'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, നവംബർ 01, 2010

ജമാഅത്തിന്റെ ജനാധിപത്യവിരുദ്ധത ?

'ജനകീയ പ്രസ്ഥാനങ്ങളുടെ രൂപീകരണത്തിലും സംഘാടനത്തിലും ജമാഅത്തെ ഇസ്ലാമിക്ക് നേതൃപരമായ പങ്കുണ്ടായിരുന്നു. ഇക്കാരണത്താല്‍ തന്നെ പരമ്പരാഗത മുസ്ലിം മതസംഘടനകള്‍ ജനകീയ മുന്നണി സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ കച്ച കെട്ടിയിറങ്ങിയ അനുഭവം എല്ലായിടത്തും ദൃശ്യമായിരുന്നു. കള്ള പ്രചാരണങ്ങള്‍ നടത്തിയും മതപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും വ്യാപകമായ പ്രചാരണം അവസാന ഘട്ടങ്ങളില്‍ അവര്‍ നടത്തുകയുണ്ടായി. മറ്റൊരര്‍ഥത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇത്തരം മത സംഘടനകളെ ഉപയോഗിക്കുകയായിരുന്നു എന്നതാണ് വാസ്തവം. ഒരു വശത്ത് മദ്യവും പണവും മറുവശത്ത് മതപുരോഹിതരെയും തരം പോലെ ഉപയോഗിക്കുന്നതില്‍ ഇരുമുന്നണികളും മിടുക്ക് കാണിച്ചു. മദ്യം കൊടുത്ത് വോട്ടര്‍മാരെ പാട്ടിലാക്കുന്ന സ്ഥാനാര്‍ഥി വിജയിച്ചാലും കുഴപ്പമില്ല, ജമാഅത്തെ ഇസ്ലാമിക്ക് മുന്‍കൈയുള്ള ഒരു കൂട്ടായ്മ വിജയിക്കാന്‍ പാടില്ല എന്ന ഒരൊറ്റ വാശിയായിരുന്നു ഇക്കാര്യത്തില്‍ മതസംഘടനകള്‍ക്ക്. ബി.ജെ.പിക്കെതിരെപ്പോലും ഇതുവരെയും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടില്ലാത്ത മതസംഘടനകള്‍ ഉടലോടെ വന്ന് ജനകീയ മുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ പരസ്യമായും രഹസ്യമായും മലബാറിലെങ്ങും കാമ്പയിന്‍ നടത്തി. സാധാരണക്കാരായ വിശ്വാസികളെ ജനകീയ മുന്നണിക്ക് വോട്ട് ചെയ്യുന്നതില്‍ നിന്നകറ്റാന്‍ ഇത്തരം ഗ്രൂപ്പുകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇടപെടില്ല എന്ന് തീരുമാനിച്ച മതസംഘടനകള്‍ ഇവിടെ വളരെ പച്ചയായി രാഷ്ട്രീയം കളിക്കുകയായിരുന്നു.'(C.Dawood, Prabodhanam Weekly_6.11.2010) 

ജനകീയ വികസ മുന്നണികള്‍ മുന്നോട്ട് വെച്ച ആശയവും അവര്‍ രംഗത്തിറക്കിയ സ്ഥാനാര്‍ഥികളെയും വെച്ചുകൊണ്ട് ഇതിലും കൂടുതല്‍ സീറ്റുകളും വോട്ടുകളും നേടേണ്ടതായിരുന്നു എന്ന കാഴ്ചപ്പാടില്‍ നിന്നാണ്, അതുമായി ബന്ധപ്പെട്ട തെരഞ്ഞെടുപ്പ് ഫലം വിശകലനം പുരോഗമിക്കുന്നത്. ഇടതുവലതു മുന്നണികള്‍, അവരുടെ നയവൈകല്യങ്ങളെയും കഴിവില്ലായ്മയേയും വെല്ലുവിളിച്ച് കടന്നുവരുന്ന ഒരു പുതിയ പാര്‍ട്ടിയെ ഇരുകൈ നീട്ടി സ്വീകരിക്കുമെന്നോ, അതില്ലെങ്കിലും പരമാവധി സഹകരണം ചെയ്തുകൊടുക്കുമെന്നോ പ്രതീക്ഷിക്കുന്നത് വിഢിത്തമാണ്. എന്നാല്‍ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്ക് ജനകീയമുന്നണിയുടെ ഒരു സ്ഥാനാര്‍ഥി ജയിച്ചുകയറിയാലുള്ള അപകടം ഭീകരമായിരിക്കുമെന്ന് തിരച്ചറിഞ്ഞത് ഇവിടുത്തെ മതസംഘടനകളാണ്. അവരെ അതിന് പ്രേരിപ്പിക്കുന്നത് ഒരു തരം സങ്കുചിതമായ കാഴ്ചപ്പാടും അസൂയയുമാണെന്ന് അവരുയര്‍ത്തിയ ആരോപണത്തിന്റെ ബാലിശതയും അവര്‍ക്ക് തന്നെ അത്തരം പ്രശ്‌നങ്ങളിലെ നിലപാടില്ലായ്മയും കാണുമ്പോള്‍ ആര്‍ക്കും മനസ്സിലാകും.  ജമാഅത്തെ ഇസ്‌ലാമി വര്‍ഗീയ സംഘടനയാണെന്നും ജനാധിപത്യത്തെ അംഗീകരിക്കാത്തവരാണെന്നുമൊക്കെയാണ് അവര്‍ പൊതുവായി ഉന്നയിച്ച ആരോപണം. തനിവര്‍ഗീയമായിട്ടാണ് പലിയിടത്തും അമുസ്ലിം വീടുകളില്‍ വരെ അവര്‍ പ്രചാരണം നടത്തിയത് എന്ന് ആ വീടുകളിലുള്ള നല്ലവരായ സുഹൃത്തുക്കള്‍ ഇപ്പോള്‍ ഞങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നു.
ആദ്യത്തെ വശം പലതവണ ഈ ബ്ലോഗില്‍ ചര്‍ചചെയ്തതാണ് എന്താണ് രണ്ടാമത്തെ ആരോപണവുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിക്ക് പറയാനുള്ളത് എന്ന് മനസ്സിലാക്കുന്നത് കൗതുകകരമായിരിക്കും. കൂട്ടത്തില്‍ ജമാഅത്തുമായി വിയോജിപ്പുള്ള വശത്ത് ബന്ധപ്പെട്ടവരുടെ വിശദീകരണം ഇവിടെ നല്‍കുകയുമാകാമല്ലോ.

ജമാഅത്തിന്റെ വര്‍ഗീയത വെറുമൊരു പുകമാത്രമാണ് അത് തെളിയിക്കാന്‍ ഇന്നെവരെ സാധിച്ചിട്ടില്ല. മതമാണോ വര്‍ഗീയത, ഇസ്‌ലാമാണോ ഭീകരത, എന്ന തീവ്രസെക്യുലര്‍ ബോധത്തിന്റെ മറപിടിച്ച് താടിയും തലപ്പാവുമുള്ളവര്‍ കളിക്കുന്ന നല്ലപിള്ള ചമയലില്‍നിന്നാണ് ഈ ആരോപണമുണ്ടാകുന്നത്. മനസ്സിലാക്കിയിടത്തോളം ഇക്കാര്യത്തില്‍ അമുസ്ലിം സുഹൃത്തുക്കള്‍ വല്ലാതെ ആശയക്കുഴപ്പത്തില്‍ പെടുന്നത് സാത്വികരെന്ന് കരുതപ്പെടുന്ന മതപുരോഹിതന്‍മാരുടെ  വാക്കുകള്‍ കാരണമാണ്. അതുകൊണ്ടു അവരുയര്‍ത്തുന്ന ആരോപണം ശരിയവിധത്തിലൊന്ന് പോസ്റ്റുമോര്‍ട്ടത്തിന് വിധേമയാക്കേണ്ടതുണ്ട്.
 
 ജനാധിപത്യവും നിയമനിര്‍മാണവും:

നാം എങ്ങനെ ജീവിക്കണം, എങ്ങനെ ജീവിക്കരുത് തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള സ്വാതന്ത്യ്രം നമുക്കേവര്‍ക്കുമുണ്ട്. ഈ സ്വാതന്ത്യ്രത്തിന് ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണ് നിയമം. നമുക്ക് കൈവീശുന്നതിന് പ്രശ്നമില്ല. പക്ഷേ, അത് മറ്റുള്ളവരുടെ ശരീരത്തില്‍ തട്ടരുതെന്ന് നിയമം അനുശാസിക്കുന്നു. നമുക്ക് സംസാരിക്കാന്‍ സ്വാതന്ത്യ്രമുണ്ട്. എന്നാല്‍ അത് മറ്റുള്ളവരുടെ വികാരത്തെ വ്രണപ്പെടുത്തുന്നതോ അഭിമാനത്തെ ക്ഷതപ്പെടുത്തുന്നതോ ആവരുത്. 

മനുഷ്യജീവിതത്തില്‍ ഇത്തരം നിയമസംവിധാനം വേണമെന്ന് എല്ലാവരും അംഗീകരിക്കുന്നു. എന്നാല്‍ ആരാണ് മനുഷ്യന് ഈ നിയമം നല്‍കേണ്ടത്? കല്‍പിക്കാനും വിരോധിക്കാനും ആര്‍ക്കാണ് അധികാരം? ഉത്തരം വ്യക്തമാണ്. നമുക്ക് ജീവനും ശരീരവും ആയുസ്സും ആരോഗ്യവും നല്‍കിയ പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനു മാത്രമേ അതിനധികാരമുള്ളൂ. അവനല്ലാതെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. സ്രഷ്ടാവായ ദൈവം നല്‍കിയ ജീവിതവ്യവസ്ഥ അംഗീകരിക്കാനും അനുസരിക്കാനും സൃഷ്ടികളായ മനുഷ്യര്‍ ബാധ്യസ്ഥരാണ്. അവന്‍ നിശ്ചയിച്ച തത്ത്വങ്ങളും നിയമങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിച്ച് അവയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ കണ്െടത്താനും നടപ്പാക്കാനും മനുഷ്യന് അവകാശവും സ്വാതന്ത്യ്രവുമുണ്ട്. 

മറ്റൊരു വാദമുണ്ട് പ്രബലമായി. ശരിയും തെറ്റും നന്മയും തിന്മയും സന്മാര്‍ഗവും ദുര്‍മാര്‍ഗവും നീതിയും അനീതിയും ധര്‍മവും അധര്‍മവും വേണ്ടതും വേണ്ടാത്തതും തീരുമാനിക്കേണ്ടത് ജനങ്ങളാണ്. അഥവാ അവരിലെ ഭൂരിപക്ഷമാണ്. ഇതാണ് പാശ്ചാത്യദേശത്ത് ജന്മംകൊണ്ട ജനാധിപത്യത്തിന്റെ അവകാശവാദം. എന്നാല്‍ നന്മ-തിന്മകളുടെയും ശരി-തെറ്റുകളുടെയും മാനദണ്ഡം ജനഹിതം അഥവാ മനുഷ്യേഛ ആകാവതല്ലെന്നും ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാറിക്കൊണ്ടിരിക്കാവുന്നവയല്ല അവയെന്നും ഇസ്ലാം സിദ്ധാന്തിക്കുന്നു. നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ തത്ത്വം അംഗീകരിക്കപ്പെടുന്നതോടെ അമ്പത്തൊന്നു ശതമാനം പറയുന്നതും പിന്തുണക്കുന്നതുമൊക്കെ സത്യവും ശരിയും നീതിയും ധര്‍മവുമായിത്തീരുന്നു. ന്യൂനപക്ഷം പിന്തുണക്കുന്നത് അസത്യവും തെറ്റും അനീതിയും അധര്‍മവുമാകുന്നു. ന്യൂനപക്ഷ-ഭൂരിപക്ഷ വ്യത്യാസങ്ങള്‍ മാറുന്നതിനനുസരിച്ച് നന്മ-തിന്മകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കും. സുസ്ഥിരവും ശാശ്വതവുമായ മൂല്യങ്ങളും മാനദണ്ഡങ്ങളുമില്ലെന്ന ഈ തത്ത്വത്തെ അരാജകവാദികള്‍ക്കല്ലാതെ അംഗീകരിക്കാനാവില്ല. അതുകൊണ്ടുതന്നെ നിയമനിര്‍മാണത്തിന്റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന ജനാധിപത്യത്തിന്റെ അരാജകത്വവാദപരമായ നിലപാടിനെ ജമാഅത്തെ ഇസ്ലാമി നിരാകരിക്കുന്നു. ചിലര്‍ നിയമം നിര്‍മിക്കുന്ന യജമാനന്മാരും മറ്റുള്ളവര്‍ അവയനുസരിക്കുന്ന ആജ്ഞാനുവര്‍ത്തികളായ അടിമകളുമാകുന്നത് മനുഷ്യന്റെ മഹത്വത്തിനും സമത്വത്തിനും ചേര്‍ന്നതല്ല. 

ശരിയും തെറ്റും നീതിയും അനീതിയും തീരുമാനിക്കാന്‍ മനുഷ്യേഛയും മനസ്സാക്ഷിയും അശക്തമാണെന്ന് എല്ലാവരും സമ്മതിക്കും. പ്രശസ്ത ഫ്രഞ്ച് ദാര്‍ശനികനായ ആന്ത്രേ ക്രീസോണ്‍ തന്റെ 'സദാചാരവ്യവസ്ഥയും തത്ത്വദര്‍ശനങ്ങളു'മെന്ന കൃതിയിലെഴുതുന്നു: "എല്ലാ നാടുകളിലെയും ജനങ്ങള്‍ എക്കാലത്തും സ്വന്തം മനസ്സാക്ഷിയോട് ഉപദേശം തേടിയിരുന്നു. പക്ഷേ, അവക്ക് ലഭിച്ച മറുപടി എല്ലാവര്‍ക്കും എല്ലായ്പ്പോഴും ഒരേ സ്വഭാവത്തിലായിരുന്നില്ല. ഒരു കാലഘട്ടത്തിലെ ആത്മാര്‍ഥമനസ്സുകള്‍ക്ക് നന്മയും നീതിയുമായി തോന്നിയ കാര്യങ്ങള്‍ മറ്റു ചിലര്‍ക്ക് തിന്മയും അനീതിയുമായി തോന്നി. ആ മനസ്സുകളും ആത്മാര്‍ഥതയുള്ളവയായിരുന്നു. പക്ഷേ, അവര്‍ ജീവിച്ചത് മറ്റൊരു കാലത്തും വേറൊരു നാട്ടിലും ആയിരുന്നുവെന്നു മാത്രം....'' 

ജനാധിപത്യത്തിന്റെ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വശം അംഗീകരിക്കുന്ന പക്ഷം  നിയമനിര്‍മാണത്തില്‍ പരമാധികാരം ദൈവത്തിന്    എന്ന ഇസ്‌ലാമിന്റെ കാഴ്ചപ്പാട് തന്നെ അപ്രസക്തമാകുന്നു. ഒരു ഭൗതികദര്‍ശനത്തില്‍ കൂടുതല്‍ അനുയോജ്യമായ സംവിധാനം ഭൂരിപക്ഷാടിസ്ഥാനത്തില്‍ നിയമം നിര്‍മിക്കുക എന്നത് തന്നെയാണ്. ഈ സംവിധാനം പ്രയോഗവല്‍ക്കരിച്ചിടത്ത് എന്തു സംഭവിച്ചു എന്ന് ചരിത്രത്തില്‍ പരിശോധിച്ചാല്‍ കുറ്റമറ്റ ഒരു മാര്‍ഗമല്ല നിയമനിര്‍മാണത്തില്‍ ഭൂരിപക്ഷത്തിനുള്ള പരമാധികാരമെന്ന് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയും.
 
പ്രശസ്ത സാഹിത്യകാരനും ജനാധിപത്യവാദിയുമായ സി.ജെ. തോമസ് പറയുന്നു: "ഭരണാധികാരികളുടെ മനോഭാവമനുസരിച്ച് പൌരന്മാരുടെ നീതിബോധം ആടിയുലയുന്നത് സോഫോക്ളീസ് ചിത്രീകരിച്ചിട്ടുണ്ട്. ബ്രൂട്ടസിന്റെയും ആന്റണിയുടെയും കൂടെ മാറി മാറി ചാഞ്ചാടുന്ന റോമന്‍ജനതയെ ഷേക്സ്പിയര്‍ നൂറുവട്ടം അപഹസിച്ചിട്ടുണ്ട്. ഇബ്സനിലെത്തിയപ്പോള്‍ സര്‍വ ജനത്തെയും ചെറുത്തുകൊണ്ട് ഏകാകിയായി എഴുന്നേറ്റുനിന്ന് കല്ലേറുകൊള്ളുന്നവന്‍ മാത്രമാണ് മഹാന്‍ എന്നുവരെയെത്തി. കലാഭാസങ്ങളെ പുലര്‍ത്തുന്നതും അര്‍ധരാത്രി വണ്ടിയിറങ്ങുന്ന സിനിമാനടനെക്കാണാന്‍ പതിനായിരക്കണക്കിനെത്തുന്നതും ബഹുജനമാണ്. ഭാഗ്യക്കുറിത്തട്ടിപ്പുകളെ പോഷിപ്പിക്കുന്നത് അവരാണ്. പുണ്യാത്മാക്കളെ അടിച്ചുകൊല്ലുന്നതുംഅവര്‍തന്നെ'' (ധിക്കാരിയുടെ കാതല്‍ , പേജ് 72). 

സഹജമായ ഇത്തരം ദൌര്‍ബല്യങ്ങളില്‍നിന്ന് മോചിതരാവാന്‍ സാധ്യമല്ലാത്ത മനുഷ്യര്‍ നിയമം നിര്‍മിക്കുമ്പോള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനിവരാത്തവിധം അതാവാന്‍ ശ്രമിക്കുക സ്വാഭാവികമാണ്. അതിനാല്‍ എല്ലാവരോടും ഒരേപോലെ നീതി കാണിക്കാന്‍ മുഴുവന്‍ മനുഷ്യരുടെയും സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹുവിനു മാത്രമേ കഴിയുകയുള്ളൂ. അതുകൊണ്ടുതന്നെ അവനല്ലാതെ ആര്‍ക്കും നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. "അറിയുക: സൃഷ്ടിക്കാനും കല്‍പിക്കാനും അവനു മാത്രമാണ് അധികാരം. സര്‍വലോക സംരക്ഷകനായ അല്ലാഹു ഏറെ മഹത്വമുള്ളവനാകുന്നു'' (ഖുര്‍ആന്‍ 7:54). 

"വിധിക്കധികാരം അല്ലാഹുവിന് മാത്രമാണ്. അവനെയല്ലാതെ യാതൊന്നിനെയും നിങ്ങള്‍ വഴങ്ങരുതെന്ന് അവനാജ്ഞാപിച്ചിരിക്കുന്നു. ഏറ്റവും ശരിയായ ജീവിതക്രമം അതാണ്. എങ്കിലും ഏറെ മനുഷ്യരും അതറിയുന്നില്ല'' (12:40).
ഇതിന്റെ അര്‍ഥം ഖുര്‍ആനും ജനാധിപത്യവും പരസ്പരഭിന്നമാണ് എന്നല്ല. ജനാധിപത്യത്തിന്റെ മറ്റുവശങ്ങളെല്ലാം തന്നെ ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഉന്നതമായ ഗുണങ്ങള്‍ക്ക് അനുപൂരകമാണ്. എന്താണ് ജനാധിപത്യത്തിന്റെ പ്രസക്തി എന്ന് നോക്കാം.


ജനാധിപത്യത്തിന്റെ പ്രസക്തി:

എന്നാല്‍ മനുഷ്യര്‍ ആവിഷ്കരിച്ച രാഷ്ട്രീയ-ഭരണക്രമങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ടത് ജനാധിപത്യമാണ്. നാടുവാഴിത്തത്തേക്കാളും രാജാധിപത്യത്തേക്കാളുമേറെ എടുത്തോതാവുന്ന ഒട്ടേറെ മികവുകള്‍ അതിനുണ്ട്. ഗുണപരമായ ഈ വശത്തെ ജമാഅത്ത് അംഗീകരിക്കുന്നു. സയ്യിദ് അബുല്‍അഅ്ലാ മൌദൂദി എഴുതുന്നു: "ജനാധിപത്യം ആദ്യത്തില്‍ ആവിഷ്കൃതമായത് രാജാക്കന്മാരുടെയും നാടുവാഴി പ്രഭുക്കന്മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിനു വേണ്ടിയായിരുന്നു. ഒരതിര്‍ത്തിയോളം അത് ശരിയുമായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരവുംഅവകാശവുമില്ല''
(മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 10). 

ഭരണാധികാരിയെ തെരഞ്ഞടുക്കാനുള്ള ഏറ്റവും മെച്ചപ്പെട്ട രീതി എന്ന നിലയിലും ജമാഅത്ത് ജനാധിപത്യത്തെ പിന്തുണക്കുന്നു. സയ്യിദ് മൌദൂദി എഴുതുന്നു: "ജനങ്ങളുടെ ആധിപത്യത്തിന്റെ സ്ഥാനത്ത് ജനങ്ങളുടെ പ്രാതിനിധ്യത്തെയാണ് നാം അംഗീകരിക്കുന്നത്. രാജാധിപത്യത്തോടും നാടുവാഴിമേധാവിത്വത്തോടും വര്‍ഗപരമായ കുത്തകാവകാശത്തോടും നമുക്ക് തീര്‍ത്താല്‍ തീരാത്ത അമര്‍ഷമുണ്ട്. ആധുനികകാലത്തെ ഏറ്റവും വലിയൊരു ജനാധിപത്യവാദിക്ക് ഉണ്ടാവുന്നത്ര അമര്‍ഷം. സാമൂഹികജീവിതത്തില്‍ എല്ലാ ഓരോരുത്തര്‍ക്കും തുല്യാവകാശവും തുല്യനിലപാടും തുല്യാവസരവും ലഭിക്കണമെന്ന് നമുക്ക് വലിയ ശാഠ്യമുണ്ട്. ഒരു പാശ്ചാത്യ ജനാധിപത്യവാദിക്കുള്ളത്ര ശാഠ്യം. ദേശവാസികളുടെ സ്വതന്ത്രവും നിര്‍ബാധവുമായ ഹിതാനുസാരമായിരിക്കണം ഗവണ്‍മെന്റിന്റെ ഭരണനിര്‍വഹണവും ഭരണാധികാരികളുടെ തെരഞ്ഞെടുപ്പുമെന്നതിനെ സംബന്ധിച്ചേടത്തോളം നമുക്ക് എതിരഭിപ്രായമേ ഇല്ല. പൌരന്മാര്‍ക്ക് അഭിപ്രായസ്വാതന്ത്യ്രവും സംഘടനാസ്വാതന്ത്യ്രവും പ്രക്ഷോഭണ സ്വാതന്ത്യ്രവും ഇല്ലാത്തതോ ജനനത്തെയുംജാതിയെയും പാരമ്പര്യത്തെയും വര്‍ഗപരതയെയും ആധാരമാക്കിയുള്ള പ്രത്യേക അവകാശങ്ങളും പ്രത്യേക പ്രതിബദ്ധങ്ങളും ഉള്ളതോ ആയ ഒരു വ്യവസ്ഥിതിയെ നാം ഒരിക്കലും അനുകൂലിക്കുന്നില്ല. ജനാധിപത്യത്തിന്റെ യഥാര്‍ഥ സത്തയായ ഈവിധ വിഷയങ്ങളിലൊന്നും നാം വിഭാവന ചെയ്യുന്ന ജനാധിപത്യവും പാശ്ചാത്യ ജനാധിപത്യവും തമ്മില്‍ അന്തരമൊന്നുമില്ല'' ( മതേതരത്വം, ദേശീയത്വം, ജനാധിപത്യം: ഒരു താത്ത്വികവിശകലനം പേജ് 20). 
 
സ്വാതന്ത്ര്യസമരം നടന്നുകൊണ്ടിരുന്ന അവിഭക്ത ഇന്ത്യയിലായിരിക്കെ തന്നെ സയ്യിദ് മൌദൂദി ജനാധിപത്യത്തിന്റെ ഈ മേന്മ ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്. അദ്ദേഹം എഴുതി: "നമ്മുടെ രാജ്യത്തിന്റെ ഭരണവ്യവസ്ഥയുടെ വികാസം ജനാധിപത്യത്തിലൂടെയോ അതല്ല മറ്റേതെങ്കിലും വിധത്തിലോ എന്നതല്ല നാം നേരിടുന്ന യഥാര്‍ഥ ചോദ്യം. ബുദ്ധിയുള്ള ഒരു മനുഷ്യനും ജനാധിപത്യത്തെ എതിര്‍ക്കുകയില്ല. ഇവിടെ രാജാധിപത്യമോ ഏകാധിപത്യമോ മറ്റേതെങ്കിലും തരത്തിലുള്ള ഭരണരീതിയോ ആണ് വേണ്ടതെന്നും പറയാനാവില്ല'' ( തഹ്രീകെ ആസാദീ ഹിന്ദ് ഔര്‍ മുസല്‍മാന്‍, പേജ് 475). 

ബുദ്ധിയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നവര്‍ ഇവിടെ പറഞ്ഞ വസ്തുതകളോടാണ് നേരിടേണ്ടത്. ഇതുപറഞ്ഞതിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തിനെതിരാണ് എന്ന് പ്രചരിപ്പിക്കുന്നത് പിണറായിപ്പോലെ ഒരു രാഷ്ട്രീയക്കാരനാകാം.  ഖുര്‍ആനും സുന്നത്തുമാണ് ഞങ്ങളുടെ മാര്‍ഗദര്‍ശി എന്ന് പറയുന്ന ഒരു മുസ്ലിം സംഘത്തിന് എങ്ങനെ കഴിയുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്. എന്നാല്‍ ജനാധിപത്യത്തില്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ടെന്നത്.  പാവം ഈ പുരോഹിതവേഷധാരികള്‍ക്കറിയില്ല.ജനാധിപത്യത്തിന്റെ ഏതെങ്കിലും ഒരു വശത്തെയല്ല അത് നിരാകരിക്കുന്നത്. ജനാധിപത്യത്തിന് പകരം സ്വേഛാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കുമാണ് അതിന്റെ ആന്തരിക സ്വഭാവം തന്നെ. ഈ വിശയത്തില്‍ എതിര്‍ക്കുകയാണെങ്കില്‍ മാര്‍ക്‌സിമാണ് ആദ്യം എതിര്‍ക്കപ്പെടേണ്ടത്. എന്ന് ജമാഅത്തിനെതിരെ പ്രവര്‍ത്തിച്ച് കമ്മ്യൂണിസത്തിനും മുതലാളിത്തത്തിനും അനുകൂലമായ നിലപാടെക്കുന്നവര്‍ ചിന്തിക്കുന്നില്ല. ജനങ്ങളുടെ അറിവില്ലായ്മയും തങ്ങളിലുള്ള അവരുടെ വിശ്വാസ്യതയും മുതലെടുത്ത് അസത്യം പ്രചരിപ്പിക്കുന്നവര്‍ വിചാരണ നാളിനെ ഭയപ്പെട്ടുകൊള്ളട്ടേ എന്നാണ് എനിക്ക് പറയാനുള്ളത്. 

ജനങ്ങളുടെ കണ്ണുകെട്ടാന്‍ എക്കാലവും കഴിയില്ല. അവര്‍ സത്യം മനസ്സിലാക്കാന്‍ തുടങ്ങുന്നത് വരെ മാത്രമേ ജമാഅത്തെ ഇസ്ലാമിക്കെതിരിലും അതിന്റെ സംരംഭങ്ങള്‍ക്കെതിരിലും ഇത്തരം അസത്യവാദികളുടെ തടയണ ഫലപ്രദമാകുകയുള്ളൂ എന്ന് ഓര്‍ത്തിരിക്കുക.

4 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ആര്‍ക്കാണ് ജനാധിപത്യമില്ലാത്തത്?. മാതൃഭൂമി വാരിക പ്രസിദ്ധീകരിച്ച ലേഖനം. ജനാധിപത്യത്തിന്റെ കാര്യത്തില്‍ ഇസ്്‌ലാമിക പ്രസ്ഥാനത്തെ വിമര്‍ശിക്കുന്നവരുടെ ജനാധിപത്യത്തിന്റെ ഒരവസ്ഥ വ്യക്തമാക്കാന്‍ ഇതിന്റെ വായന ഉപകരിക്കും. വിഷയം വ്യത്യസ്ഥമായതിനാല്‍ ഇതേക്കുറിച്ചുള്ള ചര്‍ച ഇവിടെയില്ല.

Manoj മനോജ് പറഞ്ഞു...

:) ജമാ അത്തിന്റെയും കൂട്ടാളികളുടെയും മനസ്സിലുള്ള “ജനാധിപത്യം” ദാ ഗിലാനി ചേട്ടനിലൂടെ വായീക്കാം.
http://news.rediff.com/slide-show/2010/nov/01/slide-show-1-interview-hindus-muslims-are-separate-nations-geelani.htm

ഗിലാനിയിലൂടെ പുറത്ത് ചാടിയതാണ് മറച്ച് വെച്ചിരിക്കുന്ന സത്യം.... എത്ര വെള്ള പൂശാന്‍ ശ്രമിച്ചാലും ഇത് പോലെ ഗിലാനിമാരുടെ വായില്‍ നിന്ന് പുറത്ത് വരും....

CKLatheef പറഞ്ഞു...

[Syed Ali Shah Geelani of the Jamaat-e Islami of Jammu and Kashmir is a veteran politician and has emerged as a key player in the Kashmir dispute.

'Presently, he heads the Tehrik-e Hurriyat-e Jammu Kashmir. He talks about the Kashmir conflict and its possible solution in this 2 part interview with Yoginder Sikand.

In your writings, and in those of other similar Islamist ideologues, the Kashmir conflict is often described as a war between Islam and 'disbelief'. Do you really think it is so? Is it not a political struggle or a nationalist struggle, actually?

The Kashmir dispute is a fall-out of the Partition of India. The Muslim-majority parts of British India became Pakistan, and the Hindu-majority regions became the dominion of India.

There were, at that time, some 575 princely states in India under indirect British rule. Lord Mountbatten gave them the choice of joining either India or Pakistan, and instructed that their choice must be guided by the religious composition of their populace as well as by the borders they might share with either India or Pakistan, as the case might be.']

ഞാന്‍ ഇവിടെ നല്‍കിയ പോസ്റ്റിനോടുള്ള ശരിയായ പ്രതികരണമല്ല താങ്കളുടെ ലിങ്കും വാക്കുകളും എന്ന് പറയേണ്ടിവന്നതില്‍ പ്രയാസമുണ്ട്. ഗീലാനിക്ക് അദ്ദേഹത്തിന്റെതായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. അതിന്റെ ഗുണമോ ദോശമോ ഒക്കെ അദ്ദേഹവും അദ്ദേഹം നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും അനുഭവിക്കുന്നുമുണ്ട്. ഇവിടെ താങ്കള്‍ ലിങ്ക് നല്‍കിയതില്‍ സംഭവിച്ചത്. അച്ചുതാനന്ദനെ, 'പട്ടിപോലും തിരിഞ്ഞ് നോക്കില്ല' എന്ന കമന്റ് പറയിപ്പിച്ച പത്രക്കാരന്റെത് തന്നെ. എന്ത് ഉത്തരം പറഞ്ഞാലും താനുദ്ദേശിക്കുന്നത് വ്യാഖ്യാനിക്കാന്‍ ലഭ്യമാക്കുമാര്‍ ഒരു ചോദ്യം ചോദിക്കുക. അതിന് നല്‍കപ്പെട്ട മറുപടി എന്തായാലും അതിനൊപ്പിച്ച് വ്യാഖ്യാനിക്കുക. ബ്രിട്ടീഷുകാര്‍ കഷ്ണം വെട്ടിയപ്പോള്‍ മതത്തിന്റെ ഭൂരിപക്ഷം പരിഗണിച്ചിരുന്നുവെന്നത് ഒരു ചരിത്രമായിരിക്കെ. താങ്കളുടെ ഇവിടെ നല്‍കിയ കമന്റ് യുക്തിസഹമായി താങ്കള്‍ക്കിതിനോട് വിയോജിക്കാനാവില്ല എന്നതിന്റെ തെളിവായി ഞാനെടുക്കുന്നു.
ഗീലാനി പറഞ്ഞത് ഇന്ത്യന് ജമാഅത്ത് മറച്ചുവെച്ചതാണെന്ന് എതായാലും ഞാന് കരുതുന്നില്ല. തുറന്നു പറയേണ്ടവര്‍ ആരെയും ഭയപ്പെട്ട് ഒന്നും മറച്ചുവെക്കുന്നില്ല എന്നതിന്റെ തെളിവായിട്ടല്ലേ അപകടകരമായ എന്തോ ഉണ്ടെന്ന് സമ്മതിച്ചാലും അതിലുള്ളത്.

CKLatheef പറഞ്ഞു...

>>> എത്ര വെള്ള പൂശാന്‍ ശ്രമിച്ചാലും <<<

വെള്ളപൂശിയതല്ല താങ്കള്‍ കണ്ടത്. വിമര്‍ശകര്‍ തെറിപ്പിച്ച ചെളി കളഞ്ഞപ്പോള്‍ കണ്ട വെളുപ്പാണ്. ഈ വിമര്‍ശകരില്‍ മതേതതരവാദികളെക്കാള്‍ ഉള്ളത് മതവാദികള്‍ തന്നെയാണ്. അവരാണ് ചിലത് മറച്ചുവെക്കുന്നത്. തെളിവ് ഈ ചോദ്യങ്ങളോടുള്ള അവരുടെ നിസംഗത തന്നെ. ഇന്ത്യന്‍ എന്നയാള്‍ ഉന്നയിച്ച ഈ വിഷയത്തിലുള്ള ചില ചോദ്യങ്ങള്‍ ഇവിടെ എടുത്ത് ചേര്‍ക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK