയാണ് മൌദൂദിയുടെ പുസ്തകങ്ങള്‍ ഇന്നും പ്രസിദ്ധീകരിക്കുന്നതിന്റെ പ്രസക്തിയും. അക്ബറിനെ പോലെ ഇസ്‌ലാമികമായി ചിന്തിക്കുന്നവരുണ്ടെങ്കിലും അവരുടെ ചിന്തകളെ ഒരു സംഘടനയുടെ നിലപാടായി സ്വാംശീകരിക്കാന്‍ തക്കവിധമുള്ള സംഘടനാ സെറ്റപ്പ് സലഫി/മുജാഹിദ് പക്ഷങ്ങള്‍ക്കില്ല. കുറെ എല്‍.സി.ഡി വെച്ചുള്ള വള്‍ഗറായ വിധത്തില്‍ നടത്തപ്പെടുന്ന തെരുവു പ്രസംഗങ്ങളാണ് ആകെയുള്ള മതപ്രവര്‍ത്തനം എന്ന സങ്കുചിത കാഴ്ചാടില്‍നിന്ന് നിര്‍ഭാഗ്യവശാല്‍ അതിലെ പ്രവര്‍ത്തകര്‍ക്ക് മോചനമില്ല.

അത്തരക്കാര്‍ തങ്ങളുടെ, പുറത്തുള്ള പ്രതിപക്ഷ ബഹുമാനമില്ലാത്ത സംവാദ ശൈലി ബ്ലോഗിലേക്ക് വ്യാപിപിച്ചാല്‍ ബൂലോകം മറ്റൊരു വൃത്തികേടിനുകൂടി സാക്ഷിയാകും. ഭാഗ്യവശാല്‍ അവര്‍ ബൂലോകത്തേക്ക് വല്ലാതെ കടന്നുവന്നിട്ടില്ല എന്നത് നല്ലകാര്യമാണ്.

അതുകൊണ്ട് ഇവിടെ സംവദിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങളുടെ നിലപാട് ആദ്യമായി വ്യക്തമാക്കേണ്ടതുണ്ട്. അക്ബറിന്റെ വീക്ഷമാണെങ്കില്‍ അത് പറയുക. അതുതന്നെയാണ് ജമാഅത്തും പറഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ക്ക് വ്യത്യസ്ഥമായ അഭിപ്രായമുണ്ടെങ്കില്‍ അതും പറയാം. അങ്ങനെയുള്ളവര്‍ മാത്രം സംവാദത്തിന് മുതിരുക.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഈയിടെ ഒരു സുഹ്രത്ത്‌ അയച്ചു തന്ന യുട്യൂബ്‌ ലിങ്കില്‍ ക്ളിക്കിയപ്പൊള്‍ അദ്ഭുതപെട്ടുപോയി. സകരിയ സലാഹി എന്ന മുജാഹിദ്‌ നേതാവ്‌ (ഇത്തരക്കാരെ പണ്ഡിതന്‍ എന്ന് പറയാന്‍ എനിക്കെ അറപ്പാണു) അതെ വിശ്വാസം സ്വീകരിച്‌ പ്രവര്‍ത്തിക്കുന്ന മറ്റൊരു മുജാഹിദ്‌ നേതാക്കളായ ഹുസൈന്‍ മടവുരിനെയും ചെറിയമുണ്ടം അബ്ദുല്‍ ഹമീദ്‌ മദനിയെയും 'തെറി' വിളിക്കുന്നു. അദ്ദേഹം ഉപയോഗിച്ച ഭാഷകളില്‍ ചിലത്‌ "പൊട്ടന്‍മാരെ, പൊട്ടാ..... മടവൂര്‍ കുബ്ബിട്ട്‌ നില്‍ക്കുബ്ബോള്‍ ചെറിയമുണ്ടം ആസനത്തില്‍ ഊതുന്നു........" ഇത്തരം കേട്ടാല്‍ അറക്കുന്ന വാക്കുകളുമായി സ്റ്റേജ്‌ 'കീഴടക്കുന്ന' ഇവര്‍ ഇസ്ളാഹി പ്രവര്‍ത്തകര്‍ എന്ന് ഞാന്‍ ഒരിക്കലും പറയില്ല. ഇത്തരം മുസ്ളിം സംഘടനകള്‍ക്കിടയില്‍ ജമാഅത്തെ ഇസ്ളാമി എത്രയോ പതിന്‍മടങ്ങ്‌ മാറ്റുള്ള സംഘടനയാണെന്ന് സംശയമില്ല. വെറുതെയല്ല സകല ഇസ്ളാം വിരുദ്ദരും ജമാഅത്തിണ്റ്റെ 'പിറകെ' കൂടിയത്‌. കാരണം കായ്‌ ഫലമുള്ള വ്യക്ഷത്തിലേക്കല്ലേ എറിഞ്ഞിട്ട്‌ കാര്യമുള്ളൂ. ഒന്ന് ശ്രദ്ദിചല്‍ അത്‌ മനസ്സിലാകും. ബ്ളോഗ്‌ ലോകത്താണെങ്കില്‍ സകല 'യുക്തിവാദി' ആയവനും അല്ല്ലാത്തവനും ജമാഅത്തിനു പിന്നാലെ!! എന്തുകൊണ്ട്‌ ഇവരാരും സുന്നികളൂടെയോ മുജാഹിദുകളുടെയോ പിന്നാലെ കൂടുന്നില്ല? യുക്തിവാദികള്‍ക്ക്‌ അവരുടെ ഇസ്ളാം 'പെരിത്തിഷ്ടമായിട്ടൊന്നുമല്ല' പിന്നെയോ കാരണം വ്യക്തം അവരുടെ പിറകില്‍ കൂടാന്‍ മാത്രം ഒന്നുമില്ല അവര്‍ക്ക്‌. ജമാഅത്തിണ്റ്റെ പ്രവര്‍ത്തനങ്ങളെല്ലാം 'കുറിക്ക്‌' കൊണ്ടീട്ടുണ്ടെന്ന് ഇതുവരെയൂള്ള 'സംഭവവികാസങ്ങള്‍' വിളിച്ചോതുന്നു.

CKLatheef പറഞ്ഞു...

മുസ്ലിംകള്‍ മുസ്ലിംകളാല്‍ മാത്രമേ ഭരിക്കപ്പെടാവൂ എന്ന് ജമാഅത്ത് ഒരിക്കലും പറഞ്ഞിട്ടില്ല പറയുകയുമില്ല. അത് ജനാധിപത്യമതേതരത്വ വിരുദ്ധവും അപ്രകാരം പറയുന്നവര്‍ തികഞ്ഞ സങ്കുചിതത്വം പേറുന്നവരുമാണ്. മറിച്ച് ജമാഅത്ത് പറയുന്നത് ഞങ്ങളുടെ കൈവശം മനുഷ്യന് സമാധാനം നല്‍കുന്ന ഒരു ദര്‍ശനമുണ്ട് അത് മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അവയുടെ നിയമം ഏത് രംഗത്ത് എത്ര അളവില്‍ ആര് സ്വീകരിച്ചാലും ഇന്നറിയപ്പെടുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ നല്‍കുന്നതിനേക്കാള്‍ മനുഷ്യസമൂഹത്തിന് ഗുണകരമായിരിക്കും. അതൊന്നു പരിശോധിക്കൂ എന്നാണ്. അതുകൊണ്ട് ജമാഅത്ത് ബഹുസ്വരതക്ക് യാതൊരു ഭീഷണിയുമല്ല. ബഹുസ്വരത പ്രവാചകന്‍ അംഗീരിച്ചതാണ് ഖുര്‍ആനില്‍ വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ ജമാഅത്തിന് ഒരു ഒളിയജണ്ടയുമില്ല. ഉണ്ടായിരുന്നെങ്കില്‍ ഇത്ര പരസ്യമായി എന്നെ പോലെ മുഴുവന്‍ വിവരങ്ങളും ഉള്‍പെടുത്തി ബ്ലോഗ് ചെയ്യുന്നവര്‍ ഇതിനെ ന്യായീകരിക്കാന്‍ നില്‍ക്കുമായിരുന്നില്ല.

പ്രിയ കെ.പി.എസ്,

ബഹുസ്വരതയെക്കുറിച്ച് ഖുര്‍ആന്‍ എന്ത് പറയുന്നു എന്ന് ഇവിടെ നല്‍കിയ ലിങ്കില്‍നിന്ന് കാണുക. അവിടെയുള്ള നമ്പറുകളില്‍ ക്ലിക്ക് ചെയ്താല്‍ മൗദൂദിയുടെ അത് സംബന്ധമായ വ്യാഖ്യാനവും കാണാം. പിണറായിയും മുനീറും അടക്കമുള്ള രാഷ്ട്രീയക്കാര്‍ പറയുന്നത് കളവാണെന്ന് നിങ്ങള്‍ക്ക് അതില്‍ നിന്ന് മനസ്സിലാകും. ഇവിടെ ഞങ്ങളെ എതിര്‍ക്കുന്ന മുജാഹിദുകളും. ആരും പറയുന്നത് മനഃപൂര്‍വമാണെന്ന് എനിക്കഭിപ്രായമില്ല. ആദ്യത്തെ വിഭാഗം തെറ്റിദ്ധരിക്കപ്പെട്ടതിനാലും രണ്ടാമത്തെ വിഭാഗം ജമാഅത്തിനോടുള്ള അന്ധമായ വിരോധത്താല്‍ സത്യം കാണാന്‍ കഴിയാത്തവരുമാണ്.

CKLatheef പറഞ്ഞു...

തൊട്ടുമുകളില്‍ നല്‍കിയ കമന്റ് കെപിഎസിന്റെ താഴെ വരികള്‍ക്കുള്ള പ്രതികരണമാണ്.

>>> ജമാ‌അത്തില്‍ എനിക്ക് സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരെ വെറുക്കപ്പെടാന്‍ ഒരു കാരണവും എനിക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ഇവിടെ പ്രശ്നം മൌദൂദിസമാണ്. ഇസ്ലാം വെറുമൊരു ആത്മീയതയില്‍ അധിഷ്ഠിതമായ മതമല്ല. ഒരു ജീവിതവ്യവസ്ഥ തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്നുണ്ട്. അത്കൊണ്ടാണ് മുസ്ലീമിങ്ങള്‍ മുസ്ലീമിങ്ങളാല്‍ മാത്രമേ ഭരിക്കപ്പെടാവൂ എന്ന് മൌദൂദിസം ശഠിക്കുന്നതായും അത് ജനാധിപത്യവിരുദ്ധമാണെന്നും ജമാ‌അത്തിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്. ഒരു ബഹുസ്വരസമൂഹത്തില്‍ മതേതേരജനാധിപത്യം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഈയൊരു രാഷ്ട്രീയവ്യവസ്ഥ അംഗീകരിക്കുന്നതായി ജമാ‌അത്ത്-ഇ-ഇസ്ലാമി അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുകയാണെങ്കില്‍ ആ സംഘടന എല്ലാവര്‍ക്കും പ്രിയപ്പെട്ടതായിരിക്കും എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. <<<

CKLatheef പറഞ്ഞു...

ഈ ചര്‍ചയില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന:

ചിന്തകന്‍ ,
കെപിഎസ്,
നൗഷാദ്,
കുരുത്തംകെട്ടവന്‍ ,
ഖായിംബില്‍ഖിസ്ത്

എന്നിവര്‍ക്ക് നന്ദി.

പറഞ്ഞു...

"ജമാഅത്ത് പറയുന്നത് ഞങ്ങളുടെ കൈവശം മനുഷ്യന് സമാധാനം നല്‍കുന്ന ഒരു ദര്‍ശനമുണ്ട് അത് മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. അവയുടെ നിയമം ഏത് രംഗത്ത് എത്ര അളവില്‍ ആര് സ്വീകരിച്ചാലും ഇന്നറിയപ്പെടുന്ന ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ നല്‍കുന്നതിനേക്കാള്‍ മനുഷ്യസമൂഹത്തിന് ഗുണകരമായിരിക്കും. അതൊന്നു പരിശോധിക്കൂ എന്നാണ്."

ജനാധിപത്യം നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ നിങ്ങളുടെ ദര്‍ശനം മുന്‍ നിര്‍ത്തി നിങ്ങള്‍ ജീവിച്ചോളൂ,ജനാധിപത്യത്തിനു നിലനില്‍ക്കാന്‍ അങ്ങനെ നിങ്ങളുടെ കയ്യിലുള്ള ഒരു സമ്പൂര്‍ണ്ണ ഗ്രന്ഥത്തിന്റെ ആവശ്യമില്ല എന്നാണ് ജനാധിപത്യം പറയുന്നത്.ഒന്നാലോചിച്ചു നോക്കൂ ഇതിനേക്കാള്‍ മികച്ചതെന്ന് അവരവര്‍ കരുതുന്ന ഗ്രന്ഥങ്ങള്‍ മറ്റു സമൂഹങ്ങള്‍ക്കിടയിലുമില്ലേ?അവരും ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ കൂടി പരിശോധിക്കൂ ഇതില്‍ മറ്റുള്ളതിനേക്കാള്‍ മികച്ചതുണ്ട് ന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി?നിങ്ങളത് അംഗീകരിക്കുമോ?

CKLatheef പറഞ്ഞു...

>>> ഒന്നാലോചിച്ചു നോക്കൂ ഇതിനേക്കാള്‍ മികച്ചതെന്ന് അവരവര്‍ കരുതുന്ന ഗ്രന്ഥങ്ങള്‍ മറ്റു സമൂഹങ്ങള്‍ക്കിടയിലുമില്ലേ?അവരും ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ കൂടി പരിശോധിക്കൂ ഇതില്‍ മറ്റുള്ളതിനേക്കാള്‍ മികച്ചതുണ്ട് ന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി?നിങ്ങളത് അംഗീകരിക്കുമോ? <<<

ഉണ്ടെങ്കില്‍ പറയാവുന്നതാണ്. ജമാഅത്ത് നടത്തുന്നത് പോലെ സമാധാനുപൂര്‍വമാണ് അത് പ്രചരിപ്പിക്കുന്നതെങ്കില്‍ അതിനെ എന്തിനെതിര്‍ക്കണം. അതല്ലേ ജനാധിപത്യം ഉറപ്പുനല്‍ക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അന്തസത്ത. അതുകൊണ്ട് അത്തരം പ്രവര്‍ത്തനങ്ങളെ ജമാഅത്ത് സ്വാഗതം ചെയ്യും. ഇതുതന്നെയാണ് ജമാഅത്ത് പറയുന്നത്. ഇതിനെ സംബന്ധിച്ച് വേറെ ആരോപണമുണ്ട്. മൗദൂദി ഇന്ത്യയില്‍ ഹൈന്ദവദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണം സ്ഥാപിക്കാന്‍ അനുവാദം കൊടുത്തു എന്ന് പറഞ്ഞ്.

O.T. കൂതറമാപ്ല. മറുപടി ഉദ്ദേശിച്ചല്ല ഇവിടെ കമന്റ് ചെയ്യാറുള്ളത്. ഒരിടത്തും. പക്ഷേ ഈ ചോദ്യം പ്രസക്തമായതിനാല്‍ അത് നിലനിര്‍ത്തുന്നു. ബാക്കിയുള്ള രണ്ട് കമന്റുകള്‍ നീക്കം ചെയ്യുന്നു.

Unknown പറഞ്ഞു...

പ്രിയ ലത്തീഫ് , എന്റെ ആശങ്ക ദൂരിക്കാന്‍ എഴുതിയ വിശദീകരണം എനിക്ക് ബോധ്യമായിട്ടുണ്ട്. നന്ദിയും സ്നേഹവും അറിയിക്കട്ടെ. എന്നാല്‍ എല്ലാ മുസ്ലീം സഹോദരന്മാരും പ്രവാചകനെയും ഖുര്‍‌ആനിനെയും പറ്റി ഏകസ്വരത്തില്‍ സംസാരിക്കുമ്പോഴും മുസ്ലീമിങ്ങള്‍ക്കിടയില്‍ , ഹിന്ദു മതത്തിലെ ജാതീയതയേക്കാളും തീവ്രമായ ആന്തരിക വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കുന്നു. ഇതില്‍ നിന്ന് നമ്മള്‍ മനസ്സിലാക്കേണ്ടത് ആന്തരിക വൈരുദ്ധ്യങ്ങള്‍ വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും ദേശത്തിലും സാര്‍വ്വദേശീയമായും അനിവാര്യമായി നിലനില്‍ക്കുന്ന ഒരു റിയാലിറ്റി എന്നാണ്. അത്കൊണ്ട് നമ്മള്‍ ഏത് വിധേനയും, ഈ ആന്തരികവൈരുദ്ധ്യങ്ങള്‍ നില നില്‍ക്കുമ്പോള്‍ തന്നെ സമന്വയത്തിന്റെ ഒരു ആശയവിനിമയതലവും പ്രവര്‍ത്തന മേഖലയും നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനെ കുറിച്ച് ഞാന്‍ വിശദമായി എന്റെ ബ്ലോഗില്‍ പിന്നീട് എഴുതാം. ജമാ‌അത്ത്-ഇ-ഇസ്ലാമിയെ എതിര്‍ക്കുന്നവരും അവരുടേതായ ആശയങ്ങളുടെ തടവുകാരും അതിനാല്‍ തന്നെ സങ്കുചിതചിത്തരുമാണ്.

സസ്നേഹം,

Unknown പറഞ്ഞു...

ചിന്തകനും നന്ദി. സ്നേഹം പിന്നെ എന്നും ഉള്ളതാണല്ലൊ :)

CKLatheef പറഞ്ഞു...

പ്രിയ കെ.പി.എസ് സാര്‍,

താങ്കളുടെ അഭിപ്രായത്തിന് നന്ദി അറിയിക്കട്ടെ. കറുപ്പിനും വെളുപ്പിനുമിടയില്‍ ഒരു തവിട്ടുനിറത്തിന്റെ സാന്നിദ്ധ്യം അംഗീകരിക്കുന്നവര്‍ തന്നെയാണ് ഈ പ്രസ്ഥാനം എന്ന് അതിനെ അതിന്റെ സാഹിത്യങ്ങളില്‍നിന്നോ അതിന്റെ പ്രവര്‍ത്തരകരില്‍ നിന്നു പഠിക്കാന്‍ ശ്രമിച്ചാലോ ആര്‍ക്കും ബോധ്യപ്പെടും. മുസ്ലികളില്‍ നിലനില്‍ക്കുന്നത് അത്രമാത്രം ശക്തമായ ആന്തരിക വൈരുദ്ധ്യമാണ് എന്ന് എനിക്ക് വാദമില്ല. വസ്തുനിഷ്ഠമായ വിമര്‍ശനം നടക്കുമ്പോഴെ അത് ബോധ്യപ്പെടൂ. പക്ഷെ അത് നടക്കാറില്ല എന്ന് നിങ്ങള്‍ക്ക് തന്നെ വീക്ഷിച്ചാല്‍ മനസ്സിലാകും. താങ്കള്‍ പറഞ്ഞതിനെ ഖണ്ഡിക്കുകയല്ല എന്റെ ഉദ്ദേശ്യം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നത് പറയുന്നു എന്ന് മാത്രം. നന്ദി.

Muneer പറഞ്ഞു...

>>> ഒന്നാലോചിച്ചു നോക്കൂ ഇതിനേക്കാള്‍ മികച്ചതെന്ന് അവരവര്‍ കരുതുന്ന ഗ്രന്ഥങ്ങള്‍ മറ്റു സമൂഹങ്ങള്‍ക്കിടയിലുമില്ലേ?അവരും ഞങ്ങളുടെ ഗ്രന്ഥങ്ങള്‍ കൂടി പരിശോധിക്കൂ ഇതില്‍ മറ്റുള്ളതിനേക്കാള്‍ മികച്ചതുണ്ട് ന്നു പറഞ്ഞാല്‍ എന്തായിരിക്കും സ്ഥിതി?നിങ്ങളത് അംഗീകരിക്കുമോ? <<<

ഈ ചോദ്യത്തിന് ഉത്തരം മൌദൂദി തന്നെ പറഞ്ഞിട്ടുണ്ട്. " ജനാധിപത്യം മതേതരത്വം ദേശീയത്വം ഒരു താത്വിക വിശകലനം" എന്ന പുസ്തകത്തില്‍. അദ്ദേഹം മുന്നോട്ടുവെക്കുന്ന ആശയം, എല്ലാ മതങ്ങളും അവരവരുടെ ജീവിത വീക്ഷണങ്ങള്‍ മുന്നോട്ടു വെക്കട്ടെ. അതില്‍ സാമ്പത്തിക നിയമങ്ങളും, മനുഷ്യാവകാശങ്ങളും, സിവില്‍ ക്രിമിനല്‍ നിയമങ്ങളും എല്ലാം ഉള്‍പെട്ടിരിക്കണം. എന്നിട്ട് നമുക്ക് ഇവയെല്ലാം പരിശോധിക്കാം. അതില്‍ മികച്ചതിനെ നമുക്ക് സ്വീകരിക്കാം എന്നാണ്.(വാക്കുകള്‍ അതേപടി ഓര്‍ക്കുന്നില്ലെങ്കിലും ആശയം ഇതു തന്നെ ആണ്)

ഏറ്റവും രസകരമായ കാര്യം, ഈ ഖണ്ഡിക എടുത്തു കാട്ടി ജമാഅത്തുകാര്‍ ഹിന്ദു രാഷ്ട്രത്തെ അനുകൂലിക്കുന്നു എന്ന് മുജാഹിദുകാര്‍ ആരോപിക്കാറുണ്ട് എന്നതാണ്! ഈ ഖണ്ഡികക്ക് ശേഷം അദ്ദേഹം പറഞ്ഞത് മനപൂര്‍വം മറച്ചു വെക്കുകയും ചെയ്യും!!!

Lightnr പറഞ്ഞു...

വളരെ ഉപകാരപ്രദമായ ചര്‍ച്ച , നന്ദി....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK