'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, സെപ്റ്റംബർ 10, 2010

ഈദുല്‍ ഫിത്വര്‍ ആശംസകള്‍

ഐക്യദാര്‍ഢ്യത്തിന്റെ വസന്തം -ടി. ആരിഫലി

എന്താണ് യഥാര്‍ഥത്തില്‍ പെരുന്നാളിന്റെ സന്തോഷം? കഴിഞ്ഞ ഒരു മാസക്കാലമായി വിശ്വാസികള്‍ ജീവിതത്തില്‍ സാധാരണഗതിയില്‍ ഇല്ലാത്ത കുറെ വിലക്കുകളും നിയന്ത്രണങ്ങളും സ്വയം എടുത്തണിയുകയായിരുന്നു. നിര്‍ബാധം ഭക്ഷണം മുന്നിലിരിക്കെ ഭക്ഷണം വേണ്ടെന്നു വെച്ചു. സ്വന്തമെന്ന് കരുതിപ്പോന്ന ധനം മറ്റുള്ളവര്‍ക്കായി പങ്ക് വെച്ചു. കോപങ്ങളും വിദ്വേഷങ്ങളും സ്വയം അടക്കി വെച്ചു. തന്നോട് കോപിക്കുന്നവനോട് പോലും സ്‌നേഹത്തിന്റെ മറുവാക്ക് മൊഴിയാന്‍ ശീലിച്ചു. അങ്ങനെ എല്ലാ നിലക്കും ആത്മനിയന്ത്രണത്തിന്റെ പാഠങ്ങള്‍ പരിശീലിച്ചു. സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സാമൂഹികശരീരത്തെ കെട്ടിപ്പടുക്കാന്‍ പണിയെടുത്തു.

പാപങ്ങള്‍ അറിഞ്ഞും അറിയാതെയും എല്ലാവരില്‍ നിന്നും വന്നു പോകും. ചെയ്തുപോയ പാപങ്ങളെക്കുറിച്ചോര്‍ത്ത്, കുറ്റബോധത്താല്‍ നിസംഗനാവുകയല്ല മനുഷ്യന്‍ ചെയ്യേണ്ടത്. പാപങ്ങള്‍ ഏറ്റുപറഞ്ഞ് പടച്ചവനോട് മാപ്പിരിക്കുകയാണ് വേണ്ടത്. ആരോടാണോ തെറ്റുകള്‍ ചെയ്തത് അവരോട് കലവറയില്ലാതെ മാപ്പ് ചോദിക്കുക. റമദാന്‍ പാപമോചനത്തിന്റെയും മാപ്പാക്കലിന്റെയും മാസമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാവാതെ, പ്രതീക്ഷയോടെ നാളെയിലേക്ക് നോക്കാനാണ് റമദാന്‍ നമ്മെ പഠിപ്പിച്ചത്. റമദാന്‍, ഖുര്‍ആന്‍ മനുഷ്യര്‍ക്ക് മേല്‍ പെയ്തിറങ്ങിയ മാസമാണ്. അതിനാല്‍ റമദാനില്‍ വിശ്വാസികള്‍ ഖുര്‍ആനെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി. ഖുര്‍ആന്‍ പഠിക്കാനും പഠിപ്പിക്കാനും സംവിധാനങ്ങള്‍ ഒരുക്കി. മുഴുവന്‍ മനുഷ്യര്‍ക്കും സന്മാര്‍ഗത്തിന്റെ ഗുരുസാന്നിധ്യമായി ഖുര്‍ആന്‍ എപ്പോഴുമുണ്ടായിരിക്കും എന്ന കാര്യം റമദാന്‍ ആവര്‍ത്തിച്ചോര്‍മിപ്പിച്ചു.

റമദാനില്‍ വ്രതമെടുത്തവര്‍ വിശപ്പിന്റെ വിളിയറിഞ്ഞു. വിശക്കുന്നവരോടും വിഷമിക്കുന്നവരോടുമുള്ള സ്‌നേഹത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും പാലം പണിയുകയായിരുന്നു അവര്‍. അന്നത്തിന് പാടുപെടുന്നവര്‍ക്ക് അവര്‍ അന്നം നല്‍കി. കടംകൊണ്ട് പൊറുതിമുട്ടിയവരെ നാം കണ്ടെത്തി സഹായിച്ചു. രോഗപീഡകളില്‍ പ്രയാസപ്പെടുന്നവരെ സന്ദര്‍ശിച്ച് സാന്ത്വനപ്പെടുത്തി. അവരുടെ ചികിത്സക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തുകൊടുത്തു. ബന്ധുമിത്രാദികളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ച് ആ ബന്ധങ്ങള്‍ പുതുക്കി വിളക്കി. ധനം ഉള്ളവരില്‍നിന്ന് ഇല്ലാത്തവരിലേക്ക് ധാരാളമായി ഒഴുകിയ മാസമായിരുന്നു റമദാന്‍.

അങ്ങനെ, എല്ലാ അര്‍ഥത്തിലും റമദാന്‍ നന്മകളുടെ ഒരു വസന്തോത്സവമായിരുന്നു. ദൈവത്തിന്റെ മാലാഖമാര്‍ കൂട്ടംകൂട്ടമായി ഭൂമിയിലേക്ക് ഇറങ്ങിവന്ന് അനുഗ്രഹത്തിന്റെ പെരുമഴക്കാലം തീര്‍ക്കുകയായിരുന്നു ആ ദിനരാത്രങ്ങളില്‍. സുന്ദരമായ ഭൂമി, കൃപാലുവായ ദൈവം; ഈ ദിവ്യവചനത്തിന്റെ പ്രായോഗികപ്രഘോഷണങ്ങളായിരുന്നു എങ്ങും. ആയുസ്സില്‍ ഒരു തവണ കൂടി റമദാന്റെ പുണ്യങ്ങളില്‍ ആറാടാന്‍ അവസരം ലഭിച്ചിരിക്കുന്നു-ദൈവത്തിന് സ്തുതി.

റമദാനെ എല്ലാ അര്‍ഥത്തിലും പുണരാന്‍ അവസരം ലഭിച്ചതിന്റെ സന്തോഷം പങ്കുവെക്കലാണ്; ആ വലിയ സംഭവത്തിന്റെ ആഹ്ലാദകരമായ പരിസമാപ്തിയാണ് ഈദുല്‍ഫിത്ര്‍. ഈ ദിനം സന്തോഷിക്കാനുള്ളതാണ്. അല്ലാഹുവിനെ കൂടുതല്‍ ഉച്ചത്തിലും ആഴത്തിലും സ്തുതിക്കാനുള്ളതാണ്. വിശ്വാസികള്‍ അവന്റെ മഹത്വം ആവര്‍ത്തിച്ച് ഉരുവിടുന്നു-അല്ലാഹു അക്ബര്‍, വ ലില്ലാഹില്‍ ഹംദ്! മഹത്തായ ഈ ദിനത്തിന്റെ സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല; അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക.

പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുക. കുടുംബക്കാരോടും അയല്‍വാസികളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കുക. മത ഭേദമെന്യേ എല്ലാവരെയും ആ സന്തോഷത്തില്‍ പങ്കാളികളാക്കുക. അങ്ങനെ ഭൂമിയില്‍ ആഹ്ലാദം നിറയുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. നമ്മുടെ നാടിനും കാലത്തിനും ഏറ്റവും ആവശ്യമായിരിക്കുന്നത് അത് തന്നെയാണ്.

പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുമ്പോഴും ചില കയ്ക്കുന്ന യാഥാര്‍ഥ്യങ്ങള്‍ മറക്കരുത്. ലോകത്ത് പല ഭാഗങ്ങളിലായി ഈ ആഹ്ലാദങ്ങളില്‍ ഹൃദയം നിറഞ്ഞ് പങ്കെടുക്കാനാകാതെ ധാരാളം സുഹൃത്തുക്കളും ജനസമൂഹങ്ങളും കഴിയുന്നുണ്ട്. അന്യായമായി തടവറകളില്‍ അകപ്പെട്ടവര്‍, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍, അധിനിവേശത്തിന്റെ കൊടുംക്രൂരതകള്‍ക്ക് വിധേയമാവുന്നവര്‍, നിലനില്‍പിനായുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍... അവരെ മറക്കരുത്. പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തുക. ഐക്യദാര്‍ഢ്യത്തിന്റെ കരുത്ത് നിറഞ്ഞ സന്ദേശം അവര്‍ക്ക് കൈമാറുക. ഇറാഖിലെ ജനത, അഫ്ഗാനിലെ പീഡിതര്‍, ഗസ്സയില്‍ ശ്വാസം മുട്ടിക്കുന്ന ഉപരോധത്തിന് വിധേയമാകുന്ന സഹോദരങ്ങള്‍... അവരെയെല്ലാം ഓര്‍ക്കുക. കേരളത്തിലെ ഇസ്‌ലാമികപണ്ഡിതന്‍ അബ്ദുന്നാസിര്‍ മഅ്ദനി ഭരണകൂട ഭീകരതയുടെ ബലിയാടായി തടവറയിലാണ്. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥനയും ഐക്യദാര്‍ഢ്യത്തിന്റെ സന്ദേശവും ഉയരണം. സര്‍വ പീഡിതര്‍ക്കും സ്വാതന്ത്ര്യത്തിന്റെയും അഭിമാനത്തിന്റെയും വസന്തം വിരിയുന്ന ഒരു നാളേക്കായി നമുക്ക് പ്രാര്‍ഥിക്കാം; പ്രവര്‍ത്തിക്കാം.

സമുദായബന്ധങ്ങളില്‍ അനഭിലഷണീയമായ പലവിധ വിള്ളലുകള്‍ അടുത്ത കാലത്ത് നാട്ടില്‍ വന്നു ഭവിച്ചിട്ടുണ്ട്. പരസ്‌പരം തെറ്റിദ്ധരിക്കുകയും പേടിക്കുകയും പേടിപ്പിക്കുകയും ചെയ്യുന്ന ആശാവഹമല്ലാത്ത അവസ്ഥകള്‍ വന്നുപെടുന്നു. ഇത്തരം സാമൂഹിക മുറിവുകളെ തുന്നിച്ചേര്‍ക്കാനുള്ള അവസരമായി പെരുന്നാളിനെ മാറ്റിയെടുക്കണം. അകലാനല്ല; അടുക്കാനും സ്‌നേഹിക്കാനുമാണ് നമുക്ക് സാധിക്കുക എന്ന സന്ദേശം എല്ലാവരും ഉയര്‍ത്തിപ്പിടിക്കുക. ഭിന്നതകളില്‍ നിന്ന് നേട്ടം കൊയ്യാം എന്നു കരുതുന്നവര്‍ നിരാശരാകട്ടെ. സ്‌നേഹം കൊണ്ട് കോട്ടകള്‍ കെട്ടാം എന്നു വിചാരിക്കുന്നവര്‍ വിജയിക്കട്ടെ. പെരുന്നാള്‍ ആ നിലക്ക് സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ഒരു മഹാനാളാകും എന്ന് പ്രത്യാശിക്കാം.

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി പെരുന്നാള്‍ നന്മകള്‍ നേരുന്നു.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മുഴുവന്‍ സുഹൃത്തുക്കള്‍ക്കും സ്‌നേഹോഷ്മളമായ ഈദുല്‍ ഫിത്വര്‍ ആശംസകള്‍...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK