'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, നവംബർ 27, 2011

ഹാക്കിമിയത്ത് മുജാഹിദ് വീക്ഷണത്തിൽ.

ഹാക്കിമിയത്തിന്റെ വിവക്ഷയെന്ത്, ജീവിതത്തിൽ അതിന്റെ സ്വാധീനമെത്ര എന്നീകാര്യങ്ങളിൽ ജമാഅത്തെ ഇസ്ലാമിയും മുജാഹിദും ആദ്യകാലം മുതൽ ചില അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. പലപ്പോഴും ജമാഅത്ത് നൽകുന്ന വിവക്ഷയെ തള്ളുക എന്നതിനപ്പുറം വ്യക്തമായ ഒരു കാഴ്പ്പാട് അവതരിപ്പിക്കുന്നത് അപൂർമായ സംഭവിക്കാറുള്ളൂ. അതുകൊണ്ട് തന്നെ ശബാബ് വീക്കിലിയിൽ വന്ന ഈ വിശദീകരണം ചർചയുടെ വ്യക്തതക്ക് ഇവിടെ നൽകുകയാണ്.

['വിധികര്‍തൃത്വം എന്നാണ്‌ ഹാകിമിയ്യത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. അല്ലാഹുവിന്റെ വിധി രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌, സൂക്ഷ്‌മവും സ്ഥൂലവുമായ ഏത്‌ വസ്‌തുവും എപ്പോള്‍ ഉണ്ടാകണം, അതിന്റെ ഘടന എപ്രകാരമാകണം, അത്‌ എത്ര കാലം വരെ നിലനില്‌ക്കണം എന്നൊക്കെ അല്ലാഹുവാണ്‌ നിശ്ചയിച്ചത്‌. അത്‌ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. എവിടെയും എപ്പോഴും അല്ലാഹു വിധിച്ചതേ നടക്കുകയുള്ളൂ. ഈ വിധത്തിലുള്ള വിധികര്‍തൃത്വം അല്ലാഹു അല്ലാത്ത ആര്‍ക്കുമില്ല. ഏത്‌ നാട്ടില്‍ ഏത്‌ കാലത്ത്‌ ആര്‌ ഭരണാധികാരിയാകണം എന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. ഏത്‌ ഭരണാധികാരിയും അധികാരഭ്രഷ്‌ടനാകുന്നതും അല്ലാഹു വിധിച്ച പ്രകാരമാണ്‌. ഇത്‌ സംബന്ധിച്ച്‌ അല്ലാഹു പറയുന്നത്‌ നോക്കുക:


``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമാണ്‌ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു'' (വി.ഖു 3:26). സ്വേച്ഛാധിപതിയും സ്വയം ദൈവവാദിയുമായ നംറൂദിന്‌ അല്ലാഹുവാണ്‌ ആധിപത്യം നല്‍കിയതെന്നും ഖുര്‍ആനില്‍ (2:258) പറഞ്ഞിട്ടുണ്ട്‌.

രണ്ട്‌, മനുഷ്യന്റെ വര്‍ത്തനം എങ്ങനെയായിരിക്കണം എന്നത്‌ സംബന്ധിച്ച അല്ലാഹുവിന്റെ വിധി. അതായത്‌ പുണ്യവും പാപവും ഹലാലും ഹറാമും നിര്‍ണയിച്ചുകൊണ്ട്‌ അല്ലാഹു നല്‌കിയ വിധി. ഈ വിധത്തില്‍ വിധികല്‌പിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊരു അധികാരവുമില്ല. ഈ വിഷയകമായി അല്ലാഹു നല്‌കിയ വിധി മാറ്റിമറിക്കാനും ആര്‍ക്കും അധികാരമില്ല. അതായത്‌ അല്ലാഹു ഹലാലായി വിധിച്ചത്‌ ഹറാമാക്കാനോ അവന്‍ ഹറാമായി വിധിച്ചത്‌ ഹലാലാക്കാനോ ആര്‍ക്കും അധികാരമില്ല. ഈ വിഷയകമായി അല്ലാഹുവിന്റെ വിധിയെന്താണെന്ന്‌ മനുഷ്യര്‍ക്ക്‌ അറിയാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആനിലൂടെയും പ്രാമാണികമായ ഹദീസുകളിലൂടെയുമാണ്‌. ഈ വിധിക്ക്‌ അഥവാ ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. `തൗഹീദുല്‍ ഹാകിമിയ്യത്ത്‌' എന്നൊരു ശീര്‍ഷകം നല്‌കിക്കൊണ്ട്‌ വിശകലനം നടത്തിയാലും ഇല്ലെങ്കിലും തൗഹീദിന്റെ ഈ വശം സംബന്ധിച്ച്‌ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല.
 
അല്ലാഹുവിന്റെ നിയമം ജീവിതത്തിന്റെ ഏത്‌ മേഖലയിലേക്കുള്ളതാണെങ്കിലും സത്യവിശ്വാസികള്‍ അത്‌ അനുസരിച്ചേ തീരൂ. അതിന്‌ വിരുദ്ധമായ നിയമം ആര്‌ നടപ്പാക്കിയാലും മുസ്‌ലിംകള്‍ അത്‌ സ്വമേധയാ അനുസരിക്കാന്‍ പാടില്ല എന്ന കാര്യം സുവിദിതമാണ്‌. എന്നാല്‍ ലൗകിക ജീവിതത്തിന്റെ ചില മേഖലകളില്‍ മനുഷ്യര്‍ക്ക്‌ ഞെരുക്കമുണ്ടാകാതിരിക്കാന്‍ വേണ്ടി അല്ലാഹു കണിശമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങള്‍ റോഡിന്റെ ഏത്‌ വശത്തുകൂടെ ഓടിക്കണം, റോഡിന്റെ ഘടന എങ്ങനെയായിരിക്കണം, ഓരോ പ്രദേശത്തും ഏതേത്‌ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, വിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും ആശുപത്രികളുടെയും മറ്റും പ്രവൃത്തിസമയം എപ്പോഴായിരിക്കണം, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വേതനം എത്രയായിരിക്കണം എന്നിങ്ങനെ ഭരണവുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ മനുഷ്യര്‍ക്ക്‌ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്താന്‍ സ്വാതന്ത്ര്യമുള്ള നിലയില്‍ അല്ലാഹു അവശേഷിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാമിന്റെ പൊതുവായ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത നിലയില്‍ ഒരു ഭരണാധികാരി അത്തരം വിഷയങ്ങള്‍ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്തുന്നതോ ആ നിയമം പ്രജകള്‍ അനുസരിക്കുന്നതോ അല്ലാഹുവിന്റെ ഹാകിമിയ്യത്തിന്റെ കാര്യത്തില്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന തത്വങ്ങള്‍ക്ക്‌ വിരുദ്ധമല്ല.

പൂര്‍വ പ്രവാചകന്മാരുടെ അനുയായികളില്‍ ഗണ്യമായ ഒരു ഭാഗം എക്കാലത്തും സത്യവിശ്വാസികളല്ലാത്ത രാജാക്കന്മാരുടെ ഭരണനിയമങ്ങള്‍ അനുസരിച്ചുകൊണ്ടാണ്‌ ജീവിച്ചത്‌. അവിതര്‍ക്കിതമായ ഒരു ചരിത്രസത്യമാണിത്‌. ഭരണകാര്യത്തിലുള്ള ഈ അനുസരണം തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ ക്രിസ്‌ത്യാനികളില്‍ ഭൂരിഭാഗം റോമന്‍ ചക്രവര്‍ത്തിയായ ഹിറഖ്‌ലിന്റെ (ഹിറാക്‌ളിയസിന്റെ) ഭരണ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിക്ക്‌ ദൈവികമായ യാതൊരു സ്ഥാനവും അവര്‍ കല്‌പിച്ചിരുന്നില്ല. ഹലാലും ഹറാമും പുണ്യവും പാപവും നിശ്ചയിക്കാന്‍ ചക്രവര്‍ത്തിക്ക്‌ അധികാരമുണ്ടെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നുമില്ല. എന്നാല്‍ മാര്‍പ്പാപ്പയെയും കര്‍ദിനാളുമാരെയും സംബന്ധിച്ച്‌ അന്നത്തെയും ഇന്നത്തെയും ക്രിസ്‌ത്യാനികളുടെ വിശ്വാസം അവരില്‍ പരിശുദ്ധാത്മാവ്‌ കുടികൊള്ളുന്നുണ്ടെന്നും അതിനാല്‍ അവരുടെ നിയമങ്ങള്‍ക്ക്‌ ദൈവികമായ അപ്രമാദിത്വം (papal infalliblity) ഉണ്ടെന്നുമാണ്‌. ഇതിന്റെ പേരില്‍, ക്രൈസ്‌തവര്‍ മതനേതാക്കളെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ (9:31) ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ ക്രിസ്‌ത്യാനികള്‍ ഹിറാക്ലിയസ്‌ ചക്രവര്‍ത്തിയെയോ അയാളുടെ മന്ത്രിമാരെയോ റബ്ബുകളാക്കിയെന്ന്‌ ആക്ഷേപിച്ചിട്ടില്ല. ഭരണാധികാരികളെ ഭരണകാര്യങ്ങളില്‍ അനുസരിക്കല്‍ തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമായ രാഷ്‌ട്രീയ ശിര്‍ക്കാണെങ്കില്‍ അല്ലാഹുവോ റസൂലോ റോമന്‍ ഭരണകൂടത്തെ അനുസരിക്കുന്ന ക്രിസ്‌ത്യാനികളെ അതിനെതിരില്‍ ബോധവല്‍കരിക്കുമായിരുന്നു. കുഫ്‌റില്‍ നിന്നും ശിര്‍ക്കില്‍ നിന്നും ജനങ്ങളെ മോചിതരാക്കുക എന്നത്‌ പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നല്ലോ. റോമന്‍ ഭരണാധികാരിയെ അനുസരിക്കല്‍ രാഷ്‌ട്രീയ ശിര്‍ക്കാണെന്ന്‌ അല്ലാഹുവും റസൂലും(സ) പറയാതിരുന്നത്‌ തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തലായിപ്പോയി എന്നാണോ അബ്‌ദുല്ലാ സാഹിബ്‌ കരുതുന്നത്‌?
ഇസ്‌ലാമികേതര ഭരണകൂടത്തെ ഏത്‌ വിഷയത്തില്‍ അനുസരിക്കുന്നതും തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തുന്ന നടപടിയാണെങ്കില്‍ ഇന്ത്യാഗവണ്‍മെന്റിനെ അനുസരിക്കുന്ന ജമാഅത്തുകാരടക്കമുള്ള മുസ്‌ലിംകള്‍ മുക്കാല്‍ ഭാഗം രാഷ്‌ട്രീയ ശിര്‍ക്കിലും, കാല്‍ ഭാഗം തൗഹീദിലുമാണെന്നല്ലേ അതിന്റെ അര്‍ഥം?']

(Shabab weekly, 2011 Nov. 25.)

20 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഈ ബ്ലാഗിൽ ഇതുവരെ ഇവിടെ ചർച ചെയ്തിട്ടില്ലാത്ത പുതിയ വിഷയം ആരംഭിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി ഇതേ സംബന്ധിച്ച് എന്ത് പറയുന്നു. ആ പറയുന്നതിന് പ്രാമാണികമായ അടിത്തറയുണ്ടോ. മുജാഹിദുകളും ജമാഅത്തും ഈ വിഷയത്തിൽ എവിടെയാണ് ഭിന്നമാകുന്നത് ഈ കാര്യങ്ങളെക്കുറിച്ചെല്ലാം ചർച ചെയ്യേണ്ടതുണ്ട്. ഇതുവരെ ചർചയിൽ ഇടപെട്ട മുജാഹിദ് സുഹൃത്തുക്കളിലാരെങ്കിലും ഇടപെടുമെന്ന് പ്രതീക്ഷിക്കട്ടേ...

Reaz പറഞ്ഞു...

<< അല്ലാഹുവിന്റെ വിധി രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌, സൂക്ഷ്‌മവും സ്ഥൂലവുമായ ഏത്‌ വസ്‌തുവും എപ്പോള്‍ ഉണ്ടാകണം, അതിന്റെ ഘടന എപ്രകാരമാകണം, അത്‌ എത്ര കാലം വരെ നിലനില്‌ക്കണം എന്നൊക്കെ അല്ലാഹുവാണ്‌ നിശ്ചയിച്ചത്‌. അത്‌ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. >>
=നമ്മുടെ ആയുസ് നീട്ടികിട്ടാന്‍, അല്ലെങ്കില്‍ രോഗ ശമനത്തിന്, അങ്ങിനെ മറ്റു പലകാര്യങ്ങള്‍ക്കും നാം അല്ലാഹുവോട് പ്രാര്‍ത്ഥിക്കുകയും, ചികിത്സിക്കുകയും, ഓരോ കാര്യത്തിനും അതിനനുസരിച്ച കാര്യങ്ങളും ചെയ്യുന്നു. ചികിത്സിക്കാതെ പ്രാര്‍ത്ഥന മാത്രം ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ നാം പ്രവര്‍ത്തിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

<< ഏത്‌ നാട്ടില്‍ ഏത്‌ കാലത്ത്‌ ആര്‌ ഭരണാധികാരിയാകണം എന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. ഏത്‌ ഭരണാധികാരിയും അധികാരഭ്രഷ്‌ടനാകുന്നതും അല്ലാഹു വിധിച്ച പ്രകാരമാണ്‌. ഇത്‌ സംബന്ധിച്ച്‌ അല്ലാഹു പറയുന്നത്‌ നോക്കുക:>>

=ഏതു ഭരണാധികാരി വേണം, അല്ലെങ്കില്‍ ഏതു ഭരണ വ്യവസ്ഥ വേണം എന്ന കാര്യത്തിലും നാം പ്രാര്‍ത്ഥിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതെങ്ങനെ ഇസ്ലാമിന് വിരുദ്ധമാകും? പ്രവാചകന്‍ ഇങ്ങിനെ പ്രാര്‍ത്ഥിച്ഛതായും, പ്രവര്‍ത്തിച്ഛതായും ഖണ്ഡിതമായ രേഖകളുണ്ട്.

Reaz പറഞ്ഞു...

///ഈ വിഷയകമായി അല്ലാഹു നല്‌കിയ വിധി മാറ്റിമറിക്കാനും ആര്‍ക്കും അധികാരമില്ല.....
ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. `തൗഹീദുല്‍ ഹാകിമിയ്യത്ത്‌' എന്നൊരു ശീര്‍ഷകം നല്‌കിക്കൊണ്ട്‌ വിശകലനം നടത്തിയാലും ഇല്ലെങ്കിലും തൗഹീദിന്റെ ഈ വശം സംബന്ധിച്ച്‌ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല.///

=അല്ലാഹുവിന് സ്തുതി, ഇപ്പോള്‍ വിശ്വാസപരമായെങ്കിലും അംഗീകരിക്കുന്നു എന്നത് ഒരു നല്ല മാറ്റമാണ്. ഒരു വിശ്വാസിയെ സംബന്ധിച്ച് ഇക്കാര്യങ്ങള്‍ വിശ്വാസപരമായും, കര്മാപരമായും അംഗീകരിക്കേണ്ടതുണ്ട്. ഉദാഹരണമായി അഞ്ചു നേരെത്തെ നമസ്കാരം ഫര്‍ളാണ്‌ എന്ന് വിശ്വസിച്ഛതുകൊണ്ട് മാത്രം കാര്യമില്ല. അത് അനുഷ്ടിക്കേണ്ടതുമുണ്ട്.

Mohammed Ridwan പറഞ്ഞു...

<> ഇങ്ങനെ ഒരു വാദം ജമാഅത്തെ ഇസ്ലാമിക്കുണ്ടോ? ജമാഅത്ത് ഉന്നയിക്കാത്ത ഒരു വാദം ഉണ്ടെന്നു സങ്കല്‍പ്പിച്ചു തെറ്റിദ്ധരിപ്പിച്ചു എന്നിട്ട് അതിനെ ചോദ്യം ചെയ്യുന്ന തന്ത്രം ആണ് എല്ലാ മുജാഹിദ് വിഭാഗങ്ങളും പ്രയോഗിച്ചു വരുന്നത്.

Mohammed Ridwan പറഞ്ഞു...

"ഇസ്‌ലാമികേതര ഭരണകൂടത്തെ ഏത്‌ വിഷയത്തില്‍ അനുസരിക്കുന്നതും തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തുന്ന നടപടിയാണെങ്കില്‍ ഇന്ത്യാഗവണ്‍മെന്റിനെ അനുസരിക്കുന്ന ജമാഅത്തുകാരടക്കമുള്ള മുസ്‌ലിംകള്‍ മുക്കാല്‍ ഭാഗം രാഷ്‌ട്രീയ ശിര്‍ക്കിലും, കാല്‍ ഭാഗം തൗഹീദിലുമാണെന്നല്ലേ അതിന്റെ അര്‍ഥം?" ഇങ്ങനെ ഒരു വാദം ജമാഅത്തെ ഇസ്ലാമിക്കുണ്ടോ? ജമാഅത്ത് ഉന്നയിക്കാത്ത ഒരു വാദം ഉണ്ടെന്നു സങ്കല്‍പ്പിച്ചു തെറ്റിദ്ധരിപ്പിച്ചു എന്നിട്ട് അതിനെ ചോദ്യം ചെയ്യുന്ന തന്ത്രം ആണ് എല്ലാ മുജാഹിദ് വിഭാഗങ്ങളും പ്രയോഗിച്ചു വരുന്നത്.

CKLatheef പറഞ്ഞു...

@Reaz

വളരെ പ്രസക്തവും യുക്തിപരവുമായ അഭിപ്രായങ്ങൾ നൽകിയതിന് നന്ദി. ഈ ലളിതമായ സത്യം പോലും മനസ്സിലായില്ലെന്ന് നടിച്ച് ഒരു തരം അഭ്യാസം നടത്തുക എന്നതാണ് മുജാഹിദുകൾ പൊതുവെ അംഗീകരിച്ചുവരുന്ന തന്ത്രം.

CKLatheef പറഞ്ഞു...

മുഹമ്മദ് സാഹിബ്,

തൽകാലം തുർന്ന് വരുന്ന നിലപാടുകൾ അങ്ങനെ തന്നെ കൊണ്ട് പോകാനും ജമാഅത്തിനെതിരെ തുടരുന്ന വിമർശനം നിലനിർത്തിക്കൊണ്ട് പോകാനും സഹായകമായ അവ്യക്തമായ ഒരു നിലപാടാണ് ഭംഗിവാക്കുകളിൽ മുസ്ലിം ശബാബിലൂടെ നടത്തുന്നത്. വളരെയധികം തെറ്റിദ്ധാരണാ ജനകവും അവ്യക്തവുമായ കാര്യങ്ങളാണ് ഇവിടെ പറയുന്നത്. മൊത്തമായി പരിഗണിക്കുമ്പോൾ തങ്ങൾ പൂർണമായ ഹാകിമിയത്ത് അംഗീകരിക്കുന്നതായി പറയുകയും ജീവിതത്തിന്റെ ഒരു വലിയ ഭാഗത്ത് അതിന്റെ പ്രതിഫലനങ്ങളെ മാറ്റിനിർത്തുകയും ചെയ്യുന്നു മുജാഹിദുകൾ. പലകാര്യങ്ങളിലും മിതവാദപരവും ഇസ്ലാമികവുമായ കാഴ്ചപാടുകളെ ഉൾകൊള്ളാൻ കഴിയുന്ന മടവൂർ വിഭാഗത്തിന്റെ ശബാബ് അതിന്റെ ചോദ്യോത്തരത്തിലൂടെ നൽകുന്ന ഈ മറുപടി അവർ ഈ വിഷയത്തിൽ ഇനിയും മുന്നേറേണ്ടതുണ്ട്. ലോകസലഫികളോടൊപ്പമെത്താൻ എന്ന് വ്യക്തമാക്കി തരുന്നുണ്ട്.

CKLatheef പറഞ്ഞു...

പ്രത്യക്ഷത്തിൽ എല്ലാ ഖണ്ഡികയിൽ പറയുന്നതും ശരിയാണെന്നും ഇങ്ങനെ തന്നെയല്ലേ മുസ്ലിംകൾ അംഗീകരിക്കേണ്ടത് എന്നും തോന്നും. പക്ഷെ റിയാസ് ചൂണ്ടിക്കാണിച്ച പോലെ ഓരോ ഖണ്ഡികയിലും കുറേ കാര്യങ്ങൾ കൂടി പറയേണ്ടതായിട്ടുണ്ടെന്നും അവ പറയാതിരിക്കുന്നതിലാണ് പ്രശ്നത്തിന്റെ മർമമെന്നും അവയോരോന്നായി വിശകലനം ചെയ്താൽ മനസ്സിലാകും.

CKLatheef പറഞ്ഞു...

'വിധികര്‍തൃത്വം എന്നാണ്‌ ഹാകിമിയ്യത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. അല്ലാഹുവിന്റെ വിധി രണ്ടു തരത്തിലുണ്ട്‌. ഒന്ന്‌, സൂക്ഷ്‌മവും സ്ഥൂലവുമായ ഏത്‌ വസ്‌തുവും എപ്പോള്‍ ഉണ്ടാകണം, അതിന്റെ ഘടന എപ്രകാരമാകണം, അത്‌ എത്ര കാലം വരെ നിലനില്‌ക്കണം എന്നൊക്കെ അല്ലാഹുവാണ്‌ നിശ്ചയിച്ചത്‌. അത്‌ മാറ്റിമറിക്കാന്‍ ആര്‍ക്കും കഴിയില്ല. എവിടെയും എപ്പോഴും അല്ലാഹു വിധിച്ചതേ നടക്കുകയുള്ളൂ. ഈ വിധത്തിലുള്ള വിധികര്‍തൃത്വം അല്ലാഹു അല്ലാത്ത ആര്‍ക്കുമില്ല. ഏത്‌ നാട്ടില്‍ ഏത്‌ കാലത്ത്‌ ആര്‌ ഭരണാധികാരിയാകണം എന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. ഏത്‌ ഭരണാധികാരിയും അധികാരഭ്രഷ്‌ടനാകുന്നതും അല്ലാഹു വിധിച്ച പ്രകാരമാണ്‌. ഇത്‌ സംബന്ധിച്ച്‌ അല്ലാഹു പറയുന്നത്‌ നോക്കുക:

``പറയുക: ആധിപത്യത്തിന്റെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ ആധിപത്യം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവരില്‍ നിന്ന്‌ നീ ആധിപത്യം എടുത്തു നീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ പ്രതാപം നല്‌കുന്നു. നീ ഉദ്ദേശിക്കുന്നവര്‍ക്ക്‌ നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിന്റെ കൈവശമാണ്‌ നന്മയുള്ളത്‌. തീര്‍ച്ചയായും നീ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു'' (വി.ഖു 3:26). സ്വേച്ഛാധിപതിയും സ്വയം ദൈവവാദിയുമായ നംറൂദിന്‌ അല്ലാഹുവാണ്‌ ആധിപത്യം നല്‍കിയതെന്നും ഖുര്‍ആനില്‍ (2:258) പറഞ്ഞിട്ടുണ്ട്‌.
---------------------

ഈ പറഞ്ഞതിൽ സൂക്ഷമായി നിരീക്ഷിച്ചാൽ ഭീമാബന്ധമുണ്ട്. അല്ലാഹുവിന്റെ വിധി രണ്ട് തരമുണ്ട് എന്ന് നമ്മുക്ക് അംഗീകരിക്കാം. ഇവിടെ സൂചിപ്പിച്ച പോലെ മനുഷ്യന്റെ ജനനം മരണം അവന്റെ വളർച്ച അവന്റെ നിറം ആകാരം തുടങ്ങിയവയൊക്കെ അല്ലാഹുവിന്റെ വിധിയുടെ ഭാഗമാണ്. അതേ പോലെ പ്രാപഞ്ചിക വസ്തുക്കളുടെ സൃഷ്ടിപ്പ് അവയുടെ നിലനിൽപ് അതിന്റെ അവസാനം തുടങ്ങിവയും. ഇവയിലൊന്നും മനുഷ്യന്റെ യാതൊരു തരത്തിലുള്ള പങ്കുമില്ല. അവ പൂർണമായും അല്ലാഹുവിന് അവകാശപ്പെട്ടതാണ്. ഇതാണ് അല്ലാഹുവിന്റെ ഒരു വിധി.

എന്നാൽ ആ വിഭാഗത്തിൽ തന്നെ പെടുത്താവുന്നതാണോ ശേഷം നൽകിയത്. അഥവാ ((ഏത്‌ നാട്ടില്‍ ഏത്‌ കാലത്ത്‌ ആര്‌ ഭരണാധികാരിയാകണം എന്നും അല്ലാഹുവാണ്‌ തീരുമാനിക്കുന്നത്‌. ഏത്‌ ഭരണാധികാരിയും അധികാരഭ്രഷ്‌ടനാകുന്നതും അല്ലാഹു വിധിച്ച പ്രകാരമാണ്‌.))

ഇതിലും പരമമായി അല്ലാഹുവിന്റെ വിധിയാണ് സംഭവിക്കുക എന്നത് സത്യം. ഇക്കാര്യത്തിലും അന്തിമ വിധി അല്ലാഹുവിനാണ്. എന്നാൽ ഇവിടെ മനുഷ്യന്റെ ശ്രമത്തിന് പങ്കുണ്ട്. അധികാരത്തിന് വേണ്ടി ശ്രമിച്ച ആർക്ക് അത് നൽകണമെന്നതാണ് ഇവിടെ അല്ലാഹുവിന്റെ വിധി. അല്ലാതെ നാട്ടിലെ ഒരാളെ അല്ലാഹു രാജാവാക്കി വിധിക്കുകയല്ല. അതുപൊലെ തന്നെയാണ് മനുഷ്യന്റെ സൻമാർഗവും ആർക്ക് അത് ലഭിക്കണമെന്നത് അന്തിമമായി അല്ലാഹുവിന്റെ വിധിയാണ്. താഴെ വരുന്ന സൂക്തം നോക്കൂക.

((നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുന്നവരൊക്കെയും അന്ധകാരത്തിലകപ്പെട്ട ബധിരരും മൂകരുമാകുന്നു. അല്ലാഹു ഇഛിക്കുന്നവരെ അവന്‍ വഴിതെറ്റിക്കുന്നു. അവന്‍ ഇഛിക്കുന്നവരെ നേരായ മാര്‍ഗത്തിലുമാക്കുന്നു.(6:39)))

ഇതിന്റെ അർഥം എന്താണ് സന്മാർഗത്തിന് വേണ്ടി മനുഷ്യൻ ശ്രമിച്ചിട്ട് കാര്യമില്ലെന്നാണോ. അതോ സന്മാർഗത്തിന് വേണ്ടി ശ്രമിക്കേണ്ട എന്നോ. രണ്ടുമല്ല എന്ന് വ്യക്തം. എന്ന പോലെ മാത്രമേ അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് ആധിപത്യം നൽകുന്നുവെന്നതിനെയും കാണേണ്ടത്. മഴവർഷിക്കുന്നത് പോലെയോ ഭൂമികുലുക്കം പോലെയോ ഉള്ള ദൈവിക ഇഛ മാത്രമുള്ള ഒരു വിധിയല്ല ഇത്. പക്ഷെ മുജാഹിദുകൾ ഇത് ഒന്നാണെന്ന് വരുത്തിതീർക്കുന്നത് ഭരണം എന്നത് അല്ലാഹു നൽകുന്ന ഒരു സമ്മാനമാണെന്ന് വരുത്താനാണ്. അതിനായി പ്രത്യേകം ശ്രമിക്കേണ്ടതില്ല എന്ന് പറയാനും. അഥവാ അങ്ങനെയല്ലെങ്കിൽ പിന്നെന്തിനാണ് ഇത് ഇവിടെ പറഞ്ഞതെന്ന് വ്യക്തമാക്കണം.

CKLatheef പറഞ്ഞു...

രണ്ട്‌, മനുഷ്യന്റെ വര്‍ത്തനം എങ്ങനെയായിരിക്കണം എന്നത്‌ സംബന്ധിച്ച അല്ലാഹുവിന്റെ വിധി. അതായത്‌ പുണ്യവും പാപവും ഹലാലും ഹറാമും നിര്‍ണയിച്ചുകൊണ്ട്‌ അല്ലാഹു നല്‌കിയ വിധി. ഈ വിധത്തില്‍ വിധികല്‌പിക്കാന്‍ അല്ലാഹുവല്ലാത്ത ആര്‍ക്കും യാതൊരു അധികാരവുമില്ല. ഈ വിഷയകമായി അല്ലാഹു നല്‌കിയ വിധി മാറ്റിമറിക്കാനും ആര്‍ക്കും അധികാരമില്ല. അതായത്‌ അല്ലാഹു ഹലാലായി വിധിച്ചത്‌ ഹറാമാക്കാനോ അവന്‍ ഹറാമായി വിധിച്ചത്‌ ഹലാലാക്കാനോ ആര്‍ക്കും അധികാരമില്ല. ഈ വിഷയകമായി അല്ലാഹുവിന്റെ വിധിയെന്താണെന്ന്‌ മനുഷ്യര്‍ക്ക്‌ അറിയാന്‍ കഴിയുന്നത്‌ വിശുദ്ധ ഖുര്‍ആനിലൂടെയും പ്രാമാണികമായ ഹദീസുകളിലൂടെയുമാണ്‌. ഈ വിധിക്ക്‌ അഥവാ ദൈവിക നിയമിത്തിന്‌ വിരുദ്ധമായി വിധി പുറപ്പെടുവിക്കുന്നത്‌ പുരോഹിതനായാലും ഭരണാധികാരിയായാലും സത്യവിശ്വാസികള്‍ അത്‌ അനുസരിക്കാന്‍ പാടില്ല; നിര്‍ബന്ധിതാവസ്ഥയിലല്ലാതെ. `തൗഹീദുല്‍ ഹാകിമിയ്യത്ത്‌' എന്നൊരു ശീര്‍ഷകം നല്‌കിക്കൊണ്ട്‌ വിശകലനം നടത്തിയാലും ഇല്ലെങ്കിലും തൗഹീദിന്റെ ഈ വശം സംബന്ധിച്ച്‌ അല്ലാഹുവിലും റസൂലി(സ)ലും വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കാര്‍ക്കും തര്‍ക്കമില്ല.
------------------

ഈ പറഞ്ഞത് സത്യം തന്നെ. ഇതിനെ നമ്മുക്ക് സാൻമാർഗികവിധി എന്ന് വിളിക്കാം. ഇതിൽ ആരെയും പങ്കാളികളാക്കരുതെന്നാണെല്ലോ ചുരുക്കത്തിൽ പറഞ്ഞുവെച്ചത്. പക്ഷെ ഇത്രയും പറഞ്ഞതിന് ശേഷം ശബാബ് പറയുന്നത് വ്യക്തമായ വൈരുദ്ധ്യമാണ്. അത് പരിശോധിക്കാം.

CKLatheef പറഞ്ഞു...

(((അല്ലാഹുവിന്റെ നിയമം ജീവിതത്തിന്റെ ഏത്‌ മേഖലയിലേക്കുള്ളതാണെങ്കിലും സത്യവിശ്വാസികള്‍ അത്‌ അനുസരിച്ചേ തീരൂ.)))

അതിൽ ഏതെക്കെ മേഖല പെടും?. ആരാധനപരമായ നിയമങ്ങൾ, കുടുംബപരവും സാമൂഹികവുമായ നിയമങ്ങൾ, സാമ്പത്തികവും ഭരണപരവുമായ നിയമങ്ങൾ ഇവിടെയൊക്കെ അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിക്കണം എന്നത് മാത്രമല്ല. അല്ലാഹുവിന്റെ നിയമം മാത്രമേ അനുസരിക്കാവൂ എന്നതാണ് തൗഹീദ്.

ആരാധനയിലെ തൗഹീദ് എന്നാൽ അല്ലാഹുവിനെ ആരാധിക്കണം എന്നതല്ലല്ലോ. അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതല്ലേ. എന്ന പോലെ തന്നെയാണ് ജീവിതത്തിന്റെ എല്ലാ മേഖലയിലും അല്ലാഹുവിന്റെ വിധി മാത്രമേ അനുസരിക്കാൻ പാടുള്ളൂവെന്നതാണ് അനുസരണത്തിലെ തൗഹീദ്.

എന്ന് വെച്ചാൽ ഇവിടെ മുജാഹിദുകൾ അൽപം വിഴുങ്ങിയിരിക്കുന്നുവെന്നർഥം. ആ വിഴുങ്ങിയത് പരിഹരിക്കാൻ താഴെപരയുന്ന പ്രസ്ഥാവന മതിയാവില്ല.

(((അതിന്‌ വിരുദ്ധമായ നിയമം ആര്‌ നടപ്പാക്കിയാലും മുസ്‌ലിംകള്‍ അത്‌ സ്വമേധയാ അനുസരിക്കാന്‍ പാടില്ല എന്ന കാര്യം സുവിദിതമാണ്‌.)))

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം അവൻ വിശ്വസിക്കുന്നത്. ജീവിതത്തിന്റെ ഒരു മേഖലയിലും നിയമം നിർമിക്കാൻ മനുഷ്യന് പരമാധികാരമില്ല എന്നതാണ്. എന്നാൽ ഒരു ഇസ്ലാമിക വ്യവസ്ഥനിലവിലില്ലാത്തിടത്ത് അവർ ചെയ്യുന്ന പ്രായോഗിക സമീപനമാണ് അല്ലാഹുവിന്റെ വിധികൾക്ക് വിരുദ്ധമായ നിയമമല്ലെങ്കിൽ അത് അനുസരിക്കുക. വിരുദ്ധമാണെങ്കിൽ അത് അനുസരിക്കാതിരിക്കുക എന്നത്. പക്ഷെ ഈ സമീപനം സ്വീകരിക്കുന്നുവെന്നത് കൊണ്ട് മാത്രം മേൽപറഞ്ഞ നിയമനിർമാണപരമായ തൗഹീദിൽ ഒരു വിശ്വാസിക്ക് വെള്ളം ചേർക്കാനാവില്ല.

പക്ഷെ മുജാഹിദുകൾ ഈ പ്രയോഗികവശം മുസ്ലിംകൾക്ക് അംഗീകരിക്കാം എന്ന വസ്തുത മുതലെടുത്ത് മൊത്തത്തിൽ തൗഹീദിന്റെ വശത്തിൽ ലഘൂകരണം വരുത്തുന്നു. അതിന് വേണ്ടിയാണ് താഴെ കാണുന്ന അനാവശ്യവും അവ്യക്തമവുമായ വിശദീകരണം.

CKLatheef പറഞ്ഞു...

(((എന്നാല്‍ ലൗകിക ജീവിതത്തിന്റെ ചില മേഖലകളില്‍ മനുഷ്യര്‍ക്ക്‌ ഞെരുക്കമുണ്ടാകാതിരിക്കാന്‍ വേണ്ടി അല്ലാഹു കണിശമായ നിയമങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. വാഹനങ്ങള്‍ റോഡിന്റെ ഏത്‌ വശത്തുകൂടെ ഓടിക്കണം, റോഡിന്റെ ഘടന എങ്ങനെയായിരിക്കണം, ഓരോ പ്രദേശത്തും ഏതേത്‌ ഗതാഗത സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം, വിദ്യാലയങ്ങളുടെയും ഓഫീസുകളുടെയും ആശുപത്രികളുടെയും മറ്റും പ്രവൃത്തിസമയം എപ്പോഴായിരിക്കണം, വിവിധ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ വേതനം എത്രയായിരിക്കണം എന്നിങ്ങനെ ഭരണവുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ മനുഷ്യര്‍ക്ക്‌ നിയമങ്ങളും ചട്ടങ്ങളും ഏര്‍പ്പെടുത്താന്‍ സ്വാതന്ത്ര്യമുള്ള നിലയില്‍ അല്ലാഹു അവശേഷിപ്പിച്ചിട്ടുണ്ട്‌. ഇസ്‌ലാമിന്റെ പൊതുവായ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത നിലയില്‍ ഒരു ഭരണാധികാരി അത്തരം വിഷയങ്ങള്‍ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്തുന്നതോ ആ നിയമം പ്രജകള്‍ അനുസരിക്കുന്നതോ അല്ലാഹുവിന്റെ ഹാകിമിയ്യത്തിന്റെ കാര്യത്തില്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന തത്വങ്ങള്‍ക്ക്‌ വിരുദ്ധമല്ല.)))

ഇത് എന്തിന് വേണ്ടി പറഞ്ഞു. ഈ പറഞ്ഞകാര്യങ്ങളിലൊക്കെ ഒരു മുസ്ലിമിന് ഏത് ഭരണകൂടത്തിന്റെ നിയമവും അംഗീകരിക്കാം എന്ന കാര്യം സുവിതം തന്നെ. ഇസ്ലാമികവ്യവസ്ഥയനുസരിച്ച് ഇത്തരം നിയമം നിർമിക്കുമ്പോൾ അവയൊരിക്കലും ഇസ്ലാമിന്റെ പൊതുവായ അധ്യാപനത്തിന് വിരുദ്ധമാവില്ല. അതിനാൽ പൂർണമായി തന്നെ അംഗീകരിക്കാം. അല്ലാത്ത അവസ്ഥയിൽ ഭരണകൂടം നിർമിക്കുന്ന നിയമങ്ങൾ ചിലത് അംഗീകരിക്കാവുന്നവയും ചിലത് അംഗീകരിക്കാൻ പാടില്ലാത്തതുമാവാം. അത്തരം സന്ദർഭത്തിൽ ഇസ്ലാമിക അധ്യാപനത്തിന് യോജിക്കാത്തത് സ്വീകരിക്കാതിരിക്കുക എന്നത് ഒരു മുസ്ലിം സ്വീകരിക്കുന്ന പ്രായോഗികമായ സമീപനം. എന്നാൽ ഇതേ കാര്യത്തിലുള്ള വിശ്വസപരമായ വശം മുജാഹിദുകൾ അവഗണിക്കുന്നു. അതെന്താണെന്ന് ചോദിച്ചാൽ ഈ കാര്യങ്ങളിലും വിശുദ്ധഖുർആനിന്റെയും തിരുസുന്നത്തിന്റെയും അധ്യാപനങ്ങൾക്കനുസരിച്ചാണ് വിധിനടപ്പാക്കേണ്ടത്. അതാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. ഈ കാര്യത്തിലും വിധിതീർപ്പിനധികാരം അല്ലാഹുവിനാണ്. അതാണ് ഭരണനിയമനിർമാണധികാരത്തിലെ തൗഹീദ്.

CKLatheef പറഞ്ഞു...

(((ഇസ്‌ലാമിന്റെ പൊതുവായ അധ്യാപനങ്ങള്‍ക്ക്‌ വിരുദ്ധമാകാത്ത നിലയില്‍ ഒരു ഭരണാധികാരി അത്തരം വിഷയങ്ങള്‍ സംബന്ധിച്ച്‌ നിയമ നിര്‍മാണം നടത്തുന്നതോ ആ നിയമം പ്രജകള്‍ അനുസരിക്കുന്നതോ അല്ലാഹുവിന്റെ ഹാകിമിയ്യത്തിന്റെ കാര്യത്തില്‍ ഖുര്‍ആനും ഹദീസും പഠിപ്പിക്കുന്ന തത്വങ്ങള്‍ക്ക്‌ വിരുദ്ധമല്ല.)))

ഒരു അർഥവുമില്ലാത്ത ഒരു പ്രസ്താവനയാണ് ഇത്. ഒരു അനിസ്ലാമിക വ്യവസ്ഥയിൽ നിയമനിർമാണം നടത്തുന്നത് ഇസ്ലാമിക അധ്യാപനങ്ങൾക്ക് നിരക്കുന്നതോ എന്ന് നോക്കിയാണോ. അവരുടെതായ ഒരു മാനദണ്ഡമനുസരിച്ച് അവർ നിയമം നിർമിക്കും. അതിൽ ഇസ്ലാമിക അധ്യാപനങ്ങൾക്ക് വിരുദ്ധമാകാത്തവ നാം അനുസരിക്കുന്നുവെന്നത് ഇസ്ലാമിക തത്വങ്ങൾക്ക് വിരുദ്ധമല്ല എന്നാണ് പറയുന്നത്. എത്ര അസംബന്ധം നിറഞ്ഞതാണിത്.

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അതിന്റെ ആദർശത്തിൽ വരുന്നത് ഇത്തരം നിയമങ്ങളുടെ അടിത്തറയായി വർത്തിക്കേണ്ടത് എന്താണ് എന്ന കാര്യത്തിലാണ്. അത് ദൈവികമാർഗദർശനമനുസരിച് മാത്രമാകണം എന്നതാണ് ഇസ്ലാമിക കാഴ്ചപ്പാട്. അതാണ് ഈ വശത്തെ തൗഹീദ്.

CKLatheef പറഞ്ഞു...

(((പൂര്‍വ പ്രവാചകന്മാരുടെ അനുയായികളില്‍ ഗണ്യമായ ഒരു ഭാഗം എക്കാലത്തും സത്യവിശ്വാസികളല്ലാത്ത രാജാക്കന്മാരുടെ ഭരണനിയമങ്ങള്‍ അനുസരിച്ചുകൊണ്ടാണ്‌ ജീവിച്ചത്‌. അവിതര്‍ക്കിതമായ ഒരു ചരിത്രസത്യമാണിത്‌. ഭരണകാര്യത്തിലുള്ള ഈ അനുസരണം തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമാണെന്ന്‌ ഖുര്‍ആനിലോ പ്രാമാണികമായ ഹദീസിലോ പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ ക്രിസ്‌ത്യാനികളില്‍ ഭൂരിഭാഗം റോമന്‍ ചക്രവര്‍ത്തിയായ ഹിറഖ്‌ലിന്റെ (ഹിറാക്‌ളിയസിന്റെ) ഭരണ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിക്ക്‌ ദൈവികമായ യാതൊരു സ്ഥാനവും അവര്‍ കല്‌പിച്ചിരുന്നില്ല.)))

ഒരു ആത്മാവിനോടും അല്ലാഹു അതിന്റെ കഴിവിന്നതീതമായത് കൽപിക്കുകയില്ല എന്നത് സർവാഗീകൃതമാണ്. ഒരു രാജ്യത്ത് ഭരണാധികാരി നമസ്കരിക്കാൻ അനുവദിക്കില്ല എന്ന നിയമം കൊണ്ട് വന്നുവെങ്കിൽ അവിടെയും മുസ്ലിംകൾക്ക് മുസ്ലിംകളായി ജീവിക്കാമല്ലോ. പലപ്പോഴും ആരാധനാപരമായ കാര്യത്തിൽ അത്തരം വിലക്കുകൾ ഭരണാധികാരികൾ കൊണ്ട് വരാത്തതുകൊണ്ട് നമ്മുക്കവ മനസ്സിലാക്കാൻ പ്രയാസമുണ്ടാകും. അതുകൊണ്ട്. സത്യവിശ്വാസികളല്ലാത്ത രാജാക്കൻമാരുടെ കീഴിൽ അവിടുത്ത ഇസ്ലാമിക വിരുദ്ധമല്ലാത്ത വ്യവസ്ഥയനുസരിച്ച് ജീവിക്കാൻ നിർബന്ധിതരായ ഒരു വിഭാഗത്തോട് പ്രവാചകൻ പ്രത്യേകമായി അത് പറഞ്ഞില്ല എന്നത് കൊണ്ട് തൗഹീദിന് ഈ വിഷയത്തിൽ യാതൊന്നുമില്ല എന്ന തീർപ്പിലെത്തുന്നത് തൗഹീദിനെക്കുറിച്ച അജ്ഞതമാത്രമാണ്. അല്ലാഹുവും പ്രവാചകനും ഇത്തരമൊരു തൗഹീദ് പഠിപ്പിച്ചില്ലെങ്കിൽ ജമാഅത്തെ ഇസ്ലാമിക്ക് ഇതെവിടുന്ന് കിട്ടി. ജമാഅത്തെ ഇസ്ലാമി ഇതേക്കുറിച്ച് പറയുന്നതൊക്കെ പ്രമാണങ്ങളുടെ അടിത്തറയില്ലാതെയാണെന്ന് മുജാഹിദുകൾക്ക് വാദമുണ്ടോ..

CKLatheef പറഞ്ഞു...

(((ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട കാലത്ത്‌ ക്രിസ്‌ത്യാനികളില്‍ ഭൂരിഭാഗം റോമന്‍ ചക്രവര്‍ത്തിയായ ഹിറഖ്‌ലിന്റെ (ഹിറാക്‌ളിയസിന്റെ) ഭരണ നിയമങ്ങള്‍ അനുസരിച്ച്‌ ജീവിക്കുന്നവരായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിക്ക്‌ ദൈവികമായ യാതൊരു സ്ഥാനവും അവര്‍ കല്‌പിച്ചിരുന്നില്ല. ഹലാലും ഹറാമും പുണ്യവും പാപവും നിശ്ചയിക്കാന്‍ ചക്രവര്‍ത്തിക്ക്‌ അധികാരമുണ്ടെന്ന്‌ അവര്‍ വിശ്വസിച്ചിരുന്നുമില്ല. എന്നാല്‍ മാര്‍പ്പാപ്പയെയും കര്‍ദിനാളുമാരെയും സംബന്ധിച്ച്‌ അന്നത്തെയും ഇന്നത്തെയും ക്രിസ്‌ത്യാനികളുടെ വിശ്വാസം അവരില്‍ പരിശുദ്ധാത്മാവ്‌ കുടികൊള്ളുന്നുണ്ടെന്നും അതിനാല്‍ അവരുടെ നിയമങ്ങള്‍ക്ക്‌ ദൈവികമായ അപ്രമാദിത്വം (papal infalliblity) ഉണ്ടെന്നുമാണ്‌. ഇതിന്റെ പേരില്‍, ക്രൈസ്‌തവര്‍ മതനേതാക്കളെയും പുരോഹിതന്മാരെയും റബ്ബുകളാക്കിയിരിക്കുന്നു എന്ന്‌ ഖുര്‍ആനില്‍ (9:31) ആക്ഷേപിച്ചിട്ടുണ്ട്‌. എന്നാല്‍ ക്രിസ്‌ത്യാനികള്‍ ഹിറാക്ലിയസ്‌ ചക്രവര്‍ത്തിയെയോ അയാളുടെ മന്ത്രിമാരെയോ റബ്ബുകളാക്കിയെന്ന്‌ ആക്ഷേപിച്ചിട്ടില്ല. ഭരണാധികാരികളെ ഭരണകാര്യങ്ങളില്‍ അനുസരിക്കല്‍ തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമായ രാഷ്‌ട്രീയ ശിര്‍ക്കാണെങ്കില്‍ അല്ലാഹുവോ റസൂലോ റോമന്‍ ഭരണകൂടത്തെ അനുസരിക്കുന്ന ക്രിസ്‌ത്യാനികളെ അതിനെതിരില്‍ ബോധവല്‍കരിക്കുമായിരുന്നു.)))

ആരാധനയുമായിബന്ധപ്പെട്ട തൗഹീദിൽ മുജാഹിദുകൾ സുന്നികളെ തിരുത്തുന്ന ഒരു കാര്യമുണ്ട്. എന്നാൽ ദൈവാനുസരണവുമായി ബന്ധപ്പെട്ട തൗഹീദിൽ സമാനമായ അബദ്ധം മുജാഹിദുകൾ അനുവർത്തിക്കുന്നു. അഥവാ ഏതൊരു ശൈഖിനോടും നബിയോടുമൊക്കെ വിളിച്ച് പ്രാർഥിക്കാം പക്ഷെ അവർക്ക് സഹായിക്കാനുള്ള കഴിവ് അല്ലാഹു നൽകുന്നതാണ് എന്ന വിശ്വാസം ഉണ്ടായാൽ മതി. മുഹിയുദ്ധീൻശൈഖിനോട് പ്രാർഥിക്കുമ്പോൾ അദ്ദേഹം സഹായിക്കുന്നത് സ്വന്തംനിലക്കുള്ള കഴിവുകൊണ്ടല്ല അല്ലാഹു നൽകുന്ന കഴിവുകൊണ്ടാണ് എന്ന് വിശ്വസിക്കണം. അല്ലാഹുവിന്റെ സ്വമദിയത്ത് അംഗീകരിക്കണം എന്നാൽ കുഴപ്പമില്ല. പ്രാർഥിക്കപ്പെടുന്ന വ്യക്തിയിലോ വസ്തുവിലോ ദൈവികത ആരോപിക്കരുത് എന്നതാണ് അവരുടെ മുഖ്യവാദം. അങ്ങനെയാണ് കൊട്ടപ്പുറം വാദപ്രതിവാദത്തിൽ മറിയം ബീവിയോട് പ്രാർഥിക്കാം എന്നൊക്കെ പറഞ്ഞത്.

ഇനി മുജാഹിദുകളുടെ തെറ്റായ വാദത്തിലേക്ക് വരാം. ദൈവികമായ അപ്രമാദിത്തമോ ദൈവികമായ സ്ഥാനമോ അംഗീകരിച്ച് ഒരാളെ അനുസരിച്ചാൽ മാത്രമേ അവരുടെ കണക്കനുസരിച്ച് തൗഹീദിന് വിരുദ്ധമാകൂ. ഈ വിവരക്കേടിൽ നിന്ന്, പ്രാർഥനാവിഷയത്തിൽ സുന്നികൾ നടത്തുന്ന അതേ വാചക കസർത്ത് നടത്തുകയാണ് മുജാഹിദുകളും. അതിന്റെ സാമ്പിളാണ് മുകുളിലെ വരികളിൽ കാണുന്നത്.

ഈ വിഷയത്തിലെ ഇസ്ലാമികാധ്യപനം ഇതാണ്. ജീവിതത്തിന്റെ ഏതെങ്കിലും മേഖലയിൽ നിയമനിർമാണത്തിനുള്ള അധികാരം ആർക്കെങ്കിലും വകവെച്ചുകൊണ്ട് ആ വിധികളെ അനുസരിച്ചാൽ അത് അവർക്കുള്ള ഇബാദത്തായി. അവിടെ മതം രാഷ്ട്രീയം എന്ന വേർത്തിരിവുകളൊന്നുമില്ല. ഇസ്ലാമിനെ സംബന്ധിച്ച് രാഷ്ട്രീയവും ദീനിന്റെ ഭാഗം തന്നെ.

സുന്നികളുടെ മുകളിലെ വാദത്തിലെ അബദ്ധം, അല്ലാഹുവിന്റെ ഗുണവിശേഷണങ്ങളിലെ അവർ പ്രസ്തുത വാദത്തിലൂടെ പങ്കുചേർക്കുന്നവെന്നതാണ്. എല്ലാം കേൾക്കുന്നവൻ, എല്ലാം അറിയുന്നവൻ എന്നതൊക്കെ അല്ലാഹുവിന്റെ മാത്രം വിശേഷണമാണ് അല്ലാഹുവല്ലാത്ത ഒരാളോട് പ്രാർഥിക്കുമ്പോൾ അതിലൊക്കെ അവരെയും പങ്കുചേർക്കുന്നു ഇങ്ങനെയാണ് ശിർക്ക് വരുന്നത്. ഇത് മുജാഹിദുകൾ ഭംഗിയായി സുന്നികളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കും. അതേ പ്രകാരം തന്നെ അല്ലാഹുവിന്റെ വിശേഷണമാണ് ഹാകിം (വിധികർത്താവ്) ജീവിതത്തിൽ ഏതെങ്കിലും രംഗത്ത് വിധികൽപിക്കാൻ അല്ലാഹു അല്ലാത്തവർക്ക് അവകാശമുണ്ടെന്ന് കരുതി ആ വിധി അനുസരിച്ചാൽ അവൻ തൗഹീദിന് വിരുദ്ധം പ്രവർത്തിച്ചവനാകും.

CKLatheef പറഞ്ഞു...

(((എന്നാല്‍ ക്രിസ്‌ത്യാനികള്‍ ഹിറാക്ലിയസ്‌ ചക്രവര്‍ത്തിയെയോ അയാളുടെ മന്ത്രിമാരെയോ റബ്ബുകളാക്കിയെന്ന്‌ ആക്ഷേപിച്ചിട്ടില്ല. ഭരണാധികാരികളെ ഭരണകാര്യങ്ങളില്‍ അനുസരിക്കല്‍ തൗഹീദുല്‍ ഹാകിമിയ്യത്തിന്‌ വിരുദ്ധമായ രാഷ്‌ട്രീയ ശിര്‍ക്കാണെങ്കില്‍ അല്ലാഹുവോ റസൂലോ റോമന്‍ ഭരണകൂടത്തെ അനുസരിക്കുന്ന ക്രിസ്‌ത്യാനികളെ അതിനെതിരില്‍ ബോധവല്‍കരിക്കുമായിരുന്നു. കുഫ്‌റില്‍ നിന്നും ശിര്‍ക്കില്‍ നിന്നും ജനങ്ങളെ മോചിതരാക്കുക എന്നത്‌ പ്രവാചക നിയോഗത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നല്ലോ. റോമന്‍ ഭരണാധികാരിയെ അനുസരിക്കല്‍ രാഷ്‌ട്രീയ ശിര്‍ക്കാണെന്ന്‌ അല്ലാഹുവും റസൂലും(സ) പറയാതിരുന്നത്‌ തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തലായിപ്പോയി എന്നാണോ അബ്‌ദുല്ലാ സാഹിബ്‌ കരുതുന്നത്‌?
ഇസ്‌ലാമികേതര ഭരണകൂടത്തെ ഏത്‌ വിഷയത്തില്‍ അനുസരിക്കുന്നതും തൗഹീദിന്റെ സുപ്രധാന ഭാഗത്തെ നഷ്‌ടപ്പെടുത്തുന്ന നടപടിയാണെങ്കില്‍ ഇന്ത്യാഗവണ്‍മെന്റിനെ അനുസരിക്കുന്ന ജമാഅത്തുകാരടക്കമുള്ള മുസ്‌ലിംകള്‍ മുക്കാല്‍ ഭാഗം രാഷ്‌ട്രീയ ശിര്‍ക്കിലും, കാല്‍ ഭാഗം തൗഹീദിലുമാണെന്നല്ലേ അതിന്റെ അര്‍ഥം?')))

മുജാഹിദുകൾ ഇപ്രകാരം ചോദിക്കുന്നത് അവർക്ക് ഈ കാര്യത്തെക്കുറിച്ച് അറിവില്ലാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കാൻ പ്രയാസം. ഈ ചോദ്യം കൊണ്ട് ഉദ്ദേശിക്കുന്നത് അവരിലെ അണികളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ്. ജമാഅത്തെ ഇസ്ലാമി അർഹിക്കുന്ന ചോദ്യമല്ല ഇത്. തികച്ചും തെറ്റായ രൂപത്തിൽ ഇസ്ലാമിന്റെ ഈ വശം മനസ്സിലാക്കുമ്പോൾ മാത്രമേ ഈ ചോദ്യം ഉത്ഭവിക്കൂ.

മുകളിലെ വിശദീകരണങ്ങളൊക്കെ വായിച്ച് കഴിഞ്ഞിട്ടും ഈ ചോദ്യവും അവസാനം പറഞ്ഞ വാദവും നിലനിൽക്കുന്നുവെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ അവർ ചോദ്യം ആവർത്തിക്കുക. അപ്പോൾ അതിന് മറുപടി പറയാം.

അജ്ഞാതന്‍ പറഞ്ഞു...

Here is a discussion in this subject visit this link

Muneer പറഞ്ഞു...

>>അല്ലാഹുവിന്റെ നിയമം ജീവിതത്തിന്റെ ഏത്‌ മേഖലയിലേക്കുള്ളതാണെങ്കിലും സത്യവിശ്വാസികള്‍ അത്‌ അനുസരിച്ചേ തീരൂ. അതിന്‌ വിരുദ്ധമായ നിയമം ആര്‌ നടപ്പാക്കിയാലും മുസ്‌ലിംകള്‍ അത്‌ സ്വമേധയാ അനുസരിക്കാന്‍ പാടില്ല എന്ന കാര്യം സുവിദിതമാണ്‌.<<

അല്ലാഹുവിന്‍റെ നിയമം ഏതെങ്കിലും മേഖലയില്‍ അനുസരിക്കെണ്ടതില്ല എന്ന് വിശ്വസിക്കുന്നത്/കരുതുന്നത് ശിര്‍ക്ക്‌ ആണെന്ന് തുറന്നു പറയാന്‍ മടി കാണുന്നുണ്ട്!! അങ്ങനെ സമ്മതിച്ചാല്‍ ആത്യന്തികമായി നാം ആരുടെ നിയമം ആണ് അനുസരിക്കേണ്ടത് എന്നത് ഒരു "ഇബാദത്ത്" ആയി മാറും! കാരണം ഇബാദത്ത് ആര്‍ക്കാണ് എന്നതിനെ അടിസ്ഥാനമാക്കിയാണല്ലോ തൌഹീദും ശിര്‍ക്കും നിര്‍ണ്ണയിക്കപ്പെടുന്നത്.
നാളിതുവരെ ഇബാദത്ത് എന്നാല്‍ പ്രാര്‍ത്ഥന ആണെന്നും, അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കലാണ് ശിര്‍ക്ക് എന്നും, തദടിസ്ഥാനത്തില്‍ കര്‍മ്മ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്ത പ്രസ്ഥാനമാണല്ലോ കേരളത്തിലെ ഇസ്ലാഹീ പ്രസ്ഥാനം. പ്രസ്തുത നിര്‍വചന പ്രകാരം മുകളില്‍ പറഞ്ഞ "ആരുടെ നിയമങ്ങള്‍ അനുസരിക്കണം" എന്നത് ഇബാദത്തിന്‍റെ പരിധിയില്‍ വരുന്നില്ല. അത് കൊണ്ട് തന്നെ ആരുടെ നിയമം അനുസരിച്ചാലും അത് ശിര്‍ക്ക്‌ ആവുകയില്ല.
ഈ വൈരുധ്യത്തിനു ഇവര്‍ വിശദീകരണം നല്‍കുമോ? കാത്തിരുന്നു കാണാം!!

Mohammed Ridwan പറഞ്ഞു...

<>
ലത്തീഫ് സാഹിബ്, വിധികല്പിക്കാന്‍ അല്ലാഹു അല്ലാത്തവർക്ക് അവകാശമുണ്ടെന്ന് "കരുതിയാല്‍ തന്നെ" അത് തൌഹീദിന് വിരുധമായില്ലേ? ആ വിധി അനുസരിക്കണം എന്നില്ലെല്ലോ?

Billa പറഞ്ഞു...

നന്നായി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK