'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, നവംബർ 16, 2010

ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ സമ്മേളനം

 2010 നംവംബര്‍ 4 മുതല്‍ 7 വരെ ഡല്‍ഹിയില്‍ നടന്ന ജമാഅത്തെ ഇസ്ലാമി അംഗങ്ങളുടെ സമ്മേളനത്തിന്റെ പത്രറിപ്പോര്‍ട്ടില്‍ നിന്ന് എടുത്തതാണ് താഴെ നല്‍കിയിരിക്കുന്നത്. ജമാഅത്തിന്റെ നിലവിലെ പ്രവര്‍ത്തനങ്ങളുടെ മുന്‍ഗണനകളും പ്രവര്‍ത്തന മേഖലകളും ഏതെല്ലാം തലത്തിലായിരിക്കും എന്നൊക്കെ വ്യക്തമാക്കപ്പെടുന്നത് ഇതുപോലുള്ള സമ്മേളനങ്ങളില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളിലൂടെയും പ്രത്യേകമായ ചേരുന്ന ശൂറാ തീരുമാനങ്ങളിലൂടെയുമാണ്. ജമാഅത്തെ ഇസ്ലാമി എന്ന് വെച്ചാല്‍ അതിന്റെ വിമര്‍ശകര്‍ക്ക് 1952 ലും അതിന് ശേഷവും നടന്ന ഇത്തരത്തിലുള്ള ചില തീരുമാനങ്ങളും അന്ന് വിശദീകരണമായി നല്‍കിയ ലേഖനങ്ങളിലെ ചില വാചകങ്ങളുമാണ്. എന്നാല്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ക്ക് അത്തരം ഉദ്ധരണികള്‍ക്ക് മറുപടി നല്‍കി സമയം കളയുകയല്ല ജോലി. മറിച്ച് പുതിയ തീരുമാനങ്ങള്‍ പ്രവര്‍ത്തികമാക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുക എന്നതാണ്. ജമാഅത്തിനെ എതിര്‍ക്കുന്നത് തങ്ങളുടെ സംഘടനാ ഭദ്രതക്ക് സഹായകമാകും എന്ന് വിചാരിക്കുന്നവര്‍ക്ക് അതില്‍നിന്ന് പിന്‍മാറാനുമാവില്ല.
 
വികസന അസന്തുലിതത്വം ജനജീവിതം ദുരിതപൂര്‍ണമാക്കി

ന്യൂദല്‍ഹി: സാമ്പത്തിക-ശാസ്ത്രീയ മേഖലയില്‍ ആര്‍ജിച്ച ശക്തമായ മുന്നേറ്റങ്ങള്‍ക്കിടയിലും ലോകം മുഴുവന്‍ അസന്തുലിതത്വം പെരുകുന്നതായി ജമാഅത്തെ ഇസ്‌ലാമി ദേശീയ അധ്യക്ഷന്‍ സെയ്ദ് ജലാലുദ്ദീന്‍ ഉമരി അഭിപ്രായപ്പെട്ടു. ഈ അസന്തുലിതത്വത്തിന്റെ പ്രത്യക്ഷ ഇരകളായി മാറിയ ദരിദ്ര ജനസമൂഹത്തിന്റെ ജീവിതം മാറ്റിയെടുക്കാന്‍ സമാന മനസ്‌കരുമായി ചേര്‍ന്ന് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകാന്‍ ജമാഅത്ത് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലോകത്തുടനീളം ഭൗതിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശാസ്ത്ര-സാങ്കേതിക രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സാമ്പത്തികരംഗത്തെ അജയ്യ ശക്തികളായി അമേരിക്കയും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളും മറ്റും ഏറെ മുന്നോട്ടു പോയി. ആഡംബര ഉല്‍പന്നങ്ങളുടെയും വാര്‍ത്താ വിനിമയ സംവിധാനങ്ങളുടെയും ധാരാളിത്തം ജനജീവിതത്തെ അടിമുടി മാറ്റിയിരിക്കുന്നു. അതേസമയം ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലും ജനങ്ങളില്‍ ഭൂരിഭാഗവും ദാരിദ്ര്യ രേഖക്കു ചുവടെയാണ്. ഇന്ത്യയിലാകട്ടെ വികസനത്തിന്റെ തുല്യാവകാശം വലിയൊരു വിഭാഗത്തിന് നിഷേധിക്കപ്പെടുന്നു. മനുഷ്യാവകാശങ്ങള്‍ ക്രൂരമായി ലംഘിക്കപ്പെടുന്നു. നിയമ പരിരക്ഷകളുണ്ടെങ്കിലും ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല -ജലാലുദ്ദീന്‍ ഉമരി.

വര്‍ഗീയ പ്രചാരണങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു. ജീവിതത്തിന്റെ സാമൂഹിക തലങ്ങളില്‍ നിന്ന് മതത്തെ മാറ്റിനിര്‍ത്തണമെന്ന വാദം ജമാഅത്ത് അംഗീകരിക്കുന്നില്ല. ദൈവിക നീതിക്ക് അനുസരിച്ച് ജീവിതം കെട്ടിപ്പടുക്കണം. സ്‌നേഹത്തിലും ധര്‍മത്തിലും അധിഷ്ഠിതമായി മനുഷ്യനന്‍മക്ക് ഉതകുന്ന പ്രവര്‍ത്തനങ്ങളുമായി ജമാഅത്ത് മുന്നോട്ടുതന്നെ പോകും. രാഷ്ട്രീയാദി മേഖലകളില്‍ നേരിട്ടും അല്ലാതെയുമുള്ള ഇടപെടല്‍ കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനും ജമാഅത്ത് അമീര്‍ പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. അമീറിന്റെ പ്രസംഗം മലയാളത്തിലേക്ക് യൂസുഫ് ഉമരിയും ബംഗാളി ഭാഷയിലേക്ക് ഡോ. റഈസുദ്ദീനും മൊഴിമാറ്റം നടത്തി.

ഓഖ്‌ല അബുല്‍ ഫസല്‍ എന്‍ക്ലേവിലെ ജമാഅത്ത് ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള എണ്ണായിരത്തോളം അംഗങ്ങളാണ് സംബന്ധിക്കുന്നത്. മൗലാന മുഹമ്മദ് യൂസുഫ് ഇസ്‌ലാഹിയുടെ ഖിറാഅത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജമാഅത്ത് സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇഅ്ജാസ് അഹ്മദ് അസ്‌ലം, മുഫ്തബ ഫാറൂഖ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് അഞ്ച് സെഷനുകളിലായി വിവിധ വിഷയങ്ങളെക്കുറിച്ച് തുറന്ന സംവാദം നടന്നു. ഡോ. അബ്ദുര്‍റഖീബ്, നസീറാ ഖാനം, ഡോ. ഷക്കീല്‍ അഹ്മദ്, ടി. ആരിഫലി, മുജ്തബ ഫാറൂഖ്, മുഹമ്മദ് റഫീഖ് ഖാസ്മി, ഡോ. അബ്ദുസ്സലാം വാണിയമ്പലം, അശ്ഫാഖ് അഹ്മദ്, ഡോ. അഹ്മദ് സജ്ജാദ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനം റാലിയോടും പൊതുസമ്മേളനത്തോടും കൂടി ഞായറാഴ്ച സമാപിക്കും


ഇരകളുടെ പുനരധിവാസം മുഖ്യ അജണ്ട

ന്യൂദല്‍ഹി: ആഗോളീകരണത്തിന്റെയും ആര്‍ത്തിമൂത്ത സ്വകാര്യവത്കരണത്തിന്റെയും മുഖ്യ ഇരകള്‍ ഇന്ത്യയിലെ മുസ്‌ലിം സമൂഹമാണെന്നും ഇവരുടെ പുനരധിവാസം പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടയാണെന്നും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അസി.അമീര്‍ പ്രഫ. കെ.എ. സിദ്ദീഖ്ഹസന്‍ അഭിപ്രായപ്പെട്ടു. സാമൂഹികമായി നേരത്തേ തന്നെ ദലിതുകള്‍ക്കും പിറകിലാണെന്ന് സച്ചാര്‍കമ്മിറ്റി വിശേഷിപ്പിച്ച, കുലത്തൊഴിലുകളിലും കുടില്‍ വ്യവസായങ്ങളിലും ഏര്‍പ്പെട്ട മുസ്‌ലിംകളെ ദാരിദ്ര്യത്തിന്റെ തീരാ വറുതിയിലേക്കാണ് ഉദാരീകരണം എടുത്തെറിഞ്ഞിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെ ചതുര്‍ദിന ദേശീയ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദീഖ്ഹസന്‍. പ്രവാചക മാതൃക പിന്തുടര്‍ന്ന ജമാഅത്ത്, പിറവി തൊട്ട് സേവന-പുനരധിവാസ മേഖലയില്‍ വ്യാപൃതമാണ്. സാമൂഹികസേവനരംഗത്ത് വര്‍ഷങ്ങള്‍ക്കുമുമ്പ് സംഘടന കൈക്കൊണ്ട തീരുമാനത്തിന്റെ സദ്ഫലങ്ങള്‍ വിഷന്‍ 2016ലൂടെ രാജ്യം അനുഭവിക്കുകയാണെന്ന് അസി.അമീര്‍ വ്യക്തമാക്കി.

മനുഷ്യരുടെ പ്രയാസങ്ങളും ദുരിതങ്ങളും ദൂരീകരിക്കാന്‍ ഇറങ്ങേണ്ടത് വിശ്വാസപരമായ ബാധ്യതയാണെന്ന ബോധ്യം അംഗങ്ങള്‍ക്കുണ്ടാവണമെന്ന് ജമാഅത്ത് ഉപാധ്യക്ഷന്‍ മുഹമ്മദ് ജഅ്ഫര്‍ ഉദ്‌ബോധിപ്പിച്ചു. പൊതു വിഷയങ്ങളില്‍ ഇടപെടാതെ പോയാല്‍ ജമാഅത്തിന് പ്രസക്തി നഷ്ടപ്പെടും. നീതിയുടെ സംസ്ഥാപനവും ആദര്‍ശ പ്രബോധനവും ഒത്തു ചേരുമ്പോഴേ ഇസ്‌ലാമിക പ്രവര്‍ത്തനം സമഗ്രമാകൂ -അദ്ദേഹം പറഞ്ഞു. മുന്‍ അമീര്‍ ഡോ. അബ്ദുല്‍ഹഖ് അന്‍സാരി, ദേശീയ കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല എന്നിവരും വിവിധ വിഷയങ്ങളവതരിപ്പിച്ചു. വി.കെ. അലി, യൂസുഫ് ഉമരി, വി.കെ. ഹംസ അബ്ബാസ് തുടങ്ങിയവര്‍ വിവിധ സെഷനുകളുടെ മലയാളം പരിഭാഷ നിര്‍വഹിച്ചു.

രാത്രി നടന്ന സമാപനസെഷനില്‍ അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ ഉമരി സമാപനപ്രസംഗം നിര്‍വഹിച്ചു. ദുരയിലും സ്വാര്‍ഥതയിലും അധിഷ്ഠിതമായ പുതിയ ലോക ക്രമത്തിനെതിരെ നീതിബോധത്തിലും മാനവിക സ്‌നേഹത്തിലും അധിഷ്ഠിതമായ പോരാട്ടം അനിവാര്യമാണെന്ന് സമ്മേളനം പാസാക്കിയ ദല്‍ഹി പ്രഖ്യാപനം വ്യക്തമാക്കി. സാമ്രാജ്യത്വത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ ശക്തിപ്പെടുന്നത് ആശ്വാസകരമാണ്. തങ്ങളുടെ ഭാരിച്ച ദൗത്യം മുസ്‌ലിം സമൂഹം തിരിച്ചറിയണമെന്നും ഇസ്‌ലാമിന്റെ മാനുഷികമുഖം കൂടുതല്‍ ശക്തമായി അവതരിപ്പിക്കാനും കഴിയണമെന്നും സമ്മേളനം മുസ്‌ലിംസമുദായത്തെ ഉണര്‍ത്തി. ആഭ്യന്തര ദൗര്‍ബല്യങ്ങള്‍ മാറ്റിനിര്‍ത്തി സുപ്രധാന ദൗത്യത്തില്‍ ഒരുമിച്ചു മുന്നേറാന്‍ എല്ലാ വിഭാഗങ്ങളോടും സമ്മേളനം ആഹ്വാനം ചെയ്തു. അധാര്‍മികതക്കെതിരെ നിലയുറപ്പിക്കാന്‍ ജനസമൂഹത്തെ പ്രേരിപ്പിക്കുമെന്നും ജനസേവനം ലക്ഷ്യം വെച്ച് ആസൂത്രിത പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുമെന്നും സമ്മേളനം പ്രഖ്യാപിച്ചു.

 വര്‍ഗീയ ഫാഷിസവും തീവ്രദേശീയതയും വിള്ളലുകള്‍ സൃഷ്ടിക്കുന്നു

ന്യൂദല്‍ഹി: ഇന്ത്യയില്‍ വര്‍ഗീയ ഫാഷിസവും തീവ്രദേശീയ വികാരവും സാമൂഹികാന്തരീക്ഷത്തില്‍ വിള്ളലുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും സൈന്യത്തിലും പൊലീസ് സംവിധാനത്തിലും നുഴഞ്ഞുകയറിയ ഫാഷിസ്റ്റ് ശക്തികള്‍ അശാന്തിയും കലഹവും ആസൂത്രണം ചെയ്ത് നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജമാഅത്തെ ഇസ്‌ലാമി ശൂറാം അംഗം ഡോ. ഹസന്‍ രിസാ പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ചതുര്‍ദിന ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തില്‍ 'സമകാലീന സാഹചര്യവും ഇസ്‌ലാമിക പ്രസ്ഥാനവും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സോഷ്യലിസവും കമ്യൂണിസവും ഇന്ത്യന്‍ സമൂഹത്തെ രക്ഷിക്കാനുള്ള കഴിവ് തെളിയിച്ചില്ല. ജര്‍മനിയുടെയും ഇറ്റലിയുടെയും നാസിസവും ഫാഷിസവും വംശീയ-വര്‍ഗീയ രാക്ഷസീയത പ്രാപിച്ചുകൊണ്ടിരുന്ന സന്ദര്‍ഭത്തില്‍ നടന്ന റഷ്യയിലെ ബോള്‍ഷെവിക് വിപ്ലവത്തെക്കുറിച്ച് മഹാത്മാഗാന്ധി പ്രവചിച്ചത് സത്യമായി പുലര്‍ന്നിരിക്കുകയാണിപ്പോള്‍.

സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ഹിന്ദു ദേശീയതയും മുസ്‌ലിം ദേശീയതയും സാമ്രാജ്യത്വ ശക്തികളുടെ കാര്‍മികത്വത്തില്‍ ശക്തിപ്പെട്ടപ്പോള്‍ മൗലാന മൗദൂദി ഈ തീവ്ര ദേശീയതകളുടെ വര്‍ഗീയമാനത്തെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയും ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ സന്ദേശം ജനതക്ക് നല്‍കുകയും ചെയ്തിരുന്നു. അന്ന് അദ്ദേഹം ദീര്‍ഘദര്‍ശനം ചെയ്്തതുപോലെതന്നെ ഇന്ത്യ-പാക് വിഭജനം ഇരു സമുദായങ്ങളെയും ശത്രുക്കളാക്കുകയും മേഖലയില്‍ അശാന്തിയുടെ വിത്ത് പാകുകയും ചെയ്തിരിക്കുന്നു. ഈ മുറിവുണക്കാന്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പരമാവധി പരിശ്രമിക്കേണ്ടതുണ്ട്.

അടിസ്ഥാന വര്‍ഗത്തെ കേന്ദ്രീകരിച്ച് ഇസ്‌ലാമിക പ്രസ്ഥാനം പ്രവര്‍ത്തനപദ്ധതി ആവിഷ്‌കരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സത്യസന്ധതയും ആത്മാര്‍ഥതയും കൈമുതലാക്കി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ പ്രസ്ഥാനം മുന്‍കൈയെടുക്കണം. ഭരണകൂടത്തോടും രാഷ്ട്രീയ-സാമുദായിക സംഘടനകളോടും സമന്വയത്തിന്റെയും സഹകരണത്തിന്റെയും രീതി കൈക്കൊള്ളേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടികളെയും സമൂഹങ്ങളെയും വീഴ്ത്താനും വാഴ്ത്താനും കഴിവുള്ളതാണ് മാധ്യമങ്ങളെന്നും ഇന്ത്യയില്‍ കോര്‍പറേറ്റ് മീഡിയയുടെ കടന്നു കയറ്റം ആരംഭിച്ച് കഴിഞ്ഞത് അപകടസൂചനയാണെന്നും ഡോ. എസ്.ക്യൂ.ആര്‍ ഇല്യാസ് പറഞ്ഞു. ഇപ്പോള്‍ വിദേശപത്രങ്ങള്‍ക്ക് 26 ശതമാനം മുതലിറക്കാന്‍ ഇന്ത്യയുടെ മാധ്യമരംഗത്ത് കച്ചവടം തുറന്ന് കൊടുത്തു കഴിഞ്ഞു. ഇനി 49 ശതമാനം മൂലധനമിറക്കാനും മീഡിയാ രംഗം കയ്യിലെടുക്കാനുമാണ് ആഗോള കോര്‍പറേറ്റ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം താക്കീത് നല്‍കി.

ജമാഅത്ത് ദേശീയ റാലിക്ക് അനുമതി റദ്ദാക്കി; ഇന്ന് പ്രതിഷേധ സംഗമം

ന്യൂദല്‍ഹി: ജമാഅത്തെ ഇസ്‌ലാമി ദേശീയ റാലിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് നല്‍കിയ അനുമതി അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അവസാന നിമിഷം റദ്ദാക്കി. സര്‍ക്കാറിന്റെ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ വിവിധ മുസ്‌ലിം നേതാക്കളെ പങ്കെടുപ്പിച്ച് ഓഖ്‌ലയില്‍ ഞായറാഴ്ച വന്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജമാഅത്ത്‌നേതാക്കള്‍ പ്രഖ്യാപിച്ചു.

ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ന്യൂദല്‍ഹി രാംലീല മൈതാനിയില്‍ നിന്ന് തുടങ്ങി ജന്തര്‍ മന്തിറില്‍ സമാപിക്കാനിരുന്ന ദേശീയറാലിയാണ് അവസാനനിമിഷം അധികൃതര്‍ തടഞ്ഞത്. വി.ഐ.പി സുരക്ഷാ മേഖലയുടെ പരിധിയില്‍പ്പെടുന്ന മേഖലയായത് കൊണ്ടാണ് റാലിക്കുള്ള അനുമതി റദ്ദാക്കുന്നതെന്നാണ് അറിയിപ്പ്. ഒബാമയുടെ സന്ദര്‍ശനപശ്ചാത്തലത്തിലാണ് നടപടിയെന്ന് വ്യക്തമാക്കിയിട്ടില്ല. റാലി അവസാനിച്ച് മണിക്കുറുകള്‍ കഴിഞ്ഞാണ് ഒബാമ ദല്‍ഹിയിലെത്തുന്നത്. റാലി തടഞ്ഞതിലൂടെ അമേരിക്കയോടും പ്രസിഡന്റിനോടുമുള്ള വിധേയത്വമാണ് കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചതെന്ന് ന്യൂദല്‍ഹി പ്രസ്‌ക്ലബില്‍ ശനിയാഴ്ച വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ജമാഅത്ത് നേതാക്കള്‍ കുറ്റപ്പെടുത്തി. ആറ് മാസം മുമ്പ്, ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ച റാലി ഒബാമക്കെതിരായ പരിപാടിയായി കാണുന്നതിലെ യുക്തിരാഹിത്യം ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം ഖാസിം റസൂല്‍ ഇല്യാസ് ചോദ്യംചെയ്തു. ഒബാമയുടെ പരിപാടി നിശ്ചയിച്ച ശേഷവും റാലിയുമായി മുമ്പോട്ടുപോകാന്‍ കഴിയുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചിരുന്നത്. അതേസമയം അവസാന നിമിഷമെടുത്ത തീരുമാനത്തിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നുമില്ല. ന്യൂദല്‍ഹിയില്‍ റാലികള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമായി മാറ്റി വെച്ച മേഖലയിലാണ് റാലി നടത്താന്‍ നിശ്ചയിച്ചതെന്നിരിക്കേ ഏത് നിലയിലാണ് ഇവ വി.ഐ.പി സുരക്ഷാ മേഖലയായി മാറിയതെന്ന് ഇല്യാസ് ചോദിച്ചു. സര്‍ക്കാര്‍ നടപടിക്കെതിരെ ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ജംഇയ്യത്ത് അഹ്‌ലെ ഹദീസ് തുടങ്ങി മുഴുവന്‍ മുസ്‌ലിംസംഘടനകളുടെയും നേതാക്കളെ അണിനിരത്തി ഓഖ്‌ലയില്‍ പ്രതിഷേധസംഗമം നടത്തുമെന്ന് അവര്‍ അറിയിച്ചു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ നുസ്‌റത്ത് അലി, മുജ്തബ ഫാറൂഖ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

റാലി റദ്ദാക്കി അമേരിക്കയോടുള്ള അടിമത്തം അരക്കിട്ടുറപ്പിക്കുകയാണ് ഇന്ത്യ ചെയ്തതെന്ന് ജമാഅത്തെ ഇസ്‌ലാമി ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്ത കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ. അബ്ദുല്ല കുറ്റപ്പെടുത്തി. ഇസ്രായേലുമായി ചേര്‍ന്ന് അമേരിക്കന്‍ സാമ്രാജ്യത്വം വിനാശകരമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴാണ് ഇന്ത്യ ഈ നിലപാട് തുടരുന്നത്. സാമൂഹിക ഇടപെടലിനുള്ള സ്വാതന്ത്ര്യം ചോദിക്കരുത്; നമസ്‌കാരത്തിനുള്ള സ്വാതന്ത്ര്യം ഇസ്‌ലാമിനുള്ള സ്വാതന്ത്ര്യമായി കണക്കാക്കിയാല്‍ മതിയെന്ന സാമ്രാജ്യത്വ ജല്‍പനം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അവകാശനിഷേധത്തിനെതിരെ മുസ്‌ലിം നേതാക്കളുടെ പ്രതിഷേധസംഗമം


ന്യൂദല്‍ഹി: ഒബാമയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി ദേശീയ റാലിക്ക് അനുമതി നിഷേധിച്ചതിനെതിരെ മുസ്‌ലിം നേതാക്കളുടെ പ്രതിഷേധം. അമേരിക്കയും ഇസ്രായേലുമായുള്ള രാജ്യത്തിന്റെ വഴിവിട്ട ബന്ധം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് ഓഖ്‌ല അബുല്‍ഫസല്‍ എന്‍ക്ലേവില്‍ നടന്ന പ്രതിഷേധ സമ്മേളനം മുന്നറിയിപ്പ് നല്‍കി. സംഘടനകളുടെ ന്യായമായ അവകാശവും സ്വാതന്ത്ര്യവും ഹനിക്കാനുള്ള ഭരണകൂട നീക്കം ഗുരുതരമായ ഭവിഷ്യത്തുകള്‍ക്കിടയാക്കുമെന്ന് ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ. മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കാവി ഭീകരത അരങ്ങു തകര്‍ക്കുന്ന വേളയില്‍ നിരപരാധികളായ ഒട്ടേറെ യുവാക്കളെ ജയിലില്‍ അടച്ച സര്‍ക്കാര്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരാന്‍ ശ്രമിക്കുകയാണ്. കാവി ഭീകരതയെ കുറിച്ച അന്വേഷണം അട്ടിമറിക്കാനുള്ള നീക്കം എന്തു വില കൊടുത്തും ചെറുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മഹിത മുദ്രാവാക്യങ്ങളുയര്‍ത്തി ദല്‍ഹിയില്‍ റാലി നടത്താനുള്ള അവകാശം നിഷേധിക്കപ്പെട്ടത് ദുഃഖകരമാണെന്ന് കോണ്‍ഗ്രസ് അനുകൂല മതസംഘടനയായ ജംഇയ്യതുല്‍ ഉലമായെ ഹിന്ദ് നേതാവ് മഹ്മൂദ് മദനി പറഞ്ഞു. രാജ്യത്തെ തകര്‍ക്കാനുള്ള ശക്തികളെ ചെറുക്കേണ്ട ബാധ്യത മുസ്‌ലിംകള്‍ക്കുണ്ടെന്നും മുഴുവന്‍ മനുഷ്യരുടെയും നീതിക്കുവേണ്ടി ശബ്ദിക്കാന്‍ മുസ്‌ലിംകള്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. ദാരിദ്ര്യം, അടിമത്തം, നിയമരാഹിത്യം എന്നിവക്കെതിരായി ജമാഅത്തെ ഇസ്‌ലാമി ആവിഷ്‌കരിച്ച സമര പോരാട്ടങ്ങള്‍ മതപരമായ ബാധ്യത തന്നെയാണെന്ന് ജംഇയ്യത് അഹ്‌ലെ ഹദീസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മൗലാന അസ്ഹര്‍ ഇമാം മഹ്ദി സലഫി അഭിപ്രായപ്പെട്ടു. കാലോചിത മുദ്രാവാക്യം ഉയര്‍ത്തിയ ജമാഅത്തെ ഇസ്‌ലാമിയെ അഭിനന്ദിച്ച അദ്ദേഹം അത് ദൈവികമാര്‍ഗത്തിലുള്ള ജിഹാദാണെന്നും ചൂണ്ടിക്കാട്ടി.

അമേരിക്കന്‍ ദാസ്യത്തിന്റെ പേരിലാണ് സുരക്ഷാകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജമാഅത്ത് റാലി സര്‍ക്കാര്‍ തടഞ്ഞതെന്ന് 'മില്ലി ഗസറ്റ്' പത്രാധിപര്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ ആരോപിച്ചു. സിമി ഉള്‍പ്പെടെ ന്യൂനപക്ഷ സംഘടനകളെ നിരോധിക്കുകയും നിരപരാധികളെ തുറുങ്കിലടക്കുകയും ചെയ്യുന്ന ഭരണകൂട മനോഭാവം തന്നെയാണ് റാലി നിരോധത്തിലും തെളിയുന്നതെന്ന് ദല്‍ഹി ഫത്തേപൂര്‍ മസ്ജിദ് ഇമാം മുഫ്തി മുഹമ്മദ് മുകര്‍റം പറഞ്ഞു. വഴിവിട്ട അമേരിക്കന്‍ ദാസ്യവും പാശ്ചാത്യ സംസ്‌കാരത്തോടുള്ള അതിരുകടന്ന വിധേയത്വവും ഇന്ത്യന്‍ സമൂഹത്തെ ഏറെ മാറ്റിയതായി ജമാഅത്ത് കേരള അസി.അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് അഭിപ്രായപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ജനറല്‍ നുസ്രത്ത് അലി, സദറുല്ല ഖാസ്മി ഖാന്‍, ദേശീയോദ്ഗ്രഥന കൗണ്‍സില്‍ അംഗം നവീദ് ഹാമിദ്, ഇഅ്ജാസ് അസ്‌ലം, ആള്‍ ഇന്ത്യ ഒ.ബി.സി അസോസിയേഷന്‍ പ്രസിഡന്റ് ശബീര്‍ അഹ്മദ് അന്‍സാരി എന്നിവരും സംസാരിച്ചു. ജമാഅത്തെ ഇസ്‌ലാമി അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി സമാപനപ്രസംഗം നടത്തി. ജമാഅത്ത് അംഗങ്ങളുടെ ദേശീയ സമ്മേളന ഭാഗമായി നടന്ന പൊതുസമ്മേളനത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗം ടി.കെ അബ്ദുല്ല സംസാരിച്ചു. ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങളുടെ കൂട്ടായ്മ തകര്‍ക്കുകയെന്ന കൃത്യമായ അജണ്ടയാണ് ഇന്ത്യയുമായി തന്ത്രപ്രധാന ബന്ധം രൂപപ്പെടുത്താന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചൈനയും റഷ്യയും ഇന്ത്യയും ഒത്തുചേര്‍ന്നാല്‍ ആഗോള ശാക്തിക രംഗത്ത് നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുമെന്നിരിക്കെ, പരിധിവിട്ട യു.എസ് വിധേയത്വം ഇന്ത്യക്ക് ദോഷം മാത്രമേ ചെയ്യുകയുള്ളൂവെന്ന് മുന്നറിയിപ്പ് നല്‍കി.

ഒമ്പതു തവണ കോള്‍മാന്‍ ഹെഡ്‌ലിക്ക് ഇന്ത്യയില്‍ സ്വതന്ത്രമായി വന്നു പോകാന്‍ കഴിഞ്ഞത് അമേരിക്ക നിശ്ചിത സമയത്ത് വിവരം കൈമാറാതിരുന്നതു കൊണ്ടാണെന്ന് ആഭ്യന്തര സെക്രട്ടറി ജി.കെ. പിള്ള തുറന്നു പറഞ്ഞതാണ്. എന്നാല്‍, ഹെഡ്‌ലി തങ്ങളുടെ ഏജന്റാണെന്ന കാര്യം യു.എസ് ഇപ്പോഴും മറച്ചു പിടിക്കുന്നു. ഈ സാഹചര്യത്തില്‍ ലശ്കര്‍ ഉള്‍പ്പെടെ പല തീവ്രവാദ സംഘടനകളുടെയും പിന്നില്‍ അമേരിക്കയുടെ കരങ്ങള്‍ ഇല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

സമ്മേളനം വിലക്കയറ്റം, അഴിമതി, കാവി ഭീകരതയും നിരപരാധികളുടെ അറസ്റ്റും ഭക്ഷ്യസുരക്ഷാ ബില്‍, അയോധ്യാ വിധി തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട അഞ്ച് പ്രമേയങ്ങളും പാസാക്കി.

 വിശദമായി ചര്‍ച ചെയ്യേണ്ടുന്ന ഒരു പോസ്റ്റ് എന്ന നിലക്കല്ല ഇതിവിടെ നല്‍കിയിരിക്കുന്നത്. മറിച്ച് ജമാഅത്തിനെ അടുത്തറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു റെഫറന്‍സ് എന്ന നിലക്കാണ്.

1 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

പഞ്ചാബ് മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ ആസാം വരെയും വേരുകളുള്ള ഏക ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് മുന്നേറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് ദല്‍ഹി സമ്മേളനത്തിലൂടെ നേടിയെടുത്തിരിക്കുന്നത്. (പ്രബോധനം വാരിക)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK