'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ബുധനാഴ്‌ച, ഡിസംബർ 08, 2010

മതേതരജനാധിപത്യം അവരുടെ ആശങ്കകള്‍

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (2)

ഈ പോസ്റ്റില്‍ ആദ്യമായി ഏതാനും അഭിപ്രായങ്ങള്‍ വായിക്കുക. ബ്ലോഗിലെ ചര്‍ചയും വിശദീകരണവും ബൂലോകത്തെ പ്രതികരണത്തെ അടിസ്ഥാനമാക്കി നല്‍കുന്നതായിരിക്കുമല്ലോ കൂടുതല്‍ ഉചിതം. സമാനമായ പ്രതികരണങ്ങള്‍ തന്നയാണ് പുറത്തുമുള്ളത്. ജമാഅത്തെ ഇസ്‌ലാമിയും മതേതരത്വജനാധിപത്യവും ചര്‍ചയാകുമ്പോള്‍ സ്വാഭാവികമായി അതിന് മനസിലാക്കാനാഗ്രഹിക്കുന്നവരില്‍ ഉണ്ടാകുന്ന ആശങ്കകളാണ് ഇവിടെ നല്‍കിയ കമന്റുകളില്‍ വായിക്കാന്‍ കഴിയുന്നത്. കമന്റുകളെ കുറിച്ചുള്ള അഭിപ്രായം ഇവിടെ പറയാം. അതില്‍ പറയുന്ന വിഷയത്തിലുള്ള പ്രതികരണം അടുത്ത് പോസ്റ്റിലും തുടര്‍ന്ന് വായിക്കാം.
 
[Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

"" എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും ഞാന്‍ വിശ്വസിക്കുന്നു. കാ‍രണം ഈ ഭൂമിയില്‍ ഏവര്‍ക്കും തുല്യാവകാശമേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. ""

സുകുമാരന്‍ സാറിനെ പോലെ ഞാനും ജനാധിപത്യത്തിലും മതേതരത്വത്തിലും തീവ്രമായി വിശ്വസിക്കുന്നു.. ഈ ആശയങ്ങളില്‍ വിശ്വസിക്കാത്തവരെ അവിശ്വസിക്കുകയും ചെയ്യുന്നു. എതിര്‍ക്കുകയും!!!

വാക്കേറുകള്‍ said...

'ന്റെ സൂമാരേട്ടോ ജമാത്തെ ഇസ്ലാമി എന്ത് ചെയ്യണംന്ന് അവര്‍ക്ക് നല്ല നിശ്ചയണ്ട്. തൃശ്ശൂര്‍ പൂരത്തിനു കാസര്‍കോട്ടുകാരനോ തെരോന്തരത്താര്‍നോ പോയപോലെ നിങ്ങളിതിന്റെ എടേ കെടന്ന് അതും ഇതും പറയാണ്ടെ വേറെ വല്ലതും പറയാന്‍ നോക്ക്.

ജമാ അത്തിനു കുടപിടിക്കാനും കുഴലൂതാനും കാലുകഴുകിക്കാനും കൂട്ടിരിക്കാനും കുറേ കപട ബുദ്ധിജീവികള്‍ ഇവിടെ ഉണ്ട്. ഇനിയിപ്പോള്‍ സൂമാരേട്ടന്റെ കുറവ് ഉണ്ടെന്ന് ആരും പറയില്ല. നിങ്ങള് നല്ലൊരു കമ്യൂണിസ്റ്റു വിരുദ്ധനായി എഴുതാന്‍ നോക്ക്. ജനാധിപത്യവും ജമാ അത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് ഒന്ന് അറിയാവുന്നവരോട് അന്വേഷിക്ക. അല്ലെങ്കില്‍ മൌദൂദിന്ന് പറയണ ആള്‍ എന്താ എഴുതിയിട്ടുള്ളേന്ന് ഒന്ന് വായിച്ച് നോകുക. ജമാ അത്തൊക്കെ എന്താ മൊതലെന്ന് നിങ്ങള്‍ അറിയാന്‍ ഇരിക്കുന്നേ ഉള്ളൂ.'

paarppidam said...സുകുമാരന്‍ ചേട്ടോ,

'ജനാധിപത്യം-മതേതരത്വം എന്ന മാനവീകമായ ആശയം ഒരു മതത്തിന്റെ നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയ്ക്ക് എങ്ങിനെ ആണ് അംഗീകരിക്കുവാനും മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കുക. ഒന്നുകില്‍ അവര്‍ തങ്ങളുടെ ആശയങ്ങള്‍ മറച്ചു വച്ച് മറ്റൊരു മുഖം പുറത്തു കാണീച്ച് അധികാരത്തില്‍ വരുവാനും എന്നാല്‍ അടിസ്ഥാനപരമായ തങ്ങളുടെ മത ചിന്തയും മറ്റും പുലര്‍ത്തുവാനും വേണ്ടിയാകാം.

എന്താണ് മൌദൂദിസം എന്നും അത് ജനാധിപത്യത്തെയും മതേതരത്വത്തേയും കമ്യൂണിസത്തേയും ഇന്ത്യയേയും എപ്രകാരം കാണുന്നു എന്നും ഒക്കെ താങ്കള്‍ ഒന്ന് അന്വേഷിച്ചറിയുന്നത് നല്ലതാണ്. വല്ലാതെ ആകര്‍ഷിക്കപ്പെട്ട ഒരു പ്രസ്ഥാനമായതിനാല്‍ അക്കാര്യങ്ങള്‍ ഒക്കെ കൃത്യമായി മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതുന്നു. സാഹചര്യത്തിനനുസരിച്ച് വെള്ളം ചേര്‍ത്തതല്ല ചേര്‍ക്കാത്ത ഒറിജിനല്‍ മൌദൂദിസത്തെ തന്നെ അറിയുക. 

ഒരു ജനാധിപത്യ-മതേതര സമൂഹത്തില്‍ മത മൌലീക വാദ സംഘടനകള്‍ എന്താണ് ചെയ്യുക എന്നത് ചിന്തിക്കുന്നത് രസകരം തന്നെ. ഇന്ത്യക്കെതിരായ യുദ്ധം നയിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന/ചെയ്ത വ്യക്തിയെ ആരാധ്യരായി കണക്കാക്കുന്ന. അല്ലെങ്കില്‍ അത്തരക്കാരുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് എങ്ങിനെ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയും എന്നതാണ് സുകുമാരേട്ടനെ പോലുള്ളവരോട് എനിക്ക് ചോദിക്കാനുള്ളൂ.'

manoj said...

Dear C.K.Latheef,

Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH.]

ഈ കമന്റുകളിലൊക്കെ നിറഞ്ഞു നില്‍ക്കുന്നത്. കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗറോടുള്ള അത്മാര്‍ഥമായ സ്‌നേഹവും (സത്യത്തില്‍ അതുതന്നെയാണോ എന്ന് എനിക്ക് തീര്‍ചയില്ല. ചില ശൈലികള്‍ അതാണ് സൂചിപ്പിക്കുന്നത്) ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യത്തെയും മതേതരത്വത്തേയും കുറിച്ചുള്ള യഥാര്‍ഥ വീക്ഷണം അദ്ദേഹം അറിയാതെയാണ് ജമാഅത്ത് പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും അദ്ദേഹം പിന്തുണക്കുന്നത് എന്ന ബോധ്യവുമാണ്.

ജമാഅത്തെ ഇസ്ലാമി എന്തുചെയ്യണം? എന്ന അദ്ദേഹത്തിന്റെ ഒരു പോസ്റ്റാണ് ഇങ്ങനെ ചില ഉപദേശങ്ങള്‍ നല്‍കാന്‍ സഹബ്ലോഗര്‍മാരെ പ്രേരിപ്പിച്ചത്. നേരത്തെയും കെ.പി.എസ് ജമാഅത്തെ ഇസ്‌ലാമിയുടെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്നും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ശക്തമായ ബോധവല്‍കണം നടത്താന്‍ സകല തന്ത്രങ്ങളും വിമര്‍ശകര്‍ പുറത്തെടുത്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അന്ന് അധികം പരാമര്‍ശിക്കാതെ പോയെ ഒരു വിഷയമാണ് ജമാഅത്തെ ഇസ്ലാമിയും മതേതരജനാധിപത്യവും എന്ന വിഷയം ആ കുറവാണ് ഇവിടെ പരിഹരിക്കപ്പെടുന്നത്. ഇവിടെയും ചില സൂത്രകാരന്‍മാര്‍ ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. 'സാഹചര്യത്തിനനുസരിച്ച് വെള്ളം ചേര്‍ത്തതല്ലാത്ത ഒറിജിനല്‍ മൗദൂദിസത്തെ തന്നെ അറിയുക' എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ഒരു വൃഥാവിലാസം. 

സത്യത്തില്‍ അതുതന്നെയാണ് ജമാഅത്ത് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. പഠനം അവിടം മുതല്‍ തുടങ്ങുന്നവര്‍ക്ക് മാത്രമേ സാഹചര്യത്തിനനുസരിച്ച് എത്രമാത്രം വെള്ളം ചേര്‍ത്തിട്ടുണ്ടെന്നും ചേര്‍ത്തത് വെള്ളമാണോ അതല്ല മറ്റെന്തെങ്കിലുമാണോ എന്നൊക്കെ തിരിച്ചറിയാന്‍ കഴിയൂ. അതുമാത്രമല്ല അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുക; മൗദൂദിസമെന്ന ഒരു ഇസമില്ലെന്നും അദ്ദേഹം പറയുന്നത് ശുദ്ധ ഇസ്‌ലാമിനെക്കുറിച്ചാണെന്നും അതിന്റെ തുടക്കമോ ഒടുക്കമോ മൗദൂദിയല്ലെന്നും മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ജമാഅത്തിനെ മനസ്സിലാക്കാന്‍ മൗദൂദിയെ മാത്രം വായിച്ച് നിര്‍ത്തിയാല്‍ മതിയാകില്ലെന്ന തിരിച്ചറിവും ലഭിക്കും. മൗദൂദിതന്നെയും അത് അംഗീകരിച്ചിട്ടുണ്ടെന്നും മനസ്സിലാകും. മൗദൂദിയെ ഇവരാരും വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്നതിന് വ്യക്തമായ തെളിവ് ഈ ഉപദേശം തന്നെ. ഇവരുടെ വാദങ്ങളുടെ ആകെ ഊര്‍ജവും മൗദൂദിയെക്കുറിച്ച് ഇവര്‍ക്ക് കേട്ടുകേള്‍വിയേ ഉള്ളൂ എന്നാണ്.

മതേതരജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണം ഇവര്‍ക്കൊക്കെ നല്ലവണ്ണം മനസ്സിലായിട്ടുണ്ടെന്ന് അവര്‍ സ്വയം കരുതുന്നു. ആ വീക്ഷണം മനസ്സിലാക്കിയവര്‍ സുകുമാരേട്ടനെ പോലെ ഒരിക്കലും ഇപ്രകാരം അഭിപ്രായം പറയില്ലെന്നും അവര്‍ കരുതുന്നു.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

['ഇന്ത്യന്റെ നിരീക്ഷണം “ഞാന്‍ അറിഞ്ഞിടത്തോളം ജമാഅത്തെ ഇസ്ലാമി അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സംസ്‌കരണം നല്കാന്‍ ശ്രമിക്കുന്ന സംഘടനയാണ്.“ എന്നത് എനിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതാണ് ആ സംഘടനയില്‍ ഞാന്‍ കാണുന്ന മാഹാത്മ്യവും. ഈ വസ്തുത എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരും മനസ്സിലാക്കിയിട്ടില്ല. ജമാ‍‌അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി നേരില്‍ ഇടപഴകുമ്പോള്‍ ആര്‍ക്കും ഇത് ബോധ്യമാകും. തത്വങ്ങളും ആദര്‍ശങ്ങളും മഹത്തായത്കൊണ്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ സംസ്കരിക്കപ്പെട്ടില്ലെങ്കില്‍ ഏത് സംഘടനയും ഫലത്തില്‍ മനുഷ്യവിരുദ്ധമാവും.

മുന്‍പ് ആറെസ്സെസ്സില്‍ ഈ സംസ്കരണം നടക്കുന്നതായി എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ആറെസ്സെസ്സിന്റെ സംസ്കരണത്തില്‍ ഹിന്ദു ഒഴികെയുള്ള മതവിഭാഗങ്ങളുമായി അടുക്കലല്ല അകല്‍ച്ചയും സ്പര്‍ദ്ധയും ആണ് പാഠഭാഗമായിരുന്നത് എന്ന് തോന്നുന്നു. സമൂഹത്തില്‍ മതവൈരം സൃഷ്ടിക്കാനേ അത് ഉതകിയുള്ളൂ. അത്കൊണ്ടാണ് ആറെസ്സെസ്സ് മറ്റുള്ളവര്‍ക്ക് അനഭിമതമായിപ്പോകുന്നത്. ഇവിടെയാണ് ജമാ‌അത്തെ ഇസ്ലാമി എന്നെപ്പോലെയുള്ളവര്‍ക്ക് സ്വീകാര്യമാവുന്നത്. കേരളത്തില്‍ ആറെസ്സെസ്സും ആക്രമണ സംഘടനയാണെന്ന് കരുതുന്നവരുണ്ട്. എന്നാ‍ല്‍ എനിക്ക് അങ്ങനെ കരുതാന്‍ വയ്യ. അവര്‍ സദാ പ്രതിരോധത്തിലാണ് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആക്രമങ്ങളെ ചുരുക്കം പേര്‍ അപലപിക്കുമ്പോള്‍ ഒരു ബാലന്‍സിന് വേണ്ടി ആറെസ്സെസ്സിനെയും തുല്യ ആക്രമണകാരികള്‍ ആയി കാണുകയാണ് ചെയ്യുന്നത്. ഇതിന്റെ അര്‍ത്ഥം ഞാന്‍ ആറെസ്സെസ്സിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നല്ല. അതിന്റെ മതപരമായ വിഭാഗീയത ശത്രുത സൃഷ്ടിക്കുന്നു എന്ന് പറയുമ്പോഴും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആ സംഘടനയ്ക്കും തുല്യമാണ്.

അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്ന മുദ്രാവാക്യം ഏത് സംഘടന ഉയര്‍ത്തിയാലും അത് അപരിഷ്കൃതവും കാട്ടാളത്തപരവുമാണ്. പ്രത്യക്ഷത്തില്‍ ഈ മുദ്രാവാക്യം നിരുപദ്രവമല്ലെ എന്ന് തോന്നും. അടി കിട്ടുന്നത്കൊണ്ടല്ലെ തിരിച്ചടിക്കുന്നത് എന്നും തോന്നാം. എന്നാല്‍ പരിഷ്കൃത സമൂഹത്തില്‍ അടി കൊണ്ടവന്‍ നീതിന്യായ സംവിധാനത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ സ്വയം ശിക്ഷ നടപ്പാക്കലല്ല. ഇനി അഥവാ ഒരു വ്യക്തി സ്വന്തം നിലയില്‍ ഈ നിലപാട് സ്വീകരിച്ചാല്‍ അത് സമൂഹത്തെ അത്ര ബാധിക്കുന്നില്ല. എന്നാല്‍ ഒരു സംഘടന ഈ തിരിച്ചടി സിദ്ധാന്തം പ്രാവര്‍ത്തികമാക്കുകയും ആ രീതിയില്‍ പ്രവര്‍ത്തകരെ അസംസ്കരിക്കുകയും ചെയ്യുമ്പൊള്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാണ്. അത്കൊണ്ടാണ് ബസ്സില്‍ പട്ടാപ്പകല്‍ കയറി ആളുകളെ തലങ്ങും വിലങ്ങും തറിച്ചുമുറിച്ചു കൊല്ലാന്‍ കഴിയുന്നത്.

ഇവിടെയാണ് പ്രവര്‍ത്തകരെ സംസ്കരിക്കുക എന്നതിന്റെ മഹത്വം മനസ്സിലാവുക. രക്തസാക്ഷികളെ മഹത്വവല്‍ക്കരിക്കുന്ന സംഘടനയ്ക്ക് ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍ക്ക് അടി കിട്ടിയാലും തിരിച്ചടിക്കാതെ നിയമാനുസൃതം അടിച്ചവന് ശിക്ഷ കൊടുപ്പിക്കാന്‍ കഴിയേണ്ടതല്ലേ? അങ്ങനെ പ്രവര്‍ത്തകരും സംഘടനയും സംസ്കരിക്കപ്പെട്ടിരുന്നുവെങ്കില്‍ നാട് ഇന്ന് കാട്ടാളന്മാരുടേത് കൂടിയാകുമായിരുന്നില്ല.' ]
 
മനസ്സിലാക്കിയ നന്മകളെ പിന്തുണക്കുന്ന ഒരു ശരാശരി മനുഷ്യനുണ്ടാകേണ്ട ഗുണങ്ങള്‍ അദ്ദേഹത്തില്‍ കാണുന്നുവെന്നതാണ് ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തോടുള്ള അടുപ്പത്തിന് കാരണം. അദ്ദേഹമാകട്ടെ ഒരു ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള മനുഷ്യനെന്ന നിലക്ക് അദ്ദേഹത്തിന് മുന്നില്‍ കാണുന്ന നന്മകളെ അംഗീകരിക്കുകയും തിന്‍മകളെ എതിര്‍ക്കുകയും ചെയ്യുന്നതിനാല്‍ അറിഞ്ഞിടത്തോളം ജമാഅത്തിനെ ഇഷ്ടപ്പെടുകയും അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയാതെ വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ജമാഅത്തില്‍ തല്‍പര കക്ഷികള്‍ ആരോപിക്കുന്ന മുഖം മൂടി ഇതുവരെ ബോധ്യപ്പെടാത്തതിനാല്‍ അദ്ദേഹം അതിനനുസരിച്ച് ജമാഅത്തിനെ എതിര്‍ക്കണം എന്ന് മറ്റുപലരേയും പോലെ തീരുമാനിച്ചിട്ടില്ല. ഇനി ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമോ എന്ന് ചോദിച്ചാല്‍ അപ്പോള്‍ കാണാം എന്നാണ് സുചിന്തിതമായ അദ്ദേഹത്തിന്റെ നിലപാട്.

ഇപ്പോള്‍ നന്മയുടെ പേരില്‍ ജമാഅത്തിനെ അനുകൂലിക്കുന്നവരാണ് അതിന്റെ പ്രവര്‍ത്തകരും അനുഭാവികളും അതേ ആളുകള്‍ക്ക് അതില്‍ തിന്മ ദര്‍ശിക്കാന്‍ തുടങ്ങിയാല്‍ എതിര്‍ക്കാനും അവകാശമുണ്ടാകുമല്ലോ. എന്നാല്‍ ഈ വീക്ഷണം പുലര്‍ത്തി നിശബ്ദമാകാന്‍ വിമര്‍ശകര്‍ക്ക് കഴിയില്ല. കാരണം ഒന്നാമത് ഇത്തരം വിമര്‍ശകര്‍ ഒരു തരം മിഥ്യാഭീതിയുടെ ഇരകളാണ്.

അവരുടെ ആശങ്ക ഇപ്രകാരം അവര്‍ വ്യക്തമാക്കുന്നു. "ജമാ അത്തൊക്കെ എന്താ മൊതലെന്ന് നിങ്ങള്‍ അറിയാന്‍ ഇരിക്കുന്നേ ഉള്ളൂ." എന്ന് വാക്കേറുകള്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് പാവം. അദ്ദേഹം ഭയപ്പെടുന്നത് ഇതാകാം അറുപത് വര്‍ഷമായി ജമാഅത്ത് ആശയ പ്രചരണത്തിലും ജനസേവനത്തിലും മുഴുകി ഇന്ത്യാ ചരിത്രത്തില്‍ തുല്യതയില്ലാത്ത സമാധാന ജീവിതം കാഴ്ചവെച്ചു എന്നതൊന്നും നിങ്ങളെ വഞ്ചിക്കരുത്. ഇപ്പോള്‍ അവര്‍ പച്ചപ്പാവങ്ങളെ പോലെ പെരുമാറുന്നത് അവര്‍ അംഗബലം കുറഞ്ഞതുകൊണ്ടും അധികാരമില്ലാത്തതുകൊണ്ടുമാണ്. അത് ലഭിക്കുമ്പോളറിയാം അവരുടെ തനിനിറം. ഇതുപോലുള്ള ഭീരുക്കളും ചിന്താശേഷിയില്ലാത്തവരും ലോകാവസ്ഥയെക്കുറിച്ചും മനുഷ്യന്റെ മനശാസ്ത്രത്തെക്കുറിച്ചും സാമാന്യധാരണ പോലുമില്ലാത്തവരുടെ ഉപദേശങ്ങള്‍ ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെങ്കിലും സാമാന്യജനത്തെ വഴിതെറ്റിക്കാന്‍ ഇവര്‍ക്കാകും എന്നത് കൊണ്ടാണ് വീണ്ടും അവ ഇവിടെ എടുത്ത് ചേര്‍ക്കേണ്ടി വരുന്നത്.

ഞാനിവിടെ ജമാഅത്ത് വിമര്‍ശകരെ ഇങ്ങനെ അഭിപ്രായപ്പെടുന്നത് അവര്‍ ജനാധിപത്യത്തെയോ മതേതരത്വത്തെയോ അനുകൂലിച്ചതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. ജനാധിപത്യമതേതര മൂല്യങ്ങളോട് അവര്‍ക്കുള്ളതു പോലെയോ അതിനെക്കാളേറെയോ പ്രതിപത്തി ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകര്ക്കുമുണ്ട്. പക്ഷെ അത് അന്ധമായ ഒരു തരം വിശ്വാസത്തിന്റെ തലത്തിലല്ല. ഗൗരവ പൂര്‍വം അതിന്റെ ശക്തിയേയും ദൗര്‍ബല്യത്തെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള യുക്തിപരമായ ഒരു തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് എന്ന് ഞാന് മനസ്സിലാക്കുന്നു.

ഈ കാര്യത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ എന്താണ് ഈ വിഷയത്തില്‍ ജമാഅത്തിന്റെ കാഴ്ചപ്പാട് എന്ന് മനസ്സിലാക്കിയേ മതിയാകൂ. അല്ലെങ്കില്‍ കേവലം സമയ നഷ്ടമായിരിക്കും അതുമൂലം വിമര്‍ശകര്‍ക്കുണ്ടാവുക. അതുകൊണ്ട് വിമര്‍ശകരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ ജമാഅത്ത് ഇസ്‌ലാമി എന്ത് പറയുന്നു എന്ന് സശ്രദ്ധം ശ്രവിക്കാന്‍ സന്നദ്ധമാകുക. എന്നിട്ട് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ അര്‍ഥമുണ്ടാകും ഇന്ത്യയുടെയോ ഇന്ത്യക്കാരുടെയോ താല്‍പര്യത്തിന് നിരക്കാത്ത ഒന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവരുതെന്ന് അതിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ സൗഹൃദ പൂര്‍വം ഞങ്ങളോട് സംവദിക്കുക.
     
ഗൗരവപുര്‍വം നടത്തപ്പെടുന്ന ഇത്തരം ചര്‍ചകളില്‍നിന്നകന്നുകൊണ്ട് കണ്ട ബ്ലോഗിലൊക്കെ വിവരക്കേടും വിദ്വേഷവും വമിപ്പിക്കുന്നവര്‍ മനുഷ്യനന്മയുടെ പേരില്‍ ജമാഅത്തിനെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് സ്വയം ചിന്തിക്കുക.

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഗൗരവപുര്‍വം നടത്തപ്പെടുന്ന ഇത്തരം ചര്‍ചകളില്‍നിന്നകന്നുകൊണ്ട് കണ്ട ബ്ലോഗിലൊക്കെ വിവരക്കേടും വിദ്വേഷവും വമിപ്പിക്കുന്നവര്‍ മനുഷ്യനന്മയുടെ പേരില്‍ ജമാഅത്തിനെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് സ്വയം ചിന്തിക്കുക.

CKLatheef പറഞ്ഞു...

അടുത്ത പോസ്റ്റ്, ജനാധിപത്യത്തെ ജമാഅത്തെ ഇസ്്‌ലാമി അംഗീകരിക്കുന്നുണ്ടോ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK