'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, മേയ് 27, 2010

ഏതാണ് എളുപ്പത്തില്‍ മായ്കാനാകാത്ത പുള്ളികള്‍

അമീറിന്റെ പത്രസമ്മേളനം പലരെയും പലവിധത്തിലും പ്രകോപിപിച്ചു. ചിലര്‍ ചാനലിലൂടെയും മറ്റുചിലര്‍ പത്രത്തിലൂടെയും അതിന് പ്രതികാരം ചെയ്തു എന്ന് വരുത്തി സ്വയം സമാധാനം നേടി. കഴിഞ്ഞ പോസ്റ്റില്‍ ചാനല്‍ ചര്‍ചയെക്കുറിച്ചാണ് പറഞ്ഞെതെങ്കില്‍ ഈ പോസ്റ്റില്‍ പി.ടി. നാസറിന്റെ ലേഖനത്തോടുള്ള പ്രതികരമമാണ്. ലേഖനം പൂര്‍ണമായി നല്‍കി എനിക്ക് പറയാനുള്ളത് ചുകപ്പ് നിറത്തില്‍ നല്‍കുകയാണ് ചെയ്തിട്ടുള്ളത്. ഒരു മറുപടി എഴുതാന്‍ ഇതില്‍ ഒന്നുമില്ല. കാര്യമായിട്ടുള്ളത് പരിഹാസമാണ് പിന്നെ ലേഖകന്റെ വിവരക്കേടിനാല്‍ അദ്ദേഹത്തിന് വന്ന് ചേര്‍ന്ന് ആശയക്കുഴപ്പത്തില്‍നിന്നുണ്ടാകുന്നതാണ്. ഇസ്‌ലാഹി സുഹൃത്തുക്കള്‍ ഈ ലേഖനം ജമാഅത്ത് ചര്‍ചചെയ്യുന്ന ഇടങ്ങളിലെല്ലാം പേസ്റ്റ് ചെയ്തു വെച്ചു എന്നിട്ട് ഇതിന്റെ അവസാനം നല്‍കിയത് പോലുള്ള വെല്ലുവിളികളും നടത്തിയതാണ് ഈ ലേഖനം ഇവിടെ പോസ്റ്റാക്കാന്‍ കാരണം. ഇസ്‌ലാഹി ബ്ലോഗില്‍ നിന്നാണ് ഇത് എടുത്തത്. ഇതിലെന്തോ കാര്യമായി ജമാഅത്ത് വിമര്‍ശനം ഉണ്ടെന്നാണ് മുജാഹിദുകള്‍ കരുതുന്നത്. അല്‍പം ചിന്തിച്ച് വായിച്ചാല്‍ ഉള്ളിതോലുപോളിച്ചത് പോലെ മാത്രമേ ഇതുള്ളൂ എന്ന് മനസ്സിലാകും. ഒരു ജമാഅത്ത് വിമര്‍ശനം കൂട്ടി ചീറ്റിപോകുന്നത് ഇവിടെ കാണാം. തുടര്‍ന്ന് വായിക്കുക:

[[[ മുണ്ടുമുഴിയിലെ തോട്ടാഞ്ചീരി ആരിഫലി തെളിഞ്ഞ പ്രാസംഗികനും മികച്ച സംഘാടകനും തികഞ്ഞ ദാര്‍ശനികനും ആണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന പ്രസ്ഥാനത്തിന്റെ പ്രചാരകര്‍ പറയുന്നത്‌ കൊണ്ട്‌ അറിഞ്ഞുവെച്ചിട്ടുണ്ട്‌. എന്നാല്‍ ആളൊരു മഹാ തമാശക്കാരനാണെന്ന്‌ മനസ്സിലായത്‌ 2010 മെയ്‌ 21 വെള്ളിയാഴ്‌ചയാണ്‌. അന്നത്തെ `ഖുതുബ' കേട്ടിട്ടല്ല. അതിന്‌ തൊട്ടുമുമ്പ്‌ അദ്ദേഹം നടത്തിയ പത്രസമ്മേളനം കണ്ടപ്പോള്‍. ജമാഅത്തെ ഇസ്‌ലാമി കേരളാ ഹല്‍ഖയുടെ ആസ്ഥാനമായ ഹിറാ സെന്ററില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ നടത്തിയ ചരിത്രപ്രധാനമായ പ്രഖ്യാപനമാണ്‌ ഹല്‍ഖാ അമീറിനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന ഹാസ്യനടനെ പുറത്തുകൊണ്ടുവന്നത്‌. പ്രഖ്യാപനം അതീവ ലളിതമാണ്‌. ഇതാ ഇത്രമാത്രം:`` ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപകന്‍ എന്ന നിലയില്‍ മൗലാനാ മൗദൂദിയോട്‌ ജമാഅത്തെ ഇസ്‌ലാമിക്ക്‌ കടപ്പാടുണ്ട്‌. അതേയവസരം ജമാഅത്തെ ഇസ്‌ലാമിയുടെ പ്രമാണം മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളോ വീക്ഷണങ്ങളോ അല്ല. ഖുര്‍ആനും നബിചര്യയുമാണ്‌'' -അവിടം കൊണ്ട്‌ നിര്‍ത്തിയില്ല അമീര്‍, ആഞ്ഞുവലിച്ചുകൊണ്ട്‌ അതേ ശ്വാസത്തില്‍ തന്നെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ``ഇത്‌ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതു കൊണ്ട്‌ ഇപ്പോള്‍ വ്യക്തമാക്കുകയാണ്‌''

അമീര്‍ ജമാഅത്തുകാര്‍ക്കറിയാത്ത ഒരു പുതിയ കാര്യവും ഇവിടെ പറഞ്ഞിട്ടില്ല. ജമാഅത്തിനെക്കുറിച്ച് അല്‍പമെങ്കിലും അറിവുള്ള ആര്‍ക്കും ഇതില്‍ എന്തെങ്കിലും പുതുമ തോന്നുകയില്ല. ഇതില്‍ വല്ലാതെ ആശ്ചര്യപ്പെട്ടത് കൈരളി. ടി.വി.യിലെ അവതാരകരാണ് അതിന് കാരണം വ്യക്തമാണ്.

ഇതോടെ ചില സംഗതികള്‍ വ്യക്തമായി. ഒട്ടുമേ സംശയത്തിന്‌ ഇടയില്ലാത്ത വിധം വ്യക്തമായി. വ്യക്തമായത്‌ ഇവയാണ്‌:
ഒന്ന്‌, സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും ഇത്രകാലം ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു ഭാരമായിരുന്നു.
രണ്ട്‌, ജമാഅത്തെ ഇസ്‌ലാമിക്കാര്‍ മൗദൂദി ചിന്തകളെയും (വീക്ഷണങ്ങള്‍) എഴുത്തുകളെയും (ലിഖിതങ്ങളെയും) തള്ളിപ്പറയാന്‍ സന്ദര്‍ഭം നോക്കി നടക്കുകയായിരുന്നു.
മൂന്ന്‌, മൗദൂദീ വീക്ഷണങ്ങളും ലിഖിതങ്ങളും തള്ളിപ്പറയാതെ ഒരു നിമിഷം പോലും മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന ഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരള ഘടകം എത്തി നില്‍ക്കുന്നത്‌.
നാല്‌, ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ട അവസ്ഥയിലാണ്‌ ജമാഅത്തെ ഇസ്‌ലാമി.

ഇത് നാലും ലേഖകന്റെ ഭാവനാ വിലാസങ്ങള്‍ സത്യവുമായി അതിന് പുലബന്ധം പോലുമില്ല. ജമാഅത്ത് അമീര്‍ മൗദൂദിയെ തള്ളിപ്പറയുകയല്ല. മൗദൂദിയും ജമാഅത്തും തമ്മിലുള്ള ബന്ധം വ്യക്തമാക്കുകയായിരുന്നു. ഒരു വലിയതെറ്റിദ്ധാരണ ജമാഅത്തിനെക്കുറിച്ച് ചിലര്‍ക്കുണ്ടായിരുന്നു എന്ന് ഇതോടെ മനസ്സിലായി. ഒരു കൂട്ടര്‍ പറയുന്ന മൗദൂദിയുടെ വ്യാഖ്യാനം സ്വീകരിച്ചതുകൊണ്ടാണ് ജമാത്ത് ഇപ്രകാരം വീക്ഷണം സ്വീകരിക്കുന്നതെന്ന് ഇവിടെ പറയുന്ന മൗദൂദിയുടെ ലിഖിതങ്ങളെ തള്ളിപ്പറയാതെ മുന്നോട്ട് പോകാനാവില്ല എന്ന്.

വസ്‌തുതകളും സന്ദര്‍ഭങ്ങളും ഇങ്ങനെയായിരിക്കെ മൗദൂദിയുടെ വീക്ഷണങ്ങളെയും ലിഖിതങ്ങളെയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു ഹല്‍ഖയുടെയെങ്കിലും അമീര്‍ കാണിച്ച ആര്‍ജവത്തെ അംഗീകരിക്കാതെ വയ്യ. ബുദ്ധിപരമായ ഈ സത്യസന്ധത ശ്ലാഘനീയം തന്നെ. ഇങ്ങനെ വേണം സംഘടനകളും നേതാക്കളും. കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞുപോകണം.

അമീര്‍ മൗദൂദിയെതള്ളി എന്ന വീണ്ടു കളവ് പറയുകയാണ് ലേഖകന്‍.

എങ്കില്‍ പിന്നെ ആരിഫലി തമാശക്കാരനാണെന്ന്‌ ആദ്യം പറഞ്ഞത്‌ എന്തുകൊണ്ട്‌ എന്നൊരു ചോദ്യം ഇപ്പോഴുയരാം. ന്യായമായും അങ്ങനെയൊരു ചോദ്യത്തിന്നിവിടെ പഴുതുണ്ട്‌.
ഉത്തരമിതാണ്‌: ഒറ്റ പത്രസമ്മേളനം കൊണ്ട്‌ മായ്‌ച്ചു കളയാവുന്നതല്ല ജമാഅത്തെ ഇസ്‌ലാമി എന്ന പുള്ളിപ്പുലിയുടെ പുറത്തെ പുള്ളികള്‍ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ ആരിഫലി അതിന്‌ ശ്രമിക്കുന്നതാണ്‌ തമാശ. ഇത്തരം ചില കഥാപാത്രങ്ങളെ പഴയ സിനിമകളില്‍ ബഹദൂര്‍ അവതരിപ്പിച്ചതായി കണ്ടിട്ടുണ്ട്‌. തോണി കരയിലാണ്‌ എന്ന്‌ അറിഞ്ഞുകൊണ്ട്‌ തന്നെ തുഴഞ്ഞുനോക്കുന്ന കോമാളിക്കഥാപാത്രങ്ങള്‍! അങ്ങനെയൊരാളെ വെള്ളിത്തിരക്ക്‌ പുറത്തുകാണുന്നത്‌ ഇപ്പോഴാണ്‌. ഹിറാ സെന്ററില്‍ !! 

നിന്ദ്യമായ പരിഹാസം. എന്തിനുവേണ്ടി ആര്‍ക്കുവേണ്ടിയാണിത്?

ഖുര്‍ആനും നബിചര്യയുമാണ്‌ തങ്ങളുടെ പ്രമാണം എന്ന്‌ എടുത്തുപറയേണ്ടുന്ന ദുരവസ്ഥ അഹമ്മദിയാ ജമാഅത്തുകാര്‍ക്കേ ഉണ്ടായിരുന്നുള്ളൂ ഇതേവരെ. ജമാഅത്തെ ഇസ്‌ലാമിക്ക്‌ ആ അവസ്ഥ ഉണ്ടെങ്കില്‍ അതിന്‌ കാരണം അവര്‍ ഇത്രയും കാലം പ്രമാണമായി കരുതിയിരുന്ന മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും തന്നെയാണ്‌. ഖുര്‍ആന്‍ എല്ലാവര്‍ക്കും ഒന്നുതന്നെ. എല്ലാവര്‍ക്കും പ്രമാണം ഖുര്‍ആനും നബിചര്യയും തന്നെ.  

എന്നുവെച്ചാല്‍ അത് പറയാന്‍ പാടില്ലെന്നുണ്ടോ. ഇസ്്‌ലാഹികളും ഇടക്കിടക്ക് ഇത് പറയാറുണ്ടല്ലോ. അത് അപ്രകാരം കരുതുന്നവരുടെ അവകാശമാണ്.

എന്നാല്‍ മറ്റെല്ലാ മുസ്‌ലിം സംഘടനകളില്‍ നിന്നും ജമാഅത്തെ ഇസ്‌ലാമിയെ വ്യതിരിക്തമായി നിര്‍ത്തിയിരുന്നത്‌ ഖുര്‍ആന്‌ അവര്‍ ചമച്ച ഭാഷ്യമായിരുന്നുവല്ലോ. ആ ഖുര്‍ആന്‍ ഭാഷ്യം സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ വ്യാഖ്യാനത്തെ പ്രമാണപ്പെടുത്തിയുള്ളതായിരുന്നു.

ആ കാര്യം ജമാഅത്ത് നിഷേധിച്ചിട്ടില്ല. അത് മൗദൂദി പറഞ്ഞത് കൊണ്ടല്ല ജമാഅത്ത് സ്വീകരിക്കുന്നത് ഖുര്‍ആന്റെ ശരിയായവ്യാഖ്യാനമാണ് മൗദൂദി നല്‍കിയത് എന്നുറപ്പുള്ളതുകൊണ്ടാണ്.

മൗദൂദിയുടെ പ്രശസ്‌ത വ്യാഖ്യാനമായ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി മലയാളത്തിലേക്ക്‌ തര്‍ജമ ചെയ്‌ത്‌ കേരളത്തില്‍ വിറ്റിട്ടുണ്ട്‌. ഇപ്പോഴും പ്രചാരത്തിലുണ്ട്‌. ആ വ്യാഖ്യാനത്തോടുള്ള പുതിയ സമീപനം എന്താണ്‌ അമീര്‍? തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകം ഇപ്പോള്‍ അംഗീകരിക്കുന്നുണ്ടോ? അതിന്റെ കോപ്പികള്‍ ഇനിയും വില്‍ക്കുമോ? അതോ മാര്‍ക്കറ്റില്‍ നിന്ന്‌ പിന്‍വലിക്കുമോ?

അതിന്റെ ആവശ്യമുണ്ടെന്ന് ജമാഅത്തിന് തോന്നുന്നില്ല. മാത്രമല്ല ഇയ്യിടെയായി തഫ്ഹീം നെറ്റ് ഉപയോക്താക്കള്‍ക്ക് വായിക്കാന്‍ സൗകര്യത്തില്‍ വെബ് സൈറ്റായി നല്‍കിയിട്ടുമുണ്ട്.

ജമാഅത്തെ ഇസ്‌ലാമി `ദൈവരാഷ്‌ട്ര വാദം' ഉന്നയിക്കുന്ന സംഘടനയാണെന്ന്‌ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി എം കെ മുനീറും ചൂണ്ടിക്കാട്ടിയപ്പോള്‍ അമീറേ ജമാഅത്ത്‌ പരിഭവിക്കുന്നതും കണ്ടു. അങ്ങനെയല്ലെന്നാണ്‌ അദ്ദേഹത്തിന്റെ പുത്തന്‍ വാദം. `ഹുകൂമത്തെ ഇലാഹി' എന്ന ദൈവരാഷ്‌ട്ര വാദമല്ല `ഇഖാമത്തെ ദീന്‍' എന്ന മതസംസ്ഥാപനമാണ്‌ തങ്ങളുടെ മുദ്രാവാക്യം എന്ന്‌ ആരിഫലി ആണയിടുന്നു.
ഇവിടെയാണ്‌ മൗലാനാ മൗദൂദിയുടെ ഖുര്‍ആന്‍ വ്യാഖ്യാനം ജമാഅത്തെ ഇസ്‌ലാമിക്കും ആരിഫലിയെപ്പോലുള്ള അര്‍ധരാഷ്‌ട്രീയക്കാര്‍ക്കും ഭാരമാകുന്നത്‌. `താഗൂത്ത്‌' എന്ന്‌ ഖുര്‍ആനില്‍ ഉപയോഗിച്ച അറബി വാക്കിന്‌ മറ്റുള്ള പണ്ഡിതര്‍ കൊടുത്ത അര്‍ഥവും അവര്‍ കല്‍പ്പിച്ച വ്യാഖ്യാനവുമല്ല മൗദൂദി കല്‍പ്പിച്ചുകൊടുത്തത്‌. മഹാപണ്ഡിതര്‍ പോലും `താഗൂത്ത്‌' എന്ന വാക്കിന്‌ പിശാച്‌, ചെകുത്താന്‍, പിഴപ്പിക്കുന്നവന്‍ എന്നൊക്കെയാണ്‌ അര്‍ഥം കല്‍പ്പിച്ചിരുന്നത്‌. എന്നാല്‍, ആ അറബിവാക്കിന്‌ `ദൈവേതരമായ ഭരണകൂടങ്ങള്‍' എന്ന അര്‍ഥമാണ്‌ മൗദൂദി നല്‍കിയത്‌. അതിന്‌ അനുസൃതമാണ്‌ അദ്ദേഹത്തിന്റെ വ്യാഖ്യാനം. അത്‌ പ്രമാണമായി കരുതുന്നത്‌ കൊണ്ടാണല്ലോ തഫ്‌ഹീമുല്‍ ഖുര്‍ആന്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ അവലംബമാക്കുന്നതും തര്‍ജമ ചെയത്‌ പ്രചരിപ്പിക്കുന്നതും.

താഗൂത്തിന് ദൈവേതരഭരണകൂടം എന്നര്‍ഥം നല്‍കിയത് മുഹമ്മദ് ബ്‌നു അബ്ദുല്‍ വഹാബാണ്. താഗൂത്തിന്റെ വിവിധ അര്‍ഥങ്ങളില്‍ ഒന്നാണത് എന്ന കാഴ്ചപ്പാടില്‍ ജമാഅത്തും അതിനോട് ചേരുന്നു.

അതിനാല്‍ അമീര്‍, താഗൂത്തിന്‌ മൗലാനാ മൗദൂദി നല്‍കിയ അര്‍ഥവും വ്യാഖ്യാനവും നിലനില്‍ക്കെ- അതടങ്ങിയ തഫ്‌ഹീമുല്‍ ഖുര്‍ആനിന്‌ നിങ്ങള്‍ നല്‍കുന്ന പ്രാമാണികത നിലനില്‍ക്കെ- ദൈവരാഷ്‌ട്രവാദത്തെ ഒറ്റയടിക്ക്‌ തള്ളിക്കളയാന്‍ സാധിക്കുമോ? അതോ, ജമാഅത്തെ ഇസ്‌ലാമി മൗദൂദിയുടെ ലിഖിതങ്ങളും വീക്ഷണങ്ങളും പ്രമാണമായി കാണുന്നില്ല എന്ന പ്രസ്‌താവനയോടെ തഫ്‌ഹീമുല്‍ ഖുര്‍ആനെയും തള്ളിക്കളഞ്ഞോ?
ഇവിടെയെത്തുമ്പോഴാണ്‌ ഹല്‍ഖാ അമീറിന്റെ പത്രസമ്മേളനത്തിന്റെ അടുത്ത ഘട്ടം പ്രസക്തമാകുന്നത്‌. തന്റെ ജമാഅത്തെ ഇസ്‌ലാമി സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമിയല്ല എന്നും അതേ പത്രസമ്മേളനത്തില്‍ ആരിഫലി വ്യക്തമാക്കിയിട്ടുണ്ട്‌. 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമിയാണ്‌ അബുല്‍ അഅ്‌ലാ മൗദൂദിയുടെ ജമാഅത്തെ ഇസ്‌ലാമി, എന്നാല്‍ വിഭജനത്തിന്‌ ശേഷം 1948 ഏപ്രിലില്‍ മൗലാനാ അബുല്ലൈസ്‌ ഇസ്‌ലാഹി നദ്‌വിയുടെ നേതൃത്വത്തില്‍ അലഹാബാദില്‍ രൂപവത്‌കരിച്ച ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്‌ എന്ന സംഘടനയാണ്‌ തന്റെ ജമാഅത്തെ ഇസ്‌ലാമി എന്നാണ്‌ ആരിഫലിയുടെ വാദം.

ഇത് കേവല വാദമല്ല. അതാണ് സത്യം. അല്ല എന്ന് പറയാന്‍ നിങ്ങളുടെ പക്കലുള്ള തെളിവെന്താണ്.

മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും മാത്രമല്ല അദ്ദേഹത്തിന്റെ ഓര്‍മകളെപ്പോലും തള്ളിപ്പറയുന്നു എന്നതിന്റെ തെളിവാണിത്‌. ആകട്ടെ, അങ്ങനെയാകട്ടെ. അതു പക്ഷേ, അത്ര എളുപ്പത്തില്‍ സാധിക്കുമോ എന്നതാണ്‌ പ്രശ്‌നം.

ആരിഫലിയുടെ പ്രസ്ഥാനമായ ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ മലയാള മുഖപത്രമായ പ്രബോധനം 1992ല്‍ ഇറക്കിയ പ്രത്യേക പതിപ്പ്‌ നോക്കുക. ജമാഅത്തെ ഇസ്‌ലാമിയുടെ അമ്പതാം വാര്‍ഷികം പ്രമാണിച്ചാണ്‌ അത്‌ തയ്യാറാക്കിയത്‌. പല കാരണങ്ങളാലും അല്‍പ്പം വൈകിയാണ്‌ ആ പതിപ്പ്‌ പുറത്തിറങ്ങുന്നത്‌ എന്ന്‌ ആമുഖത്തില്‍ പത്രാധിപര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നുവെച്ചാല്‍, 1941 ആഗസ്റ്റ്‌ 26ന്‌ ലാഹോറില്‍ വെച്ച്‌ സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദി അമീറായി രൂപം കൊണ്ട ജമാഅത്തെ ഇസ്‌ലാമി തന്നെയാണ്‌ ഇടതടവില്ലാതെ ചരിത്രത്തില്‍ നിന്ന്‌ വര്‍ത്തമാനകാലത്തിലേക്ക്‌ ഒഴുകിവരുന്നത്‌ എന്ന്‌ മുഖപത്രം പറയുന്നു. ഹല്‍ഖാ അമീര്‍ പറയുന്നു,

ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ സ്വതന്ത്ര ഇന്ത്യയില്‍ രൂപവത്‌കരിച്ചതാണ്‌ തന്റെ സംഘടന എന്ന്‌. ഏതാണ്‌ പ്രമാണമായി സ്വീകരിക്കേണ്ടത്‌?

രണ്ടിലും എന്താണ് വൈരുദ്ധ്യമുള്ളത്. ചരിത്രത്തിന്റെ ഭാരമേതുമില്ലാതെ എന്നാല്‍ സ്വതന്ത്രമായി നയനിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയുന്നവിധം എന്നാണ് ഞങ്ങള്‍ അതില്‍ നിന്ന് മനസ്സിലാക്കിയത്.

`താഗൂത്തി'നെ അഥവാ ദൈവേതര ഭരണകൂടങ്ങളെ എതിര്‍ത്ത്‌ സ്ഥാപിക്കേണ്ട ഭരണവ്യവസ്ഥ ഏത്‌ എന്ന്‌ വിശദീകരിക്കുമ്പോേഴക്ക്‌ കാര്യങ്ങള്‍ കുഴയും. കുഴമാന്തരമാകും. എന്തുകൊണ്ടെന്നാല്‍, `ഹുക്കൂമത്തെ ഇലാഹി' അഥവാ ദൈവത്തിന്റെ ഭരണം സ്ഥാപിക്കണം എന്നായിരുന്നു പഴയ നിലപാട്‌. പിന്നീട്‌ അത്‌ മാറി `ഇഖാമത്തെ ദീന്‍' അഥവാ മതത്തിന്റെ സംസ്ഥാപനം എന്നായി മാറി. `ഇഖാമത്തെ ദീനി'നു വേണ്ടിയാണ്‌ നിലകൊള്ളുന്നത്‌ എന്നാണ്‌ പുത്തന്‍വാദം.

അത് പുത്തന്‍ വാദമാണെന്ന് ആര് പറഞ്ഞു. ഒന്നുകില്‍ അറിവ് വേണം. അല്ലെങ്കില്‍ അറിയില്ല എന്ന അറിവെങ്കിലും വേണം.

എന്നാല്‍ ഈ മാറ്റം എന്തിന്‌ വേണ്ടിയായിരുന്നു എന്നു പരിശോധിക്കുമ്പോഴാണ്‌ കാര്യങ്ങള്‍ കുഴയുന്നത്‌. നേരത്തെ വിവരിച്ച പ്രബോധനത്തിന്റെ പ്രത്യേക പതിപ്പില്‍ ഇത്‌ സംബന്ധിച്ച വിശദീകരണമുണ്ട്‌. പരേതനായ സയ്യിദ്‌ ഹാമിദ്‌ ഹുസൈന്റെ ഒരു പഴയ ലേഖനം ആ പതിപ്പില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്‌. `ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി; വളര്‍ച്ചയുടെ ആദ്യ പടവുകള്‍' എന്ന ആ ആധികാരിക രേഖയില്‍ ഇങ്ങനെ വായിക്കാം. ``ജമാഅത്തിന്റെ പ്രാരംഭ ലക്ഷ്യമായ `ഹുക്കൂമത്തെ ഇലാഹി'യെ സംബന്ധിച്ച്‌ പല വൃത്തങ്ങളിലും തെറ്റിദ്ധാരണകള്‍ പ്രചരിച്ചിരുന്നു.

ചില തത്‌പരകക്ഷികള്‍ ഗവര്‍മെന്ററിനേയും പൊതുജനങ്ങളേയും തെറ്റിദ്ധരിപ്പിക്കാന്‍ തീവ്രശ്രമം നടത്തുകയുണ്ടായി. തന്മൂലം ജമാഅത്തിന്റെ ഭരണഘടനയില്‍ പാര്‍ട്ടിയുടെ ലക്ഷ്യത്തെ ദ്യോതിപ്പിക്കാന്‍ `ഹുക്കൂമത്തെ ഇലാഹി' എന്നതിന്‌ പകരം `ഇഖാമത്തെ ദീന്‍' എന്ന പദം പ്രയോഗിക്കപ്പെട്ടു. ഇഖാമത്തെ ദീന്‍ എന്ന പ്രയോഗം ഖുര്‍ആന്റെ സാങ്കേതിക ശബ്‌ദമാണ്‌ എന്നതിനുപുറമെ `ഹുക്കൂമത്തെ ഇലാഹി'യുടെ എല്ലാ ആശയങ്ങളും ഉള്‍ക്കൊള്ളുന്നത്‌ കൂടിയായിരുന്നു. അതിനാല്‍ കൂടുതല്‍ തെറ്റിദ്ധാരണകള്‍ക്ക്‌ അതില്‍ സാധ്യത അവശേഷിക്കുകയില്ല. സാങ്കേതിക ശബ്‌ദം എന്ന നിലയില്‍ ജമാഅത്ത്‌ ഇപ്പോഴും ഇതേ പദം തന്നെയാണ്‌ ഉപയോഗിച്ചു വരുന്നത്‌. ഭരണഘടനയില്‍ അതിന്‌ അത്യാവശ്യ വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്‌''

ഈ വിശദീകരണം നല്‍കപ്പെട്ടിട്ടും നിങ്ങള്‍ക്കുള്ള സംശയം എന്താണ്.

1948ല്‍ രൂപവത്‌കരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി ഹിന്ദിന്റെ- അമീര്‍ ആരിഫലിയുടെ പ്രസ്ഥാനത്തിന്റെ -1971 വരെയുള്ള ചരിത്രം എഴുതിയപ്പോഴാണ്‌ ഈ ഒളിച്ചുകളി മറനീക്കി പുറത്ത്‌ വന്നത്‌. പുറത്ത്‌ പറയുന്നത്‌ ` ഇഖാമത്തെ ദീന്‍' ആണെങ്കിലും ഉള്ളിലിരിപ്പ്‌ `ഹുക്കൂമത്തെ ഇലാഹി' തന്നെയാണെന്ന സത്യം ഇതിലൂടെ വ്യക്തമാകുന്നു. അപ്പോള്‍ പിന്നെ `മതരാഷ്‌ട്രവാദക്കാര്‍' എന്ന്‌ ആരെങ്കിലും വിളിക്കുന്നുണ്ടെങ്കില്‍ അതിലിത്ര പരിഭവിക്കാന്‍ എന്തിരിക്കുന്നു അമീര്‍? അവര്‍ പറയുന്നത്‌ സത്യം മാത്രമല്ലേ?

ഇസ്‌ലാമിലെ രാഷ്ട്രീയം കൂടി അംഗീകരിക്കുന്നവരെ നിങ്ങള്‍ക്കങ്ങനെമാത്രമേ വിളിക്കാനാവുമെങ്കില്‍ അങ്ങനെയാകട്ടെ എന്ന് പറയാനെ നിവൃത്തിയുള്ളൂ.

തള്ളിപ്പറയല്‍ അത്ര എളുപ്പമല്ല എന്ന്‌ അറിഞ്ഞുകൊണ്ടുതന്നെ ഒരു പ്രസ്ഥാനം, അതും ഒരു പ്രബോധന പ്രസ്ഥാനം സ്വന്തം ചരിത്രവും അടിത്തറയും തിരസ്‌കരിക്കാന്‍ തയ്യാറാകുന്നുവെങ്കില്‍ ഭൂതകാലത്തേക്കാള്‍ വിലപ്പെട്ടതാണ്‌ അവര്‍ക്ക്‌ ഭാവി എന്ന്‌ മനസ്സിലാക്കേണ്ടി വരും. അപ്പോള്‍ മൗലാനാ മൗദൂദിയുടെ ലിഖിതങ്ങളേയും വീക്ഷണങ്ങളേയും തള്ളിപ്പറയാന്‍ ജമാഅത്തെ ഇസ്‌ലാമിയെ നിര്‍ബന്ധിക്കുന്ന ദശാസന്ധി ഏത്‌ എന്നുകൂടി പരിശോധിക്കണം.
തീര്‍ച്ചയായും ഇതിനുള്ള ഉത്തരം ഹല്‍ഖാ അമീര്‍ അടിവരയിട്ടു നടത്തിയ ഒരു പ്രസ്‌താവത്തിലും അതിന്‌ അദ്ദേഹം തിരെഞ്ഞടുത്ത സന്ദര്‍ഭത്തിലുമുണ്ട്‌. തങ്ങളുടെ പ്രമാണം മൗലാനാ മൗദൂദിയുടെ വീക്ഷണങ്ങളോ ലിഖിതങ്ങളോ അല്ല എന്ന്‌ `` ഏതെങ്കിലും സന്ദര്‍ഭത്തില്‍ വ്യക്തമാക്കേണ്ടതുണ്ട്‌ എന്നത്‌ കൊണ്ട്‌ ഇപ്പോള്‍ വ്യക്തമാക്കുന്നു'' എന്നാണ്‌ ആരിഫലി അടിവരയിട്ട്‌ പറഞ്ഞത്‌. 

ഏതെങ്കിലും ഒരവസരത്തില്‍ ഇത് വ്യക്തമാക്കണം അതുകൊണ്ട് ഇപ്പോഴിത് വ്യക്തമാക്കുന്നു എന്ന് പറഞ്ഞത് ആ പാര്‍ട്ടിയെ മനസ്സിലാകാത്തവര്‍ക്ക് മാത്രമാണ്. ഞങ്ങള്‍ക്ക് ഇതിനെ മനസ്സിലാക്കിതുടങ്ങിയ ആദ്യനാള്‍ മുതല്‍ അറിയുന്ന കാര്യമാണിത്. ലേഖകന്‍ അറിവില്ലായ്മ വീണ്ടും ആവര്‍ത്തികുന്നു എന്ന് മാത്രം.

ആ സന്ദര്‍ഭമാകട്ടെ, ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ പ്രവേശനത്തെ ഇടത്ത്‌ നിന്ന്‌ സി പി എമ്മും വലത്തു നിന്ന്‌ മുസ്‌ലിം ലീഗും മുച്ചൂടും എതിര്‍ക്കുന്ന സന്ദര്‍ഭവും. ``ചര്‍ച്ച നടത്തിയതൊക്കെ ശരിതന്നെ. പക്ഷേ, ജമാഅത്തെ ഇസ്‌ലാമി എപ്പോള്‍ രാഷ്‌ടീയപ്രസ്ഥാനമായി രംഗത്ത്‌ വരുന്നോ ആ നിമിഷം അവരുമായുള്ള എല്ലാ ബന്ധവും അവസാനിക്കും'' എന്നാണല്ലോ മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറയുന്നത്‌.

അതിന് മറുപടി അഭിമുഖത്തില്‍ തന്നെ നല്‍കിയിട്ടുണ്ട്. അത് കേട്ടിട്ടും ഇപ്രകാരം പറയുന്നത് വല്ലാത്ത തൊലിക്കട്ടി കൊണ്ടുതന്നെ

ഇങ്ങനെ ഇടത്തും വലത്തുമുള്ളവര്‍ എതിര്‍പ്പിന്റെ കൂരമ്പുമായി നില്‍ക്കുമ്പോഴും ദീനിന്റെ സംസ്ഥാപനത്തിന്നായി പ്രവര്‍ത്തിക്കുന്ന ധാര്‍മിക സംഘടന എന്തിന്‌ ബുദ്ധിമുട്ടി രാഷ്‌ടീയത്തില്‍ ഇറങ്ങുന്നു? ``വിശ്വാസ്യത, സത്യസന്ധത, നീതിബോധം, സാമാന്യ മര്യാദ തുടങ്ങിയ നല്ല ഗുണങ്ങള്‍ ഉള്ളവര്‍ രാഷ്‌ടീയത്തില്‍ ഉണ്ടായിക്കാണാന്‍'' എന്നാണ്‌ ഒ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ തരുന്ന വിശദീകരണം (മാധ്യമം- 2010 മെയ്‌ 22). ആണോ? അങ്ങനെയാണോ? തെളിയിക്കേണ്ടത്‌ കാലവും ജമാഅത്തെ ഇസ്‌ലാമിയുമാണ്‌. അതോ ചരിത്രത്തിന്റെ എല്ലാ ഭാരവും ഇറക്കിവെച്ചുള്ള ഈ രാഷ്‌ടീയ മഹാ ത്യാഗത്തിന്‌ പിന്നിലും ഒളിയജന്‍ഡ ഉണ്ടായിരിക്കുമോ?"
ഇപ്പോഴത്തെ രാഷ്ട്രീയം അതിന് മാത്രം ശുദ്ധമാണെന്ന് അഭിപ്രായമുണ്ടോ. സത്യത്തില്‍ ജമാഅത്തിന്റെ രാഷ്ട്രീയ പ്രവേശം കൊണ്ട് ഇവര്‍ ഭയപ്പെടുന്നതെന്താണ്.

കലി തുള്ളുന്ന JIH കാര്‍ മുകളിലെ പീ ടീ നാസറിന്റെ വാക്കുകളോടെ എന്ത് പറയുന്നു എന്നറിയാന്‍ താല്പര്യം ഉണ്ട്. ]]]

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇതില്‍ പറഞ്ഞ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ആവശ്യമെങ്കില്‍ ആകാവുന്നതാണ്.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

പി ടി നാസര്‍, 'മാധ്യമം' പത്രം വിട്ട ശേഷം പുള്ളി ജീവിച്ചിരിപ്പുണ്ടെന്ന് ഇപ്പോഴാണു മനസ്സിലായത്‌. സമാധാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK