'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഓഗസ്റ്റ് 18, 2010

അരുത്; ഈ കളി തീക്കളിയാണ്.

പ്രഫ.കെ.എ. സിദ്ദീഖ് ഹസന്‍ സാഹിബിന്റെ അരുത് മക്കളേ, അരുത്! ലേഖനത്തിലെ പ്രസക്തഭാഗങ്ങള്‍ ഇവിടെ പകര്‍ത്തുന്നു. 18-08-2010 പ്രസിദ്ധീകരിച്ച മാധ്യമം ദിനപത്രത്തില്‍നിന്ന്:
 
മലയാള മണ്ണിന്റെ ഉപ്പും ചോറും തിന്നുവളര്‍ന്ന് കഴിഞ്ഞ ആറുപതിറ്റാണ്ടത്തെ അതിന്റെ വികാസപരിണാമങ്ങള്‍ കണ്ട ഒരു സാധാരണപൗരന്റെ ആത്മാലാപങ്ങളാണിത്. ഒരുവേള ഇനിയും മൗനം പാലിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന ചിന്തയാണ് ഈ കുറിപ്പിന് പ്രേരകം. ഇന്ത്യയുടെ ഭൂപടത്തില്‍ മലയാളമണ്ണിന്റെ സ്ഥാനം ഒന്നു വേറെത്തന്നെയായിരുന്നു. സാക്ഷരതയിലും സംസ്‌കാരത്തിലും സമുദായങ്ങള്‍ തമ്മിലെ ഇഴയടുപ്പത്തിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനത്തിന്റെയും മുന്‍പന്തിയിലായിരുന്നു നമ്മള്‍. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തും ദൃശ്യമാവാത്ത ഐക്യവും സൗഹാര്‍ദവും മലയാള മണ്ണിന്റെ ഊടും പാവുമായി മാറി. ഒരേ ബെഞ്ചിലിരുന്ന് ഹിന്ദുവും മുസ്‌ലിമും ക്രിസ്ത്യാനിയും പഠിച്ചു. ഒരേ ജീവിതരീതി പുലര്‍ത്തി. നാനാത്വത്തിലെ ഏകത്വം നാടിന്റെ ആത്മസത്തയായി വര്‍ത്തിച്ചു. മഹത്തായ ഈ വളര്‍ച്ചയില്‍ എല്ലാ വിഭാഗം ജനങ്ങളും പങ്കുവഹിച്ചു.

ആ നല്ല നാളുകള്‍ പയ്യെപ്പയ്യെ വിടപറയുകയാണോ എന്ന ഭീതി മനസ്സിനെ വേട്ടയാടുന്നു. പവിത്രമായ നമ്മുടെ മണ്ണും വെള്ളവുമെല്ലാം വിഷമയമായി മാറിക്കഴിഞ്ഞു. കൊല്ലും കൊലയും മാഫിയാ സംസ്‌കാരവും നമ്മെ ഏതോ അധോലോകത്തിലേക്ക് നയിക്കുന്നു. ഇവിടെ കച്ചിത്തുരുമ്പായി ബാക്കിയുണ്ടായിരുന്ന മതസൗഹാര്‍ദത്തിന്റെ കടക്കലും കത്തിവീഴുകയാണോ?

ചില്ലറ നേട്ടങ്ങള്‍ക്കുവേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയത കളിക്കുന്നത് ദുഃഖകരമെന്നേ പറയേണ്ടൂ. രാഷ്ട്രീയ എതിരാളിയെ തീവ്രവാദിയാക്കുന്ന രീതി എലിയെ കൊല്ലാന്‍ ഇല്ലം ചുടലാണ്. വി.ആര്‍. കൃഷ്ണയ്യരുടെ വാക്കുകള്‍ കടമെടുക്കട്ടെ: ബ്രിട്ടീഷുകാരുടെ കാലത്ത് രാജ്യദ്രോഹികളെന്ന് പറഞ്ഞു അവര്‍ കോണ്‍ഗ്രസുകാരെ പിടിച്ചുകൊണ്ടുപോയി. കോണ്‍ഗ്രസുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ രാജ്യദ്രോഹികളെന്നു പറഞ്ഞു കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊണ്ടുപോയി. കമ്യൂണിസ്റ്റുകാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നക്‌സലേറ്റുകളെന്നു പറഞ്ഞു നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പോരാടുന്ന ആദിവാസികളെയും ദലിതരെയും പിടിച്ചുകൊണ്ടുപോവുകയാണ്. കോണ്‍ഗ്രസുകാരനാവുക എന്നത് ഒരുകാലത്ത് രാജ്യദ്രോഹമായിരുന്നു.  രാജഭരണകാലത്ത് രാജാവിന്റെ ഇംഗിതമായിരുന്നു നീതി. ബ്രിട്ടീഷ് ഭരണകാലത്ത് സാമ്രാജ്യത്വശക്തികളുടെ ഇംഗിതവും. എന്നാല്‍, രാജവാഴ്ചയില്‍ നിന്നും, വിദേശാടിമത്തത്തില്‍നിന്നും സ്വാതന്ത്ര്യം പ്രാപിച്ചു ജനകീയ ജനാധിപത്യരാജ്യമായി മാറിയ ശേഷവും, അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടി പോരാടുന്നവരെ രാജ്യദ്രോഹികളും തീവ്രവാദികളുമാക്കുന്ന സമ്പ്രദായം ക്രൂരമാണ്.

രാഷ്ട്രീയത്തിലെ വര്‍ഗീയത ഇന്റലിജന്‍സിലേക്കും പൊലീസിലേക്കും വ്യാപിച്ചില്ലേ? ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ഹിന്ദുത്വ ഭീകരത നാടിനെ എവിടെയെത്തിച്ചുവെന്ന് നമുക്കറിയാം. രാഷ്ട്രപിതാവ് മഹാത്മജിയുടെ വധം അതിന്റെ തുടക്കമായിരുന്നു. ബാബരി മസ്ജിദിന്റെ തകര്‍ച്ചയായിരുന്നു വരുന്ന ഘട്ടം. ഗുജറാത്തിലെ വംശഹത്യ അതിന്റെ ക്ലൈമാക്‌സായിരുന്നു. ഹിന്ദുത്വ പരീക്ഷണത്തിന്റെ മോഡി മോഡല്‍ ഗുജറാത്തില്‍ തുടങ്ങി കര്‍ണാടകയില്‍ ആവര്‍ത്തിച്ച് കേരളത്തിലേക്കും അത് പറിച്ചുനടാനുള്ള തത്രപ്പാടിലാണ് ഹിന്ദുത്വ ഭീകരര്‍. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഇന്നിപ്പോള്‍ സെക്കുലര്‍പാര്‍ട്ടികളും രാഷ്ട്രീയ ലാഭത്തിനുവേണ്ടി വര്‍ഗീയകാര്‍ഡ് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസായാലും ഇടതുപക്ഷമായാലും ഒന്നേ എനിക്ക് പറയാനുള്ളൂ: ഇക്കളി തീക്കളിയാണ്. ഈ പോക്ക് രാജ്യത്തെ സര്‍വനാശത്തിലേക്കാണ് നയിക്കുക. കോണ്‍ഗ്രസിലും ഇടതുപക്ഷത്തും വിവേകമതികളായ ഒരുപാട് നേതാക്കളുണ്ട്. അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. രാജ്യത്ത് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് തിരിച്ചറിയണം.

ഗുജറാത്ത് കലാപവേളയില്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍നിന്നെത്തിയ ഒരു സംഘം മുസ്‌ലിം ചെറുപ്പക്കാരോട്, തിരിച്ചുവരവെ വണ്ടിയില്‍നിന്നു പരിചയപ്പെടാനിടയായ ഒരു ഹിന്ദു യുവാവ് പറഞ്ഞു: കലാപത്തിന്റെ നാളുകളില്‍ മുസ്‌ലിമിനെ എവിടെ കണ്ടാലും കൊല്ലണമെന്നായിരുന്നു എന്റെ ചിന്ത. കാരണം, കലാപത്തിനു മാസങ്ങള്‍ക്കു മുമ്പേ മുസ്‌ലിംകള്‍ ഹിന്ദുപെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നതും ബലാല്‍സംഗം ചെയ്യുന്നതുമായ നൂറുനൂറു കഥകള്‍ പത്രമാധ്യമങ്ങളിലൂടെയും കരക്കമ്പിയായും പ്രചരിച്ചത് കേട്ട് രക്തം തിളച്ചുനില്‍ക്കുകയായിരുന്നു. ഈ പ്രചരണതന്ത്രം ഇന്ന് രാജ്യത്തിന് ഒരു പൊതുമനസ്സാക്ഷി സമ്മാനിച്ചുകഴിഞ്ഞു. പാര്‍ലമെന്റ് ആക്രമണേകസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍, സുപ്രീംകോടതി പോലും ചൂണ്ടിക്കാട്ടിയ 'പൊതു മനസ്സാക്ഷി'. ഇന്ന്, ഒരു അഫ്‌സല്‍ ഗുരു മാത്രമല്ല ഓരോ മുസ്‌ലിമും പയ്യെപ്പയ്യെ ഈ പൊതു മനസ്സാക്ഷിക്കു മുമ്പില്‍ കുറ്റവാളികളാണ്; ആയിക്കൊണ്ടിരിക്കുന്നു.

മാലേഗാവ് സ്‌ഫോടനത്തില്‍ നൂറുകണക്കിന് മുസ്‌ലിംചെറുപ്പക്കാരെ, അറസ്റ്റുചെയ്ത് പരേഡ് നടത്തിയ ഡി.ഐ.ജി പ്രതികളെ തിരിച്ചറിഞ്ഞതായും അവര്‍ കുറ്റം സമ്മതിച്ചതായും പ്രഖ്യാപിച്ചു. അവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് ലോക്കപ്പിലും ജയിലിലും കൊടിയ പീഡനങ്ങള്‍. ഇപ്പോള്‍ എട്ടു വര്‍ഷത്തിനുശേഷം, ഇരകളൊക്കെ ജീവച്ഛവമായി മാറിയശേഷം, മഹാരാഷ്ട്ര പൊലീസിന്റെ എ.ടി.എസ് തുറന്നു പറയുന്നു; ഹിന്ദു ഭീകരരാണ് അതു ചെയ്തതെന്ന്. മാലേഗാവില്‍ മാത്രമല്ല, നാന്ദേഡിലും ഹൈദരാബാദിലെ മക്കാ മസ്ജിദിലും രാജസ്ഥാനിലെ അജ്മീറിലും ജയ്പൂരിലും പുണെയിലും സംഝോതാ എക്‌സ്‌പ്രസിലും ബോംബുവെച്ചത് ഹിന്ദു ഭീകരരാണുപോലും. ഈ പേരില്‍ മുമ്പ് അറസ്റ്റുചെയ്യപ്പെട്ടവരും പീഡിപ്പിക്കപ്പെട്ടവരും ഇപ്പോഴും ജീവച്ഛവങ്ങളായി ജയിലില്‍ കഴിയുന്നു.  ഇന്റലിജന്‍സും പൊലീസും മീഡിയയും ചേര്‍ന്ന് നടത്തുന്ന വേട്ടയില്‍ അധികാരികളും പങ്കുചേരുമ്പോള്‍ എന്തു സംഭവിക്കുമെന്ന് ഓര്‍ത്തുനോക്കുക. ഗുജറാത്തുകളുണ്ടാവുന്നത് ഒറ്റ രാത്രികൊണ്ടല്ല. നെടുനാളത്തെ ആസൂത്രിത പ്രചാരവേലയുടെ ആകത്തുകയായാണ്. മുമ്പേ നിലനില്‍ക്കുന്ന മുന്‍വിധികളെ ശക്തിപ്പെടുത്തുന്ന പ്രചാരണങ്ങള്‍ വര്‍ഗീയ ചേരിതിരിവിന് ആക്കംകൂട്ടും. ഒറ്റപ്പെട്ട സംഭവങ്ങളെ മതത്തോടും സമുദായത്തോടും ചേര്‍ത്ത് ഭീകരതയായി അവതരിപ്പിക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തും ആവര്‍ത്തിക്കുകയാണ്. ലൗജിഹാദിലും തടിയന്റവിടെ നസീറുമായും ബസ് കത്തിക്കലുമായും ബന്ധപ്പെട്ട വാര്‍ത്തകളിലും അതുതന്നെയാണ് സംഭവിച്ചത്.

തങ്ങളുടെ കൂടെ നില്‍ക്കുമ്പോള്‍ മതേതരനും ജനാധിപത്യവാദിയും എതിരാവുമ്പോള്‍ തീവ്രവാദിയുമാകുന്ന ഏര്‍പ്പാട് കൊണ്ട് ചില്ലറ രാഷ്ട്രീയ നേട്ടങ്ങളുണ്ടായേക്കാം. എന്നാല്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തിന്റെ സാമുദായികാന്തരീക്ഷം കലുഷമാക്കാനും വര്‍ഗീയ ശക്തികള്‍ക്ക് മുതലെടുക്കാനും അത് അവസരമൊരുക്കും. കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നേതൃത്വം ഇതിന്റെ ഭവിഷ്യത്തിനെ പറ്റി അവധാനപൂര്‍വം ആലോചിക്കണം. എലിയെ കൊല്ലാന്‍ ഇല്ലം ചുടരുത്. മഅ്ദനി നീണ്ട പത്തു കൊല്ലം ജയിലില്‍ കിടന്ന ശേഷം നിരപരാധിയെന്ന പേരില്‍ വിട്ടയക്കപ്പെട്ടയാളാണ്. ജയിലില്‍നിന്നു പുറത്തുവന്നയുടനെ തന്റെ വീഴ്ചകള്‍ ഏറ്റുപറയുകയും പുതിയ ജീവിതം നയിക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇനിയും രോഗിയും അവശനുമായ അദ്ദേഹത്തെ വേട്ടയാടുന്നതു നീതിയല്ല. സങ്കുചിത രാഷ്ട്രീയതാല്‍പര്യങ്ങള്‍ മാറ്റിവെച്ച് മഅ്ദനിക്ക് മാനുഷികനീതി ലഭ്യമാക്കാന്‍ രാഷ്ട്രീയസംഘടനകളും പൗരസമൂഹവും മുന്നോട്ടു വരണം.

ഒരുഘട്ടത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുമായി കൂട്ടുകൂടുകയും വോട്ടുവാങ്ങുകയും ചെയ്ത ഇടതുപക്ഷം ഇപ്പോള്‍ ആ സംഘടനയെ തീവ്രവാദിയാക്കി മുദ്രകുത്തുന്നത് എന്തിന്റെ പേരിലാണെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ 70 വര്‍ഷമായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന വര്‍ഗീയതക്കും സാമ്രാജ്യത്വ ഭീഷണിക്കുമെതിരെ പടയണി തീര്‍ക്കുന്ന മാനുഷിക പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി. അഖിലേന്ത്യാതലത്തില്‍ ഇപ്പോഴും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും സാമ്രാജ്യത്വത്തിനെതിരെയും ഇടതുപക്ഷവും ജമാഅത്തെ ഇസ്‌ലാമിയും വേദി പങ്കിടാറുണ്ട്. യോജിച്ച നീക്കങ്ങള്‍ നടത്താറുണ്ട്. മൂന്നുവര്‍ഷം മുമ്പ് ദല്‍ഹിയിലെ എ.കെ.ജി ഭവനില്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നേതാക്കള്‍ ഒരുമിച്ചിരുന്ന് ഇക്കാര്യത്തില്‍ ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയതാണ്. അതില്‍ പങ്കെടുത്തയാളെന്ന നിലക്ക് മാര്‍ക്‌സിസ്റ്റ്‌നേതൃത്വവും ഇടതുപക്ഷവും കേരളത്തില്‍ ഇപ്പോള്‍ എടുത്ത നിലപാട് പുനരാലോചനക്ക് വിധേയമാക്കണമെന്ന് ഞാന്‍ ശക്തിയായി ആവശ്യപ്പെടുന്നു. പണ്ടുകാലത്ത് മാര്‍ക്‌സിസ്റ്റുപാര്‍ട്ടി ജമാഅത്തെ ഇസ്‌ലാമിക്കെതിരെ എഴുതിയതും പറഞ്ഞതും സംബന്ധിച്ച് പോളിറ്റ് ബ്യൂറോ മെംബര്‍ എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത് അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ എന്നാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും അതിനു മുമ്പത്തെ തെരഞ്ഞെടുപ്പിലും യു.പി.എ ഗവണ്‍മെന്റിനെ അധികാരത്തിലേറ്റിയതില്‍ മുസ്‌ലിംവോട്ടുകള്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. എല്ലാ കോണ്‍ഗ്രസുകാരും സമ്മതിക്കുന്ന ഒരു സത്യമാണത്. ദേശീയതലത്തില്‍ യു.പി.എക്ക് അനുകൂലമായി വോട്ട് സ്വരൂപിക്കുന്നതില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ മുസ്‌ലിംസംഘടനകള്‍ വഹിച്ച പങ്ക് സുവിദിതമാണ്. എല്ലാ അഭിപ്രായവ്യത്യാസങ്ങളോടുമൊപ്പം, രാജ്യത്തെ മതേതരശക്തിയെന്ന നിലക്ക് കോണ്‍ഗ്രസിനനുകൂലമായ നിലപാടാണ് ജമാഅത്ത് എടുത്തുപോന്നിട്ടുള്ളത്. ഇപ്പോള്‍ മാര്‍ക്‌സിസ്റ്റുകളും ഇടതുപക്ഷവും രാഷ്ട്രീയലാഭം മുന്നില്‍കണ്ട് തീവ്രവാദി മുദ്ര ചാര്‍ത്തുമ്പോള്‍ ഹിന്ദുവോട്ട് നഷ്ടപ്പെടുമോ എന്ന ഭയത്താല്‍ കോണ്‍ഗ്രസ്‌നേതാക്കളില്‍ ചിലരെങ്കിലും ജമാഅത്തെ ഇസ്‌ലാമിക്ക് തീവ്രവാദ മുദ്രചാര്‍ത്താന്‍ വെമ്പുന്നത് അപഹാസ്യമാണ്. ജമാഅത്ത് തീവ്രവാദപ്രസ്ഥാനമാണോ എന്ന് കരുണാകരനോടും ആന്റണിയോടും മുല്ലപ്പള്ളിയോടും സുധീരനോടും ചോദിച്ചു മനസ്സിലാക്കുന്നത് നന്ന്.

മതസംഘടനകളുടെ കാര്യം കഷ്ടം തന്നെ. തങ്ങളുടെ കണ്‍വെട്ടത്തിനപ്പുറത്ത് ഒന്നും കാണാന്‍ കഴിയാത്തവരാണവര്‍. എത്ര വേഗമാണവര്‍ എതിരാളിയുടെ നേര്‍ക്കു കുഫ്ര്‍ഫത്‌വയും തീവ്രവാദഫത്‌വയും കാച്ചിയെടുക്കുന്നത്. അവരെ വെറുതെ വിടുക. താങ്കളെപ്പോലെ പക്വമതിയായ ഒരു രാഷ്ട്രീയനേതാവ് അവരെയൊക്കെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയാണു വേണ്ടത്. ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെയോ മതസംഘടനയുടെയോ തണലിലല്ല ജമാഅത്തെ ഇസ്‌ലാമി വളര്‍ന്നത്. അതുയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുടെ തിണ്ണബലത്തിലാണ് അതു നിലകൊള്ളുന്നത്. ദൈവത്തിന്റെ പ്രസ്ഥാനമാണത്. പ്രവാചകന്മാരുടെ പ്രസ്ഥാനം. അതിനാല്‍ ആത്മവിശ്വാസത്തോടെ അവര്‍ മുന്നോട്ടു പോകും. ഇന്ത്യ നമ്മുടെ മാതൃരാജ്യമാണ്. ഇന്ത്യന്‍ ജനത നമ്മുടെ സഹോദരന്മാരാണ്. മാതൃഭൂമിയുടെ ക്ഷേമത്തിനും ഉല്‍ക്കര്‍ഷത്തിനും വേണ്ടിയുള്ള പ്രവര്‍ത്തനം തന്നെയാണ് യഥാര്‍ഥ ഇസ്‌ലാമികപ്രവര്‍ത്തനം.

മറ്റുള്ളവരെ തീവ്രവാദ മുദ്രകുത്തുന്നതുമായി ബന്ധപ്പെട്ട് എല്ലാവരോടുമായി എനിക്ക് പറയാനുള്ളത് ഒന്നു മാത്രമാണ്: അരുതു മക്കളേ, അരുത്; ഈ കളി തീക്കളിയാണ്.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃത്വത്തില്‍ കൂട്ടായാണ് ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്. ദയൂബന്ദികളും സലഫികളും ബറേല്‍വികളും ജമാഅത്തുമായി സഹകരിക്കുന്നവരും യോജിച്ചു പ്രവര്‍ത്തിക്കുന്നവരുമാണ്. അതുകൊണ്ടു തന്നെ (കേരളത്തില്‍ ജമാഅത്തിന് മേല്‍ തീവ്രവാദം ആരോപിക്കുന്ന) അവരുടെ നിലപാട് വൈരുധ്യാത്മകമാണ്. പടച്ചവന്‍ അവര്‍ക്ക് പൊറുത്തുകൊടുക്കട്ടെ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK