"മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍ എന്നൊരു പുസ്തകം ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൌലാനാ മൌദൂദി എഴുതിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണ ശാലയായ ഇസ്ലാമിക് പബ്ളിഷിംഗ് ഹൌസ് മലയാളത്തിലാക്കി പ്രസിദ്ധീകരിച്ച അനേകം കൃതികളില്‍ ഈ പുസ്തകം ഇല്ല. സമാന സ്വഭാവമുള്ള മറ്റു ചില പുസ്തകങ്ങളും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടില്ല. ഇസ്ലാമില്‍നിന്നും മതം മാറുന്നവരെ വധിക്കണം എന്നാണ് ജമാഅത്ത് സ്ഥാപകന്‍ ആ പുസ്തകത്തില്‍ ആഹ്വാനം ചെയ്യുന്നത്. ഇന്ന് ജമാഅത്ത് നേതാക്കള്‍ മലയാളിക്ക് മുന്നില്‍ ആടുന്ന പ്രഛന്ന വേഷത്തെ പിച്ചിച്ചീന്തുന്നതാകും ആ ഗ്രന്ഥത്തിന്റെ വായന. ഇതര സംസ്ഥാനങ്ങളില്‍ മത രാഷ്ട്രവാദം പച്ചയായി പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സവിശേഷ സാഹചര്യങ്ങളില്‍ എടുത്തണിഞ്ഞ കാപട്യത്തിന്റെ കുപ്പായമാണ് ദലിത്-ആദിവാസി-പരിസ്ഥിതി പ്രണയവും പുരോഗമന ഇടതുപക്ഷ നാട്യവും.''
'എന്തുകൊണ്ട് ജമാഅത്തെ ഇസ്ലാമി എതിര്‍ക്കപ്പെടണം?' എന്ന തലക്കെട്ടില്‍ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന ദേശാഭിമാനിയിലെ ലേഖന പരമ്പരയുടെ അവസാനം 'ജമാഅത്തെ ഇസ്ലാമിയും സി.പി.ഐ.എം നിലപാടും' എന്ന പിണറായി വിജയന്റെ ലേഖനത്തില്‍നിന്ന് (2010 ജൂലൈ 5 തിങ്കള്‍). മുജീബിന്റെ പ്രതികരണം?
- സബിത റഫീഖ് കടലായി
മറുപടി: സയ്യിദ് അബുല്‍ അഅ്ലാ മൌദൂദി ആയുഷ്കാലത്തിനിടയില്‍ ഏകദേശം എഴുപത്തഞ്ചോളം കൃതികള്‍ എഴുതിയിട്ടുണ്ടെന്നാണ് കണക്ക്. അവയില്‍ ചിലത് ബൃഹദ് ഗ്രന്ഥങ്ങളാണ്. ആറു വാള്യങ്ങളുള്ള ഖുര്‍ആന്‍ വ്യാഖ്യാനം-തഫ്ഹീമുല്‍ ഖുര്‍ആന്‍- ഉദാഹരണം. ചിലത് സത്യസാക്ഷ്യം, രക്ഷാസരണി, ഇസ്ലാമും ജാഹിലിയ്യത്തും പോലുള്ള ലഘു കൃതികളും. ഇവയില്‍ ചിലത് ആനുകാലിക പ്രാധാന്യം മാത്രം ഉണ്ടായിരുന്നവയാണ്; ചിലത് കര്‍മശാസ്ത്ര പ്രധാനവും. ജമാഅത്തെ ഇസ്ലാമി ഹിന്ദ് മലയാള പ്രസിദ്ധീകരണ വിഭാഗം എല്ലാ കൃതികളും വിവര്‍ത്തനം ചെയ്ത് പുറത്തിറക്കേണ്ടത് ആവശ്യമായി കരുതിയില്ല. തഫ്ഹീമുല്‍ ഖുര്‍ആന്റെ ആറ് വാള്യങ്ങളും മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൌദൂദിയുടെ ഒട്ടുമിക്ക ആശയങ്ങളും അഭിപ്രായങ്ങളും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. പര്‍ദ, പലിശ പോലുള്ള കൃതികള്‍ അതിനാല്‍ വേറെ ഇറക്കേണ്ടത് അത്യാവശ്യമല്ല. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് അദ്ദേഹമായതുകൊണ്ട് അദ്ദേഹം എഴുതിയതും പറഞ്ഞതുമൊക്കെ സംഘടന അപ്പടി അംഗീകരിക്കുന്നു എന്നും അര്‍ഥമില്ല. പലതവണ അദ്ദേഹം തന്നെ വ്യക്തമാക്കിയപോലെ ഇസ്ലാമിക ശരീഅത്തിന്റെ വിശദാംശങ്ങളുമായും ദൈവശാസ്ത്ര സംബന്ധമായും ബന്ധപ്പെട്ട മൌദൂദിയുടെ വീക്ഷണങ്ങള്‍ ഒരിക്കലും സംഘടനയുടെ അഭിപ്രായങ്ങളല്ല. ജമാഅത്ത് പ്രവര്‍ത്തകര്‍ക്ക് അവയുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. മറ്റു വിഷയങ്ങളിലും സ്വന്തം ഇജ്തിഹാദിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ വിമര്‍ശനാതീതമോ വേദവാക്യങ്ങള്ക്ക് തുല്യമോ അല്ല.
'മുര്‍ത്തദ്ദ് കീ സസാ ഇസ്ലാമീ ഖാനൂന്‍ മേ' (മതപരിത്യാഗിയുടെ ശിക്ഷ ഇസ്ലാമിക നിയമത്തില്‍) എന്ന കൃതി കര്‍മശാസ്ത്ര പ്രധാനമാണ്; ഭിന്നാഭിപ്രായത്തിന് വകയുള്ളതുമാണ്. എന്നാല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് നാല് സുന്നീ മദ്ഹബുകള്‍ക്കും ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യയെപോലുള്ള സലഫി പണ്ഡിതന്മാര്ക്കുമുള്ള അഭിപ്രായത്തില്‍നിന്ന് ഭിന്നമായ യാതൊന്നും മൌദൂദിക്കില്ല. പിണറായി വിജയന് ഇക്കാര്യം അറിയുന്നവനോ അറിയേണ്ടവനോ അല്ല. അദ്ദേഹം മുസ്ലിം മതേതര നാട്യക്കാര്‍ എഴുതുന്നതും പറയുന്നതും പകര്‍ത്തുകയേ ചെയ്തിട്ടുള്ളൂ. മുസ്ലിം പണ്ഡിതന്മാരുടെ സ്ഥിതി അതല്ല. സുന്നീ പണ്ഡിതന്മാര്ക്ക് അറിയാം ഹനഫീ, മാലികീ, ശാഫിഈ, ഹമ്പലി മദ്ഹബുകളുടെ ഉപജ്ഞാതാക്കളും ആധികാരിക പണ്ഡിതന്മാരും എന്താണ് പറഞ്ഞിട്ടുള്ളത് എന്ന്. അതുപോലെ സലഫികള്‍ക്കും അസ്സലായറിയാം, അവരുടെ മുന്‍കാല പണ്ഡിതന്മാര് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയത്. പക്ഷേ, എല്ലാവരും അര്‍ഥഗര്‍ഭമായ മൌനം പാലിക്കുകയും, ആക്രമിക്കപ്പെടുന്നത് മൌദൂദിയായതുകൊണ്ട് മിണ്ടാതിരിക്കുകയുമാണ്. മുസ്ലിം മതേതരവാദികള്‍ക്കും ഇക്കാര്യത്തില്‍ മൌദൂദിയെ വിമര്‍ശിക്കാന്‍ എല്ലാ സ്വാതന്ത്യ്രവുമുണ്ട്. പക്ഷേ, അവര്‍ കാണിക്കേണ്ട മിനിമം സത്യസന്ധത പ്രവാചകന്റെ കാലം മുതല്‍ മതപരിത്യാഗിയുടെ ശിക്ഷയെക്കുറിച്ച് രൂപപ്പെട്ട ഏകകണ്ഠമായ അഭിപ്രായത്തെ എതിര്‍ക്കുകയും തുടര്‍ന്ന് അത് തിരുത്തിപ്പറയാത്തതിന് മൌദൂദിയെ കുറ്റപ്പെടുത്തുകയുമാണ്. അവരതിന് തയാറാവാത്തത് അതോടെ ഇസ്ലാമിനെത്തന്നെ എതിര്‍ക്കുന്നവരായി അവര്‍ മുദ്രകുത്തപ്പെടും എന്ന ഭീതി നിമിത്തമാണ്. യഥാര്‍ഥത്തില്‍ ഒരു ഇസ്ലാമിക സ്റേറ്റ് നിലവില്‍ വന്ന ശേഷം അതിന്റെ ആദര്‍ശപരമായ അടിത്തറയെ ചോദ്യം ചെയ്യുന്നയാളെ, അയാള്‍ തെറ്റ് തിരുത്താന്‍ തയാറില്ലെങ്കില്‍ രാജ്യദ്രോഹിയായി കണക്കാക്കുകയും തദടിസ്ഥാനത്തില്‍ വധശിക്ഷക്കര്‍ഹനായി വിധിക്കുകയും ചെയ്യുന്നതാണ് മതപരിത്യാഗിയുടെ ശിക്ഷ എന്ന് വിശദീകരിക്കുകയാണ് മൌദൂദി ചെയ്തത്. കമ്യൂണിസ്റ് നാടുകളിലും ഇത്തരക്കാരെ രാജ്യദ്രോഹികളായി വിധിച്ച് വധിക്കുകയല്ലേ ചെയ്തതും ചെയ്യുന്നതും? ഇന്ത്യയെ പോലുള്ള ജനാധിപത്യ രാജ്യങ്ങളിലും വിഘടനവാദികള്‍ക്കും രാജ്യത്തിന്റെ പരമാധികാരം വെല്ലുവിളിക്കുന്നവര്‍ക്കും നല്കുന്ന ശിക്ഷ എന്താണ്? വധശിക്ഷ തന്നെയല്ലേ?
അതല്ലാതെ, പാകിസ്താനെ പോലുള്ള ഒരു രാജ്യം ഒരു സുപ്രഭാതത്തില്‍ സ്വയം ഇസ്ലാമിക് റിപ്പബ്ളിക്കായി പ്രഖ്യാപിച്ച് പിന്നീടവിടെ കഴിയുന്ന പൌരന്മാരാരെങ്കിലും ഇസ്ലാമില്‍നിന്ന് പുറത്തുപോയാല്‍ അവരെ മുര്‍ത്തദ്ദായി ഗണിച്ചു വധശിക്ഷക്ക് വിധേയമാക്കണമെന്ന് മൌദൂദിയും പറഞ്ഞിട്ടില്ല. ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള് ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും അങ്ങനെതന്നെ). മൌദൂദിക്ക് പട്ടാളക്കോടതി വധശിക്ഷ വിധിക്കാന്‍ പോലും കാരണമായ കൃതിയാണ് 'ഖാദിയാനി പ്രശ്നം.' അതില്‍ പോലും അദ്ദേഹം എഴുതിയത് ഖാദിയാനികളെ അമുസ്ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ച് ന്യൂനപക്ഷങ്ങള്‍ക്കുള്ള എല്ലാ അവകാശങ്ങളും അവര്‍ക്ക് അനുവദിക്കണം എന്നാണ്, കൊന്നുകളയണം എന്നല്ല. അഹ്മദിയ്യ മതത്തില്‍ വിശ്വസിക്കാനും അതിനായി പ്രവര്‍ത്തിക്കാനും അവര്‍ക്ക് സ്വാതന്ത്യ്രമുണ്ടെന്നര്‍ഥം. ഇസ്ലാമില്‍നിന്ന് പുറത്തുപോയില്ലെങ്കിലും ഒരാള്‍ ഇസ്ലാമിക സ്റേറ്റിനെതിരെ വിഘടനവാദമുയര്‍ത്തിയാല്‍ അയാള്‍ മുസ്ലിമായിരിക്കെത്തന്നെ വധശിക്ഷക്കര്‍ഹനാണെന്ന പൂര്‍വിക പണ്ഡിതന്മാരുടെ അഭിപ്രായവും ശ്രദ്ധേയമാണ്. ഇസ്ലാമിക രാഷ്ട്രത്തിന്റെ സാമ്പത്തികാടിത്തറ തകര്‍ക്കുന്ന വിധം ഒരു കൂട്ടര് പ്രവാചകനു ശേഷം സകാത്ത് നിഷേധികളായി രംഗപ്രവേശം ചെയ്തപ്പോള്‍ ഒന്നാം ഖലീഫ അബൂബക്കര്‍(റ) അവരോട് യുദ്ധം ചെയ്തതും ചരിത്ര സത്യമാണ്.
അതേയവസരത്തില്‍ കേവല മതപരിത്യാഗിക്ക് വധശിക്ഷ നല്‍കുന്നതിനെ ചില ആധുനിക പണ്ഡിതന്മാര് എതിര്‍ക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മതസ്വാതന്ത്യ്രത്തിന് അത് വിരുദ്ധമാണ് എന്നതാണ് ചൂണ്ടിക്കാട്ടുന്ന ന്യായം. പഠനവും പരിഗണനയും അര്‍ഹിക്കുന്ന വീക്ഷണമാണിത്.
(Prabodhanam Weekly_14.8.2010)
12 അഭിപ്രായ(ങ്ങള്):
മുര്‍തദ്ദിനെ (മതപരിത്യാഗിയെ) നിരുപാധികം വധിക്കണമെന്ന കല്പന വിശുദ്ധ ഖുര്‍ആനിലോ പ്രവാചക ചര്യയില്‍നിന്നോ ലഭിക്കുകയില്ല. പോസ്റ്റിന്റെ അവസാനം സൂചിപ്പിച്ച പോലെ അപ്രകാരം ഒരു കല്പന പുറപ്പെടുവിക്കുന്നത് ഇസ്ലാം മുന്നോട്ട് വെച്ച ചിന്താ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും വിശ്വാസ സ്വാതന്ത്ര്യത്തിനും എതിരാണ്. മുഴുവന്‍ ക്രിമിനല്‍ ശിക്ഷക്കും ന്യായം അത് സാമൂഹിക സുരക്ഷക്ക് പരിക്കേല്‍പ്പിക്കുന്നു എന്നതാണ്. ആ നിലക്ക് മുസ്ലിം മാതാപിതാക്കള്‍ക്ക് ജനിച്ചു പോയി എന്നത് കൊണ്ട് ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് ഒരാള്‍ക്ക് അവിശ്വാസിയായി മാറാനുള്ള അവകാശം തടയപ്പെടുന്നതിന് ന്യായമൊന്നുമില്ല. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ശിക്ഷവിധിക്കാനുള്ള അവകാശം ദൈവത്തിന് മാത്രമാണ്.
ഇതൊരു അവസാന വാക്കല്ല. ചര്‍ച്ചക്കായി ഇവിടെ സമര്‍പ്പിക്കുന്നു.
ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ കമ്മ്യൂണിസത്തിന് എതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ എന്തെന്ന് കൂടി മനസ്സിലാക്കിയാല്‍ ഈ വിഷയത്തിലുള്ള പഠനം പൂര്‍ണ്ണമാവും. ടിയാനന്മെന് സംഭവം കഴിഞ്ഞു 20 വര്‍ഷമല്ലേ ആയുള്ളൂ. വിചാരണ പോലും ഇല്ലാതെയാണ് അവരുടെ ശിക്ഷ!!
ചിലര്‍ നല്കിയ പ്രതികരണങ്ങള്‍ മെയിലില്‍ ലഭിച്ചിരിക്കുന്നു. എന്നാല്‍ എന്തുകൊണ്ടോ അവ ഇവിടെ കാണപ്പെടുന്നില്ല. മോഡറേഷന് വെച്ചിട്ടില്ല.മാന്യസുഹൃത്തുക്കള്‍ ക്ഷമിക്കുക.
കൂടുതല്‍ പഠനങ്ങള്‍ ആവശ്യമായ ഒരു വിഷയം തന്നെയാണു-
സത said...
>>> ലത്തീഫ്,
പോസ്റ്റ് മുഴുവനായി വായിച്ചിട്ടില്ല. പക്ഷെ ഈ സ്ത്രീക്കുള്ള ശിക്ഷ എന്തായിരിക്കും എന്നാണു താങ്കള്‍ വിശ്വസിക്കുന്നത് എന്നൊന്നറിയാന്‍ കൌതുകം. <<<
@സത
കൃസ്തുമതം സ്വീകരിച്ച ആ യുവതിയുടെ പ്രകടനം നേരത്തെ കണ്ടിരുന്നു. അവര്‍ ഇപ്പോള്‍ അവര്‍ മനസ്സിലാക്കിയ വിശ്വാസം പ്രചരിപ്പിക്കുന്നത് പോലെ തുടരട്ടേ. സാധ്യമെങ്കില്‍ സംവാദത്തിന് വരട്ടെ. പക്ഷെ അവര്‍ മതത്തെ ഉള്കൊണ്ടത് വൈകാരികമായിട്ടാണ് എന്ന് അവരുടെ പ്രസംഗത്തില്‍ നിന്ന് തെളിയുന്നു. ആ നിലക്ക് വൈജ്ഞാനിരമായ ഒരു ചര്‍ച അവരില്‍നിന്ന് പ്രതീക്ഷിക്കുന്നതിലും അര്‍ഥമില്ല.
Muneer said..
>>> ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ കമ്മ്യൂണിസത്തിന് എതിരെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ എന്തെന്ന് കൂടി മനസ്സിലാക്കിയാല്‍ ഈ വിഷയത്തിലുള്ള പഠനം പൂര്‍ണ്ണമാവും. ടിയാനന്മെന് സംഭവം കഴിഞ്ഞു 20 വര്‍ഷമല്ലേ ആയുള്ളൂ. വിചാരണ പോലും ഇല്ലാതെയാണ് അവരുടെ ശിക്ഷ!!<<
@Muneer
ഒരു തന്ത്രം എന്ന നിലക്ക് മതപരിത്യാഗം ചെയ്യുകയും അത് ഇസ്ലാമിക വ്യവസ്ഥയെ തകര്ക്കുന്നതോളമെത്തുന്ന പരിസ്ഥിതിയില്‍ മറ്റേത് വ്യവസ്ഥയും ചെയ്യുന്നത് പോലെ അത് രാജ്യദ്രോഹമായി കണ്ട് അതിന് കടുത്ത ശിക്ഷയുണ്ടാകും. ഇസ്ലാമിന്റെ പ്രത്യേകത, സംശയത്തിന്റെ നേരിയ ലാഞ്ജന അനുഭവപ്പെടുമ്പോഴേക്ക് പിടികൂടി തുറുകിലടക്കില്ല. വ്യക്തമായ തെളിവുകള്‍ ലഭിച്ച ശേഷമായിരിക്കും ശിക്ഷിക്കപ്പെടുക. അതു പോലും പാടില്ല എന്ന് പറയുന്നവര്‍ക്ക് അത് പറഞ്ഞുകൊണ്ടിരിക്കാം അത്തരക്കാരുടെ സര്‍ട്ടിഫിക്കറ്റിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാവുന്നതല്ല രാജ്യദ്രോഹം എന്ന കുറ്റം.
(ഈ വിഷയത്തില്‍ ആത്മാര്‍ഥതയോടെ നല്കപ്പെട്ട രണ്ടു പ്രതികരണങ്ങള്‍ എന്തോ സാങ്കേതിക തകരാറിനാല്‍ ഇവിടെ പ്രത്യക്ഷപ്പെട്ടില്ല. എങ്കിലും മെയിലില്നിന്നെടുത്ത് അവയുടെ മറുപടി ഇവിടെ നല്‍കുകയാണ്. രണ്ടു പേരും രണ്ട് ലിങ്ക് നല്‍കിയിരുന്നു അവ അത്രമാത്രം പ്രസക്തമെന്ന് തോന്നാത്തതിനാല്‍ ഞാനത് പ്രത്യേകമായി നല്കാന് ശ്രമിച്ചിട്ടില്ല. ആവശ്യമെന്ന് തോന്നുന്ന പക്ഷം അവര്‍ക്ക് വീണ്ടു നല്‍കാം)
ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള് ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)
പരസ്പരം ഇസ്ലാമില്‍ നിന്നു പുറത്താക്കാത്ത ഏതെങ്കിലും ഇസ്ലാമിക സംഘടന ഭൂലോകത്തുണ്ടെങ്കില്‍ അത് ലത്തീഫും 'മുജീബും' കാണിക്കട്ട. പിന്നെ എല്ലാവരും കൂടിച്ചേര്‍ന്ന് അഹ്മദികളെ ഇസ്ലാമില്‍ നിന്നു പുറത്തുപോയവര്‍ എന്നു പ്രഖ്യാപിച്ചെങ്കില്‍ അത് എഴുപത്തി രണ്ടും ഒരു ഭാഗത്തും ഒന്ന് മറുഭാഗത്തും ആയിരിക്കും എന്ന നബി(സ)യുടെ പ്രവചനത്തിനു തെളിവാണ്.
അഹ്മദികളുടെ കണ്ണില്‍ മറ്റുമുസ്ലിംകള്‍ ഇസ്ലാമിനു പുറത്താണെന്നുള്ള പ്രസ്താവന കള്ളമാണ്. തെളിവുണ്ടെകില്‍ നല്‍കുക. അഹ്മദികള് ഇസ്ലാമിലേക്ക് ക്ഷണിക്കുന്നവരാണ്. ഇസ്ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാഅത്തെ ഇസ്ലാമിയുടെ ജോലിയാണ്.
"ഏതാണ്ടെല്ലാ മുസ്ലിം മതപണ്ഡിതന്മാരുടെയും കണ്ണില്‍, പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള് ഇസ്ലാമില്‍നിന്ന് പുറത്താണ് (അഹ്മദികളുടെ കണ്ണില്‍ മറ്റു മുസ്ലിംകളും)"
അഹ്മദികളുടെ ഒട്ടേറെ പുസ്തകങ്ങള്‍ വായിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അവയില്‍നിന്ന് എനിക്ക് ലഭിച്ച ധാരണയും ഇതില്‍നിന്ന് വ്യത്യസ്ഥമല്ല. 'ഏതാണ്ടെല്ലാ മതപണ്ഡിതന്മാരുടെയും കണ്ണില്‍ പുതിയൊരു പ്രവാചകനില്‍ വിശ്വസിക്കുന്ന അഹ്മദികള് ഇസ്ലാമില്‍നിന്ന് പുറത്താണ്' എന്നത് തികച്ചും സത്യസന്ധമായ ഒരു പരാമര്‍ശമാണ്. അത് കളവല്ല. അഹ്മദികളല്ലാത്ത മുഴുവന്‍ മതപണ്ഡിതന്മാരുടെയും കണ്ണില്‍ എന്ന് പറഞ്ഞാല്‍ പോലും അത് കളാവാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.
ഇനി അഹ്മദികളുടെ കണ്ണില്‍ മറ്റുമുസ്ലിംകള്‍ ഇസ്ലാമില്‍നിന്ന് പുറത്താണ് എന്ന പ്രസ്താവനയെക്കുറിച്ചാണല്ലോ താങ്കള്‍ കളവെന്ന് പറഞ്ഞെത്. ഒരു പുതിയ പ്രവാചകന് ആഗതനായാല്‍ അദ്ദേഹത്തില്‍ വിശ്വസിക്കാത്തവര്‍ നിഷേധികള്‍ തന്നെ, ആ നിലക്ക് അഹമദ് ഖാദിയാനിയെ നബിയായി അംഗീകാത്തവരെ എങ്ങനെയാണ് മുസ്ലിംകളായിത്തനെ അവര്‍ തിരിച്ചു കാണുന്നത് എന്ന് താങ്കളാണ് വിശദീകരിക്കേണ്ടത്.
അഹ്മദികളുടെ ഇസ്ലാമിലേക്കുള്ള ക്ഷണത്തില്‍ മറ്റുമുസ്ലിംകള്‍ പെടുമോ. ഉണ്ടെങ്കില്‍ മുജീബ് പറഞ്ഞത് കളവല്ല.
ജമാഅത്തെ ഇസ്ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്. താങ്കളുടെ പുതിയ പ്രവാചകാദ്ധ്യാപനമനുസരിച്ച് ഒരു പക്ഷെ അതില്‍ ഗൗരവതരമായി ഒന്നും ഉണ്ടായി എന്ന് വരില്ല. പക്ഷെ മുഹമ്മദീയ പ്രവാചകത്വമനുസരിച്ച് ഗുരുതരമായ പാതകമാണ് താങ്കള്‍ ചെയ്തത്.
മൗദൂദിയോ അദ്ദേഹത്തിന്റെ പ്രസ്ഥാനമോ ഏതെങ്കിലും മുസ്ലിം സംഘടനകളെ ഇസ്ലമില്‍നിന്ന് പുറത്താണ് എന്ന് പ്രഖ്യാപിച്ചിട്ടില്ല.
നിങ്ങള്‍ക്ക് ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തമാക്കാനുദ്ദേശ്യമുണ്ടെങ്കില്‍ താങ്കളുടെ ബ്ലോഗില്‍ വ്യക്തമാക്കിക്കൊള്ളുക. കാരണം ഇവിടെ ചര്‍ച ഖാദിയാനിസമല്ലല്ലോ.
തന്റെ മതപരമായ വിശദീകരണം കല്കി വീണ്ടും നല്‍കിയത് വിഷയവുമായി ബന്ധമില്ലാത്തതിനാല്‍ ഡിലീറ്റ് ചെയ്യുകയല്ലാതെ നിവൃത്തിയില്ല. മാത്രമല്ല അതില്‍ വലിയ കാര്യവും കാണുന്നില്ല. എങ്കിലും അതുമായി ബന്ധപ്പെട്ട ഒരു ചോദ്യം ഞാന്‍ പറഞ്ഞ് പോയത് കൊണ്ട് വ്യക്തമാക്കേണ്ടതുണ്ട്. അത് ഇതാണ്.
kalki said.
>>> 'ജമാഅത്തെ ഇസ്ലമിക്കെതിരെ തീര്‍ത്തും നിന്ദ്യമായ ഒരു കള്ളാരോപണം താങ്കള്‍ ഒരു തെളിവുമില്ലാതെ കെട്ടിച്ചമച്ചാരോപിച്ചിട്ടുണ്ട്.'
ഇതെന്താണെന്ന് ലത്തീഫ് വ്യക്തമാക്കണം.<<<
ഇസ്ലാമില്‍ നിന്നു പുറത്താക്കലും പുറത്തുപോയവരെ കൊല്ലലും ജമാഅത്തെ ഇസ്ലാമിയുടെ ജോലിയാണ്.
മുഹമ്മദീയ ശരീഅത്തനുസരിക്കുന്ന മുസ്ലിമിന് ഇത്രയും വലിയ കള്ളം ഇങ്ങനെ ആരോപിക്കാനാവില്ല.
മൗദൂദിക്കെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ ഖാദിയാനികള്‍കെതിരെ ഇസ്ലാമിന്റെ നിലപാട് വ്യക്തമാക്കിയ അദ്ദേഹത്തിന്റെ പുസ്തകമായ ഖാദിയാനി മസ്അലയെ എടുത്ത് പറയാറുണ്ട്. വിഷയവുമായി ബന്ധമില്ലെങ്കിലും ഇവിടെ മൗദൂദിയുടെ നിലപാട് കൂടുതല്‍ വ്യക്തമാക്കാനാണ്. ഖാദിയാനികള്‍ മറ്റുമുസ്ലിംകളെ നിഷേധികളായി കാണുന്നില്ലെങ്കില്‍ എനിക്കതില്‍ സന്തോഷമേ ഉള്ളൂ. അത്രയും അവര്‍ സത്യത്തോടടുത്തല്ലോ.
ലത്തീഫ്,
ഞാന്‍ നല്കിയ കമന്റ് കോപ്പി ചെയ്തു ചേര്‍ത്തതിനു നന്ദി.
ഇതുമായി ബന്ധപ്പെട്ടു വ്യാപകമായി നിലനില്‍ക്കുന്ന മറ്റൊരു തെറ്റിദ്ധാരണയെ കുറിച്ചും പറയേണ്ടിയിരിക്കുന്നു. ശിക്ഷ നടപ്പാക്കാനുള്ള അധികാരവും അതിന്റെ നടപടികളെ കുറിച്ചും ആണത്. ശിക്ഷ നടപ്പാക്കേണ്ടത് ഗവണ്മെന്റും, അതിനുള്ള നടപടികള്‍,അഥവാ കുറ്റം ആരോപിക്കപ്പെട്ടയാളുടെ വാദവും മറുവാദവും കേട്ട് തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി നടത്തേണ്ടത് വ്യവസ്ഥാപിതമായ കോടതികളും ആണ്. പോപ്പുലര്‍ ഫ്രണ്ട് ചെയ്തത് ഇസ്ലാമിക രീതി ആണെന്ന മട്ടിലുള്ള പ്രചാരണം വ്യാപകമായി നടത്തപ്പെടുമ്പോള്‍ ഈ വസ്തുത മനസ്സിലാക്കപ്പെടാതെ പോവുന്നത് തടയേണ്ടതുണ്ട്.
@മുനീര്‍
ഇസ്ലാമിനെ അതിന്റെ രാഷ്ട്രീയവും ഭരണപരവുമായ നിയമങ്ങളെക്കുറിച്ച തെറ്റിദ്ധാരണകളാണ് ഇവിടുത്തെ പ്രധാന വില്ലന്‍. നേരത്തെ സൂചിപ്പിച്ച മതപരിത്യാഗിയുടെ വധവുമായി ബന്ധപ്പെട്ടത് ഇസ്്ലാമിന്റെ രാഷ്ട്രീയവുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ വരുന്നതാണ്. ഇസ്ലാം എപ്പോഴാണ് ഈ നിയമം കൊണ്ടുവന്നതെന്തും ആ നിയമം പ്രഖ്യാപിക്കുമ്പോള്‍ അതിനുപയോഗിച്ച വാക്കുകളുടെ പൂര്‍ണമായ വിവക്ഷയും പരിഗണിച്ചുകൊണ്ടല്ല പലപ്പോഴും ഈ വിഷയം ഒഴുക്കന്മട്ടില് പറയുന്നത്. അത് കേട്ട് ശീലിച്ചവരാണ്. നേരിയ വ്യാഖ്യാന വെത്യാസം പോലും വലിയ ഭയപ്പാടോടെ കാണുന്നത്. മുര്‍ത്തദ്ദിനെ വധിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മശാസ്ത്രം അത് നടപ്പാക്കപ്പെടേണ്ടുന്ന രാജ്യത്തിന്റെ അവസ്ഥയുമായും സാഹചര്യവുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. ഒരു കാര്യം എനിക്കുറപ്പാണ് മതപരിത്യാഗിയാവുക എന്നത് മാത്രം ഒരാള്‍ ക്രിമിനല്‍ ശിക്ഷാര്ഹനാകാന് മതിയായ കാരണമല്ല. പുതിയ ലോകത്തേക്ക് വേണ്ടി രൂപപ്പെടുന്ന ഫിഖ്ഹില് മതപരിത്യാഗിക്ക് വധശിക്ഷ എന്ന നിരുപാധികമായ ഒരു വകുപ്പുണ്ടാവില്ല. മുമ്പും അതുണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
മുസ്ലിമാണെന്ന് വാദിക്കുന്ന കല്കിക്ക് ഈ വിഷയത്തില്‍ ഇവിടെ പ്രകടിപ്പിച്ചതിന് വ്യത്യസ്ഥമായ അഭിപ്രായമുണ്ടെങ്കില്‍ അറിയിക്കാം.
മതപരിത്യാഗിക്ക് ഖാദിയാനിമതമനുസരിച്ച് എന്തെങ്കിലും ശിക്ഷയുണ്ടോ?. ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിനുള്ള ന്യായം?.
മുജാഹിദ് സുന്നി വിഭാഗങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല. കാരണം മൗദൂദി പ്രകടിപ്പിച്ച അഭിപ്രായമേ അവര്‍ക്ക് പറയാന്‍ കഴിയൂ. അതുകൊണ്ട് ഈ സന്ദര്‍ഭത്തില്‍ അവര്‍ അതേ കുറിച്ച് മിണ്ടില്ല. ഈ വിഷയത്തില്‍ അല്പം കൂടി പ്രയോഗികവും അതേ സമയം അടിസ്ഥാനങ്ങളോട് യോജിക്കുകയും ചെയ്യുന്ന അഭിപ്രായം പറയാന്‍ ജമാഅത്തെ ഇസ്ലാമിക്കേ കഴിയൂ.
അഭിപ്രായം പറഞ്ഞ കാട്ടിപ്പരുത്തി, സത, മുനീര്‍, കല്കി എന്നിവര്‍ക്ക് നന്ദി. തുടര്‍ന്നും ചര്‍ചയില്‍ ഇടപെടുമല്ലോ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.