ഇരുപതാം നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തയുടെ അത്യുന്നത മാതൃകയാണ് മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി. ഒരു പക്ഷെ നൂറ്റാണ്ടിലെ ഏറ്റവും വിവാദവിധേയനായ ഇസ്ലാമിക വ്യക്തിത്വമായിരിക്കും അദ്ദേഹം. എന്തുകൊണ്ട് അദ്ദേഹം ഇത്രയധികം വിമര്‍ശിക്കപ്പെടുന്നു. ഇസ്‌ലാമിക പണ്ഡിതലോകം ശക്തമായ ദാര്‍ശനിക യുദ്ധങ്ങളില്‍ പിടിച്ചുനില്‍ക്കാനാവാതെ വിയര്‍ത്തുനിന്ന വേളയില്‍ ആധുനികയുഗത്തില്‍ ഇസ്‌ലാമിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞുകൊണ്ട് ദാര്‍ശനികാടിത്തറക്ക് ബലം നല്‍കുകമാത്രമല്ല അദ്ദേഹം ചെയ്തത്, താന്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന സമൂഹത്തിന്റെ മാതൃകക്ക് ജമാഅത്തെ ഇസ്‌ലാമിയുടെ രൂപീകരണത്തിലൂടെ അടിത്തറയിടുകയും ചെയ്തു. ഇതാണ് അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനത്തിന് മുഖ്യകാരണം. ആള്‍കൂട്ടത്തെ ആര്‍ക്കും ഭയമില്ല. പക്ഷെ ദാര്‍ശനികാടിത്തറയുള്ള സത്യത്തിന്റെ ചെറിയസംഘം പോലും അസത്യത്തിന്റെ വക്താക്കളെ വല്ലാതെ ഭയപ്പെടുത്തും. ജമാഅത്തിനെ എതിര്‍ക്കുന്ന എല്ലാവരും അസത്യത്തിന്റെ പക്ഷത്താണ് എന്ന് അതിന് വാദമില്ല.
ഒരു സംഘം എപ്പോഴും പരിക്ഷീണിതരാകുന്നതും പരിധിവിടുന്നതും ആരോപണങ്ങളുടെ കുത്തൊഴുക്കിലാണ്. ഒരു സുഹൃത്ത് വിശേഷിപ്പിച്ച പോലെ ഡ്രാഗണ്‍ കണക്കെ അവ സംഘടനക്ക് നേരെ ചീറ്റിവരുമ്പോള്‍. എന്നാല്‍ ഈ പ്രസ്ഥാനത്തിന്റെ നായകന്‍ ഇത്തരം സന്ദര്‍ഭത്തില്‍ എന്ത് നിര്‍ദ്ദേശമായിരിക്കും പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുക. സംശയമില്ല. മിനിമം ഇയ്യിടെ ഈ പ്രസ്ഥാനത്തിനെതിരെ പ്രതികരിച്ച വിവിധതലത്തില്‍പെട്ട നായകന്‍മാരിലാരെയെങ്കിലും പോലെത്തന്നെയായിരക്കില്ലേ. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. സാക്ഷാല്‍ മൗദൂദി തന്റെ അനുയായികള്‍ക്ക് നല്‍കിയ ഉപദേശം ഇവിടെ വായിക്കുക:
എതിര്‍പ്പുകള്‍
ജമാഅത്തെ ഇസ്‌ലാമിയുടെ നേരെ എല്ലാ വൃത്തങ്ങളില്‍നിന്നും വിപുലമായ തോതില്‍ എതിര്‍പ്പുകള്‍ ആരംഭിച്ചിരിക്കുകയാണല്ലോ. യുക്തിയുക്തവും തെളിവുകളോടുകൂടിയതുമായ അഭിപ്രായഭിന്നതയെയും, സംഗതികള്‍ ഗ്രഹിക്കുകയും ഗ്രഹിപ്പിക്കുകയും ചെയ്യുക മാത്രമുദ്ദേശിച്ചുകൊണ്ട് നിഷ്‌കളങ്കതയോടും സത്യസന്ധതയോടും കൂടി നടത്തപ്പെടുന്ന എതിര്‍പ്പുകളെയും നാമൊരിക്കലും ചീത്തയായി ഗണിച്ചിട്ടില്ല. അല്ലാഹു അനുഗ്രഹിച്ചെങ്കില്‍ മേലില്‍ ഗണിക്കുകയുമില്ല. അത്തരം അഭിപ്രായ ഭിന്നിപ്പുകളും എതിര്‍പ്പുകളും മറ്റുള്ളവരുടെ നേരെ നാം തന്നെ നടത്തുന്നുവെങ്കില്‍ അതിനുള്ള അവകാശം മറ്റുള്ളവര്‍ക്ക് നാമെങ്ങനെ നിഷേധിക്കും. എന്നാല്‍ നമ്മുടെ എതിരാളികളില്‍ നന്നക്കുറച്ചാളുകള്‍ മാത്രമേ എതിര്‍പ്പിന്റെ ഈ ന്യായമായ നയം സ്വീകരിച്ചിട്ടുള്ളൂവെന്ന് വ്യസനസമേതം പറയേണ്ടിയിരിക്കുന്നു. അവരില്‍ ബഹുഭൂരിപക്ഷവും നമ്മെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്, കള്ള പ്രസ്താവനകള്‍ നടത്തിക്കൊണ്ടും, നമ്മുടെ മേല്‍ വ്യാജോക്തികള്‍ വെച്ചുകെട്ടിക്കൊണ്ടുമാണ്. നമ്മുടെ ലേഖനങ്ങള്‍ കഷ്ണം മുറിച്ചും ഇഷ്ടത്തിനൊത്ത് വ്യാഖ്യാനിച്ചുമാണ്. ഇതൊക്കെ അവര്‍ ചെയ്തുകൂട്ടുന്നത് നമ്മുടെയോ മറ്റു ദൈവസൃഷ്ടികളുടെയോ സംസ്‌കരണത്തിന് വേണ്ടിയല്ല മറിച്ച് നമ്മുക്കെതിരില്‍ പാമരജനങ്ങളെ തെറ്റിദ്ധാരണയില്‍ കുടുക്കി, നമ്മുടെ പരിശ്രമം വല്ല വിധേനയും പരാജയപ്പെടുത്തുക മാത്രമാണതിന്റെ ലക്ഷ്യം.
കള്ള പ്രചാരവേലകളുടെ ഈ ജലപ്രവാഹമൊഴുക്കുന്നതില്‍ സകല വിഭാഗത്തിലും പെട്ട സ്വാര്‍ഥികള്‍ അവരുടെ പങ്ക് വഹിക്കുന്നുണ്ട്. വര്‍ഗീയ രാഷ്ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും പണ്ഡിതന്‍മാരും എഴുത്തുകാരും പ്രസംഗകരും നിരീശ്വര-നിര്‍മത പ്രസ്ഥാനക്കാരും സ്വയം വഴിപിഴക്കുകയും മുസ്ലിംകളെ വഴിപിഴപ്പിക്കാനുദ്ദേശിക്കുയും ചെയ്യുന്ന മാര്‍ഗഭ്രംശം വന്ന കക്ഷികളും അധികാരി വര്‍ഗം തന്നെയും അക്കൂട്ടത്തിലുണ്ട്. ഭൗതിക പൂജകര്‍ ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ത്താലല്ല എതിര്‍ത്തില്ലെങ്കിലാണ് ആശ്ചര്യത്തിനവകാശം. എന്നാല്‍ ഈ വിഷയകമായി നാം അങ്ങെ അറ്റം ഖേദിക്കുന്നത്, എതിരാളികളുടെ അണിയില്‍ ചില മതപണ്ഡിതന്‍മാരും കാണപ്പെടുന്നതിനാലാണ്. എന്നല്ല കളവും വഞ്ചനയുമാകുന്ന ആയുധമുപയോഗിക്കുന്നതില്‍ അവര്‍ അവരുടെ സഹയാത്രികരുടെ പിന്നിലല്ല. ഈ വസ്തുത നമ്മെ അങ്ങേ അറ്റം വേദനിപ്പിക്കുന്നുണ്ട്.
എതിര്‍പ്പുകളെ നേരിടുന്നതില്‍ നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്:
1. യാതൊരു പരിതഃസ്ഥിതിയിലും നാം ക്ഷോഭിച്ചുവശാകരുത്, നാവിനെയും ശരീരേഛയെയും ശരിക്കും നിയന്ത്രിക്കണം. ക്ഷോഭം പൈശാചിക പ്രേരണയാണെന്ന് മനസ്സിലാക്കണം. നമ്മുടെ പ്രതിയോഗികളെ നമ്മുക്കെതിരെ തിരിച്ചുവിടുന്നതും നമ്മെ ക്ഷോഭിക്കാന്‍ പ്രേരിപ്പിക്കുന്നതും പിശാചാണ്. നന്മയുടെ പ്രവര്‍ത്തനം വല്ലവിധേനയും നിലച്ചുപോകണമെന്നാണ് പിശാച് ആഗ്രഹിക്കുന്നത്. അതുകൊണ്ട് അത്തരം പൈശാചിക വികാരത്തിനടിപ്പെടാതിരിക്കാന്‍ നാം കരുതലോടെ പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
2. ചില പണ്ഡിതന്‍മാരില്‍നിന്നും ഭക്തജനങ്ങളില്‍നിന്നും എത്ര മനോദുഖങ്ങള്‍ നമ്മുക്കനുഭവിക്കേണ്ടിവന്നാലും നമ്മുടെ അവരോടുള്ള മനോഗതി വ്യസനത്തിലും ദുഃഖത്തിലും പരിമിതമായിരിക്കണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അതിര്‍ത്തിയിലേക്ക് അതൊരിക്കലും പ്രവേശിക്കരുത്. ചുരുക്കം പണ്ഡിതന്‍മാരുടെ പ്രവര്‍ത്തനത്തിന് മുഴുവന്‍ പണ്ഡിതന്‍മാരെ കുറ്റപ്പെടുത്തുന്നതില്‍നിന്നും നാം മാറിനില്‍ക്കണം. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പണ്ഡിതന്‍മാരില്‍ ഭൂരിഭാഗവും ഇന്നും സത്യസന്ധരാണെന്ന പരമാര്‍ഥം നാം വിസ്മരിക്കരുത്. അവരില്‍നിന്നും ഉന്നത വ്യക്തികളെ നമ്മുക്ക് ലഭിച്ചിട്ടുണ്ട്. ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു.
3. എതിര്‍പ്പുകള്‍ക്ക് മറുപടിപറയേണ്ട ജോലി ഉത്തരവാദപ്പെട്ട വ്യക്തികള്‍ നിര്‍വഹിച്ചുകൊള്ളും. സാധാരണ പ്രവര്‍ത്തകര്‍ക്ക് തങ്ങള്‍ക്ക് നിശ്ചയിച്ച ജോലി ചെയ്യുക. ഏതെല്ലാം ആരോപണങ്ങള്‍ക്ക് എങ്ങനെയൊക്കെ മറുപടി പറയണം എന്ന് അവര്‍ തീരുമാനിച്ചുകൊള്ളും. വല്ല കള്ളവും ജമാഅത്തിന്റെ മേല്‍ ആരോപിക്കപ്പെടുമ്പോള്‍ ജമാഅത്ത് സാഹിത്യങ്ങളില്‍ അതിന് മറുപടി കണ്ടെത്തി നല്‍കാനാണ് സാധാരണക്കാര്‍ ശ്രമിക്കേണ്ടത്. വാദപ്രതിവാദത്തിന് മാത്രമായി വരുന്നവരെ അവഗണിച്ചേക്കണം. വാദങ്ങളില്‍ കെട്ടുപിണയരുത്. ഉന്നതമായ ലക്ഷ്യം മുന്നിലുള്ള യാത്രക്കാരന്‍ വസ്ത്രം മുള്ളില്‍ കുടുങ്ങിയാല്‍ അവിടെ അല്‍പം നിന്ന് വേര്‍പ്പെടുത്താന്‍ ശ്രമിക്കുമെങ്കിലും അതിന് സാധ്യമല്ലാതെ വന്നാല്‍ വസ്ത്രത്തിന്റെ ഭാഗം മുള്ളിന്‍മേല്‍ വിട്ട് അവന്‍ പ്രയാണമാരംഭിക്കുന്നു.
4. അങ്ങെ അറ്റം കഠിനതരവും മൃഗീയവും നിരര്‍ഥവുമായ എതിര്‍പ്പുകളുണ്ടാവുമ്പോള്‍ അല്ലാഹു നിശ്ചയിച്ച് പരിധികളെ നാം ഒരിക്കലും ലംഘിക്കരുത്. നമ്മുടെ വായില്‍നിന്നും പേനയില്‍നിന്നും പുറപ്പെടുന്ന ഓരോ വാക്കിനെ സംബന്ധിച്ചും മുന്‍കൂട്ടിത്തന്നെ നാം പരിശോധന നടത്തേണ്ടതുണ്ട്. അതില്‍ വാസ്തവ വിരുദ്ധമായി വല്ലതും ഉണ്ടോ എന്ന്. അതിനെക്കുറിച്ച് അല്ലാഹുവിന്റെ സന്നിധിയില്‍ മനഃസമാധാനത്തോടെ കണക്ക് ബോധിപ്പിക്കാന്‍ സാധിക്കുമോ എന്ന്. എതിരാളികള്‍ അല്ലാഹുവിനെ ഭയപ്പെടട്ടേ ഭയപ്പെടാതിരിക്കട്ടെ നാം അല്ലാഹുവിനെ അങ്ങേ അറ്റം ഭയപ്പെട്ടേ മതിയാകൂ.
5. എതിര്‍പ്പുകള്‍ വഴി പ്രസ്ഥാനത്തിന്റെ ഉയര്‍ച്ചക്കും വളര്‍ച്ചക്കും ലഭിച്ചിട്ടുള്ള അസാധാരണ സന്ദര്‍ഭത്തെ നാം ശരിക്കും ഉപയോഗപ്പെടുത്തണം. നമ്മുടെ പ്രസ്ഥാനത്തെ ലോകത്ത് പ്രശസ്തിയുണ്ടാക്കാനുള്ള സുവര്‍ണാവസരമാണ് അല്ലാഹു നമ്മുക്കുണ്ടാക്കിത്തരുന്നത്. എതിര്‍പ്പില്‍ പരിഭ്രമിക്കുകയല്ല. അതിന്റെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പ്രവാചകന് പ്രശസ്തി ലഭിച്ചത് ഇത്തരം ആരോപണങ്ങളിലൂടെയായിരുന്നു. യാതൊരു പ്രതിഫലവും കൂടാതെ നമ്മുക്ക് ലഭിക്കുന്ന ഈ വിളമ്പരത്തിന് നാം അല്ലാഹുവിന്റെ മുന്നില്‍ നന്ദികാണിക്കേണ്ടതുണ്ട്. നമ്മുടെ പരിമിതമായ കഴിവുകള്‍ വെച്ചുനോക്കുമ്പോള്‍ നാം അത്യാധ്വോനം ചെയ്താലും 20 വര്‍ഷം കൊണ്ട് സാധിക്കാത്തത്ര പ്രശസ്തി നമ്മുക്ക് ഇപ്രകാരം ലഭിക്കുന്നു. എവിടെയൊക്കെ തെറ്റായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ടോ അവിടെയൊക്കെ നല്ല നിലക്ക് നമ്മെ പരിചയപ്പെടുത്തുക എന്ന ജോലിമാത്രമാണ് നമ്മുക്ക് നിര്‍വഹിക്കാനുള്ളത്. കള്ള പ്രചാരണവേലകളുടെ യാഥാര്‍ത്യം മനസ്സിലാകുന്ന ജനങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ആകൃഷ്ടരാകും. ആ പ്രചാര വേലക്കാരുടെ കള്ളത്തരത്തിനും സത്യവിരോധത്തിനുമുള്ള തെളിവ് സ്വന്തം അനുഭവത്തില്‍നിന്ന് അവര്‍ക്ക് ലഭിക്കുമ്പോള്‍ അത്തരക്കാരെ സംബന്ധിച്ച മതിപ്പ് അവരുടെ ഹൃദയത്തില്‍നിന്ന് നിശ്ശേഷം നിങ്ങിപ്പോവുകയും ചെയ്യുന്നതാണ്. പിശാച് അവര്‍ക്ക് നല്‍കുന്ന ആയുധം താല്‍കാലികമായി അങ്ങെ അറ്റം ഫലപ്രദമെന്നു തെളിയുമെങ്കിലും അവസാനം അതുപയോഗിക്കുന്നവരുടെ കണ്ഠത്തെത്തന്നെ അത് ഛേദിച്ചുകളയുന്നതാണ്.'
ഇതാണ് ഈ നൂറ്റാണ്ടിലെ ഇസ്‌ലാമിക ചിന്തകനും പണ്ഡിതനുമായ ഒരു സാത്വികന്റെ വാക്കുകള്‍. ഇദ്ദേഹത്തെയാണ് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മൊത്തക്കച്ചവടക്കാനായി വിശേഷിപ്പിക്കപ്പെടുന്നത് എന്നത് എന്ത്മാത്രം നിന്ദ്യാവഹമല്ല. പ്രവര്‍ത്തരെ അഭിമുഖീരിച്ച് അദ്ദേഹം ചെയ്ത 3 പ്രസംഗങ്ങളുടെ സമാഹാരമായ ഇസ്‌ലാമിക പ്രവര്‍ത്തകരുടെ ഉത്തരവാദിത്വങ്ങള്‍ എന്ന ഗ്രന്ഥത്തെ അവലംബിച്ചാണിത് തയ്യാറാക്കിയത്. വായനയുടെ സൗകര്യത്തിന് അല്‍പം സംക്ഷിപ്തമാക്കിയിട്ടുണ്ട് എന്ന് മാത്രം.
1 അഭിപ്രായ(ങ്ങള്‍):
നാസ്തികരുടെയും ദൈവനിഷേധികളുടെയും എതിര്‍പ്പ് ജമാഅത്തെ ഇസ്‌ലാമി എപ്പോഴും പ്രതീക്ഷിക്കുന്നുണ്ട്. അവര്‍ ഈ പ്രസ്ഥാനത്തെ എല്ലായ്‌പോഴും കഴിവിന്റെ പരമാവധി തടസ്സപ്പെടുത്തികൊണ്ടിരിക്കും. എന്നാല്‍ ജമാഅത്തിന് മാത്രം ലഭിക്കുന്ന ബോണസാണ് മുസ്‌ലിം സംഘടനകളുടെ കൂട്ടായ എതിര്‍പ്പ്. തികഞ്ഞ വിദ്വേഷവും - മൗദൂദി ഇവിടെ സൂചിപ്പിച്ചവിധം - അസത്യവും അവരുടെ ആരോപണങ്ങളില്‍ കടന്നുവരുന്നു. പലപ്പോഴും സാമാന്യബുദ്ധിക്കുപോലും സ്ഥാനം ലഭിക്കില്ല അത്തരം സംഘടനകളുടെ കൂടിയാലോചനകളിലൂടെ രുപപ്പെടുന്ന പ്രമേയങ്ങള്‍ക്ക്. ഇയ്യിടെ നടന്ന അത്തരം ചില പ്രമേയങ്ങളും സെക്രട്ടറിയേറ്റ് തീരുമാനങ്ങളും അവക്ക് ഇസ്‌ലാമിക പ്രസ്ഥാനത്തിനുള്ള മറുപടിയും ഇവിടെ വായിക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.