'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ഞായറാഴ്‌ച, ജൂലൈ 18, 2010

കൈവെട്ടിയതിനു പ്രചോദകം മൗദൂദി ?

ജമാഅത്ത് ഇസ്ലാമി ഒരു ബാധയായി തീര്‍ന്ന ചില ബുജികളും എഴുത്തുകാരുമുണ്ട് കേരളത്തില്‍ ചിലര്‍ ബൂലോകത്തും സജീവമാണ്. എന്ത് അനിഷ്ടകരമായ സംഭവങ്ങളെയും എങ്ങനെ ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധിപ്പിക്കാം എന്നവര്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കും. അതിലൊരാളാണ് മുഹമ്മദാലി എന്ന മുസ്‌ലിം നാമധാരിയായ, മതമില്ലെന്നതില്‍ അഭിമാനിക്കുന്ന മാര്‍കിസ്റ്റുകാരന്‍. ഈ പ്രശ്‌നവും അദ്ദേഹം ജമാഅത്തുമായി ചേര്‍ത്തുകെട്ടുന്നു. ജമാഅത്ത് എന്ന് പറയാന്‍ മനസ്സ് വിശാലമല്ലാത്തതുകൊണ്ടാകാം, അതല്ലെങ്കില്‍ ആക്ഷേപിക്കാന്‍ നല്ലത് മൗദൂദിസ്റ്റ് ആണ് എന്ന് മനശാസ്ത്രപരമായി അദ്ദേഹം കണ്ടെത്തിയതുകൊണ്ടായിരിക്കാം, സാധാരണയായി മൗദൂദിസ്റ്റ് എന്ന് പറഞ്ഞാലെ അദ്ദേഹത്തിന് തൃപ്തിവരൂ. അദ്ദേഹത്തിന്റെ ലേഖനത്തിലേക്ക് പോകുന്നതിന് മുമ്പ് നമ്മുക്ക് ഈ വിഷയകമായി ജമാഅത്തെ ഇസ്‌ലാമിക്ക് ഔദ്യോഗികമായി പറയാനുള്ളതെന്തെന്ന് കേള്‍ക്കാം. അതിനായി പ്രബോധനം വാരികയുടെ എഡിറ്റോറിയല്‍ (2010 ജൂലൈ 17) വായിക്കുക:
{{{ കഴിഞ്ഞ മാര്‍ച്ചില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ അധ്യാപകന്‍ ടി.ജെ ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ മുഹമ്മദ് നബിയെ നിന്ദിച്ചത് മുസ്‌ലിം സമുദായത്തില്‍ വലുതായ വേദനയും പ്രതിഷേധവും ഉളവാക്കിയത് സ്വാഭാവികമായിരുന്നു. വാസ്തവത്തില്‍ കോളേജ് കാമ്പസിനകത്തു തന്നെ തീര്‍ക്കാവുന്നതായിരുന്നു ആ പ്രശ്‌നം. കുത്സിത പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടും അര്‍ഹിക്കുന്ന ഗൗരവത്തോടെ കൈകാര്യം ചെയ്യാന്‍ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ല. എങ്കിലും പ്രശ്‌നം പുറത്തെത്തുകയും മുസ്‌ലിം സമുദായത്തില്‍ പ്രതിഷേധം കനക്കുകയും ചെയ്തപ്പോള്‍ അവരുണര്‍ന്നു പ്രവര്‍ത്തിച്ചു. വിവാദ ചോദ്യം തയാറാക്കിയ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. കോളേജ് മാനേജ്‌മെന്റ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. സര്‍ക്കാരും ഊര്‍ജസ്വലമായി. ടി.ജെ ജോസഫിനെ പ്രതിയാക്കി പോലീസ് കേസെടുത്തു. ഒരു കലാപമായി കത്തിപ്പടരുമായിരുന്ന ആ സംഭവം അങ്ങനെ ഏറെ കുറെ സമാധാനപരമായി കെട്ടടങ്ങുകയായിരുന്നു.

ഈ കെട്ടടങ്ങല്‍ എല്ലാ മതവിഭാഗങ്ങളും ഓര്‍ത്തിരിക്കേണ്ട ഒരു സന്ദേശം നല്‍കുന്നുണ്ട്: ഉത്തരവാദപ്പെട്ടവര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മതസമുദായങ്ങള്‍ക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങള്‍ കലാപത്തിലേക്കു വളരാതെ സമാധാനപരമായി പരിഹരിക്കാനാകും. നമ്മുടേതു പോലുള്ള ബഹുസ്വരസമൂഹത്തില്‍ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാഥമികോപാധികള്‍ നിയമവ്യവസ്ഥയും ജനാധിപത്യസംവിധാനവുമാണ്. അതവഗണിച്ച് ബന്ധപ്പെട്ട കക്ഷികള്‍ കത്തിയും കുറുവടിയുമെടുത്ത് കണക്കു തീര്‍ക്കാന്‍ മുതിരുന്നതാണ് ഏറ്റം വലിയ വിപത്ത്.

കേരളത്തിന്റെ പൊതുമനസ്സ് വര്‍ഗീയകരിക്കപ്പെട്ടു കഴിഞ്ഞിട്ടില്ല എന്നതാണ് ശുഭോദര്‍ക്കമായ മറ്റൊരു സന്ദേശം. പരാതിക്കാരാരായാലും പരാതി ന്യായമാണെങ്കില്‍ അവരോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം തയാറാണ്. ചോദ്യ പേപ്പര്‍ വിവാദത്തില്‍ എല്ലാ മതവിഭാഗങ്ങളും മതമില്ലാത്തവര്‍പോലും മുസ്‌ലിംകളുടെ പരാതി അംഗീകരിക്കുകയുണ്ടായി. ഈ മനോഭാവം സാമുദായിക സൗഹാര്‍ദത്തിന്റെയും സമാധാനത്തിന്റെയും പ്രബലമായ ഈടുവെയ്പാണ്. ഇത് നിലനിര്‍ത്താനും പുഷ്ടിപ്പെടുത്താനും എല്ലാ മതവിഭാഗങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ അന്തരീക്ഷത്തിലേക്ക് വന്നു പതിച്ച ഇടിത്തീയാണ് കഴിഞ്ഞ 4-നു ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി.ജെ ജോസഫിനു നേരെ മൂവാറ്റുപുഴയില്‍ നടന്ന കിരാതമായ അക്രമം. അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റുകയും കാലുകള്‍ ഗുരുതരമായി മുറിവേല്‍പിക്കുകയും ചെയ്തിരിക്കുന്നു. ഏറക്കുറെ പരിഹരിക്കപ്പെട്ട ഒരു പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കാനും ആളിക്കത്തിക്കാനുമുള്ള ഈ ശ്രമം അങ്ങേയറ്റം അപലപനീയവും ആപല്‍ക്കരവുമാണ്. മതാഭിമാനത്തിന്റെയും സമുദായ രക്ഷയുടെയും പേരിലാണീ കുത്സിത ചെയ്തിയെങ്കില്‍, സമുദായത്തെ നാണം കെടുത്താനും അരക്ഷിതമാക്കാനും മാത്രമേ അതുപകരിക്കുന്നുള്ളൂ എന്ന് ഇനിയും ആര്‍ക്കാണറിഞ്ഞുകൂടാത്തത്? കൈവെട്ടല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയാണ് പിന്നിലെന്ന് പോലീസ് പറയുന്നു. ആ സംഘടന അത് നിഷേധിക്കുകയും ചെയ്യുന്നു. അതിന്റെ ചില പ്രവര്‍ത്തകരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു കാര്യം വ്യക്തമാണ്. ഒരു യാദൃശ്ചിക സംഘട്ടനത്തിനിടയിലുണ്ടായ അത്യാഹിതമല്ല; നീണ്ട നാളത്തെ ഗൂഢാലോചനയുടെ പരിസമാപ്തിയാണീ സംഭവം. അതിനു പിന്നില്‍ ആരായാലും സ്വന്തം 'വീര കൃത്യ'ത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള നട്ടെല്ലു പോലുമില്ലാത്ത ഭീരുക്കളാണവര്‍. ഈ ഭീരുത്വത്തിലൂടെ മുസ്‌ലിം സമുദായത്തെ മുഴുവന്‍ അവര്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ്. പതിയിരുന്ന് ആളുകളെ ആക്രമിച്ച് ഉത്തരവാദിത്വമേല്‍ക്കാതെ ഓടിയൊളിക്കുക വിപ്ലവകാരികളുടെയോ സമുദായോദ്ധാരകരുടെയോ രീതിയല്ല. വഴിവെട്ടിക്കൊള്ളക്കാരുടെയും മാഫിയാ സംഘങ്ങളുടെയും രീതിയാണ്.

അധ്യാപകന്റെ കൈവെട്ടിയ നടപടിക്ക് മതത്തിന്റെയോ സമുദായത്തിന്റെയോ പിന്തുണ ഒട്ടുമില്ല. പ്രവാചക നിന്ദയെ ഇസ്‌ലാം സ്വാഭാവികമായും ഗുരുതരമായ പാപമായി കാണുന്നു. എന്നാല്‍ അതുചെയ്യുന്നവരെ കൈവെട്ടാന്‍ എന്നല്ല കായികമായ ഒരു നടപടിക്കും വിധേയരാക്കാന്‍ പ്രവാചകന്‍ കല്‍പിച്ചിട്ടില്ല. വല്ല നടപടിയും എടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അതെടുക്കേണ്ടത് ഭരണകൂടമാണ്; വ്യക്തികളല്ല. മുഹമ്മദ് നബി(സ) അദ്ദേഹത്തിന്റെ ജീവിത കാലത്ത് ഏറെ പരിഹാസങ്ങള്‍ക്കും നിന്ദകള്‍ക്കും വിധേയനായിട്ടുണ്ട്. പ്രതികാര നടപടിയെടുക്കാനുള്ള എല്ലാ അധികാരവും ശക്തിയും കൈവന്നപ്പോഴും അത്തരക്കാര്‍ക്ക് മാപ്പ് നല്‍കുകയാണ് നബി(സ) ചെയ്തത്. നിന്ദയും ശകാരവുമൊക്കെ അജ്ഞരും അവിവേകികളുമായ ആളുകള്‍ ഉത്തരം മുട്ടുമ്പോള്‍ അവലംബിക്കുന്ന ഉപായങ്ങളാണ്. ആയുധംകൊണ്ടല്ല; വിവേകം കൊണ്ടും വിജ്ഞാനം കൊണ്ടുമാണതിനെ നേരിടേണ്ടത്.

മുസ്‌ലിം സമുദായത്തിലെ എല്ലാവിഭാഗങ്ങളും മൂവാറ്റുപുഴ സംഭവത്തെ അപലപിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോള്‍ അപലപിക്കുന്നതിലും സമാധാനം പാലിക്കാന്‍ ആഹ്വാനം ചെയ്യുന്നതിലും മതിയാക്കാതെ, പ്രകോപനങ്ങളെ സമചിത്തതയോടെ, സമാധാനപരമായി ജനാധിപത്യമാര്‍ഗത്തിലൂടെ നേരിടാനുള്ള വിവേകവും പരിശീലനവും അണികള്‍ക്കു നല്‍കാന്‍ സംഘടനാ നേതാക്കള്‍ അസൂത്രിതമായ പരിപാടികളാസൂത്രണം ചെയ്യുക കൂടി വേണമെന്ന് മനസ്സിലാക്കേണ്ട സന്ദര്‍ഭമാണിത്. മൂവാറ്റുപുഴ സംഭവത്തില്‍ മാരകമായി മുറിവേറ്റിരിക്കുന്നത് ഒരധ്യാപകന് മാത്രമല്ല; അതിലുപരി മതമൈത്രിക്കും സമുദായ സൗഹാര്‍ദത്തിനുമാണ്. ശിഥിലമാകുന്ന ബന്ധങ്ങള്‍ ദൃഢീകരിക്കാന്‍ ഇരു സമുദായത്തിന്റെയും നേതാക്കള്‍ മുന്നോട്ടു വരേണ്ടതുണ്ട്. നിഷ്‌കളങ്കമായ സ്‌നേഹവായ്പും സഹകരണ സന്നദ്ധതയുമാണ് അവര്‍ ആയുധമാക്കേണ്ടത്. അക്രമത്തിനിരയായ സഹോദരന് രക്തം നല്‍കാന്‍ മുന്നോട്ടുവന്ന സോളിഡാരിറ്റി പ്രവര്‍ത്തകരുടെ മാതൃക അനുകരണീയമാണ്. ജാതിമത വ്യത്യാസമന്യെ മനുഷ്യരെല്ലാം ഒരേ ചോരയാണ് എന്ന സത്യത്തിന്റെ സന്ദര്‍ഭോചിതമായ സാക്ഷാത്കാരമായിക്കൂടി നമുക്കതിനെ കാണാം. ഈ രക്തബന്ധം സമുദായങ്ങള്‍ തമ്മിലുള്ള മൈത്രിയും സഹകരണവുമായി പുഷ്‌കല സുരഭിലമാവട്ടെ. }}} 

ജമാഅത്തിന്റെ ഇന്നേവരെയുള്ള വാക്കും പ്രവൃത്തിയും എത്രചുഴിഞ്ഞന്വേഷിച്ചാലും ഈ പറഞ്ഞ കാര്യങ്ങള്‍ക്ക് വിരുദ്ധമായതൊന്നും കണ്ടെത്താനാകില്ല. എന്നാലും ഇതത്രപെട്ടെന്ന് അംഗീകരിച്ച് കൊടുക്കാന്‍ ജമാഅത്ത് വിമര്‍ശകര്‍ എന്ന പേരിലറിയപ്പെടുന്ന മനോരോഗികള്‍ക്ക് സാധിക്കില്ല. അവര്‍ മറ്റുള്ളവരുടെ മനോരോഗത്തെ ചികിത്സിക്കുന്നവരാണെങ്കിലും ശരി. സസ്‌പെന്‍സ് നീട്ടികൊണ്ടുപോകുന്നില്ല ഈ പോസ്റ്റിന് കാരണമായ മുഹമ്മദ് അലിയുടെ പോസ്റ്റ് ഇവിടെയാണുള്ളത്.

മുമ്പ് ലൗജിഹാദ് പ്രശ്‌നം കത്തിനിന്നപ്പോഴും അദ്ദേഹം അതിനെ ജമാഅത്തുമായി യോജിപ്പിക്കാന്‍ ശ്രമിക്കുകയുണ്ടായി. അതെങ്ങനെയെന്നല്ലേ. താഴെ നല്‍കിയ അദ്ദേഹത്തിന്റെ വരികള്‍ വായിക്കുക:
എങ്കിലും പ്രണയജിഹാദിന്റെ ബദല്‍ ബാധ്യതയില്‍ (vicarious responsibility) നിന്നു ജമാഅത്തെ ഇസ്ലാമി മുക്തമാവുന്നില്ല. കാരണം മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം ഈ കാമുകരെ സ്വാധീനിച്ചിട്ടുണ്ട്. ലോകത്തുള്ള സകല ചരാചരങ്ങളും മുസ്ലിം ആണെന്നും മനുഷ്യരില്‍ കുറച്ചുപേര്‍ മാത്രമാണ് മുസ്ലിം ആകാതെയുള്ളത് എന്നുമാണ് മൌദൂദിയുടെ വാദം. മുസ്ലിം എന്നാല്‍ അല്ലാഹുവിന് കീഴടങ്ങിയവന്‍ എന്നാണ് അര്‍ത്ഥം. ഇസ്ലാം എന്ന വാക്കിന്റെ അര്‍ത്ഥം കീഴടങ്ങല്‍ എന്നാണ്. ചില ‘പണ്ഡിതന്മാര്‍’ പറയാറുള്ളത് പോലെ സമാധാനം എന്നല്ല. അല്ലാഹുവിനു കീഴടങ്ങിയവരാണ് മുസ്ലിങ്ങള്‍ (മുസ്ലിമീന്‍). അല്ലാഹുവിനു കീഴടങ്ങാതെ കഴിയുന്ന മനുഷ്യരെക്കൂടി കീഴടങ്ങിയവരാക്കുന്നത് മുസ്ലിങ്ങളുടെ മതപരമായ കടമയാണ്. ഈ കടമ നിറവേറ്റാനുള്ള പരിശ്രമമാണ് ജിഹാദ്. അത് യുദ്ധം തന്നെ ആയിരിക്കണമെന്നില്ല. മൌദൂദിയുടെ സിദ്ധാന്തമനുസരിച്ച് ഇസ്ലാമും കുഫറും (അമുസ്ലിങ്ങള്‍) തമ്മില്‍ നിരന്തരം സമരം നടന്നു കൊണ്ടിരിക്കുകയാണ്. മൌദൂദിക്ക് ഇസ്ലാമും കുഫറും തമ്മിലുള്ള സമരം കമ്മ്യൂണസത്തിലെ വര്‍ഗ്ഗസമരം പോലെയാണ്. അന്തിമ വിജയം അല്ലാഹുവിന്റെ സ്വന്തം മതമായ ഇസ്ലാമിനു തന്നെ ആയിരിക്കുമെന്നാണ് മൌദൂദിയുടെ ദര്‍ശനം.

മൌദൂദിയുടെ ജിഹാദ് സിദ്ധാന്തം തലയ്ക്ക് പിടിച്ച കാമുകന്‍ സ്വാഭാവികമായും പ്രണയം സഫലീകരിക്കുന്നതിനു മുമ്പ് കാമുകിയെ അല്ലാഹുവിന് കീഴടങ്ങിയവളാക്കാന്‍ ശ്രമിക്കുന്നത് സ്വാഭാവികമാണ്. കാമുകിയെ മുസ്ലിമാക്കലാണ് മതഭ്രാന്ത് പിടിച്ച കാമുകന്റെ പ്രണയ സാഫല്യം. 

എങ്ങനെയുണ്ട് ജമാഅത്തിനെയും ലൗജിഹാദിനെയും ബന്ധിപ്പിക്കാനുള്ള ശ്രമം. ഇസ്്‌ലാമിക പ്രബോധനം എന്നാല്‍ ഇന്ത്യയില്‍ ജമാഅത്തെ ഇസ്‌ലാമി മാത്രം മുന്നോട്ട് വെക്കുന്ന ആശയമാണ് എന്ന് ആരെങ്കിലും ധരിക്കുന്നുണ്ടെങ്കില്‍ ഈ വരികളില്‍ പറയുന്നത് സത്യമല്ലേ എന്ന് അവര്‍ ചിന്തിച്ചേക്കാം. ഇവരാണ് ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ച് മനശാസ്ത്ര ലേഖനങ്ങളെഴുതുന്നത് എന്നത് അത്ഭുതകരമായ കാര്യം തന്നെ. പ്രസ്തുത ലേഖനത്തിന് അദ്ദേഹം നല്‍കിയ തലക്കെട്ട് പ്രേമജിഹാദും ജമാഅത്തെ ഇസ്ലാമിയും - ഒരു മന:ശാസ്ത്രവിചിന്തനം എന്നാണ്.   ഇതുകൊണ്ടാണ് ഈ അസുഖത്തെ മനോരോഗമെന്നും ജമാഅത്ത് ബാധയെന്നും പറഞ്ഞത്. 

ഇപ്പോള്‍ മുഹമ്മദലിയെ പ്രകോപിപിച്ചത്. രാമനുണ്ണി സോളിഡാരിറ്റിയുടെ രക്തദാനവുമായി ബന്ധപ്പെടുത്തി തൊടുപുഴ സംഭവത്തെക്കുറിച്ച് പങ്കുവെച്ച അഭിപ്രായങ്ങളാണ്. മാത്രമല്ല പ്രവാചകന്റെ സ്‌നേഹത്തെയും വിട്ടുവീഴ്ചയെയും കുറിച്ച് പറയുന്ന പരാര്‍ശങ്ങള്‍ അദ്ദേഹം നടത്തുകയും ചെയ്തു. ഈ മഹാപരാധം ക്ഷമിക്കാന്‍ കഴിയുന്ന യുക്തിവാദികളും മാര്‍കിസ്റ്റുകളും ഇനിയും ജനിച്ചിട്ടുവേണം എന്ന തിരിച്ചറിവാണ് ആദ്യമായി അദ്ദേഹം നല്‍കുന്നത്. അതുകൊണ്ട് ആദ്യമായി അദ്ദേഹം ചെയ്യുന്നത്. രാമനുണ്ണിയെ പോലുള്ളവരെ അറിയിക്കാനായി യുദ്ധസംബന്ധിയായി അവതരിച്ച് ഏതാനും സൂക്തങ്ങള്‍ ക്വോട്ടുചെയ്യുകയാണ്. മലയാളത്തില്‍ പറഞ്ഞാല്‍ ഗൗരവം ലഭിക്കാത്തതുകൊണ്ടാകാം. ഇംഗ്ലീഷും നല്‍കിയിട്ടുണ്ട്. 19 സൂക്തങ്ങള്‍ യുദ്ധത്തെ മഹത്വവല്‍ക്കരിക്കുന്നതായി ഉണ്ടെന്ന് കൃത്യമായ ജ്ഞാനവും നല്‍കുന്നു. മുഹമ്മദ് സ്‌നേഹത്തിന്റെ പ്രവാചകനാണ് എന്ന് വിശ്വസിക്കുന്ന ശുദ്ധാത്മാക്കള്‍ക്ക് ചരിത്രകാരന്‍മാരുടെ ഉദ്ധരണി വേറെയും. എന്നാലും ജമാഅത്തുമായി എന്ത് ബന്ധം എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ഇതാ ആ കണ്ടെത്തല്‍. 

'കുറ്റകൃത്യം ചെയ്തത് തങ്ങളല്ല പോപുലര്‍ ഫ്രണ്ട് കാരാണെന്ന നല്ല പിള്ള നാട്യത്തിലിരിക്കുകയാണ് ജമാ’അത്തെ ഇസ്ലാമി. മാത്രവുമല്ല ഇസ്ലാമിക ശിക്ഷയ്ക്ക് വിധേയനായ് അധ്യാപകന് രക്തദാനം ചെയ്തത് ജമാ’അത്ത് പരിവാറില്‍ പെട്ട സോളിഡാരിറ്റിയാണെന്ന വ്യാപക പ്രചാരണവും നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ആദ്യം സൂചിപ്പിച്ച രാമനുണ്ണിലേപനം. നബിനിന്ദ നടത്തിയ അധ്യാപകന്‍ ശിക്ഷാര്‍ഹനാണെന്ന് മറുവശത്തുകൂടി പ്രചാരണം നടത്തുന്നുമുണ്ട്.'

ഇങ്ങനെയാണ് ജമാഅത്ത് ഈ സംഭവത്തില്‍ പ്രതിയാകുന്നത്. അവര്‍ നടപ്പാക്കിയത് ഇസ്‌ലാമിക ശിക്ഷയാണ് പോലും. അപ്പോള്‍ പിന്നെ അതിന്റെ പിതൃത്വം ജമാഅത്തിന് തന്നെ നല്‍കുക. അതുകൊണ്ട് കുറ്റകൃത്യം നടത്തിയത് പോപ്പുലര്‍ ഫ്രണ്ടാണെന്നത് നാട്യം മാത്രമാണ്. യഥാര്‍ഥത്തില്‍ ജമാഅത്താണ് ചെയ്തത്. രക്തം നല്‍കിയത് സോളിഡാരിറ്റിക്കാരാണ് എന്നത് വെറും പ്രചാരണമാണ് വസ്തുതയല്ല എന്ന ധ്വനി മനശാസ്ത്രപരമായി പകരാന്‍ പാകത്തില്‍ വാക്കുകളെ ഉപയോഗിച്ചിട്ടുമുണ്ട്. ഏതായാലും ഇതെല്ലാം വിശദമായി അദ്ദേത്തിന്റെ അടുത്ത് പുറത്തിറങ്ങാന്‍ പോകുന്ന ഇസ്‌ലാമും രാഷ്ട്രീയ ഇസ്ലാമും മനഃശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും വെളിച്ചത്തില്‍ എന്ന് പുസ്തകത്തില്‍ വായിക്കാം എന്ന് ആശ്വാസവും അദ്ദേഹം നല്‍കുന്നു.

ജമാഅത്ത് നേതൃത്വത്തോട് ഒരു വാക്ക്: പിണറായി വിജയനപ്പോലുള്ളവര്‍ ജമാഅത്തിനെ മനസ്സിലാക്കാന്‍ വായിക്കുന്നത്    ജമാഅത്തിന്റെ അടിസ്ഥാനസാഹത്യങ്ങളല്ല. ഇതുപൊലെ മനോവൈകല്യമുള്ളവര്‍ അന്ധന്‍ ആനയെകണ്ടതുപോലെ എഴുതിവിടുന്ന സാഹിത്യങ്ങളാണ്. അതുകൊണ്ടാണ് ജമാഅത്ത് ഭീകര സംഘടനായാണെന്നൊക്കെ ഇടക്കിടക്ക് ഉരുവിട്ടുകൊണ്ടിരിക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വസ്തുനിഷ്ടമായ എതിര്‍ പഠനങ്ങള്‍ പ്രസിദ്ധീകരിക്കാത്ത പക്ഷം നമ്മുടെ ബുദ്ധിപരമായ പ്രതിരോധം ഒരു ഗുണവും ചെയ്യില്ല.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഏത് കാര്യങ്ങളിലും ജമാഅത്തുമായി ചേര്‍ത്തുപറഞ്ഞാലെ ഒരു ഗൗരവം ലഭിക്കൂ എന്നുണ്ടോ. ജമാഅത്ത് സാഹിത്യങ്ങള്‍ അരിച്ചു പരിശോധിച്ചാലും തൊടുപുഴയില്‍ സംഭവിച്ച കൈവെട്ടുക്രൂരതയെ അനുകൂലിക്കാനുതകുന്ന ഒരു വരിയും ലഭിക്കില്ല. എന്നിരിക്കെ മൗദൂദിസ്റ്റുകളെ ഇതില്‍ കൂട്ടിയോജിപ്പിക്കാന്‍ മുഹമ്മദലിയെ പ്രേരിപ്പിച്ചതെന്താണ്. മുമ്പൊരിക്കല്‍ എന്റെ നാട്ടുകാരനായ യുക്തിവാദി ലേഖനമെഴുതിയപ്പോള്‍ അദ്ദേഹത്തിന്റെ ലേഖനത്തെ എതിര്‍ത്ത മുജാഹിദുകാരനെ ജമാഅത്താക്കി പരാമര്‍ശിക്കുകയുണ്ടായി.

CKLatheef പറഞ്ഞു...

ഈ ഖുത്തുബിയന്‍ ഭീകരവാദത്തെ മുളയിലേ നുള്ളുക.. എന്ന പോസ്റ്റിന് എന്റെ പ്രതികരണം വിഷയത്തിലുള്ള സമാനത കാരണം ഇവിടെയും പേസ്റ്റ് ചെയ്യുന്നു.


'ഇസ്‌ലാമിക ഭീകരത' എന്ന് പറയുന്നതിന് പകരം 'ഖുതുബിയന്‍ ഭീകരവാദം' എന്ന് പ്രയോഗിച്ചാല്‍ പല നേട്ടങ്ങളുണ്ട്. (കേരളത്തിലാകുമ്പോള്‍ മൗദൂദിയെക്കൂടി ചേര്‍ത്ത് ഉപയോഗിക്കാം.) അതിലൊന്ന് ഈ പദങ്ങളിലൂടെയാകുമ്പോള്‍ എതിര്‍ക്കുന്നത് നേര്‍ക്ക് നേരെ ഇസ്്‌ലാമിക പ്രമാണങ്ങളായാലും മറ്റുമുസ്്‌ലിം സംഘടനകളിലാരും പേരിന് പോലും എതിര്‍ക്കില്ല എന്ന് മാത്രമല്ല പുര്‍ണമായ പിന്തുണ ലഭിക്കുകയും ചെയ്യും ഒരു വെടിക്ക് രണ്ടു പക്ഷി എന്ന് സാരം. പക്ഷെ സത്യവുമായി അതിന് ഒരു ബന്ധവുമില്ല എന്നത് ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല. കാരണം അസത്യത്തോട് എന്നോ രാജിയായി കഴിഞ്ഞിട്ടുണ്ടല്ലോ. അത്തരമൊരാള്‍ക്കേ ഇങ്ങനെ എഴുതാന്‍ കഴിയൂ. ലോകത്ത് പല ഭാഗത്തും ഒരു പ്രതികരണമെന്ന വിധം തീവ്രവാദം ഉടലെടുത്തിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. അതിന്റെ കേരളീയ പതിപ്പ് എന്ന നിലക്ക് പോപ്പുലര്‍ ഫ്രണ്ടിനെ കാണുന്നതിനെ ആരും വിയോജിക്കുമെന്ന് കരുതുന്നില്ല. അവരെക്കൊണ്ടുള്ള ഏറ്റവും വലിയ ഉപദ്രവം ഇസ്‌ലാമിനും മുസ്ലിംകള്‍ക്കും തന്നെയാണ്. ഖുതുബും മൗദൂദിയും കഴിഞ്ഞ നൂറ്റാണ്ടില്‍ ഇസ്‌ലാമിന് വലിയ സംഭാവന നല്‍കി മഹാ വ്യക്തിത്വങ്ങളാണ്. അവരുടെ സന്ദേശങ്ങള്‍ ഒരിക്കലും ഇതുപോലെ തീവ്രവാദത്തിനോ ഭീകരവാദത്തിനോ സഹായകരമല്ല. അവയെ യുക്തിപരമായി തകര്‍ക്കുന്നതുമാണ്. അതു കൊണ്ടാണ് മുസ്‌ലിം ബ്രദര്‍ഹുഡാണെങ്കിലും ജമാഅത്തെ ഇസ്‌ലാമിയാണെങ്കിലും (അവരാണ് യഥാര്‍ഥ മൗദൂദിയന്‍ ചിന്തയെ സംഘടനാ തലത്തില്‍ പിന്തുടരുന്നവര്‍ എന്ന കാര്യത്തില്‍ സംശയമുണ്ടാകില്ല) ഭീകര സംഘടനോ തീവ്രവാദ സ്വഭാവമുള്ളതോ അല്ല. അതിനോട് വിയോജിക്കാത്ത ഒരു തീവ്രവാദസംഘടനയും ഇല്ല.കാര്യമിതായിരിക്കെ യഥാര്‍ഥ തീവ്രവാദ സംഘടനകളെ രക്ഷപ്പെടുത്താന്‍ മാത്രമേ കാടടച്ചുള്ള വെടി സഹായിക്കുകയുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK