'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ജൂൺ 21, 2010

ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള വ്യത്യാസം

ജമാഅത്തെ ഇസ്‌ലാമിയും മുജാഹിദും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമെന്താണെന്ന ചോദ്യം വളരെ പ്രസക്തമാണ്. വ്യത്യാസം എന്തുതന്നെയായാലും അത് പ്രകടമാക്കുന്നത് രണ്ട് വിഭാഗത്തിന്റെയും രാഷ്ട്രീയ നിലപാടിലാണെന്നത് ആരും അംഗീകരിക്കുന്ന വസ്തുതയാണ്. അതുകൊണ്ട് നമ്മുക്ക് ഇരുവിഭാഗത്തിന്റെയും വാദം അതിന് വേണ്ടി പരിശോധിക്കേണ്ടതുണ്ട്. മുഹമ്മദ് യുസുഫ് എന്ന ഇസ്‌ലാഹി ബ്ലോഗര്‍ നല്‍കിയ വാചകങ്ങളെയാണ് ഞാന്‍ അതിന് സ്വീകരിച്ചിരിക്കുന്നത്. മുജാഹിദ് സാഹിത്യങ്ങളില്‍ വായിച്ച വാദങ്ങളുമായി അതിന് യോജിപ്പുതോന്നുന്നതിനാല്‍ ഇത് ചര്‍ചക്കായി എടുക്കുകയാണ് വിയോജിപ്പുള്ളവര്‍ക്ക് അറിയിക്കുകയും ചെയ്യാമല്ലോ. അതല്ലാതെ ഇസ്‌ലാഹികളുടെ ഇത്തരത്തിലുള്ള വീക്ഷണം വ്യക്തമായി മനസ്സിലാക്കാന്‍ കഴിയുന്ന ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല എന്നാണ് എനിക്ക് തോന്നുന്നത്. സഹോദരന്‍ യൂസുഫ് അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു:
 
"ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്. ഒന്ന് വിശദമാക്കിയാൽ, കച്ചവടം ദുനിയാവിന്റെ കാര്യമാണ്. എങ്കിലും അത് എങ്ങിനെയാകണം എങ്ങിനെ ആയിക്കൂടാ എന്ന കാര്യത്തിൽ ഇസ്ലാം നിയമങ്ങൾ വെച്ചിട്ടുണ്ട് എന്നത് പോലെ. കച്ചവടം നമസ്കാരം പോലെയുളള ഒരു മതകര്യമല്ല. നമസ്കാരം തുടങ്ങിയവ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച രൂപത്തിലായിരിക്കണം കച്ചവടത്തിൽ പുതിയ മാറ്റങ്ങളും കൂട്ടിചേർക്കലുമൊക്കെ ആകാം. ഭരണത്തിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമ നിർദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിർവാഹണരീതിയിൽ നിയമ വിരുദ്ധമല്ലാത്ത പരിഷ്കാരങ്ങളും ആകാവുന്നതാണ്.

രാഷ്ട്രീയം പോലെ ഇനി ഭൌതികപരമായ ഏതൊരു വിഷയത്തിലും വ്യക്തമായ ഒരു രൂപ രേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ തിരുനബി(സ)യോ പറഞ്ഞിട്ടില്ല. ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിദാനങ്ങൾ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എല്ലാ കാര്യത്തിലും ധർമമേത് അധർമമേത് എന്ന് പഠിപ്പിച്ച് കൊടുക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപെട്ടത്."
 
ഇതില്‍ സ്വന്തം പ്രസ്ഥാനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാദം എനിക്ക് സ്വീകരിക്കാന്‍ കഴിയും. ഇതിനോട് യോജിക്കാന്‍ കഴിയാത്ത ഇസ്ലാഹികളുണ്ടെങ്കില്‍ അവരാണ് അത് പറയേണ്ടത്. എന്നാല്‍ ഇസ്‌ലാഹികളാരും ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു കണ്ടിട്ടില്ല. പക്ഷെ ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം പരിചയപ്പെടുത്തിയതിനെ ഒരു ജമാഅത്ത് കാരനും അംഗീകരികില്ല. ഒരു പ്രസ്ഥാനത്തെക്കുറിച്ച് ഒരാളുടെ വാദം ആ പ്രസ്ഥാനത്തില്‍ ആര്‍ക്കും സ്വീകാര്യമല്ലെങ്കില്‍ അത് വെച്ചുകെട്ടപ്പെട്ട ഒരു ദുരാരോപണമാണ് എന്നാണ് സാധാരണ ഗതിയില്‍ മനസ്സിലാക്കപ്പെടുക. അതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി പറയുന്നു ഇസ്‌ലാം രാഷ്ട്രീയമാണ് എന്നവാദം ഒരു കള്ളാരോപണമോ അല്ലെങ്കില്‍ സഹോദരന് സംഭവിച്ച ഒരു തെറ്റിദ്ധാരണയോ ആണ്. രണ്ടാമത്തേതാണ് എന്ന പരിഗണനയായിരിക്കും ഗുണകാംക്ഷയോട് അടുത്തുനില്‍ക്കുന്നതും കൂടുതല്‍ ഇസ്‌ലാമികവും. അതുകൊണ്ട് ജമാഅത്ത് പറയുന്നതായി ഞാന്‍ മനസ്സിലാക്കിയത് ഇവിടെ കുറിക്കാം.
 
ഇസ്‌ലാം ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ഉള്‍കൊള്ളുന്ന ഒരു സമഗ്രദര്‍ശനമാണ്. അതില്‍ ആരാധനാനുഷ്ഠാനങ്ങളുണ്ട്, ഗാര്‍ഹിക നിയമങ്ങളുണ്ട്, സദാചാരധാര്‍മിക നിയമങ്ങളുണ്ട്. സാമൂഹികസാമ്പത്തിക നിയമങ്ങളുണ്ട്. ക്രിമിനല്‍ രാഷ്ട്രീയ നിയമങ്ങളുണ്ട്. ഇവ മനുഷ്യന് വേണ്ടി നല്‍കപ്പെട്ടതാണ്. ഇസ്്‌ലാമെന്ന് പറയുമ്പോള്‍ ഇതെല്ലാം ഉള്‍കൊള്ളുന്നതാണ്. ഈ സമഗ്രമായ ഇസ്്‌ലാമിനെയായിരിക്കണം മനുഷ്യര്‍ക്ക് പരിചയപ്പെടുത്തേണ്ടത്. ഈ നിയമങ്ങളെല്ലാം ദൈവികമായതിനാല്‍ ഈ രംഗങ്ങളില്‍ മനുഷ്യന് ധൈര്യപൂര്‍വം അവലംബിക്കാന്‍ സാധിക്കുന്ന നിയമങ്ങളാണിത്. ഇവയില്‍ എല്ലാം വിശദമായി ദൈവം നല്‍കിയിട്ടില്ല. പലതും സാഹചര്യമനുസരിച്ച് നിര്‍മ്മിക്കേണ്ടതോ മാറ്റം ആവശ്യമുള്ളതോ ആയിരിക്കും. മാത്രമല്ല ഏത് വിഷയത്തിലും എ ടു സെഡ് നിയമങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടില്ല. അത് മനുഷ്യന്റെ പരിമിതിയാണ്. അല്ലാഹുവിന്റെ പരിമിതിയല്ല. വിവിധ സാഹചര്യങ്ങള്‍ക്ക് വ്യത്യസ്ഥമായ നിയമങ്ങള്‍ മുന്‍കൂട്ടി ക്രോഡീകരിച്ച് വെക്കുക പ്രായോഗികമല്ല. എന്നാല്‍ അവയിലൊക്കെ ഇസ്്‌ലാമിന്റെ നിയമനിര്‍മാണത്തിന്റെ സ്രോതസുകള്‍ പാലിക്കപ്പെടുകയാണെങ്കില്‍ അവയൊക്കെയും ദൈവികനിയമങ്ങളുടെ പവിത്രത അവകാശപ്പെടാവുന്നതാണ്.

ആരാധനാ കാര്യങ്ങള്‍ പോലെയുള്ളവയില്‍ അത്തരം നിയമനിര്‍മാണത്തിനുള്ള അവസരം വളരെ കുറവായിരിക്കും എങ്കിലും അതിലും ഗവേഷണത്തിലും വിശുദ്ധഖുര്‍ആനും നബിചര്യയും പരിഗണിച്ച് പരിഷ്‌കരണവും ചില്ലരമാറ്റവും പുതിയ രൂപവും സാധ്യമാണ്. അത് ഇന്നോളം നിര്‍വഹിക്കപ്പെടുന്നുമുണ്ട്. അതോടൊപ്പം ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കാനാവശ്യമായ ഭൗതിക സാഹചര്യമൊരുക്കുന്ന വിഷയത്തിലും ചില സ്വാതന്ത്ര്യം നല്‍കപ്പെട്ടിട്ടുണ്ട്. ഉദാഹരണം പള്ളിനിര്‍മിക്കുക എന്ന ആരാധനാകര്‍മവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രശ്്‌നങ്ങള്‍ക്ക് നമ്മുക്ക് പരിഹാരം കാണാവുന്നതാണ്. എപ്രകാരമുള്ളതായിരിക്കണം പള്ളി എന്ന് നമ്മുക്ക് തീരുമാനിക്കാം. മറ്റു സാമ്പത്തിക വിഷയത്തിലും അതിന് സാധ്യതയുണ്ട്. പലിശ വ്യക്തമായി നിരോധിച്ചിരിക്കുന്നു. എന്നാല്‍ ഇന്ന് സാമ്പത്തിക മേഖലയില്‍ കടന്നുവരുന്ന പുതിയ പ്രവണതകല്‍ക്ക് ഇജ്തിഹാദിന്റെ അടിസ്ഥാനത്തില്‍ നിയമം കണ്ടെത്തുകയും അത് പിന്തുടരപ്പെടുകയും ചെയ്യുന്നു. കച്ചവടം കൃഷി മറ്റു സേവനജോലികള്‍ എന്നിവയിലൊന്നും ദീനിന്റെ പ്രത്യേകം നിര്‍ദ്ദേശമില്ല എന്ന് ആര്‍ക്കും വാദമുണ്ടാകില്ല. എന്നാല്‍ നമസ്‌കാരം പോലെ നമ്മോട് കല്‍പിച്ചിട്ടില്ല എന്ന വാദമുന്നയിക്കപ്പെടുന്നു. മനുഷ്യന്റെ ജീവിതായോധനത്തിനുള്ള ശ്രമം ദുനിയാവിന്റെ കാര്യമാണെന്ന് പറയുന്നത് ശരിയാവില്ല എന്നാണ് ജമാഅത്ത് കരുതുന്നത്. ഇവയ്ക്ക് ദൈവിക കല്‍പനയില്ല എന്ന വാദം ശരിയല്ല. സൂറത്തുല്‍ ജുമുഅയില്‍ (62) ഇങ്ങനെ വായിക്കുക. 

 
 
(9) അല്ലയോ വിശ്വസിച്ചവരേ, വെള്ളിയാഴ്ച ദിവസം നമസ്കാരത്തിനു വിളിക്കപ്പെട്ടാല്‍ ദൈവസ്മരണയിലേക്ക് ഓടിവരിക. കൊള്ളക്കൊടുക്കകളുപേക്ഷിക്കുക. അതാണ് ഏറെ ശ്രേഷ്ഠമായിട്ടുള്ളത്-നിങ്ങള്‍ അറിയുന്നുവെങ്കില്‍. 
 
(10) പിന്നെ നമസ്കാരം നിര്‍വഹിച്ചു കഴിഞ്ഞാല്‍, ഭൂമിയില്‍ വ്യാപിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം തേടുകയും ചെയ്തുകൊള്ളുക, അല്ലാഹുവിനെ അധികമധികം സ്മരിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് വിജയസൌഭാഗ്യമുണ്ടായേക്കാം.

ഇതില്‍ ഒമ്പതാം സൂക്തം ദീന്‍കാര്യവും പത്താം സൂക്തം ദുന്‍യാകാര്യത്തിനുമാണ് എന്ന വിഭജനം സാധ്യമല്ല എന്ന ഞാന്‍ കരുതുന്നു. ദീനാണെങ്കില്‍ രണ്ടും ദീന്‍ ദുന്‍യാ കാര്യമാണെങ്കില്‍ രണ്ടും അതെ. ഇനി ഒന്ന് നിര്‍ബന്ധവും മറ്റേത് ഹലാലെന്നും കരുതാമോ എന്തടിസ്ഥാനത്തില്‍. അപ്പോള്‍ കൃഷിചെയ്യാനും കച്ചവടം ചെയ്യാനും അല്ലാഹുവിന്റെ കല്‍പനയുണ്ട്. പക്ഷെ ഒരു കാര്യം, ഭൂമിയില്‍ വ്യാപരിച്ച് ജീവിതവിഭവം തേടേണ്ടതിന് ഏത് രൂപം സ്വീകരികണം എന്ന് നിര്‍ണയിച്ചിട്ടില്ല. അത് കച്ചവടമോ കൃ്ഷിയോ മറ്റുവല്ലതോ ആകാം. അത്രയേ അതില്‍ കഴിയൂ എന്നതല്ലേ സത്യം. ഇനി കച്ചവടത്തിലേക്കും കൃഷ്ടിയിലേക്കും പ്രവേശിച്ചാലും അവിടെ ദൈവസ്മരണയുണ്ടെങ്കില്‍ അതിന്റെ പേരാണ് ഇബാദത്ത്. നമസ്‌കാരത്തിലും വേണ്ടത് അത് തന്നെ അതില്ലാത്ത നമസ്‌കാരം ഇബാദത്താകാത്തത് പോലെ കൃഷിയും കച്ചവടവും ഇബാദത്താകുകയില്ല. ഇബാദത്താകാത്ത കര്‍മങ്ങളെ വേണമെങ്കില്‍ നമ്മുക്ക് ദുന്‍യാവിന്റെ കര്‍മങ്ങള്‍ എന്ന് വിളിക്കാം. എല്ലാ കാര്യങ്ങളെയും ദൈവസ്മരണയിലൂടെയും ദൈവികനിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്ന് തത്വത്തിലൂടെയും ദീന്‍കാര്യമാക്കി മാറ്റാം. അപ്പോള്‍ മുസ്‌ലിമല്ലാത്ത ഒരാള്‍ ഈ കാര്യമൊക്കെ ചെയ്യുമ്പോള്‍ അയാള്‍ ചെയ്യുന്നത് ദീനിന് വേണ്ടിയല്ല അദ്ദേഹത്തിന്റെ ദുനിയാവിന് വേണ്ടിയാണ്. എന്നാല്‍ ഒരു മുസ്ലിം അതേ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അദ്ദേഹം ദീനീ കാര്യമാണ് ചെയ്യുന്നത് അതിന് അദ്ദേഹം പ്രതിഫലാര്‍ഹമാകുകയും ചെയ്യും. രാഷ്ട്രീയവും ഇതില്‍നിന്ന് മുക്തമല്ല. തെരഞ്ഞെടുപ്പിന്റെ ഒരു നിശ്ചിത രൂപം നല്‍കപ്പെട്ടില്ല എന്ന് വെച്ച് അത് ദുന്‍യാ കാര്യമാവില്ല. രാഷ്ട്രീയത്തില്‍ ദീക്ഷിക്കപ്പെടേണ്ട നൂറ് കണക്കിന് നിയമനിര്‍ദ്ദേശങ്ങളുണ്ട്. രാജ്യം ഭരിക്കപ്പെടുന്നത് ദൈവിക നിയമങ്ങള്‍കൊണ്ടായിരിക്കുക എന്നതാണ് അതിലെ പരമപ്രധാനമായ നിര്‍ദ്ദേശം. അത് ലംഘിക്കുന്ന പക്ഷം കുറ്റകരമാണ്. പ്രവാചകന്റെ അനുചരന്‍മാര്‍ തെരഞ്ഞെടുപ്പിന്റെ വിവിധരൂപങ്ങള്‍ കാണിച്ചുതന്നു. അതിന്റെ സന്ദേശം യുക്തം പോലെ ലക്ഷ്യം നേടാനുപകരിക്കുന്ന അത്തരം മാര്‍ഗങ്ങളിലേതും തെരഞ്ഞെടുക്കാമെന്നാണ്. ആധുനിക കാലഘട്ടത്തിലെ ബാലറ്റ് പേപറും അതേ തത്വം ഉപയോഗിച്ച് നമ്മുക്ക് സ്വീകരിക്കാം. സാമ്പത്തിക രംഗത്തും അതിന് തനതായ കാഴ്ചപ്പാടുണ്ട്. സമ്പത്ത് ദൈവത്തിന്റെത് എന്നതാണ് അത്. രാഷ്ട്രത്തിന്റെതാണെന്ന കമ്മ്യൂണിസത്തിന്റെയും വ്യക്തിയുടെതാണെന്ന് മുതലാളിത്തത്തിന്റെയും മധ്യയുള്ള ഒരു നിലപാട്. മനുഷ്യന്‍ സമ്പത്തിന്റെ കൈകാര്യകര്‍ത്താവും താല്‍കാലികമായ ഉടമയും മാത്രം. യഥാര്‍ഥ ഉടമ ആവശ്യപ്പെടുന്നതിനനുസരിച്ചായിരിക്കണം അതില്‍ ഇടപാട് നടത്തേണ്ടത്. അവന്‍ ചെലവഴിക്കാന്‍ പറഞ്ഞതില്‍ ചെലവഴിക്കുകയും പാടില്ലെന്ന് പറഞ്ഞതില്‍ ചെലവഴിക്കാതിരിക്കുകയും ചെയ്യണം.
ഇവിടെയൊക്കെ മനുഷ്യന്‍ വ്യക്തിപരമായി ചിലധാര്‍മിക പരിധികള്‍ പാലിക്കുന്നത് കൊണ്ട് മാത്രമല്ല അതല്ലാം ഇബാദത്തായി മാറുന്നത്. മനുഷ്യന്‍ ധാര്‍മികനാകുക എന്നത് വ്യക്തിയില്‍നിന്ന അല്ലാഹു ആവശ്യപ്പെടുന്ന ഗുണമാണ്. എല്ലാകാര്യത്തിലും ധര്‍മമേത് അധര്‍മേത് എന്ന് പഠിപ്പിക്കാനാണ് പ്രവാചകന്‍മാര്‍ നിയോഗികപ്പെട്ടത് എന്നത് ശരിയാകണമെങ്കില്‍ ഞാന്‍ മേല്‍ പറഞ്ഞ കാര്യങ്ങളെ തത്വികമായി ഉള്‍കൊണ്ടിരിക്കണം അല്ലെങ്കില്‍ ആ വാക്കുകള്‍ അര്‍ഥ ശോഷണം സംഭവിക്കും. ഒരു ഭൗതികവാദിക്ക് രാഷ്ട്രീയ തനി ഭൗതിക കാര്യവും ഒരു മുസ്‌ലിമിന് രാഷ്ട്രീയം തനി ദീന്‍കാര്യവുമാണ് എന്ന് ജമാഅത്തെ ഇസ്ലാമി മനസ്സിലാക്കുന്നു. അല്ലാതെ ഇസ്‌ലാഹി ആരോപിച്ച പോലെ ഇസ്‌ലാമെന്നാല്‍ രാഷ്ട്രീയമാണ് എന്ന് മനസ്സിലാക്കുന്നവരല്ല ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകര്‍.

7 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇവിടെ മുജാഹിദിന്റെ നിലപാട് യൂസുഫും ജമാഅത്ത് നിലപാട് ഞാനും വിശദീകരിച്ചു. അതുകൊണ്ട് രണ്ട് വിഭാഗത്തിലെയും ആളുകള്‍ക്ക് കൂട്ടിചേര്‍ക്കലുകളും വിയോജിപ്പുകളും രേഖപ്പെടുത്താം. ആര്‍ക്കും ഒന്നും പറയാനില്ലെങ്കില്‍ ഈ പോസ്റ്റ് ഈ വിഷയത്തില്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നു എന്ന് ഞാന്‍ ആശ്വസിക്കു.

Muneer പറഞ്ഞു...

വ്യഭിചാരം, പലിശ, മദ്യപാനം, പൂഴ്ത്തിവെപ്പ്, ഭ്രൂണഹത്യ, കൊലപാതകം, മോഷണം, കരാര്‍പാലനം, വിവാഹം തുടങ്ങിയ സാമൂഹ്യ കാര്യങ്ങള്‍/പ്രശ്നങ്ങള്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ച്, അതതു പ്രദേശവും കാലവും ആവശ്യവുമനുസരിച്ചു മാറ്റത്തിന് വിധേയമാണോ? വേറൊരു വിധത്തില്‍ ചോദിച്ചാല്‍ ഇത്തരം സാമൂഹ്യ കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതില്‍ പരമാധികാരം ദൈവത്തിനാണോ അതോ ഭൂരിപക്ഷ അഭിപ്രായത്തിനാണോ? ഏതാണ് ഇസ്ലാമിക വീക്ഷണം എന്നറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

ഈ ചോദ്യം ഞാന്‍ പല മുജാഹിദ് സുഹൃത്തുക്കളോടും ചോദിച്ചു. ബ്ലോഗിലും ചോദിച്ചു. പക്ഷെ ആരും വ്യക്തമായ മറുപടി തരുന്നില്ല. തന്നാല്‍ അവര്‍ക്കറിയാം, 'ഭൂരിപക്ഷത്തിന്‍റെ ഇഷ്ട പ്രകാരം' സകല നിയമങ്ങളും പടച്ചുവിടാം എന്ന ജനാധിപത്യ തത്വം തൌഹീദിന് വിരുദ്ധമാണെന്ന് സമ്മതിക്കേണ്ടി വരും എന്ന്.

Mohamed Salahudheen പറഞ്ഞു...

സ്ഥാപനവല്ക്കരിക്കപ്പെടുന്ന എല്ലാ സമുദായസംഘടനകളുടെയും നേതാക്കളെ ശ്രദ്ധിച്ചാല് ഒരുകാര്യം പിടികിട്ടും. സമുദായത്തിലെ യഥാര്ഥ പ്രശ്നങ്ങളെക്കുറിച്ച് അവര് സംസാരിക്കില്ല, ഉദാഹരണത്തിന് ഐക്യം, രാഷ്ട്രീയയോജിപ്പ്, സ്ത്രീധനവിരുദ്ധത, കവലത്തല്ലുകള് (സംവാദമെന്നു പേരിടും), പലിശദ്രോഹം, ഹജ്ജാജികളുടെ പ്രശ്നങ്ങള് എല്ലാം രാഷ്ട്രീയപ്രശ്നങ്ങള് മാത്രമായി ഒതുക്കുന്നത് ലീഗിനെയും സി.പി.എമ്മിനെയും പോലുള്ള സംഘടനകളാണ്. അവര്ക്ക് കൊടിപിടിക്കുന്ന സമുദായസംഘടനകളോ, ഇതൊക്കെ സംസാരിക്കുന്നവനെ തീവ്രവാദിയും ചരിത്രത്തിലെ തെറ്റുകാരനുമായി കള്ളസത്യമിടുകയും ചെയ്യും.

Azeez Manjiyil പറഞ്ഞു...

ഇസ്‌ലാമിനെ യഥാവിധി പഠിക്കുകയും വിശുദ്ധ ഖുര്‍ആന്‍ മുന്‍ ധാരണകളില്ലാതെ വായനയ്‌ക്ക് വിധേയമാക്കുകയും ചെയ്‌താല്‍ ജമാഅത്ത്‌ നിലപാടുകള്‍ വ്യക്തമായും മനസ്സിലാകും .

Moh'd Yoosuf പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

ORU JAMAAT MEMBERINTE MATHA PARAMAYA, RASHTREEYA, SAMBATHIKA, ENVIRONMENNT, SAMOOHIKA, SOCIAL DECISIONS ELLAM, ISLAMIKA/PARTY AYIRIKUM EDUKKUKA.


ORU MUJAHID MEMBERINTE MATHA PARAMAYA DECISION MUJAHID /ISLAMIKA /PARTY EDUKKUM. ENNAL RASHTREEYA THEERUMMANANGAL MUSLIM LEAGUE, CONGRESS, CPI, CPM, JANATHA DAL, RSP, BSP, PDP, INL ENNEE PARTIKALAYIRIKUM EDUKKUKA.

INI SAMBATHIKA MAYA THEERUMANANGAL SOCIALIST/ CAPITALIST THEERUMANGALAYIRIKUM

ENVIRONMENTINTE VISHAYATHIL............ MUJAHID EDUKKUNNA THEERUMANAVUMAYI RASHTREEYA PARTIKALUDE THEERUMANGAL ETTUMUTTUM.

ENNAL JAMAATHITE KARYATHIL ELLA THEERUMANGALUM PARTY/ISLAMI AYIRIKUM.

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന്റെ തുടര്‍ച :
രാഷ്ട്രീയത്തില്‍ ഇസ്‌ലാഹികളുടെ നിലപാടില്ലായ്മ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK