'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഡിസംബർ 30, 2013

ബംഗ്ലാദേശ് നീതിന്യായം തൂക്കിലേറുന്നു


ഇന്നത്തെ വര്‍ത്തമാനം നാളത്തെ ചരിത്രമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നടക്കുന്നത് സത്യസന്ധമായി വിലയിരുത്തിവെക്കുന്നത് പിന്നീട് തെറ്റായ ധാരണ സൃഷ്ടിക്കപ്പെടാതിരിക്കാന് സാഹായിക്കും. പറഞ്ഞുവരുന്നത് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ച് തന്നെ. അടുത്തിടെ പലരും ഭരണകൂടഭാഷ്യം ഉരുവിട്ട്കൊണ്ട് ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലാകെ കൂട്ടക്കശാപ്പ് നടത്തുകയാണ് എന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയുണ്ടായി.  പക്ഷെ സത്യം മറ്റൊന്നാണ്.  എക്കാലത്തും അക്രമികള്‍ തങ്ങളുടെ ചെയ്തികളെ ന്യായീകരിക്കുന്നത്, തങ്ങളുടെ ചെയ്തിക്ക് അര്‍ഹമാകുന്ന കുറ്റം അവരില്‍ അരോപിച്ചുകൊണ്ടാണ്, അതിവിടെയും സംഭവിക്കുന്നുണ്ട്.  രണ്ട് സാധ്യതകളാണല്ലോ ഉള്ളത്. ഒന്ന് ബംഗ്ലാദേശ് ഗവണ്‍മെന്റ് നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു, ജമാഅത്തും അതിന്റെ നേതാക്കളും ശിക്ഷക്ക് അര്‍ഹരാണ്. രണ്ടാമത്തെ സാധ്യത. ഗവണ്‍മെന്റ് അന്യായം ചെയ്തുകൊണ്ടിരിക്കുന്നു, കാരണം ജമാഅത്ത് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന നടപടിക്ക്  അര്‍ഹരല്ല. ആദ്യത്തേതാണ് ശരിയെങ്കില്‍ ലോകത്തിലാരും അതിനെതിരെ പ്രതികരിക്കുമായിരുന്നില്ല. എന്നാല്‍ അന്താരാഷ്ട്ര ട്രബ്യൂണലുകളൊന്നും ഇതിനെ ശരിവെക്കുന്നില്ല. തികഞ്ഞ അതിക്രമമാണ് ഹസീനാ വാജിദിന്റെ ഭരണകൂടം ജമാഅത്തെ ഇസ്ലാമിയോട് ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് താഴെ നല്‍കിയ ലേഖനം കൂടുതല്‍ വ്യക്തമാക്കി തരുന്നു. 
-------------------------------


അശ്‌റഫ് കീഴുപറമ്പ്‌
ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അസി. സെക്രട്ടറി ജനറല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ തീര്‍ത്തും അന്യായമായ രീതിയില്‍ ഹസീന വാജിദിന്റെ സ്വേഛാധിപത്യ ഭരണകൂടം തൂക്കിലേറ്റിയതോടെ രാഷ്ട്രം കടുത്ത അരാജകത്വത്തിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കും കൂപ്പ് കുത്തുന്നു. കഴിഞ്ഞ ഡിസംബര്‍ 12-ന് ധാക്കയില്‍ വെച്ചാണ് മുല്ലയുടെ രക്തസാക്ഷിത്വം. കള്ളക്കേസുകളുണ്ടാക്കി, വിചാരണാ പ്രഹസനം നടത്തി യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ ധൃതിപിടിച്ച് ശിക്ഷ നടപ്പാക്കുകയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ നേതൃനിരയെ ഇല്ലാതാക്കാനും അങ്ങനെ പ്രസ്ഥാനത്തെ ശിഥിലമാക്കാനും നടത്തുന്ന ഗൂഢാലോചനയുടെ ഇരയാണ് ശഹീദ് മുല്ലയെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് പറഞ്ഞു. മുല്ലയെ തൂക്കിലേറ്റി 26 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും ജമാഅത്തിന്റെ ഖോര്‍പൂര്‍ ജില്ല അസി. അമീര്‍ ഡോ. ഫയാസ് അഹ്മദിനെയും പോലീസ് കൊലപ്പെടുത്തി. പരിശോധനക്കെന്ന് പറഞ്ഞ് വീട്ടില്‍ കയറിയ പോലീസ് ഫയാസിനെ വെടിവെച്ച് കൊന്ന ശേഷം മട്ടുപ്പാവില്‍ നിന്ന് താഴേക്കെറിയുകയായിരുന്നു. മേഖലയിലെ ജനകീയനായ പൊതുപ്രവര്‍ത്തകന്‍ കൂടിയായിരുന്നു അദ്ദേഹം.
ഈ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് സമാധാനപരമായി പ്രകടനം നടത്തിയ ജമാഅത്ത്-ഛാത്രശിബിര്‍ പ്രവര്‍ത്തകരെയും പോലീസ് വേട്ടയാടി. കൊപാനാഗഞ്ച് ജില്ലയില്‍ ആറ് ജമാഅത്ത് പ്രവര്‍ത്തകരാണ് ആദ്യ ദിവസം തന്നെ വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും ജമാഅത്ത് പ്രവര്‍ത്തകര്‍ തന്നെയായിരുന്നു. പക്ഷേ, ജമാഅത്തും അതിന്റെ വിദ്യാര്‍ഥി വിഭാഗമായ ഛാത്രശിബിറും അക്രമമഴിച്ചുവിടുകയാണെന്നായിരുന്നു ഗവണ്‍മെന്റിന്റെയും മീഡിയയുടെയും പ്രചാരണം. ചിറ്റഗോംഗ്, ഫെനി, ശത്കീറെ, ബോഗ്ര എന്നിവിടങ്ങളില്‍ ഗവണ്‍മെന്റ് ഏജന്റുമാര്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണമഴിച്ച് വിട്ടപ്പോള്‍ അന്നാട്ടുകാര്‍ അക്രമികളെ കൈയോടെ പിടികൂടുകയുണ്ടായി. ഇതൊക്കെ ജമാഅത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ നേരത്തേ ആസൂത്രണം ചെയ്തതായിരുന്നു.

അവാമി ഭരണകൂടം രാജ്യത്തുടനീളം അരാജകത്വം സൃഷ്ടിക്കുകയാണെന്ന് ആക്ടിംഗ് അമീര്‍ മഖ്ബൂല്‍ അഹ്മദ് ആരോപിച്ചു. കഴിഞ്ഞ മാസം മാത്രം 88 പേരാണ് സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടത്. അവാമി ലീഗ് അധികാരത്തിലെത്തിയ ശേഷം 1200-ലധികം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ വധിക്കപ്പെട്ടു. 70,000 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരിക്കുന്നു. അവാമി പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരിലും 175 പേര്‍ക്ക് ജീവന്‍ നഷ്ടമായി. അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റുക വഴി എരിതീയിലേക്ക് എണ്ണയൊഴിക്കുന്ന ബുദ്ധിശൂന്യതയാണ് ഹസീന വാജിദ് ഗവണ്‍മെന്റ് കാണിച്ചിരിക്കുന്നത്.

നീതിയുടെ കൊലക്കളം
ഒറ്റനോട്ടത്തില്‍ തന്നെ കെട്ടുകഥയെന്ന് തോന്നിക്കുന്നതാണ് ഖാദിര്‍ മുല്ലക്കെതിരെയുള്ള കുറ്റപത്രം. 1971 ഏപ്രില്‍ 24-ന് മീര്‍പൂരിലെ അലൂബാദി ഗ്രാമത്തില്‍ പാക് സൈന്യം 344 ഗ്രാമീണരെ വെടിവെച്ചു കൊന്നുവെന്നും ആ കൂട്ടക്കൊലക്ക് അബ്ദുല്‍ ഖാദിര്‍ മുല്ല സഹായം നല്‍കിയെന്നുമാണ് പ്രധാന കുറ്റാരോപണം. സൈഫുദ്ദീന്‍ മുല്ല, ആമിര്‍ ഹുസൈന്‍ മുല്ല എന്നീ രണ്ട് സാക്ഷികളെയും പ്രോസിക്യൂഷന്‍ ഹാജരാക്കി. അബ്ദുല്‍ ഖാദിര്‍ മുല്ല അതിക്രമം ചെയ്യുന്നത് തങ്ങള്‍ നേരില്‍ കണ്ടുവെന്ന് ഇരു സാക്ഷികളും മൊഴി കൊടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍, കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ പറഞ്ഞത്, സാക്ഷികള്‍ അങ്ങനെയൊരു മൊഴി കൊടുത്തിട്ടില്ലെന്നാണ്. ഇത്തരം വൈരുധ്യങ്ങളൊന്നും ട്രൈബ്യൂണലിനോ അപ്പീല്‍ കോടതിക്കോ പ്രശ്‌നമായില്ല.

2013 ഫെബ്രുവരി 5-ന് ട്രൈബ്യൂണല്‍ അബ്ദുല്‍ ഖാദിര്‍ മുല്ലയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊലപാതകം, ബലാത്സംഗം, മറ്റു യുദ്ധകുറ്റങ്ങള്‍ ഉള്‍പ്പെടെ ആറിനം കുറ്റകൃത്യങ്ങള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ബംഗ്ലാ ജമാഅത്തിന്റെ നേതാക്കള്‍ക്കെല്ലാം - പ്രായാധിക്യം കാരണം വധശിക്ഷയില്‍ നിന്നൊഴിവാക്കപ്പെട്ട പ്രഫ. ഗുലാം അഅ്‌സം ഒഴികെ- വധശിക്ഷ നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ ഖാദിര്‍ മുല്ലക്ക് മാത്രം എന്തുകൊണ്ട് ജീവപര്യന്തം? സ്വന്തം അണികളെ ഇളക്കിവിട്ട് ജമാഅത്ത് വിരുദ്ധ വികാരം പരമാവധി പൊലിപ്പിക്കാന്‍ അവാമി ലീഗ് നടത്തിയ തന്ത്രപരമായ നീക്കമായിരുന്നു ഇത്. 'ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ നല്‍കൂ' എന്നാക്രോശിച്ച് അവാമി ലീഗുകാര്‍ 'ഷാഹ്ബാഗ്' മൈതാനത്ത് ഒത്തുകൂടി. സമാന്തരമായി ഒരു 'ജുഡീഷ്യല്‍' ഗൂഢാലോചനയും അരങ്ങേറുന്നുണ്ടായിരുന്നു. അവാമിക്കാരെ ആയുധങ്ങള്‍ നല്‍കി തെരുവിലിറക്കിയത് 'പൊതുജന സമ്മര്‍ദം' രൂപപ്പെടുത്തിയെടുക്കാന്‍ വേണ്ടിയാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൈകാര്യം ചെയ്യാന്‍ മാത്രമായി തട്ടിപ്പടച്ചുണ്ടാക്കിയ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണലിലെ ചില 'പാകപ്പിഴകള്‍' അവര്‍ക്ക് തിരുത്തേണ്ടതുണ്ടായിരുന്നു. നിലവിലെ ട്രൈബ്യൂണല്‍ നിയമമനുസരിച്ച് ഒരാള്‍ക്കെതിരെ ശിക്ഷാവിധി പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ ആ വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് സാധ്യമല്ല. പ്രതിയെ വെറുതെ വിട്ടാല്‍ മാത്രമേ പ്രോസിക്യൂഷന് അപ്പീല്‍ പോകാന്‍ കഴിയൂ. ഇവിടെ ട്രൈബ്യൂണല്‍ മുല്ലക്കെതിരെ ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ അപ്പീല്‍ പോകാന്‍ കഴിയില്ല. അപ്പോള്‍ ആ വ്യവസ്ഥ ഭേദഗതി ചെയ്യണം. വേണ്ടതിലധികം 'ജനകീയ സമ്മര്‍ദം' ഉണ്ടാക്കിക്കഴിഞ്ഞിരുന്നതിനാല്‍ 2013 സെപ്റ്റംബര്‍ 12-ന് ആ വ്യവസ്ഥ ഭേദഗതി ചെയ്തു. ഏത് ശിക്ഷ വിധിച്ചാലും അപ്പീല്‍ പോകാം! അങ്ങനെയാണ് പ്രോസിക്യൂഷന്‍ അപ്പല്ലെറ്റ് കോടതിയില്‍ പോയതും വധശിക്ഷയുമായി തിരിച്ചുവന്നതും.

വിചാരണ നീതിപൂര്‍വകമല്ലെന്ന് തോന്നുന്ന പക്ഷം വിധിക്കെതിരെ അപ്പീല്‍ പോകാന്‍ ഏത് രാഷ്ട്രത്തിലും അവകാശമുണ്ട്; വധശിക്ഷയാകുമ്പോള്‍ പ്രത്യേകിച്ചും. ബംഗ്ലാദേശിലും ആ നിയമം നിലനില്‍ക്കുന്നു. പക്ഷേ, ജമാഅത്ത് നേതാക്കള്‍ക്ക് ആ അവകാശം ഒരു കാരണവശാലും വകവെച്ച് തരില്ലെന്നാണ് ഭരണകൂടം പച്ചയായി പറഞ്ഞിരിക്കുന്നത്. ഇത് കടുത്ത മൗലികാവകാശ ലംഘനമാണെന്ന് അബ്ദുല്‍ ഖാദിര്‍ മുല്ലയെ തൂക്കിലേറ്റിയതിനെക്കുറിച്ച് പ്രതികരിക്കവെ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ ഏഷ്യന്‍ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. ഭൂതകാല നിയമ(restorative legislation)ത്തിന്റെ പിന്‍ബലത്തില്‍ വധശിക്ഷയോ മറ്റു ശിക്ഷകളോ നടപ്പിലാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇന്റര്‍നാഷ്‌നല്‍ കവനന്റ് ഓണ്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്‌സ് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഈ വേദിയില്‍ അംഗമാണ് ബംഗ്ലാദേശ്.

അബ്ദുല്‍ ഖാദിര്‍ മുല്ല ബംഗ്ലാദേശ് സ്വതന്ത്രമായ ഉടനെ ധാക്കാ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദപഠനം പൂര്‍ത്തിയാക്കിയിരുന്നു. പിന്നെ സര്‍ക്കാറേതര അര്‍ധ സൈനിക വിഭാഗമായ ബംഗ്ലാദേശ് റൈഫിള്‍സില്‍ ചേര്‍ന്നു. യുദ്ധകുറ്റ കൃത്യങ്ങളെക്കുറിച്ച് വിപുലമായ അന്വേഷണം നടക്കുന്ന കാലമായതിനാല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി സംശയിക്കുന്ന ഒരാള്‍ക്കും ഇത്തരം സൈനിക വിഭാഗങ്ങളില്‍ നിയമനം കിട്ടുമായിരുന്നില്ല. മുല്ലക്ക് അക്കാലത്ത് നിയമനം ലഭിച്ചതില്‍ നിന്ന് തന്നെ ആരോപണങ്ങളത്രയും പില്‍ക്കാലത്ത് കെട്ടിച്ചമച്ചതാണെന്ന് വരുന്നു.

ട്രൈബ്യൂണലിന്റെ കഥ
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ശൈഖ് മുജീബുര്‍റഹ്മാന്‍ വിഭജനകാലത്തുണ്ടായ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും വേണ്ടി 1973 ജൂലൈ 19-ന് ബംഗ്ലാ പാര്‍ലമെന്റില്‍ ഇന്റര്‍നാഷ്‌നല്‍ ക്രൈം ട്രൈബ്യൂണല്‍ ആക്ട് കൊണ്ടുവന്നു. പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലകളില്‍ പങ്കാളികളായ സംഘടനകളിലെ അംഗങ്ങളെ വിചാരണ ചെയ്യാന്‍ Collaborator Order നേരത്തെ ഇറക്കിയിരുന്നു. ഈ ഓര്‍ഡറനുസരിച്ച് ഒരു ലക്ഷത്തോളം ആളുകളെ പിടികൂടി. അവരില്‍ 37471 പേര്‍ക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും 34623 പേര്‍ക്കെതിരെയും തെളിവുകള്‍ ഹാജരാക്കാനായില്ല. ആ കേസുകളത്രയും തള്ളിപ്പോയി. അവശേഷിച്ചത് 2848 പേര്‍ മാത്രം. ഇതില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ 752 പേര്‍ക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. ബാക്കി 2096 പേരെയും വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ടവരില്‍ ഒരാള്‍ പോലും ജമാഅത്തുകാരനല്ല. രണ്ട് വര്‍ഷത്തിനു ശേഷം പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ എല്ലാവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചു. അന്ന് അദ്ദേഹം പറഞ്ഞ പ്രശസ്തമായ ഒരു വാക്യമുണ്ട്: Let the world know how Bengalis can forgive (ലോകം മനസ്സിലാക്കട്ടെ, ബംഗാളികള്‍ക്ക് എങ്ങനെ മാപ്പ് നല്‍കാനാവുന്നു എന്ന്).

എന്നോ പരിഹൃതമായ ഈ പ്രശ്‌നമാണ് 42 വര്‍ഷത്തിനു ശേഷം അവാമി ലീഗ് വീണ്ടും പൊടിതട്ടിയെടുക്കുന്നത്. അതിനിടക്ക് അവാമി ലീഗും ജമാഅത്തെ ഇസ്‌ലാമിയും ഒരുമിച്ച് പോരാടിയ ഒട്ടുവളരെ ചരിത്ര സന്ദര്‍ഭങ്ങള്‍ കടന്നുപോയിട്ടുണ്ട്. തൊള്ളായിരത്തി എണ്‍പതുകളില്‍ ഹുസൈന്‍ മുഹമ്മദ് ഇര്‍ശാദിന്റെ സൈനിക ഭരണത്തിനെതിരെയുള്ള പോരാട്ടത്തില്‍ അവാമിയും ജമാഅത്തും ഒരേവേദി പങ്കിട്ടു. 1994 മുതല്‍ 1996 വരെ ബീഗം ഖാലിദ സിയ ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തിലും ഇരു സംഘടനകളും ഒരുമിച്ചായിരുന്നു. തെരഞ്ഞെടുപ്പ് നടത്തേണ്ടത് ഇടക്കാല ഗവണ്‍മെന്റ് (കെയര്‍ ടേക്കര്‍) ആയിരിക്കണം എന്ന ആവശ്യം ഭരണകൂടം അംഗീകരിച്ചത് ആ പ്രക്ഷോഭത്തെ തുടര്‍ന്നാണ്.

1991-ലെ തെരഞ്ഞെടുപ്പില്‍ പ്രധാന കക്ഷികളായ നാഷ്‌നല്‍ പാര്‍ട്ടിക്കോ അവാമി ലീഗിനോ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ല. അന്നത്തെ അവാമി ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അമീര്‍ ഹുസൈന്‍ ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ അലി അഹ്‌സന്‍ മുജാഹിദിന് ഇങ്ങനെയൊരു സന്ദേശം കൈമാറുകയുണ്ടായി: ''പിന്തുണ തരുമെങ്കില്‍ പ്രഫ. ഗുലാം അഅ്‌സമിനെ മന്ത്രിയാക്കാന്‍ ഞങ്ങള്‍ ഒരുക്കമാണ്'' (സലീം മന്‍സൂര്‍ ഖാലിദ് എഡിറ്റ് ചെയ്ത ഇന്‍സ്വാഫ് ഔര്‍ ഇന്‍സാനിയത്ത് കി ഖത്ല്‍ഗാഹ് -നീതിയുടെയും മനുഷ്യത്വത്തിന്റെയും കൊലക്കളം- എന്ന പുസ്തകം ബംഗ്ലാ ചരിത്രത്തില്‍ മറച്ചുവെക്കപ്പെട്ട ഒട്ടേറെ വസ്തുതകള്‍ പുറത്ത് കൊണ്ടുവരുന്നുണ്ട്).

2001 ഒക്‌ടോബറിലാണ് ബംഗ്ലാദേശില്‍ എട്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 300 അംഗ പാര്‍ലമെന്റില്‍ അവാമി ലീഗിന് കിട്ടിയത് 58 സീറ്റ്. ബംഗ്ല നാഷ്‌നലിസ്റ്റ് പാര്‍ട്ടിക്ക് (ബി.എന്‍.പി) 197-ഉം. ഈ തെരഞ്ഞെടുപ്പില്‍ ബി.എന്‍.പി, ജമാഅത്തെ ഇസ്‌ലാമിയുമായും മറ്റു രണ്ട് ചെറിയ കക്ഷികളുമായും സഖ്യമുണ്ടാക്കിയിരുന്നു. ഈ സഖ്യത്തിന്റെ ഫലമായി 20 ശതമാനം വോട്ടാണ് ബി.എന്‍.പിക്ക് അധികമായി ലഭിച്ചത്. ജമാഅത്തെ ഇസ്‌ലാമിയുടെ സ്വാധീനമാണ് ഈ വോട്ട് വര്‍ധനവിന് പിന്നില്‍ എന്ന് അവാമി ലീഗ് വിലയിരുത്തി. ഇങ്ങനെ പോയാല്‍ ജമാഅത്ത് വൈകാതെ അധികാരത്തില്‍ വരെ എത്തിയേക്കാം എന്നുമവര്‍ കണക്കുകൂട്ടി. ഈ ഭീതിയും വിഭ്രാന്തിയുമാണ് ട്രൈബ്യൂണലിന്റെയും കള്ളക്കേസുകളുടെയും വ്യാജ ചരിത്രത്തിന്റെയും രൂപത്തില്‍ അവതരിച്ചിരിക്കുന്നത്.

ഇന്റര്‍നാഷ്‌നല്‍ ബാര്‍ അസോസിയേഷന്‍, അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷ്‌നല്‍ ലോ, ഇന്റര്‍നാഷ്‌നല്‍ സെന്റര്‍ ഫോര്‍ ട്രാന്‍സിഷനല്‍ ജസ്റ്റിസ്, ആംനസ്റ്റി ഇന്റര്‍നാഷ്‌നല്‍, ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്, യു.എന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഓണ്‍ ആര്‍ബിറ്റററി ഡിറ്റന്‍ഷന്‍ തുടങ്ങി ലോകത്തെ പ്രമുഖ നിയമ-മനുഷ്യാവകാശ കൂട്ടായ്മകളെല്ലാം യാതൊരു അന്താരാഷ്ട്ര മര്യാദകളും പാലിക്കാതെയുള്ള ബംഗ്ലാദേശിലെ ട്രൈബ്യൂണല്‍ വിചാരണ പ്രഹസനങ്ങളെ കടുത്ത ഭാഷയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അടുത്ത വര്‍ഷം ആദ്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നും അതിന് മുമ്പ് ഒന്നു രണ്ട് ജമാഅത്ത് നേതാക്കളെ തൂക്കിലേറ്റി രാഷ്ട്രീയാന്തരീക്ഷം തനിക്കനുകൂലമാക്കാമെന്നുമാണ് ഹസീന വാജിദ് കണക്കുകൂട്ടിയത്. പക്ഷേ, പദ്ധതി അപ്പാടെ തകിടം മറിഞ്ഞു. കടുത്ത ഹസീനാ പക്ഷപാതികള്‍ക്ക് പോലും ഈ കൊടും രാഷ്ട്രീയ കൊലപാതകത്തെ പരസ്യമായി ന്യായീകരിക്കാന്‍ കഴിയുമായിരുന്നില്ല. 'ആഭ്യന്തര കാര്യം' എന്ന് പറഞ്ഞ് അവര്‍ മിണ്ടാതിരുന്നു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വരെ തൂക്കിക്കൊല്ലുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

പ്രതികാര രാഷ്ട്രീയം തലക്ക് പിടിച്ച ഹസീന വാജിദ് ബംഗ്ലാദേശ് എന്ന ദരിദ്ര രാഷ്ട്രത്തെ തികഞ്ഞ അരാജകത്വത്തിലേക്കും രാഷ്ട്രീയ അസ്ഥിരതയിലേക്കുമാണ് തള്ളിവിട്ടിരിക്കുന്നത്. നിലവിലുള്ള മന്ത്രിസഭ രാജിവെച്ച് കെയര്‍ ടേക്കര്‍ ഭരണകൂടമായിരിക്കണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്ന ചട്ടം കാറ്റില്‍ പറത്തിയിരിക്കുന്നു. അതിനാല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് സ്വതന്ത്രമായിരിക്കാന്‍ യാതൊരു സാധ്യതയുമില്ല. സര്‍വത്ര കൃത്രിമങ്ങള്‍ അരങ്ങേറുമെന്നതിനാല്‍ പ്രതിപക്ഷമൊന്നടങ്കം ആ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കും. ജമാഅത്തെ ഇസ്‌ലാമിയെ പോലുളള സംഘടനകളെ മത്സരിക്കാനും അനുവദിച്ചേക്കില്ല. ഒന്നിലധികം സ്വേഛാധിപതികളെ ബഹുജന പ്രക്ഷോഭത്തിലൂടെ താഴെയിറക്കിയ ബംഗ്ലാദേശീ ജനത ഹസീന വാജിദ് എന്ന സ്വേഛാധിപതിയെ അധികകാലം വെച്ചുപൊറുപ്പിക്കുമെന്ന് കരുതാന്‍ ന്യായമൊന്നും കാണുന്നില്ല.

അവലംബം. 
http://www.prabodhanam.net/detail.php?cid=2749&tp=1

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK