'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജൂൺ 03, 2010

സോളിഡാരിറ്റി ആരോപണവിധേയമാകുമ്പോള്‍.

സോളിഡാരിറ്റി പ്രസിഡന്റ് പി. മുജീബുറഹമാനുമായി നടത്തിയ അഭിമുഖം

വികസനത്തെക്കുറിച്ച സോളിഡാരിറ്റിയുടെ കാഴ്ചപ്പാടാണല്ലോ ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലം. വികസനത്തെക്കുറിച്ച സോളിഡാരിറ്റിയുടെ കാഴ്ചപ്പാട് യഥാര്‍ഥത്തില്‍ എന്താണ്?

റിയല്‍ എസ്റേറ്റ് മാഫിയകളും മുതലാളിത്ത മൂലധന ശക്തികളും ചേര്‍ന്ന് ജനകീയ സമരങ്ങള്‍ക്കുമേല്‍ ചാര്‍ത്തുന്ന ആരോപണമാണ് വികസനവിരോധം. പാരിസ്ഥിതികമായി നിരവധി പ്രശ്നങ്ങള്‍ നേരിടുന്ന നമ്മുടെ രാജ്യത്ത് മൂലധന താല്‍പര്യം മാത്രം പരിഗണിച്ച് കടന്നുവരുന്ന വികസനപദ്ധതികള്‍ ജനങ്ങളാല്‍ എതിര്‍ക്കപ്പെടുക സ്വാഭാവികമാണ്. ജനലക്ഷങ്ങളെ കുടിയിറക്കി, തണ്ണീര്‍ത്തടങ്ങള്‍ തകര്‍ത്ത് മണ്ണും വിണ്ണും മലീമസമാക്കുന്ന പ്രകൃതിവിരുദ്ധ പദ്ധതികളോടുള്ള ജനങ്ങളുടെ പ്രതികരണമാണിത്. അതിന് സോളിഡാരിറ്റിയെയും ഇതര സാമൂഹിക പരിസ്ഥിതി സംഘടനകളെയും പഴിപറഞ്ഞിട്ട് കാര്യമില്ല. കേരളീയ സമൂഹത്തിന്റെ ശേഷിക്കുന്ന പ്രബുദ്ധതയാണ് ഇതിലൂടെ അടയാളപ്പെടുത്തപ്പെടുന്നത്. സര്‍ക്കാരും രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തുന്ന ഒളിച്ചുകളി ഇനിയെങ്കിലും അവസാനിപ്പിക്കണം. ഒരു ഭാഗത്ത് ആഗോളതാപനത്തെക്കുറിച്ച് ആയിരം നാക്കില്‍ സംസാരിക്കുകയും അതിനെ നേരിടുന്നതിന് സ്വീകരിക്കാവുന്ന അടിയന്തര നടപടികളെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ചെയ്യുക. അതേസമയം തന്നെ പരിസ്ഥിതിയെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കുന്ന വന്‍പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കുക. ഇതിനെ എതിര്‍ക്കുന്നവരെ വികസനവിരോധികളായി മുദ്രയടിക്കുക.

പരിസ്ഥിതി ദിനത്തില്‍ മരം നടാന്‍ ആഹ്വാനം ചെയ്ത ഡി.വൈ.എഫ്.ഐയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. പക്ഷേ, കിനാലൂരില്‍ വയല്‍ നികത്തി കെട്ടിപ്പൊക്കുന്ന നാലുവരിപ്പാതയോ കണ്ടല്‍വെട്ടി ജൈവവൈവിധ്യം നശിപ്പിക്കുന്ന ടൂറിസം വിപ്ളവമോ പൂക്കൃഷി നടത്താനെന്നുപറഞ്ഞ് കര്‍ഷകരെ കുടിയിറക്കി ഗോള്‍ഫ്കളിക്കായി പുല്‍ത്തകിട് പണിയുന്നതോ പരിസ്ഥിതിബാധയേറ്റ ഡി.വൈ.എഫ്.ഐക്ക് ബാധകമാകുന്നില്ല എന്നതാണ് പ്രശ്നം. ഇപ്പോള്‍ സര്‍ക്കാറുകള്‍ പിന്തുടരുന്ന വികസന സമീപനത്തില്‍ മൌലികമായ ഒരു മാറ്റവും വരുത്താതെ മരം നട്ടുമാത്രം പരിഹരിക്കാന്‍ കഴിയുന്നതല്ല, കേരളം നേരിടുന്ന പാരിസ്ഥിതിക വികസനപ്രശ്നം.

നിലവിലുള്ള വികസനക്രമത്തെക്കുറിച്ച വിമര്‍ശനത്തിനപ്പുറം നാടിന്റെ വികസനത്തെക്കുറിച്ച് സോളിഡാരിറ്റിക്ക് പോസിറ്റീവായ കാഴ്ചപ്പാടുണ്ടോ?

സോളിഡാരിറ്റി ഒരിക്കലും എല്ലാ വികസനങ്ങളെയും എതിര്‍ക്കുന്ന ഒരു പരിസ്ഥിതി മൌലികവാദി സംഘടനയല്ല. കേരളം പോലുള്ള സംസ്ഥാനത്ത് പരിസ്ഥിതി ആഘാതം കുറച്ച് എങ്ങനെ വികസന പദ്ധതികളാവാം എന്നാണ് നാം ആലോചിക്കേണ്ടത്. ചമ്രവട്ടം പദ്ധതി, നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പ്പാത, ഹൈവേ വികസനം തുടങ്ങിയ വിവിധ വികസനപദ്ധതികള്‍ക്കായുള്ള സമരങ്ങള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കിയിട്ടുണ്ട്. വിദേശരാജ്യങ്ങളെ അപ്പാടെ കേരളത്തിലേക്ക് പകര്‍ത്താമെന്ന മന്ത്രിമാരുടെ വ്യാമോഹമാണ് പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. കേരളത്തിലിരുന്ന് കേരളത്തിന്റേതായ വികസനമാതൃക രൂപപ്പെടുത്താനാണ് നാം ശ്രമിക്കേണ്ടത്. ജനസാന്ദ്രതയുള്ള കേരളത്തില്‍ ഭൂമിദൌര്‍ലഭ്യം വലിയ പ്രശ്നമാണെന്നിരിക്കെ ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കുന്ന വികസനപദ്ധതികളെക്കുറിച്ച് കാര്യമായ പുനരാലോചന നടത്തണം. എന്നാല്‍ അടിസ്ഥാനസൌകര്യങ്ങളുടെ വികസനം അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. അതൊരിക്കലും റിയല്‍ എസ്റേറ്റ് കച്ചവടത്തിന് വഴിയൊരുക്കലാകരുതെന്നു മാത്രം. വികസനത്തിന്റെ പേരില്‍ ജനങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നതിനു പകരം പ്രകൃതിബന്ധുവായ ഒരു വികസനസംസ്കാരം രൂപപ്പെടുത്തുവാനാണ് സര്‍ക്കാറുകള്‍ ശ്രമിക്കേണ്ടത്. ജനപങ്കാളിത്തത്തോടെയുള്ള ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ആശയരൂപവത്കരണത്തിനും ഇനിയും ധാരാളം അവസരമുണ്ട്.

സോളിഡാരിറ്റി എന്നതുതന്നെ മതരാഷ്ട്രവാദികളുടെ പൊയ്മുഖമാണെന്ന ആരോപണത്തെ എങ്ങനെയാണ് സംഘടന അഭിമുഖീകരിക്കുന്നത്?

സോളിഡാരിറ്റിയെ സംബന്ധിച്ചേടത്തോളം ഒരു നിലക്കും ചേരാത്തതും അനുവദിക്കാത്തതുമായ പദാവലിയാണ് പൊയ്മുഖമെന്നത്. കാപട്യം ദൈവനിഷേധത്തേക്കാള്‍ വലിയ പാപമായാണ് സോളിഡാരിറ്റി കാണുന്നത്. എന്നാല്‍, അടവുനയത്തെ സൈദ്ധാന്തികവല്‍ക്രിച്ച കമ്യൂണിസ്റുകള്‍ക്ക് എന്തുകൊണ്ടും ചേരാവുന്ന ഒരാരോപണമാണിത്. സോളിഡാരിറ്റിക്കുമേല്‍ പൊയ്മുഖമാരോപിക്കുന്നവര്‍ ഏതാണീ മുഖമെന്ന് വ്യക്തമാക്കണം. സോളിഡാരിറ്റി നിര്‍വഹിക്കുന്ന സമരസേവന പ്രവര്‍ത്തനമാണോ അതോ അതിന്റെ ആദര്‍ശമാണോ പൊയ്മുഖമെന്ന് എതിരാളികള്‍ ഇനിയും വ്യക്തമാക്കേണ്ടതുണ്ട്. സോളിഡാരിറ്റിയെ സംബന്ധിച്ചേടത്തോളം ഇത് രണ്ടും തുറന്ന പുസ്തകമാണ്. തത്ത്വശാസ്ത്രത്താല്‍ പ്രചോദിതമായ ആക്ടിവിസവും ആക്ടിവിസം മുറിച്ചുമാറ്റാനാവാത്ത തത്ത്വശാസ്ത്രവുമാണതിനുള്ളത്. മതത്തിന്റെ അടിത്തറയിലുള്ള സാമൂഹിക വിമോചന പ്രവര്‍ത്തനങ്ങളെ ഭര്‍ത്സിക്കുന്നവര്‍ പ്രവാചകന്മാരുടെ ചരിത്രത്തെയും ഭര്‍ത്സിക്കേണ്ടിവരും. ഇത് പൊയ്മുഖമല്ല, ആദര്‍ശമുഖമാണ്. ഇനി സമരവും സാമൂഹികപ്രവര്‍ത്തനവും രാഷ്ട്രീയപാര്‍ട്ടികള്‍ക്കേ ആകാവൂ എന്നാണെങ്കില്‍ ഇന്ത്യ ജനാധിപത്യരാജ്യമാണെന്നും സ്റാലിനിസ്റ് സമഗ്രാധിപത്യം ഇന്ത്യയില്‍ പുലര്‍ന്നിട്ടില്ലെന്നും സി.പി.എം നേതാക്കളെ ഓര്‍മപ്പെടുത്തുകയേ നിവൃത്തിയുള്ളൂ.

സോളിഡാരിറ്റിയുടെ മതഭൂമികയില്‍ നിന്നുള്ള പ്രവര്‍ത്തനങ്ങള്‍ വിഭാഗീയതക്കു കാരണമാകില്ലേ?

സാമൂഹിക രാഷ്ട്രീയ ഉള്ളടക്കമുള്ള ദര്‍ശനമാണ് ഇസ്ലാം. ഈ ദാര്‍ശനിക അടിത്തറയില്‍ നിന്നുകൊണ്ടാണ് സോളിഡാരിറ്റി അതിന്റെ പരിപാടി ആവിഷ്കരിക്കുന്നത്. രാഷ്ട്രീയവും ജാതീയവുമായ ഒരുപാട് വിഭാഗീയതകള്‍ ഇന്ന് കേരളത്തിലുണ്ട്. എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി മനുഷ്യനെ മനുഷ്യനായിക്കാണാന്‍ പഠിപ്പിക്കുന്ന ദൈവികാദര്‍ശമാണ് സോളിഡാരിറ്റിയുടെ പിന്‍ബലം. അത് എല്ലാതരം വിഭാഗീയതകള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കുമെതിരെ ദൈവികവും മാനവികവുമായ പോരാട്ടമാണ്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുന്നതില്‍ വരെ വിഭാഗീയത പ്രകടമാണ്. അര്‍ഹരിലേക്കല്ല, അനര്‍ഹരായ പാര്‍ട്ടി പ്രവര്‍ത്തകരിലേക്കാണ് പലപ്പോഴും പല പദ്ധതികളും എത്തിപ്പെടാറ്. വിഭാഗീയതക്ക് മതപരമായ മാനം നല്‍കുന്നതില്‍ അര്‍ഥമില്ല. സോളിഡാരിറ്റിയുടെ സമരസേവനപ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കള്‍ മനുഷ്യരാണ്. സംഘടനക്കകത്തോ അത് നടത്തിയ സാമൂഹിക ഇടപെടലുകളിലോ സേവന സംരംഭങ്ങളിലോ ഇതുവരെ യാതൊരു മത-ജാതി വിഭാഗീയതയും ചൂണ്ടിക്കാണിക്കുക സാധ്യമല്ല. മറിച്ചുള്ള ഉദാഹരണങ്ങളാകട്ടെ, ധാരാളമാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ സി.പി.ഐ.എം ഇപ്പോള്‍തന്നെ തുടക്കം കുറിച്ചുവെന്നാണല്ലോ പാര്‍ട്ടിസെക്രട്ടറിയുടെ കൊല്ലം പ്രഭാഷണം വ്യക്തമാക്കുന്നത്.

സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ആധിക്യം അതിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് സംശയം ജനിപ്പിക്കുന്നതാണെന്ന മന്ത്രി ഐസക്കിന്റെ പ്രസ്താവന താങ്കളുടെ ശ്രദ്ധയില്‍ ഉണ്ടായിരിക്കുമല്ലോ?

സോളിഡാരിറ്റിയുടെ വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ എന്തായാലും ഇവരെ വിറളി പിടിപ്പിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ ആധിക്യം വെച്ച് ഫണ്ടിന്റെ ആധിക്യം കണക്കുകൂട്ടിയതാണ് ഇവര്‍ക്കുപറ്റിയ അമളി. സോളിഡാരിറ്റിയുടെ സമര-സേവന പ്രവര്‍ത്തനങ്ങള്‍ ഏതെടുത്താലും അതിലര്‍പ്പിക്കപ്പെടുന്ന കായികാധ്വാനം വിലമതിക്കാനാവാത്തതാണ്. ഈയിടെ സി.പി.എം വിട്ട എ.പി അബ്ദുല്ലക്കുട്ടി തന്റെ ഭാവിയെക്കുറിച്ച് നടത്തിയ പരാമര്‍ശം ശ്രദ്ധേയമാണ്. "എനിക്കിതല്ലാത്ത മറ്റൊരു തൊഴിലും അറിയില്ല.'' അങ്ങനെയാണദ്ദേഹം കോണ്‍ഗ്രസിന്റെ രാഷ്ട്രീയത്തൊഴിലാളിയായി മാറിയത്. ഇത്തരം സംഘടനാ തൊഴിലാളികളോ നേതാക്കളോ സോളിഡാരിറ്റിയിലില്ല. സംഘടനാ നെറ്റ്വര്‍ക്ക് ചലിപ്പിക്കാന്‍ ഞങ്ങള്‍ക്ക് പണം വേണ്ട, സര്‍ക്കുലര്‍ മതി. ഓരോ പ്രദേശത്തെയും സേവനപ്രവര്‍ത്തനങ്ങള്‍ക്ക് അതതു പ്രദേശത്തെ ഉദാരമതികളെയാണ് അവലംബിക്കാറ്. ഇതിലിന്നുവരെ കേരളം ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല, പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. സോളിഡാരിറ്റി ജനങ്ങള്‍ക്കുവേണ്ടി ചെലവഴിച്ച കണക്കാണ് സി.പി.ഐ.എം ചോദിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഉദാരതയെ വിലകുറച്ചു കാണിക്കുന്ന ചോദ്യമാണിത്. പാട്ടപ്പിരിവ് നിര്‍ത്തിയിട്ടും ആയിരക്കണക്കിനു കോടി രൂപയുടെ ആസ്തിയുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി ജനങ്ങള്‍ക്കിടയില്‍ നിറഞ്ഞു നില്‍ക്കുന്ന, ജനങ്ങളില്‍ നിന്നും പിരിവെടുക്കുന്ന പ്രസ്ഥാനത്തോട് ലക്ഷങ്ങളുടെ കണക്കുചോദിക്കുന്നത് കൌതുകം തന്നെ. സി.ഐ.എയുമായി ബന്ധമുള്ള വിദേശഫണ്ട് കൈപറ്റിയതിന്റെ പേരില്‍ സ്വന്തം പാര്‍ട്ടിയില്‍നിന്ന് കടുത്തവിമര്‍ശനം നേരിട്ട തോമസ് ഐസക്കാണ് സോളിഡാരിറ്റിയുടെ വിദേശഫണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെടുന്നുവെന്നതാണ് ഇതിലെ വലിയ തമാശ. വി.എസ് അച്യുതാനന്ദനും ദേശാഭിമാനി വാരികയുടെ പത്രാധിപരായിരുന്ന എം.എന്‍ വിജയനും സാമ്രാജ്യത്വ ചാരന്‍ എന്നുവിശേഷിപ്പിച്ച റിച്ചാര്‍ഡ് ഫ്രാങ്കിയുമായുള്ള ഐസക്കിന്റെ അവിഹിതബന്ധവും ഫണ്ടുവിവാദവുമൊക്കെ ശരിയാക്കിയിട്ടുപോരേ സോളിഡാരിറ്റിക്കുനേരെയുള്ള കണക്കുതീര്‍ക്കല്‍. തന്റെ അവസാനത്തെ പുസ്തകവും ഐസക്ക് ഈ ഉറ്റ കൂട്ടുകാരനാണ് സമര്‍പ്പിച്ചത്. എന്നാലും ധനകാര്യമന്ത്രിക്ക് സോളിഡാരിറ്റിയുടെ ഫണ്ടിനെക്കുറിച്ച് അന്വേഷിക്കാം. അതിലൊരിക്കലും വിദേശഫണ്ടോ ലോട്ടറി മാഫിയകളോ ഭൂമാഫിയകളോ മദ്യമാഫിയകളോ കാണില്ലെന്നുറപ്പാണ്.

സോളിഡാരിറ്റി ഒരു വര്‍ഗീയ സംഘടനയാണെന്ന് എതിരാളികള്‍ പരക്കെ ആരോപിക്കാറുണ്ട്?

മത സാമുദായിക സങ്കുചിത കാഴ്ചപ്പാടുകളില്‍ നിന്നും മാറി ഒരാദര്‍ശപ്രസ്ഥാനമെന്ന നിലയിലാണ് സോളിഡാരിറ്റി പ്രവര്‍ത്തിക്കുന്നത്. ഇത് മുസ്ലിംകളുടെ മാത്രം സംഘടനയല്ല. ഇതിലംഗങ്ങളെ ചേര്‍ക്കുന്നതോ ഇതിന്റെ പരിപാടികള്‍ തീരുമാനിക്കപ്പെടുന്നതോ സാമുദായികാടിസ്ഥാനത്തിലുമല്ല. വര്‍ഗീയത ആരോപിക്കുന്നവര്‍ 1941 മുതല്‍ 2010 വരെയുള്ള ഇസ്ലാമിക പ്രസ്ഥാന ചരിത്രവും 2003 മുതല്‍ 2010 വരെയുള്ള സോളിഡാരിറ്റി ചരിത്രവും പരിശോധിക്കാന്‍ തയാറാവണം. ഏതെങ്കിലും ഘട്ടത്തില്‍ കേവല മത-സാമുദായിക നിലപാട് കൈക്കൊണ്ടതായോ മതസ്പര്‍ധ വളര്‍ത്തിയതായോ ഇതര മതവിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയതായോ കണ്ടെത്തുക സാധ്യമല്ല. എന്നല്ല, ഇത്തരം സന്ദര്‍ഭങ്ങളില്‍ മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കി സൌഹാര്‍ദപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ നേതൃത്വം കൊടുക്കുകയാണ് ഈ പ്രസ്ഥാനം ചെയ്തിട്ടുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന ബഹുസ്വര സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും ഈ വൈവിധ്യത്തെ ശക്തിപ്പെടുത്തുകയും ചെയ്തതിന്റെ സാക്ഷ്യമാണ് സോളിഡാരിറ്റിയുടെ കഴിഞ്ഞ ഏഴുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍.

തീവ്രവാദം സോളിഡാരിറ്റിക്കും മാതൃസംഘടനക്കുമെതിരെ ഉയര്‍ന്നുവരാറുള്ള ഒരാരോപണമാണ്?

തീവ്രവാദികള്‍ എന്ന് പറയുമ്പോള്‍ സാധാരണ അര്‍ഥമാക്കാറുള്ളത് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മനുഷ്യരെ കൊല്ലുകയോ പരിക്കേല്‍പിക്കുകയോ നാശനഷ്ടങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ എന്നാണ്. ആ അര്‍ഥത്തില്‍ സോളിഡാരിറ്റിയോ അതിന്റെ മാതൃപ്രസ്ഥാനമോ ഇന്നേവരെ ഒരാളെയും പരിക്കേല്‍പിച്ചിട്ടില്ല. ഭരണ ഉപരിവര്‍ഗങ്ങളുടെ താല്‍പര്യങ്ങള്‍ നടപ്പാക്കുന്നതിന് സോളിഡാരിറ്റി തടസ്സമാകുമ്പോള്‍ അത്തരക്കാര്‍ സംഘടനയെ വിളിക്കുന്ന തെറിവാക്ക് മാത്രമാണിത്. സോളിഡാരിറ്റിയോട് ജനകീയതലത്തില്‍ ഏറ്റുമുട്ടി പരാജയപ്പെടുമ്പോഴാണ് ഓരോരുത്തരും ഈ അധിക്ഷേപം ഉന്നയിക്കുന്നത്. കേരളത്തില്‍ അങ്ങേയറ്റം അക്രമാസക്തമായി പ്രവര്‍ത്തിക്കുന്ന, നിരന്തരമായി നിയമം കൈയിലെടുക്കുന്ന, എത്രയോ മനുഷ്യരെ അറുകൊല ചെയ്തിട്ടുള്ള ആളുകളാണ് വിശുദ്ധവും അങ്ങേയറ്റം അഹിംസാത്മകവുമായ സമരരീതി സ്വീകരിച്ച സോളിഡാരിറ്റിക്കുമേല്‍ തീവ്രവാദ മുദ്ര ചാര്‍ത്തുന്നത്.

സംഘടന ഇപ്പോള്‍ ഇത്ര കടുത്ത ആക്രമണം നേരിടേണ്ടിവന്നതിന്റെ ശരിയായ കാരണം എന്താണെന്നാണ് താങ്കള്‍ മനസ്സിലാക്കുന്നത്?

സോളിഡാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് കേരളത്തിലെ മാഫിയാ താല്‍പര്യങ്ങളെയാണ്. അതുകൊണ്ടാണ് മൂന്നാറിലെ ടാറ്റയുടെ പ്രതിനിധി ടി. ദാമുവും പിണറായി വിജയനുമെല്ലാം സോളിഡാരിറ്റിക്കെതിരെ ഒരുമിച്ചാക്രമിക്കുന്നത്. അവിഹിത താല്‍പര്യങ്ങളുള്ള മറ്റു ചില ശക്തികളും ഈ കാമ്പയിനില്‍ അവരോടൊപ്പം ചേരാനിടയുണ്ട്. സോളിഡാരിറ്റിയെ ഒറ്റതിരിച്ചാക്രമിക്കുന്ന ഇടതുപക്ഷത്തിന് കൃത്യമായ അജണ്ടയുണ്ട്. കിനാലൂര്‍ അതിനു നിമിത്തമാക്കുക മാത്രമാണവര്‍ ചെയ്തിരിക്കുന്നത്. കേരളത്തില്‍ ശക്തിപ്പെട്ടുവരുന്ന ജനകീയ സമരങ്ങള്‍ ഇടതുപക്ഷത്തിന് സൃഷ്ടിക്കുന്ന പരിക്ക് ചെറുതല്ല. ഇതില്‍ സോളിഡാരിറ്റിയുടെ പങ്കിനെക്കുറിച്ചും സി.പി.എമ്മിന് ധാരണയുണ്ട്. ഒരുകാലത്ത് ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തിരുന്ന ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ സ്ഥാനത്താണ് പുതിയ ജനകീയ സമരങ്ങള്‍ ഉയര്‍ന്നുവരുന്നത്. ഇതില്‍ പങ്കാളികളാവാനുള്ള യോഗ്യതയോ ഇതിനെ തുറന്നെതിര്‍ക്കാനുള്ള ധൈര്യമോ ഇല്ലാത്തതുകൊണ്ടാണ് മാവോയിസവും തീവ്രവാദവും ആരോപിച്ച് തകര്‍ക്കാനുള്ള ശ്രമം സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. ജനകീയ സമരങ്ങളില്‍ നിന്നും ഉയിരെടുക്കുന്ന ഒരു ജനപക്ഷചേരിയെ നേരിടാനുള്ള സി.പി.എം നീക്കംകൂടിയാണിത്. തോമസ് ഐസക് ഇതിനകം തന്നെ അത് വ്യക്തമാക്കിക്കഴിഞ്ഞു. സി.ആര്‍ നീലകണ്ഠനുനേരെ നടന്ന മൃഗീയാക്രമണവും ഇതിന്റെ തന്നെ ഭാഗമാണ്.

സോളിഡാരിറ്റി ഇസ്ലാമിക ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയായിരിക്കെ മറ്റു മതസ്ഥര്‍ക്കും മതവിശ്വാസമില്ലാത്തവര്‍ക്കും അതില്‍ അംഗത്വം നല്‍കുമോ?.

സോളിഡാരിറ്റിയെക്കുറിച്ച് ഈ ചോദ്യം തന്നെ അപ്രസക്തമാണ്. കേരളത്തിലെ എല്ലാവിഭാഗം യുവാക്കളും സോളിഡാരിറ്റിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മതവിശ്വാസികള്‍ക്കും കമ്യൂണിസ്റ് പ്രപഞ്ചവീക്ഷണം അംഗീകരിക്കാത്തവര്‍ക്കും നാസ്തികവാദവും ഭൌതികവാദവും അടിസ്ഥാനമാക്കിയ കമ്യൂണിസ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാമെന്നതുപോലെ മതവിശ്വാസികള്‍ക്കും അല്ലാത്തവര്‍ക്കും സോളിഡാരിറ്റി മുന്നോട്ടുവെക്കുന്ന നീതിയിലധിഷ്ഠിതമായ സാമൂഹികാജണ്ടയില്‍ പങ്കാളികളാകാവുന്നതാണ്.

കിനാലൂരില്‍ പോലീസിനു നേരെ നടന്ന ആക്രമത്തിനുപിന്നില്‍ സോളിഡാരിറ്റിയാണ്?

ആക്രമണ ലക്ഷ്യത്തോടെയല്ല കിനാലൂരിലെ ജനങ്ങള്‍ സമരത്തിനിറങ്ങിയത്. ഗ്രനേഡും ലാത്തിയും നേരിടാന്‍ തീരുമാനിക്കുന്ന ഒരു വിഭാഗം സ്വന്തം കുട്ടികളെയും ഭാര്യമാരെയും പോലീസിനു മുമ്പിലേക്കെറിഞ്ഞുകൊടുക്കുമെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? വന്‍ പോലീസ് സന്നാഹത്തെ രണ്ടു ബക്കറ്റ് ചാണകവെള്ളം കൊണ്ട് നേരിടാമെന്നു ധരിക്കാന്‍ മാത്രം വിഡ്ഢികളാണോ കിനാലൂരുകാര്‍? തങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുമെന്നു ഭയപ്പെടുന്ന ഒരു ജനത ഇതിനെതിരെ തങ്ങള്‍ക്കു നടത്താവുന്ന ജനകീയ ചെറുത്തുനില്‍പാണ് കിനാലൂരിലുണ്ടായത്. ഈ വന്‍ ജനക്കൂട്ടത്തെ മാനിച്ചു തിരിച്ചുപോവുന്നതിനു പകരം വ്യവസായമന്ത്രി ഒരു നാടിനോടു യുദ്ധം പ്രഖ്യാപിച്ചതാണ് പ്രശ്നത്തെ ഇവ്വിധം വഷളാക്കിയത്. അതിനാവശ്യമായ ആസൂത്രണം പാര്‍ട്ടി നേരത്തെ ചെയ്തു എന്നാണ് മനസ്സിലാകുന്നത്. സമാധാനപരമായി നടക്കുന്ന സമരത്തിലേക്ക് പുറത്തുനിന്നും കല്ലേറു വന്നത് യാദൃശ്ചികമല്ല. കല്ലെറിഞ്ഞ സഖാക്കളെ പിടികൂടിയാല്‍ ഈ ഗൂഢാലോചന പുറത്തുകൊണ്ടുവരാവുന്നതേയുള്ളൂ. ഇതിലുപരി സോളിഡാരിറ്റി സ്വന്തമായി ഒരാസൂത്രണവും കിനാലൂരില്‍ നടത്തിയിട്ടില്ല.

നിങ്ങള്‍ ജനകീയസമരങ്ങളില്‍ നുഴഞ്ഞുകയറുകയാണെന്ന ആരോപണം ചിലപ്പോഴൊക്കെ ഉയര്‍ന്നുവരാറുണ്ട്?

സോളിഡാരിറ്റിക്കു പരിചയമില്ലാത്ത ഒന്നാണ് നുഴഞ്ഞുകയറ്റം. കേരളത്തിലെ ജനകീയസമരങ്ങളില്‍ വിശ്വസ്ത പങ്കാളിയാണിന്ന് സോളിഡാരിറ്റി. കേരളത്തില്‍ നൂറോളം സമരങ്ങളില്‍ സോളിഡാരിറ്റി സജീവപങ്കാളിത്തം വഹിക്കുന്നുണ്ട്. ആയിരത്തിലധികം ഗ്രാമങ്ങളില്‍ ആഴത്തില്‍ വേരുകളുള്ള സംഘടനക്ക് അവിടങ്ങളില്‍ നിന്നുയരുന്ന ജനകീയ പ്രശ്നങ്ങളില്‍ സ്വാഭാവികമായും ഇടപെടേണ്ടിവരും. ഈ ജനകീയ സമരങ്ങളുടെയൊന്നും കവാടം ആര്‍ക്കുനേരെയും കൊട്ടിയടച്ചിട്ടില്ല. സത്യസന്ധമായി സഹകരിക്കാന്‍ സന്നദ്ധതയുള്ള ആര്‍ക്കും നുഴഞ്ഞുകയറാതെ നേരെവന്നു മുന്‍വാതിലിലൂടെതന്നെ സമരത്തില്‍ പ്രവേശിക്കാം.
കേരളത്തിലെ വര്‍ത്തമാനചരിത്രത്തിലെ ഉജ്വലമായ രാഷ്ട്രീയ അധ്യായങ്ങളായ ജനകീയ സമരങ്ങളില്‍ ആര്‍ക്കും പങ്കാളിയാകാവുന്നതാണ്. എന്നിട്ടും എന്തുകൊണ്ട് സി.പി.എം ഇതിലൊന്നും ഒരു സാന്നിധ്യമേ അല്ലാതെപോകുന്നത് അവരും പൊതുജനവും ആലോചിക്കേണ്ടതാണ്. സോളിഡാരിറ്റിയെ വിമര്‍ശിച്ച് ജനകീയ സമരങ്ങളില്‍ ഭിന്നിപ്പുണ്ടാക്കി ദുര്‍ബലപ്പെടുത്താമെന്നാണ് സി.പി.എം വ്യാമോഹിക്കുന്നത്.

കേരളത്തിലെ സഹ യുവജനസംഘടനകളെ നിങ്ങള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ ഏഴുവര്‍ഷം പ്രായമുള്ള സോളിഡാരിറ്റി കേരളത്തിലെ ഏറെ പഴക്കവും പാരമ്പര്യവുമുള്ള യുവജനപ്രസ്ഥാനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ഗൌരവപൂര്‍വം വീക്ഷിക്കാറുണ്ട്. കേരളീയ യുവത്വത്തിന് ദിശാബോധം നല്‍കിയിരുന്ന യുവജനപ്രസ്ഥാനങ്ങളിന്ന് അധികാരത്തില്‍ മാത്രം കണ്ണ് നട്ടിരിക്കുന്നവരായി മാറുന്നുവോ എന്ന് വിലയിരുത്തേണ്ടിയിരിക്കുന്നു. 17 വര്‍ഷത്തിനുശേഷം സംസ്ഥാനസമ്മേളനം സംഘടിപ്പിച്ച ഒരു യുവജനപ്രസ്ഥാനം അതിന്റെ സമ്മേളനത്തിലുടനീളം അസ്വസ്ഥപ്പെട്ടത് അധികാര നഷ്ടത്തെക്കുറിച്ച് മാത്രമാണ്. അതിലുപരി യുവാക്കളുടെ അരാഷ്ട്രീയവല്‍ക്കരണവും തൊഴിലില്ലായ്മയും അവയെ കീഴടക്കുന്ന മുതലാളിത്ത ജീര്‍ണതയും യുവജനപ്രസ്ഥാനങ്ങളുടെ പ്രധാന അജണ്ടയായി മാറേണ്ടിയിരിക്കുന്നു. യുവാക്കളുടെ കര്‍മശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും അവര്‍ക്ക് കൃത്യമായി രാഷ്ട്രീയ സദാചാര ബോധം നല്‍കാനും സാധിച്ചെങ്കില്‍ മാത്രമേ യുവജനപ്രസ്ഥാനങ്ങളുടെ നിലനില്‍പിന് ന്യായീകരണമുള്ളൂ. 

അവലംബം: പ്രബോധനം വാരിക(5.6.2010) നടത്തിയ അഭിമുഖം
സോളിഡാരിറ്റി വേട്ടക്ക് പിന്നില്‍ മാഫിയാ താല്‍പര്യങ്ങള്‍

വെബ് സൈറ്റ്
നെറ്റ് വര്‍ക്ക്

4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സോളിഡാരിറ്റി ജമാഅത്ത് അതിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി ഉണ്ടാക്കിയതാണ് എന്ന് എവിടെയും ഞാന്‍ വായിച്ചിട്ടില്ല. ജമാഅത്തിന്റെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളില്‍ യുവാക്കളുടെ പങ്ക് ശരിയായവിധം ഉപയോഗപ്പെടുത്തുവാന്‍ സഹായകമാകുന്ന വിധം രൂപവല്‍കരിച്ച യുവാക്കളുടെ സംഘം. അത് ഒരു സമ്പൂര്‍ണ സംഘടയല്ല. ജമാഅത്തിന്റെ പോഷക ഘടകം മാത്രം. ഇത് മനസ്സിലാകാത്ത സലഫികള്‍ അതിനെ ഡിഫിയുടെ ഒരു പതിപ്പായി വിലയിരുത്തി സംസാരിക്കാറുണ്ട്. തൗഹീദ് പറയുന്നില്ല എന്ന ആരോപണവുമുണ്ട്. എന്നാല്‍ അതിന്റെ മുഴുപ്രവര്‍ത്തനങ്ങളും തൗഹീദില്‍നിന്ന് പ്രചോദനമുള്‍കൊണ്ടാണ് എന്നാണ് ഞാന്‍ കരുതുന്നത്. മത പ്രചരണത്തിനുള്ള സേവനമല്ല. പ്രവാചകന്‍ തനിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പും ശേഷവും ഏതൊരു മാനുഷിക പരിഗണനവെച്ചാണോ ജനങ്ങളെ സേവിച്ചിരുന്നത് അതേ പരിഗണനയോടെ സോളിഡാരിറ്റിയും സമരരംഗത്തിറങ്ങുന്നു. അവിശ്വാസിയായ അവിടുത്തെ 'മയിലമ്മ'യുടെ ചുമടേറ്റിയ പ്രവാചകനെ നയിച്ച വികാരം. അവഗണിക്കപ്പെട്ട് സ്ത്രീകളെ സഹായിക്കാന്‍ വന്ന മൂസാനബിയുടെ അതേ വികാരമാണ്, സോളിഡാരിറ്റിയേയും നയിക്കുന്നത്.ധിക്കാരിയായ അബൂജഹലിന്റെ കയ്യില്‍നിന്ന് ഒരു പാവത്തിന് തന്റെ കിട്ടാനുള്ള കാശ് വാങ്ങികൊടുത്ത പ്രവാചകന്റെ ശൗര്യമില്ലേ അതേ ശൗര്യമാണ് സോളിഡാരിറ്റിക്കുള്ളത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അരമനകളില്‍ അത് ആരുടെയും ഔദാര്യത്തിന് കാത്ത് കെട്ടിനിന്നിട്ടില്ല. അത് മനസ്സിലാക്കാന്‍ മനസ്സില്‍ അല്‍പം ആ വികാരം ഉള്‍കൊള്ളാന്‍ കഴിഞ്ഞാല്‍ മതി. ഇവിടെ വിശദമായ ചര്‍ച ഉദ്ദേശിക്കുന്നില്ല. എങ്കിലും നിങ്ങളുടെ അഭിപ്രായം പറയാം. പ്രബോധനത്തില്‍ വായിക്കുമ്പോള്‍ അതിന് സൗകര്യം ലഭിക്കില്ലല്ലോ.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്
നന്ദി, ഇതിവിടെ പോസ്റ്റിയതിന്

CKLatheef പറഞ്ഞു...

ഷാനു എന്ന ഒരു സുഹൃത്തിന്റെ മെയിലില്‍ കിട്ടിയ കമന്റ് സോളിഡാരിറ്റിയുടെ ദിശാബോധം വ്യക്തമാക്കുന്നതാണ്. അതിനാല്‍ അതിവിടെ ചേര്‍ക്കുന്നു.

*എന്തായാലും ഈ പരമ സാധു നിര്‍ദോഷ മതത്തിന് ജമാഅത്തെ ഇസ്ലാമിയെ കിട്ടില്ല;
സോളിഡാരിറ്റിയെയും. സകല ജീവല്‍ പ്രശ്നങ്ങളിലും ഇടപെട്ട് നന്മയുടെ പക്ഷത്തിന്
ശക്തിപകരാനും തിന്മയുടെ പക്ഷത്തെ പരമാവധി തളര്‍ത്താനും തന്നെയാണ് തീരുമാനം.
അതിന്റെ ഭാഗമായി പള്ളികളില്‍ പ്രസംഗിക്കും, പഞ്ചായത്തില്‍ മത്സരിക്കുകയും
ചെയ്യും. മനുഷ്യര്‍ക്ക് വായിക്കാന്‍ പത്രങ്ങളിറക്കും, പുസ്തകങ്ങള്‍
പ്രസിദ്ധീകരിക്കും. ആശുപത്രികള്‍ സ്ഥാപിക്കും, പലിശ മുക്ത വായ്പാ നിധികള്‍
ഏര്‍പ്പെടുത്തും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പണിയും, തൊഴില്‍ പരിശീലന
കേന്ദ്രങ്ങള്‍ ഉണ്ടാക്കും, മദ്യ വിരുദ്ധ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും,
വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരുടെ സമരത്തില്‍ പങ്കുചേരും,
അഹങ്കാരത്തിന്റെ അതിവേഗ പാത പണിയുന്നവരെ ചെറുക്കും; പരിസ്ഥിതി മലിനീകരണത്തെ
പ്രതിരോധിക്കും, വിഷമഴ പെയ്യിക്കുന്നവരുടെ കൈക്ക് പിടിക്കും, ഇരകളെ
പുനരധിവസിപ്പിക്കും, അനാശാസ്യ കേന്ദ്രങ്ങള്‍ ജനകീയ സമരങ്ങളിലൂടെ
അടച്ചുപൂട്ടിക്കും. ഇക്കാര്യങ്ങളില്‍ ജാതിയും മതവും പാര്‍ട്ടിയും നോക്കാതെ
സുമനസ്സുകളെ സഹകരിപ്പിക്കും. ഇതൊന്നും മതേതര പ്രവൃത്തികളല്ല, ഇസ്ലാമിന്റെ
ചൈതന്യം ഉള്‍ക്കൊണ്ട് പ്രവാചക മാതൃകയില്‍ ചെയ്യുന്ന ഇബാദത്ത്-പുണ്യ കര്‍മം-
തന്നെയാണ്. സുന്നി-മുജാഹിദ് സംഘടനകള്‍ക്ക് ആരാധന മാത്രമാണ് ഇബാദത്തെങ്കില്‍
അവര്‍ ദേവാലയങ്ങളില്‍ കുത്തിയിരിക്കട്ടെ. അതാണ് ഇസ്ലാമെന്ന് പറഞ്ഞ് വിരട്ടരുത്.
*

ബി.എം. പറഞ്ഞു...

when u r organised in the name of a religion, what ever ur explanation about ur activities , that will not be enough to get a secular face. when u lack secular face, u can just develop hateness and doubt among other religion which widen the detachment btween the religions.whatever ur preaching,reality is that all the organisations in the name of religion and a propaganda based on religious ideology finaly creat clashes in the minds of the people. jama athe islami too s doing nothingelase than puting fuel in the religious enymity of the people.that means there r so many brain working not to save but to destroy ... in the name of any god..they wont be forgiven

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK