'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 15, 2011

ഇബാദത്ത് ചര്‍ചയുടെ പ്രാധാന്യം.

ജമാഅത്തും മുജാഹിദും തമ്മിലുള്ള ഭിന്നത തുടങ്ങുന്നതും അതിന്റെ അടിസ്ഥാനവും ഇബാദത്തിനെ സംബന്ധിച്ച വ്യത്യസ്ഥമായ കാഴ്ചപാടില്‍ നിന്നാണ്. ജമാഅത്തിന് മാത്രമായി ഇബാദത്തിന്റെ വിഷയത്തില്‍ ലോക പണ്ഡിതന്‍മാരില്‍നിന്ന് ഭിന്നമായ ഒരു അഭിപ്രായമില്ല എന്നതാണ് സത്യം. യഥാര്‍ഥ ഇബാദത്തിന്റെ വിവക്ഷയില്‍ ഒരു പ്രവര്‍ത്തന മാര്‍ഗം രൂപീകരിച്ചുവെന്നത് മാത്രമാണ് ജമാഅത്തെ ഇസ്ലാമി ചെയ്തത്. അക്കാര്യത്തിലും അത് യഥാര്‍ഥ ഇസ്ലാമുമായി ഭിന്നത പുലര്‍ത്തുന്നില്ല. അതിന്റെ അടിസ്ഥാനത്തെ എതിര്‍ക്കാന്‍ ആര്‍ക്കുമാവുന്നുമില്ല. അതിനാല്‍ ജമാഅത്തിനില്ലാത്ത വാദം അതിന്റെ മേല്‍ കെട്ടിവെച്ച് അതിനെ ഖണ്ഡിക്കുക എന്നതാണ് ജമാഅത്ത് വിമര്‍ശകര്‍ ഇതുവരെ ചെയ്ത പോരുന്നത്. അതില്‍ മുന്‍ഗാമികളും പിന്‍ഗാമികളും വ്യത്യാസമില്ല. ജമാഅത്ത് എന്താണ് യഥാര്‍ഥത്തില്‍ വാദിക്കുന്നതെന്ന് വളരെ പച്ചയായി ഈ സന്ദര്‍ഭങ്ങളിലെല്ലാം വിശദീകരിച്ചിട്ടുണ്ട്. ജനാബ് കെ.സി.അബ്ദുല്ല മൗലവി തന്‍െ ഇബാദത്ത് ഒരു സമഗ്രപഠനം എന്ന പുസ്തകത്തില്‍ ഇപ്രാകാരം എഴുതുന്നു.

'1982 ല്‍ പ്രസിദ്ധീകരിച്ച ഇബാദത്തും ഇതാഅത്തും എന്ന പുസ്തകത്തില്‍ കെ.പി. മുഹമ്മദ് മൗലവി മറുപടി പറയപ്പെട്ട ആരോപണങ്ങളെ വീണ്ടും ആവര്‍ത്തിച്ചു. ഇബാദത്ത് എന്നതിന്റെ അര്‍ഥം അനുസരണമാണെന്ന് വാദിക്കുകയും പ്രസ്തുത വാദത്തെ നിദാനമാക്കി ഒരു പുതിയ പ്രസ്ഥാനം തന്നെ ആവിഷ്‌കരിക്കുകയും ചെയ്ത ഒരു വിഭാഗം ഇവിടെയുണ്ട്. ഇബാദത്തിന്റെ അര്‍ഥം അനുസരണം എന്നാണെന്നും ഇബാദത്ത് പ്രയോഗിക്കുന്ന സ്ഥലത്ത് ഇത്വാഅത്ത് എന്ന് പ്രയോഗിക്കാമെന്നും അവര്‍ വാദിക്കുന്നു.' (പേജ് 9)

ഇതിന് മറുപടിയായി കെ.സി. അബ്ദുല്ല മൗലവി വീണ്ടും ജമാഅത്ത് എന്താണ് ഇബാദത്തിനെക്കുറിച്ച് പറയുന്നത് എന്ന് വ്യക്തമാക്കുകയുണ്ടായി. അത് നമുക്ക് ഇങ്ങനെ വായിക്കാം. എന്നാല്‍ മൗലവിയുടെ ആ പ്രസ്താവന പലനിലക്കും വാസ്തവ വിരുദ്ധമായി പോയി. ഒന്നാമതായി. ഇബാദത്ത് സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമിയുടെ വാദം മൗലവി പറഞ്ഞതല്ല. അതിപ്രകാരമാണ്. ഇബാദത്തിന് അടിമവേല, അനുസരണം ആരാധന എന്നീ മൂന്നര്‍ഥങ്ങളുണ്ട്. ഈ മൂന്നര്‍ഥങ്ങളിലും ഖുര്‍ആനില്‍ ഇബാദത്ത് എന്ന പദം, അഥവാ അതില്‍നിന്നുളവാകുന്ന മറ്റു രൂപങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ചിലേടത്ത് ഒന്നും രണ്ടും അര്‍ഥങ്ങളില്‍, ചിലേടത്ത് രണ്ടാമത്തെ അര്‍ഥത്തില്‍ മാത്രം, ചിലേടത്ത് മൂന്നര്‍ഥങ്ങളിലും ഒന്നായി. ഇങ്ങനെയാണ് പ്രയോഗിച്ചിട്ടുള്ളത്. ചുരുക്കത്തില്‍ ഇബാദത്തിന്റെ അര്‍ഥം ഇത്വാഅത്ത് മാത്രമാണെന്ന് മൊത്തത്തില്‍ വാദിക്കുകയല്ല മറിച്ച് അതിന്റെ എല്ലാ അര്‍ഥങ്ങളും വിശദീകരിക്കുകയാണ് ജമാഅത്ത് ചെയ്തിട്ടുള്ളത്.

രണ്ടാമതായി, ഖുര്‍ആനില്‍ ഇബാദത്ത് പ്രയോഗിക്കപ്പെട്ടിടത്തെല്ലാം അനുസരണം എന്നാണര്‍ഥമെന്ന് ജമാഅത്ത് വാദിച്ചിട്ടില്ല. എല്ലായിടത്തും അടിമവേലയെന്നോ ആരാധനയെന്നും അര്‍ഥമാണെന്നും ജമാഅത്തിന് വാദമില്ല. പക്ഷെ, ആരാധന എന്ന അര്‍ഥം മാത്രമേ ഇബാദത്തിനുള്ളൂ എന്ന വാദം തെറ്റാണെന്ന് ജമാഅത്ത് വാദിക്കുന്നു. ഇതാണ് ജമാഅത്തിന്റെ നിലപാട്. ഇപ്പറഞ്ഞതും മൗലവി പ്രസ്താവിച്ചതും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് മൗലവിയെപ്പോലുള്ളവര്‍ക്ക് ഏതായാലും മനസ്സിലാകും.

ഇപ്രകാരം വ്യക്തമാക്കിയ 'ഇബാദത്ത് ഒരു സമഗ്രപഠനം' 1985 ആഗസ്തില്‍ പുറത്ത് വന്നു. എന്നാല്‍ മുജാഹിദുകള്‍ തങ്ങളുടെ അസത്യപ്രചാരണം അവസാനിപ്പിച്ചുവോ ഇല്ല. ഇതിന് ശേഷമാണ് മര്‍ഹൂം. കെ. ഉമര്‍ മൗലവി എന്ന ലഘുകൃതിയും അബ്ദുല്‍ ഹമീദ് സാഹിബ് ഇബാദത്ത് ഒരു താരതമ്യവും പ്രസിദ്ധീകരിച്ചത്. വീണ്ടും അവയില്‍ ജമാഅത്തിന്റെ സാക്ഷാല്‍ വാദം മേലെ വിവരിച്ചതാണെന്ന് ഒട്ടും പരിഗണിച്ചില്ലെന്നും തെറ്റായ വാദങ്ങള്‍ ആരോപിച്ചുകൊണ്ട് ജമാഅത്തിനെതിരില്‍ അത്യന്തം ഗുരതരമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത് എന്നും കെ.സി. അബ്ദുല്ല മൗലവി 1991 ല്‍ പുറത്തിറക്കിയ ഇബാദത്ത് സമഗ്രപഠനം പരിഷ്‌കരിച്ച പതിപ്പില്‍ പറയുന്നു. (പുറം 7-9)

വീണ്ടും 20 വര്‍ഷം പിന്നിട്ടിരിക്കെ ഇതിന് കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ടോ. ഇല്ലെന്ന് വേണം മനസ്സിലാക്കാന്‍. വീണ്ടും ഈ വിഷയങ്ങളൊക്കെ ചര്‍ചയാകുമ്പോള്‍ തങ്ങളുടെ ധാരണപിശകുകളില്‍നിന്ന് ജമാഅത്തിന്റെ യഥാര്‍ഥ വാദം അംഗീകരിച്ച് സംവാദത്തിന് തയ്യാറാകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇപ്പോള്‍ കണ്ടുവരുന്ന പ്രവണത. മുജാഹിദ് പ്രസ്ഥാനം ഒന്നും ഉറപ്പിച്ചു പറയുന്നില്ല എന്നാണ്. മാത്രമല്ല. ഇത്തരം തര്‍ക്കങ്ങളൊക്കെ ജമാഅത്ത് അതിന്റെ വ്യതിരിക്തത മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ബോധപൂര്‍വം സൃഷ്ടിച്ചതാണെന്നും പ്രചരിപ്പിക്കുന്നു.

ഇത്തരം പോസ്റ്റിലൂടെ കടന്നുപോകുന്ന പ്രവര്‍ത്തകര്‍ സംശയിച്ചേക്കാം ഇബാദത്തും തൗഹീദും വാദിച്ചു സ്ഥാപിക്കേണ്ടതാണോ പ്രയോഗതലത്തില്‍ വരുത്താനുള്ളതല്ലേ. എന്തിനീ പദങ്ങളില്‍ പിടിച്ചു തര്‍ക്കിക്കുന്നുവെന്ന്. എന്നാല്‍ മനസ്സിലാക്കേണ്ടത്. ഈ ഒരൊറ്റ പദത്തിലുള്ള അഭിപ്രായ വ്യത്യാസമാണ് പ്രധാനമായും കേരളത്തില്‍ മതസംഘടനകള്‍ക്കിടയിലുള്ള വ്യത്യാസത്തിന് കാരണം എന്ന സത്യമാണ്.

വ്യക്തമാക്കാം. ഇബാദത്തിന്റെ ഒരു ഭാഗം മാത്രമായ അരാധനപരമായ ഏകത്വം മനസ്സിലാക്കുന്നതിലും കൊണ്ടുനടക്കുന്നതിലും വീഴ്ചവരുത്തിയത് കൊണ്ടാണ് കേരളത്തിലെ പാരമ്പര്യസുന്നി വിഭാഗങ്ങളില്‍ അന്ധവിശ്വാസങ്ങളും ശിര്‍ക്ക് കലര്‍ന്ന് പവര്‍ത്തനങ്ങളും കടന്നുകൂടിയത് എന്ന് മനസ്സിലാക്കി അതിനെതിരെ കടന്നുവന്ന പ്രസ്ഥാനമാണ് മുജാഹിദ് വിഭാഗം. എന്നാല്‍ നിങ്ങള്‍ പറയുന്നതൊന്നും ശിര്‍ക്കല്ലെന്നും തൗഹീദ് എന്ന് പറഞ്ഞാല്‍ നിങ്ങള്‍ പറയുന്നതല്ലെന്നും ഞങ്ങള്‍ നടത്തികൊണ്ടിരിക്കുന്ന ഒരു പ്രര്‍ഥനയും ശിര്‍ക്കിന്റെ പരിധിയില്‍ വരില്ലെന്നും ഞങ്ങള്‍ നടത്തുന്നൊന്നും അനാചാരമല്ലെന്നും മറുഭാഗവും വാദിക്കുന്നു. അവരുടെ സംഘടയും പ്രഖ്യാപിത ലക്ഷ്യം തന്നെ പുത്തന്‍വാദക്കാരായ മുജാഹിദുകളുടെയും ജമാഅത്തിന്റെയും ഫിത്‌നയില്‍നിന്ന് പാരമ്പര്യമുസ്ലികളെ സംരക്ഷിക്കുക എന്നതാണ്.

മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് അല്ലാഹുവിനെ ആരാധിക്കാന്‍ വേണ്ടിയാണെന്നും. ആരാധനാ കര്‍മങ്ങള്‍ പ്രത്യേകിച്ച് നമസ്‌കാരം ശരിയായാല്‍ ബാക്കി എല്ലാ കാര്യവും ശരിയാകുമെന്നും അതിനാല്‍ ദീനിന്റെ മാര്‍ഗത്തില്‍ പരിശ്രമിക്കുക എന്നാല്‍ ഈ ഇബാദത്തിന് വേണ്ടി ആളുകളെ പ്രേരിപ്പിക്കുക എന്നും ധരിക്കുന്നവരാണ് തബ്ലീഗ് ജമാഅത്തിന്റെ പ്രവര്‍ത്തകര്‍.

ജമാഅത്തെ ഇസ്ലാമിയാകട്ടെ ഇബാദത്ത് എന്ന് പറഞ്ഞാല്‍ മനുഷ്യന്റെ മുഴുജീവിതത്തെയും ചൂഴ്ന്ന് നില്‍ക്കുന്നതാണെന്നും മനുഷ്യനോട് കല്‍പിക്കപ്പെട്ടിട്ടുള്ളത്. ആരാധനാ-സാമ്പത്തിക-സാമൂഹ്യ-സാസ്‌കാരിക-രാഷ്ട്രീയ മേഖലകളിലെല്ലാം ദൈവിക കല്‍പനകള്‍ പിന്തുടരേണ്ടതുണ്ടെന്നും. അത്തരമൊരു ദീനിന്റെ സംസ്ഥാപമാണ് മുസ്ലിം സമുഹത്തിന്റെ ദൗത്യമെന്നും കരുതി പ്രവര്‍ത്തിക്കുന്നവരാണ്.

ആരാധനാ മേഖലക്കു പുറമെയുള്ള വിവിധതരം ഇബാദത്തുകളെയും ശിര്‍ക്കുകളെയും അത് വെളിച്ചത്ത് കൊണ്ടുവന്നു. നിയമനിര്‍മാണ-വിധിവിലക്ക്-ഭരണമേഖലകളിലെ ശിര്‍ക്കിനെ വിശേഷിച്ചും അത് ഉതുത്തിരിച്ചു കാട്ടി. പിശാചിനും ഗണിതക്കാരനും ആഭിചാരക്കരനും പുറമെ എത്രയോ വന്‍കിട ത്വാഗൂത്തുകളെ അത് ജനസമക്ഷം തുറന്നുവെച്ചു. അതിരുകടന്ന ദേശീയതെയും ഇടുങ്ങിയ സാമുദായികതയെയും അത് രൂക്ഷമായി വിമര്‍ശിച്ചു.

ഈ ചര്‍ച ഇസ്ലാമിനെ അതിന്റെ സകല ശാഖോപശാഖകളോടുമൊപ്പം തികഞ്ഞ സന്തുലിതത്വത്തോടെ സമ്പൂര്‍ണവും സമഗ്രവുമായ ഒരു ജീവിത പദ്ധതിയെന്ന നിലക്ക് പ്രകാശിപ്പിച്ചിരിക്കുന്നു. (ഇബാദത്ത് ഒരു സമഗ്രപഠനം പേജ് 20)

ചുരുക്കത്തില്‍ ഇബാദത്തുമായി ബന്ധപ്പെട്ട ചര്‍ച കേവലം ഒരു സാങ്കേതിക പദത്തെക്കുറിച്ചുള്ള ചര്‍ചയല്ല. യഥാര്‍ഥ ഇസ്ലാമിനെ മനസ്സിലാക്കാനുള്ള ചര്‍ചയുടെ ഭാഗമാണ്.

1 അഭിപ്രായ(ങ്ങള്‍):

അനീസുദ്ധീന്‍ കൂട്ടിലങ്ങാടി പറഞ്ഞു...

എല്ലാമറുപടികളും ചെന്ന് തറക്കുന്നത് ഒരുകൂട്ടം കര്‍ണ്ണ പുടങ്ങളില്‍ ....!!!!!!!!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK