'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഫെബ്രുവരി 01, 2014

വാണിദാസിന് മനസ്സിലായതും വിമര്‍ശകര്‍ക്ക് മനസ്സിലാകാത്തതും..

എം.എന്‍ കാരശേരി മുതല്‍ പിണറായി വരെ ജനാധിപത്യവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയുടെ (അതുതന്നെയാണ് ഇസ്ലാമിന്റെയും)കാഴ്ചപ്പാട് എന്താണ് എന്നറിയാത്തവരാണ്. ഇതര മുസ്ലിം സംഘടനകള്‍ക്കും സംഗതി മനസ്സിലായിട്ടാണോ അല്ലേ എന്ന് തിരിച്ചറിയാന്‍ ഒരു മാര്‍ഗവും ഇല്ല. എല്ലാവരും പുറത്ത് പറയുന്നത് ജമാഅത്ത് വിശദീകരിക്കുന്ന വിധത്തിലല്ല അതുകൊണ്ടുതന്നെ ജമാഅത്തുകാരനല്ലാത്ത ഒരാള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമുള്ള അതിസങ്കീര്‍ണമാണ് വിഷയമാണിതെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ 'പ്രകാശം പരുത്തുന്ന പ്രസ്ഥാനം' എന്ന പുസ്തകത്തിന് അവതാരിക എഴുതിയ വാണിദാസ് എളയാവൂര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ എഴുതിയ വരികള്‍ക്ക് ജമാഅത്ത് പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നതിനേക്കാള്‍ തെളിച്ചവും വ്യക്തതയും ഉണ്ട് എന്ന് തോന്നുന്നു. അദ്ദേഹം എഴുതിയത് വായിക്കുക...
 
'ഖുര്‍ആന്‍ തെളിച്ചുകാട്ടുന്ന സത്യദീനിന്റെ സംസ്ഥാപനത്തിന് നിലകൊള്ളുന്ന തന്റെ പ്രസ്ഥാനം ആയിരം മുഖങ്ങളിലായി ജീവിക്കുന്ന സകലമാന അടിമത്തങ്ങളെയും അറുത്തെറിഞ്ഞ് ദൈവത്തിന്റെ അടിമത്തം സ്വീകരിക്കാന്‍ നിലകൊള്ളുകയാണെന്ന് മൗദൂദി പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്ലാമിക നിയമപ്രമാണങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും താന്‍ മറ്റേത് താല്‍പര്യങ്ങളെക്കാളും പ്രാമുഖ്യം നല്‍കുന്നുവെന്നും അവതമ്മിലിടയേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ ഇസ്ലാമിന്റെ അണിയില്‍നിന്ന്ുകൊണ്ട് പൊരുതാന്‍ മടിക്കുകയില്ലെന്നും അവയെല്ലാം സത്യവേദത്തെ സാക്ഷാല്‍കരിക്കാനുള്ള കാലാവസ്ഥ വിരചിക്കാനാണെന്നും മൗദൂദി വ്യക്തമാക്കിയിട്ടുണ്ട്. ദീനും ദുനിയാവും അഭിന്നമാണെന്നും മതമുക്തമായ രാഷ്ട്രീംയ സ്വേഛാധിപത്യപരമാണെന്നും അദ്ദേഹം ശക്തിയുക്തം വാദിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത, നിരങ്കുശ സ്വഭാവമിയന്ന ദര്‍ശനപരതയാണ് മൗദൂദിയുടെ മുഖമുദ്ര. 

ഭൂരിപക്ഷത്തിന്റെ ഭരണസംവിധാനം എന്ന നിലയില്‍ ജനാധിപത്യത്തെ സത്യവേദമംഗീകരിക്കുന്നു. സൈനിക സാമ്രാജ്യത്വ ഭരണരീതികളെ ഇസ്ലാം വെറുക്കുന്നു. ജനാഭിപ്രായമാണ് ഭരണകൂടത്തെ രൂപപ്പെടുത്തേണ്ടത് എന്ന സമീപനമാണ് ഇസ്ലാമിന്‍േത്. ഭരണസംവിധാനത്തില്‍ ശംബ്ദവും സ്വാധീനവുമില്ലാത്ത ആരുമുണ്ടാവരുത് എന്ന് ഇസ്ലാം നിഷ് കഷിക്കുന്നു. സമാധാനവും സൈ്വരവും പുലരുന്ന സാമൂഹികാന്തരീക്ഷം സാക്ഷാല്‍കരിക്കാന്‍ ആത്മത്യാഗത്തിന്റെ ആഴങ്ങളോളം ഇറങ്ങിചെന്ന പ്രവാചകനെകാണാം ഹുദൈബിയ പോലുള്ള വിശ്രുതസന്ധികളില്‍. 

ഭൂരിപക്ഷത്തിന്റെ ഭരണകൂടമാണ് ജനാധിപത്യം എന്ന നിര്‍വചനത്തോട് യോജിക്കുന്ന ജമാഅത്തെ ഇസ്ലാമി ജനഹിതമാണ് നിയാമകം എന്ന ആശയത്തിന്റെ അനുഗാതാക്കള്‍ തന്നെയാണ്. വ്യവസ്ഥാപിത നിയമങ്ങളുടെ ഭരണമാണ് ജനാധിപത്യം എന്നതുകൊണ്ട് വ്യക്തിഹിത്താല്‍ വികലമാക്കപ്പെടുന്ന രാജാധിപത്യത്തോടും പട്ടാളഭരണത്തോടും ജമാഅത്തെ ഇസ്ലാമി വിപ്രതിപത്തികാട്ടുന്നു. അഭിപ്രായ സ്വാതന്ത്യവും ജനഹിതത്തിന്റെ പ്രതിഫലനവുമനുഭവപ്പെടാത്ത സ്വേഛാധിപത്യത്തിന്റെ ഭരണവിധാനങ്ങളാണവയെന്നും ജമാഅത്തെ ഇസ്ലാമി വാദിക്കുന്നു. 

ഭൂരിപക്ഷഹിതം ജനാധിപത്യത്തിന്റെ അവലംബശിലാണെന്നും നിയമങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നും സമ്മതിക്കുമ്പോള്‍ തന്നെ, നിയമമാണ് നിയാമകമെങ്കില്‍ ആ അടിസ്ഥാനങ്ങളുടെ സംരചനാധികാരം സകലജ്ഞനും സകലാധിനാഥനും സര്‍വാദ്യതനുമായ ദൈവത്തിനുള്ളതാണെന്ന് ജമാഅത്തെ ഇസ്ലാമി കരുതുന്നു. ദൈവഹിതത്താല്‍ പരിസീമിതമാണ് മനുഷ്യന്റെ വിചാരശേഷിയും വിലയിരുത്തലും വിഭാവനകളുമെങ്കില്‍ യഥാര്‍ഥത്തിലുള്ള ശരിതെറ്റുകള്‍ നിര്‍ണയിക്കാനുള്ള അവകാശം അവനുള്ളതല്ല. നാലാള്‍ പറഞ്ഞാല്‍ നാടും വഴങ്ങണം എന്നത് ജനാധിപത്യത്തിലെ പ്രചുരമായ ഒരു ചൊല്ലാണെങ്കിലും ഭൂരിപക്ഷമെന്നും സത്യത്തിന്റെയും നീതിയുടെയും വെളുത്ത പക്ഷമായിരിക്കുമെന്നവകാശപ്പെടാന്‍ പറ്റുമോ. ആള്‍കൂട്ടത്തിന്റെ സ്വരമാണ് ജനാധിപത്യത്തിലെ സത്യം. പിന്തുണക്കാനാളില്ലെങ്കില്‍ സത്യമവിടെ പരിഹാസ്യമാം വിധം പരിത്യജിക്കപ്പെടുന്നു. ഇത് നീതിയുടെ വിധാനമല്ലെന്ന് ജമാഅത്തെ ഇസ്ലാമി വാദിക്കുമ്പോള്‍ അതിന്റെ യുക്തിപരത അവഗണിക്കപ്പെട്ടുകൂടാ. സകലജ്ഞനും സകലാധിനാഥനും നീതിജ്ഞനുമായ ദൈവത്തിന്റെ ഹിതമായിരിക്കണം നിയമങ്ങള്‍ക്ക് നിയാമകം എന്ന മനോഭാവത്തിനു പിന്നില്‍ സത്യവേദ സംസ്‌കൃതിയല്ലാതെ മറ്റൊന്നല്ല. 

വിശ്വാസവിശുദ്ധിയിലൂന്നിയ ഒരു വിചാരശില്‍പത്തെ യുക്ത്യാനുഭവങ്ങളുടെ ശാണഘര്‍ഷണത്തിന് വിധേയമാക്കി, സകലാര്‍ഥത്തിലും പരിഭദ്രമാക്കി, ഒരു പ്രത്യയശാസ്ത്രത്തിന്റെ പരിവേഷമണിയിച്ച് ദീനില്‍ നിര്‍ബന്ധമില്ല എന്ന വേദസൂക്തത്തിന്റെ പ്രതിസ്പന്ദം പോലെ തോന്നിക്കുന്ന ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം, വേണ്ടാത്തവര്‍ക്ക് തള്ളാം എന്ന ഉദാരസമീപനത്തോടെ ജമാഅത്തെ ഇസ്ലാമി ലോകത്തിന് മുന്നില്‍, അഥവാ സത്യവേദ വിശ്വാസികള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു. സത്യവേദവിശ്വാസമംഗീകരിക്കുക എന്നത് അതിന്റെ മുന്നപാധിയാണ്. കാരണം അതിന്റെ പ്രബോധനും പ്രചാരണവും പ്രയോഗവല്‍ക്കരണവുമാണ് പ്രസ്ഥാനത്തിന്റെ വിഭാവിത ലക്ഷ്യവും കര്‍മതലവും. ഖിലാഫത്തിന്റെ കാലത്ത് തീര്‍ത്തും പ്രയോഗക്ഷമം എന്ന് ബോധ്യപ്പെട്ട ഒരു ദര്‍ശന സമുഛയത്തെ പുനരാനയിച്ചുകൊണ്ട് മനുഷ്യസമാന്യത്തെ പ്രകാശത്തിലേക്ക് നയിക്കണം എന്ന തീക്ഷണമായ അഭിനിവേശമായിരുന്നു പ്രസ്ഥാന സാരഥിയായ അബുല്‍ അഅ്‌ലാ മൗദൂദി പ്രകടിപ്പിച്ചത്. 

മുന്‍വിധിയില്ലാതെ, നിരുപാധികം ചര്‍ച ചെയ്യപ്പെടേണ്ട വളരെ ചിരന്തനമായ, എന്നാല്‍ നിത്യനൂതനത്വമവകാശപ്പെടാന്‍ പോരുന്ന ഒരു ദര്‍ശനവിശേഷമാണ് ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്രമെന്ന് ഞാന്‍ കരുതുന്നു.' (പ്രകാശം പരത്തുന്ന പ്രസ്ഥാനം. പേജ് 14, 15)

ഒരു ആശയത്തെ അത് മനസ്സിലാക്കിയ ശേഷം ഖണ്ഡിക്കുന്നതും, ധാരാളം തെറ്റിദ്ധാരണയോടെ അവതരിപ്പിച്ച് തങ്ങള്‍ മനസ്സിലാക്കിയ തെറ്റിനെ ഖണ്ഡിക്കുന്നതും അജഗജാന്തരമുണ്ട്. ജമാഅത്തിനില്ലാത്ത ഒരു വാദം അവതരിപ്പിച്ച് ലോകമെല്ലാം കൂടി അതിനെതിരെ തിരിഞ്ഞാലും എന്ത് കാര്യം. മറിച്ച് വസ്തുനിഷ്ഠമായ സംവാദം ഉദ്ദേശിക്കുന്നവര്‍ എന്താണ് ജമാഅത്ത് ഈ വിഷയത്തില്‍ പറയുന്നത് എന്ന് തെറ്റാതെ പറയാനെങ്കിലും പഠിക്കണം ഖണ്ഡനം എന്നത് വീണ്ടും ഒരുപാട് അറിവും കഴിവും ആവശ്യമുള്ളതാണ്. വാദം മനസ്സിലാക്കാന്‍ കാര്യങ്ങള്‍ അവരില്‍നിന്ന് കേട്ടോ വായിച്ചോ മനസ്സിലാക്കിയാല്‍ മതി. ആ പ്രവര്‍ത്തിയാണ് വാണിദാസ് എളയാവൂര്‍ ചെയ്തിരിക്കുന്നത്. ഇത് സത്യസന്ധമായ ഒരു സമീപനമാണ്. ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തിനും മതേതരത്വത്തിനും ദേശീയതക്കും എതിരാണ് എന്ന് മാത്രം പ്രചരിപ്പിക്കുന്നവര്‍ യഥാര്‍ഥത്തില്‍ ചില്ലുകൂട്ടിലിരുന്ന് കല്ലെറിയുകയാണ്, കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണ്.

0 അഭിപ്രായ(ങ്ങള്‍):

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK