'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഡിസംബർ 10, 2010

ജമാഅത്ത് ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടോ?.

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (3)

----------------------------------------------------------------------
മാനുഷിക വ്യവഹാരങ്ങള്‍ നടത്താന്‍ ഏറ്റവും ഉചിതമായ രീതിയായി ജനാധിപത്യത്തെ ജമാഅത്തെ ഇസ്ലാമി കാണുന്നു. വ്യവഹാരങ്ങള്‍ ആരുമായി ബന്ധപ്പെടുന്നുവോ അവരുടെ - ജനങ്ങളുടെ - ഹിതപ്രകാരം ഭരണത്തലവന്‍മാര്‍ നിശ്ചയിക്കപ്പെടുകയും അവര്‍ ജനങ്ങളുടെ ഹിതവും നിര്‍ദ്ദേശങ്ങളുമനുസരിച്ച് കാര്യങ്ങള്‍ കൊണ്ടുനടത്തുകയും  ജനവിശ്വാസം ലഭിക്കുന്നിടത്തോളം കാലം മാത്രം ഭരണത്തലവന്‍മാരായി തുടരുകയും ചെയ്യുക എന്നതാണല്ലോ അതിന്റെ അന്തസത്ത. അതിനു പകരം പിന്നെയുള്ളത്; ഒരു വ്യക്തിയോ ഗ്രൂപ്പോ സ്വയം ഭരണകര്‍ത്താക്കളായി ചമഞ്ഞ്, തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുകയും അവരുടെ സ്ഥാനാരോഹണത്തിലോ സ്ഥാനത്യാഗത്തിലോ ഭരിക്കപ്പെടുന്ന ജനങ്ങളുടെ ഹിതത്തിനും അഭിപ്രായത്തിനും യാതൊരു പങ്കുമില്ലാതിരിക്കുക എന്ന അവസ്ഥയാണ്.

ഇപ്പറഞ്ഞതില്‍ ആദ്യത്തേതാണ് നാം ശരിയായ രീതിയായി കാണുന്നത്. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഭരണരൂപത്തിലേക്കുള്ള മാര്‍ഗം  അടച്ചുകളയാന്‍ നാം ബാധ്യസ്ഥരാണ്. ഒന്നാമത്തെ രൂപം നടപ്പില്‍ വരുത്താന്‍ പരമാവധി മെച്ചപ്പെട്ട മാര്‍ഗങ്ങളെക്കുറിച്ചായിരിക്കണം ഒരു ജനാധിപത്യവാദി വിചിന്തനം നടത്തേണ്ടത്.

ജനാധിപത്യം നടപ്പില്‍ വരുത്താനായി ശ്രമിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള ചില ന്യൂനതകളുണ്ട്. അവയേതൊക്കെയെന്ന് നോക്കാം.

1. മറ്റു രാഷ്ട്രീയ വ്യവസ്ഥിതികളെപ്പോലെ ജനാധിപത്യവും പ്രയോഗത്തില്‍ വരുമ്പോള്‍ അധികാരം ഭുരിപക്ഷത്തില്‍നിന്ന് പിടിച്ചെടുക്കപ്പെടുകയും ഏതാനും വ്യക്തികളില്‍ കേന്ദ്രീകൃതമായി ധനസമ്പാദനത്തിനുള്ള മാര്‍ഗമായി രൂപന്തരപ്പെടുകയും ചെയ്യുക. അങ്ങനെ ജനാധിപത്യം ഫലത്തില്‍ ധനികവാഴ്ചയോ കുടുംബ വാഴ്ചയോ ആയി പരിണമിക്കുക.

2. വൈവിധ്യപൂര്‍ണമായ ജനതയുടെ ആവശ്യവും താല്‍പര്യവും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ മതാടിസ്ഥാനത്തിലല്ല. വേണ്ട വിധം പരിഗണിക്കാന്‍ സാധിക്കാതെ വരിക.

3. ഒരു രാജ്യത്തെ ജനങ്ങളില്‍ മിക്കപ്പോഴും അജ്ഞരും ശുദ്ധഗതിക്കാരും ഉദ്ബുദ്ധതയില്ലാത്തവരും ധന-വ്യക്തിപൂജകരുമാകുന്നു. സ്വര്‍ഥംഭരികള്‍ക്ക് അവരെ ഇഷ്ടാനുസാരം വഴിതെറ്റിക്കാന്‍ സാധിക്കും. ഈ പരിതഃസ്ഥിതിയില്‍ ജനാധിപത്യം ദുര്‍ബലമാകുന്നു.

4. മുകളില്‍ പറഞ്ഞ ജനങ്ങളുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ അവരിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മെമ്പര്‍മാര്‍ കൂടിയാലോചിച്ചെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ജനഹിതത്തിനും ധാര്‍മിക വിശുദ്ധിക്കും ഗുണകരമാല്ലാത്ത അവസ്ഥ വരാനിടയാക്കുന്നു.

5. ജനാധിപത്യമാര്‍ഗത്തിലൂടെ തങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യം മറച്ചുപിടിച്ച് ഫാസിസ്റ്റ്-ഏകാധിപത്യ-സ്വേഛാധിപത്യ വിഭാഗങ്ങള്‍ ഭരണത്തിലേറാനും ജനാധിപത്യത്തെ റദ്ദ് ചെയ്ത് ഏകാധിപത്യവും ഫാസിസവും നടപ്പാക്കാനുള്ള സാധ്യത.

മുകളില്‍ പറഞ്ഞ അഞ്ച്  പോയിന്റുകള്‍ മനസ്സിലിരുത്തി ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുക. ഇന്ത്യന്‍ ജനാധിപത്യം സമാനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ. നല്ല ഒരു പരിധിവരെ ഇന്ത്യയിലെ ജനാധിപത്യം ഈ ദൗര്‍ബല്യങ്ങളെ അഭിമുഖീകരിക്കുന്നു എന്ന് കാണാന്‍ പ്രയാസമില്ല. ഇത്തരം പതനത്തിലേക്ക് പോകുന്നതില്‍നിന്ന് തടയേണ്ടിയിരുന്ന മതേതരത്വമോ സോഷിലിസമോ ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ കാണാന്‍ കഴിയും. ഈ അവസ്ഥയിലേക്ക് ജനാധിപത്യം നീങ്ങുന്നതിനെ തടയാന്‍ ഇവയുടെ പക്കല്‍ പരിഹാരമെന്തെങ്കിലുമുണ്ടോ. ഒരു പരിധിവരെ ജനാധിപത്യത്തിന്റെ വിജയകരമായ നിലനില്‍പ്പ് സാധിക്കുന്നത്. ഉദ്ബുദ്ധവും ശക്തവുമായ പൊതുജനാഭിപ്രായത്തിനാണ്. അതിന് അനുപേക്ഷ്യമായ ബോധവും ധാര്‍മികതയും ജനങ്ങള്‍ക്കാവശ്യമുണ്ട്. അതില്ലാത്ത പക്ഷം ജനാധിപത്യം അതിന്റെ നന്മകള്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെടും.

രാജ്യത്തും ഭരണത്തിലും ഏറ്റവും ജനോപകാരപ്രദമായ വ്യവസ്ഥ നിലനില്‍ക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രിഹിക്കുന്നത്. (ഇസ്‌ലാമാഗ്രഹിക്കുന്നത് എന്നാണ് പറയേണ്ടിയിരുന്നത് എന്നാല്‍ ഈ വിഷയം ചര്‍ചചെയ്യുന്ന കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെടതിനാല്‍ അപ്രകാരം പറയുന്നില്ല എന്നേ ഉള്ളൂ). അതുകൊണ്ട് ഒരിക്കലും സ്വേഛാധിപത്യത്തെയോ ഏകാധിപത്യത്തെയോ ഒട്ടും അംഗീകരിക്കാനാവില്ല.  ജനാധിപത്യമൂല്യങ്ങളെ  റദ്ദ് ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും അതിന് ചിന്തിക്കാന്‍ പോലുമാവില്ല. കാരണം അവ ജമാഅത്തിന്റെ ദര്‍ശനത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. ഇസ്‌ലാമിന്റെ ഭരണ സംവിധാനത്തിന്റെ അടിത്തറയില്‍ വരുന്നതാണ് ജനാധിപത്യമൂല്യങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യവും, കൂടിയാലോചനയിലെ ഭൂരിപക്ഷഹിതവും അത് പരിഗണിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ പൂര്‍ണമായും ജനഹിതം പരിഗണിക്കപ്പെടണമെന്നും, ഏകാധിപത്യമോ സ്വേഛാധിപത്യമോ ഒരിടത്തും സ്വാധീനം ചെലുത്തരുതെന്നും കടുത്ത വാശിയുണ്ട്.

ജനാധിപത്യവ്യവസ്ഥ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ സംഭവിക്കാനിടയുള്ള സകല ന്യൂനതകളെയും പരിഹരിക്കാനുള്ള ചേരുവകളോടെയാണ് ഇസ്‌ലാം അത് നടപ്പില്‍ വരുത്തിയത്. ഇസ്‌ലാം അംഗീകരിച്ച ജനായത്ത മൂല്യങ്ങളെ പുതിയ പേരില്‍ പുനവതരിപ്പിക്കുകയാണ് യൂറോപ്പ് ചെയ്തത്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടോ? എന്ന ചോദ്യത്തില്‍ പോലും അല്‍പം തമാശ ഒളിഞ്ഞിരിപ്പുണ്ട്. ഈ കാര്യം കൂടുതല്‍ വ്യക്തമാകാന്‍ അല്‍പം ചരിത്രം പറയേണ്ടി വരും. (തുടരും)

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജനാധിപത്യവ്യവസ്ഥ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ സംഭവിക്കാനിടയുള്ള സകല ന്യൂനതകളെയും പരിഹരിക്കാനുള്ള ചേരുവകളോടെയാണ് ഇസ്‌ലാം അത് നടപ്പില്‍ വരുത്തിയത്. ഇസ്‌ലാം അംഗീകരിച്ച ജനായത്ത മൂല്യങ്ങളെ പുതിയ പേരില്‍ പുനവതരിപ്പിക്കുകയാണ് യൂറോപ്പ് ചെയ്തത്. അതും മതമൂല്യങ്ങളില്‍നിന്ന് മുക്തമായ നിര്‍മതവ്യവസ്ഥയുടെ പുതിയ കുപ്പിയില്‍. അതിനെക്കുറിച്ച് അടുത്ത പോസ്റ്റില്‍ വായിക്കുക.

ലേഖനങ്ങള്‍ ചേര്‍ക്കുന്ന മുറക്ക്, നിങ്ങളുടെ മെയിലില്‍ അറിയിപ്പ് ലഭിക്കാന്‍ ഈ ബ്ലോഗിനെ ഫോളോ ചെയ്യുക.

CKLatheef പറഞ്ഞു...

ജനാധിപത്യം എന്നത് ദൈവാധിപത്യം എന്നതിന്റെ എതിര്‍പദമായിട്ടല്ല ലോകം ഇന്ന് വിവക്ഷിക്കുന്നത്. അത് സര്‍വാധിപത്യത്തിന്റെയും സ്വേഛാധിപത്യത്തിന്റെയും വിപരീത ശബ്ദമാണ്. ആ നിലക്ക് ജനാധിപത്യം എന്നത് ജമാഅത്തെ ഇസ്‌ലാമിക്ക് സ്വീകാര്യമാണ്. അതിന് ജനാധിപത്യമെന്ന പേര് വിളിക്കണോ, ദൈവാധിപത്യജനപ്രാധിനിധ്യമെന്ന് വിളിക്കണോ, അതുമല്ലെങ്കില്‍ ഥിയോഡെമോക്രസി എന്ന് വിളിക്കണോ എന്നത് സാങ്കേതിക പ്രശ്‌നം മാത്രമാണ്. ജനാധിപത്യത്തിന്റെ വിവിധ രൂപങ്ങള്‍ ലോകത്ത് നിലനില്‍ക്കെത്തന്നെയും അവയൊക്കെ ജനാധിപത്യം എന്ന പേരില്‍ അറിയപ്പെടുന്നുണ്ടെങ്കില്‍ ദൈവദത്തമൂല്യങ്ങളാല്‍ നിയന്ത്രിതമായ ഇസ്‌ലാമിക ജനാധിപത്യവും 'ജനാധിപത്യം' എന്ന പേരില്‍ തന്നെ പരിചയപ്പെടുത്താവുന്നതാണ് എന്ന് ചിന്തിക്കുന്ന ഇസ്ലാമിക പണ്ഡിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. തുടര്‍ന്നുള്ള പോസ്റ്റുകളില്‍ ഈ വിഷയം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK