'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഡിസംബർ 11, 2010

മതേതരജനാധിപത്യത്തിന്റെ ഉത്ഭവചരിത്രം.

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (4)
----------------------------------------------------------------------


രാഷ്ട്രീയത്തില്‍ രാജഭരണവും സാമ്പത്തിക രംഗത്ത് ജന്മിത്തവും സാമൂഹിക-ധാര്‍മിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പള്ളിമേധാവിത്വവും ജനജീവിതത്തെ ദുസ്സഹമാക്കിയിരുന്ന യൂറോപ്പിനെ മധ്യകാലയുഗത്തില്‍നിന്ന് ആധുനിക യുഗത്തിലേക്ക് നയിച്ചത്  നവോത്ഥാനം (Renaissance) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാനസികവും ചിന്താപരവുമായ പരിവര്‍ത്തനമായിരുന്നുവല്ലോ.

ഇസ്‌ലാമിക ചിന്തയുടെയും ഉദ്ബുദ്ധതയുടെയും നവ്യമായ അലയൊലികളുമായി മുസ്‌ലിംകള്‍ യൂറോപ്പില്‍ പ്രവേശിക്കുകയുണ്ടായി. മുസ്‌ലിം ജേതാക്കള്‍ക്ക് തങ്ങളുടെ ജീവിത വ്യവസ്ഥ പാശ്ചാത്യരെകൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഉയര്‍ത്തിപ്പിടിച്ച ജീവിത വ്യവസ്ഥയുടെ ശരിയായ പ്രതിനിധാനത്തില്‍ അവര്‍ പരാജയപ്പെട്ടുവെങ്കിലും, മതവിശ്വാസത്തില്‍ യുക്തിയും കലാ വിജ്ഞാനങ്ങളില്‍ ഗവേഷണം മനോഭാവവും രാഷ്ട്രീയത്തില്‍ ശുദ്ധമായ ജനാധിപത്യവും സാമൂഹിക ജീവിതത്തില്‍ സാഹോദര്യവും പ്രായോഗികമായി അവര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇങ്ങനെ യൂറോപിന്റെ ചരിത്രത്തെ മുസ്‌ലിംകള്‍ സ്വാധീനിച്ചു. ഈയടിസ്ഥാനത്തില്‍ യൂറോപിന്റെ നവോത്ഥാനത്തിനു യഥാര്‍ഥ കാരണം തന്നെ ഇസ്‌ലാമായിരുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

രാജഭരണത്തിനും പള്ളിമേധാവിത്വത്തിനും ജന്മി-ഭൂര്‍ഷ്വാ വിഭാഗങ്ങള്‍ക്കുമെതിരെ സാമാന്യജനത്തിനിടയില്‍ ഗുരുതരമായ ഒരു സമരത്തിന്റെ അഗ്നി ജ്വലിപ്പിക്കാന്‍ മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ വഴിയൊരുക്കി. വിമര്‍ശന മനോഭാവവും പ്രതിഷേധ വാഞ്ഛയും അവരില്‍ ഉളവായി. എന്നാല്‍ അതിന്റെ പ്രതികരണമെന്ന നിലയില്‍ രാജ-ജന്മി-ബൂര്‍ഷ്വാ-പുരോഹിത  ശക്തികളിലോരോന്നും തങ്ങളുടെ ഏറ്റവും ബുദ്ധിശൂന്യമായ അവകാശങ്ങളെയും അങ്ങേ അറ്റം അക്രമപരമായ താല്‍പര്യങ്ങളെയും കുറേകൂടി ശക്തിയായി മുറുകെ പിടിച്ചു.

ഏതെങ്കിലും വിധത്തിലുള്ള പരിഷ്‌കരണത്തിന് അവര്‍ വിസമ്മതിച്ചു. ഇതിന്റെ ഫലമായി മറുവശത്ത് എതിര്‍പ്പിന്റെയും സമരത്തിന്റെയും വികാരങ്ങള്‍ കത്തിജ്വലിച്ചു. ക്രമേണ ഇരുവിഭാഗത്തും തീവ്രവാദം ശക്തിപ്പെട്ടു. യഥാസ്ഥിതികത്വത്തിന്റെ വക്താക്കള്‍ എല്ലാ പുതിയതിനെയും അടിച്ചമര്‍ത്തേണ്ടത് ആവശ്യമായി കരുതി. പുരോഗമനത്തിന്റെ പതാകവാഹകരാകട്ടെ, പഴമയുടേതായ എന്തിനെയും തച്ചുടക്കാനും തീരുമാനിച്ചു. അങ്ങനെ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകള്‍ പിടിവാശിയും മര്‍ക്കടമുഷ്ടിയും മൂലം പരിവര്‍ത്തനത്തിന്റെ വികാരങ്ങള്‍ വഴിതെറ്റി നിര്‍മതത്തിലേക്കും നിരീശ്വരവാദത്തിലേക്കും അടിതെറ്റിവീണു. അങ്ങനെ വൈകാരിക വടംവലിയുടെയും സ്‌ഫോടനത്തിന്റെയും യുഗമായി അത് കലാശിച്ചു. പാശ്ചാത്യലോകത്ത് നിരീശ്വര സംസ്‌കാരത്തിന്റെ യുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു.

നിര്‍മതത്വത്തിന്റെ ഉത്ഭവം  ചിന്താപരമെന്നതിനേക്കാള്‍ വൈകാരികവും പ്രതികാരപരവുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത. ഈ പ്രതികാരചിന്ത ഇന്നോളം അത് തുടര്‍ന്നുപോരുന്നു. ഈ ലോകം കേവലം പാദാര്‍ഥിക പ്രതിഭാസമാണെന്നും, യാതൊരു സ്രഷ്ടാവുമില്ലാതെ സ്വയമേവ ഉണ്ടായി ഒരു നിയന്ത്രകനും അധിപനുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും, അതില്‍ നടക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ഒരു നിയമനിര്‍മാതാവിന്റെയും വകയല്ലെന്നും, നിര്‍മതത്വം പ്രഖ്യാപിച്ചു. ഈ തത്വശാസ്ത്രത്തിന്‍മേലാണ്-പ്രപഞ്ചത്തിലെ നഗ്നമായ ദൃഷ്ടാന്തങ്ങളെയും മനുഷ്യപ്രകൃതിയുടെ ആഹ്വാനങ്ങളെയും തട്ടിനീക്കിക്കൊണ്ട്- നിര്‍മതസംസ്‌കാരത്തിന്റെ പ്രണേതാക്കള്‍ ജീവിത സൗധത്തെ കെട്ടിപ്പടുത്തത്. സമാന്യമനുഷ്യപ്രകൃതി ഇത്തരം നിര്‍മതത്തോട് വഴങ്ങാന്‍ മടികാണിക്കുമെന്ന് അനുഭവയാഥാര്‍ഥ്യമാണെങ്കിലും പാശ്ചാത്യലോകത്ത് ഈ നിര്‍മതത്വം ഇത്രമേല്‍ പച്ചപിടിക്കാന്‍ കാരണം അത്രമാത്രം മതപുരോഹിത്യവും പള്ളിമേധാവിത്തവും ഭരണവര്‍ഗവുമായി യോജിച്ച് മനുഷ്യനെ ഞെക്കിഞെരുക്കുകയും അവന്റെ സാമാന്യചിന്തക്ക് പോലും കൂച്ചുവിലങ്ങിടുകയും ചെയ്തിന്റെ ഫലമാണ്. ക്രൈസ്തവ സ്വാധീനമില്ലാത്ത, മറ്റുമത സ്വാധീനമുള്ള പൗരസ്ത്യന്‍ നാടുകളിലും ഇന്ത്യയിലും ഈ പ്രതിഭാസം തുല്ല്യ അളവില്‍ സ്വാധീനം ചെലുത്താതിരിക്കാന്‍ കാരണം മതത്തെ അനുഭവിച്ച ശൈലി പാശ്ചാത്യരില്‍നിന്നും ഇവിടെ ഭിന്നമായിരുന്നത് കൊണ്ടാണ്.

അതുവരെ ദൈവവിശ്വസത്തിന്റെ (പൌരോഹിത്യത്തിന്റെതല്ല) അടിത്തറകളില്‍ നിലനിന്നിരുന്ന മാനുഷിക-ജനായത്ത മൂല്യങ്ങളെ ആധുനിക സംസ്‌കാരത്തിന്റെ ശില്‍പികള്‍ ദൈവനിഷേധത്തിന്റെ അസ്തിവാരങ്ങളില്‍ പണിതുയര്‍ത്താനുള്ള സുദീര്‍ഘമായൊരു സംരംഭം ആരംഭിച്ചു. അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു: ദൈവമില്ല, ദിവ്യബോധനമില്ല, നിര്‍ബന്ധപൂര്‍വം അനുസരിക്കപ്പെടേണ്ട ഒരു ധാര്‍മികവ്യവസ്ഥയില്ല. പുനരുത്ഥാനമോ വിചാരണയോ പരലോകമോ ഇല്ല. ഈ സങ്കല്‍പത്തോടെയായി എല്ലാ ഗവേഷണത്തിന്റെയും തുടക്കം. ജീവശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, സാമുഹിക ശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ ഏത് മേഖലയിലും തൂലികയെടുക്കുമ്പോള്‍ നിര്‍മതത്വചിന്താഗതിയെ ഒരു യാഥാര്‍ഥ്യമായംഗീകരിപ്പിക്കാന്‍ തല്‍കര്‍ത്താക്കള്‍ പ്രതിജ്ഞാബദ്ധരായി. ഇപ്രകാരമാണ് ആധുനിക സംസ്‌കാരത്തിന് ശാസ്ത്രീയമായ അടിത്തറകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് പ്രസ്തുത ശാസ്ത്രീയടിത്തറകളില്‍ സാമൂഹിക വ്യവസ്ഥിതികളും സംഘടിത പ്രസ്ഥാനങ്ങളും നിലവില്‍വന്നു. ഇങ്ങനെ നിലവില്‍വന്ന സംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക-രാഷ്ട്രീയതത്വങ്ങളും ലോകത്തുടനീളം വ്യാപിച്ചു, വ്യാപിപിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. നിര്‍മതസംസ്‌കാരം മനുഷ്യജീവിതത്തിന്റെ വിവിധമേഖലകളെ എങ്ങനെ സ്വാധീനിച്ചു എന്നുവിശദമായി പിന്നീട് ചര്‍ചചെയ്യാം. ചുരുക്കത്തില്‍. ചിന്താരംഗത്ത് ലിബറലിസവും സാമ്പത്തിക, സദാചാര മേഖലകളില്‍ പദാര്‍ഥവാദവും പ്രയോജനാത്മകവാദവും അത് തത്വമായി അംഗീകരിച്ചു.

നിര്‍മതസംസ്‌കാരത്തില്‍നിന്ന് ജന്‍മമെടുത്ത ആദ്യത്തെ സാമുഹിക പ്രസ്ഥാനമാണ് 'മുതലാളിത്ത ജനാധിപത്യം' അഥവാ 'മതേതരജനാധിപത്യം'. ജനാധിപത്യം എന്നത് ഒരൊറ്റ നിര്‍വചനത്തില്‍ ഒതുങ്ങുന്നതല്ല. അതിന് ധാരാളം വകഭേദങ്ങളുണ്ടായിട്ടുണ്ട്. പൊതുവായി ചില മൂല്യങ്ങളുള്‍കൊള്ളുന്നത് കൊണ്ട് ജനാധിപത്യം എന്ന് ഉപയോഗിക്കുകയാണ്. ജനാധിപത്യം എന്ന് നാം പരിഭാഷപ്പെടുത്തുന്ന Democracy എന്ന പദം ഗ്രീക്ക് ഭാഷയില്‍നിന്നുണ്ടായതാണ്. ഗ്രീക്ക് ഭാഷയില്‍ demos  എന്നാല്‍ 'ജനങ്ങള്‍' എന്നും kratos എന്നാല്‍ 'ഭരണം' എന്നുമാണ് അര്‍ഥം. (Greek: δημοκρατία – (dēmokratía) "rule of the people"). ഭൂരിപക്ഷം ജനങ്ങളുടെ ഹിതമനുസരിക്കുക എന്നനിലക്ക് നാം അതിനെ ജനാധിപത്യം എന്ന സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്നു. (ഈ പേര് വരാനുള്ള കാരണം. രാജത്വത്തിനും പള്ളിമേധാവിത്വത്തിനും ഫ്യൂഡലിസത്തിനും എതിരായി പൊരുതിയത് പൂര്‍ണമായും ജനങ്ങളായിരുന്നു.  ത്യാഗമനുഷ്ടിച്ചത് ജനങ്ങളായിരുന്നു. അതുകൊണ്ട് മറ്റെല്ലാറ്റിന്റെയും ആധിപത്യത്തെ തിരസ്‌കരിക്കാന്‍ ജനാധിപത്യം എന്ന പേര്‍ വെക്കുകയാണുണ്ടായത്.) വാക്കര്‍ഥം മാത്രമെടുക്കുമ്പോള്‍ ജനാധിപത്യം എന്നത് ദൈവാധിപത്യം എന്നതിന് വിരുദ്ധമായി തോന്നുമെങ്കിലും സാധാരണഗതിയില്‍ അത്രയും വൈപുല്യത്തോടെയല്ല അത് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട് ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്ന ഒരു വിശ്വാസിക്കും ജനാധിപത്യം എന്നവാക്കിനോട് അസ്പൃശ്യത വേണ്ടതില്ല. അതുകൊണ്ട് മനുഷ്യരുള്‍കൊണ്ട ഏത് സംഘടനകളും വ്യവസായ-വാണിജ്യ-മത-രാഷ്ട്രീയ സംഘങ്ങളും ജനാധിപത്യമാര്‍ഗം പിന്തുടരുന്നതിനെ നാം മഹത്തരമായി കാണുന്നു. അവപിന്തുടരാതിരിക്കുന്നത് ന്യൂനതയായും.  (തുടരും)

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

എന്താണ് ജനാധിപത്യമൂല്യങ്ങള്‍ അഥവാ ജനാധിപത്യത്തിന്റെ സ്തംഭങ്ങള്‍ എന്ന് തുടര്‍ന്ന് പരിശോധിക്കാം.

hafeez പറഞ്ഞു...

വളരെ ആഴത്തിലുള്ള ലേഖനം ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK