'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, മേയ് 24, 2010

ആര്‍ക്കും വേണ്ടാത്ത ജമാഅത്തെ ഇസ്‌ലാമി ?

ജമാഅത്തെ ഇസ്ലാമിയെ ആര്‍ക്കും വേണ്ട?  എന്ന വള്ളിക്കുന്നിന്റെ പോസ്റ്റിന് ഞാന് നല്കിയ കമന്റ് ഇവിടെ ചേര്‍ക്കുന്നു. തുടര്‍ ചര്‍ച്ച ആവശ്യമുള്ളവര്‍ക്ക് പ്രതികരിക്കാം.
{ഇവിടെ ജമാഅത്തിനെ കിട്ടിയ തക്കത്തിന് തങ്ങള്‍ക്കറിയുന്ന വിവരം വെച്ച് പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്ന സലഫി സുഹൃത്തുക്കളോട് ഒരു വാക്ക്. ഇവിടെയുള്ള കാരശേരി ഹമീദുമാര്‍ ജമാഅത്തിനെക്കുറിച്ച് അരിശം കൊള്ളുന്നതില്‍ ഒരത്ഭുതവും തോന്നുന്നില്ല. പക്ഷേ വിശുദ്ധഗ്രന്ഥത്തെയും പ്രവചാകനെയും പിന്തുടരുന്ന, പരലോകത്തും വിചാരണനാളിനേയും അംഗീകരിക്കുകയും ചെയ്യുന്ന നിങ്ങള്‍ വാദത്തില്‍ കുറേകൂടി സത്യസന്ധതയും സൂക്ഷമതയും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അല്ലാഹുവും പ്രവാചകനും മാനവകുലത്തിന് നല്‍കിയത് സമ്പൂര്‍ണമായ ഒരു ദര്‍ശനത്തെയാണ്. അത് കേവലം ഒരു മതമായിരുന്നില്ല. ചില ആചാരങ്ങളിലൊതുങ്ങുന്ന അത്മീയപദ്ധതിയുമല്ല. സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നിയമനിര്‍ദ്ദേശങ്ങളുള്ള സമഗ്രമായ ഒരു ജീവിത പ്രസ്ഥാനമാണ്. അത്തരം ഒരു ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന വിഭാഗം നിലവിലില്ലാത്ത സാഹചര്യത്തിലാണ് ജമാഅത്ത് രൂപം കൊണ്ടത്. അത് മുസ്‌ലിംകളുടെ അധികാരാവകാശങ്ങള്‍ മാത്രം സംരക്ഷിക്കാനുള്ള സാമുദായിക പാര്‍ട്ടിയോ മുസ്‌ലിംകളിലെ ശിര്‍ക്ക് ബിദ്അത്തുകള്‍ നീക്കാനുള്ള കേവലം സംസ്‌കരണ പ്രസ്ഥാനമോ മാത്രമാകരുത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള ഉത്തമ സമൂഹമാകണം. നന്‍മകല്‍പിക്കുകയും തിന്‍മവിരോധിക്കുകയും ചെയ്യണം.

ഈ ഒരു ദൗത്യത്തിലൂന്നിയാണ് ജമാഅത്ത് ഇന്നോളം പ്രവര്‍ത്തിച്ചത്. പ്രവാചകന്‍ പ്രബോധനം ചെയ്ത് കാണിച്ച ഇസ്്‌ലാമില്‍ രാഷ്ട്രീയമുണ്ടായിരുന്നു. ഭരണവ്യവസ്ഥയും കോടതിയുമുണ്ടായിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്‌നങ്ങളെ നേരിടാനുള്ള പരിഹാരവും ഉണ്ടായിരുന്നു. എങ്ങനെയാണത് നിര്‍വഹിക്കേണ്ടത് എന്ന് പ്രവാചകനും അനുചരന്‍മാരും കാണിച്ച് തന്നിട്ടുണ്ട്. അവിടെ ഒരാളും അനീതിക്കിരയാവുകയില്ല. ആരുടെയും അഭിപ്രായസ്വാതന്ത്ര്യത്തെയോ ആരാധനാ സ്വാതന്ത്ര്യത്തേയോ ഹനിക്കുകയുണ്ടായില്ല. ഏതെങ്കിലും ഒരു മതത്തിന്റെ ആളായി എന്നത് കൊണ്ട് സാമ്പത്തിലോ നീതിയിലോ വിവേചനം കാണിക്കപ്പെടുകയുണ്ടായില്ല. അതില്‍ ഇന്ന് ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന്റെ സകല നല്ല ഗുണങ്ങളും ഉണ്ടായിരുന്നു. ശക്തമായ ധാര്‍മികസദാചാരവും ദൈവിക ബോധത്തിന്റെയും പിന്‍ബലത്താല്‍ അതിന്റെ ന്യായമായ നിര്‍വഹണം സുരക്ഷിതമായിരുന്നു. ജനാധിപത്യത്തിന്റെ എല്ലാ നല്ല ഗുണങ്ങളും ആ വ്യവസ്ഥക്കുണ്ടായിരുന്നു. കൂടിയാലോചന അതിന്റെ മുഖമുദ്രയായിരുന്നു. മനുഷ്യത്വം അതിന്റെ അന്തര്‍ധാരയായിരുന്നു. നിയമം പുര്‍ണമായും ദൈവികമായിരുന്നതിനാല്‍ നിയമം എല്ലാവര്‍ക്കും നിയമം തന്നെയായിരുന്നു. (ആരുടെയെങ്കിലും സ്വാര്‍ഥമായ താല്‍പര്യങ്ങള്‍ക്ക് മാറ്റപ്പെടാന്‍ കഴിയുന്നത് നിയമത്തിന്റെ ദൗര്‍ബല്യമാണ്.) ഇതിലേതാണ് നിങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തത്. മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നത്.
അതുകൊണ്ട് മനുഷ്യര്‍ക്കാകമാനമുള്ള ദൈവത്തിന്റെ ഈ നിയമം ആദ്യകാലത്ത് യുക്തമായിരുന്നത് പോലെ ഇന്നും പ്രസക്തമാണെന്ന് കരുതുന്ന ഒരു പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്്‌ലാമി. നിങ്ങള്‍ക്ക് പരിശോധിക്കാം വിയോജിക്കാം. അത് വേറെ കാര്യം. മറ്റേത് ദര്‍ശനങ്ങളെയും പിന്തുണക്കാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും സ്വാതന്ത്ര്യമുള്ളത് പോലെ സമാധാനപരമായി ഈ ദര്‍ശനവും പ്രബോധനം ചെയ്യാം. അതിന് നിയമവിധേയമല്ലാത്ത മാര്‍ഗം സ്വീകരിക്കുകയാണെങ്കില്‍ (ഒരിക്കലും അങ്ങനെ സംഭവിക്കുകയില്ല) ഭരണകൂടത്തിന് അത് തടയാം. അല്ലാത്തിടത്തോളം കാലം മതത്തിന്റെ ലേബലിലാണെന്ന കാരണത്താല്‍ അതിന് അയിത്തം കല്‍പിക്കുന്നതും ഭീകരതയും തീവ്രതയും ആരോപിക്കുന്നതും ന്യായീകരണമില്ലാത്തതാണ്. ഒരു കമ്മ്യൂണിസ്റ്റ് കാരന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാമെങ്കില്‍, ബി.ജെ.പിക്ക് അതിന് സ്വാതന്ത്ര്യമുണ്ടങ്കില്‍ അതേ ജനാധിപത്യമനുസരിച്ച് സമാധാനപൂര്‍വം ഈ ലക്ഷ്യം ഒരു സംഘടനക്കുണ്ടാകുന്നത് വലിയ പാതകമായി മാറുന്നതെങ്ങനെ. ഇതൊന്നും സങ്കല്‍പിക്കാനാകാത്ത ഇസ്്‌ലാമാണ് നിങ്ങളുടേതെങ്കിലും നിങ്ങള്‍ക്ക് ഞങ്ങനെ വെറുതെ വിടാവുന്നതേയുള്ളൂ.

പക്ഷെ ഇവിടെ ജമാഅത്തിനെ എതിര്‍ത്തുകൊണ്ടിരിക്കുന്ന സലഫികള്‍ ഒരു പ്രത്യേക സാമുദായിക പാര്‍ട്ടിക്ക് ഇത് ക്ഷീണം വരുത്തുമോ എന്ന ഭീതിമാത്രമാണ് പ്രചോദനം എന്ന് കരുതാനാണ് ന്യായം. ജമാഅത്ത് ഇന്നെവരെ അതിന്റെ വിവിധകാലഘട്ടങ്ങളില്‍ തങ്ങളുടെ തീരുമാനത്തിന് അവലംബിച്ച ചില മാനദണ്ഡങ്ങളുണ്ട്. അത് ആരുടെയും പിന്തുണ തേടി പോയിട്ടില്ല. തത്വാധിഷ്ഠിതമായ ചില നിലപാടനുസരിച്ച് അത് മറ്റുള്ളവര്‍ക്ക് വോട്ട് നല്‍കുകയും നല്‍കാതിരിക്കുകയും ചെയ്തിട്ടുണ്ട്. (അതില്‍ തെറ്റ് പറ്റി എന്ന് ആര്‍ക്കെങ്കിലും വാദമുണ്ടെങ്കില്‍ അതുന്നയിക്കാം എന്നാല്‍ അതിന് സ്വീകരിച്ച് ശൈലി ശരിയായിരുന്നില്ല എന്ന് സലഫികള്‍ക്കെങ്കിലും വാദിക്കാനാവില്ല). ജമാത്ത്് ഇപ്പോഴും രാഷ്ട്രീയത്തില്‍ നേരിട്ട് ഇടപെടാന്‍ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അത് ഇപ്പോള്‍ ഇടപെടാന്‍ തീരുമാനിച്ചപ്പോഴും സകലരാജ്യനിവാസികളെയും ഉള്‍കൊള്ളുന്ന അവര്‍ക്ക് വേണ്ടി പ്രവര്‍ത്തികുന്ന വിധത്തിലാണ് അതിന് ശ്രമിക്കുന്നത്. ഇതും ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനവും ഒരു ഘട്ടത്തിലും സാമ്യതയില്ല.

ജമാഅത്തുകൊര്‍ ഇതുവരെ കൊണ്ട വെയില്‍ വെറുതെയായി എന്ന് എന്ന് പറഞ്ഞുകൊണ്ട് ബഷീര്‍ അവരോട് സഹതപിക്കുന്നു. അതിന്റെ ആവശ്യമില്ല സുഹൃത്തേ. ജമാഅത്ത് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുകയും കെട്ടിവെച്ച കാശ്മുഴുവന്‍ നഷ്ടപ്പെടുകയും ചെയ്താലും. അതില്‍ നിരാശപ്പെടില്ല. കാരണം ഇവിടെ ലഭിക്കുന്ന അപ്പകഷ്ണങ്ങള്‍ക്ക് വേണ്ടിയല്ല ജമാഅത്ത് പ്രവര്‍ത്തികുന്നത് എന്നതുകൊണ്ടുതന്നെ. 60 വര്‍ഷത്തിനിടയില്‍ ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചമരിച്ചുപോയവരൊക്കെ ജനങ്ങള്‍ക്ക് വേണ്ടി വെയിലുകൊണ്ടത് തങ്ങളുടെ പിന്‍തലമുറക്ക് തെരഞ്ഞെടുപ്പിന് വഴിയൊരുക്കാനായിരുന്നില്ല മറിച്ച് തങ്ങള്‍ക്ക് ദൈവസന്നിധിയില്‍ അതിന്റെ പ്രതിഫലം ആഗ്രഹിച്ചായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ വിഷമിക്കേണ്ടതില്ല.

കാരശേരിയുടെ ലേഖനം വായിച്ച് ആവേശംകൊള്ളുന്ന മുജാഹിദ് സുഹൃത്തുക്കള്‍ അദ്ദേഹത്തിന് ഇസ്്‌ലാമിനെക്കുറിച്ച് പറയാനുള്ളതിനോട് നിങ്ങള്‍ക്ക് യോജിക്കാനാകുമോ എന്ന ചിന്തിക്കുന്നത് നന്നായിരിക്കും. സലഫികളോട് അവസാനമായി ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ ഇസ്്‌ലാമിനെ ഒന്നുകൂടി പുനര്‍വായനക്ക് വിധേയമാക്കണം. പരലോക വിചാരണയെ ഓര്‍ക്കണം.

ഇവിടെ ഒരു ജമാമഅത്ത് സലഫി സംവാദം ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് തുടര്‍ കമന്റുകളും ഉണ്ടാവില്ല. ധാരാളം സലഫികള്‍ അവസരം ഉപയോഗപ്പെടുത്തി ചിലത് പറഞ്ഞത് കൊണ്ട് അല്‍പം ജമാഅത്തിന്റെ പക്ഷത്ത് നിന്നും പറഞ്ഞു എന്ന് മാത്രം. ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ടങ്കില്‍ വേണ്ട പക്ഷെ അതിന്റെ പ്രവര്‍ത്തകര്‍ക്ക് അതിനെ വേണം എന്ന് പറഞ്ഞ് ഞാനവസാനിപ്പിക്കുന്നു. എല്ലാവര്‍ക്കും നന്മനേരുന്നു..}

ഇവിടെ ഒന്നുകൂടി കൂട്ടിചേര്‍ക്കാന്‍ ഞാനുദ്ദേശിക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയെ ആര്‍ക്കും വേണ്ട എന്ന പ്രസ്താവന നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളെ ഉദ്ദേശിച്ചാണെങ്കില്‍ മാത്രമേ അല്‍പമെങ്കിലും ശരിയാകൂ. ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ അതിനെ പ്രതീക്ഷിക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചിട്ടുള്ളത്. അവര്‍ക്ക് വേണോ വേണ്ടെ എന്ന പരിശോധന നടക്കാനിരിക്കുന്നതേയുള്ളൂ. വേണ്ട എന്നാണ് റിസള്‍റ്റ് ലഭിക്കുന്നതെങ്കില്‍ തീര്‍ചയായും ജമാഅത്ത് അതിന്റെ നയനിലപാടുകളും പ്രവര്‍ത്തനങ്ങളും പുനപരിശോധിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. കാരണം ജനങ്ങള്‍ക്കുപകാരപ്പെടാത്ത ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.

22 അഭിപ്രായ(ങ്ങള്‍):

ക്ഷമ പറഞ്ഞു...

>> ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ അസിസ്റ്റന്‍റ് അമീറായ ശൈഖ് മുഹമ്മദ് കാരകുന്ന് എഡിറ്ററായി 1992 ല്‍ പ്രസിദ്ധീകരിച്ച 'പ്രബോധനം ജമാഅത്തെ ഇസ്ലാമി അമ്പതാം വാര്‍ഷികപ്പതിപ്പ്' 145 - പേജില്‍ എഴുതുന്നു:

"താഴ്വരയില്‍ തീവ്രവാദി പ്രവര്‍ത്തനം ശക്തിപ്പെട്ടതിനു ശേഷം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം വര്‍ധിച്ചിട്ടുള്ളതായി പറയപ്പെടുന്നു. താഴ്വരയിലെ ഏറ്റവും ശക്തമായ തീവ്രവാദി ഗ്രൂപ്പുകളിലൊന്നായ ഹിസ്ബുല്‍ മുജാഹിദീന്‍ ജമാഅത്തെ ഇസ്ലാമി അനുകൂല ഗ്രൂപ്പാണ്. ഇതിനു പുറമെ അല്ലാഹ് ടൈഗേഴ്സ് എന്ന ഒരു സംഘത്തിനും ജമാഅത്ത് രൂപം നല്‍കിയിട്ടുണ്ട്."

തുടരുന്നു: " വിവിധ തീവ്രവാദി ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതിലും ജമാആത്തിന്‍റെ പങ്ക് പ്രധാനമാണ്"

വീണ്ടും എഴുതുന്നു: "സൈനിക മേഖലയില്‍ വിവിധ സായുധ ഗ്രൂപ്പുകള്‍ ചേര്‍ന്ന് രൂപം നല്‍കിയ 'മുത്തഹിദ ജിഹാദ് കൗണ്‍സി'ലിന്‍റെ ചെയര്‍മാന്‍ അലി മുഹമ്മദ് ഡാറും ജമാഅത്തെ ഇസ്ലാമിയുടെ നേതാക്കളില്‍ ഒരാളത്രേ!"

'കശ്മീര്‍ ജമാഅത്തെ ഇസ്ലാമി'യുടെ വിവരണത്തിലാണ് കേരള ജമാഅത്തെ ഇസ്ലാമി പണ്ഡിതന്‍ അഭിമാന പൂര്‍‌വ്വം ഇങ്ങനെ എഴുതിയിരിക്കുന്നത്.

അതേപുസ്തകത്തില്‍ പത്രാധിപരായ ശൈഖ് മുഹമ്മദ് കാരകുന്ന് തുടക്കത്തില്‍ തന്നെ 'രണ്ട് വാക്ക്' എന്നതില്‍ പറയുന്നു: "

"ജമാഅത്തെ ഇസ്ലാമി കേരളത്തിലോ, ഇന്ത്യയിലോ പരിമിതമായ ഒരു പ്രസ്ഥാനമല്ല. ഇന്ത്യാ ഉപഭൂകണ്ഡത്തില്‍ തന്നെ ഇതേ പേരും വേരുമുള്ള ആറു സംഘടനകളുണ്ട്" <<

ലത്തീഫ്, ഒരു ബ്ലോഗില്‍ എഴുതപ്പെട്ട വരികളാണ് മുകളില്‍ കൊടുത്തത്. ഇതിന്റെ സത്യാവസ്ഥ വ്യക്തമാക്കാമോ?

M.A Bakar പറഞ്ഞു...

ജനങ്ങള്‍ക്കുപകാരപ്പെടാത്ത ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല

---------------------------------------

Dear Latheef..

[ ഇവിടെ ഒരു കാര്യം വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. താങ്കള്‍ നല്‍കിയതിണ്റ്റെ ഒരു മറുപുറമാണ്‌ ഞാന്‍ വായിക്കുന്നത്‌. പ്രതീക്ഷകള്‍ക്കിടയിലുള്ള ഒരു ആശങ്ക എനിക്ക്‌ (നിങ്ങള്‍ക്കങ്ങനെ ആയിരിക്കണമെന്നില്ല) നിങ്ങളില്‍ തോന്നുന്നത്‌ കൊണ്ടാണ്‌ ഇതെഴുതുന്നതും. ]


ഇന്ന്‌ ജനങ്ങളുടെ പൊതു ബോധമെന്ന്‌ പറയുന്നത്‌ മാധ്യമ നിലപാടുകളും രാഷ്ട്രീയ സമവാക്യങ്ങളുമാണ്‌. കുറച്ച്‌ കൂടി പോയാല്‍ മധ്യവര്‍ഗ്ഗത്തിണ്റ്റെ താല്‍പ്പര്യങ്ങള്‍. ചിലപ്പോല്‍ കുത്തകക്കാരണ്റ്റെ ആര്‍ത്തികള്‍. ചിലപ്പോല്‍ അതിനു പരവതാനി നെയ്യുന്ന തൊഴിലാളി പാര്‍ട്ടികള്‍.

ഈ സന്നിഗ്ദതകള്‍ക്കിടയില്‍ നിന്ന്‌ "ജനങ്ങള്‍ക്കുപകാരപ്പെടാത്തത്‌" എന്ന്‌ എങ്ങനെ തീരുമാനിക്കും. പ്രത്വേകിച്ച്‌ കൂടെക്കൂടുന്നവരെ തീവ്രവാദികളാക്കി മുദ്രയടിക്കുകയും ചെയ്യുന്ന ആസുര ഗൂഢാലോചനകള്‍ അംഗീകരിപ്പിക്കാന്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തന്നെ വിളിച്ച്‌ കൂട്ടുന്ന ഈ സന്ദര്‍ഭത്തില്‍.

ഒരു ഉത്തമ ഉറച്ച ബോധത്തില്‍ നിന്നായിരിക്കുമല്ലോ ഒരു പ്രസ്താനം അതിണ്റ്റെ നിലപാടുകള്‍ സ്വീകരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്‌. മാനുഷികമായ ചില ദൌര്‍ബല്യങ്ങളും കാഴ്ച്ച പിശകുകളും ഉണ്ടാവാമെങ്കിലും, പിണറായി "തുറന്ന്‌ കാണിക്കണമെന്ന്‌" പറയുമ്പോല്‍ പതറിപ്പോവുന്ന ഒരു ആദര്‍ശമാണ്‌ ഇസ്ളാമിക പ്രസ്താനം പിന്തുടരുന്നതെങ്കില്‍ ഒരു പിശക്‌ നന്നായി എവിടെയോ സംഭവിച്ചിരിക്കുന്നു.

ഇസ്ളാമിക പ്രസ്താനം പിണറായിയെ നോക്കിയല്ല നീന്തേണ്ടത്‌. പടച്ചോനെ നോക്കിയാണ്‌. മുതലാളിയാവുക ഒരു കുറ്റമല്ല. പിണറായി കുത്തകകള്‍ക്ക്‌ പായ്‌ വിരിച്ച്‌ മുതലാളിയാവുകയെന്നത്‌ ഒരു വഞ്ചനയാണ്‌. തൊഴിലാളികളെ ഒറ്റുകൊടുക്കലാണ്‌. തുറന്ന്‌ കാണിക്കേണ്ടത്‌ അതാണ്‌. ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്ന , ജനാധിപത്യത്തില്‍ വിശ്വസിക്കാത്ത അദ്ധേഹത്തിണ്റ്റെ പാര്‍ട്ടിയെ ആണു്‌.

CPI(M) പൊട്ടിച്ചതുപോലെ ബോംബുകളൊന്നും ഇവിടെ RSS പോലും പൊട്ടിച്ചിട്ടുണ്ടോ എന്ന്‌ സംശയമാണ്‌.

CKLatheef പറഞ്ഞു...

കല്‍കി താങ്കളുടെ ക്വാട്ടിംഗ് ആവശ്യമായ റഫറന്‍സ് നല്‍കിയിട്ടില്ലാത്തത് കൊണ്ടും വിഷയവുമായി ബന്ധമില്ലാത്തത് കൊണ്ടും ഡിലീറ്റുന്നു. ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ സമാനമായ ക്വാട്ടിംഗ് കണ്ടിരുന്നു. അവിടെ അത് സംബന്ധമായ അഭിപ്രായവുമുണ്ട്. ഉറുദുവിലെ ഉന്നതനായ സാഹിത്യകാരനും നവോത്ഥാന വിപ്ലവകാരിയുമായ മൗദൂദിയുടെ പുസ്തകങ്ങളിലെ അലങ്കാരങ്ങള്‍ പോലും ഭീകരതക്കുള്ള തെളിവായി ഉദ്ധരിക്കപ്പെടുകയാണ്. വാളെന്ന് കേള്‍ക്കുമ്പോഴേക്ക് അത് ഭീകരതയായി വ്യാഖ്യാനിക്കാനുള്ള തന്ത്രപ്പാട് സഹതാപാര്‍ഹമായ നിസ്സഹായതയാണ് കാണിക്കുന്നത്.

CKLatheef പറഞ്ഞു...

@ക്ഷമ

പലപ്പോഴും ഇങ്ങനെ നല്‍കുന്ന ക്വാട്ടിംഗുകളില്‍ ധാരാളം പിശകുകള്‍ കാണാറുണ്ട്. വാലും തലയും വെട്ടികളയുന്നതിനാല്‍ വിരുദ്ധമായ അര്‍ഥവും ലഭിക്കാനിടയുണ്ട്. പിന്നീട് വരുന്നവര്‍ ഇത് എടുത്ത് തങ്ങളുടെ വ്യാഖ്യാനവും ചേര്‍ത്ത് വേറെയെവിടെയെങ്കിലും പേസ്റ്റ് ചെയ്യും. ഇതുതന്നെ അത്തരം ഒരു പേസ്റ്റാണല്ലോ. അത്തരം അബദ്ധം കാണുന്ന പക്ഷം ഇത് നീക്കം ചെയ്യും. ഇനി അപ്രാകാരം തന്നെയാണ് അവിടെയുള്ളതെങ്കില്‍ ലേഖനെ നമ്മുക്ക് വിശ്വസിക്കാം. അതല്ലെ തെറ്റാണെങ്കില്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്താം. ഒരു തെറ്റ് മുകളിലെ മൊത്തം ക്വാട്ടിംഗില്‍ കാണുന്നുണ്ട്. കേരള ജമാഅത്തെ ഇസ്‌ലാമി പണ്ഡിതന്‍ അഭിമാനപൂര്‍വം എഴുതിയിരിക്കുന്നത് എന്നത്. ജമാഅത്തെ ഇസ്‌ലാമി എന്ന പേരില്‍ അറിയപ്പെടുന്നവയെ പരിചയപ്പെടുത്തിയ കൂട്ടത്തില്‍ പറഞ്ഞതാണ് അത്. പാക്കിസ്ഥാന്‍ ജമാഅത്തിനെയും ബംഗ്ലാദേശ് ജമാഅത്തിനെയും കൂട്ടത്തില്‍ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇത്രനാളും തെരഞ്ഞിട്ടും മറ്റുതെളിവൊന്നും കിട്ടാത്തതുകൊണ്ടായിരിക്കും കാശ്മീര്‍ ജമാഅത്തിന്റെ പ്രവര്‍ത്തനനിലപാട് വെച്ച് ഒന്നു കാച്ചി നോക്കിയത്.

CKLatheef പറഞ്ഞു...

@എം.എ. ബക്കര്‍ ,

എഴുതാപുറം വായിക്കുക എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇതവിടുന്നും കടന്നുപോയി. ഇസ്‌ലാം ജനങ്ങള്‍ക്കുപകാരമാണ് ഉപദ്രവമല്ല. ജനങ്ങള്‍ എന്നാല്‍ പാവപ്പെട്ടവനും പണക്കാരനുമെല്ലാം അടങ്ങിയതാണ്. ഒരു സംഘടന ജനങ്ങള്‍ക്കുപകാരപ്പെടുന്നില്ലെങ്കില്‍ അതിന്റെ ആവശ്യമെന്ത്. പിണറായിക്ക് തുറന്ന് കാണിക്കാനൊന്നുമില്ല ഈ പ്രസ്ഥാനത്തില്‍ എന്ന് അദ്ദേഹത്തിന് അറിയാത്തത് കൊണ്ടല്ല. അതില്‍ പതറിപോകേണ്ട കാര്യവുമില്ല. ചുരുക്കത്തില്‍ താങ്കളെന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു. അതിലെ ആത്മാര്‍ഥതയെയും ഗുണകാംക്ഷയെയും ഞാന്‍ മുഖവിലക്കെടുക്കുകയും ചെയ്യുന്നു.

M.A Bakar പറഞ്ഞു...

പ്രിയ ലതീഫ്‌ ..

ഞാന്‍ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നതല്ലെന്ന്‌ നിങ്ങല്‍ക്ക്‌ തന്നെ അറിയാം.

ഇന്നത്തെ വാര്‍ത്തയില്‍ തന്നെ ഒരു ആവാസ വ്യവസ്തയെ തകര്‍ത്തെറിഞ്ഞ കൊകകോളാ പൂട്ടപ്പെട്ടതില്‍ ദുഖിക്കുന്ന ഒരു മധ്യവര്‍ഗ്ഗ പൊതുബോധം നാം അറിഞ്ഞു. പൊതുബോധമെന്നത്‌ തെറ്റിദ്ധരിപ്പിക്കപ്പെട്ടതെന്നര്‍ഥം.

ആശയപരമായി ദരിദ്രമെന്ന്‌ തോന്നുന്ന വാഗ്മയ പ്രസ്താവനയണ്‌ "പൊതു ജനങ്ങള്‍ക്ക്‌ അവശ്യമില്ലെങ്കില്‍" എന്ന വാക്കുകളൊക്കെ ലത്തീഫ്‌ ഉദ്ദരിച്ചതെന്നേ ഞാന്‍ അര്‍ഥമാക്കിയുള്ളു. ആരിഫലി പ്രകടമാക്കുന്ന ആര്‍ജവത്തിണ്റ്റെ നിഴലെങ്കിലും ലത്തീഫിണ്റ്റെ ലേഖനത്തില്‍ വരുത്താവുന്നതാണ്‌.

ഇപ്പോഴും സോളിഡാരിറ്റി ആവശ്യമുള്ള ഒരു സംഘടനതന്നെയാണെന്ന്‌ ഞാന്‍ കരുതുന്നു. അതിണ്റ്റെ ഉറപ്പുകള്‍ അതിണ്റ്റെ വക്താക്കളില്‍ നിന്ന്‌ കിട്ടുന്നില്ലെന്നാണ്‌ ഞാന്‍ അര്‍ഥമാക്കിയതും.

ഞാന്‍ പറയുന്നതെന്തെന്ന് താങ്കള്‍ക്ക്‌ മനസ്സിലാവുന്നില്ലെങ്കില്‍, ഇതും എന്തൊക്കെയോ പറച്ചിലാണെങ്കില്‍ ഒഴിവാക്കാം..

Unknown പറഞ്ഞു...

ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച്‌ നിങ്ങള്‍ക്കെന്തറിയാം. ഒരു പാട്‌ നിഗൂഢ അജണ്ടകള്‍ മനോഹരമായി ഒളിച്ചുവെച്ച്‌ ജനങ്ങളുടെ മുമ്പില്‍ ആഹ്ലാദചിത്തരായി നില്‍ക്കുന്ന ആ സംഘടനയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച്‌ ഉള്ളുതൊട്ടുള്ള ലേഖനമുണ്ട്‌ ഇത്തവണത്തെ (മെയ്‌ 16, 2010) മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. വിവിധ മാതൃകകളില്‍ക്കൂടി മൗദൂദിയന്‍ ചിന്താഗതികളെ പരിചയപ്പെടുത്തുകയും അതിനടിപ്പെടുത്തുകയും ചെയ്യുന്ന ജമാ അത്തെ ഇസ്ലാമിയുടെ അകകാഴ്ചകള്‍ പരിചയപ്പെടുത്തുന്നു ഹമീദ്‌ ചേന്നമംഗലൂര്‍.

പൊതുസമ്മതികളിലെ ചതിക്കുഴികള്‍ എന്ന പേരില്‍ എഴുതിയ ലേഖനം ജമാ അത്തെ ഇസ്ലാമി വരുത്തിക്കൂട്ടുന്ന യഥാര്‍ത്ഥ ചതിക്കുഴികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്‌. പന്ത്രണ്ടുപേജു നീളുന്ന ലേഖനത്തില്‍ മാധ്യമത്തെയും അതിന്റെ സംഘാടകരെയും വിറളിപിടിപ്പിക്കുന്ന ഒട്ടേറെ പരാമര്‍ശങ്ങളുണ്ട്‌. സമൂഹത്തിലെ പ്രഗല്‍ഭവ്യക്തിത്വങ്ങളെ മുന്‍നിറുത്തി നടത്തുന്ന പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ എത്രമാത്രം അപകടകരമാവുന്നുവെന്ന്‌ ഹമീദ്‌ വരച്ചുകാട്ടുന്നു. ഒരേസമയം അപകടകരവും അപമാനകരവുമായ വസ്തുതകള്‍. ഇടയ്ക്ക്‌ ചില കവര്‍ ഓര്‍ഗനൈസേഷനുകള്‍ രൂപവത്കരിച്ചുകൊണ്ടും ജമാ അത്തെ ഇസ്ലാമിയുടെ ഇന്റലക്ച്വല്‍ ജിഹാദ്‌ മുന്നോട്ടുപോയി. 'ഫോറം ഫോര്‍ ഡിമോക്രസി ആന്‍ഡ്‌ കമ്മ്യൂണല്‍ ഏമിറ്റി (എഫ്‌.ഡി.സി.എ)യും 'ജസ്റ്റിഷ്യ'യും ഉദാഹരണങ്ങളാണ്‌. ജസ്റ്റിഷ്യ ജമാഅത്തനുകൂല അഭിഭാഷകരുടെ കൂട്ടായ്മയാണെങ്കില്‍ എഫ്ഡിസിഎ രാജ്യത്തിലെ ചില പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തി മൗദൂദിസ്റ്റുകള്‍ പിന്‍സീറ്റ്‌ ഡ്രൈവിംഗ്‌ നടത്തുന്ന സംഘടനയത്രെ. മുന്‍ സീറ്റില്‍ വി.ആര്‍. കൃഷ്ണയ്യരും താര്‍കുണ്ഠെയും സ്വാമി അഗ്നിവേശുമുള്‍പ്പെടെയുള്ള സമാരാധ്യര്‍. പിന്നില്‍ സംഘടനയുടെ കടിഞ്ഞാണ്‍ കൈയിലെടുത്തുകൊണ്ട്‌ ജമാ അത്ത്‌ പ്രതിനിധികളും. ജനാധിപത്യത്തിനും സമുദായമൈത്രിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയപ്പെടുന്ന ഫോറത്തിന്റെ പ്രണേതാക്കള്‍ സെക്യുലര്‍ ഡിമോക്രസിയെ താത്ത്വികമായിത്തന്നെ തള്ളിക്കളയുന്നവരാണെന്ന്‌ ഒരു പക്ഷേ, കൃഷ്ണയ്യരെപ്പോലുള്ളവര്‍ മനസ്സിലാക്കിയിട്ടില്ല; അല്ലെങ്കില്‍ അതൊന്നും അത്ര കാര്യമാക്കേണ്ടതില്ലെന്ന ഉദാസീനതയ്ക്ക്‌ അവര്‍ സ്വയം കീഴടങ്ങിയിരിക്കുന്നു. ഇത്തരം ഉദാസീനതകളും മനസ്സിലാക്കായ്മകളും സമൂഹത്തിനുമേല്‍ സ്ഫോടനാത്മകമായ സ്ഥിതിവിശേഷമല്ലേ വരുത്തിക്കൂട്ടുക.

ഇനി മനുഷ്യാവകാശത്തിന്റെ കാര്യത്തിലെ ഇരട്ടത്താപ്പിനെക്കുറിച്ച്‌ ഹമീദ്‌ പറയുന്നത്‌ നോക്കുക: കേരളത്തിലേക്ക്‌ വരുമ്പോഴും മനുഷ്യാവകാശ പ്രശ്നത്തില്‍ ജമാഅത്ത്‌-സോളിഡാരിറ്റി പ്രഭൃതികള്‍ അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പ് പ്രകടമാണ്‌. മിസ്റ്റര്‍ മഅ്ദനിയുടെയും മിസിസ്‌ മഅ്ദനിയുടെയും മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി നിരന്തരം ശബ്ദിച്ച മൗദൂദിസ്റ്റുകള്‍ ചേകന്നൂര്‍ മുഹമ്മദ്‌ അബ്ദുള്‍ ഹസന്‍ മൗലവി മതഫാഷിസ്റ്റുകളുടെ കൊലക്കത്തിക്കിരയായ സന്ദര്‍ഭത്തിലും പിന്നീടും ആ ക്രൂരമായ ഉന്മൂലനം ആവശ്യപ്പെടുന്ന ഗൗരവത്തില്‍ ആ വിഷയത്തെ സമീപിക്കാന്‍ തയ്യാറായിട്ടില്ല. ഇത്തരം തയ്യാറില്ലായ്മകളുടെ ജുഗുപ്സാവഹമായ സത്യങ്ങള്‍ പറയാന്‍ കേരളത്തില്‍ ആളില്ലാത്തതാണ്‌ ജമാ അത്തെ ഇസ്ലാമിയുടെയും അവരുടെ ശിങ്കിടിപ്പടയുടെയും വിജയം. അനീതിക്കെതിരെയും ദളിതര്‍ക്കെതിരെയും നടക്കുന്ന അതിക്രമങ്ങളെ തുറന്നുകാണിക്കാനും എതിര്‍ക്കാനും എന്ന പേരില്‍ ഇക്കൂട്ടര്‍ നടത്തുന്ന സകല പരിപാടികളുടെ ഉള്ളിലും നിഗൂഢമായ താല്‍പ്പര്യങ്ങള്‍ ഒളിച്ചുവെച്ചിരിക്കുന്നു. അതിലേക്ക്‌ ചെറിയൊരു വെളിച്ചംവീശാന്‍ ചേന്നമംഗലൂരിന്‌ കഴിയുന്നു എന്നത്‌ ആശ്വാസമത്രെ. മൂര്‍ഖന്റെ വിഷത്തിന്‌ പ്രതിവിധിയുണ്ട്‌; രാജവെമ്പാലയുടേതിനതില്ല എന്ന ജാഗ്രതയിലേക്ക്‌ സമൂഹം ഉണര്‍ന്നെങ്കിലേ രക്ഷയുള്ളൂ. അത്തരം ജാഗ്രതയിലേക്കുള്ള വഴിയായി ഈ ലേഖനത്തെ കണക്കാക്കാം.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ momin, ഇപ്പോള്‍ ആദ്യമായാണോ ഹമീദ് ചേന്ദമംഗല്ലൂരിന്റെ ലേഖനവും മാത്രുഭൂമിയുടെ മാധ്യമ പത്ര വിരോധവും വായിക്കുന്നതു.ഹമീദ് വാ തുറക്കുന്നതു ജമാത്തിനെ കുറ്റം പറയാന്‍ മാത്രമാണെന്ന് മാത്രുഭൂമിയുടെ പഴയ ലക്കങ്ങള്‍ വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.അദ്ദേഹത്തിന്റെ രചനക്കു മേമ്പൊടി ചേര്‍ക്കാന്‍ ഏതെങ്കിലും കോട്ടിങ്ങുകള്‍ വാലു മുറിച്ചു ചേര്‍ക്കുകയും ചെയ്യും. കാരശ്ശേരി മാസ്റ്ററും ഹമീദും ഇതു തുടങ്ങിയിട്ടു കാലം കുറെ ആയി. ആ ലേഖനം താങ്കള്‍ ആവേശമില്ലാതെ നിഷ്പക്ഷമായി വായിച്ചാല്‍ തീര്‍ച്ചയായും ചില സത്യങ്ങള്‍ താങ്കള്‍ക്കു ബോദ്ധ്യപ്പെടും.ഇന്ത്യ കണ്ട ബുദ്ധിജീവികളില്‍ ഒരാളായ ജസ്റ്റീസ് ക്രിഷ്ണയ്യര്‍ ജമാത്തിനെ തിരിച്ചറിയതിരിക്കാന്‍ തക്കവിധം ഹമീദിന്റെ കാഴ്ചപ്പാടില്‍ബുദ്ധി ഇല്ലാത്ത ആളാണു. വാര്‍ദ്ധക്യത്തിന്റെ അസ്കിതകള്‍ മാറ്റി വെച്ചു ജമാത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ വെളിപ്പെടുത്താന്‍ ജമാത്ത്കാര്‍ വിളിച്ചു കൂട്ടിയതും ലക്ഷങ്ങള്‍ പങ്കെടുത്തതുമായ എറുണാകുളം യോഗത്തില്‍ അദ്ദേഹം പ്രസംഗിച്ചതു പത്രങ്ങളിലും ചാനലുകളിലും വന്നതാണു. ഹമീദിന്റെ ലേഖനത്തില്‍ പറഞ്ഞിട്ടുള്ള മറ്റു മഹദ് വ്യക്തിത്വങ്ങളേക്കാളും മഹാ ബുദ്ധിമാനാണു ഹമീദ് എന്നാണു ലേഖനം വായിച്ചാല്‍ മനസ്സിലാകുക. കാരണം ഇവര്‍ക്കൊന്നും ജമാത്തിനെ പറ്റി മനസ്സിലാകാതിരുന്നതൊ അതോ ഉദാസീനത വിചാരിച്ചിരിക്കുന്നതോആയ അവസ്ഥ ഹമീദിനെ തീണ്ടിയിട്ടില്ല.ജസ്റ്റീസ് താര്‍ ക്കണ്ട ആരാണെന്നു താങ്കള്‍ക്കു അറിയാമൊ.അദ്ദേഹത്തിന്റെ വിധി ന്യായങ്ങള്‍ വായിച്ചിട്ടുണ്ടോ? അദ്ദേഹത്തിനു പോലും ബുദ്ധി ഇല്ലാ എന്നാണു ഹമീദു ഭംഗ്യന്തരേണ പറഞ്ഞു വൈക്കുന്നതു.ഇനി മറ്റൊരു രസകാമായ കാര്യം കൂടി. ആമിനാ വദ്ദൂദിയെ പോലുള്ളവരെ ജമാത്തു ക്വാട്ടു ചെയ്യുന്നില്ലെന്നു.അവര്‍ പറയുന്നതേ ഹമീദ് കണക്കിലെടുക്കുകയുള്ളൂ. ഇവാന്‍ റിഡ്ലിയെ പോലുള്ളവരെ ഹമെദ് കണക്കിലെടുക്കില്ല എന്നു. ഇതൊന്തെരു ന്യായമാണു.പറയുന്നതു ആരുമായിക്കൊള്ളട്ടെ; പറയുന്നതു എന്തെന്നു മനസ്സിലാക്കിയാല്‍ പോരേ.താങ്കളെ പോലുള്ള നിഷ്കളങ്കരും അയാള്‍ പറയുന്ന വിഷയത്തെപറ്റി മറ്റു പുസ്തകങ്ങള്‍ വായിക്കാത്തവരും മാത്രമേ അയാളെ കണക്കിലെടുക്കൂ.
നാമിപ്പോള്‍ കേരളത്തിലാണു ജീവിക്കുന്നതു. സാംസ്കാരികമായും വിദ്യാഭ്യാസപരമായും ഉന്നത നിലവാരം പുലര്‍ത്തുന്ന സമൂഹം.ഹമീദിനെപ്പോലുള്ളവരും ഇപ്പോഴുള്ള രാഷ്റ്റ്രീയ കലക്കത്തില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങിയവരും എഴുതുന്നതു മാത്രം വായിക്കാതെ ഒരു പരന്ന വായന അവലംബിക്കുക.എന്നിട്ടു നമ്മുടെ കൊച്ചു ബുദ്ധിയില്‍ ഉരുത്തിരിഞ്ഞു വരുന്ന ഒരു തീരുമാനത്തില്‍ എത്തി ചേരുക.അതല്ലെ നല്ലതു.ജമാത്തുകാരല്ല ആരു വിചാരിച്ചാലും ഹമീദ് പറയുന്നതു പോലെ ഈ കേരള സമൂഹത്തെ കളിപ്പിക്കാന്‍ സാധിക്കില്ല, എല്ലാക്കാലവും.ജമാത്തു സ്ഥാപിതമായിട്ടു 62 വര്‍ഷമായി,ഹമീദ് ജനിക്കുന്നതിനു മുമ്പു. ഇതുവരെ ആരും ജമാത്തിന്റെ വിക്രിയകള്‍ കണ്ടു പിടിച്ചില്ലേ?ഇപ്പോല്‍ അവരുടെ അനുയായികള്‍ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നു എന്നു പറഞ്ഞപ്പോഴാണോ ഈ ഹാലിളക്കങ്ങളൊക്കെ.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

പ്രിയ ലത്തീഫ് സാഹിബ്,ക്ഷമ എന്ന ബ്ലോഗറുടെ കമന്റിനു താങ്കള്‍ കൊടുത്ത മറുപടിയോടൊപ്പം ഇതു കൂടി ചേര്‍ത്തു കൊള്ളട്ടെ.പ്രബോധനത്തിലെആ ലേഖനം ഞാനും വായിച്ചിരുന്നു. ശൈഖ് സാഹിബ് ഇന്ത്യയിലെ പ്രത്യേകിച്ചു കേരളത്തിലെ ജമാ അത്തു പ്രസ്ഥാനങ്ങളെ പറ്റി വിവരിച്ചു കൊണ്ടു വന്നിരുന്നതില്‍ സന്ദര്‍ഭത്തില്‍ നിന്നു എടുത്തു ഉദ്ധരിച്ചതാണു ആ വാചകങ്ങള്‍ എന്നു എല്ലാവര്‍ക്കും മനസ്സിലാകും.ലോകത്തില്‍ ഭൂരി ഭാഗം സ്ഥലങ്ങളിലും കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ടു. അതാതു സ്ഥലത്തെ രാഷ്റ്റ്രീയ ഭൂമികയില്‍ നയ രൂപവല്‍ക്കരണം നടത്തി അവര്‍ പ്രവര്‍ത്തിക്കുന്നു. അവരെയും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാറ്ട്ടികളെയും താരതമ്യം ചെയ്യാന്‍ കഴിയുമോ?കമ്മ്യൂണിസ്റ്റു പാര്‍ട്ടികളെ പരിചയപ്പെടുത്തുമ്പോള്‍ റഷ്യയിലെ പാര്‍ട്ടി ചൈനയിലെ പാര്‍ട്ടി ഇറാഖിലെ പാര്‍ട്ടി, എന്നിങ്ങനെ പരിചയപ്പെടുത്തും. ഇവരുടെ എല്ലാം പ്രവര്‍ത്തനങ്ങള്‍ ഒരു നേത്രുത്വത്തിന്റെ കീഴിലാണോ?ബംഗ്ലാ ദേശിലെ ജമാത്തും പാക്കിസ്താനിലെ ജമാത്തും ഇന്ത്യയിലെ ജമാത്തും അതാതു രാഷ്റ്റ്രീയ ഭൂമികയില്‍ അതാതു സ്ഥലങ്ങളിലെ ഭരണ വ്യവസ്ഥക്കു ഉള്ളില്‍ നിന്നാണു പ്രവര്‍ത്തിക്കുന്നതു. ഇന്ത്യന്‍ ജമാത്തേഇസ്ലാമി ഇന്ത്യന്‍ ഭരണ വ്യവസ്ഥക്കു കീഴ്പ്പെട്ടാണു പ്രവര്‍ത്തിക്കുന്നതു.ജമാത്തു നേതാവു നടേ പറഞ്ഞ ലേഖനത്തില്‍ വ്യത്യസ്ത നാടുകളിലെ ജമാത്തിനെ പരിചയപ്പെടുത്തുകയായിരുന്നു. മറ്റൊരു സ്ഥലത്തിനുഅനുയോജ്യമായ പ്രവര്‍ത്തനങ്ങളെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്താല്‍ അതു വസ്തുതക്കു നിരക്കുന്നതല്ല.

ചിന്തകന്‍ പറഞ്ഞു...

മൊമിന്‍

മാതൃഭൂമിയിലെ ഹമീദിന്റെ ലേഖനത്തിനും മാതൃഭൂമിക്കും പി.കെ പ്രകാശിന്റെ മറുപടി കൂടി വായിക്കുന്നത് നല്ലതാണ്.


1.മാതൃഭൂമിയുടെ ചിന്തന്‍ബൈഠക്- പി.കെ. പ്രകാശ്

2.ഒഴിച്ചുകളഞ്ഞ മനുഷ്യാവകാശവും പിഴച്ചുപോയ ആഗോളീകരണ വിരോധവും


3.പിണറായിയുടെ ക്ഷോഭം, കുഞ്ഞാലിക്കുട്ടിയുടെ ഞാണിന്മേല്‍ കളി

Salim PM പറഞ്ഞു...

ലത്തീഫ്,

താങ്കളുടെ ബ്ലൊഗിലെ കമന്‍റുകള്‍ ഡിലീറ്റ് ചെയ്യാനുള്ള താങ്കളുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല. പക്ഷേ, താങ്കള്‍ അതിനു പറഞ്ഞ ന്യായം എനിക്കു മനസ്സിലാകുന്നില്ല.

ആവശ്യമായ റഫറന്‍സ് എന്നാല്‍ എന്താണ്?. ഉദ്ധരണി ഏതു പുസ്തകത്തില്‍ നിന്നാണ് എടുത്തത് എന്ന് വ്യക്തമായി ഞാന്‍ എഴുതിയിട്ടുണ്ടല്ലോ? പിന്നെ എന്തു റഫറന്‍സാണു താങ്കള്‍ക്ക് വേണ്ടത്?

വിഷയവുമായി ബന്ധമില്ലേ? ജമാഅത്തെ ഇസ്ലാമിയുടെ ഭീകര സ്വഭാവമാണല്ലോ ചര്‍ച്ചാവിഷയം. അതുമായി ബന്ധപ്പെട്ട ക്വോട്ടേഷന്‍ ആണു ഞാന്‍ നല്‍കിയത്. ജബ്ബാര്‍ മാഷിന്‍റെ ബ്ലൊഗ് ഞാന്‍ കണ്ടിട്ടില്ല. അതിവിടെ പറഞ്ഞതിന്‍റെ യുക്തിയും മനസ്സിലാകുന്നില്ല.

Salim PM പറഞ്ഞു...

CKLatheef പറഞ്ഞു...

"പലപ്പോഴും ഇങ്ങനെ നല്‍കുന്ന ക്വാട്ടിംഗുകളില്‍ ധാരാളം പിശകുകള്‍ കാണാറുണ്ട്. വാലും തലയും വെട്ടികളയുന്നതിനാല്‍ വിരുദ്ധമായ അര്‍ഥവും ലഭിക്കാനിടയുണ്ട്. പിന്നീട് വരുന്നവര്‍ ഇത് എടുത്ത് തങ്ങളുടെ വ്യാഖ്യാനവും ചേര്‍ത്ത് വേറെയെവിടെയെങ്കിലും പേസ്റ്റ് ചെയ്യും"

പിശകുകള്‍ ഉണ്ടെങ്കില്‍, വാലും തലയും വെട്ടിയിട്ടുണ്ടെങ്കില്‍, അതു ചൂണ്ടിക്കാട്ടി തിരുത്തുകയാണ് വേണ്ടത്. അല്ലാതെ ഇതുപോലുള്ള ഒഴുക്കന്‍ മറുപടി പറഞ്ഞു തടിതപ്പുകയല്ല. ഇങ്ങനെ പറയാന്‍ ഏതു പോലീസുകാരനും കഴിയും. താങ്കളെക്കുറിച്ചുള്ള മുഴുവന്‍ ധാരണയും തിരുത്തുന്നതായിപ്പോയി ഈ മറുപടി. കഷ്ടം.

CKLatheef പറഞ്ഞു...

@M.A.Baker

'കാരണം ജനങ്ങള്‍ക്കുപകാരപ്പെടാത്ത ഒരു പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ അതിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ടാവില്ല.'

ഒരു പക്ഷെ ഞാനീ വാചകം കൊണ്ടുദ്ദേശിച്ചത് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ പ്രയാസമായി എന്ന് ഞാന്‍ കരുതുന്നു. എന്നാല്‍ ജമാഅത്ത് എന്ന് പ്രസ്ഥാനത്തെ അറിയുന്നവര്‍ക്ക് അതില്‍ യാതൊരു അനൗചിത്യവും തോന്നുകയില്ല. ഞാന്‍ പറഞ്ഞതില്‍ നിന്ന് ആദ്യം നിങ്ങള്‍ മുതലാളിമാരെ ഒഴിവാക്കി. ഇപ്പോള്‍ പൊതു എന്ന ഒരു വാക്ക് കൂട്ടിചേര്‍ത്തു. എങ്കിലും നിങ്ങള്‍ എന്നിലേക്ക് പകരാന്‍ ശ്രമിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. സാധാരണ ശൈലിയില്‍നിന്ന് അല്‍പം വ്യത്യസ്ഥമായി അമീര്‍ പ്രതികരിച്ചത് എന്തിനാണെന്ന് താങ്കളുടെ കമന്റില്‍ നിന്ന് എനിക്കിപ്പോള്‍ വ്യക്തമായി. അദ്ദേഹം അങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ ആര്‍ജമില്ലായ്മയും ഭീരുത്വവുമായി തെറ്റിദ്ധരിക്കപ്പെട്ടേനെ. പക്ഷെ എന്നെ സംബന്ധിച്ച് ആ പ്രശ്‌നമില്ലാത്തതുകൊണ്ട്. ഞാന്‍ മനസ്സിലാക്കിയ ജമാഅത്തിനെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സൗമനസ്യത്തോടെ ആര്‍ക്കെങ്കിലും പഠിക്കാനുപകരിക്കുമെങ്കില്‍ ആകട്ടെ. മാത്രമല്ല, കാരശേരിയും ഹമീദ് ചേന്ദമംഗലൂരും ഇവിടെ അതിനായിത്തന്നെ ഉറക്കൊഴിക്കുമ്പോള്‍ അതിനെതിരെ പ്രതികരണമറിയിക്കാനെങ്കിലും ഒരിടം ഇവിടെ നില്‍ക്കട്ടെ. ഇത് സോളിഡാരിറ്റിയുടെ ഉറപ്പ് ലഭിക്കേണ്ട ഇടമായി താങ്കള്‍ കാണരുത്. തികഞ്ഞ അടിസ്ഥാനത്തിലാണ് അത് നിലയുറപ്പിച്ചിട്ടുള്ളത്. ഇതുപോലുള്ള ചാറല്‍മഴക്ക് അതിന് ഒരു കേടും വരുത്താനാവില്ല. അതിനെ ശക്തിപ്പെടുത്താനല്ലാതെ കാത്തിരുന്ന് കാണുക. കമന്റിന് നന്ദി.

CKLatheef പറഞ്ഞു...

മൊമിന്‍ (അതോ മുഅമിന്‍ എന്നോന്നോ!!) നല്‍കിയ കമന്റിന് ആവശ്യമായ മറുപടി ശരീഫ് സാഹിബ് പറഞ്ഞുകഴിഞ്ഞു.

ജമാഅത്തിനെ കുറിച്ച് ശരിക്കുമറിയാകുന്നത് അതിന്റെ പ്രവര്‍ത്തകര്‍ക്കും അതിനോട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഇവിടെ സൂചിപ്പിക്കപ്പെട്ട മഹാവ്യക്തിത്വങ്ങള്‍ക്കുമാണ്. അല്ലാതെ മാതൃഭൂമിയില്‍ ഹമീദിന്റെ ലേഖനം വായിച്ച് മറ്റുള്ളവരെ പഠിപ്പിക്കാനിറങ്ങരുത്. സ്വയം പരിഹാസ്യമാകാനെ അത് ഉപകരിക്കൂ. അദ്ദേഹത്തിന്രെ ശിഷ്യന്മാരാണ് ഇപ്പോള്‍ കാടിളക്കിനടക്കുന്നത്. പക്ഷെ ഒരു ജമാഅത്തുകാരനെ അടുത്തറിയുന്നതോടെ തീരുന്ന പ്രശ്‌നമേ അതിലൂള്ളൂ. അതിനാല്‍ ഒരു ജമാഅത്ത് കാരനും അതില്‍ ഒരു പ്രയാസമില്ല. പിന്നെ അവരോട് കൂടി കിട്ടിയതക്കത്തിന് വാലും തലയും വെട്ടിക്കളഞ്ഞ ഉദ്ധരണികളുമായി വരുന്ന ഖാദിയാനി, സലഫി(രണ്ട് വിഭാഗവും) ഈ പരിപാടി കുറേ മുമ്പ് നടത്തിയതാണ്. അവസാനം അതില്‍ സലഫിപ്രസ്ഥാനം രണ്ടായി പിരിഞ്ഞ് ഒരു കൂട്ടര്‍ മറ്റുകൂട്ടരെ മൗദൂദികള്‍ എന്ന് വിമര്‍ശിക്കുന്നതിലെത്തി. അതിനാല്‍ മറു പക്ഷവും തങ്ങള്‍ മൗദൂദികളോ ഇഖ് വാനികളോ അല്ല എന്ന് സ്ഥാപിക്കാന്‍ കൂടുതല്‍ ശ്രമം നടത്തിവരികയാണ് ഇത് മറ്റൊരു പിളര്‍പ്പിലേക്കോ അതല്ലെങ്കില്‍ അവരില്‍ ഒരു വിഭാഗം ജമാഅത്തില്‍ ചേരുന്നതിനോ മാത്രമേ വഴിവെക്കൂ. ഈ എതിര്‍ക്കുന്നവര്‍ക്കൊക്കെ ജമാഅത്തിനെ അറിയാം എന്നതാണ് എതിര്‍പ്പിന്റെ മര്‍മം. രാഷ്ട്രീയ പാര്‍ട്ടികളുടെയും മതസംഘടനകളുടെയും ജമാഅത്തിനെ അടുപ്പിച്ചാല്‍ അതിലേക്കായിരിക്കും ഒഴുക്ക് എന്ന് നല്ല പോലെ അറിയാം. അതുകൊണ്ടാണ് നാഴികക്ക് നാല്‍പത് വട്ടം ഖുര്‍ആനും നബിചര്യയും എന്ന് പറയുന്നവരും അകാരണ ഭീതിജനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നത്.

CKLatheef പറഞ്ഞു...

@ കല്‍ക്കി
ഒഴുക്കന്‍ സ്വഭാവത്തില്‍ എന്തെങ്കിലും തട്ടിവിട്ടാല്‍ ഒഴുക്കന്‍ മട്ടിലേ മറുപടിയും നല്‍കാനാവൂ. ഇത് മലയാളത്തിലുള്ള ബ്ലോഗാണ്. 500 പരം പുസ്തകങ്ങള്‍ ജമാഅത്തിന്റെതായി മലയാളത്തിലുണ്ട്. താങ്കള്‍ ക്വാട്ട് ചെയ്ത ഉദ്ധരണിയിലൊന്ന് പ്രത്യക്ഷത്തില്‍ തന്ന മൗദൂദി പറയാന്‍ യാതോരു സാധ്യതയുമില്ലാത്തതാണ്. മുസ്‌ലിംഗ്രൂപ്പുകളോട് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാനും പിന്നീട് അത് വിപുലപ്പെടുത്താന്‍ അയല്‍ രാജ്യങ്ങളെ ആക്രമിക്കാനും പറയുന്ന ഉദ്ധരണി (അദ്ദേഹം രചിച്ച ഇസ്‌ലാമിലെ ജിഹാദ് എന്നെ പുസ്തകത്തിലെ മുഴുവന്‍ ആശയത്തോടും അത് ഏറ്റുമുട്ടുന്നു)
താങ്കള്‍ക്കെവിടുന്നാണ് കിട്ടിയത്.( ഇതൊക്കെ വായിച്ച് ഭ്രാന്ത് പിടിച്ചാണ് ഇവിടെ ചിലര്‍ ഓടിനടക്കുന്നത് എന്നറിയാം. അതുകൊണ് അടുത്ത് ജമാഅത്ത് വിരോധിക്ക് പേസ്റ്റ് ചെയ്യാന്‍ പാകത്തില്‍ അതെന്റെ ബ്ലോഗില്‍ ഉണ്ടാവരുതെന്ന് ഞാന്‍ കരുതിയത്. താങ്കള്‍ക്ക് ഇനിയും അത് പേസ്റ്റ് ചെയ്യാം. എത്രമാത്തെ പേജ് (ആ പുസ്തകം ജിഹാദ് എന്ന പേരില്‍ മലയാളത്തില്‍ ലഭ്യമാണ്) പിശക് ചൂണ്ടിക്കാണിക്കണമെങ്കിലും പേജോ അധ്യായമോ സൂചിപ്പിക്കണം. അല്ലാതെ പുസ്തകത്തിന്റെ പേര് പറഞ്ഞ് 500 പേജുള്ള പുസ്തകത്തില്‍ നിന്ന തിരഞ്ഞ് കണ്ടെത്തിമറുപടി പറയാനുള്ള ചുമതല എനിക്ക് ഏറ്റെടുക്കാനാവില്ല. നിങ്ങള്‍ക്കാണല്ലോ ജമാഅത്ത് ഭീകരമാണെന്ന് വരുത്തേണ്ടത് അതിന് താങ്കള്‍ അധ്വാനിക്കുക. ദൈവം പ്രതിഫലം തരാതിരിക്കില്ല. അതാണല്ലോ എന്റെയും നിങ്ങളുടെയും ലക്ഷ്യം.ഇല്ല എങ്കില്‍ താങ്കളുടെ അതേ സംബന്ധിച്ചുള്ള മറ്റുകമന്റുകളും ഡിലീറ്റും. ഇതൊക്കെ ഉള്‍പ്പെടുത്തിയാണ് എന്നെക്കുറിച്ചുള്ള ധാരണ രൂപപ്പെടുത്തേണ്ടത്. കേട്ടമാത്രയില് ധാരണയിലെത്തുന്നതാണ് ജമാഅത്തിനെയും താങ്കള്‍ തെറ്റിദ്ധരിക്കാന്‍ കാരണം. ആദമിന് മുമ്പും മനുഷ്യരുണ്ടായിരുന്നു എന്നൊക്കെ ധരിക്കുന്നതും അതിന്റെ ഭാഗമാണ്.

Jikkumon - Thattukadablog.com പറഞ്ഞു...

ഇതൊക്കെ സത്യമാണോ മാഷേ???

M.A Bakar പറഞ്ഞു...

Latheef said : ഞാന്‍ പറഞ്ഞതില്‍ നിന്ന് ആദ്യം നിങ്ങള്‍ മുതലാളിമാരെ ഒഴിവാക്കി. ഇപ്പോള്‍ പൊതു എന്ന ഒരു വാക്ക് കൂട്ടിചേര്‍ത്തു.


ഇതില്‍ ഒരു വ്യക്തതവരാനും ഞാന്‍ തെറ്റിദ്ദരിക്കപ്പെട്ട ഒരു ആശയം എഴുതിയില്ല എന്ന ഉറപ്പാക്കാനുമാണ്‌ വീണ്ടും ഇതെഴുതുന്നത്‌. താങ്കള്‍ക്ക്‌ തിരുത്താം.


മുതലാളിയാവുക ഒരു കുറ്റമല്ല.

ഈ പോസ്റ്റിലെ എണ്റ്റെ ആദ്യ കമണ്റ്റിലെ വാചകമാണ്‌. അതായത്‌ താങ്കള്‍ പറയുന്നത്‌ പോലെ പണക്കാരെ കുറ്റപ്പെടുത്തിയില്ലെന്നര്‍ഥം. അര്‍ഥം തൊഴിലാളി നേതാവ്‌, അവരുടെ ആദര്‍ശത്തിനു വിരുദ്ധമായി, ശബ്ദമില്ലാത്ത ദരിദ്രണ്റ്റെ ജീവിതത്തില്‍ വിഷം കലക്കാന്‍ പണക്കാരെ സേവിക്കുന്നതാണ്‌. ഇസ്ളാമിക പ്രസ്താനം സേവിക്കുന്നതിനെയല്ല.

പൊതുബോധം ഇന്ന്‌ രൂപപ്പെടുന്നതെങ്ങനെയെന്നാണ്‌ ഞാന്‍ ഉദാഹരിച്ചത്‌.
"മുതലാളിമാരെ" ഒഴിവാക്കി "പൊതു" എന്ന്‌ പിന്നീട്‌ ഞാന്‍ എഴുതി എന്ന് താങ്കള്‍ പറയുന്ന ആശയവും സന്ദര്‍ഭവും ഇനിയും എനിക്ക്‌ വ്യക്തമാവാനിരിക്കുന്നു. മറുപടിക്ക്‌ നിര്‍ബന്ധിക്കുന്നില്ല. താങ്കളുടെ ഉദ്യമം ആത്മാര്‍തമാണെന്നുള്ളതും കൂട്ടത്തില്‍ പറയട്ടെ.

Salim PM പറഞ്ഞു...

താങ്കള്‍ക്കിഷ്ടമില്ലാത്ത ആ ക്വട്ടേഷന്‍ ഞാന്‍ വീണ്ടും പേസ്റ്റ് ചെയ്യുന്നില്ല. പക്ഷേ, അതിന്‍റെ Reference തരാം.

പുസ്തകം: ഹഖീഖത്തെ ജിഹാദ് (ഉര്‍ദു)
പ്രസാധകര്‍: താജ് കമ്പനി, ലാഹോര്‍
പ്രസിദ്ധീകരിച്ച വര്‍ഷം: 1964
പേജ്: 64

ഉര്‍ദു പുസ്തകങ്ങളിലുള്ള പലതും മലയാളത്തില്‍ ആക്കുമ്പോള്‍ കാണാതാകുന്നത് ജമാഅത്തെ ഇസ്ല്‍‌ലാമിയുടെ സാഹിത്യങ്ങളില്‍ പുതുമയല്ല.

CKLatheef പറഞ്ഞു...

കല്‍കി,

ഇത് താങ്കളുടെ മാത്രം കുഴപ്പമല്ല. ഹംദുസലാത്തും ചോല്ലി മുഖാമുഖം സംഘടിപ്പിക്കുന്നവരും ഉദ്ധരണിചോദിച്ചാല്‍ ഇങ്ങനത്തെന്നെയാണ് പറയാറുള്ളത്.അതില്‍
അത്ഭുതമില്ല. ഇത്രയും പറഞ്ഞ് നിര്‍ത്തിയാല്‍ മതി. പക്ഷെ അതില്‍ നിന്ന് പലരും മനസ്സിലാക്കുന്നത് മറ്റുചിലതാണ്. അതിന്റെ ഗൗരവം ബോധ്യപ്പെട്ടത്. ജമാത്തെ ഇസ്്‌ലാമിയുടെ അടിസ്ഥാന്‍ ഖുര്‍ആനും സുന്നത്തുമാണെന്ന് അമീര്‍ പറഞ്ഞപ്പോഴുള്ള പുകില് കണ്ടപ്പോഴാണ്. മൗദൂദിയുടെ അഭിപ്രായങ്ങളും വാക്കുകളുമല്ല ജമാഅത്തിന്റെ ആദര്‍ശം. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏത് വാദങ്ങളെയും ന്യായീകരിക്കാന്‍ ഒരു ജമാഅത്ത് കാരനും ബാധ്യസ്ഥനല്ല.അതില്‍ മൗദൂദിയുടെ ഏതെങ്കിലും വാദങ്ങള്‍ ന്യായീകരിക്കാന്‍ പ്രയാസമുള്ളതുകൊണ്ട് പറയുകയല്ല. കാര്യം അതാണ്. ഇസ്്‌ലാമിന്റെ സത്തക്ക് യോജിക്കാത്ത വല്ലതും പറഞ്ഞതായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ അദ്ദേഹം തന്റെ കാലത്തെ മുന്നില്‍വെച്ചാണ് കാര്യങ്ങളെ വിശദീകരിക്കുന്നത്. അതിനുപരിയായി ഒരടിമുന്നോട്ടുപോകാന്‍ പാടില്ല എന്നത് അദ്ദേഹത്തിന്റെ ചിന്താഗതിയോടുതന്നെ യോജിക്കുന്നതല്ല.അതുകൊണ്ട് ഉറുദുവിലേ അത് ലഭ്യമെങ്കില്‍ ആ ഉദ്ധരണികളുമായി താങ്കള്‍ തുടങ്ങിക്കോളൂ. താങ്കള്‍ക്കും ഇഷ്ടം പോലെ ബ്ലോഗുണ്ടല്ലോ ഒന്നുജമാഅത്തിന് വേണ്ടിയുമാകട്ടെ.

Salim PM പറഞ്ഞു...

CKLatheef പറഞ്ഞു:

"മൗദൂദിയുടെ അഭിപ്രായങ്ങളും വാക്കുകളുമല്ല ജമാഅത്തിന്റെ ആദര്‍ശം. അതുകൊണ്ട് അദ്ദേഹത്തിന്റെ ഏത് വാദങ്ങളെയും ന്യായീകരിക്കാന്‍ ഒരു ജമാഅത്ത് കാരനും ബാധ്യസ്ഥനല്ല."

ഇത് ആദ്യമേ അങ്ങ് പറഞ്ഞാല്‍ പോരായിരുന്നോ ലത്തീഫ് സാഹിബേ.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഹലോ, momin, താങ്കള്‍ പറഞ്ഞ ഹമീദ്‌ ചേന്ദമംഗല്ലൂര്‍ വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ളാമിയെ കുറിച്ച്‌ എഴുതാന്‍ തുടങ്ങിയിട്ട്‌. ഇത്രയും കാലമായിട്ടും പുള്ളി പറഞ്ഞത്‌ വിശ്വസിച്ചവരെ കണ്ടിട്ടില്ല. എന്നു മാത്രമല്ല ടിയാണ്റ്റെ അഭിപ്രായത്തില്‍ ഒരു ജമാഅത്തെ ഇസ്ളാമി മാത്രമല്ല പ്രശ്നം, അവര്‍ വിശ്വസിക്കുന്ന ഖുര്‍ആനും സുന്നത്തുമൊക്കെ പരിഷ്കരിക്കാത്തതാണു പ്രധാന പ്രശനം എന്ന് വിളിച്ചുകൂവുന്നവനാണു ശ്രീ ഹമീദും കാരശ്ശേറിയും ഇ എ ജബ്ബാറുമൊക്കെ. നേരെ ചൊവ്വേ മുസ്ളീങ്ങളെ മൊത്തമായി പറഞ്ഞാല്‍ 'അടി' പാര്‍സലായി വരും എന്ന് മുന്‍ കൂട്ടി കണ്ടതുകൊണ്ടാണു തല്‍ക്കാലം ഇസ്ളാമിനെ ശക്തമായി അവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്ളാമിയുടെ പിന്നാലെ കൂടാന്‍ കാരണം. ജമാഅത്ത്‌ കഴിഞ്ഞാല്‍ അടുത്തത്‌ സുന്നികളെയും ഖുറ്‍ആനെയുമൊക്കെയാണു ടിയാന്‍ ലക്ഷ്യം വെക്കുന്നത്‌. ഈയിടെ പുള്ളി ബാങ്ക്‌ വിളി മലയാളത്തിലാക്കണം എന്ന് ഇതെ മാത്ര്‍ഫൂമിയില്‍ എഴുതിയിരുന്നു. ആ അഭിപ്രായത്തോടും താങ്കള്‍ യോജിപ്പായിരിക്കും എന്ന് കരുതുന്നു കാരണം പുള്ളിക്കാരനാണല്ലൊ പുതിയ(പഴയ) മുഫ്തി. പിന്നെന്താണു ഫയങ്കര 'ഒളിയജണ്ട'യായി പറഞ്ഞത്ത്‌ ആ, ബഹുമാന്യ വ്യക്തിത്വങ്ങളായ ജസ്റ്റിസ്‌ താര്‍കുണ്ഡേ, വി ര്‍ ക്രിഷ്ണയ്യര്‍, സ്വാമി അഗിനിവേശ്‌ തുടങ്ങിയവരെ ദുരുപയോഗം ചെയ്യുന്നു അല്ലെങ്കില്‍ തെറ്റിദ്ദരിപ്പിക്കുന്നു!! ഞാന്‍ ഇത്രയും കാലം മനസ്സിലാക്കിയിരുന്നത്‌ ഇവരൊക്കെ സ്വന്തം ചിന്താശക്തിയും യുക്തിയും ബുദ്ദിയും ഉപയോഗിക്കുന്നവരും മറ്റുള്ളവരുറ്റെ 'പ്രലോഭനങ്ങളിലും' 'തെറ്റിദ്ദരിപ്പിക്കലിലും' വീഴാത്തവരുമാണെന്നാണു. എന്നാലും ഈ ജമാഅത്തുകാരെ 'സമ്മതിക്കാണം' ഇവരൊയൊക്കെ തെറ്റിദ്ദരിപ്പിച്ചവര്‍ 'ചില്ലറക്കാരല്ല!!' ഉറപ്പ്‌. ഇതിനൊക്കെ ഒറ്റവാക്കില്‍ ഒന്നേ പറയാവു 'മഞ്ഞ ബാധിച്ചവനു കാണുന്നതൊക്കെ മഞ്ഞയായി തോന്നും'. ആദ്യമേ ജമാഅത്തെ ഇസ്ളാമിയെ ഇഷ്ടമില്ല അവര്‍ ഇസ്ളാം പറഞ്ഞാലും രാഷ്ട്രീയം പറഞ്ഞാലും പിന്നെ ഇപ്പോള്‍ മൂന്നാം കിട രാഷ്ട്രീയക്കാരണ്റ്റെ നിലവാരത്തിലേക്ക്‌ 'തരം താഴ്ന്ന' നേതാക്കളെ കൂടി കിട്ടിയ സന്തോഷത്തിലാണു. ഈ പറഞ്ഞ രാഷ്ട്രീയകാരൊക്കെ ഇത്‌ മാറ്റി പറയാന്‍ വര്‍ഷങ്ങള്‍ പോലും വേണം എന്നില്ല. 'കൊക്ക്‌ എത്ര കുളം കണ്ടതാ'! ഇനി, ഇതുവരെ ജമാഅത്തെ ഇസ്ളാമിയെ പരിചയമുള്ളവര്‍ക്കൊക്കെ അറിയാം ആരുടേയും സപ്പോര്‍ട്ട്‌ അവര്‍ക്ക്‌ ഒരു കാലത്തും ഇല്ലാതെയാണു ഇത്രയും കാലം പിന്നിട്ടത്‌. ഇപ്പോള്‍ മാത്രം വലതുപക്ഷവും ഇടതുപക്ഷവും പുതുതായി ഒന്നും പറഞ്ഞിട്ടില്ല. വേണമെങ്കില്‍ ഇടതുപക്ഷം വഞ്ചന കാണിച്ചെന്ന് പറയാം. അതാണെങ്കില്‍ ഒരു ജമാഅത്തെ ഇസ്ളാിക്കെതിരില്‍ മാത്രമല്ല താനും. എറെ പ്രതീക്ഷയോടെ അധികാരതീല്‍ കൊണ്ടുവന്ന കേരള ജനതയെ ആദ്യം ചതിച്ചു. പിന്നെ, പിഡിപ്പി യെ ചതിച്ചു. ജനതാദളിനെ പിളര്‍ത്തില്‍ ഇല്ലതാക്കാന്‍ നോക്കി. ഇപ്പോള്‍ ജമാഅത്തിനെതിരെ തിരിഞ്ഞെന്ന് മാത്രം. ശക്തമായ സംഘടനാടിത്തറയുള്ള ജമാഅത്തിനെ പിണറയിക്ക്‌ 'ശരിക്കും' അറിയാത്തതുകൊണ്ടാണു അതിനു മുതിര്‍ന്നെതെന്ന് തോന്നുന്നു. അതല്ലെങ്കില്‍ സക്കറിയെക്കെതിരിലും നീലകണ്ടനെതിരിലും മറ്റും പ്രയോഗിച്ച ഗുണ്ടാ രാഷ്ട്രീയം ഫലപ്രദമായി ജമാഅതിനെതിരിലും പ്രയോഗിക്കാം എന്ന് കരുതികാണും. എതായാലും ഒരു കാര്യം വ്യക്തം അടുത്ത 'ഊഴം' ഐ എന്‍ എല്ലിനാണെന്ന് തോന്നുന്നു. ഇങ്ങനെ ഒാരോ മുസ്ളിം സംഘടനകളെയും ഇല്ലതാകീ അവര്‍ മുസ്ളിം ലീഗിനെ തിരഞ്ഞ്‌ വരും അന്നേരം അവര്‍ക്ക്‌ വേണ്ടി ശബ്ദിക്കാന്‍ കുഞ്ഞാലികുട്ടിയെങ്കിലും ബാക്കിയായാല്‍ മതിയായിരുന്നു

Noufal പറഞ്ഞു...

ജമാഅത്തെഇസ്‌ലാമി മൌദൂദിയെ തള്ളിപറഞ്ഞു ! കൈരളി
ജമാഅത്തെഇസ്‌ലാമി സ്ഥാപക നേതാവ് അബുല്‍അഎലാ മൌദൂദിയെ തള്ളിപറഞ്ഞെന്നു കൈരളി ചാനല്‍ -

1) http://www.youtube.com/watch?v=0RWHbawovUI
2) http://www.youtube.com/watch?v=NA9k6luzS94
3) http://www.youtube.com/watch?v=C6LLLWUDwgs
4) http://www.youtube.com/watch?v=aE_1fzVfjVs

കിനാലൂര്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 30വര്‍ഷത്തിലേറെ നീണ്ട ജമാഅത്തെ ഇസ്ലാമി മാര്‍ക്സിസ്റ്റ്‌ ബന്ധത്തിന് വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്നുള്ള ആരോപണ പ്രത്യാരോപണങ്ങള്‍.! ജനാതിപത്യവിരുദ്ധരായ മാര്‍കിസ്റ്റും തീവ്രവാദികളായ ജമാഅത്തെഇസ്‌ലാമിയും. പുതിയ കണ്ടെത്തെലുകള്‍ !
സി.വാഹിദ്; ഒ.അബ്ദുള്ള; എം.എന്‍ കാരശ്ശേരി; ഹമീദ്ചേന്ദമംഗലൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK