'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ജനുവരി 23, 2014

എന്നിട്ടും ഇഖ് വാന്‍ ഭികരവാദികളാക്കുന്നില്ല. ? !!

ബ്രദര്‍ഹുഡിന് ഇപ്പോള്‍ ഈജിപ്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് ലോകത്തെ ഏത് സംഘടനക്കായാലും അവര്‍ ഇതിനകം തീവ്രവാദികളും ഭീകരവാദികളും ആയിട്ടുണ്ടാകും. അവര്‍ ഇപ്പോള്‍ തന്നെ തീവ്രവാദികളും ഭീകരവാദികളും ആണല്ലോ എന്ന് വിചാരിക്കുന്നവരോട് തന്നെയാണ് ഈ പറയുന്നത്. ബ്രദര്‍ഹുഡിനെ സൈനിക ഭരണകൂടം ആദ്യം നിരോധിക്കുകയും ഇപ്പോള്‍ ഭീകരവാദികളായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് എന്ന് അറിയാതെയല്ല ഈ അവകാശവാദം. 2013 ഡിസംബര്‍ 24 ന് മന്‍സൂറയില്‍ സൈനിക ആസ്ഥാനത്തെ ലക്ഷ്യം വെച്ച് നടത്തിയ കാര്‍ബോംബ് സ്‌ഫോടനത്തിന്റെ പ്രതിക്രിയയെന്നോണമാണ് ഈ ഭീകരതാപ്രഖ്യാപനം. അതിന്റെ ഉത്തരവാദിത്തം അന്‍സാറുല്‍ ബൈത്തുല്‍ മഖ്ദിസ് എന്ന സംഘം ഏറ്റെടുത്തെങ്കിലും ഭീകരവാദികള്‍ ഇഖ് വാന്‍ തന്നെയെന്നാണ് ഗവണ്‍മെന്റെ ഭാഷ്യം. 

ഭീകരവാദം പൊതുവെ അടിച്ചേല്‍പിക്കപ്പെടുന്ന ഒന്നല്ല. ഭീകര സംഘങ്ങള്‍ തന്നെ അത് മറ്റൊരു തരത്തില്‍ അവകാശപ്പെടുകയാണ് പതിവ്. ഭീകരസംഭവങ്ങളുടെ ഉത്തവാദിത്തവും അവര്‍ ഉടനെ ഏല്‍ക്കും. കാരണം ഭീകവാദികളുടെയൊക്കെ ലക്ഷ്യം താല്‍കാലികമാണ് അതിനാല്‍ വളരെ പണിപ്പെട്ട് ചെയ്ത ഒരു കൃത്യത്തിന്റെ ക്രഡിറ്റ് അവര്‍ നഷ്ടപ്പെടാന്‍ ഇടയാക്കില്ല. ഞങ്ങളോട് കളിച്ചാല്‍, ഞങ്ങളെ പരിഗണിച്ചില്ലെങ്കില്‍, ഞങ്ങള്‍ പറയുന്നതനുസരിച്ചില്ലെങ്കില്‍ ഇങ്ങനെയിരിക്കും എന്നാണ് അത്തരം പ്രവര്‍ത്തനത്തിലൂടെ പറയാന്‍ ഭീകരവാദികള്‍ ഉദ്ദേശിക്കുന്നത്. ചെയ്യുന്നതിലേറെ അവകാശവാദമുന്നയിക്കുന്നവരും കൂട്ടത്തില്‍ ഉണ്ട്. ഏറ്റവും ജനകീയാടിത്തറയുള്ള ഈജിപ്തിനെ സംഘമാണ് ഇഖ് വാനുല്‍ മുസ്ലിമുന്‍ എന്ന സംഘടന എന്ന് ഇനി പ്രത്യേകം തെളിയിക്കേണ്ടതില്ല. കാരണം ഈജിപ്ത് ചരിത്രത്തില്‍ ആദ്യമായി ജനാധിപത്യരൂപത്തില്‍ നിഷ്പക്ഷമായി നടന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറി അവര്‍ അത് തെളിയിച്ചിട്ടുണ്ട്. അത്തരം ഒരു വിഭാഗം ഭീകരവാദികളാകാന്‍ തീരുമാനിച്ചാല്‍ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അതാണ് അള്‍ജീറിയയില്‍ 1991 ല്‍ സംഭവിച്ചത്. അത്തരമൊരു അവസ്ഥ ഈജിപ്തിലും വരാനാണ് ഈജിപ്തില്‍ പട്ടാള ഭരണകൂടവും ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ തന്ത്രവും അവര് മെനയുന്നുണ്ട്. 

എന്താണ് അള്‍ജീറിയയില്‍ സംഭവിച്ചത് ?. 

1991 ല്‍ നടന്ന തെരഞ്ഞെടുപ്പിലെ ആദ്യറൗണ്ടില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ട് (Front Islamique du Salut = FIS) എന്ന ഇസ്ലാമിക പാര്‍ട്ടി വ്യക്തമായ ജനപിന്തുണ കരസ്ഥമാക്കി. അതില്‍ വിറളിപൂണ്ട ഭരണകക്ഷിയായ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട്, തെരഞ്ഞെടുപ്പ് റദ്ദ് ചെയ്യുകയും തൊട്ടുടനെ പ്രസിഡണ്ട് ഷാദുലി ബിന്‍ ജദീദിനെ പുറത്താക്കി പട്ടാളത്തിന്റെ സഹായത്തോടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. അത് മാത്രമല്ല, എഫ്. ഐ.എസിനെ നിരോധിക്കുകയും അതിന്റെ നേതൃത്വത്തെയും ആയിരക്കണക്കിന് പ്രവര്‍ത്തകരെയും ജയിലിനകത്താക്കി പീഢിപ്പിച്ചു. ജനാധിപത്യ പ്രക്രിയയില്‍ വിശ്വാസം നഷ്ടപ്പെട്ട പല ഇസ്ലാമിസ്റ്റുകളും ഗറില്ലാ യുദ്ധമുറയിലേക്ക് എടുത്ത് ചാടി. പത്ത് വര്‍ഷത്തോളം നീണ്ടുനിന്ന് ഈ അഭ്യന്തര യുദ്ധത്തിന്റെ ഫലമായി രണ്ട് ലക്ഷത്തോളം വിലപ്പെട്ട മനുഷ്യജീവനാണ് നഷ്ടപ്പെട്ടത്. 2002 ഓട് കൂടി മുഴുവന്‍ പോരാളികളെയും സൈനിക ഗവണ്‍മെന്റെ് അടിച്ചമര്‍ത്തുന്നതില്‍ വിജയിച്ചു. സാല്‍വേഷന്‍ ഫ്രണ്ടിന്റെ നേതാവ് അബ്ബാസ് മദനി ഇപ്പോള്‍ ദോഹയില്‍ കഴിഞ്ഞുവരുന്നു.   

ഈജിപ്ത് അള്‍ജീറിയ ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നു. 

ഇതില്‍നിന്ന് ആവേശം ഉള്‍കൊണ്ടാണ് ഈജിപ്തിലെ പട്ടാള ഭരണാധികാരി ഇപ്പോള്‍ ഇഖ് വാനെ കൈകാര്യം ചെയ്യുന്നത് എന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഇസ്റ്റ് ഇന്‍സ്റ്റിട്യൂട്ടിലെ ഖാലിദ് അല്‍ അനാനിയെ ഉദ്ധരിച്ച് അല്‍ജസിറ റിപ്പോര്‍ട്ട് ചെയ്യുന്നത്. പക്ഷെ ഇതങ്ങനെ എളുപത്തില്‍ ബ്രദര്‍ഹുഡിന്റെ കാര്യത്തില്‍ ഈജിപ്ത് പട്ടാള ഭരണകൂടത്തിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് ബ്രദര്‍ഹുഡ് നേതൃത്വത്തിന് ഒരു ബന്ധവുമില്ലാത്ത സ്‌ഫോടനത്തിന്റെ പേര് പറഞ്ഞ് അതിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ടി വരുന്നത്. ബ്രദര്‍ഹുഡ് ആയുധമെടുക്കാന്‍ ഒരിക്കലും അണികളോട് ആഹ്വാനം ചെയ്യില്ലെന്ന് അനാനി തറപ്പിച്ച് പറയുന്നു. ഭീകരരായി പ്രഖ്യാപിച്ചത് നിഗൂഢമായ ലക്ഷ്യത്തോടെയാണ്. അതിലൂടെ പലതും അവര്‍ ഉദ്ദേശിക്കുന്നുണ്ടാവും. ജനാധിപത്യക്രമത്തിലൂടെ അധികാരത്തില്‍ വന്ന ഭരണകൂടത്തെ അട്ടിമറിച്ചത് പരസ്യമായി അനുകൂലിക്കാന്‍ അമേരിക്കക്ക് പോലും സാധിച്ചിട്ടില്ല. അതിനാല്‍ തങ്ങള്‍ രാജ്യത്തിന് വലിയ സേവനമാണ് അതിലൂടെ ചെയ്തത് എന്ന് വരുത്തി തീര്‍ക്കാന്‍ ബ്രദര്‍ഹുഡിനെ ഭീകരവാദികളായി പരിചയപ്പെടുത്തേണ്ടത് പട്ടാളത്തിന്റെ ആവശ്യമാണ്. ഇതിലൂടെ ബ്രദര്‍ഹുഡിന്റെ സകലമാന നേതാക്കളെയും അറസ്റ്റ് ചെയ്യാനും, അവരെ സഹായിക്കുന്നവരെന്ന പേരില്‍ അതുമായി ബന്ധപ്പെടുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും സാധിക്കും. ബ്രദര്‍ഹുഡുമായി ബന്ധമുള്ളവരെ ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ പ്രത്യേക ഹോട്ട് ലൈന്‍ സ്ഥാപിച്ചുകൊടുക്കുയും ചെയ്തിരിക്കുന്നു. സമാധാനപൂര്‍വം സമരം നടത്തിയ ആയിരത്തിലധികം ആളെ നിഷ്ടൂരമായി വെടിവെച്ച് കൊന്ന ശേഷമാണ് ഈ കാടത്തം തുടരുന്നത്. ദിനേനയെന്നോണം അറസ്റ്റ് ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ട നേതാക്കളൊക്കെയും കാരാഗൃഹത്തിലായിരിക്കെ അവസരം മുതലെടുക്കാനും ചിലരെയെങ്കിലും ആയുധമെടുപ്പിക്കാനും സൈനിക ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന് പിന്നില്‍ ഈ ലാക്കാണ് എന്ന് കാണാനാവും. 

ഒരു വര്‍ഷം കഴിഞ്ഞ് നടക്കാനിരിക്കുന്ന പാര്‍ലമെന്റ് - പ്രസിഡണ്ട് തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വീണ്ടും ഇഖ് വാന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടി അധികാരത്തില്‍ വരും എന്ന് ആരെക്കാളും കൂടുതല്‍ പട്ടാള ഭരണകൂടത്തിന് അറിയാം. മുബാറക്ക് യുഗത്തില്‍ പോലും ഇല്ലാത്ത ക്രൂരതയും കാടത്തവുമാണ് പുതിയ ഭരണകൂടം പിന്തുടരുന്നത്. ഭരണത്തിലേറിയ ഉടനെ തന്നെ സ്വതന്ത്രമീഡിയകളെ കൂച്ചുവിലങ്ങിടുകയും അടച്ചുപൂട്ടുകയും ചെയ്തു. പട്ടാളത്തെയും അതിന്റെ നടപടികളെയും സ്തുതിച്ച് പാടുന്ന മാധ്യമങ്ങളേ ഇനി അവിടെ ഉള്ളൂ. ബ്രദര്‍ഹുഡ് നടത്തുന്ന വ്യാപാരസ്ഥാപനങ്ങള്‍ വരെ ഗുണ്ടകളെ (പട്ടാളം ചോറുകൊടുത്ത് വളര്‍ത്തുന്ന ബല്‍തജിയ എന്ന് വിളിക്കപ്പെടുന്ന ഇവരെ കുറിച്ച് മുമ്പ് പോസ്റ്റില്‍ പറഞ്ഞിട്ടുണ്ട്) ഉപയോഗിച്ച് തീയിടുകയും കൊള്ള നടത്തുകയും ചെയ്തു. അവരുടെ ബാങ്ക് അക്കൊണ്ടുകള്‍ മരവിപ്പിച്ചു. ആയിരക്കണക്കിന് ചാരിറ്റി സ്ഥാപനങ്ങളെ അടച്ചുപൂട്ടി. ഇത്രയൊക്കെ സംഭവിക്കുമ്പോള്‍, സായുധമായി നേരിടാന്‍ ശ്രമിക്കാതെ പിടിച്ചുനില്‍ക്കണമെങ്കില്‍ ഒന്നുകില്‍ ഭീരുക്കളാകണം, അല്ലെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള തങ്ങളുടെതായ അജണ്ടയോടും തങ്ങളുടെ നിലപാടിനോടും ശക്തമായ പ്രതിബദ്ധത വേണം. 

ബ്രദര്‍ഹുഡ് സമാധാനത്തിലുറച്ച് നില്‍ക്കാന്‍ കാരണം. 

ഇതിലേതാണ് ഇഖ് വാനെ സമാധാനമാര്‍ഗത്തില്‍ ഉറപ്പിച്ച് നിര്‍ത്തുന്നത്. അവര്‍ ഭീരുക്കളാണ് എന്ന് ബ്രദര്‍ഹുഡിനെ എതിര്‍ക്കുന്നവര്‍ക്ക് പോലും അഭിപ്രായമുണ്ടാവില്ല. റാബിയ അദവിയ സ്വകയറില്‍ വെച്ച് നടന്ന നരനായാട്ട് ഒരു പക്ഷെ ഇഖ് വാന്‍ പ്രതീക്ഷിച്ചിട്ടുണ്ടാവുമോ എന്നറിയില്ല. എന്നാല്‍ അത്തരം ഒരു തിക്തസംഭവത്തിന് ശേഷവും എല്ലാ വിലക്കുകളെയും തൃണവല്‍ഗണിച്ചുകൊണ്ട് ഇപ്പോഴും വെള്ളിയാഴ്ചകളില്‍ ആയിരങ്ങള്‍ പ്രക്ഷോഭങ്ങള്‍ക്കായി ഒത്തുകൂടുന്നു. ഈ മാര്‍ഗത്തില്‍ വധിക്കപ്പെടുന്നത് ഞങ്ങള്‍ക്ക് മധുരതരമാണ് എന്നത് അവരുടെ പതിവു മുദ്രാവാക്യങ്ങളില്‍ പെട്ടതാണ്. എന്നിരിക്കെ അവര്‍ ഭീരക്കളല്ല. 

ഇനി അള്‍ജീറിയയില്‍ സംഭവിച്ചത് പോലെ നാശനഷ്ടം ഭയന്നാണോ, അള്‍ജീറിയയുടെയും സിറിയയുടെയും അവസ്ഥകള്‍ അവരുടെ നിലപാട് ശരിയാണ് എന്ന് തെളിയിച്ചിട്ടുണ്ടാകാം. എന്നാല്‍ അതുമാത്രമാകാന്‍ സാധ്യതയില്ല. കാരണം രൂപീകരിച്ച് 80 വര്‍ഷമായിട്ടും വ്യവസ്ഥാമാറ്റത്തിന് സായുധമായ ഒരു പോരാട്ടം മൂന്നോട്ട് വെച്ചിട്ടില്ല, ഭരണാധികാരികളോട് പ്രതികാരം ചെയ്യാനും അവര്‍ ആയുധത്തെ ഉപയോഗപ്പെടുത്തിയിട്ടില്ല. അധികാരം നേടാന്‍ അട്ടിമറി എന്നത് ഇസ്ലാമിക തത്വങ്ങള്‍ക്ക് നിരക്കുന്നതല്ല എന്ന സന്ദേശമാണ് ആധുനിക കാലത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചത്. പിന്നെ എന്തുകൊണ്ട് അള്‍ജീറിയയില്‍ അത് സംഭവിച്ചുവെന്ന ചോദ്യം പ്രസക്തമാണ്. അതിശക്തമായ ആദര്‍ശാടിത്തറയിലും വൈജ്ഞാനിക പിന്‍ബലവും ഇല്ലെങ്കില്‍ ഇത്തരം സന്ദര്‍ഭത്തില്‍ സംഘടനയൊന്നാകെ തന്നെ തീവ്രവാദത്തിലേക്ക് എടുത്തെറിയപ്പെടും. ഈജിപ്തില്‍ പോലും അതികഠിനമായ പീഢനകാലയളവില്‍ ഒരു ചെറിയ സംഘം പിളര്‍ന്ന് പോയി സായുധചെറുത്ത് നില്‍പിന്റെ മാര്‍ഗം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് അവര്‍ തെറ്റ് മനസ്സിലാക്കി തിരിച്ചുവരികയാണ് ചെയ്തത്. അതിനാല്‍ അള്‍ജീറിയയിലും സിറിയയിലും സംഭവിച്ചത് ഈജിപ്തില്‍ സംഭവിക്കാനുള്ള സാധ്യതയില്ല. അംഗബലം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറയാമോ ?. സായുധ പോരാട്ട സംഘടനകളെ വീക്ഷിച്ചാലറിയാം അവര്‍ പോരാട്ടത്തിന് ഭൂരിപക്ഷമാകാനോ ശക്തിനേടാനോ കാത്തിരിക്കാറില്ല. രൂപീകരിക്കുന്ന ഒന്നാം തിയതി തന്നെ തീവ്രവാദികളാകാറാണ് പതിവ്. അപ്പോള്‍ പിന്നെ എന്തായിരിക്കാം കാരണം. ഇസ്ലാം എന്നാല്‍ വ്യവസ്ഥാമാറ്റത്തില്‍ മാത്രം ലക്ഷ്യം വെക്കുന്ന ഒന്നല്ല. മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവുമായ സംസ്‌കരണം അതിന്റെ പ്രഥമാമായ ലക്ഷ്യമാണ്. അത് നിര്‍വഹിക്കാന്‍ ആയുധം ആവശ്യമില്ല. സമാധാനപരമായ അന്തരീക്ഷമാണ് അതിന് വേണ്ടത്. ഇപ്പോള്‍ തന്നെ ഈജിപ്തില്‍ രക്തചൊരിച്ചിലുണ്ടാകുന്നത് അക്രമികളെ പിരിച്ചുവിടാനുള്ള വെടിവെപ്പിലല്ല. സമാധാനപരമായ പ്രതിഷേധ സമരങ്ങള്‍ക്ക് നേരെ പട്ടാളം നടത്തുന്ന നരനായാട്ടിലൂടെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ ആയുധമെടുക്കുമ്പോള്‍ സംഭവിക്കുന്നത്, വ്യാപകമായ അസമാധാനമാണ്. മാത്രമല്ല അതോടെ സമാധാനം കാംക്ഷിക്കുന്ന ജനം ഭയപ്പെട്ട് അകന്ന് പോകും. ഇത് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ മാര്‍ഗത്തിലെ ഏറ്റവും വലിയ തടസ്സമാണ്. ഇസ്ലാം സമൂലം ജനങ്ങള്‍ക്കുള്ളതാണ്. അത് രണ്ട് രൂപത്തിലാണ് മനുഷ്യന് ഉപകാരപ്പെടുന്നത്, അതിന്റെ നിയമവ്യവസ്ഥകള്‍ ജീവിത്തില്‍ പാലിക്കുന്നതിലൂടെ ഇഹലോകത്ത് സാമാധാനപരമായ ജീവിതവും പരലോകത്ത് ശാശ്വതമായ സ്വര്‍ഗവും. കേവലം രാഷ്ട്രീയമാണ് ലക്ഷ്യമെങ്കില്‍ അതിന് വേണ്ടി എന്തും ചെയ്യും. എന്നാല്‍ മനുഷ്യരില്‍ ഭൂരിപക്ഷം അതിന്റെ ഭരണവ്യവസ്ഥ തിരസ്കരിക്കുന്നുവെങ്കില്‍ അത് തള്ളുന്നവര്‍ക്ക് തന്നെയാണ് അതിന്റെ ദോഷവും. 

ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം. 

ഇത് ഈജിപ്തിലെ നിലപാട് തന്നെ ഇതാണെങ്കില്‍, ഇന്ത്യയെ പോലെ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് അത് നേരിയ ബലപ്രയോഗം പോലും അനുവര്‍ത്തിക്കുകയില്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. 70 ലധികം വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും തീവ്രവാദികള്‍ ചിലര്‍ വിളിക്കുന്നുണ്ടെങ്കിലും തീവ്രതക്ക് ചെറിയ ഒരു ഉദാഹരണം പോലും ഇതുവരെ ലഭ്യമല്ലാത്തിന്റെ കാരണം ഇതാണ്. ഈ സംഘടന ഒരിക്കലെങ്കിലും ആയുധമെടുത്തിരുന്നെങ്കില്‍ ഈ വാദത്തില്‍ കഴമ്പുണ്ടായേനേ. എന്നാല്‍ തങ്ങളുടെ പ്രതിയോഗികളെ കൊല ചെയ്ത എത്രയോ അനുഭവം ഈ ആക്ഷേപം ഉന്നയിക്കുന്ന മിക്ക സംഘടനകള്‍ക്കുമുണ്ട്. ആധുനിക ഇസ്ലാമിക പ്രസ്ഥാനങ്ങളെ ശരിയായ വിധം പഠിക്കാന്‍ ഇതുവരെയും വിമര്‍ശകര്‍ തയ്യാറായിട്ടില്ല. അവര്‍ മനസ്സിലാക്കുന്നത്. ജനങ്ങള്‍ക്ക് ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും അടിച്ചേല്‍പിക്കേണ്ട കുറേ ക്രിമിനല്‍ ശിക്ഷാവിധികള്‍ നടപ്പാക്കാന്‍ കച്ചകെട്ടിയിറങ്ങിയ ഒരു കൂട്ടരാണ് ഇസ്ലാമിക പ്രവര്‍ത്തകര്‍ എന്നാണ്. എന്നാല്‍ ഏറ്റവും ആധുനികവും പരമാവധി കുറ്റമറ്റതുമെന്ന് കരുതുന്ന മതേതര ജനാധിപത്യത്തേക്കാള്‍ ഉന്നതമാണ് അവര്‍ മുന്നോട്ട് വെക്കുന്ന വ്യവസ്ഥ. ഒരു മതവിഭാഗത്തിന്റെ നിയമങ്ങള്‍ മറ്റൊരു ജനതയുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിന്റെ പേരല്ല. ഇന്ത്യയില്‍ മുസ്ലിംകള്‍ക്ക് അവരുടെ വ്യക്തിനിയമം അനുസരിക്കാന്‍ അനുമതിയുണ്ട്. ക്രിമിനല്‍ നിയമം പൊതുവാണ്. എന്നാല്‍ മദീനയില്‍ സ്ഥാപിതമായ ഇസ്ലാമിക ഭരണക്രമത്തില്‍ ഇതരമതസ്ഥര്‍ക്ക് അവരുടെ ക്രിമിനല്‍ നിയമം വരെ വകവെച്ച് നല്‍കിയിരുന്നു. അതില്‍ പൌരന്‍മാര്‍ക്ക് ചോയിസ് നല്‍കപ്പെട്ടിരുന്നുവെന്നാണ് ചരിത്രത്തില്‍നിന്ന് മനസ്സിലാക്കുന്നത്. ഒരു ജനവിരുദ്ധമായ അനിസ്ലാമിക വ്യവസ്ഥയാല്‍ തങ്ങള്‍ ഭരിക്കപ്പെടുന്നവെന്നത് ലോകത്ത് എവിടെയായാലും മുസ്ലിംകള്‍ക്ക് പരലോക ശിക്ഷ ലഭിക്കുന്ന കുറ്റമല്ല. അവര്‍ക്ക് അതേക്കുറിച്ച് ബോധമുണ്ടാകുകയും അവയ്ക് ഉപരിയായി തങ്ങള്‍ മനസ്സിലാക്കിയ വ്യവസ്ഥയുടെ സമര്‍പ്പണം  കൂടി നടത്തി  തങ്ങളുടെ പ്രബോധനം സമഗ്രമാക്കുക, സാധ്യമാകുന്നത്ര ധര്‍മം കല്‍പിക്കാനും അധര്‍മം ഉച്ഛാടനം ചെയ്യാനും ശ്രമിക്കുക എന്നതാണ് അവര്‍ നിര്‍വഹിക്കേണ്ട ദൌത്യം. 

ഇയ്യിടെ കാരശേരി ശാന്തപുരം ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ സെമിനാറില്‍ പങ്കെടുത്തുകൊണ്ട് മതരാഷ്ട്രവാദത്തിന്റെ അപകടം ജമാഅത്തുകാരെ ഉണര്‍ത്തിയപ്പോള്‍ പ്രവര്‍ത്തകരില്‍ ചിരിയാണ് അതുണ്ടാക്കിയത്. ജമാഅത്തെ ഇസ്ലാമിയും ഇഖ് വാനുമൊക്കെ തങ്ങള്‍ പറയുന്ന തത്വങ്ങള്‍ എങ്ങനെയാണ് ആധുനിയുഗത്തില്‍ പ്രവര്‍ത്തികമാക്കാന്‍ പോകുന്നത് എന്ന് കാരശേരിയെപോലുള്ളവര്‍ ഇനിയും ശ്രദ്ധിച്ച് തുടങ്ങിയിട്ടില്ല. ഇസ്ലാം ഭരണ മതമയാല്‍ മുസ്ലിംകളല്ലാത്തവര്‍ രണ്ടാം കിട പൗരന്‍മാരാകും അവര്‍ക്ക് ജിസ്യ (മതനികുതി) കൊടുക്കേണ്ടി വരും. പിന്നീട് ഇസ്ലാമിലേക്കല്ലാതെ ഇസ്ലാമില്‍നിന്ന് പുറത്തേക്ക് പ്രവേശനം ഉണ്ടാവില്ല. അഥവാ അങ്ങനെ സംഭവിച്ചാല്‍ തലവെട്ടും എന്നൊക്കെയുള്ള  പേടിയാണ് ഇപ്പോഴും കാരശേരിമാര്‍ പങ്കുവെക്കുന്നത്. 

ഇസ്ലാമിന്റെ രാഷ്ട്രീയ പ്രതിനിധാനം ഏറ്റെടുക്കുമ്പോള്‍ മാറിയ സാഹചര്യം പരിഗണിക്കണം എന്നാണ് ഇസ്ലാമിക പ്രമാണങ്ങളില്‍നിന്ന് നമുക്ക് മനസ്സിലാക്കാനാവുക. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഗുണങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് (അവ ഇസ്ലാമിന്റെയും സ്വന്തമാണ്) നിയമനിര്‍മാണത്തില്‍ ധാര്‍മിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുന്ന ഒരു സമീപനമാണ് അത് മുന്നോട്ട് വെക്കുന്നത്. ആധുനിക ജനാധിപത്യത്തില്‍ നിയമനിര്‍മാണത്തില്‍ ഭൂരിപക്ഷത്തിന്റെ താല്‍പര്യമായിരിക്കും പ്രതിഫലിക്കുക. എങ്കില്‍ ഇവിടെ ഭൂരിപക്ഷത്താലും ന്യൂനപക്ഷത്താലും സര്‍വാംഗീകൃതമായ ധാര്‍മിക സദാചാര മൂല്യങ്ങള്‍ നിയമനിര്‍മാണത്തിന്റെ അസ്ഥിവാരമായി വര്‍ത്തിക്കും. അത് എവിടെനിന്ന് ലഭിക്കും എന്ന ചോദ്യത്തിന് മാത്രമാണ് അവയുടെ മൂലസ്രോതസ് ഖുര്‍ആനായിരിക്കും എന്നവര്‍ പറയുന്നത്.  അവിടെ ആരും അന്യരാവുകയോ രണ്ടാം കിട പൗരന്‍മാരാവുകയോ ചെയ്യില്ല. മുസ്ലിംകള്‍ക്ക് വേണ്ടി മുസ്ലിംകളാല്‍ നടത്തപ്പെടുന്ന ഒരു ഭരണത്തിന് വേണ്ടി പണിയെടുക്കുന്നവരല്ല അവര്‍. അതുകൊണ്ടുതന്നെ ഇസ്ലാമിക പ്രസ്ഥാനങ്ങളാല്‍ ഉണ്ടാക്കപ്പെടുന്ന രാഷ്ട്രീയ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും തുല്യപങ്കാളിത്തം നല്‍കി ജനനന്മയും നീതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച് വരുന്നു. 

ഇതല്ല ഇസ്ലാമിക രാഷ്ട്രീയം എന്ന് അഭിപ്രായമുള്ളവര്‍ക്ക് അവര്‍ കാണുന്ന രാഷ്ട്രീയം സമര്‍പ്പിക്കാം. പക്ഷെ അങ്ങനെ ഒരു കൂട്ടരെ കാണാനില്ല. എന്നാല്‍ എല്ലാവരും ഒറ്റകെട്ടായി ഇസ്ലാമിക പ്രസ്ഥാനങ്ങളെ തീവ്രവാദപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മത്സരിക്കുകയും ചെയ്യുന്നു. തുര്‍ക്കിയില്‍ ഉര്‍ദുഗാനും ഈജിപ്തില്‍ ചുരുങ്ങിയ കാലയളവില്‍ മുര്‍സിയും നടത്തിയത് യഥാര്‍ഥ അവസ്ഥപ്രാപിക്കുന്നതിന് മുമ്പുള്ള ഒരു താല്‍കാലിക സംവിധാനമാണ് എന്ന് മനസ്സിലാക്കുന്നത് അബദ്ധമായിരിക്കും എന്നാണ് വ്യക്തിപരമായി എന്റെ അഭിപ്രായം.പ്രത്യക്ഷത്തില്‍ ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്ന് തോന്നിയാലും, ഇതിനേക്കാല്‍ വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് അവയില്‍ പലതും ഇവിടെ വരെ എത്തിയത് എന്ന് പരിഗണിക്കുമ്പോള്‍ അവയൊക്കെയും പൂര്‍ണമായ പ്രതീക്ഷയില്‍ തന്നെയാണ് ഉള്ളത്. അല്ലെങ്കിലും അവര്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല. അവര്‍ മുന്നോട്ട് വെക്കുന്നത് ആര് സ്വീകരിച്ചാലും ഇല്ലെങ്കിലും ഇഹലോകത്തും പരലോകത്തും അവര്‍ സൌഭാഗ്യം ഉറപ്പിച്ച് കഴിഞ്ഞല്ലോ.  

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK