'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, സെപ്റ്റംബർ 13, 2010

ഖാദിയാനി പീഢനവും മൌദൂദിയും

ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച മുഴുവന്‍ ആരോപണങ്ങളും പറഞ്ഞുകഴിഞ്ഞത് കൊണ്ടാകും പാകിസ്ഥാനിലെ അഹമ്ദികളുടെ പീഢനവും അതിന് ഇവിടെയുള്ള ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ കവര്‍ സ്റ്റോറി നല്‍കാത്തതുമൊക്കെ വലിയ വിഷയമായി ഉയര്‍ന്ന് വരുന്നത്. അഹ്മദിയാ ജമാഅത്ത് പ്രവര്‍ത്തകര്‍ പാകിസ്ഥാനില്‍ അനുഭവിക്കുന്ന മുഴുവന്‍ പീഢനങ്ങളുടെയും കാരണം ജമാഅത്തെ ഇസ്്‌ലാമി സ്ഥാപകനായ മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദിയാണെന്ന നിലയില്‍ ബ്ലോഗില്‍ കണ്ട പോസ്റ്റാണ് ഈ കുറിപ്പിന് പ്രേരകം. അന്ധമായ ജമാഅത്ത് വിരോധം അലങ്കാരമായി കൊണ്ടുനടക്കുകയും തന്റെ ഐഡന്റിറ്റിയായി അത് അദ്ദേഹവും നാടും അംഗീകരിക്കുകയും ചെയ്തത് കൊണ്ട് ഇനി ആഴ്ചയിലൊരിക്കലെങ്കിലും ജമാഅത്തിനെ വിമര്‍ശിക്കുന്ന ലേഖനം അദ്ദേഹത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നുണ്ട്. അതിന്റെ ഭാഗമായി പുറത്ത് വന്ന ലേഖനം സുശീല്‍ തന്റെ ബ്ലോഗില്‍ പോസ്റ്റായി നല്‍കിയിരിക്കുന്നു. അതിന്റെ വസ്തുതകള്‍ പറയാതിരുന്നാല്‍ ചിലരെങ്കിലും അത് ശരിയെന്ന് ധരിക്കാന്‍ ഇടയുണ്ട്. ഏതൊരും പ്രസ്ഥാനത്തിനും പൂര്‍ണ വിശുദ്ധി അവകാശപ്പെടാനാവില്ലല്ലോ എന്ന സാമാന്യയുക്തിയും തെറ്റിദ്ധാരണക്ക് കാരണമായേക്കും. അതിനാല്‍ സത്യാവസ്ഥ എന്താണെന്ന് നോക്കാം.

1951 ല്‍ കറാച്ചിയില്‍ മൗലാനാ സയ്യിദ് സുലൈമാന്‍ നദ് വിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അഖിലകക്ഷി പണ്ഡിത സമ്മേളനമാണ് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാന്‍ സര്‍ക്കാരിനോട് ആദ്യമായി ആവശ്യപ്പെട്ടത്. പാക്കിസ്ഥാന്‍ ഇസ്‌ലാമിക ഭരണഘടനയുടെ രൂപരേഖ സമര്‍പ്പിക്കാന്‍ വിളിച്ചുചേര്‍ത്ത പ്രസ്തുത കോണ്‍ഫറന്‍സില്‍ മൗലാനാ മൗദൂദിയും സംബന്ധിച്ചിരുന്നു. എന്നാല്‍ ഭരണഘടന മുഖ്യ ഇഷ്യൂ ആയി എടുത്ത ആ കോണ്‍ഫറന്‍സില്‍ ഖാദിയാനി പ്രശ്‌നം ഉന്നയിക്കുന്നതിനെ മൗദൂദി എതിര്‍ക്കുകയുണ്ടായി. പക്ഷെ അദ്ദേഹത്തിന്റെ ഭിന്നാഭിപ്രായം വകവെക്കാതെ സമ്മേളനം, അഹ്മദികളെ അമുസ്ലിംകളായി പ്രഖ്യാപിക്കാന്‍ നിര്‍ദ്ദേശിച്ചു. ആ നിര്‍ദ്ദേശത്തോട് മൗദൂദിയും യോജിച്ചു.

പിന്നീടാണ് പഞ്ചാബില്‍ അഹ്മദികള്‍ക്കെതിരെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അത് സംഘടിപ്പിച്ചത് ജമാഅത്തെ ഇസ്‌ലാമിയായിരുന്നില്ല; മറിച്ച് തീവ്രവാദികളായ 'അഹ് രാരി'കള്‍ എന്ന വിഭാഗമായിരുന്നു അതിന് നേതൃത്വം നല്‍കിയത്. പ്രക്ഷോഭത്തില്‍നിന്ന് പൂര്‍ണമായും ജമാഅത്തെ ഇസ്‌ലാമി വിട്ടുനിന്നു. മാത്രമല്ല പ്രക്ഷോഭം അവസാനിപ്പിക്കാന്‍ മൗദൂദി തന്റെ നിര്‍ദ്ദേശം മുന്നോട്ട് വെക്കുകയും ചെയ്തു. അതാണ് 'ഖാദിയാനി മസ്അല' (Quadiyani Problem) എന്ന ലഘുകൃതി. ഖാദിയാനികള്‍ക്കെതിരെയുള്ള മുഴുവന്‍ പ്രക്ഷോഭത്തിനും കാരണം ഈ കൃതിയായിരുന്നുവെന്നത് ഒരു വ്യാജപ്രാചരണം മാത്രമാണ്. അധ്യാപകന്റെ കൈവെട്ടാന്‍ മൗദൂദി കൃതിയാണ് സഹായകമായത് എന്ന് പ്രതികളില്‍ ചിലരുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത (കുറച്ചൊക്കെ വായന സംസ്കാരമുള്ള മിക്കാവാറും കേരളീയ വീടുകളിലും ഒന്നോ രണ്ടോ മൗദൂദി കൃതികള്‍ ലഭിച്ചേക്കും) ചില മൗദൂദി കൃതികള്‍ കണ്ടെടുത്തതുമായി ചേര്‍ത്ത് വെച്ച് ഒരു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പിച്ചാലുള്ള ആധികാരികത പോലും മേല്‍ പറഞ്ഞ വാദത്തിനില്ല.   കാരണം ഖാദിയാനി മസഅല എഴുതിയത് ആ പ്രക്ഷോഭങ്ങള്‍ക്കിടയിലാണ്. ഖാദിയാനികളെ മുസ്ലിംകളില്‍നിന്ന് വേര്‍പ്പെട്ട ഒരു പ്രത്യേക സമുദായമായി പ്രഖ്യാപിക്കണമെന്ന് അതില്‍ ആവശ്യപ്പെടുന്നു. ഈ വാദം ന്യായമാണെന്ന് ഇസ്‌ലാമിനെക്കുറിച്ചും ഖാദിയാനികളുടെ പുത്തന്‍വാദത്തെക്കുറിച്ചും അറിയുന്നവര്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമില്ല. 1974 ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഭരണകാലത്ത് അംഗീകരിക്കപ്പെട്ട ഭരണഘടനയില്‍ ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി നാഷണന്‍ അസംബ്ലി ഏകകണ്ഠമായി അംഗീകരിച്ചു. മൗദൂദിയുടെ ഒരൊറ്റ പുസ്തകം കാരണമാണ് അതൊക്കെ സംഭവിച്ചത് എന്നാണ് വാദമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് അതില്‍ പ്രയാസമുണ്ടാകേണ്ട കാര്യമില്ല. പക്ഷെ ബാക്കിയുള്ളവര്‍ അത് അംഗീകരിച്ചു തരുമെന്ന് തോന്നുന്നില്ല. കാരണം ഇസ്‌ലാമിക ലോകം മുഴുവന്‍ ഖാദിയാനികളെ മുസ്‌ലിംകളായി അംഗീകരിക്കുന്നില്ല.

ഒരു രാജ്യത്തില്‍ ന്യൂനപക്ഷവിഭാഗത്തെ പ്രഖ്യാപിക്കുന്നത് അവര്‍ക്കെതിരെ അന്യായം പ്രവര്‍ത്തിക്കാനാണ് എന്ന ചിന്ത ജമാഅത്തെ ഇസ്‌ലാമിക്ക് വെച്ചുപുലര്‍ത്താനാവില്ല. ഒരു രാജ്യത്തിലെ ഏതൊരു പൗരനും അവന്‍ ഭൂരിപക്ഷവിഭാഗത്തില്‍ പെട്ടവനാകട്ടേ ന്യൂനപക്ഷവിഭാഗത്തില്‍ പെട്ടവനാകട്ടെ നീതിലഭിക്കണമെന്നും. മനുഷ്യാവകാശങ്ങള്‍ പൂര്‍ണമായി ലഭിക്കണമെന്നും ഇസ്‌ലാമിക ഭരണഘടന അനുശാസിക്കുന്നു. മൗദൂദി അത് വ്യക്തമായി നിര്‍വചിച്ചിട്ടുമുണ്ട്. (മനുഷ്യാവകാശങ്ങള്‍ ഇസ്‌ലാമില്‍ എന്ന വിഷയത്തിലുള്ള അദ്ദേഹത്തിന്റെ പുസ്തകം മലയാളത്തില്‍ ലഭ്യമാണ്‌) എന്നിരിക്കെ പാകിസ്ഥാനില്‍ അഹമദികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് കാരണം മൗദൂദിയാണ് എന്ന് പറയുന്നതില്‍ ഒരു ന്യയവുമില്ല. പാകിസ്ഥാനില്‍ വ്യത്യസ്ഥ ഭരണകൂടങ്ങള്‍ വരുമ്പോള്‍ പലരും അന്യായമായ മര്‍ദ്ദനങ്ങള്‍ക്കും പീഢനങ്ങള്‍ക്കും ഇരയായിരുന്നു. അതിന് കൂടുതലും ഇരയായതില്‍ ജമാഅത്തെ ഇസ്‌ലാമിയും പെടും. ഖാദിയാനി മസ്അലയുടെ പേരിലാണ് മൗദൂദിയെ ജയിലിലടച്ചതും തൂക്കിക്കൊല്ലാന്‍ വിധിച്ചതും. അവസാനം മുസ്ലിം ലോകത്തിന്റെ പ്രതിഷേധത്തിനുമുന്നില്‍ ഭരണകൂടത്തിന് അദ്ദേഹത്തെ മോചിപ്പിക്കേണ്ടി വന്നു എന്നതാണ് ചരിത്രം.

ഇനി എന്തുകൊണ്ടാണ്. ഇസ്‌ലാമിനെ വേണ്ടി വാദിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയെ അംഗീകരിക്കുന്ന ഖാദിയാനികളെ ഇസ്‌ലാമില്‍ നിന്ന് പുറം തള്ളുന്നത് എന്ന് സംശയം ചിലര്‍ക്ക് ന്യായമായും ഉണ്ട്. മറ്റുമതങ്ങളെ പോലെ ഇസ്ലാം സഹിഷുണതാപരമല്ലാത്തതും മറ്റുമൊക്കെ ഇതിന് കാരണമായി കാണുന്നവരുണ്ടാകാം. എന്നാല്‍ ഇസ്‌ലാമികാദര്‍ശം പുലര്‍ത്തുന്ന കണിശമായ ചട്ടക്കൂടാണ് അതിന് പ്രധാന കാരണം. ഏകദൈവത്വം, പ്രവാചകത്വം, പരലോകവിശ്വാസം തുടങ്ങിയ അതിന്റെ അടിസ്ഥാന ശിലകളില്‍ നേരിയ വ്യത്യാസം പോലും ശ്രദ്ധിക്കപ്പെടും. കാരണം ഖുര്‍ആനും നബി ചര്യയുമാണ് അവയുടെ അടിസ്ഥാനം. അവ രണ്ടും യാതൊരു മാറ്റവും സംഭവിക്കാതെ നിലനില്‍ക്കുന്നു. പ്രവാചകത്വത്തിലുള്ള വിശ്വാസം മുഹമ്മദ് നബി പ്രവാചകനാണ് എന്നതില്‍ ഒതുങ്ങുന്നില്ല. അദ്ദേഹം അന്ത്യപ്രവാചകനാണ് എന്നതും കൂടിയാണ്. അദ്ദേഹത്തിന് ശേഷം ഇനിയൊരാള്‍ ഞാന്‍ ദിവ്യസന്ദേശം ലഭിക്കുന്ന പ്രവാചകനാണ് എന്ന് പറഞ്ഞാല്‍ ഒരു മുസ്ലിമിന് അത് അംഗീകരിക്കാന്‍ മുസ്ലിമായിരിക്കെ കഴിയില്ല. കാരണം ഇനിയൊരു പ്രവാചകന്റെ ആഗമനം അംഗീകരിക്കുന്നതോടെ അദ്ദേഹത്തെ പൂര്‍ണമായി പിന്‍പറ്റല്‍ നിര്‍ബന്ധമായി മാറും. അദ്ദേഹത്തെ പിന്‍പറ്റാതെ ഇരിക്കുന്നവര്‍ മുഴുവന്‍ പിന്നീട് മുസ്‌ലിംകള്‍ എന്ന് അവസ്ഥയില്‍നിന്ന് പുറത്താക്കപ്പെടുകയും ചെയ്യും.

മിര്‍സാ ഗുലാം അഹമ്മദിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അങ്ങനെ അംഗീകരിക്കാന്‍ കഴിയുന്ന ഒരു പ്രവാചകനായി ബോധ്യപ്പെടാവുന്ന തെളിവുകളൊന്നും ലഭ്യമല്ല. മാത്രമല്ല പ്രവാചകന്‍ മുഹമ്മദ് നബി ഞാന്‍ അല്ലാഹുവിന്റെ അന്ത്യദൂതനാണ് എന്ന് വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു. ഖുര്‍ആനും അത് പ്രഖ്യാപിക്കുന്നു. അഹമ്മദ് ഒരു മുജദ്ദിദ് (പരിഷ്‌കര്‍ത്താവ്  ) എന്ന നിലക്കാണ് ആരെങ്കിലും അംഗീകരിക്കുന്നതെങ്കില്‍ അവരെ ഇസ്ലാമില്‍തന്നെ മനസ്സിലാക്കപ്പെടുമായിരുന്നു. അതിനാല്‍ മുസ്ലിം ലോകത്തിന്റെ മുന്നില്‍ രണ്ട് ഓപ്ഷനാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ വാക്കുകളും ഖുര്‍ആന്‍ സുക്തങ്ങളും മുഖവിലക്കെടുത്ത് മിര്‍സാഗുലാം അഹ്മദിന്റെ പ്രവാചകത്വവാദം തിരസ്‌കരിക്കുക. അല്ലെങ്കില്‍ അദ്ദേഹത്തെ പൂര്‍ണമായി പിന്‍പറ്റി തങ്ങളുടെ അതുവരെ തുടര്‍ന്നുവന്ന ഇസ്‌ലാമിനെ നിരാകരിക്കുക. മുസ്ലിം ലോകം ഇതില്‍ ആദ്യത്തേത് തെരഞ്ഞെടുത്തു. അതിന് അവര്‍ക്ക് ശക്തമായ ന്യായവുമുണ്ടായിരുന്നു. അതിനെതിരെ ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്നോളം തൃപ്തികരമായ മറുപടി ശ്രദ്ധയില്‍ പെട്ടിട്ടുമില്ല. മൗദൂദി എഴുതിയ 'പ്രവാചകത്വ പരിസമാപ്തി' എന്ന പുസ്തകം ആ ന്യായങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇനി ഇതിനെ ഖാദിയാനികള്‍ എങ്ങനെ കാണുന്നു എന്ന് നോക്കാം. മുകളില്‍ കൊടുത്ത് വസ്തുതകളെ അവര്‍ അംഗീകരിക്കുന്നു. മുസ്‌ലിം ലോകം അഹ്മദിന്റെ പ്രവാചകത്വത്തോട് പുറം തിരിഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ വിശ്വാസം കൊണ്ടവര്‍ തങ്ങളെ അഹ്മദികള്‍ എന്ന് സ്വയം വിശേഷിപ്പിച്ച് മാറിനില്‍ക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയാണ് ചെയ്തത്. മുസ്ലിംകള്‍ അവരില്‍നിന്ന് മാറിനില്‍ക്കുന്നതിനേക്കാളേറെ അവര്‍ മറ്റുമുസ്ലിംകളില്‍നിന്നും മാറിനില്‍ക്കുന്നു. പാകിസ്ഥാനിലെ ഒന്നാമത്തെ സെന്‍സസില്‍ തങ്ങളെ ഒരു പ്രത്യേക വിഭാഗമായി രേഖപ്പെടുത്തണം എന്ന് അവരുടെത്തന്നെ ഒരു ആവശ്യമായിരുന്നുവെന്ന് മുനീര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. യഥാര്‍ഥ മുസ്‌ലിംകള്‍ തങ്ങളാണെന്ന വാദം അവര്‍ക്കുണ്ട് താനും. അപ്പോള്‍ ഇക്കാര്യത്തില്‍ അവര്‍ മറ്റുള്ളവരെ ഏകപക്ഷീയമായി കുറ്റപ്പെടുത്തുന്നതില്‍ ഒരര്‍ഥവുമില്ല.

പാക്കിസ്ഥാനില്‍ ഖാദിയാനികള്‍ മാത്രമല്ല മുഹാജിറുകളെ പോലുള്ള ന്യൂനപക്ഷ വിഭാഗങ്ങളും ജമാഅത്തെ ഇസ്‌ലാമിയും പീഢിപ്പിക്കപ്പെടുന്നുണ്ട്. ഡോ. നദീര്‍ അഹ്മദിനെ പോലുള്ള പ്രഗല്‍ഭരായ ജമാഅത്ത് നേതാക്കളും മുഹമ്മദ് സലാഹുദ്ദിനെ പോലുള്ള പ്രശസ്ത പത്രപ്രവര്‍ത്തകരും മാഫിയകളുടെ പിടിയിലമര്‍ന്ന് ആ രാജ്യത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. ഖാദിയാനി പീഢനത്തിന് മാത്രം വമ്പിച്ച അന്താരാഷ്ട്ര പ്രചാരണം നല്‍ക്കുന്നതിന് പിന്നില്‍ ഇംപീരിയലിസ്റ്റ്-സയണിസ്റ്റ്-ഖാദിയാനി കൂട്ടുകെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അത് മാത്രമായി ഏറ്റുപാടാന്‍ ജമാഅത്ത് പ്രസിദ്ധീകരണങ്ങള്‍ തയ്യാറാകാത്തത് യുക്തിവാദികളുടെയും ഹമീദിന്റെയും ബുദ്ധിശൂന്യത അവര്‍ക്കില്ലാത്തത് കൊണ്ടായിരിക്കും. ഖാദിയാനികള്‍ക്ക് പ്രത്യേക നിയോജകമണ്ഡലങ്ങള്‍കൂടി സംവരണം ചെയ്യപ്പെട്ട പാകിസ്ഥാനില്‍ അവര്‍ക്ക് വോട്ടവകാശം നിഷേധിക്കുന്നുവെന്ന് പോലും പ്രചാരണം നടത്തുന്നവരെക്കുറിച്ചെന്ത് പറയാന്‍ ‍.

അവര്‍ക്ക് വേണ്ടി വക്കാലത്തെടുക്കുന്ന യുക്തിവാദികള്‍ക്ക് എന്ത് പ്രവാചകന്‍ , എന്ത് ദൈവം. കലക്കവെള്ളത്തില്‍ അല്‍പം മീന്‍പിടിക്കാന്‍ കഴിയുമോ എന്ന് മാത്രമേ അവര്‍ നോക്കുന്നുള്ളൂ. മാത്രമല്ല തങ്ങളുടെ മുഖ്യപ്രതിയോഗികളായി കാണുന്ന ജമാഅത്തിനെ അടിക്കാനുള്ള വടി ഇവിടെയെവിടെയെങ്കിലുമുണ്ടോ എന്ന അന്വേഷണം മാത്രമാണ് യുക്തിവാദികളുടെ ഈ ഖാദിയാനി സ്‌നേഹപ്രകടനത്തിന് പിന്നിലുള്ളത്. എന്നാല്‍ ഇവിടെയും അവര്‍ വസ്തുതകള്‍ ബോധ്യമാകുന്നതോടെ പുതിയ ആരോപണം കണ്ടെത്തേണ്ടി വരും.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന് കാരണമായ ലേഖനം ഇതാ ഇവിടെയാണുള്ളത്.

CKLatheef പറഞ്ഞു...

മൗദൂദിയുടെ പോരാട്ടം ഖാദിയാനികള്‍ക്കെതിരിലും ആശയതലത്തിലായിരുന്നു. ബുദ്ധിയും യുക്തിയും പാണ്ഡിത്യവും ചേര്‍ത്ത അദ്ദേഹത്തിന്റെ വാദങ്ങളോട് സത്യസന്ധമായി പ്രതികരിക്കാന്‍ പുതിയ 'പ്രവാചകന്' പോലും സാധിച്ചിട്ടില്ല. പ്രവാചകത്വ പരിസമാപ്തി എന്ന ഗ്രന്ഥം വായിക്കാന്‍ ഇതാ ഇവിടെ പോകുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK