'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ജൂൺ 15, 2010

ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്ട്രീയം.

ജമാഅത്തെ ഇസ്‌ലാമി ഒറ്റപ്പെട്ട ഒരു സംഘടന എന്നത് കേരളം ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ വാക്കുകളാണ്. അതിനെക്കുറിച്ച് നാം കഴിഞ്ഞ പോസ്റ്റില്‍ കണ്ടുകഴിഞ്ഞു. അതിലുപരിയായി ആ പരാമര്‍ശത്തിന് അദ്ദേഹത്തെ പ്രേരിപ്പിച്ച വല്ല ഘടകവുമുണ്ടെങ്കില്‍ അതെന്തായിരിക്കും എന്ന അന്വേഷണമാണ് ഇവിടെ. ഇവിടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. അതിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുമ്പ് മുജാഹിദ് എന്നറിയപ്പെട്ടിരുന്ന വിഭാഗമാണ്. അവര്‍ക്ക് മാത്രമറിയുന്ന കാരണങ്ങളാല്‍ രണ്ടായിപിരിഞ്ഞ ശേഷവും ഇസ്‌ലാഹികളെന്നും സലഫികളെന്നും വിളികേള്‍ക്കാനിഷ്ടപ്പെടുന്ന ഈ വിഭാഗം തങ്ങളുടെ പഴയ ജമാഅത്ത് വിമര്‍ശനത്തില്‍ ഒരു കുറവും വരുത്തിയിട്ടില്ല. അതിന്റെ ഭാഗമായി അവരുന്നയിക്കുന്ന ആരോപണമാണ്. ഇസ്‌ലാമില്‍ രാഷ്ട്രീയമുണ്ടെങ്കിലും അതിന് വേണ്ടി പ്രത്യേകം പറയുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യേണ്ടതില്ല. ഇസ്‌ലാമില്‍ രാഷ്ട്രീയമില്ല എന്ന് ഒരു മുസ്ലിമും പറയില്ല. ഒരു മുസ്‌ലിം സംഘടനയും പറയില്ല. ഏതെങ്കിലും ഒരു ഇസ്ലാഹി പ്രവര്‍ത്തകനോ സുന്നി പ്രവര്‍ത്തകനോ തബ് ലീഗ് പ്രവര്‍ത്തകനോ ആ വാദമുണ്ടെങ്കില്‍ അത് ഇവിടെ തുറന്ന് പ്രഖ്യാപിക്കുക. ഈ നാല് വിഭാഗവും ചേര്‍ന്നാല്‍ (സൂക്ഷമതക്ക് വേണ്ടി ആറ് എന്ന് പറഞ്ഞാലും കുഴപ്പമില്ല) കേരള മുസ്‌ലിം സംഖ്യയുടെ മഹാഭൂരിപക്ഷമാകും. ഇനി അതിനപ്പുറമുള്ള തെക്കന്‍ കേരളത്തിലെ സംഘടനകള്‍ക്കും ഇസ്‌ലാമില്‍ രാഷ്ട്രീയമില്ല എന്ന് പറയാനുള്ള ധൈര്യം കാണില്ല.


പക്ഷെ ഇസ്‌ലാമിലെ രാഷ്ട്രീയം അത് ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ടതാണ് എന്ന് ചിന്തിക്കുന്ന ഒരേ ഒരു വിഭാഗം ജമാഅത്തെ ഇസ്‌ലാമിയാണ്. തങ്ങളുടെ കൈവശം ഒരു മഹത്തായ രാഷ്ട്രീയ വീക്ഷണവും ജീവിത പദ്ധതിയും ഉണ്ടെന്നിരിക്കെ അത് മറച്ചുവെക്കേണ്ട ആവശ്യം ജമാഅത്തിന് ഇതേവരെ ബോധ്യപ്പെട്ടിട്ടില്ല. ഇന്ത്യന്‍ മതേതരജനാധിപത്യം അതിന് അനുവധിക്കുന്നില്ല എന്ന് മനസ്സിലാക്കിത്തരാനും ആര്‍ക്കും സാധിച്ചിട്ടില്ല. മാത്രമല്ല മതേതരത്വത്തോടുള്ള ശരിയായ പ്രതികരണം ഈ കാര്യങ്ങള്‍ ശരിയായ വിധം പ്രബോധനം ചെയ്യുന്നതാണ് എന്നത് മനസ്സിലാക്കുന്നു. ലോകജനതയോടുള്ള ശരിയായ ഗുണകാംക്ഷ ഈ സത്യം പൂഴ്തിവെക്കലല്ല അതിനെ തുറന്ന് പറയലാണ് എന്ന് അതിലെ ഓരോ പ്രവര്‍ത്തകനും നല്ല ബോധ്യമുണ്ട്.


ഇസ്‌ലാഹികളാണ് ജമാഅത്തിന്റെ രാഷ്ട്രീയ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത്. ബ്ലോഗിലും കടുത്ത വിമര്‍ശനം ആരംഭിച്ചുകഴിഞ്ഞു. ഇതുവരെ ഇമെയിലിലൂടെയായിരുന്നു അത് നടന്നിരുന്നത്. ബ്ലോഗിലുള്ള സൗകര്യം അപ്പപ്പോള്‍ പ്രതികരിക്കാനുള്ള അവസരമാണ്. അതിനാല്‍ അല്‍പം നിഷ്പക്ഷത പുലര്‍ത്തുന്നവര്‍ക്ക് കാര്യങ്ങള്‍ കുറെകൂടി എളുപ്പത്തില്‍ ഗ്രഹിക്കാം. മുജാഹിദുകള്‍ക്ക് രാഷ്ട്രീയ നിലപാടില്ലേ എന്ന ഒരു പോസ്റ്റില്‍ ഈ വിഷയകമായ സംവാദം ഇസ്‌ലാഹി പ്രസ്ഥാനം എന്ന ബ്ലോഗില്‍ നടക്കുകയുണ്ടായി. അതിന്റെ പ്രതികരണമാണിവിടെ. അവിടെ പറയേണ്ടത് ഇവിടെ പറയുകയല്ല. അവിടെ പറയേണ്ടതില്ലാത്തത് ഇവിടെ പറയുകയാണ് ലക്ഷ്യം. കൂട്ടത്തില്‍ ഇസ്‌ലാമിക രാഷ്ട്രീയം എന്നത് മൗദൂദിയുടെ ഒരു കണ്ടുപിടുത്തമെന്ന രൂപത്തില്‍ അവതരിപ്പിക്കുന്നതാണ് എന്ന തെറ്റിദ്ധാരണ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അത് തിരുത്തപ്പെടണമെന്നും ഈ പോസ്റ്റിലൂടെ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തില്‍ ഏത് കാര്യത്തിലാണ് ജമാഅത്ത് ഒറ്റപ്പെട്ട് നില്‍ക്കുന്നതെന്ന് ചോദിച്ചാല്‍ എനിക്കുള്ള ആകെ മറുപടി. ജമാഅത്തല്ലാത്ത പ്രസ്ഥാനങ്ങള്‍ ഇസ്‌ലാമിന്റെ രാഷ്ട്രീയവശം യഥാവിധി മനസ്സിലാക്കുയോ അതിനോട് പ്രായോഗികമായ ഒരു നിലപാട് സ്വീകരിക്കുകയോ ചെയ്തിട്ടില്ല എന്നതും. ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആരംഭം മുതല്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുകയും അതടക്കമുള്ള സമ്പൂര്‍ണ ഇസ്‌ലാമിനെ പ്രചരിപ്പിക്കുകയും ചെയ്യുന്നു എന്നതുമാണ്. തീര്‍ചയായും ജമാഅത്തെ ഇസ്‌ലാമി ഇവിടെ ഒറ്റപ്പെട്ടിരിക്കുന്നു. പക്ഷെ ഇസ്‌ലാമിന്റെ ഒരു ഭാഗം മറ്റുള്ളവര്‍ അവഗണിച്ചത് കൊണ്ടാണ് ഈ ഒറ്റപ്പെടല്‍ സംഭവിച്ചതെന്ന് അതുറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അല്ലെന്ന് തെളിയിക്കാന്‍ നേര്‍ക്ക് നേരെ അതിനോട് വിയോജിക്കുന്നവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.

ഇക്കാര്യത്തില്‍ ഇസ്‌ലാഹി പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതെന്താണെന്ന് നോക്കൂ. താഴെ വരികള്‍ ഇസ്‌ലാഹി പ്രവര്‍ത്തകനായ മുഹമ്മദ് യൂസുഫ് എന്ന് മൈപ്പിന്റെ വരികളാണ്:


ജമാഅത്തുകാരും മുജാഹിദുകളും തമ്മിലുള്ള പ്രധാന വ്യത്യാസം, ജമാഅത്തെ ഇസ്ലാമി പറയുന്നു, ഇസ്ലാം രാഷ്ട്രീയമാണ്, ഭരണമാണ് എന്നതും മുജാഹിദ് പറയുന്നത് മുകളിൽ സൂചിപ്പിച്ചത് പോലെ ഇസ്ലാം എന്നാൽ രാഷ്ട്രീയമോ ഭരണമോ അല്ല എന്നാൽ ഇസ്ലാമിൽ രാഷ്ട്രീയ ഭരണ നിയമങ്ങളുണ്ട് എന്നതുമാണ്. ഒന്ന് വിശദമാക്കിയാൽ, കച്ചവടം ദുനിയാവിന്റെ കാര്യമാണ്. എങ്കിലും അത് എങ്ങിനെയാകണം എങ്ങിനെ ആയിക്കൂടാ എന്ന കാര്യത്തിൽ ഇസ്ലാം നിയമങ്ങൾ വെച്ചിട്ടുണ്ട് എന്നത് പോലെ. കച്ചവടം നമസ്കാരം പോലെയുളള ഒരു മതകര്യമല്ല. നമസ്കാരം തുടങ്ങിയവ അല്ലാഹുവും അവന്റെ പ്രവാചകനും പഠിപ്പിച്ച രൂപത്തിലായിരിക്കണം കച്ചവടത്തിൽ പുതിയ മാറ്റങ്ങളും കൂട്ടിചേർക്കലുമൊക്കെ ആകാം. ഭരണത്തിന്റെ കാര്യവും ഇതിൽ നിന്നും വ്യത്യസ്തമല്ല. ഭരണ സംബന്ധമായി ഇസ്ലാം നിയമ നിർദേശങ്ങൾ വെച്ചിട്ടുണ്ടെങ്കിലും ഭരണ നിർവാഹണരീതിയിൽ നിയമ വിരുദ്ധമല്ലാത്ത പരിഷ്കാരങ്ങളും ആകാവുന്നതാണ്.

രാഷ്ട്രീയം പോലെ ഇനി ഭൌതികപരമായ ഏതൊരു വിഷയത്തിലും വ്യക്തമായ ഒരു രൂപ രേഖ വരച്ചുവെച്ചിട്ടുണ്ടെന്ന് അല്ലാഹുവോ തിരുനബി(സ)യോ പറഞ്ഞിട്ടില്ല. ആരോഗ്യത്തിന്റെ പ്രശ്നം, ശുദ്ധജല ഭക്ഷ്യവിതരണം, ഗതാഗത സംവിദാനങ്ങൾ എന്നിവ ഏതേത് രീതിയിൽ നടപ്പിലാക്കണമെന്ന് മാർഗരേഖയില്ല. എല്ലാ കാര്യത്തിലും ധർമമേത് അധർമമേത് എന്ന് പഠിപ്പിച്ച് കൊടുക്കാനാണ് പ്രവാചകന്മാർ നിയോഗിക്കപെട്ടത്.

maip said..(തുടര്‍ന്നുള്ള ചര്‍ചയില്‍ )

എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ വിശ്വസിക്കാനും പ്രവർത്തിക്കാനും പറഞ്ഞ കാര്യമത്രെ ദീൻ.. അതിൽ എല്ലാ സംഗതികളിലും നിയമമുണ്ട് എന്ന കാര്യം താങ്കൾ സമ്മതിക്കുമല്ലോ.

ഭരണം ഇസ്ലാം ദീനിൽ പെട്ട കാര്യം തന്നെയാകുന്നു. എന്നാൽ ഒരു വ്യക്തിയെ സംബന്ധിച്ചും ചില സമൂഹങ്ങളെ സംബന്ധിച്ചും എല്ലാ കാര്യങ്ങളും നിർബന്ധമായികൊള്ളണമെന്നില്ല. ഉദാ: സകാത്തും ഹജ്ജും. ഇസ്ലാമിൽ പഞ്ച സ്തംഭങ്ങളിൽ പെട്ടതാണെങ്കിലും അതിന്റെ പരിതിയിൽ വരുന്നവർക്ക് മാത്രമെ ഇവ ബാധകമാവൂ എന്നത് പോലെ തന്നെയാണ് ഭരണവും'.

മൈപ്പിന്റെ ഈ വാക്കുകളില്‍ വല്ല വൈരുദ്ധ്യവുമുണ്ടോ. ഈ പോസ്റ്റിന്റെ തുടക്കത്തിലും ഇസ്‌ലാമിലെ രാഷ്ട്രീയവും ഭരണവും ദുനിയാവിന്റെ കാര്യവും കൃഷിയെയും കച്ചവടത്തേയും പോലെ കണിഷമായ നിയമങ്ങളില്ലാത്ത ഭൗതിക കാര്യമായിരുന്നെങ്കില്‍ അവസാന കമന്റില്‍ അത് സകാത്തും ഹജ്ജും പോലെ ദീനില്‍പെട്ട കാര്യം തന്നെയായി മാറി. ഇത് താങ്കളുടെ പോസ്റ്റില്‍ പറഞ്ഞവക്കും പിന്നീട് കമന്റില്‍ അവര്‍ത്തിചവക്കും വിരുദ്ധമല്ലേ. ഇനി ഇതേകുറിച്ച് ചോദിച്ചാല്‍ വീണ്ടും കൃഷിയാണെന്ന് പറയും. അതാണോ എന്ന് ചോദിച്ചാല്‍ അല്ല ദീനില്‍ പെട്ട സകാത്തും ഹജ്ജും പോലെയാണെന്നും ഇപ്പോള്‍ സമയമാകാത്തതുകൊണ്ട് അതാരോടും മിണ്ടാന്‍ പാടില്ലെന്നുമുള്ള നയത്തിന്റെ പ്രശ്‌നം മാത്രമാകും.


മൈപ്പ് said..(ചര്‍ചയില്‍)

'ഞാനിവിടെ എത്രെ എഴുതിയിട്ടെന്ന് കാര്യം. കച്ചവടം ഏതായിരിക്കണമെന്ന് സുന്നത്തുണ്ടോ? നബി(സ)യുടെ കൂടെ നമസ്കരിച്ചവർ അങ്ങാടിയിലേക്ക് പോയി കച്ചവടത്തിലേർപെടുന്നവരുണ്ട്, കൃഷിയിടത്തിലേക്ക് പോകുന്നവരുണ്ട് അങ്ങിനെ വ്യത്യസ്ത മേഖലയിൽ ശ്രദ്ധിക്കുന്നവരുണ്ട്. ഇങ്ങിനെ പിരിഞ്ഞുപോയാൽ ഇസ്ലാമിന്റെ സംസ്ഥാപനം അപകടത്തിലാകുമെന്ന് ആരും കരുതുന്നില്ല. മദീനയിൽ വിവിധ മതക്കാർ സമാധാനപരമായി സഹവർത്തിക്കുന്നതിന് അനുയോജ്യമായ രാഷ്ട്രീയ സാഹചര്യം നില നിൽക്കാൻ വേണ്ടി വിവിധ വിഭാഗങ്ങളുമായി നബി(സ) കരാറിലേർപെട്ടിരുന്നു. ഇസ്ലാമിന്റെ സംസ്ഥാപനത്തിന് അത് സഹായകമാകുമെന്നല്ലാതെ ദോഷകരമാകുമെന്ന് ആരും കരുതിയിരുന്നില്ല. അത് പോലെ ഇന്ത്യയിൽ ഇസ്ലാമിന്റെയും മുസ്ലിംങ്ങളുടെയും നല്ല ഭാവിക്ക് അനുഗുണമാകുന്ന രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപെടുന്നത് ഖുർആനിനോ സുന്നത്തിനോ എതിരല്ല.' 
(പോസ്റ്റുകളില്‍ കാണപ്പെടുന്ന വാചകങ്ങളിലെ കനപ്പിക്കല്‍ എന്റെ വക.)

ഇത്രയും കാര്യങ്ങള്‍ എടുത്ത് പറഞ്ഞ ശേഷം ഇസ്‌ലാഹിബ്ലോഗില്‍ ഞാന്‍ നല്‍കിയ കമന്റ് ഇവിടെ ചേര്‍ക്കുന്നു. അതിങ്ങനെ വായിക്കുക:

'ഇതാ മൂന്നാമത്തെ മൈപ്പിന്റെ അഭിപ്രായം. ഇതില്‍ നിന്ന് നമ്മുക്ക് കച്ചവടം പോലെ സ്വന്തമായി തീരുമാനിക്കാവുന്ന കാര്യമാണ് രാഷ്ട്രീയം എന്ന് മനസ്സിലാകില്ല. (കച്ചവടം കൃഷി എന്നൊക്കെ പറയുന്നുണ്ടെങ്കിലും) എന്നാല്‍ സകാത്ത് പോലെയും ഹജ്ജ് പോലെയും ദീനിന്റെ സമയമാകുമ്പോള്‍ മാത്രം ചെയ്യേണ്ട മതകാര്യമായും മനസ്സിലാകില്ല. ഇവിടെ നിന്ന് മനസ്സിലാകുക. ഇപ്പോള്‍ തന്നെ പരിഗണനീയമമായ ദീനിന്റെ കാര്യമായി തന്നെയാണ്. ജമാഅത്ത് ചിന്തിക്കുന്നത് പോലെ. പക്ഷെ അത് നടപ്പിലാക്കേണ്ടത് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന് ഇസ്ലാമിനും മുസ്‌ലിംകളുടെയും അനുഗുണമായ രൂപം സ്വീകരിക്കുകയാണ്.


ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുമായി അകെയുള്ള വ്യത്യാസം നിലപാടുമായി മാത്രം ബന്ധപ്പെട്ടതാണ്. തത്വം ഒന്നു തന്നെ ഞാനീ പറഞ്ഞ രണ്ട് കമന്റിന്റെ വ്യാഖ്യാനം ലഭിച്ചിട്ട് മറുപടി പറഞ്ഞാലെ ശരിയാവൂ. അതിനാല്‍ വ്യക്തതവരുത്തുക.'

ഇതുമായി ബന്ധപ്പെട്ട് ജമാഅത്തും മുജാഹിദ് പ്രസ്ഥാനവും ഒരു പാട് ചര്‍ചകള്‍ നടത്തിയിട്ടുണ്ട്. അവ മുഴുവന്‍ ബ്ലോഗിലും പകര്‍ത്തിവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അന്ന് നടന്ന ചര്‍ചയില്‍ രണ്ടുവശവും ഗ്രഹിച്ചിട്ട് രണ്ടുവിഭാഗത്തിനും ഉണ്ടായിട്ടുള്ള പുതിയ അഭിപ്രായങ്ങള്‍ പറയട്ടെ എന്ന് കരുതിയാണ് മുന്‍കാല ഉദ്ധരണികള്‍ ഒഴിവാക്കിയത്. എന്നാല്‍ ഇത് ഒരു രക്ഷപ്പെടലായിട്ടും വിഷയം മാറ്റലുമായിട്ടാണ് ഇസ്‌ലാഹികള്‍ കരുതുന്നത്. അതുകൊണ്ട് വളരെ പ്രസക്തമായ ഈ ആവശ്യത്തോട് അവര്‍ വേണ്ടവിധം പ്രതികരിക്കാതെ ആശയക്കുഴപ്പത്തില്‍ കിടന്ന് ഉരുളുകയാണ്. തര്‍ക്കമുള്ള വിഷയത്തില്‍ ഖുര്‍ആനും സുന്നത്തും എന്ന സമീപനം അവര്‍ തീരെ സ്വീകരിക്കാന്‍ ഈ വിഷയത്തില്‍ അവര്‍ താല്‍പര്യമെടുക്കുന്നില്ല. ഇക്കാര്യത്തില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിനും മറ്റുരണ്ട് മുജാഹിദ് സംഘടനകള്‍ക്കും ഒരു ധാരണയില്‍ എത്താന്‍ കഴിഞ്ഞാല്‍ അത് ഈ സംഘടനകള്‍ക്ക് മാത്രമല്ല. കേരളത്തിലെ ജനങ്ങള്‍ക്ക് തന്നെയും ഏറെ സൗകര്യമാകും. അത് അംഗീകരിക്കാന്‍ പ്രയാമുണ്ടെങ്കില്‍ ഇത്തരം ചര്‍ചകള്‍ പൊതുസ്റ്റേജില്‍നിന്നും ബ്ലോഗില്‍നിന്നും ഒഴിവാക്കാമല്ലോ. അതിന് ഇസ്‌ലാഹി സുഹൃത്തുക്കള്‍ സന്നദ്ധമാണോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

അവരുടെ മുന്ന് ഉദ്ധരണികളും (കളറില്‍) കണിശമായ ചര്‍ച അര്‍ഹിക്കുന്നതാണ്(ചര്ചപിന്നീട് വരും) ഇതുതന്നെയാണ് ഇതുവരെയായി മുജാഹിദ് പണ്ഡിതന്‍മാര്‍ പറഞ്ഞതിന്റെ ചുരുക്കമാണത്. വൈരുദ്ധ്യം മാത്രമല്ല അതിലെ പ്രശ്‌നം വ്യക്തമായ നിലപാടില്ലായ്മയാണ്-ഇസ്‌ലമിന്റ സാകല്യത്തെക്കുറിച്ചടക്കം. അതോടൊപ്പം അവര്‍ ജമാഅത്തിന്റെ നിലപാടുകളും ലക്ഷ്യവുമായി പറയുന്നത് തികച്ചും തെറ്റാണ്. എത്ര വിശദീകരിച്ചിട്ടും തിരുത്തിയിട്ടും അതില്‍നിന്ന് വിട്ട് അവര്‍ ഗ്രഹിക്കുന്നില്ല. അതംഗീകരിക്കാന്‍ പിശാച് അവരെ അനുവദിക്കുന്നില്ല എന്ന് പറയുന്നതാകും കൂടുതല്‍ ശരി. അതംഗീകരിക്കുന്നതോടെ ജമാഅത്തിനെ എതിര്‍ക്കാനുള്ള പിടിവള്ളി നഷ്ടപ്പെടും. അതോടെ ജമാഅത്തിലേക്ക് ഇസ്‌ലാഹി പ്രവര്‍ത്തകരുടെ കുത്തൊഴുക്കായിരിക്കും അതിനാല്‍ ജമാഅത്തിന് മേല്‍ ഇല്ലാത്ത വാദങ്ങള്‍ ആരോപിച്ച് ഈ പ്രസ്ഥാനത്തെ ഭയപ്പെടുത്തല്‍ ഇസ്‌ലാമികമെന്നതിനേക്കാള്‍ സംഘടനാ താല്‍പര്യമാണ്.

പറഞ്ഞു...

ഇദ്ദുനിയാവിന്റെ ഒരു മൂലയ്ക്ക് ഇത്തിരിപ്പോന്നോരു കേരളത്തില്‍ മാത്രം ഇത്രേം മുസ്ലീം സംഘടനകള്‍ വര്‍ഷങ്ങളായി ഒരു കാര്യത്തില്‍ തമ്മിലടിക്കുന്നു,ഇതൊന്നു തീര്‍പ്പാക്കാന്‍ പറ്റിയ വകുപ്പൊന്നും ഖുര്‍ ആനിലില്ലേ ലത്തീഫെ? കഷ്ടം! മറ്റൊരു മതവും ഗ്രന്ഥവും സമഗ്രവും സമ്പൂര്‍ണ്ണവുമല്ലെന്ന് അവകാശപ്പെടുകയും അതേസമയംതന്നെ അതേ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നവര്‍ പരസ്പരം കലഹിക്കുകയും ചെയ്യുന്ന വൈചിത്ര്യം ലത്തീഫിനെ ഒട്ടും ചിന്തിപ്പിക്കുന്നില്ലേ ?

CKLatheef പറഞ്ഞു...

എന്റെ ബ്ലോഗിന്റെ ആരംഭം മുതല്‍ കാണുന്നതാണ് താങ്കളെ മിക്കവാറും എന്റെ പോസ്റ്റുകളല്ലാം വായിച്ചിട്ടുണ്ടാകും എന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷെ തലക്കെട്ടും കമന്റ് ബോക്‌സും മാത്രമേ കാണുന്നുണ്ടോവൂ. നിങ്ങളെ പോലുള്ളവരും അല്ലാഹുവിന്റെ സൃഷ്ടികള്‍തന്നെ. കാര്യങ്ങള്‍ ഉള്‍കൊള്ളാനും കുതര്‍ക്കത്തിനും പറ്റുന്ന വിധമാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. താങ്കളെ പോലുള്ളവര്‍ക്ക് ദൈവമോ ഇസ്്‌ലാമോ ഖുര്‍ആനോ ഒന്നും സത്യമായി തോന്നിയില്ല. ചിലര്‍ക്ക് ദൈവമുണ്ടെന്ന് തോന്നിയെങ്കിലും വിശുദ്ധഖുര്‍ആന്‍ മനുഷ്യരുണ്ടാക്കിയതാണെന്ന് തോന്നി. ചിലര്‍ ദൈവത്തെയും പ്രവചാകനെയും വിശുദ്ധ ഗ്രന്ഥത്തെയും വിശ്വസിച്ചംഗീകരിച്ചു. എന്നാല്‍ തങ്ങള്‍ക്കിടയിലുള്ള പ്രശ്‌നത്തിന് അത് പോരാ എന്ന് തോന്നി. എല്ലാവരുടെയും മടക്കം ദൈവത്തിങ്കലേക്കാണ്. കണക്കുനോക്കാന്‍ അവന്‍ തന്നെ മതിയായവനത്രേ.

ഇത്രയൊക്കെ മാത്രമേ ഞാനോ മറ്റുള്ളവരോ വിചാരിക്കുന്നുള്ളൂ. ദൈവത്തിന്റെ ശരിയായ സന്ദേശം വലിയ അനുഗ്രഹമാണ്. അത് ആഗ്രഹിക്കുന്നവന് നല്‍കുക. എന്നതാണ് ദൈവത്തിന്റെ നടപടിക്രമം.

ഇതാണ് എന്റെ ചിന്ത. നിങ്ങള്‍ക്ക് ശക്തിയായി വിയോജിച്ചാലും.

അജ്ഞാതന്‍ പറഞ്ഞു...

ശരിയാണ്‌.ഗാന്ധിജിയുടെയും ആസാദിന്റെയും കോൺഗ്രസിൽ ചേരുന്നത്‌ അന്ന് ശിർക്കായിരുന്നു.എന്തിന്‌ അല്ലാമാ ഇക്ബാൽ നേതവായിരുന്ന ലീഗിൽ ചേരുന്നതും ശിർക്കായിരുന്നു.അവ രണ്ടും പാശ്ചാത്യ മതേതരസംഘടനയായിരുന്നോ?ഇന്ത്യൻ മതേതരത്വം അമേരിക്കൻ ബ്രിട്ടീഷ്‌ മതേതതരത്വങ്ങളേക്കാൾ മതത്തിൽനിന്ന് അകലം പാലിക്കുന്നതാണ്‌ എന്നല്ലേ മനസ്സിലാക്കേണ്ടത്‌?

ഇന്ത്യൻ മതേതതരത്വം ശിർക്കല്ലെങ്കിൽ അതിലധിഷ്ഠിതമായ കോൺഗ്രസ്സും ലീഗുമൊക്കെ ശിക്കാകുമോ? ഇന്ത്യൻ മതേതരത്വം അംഗീകരിക്കുന്ന ജമാ-അത്ത്കാരനും കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന ഇസ്ലാംവിശ്വാസിയും തമ്മിൽ എന്ത്‌ വ്യത്യാസം?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK