'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, മേയ് 28, 2010

മാതൃഭൂമിയുടെ ജിഹാദും ജമാഅത്തും

ചില ശുദ്ധാത്മാക്കളെങ്കിലും ധരിച്ചുപോയിരിക്കുന്നു. ജമാഅത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സംഘടിതാക്രമണത്തിന്റെ അവസാനം ജമാഅത്തിന്റെ ഇല്ലായ്മലേക്കാണ് എത്തിചേരുക എന്ന്. എന്നാല്‍ ജമാഅത്ത് അതിന്റെ തുടക്കം മുതല്‍ ഇത്തരം എതിര്‍പ്പുകളെ നേരിട്ടാണ് കടന്നുവന്നത്. എല്ലാം ജമാഅത്തെന്ന ആദര്‍ശ പ്രസ്ഥാനത്തിന്റെ മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. ഇന്ത്യയിലെ ദയൂബന്ദ് പോലുള്ള ഇസ്‌ലാമിക കലാശാലകളും ഒട്ടനേകം സംഘടനകളും ഫത് വകളുമായി രംഗപ്രവേശം ചെയ്തിട്ടും. ജമാഅത്തിന് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു പക്ഷെ പാമരന്‍മാരായ ആളുകളെ ഇതിലേക്കടുക്കാതെ തടഞ്ഞുവെക്കാന്‍ അതിന് സാധിച്ചിട്ടുണ്ടാകാം. അതേ പ്രകരാം രണ്ട് പ്രവാശ്യം അകാരണമായി ഭരണകൂടം നിരോധിച്ചതിനാല്‍ ഭീരുക്കളായ ചിലരും ഇതിനോടടുക്കാന്‍ മടിച്ചിട്ടുണ്ടാകാം. ഇപ്രകാരമല്ലാതെ  അതിന്റെ വളര്‍ചയില്‍ മുരടിപ്പ് രേഖപ്പെടുത്തിയിട്ടില്ല. നേരത്തെ ഫത് വയിറക്കിയവരുടെ പിന്‍തലമുറ അതില്‍ മാപ്പ് ചോദിച്ച് സംഭവവും ആര്‍ക്കും അജ്ഞാതമല്ല.

താഴെ നല്‍കിയ ഭാഗം ഈ ലക്കം (2010 മെയ് 29) പ്രബോധനത്തില്‍ നിന്നുള്ളതാണ്. ഒരു ജീവിത കാലം (കാല്‍നൂറ്റാണ്ടിലേറെ) ഇസ്‌ലാമിക പ്രസ്ഥാനത്തെ ഇല്ലാതെയാക്കാന്‍ പാടുപെട്ട ഒരു സുഹൃത്ത് അതിന് ഇപ്പോള്‍ ചിലകാര്യങ്ങള്‍ അംഗീകരിച്ചത് തന്റെ ദൗത്യത്തിന്റെ ഭാഗമായിട്ടുള്ളതാകാമെങ്കിലും. ചില സത്യങ്ങള്‍ അനാവരണം ചെയ്യുന്നില്ലേ എന്ന് സ്വയം ചോദിക്കുക. തുടര്‍ന്ന് വായിക്കുക.:  
ജമാഅത്തെ ഇസ്ലാമി
സാംസ്കാരിക കേരളത്തെ വിഴുങ്ങുന്നുവോ?


ജമാഅത്തെ ഇസ്ലാമിയും അതിന്റെ പോഷക ഘടകങ്ങളും മീഡിയയും മറ്റു അനുബന്ധ സംവിധാനങ്ങളും എല്ലാം കൂടി സാംസ്കാരിക കേരളത്തെയും (അല്ല, എല്ലാ പൊതു ഇടങ്ങളെയും!) സാമൂഹിക, രാഷ്ട്രീയ നേതാക്കളെയും ബുദ്ധിജീവികളെയും മറ്റു സാമൂഹിക സംവിധാനങ്ങളെയും എല്ലാം വിഴുങ്ങിക്കളയുമെന്നും ബന്ധപ്പെട്ട സാംസ്കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും നേതാക്കളും അടിയന്തര ജാഗ്രത കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹമീദ് ചേന്ദമംഗല്ലൂര്‍ ടിയാന്റെ സ്ഥിരം തട്ടകത്തില്‍ നീണ്ട ലേഖനമെഴുതിയിരിക്കുന്നു (മാതൃഭൂമി വാരിക മെയ് 16, 'പൊതു സമ്മതികളിലെ ചതിക്കുഴികള്‍'). മൂന്നര കോടി ജനതയെയും അവരുടെ നേതാക്കളെയും അപ്പാടെ വലയിലാക്കാന്‍ സാധ്യമാകുന്ന ഇത്ര വലിയ 'വലകണ്ണികള്‍' ജമാഅത്തും സഹസംവിധാനങ്ങളും കേരളത്തില്‍ വിരിച്ചിട്ടുണ്ടോ?
- പാക്കത്ത് മുഹമ്മദ് അലനല്ലൂര്‍

കല്‍ക്കത്ത വാരികയായിരുന്ന സണ്‍ഡേയില്‍ വന്ന ലേഖനം മോഷ്ടിച്ചുകൊണ്ട് ലേഖകന്‍ നാല് പതിറ്റാണ്ടായി മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ആരംഭിച്ച കുരിശുയുദ്ധം ഇരുപത്തൊന്നാം നൂറ്റാണ്ടിലും പൂര്‍വാധികം അസ്വസ്ഥനായും ആക്രമണോത്സുകനായും തുടരേണ്ടിവന്നതു തന്നെ, ഈ 'ഇന്റലക്ച്വല്‍ ജിഹാദി'ല്‍ നേരിട്ട ദയനീയ പരാജയത്തെ വിളംബരം ചെയ്യുന്നു. തായാട്ട് ശങ്കരന്റെ ബൌദ്ധിക ശിഷ്യനായി മതേതരത്വത്തിനും മാര്‍ക്സിസത്തിനും വേണ്ടിയെന്ന വ്യാജേന രംഗത്തിറങ്ങിയ ഹമീദ് അനുസ്യൂതം തുടരുന്ന അപവാദ വ്യവസായം, തനിക്ക് നഷ്ടപ്പെടുത്തിയത് മാര്‍ക്സിസത്തിന്റെ ഭൂമിക തന്നെയാണ്. സി.പി.എം ബുദ്ധിജീവി ചമഞ്ഞ് ദേശാഭിമാനിയിലൂടെ ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉതിര്‍ത്ത ഉണ്ടകള്‍ ഒടുവില്‍ ബൂമറാങ് പോലെ സ്വന്തം നെഞ്ചത്ത് വന്നു പതിച്ചു. സാമ്രാജ്യത്വത്തിനും ഫാഷിസത്തിനുമെതിരായ പോരാട്ടത്തില്‍ ജമാഅത്തെ ഇസ്ലാമിയോട് അയിത്തം കല്‍പിക്കേണ്ട കാര്യമില്ലെന്ന് സി.പി.എം തിരിച്ചറിഞ്ഞപ്പോള്‍ ഹമീദ് കളരിക്ക് പുറത്ത്! തന്റെ നിന്ദ്യവും യുക്തിശൂന്യവുമായ ജമാഅത്ത് വിരോധത്തിന് കൂട്ടാവാന്‍ സാക്ഷാല്‍ ഭൌതികവാദികളും സെക്യുലരിസ്റുകളും പോലും സന്നദ്ധരായില്ല. ആകപ്പാടെ ഈ അവിശുദ്ധ യുദ്ധത്തില്‍ പങ്കാളികളായത് തുടക്കം മുതല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെ ഒളി അജണ്ടകളുള്ള മാതൃഭൂമിയും ആ പത്രത്തിന്റെ ഏതാനും വളര്‍ത്തു പുത്രന്മാരുമാണ്. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ബാഫഖി തങ്ങളും കെ.എം സീതി സാഹിബും സി.എച്ച് മുഹമ്മദ് കോയയും മുസ്ലിം ലീഗിനെ നയിച്ച കാലത്ത് അതില്‍ വര്‍ഗീയത കണ്ടെത്തി ലീഗിനെതിരെ പോരാട്ടത്തിലേര്‍പ്പെട്ട മാതൃഭൂമി മാറിയ പരിതസ്ഥിതിയില്‍ നിലപാട് മാറ്റിയതിന്റെ പിന്നിലെ ചേതോവികാരം കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടതില്ല. മാതൃഭൂമി പ്രതിനിധാനം ചെയ്യുന്ന ദേശീയത എക്കാലത്തും മുസ്ലിം ന്യൂനപക്ഷത്തെ മനസാ ഉള്‍ക്കൊള്ളാന്‍ വിസമ്മതിക്കുന്നതായിരുന്നു. മലപ്പുറം ജില്ലാ രൂപവത്കരണത്തിലും അങ്ങാടിപ്പുറം ക്ഷേത്ര സമരത്തിലും കാലിക്കറ്റ് യൂനിവേഴ്സിറ്റി സംസ്ഥാപനത്തിലുമെല്ലാം അത് പ്രകടമായി. ഇന്നും ആ പത്രത്തിന്റെ ജീവനക്കാരില്‍ എത്ര ശതമാനം മുസ്ലിംകളുണ്ടെന്ന അന്വേഷണം മാതൃഭൂമിയുടെ ഹിന്ദുത്വ പശ്ചാത്തലത്തിലേക്ക് അസന്ദിഗ്ധമായി വിരല്‍ ചൂണ്ടുന്നതാണ്. ഇസ്ലാമിനെതിരായ കടന്നാക്രമണത്തിന് ഹമീദുമാരെ നിര്‍ലോഭം ഉപയോഗിക്കുന്ന മാതൃഭൂമി ഹിന്ദുത്വത്തിന്റെ നേരെ ശക്തമായി പ്രതികരിക്കുന്ന ബുദ്ധിജീവികളെ പടിക്ക് പുറത്ത് നിര്‍ത്തിയത് യാദൃശ്ചികമല്ല.

കേരളത്തിന്റെ പൊതുഇടവും സാമൂഹിക രംഗവും ആര്‍ക്കു വേണ്ടിയും സംവരണം ചെയ്തുവെച്ചിട്ടില്ല. നാസ്തികര്‍ക്കും മതനിരാസികള്‍ക്കും അരാജകത്വവാദികള്‍ക്കും മാത്രമേ സാമൂഹിക, സാംസ്കാരിക, ദേശീയ, സാര്‍വദേശീയ പ്രശ്നങ്ങളില്‍ ഇടപെടാന്‍ പാടുള്ളൂ എന്ന ബ്രാഹ്മണ്യവും ജനാധിപത്യയുഗത്തില്‍ നടപ്പാക്കാന്‍ നോക്കരുത്. മതധാര്‍മിക നൈതിക ഭൂമികയില്‍ നിലയുറപ്പിച്ചുകൊണ്ടുതന്നെ ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി മുതല്‍ പ്രസ്ഥാനങ്ങള്‍ക്ക് പൊതു പ്രശ്നങ്ങളില്‍ ഇടപെടാനും അഭിപ്രായം പറയാനും അവകാശമുണ്ടെന്ന് മാത്രമല്ല, സംഹരിക്കുന്നവരേക്കാള്‍ നിര്‍മിക്കുന്നവര്‍ക്കാണ് ധാര്‍മികമായി അതിനുള്ള അവകാശം. ജീവല്‍ പ്രശ്നങ്ങള്‍ ഇത്രയും കാലം കൈയാളി കുളമാക്കിയവരാണല്ലോ, രാജ്യത്തെ ഇടതു-വലത് ഭൌതിക ശക്തികള്‍. ഇനി മനുഷ്യ സ്നേഹികള്‍ക്കും ഒരവസരം നല്‍കിയാല്‍ ആകാശം ഇടിഞ്ഞുവീഴാന്‍ പോകുന്നില്ല.

ഇതൊക്കെ നന്നായി തിരിച്ചറിഞ്ഞ സാംസ്കാരിക പ്രവര്‍ത്തകര്‍ ഇന്ന് ഭാഗ്യവശാല്‍ കേരളീയ സമൂഹത്തില്‍ വേണ്ടത്രയുണ്ട്. അവര്‍ പല വിഷയങ്ങളിലും ജമാഅത്തെ ഇസ്ലാമിയോടും സോളിഡാരിറ്റിയോടും വിയോജിച്ചുകൊണ്ടുതന്നെ പ്രസ്ഥാനത്തിന്റെ സാമൂഹിക ഇടപെടലുകളോടും സാമ്രാജ്യത്വ വിരുദ്ധ സമീപനങ്ങളോടും ജനസേവന പ്രവര്‍ത്തനങ്ങളോടും സഹകരിക്കുന്നു. ഹമീദ് എത്ര കരഞ്ഞു പറഞ്ഞാലും അവരുടെ മനസ്സ് മാറില്ല. കാരണം, വിവേചനബുദ്ധിയും ഇഛാസ്വാതന്ത്യ്രവുമുള്ളവരാണവര്‍. താനൊഴിച്ച് മറ്റുള്ളവരെല്ലാം ജമാഅത്തിന്റെ വലയില്‍ വീണവരാണെന്ന വിലാപം ലേഖകന്റെ സഹതാപാര്‍ഹമായ മാനസിക നിലയെ അനാവരണംചെയ്യുന്നു.

1987 ജൂണില്‍ മാധ്യമം പത്രം പ്രസിദ്ധീകരണമാരംഭിച്ചതിന്റെ മൂന്നാം നാള്‍ അത് കടലാസില്‍ പൊതിഞ്ഞ മത്സ്യമാണെന്ന് ദേശാഭിമാനിയില്‍ എഴുതിപ്പിടിപ്പിച്ചയാളാണ് നമ്മുടെ മതേതര നാട്യക്കാരന്‍. മീന്‍ ചീയുമ്പോള്‍ ആളുകള്‍ വിവരമറിയും എന്നാശ്വസിച്ച ലേഖകന്‍ പി.കെ ബാലകൃഷ്ണന്‍ വെറും സ്ഥാനീയ പത്രാധിപരാണെന്നും മാലോകരെ അറിയിച്ചിരുന്നു. ബാലകൃഷ്ണന്‍ അന്ത്യം വരെ മൂര്‍ച്ചയേറിയ തന്റെ ശൈലിയില്‍ സാമൂഹിക വിമര്‍ശനം കൊണ്ട് മാധ്യമത്തെ വേറിട്ടൊരു വായനാനുഭവമാക്കി. മതനിരപേക്ഷതയുടെ പ്രതീകമായിരുന്ന കെ.എ കൊടുങ്ങല്ലൂരായിരുന്നു അദ്ദേഹത്തിന്റെ ജീവിതാന്ത്യം വരെ വാരാദ്യമാധ്യമത്തിന്റെ സാരഥി. ഇന്നും കര്‍മനിരതനായി ജീവിച്ചിരിക്കുന്ന അനുഗ്രഹീത തൂലികാകാരന്‍ സി. രാധാകൃഷ്ണന്‍ മാധ്യമം ആഴ്ചപ്പതിപ്പിന്റെയും തുടര്‍ന്ന് ദിനപത്രത്തിന്റെയും എഡിറ്ററായി. മാതൃഭൂമി ആഴ്ചപ്പതിന്റെ എഡിറ്ററായ കമല്‍റാം സജീവും മാധ്യമം ആഴ്ചപ്പതിപ്പിലൂടെ വളര്‍ന്നവനാണ്. തുടക്കം മുതല്‍ മാധ്യമത്തിന്റെ സ്ഥിരം കോളമിസ്റാണ് ഇന്ത്യയിലെ ഏറ്റവും തലമുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍. മാധ്യമത്തിന്റെ ജമാഅത്ത് പശ്ചാത്തലമാകട്ടെ അദ്ദേഹത്തിന് അസ്സലായി അറിയാം. എം. റഷീദും ഒ.വി ഉഷയും ഡി. ബാബു പോളും വിജു വി. നായരുമെല്ലാമുണ്ട് മാധ്യമത്തിന്റെ കെണിയില്‍ വീണവര്‍. മാധ്യമം ആഴ്ചപ്പതിപ്പിലും വാര്‍ഷികപ്പതിപ്പുകളിലും എഴുതാത്തവരായി തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ അപൂര്‍വമേയുള്ളൂ. ഇവരെയെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ ഹമീദടക്കമുള്ളവര്‍ നിരന്തരം ശ്രമിച്ചിട്ടും പരിഹാസ്യമായി പരാജയപ്പെട്ടതിന്റെ ഒടുവിലത്തെ സാക്ഷ്യമാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ പന്ത്രണ്ട് പുറം നീണ്ട 'ചതിക്കുഴികള്‍'. ഇനി ഒരേയൊരു രക്ഷാമാര്‍ഗമേയുള്ളൂ. കൃഷ്ണക്കുറുപ്പിന്റെ മാര്‍ഗം. കേശവദേവിന്റെ 'ത്യാഗിയായ ദ്രോഹി'യിലെ മുഖ്യ കഥാപാത്രമായ കൃഷ്ണക്കുറുപ്പ് അയല്‍ക്കാരനെതിരെ കൊടുത്ത മുഴുവന്‍ കേസുകളിലും തോറ്റപ്പോള്‍ നിരാശനായി ഒടുവില്‍ അയല്‍ക്കാരന്റെ മുറ്റത്തെ മരക്കൊമ്പില്‍ രാത്രി കെട്ടിത്തൂങ്ങാന്‍ തീരുമാനിക്കുകയാണ്, മുഖ്യ ശത്രുവായ അയല്‍ക്കാരന്‍ തന്നെ തല്ലിക്കൊന്ന് തൂക്കിയതാണെന്നാരോപിച്ചു പോലീസ് അയാള്‍ക്കെതിരെ കേസ് ചാര്‍ജ്ചെയ്യാന്‍!

3 അഭിപ്രായ(ങ്ങള്‍):

അജ്ഞാതന്‍ പറഞ്ഞു...

മറുപടി പോര.ജമാ അത്തെ ഇസ്ലാമിക്കെതിരെ ഇപ്പോള്‍ സി പി എം പരസ്യമായി രംഗത്തുവന്ന സ്ഥിതിക്ക് വിശേഷിച്ചും. ജനാധിപത്യത്തോടുള്ള ജമാ അത്തിന്റെ(മൌദൂദിയുടെ) നിലപാട് ആണ് വിമര്‍ശനത്തിന്റെ കാതല്‍.അക്കാര്യത്തില്‍ അമീറിന്റെ പ്രസ്താവം റ്റി വിയില്‍ കണ്ടിരുന്നു.എന്നാല്‍ അത് മാധ്യമം പൂഴ്ത്തിയത് എന്തുകൊണ്ട്?

CKLatheef പറഞ്ഞു...

@സത്യാന്വേഷി

ഇവിടെ മറുപടി, ചോദ്യകര്‍ത്താവ് നല്‍കിയ ഭാഗത്തിനാണ്. മാധ്യമം പ്രസക്തഭാഗങ്ങള്‍ നല്‍കിയതാകും. മുഴുവനായി അതിന്റെ മുഖപത്രമായ പ്രബോധനത്തില്‍ പ്രതീക്ഷിക്കാം.

കുരുത്തം കെട്ടവന്‍ പറഞ്ഞു...

ഹമീദ്‌ ചേന്ദമംഗല്ലൂരിനു ജമാഅത്തെ ഇസ്ളാമി ചതുര്‍ത്ഥിയായതില്‍ വലിയ കാര്യമുണ്ടെന്ന്‌ തോന്നുന്നില്ല. കാരണം പുള്ളിയുടെ ഭാഷയില്‍ ഇസ്ളാം തന്നെ പഴഞ്ചനാണു. ഇസ്ളാം ടിയാണ്റ്റെ ഭാവനക്കൊത്ത്‌ 'പരിഷ്കരിക്കാത്തതില്‍' അരിശം പൂണ്ട്‌ 'മാത്രഭൂ(ഫൂ)മി'ക്ക്‌ ചുറ്റും മണ്ടി നടക്കുകയാണു. ഇത്‌ നേരെ ചൊവ്വെ പറഞ്ഞാല്‍ ബഹുഭൂരിപക്ഷം വരുന്ന സുന്നീ വിഭാഗം ടിയാനെ എന്തു ചെയ്യും എന്ന്‌ പുള്ളീക്ക്‌ തന്നെ നന്നായി അറിയാം. അതുകൊണ്ടാണു അവര്‍ക്ക്‌ 'വിരോധമുള്ള' ജമാഅത്തെ ഇസ്ളാമിയുടെ 'പിന്നാലേ' കൂടാം എന്ന്‌ കരുതിയത്‌. എന്നാലും അറിയാതെ ടിയാണ്റ്റെ ഇസ്ളാമിക 'പരിഷകരണം' 'പുറത്ത്‌' ചാടും. ഈയിടെയായി ഇതേ 'മാത്രഭൂമി'യില്‍ പുള്ളി എഴുതുകയുണ്ടായി ബാങ്ക്‌ വിളി മലയാളത്തില്‍ നല്‍കണം. അത്‌ വളരെ നല്ലതായിരിക്കും. നോക്കണേ, മാത്രഫൂമിയുടെ 'മുഫ്തിയുടെ' ഒരു ഉപദേശം. ഇസ്ളാമിനെ അടിക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത ഹമീദ്‌ ജമാഅത്തെ ഇസ്ളാമിക്കെതിരില്‍ എഴുതിയില്ലെങ്കിലെ സംശയിക്കേണ്ടുള്ളൂ!. ഇത്‌ ഇപ്പോള്‍ എറെ കുറെ എല്ലാ മാലോകര്‍ക്കും മനസ്സിലായിട്ടുണ്ടെന്ന്‌ ടിയാനു 'തിരിഞ്ഞതാണു' പുതിയ ലേഖനം സൂചിപ്പിക്കുന്നത്‌. ഞാനിത്ര കാലം തരാ തരം പോലെ 'മത രാഷ്ട്രവാദി' 'തീവ്രവാദി' 'മത മൌലികവാദി' 'ചെറിയ വിഭാഗം' എന്നൊക്കെ എഴുതി പിടിപ്പിച്ച്‌ മഷി ഉണങ്ങുന്നതിനു മുന്‍പേ, ജമാഅത്തെ ഇസ്ളാമിക്കാര്‍ ക്രിഷ്ണയ്യരുടെ കൂടെ, സ്വാമി അഗ്നിവേശിണ്റ്റെ കൂടെ, സി രാധാക്രിഷ്ണണ്റ്റെ കൂടെ തോലില്‍ 'കൈയ്യിട്ട്‌' നടക്കുന്നു. അങ്ങിനെ കണ്ണുതിരിമ്മു നോക്കുബ്ബോളെല്ലാം കാര്യങ്ങളെല്ലാം 'തഥൈവ'!. കുറ്റം പറയരുത്‌, ആര്‍ക്കാണെങ്കിലും അരിശം വരും. എതായലും ഇപ്പോഴാണു ഒരിത്തിരി 'സമാധാന'മായത്‌. പിണറായിയും കുഞ്ഞാലികുട്ടിയും വയലാര്‍ രവിയും ഒക്കെ എണ്റ്റെ 'പ്രാര്‍ത്ഥന' കേട്ടു!, സന്തോഷായി!! പക്ഷേ, ഈ 'പോഴനുണ്ടോ' അറിയുന്നു ഈ പറഞ്ഞവരൊക്കെ 'രസ്ഷ്ട്രീയക്കാറാണു' തങ്ങളുടെ 'കാര്യം' നടക്കില്ലെന്ന് കണ്ടാല്‍ എന്തും പറയും. ഈ പറഞ്ഞതൊക്കെ മാറ്റി പറയാന്‍ വര്‍ഷങ്ങള്‍ പോലും വേണ്ട, 'നിമിഷങ്ങള്‍' മതി. പിണറായി സഖാവ്‌ തന്നെ നാലു വര്‍ഷം മുന്‍പ്‌ ജ്മാഅത്തിനെ കുറിച്ച്‌ പറഞ്ഞത്‌ പത്രത്താളൂകളില്‍ ഒന്ന് തിരഞ്ഞ്‌ നോക്കു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK