'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ജൂൺ 02, 2010

സലഫികളുടെ ജമാഅത്ത് വിമര്‍ശനങ്ങള്‍ക്ക് പിന്നില്‍

ഇയ്യിടെയായി ബ്ലോഗില്‍ സജീവമായ മുജാഹിദ് സുഹൃത്തുക്കള്‍, ജമാഅത്തിനെതിരെ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ആരോപണങ്ങള്‍ അവരുടെ അഭിപ്രായത്തില്‍ മതവുമായി(ദീനുമായി)വലിയ ബന്ധമുള്ളതല്ല. മനുഷ്യര്‍ക്ക് വേണ്ടവിധം പ്രത്യേക ആലോചനയോ ചിന്തയോ കൂടാതെ ഓരോരുത്തര്‍ക്കും തീരുമാനാധികാരമുള്ള (ഉദാഹരണം, ധരിക്കുന്ന വസ്ത്രത്തിന്റെ നിറമെന്തായിരിക്കണം, എന്ത് കൃഷിയിറക്കണം...) ഭൌതിക  (ദുന്യാ)കാര്യങ്ങളുടെ കൂട്ടത്തില്‍ പെട്ടതാണ്. ജനാധിപത്യത്തോടും മതേതരത്വത്തോടുമുള്ള ജമാഅത്തിന്റെ സമീപനം തിരുത്തണമെന്നോ; അതല്ല ആദ്യമുള്ള അഭിപ്രായം തിരുത്തി എന്നോ ഒക്കെയുള്ള ആരോപണമാണ്. എന്നാല്‍ ഇതൊന്നും ജമാഅത്തിനെ സംബന്ധിച്ച് ഇവര്‍ സൂചിപ്പിച്ചതുപോലുള്ള കാര്യമല്ലെന്നും ഒരു ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തമായ ധാരണയും ഇസ്ലാമികമായ കൂടിയാലോചനയിലൂടെയും ഉത്തരം കണ്ടെത്തേണ്ടുന്ന പ്രശ്നം ഈ വിഷയകമായി ഉണ്ടെന്നും ജമാഅത്തും വാദിക്കുന്നു. അഥവാ ഒരു നിലപാടും ഒരു നിലപാടില്ലായ്മയും തമ്മിലാണ് ഇവിടെ സംവാദത്തിന് കോപ്പുകൂട്ടുന്നതെന്ന് ചുരുക്കം. ഇത്തരുണത്തില്‍ സംവാദത്തില്‍ സ്വീകരിക്കാവുന്ന സമീപനമെന്തായിരിക്കണം എന്ന അന്വേഷണമാണ് ഈ പോസ്റ്റിന്റെ പ്രധാന ഭാഗം. കൂട്ടത്തില്‍ തര്‍ക്കമുള്ള വിഷയത്തിലുള്ള ചെറിയ ഒരു വിവരണവും ഉണ്ട്. നിങ്ങളുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നു.

ഇവിടെ എന്റെ സലഫി സുഹൃത്തുക്കള്‍ കാര്യങ്ങളെ ആകെ കുഴമറിച്ച് മനസ്സിലാക്കിയിരിക്കുന്നു. സത്യത്തില്‍ ഈ വിഷയകമായി സലഫി നേതാക്കള്‍ തന്നെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നവര്‍ നോക്കുന്നില്ല. സലഫി/മുജാഹിദ് പ്രസ്ഥാനം അവരുടെ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യമായി സ്വീകരിച്ചിട്ടുള്ളത് ഒരു ഇസ്‌ലാമിക സംഘടന നിര്‍വഹിക്കേണ്ടുന്ന പ്രവര്‍ത്തനത്തിന്റെ ചെറിയ ഒരു ഭാഗമാണ്. അഥവാ മുസ്‌ലിംകളുടെ സംസ്‌കരണം. ഇത്തരം സംഘടനക്ക് ഇസ്‌ലാമികമായി സമഗ്രമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നെങ്കില്‍, അതില്‍ ഒരു ഭാഗം നിര്‍വഹിക്കുന്നു എന്നത് മാത്രം ആക്ഷേപാര്‍ഹമായ ഒരു കാര്യമായി ഞാന്‍ കാണുന്നില്ല. എന്നാല്‍ അതിനപ്പുറം ആരും ഒന്നും പറയുകയോ ചെയ്യുകയോ അരുതെന്ന വാദം അജ്ഞതയുടെ മാത്രം ഫലമത്രേ. അല്ലെങ്കില്‍ അസൂയ. രണ്ടായാലും ഇസ്‌ലാമികമായി അതിന് ന്യായീകരണം ഇല്ല. മുസ്ലിംകളില്‍ കാലാകാലമായി അള്ളിപ്പിടിച്ചിട്ടുള്ള ശിര്‍ക്ക് കലര്‍ന്ന വിശ്വാസത്തില്‍നിന്ന് അവരെ മോചിപ്പിക്കുക എന്നപരിമിതമായ ദൗത്യം അവര്‍ നിര്‍വഹിക്കട്ടെ. അതുകൊണ്ടു തല്‍കാലം അവര്‍ക്കാവശ്യമുള്ള കാര്യത്തിലേ സംഘടനാ തലത്തില്‍ എന്തെങ്കിലും നിലപാടുള്ളൂ. അത് അഗ്രസീവായി വേണോ വേണ്ടേ എന്നതാണ് ഇപ്പോള്‍ രണ്ടായി പിരിഞ്ഞ ശേഷം അവരുടെ മുഖ്യആരോപണ പ്രത്യാരോപണത്തില്‍ സമയത്തിന്റെ ഒരു പങ്ക് കവരുന്നത്. ഇതിലൊന്നും ഖുര്‍ആനിലേക്കും സുന്നത്തിലേക്കും മടങ്ങി ഒരു യോജിപ്പിന്റെ തലം കണ്ടെത്താന്‍ ഇരുകൂട്ടര്‍ക്കും സാധിക്കുന്നില്ല.

അങ്ങനെയിരിക്കെയാണ് തങ്ങളുടെ പ്രതിയോഗികള്‍ എന്ന് കരുതുന്ന ജമാഅത്തിനെതിരെ ഇരു സംഘങ്ങളും ലജ്ജാകരമായ രൂപത്തില്‍ തങ്ങളുടെ ജിഹാദിന്റെ കുന്തമുന തിരിച്ചുവെച്ചിരിക്കുന്നത്. അവര്‍ ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്താണ് എന്ന ഇപ്പോഴും വ്യക്തമല്ല. തങ്ങളുടെ പ്രഖ്യാപിത ലക്ഷ്യം ശിര്‍ക്ക് ബിദ്അത്തില്‍നിന്നുള്ള സംസ്‌കരണമാണ് എന്ന് പറയുമ്പോള്‍ ജമാഅത്തില്‍ അത്തരം ഒരു സംസ്‌കരണത്തിന്റെ ആവശ്യം അവശേഷിക്കുന്നില്ല. അവര്‍ക്കും സുന്നികള്‍ക്കും ഇടയിലുള്ള തര്‍ക്കത്തില്‍ മുജാഹിദ് പക്ഷത്താണ് സത്യം എന്ന് മനസ്സിലാക്കുകയും അതില്‍ അവരെ പിന്തുണക്കുകയും ചെയ്യുന്ന സമീപനമാണ് ജമാഅത്തിനുള്ളത്. മറ്റുജമാഅത്ത് പറയുന്ന കാര്യങ്ങള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ അജണ്ടയില്‍ സ്ഥാനം ലഭിക്കാത്ത കാര്യങ്ങളാണ്.

ജമാഅത്തെ ഇസ്‌ലാമി ഒരു സമ്പൂര്‍ണ ഇസ്ലാമിക പ്രസ്ഥാനമാണ്. പ്രവാചകന്‍ പ്രബോധനം ചെയ്ത ഇസ്ലാമിനെ പ്രതിനിധീകരിക്കുക എന്ന കര്‍തവ്യമാണ് അതിന് നിര്‍വഹിക്കാനുള്ളത്. അതില്‍ ആരാധനാ നിയമങ്ങളും, കുടുംബ-സാമൂഹിക-സദാചാര നിയമങ്ങള്‍ കൂടാതെ രാഷ്ട്രീയ നിയമങ്ങളും ഉണ്ടായിരുന്നു. ഈ നിയമങ്ങളെല്ലാം ദൈവികമായതിനാല്‍ മനുഷ്യന്റെ ഏതര്‍ഥത്തിലുള്ള ഉന്നമനത്തിനും ഈ നിയമങ്ങള്‍ പര്യാപ്തമാണെന്നും നിലവിലുള്ള മനുഷ്യനിര്‍മിതമായ ഏത് തത്വങ്ങളെക്കാളും അതിന്റെ തത്വങ്ങള്‍ മഹത്തരമാണെന്നും ജമാഅത്ത് കരുതുന്നു. അതില്‍ അപകടകരമായ ഒന്നുമില്ലെന്നും അപ്രാകാരം ഉണ്ടാകാവതല്ലെന്നും അത് കരുതുന്നു. മുസ്‌ലിംകളുടെ ഒന്നാമത്തെ കര്‍ത്തവ്യം വക്രതയോ കുറവോ വരുത്താതെ അതേപടി ജനങ്ങള്‍ക്ക് പ്രബോധനം ചെയ്യുകയാണെന്നും അത് കരുതുന്നു. ഭൂമിയില്‍ നാശവും കുഴപ്പവും അല്ലാഹു ഇഷ്ടപ്പെടുന്നില്ലന്നും ദീനില്‍ ബലാല്‍കാരമില്ലാത്തതിനാല്‍ അതിനെ വിസമ്മതിക്കുന്നവരുടെ മേല്‍ അത് എത്തിച്ചുകൊടുക്കുന്ന ബാധ്യതയോടെ അവസാനിക്കുന്നതെന്നും അത് വിശ്വസിക്കുന്നു. ഇസ്‌ലാഹികള്‍ എന്ന വിഭാഗം ആ പ്രവര്‍ത്തനം സ്വയം ഏറ്റെടുത്തില്ലെങ്കില്‍ പോലും അതിന് തടസ്സം നില്‍ക്കുന്ന ഒരു നിലപാടി സ്വീകരിക്കാന്‍ പാടില്ലായിരുന്നു. പക്ഷെ അവിടുന്നും കടന്ന് ഈ പ്രസ്ഥാനത്തെ എക്കാലവും അവര്‍ വ്യാജാരോപണങ്ങളുമായി പിന്തുടര്‍ന്നു. എങ്കിലും സത്യം വിജയിക്കും എന്ന് അല്ലാഹുവിന്റെ വാഗ്ദാനം പോലെ ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ത്ത സംഘടന രണ്ടായി നെടുകെ പിളര്‍ന്നും മറ്റുപിളര്‍പ്പുകളെ ഗര്‍ഭം ധരിക്കുന്നു. സംഘടനയേ ബിദ്അത്തെന്ന നിലക്ക് സംഘടനയില്ലാത്തവരുടെ സംഘടന പലയിടത്തും അതിന്റെ ഉറക്കം കെടുത്തുന്നു. ഇനി ജമാഅത്തിന്റെ ചിലവില്‍ ഒരു ഐക്യം ആരെങ്കിലും സ്വപ്‌നം കണ്ടിട്ടാണോ സംഘടിതമായ ഈ ആക്രമണം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇ.എം.എസ് ശരീഅത്തിനെ എതിര്‍ത്തപ്പോള്‍ ലീഗ് ഒന്നായത് പോലെ. ഇബാദത്തില്‍ തെറ്റ് പറ്റി എന്നായിരുന്നു ഇത് വരെ ആരോപണങ്ങളെങ്കില്‍ ജമാഅത്ത് ആദ്യം പറഞ്ഞവിഷയത്തില്‍ അല്‍പം പോലും പിന്നോട്ടുപോകാതെ തന്നെ ആ തര്‍ക്കം സലഫികള്‍ അവസാനിപ്പിച്ചിരിക്കുന്നു.

ഇപ്പോള്‍ നടക്കുന്നത് ജമാഅത്ത് ഇന്ത്യയില്‍ നിലനില്‍ക്കുന്ന അടിസ്ഥാന തത്വങ്ങളെ നിരാകരിക്കുന്നു എന്നുള്ള ആരോപണമാണ്. ഇതില്‍ സത്യത്തിന്റെ ചെറിയ അംശങ്ങളുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ ജമാഅത്തിന്റെ വാദം മുഴുവന്‍ അംഗീകരിക്കാതെ തങ്ങള്‍ക്കാവശ്യമുള്ള ഭാഗം മാത്രം അംഗീകരിക്കുകയാണ് സലഫികള്‍ എന്നറിയപ്പെടുന്നവര്‍ ചെയ്യുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഒരു രാജ്യത്തിന് അടിത്തറയാക്കാന്‍ സാധിക്കുന്ന തത്വങ്ങളുണ്ട്. ജനാധിപത്യം മതേതരത്വം സോഷ്യലിസം എന്നിവ പൂര്‍ണമായും ഖുര്‍ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപം കൊടുക്കപ്പെട്ടവയല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് യഥാവിധി പ്രായോഗികമാക്കാന്‍ സാധിച്ചാല്‍ മറ്റേത് തത്വങ്ങളെക്കാളും ഇസ്‌ലാമികമായും യോജിക്കാവുന്ന തത്വങ്ങളാണിവ. എന്നാല്‍ ഇവയുടെ അടിസ്ഥാനം കേവല ഭൗതിക ചിന്തകള്‍ തന്നെയാണ്. അതിനാല്‍ ഇസ്്‌ലാമിക തത്വവുമായി കൂട്ടിമുട്ടുന്ന് ചില ഭാഗങ്ങള്‍ അവയുടെ അടിസ്ഥാനങ്ങളിലുണ്ട്.

പ്രധാന വ്യത്യാസങ്ങള്‍ പറയാം. മതേതതരത്വം (സെക്യൂലരിസം) എന്ന വാക്ക് ഉല്‍ഭവിച്ചതും അതിന്റെ ആദ്യരൂപം നിലവില്‍ വന്നതും പാശ്ചാത്യന്‍ രാജ്യങ്ങളിലാണ്. യൂറോപ്പില്‍ ക്രൈസ്തവ സഭയുടെ അനിയന്ത്രിതമായ ഇടപെടലുകളില്‍നിന്ന് രാജ്യത്തിന്റെ വ്യവസ്ഥയെ രക്ഷിച്ചെടുക്കുക എന്ന നല്ല ചിന്തയോടെ ആരംഭിച്ച സെക്യൂലരിസം മതനിരാസമായ മതനിഷേധപരമായ ഒരു വ്യാഖ്യാനം മുന്നോട്ടുവെച്ചു. അതനുസരിച്ച് മതത്തിന്റെ സ്ഥാനം ആത്മീയതയില്‍ മാത്രമമാണ്. മനുഷ്യന്റെ സിവില്‍ ക്രിമിനല്‍ നിയമനിര്‍മാണത്തില്‍ മതത്തിന് ഒരു പങ്കും ഉണ്ടായിരിക്കില്ല. ഇന്ത്യയില്‍ ഏകസിവില്‍കോഡിനുള്ള മുറവിളി ഈ മതേതരത്വത്തിന്റെ അരിക് പറ്റിയാണ്. ഇതിനോട് ഒരു മുസ്്‌ലിമിനും യോജിക്കാനാവില്ല. എന്നാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്ന മതേതരത്വത്തിന് ഇന്ത്യന്‍ സാഹചര്യത്തിനിണങ്ങുന്ന ഒരു വ്യാഖ്യാനമുണ്ട്. അത് ഇതാണ്. ഇന്ത്യാരാഷ്ട്രം ഏതെങ്കിലുമൊരു മതത്തോട് ബാധ്യസ്ഥയല്ല. എന്നാല്‍ പൗരന്‍മാര്‍ക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും അനുവാദം ഉണ്ടായിരിക്കും. മതത്തിന്റെ പ്രകൃതിയും ഉദ്ദേശ്യവുമനുസരിച്ച് പൗരത്വം നിഷേധിക്കുകയില്ല. മതാടിസ്ഥാനത്തില്‍ പൗരന്‍മാര്‍ക്ക് വിവേചനവുമില്ല. ഇക്കാരണത്താല്‍ ജമാഅത്തിന്റെ കേന്ദ്ര ഉപദേശകസമിതി നേരത്തെത്തന്നെ ഈ പറഞ്ഞ സവിശേഷതകളോടുകൂടിയ മതരിപേക്ഷ ജനാധിപത്യ ക്രമം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതായി പ്രമേയം പാസാക്കി. ഇപ്പോള്‍ തങ്ങളെല്ലാവരും കൂടി എതിര്‍ത്തിട്ടാണ് ഇത്രയെങ്കിലും ജമാഅത്ത് അംഗീരിച്ചത് എന്ന് വിമര്‍ശകരുടെ അവകാശവാദത്തില്‍ ഒരു കഴമ്പുമില്ല. ജമാഅത്ത് വല്ലതും അംഗീകരിക്കുന്നതും അംഗീകരിക്കാതിരിക്കുന്നതും ആരെയെങ്കിലും ഭയപ്പെട്ടോ ആരുടെയെങ്കിലും ആക്ഷേപത്തെ ഭയന്നോ അല്ല. അല്ലാഹുവിന്റെ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ്.

ഇനി ഇസ്‌ലാമിന്റെ അവസ്ഥ ഇക്കാര്യത്തില്‍ എന്താണ്. നമ്മുക്ക് നോക്കാം. "ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രാറ്റിക്ക് അല്ലെങ്കില്‍ ഡെമോക്രാറ്റിക്ക് ആണോയെന്ന് ചോദ്യം പ്രസക്തമാണ്  ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക്ക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറുശതമാനം ഡമോക്രാറ്റിക്ക് ആണെന്നു പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ ആധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറുശതമാനവും എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കുകയുള്ളൂ എന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരം സാര്‍വത്രികമാണെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം അത് വിശുദ്ധ ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന മൂല്യസങ്കല്‍പത്തിന് വിരുദ്ധമാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്യുകയെന്ന ജനായത്ത രാഷ്ട്രത്തിന്റെ കറുത്തമുഖം ഇസ്‌ലാമിക രാഷ്ട്രത്തിലുണ്ടാവുകയില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന് എന്ത് തോന്നിവാസവും ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് കഴിയില്ല. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രസിക്കും ഡെമോക്രസിക്കും മധ്യയാണെന്നുപറയാം. ഈ രണ്ട് മീമാംസകളിലെയും നല്ലവശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം ഉള്‍കൊള്ളുന്നുണ്ടെന്ന് സാരം." ഇതാരുടെ വാക്കുകളാണ് ഇത്രയും വായിച്ചുകൊണ്ടിരുന്നപ്പോള്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാകും ഇത് ഇസ്‌ലാമിനെ രാഷ്ട്രീയവല്‍ക്കരിച്ച് മൗദൂദിയുടെ വാക്കുകളാണ് എന്ന്, എന്നാല്‍ അല്ല . സാക്ഷാല്‍ സലഫിയും മുജാഹിദും ആയ, ആ വിഭാഗത്തില്‍ ഇസ്‌ലാമിക ദഅ്വത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചിന്തകനും പണ്ഡിതനുമായ എംഎം അക്ബര്‍ 'ഇസ്‌ലാമിക രാഷ്ട്രം: പ്രസക്തിയും പ്രയോഗവും' എന്ന തലക്കെട്ടിന് കീഴില്‍ ജംഇയ്യത്തുല്‍ മുജാഹിദീന്‍ (അരീകോട്) പുറത്തിറക്കിയ സുവനീറില്‍ (1995) നിന്നുള്ളതാണ്. ഇതിന് അക്ബറിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ഒരാള്‍ക്ക് നിഷ്പക്ഷമായി ചിന്തിച്ചാല്‍ ഇതിനപ്പുറം പറയാന്‍ കഴിയില്ല. പക്ഷെ ആ ചിന്തയും ഇസ്‌ലാമികമായ ഗുണകാംക്ഷയും നഷ്ടപ്പെട്ട സാമ്രാജ്യശക്തികളുടെ മെഗാഫോണുകളാകാന്‍ വിധിക്കപ്പെട്ട ഒരുകൂട്ടം നിസ്സഹായരായ സലഫികള്‍ മറ്റു ജോലിയൊന്നുമില്ലാത്തതിനാല്‍ തങ്ങള്‍ക്ക് നിശ്ചയമോ നിലപാടോ ഇല്ലാത്ത കാര്യത്തില്‍ വെറുതെ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നു.

അക്ബര്‍ മുകളില്‍ പറഞ്ഞ ഭാഗം കുറേകൂടി തന്‍മയത്തത്തോടും മിതമായും ഗുണകാംക്ഷയോടെ ജമാഅത്ത് പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് ജമാഅത്തിനെ വിമര്‍ശിക്കാന്‍ സലഫികള്‍ക്ക് കാരണമാകുന്നത് എന്നത് എന്തുമാത്രം വിചിത്രമല്ല. ഇന്ത്യയില്‍ ഇസ്‌ലാമിന് വേണ്ടി സംസാരിക്കുന്ന ജമാഅത്തെ ഇസ്‌ലാമി ഇത് ചെയ്തില്ലെങ്കില്‍ പിന്നെ ആരെയാണ് ഇത് പറയാന്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യം പറഞ്ഞാല്‍ എന്ത് പ്രശനമാണിവിടെ ഉണ്ടാകുന്നത്.എങ്കില്‍ മതേതരജനാധിപത്യം ഞാന്‍ വിചാരിച്ചതിനേക്കാള്‍ കുടുസ്സാണ് എന്ന് പറയേണ്ടിവരുമല്ലോ?.

'ജമാഅത്തെ ഇസ്‌ലാമി തീവ്രവാദ സംഘടനയാണെന്ന് അഭിപ്രായം വ്യക്തിപരമായി ഉണ്ടോ'  എന്ന് മുഖ്യമന്ത്രിയോട് പത്രക്കാര്‍ ചോദിച്ചു. അതിനു മുഖ്യമന്ത്രി നല്‍കിയ മറുപടി ശ്രദ്ധേയമാണ് . 'അവര്‍ എടുക്കുന്ന നിലപാട് അത്തരത്തിലാണ് അവരോടൊപ്പമുള്ളവര്‍ത്തന്നെ അത് പറയുമ്പോള്‍ എന്തിന് സംശയിക്കണമെന്നും' അദ്ദേഹം മറുപടി പറഞ്ഞു. അവരോടൊപ്പമുള്ളവര്‍ എന്നുദ്ദേശിച്ചത് ഹമീദ് ചേന്ദമംഗല്ലൂരും കാരശേരിയും പിന്നെ മുജാഹിദ് യഥാസ്ഥികവിഭാഗങ്ങളുമായിരിക്കും എന്ന് ആര്‍ക്കും ഊഹിക്കാം. അപ്പോള്‍ മുഖ്യമന്ത്രിയുടെ ധാരണക്കടിസ്ഥാനം തെളിവുകളല്ല ഈ സലഫികളെപ്പോലെ അന്ധമായി അഭിപ്രായം പറയുന്നവരെ വിശ്വസിക്കുകയാണ് എന്നര്‍ഥം. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക് ആളുകളെ തടയുക എന്ന ഏറ്റവും നിന്ദ്യമായ കാര്യത്തിലാണ് ജമാഅത്ത് വിമര്‍ശകര്‍ ഏര്‍പ്പെട്ടിരിക്കുന്നത് എന്ന് ചുരുക്കം.

ജമാഅത്ത് വിമര്‍ശകര്‍ എല്ലാവരും ആത്മാര്‍ഥമായിട്ടാണോ ഈ വിമര്ശനം നടത്തികൊണ്ടിരിക്കുന്നത്?. ആണന്നോ അല്ലെന്നോ ഉറപ്പിച്ച് പറയാനാവില്ല. ചിലര്‍ ആത്മാര്‍ഥമായി തന്നെ അത് നിര്‍വഹിക്കുന്നുണ്ടാകും. ആത്മാര്‍ഥത എന്നതുകൊണ്ട് ഞാനുദ്ദേശിച്ചത് ഒന്നാമതായി ദൈവപ്രീതി ആഗ്രഹിച്ചുകൊണ്ട് എന്നും രണ്ടാമതായി ജമാഅത്ത് മനുഷ്യര്‍ക്ക് അപകടകരമാണെന്ന് കരുതി എന്നുമാണ്. ഇപ്രകാരം നിര്‍വഹിക്കുന്നവര്‍ വസ്തുതതകളെ അംഗീകരിക്കുകയും കേള്‍ക്കാനുള്ള സന്‍മനസ്സ്‌കാണിക്കുകയും ചെയ്യും. മറുപടികളെ വിലയിരുത്തുകയും ഒരിക്കല്‍ മറുപടി നല്‍കപ്പെട്ടവ പിന്നീട് ആരോപിക്കാതിരിക്കുകയും ചെയ്യും. അഥവാ പിന്നീട് മറുപടി പറയുകയാണെങ്കില്‍ നല്‍കപ്പെട്ട മറുപടിയോടുള്ള വിയോജിപ്പായിരിക്കും. തങ്ങളുടെ വാദം സ്ഥാപിക്കാന്‍ അസത്യത്തെ കൂട്ടുപിടിക്കില്ല. തെറ്റിദ്ധാരണ പരമായി വാചകങ്ങളെ മുറിച്ചെടുക്കില്ല. ശരിയായ വ്യാഖ്യാനം അത് പറഞ്ഞവര്‍ തന്നെ വിശദീകരിക്കെ അതില്‍ അത് പറഞ്ഞവര്‍ നല്‍കാത്ത വ്യാഖ്യാനം വെച്ചുകെട്ടുകയില്ല. അസത്യം പറയില്ല. തങ്ങള്‍ ആരെയാണോ വിമര്‍ശിക്കുന്നത് അവരോടു ഗുണകാംക്ഷ പുലര്‍ത്തും. അവരെ ഒറ്റിക്കൊടുക്കുയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രീതിയില്‍ സംസാരിക്കില്ല. അതിശയോക്തികളും വ്യജോക്തികളും നടത്തില്ല. ഈ ലക്ഷണങ്ങള്‍കൊണ്ടുതന്നെ യഥാര്‍ഥമായി സംവദിക്കാന്‍ വരുന്നവരെ തിരിച്ചറിയാം.

ഇന്ത്യയില്‍ ചെറിയ ഒരു വിഭാഗമായ മുസ്‌ലിംകള്‍ക്ക് നിര്‍വഹിക്കാനുള്ള കര്‍ത്തവ്യങ്ങള്‍ ഏറെയാണ്. ഒരു കൂട്ടം യുവാക്കള്‍ കടുത്ത തീവ്രവാദത്തിലേക്ക് നീങ്ങുന്നു അവരെ പറഞ്ഞ് മനസ്സിലാക്കേണ്ടവര്‍ പരസ്പരം പഴിചാരിക്കൊണ്ടിരുന്നാല്‍ അവരുടെ സഞ്ചാരം സുഖമമാകും. ഇസ്‌ലാമിക സമൂഹത്തില്‍ സംസ്‌കരണ പ്രവര്‍ത്തനത്തിന്റെ വലിയ ഭാഗം ചെന്നത്താതെ ഇനിയും അവശേഷിക്കുന്നു. അവിടെ സംസ്‌കരിക്കാന്‍ മുസ്ലിംകള്‍ തന്നെ ശ്രമിക്കേണ്ടതുണ്ട്. അതിന് കഴിയുന്ന രണ്ട് പ്രസ്ഥാനങ്ങള്‍ പരസ്പരം സംവദിക്കുന്നതില്‍ മിതത്വം പുലര്‍ത്തുന്നില്ലെങ്കില്‍ ഇതുവരെ ചെയ്ത ശ്രമങ്ങളെ പിന്നോട്ടടിപ്പിക്കലായിരിക്കും ഫലം. ഇന്ത്യയിലെ മഹാഭൂരിപക്ഷവും സമാധാനമാഗ്രഹിക്കുന്നവരും തീവ്രവാദത്തെ വെറുക്കുന്നവരുമാണ്. എന്നാല്‍ ഇന്ത്യയില്‍ മതത്തിന്റെ പേരിലും ജാതിയതയുടെ പേരിലും വ്യക്തമായ ധ്രുവീകരണത്തിന് ഒരു വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കെ അതിന് സഹായകമായ വിധം സ്വമതത്തിലെ സംഘടനകളെ അന്ധമായി അരോപണവിധേയമാക്കുന്നത് പോറുക്കാനാവില്ല. അവര്‍ മാനുഷികതോടും തങ്ങളുടെ രക്ഷിതാവിനോടും അനീതി പ്രവര്‍ത്തിക്കുകയാണ്. സലഫി പ്രസ്ഥാനം സംസ്‌കരിക്കേണ്ടുന്ന ഒരു മ്ലേഛതയും ജമാഅത്തിലില്ല. അതിലെ പ്രവര്‍ത്തകരുടെ സംസ്‌കരണം ലക്ഷ്യം വെച്ച് വിപുലമായി സംവിധാനങ്ങള്‍ അതിന്റെ ഘടനയില്‍ തന്നെയുണ്ട്.

അതേ സമയം സലഫികള്‍തന്നെ ഇന്ന് മനുഷ്യര്‍ക്കേറ്റവും അസഹ്യമായ വിധത്തില്‍ പരസ്പരം പഴിചാരുകയും ആരോപണ പ്രത്യാരോപണങ്ങളില്‍നിന്നും വിട്ടുനിന്ന് സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ കൂട്ടായി മുഴുകേണ്ടതുണ്ട്. അനാവശ്യമായ സംവാദത്തിലേര്‍പ്പെടുന്നവരെ നിയന്ത്രിക്കാന്‍ രണ്ട് സംഘടനകളിലും അല്‍പം മാന്യതയും ഇസ്‌ലാമിക ബോധവുമുള്ളവര്‍ ശ്രമിക്കേണ്ടതുണ്ട്. നേതാക്കള്‍ സന്നദ്ധരല്ലെങ്കില്‍ അവരെ നിലക്കുനിര്‍ത്താന്‍ ദൈവബോധമുള്ള അണികള്‍ രംഗത്തിറങ്ങേണ്ടതുണ്ട്.

ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുന്ന പ്രസ്ഥാനമാണ്. അതിന്റെ ശുദ്ധീകരണത്തില്‍ വിമര്‍ശനത്തിന് വലിയ പങ്കുണ്ട്. പുറത്ത് നിന്ന് വിമര്‍ശനമില്ലാത്ത പക്ഷം ഉള്‍പാര്‍ട്ടി വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിച്ച് മാത്രമേ അതിന്റെ സംസ്‌കരണം സാധിക്കു. ഇപ്പോള്‍ ഞാന്‍ കേള്‍ക്കുന്ന ഏറ്റവും വലിയ ശബ്ദം എന്റെ ഭാര്യ വസ്ത്രമലക്കുമ്പോള്‍ ഉണ്ടാകുന്നതാണ്. ചെളിയും കറയും പോകണമെങ്കില്‍ ഇപ്രകാരം സംഘടനകളും പ്രസ്ഥാനങ്ങളും അലക്കപ്പെടണം. നല്ല തെളിഞ്ഞ വെള്ളം അലക്കാനുപയോഗിക്കണം. കലങ്ങിയ മണ്ണുള്ള വെള്ളം അലക്കാനുപയോഗിച്ചാല്‍ വസ്ത്രം കൂടുതല്‍ മലിനമാകും. നല്ല സംവാദങ്ങളല്ലെങ്കില്‍ പ്രസ്ഥാനങ്ങള്‍ കൂടുതല്‍ മലിനമാകും. അതിനാല്‍ ജമാഅത്തുമായി സംവദിക്കുന്നവര്‍ ആദ്യം സ്വയം വിചാരണ നടത്തട്ടേ. അല്ലാത്ത പക്ഷം എന്ത് പ്രകോപനമുണ്ടായാലും അതിനെ അവഗണിക്കാനെ കഴിയൂ.

മരണം വരെ സത്യത്തെ വെറുക്കുന്ന ഒരു വിഭാഗവും അല്ലാഹുവിന്റെ ഭൂമിയിലുണ്ടാകും അവരെ അല്ലാഹുവിലേല്‍പ്പിക്കാനെ ഈ പ്രസ്ഥാനത്തിന് കഴിയൂ. അവരുടെ ജല്‍പനങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കും എന്ന് തോന്നുമ്പോള്‍ മാത്രം ആവശ്യമായ വിശദീകരണം നല്‍കും അത്രമാത്രം. അത് വിമര്‍ശകര്‍ വായടക്കാനല്ല. സത്യത്തെ മറക്കാനുള്ള ശ്രമത്തിനെതിരെയുള്ള പ്രതിരോധം മാത്രം. വാദിച്ച് മിനുക്കിയെടുക്കുന്ന ഒരു ഇമേജില്‍ ജമാഅത്ത് പ്രവര്‍ത്തകര്‍ക്കാര്‍ക്കും താല്‍പര്യമില്ല. ജീവിച്ച് നേടുന്ന ഇമേജില്‍ ആരോപണത്തിന്റെ ചേറ് വീഴുമ്പോള്‍ അത് നീക്കാനാവശ്യമായ സംവാദമെ ഈ പ്രസ്ഥാനം മനസ്സറിഞ്ഞ് അനുവദിക്കൂ. അതിനാല്‍ അതിനപ്പുറം ആഗ്രഹിക്കുന്ന സലഫികള്‍ ക്ഷമിക്കുക.

20 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്ത് വിമര്‍ശകര്‍ വാലും തലയും വെട്ടിക്കളഞ്ഞ ഉദ്ധരണികളുമായി അവയെക്കുറിച്ച് തങ്ങളുടെ വ്യാഖ്യാനം മാത്രം ശരിയെന്ന നിലപാടുമായി ജമാഅത്ത് പ്രവര്‍ത്തകരെ സംവാദത്തിനായി അവിടെയും, ഇവിടെയും കാത്തിരിക്കുന്നു. നിങ്ങളെന്ത് പറയുന്നു. ഇവരുടെ വാദങ്ങള്‍ ചിന്തിക്കുന്നവരെയോ പാമരന്‍മാരെയോ തെറ്റിദ്ധരിപ്പിക്കാവുന്ന വിധം ശക്തമാണോ. ആദ്യം ചര്‍ച അതിനെക്കുറിച്ചാവട്ടെ. എന്നിട്ട് നമ്മുക്ക് തീരുമാനിക്കാം. നമ്മുക്ക് അല്ലാഹുനല്‍കിയ സമയത്തെക്കുറിച്ച് അല്ലാഹു ചോദിക്കുകതന്നെ ചെയ്യും.

ജമാഅത്തിനോട് യോജിക്കുന്നവരും വിയോജിക്കുന്നവരും അഭിപ്രായം പറയട്ടെ.

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

വളരെ പക്വമായൊരു വിശകലനം. അഭിനന്ദനങ്ങള്‍.

പറഞ്ഞു...

ആദ്യം ഒരു നന്ദി പറയട്ടെ,ലത്തീഫിന്റെ മറ്റു പോസ്റ്റുകളേക്കാള്‍ ഇതിന് അല്പം വിവേകമുണ്ട്! ഞാന്‍ മുഴുവനും വായിച്ചു. :)

പറഞ്ഞു...

ഇനി അഭിപ്രായം.

"ഈ നിയമങ്ങളെല്ലാം ദൈവികമായതിനാല്‍ മനുഷ്യന്റെ ഏതര്‍ഥത്തിലുള്ള ഉന്നമനത്തിനും ഈ നിയമങ്ങള്‍ പര്യാപ്തമാണെന്നും നിലവിലുള്ള മനുഷ്യനിര്‍മിതമായ ഏത് തത്വങ്ങളെക്കാളും അതിന്റെ തത്വങ്ങള്‍ മഹത്തരമാണെന്നും ജമാഅത്ത് കരുതുന്നു." നല്ലത് തീര്‍ച്ചയായും അവര്‍ക്കതിനുള്ള അവകാശമുണ്ട്.

"ജനാധിപത്യം മതേതരത്വം സോഷ്യലിസം എന്നിവ പൂര്‍ണമായും ഖുര്‍ആന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ രൂപം കൊടുക്കപ്പെട്ടവയല്ല എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.എന്നാല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് യഥാവിധി പ്രായോഗികമാക്കാന്‍ സാധിച്ചാല്‍ മറ്റേത് തത്വങ്ങളെക്കാളും ഇസ്‌ലാമികമായും യോജിക്കാവുന്ന തത്വങ്ങളാണിവ."

ഇസ്ലാമികമായി ഇത്രയധികം രമ്യതയില്‍ പോകുന്ന ജനാധിപത്യത്തോട് തിന്മകളെന്ന് സാമാന്യ
മനുഷ്ര്ക്കെല്ലാമറിയാവുന്ന വ്യഭിചാരം,മദ്യപാനം,ചൂതാട്ടം ഇത്യാതി മാനുഷീകമൂല്യവ്യതിയാനങ്ങളിലല്ലാതെ അത് ഏറ്റുമുട്ടുന്നില്ലെങ്കില്‍ ജമാ അത്തെ ഇസ്ലാമിയെക്കുറിച്ച് ഞാനും അഭിമാനപൂര്‍വം സംസാരിക്കും.

പറഞ്ഞു...

പക്ഷേ ജനാതിപത്യത്തോട് താത്വികമായി യോജിക്കാനാവില്ല എന്ന നിലപാട് ജമാ അത്തെയെപ്രതി പലരും വളരെ വ്യക്തമായി പറഞ്ഞു കേള്‍ക്കുന്നു.അതിനോട് ഒരിന്ത്യന്‍ പൗരന്‍ എന്ന നിലയ്ക്ക് എനിക്ക് ഒരു ശതമാനം പോലും യോജിക്കാനാവില്ല.

ചിന്തകന്‍ പറഞ്ഞു...

പ്രിയ ലത്തീഫ്

താങ്കള്‍ വ്യക്തമായി തന്നെ പറഞ്ഞിരിക്കുന്നു



"ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രാറ്റിക്ക് അല്ലെങ്കില്‍ ഡെമോക്രാറ്റിക്ക് ആണോയെന്ന് ചോദ്യം പ്രസക്തമാണ് ജനങ്ങള്‍ക്ക് അഭിപ്രായം പറയാനും നീതിനേടിയെടുക്കാനുമുള്ള സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്തിനാണ് ഡെമോക്രാറ്റിക്ക് എന്ന് പറയുന്നതെങ്കില്‍ ഇസ്‌ലാമിക രാഷ്ട്രം നൂറുശതമാനം ഡമോക്രാറ്റിക്ക് ആണെന്നു പറയാവുന്നതാണ്. എന്നാല്‍ ജനഹിതത്തിന്റെ പേരില്‍ ആധാര്‍മികതകളും അനാശാസ്യ പ്രവര്‍ത്തനങ്ങളും അനുവദിക്കപ്പെടുകയെന്നതാണ് ഡമോക്രസി അര്‍ഥമാക്കുന്നതെങ്കില്‍ അതിന് ഇസ്‌ലാം നൂറുശതമാനവും എതിരാണ്. ഇസ്‌ലാമിക മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമേ രാഷ്ട്രത്തില്‍ ജനഹിതം നടപ്പാക്കുകയുള്ളൂ എന്ന് സാരം. ഭൂരിപക്ഷം ജനങ്ങള്‍ വ്യഭിചാരം സാര്‍വത്രികമാണെന്ന് അഭിപ്രായം പറഞ്ഞാലും ഇസ്‌ലാമിക രാഷ്ട്രത്തില്‍ വ്യഭിചാരം അനുവദിക്കപ്പെടുകയില്ല. കാരണം അത് വിശുദ്ധ ഖുര്‍ആന്‍ പ്രബോധനം ചെയ്യുന്ന മൂല്യസങ്കല്‍പത്തിന് വിരുദ്ധമാണ്. ഭൂരിപക്ഷത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ വേണ്ടി അവര്‍ക്കാവശ്യമുള്ളതെല്ലാം ചെയ്യുകയെന്ന ജനായത്ത രാഷ്ട്രത്തിന്റെ കറുത്തമുഖം ഇസ്‌ലാമിക രാഷ്ട്രത്തിലുണ്ടാവുകയില്ല. അവിടെ ജനഹിതം പരിശോധിക്കപ്പെടുന്നത് വ്യക്തമായ ധാര്‍മിക നിയമങ്ങളുടെ വെളിച്ചത്തിലായിരിക്കും. അതുകൊണ്ടുതന്നെ ഭൂരിപക്ഷത്തിന് എന്ത് തോന്നിവാസവും ചെയ്യാന്‍ ഇസ്‌ലാമിക രാഷ്ട്രത്തിലെ ഭരണാധികാരിക്ക് കഴിയില്ല. ഈ അര്‍ഥത്തില്‍ ഇസ്‌ലാമിക രാഷ്ട്രം ഥിയോക്രസിക്കും ഡെമോക്രസിക്കും മധ്യയാണെന്നുപറയാം. ഈ രണ്ട് മീമാംസകളിലെയും നല്ലവശങ്ങള്‍ ഇസ്‌ലാമിക രാഷ്ട്രം ഉള്‍കൊള്ളുന്നുണ്ടെന്ന് സാരം."



സലഫികള്‍ക്ക് എം.എം അക്ബര്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ടല്ലോ, വളരെ ഭംഗിയായി തന്നെ.

ഇനി ഇതൊക്കെ അവര്‍ക്ക് മൌദൂതി പറഞ്ഞ് പോയതുകൊണ്ടുള്ള എതിര്‍പ്പായിരിക്കുമോ?

മലയാളത്തില്‍ ‘ആരാധന’,’സമഗ്രം’, എന്നീ പദങ്ങളുടെ അര്‍ത്ഥങ്ങളൊന്നും ഈ സുഹൃത്തുക്കള്‍ക്ക് അറിയാത്തത് കൊണ്ടായിരിക്കും പണ്ട് ഈ സുഹൃത്തുക്കള്‍ അതിന് വേണ്ടി ലക്ഷകണക്കിന് മണിക്കൂറുകള്‍ പാഴാക്കി കളഞ്ഞത്. ഒരു പത്ത് മിനുട്ടെടുത്ത് ഇത്തരം പദങ്ങളുടെ അര്‍ത്ഥമൊന്നു പഠിച്ചിരുന്നെങ്കില്‍, ഒരു പാട് സമയം അവര്‍ക്ക്, വല്ല നല്ല പ്രവൃത്തികള്‍ക്കും വേണ്ടി വിനിയോഗിക്കാമായിരുന്നു.

എന്നാല്‍ ഇപ്പോഴും അതേ തെറ്റു തന്നെ അവര്‍ ആവര്‍ത്തിച്ച് കൊണ്ടെയിരിക്കുന്നു. അത് കൊണ്ട് അവര്‍ കോഴികൊത്ത് മത്സരങ്ങളുമായി തന്നെ നടക്കട്ടെ. ഈ സുഹൃത്തുക്കള്‍ക്ക് വേണ്ടി പാഴാക്കികളയാന്‍ വേണ്ടി മാത്രം നമ്മുടെ കയ്യില്‍ എവിടെ സമയം?

Noushad Vadakkel പറഞ്ഞു...

@ ലതീഫ്‌ മാസ്റെര്‍

സമ്മതിച്ചിരിക്കുന്നു ...
വളച്ചൊടിക്കുവാനും ,തെട്ടിദ്ധരിപ്പിക്കുവാനുമുള്ള താങ്കളുടെ കഴിവിനെ ...
സ്വയം നിര്‍ണ്ണയാവകാശമുള്ള ഒരു യഥാര്‍ത്ഥ മുസ്ലിം സമൂഹം ഇസ്ലാമികമായ ഒരു രാഷ്ട്ര ഘടന നിലവില്‍ വരുത്താന്‍ ബാദ്ധ്യസ്തമാണെന്ന കാര്യത്തില്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുന്ന മുസ്ലിംകള്‍ക്കിടയില്‍ തര്‍ക്കമില്ല . അങ്ങനെ നോക്കുമ്പോള്‍ എം എം അക്ബര്‍ പറഞ്ഞതിനോട് യോജിക്കാം. .എന്നാല്‍ മുസ്ലിംകള്‍ താരതമ്യേന ന്യുനപക്ഷമായ ഇന്ത്യയില്‍ ജീവിക്കുന്ന മുസ്ലിംകളുടെ പ്രഥമ ലക്‌ഷ്യം എന്താണെന്ന് പ്രബോധനം തന്നെ പറയുന്നു .
"പ്രവാചകന്റെ പാത പിന്‍പറ്റി ആധുനിക ലോകത്തും ദൈവിക പരമാധികാരത്തിലധിഷ്ടിതമായ ഒരു രാഷ്ട്രം സ്ഥാപിക്കുകയാവണം ആധുനിക മുസ്ലിമിന്റെയും പ്രധാന ലക്‌ഷ്യം"

(പ്രബോധനം വാരിക 1998 മാര്‍ച്ച്‌ 21 )

രണ്ടും തമ്മില്‍ വൈരുധ്യം കാണാത്തത് അന്ധമായ ഇസ്ലാഹി വിരോധമാണെന്ന് പറയേണ്ടതില്ലല്ലോ ?

CKLatheef പറഞ്ഞു...

പ്രിയ നൗഷാദ്,

എത്ര ദുര്‍ബലമാണ് താങ്കളുടെ വാദം. എത്ര തെറ്റായ ദുര്‍ഗ്രഹമായ വ്യാഖ്യാനമാണ് എം.എം. അക്ബറിന്റെ വ്യക്തമായ വാചകങ്ങള്‍ക്ക് താങ്കള്‍ നല്‍കിയത്. എന്താണീ സ്വയം നിര്‍ണയാവകാശമുള്ള യഥാര്‍ഥ മുസ്‌ലിം സമൂഹം അത് എങ്ങനെയാണ് നിലവില്‍ വരിക. ഏതായാലും അങ്ങനെ നിലവില്‍ വരുന്ന യഥാര്‍ഥമുസ്‌ലിം സമൂഹത്തിന് രാജ്യഭരണത്തിന് പറ്റിയ ഒരു ദര്‍ശനമാണ് തങ്ങളുടെ പക്കലുള്ളതെന്ന ബോധം ഉണ്ടാകുമല്ലോ. അത്രയും സമ്മതിച്ചതിന് നന്ദി. ഇനി അങ്ങനെ ഒരു സമൂഹം നിലവില്‍ വരാന്‍ പണിയെടുക്കേണ്ടത് ആര്. അങ്ങനെ പണിയെടുക്കുമ്പോള്‍ രാജ്യം ഭരിക്കാന്‍ കൊള്ളാവുന്ന ഒരു വ്യവസ്ഥ തങ്ങളുടെ പക്കലുണ്ടെന്ന വിവരം രഹസ്യമാക്കി സൂക്ഷിക്കണോ. അത് പറഞ്ഞാല്‍ നിലവില്‍ രാജ്യദ്രോഹമാകുമോ. ആകുമെങ്കില്‍ എങ്ങനെ.

അപ്പോള്‍ അക്ബര്‍ പറഞ്ഞതിത് ശരിയാവാന്‍ താങ്കള്‍ വെച്ച നിബന്ധനയാണ് അത് പറയുമ്പോള്‍ സ്വയം നിര്‍ണയാവകാശമുള്ള ഒരു യഥാര്‍ഥ മുസ്ലിം സമൂഹം നിലവില്‍ വരണമെന്നത് അല്ലേ. അക്ബറിന്റെ വാക്കുകളില്‍ അങ്ങനെ ഒരു നിബന്ധന ഞങ്ങള്‍ക്ക് കാണാനാവുന്നില്ല. പിന്നെ പ്രബോധനത്തില്‍ വന്ന ഒരു വാചകത്തോട് നിങ്ങള്‍ പറഞ്ഞത് വൈരുദ്ധ്യം വരുന്നു എന്ന കാര്യമാണ്. പ്രബോധനം അതിനും മുമ്പും ശേഷവും എന്ത് പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ അതേ കുറിച്ച് അഭിപ്രായം പറയാന്‍ കഴിയൂ. അല്ലെങ്കിലും ആ ഒരു വാചകത്തില്‍നിന്നല്ല ജമാഅത്ത് അതിന്റെ ലക്ഷ്യം തീരുമാനിക്കുന്നത് അത് ഭരണഘടനയനുസരിച്ചാണ് ആ ഭരണഘടന ഖുര്‍ആനും പ്രവാചക ചര്യയും മുന്നില്‍ വെച്ച് നിര്‍മിച്ചതാണ്. അതില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ മടക്കേണ്ടത് പ്രബോധനത്തിലേക്കല്ല. ഖുര്‍ആനിലേക്കും നബിചര്യയിലേക്കുമാണ്.

ഇടക്കിടക്ക് ഇസ്‌ലാഹി വിരോധം, വളച്ചൊടിക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍,... തുടങ്ങിയവ ഉപയോഗിച്ചാല്‍ അത് നോക്കി വിലയിരുത്തുന്ന ഖൗമല്ല ഇതിന്റെ വായനക്കാര്‍ എന്ന് കൂടെകൂടെ താങ്കളെ ഓര്‍മിപ്പിക്കേണ്ടി വരുന്നതിലെ പ്രയാസം നിങ്ങള്‍ മനസ്സിലാക്കുമെന്ന് കരുതുന്നു.

ഏതായാലും താഴെ നല്‍കിയ അക്ബറിന്റെ വാചകങ്ങള്‍ ഏത് നിബന്ധനയോടെയാണ് താങ്കള്‍ അംഗീകരിക്കുക എന്നു കൂടി പറയുക.

'ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്നു മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൗഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്നു സെക്യൂലരിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും അരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യൂലരിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ ഏല്ലാ മേഖലകളെയും ദൈവിക ബോധന പ്രകാരം പരിവര്‍ത്തിപ്പിക്കുയാണ് മതമെന്ന ഇസ്‌ലാമിക സങ്കല്‍പം ഒരു തരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍ക്കരണത്തിന്റെ പേരിലുള്ള സാംസ്‌കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൗന്ദര്യ പ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ മാര്‍ക്കറ്റിനെ സ്‌നിഗ്ധമാകകാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്‌ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് സ്വതന്ത്ര വിപണി നിലനില്‍ക്കുന്നതുതന്നെ. ഇവടുയെയെല്ലാം നേരെ ഇസ്‌ലാം പുറം തിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യൂലരിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കാന്‍ ഉള്ളത് ഇസ്‌ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയം.'
(എം.എം അക്ബര്‍ (നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍) തന്റെ മുഹമ്മദ് നബിയെ അറിയുകെ നബിനിന്ദകരെയും എന്ന പുസ്തകം പേജ് 42, 43)

ഉദ്ധരണം: പ്രബോധനം, 2010 മെയ് 29, പേജ് 30

CKLatheef പറഞ്ഞു...

@കൂതറ

ജനാധിപത്യത്തോട് താത്വികമായി യോജിക്കാനാവില്ല എന്ന് ജമാഅത്ത് പറഞ്ഞിട്ടില്ല. ജനാധിപത്യത്തിന്റെ ഭൂരിപക്ഷാഭിപ്രായം തെറ്റും ശരിയും ധാര്‍മികതയും സദാചാരവും മാറിമറിയുന്ന നിയമനിര്‍മാണത്തോട് താത്വികമായി വിയോജിപ്പുണ്ട് എന്നാണ് പറഞ്ഞത്. അതിനോട് വിയോജിക്കാനുള്ള നിങ്ങളുടെ അവകാശവും കൂടിചേരുമ്പോഴാണ് ഇന്ത്യയുടെ മതേതരജനാധിപത്യം തിളക്കമുള്ളതാകുന്നത്. അല്ലാതെ ഒരു ദര്‍ശനത്തെ ചിലര്‍ കേവലമതമെന്ന് തെറ്റിദ്ധരിച്ചതിനാല്‍ അതിന്റെ വാദങ്ങള്‍ പരിശോധനപോലും അര്‍ഹിക്കാതെ തള്ളികളയേണ്ടതാണെന്നും മതസാമൂഹികത അപകടകരമാണെന്നുമുള്ള ദേശീയ അന്ധവിശ്വാസത്തിന് മതേതരത്വത്തിന്റെ ജീവവായുവാകാന്‍ പ്രയാസമാണ്.

CKLatheef പറഞ്ഞു...

>>> ആദ്യം ഒരു നന്ദി പറയട്ടെ,ലത്തീഫിന്റെ മറ്റു പോസ്റ്റുകളേക്കാള്‍ ഇതിന് അല്പം വിവേകമുണ്ട്! ഞാന്‍ മുഴുവനും വായിച്ചു. :) <<<

ഇതിന് മുമ്പുള്ള എന്റെ ദശക്കണക്കിന് പോസ്റ്റുകള്‍ വിവേകമില്ലാതെ പോയത് കൂതറക്കും എനിക്കുമറിയുന്ന കാരണങ്ങളാലാണ് എന്ന കാര്യം ഇവിടെ പുതുതായി വരുന്ന അധികപേര്‍ക്കും അറിയാനിടയില്ല.:) ഇതിലെങ്കിലും അല്‍പം വിവേകമുണ്ടെന്ന് പറഞ്ഞതിന് നന്ദി പറയുന്നു.

അപ്പോള്‍ ഇതുവരെ താങ്കള്‍ അഭിപ്രായം പറഞ്ഞിരുന്നത് പോസ്റ്റ് മുഴുവന്‍ വായിക്കാതെയായിരുന്നു എന്ന് എന്റെ ധാരണ തെറ്റിയിട്ടില്ല. അത് തുറന്ന് പറഞ്ഞതിനും നന്ദി.:)

CKLatheef പറഞ്ഞു...

പ്രിയ ശ്രദ്ധേയന്‍ അഭിപ്രായം നല്‍കിയതിന് നന്ദി.

കൂതറക്കും, നൗഷാദിനും, ചിന്തകനും ചര്‍ചയില്‍ പങ്കെടുത്തതിന് നന്ദി.

ബിച്ചു പറഞ്ഞു...

നന്ദി ലതീഫ്, വളരെ മയത്തിലാണ് എഴുതിയിട്ടുള്ളത്. ഒന്നുകൂടി മയപ്പെടുത്തൂ. ലേഖനത്തിന്റെ ദൈര്‍ഘ്യ്‌വും കുറച്ചാല്‍ നന്നായി.എങ്കിലേ നമ്മുടെ സുഹ്ര് ത്തുക്കള്‍ക്ക് മനസ്സിലാവുകയുള്ളൂ.. ചിന്തിക്കുന്ന ഒരുപാടുപേര്‍ അവിടെയുണ്ടു. നന്മയില്‍ കൈകോര്‍ക്കാം. നമുക്ക്. ദൈവം സഹായിക്കട്ടെ

CKLatheef പറഞ്ഞു...

@ബിച്ചു

ഇതാണ് ജമാഅത്ത് പ്രവര്‍ത്തകരും മുജാഹിദ് പ്രവര്‍ത്തകരും ആരോപണത്തില്‍ കാണിക്കുന്ന വ്യതിരിക്തത എന്ന് തോന്നുന്നു. ഇവിടെ എനിക്ക് കഴിയാവുന്ന വിധമൊക്കെ മയപ്പെടുത്തിയിട്ടും ഇനിയും മയപ്പെടുത്തണമെന്നാണ് സുഹൃത്ത് ആവശ്യപ്പെടുന്നത്. എന്നാല്‍ എത്ര രൂക്ഷമായ ശൈലി ഉപയോഗിക്കുന്നുവോ അത്രയും നേതാക്കളുടെ ഡിമാന്റ് വര്‍ദ്ധിക്കുന്ന ഒരു അവസ്ഥയാണ് സലഫി പ്രസ്ഥാനം അണികളില്‍ വളര്‍ത്തിയിട്ടുള്ളതെന്നാണ് എന്റെ നിഗമനം. മുഴുവന്‍ സംവാദങ്ങളിലും എതിരാളി തോറ്റങ്കില്‍ മാത്രം സംതൃപ്തമാകുന്ന ശൈലിയും അവര്‍ കൊണ്ടുനടക്കുന്നു. അപ്പോള്‍ സംവാദത്തില്‍ പിന്നിലായാലോ. അപ്പോള്‍ ജയിച്ചു എന്ന് വരുത്തണം. ബ്ലോഗിലെ സംവാദത്തില്‍ പോലും പ്രതിയോഗികള്‍ ഉരുണ്ടുവീണു എന്നൊക്കെ പറയുന്നത് അതിന്റെ പേരിലാണ്. ഇടക്ക് ഇങ്ങനെ പറയേണ്ടിവരുന്നത് ബ്ലോഗിലെങ്കിലും പഴയ നിലപാടില്‍ നിന്ന് ചില മാറ്റങ്ങള്‍ പ്രതീക്ഷിച്ചാണ്. അഭിപ്രായത്തിന് നന്ദി.

Noushad Vadakkel പറഞ്ഞു...

@ പ്രിയപ്പെട്ട ലതീഫ്‌ മാസ്റെര്‍ .
താങ്കളോട് വ്യക്തിപരമായി യാതൊരു വിരോധവും എനിക്കുണ്ടാകേണ്ട കാര്യമില്ല . അക്ബര്‍ പറഞ്ഞത് തന്നെയാണ് എന്റെയും കാഴ്ചപ്പാട് .ഇസ്ലാമില്‍ രാഷ്ട്രീയമുണ്ട് എന്ന് തന്നെയാണ് ഇസ്ലാഹി പണ്ഡിതര്‍ പറഞ്ഞിട്ടുള്ളതും ,പ്രബോധനം ചെയ്തിട്ടുള്ളതും . എന്നാല്‍ ജമാഅത്തെ ഇസ്ലാമി വാദിക്കുന്നത് പോലെ രാഷ്ട്രീയമാണ് മുഖ്യം എന്നത് അന്ഗീകരിക്കാനാവില്ല .
മുസ്ലിംകള്‍ ന്യുന പക്ഷമായ ഇന്ത്യയില്‍ , അതും തൌഹീദില്‍ പിഴവ് വന്നവര്‍ ബഹു ഭൂരിപക്ഷമായിരിക്കെ അവരോട് ആദ്യം പറയേണ്ടത് ഇസ്ലാമിക രാഷ്ട്രത്തെ കുറിച്ചല്ല . മാത്രവുമല്ല ഇന്ത്യന്‍ ഭരണഘടനക്കോ ,ഭരണകൂടതിനോ ഇസ്ലാഹി പ്രസ്ഥാനം ദൈവികമായ പരമാധികാരം ഉണ്ടെന്നു അംഗീകരിക്കുന്നില്ല .ഭരണകൂടത്തിന്റെ നിയമങ്ങള്‍ ഇസ്ലാമിന് എതിരാണെങ്കില്‍ അനുസരിക്കരുത് എന്ന്നാണ് ഇസ്ലാഹി പ്രസ്ഥാനം പ്രചരിപ്പിചിട്ടുള്ളത്. ( അങ്ങനെ ഇന്ത്യന്‍ ഭരണഘടനക്ക് വാദമില്ല എന്നുള്ളത് മറ്റൊരു സത്യം )ആരെങ്കിലും അനുസരിച്ചാല്‍ അത് ശിര്‍ക്കാനെന്നും ഇസ്ലാഹി പ്രസ്ഥാനത്തിന് വാദമുള്ളതായി എനിക്കറിയില്ല .

ഇതെല്ലാം സുവ്യക്തമായിരിക്കെ ഇസ്ലാഹി പ്രസ്ഥാനത്തിന് നേരെ വ്യാജ ആരോപണങ്ങള്‍ നടത്തിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി . വോട്ട് ചെയ്യല്‍ ഹറാമാണെന്ന ജമാഅത്തിന്റെ ഫത്വ കേരള മുസ്ലിംകളുടെ നവോത്വാനതിന്റെ ഗതിവേഗം കുറക്കുന്നതിനു കാരണമായിട്ടുണ്ട് . കുറച്ചു പണ്ഡിതന്മാര്‍ ഒരുമിച്ചു കൂടി ഹലാലും ഹറാമും തീരുമാനിച്ചാല്‍ അത് മുഴുവന്‍ മുസ്ലിംകളും അന്ഗീകരിക്കണമെന്നു ഇസ്ലാമില്‍ എവിടെയും പറഞ്ഞിട്ടില്ല . അങ്ങനെ പറയുന്നത് തെളിവ് ചോദിക്കാതെ അനുസരിച്ചാല്‍ അത് ശിര്ക്കാന്. മാത്രവുമല്ല അത്തരം വാദങ്ങളെ നേരിട്ട ഇസ്ലാഹി പണ്ഡിതന്മാര്‍ താഗൂതി നിയമങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന അല്ലാഹുവിന്റെ പരമാധികാരം അന്ഗീകരിക്കാത്ത 'രാഷ്ട്രീയ മുശ്രിക്കുകള്‍' ആണെന്നാണ്‌ ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിച്ചത് .

(അതിന്റെയൊക്കെ തെളിവുകള്‍ കഴിഞ്ഞ കുറെ ബ്ലോഗ്‌ പോസ്റ്റുകളില്‍ അങ്ങയുടെ ശ്രദ്ധയില്‍ പെടുതുകയുണ്ടായി .)

താന്കള്‍ ചോദിക്കുന്നു >>> എന്താണീ സ്വയം നിര്‍ണയാവകാശമുള്ള യഥാര്‍ഥ മുസ്‌ലിം സമൂഹം അത് എങ്ങനെയാണ് നിലവില്‍ വരിക. <<<

അത് അല്ലാഹുവാണ് തീരുമാനിക്കേണ്ടത് .ഒരു പ്രത്യേക അതിരിനുള്ളിലുള്ള ജനങ്ങള്‍ തങ്ങളുടെ ഭരണകൂടം എപ്രകാരമാണെന്ന് കൂട്ടായി തീരുമാനിക്കുംപോഴാന് അത് സംഭവിക്കുക.നമ്മോട് ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുവാന്‍ വേണ്ടി പണിയെടുക്കുവാനല്ല അല്ലാഹു പറഞ്ഞിട്ടുള്ളത് .അങ്ങനെ ഒരു ആഹ്വാനം പരിശുദ്ധ ഖുര്‍ആനില്‍ ഒരിടത്തും കാണിച്ചു തരുവാന്‍ കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു .അത് അല്ലാഹു പ്രബോധന ലക്ഷ്യമാക്കിയതായി തെളിയിക്കുവാനും സാധിക്കില്ല. മാത്രവുമല്ല പ്രവാചക ചര്യ ഹദീസുകളില്‍ നിന്നും വ്യക്തമായിരിക്കെ അതിനു വിരുദ്ധമായി ജമാഅത് പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുകയും ,അത് ഇസ്ലാഹി പ്രവര്‍ത്തകര്‍ ചൂണ്ടി കാണിച്ചാല്‍ ശാഖാപരം എന്ന് പറഞ്ഞു പുശ്ചിക്കുകയും ചെയ്യും . .സമയക്കുറവുണ്ട് കൂടുതല്‍ കാര്യങ്ങള്‍ വഴിയെ ...ഇന്ഷാ അല്ലാഹ് ...

CKLatheef പറഞ്ഞു...

പ്രിയ നൗഷാദ്,

താങ്കളുടെ ഈ കമന്റ് വ്യക്തമാണ് എന്റെ പ്രതികരണം ആവശ്യമില്ലാത്തവിധം. എങ്കിലും പ്രതികരിക്കുന്നത് ഞാന്‍ മനസ്സിലാക്കിയത് തന്നെയാണോ നിങ്ങള്‍ പറയാന്‍ ശ്രമിച്ചത് എന്നറിയാനാണ്. അക്ബറിന്റെ കാഴ്ചപാട് തന്നെയാണ് എന്റെയും കാഴ്പാട് എന്നുദ്ദേശിച്ചത് അക്ബര്‍ ഇവിടെ പരാമര്‍ശിച്ച മതേതരത്തെക്കുറിച്ചാണ് എന്ന് കരുതട്ടെ. എന്റെയും എന്ന് പറയുന്നതിന് പകരം എന്റെ പ്രസ്ഥാനത്തിന്റെയും എന്ന് പറയാന്‍ ഇപ്പോഴും ധൈര്യം പോരാ എന്ന് കരുതുന്നത് ശരിയാകുമോ. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ട് എന്ന് ഇസ്‌ലാഹി പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. അതിന് ഒരു വ്യക്തത ഉണ്ടായിരുന്നില്ല. ഇപ്പോഴും ഇല്ല എന്നവാദമേ ജമാഅത്ത് പ്രകടിപ്പിക്കുന്നതായി ഞാന്‍ കേട്ടിട്ടുള്ളൂ. എന്റെ അനുഭവവും അതാണ്. രാഷ്ട്രീയമാണ് മുഖ്യം എന്നുള്ളത് ജമാഅത്തിനെതിരെ സലഫികളുടെ ഒരു ആരോപണം മാത്രമാണ്. ജമാഅത്തിന്റെ ഏതെങ്കിലും ഒരു വാചകം മുറിച്ചെടുത്ത് നിങ്ങള്‍ അടിച്ചേല്‍പിച്ച ഒരു വാദം ഒരു ജമാഅത്ത് കാരനും അങ്ങനെ ചിന്തിക്കുന്നില്ല. എന്നാല്‍ ഇസ്‌ലാമില്‍ രാഷ്ട്രീയത്തിനുള്ള പ്രാധാന്യം ഒട്ടും അവഗണിക്കേണ്ട ഒന്നല്ല എന്ന കാഴ്ചപാട് വെച്ചുപുലര്‍ത്തുകയും ചെയ്യുന്നു. രാഷ്ട്രീയം ഇപ്പോള്‍ പറയേണ്ടതില്ല എന്നതാണ് നമ്മുടെ സംവാദത്തിലെ പ്രധാനപോയിന്റ് എന്നതലത്തിലേക്ക് താങ്കള്‍ ഇപ്പോള്‍ വന്നത് പോലെ എനിക്ക് താങ്കളുടെ കമന്റില്‍നിന്ന് അനുഭവപ്പെടുന്നു. എങ്കില്‍ ചര്‍ച നടക്കേണ്ടത് ഇങ്ങനെയായിരുന്നോ എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്. ഇസ്‌ലാമിനെ അവതരിപ്പിക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ സമ്പൂര്‍ണ പരിഹാരം എന്ന നിലക്കതന്നെ അവതരിപ്പിക്കപ്പെടണം അതല്ലാതെ അതിന്റെ ജീവിതവുമായി ബന്ധപ്പെട്ട സുപ്രധാന ഭാഗം മറച്ചുവെച്ച് അതിന്റെ ആത്മീയതമാത്രമാകരുത് എന്ന കാഴ്ചപ്പാടാണ് ജമാഅത്തിനുള്ളത്. നിങ്ങളാകട്ടെ അത് ആവശ്യം വരുമ്പോള്‍ പുറത്തിറക്കേണ്ടതാണ് എന്ന് പറയുമ്പോള്‍ അവിടെയാണ് ഒളിയജണ്ട കാണാനാകുന്നത് എന്നാരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താമോ.

മതേതരജനാധിപത്യത്തിന്റെ സ്വാഭാവമാണ് അത് നിയമം നിര്‍മിക്കുക ഭൂരിപക്ഷാടിസ്ഥാനത്തിലാണ് എന്നത്. ഇസ്‌ലാമില്‍ അത് ദൈവികമായ പരമാധികാരത്തില്‍ വരുന്നതാണ്. എന്നുവെച്ചാല്‍ രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഈ വ്യത്യാസം അറിഞ്ഞും അംഗീകരിച്ചും അതിനെ ഉള്‍കൊള്ളുക എന്നതാണ് സത്യസന്ധമായ സമീപനം. അതിനെ മതരാഷ്ട്രമായി ചിത്രീകരിച്ച് ഇസ്‌ലാമിന്റെ വളരെ അനുഗൃഹീതമായ ഈ വശത്തെ ഏറെ തെറ്റിദ്ധരിപ്പിക്കാനുള്ള മുജാഹിദ് പണ്ഡിതന്‍മാര്‍ എന്ന പറയുന്നചിലരുടെ ശ്രമം എത്രമാത്രം ഗൗരവമുള്ളതാണ് എന്ന് ചിന്തിച്ചുനോക്കൂ.

ജമാഅത്തിന്റെ രാഷ്ട്രീയമായ തീരുമാനങ്ങള്‍ തെറ്റായിരുന്നു എന്ന് പറയാന്‍ ഒരു ന്യായവും കാണുന്നില്ല. എന്നാല്‍ അത് അല്‍പം സാവകാശമായിപ്പോയി എന്ന പരാതി പരിഗണിച്ചാല്‍ തന്നെ അതിനുള്ള കാരണം സലഫി പ്രസ്ഥാനം ഇസ്‌ലാമിലെ ഈ യാഥാര്‍ഥ്യത്തെ അംഗീകരിക്കാന്‍ വിസമ്മതിച്ചതിന്റെ ഫലമായിരുന്നു. അതുമുഖേന ജമാഅത്തിന്റെ ശ്രമത്തിലെ മുഖ്യഭാഗം അതിന് മറുപടി പറയാന്‍ മാറ്റിവെക്കേണ്ടിവന്നു.

ഫത് വകള്‍ മതവിഷത്തിലാണ് ഉണ്ടാകുക. സലഫികള്‍ രാഷ്ട്രീയം മതത്തിന്റെ ഭാഗമായി കാണാന്‍ വിസമ്മതിച്ചതിനാല്‍ അക്കാര്യത്തില്‍ ഹറാമും ഹലാലും ഇല്ല എന്ന് കരുതി. ജമാഅത്തിന് രാഷ്ട്രീയം ഒരു ഇജ്തിഹാദ് ആവശ്യമുള്ള കാര്യമായി കണ്ടതിനാല്‍ വിവിധകാലങ്ങളില്‍ അതിലെ ഹലാലും ഹറാമും തിരിച്ച് ജനങ്ങളോട് പറയേണ്ടിവന്നു. അന്നത്തെ ജമാഅത്തിലെ പണ്ഡിത സമൂഹം എത്തിചേര്‍ന്ന ഇജ്തിഹാദില്‍ ഏതെങ്കിലും ഒന്ന് പിഴവാണെന്ന് തെളിയിക്കാന്‍ നിങ്ങളക്ക് സാധിച്ചാല്‍ തന്നെ പരമാവധി സംഭവിക്കുന്നത് ജമാഅത്തിന് രണ്ട് പ്രതിഫലങ്ങളില്‍ ഒന്ന് നഷ്ടപ്പെടും എന്ന് മാത്രമാണ്. (ഇജ്തിഹദില്‍ പിശകുപറ്റിയാല്‍ ഒരു പ്രതിഫലം എന്നറിയാമല്ലോ).

CKLatheef പറഞ്ഞു...

ഭൂരിപക്ഷം മുസ്്‌ലിംകളായ സമൂഹത്തിലെ ഇസ്്‌ലാമിക വ്യവസ്ഥ പുലരൂ എന്നത അബദ്ധം അംഗീകരിച്ചുതന്നെ പറയട്ടേ. സ്വയം നിര്‍ണയാവകാശമുള്ള യഥാര്‍ഥമുസ്ലിം സമൂഹം നിലവില്‍ വരുമോ ഇല്ലേ എന്നത് അല്ലാഹുവിന്റെ തീരുമാനമാണെങ്കിലും അതിന് വേണ്ടി പരിശ്രമിച്ച് ഒരു വിഭാഗം പണിയെടുക്കുമ്പോള്‍ മാത്രമേ അത്തരം സമൂഹം നിലവില്‍ വരൂ. ഇല്ലെങ്കില്‍ നിലവില്‍ വരുന്ന മുസ്‌ലിം സമൂഹം രാഷ്ട്രീയ കാര്യങ്ങളില്‍ ചിലപ്പോള്‍ മതനിഷേധപരമായ സെക്യൂലരിസം തന്നെ വാരിപുണരും. ചരിത്രത്തിലും നിലവിലെ സാഹചര്യത്തിലും അതിന് എമ്പാടും തെളിവുകളുണ്ട്.

ഇവിടെ ഇസ്‌ലാഹികള്‍ പ്രവാചകചര്യയില്‍നിന്ന് വളരെ മാറിയാണ് സഞ്ചരിക്കുന്നത് എന്ന് നിഷ്പ്രയായം വ്യക്തമാക്കിത്തരാന്‍ സാധിക്കും. ഇന്‍ഷാ അല്ലാഹ്.

CKLatheef പറഞ്ഞു...

M.M.Akbar said..

>>>ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്നു മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെ പൗഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്നു സെക്യൂലരിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും അരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യൂലരിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ ഏല്ലാ മേഖലകളെയും ദൈവിക ബോധന പ്രകാരം പരിവര്‍ത്തിപ്പിക്കുയാണ് മതമെന്ന ഇസ്‌ലാമിക സങ്കല്‍പം ഒരു തരത്തിലും രാജിയാവുന്നില്ല. <<<

ഇതേ കാഴ്ചപ്പാട് തന്നെയാണ് നൗഷാദിനുമുള്ളതെങ്കില്‍ എന്തിനാണ് സഹോദരാ മൗദൂദി പറഞ്ഞതിനെ നിങ്ങള്‍ വലിയ വിഷയമായി ആക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. അദ്ദേഹം പറഞ്ഞ് പാകിസ്ഥാനില്‍ വെച്ചായിട്ടും പറഞ്ഞത് മതവിരുദ്ധമായ സെക്യൂലരിസത്തെക്കുറിച്ചായിട്ടും. ആ ലോകപണ്ഡിതനെ ഭീകരവാദത്തിന്റെ മാസ്റ്റര്‍ ബ്രൈനായി പരസ്യമായി പ്രസംഗിക്കുന്ന നിങ്ങളുടെ നേതാക്കള്‍ ചെയ്യുന്ന തെറ്റിന്റെ ഗൗരവം മനസ്സിലാക്കാന്‍ കഴിയുന്ന ഒരുത്തനും സലഫികളിലില്ല എന്നതിനേക്കാള്‍ അത്ഭുതകരമായി മറ്റെന്താണുള്ളത്. ഇവരെങ്ങനെ പ്രവാചകന്റെ അനന്തരഗാമികളാകും.

CKLatheef പറഞ്ഞു...

നൗഷാദിന്റെ ബ്ലോഗില്‍ നല്‍കിയ ഒരു കമന്റ് ഞാനിവിടെ പേസ്റ്റുന്നു:

ഇസ്‌ലാമിലെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇസ്‌ലാഹി പ്രസ്ഥാനത്തിന്റെ നിലപാട് അറിയാന്‍ പഴയ ഗ്രന്ഥങ്ങളില്‍നിന്നുള്ള ഉദ്ധരണി നല്‍കിയതുകൊണ്ട് വലിയ കാര്യമില്ല. തീര്‍ത്തും വൈരുദ്ധ്യങ്ങളാണതിലുള്ളത്. അതുകൊണ്ടാണ് അവ വീണ്ടും വലിച്ചെടുത്ത് ചര്‍വിത ചര്‍വണം നടത്തേണ്ട എന്ന് കരുതി അവ നല്‍കാതിരുന്നത്. പക്ഷെ നിങ്ങള്‍ അവ നല്‍കാത്തതിനാല്‍ മാത്രം പിണങ്ങുന്നതില് എനിക്ക് പ്രയാസമുണ്ട്. അതുകൊണ്ട് താഴെ പറയുന്നവയില്‍ ഏതാണ് താങ്കളുടെ നിലപാട് എന്നറിഞ്ഞാല്‍ താങ്കളോടെങ്കിലും എനിക്ക് സംവദിക്കാമല്ലോ.

** മതവും രാഷ്ട്രീയവും പരസ്പര വിരുദ്ധം എന്ന് സൂചിപ്പിക്കുന്ന ഉദ്ധരണി.**

A. രാഷ്ട്രീയം ഭൗതിക നേട്ടത്തിനുള്ള പരിശ്രമവും മതം പരലോക വിജയത്തിനുല്ല അധ്വാനവുമാകുന്നു. അടിസ്ഥാനപരമായിത്തന്നെ മതവും രാഷ്ട്രീയവും ഇവിടെ വേര്‍ത്തിരിയുന്നു (സല്‍സബില്‍ പു. 7 ലക്കം 9 പേജ് 29)

** മതത്തില്‍ രാഷ്ട്രീയം പാടില്ലെങ്കില്‍ ഇസ്‌ലാം മതമേ അല്ലെന്ന് പറയുന്ന ഉദ്ധരണി.**

B. മതമെന്നതുകൊണ്ടുദ്ദേശിക്കുന്നത് വ്യക്തിപരമായ ജീവിതം മാത്രം ബാധിക്കുന്നതും രാഷ്ട്രീയ സാമൂഹിക സാമ്പത്തിക തുറകളില്‍ പ്രവേശനമില്ലാത്തതുമായ ഒരു സ്വകാര്യ പദ്ധതിയാണെങ്കില്‍ ആ അര്‍ഥത്തില്‍ ഇസ്്‌ലാം മതമല്ലെന്ന് തീര്‍ത്ത് പറയാം. (അല്‍മനാര്‍ പു. 12 വാള്യം 12 പേജ് 371)

** മതം രാഷ്ട്രീയമല്ല എന്ന് പറയുന്ന ഉദ്ധരണി **

A. പക്ഷെ മതം ഒരിക്കലും രാഷ്ട്രീയമല്ല രാഷ്ട്രീയം ഒരിക്കലും മതവുമല്ല. (സല്‍സബീല്‍ പു. 7 ലക്കം 1 പേജ് 27)

** രാഷ്ട്രമാണ് എന്ന് പറയുന്ന ഉദ്ധരണി. **

B. ഭൗതികവും ആത്മീയവും ഒത്തുചേര്‍ന്നുള്ള ഒരു രാഷ്ട്രമാണ് ഇസ്‌ലാം എന്നു മനസ്സിലാക്കണം (അല്‍ മുര്‍ഷിദ് ജില്‍ദ് 5 ലക്കം 3 ഭാഗം 84)

** ദീനില്‍ രാഷ്ട്രീയമില്ല എന്ന് പറയുന്ന ഉദ്ധരണി **

A. തൗഹീദിന്റെ വിശാലമായ അര്‍ഥകല്‍പനയില്‍ ഭരണവും ഉള്‍പെടുമായിരുന്നെങ്കില്‍ തീര്‍ച്ചയായും അണുഅളവ് തെറ്റാതെ കണിശവും സൂക്ഷമവുമായ നിയമ നിര്‍ദ്ദേശങ്ങള്‍ തിരുമേനി നല്‍കുമായിരുന്നു. പക്ഷെ ഭരണം ദുന്‍യാവിന്റെ കാര്യമായതിനാല്‍ അതതുകാലത്തെ ജനങ്ങള്‍ കൂടിയാലോചിച്ചു തീരുമാനിക്കട്ടെ. (സല്‍സബീല്‍ ഡിസം. 1986 പേജ് 16)

** ദീനില്‍ രാഷ്ട്രീയമുണ്ടെന്ന് പറയുന്ന ഉദ്ധരണി **

B. ഇസ്‌ലാമിന്റെ സാന്മാര്‍ഗിക ഖജനാവില്‍ ഐഹിക ഭരണമില്ലെന്ന് ആരെങ്കിലും സങ്കല്‍പിക്കുന്നുവെങ്കില്‍ ജനസേവനത്തിന്റെ അര്‍ദ്ധഭാഗത്തില്‍നിന്ന് ഒഴിഞ്ഞുമാറുന്നുവെന്നാണ് അതിന്റെ അര്‍ഥം. ഏതൊരു മുസ്‌ലിമിനും ഊഹിക്കുക പോലും സാധ്യമല്ലാത്തതും വാസ്തവവിരുദ്ധവുമായ ഒരു വ്‌സ്തുതയാണിത് ഇസ്ലാം ജീവിത്തിന്റെ ഇതര രംഗങ്ങളില്‍ ഏതുപ്രകാരം മനുഷ്യന് നിര്‍ദ്ദേശനല്‍കിയിരുന്നുവോ അതേ ക്രമത്തില്‍ അവന് ഐഹികക്രമത്തില്‍ കൂടിയും ലാകാരംഭം മുതല്‍ക്കേ രക്ഷ നല്‍കിയിരുന്നുവെന്നതാണ് വാസ്തവം (അല്‍മനാര്‍ പു 11 ലക്കം. 5, പേ 205)

** ഭരണം ദുനിയാവിന്റെ കാര്യമാണ് എന്ന് പറയുന്ന ഉദ്ധരണി **

A. ഭരണം ദുന്‍യാവിന്റെ കാര്യമാണ്. അതിനാല്‍ അതില്‍ പുതിയ രീതി കടത്തിക്കൂട്ടാം. മതകാര്യങ്ങളില്‍ പുതിയത് നിര്‍മിക്കാവതല്ലെന്ന് മാത്രം - മുജാഹിദുകള്‍ (സല്‍സബീല്‍ - ഡിസം. 1986 പേജ് 16)

** ഭരണം ദീനില്‍ അധിഷ്ഠിതമെന്ന് പറയുന്ന ഉദ്ധരണി **

B. സാക്ഷാല്‍ ദൈവം അവന്‍ തെരഞ്ഞെടുത്ത ദൂതന്‍മുഖേന മനുഷ്യന് അവതരിപ്പിച്ചുകൊടുത്തതാണ് അതായത് മതത്തിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതി. (അല്‍മനാര്‍ - പു. 14 വാള്യം 12 പേജ്. 325)

പ്രിയ നൗഷാദ്,

ഞാനെന്തെങ്കിലും വിധിതീര്‍പ്പിലെത്തുന്നില്ല. മുകളിലെ ഉദ്ധരണികള്‍ പരസ്പര വൈരുദ്ധ്യം പ്രത്യക്ഷത്തില്‍ കാണപ്പെടുന്നു. നിങ്ങള്‍ക്ക് അല്ലെന്ന് തോന്നുന്നെങ്കില്‍ അതിനപ്പുറവും ഇപ്പുറവുള്ളതുമെല്ലാം കണക്കിലെടുത്ത് വിശദീകരണം നല്‍കാം ഞാനത് സ്വീകരിക്കും. ഇതില്‍ 'A' വിഭാഗത്തില്‍ പെടുന്നത് ജമാഅത്തിന്റെ നിലപാടിനോട് എതിരായി നില്‍ക്കുന്നതും 'B' വിഭാഗത്തില്‍ പെടുന്നവ ജമാഅത്ത് യോജിക്കുകയും ചെയ്യുന്ന കാര്യമാണ്. അവയില്‍ വൈരുദ്ധ്യമില്ല എന്നാണെങ്കില്‍ അതില്‍ ഏതാണ് ശരിയായ നിലപാട് എന്ന് പറയുകയോ മൂന്നാമതൊന്ന് ശരിയാക്കി പറയുകയോ ചെയ്യുക. അതിന് ശേഷം നിങ്ങള്‍ക്ക് മടുത്തെങ്കില്‍ നമ്മുക്ക് കൈകൊടുത്ത് പിരിയാം. നന്മ നേരുന്നു.

Rash Vaz പറഞ്ഞു...

ഞാന്‍ ആദ്യമായാണ് ഈ ബ്ലോഗിലും അനുബന്ധ ബ്ലോഗുകളിലും വായനക്ക് എത്തുന്നത്. ഇങ്ങനെ ആരോഗ്യകരമായ ഒരു സംവാദം ഇവിടെ നടക്കുന്നുടെന്നറിഞ്ഞതില്‍ വളരെ സന്തോഷം. മാന്യമായ സംവാദന രീതികള്‍ 'നിരവധി സത്യന്യേഷകരെ' സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ധാരണകള്‍ വച്ചുപുലര്‍താതെയും സത്യം തിരിച്ചറിഞ്ഞാല്‍ അത് ആരു പരരുന്നതനെകിലും അന്ഗീകരിക്കനമെന്നുള്ള മനസ്സോടു കൂടെയും ഈ സംവാദങ്ങളില്‍ പങ്കെടുക്കുന്നത് ഉപകാരപ്രദമായിരിക്കും.

ഈ ചര്‍ച്ച തുടങ്ങിവച്ചവരും പങ്കെടുക്കുന്നവരുമായ എല്ലാവര്‍കും എന്റെ അഭിവാദ്യങ്ങള്‍.... സര്‍വശക്തനായ നാഥന്‍ നമുക്കെല്ലാവര്‍ക്കും നേര്‍മാര്‍ഗം കാണിച്ചു തരുമാറാകട്ടെ.... നന്ദി

Rash Vaz പറഞ്ഞു...

അക്ഷര തെറ്റുകള്‍ക് ക്ഷമ ചോദിക്കുന്നു... പരരുന്നതനെകിലും എന്നുള്ളത് പറയുന്നതെങ്കിലും എന്ന് തിരുത്തി വായിക്കുമെന്ന് പ്രതീഷിക്കുന്നു...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK