'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഏപ്രിൽ 09, 2013

മുജീബ് കിനാലൂരും ജമാഅത്ത് ലഘുലേഖയും

മുജീബ് റഹ്മാന്‍ കിനാലൂര്‍ ആദരണീയമായ വ്യക്തിത്വമാണ്. വിഭാഗീയതയുടെയോ സങ്കുചിതത്വത്തിന്റെയോ വാക്കുകള്‍ അദ്ദേഹത്തിന്റേതായി കേള്‍ക്കാറില്ല. ജമാഅത്ത് അടക്കമുള്ള സംഘടനകളോട് തുറന്ന സമീപനം പുലര്‍ത്തുകയും അവരുടെ നന്മയില്‍ സഹകരിക്കാനുള്ള സന്നദ്ധത തുറന്ന് തന്നെ പ്രകടിപ്പിക്കുന്നതും അദ്ദേഹത്തില്‍നിന്ന് നേരിട്ട് തന്നെ കേട്ടിട്ടുമുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തിന്റേതായി വന്ന ഒരു പത്ര റിപ്പോര്‍ട്ട് കൂടുതല്‍ ശ്രദ്ധിച്ചത്. അദ്ദേഹം ദോഹയില്‍ വെച്ച് മിഡില്‍ ഇസ്റ്റ്  ചന്ദ്രിക നടത്തിയ ആ അഭിമുഖം ഇവിടെ വായിക്കാം.

അദ്ദേഹത്തിന്റെ അഭിമുഖത്തില്‍നിന്ന് ...


ദോഹ: കേരളത്തിലെ മതസംഘടനകള്‍ പരസ്പരം നടത്തുന്ന അനാവശ്യമായ കലഹങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇത്തരം അനാരോഗ്യ സംവാദങ്ങള്‍ പൊതുസമൂഹത്തില്‍ ഇസ്‌ലാമിന്റെ പ്രതിച്ഛായ ഇല്ലാതാക്കാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ എന്നും ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡണ്ടും എഴുത്തുകാരനുമായ മുജീബ്‌റഹ്മാന്‍ കിനാലൂര്‍. ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ അദ്ദേഹം മിഡില്‍ ഈസ്റ്റ് ചന്ദ്രികയുമായി സംസാരിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ ആന്തരിക ശക്തി എന്നത് സാഹോദര്യമാണ്.

മാനവിക ഐക്യം ഊട്ടിയുറപ്പിക്കാനും എല്ലാ മതങ്ങള്‍ക്കും കൈകോര്‍ക്കാവുന്ന സത്യം, സഹിഷ്ണുത, നീതി എന്നീ ഗുണങ്ങള്‍ പ്രചരിപ്പിക്കാനും ലോകത്ത് മുസ്‌ലിംകള്‍ മുന്‍കൈയെടുക്കുമ്പോള്‍ കേരളത്തിലെ ഇസ്‌ലാമിക സംഘടനകള്‍ നിസ്സാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പരസ്പരം വിഴുപ്പലക്കുന്നത് ശരിയല്ല. റാബിത്തത്തുല്‍ ആലമീന്‍ ഇസ്‌ലാമി (മുസ്‌ലിം വേള്‍ഡ് ലീഗ്) പോലുള്ള സംഘടനകള്‍ ഇസ്‌ലാമിക സാഹോദര്യത്തിന്റെ മഹത്വം മറ്റു മതങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനവികതയെക്കുറിച്ചും സഹിഷ്ണുതയെക്കുറിച്ചുമുള്ള പ്രസംഗങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെടാനും ഈ ഗുണങ്ങള്‍ സ്വയം റദ്ദാക്കാനും മാത്രമാണ് ആരോഗ്യകരമല്ലാത്ത സംഘടനാ വൈരങ്ങള്‍ സഹായിക്കുക. ഇസ്‌ലാമിന്റെ ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും മറ്റു സമൂഹങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഇസ്‌ലാമിനകത്ത് മിനിമം ഐക്യം ഉറപ്പുവരുത്താന്‍ സംഘടനകള്‍ ശ്രമിക്കണം. -അദ്ദേഹം വിശദീകരിച്ചു.

കേരളത്തിലെ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെയെല്ലാം രൂപീകരണത്തില്‍ അടിസ്ഥാന ലക്ഷ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ട്. ഇത് നിലനിര്‍ത്തിക്കൊണ്ടുതന്നെ യോജിക്കാവുന്ന മേഖലകളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കണം. മദ്യം, മയക്കുമരുന്ന്, സ്ത്രീധനം തുടങ്ങിയ സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ച് പോരാടണം. മുസ്‌ലിം ശാക്തീകരണത്തിനും സമുദായത്തിലെ പിന്നോക്കാവസ്ഥ പരിഹരിക്കാനും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിക്കാനാവണം. -കിനാലൂര്‍ പറഞ്ഞു. സംഘടനകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നതകളില്‍ പുതിയ കാലത്തെ ചെറുപ്പക്കാര്‍ക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതത്തിലെ വിശ്വാസപരവും കര്‍മ്മശാസ്ത്രപരവുമായ അഭിപ്രായഭിന്നതകള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് ബാഫഖി തങ്ങളും കെ.എം മൗലവിയും സമുദായത്തിനു വേണ്ടി ഒന്നിച്ചു നിന്നത്. എന്നാല്‍ ആദര്‍ശത്തിന്റെ ലക്ഷണം വിഭാഗീയതയിലെ തീവ്രതയാണെന്ന ധാരണ ഈയടുത്ത കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. വിജ്ഞാനവും ലാളിത്യവുമാണ് പാണ്ഡിത്യത്തിന്റെ അടയാളമെന്ന ധാരണകളെ തിരുത്തുന്ന രീതിയിലാണ് പുതിയ കാലത്തെ മതപ്രഭാഷണങ്ങള്‍. നാവിന്റെ ബലം നോക്കിയാണ് ഇപ്പോള്‍ പലരും പാണ്ഡിത്യത്തെ അളക്കുന്നത്. തീവ്രമായി പ്രസംഗിക്കുകയും വാക്കുകള്‍ കൊണ്ട് ബഹളമുണ്ടാക്കുകയും ചെയ്യുന്നവരിലേക്കാണ് ജനക്കൂട്ടം ആകര്‍ഷിക്കപ്പെടുന്നത്. ചാനലുകളില്‍ ക്രൈമും കോമഡിയും അനിവാര്യതയായി മാറിയ പോലെയാണിത്. ഇതിനെ തിരുത്തേണ്ടവര്‍ തന്നെ ഇതിന്റെ വക്താക്കളാവുന്നത് അബദ്ധമാണ്.- കിനാലൂര്‍ പറഞ്ഞു.

വര്‍ഗ്ഗീയതയിലേക്ക് ഉള്‍വലിയുന്ന സമൂഹത്തിന് സഹകരണത്തിന്റെ വിശാലമായ തലം ബോധ്യപ്പെടുത്തേണ്ട മതസംഘടനകള്‍ നിസ്സാരമായ വാദപ്രതിവാദങ്ങളിലേക്ക് സമുദായത്തെ ചുരുക്കുന്നത് ശരിയല്ല. കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗ്ഗീയധ്രുവീകരണത്തിന് ഫേസ്ബുക്ക് ഉള്‍പ്പെടെ കാരണമാകുന്നതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുസ്‌ലിംലീഗും വ്യവസ്ഥാപിത മതസംഘടനകളുമാണ് കേരളത്തിന് മതമൈത്രിയുടെ പാരമ്പര്യം ഉണ്ടാക്കിയത്. ഈ പാരമ്പര്യം നഷ്ടമാകുന്നതോടെ സമൂഹത്തില്‍ മുസ്‌ലിംകള്‍ക്കുണ്ടായിരുന്ന മേല്‍ക്കോയ്മയും പരിഗണനയും ഇല്ലാതാകും. -കിനാലൂര്‍ വ്യക്തമാക്കി.

ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകള്‍ മതസംഘടനകള്‍ മറന്നുപോകാന്‍ പാടില്ല. വിപ്ലവാനന്തര ഈജിപ്തിലും ടുണീഷ്യയിലുമൊക്കെയുള്ള ജനങ്ങള്‍ മുസ്‌ലിംകള്‍ ഭൂരിപക്ഷമായിട്ടും ബഹുസ്വര രാഷ്ട്ര ഘടനയെയും ന്യൂനപക്ഷങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ള ഭരണത്തിനു വേണ്ടിയാണ് മുറവിളി കൂട്ടുന്നത്. ഏകാധിപത്യത്തില്‍നിന്നുള്ള പാഠങ്ങളാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. ലോകം ഈ വിധത്തില്‍ മാറിക്കൊണ്ടിരിക്കുമ്പോഴാണ് ബഹുസ്വര സമൂഹത്തിലെ സഹകരണത്തിന്റെ സാധ്യതകളെ തകര്‍ക്കാന്‍ കേരളത്തിലെ വര്‍ഗ്ഗീയവാദികള്‍ ശ്രമിക്കുന്നത്. - അദ്ദേഹം പറഞ്ഞു. എല്ലാ രാജ്യത്തെയും വിദ്യാസമ്പന്നരായ ചെറുപ്പക്കാരില്‍ ഉണര്‍വ്വുണ്ടായ കാലമായിരുന്നു എണ്‍പതുകളും തൊണ്ണൂറുകളും. മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കണമെന്ന ചിന്ത ഇവരിലുണ്ടായി. മനുഷ്യരാശിയുടെ വെല്ലുവിളികളെക്കുറിച്ച് ഇവര്‍ ചര്‍ച്ച ചെയ്തു തുടങ്ങി.

ഒരു നവോത്ഥാന സംഘടനയെന്ന നിലയില്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ പരിസ്ഥിതിയും മണ്ണിന്റെ നിലനില്‍പ്പും രാഷ്ട്രീയവുമെല്ലാം ചര്‍ച്ചയായത് ഇതിന്റെ ഭാഗമായിരുന്നു. നവോത്ഥാനമെന്നത് മനുഷ്യന്റെ സമഗ്രമായ ഗുണത്തെ ലക്ഷ്യം വെക്കുന്നത് കൂടിയാവണമെന്ന വാദമാണ് മുജാഹിദിലെ ഒന്നാം പിളര്‍പ്പിന് കാരണമായത്. ദൃശ്യമായ കാര്യങ്ങളെക്കുറിച്ചായിരുന്നു നേരത്തെയുണ്ടായ അഭിപ്രായ ഭിന്നതകളെങ്കില്‍ അദ്യശ്യമായ കാര്യങ്ങളിലൂന്നിയാണ് ഇപ്പോള്‍ തമ്മിലടിക്കുന്നത്. സ്വയം നവീകരിക്കാതെ ഒരു പ്രസ്ഥാനത്തിനും സമൂഹത്തെ നവീകരിക്കാനാവില്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.- മുജീബ് റഹ്മാന്‍ കിനാലൂര്‍ പറഞ്ഞു. പുതിയ തലമുറയിലെ യുവാക്കള്‍ സാമ്പ്രദായിക നേതൃത്വത്തിന്റെ സങ്കുചിത ചിന്തകളെ മറികടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം.

***********************

അദ്ദേഹത്തിന്റെ സംസാരത്തിലൂടെ കടന്നുപോയപ്പോള്‍ മുജാഹിദ് മടവൂര്‍ വിഭാഗം ശബാബില്‍ നിരന്തരമായി വിഷയമാക്കിക്കൊണ്ടിരിക്കുന്ന ജമാഅത്ത് ലഘുലേഖയിലും ഇതുതന്നെയല്ലേ പറയുന്നത് എന്ന് ഓര്‍ത്തു പോയി. ഇസ്ലാമിക നവോത്ഥാനം രണ്ടാംഘട്ടത്തിനൊരു മുഖവുര എന്ന ലഘു കൃതിയില്‍ ഇങ്ങനെ കാണാം.

'നവോത്ഥാനത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുകയാണ് നാമിപ്പോള്‍ . മുന്‍ഗാമികള്‍ നട്ടുനനച്ച നവോത്ഥാന സംരംഭങ്ങളെ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് നയിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള മാറ്റങ്ങളും വികാസങ്ങളും നമ്മുടെ കാഴ്ചപ്പാടുകളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടാകണം. ഇടക്കാലത്തു വന്നുചേര്‍ന്ന അപഭ്രംശങ്ങളെക്കുറിച്ച് എല്ലാവരും ആത്മപരിശോധന നടത്തണം. നവോത്ഥാനനന്മകളെ നഷിപ്പിക്കാന്‍ പോന്ന രോഗാണുക്കള്‍ അടുത്തകാലത്തായി ചില സംഘടനകളില്‍ പ്രത്യക്ഷമായിരിക്കുന്നു. അപഭ്രംശത്തിന്റെ അണുബാധ ഏതെങ്കിലും ഒരു പ്രസ്ഥാനത്തെ മാത്രം ബാധിക്കുന്ന കേവല സംഘടനാ പ്രശ്നമല്ല.  മുസ്ലിം സമുദായത്തെ തന്നെയാണ് ഇക്കൂട്ടര്‍ അപമാനിക്കുന്നത്. മനുഷ്യരേക്കാള്‍ കൂടുതല്‍ ജിന്നുകളെക്കുറിച്ചും ജീവിച്ചിരിക്കുന്നവരേക്കാള്‍ കൂടുതല്‍ മരിച്ചവരെക്കുറിച്ചും ചിന്തിക്കുന്നവര്‍ക്ക് സമൂഹനന്മക്കൊന്നും നല്‍കാനില്ല. ആടിയും പാടിയും ആത്മീയത വര്‍ധിപ്പിക്കാനിറങ്ങിയവരും ഇസ്ലാമിനെ കൊച്ചാക്കുകയാണ്. നവോത്ഥാനത്തിന്റെ ചക്രം പിറകോട്ട് തിരിക്കുന്ന പണിയാണ് ഇവര്‍ എടുക്കുന്നത്. പ്രസംഗിച്ച് പ്രസംഗിച്ച് സ്വയം പ്രസ്ഥാനങ്ങളാകുന്നവരെയും സൂക്ഷിക്കണം. ' (Page 5,6)

തുടര്‍ന്ന് ലഘുലേഖ പ്രതിരോധമെന്ന പേരില്‍ ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്ന അവിവേകങ്ങളെ പരാമര്‍ശിക്കുന്നു. വര്‍ഗീയതക്ക് പകരം പ്രതിവര്‍ഗീയത, ഭീകരതക്ക് പകരം പ്രതിഭീകരതയല്ലെന്നും ഇസ്ലാം ആദിമധ്യാന്തം മനുഷ്യസ്നേഹമാണ് എന്നും നമ്മുടെ വഴികള്‍ സുതാര്യമായിരിക്കണമെന്നും ഉണര്‍ത്തുന്നു.

'പരസ്പരം പടവെട്ടുന്ന ശൈലി മുസ്ലിം സംഘടനകള്‍ പാടെ വര്‍ജിക്കണം. മത്സരം ആവാം. പക്ഷെ അതാരെയും തോല്‍പ്പിക്കാനായിരിക്കരുത്. സ്വയം മുന്നോട്ട് കുതിക്കാനായിരിക്കണം. പാദവും പ്രതിവാദവും പുതിയ കാലത്തിന്റെ ആവശ്യമല്ല. കാണാനും കേള്‍ക്കാനും സുഖമില്ലാത്ത വര്‍ത്തമാനങ്ങളും പ്രവര്‍ത്തനങ്ങളും സംഘടനകള്‍ പാടി ഉപേക്ഷിക്കണം. അടിസ്ഥാനങ്ങളില്‍ ഏകതയും വിശദാംശങ്ങളില്‍ വൈവിധ്യവും ഈ സമുദായത്തിന്റെ സവിശേഷതയാണ്. അനുഗൃഹീതമായ വൈവിധ്യങ്ങളെ ആരും കൃത്രിമമായി ഏകീകരിക്കാന്‍ ശ്രമിക്കരുത്. അഭിപ്രായവ്യത്യാസങ്ങളെ പരസ്പരം മാനിക്കണം ശാഖാപരമായ കാര്യങ്ങളില്‍ തര്‍ക്കിച്ച് സമുദായത്തെ വട്ടം കറക്കരുത്.' (Page 6,7)

'സംഘടനകള്‍ മറക്കാന്‍ പാടില്ലാത്ത ഒരു സത്യമുണ്ട് - ഒരു സംഘടനക്ക് മാത്രമായി എല്ലാ കാര്യങ്ങളും ചെയ്തുതീര്‍ക്കാനാവില്ല. എല്ലാ സംഘടനകള്‍ക്കും കൂടി ചെയ്യാന്‍ മാത്രം വലുതാണ് മുസ്ലിം സമുദായത്തിന്റെ ഉത്തരവാദിത്തങ്ങള്‍ . ആയതിനാല്‍ സംഘടനകള്‍ക്കിടയില്‍ കൂടിയാലോചനകളും ആസൂത്രണവും സഹകരിച്ചുള്ള പ്രവര്‍ത്തനവും ആവശ്യമാണ്. ഈജിപ്തില്‍ ഇസ്ലാമിസ്റ്റുകളും സലഫികളും ഒന്നിച്ച് ഭരിക്കുന്നു. ലബനാനില്‍ ശിയാക്കളും സുന്നികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. വെള്ളം കടക്കാത്ത കമ്പാര്‍ട്ടുമെന്റ് പ്രവര്‍ത്തനങ്ങളുടെ കാലം കഴിഞ്ഞത് കേരളത്തിലെ സംഘനടകള്‍ തിരിച്ചറിയണം. ഈ തിരിച്ചറിവ് സംഘടനകളുടെ പ്രവര്‍ത്തന ശൈലിയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാക്കണം. ' (Page 7)

'സംഘടനകള്‍ വേണം. സംഘടനകളാണ് മേല്‍പറഞ്ഞ (നേരത്തെ ലഘുകൃതിയില്‍ പറഞ്ഞ കാര്യങ്ങളാണ് സൂചിപ്പിക്കുന്നത്- ബ്ലോഗര്‍ ) നേട്ടങ്ങളത്രയും ഉണ്ടാക്കിയെടുത്തത്. എല്ലാ സംഘടനകളെയും ഒന്നിച്ച് ഒരു നേതൃത്വത്തിന് കീഴില്‍ കൊണ്ടുവരാന്‍ ഇപ്പോള്‍ കഴിയില്ലെങ്കിലും സംഘടനകളുടെ ഒരു ഏകോപന സമിതി സാധ്യമാകേണ്ടതാണ്. നടേ പറഞ്ഞ തരത്തിലുള്ള കൂടിയാലോചനകള്‍ക്കും ആസൂത്രണങ്ങള്‍ക്കും ഇത് ഉപകരിക്കും. സംഘടനാ പക്ഷപാതിത്വം കുറച്ചുകൊണ്ട് വരാനും പ്രവര്‍ത്തനരംഗത്തെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കാനും ഇതുവഴിസാധിക്കും.' (Page 7)

തുടര്‍ന്ന് ലഘുലേഖ പറയുന്നത് ഇസ്ലാമിന്റെ തന്നെ വിശാലമായ അജണ്ടയെക്കുറിച്ചണ്. മുസ്ലിംകള്‍ ഒരുമിച്ചുകൂടുന്നത് അവര്‍ക്ക് വേണ്ടി മാത്രമല്ല. മുസ്ലികളല്ലാത്തവര്‍ക്കും അതിന്റെ പ്രയോജനം ലഭിക്കണം. അവിടെ നിന്നും വിട്ട് ജന്തുജാലങ്ങള്‍ക്കും സസ്യങ്ങള്‍ക്കും മണ്ണിനും വിണ്ണിനും കാടിനും കടലിനും കിട്ടണം. പാരിസ്ഥിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇസ്ലാമിനെ പ്രയോജനപ്പെടുത്തണം. ശീര്‍ഷാസനം ചെയ്യുന്ന ഇന്നത്തെ നാഗരീകതയെ നേരെ നിര്‍ത്താനും ഇസ്ലാമിന്റെ സഹായം ലോകത്തിന് ആവശ്യമുണ്ട്.

ഒരുര്‍ഥത്തില്‍ ഇതുതന്നെയാണ് മുജീബ് റഹ്മാന്‍ കിനാലൂരും അടിവരയിടുന്നത്. എനിക്ക് ചോദിക്കാനുള്ളത് ഇതേ രണ്ട് ചിന്തകള്‍ പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് മടവൂര്‍ വിഭാഗത്തിനും ഈ രംഗത്ത് ഒരു മാതൃക കാണിച്ചൂകൂടെ എന്നാണ്. ഇതിന് ആദ്യം വേണ്ടത് മടവൂര്‍ വിഭാഗം അടിസ്ഥാനരഹിതമായ ചില ആശങ്കകളെ ഒഴിവാക്കുകയാണ്. അതൊരു പക്ഷെ സമസ്ത സുന്നികളെ പോലെ ഒരുമിച്ചാല്‍ അതിന്റെ വലിയ ദോശം തങ്ങള്‍ക്കാകും എന്നഭമയാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും... എന്തായാലും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുകയില്ല എന്നവര്‍ തങ്ങളുടെ മാതൃപ്രസ്ഥാനത്തിന് സംഭവിച്ച ദുര്യോഗത്തില്‍നിന്ന് മനസ്സിലാക്കണം.

3 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഒരുര്‍ഥത്തില്‍ ഇതുതന്നെയാണ് മുജീബ് റഹ്മാന്‍ കിനാലൂരും അടിവരയിടുന്നത്. എനിക്ക് ചോദിക്കാനുള്ളത് ഇതേ രണ്ട് ചിന്തകള്‍ പുലര്‍ത്തുന്ന ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദ് മടവൂര്‍ വിഭാഗത്തിനും ഈ രംഗത്ത് ഒരു മാതൃക കാണിച്ചൂകൂടെ എന്നാണ്. ഇതിന് ആദ്യം വേണ്ടത് മടവൂര്‍ വിഭാഗം അടിസ്ഥാനരഹിതമായ ചില ആശങ്കകളെ ഒഴിവാക്കുകയാണ്. അതൊരു പക്ഷെ സമസ്ത സുന്നികളെ പോലെ ഒരുമിച്ചാല്‍ അതിന്റെ വലിയ ദോശം തങ്ങള്‍ക്കാകും എന്നഭമയാകാം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും... എന്തായാലും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുകയില്ല എന്നവര്‍ തങ്ങളുടെ മാതൃപ്രസ്ഥാനത്തിന് സംഭവിച്ച ദുര്യോഗത്തില്‍നിന്ന് മനസ്സിലാക്കണം.

Abid Ali പറഞ്ഞു...

എന്തായാലും അത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവര്‍ക്ക് ഗുണം ചെയ്യുകയില്ല എന്നവര്‍ തങ്ങളുടെ മാതൃപ്രസ്ഥാനത്തിന് സംഭവിച്ച ദുര്യോഗത്തില്‍നിന്ന് മനസ്സിലാക്കണം.
+++++++++++++++++++++++
അതെ അത് തന്നെ

kutty പറഞ്ഞു...

Sthana maanangal chollikkalahichu
Naanam kettu nadakkunnithu chilar

Allah ivarkk kannu thurannu kanuvanum manassu kond
chinthikkuvanum sahodarare manassilakkuvanum udavi
cheyyumaaravatte ameen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK