'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഡിസംബർ 25, 2010

എന്താണ് ഥിയോഡെമോക്രസി ?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (8)

ആധുനിക ജനാധിപത്യം നിലകൊള്ളുന്നത് നിര്‍മതതത്ത്വശാസ്ത്രത്തിലാണ് എന്ന് തുടക്കത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. ക്രൈസ്തവ മതത്തോടുള്ള അടങ്ങാത്ത അമര്‍ഷം ഭൂരിപക്ഷ വിഭാഗത്തെ നിര്‍മതത്തിലേക്ക് നയിച്ചുവെന്നത് മാത്രമല്ല; മതം നിര്‍ദ്ദേശിക്കുന്ന മൂല്യങ്ങള്‍ പോലും ആവശ്യമില്ല തങ്ങളെ നിയന്ത്രിക്കാന്‍ എന്ന തികച്ചും നിഷേധാത്മക തലത്തിലേക്ക് അതവരെ നയിച്ചു. നിയമനിര്‍മാണത്തിനുള്ള പരമാധികാരത്തില്‍ മതത്തെയും ദൈവത്തെയും അടുപ്പിക്കരുത് എന്ന തത്വശാസ്ത്രത്തിന്റെ പുറത്താണ് അത് കെട്ടിപ്പടുക്കപ്പെട്ടത്.

ദേശീയമായും സംഘടിതമായും പ്രവര്‍ത്തനമാരംഭിച്ച ലിബറലിസമാണ് വാസ്തവത്തില്‍ ഭൂരിപക്ഷത്തിന്റെ പരമാധികാരംസിദ്ധാന്തമായി രൂപം പ്രാപിച്ചത്. ഒരു ജനത അവരുടെ വികാര-വിചാരങ്ങളില്‍ എല്ലാവിധ നിയന്ത്രണങ്ങളില്‍നിന്നും സ്വതന്ത്രരാണെന്നതാണ് ഭൂരിപക്ഷ പരമാധികാരത്തിന്റെ പൊരുള്‍. അവരില്‍ ഭൂരിപക്ഷം വിചാരിക്കുന്ന എന്തും നിയമവിധേയമോ നിയമവിരുദ്ധമോ ആയി പ്രഖ്യാപിക്കാവുന്നതാണ്. അവരുടെ വികാരവിചാരങ്ങളുടെ ഉരക്കല്ലാകാവുന്ന എന്തെങ്കിലും മതമോ ധര്‍മമോ ഇല്ല. നന്മയുടെയും തിന്‍മയുടെയും ഉരക്കല്ല് അവരുടെ വികാരങ്ങള്‍ തന്നെ. അന്തിമമായ ബാഹ്യശക്തി അവരെ സംബന്ധിച്ചിടത്തോളം ഇല്ല.

നിര്‍മത ജനാധിപത്യത്തിന്റെ ഏറ്റവും വലിയ പോരായ്മയായി ഇസ്‌ലാമിക പ്രസ്ഥാനം ഈ കുത്തഴിഞ്ഞ സ്വാതന്ത്ര്യത്തെ കാണുന്നു. ഇത് ലോകത്ത് ജനാധിപത്യത്തിന്റെ സകല ഗുണങ്ങളെയും കവര്‍ന്നതായി ചരിത്രം വളച്ചുകെട്ടില്ലാതെ പറഞ്ഞു തരുന്നു. കുറെയെങ്കിലും അവയൊക്കെ നിലനിന്നത് അവ കൈകാര്യം ചെയ്തവര്‍ ഉദ്ദേശിക്കപ്പെട്ടപോലെ നിര്‍മതത്വം സ്വീകരിക്കാത്തതുകൊണ്ടും പരമാവധി ജീവിത മൂല്യങ്ങളെ മുറുകെ പിടിച്ചതുകൊണ്ടുമാണ്. 

ഒന്നുകൂടി തെളിയിച്ചു പറഞ്ഞാല്‍ ഇന്ത്യയില്‍ നിലനില്‍ക്കുന്നത് മതവിരുദ്ധജനാധിപത്യമായിരുന്നില്ല. ലോകത്ത് ജനാധിപത്യം പുലരുന്ന രാജ്യങ്ങളിലൊന്നും മതത്തെയും അതിന്റെ മൂല്യങ്ങളേയും മാറ്റിനിര്‍ത്തിയുള്ള ഒരു ജനാധിപത്യം പുലരുന്നുമില്ല. മതവിരുദ്ധമായ ജനാധിപത്യം തുടക്കത്തില്‍ മനുഷ്യന് വിതച്ച ദുരിതം മുന്നില്‍ കണ്ടുകൊണ്ട് അതേ ദുരന്തം ഇന്ത്യയിലും പാകിസ്ഥാനിലും ആവര്‍ത്തിക്കരുതെന്ന് വിഭജനം യാഥാര്‍ഥ്യമാകാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മൗലാനാ മൗദൂദി മുന്നറിയിപ്പ് നല്‍കുകയുണ്ടായി. എന്നാല്‍ ഇന്ത്യയില്‍ പുലര്‍ന്നത് മതനിരപേക്ഷമായ ജനാധിപത്യമായിരുന്നു. അതിനാല്‍ അദ്ദേഹം ഭയപ്പെട്ടതുപോലെ തിക്താനുഭവങ്ങള്‍ ഇന്ത്യക്കാര്‍ക്ക് അനുഭവിക്കേണ്ടിവന്നില്ല എന്നതാണ് പിന്‍കാല യാഥാര്‍ഥ്യം.

മതേതരജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ ഇത്രയെങ്കിലും ധാരണ ഇല്ലാതെയുള്ള വിലയിരുത്തല്‍ സത്യം മനസ്സിലാക്കാന്‍ ഉപകരിക്കുകയില്ല. മത-ദൈവവിരുദ്ധമായിട്ടാണ് ജനാധിപത്യം അതിന്റെ ഉത്ഭവിക്കുന്നത്. അതുകൊണ്ട് നിയമനിര്‍മാണത്തില്‍ മതത്തിന്റെയോ ദൈവത്തിന്റെയോ പങ്ക് അത് സര്‍വശക്തിയുമെടുത്ത് നിരാകരിക്കും. ഈ വശത്തോട് ദൈവികദര്‍ശനം ജീവിതമാര്‍ഗമായി സ്വീകരിച്ച ഒരു വിഭാഗത്തിനും പൂര്‍ണമായി യോജിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഒരു ബഹുസ്വര സമൂഹത്തില്‍ മറ്റൊരു ചോയ്‌സ് കാണാത്തതിനാല്‍ നന്മതിന്മകള്‍ക്ക് മാനദണ്ഡം ഭൂരിപക്ഷമായി പരിഗണിക്കപ്പെടുന്ന തികച്ചും യുക്തിശൂന്യമായ നിലപാട് അംഗീകരിച്ചു പോരുകയാണ്. ജീവിതത്തിന്റെ മുഴുവന്‍ മേഖലയിലും നിയമനിര്‍മാണത്തിന്റെ പരമാധികാരം ദൈവത്തിനാണ് എന്ന് അടിസ്ഥാനപരമായ വിശ്വാസം പുലര്‍ത്തുന്ന ഇസ്‌ലാം വിശ്വാസികള്‍ക്ക് ജനാധിപത്യത്തിന്റെ ഈ വശം താത്വികമായി അംഗീകരിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല.

ജനാധിപത്യത്തിന്റെ ജനോപകാരമായ അവകാശങ്ങള്‍ക്ക് രൂപം നല്‍കിയത്,  രാജാക്കന്‍മാരുടെയും നാടുവാഴിപ്രഭുക്കന്‍മാരുടെയും ആധിപത്യച്ചങ്ങല പൊട്ടിച്ചെറിയേണ്ടതിന് വേണ്ടിയായിരുന്നു. ജനകോടികളുടെ മേല്‍ സ്വന്തം അഭീഷ്ടവും സ്വേഛയും അടിച്ചേല്‍പിക്കാനോ അവരെ സ്വന്തം സ്വര്‍ഥതാല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനോ ഒരു വ്യക്തിക്കോ കുടുംബത്തിനോ വര്‍ഗത്തിനോ അധികാരമോ അവകാശമോ ഇല്ല എന്ന് ഇസ്‌ലാം നിഷ്‌കര്‍ശിക്കുന്നതിനാല്‍ ജനാധിപത്യത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട ഭാഗത്തെ അത് അങ്ങേ അറ്റം വിലമതിക്കുകയും  പൂര്‍ണാര്‍ഥത്തില്‍ ജനാധിപത്യാവകാശങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകണമെന്ന് അതാഗ്രഹിക്കുകയും ചെയ്യുന്നു.അതിനാവശ്യമായ നിയമനിര്‍ദ്ദേശങ്ങള്‍ അത് മുന്നോട്ട് വെക്കുകയും ചെയ്യുന്നു.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ മനുഷ്യര്‍ തങ്ങളുടെ അഭീഷ്ടത്തെയും അഭിലാഷത്തെയും സംബന്ധിച്ചിടത്തോളം സര്‍വതന്ത്ര സ്വതന്ത്രരല്ല. ചില ധാര്‍മികസദാചാരമൂല്യങ്ങള്‍ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിലും അരോഗ്യകരമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജനാഭിലാഷം ശരിവെക്കുന്നതല്ല അതിന്റെ സത്യം. ഭൂരിപക്ഷം തള്ളിക്കളയുന്ന തത്വം അസത്യവുമല്ല. ജനഹിതത്തിന് യഥേഷ്ടം ഏത് നിയമവും നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനു അത് അനുവാദം നല്‍കുന്നില്ല.  ഇത് ഇസ്‌ലാമിന്റെ ദൗര്‍ബല്യമല്ല. പൂര്‍ണതയെയാണ് കാണിക്കുന്നത്.

ഇസ്‌ലാമിക കാഴ്ചപ്പാടില്‍ മനുഷ്യര്‍ തങ്ങളുടെ അഭീഷ്ടത്തെയും അഭിലാഷത്തെയും സംബന്ധിച്ചിടത്തോളം സര്‍വതന്ത്ര സ്വതന്ത്രരല്ല. ചില ധാര്‍മികസദാചാരമൂല്യങ്ങള്‍ അവരുടെ വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിലും അരോഗ്യകരമായ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. ജനാഭിലാഷം ശരിവെക്കുന്നതല്ല അതിന്റെ സത്യം. ഭൂരിപക്ഷം തള്ളിക്കളയുന്ന തത്വം അസത്യവുമല്ല. ജനഹിതത്തിന് യഥേഷ്ടം ഏത് നിയമവും നിര്‍മിക്കാനും ദുര്‍ബലപ്പെടുത്താനു അത് അനുവാദം നല്‍കുന്നില്ല.  മനുഷ്യന് ജീവനും ശരീരവും ആയുസ്സും ആരോഗ്യവും നല്‍കിയ പ്രപഞ്ചസ്രഷ്ടാവായ മനുഷ്യരുടെ നാഥനായ ദൈവത്തിന് മാത്രമേ നിയമം നിര്‍മിക്കാന്‍ അധികാരമുള്ളൂ. അവനല്ലാതെ നിയമനിര്‍മാണത്തിന്റെ പരമാധികാരമില്ല. സ്രഷ്ടാവായ ദൈവം നല്‍കിയ ജീവിതവ്യവസ്ഥ അംഗീകരിക്കാനും അനുസരിക്കാനും സൃഷ്ടികളായ മനുഷ്യര്‍ ബാധ്യസ്ഥരാണ് എന്നാല്‍ അവന്‍ നിശ്ചയിച്ച തത്ത്വങ്ങളും നിയമങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിച്ച് അവയുടെ അടിസ്ഥാനത്തില്‍ വിശദാംശങ്ങള്‍ കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യാന്‍ മനുഷ്യന് അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ആ നിലക്കുള്ള സമഗ്രമായ അടിസ്ഥാനനിയമങ്ങളും മാര്‍ഗദര്‍ശനങ്ങളും മൂല്യവ്യവസ്ഥയും കൈവശമുള്ളതോടൊപ്പമാണ് ഇസ്‌ലാം ഇപ്രകാരം പ്രഖ്യാപിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.

മുഴുവന്‍ ജനാധിപത്യമൂല്യങ്ങളെയും അവകാശങ്ങളെയും അംഗീകരിക്കുകയും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വശം മാത്രം ദൈവികനിര്‍ദ്ദേശങ്ങളും ദൈവദത്തമായ മൂല്യങ്ങള്‍ക്കുമനുസരിച്ചായിരിക്കണമെന്ന് വാദിക്കുകയും ചെയ്യുന്ന രീതിയെ എന്ത് പേര്‍വിളിക്കണമെന്നത് ഓരോരുത്തരുടെയും ഇഷ്ടം. പൊതുവെ ലോകമാകമാനം ഇതിന് പ്രയോഗിക്കുന്ന പദം ഥിയോഡെമോക്രസി (Theodemocracy)  എന്നാണ്. ഇതിനും വ്യത്യസ്ത രൂപങ്ങള്‍ ഉണ്ടാവാം. ഥിയോക്രസി(Theocracy)യുടെയും ഡെമോക്രസി(Democracy)യുടെയും ചേരുവകള്‍ ഇതിലുണ്ട്. ഥിയോക്രസിയുടെ ഏറ്റവും വലിയ ദോഷം ദൈവത്തിന്റെ പേരില്‍ പൗരോഹിത്യത്തിന്റെ ഏകധിപത്യമാണ് അതില്‍ സംഭവിക്കുന്നത് എന്നതാണ്. ഡെമോക്രസിയില്‍ അനിയന്ത്രിതമായ ജനസ്വാതന്ത്ര്യവും ഇവ രണ്ടിനുമിടയില്‍ ദൈവികപരമാധികാരത്തിന് വിധേയമായ ജനപ്രാധിനിധ്യവ്യവസ്ഥയാണ് ജനനന്മക്ക് കൂടുതല്‍ ഉപകാരപ്രദം. ചിലര്‍ ഇസ്‌ലാമിക ജനാധിപത്യം എന്ന പേര്‍ വിളിക്കുന്നു. എന്ത് പേര്‍ വിളിച്ചാലും അതില്‍ സംഭവിക്കുന്നത് ഞാന്‍ നേരത്തെ പറഞ്ഞതായിരിക്കുമെങ്കില്‍ അതാണ് ഏത് രാജ്യത്തിനും മതേതരജനാധിപത്യത്തേക്കാള്‍ ഗുണകരമായ വ്യവസ്ഥ എന്ന് വിശ്വസിക്കാനും പ്രചരിപ്പിക്കാനും എനിക്കുള്ള അവകാശം ഞാന്‍ ഉപയോഗപ്പെടുത്തുന്നു.

മതേതരജനാധിപത്യം പുലരുന്ന ഒരു രാജ്യത്ത് ഇത്തരം ഒരു ഥിയോഡെമോക്രസിയില്‍ വിശ്വസിക്കുന്നവരുടെ നിലപാട് എന്തായിരിക്കും. ഒരു സംശയവുമില്ല അവര്‍ പോലും അംഗീകരിക്കുന്ന ജനാധിപത്യമൂല്യങ്ങളുടെ താല്‍പര്യപ്രകാരമല്ലാതെ  ഒരു പ്രവര്‍ത്തനത്തിനും അവര്‍ രൂപം നല്‍കുകയില്ല. അവരുടെ നിലപാട് ജനാധിപത്യവിരുദ്ധമായി ആരേയും അടിച്ചേല്‍പ്പിക്കില്ല. നാട്ടില്‍ കുഴപ്പങ്ങളും സമാധാനഭംഗവും സൃഷ്ടിക്കുന്ന ഒരു നിലപാട് അവര്‍ ഒരിക്കലും സ്വീകരിക്കുകയില്ല. ഈ ആശയം പ്രചരിപ്പിക്കാന്‍ മതേതരജനാധിപത്യവ്യവസ്ഥയെ അവര്‍ ഉപയോഗപ്പെടുത്തും. ഇതിന് മതേതരജനാധിപത്യവ്യവസ്ഥയില്‍ അധികാരമില്ല എന്നാണ് ആരെങ്കിലും പറയുന്നതെങ്കില്‍ അതിനര്‍ഥം അത്തരക്കാര്‍ ജനാധിപത്യം ഉള്‍കൊണ്ടിട്ടില്ല എന്നാണ്. അവരെ പരിഗണിക്കാന്‍ യാതൊരു നിര്‍വാഹവുമില്ല. ജനാധിപത്യാവകാശത്തെക്കുറിച്ച് തെല്ലെങ്കിലും ബോധമുള്ള ആരും ജനാധിപത്യവിരുദ്ധമായ  നിലപാട് ഥിയോഡെമോക്രസിയോട് സ്വീകരിക്കുകയുമില്ല. (തുടരും)

വ്യാഴാഴ്‌ച, ഡിസംബർ 16, 2010

ജനാധിപത്യം: പരാജയ കാരണങ്ങള്‍.

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (7)
----------------------------------------------------------------------

കഴിഞ്ഞ പോസ്റ്റില്‍ നാം ചര്‍ചചെയ്തത് ജനാധിപത്യത്തിന്റെ പ്രയോഗവല്‍കരണത്തില്‍ സംഭവിക്കാനിടയുള്ളതും അതിന്റെ അവകാശങ്ങളെയും പ്രയോജനങ്ങളെയും ജനങ്ങള്‍ക്ക് തടയപ്പെടുന്ന അവസ്ഥകളുമാണ്. പേരില്‍ ജനാധിപത്യം നിലനില്‍ക്കുമ്പോഴും പ്രയോഗതലത്തില്‍ കടുത്ത ജനാധിപത്യനിഷേധങ്ങളായിരിക്കും അത്തരം ഘട്ടത്തില്‍ സംഭവിക്കുക. ജനാധിപത്യപത്യം അതിന്റെ ഗുണം പ്രദര്‍ശിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന  കാരണങ്ങളെ ഈ നൂറ്റാണ്ടിലെ ചിന്തകനും, ജനാധിപത്യത്തെ ഇഴകീറി പരിശോധിച്ച മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി കണ്ടെത്തിയിട്ടുണ്ട്. നിര്‍മതത്തില്‍ അതിന് പരിഹാരമില്ലെന്നും ഇസ്‌ലാമിക ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം തന്റെ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

ജനാധിപത്യസിദ്ധാന്തങ്ങളും ലക്ഷ്യങ്ങളും പൂര്‍ത്തീകരിക്കുന്നതില്‍ വിജയിക്കാതിരിക്കാന്‍ മൂന്ന് മൗലിക കാരണങ്ങളെ അദ്ദേഹം എണ്ണിപ്പറയുന്നു.

['1. ഭൂരിപക്ഷത്തെ പരമാധികാരിയും അധീശാധികാരിയുമായി സങ്കല്‍പിക്കുകയും തദടിസ്ഥാനത്തില്‍ ജനാധിപത്യത്തെ (ഭൂരിപക്ഷാധിപത്യത്തെ) സര്‍വതന്ത്രസ്വതന്ത്രമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ മനുഷ്യന്‍ തന്നെ ഈ പ്രപഞ്ചത്തില്‍ പരമാധികാരിയല്ലെങ്കില്‍ കുറേമനുഷ്യര്‍ ചേര്‍ന്ന ഭൂരിപക്ഷം പരമാധികാരത്തിനര്‍ഹമാകുന്നതെങ്ങനെ. ഈയടിസ്ഥാനത്തില്‍ സര്‍വതന്ത്രസ്വതന്ത്രമായ ജനാധിപത്യം സ്ഥാപിക്കാനുള്ള ശ്രമം ഒടുവില്‍ ഒരുപിടിയാളുകളുടെ പരമാധികാരത്തില്‍ കലാശിക്കുന്നു. ആധ്യമായിത്തന്നെ ശരിയായ പ്രതിവിധി കാണുകയാണ് ഇസ്ലാം ചെയ്തിരിക്കുന്നത്. പ്രപഞ്ചത്തിന്റെ സാക്ഷാല്‍ അധീശാധികാരി നിശ്ചയിച്ച മൗലിക നിയമങ്ങള്‍ക്ക് വിധേയമായിരിക്കണം ജനാധിപത്യമെന്ന് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. ജനഭൂരിപക്ഷവും അവരാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണകര്‍ത്താക്കളും പ്രസ്തുത നിയമങ്ങളെ അനുസരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇക്കാരണത്താല്‍ ജനാധിപത്യത്തിന്റെ പരാജയത്തിന് ഹേതുവായി സര്‍വതന്ത്ര സ്വാതന്ത്ര്യം ഉദ്ഭവിക്കുന്നില്ല.

2. ജനാധിപത്യത്തിന്റെ ഭാരം താങ്ങാന്‍ അനുപേക്ഷ്യമായ ബോധവും ധാര്‍മികതയും ജനങ്ങള്‍ക്കില്ലാത്തേടത്തോളം കാലം ജനാധിപത്യം പ്രവര്‍ത്തിക്കുകയില്ല. അതിനാല്‍ മുസ്ലിം ബഹുജനങ്ങളില്‍ ഒരോ വ്യക്തിക്കും ശിക്ഷണവും ശീലനവും നല്‍കാന്‍ ഇസ്‌ലാം ശാസിക്കുന്നു. ഓരോ മുസ്ലിം വ്യക്തിയിലും വിശ്വാസവും ഉത്തരവാദിത്വബോധവും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കണമെന്ന അഭിലാഷവും ഉണ്ടായിരിക്കണമെന്ന് ഇസ്‌ലാം ആവശ്യപ്പെടുന്നു. ഇത് എത്രത്തോളം കുറഞ്ഞിരിക്കുമോ അത്രത്തോളം ജനാധിപത്യത്തിന്റെ വിജയ സാധ്യതകളും കുറഞ്ഞിരിക്കും, ഇത് എത്രത്തോളം കൂടുതലുണ്ടോ അത്രത്തോളം വിജയ സാധ്യതകള്‍ കൂടിയുമിരിക്കും.

3. ജനാധിപത്യത്തിന്റെ വിജയകരമായ നിലനില്‍പ് ഉദ്ബുദ്ധവും ശക്തവുമായ പൊതുജനാഭിപ്രായത്തെ ആശ്രയിച്ചിരിക്കുന്നു. സമൂഹം നല്ല വ്യക്തികളെ ഉള്‍കൊള്ളുന്നതായിരിക്കുമ്പോഴെ ഉത്ബുദ്ധമായ പൊതുജനാഭിപ്രായം രൂപപ്പെടുകയുള്ളൂ. അത്തരം വ്യക്തികളെ, ഉല്‍കൃഷ്ടമായ അടിത്തറകളില്‍ നിലവില്‍വന്ന ഒരു സാമൂഹിക ക്രമത്തില്‍ കോര്‍ത്തിണക്കിയിരിക്കണം. തങ്ങളില്‍ തിന്മയും തിന്മയുടെ ശക്തികളും ഉയര്‍ന്ന് വരാനും മാത്രമുള്ള ശക്തി പ്രസ്തുത സമൂഹത്തിനുണ്ടായിരിക്കേണ്ടതാണ്. ഇതിനാവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും ഇസ്‌ലാം നമ്മുക്ക് നല്‍കിയിട്ടുണ്ട്.

മേല്‍പറഞ്ഞ മൂന്ന് പ്രതിവിധികളും സ്വീകരിക്കപ്പെട്ടാല്‍, ജനാധിപത്യം നടപ്പാക്കുന്ന ക്രമം എന്തുതന്നെയായിരുന്നാലും അത് വിജയകരമായിരിക്കും. പ്രസ്തുത ക്രമത്തില്‍ വല്ലേടത്തും വല്ല ദൂഷ്യവും പ്രകടമായാല്‍ അത് സംസ്‌കരിച്ചു കൂടുതല്‍ മെച്ചപ്പെട്ട ജനാധിപത്യക്രമം ആവിഷ്‌കരിക്കാനും കഴിയും എന്തുകൊണ്ടെന്നാല്‍ മുന്‍പറഞ്ഞ പരിതഃസ്ഥിതിയുണ്ടെങ്കില്‍ പിന്നെ ജനാധിപത്യത്തിന്റെ സംസ്‌കരണത്തിനും പുരോഗതിക്കും അത് പരീക്ഷിക്കാനുള്ള അവസരം ലഭിക്കുകയേ വേണ്ടതുള്ളൂ. അപൂര്‍ണമായ ഒരു ഭരണക്രമത്തെ പൂര്‍ണവും ഉത്തമവുമാക്കിത്തീര്‍ക്കാന്‍ അനുഭവങ്ങള്‍ക്ക് കഴിയും.' (തര്‍ജുമാനുല്‍ ഖുര്‍ആന്‍, ജൂണ്‍ 1963) ]

മൗദൂദി പൂര്‍ണമായും തള്ളിയതായിരുന്നു, ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യത്തെ അംഗീകരിച്ചുതുടങ്ങി എന്ന് പ്രചരിപ്പിക്കുന്ന കുബുദ്ധികള്‍ക്കുള്ള മറുപടിയാണ് മൗദൂദി 1963 ല്‍ എഴുതിയ ഈ വരികള്‍. ഇത് ഒരു ജനാധിപത്യ വിരുദ്ധന്റെ വരികളാണോ അതല്ല ജനാധിപത്യം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന വ്യക്തിയുടെയോ എന്ന് ചിന്തിക്കുക. ഇസ്‌ലാമിനെ കേവലം ചില ആരാധനകള്‍ ഉള്‍കൊള്ളുന്ന മതമാണ് എന്ന് കരുതുന്നവരെ സംബന്ധിച്ചിടത്തോളം ഈ വരികള്‍ തൃപ്തികരമായി എന്ന് വരില്ല. അത്തരം സാമുദായ വാദികള്‍ ഇതിനെതിരെ യുദ്ധം പ്രഖ്യാപിച്ചു വരുന്നു. അവര്‍ തങ്ങളുടെ ദര്‍ശനത്തിന്റെ വിശാലത ഉള്‍കൊള്ളാന്‍ കഴിയാത്തവരാണ്. അത്തരക്കാര്‍ ഇതര മതവിശ്വാസികളുടെ ഇടയില്‍ കടുത്ത ആശങ്ക വിതക്കുന്നു.

മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി ഈ വിഷയത്തില്‍ നല്‍കുന്ന ചിന്തകള്‍ അദ്ദേഹത്തിന്റെ വകയല്ല, ഇസ്‌ലാമിന്റെ അടിസ്ഥാന തത്വമാണ്. ജമാഅത്തെ ഇസ്‌ലാമി അതിനെ പിന്തുടരുന്നത് ആ നിലക്കാണ്. അതുകൊണ്ടുതന്നെ  മൗദൂദിയെയല്ല, മറിച്ച്; മൗദൂദി അവലംബിച്ച അതേ സ്രോതസുകളെയാണ് (വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും) ജമാഅത്ത് പിന്തുടരുന്നത്. അതിനോട് വിയോജിക്കുന്ന ഒരു കാര്യത്തിലും മൗദൂദിയെ പിന്‍പറ്റാന്‍ ജമാഅത്തിന് ഒരു ബാധ്യതയുമില്ല. പക്ഷെ ജമാഅത്ത് വിമര്‍ശകര്‍ മൗദൂദിക്കില്ലാത്ത വാദം അദ്ദേഹത്തിനു കല്‍പിച്ചരുളുന്നതുകൊണ്ട് ജമാഅത്തെ ഇസ്‌ലാമിക്കും അദ്ദേഹത്തിനുമിടയില്‍ ഇല്ലാത്ത വൈരുദ്ധ്യം കണ്ടെത്താന്‍ കഴിയുന്നു. അത് തങ്ങളുടെ മനസ്സിന് തൃപ്തി നല്‍കാന്‍ പര്യാപ്തമെങ്കിലും സത്യത്തിന്റെ മാര്‍ഗത്തില്‍ അത് അല്‍പം പോലും പ്രയോജനം ചെയ്യില്ല. (തുടരും)

ബുധനാഴ്‌ച, ഡിസംബർ 15, 2010

ജനാധിപത്യം ദുര്‍ബലമാകുന്നതെപ്പോള്‍?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (6)
----------------------------------------------------------------------

ജനാധിപത്യത്തിന്റ മൗലിക സവിശേഷത, സുരക്ഷിതമായിരിക്കുമ്പോള്‍ മാത്രമേ ജനാധിപത്യവ്യവസ്ഥിത പ്രയോജനകരമായി ഭവിക്കുകയുള്ളൂ എന്നതാണ്. ഗവണ്‍മെന്റ് ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുകയും സത്യസന്ധമായി ജനങ്ങളെ പ്രതിനിധീകരിക്കുകയും, ജനപിന്തുണ നഷ്ടപ്പെടുമ്പോള്‍ സ്ഥാനമൊഴിയുകയും ചെയ്യുകയെന്നതാണ് ജനാധിപത്യവ്യവസ്ഥിതിയില്‍ സംഭവിക്കുന്നത്.

നിയമനിര്‍മാണത്തിലും ഭരണനിര്‍വഹണത്തിലും അഭ്യന്തരവും വൈദേശികവുമായ നയരൂപീകരണത്തിലും ഏത് മാറ്റത്തിനും ജനങ്ങളുടെ പിന്തുണ അതിനനിവാര്യമാണ്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ സമാധാനപരമായ മാര്‍ഗത്തിലൂടെ ഏത് മാറ്റവും വരുത്താന്‍ വാതില്‍ തുറന്ന് കിടക്കും. ഈയൊരു സവിശേഷതയുടെ പേരിലാണ് ജനാധിപത്യത്തിന്റെ ധ്വജവാഹകര്‍ മനുഷ്യസമുദായത്തെ അതിലേക്ക് ക്ഷണിക്കുന്നത്.

പ്രസ്തുത സവിശേഷത ഒരു വ്യവസ്ഥിതിയില്‍ സുരക്ഷിതമായി നിലനില്‍ക്കുന്നിടത്തോളം കാലം അത് ജനാധിപത്യ വ്യവസ്ഥയായിരിക്കും. മനുഷ്യപുരോഗതിക്ക് അത് ഫലപ്രദമായിരിക്കുമെന്ന കാര്യത്തിലും ഭിന്നാഭിപ്രായമില്ല. പക്ഷെ ആ സവിശേഷത് നഷ്ടപ്പെടുകയോ അല്ലെങ്കില്‍ അതിന്റെ പ്രയോഗവല്‍ക്കരണത്തില്‍ സാരമായ ന്യൂനതകളുണ്ടാവുകയോ ചെയ്താല്‍ പിന്നെ വ്യവസ്ഥയുടെ ബാഹ്യചട്ടക്കൂട് മാത്രം നിലനില്‍ക്കുമെന്നല്ലാതെ പിന്നീട് നിലനില്‍ക്കുന്നത് ജനാധിപത്യം എന്ന പേര്‍ മാത്രമായിരിക്കും. അതില്‍നിന്ന് പ്രതീക്ഷിക്കപ്പെടുന്ന ഫലങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുകയില്ല. ജനാധിപത്യത്തെ ബാധിക്കാനിടയുള്ള തിന്‍മകള്‍ തിരിച്ചറിയാത്ത സമുഹത്തില്‍ ജനാധിപത്യം ഒട്ടും സുരക്ഷിതമായിരിക്കില്ല.

ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തിലെത്തിയ ഭൂരിപക്ഷ വിഭാഗത്തില്‍ അധാര്‍മികതയുടെ സ്വാധീനം ശക്തിപ്പെടുക എന്നതാണ് ജനാധിപ്ത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. അതില്ലാതാക്കാന്‍ നിര്‍മത ജനാധിപത്യത്തില്‍ പ്രത്യേകിച്ച് ഒരു വകുപ്പുമില്ല. എന്ന് മാത്രമല്ല. മതമുക്തമായ മൂല്യനിരാസപരമായ ഒരു സാമൂഹ്യക്രമം അംഗീകരിക്കുക വഴി അതിന് വമ്പിച്ച സാധ്യതയും നിലനില്‍ക്കുന്നു. (നാം ഇപ്പോള്‍ ചര്‍ചചെയ്യുന്നത്. 175 ലക്ഷം കോടിയുടെ കള്ള ഇടപാടുകളെക്കുറിച്ചാണ് എന്ന് പ്രത്യേകം സ്മരിക്കുക.) ഭരണത്തിലേറിയ ഭൂരിപക്ഷം പിന്നീട് തങ്ങളുടെ തന്ത്രങ്ങള്‍ മറച്ചുപിടക്കാനും എതിരഭിപ്രായങ്ങളെ ഇല്ലാതാക്കാനും ശ്രമിച്ചുവരുന്നു.

ജനാധിപത്യത്തില്‍ ജനാഭിപ്രായത്തിനാണ് മുഖ്യ പരിഗണനയുള്ളത് എന്നതിനാല്‍ അവയെ തങ്ങള്‍ക്കനുകൂലമാക്കിയെടുക്കാന്‍ അവര്‍ അത്തരം ഉപാദികളെയും ഉപകരണങ്ങളെയും പൂര്‍ണമായി പിടിയിലൊതുക്കാന്‍ ശ്രമിക്കുന്നു. വിശിഷ്യാ ബഹുജനാഭിപ്രായത്തെ രൂപപ്പെടുത്തുന്ന പത്രലോകം ഓരോ വര്‍ഗത്തില്‍ പെട്ട ഏതാനും ചിലരുടെ നിയന്ത്രണത്തിലായിരിക്കും. അപ്രകാരം തന്നെയാണ് ടി.വി. ചാനലുകളും. മിക്കപ്പോഴും മധ്യവര്‍ഗത്തിന്റെയും അധികാര വര്‍ഗത്തിന്റെയും കൂടെ സഞ്ചരിക്കാന്‍ തിടുക്കപ്പെടുന്നവരാണ് ഈ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത്. പാവപ്പെട്ട ബഹുജനത്തിന്റെ ചിന്തകളെ വഴിതെറ്റിക്കുന്നതിലും തങ്ങള്‍ക്കനുകൂലമായ അഭിപ്രായം സ്വരൂപിക്കുന്നതിലും അവ ഉപയോഗപ്പെടുത്തപ്പെടുന്നു.

ജനപക്ഷപരമായ വീക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സ്വതന്ത്രമായി ചിന്തിക്കാനും നേരിന്റെയും നീതിയുടെയും പക്ഷത്ത് നിലയുറപ്പിക്കാനുമുള്ള കഴിവ് അത്തരം മാധ്യമങ്ങള്‍ നിര്‍വീര്യമാക്കുന്നു. പൊതുജനാഭിപ്രായം വൈകാരികമാക്കി തീര്‍ക്കാനുള്ള എല്ലാ തന്ത്രങ്ങളും പയറ്റുന്നു. അങ്ങനെ സമ്മതിദായകരുടെ ചിന്ത, ഗതി നഷ്ടപ്പെട്ട കപ്പല്‍ പോലെയായിതീരുന്നു. ചുരുക്കത്തില്‍ പൊതുചിന്താഗതി എന്നത് മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഒരു വിഭാഗത്തിന്റെ മാത്രം ചിന്താഗതിയായി മാറുന്നു. ജനാധിപത്യം ഈ അവസ്ഥയില്‍ എത്രമാത്രം ദുര്‍ബലമാകും എന്ന് പറയേണ്ടതില്ലല്ലോ.

സമ്മതിദായകരെ വിലക്കെടുക്കപ്പെടാനുള്ള സാഹചര്യം ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കുന്നു. വോട്ടിനെ കച്ചവടമായി കാണുന്നത് പൊതുപ്രവണതയാകുമ്പോള്‍ അതിനെ ഏറ്റവും നന്നായി മാര്‍ക്കറ്റ് ചെയ്യുക എന്നതില്‍ വിവിധ കക്ഷികള്‍ യോജിക്കുന്നു. ബ്രിട്ടന്‍, അമേരിക്ക മുതലായ രാജ്യങ്ങളില്‍ പോലുമുണ്ട് ഈ മൊത്തക്കച്ചവടക്കാര്‍ എന്നത് പകല്‍പോലെ വ്യക്തമാണല്ലോ. പണവും പൗരുഷവും മദ്യവും സ്ത്രീസൗന്ദര്യവുമെല്ലാം ഈ കച്ചവടത്തില്‍ വിലയായി നല്‍കപ്പെടുന്നു. കുറെകഴിയുമ്പോള്‍ കച്ചവടക്കാര്‍ തന്നെയാകും ഭരണകൂടത്തെ നിര്‍മിക്കുന്നതും നിലനിര്‍ത്തുന്നതും തകര്‍ക്കുന്നതും എന്ന് അവസ്ഥയിലേക്ക് കാര്യങ്ങള്‍ പുരോഗമിക്കുന്നു. അമേരിക്കയെ നിയന്ത്രിക്കുന്നത് വന്‍കിട ആയുധകച്ചവടക്കാരാണ് എന്ന് പരസ്യമായ രഹസ്യമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. മുതലാളിത്ത മനോഭാവത്താല്‍ സ്വാധീനിക്കപ്പെട്ട ഇത്തരം കച്ചവടക്കാരാന്‍ രൂപംകൊള്ളുന്ന ജനാധിപത്യ ഭരണകൂടങ്ങള്‍ മറ്റുഭരണകൂടങ്ങളുടെ മേല്‍ സ്വേഛാധിപതിയെപ്പോലെ പെരുമാറി അവരെ തങ്ങളുടെ വരുതിയിലാക്കാന്‍ ശ്രമം നടത്തുമ്പോഴും ജനാധിപത്യം ക്രൂരമായി കൊലചെയ്യപ്പെടുന്നു.

ഭൂരിപക്ഷം ജനതയുടെ ഇംഗിതത്തിന് വിരുദ്ധമായി ചില തല്‍പര കക്ഷികളും ഗ്രുപ്പുകളും താല്‍കാലിക നേട്ടത്തിന് ശ്രമിച്ചുകൊണ്ട് വോട്ടുബാങ്കായി മാറുന്നതും ജനാധിപത്യത്തെ ക്ഷയിപ്പിക്കുന്നു. മതസംഘടനകളുടെ വിലപേശല്‍ ഈ വകുപ്പില്‍ പെടുന്നതാണ്. ഇവയാകട്ടെ ജനാധിപത്യരുപത്തില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ അവിടെയും ഒരു കൂട്ടം മുതലാളിമാരാലും തല്‍പരകക്ഷികളാലും നിയന്ത്രിക്കപ്പെടുന്ന ഒരു ജനക്കൂട്ടമാകും ആ സംഘങ്ങള്‍. ഇവരിലെ വരേണ്യവര്‍ഗത്തിന്റെ താല്‍പര്യത്തിനും സങ്കുചിതമായ സംഘടനാ താല്‍പ്യത്തിനും രാഷ്ട്രീയപാര്‍ട്ടികള്‍ വഴങ്ങി. അനര്‍ഹമായ അവകാശങ്ങള്‍ അവര്‍ക്ക് നല്‍കാന്‍ തിടുക്കപ്പെടും. രാജ്യത്തിനും ജനാധിപത്യത്തിനും ഇതുമൂലം ഉണ്ടാകുന്ന പരിക്കുകള്‍ ചില്ലറയല്ല.

ഈ ഇലക്ഷന്‍ വ്യവസായം യഥാര്‍ഥത്തില്‍ പൊതുജനാഭിപ്രായത്തെ നശിപ്പിച്ചുകളയുന്നു. സ്ഥാനാര്‍ഥി നിലവില്‍ വരുന്നത് ജനഹിതം അനുസരിച്ചല്ല. തങ്ങളിഷ്ടപ്പെടുന്നയാളെ സ്ഥാനാര്‍ഥിയാക്കുകയല്ല. സ്ഥാനാര്‍ഥിയാക്കപ്പെടുന്നവരെ തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. എല്ലാ പാര്‍ട്ടികളും ഇത്തരം കാര്യത്തില്‍ തുല്യരാകുമ്പോള്‍. ജനപക്ഷം എന്ന ഒന്ന് ഇല്ലാതെയാകുന്നു. ഇതിന്റെ ഫലമായി ജനങ്ങളില്‍ മഹാഭൂരിപക്ഷം വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന സംഭവങ്ങള്‍ ജനാധിപത്യ ചരിത്രത്തില്‍ ധാരാളമുണ്ട്. 1945 ലെ ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ 25% വോട്ടുരേഖപ്പെടുത്തിയില്ല എന്ന് പറയുന്നത് നമ്മെ സംബന്ധിച്ചിടത്തോളം വാര്‍ത്തയല്ല. എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവര്‍ 39 ശതമാനം മാത്രമായിരുന്നുവെന്ന് അറിയുമ്പോള്‍ ജനാധിപത്യത്തിന്റെ ശക്തി എങ്ങനെയൊക്കെ ക്ഷയിക്കാം എന്നതിന് ഒരു ഉദാഹരണം കൂടി ലഭിക്കുന്നു.

ഇത്തരം ഘട്ടങ്ങളിലൊക്കെ സംഭവിക്കുന്നത് ഒരേ കാര്യമാണ്. ജനാധിപത്യം ദുര്‍ബലമാകുകയും അതിന്റെ ഗുണഫലം ജനങ്ങള്‍ക്ക് ലഭിക്കാതെ വരികയും ചെയ്യുക. ജനാധിപത്യത്തിന്റെ മക്കയെന്ന് അറിയപ്പെടുന്ന അമേരിക്കയില്‍  കടലാസില്‍ വെള്ളക്കാരന് തുല്യമായ വോട്ടവകാശം നീഗ്രോക്കുമുണ്ട്. പക്ഷെ പറഞ്ഞിട്ടെന്തു ഫലം. ഒരു നീഗ്രോക്ക് കോണ്‍ഗ്രസില്‍ കയറിപ്പറ്റാന്‍ നീണ്ട അമ്പത് വര്‍ഷം കഴിയേണ്ടി വന്നു. പോള്‍ടാക്‌സ് ചുമത്തി വോട്ടവകാശം വിനിയോഗിക്കല്‍ ചെലവേറിയതാക്കിയപ്പോഴും ഫലത്തില്‍ സംഭവിച്ചത് ജനാധിപത്യത്തിന്റെ ക്ഷയമായിരുന്നു. അമേരിക്കയില്‍ 1889 മുതല്‍ 1908 വരെ ഈ തുക വര്‍ദ്ദിപ്പിച്ചുകൊണ്ടെ ഇരുന്നു. 1936 ല്‍ അമേരിക്കയിലെ ടെന്നീസ്സി സ്റ്റേറ്റില്‍ ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇലക്ഷന്‍ നടന്നപ്പോള്‍ 12 ലക്ഷം വോട്ടര്‍മാരില്‍ മൂന്നര ലക്ഷത്തിന് മാത്രമാണ് വോട്ടടുപ്പില്‍ പങ്കെടുക്കാനായത്. മറ്റു പല രാജ്യങ്ങളിലും ജനാധിപത്യത്തിന്റെ അന്തസത്ത ചോര്‍ത്തിക്കളയുന്ന പലനിയന്ത്രണങ്ങളും നിലവിലുണ്ട്.

ജനാധിപത്യത്തിന് മൂക്കുകയറിടുന്നതിനും തങ്ങളുടെ താല്‍പര്യങ്ങളും അധികാരങ്ങളും സംരക്ഷിക്കുന്നതിനായി ജനാധിപത്യ മാര്‍ഗത്തിലൂടെ ഭരണത്തിലേറിയ മിക്ക സര്‍ക്കാറുകളും ചെയ്യുന്ന ഒരു തന്ത്രമുണ്ട്. അതിലൂടെ അഭിപ്രായ സ്വാതന്ത്ര്യം എന്നത് മരീചികയായി മാറുന്നു. ജനാധിപത്യം ഒരു തരം ഫാസിസ്റ്റ് രൂപമാര്‍ജിക്കുന്നു. തങ്ങളുമായി യോജിക്കാത്തവരെ ജനാധിപത്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും പേര് പറഞ്ഞുകൊണ്ടു തന്നെ അടിച്ചമര്‍ത്തുക. ഉദാഹരണമായി അമേരിക്കയെ തന്നെയെടുക്കാം. മുതലാളിത്തത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളെ അവിടെ 'അമേരിക്കാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍' എന്ന സാങ്കേതിക പ്രയോഗത്തിലൂടെയാണ് മുമ്പ് കാലത്ത് എതിരിട്ടിരുന്നത്. സിവില്‍ സര്‍വീസ് കമ്മീഷന് പകരം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (F.B.I) ആണ് അക്കാര്യം കയ്യാളുന്നത്. 1974 മുതല്‍ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥമാരെയും വീക്ഷിച്ച് എവിടെയെല്ലാം കമ്മ്യൂണിസ്റ്റ് പ്രവണതകളുടെണ്ടെന്ന് കണ്ടുപിടിക്കുകയായിരുന്നു ഈ വകുപ്പ്.  കമ്മ്യൂണിസം മുതലാളിത്തത്തിന് ഭീഷണയല്ലാതായി മാറുകയും പതിയെ കമ്മ്യൂണിസവും മുതലാളിത്തവും തമ്മിലുള്ള അന്തരം കുറയുകയും ചെയ്തപ്പോള്‍ പുതിയ സംജ്ഞ സൃഷ്ടിച്ചിരിക്കുന്നു. അതാണ് ഭീകരവിരുദ്ധത. ഭീകരതയില്ലെന്നോ അതിനെ ചെറുക്കേണ്ടതില്ലെന്നല്ലോ അല്ല ഉദ്ദേശിച്ചത്. ഭീകരവിരുദ്ധമെന്ന് പറഞ്ഞ് നടത്തപ്പെടുന്നതൊക്കെ അതുതന്നെയാണോ എന്ന് പരിശോധിക്കാന്‍ പോലും നാം ഭയപ്പെടുന്ന വിധം അത് ജനാധിപത്യത്തെ പിടികൂടുന്നതിനെ കരുതിയിരിക്കണം എന്നാണ് സൂചിപ്പിക്കുന്നത്. ജനാധിപത്യത്തിന്റെ പേര് പറഞ്ഞു ഏത് അധിക്രമവും നിസ്സാരവല്‍കരിക്കപ്പെടുമ്പോള്‍ തത്വത്തില്‍ ജനാധിപത്യത്തെ തന്നെയാണ് കൊലക്ക് കൊടുക്കുന്നത് എന്ന് അറിയാതെ പോകുന്നു.

അധികാരത്തിലേറിയവര്‍ ജനാധിപത്യത്തിന് ഭീഷണിയായി ചില സംഘങ്ങളെ എടുത്തുകാണിക്കുമ്പോള്‍ ഇത്തരം ഒളിഞ്ഞുകിടക്കുന്ന ഭീഷണികള്‍ ശ്രദ്ധിക്കാതെ പോകുന്നു എന്ന് സൂചിപ്പിക്കാനാണ് ഇവിടെ ഇത്രയും കാര്യങ്ങള്‍ വിശദീകരിച്ചത്. അവര്‍ തന്നെയും ഭരണത്തില്‍നിന്ന് ഇറങ്ങുമ്പോഴും തങ്ങളുടെ താല്‍പര്യത്തിന് എതിര് നില്‍ക്കാതിരിക്കുമ്പോഴും അവരോടുള്ള നിലപാടില്‍ മാറ്റം വരുത്തുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. (തുടരും)


ഞായറാഴ്‌ച, ഡിസംബർ 12, 2010

ജനാധിപത്യാവകാശങ്ങള്‍ ഏതൊക്കെ ?

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (5)
----------------------------------------------------------------------

ജനാധിപത്യം എന്നതുകൊണ്ടര്‍ഥമാക്കുന്നത് ജനങ്ങളുടെ ഭരണമാണ് എന്ന് കഴിഞ്ഞ പോസ്റ്റില്‍ നാം കണ്ടു.  മുഴുവന്‍ ജനതയുടെയും ഭരണം, മുഴുവന്‍ ജനതയാലും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാല്‍ ഭരിക്കപ്പെടുന്ന അവസ്ഥ. ഈ നിര്‍വചനം പൂര്‍ണമല്ല എന്ന് നമ്മുക്ക് മനസ്സിലാക്കാനാവും. പൊതുവായി ഒരു നിര്‍വചനത്തില്‍ അത് ഒതുക്കിയിരിക്കുകയാണ്. അതുകൊണ്ട് വിവിധ ജനാധിപത്യ പ്രസ്ഥാനങ്ങള്‍ അവരുടേതായ വ്യഖ്യാനം നല്‍കുന്നു. ഭരണാധികാരിയെയും ആ നാട്ടിലെ നിയമത്തിന്റെയും പരമാധികാരം ജനങ്ങളിലെ ഭൂരിപക്ഷത്തിനായിരിക്കണം അതിനുള്ള അധികാരം ഏതെങ്കിലും ഒറ്റപ്പെട്ട വ്യക്തികള്‍ക്കോ ഗ്രൂപ്പുകള്‍ക്കോ ആയിരിക്കരുതെന്നും. നിയമനിര്‍മാണം പൗരോഹിത്യത്തിന്റെ കയ്യിലകപ്പെടരുതെന്നുമുള്ള മതേതരത്വത്തിന്റെ ആധുനികവ്യാഖ്യാനത്തിനൊപ്പിച്ചാണ് മതേതരത്വം പൊതുവെ വിവക്ഷിക്കപ്പെടുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ച് ഏറെക്കുറെ സന്തുലിതമായ നിര്‍വചനമായി എന്റെ ശ്രദ്ധയില്‍ പെട്ടത് ഇതാണ്.

['Democracy is a form of government in which people are governed by their own elected representatives. It is a government of the people, for the people and by the people. In this system of government, it is the people who are supreme and sovereign. They control the government. They are free to elect a government of their own choice. Freedom of choice is the core of democracy.']

ജനാധിപത്യം എന്നത് ഒരൊറ്റരൂപവും ഒരൊറ്റ നിര്‍വചനവുമുള്‍കൊണ്ട ഒരു സംജ്ഞയല്ല. ജനാധിപത്യത്തിന്റെ വിവിധ രുപങ്ങള്‍ ലോകചരിത്രലുണ്ടായിട്ടുണ്ട്. ഇപ്പോഴും നിലനില്‍ക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പിന്റെ രീതിയില്‍ വ്യത്യാസമുണ്ടാവാം. നിയമനിര്‍മാണത്തിനുള്ള അധികാരം ആര്‍ക്കെന്ന കാര്യത്തില്‍ ചില്ലറ അഭിപ്രായ വ്യത്യാസം ഉണ്ടാവാം. അതിന്റെ അടിസ്ഥാനത്തില്‍  ഭാരതീയ ജനാധിപത്യം, ആധുനിക ജനാധിപത്യം, പ്രാതിനിത്യജനാധിപത്യം, പാര്‍ലമെന്ററി ജനാധിപത്യം, പ്രത്യക്ഷ ജനാധിപത്യം എന്നൊക്കെ ഉപയോഗിച്ചുവരുന്നുണ്ട്. മാത്രമല്ല ജനാധിപത്യത്തിന്റെ ചരിത്രം വിശദീകരിക്കുമ്പോള്‍ പ്രാചീന ജനാധിപത്യം മധ്യകാല ജനാധിപത്യം ആധുനിക ജനാധിപത്യം എന്നിങ്ങനെ പ്രധാനമായും മൂന്നായി തിരിക്കുകയും ചെയ്യുന്നു.  അവയില്‍ സംഭവിച്ച രൂപാന്തരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വേര്‍ത്തിരിവ്. സര്‍വസമ്മതമായി അംഗീകരിക്കപ്പെട്ട ചില ജനാധിപത്യമൂല്യങ്ങളുണ്ട് അവയെ ഉള്‍കൊള്ളുന്ന വ്യവസ്ഥക്കാണ് നാം ജനാധിപത്യവ്യവസ്ഥ എന്ന് പറയുന്നത്. അല്ലാതെ ആ പദത്തോട് മാത്രം ചില വിശ്വാസാചാരങ്ങളോടുള്ളതുപോലെയുള്ള വൈകാരികത മാത്രമായാല്‍ നഷ്ട്‌പെടുന്ന ജനാധിപത്യമൂല്യം നമ്മുക്ക് പ്രശ്‌നമല്ലാതെ വരും. അതുകൊണ്ട് എന്താണ് ജനാധിപത്യത്തിന്റെ പൊതുവായ തത്വങ്ങള്‍/അവകാശങ്ങള്‍ എന്ന് നോക്കാം.

1. ഭൂരിപക്ഷ ഭരണം (Majority rule): തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്‍കൊള്ളുന്ന ഭരണകൂടം. തെരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിനായിരിക്കും ഭരിക്കാനുള്ള അവകാശം.

2. ജനതയുടെ പരമാധികാരം. (Sovereignty of the people): ഒരു രാജ്യത്തെ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്നതില്‍ ആ രാജ്യത്തെ ജനങ്ങള്‍ക്കായിരിക്കും അധികാരം. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്‍കൊള്ളുന്ന പാര്‍ലമെന്റിനും ലെജിസ്ലേറ്റീവിനുമാണ് നിയമം നിര്‍മിക്കാനും അതില്‍ ഭേദഗതി വരുത്താനുമുള്ള അവകാശമുള്ളത്. 

3. അടിസ്ഥാന മനുഷ്യാവകാശം (Basic human rights): എല്ലാതരം ജനവിഭാഗങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അവകാശങ്ങളുടെയും മെച്ചപ്പെടുത്തലും, അവരുടെ നിലനില്‍പ്പ് സംരക്ഷിക്കപ്പെടലും.

4. സ്വതന്ത്രവും നീതിനിഷ്ഠവുമായ തെരഞ്ഞെടുപ്പ് (Free and fair elections): ബാഹ്യമാ എല്ലാ സമ്മര്‍ദ്ദങ്ങളില്‍നിന്നും പ്രലോഭന-ഭീഷണകളില്‍നിന്നും മുക്തമായി പൗരന്‍മാരുടെ സ്വതന്ത്രമായ ഇഛാശക്തി പ്രയോഗിച്ച് നടത്തപ്പെടുന്ന നീതിനിഷ്ഠമായ തെരഞ്ഞെടുപ്പ്.

5. നിയമാര്‍ഹത(Due process of law)യും നിയമ സമത്വവും (Equality before the law)ഉം: ഏത് പൌരനും നിയമസഹായം ലഭിക്കാനുള്ള അര്‍ഹത. രാജ്യത്തെ ഏത് പൌരനും ഭരണപക്ഷ-പ്രതിപക്ഷ ഭേദമന്യേ നീതിലഭ്യതയിലുള്ള തുല്യാവകാശം.

6. മത, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ബഹുസ്വരത (Religious, Social, economic, and political pluralism): സമൂഹത്തിലെ വ്യത്യസ്ത തുറകളിലുള്ള ജനസഞ്ചയത്തിന്റെയും വ്യത്യസ്ത സാമ്പത്തിക അര്‍ഥ ശാസ്ത്രങ്ങളുടെയും പ്രാദേശിക-ദേശീയ-രാഷ്ട്രീയ ബഹുജനമുന്നേറ്റങ്ങളോടുള്ള സഹിഷ്ണുതയും അവയെ സ്വാംശീകരിക്കുന്നതിലെ പ്രായോഗികതയും അവയോടുള്ള സഹകരണ-വിട്ടുവീഴ്ചാ നിലപാടുകളും  (Tolerance, pragmatism, cooperation, and compromise).

7. അഭിപ്രായ സ്വതന്ത്ര്യം (Freedom of expression): ജനാധിപത്യത്തിന്റെ ഏറ്റവും ശക്തമായ സ്തംഭമാണ് അഭിപ്രായ സ്വാതന്ത്ര്യം. ജനാധിപത്യഅവകാശങ്ങളുടെ മുലക്കല്ല് (cornerstone of democratic rights)എന്നും ഇത് വിവക്ഷിക്കപ്പെടുന്നു.  പൌരന്മാര്ക്കും മീഡിയകള്‍ക്കും ഭരണകൂടത്തിന്റെ അനാവശ്യമായ വിലക്കുകളില്ലാതെ തുറന്ന് അഭിപ്രായം പറയാനുള്ള സ്വതന്ത്ര്യം.

ഇവയെ ജനാധിപത്യമൂല്യങ്ങള്‍ എന്നോ ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന തൂണുകള്‍ എന്നോ  പറയാം. ഇവയില്‍ നിയമനിര്‍മാണവുമായി ബന്ധപ്പെട്ട വിഷയത്തിലും തെരഞ്ഞെടുപ്പിന്റെ രുപത്തിലും ലോകത്തെ പല ജനാധിപത്യ പ്രസ്ഥാനങ്ങളും വ്യത്യസ്ഥത പുലര്‍ത്തിയിരിരുന്നെങ്കിലും അവയൊക്കെ അറിയപ്പെട്ടത് ജനാധിപത്യത്തിന്റെ പേരില്‍ തന്നെയാണ്. ഉദാഹരണം അഥീനിയന്‍ ജനാധിപത്യം ക്രിസ്തുവിന് 600 വര്‍ഷം മുമ്പ് നിലനിന്ന ഈ ഭരണ വ്യവസ്ഥയില്‍  പരമാധികാരം കോടതിക്കും അസംബ്ലിക്കുമായി വീതിക്കപ്പെട്ടിരുന്നു. അതേ പ്രകാരം ഗോത്രജനാധിപത്യമായിരുന്ന ഗ്രീസില്‍ വരുത്തന്‍മാര്‍ക്കും അടിമകള്‍ക്കും സ്ത്രീകള്‍ക്കും പൗരത്വം നല്‍കപ്പെടാത്തതിനാല്‍ തെരഞ്ഞെടുപ്പില്‍ അവര്‍ പങ്കാളികളായിരുന്നില്ല. മൂന്നൂറ് വര്‍ഷം നീണ്ടുനിന്ന ഈ വ്യവസ്ഥയെ അവയുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തില്‍ പൊതുസമ്മത ജനാധിപത്യം, ഗോത്രജനാധിപത്യം, പ്രത്യക്ഷ ജനാധിപത്യം എന്നിങ്ങനെയാണ് വിളിക്കുന്നത്.

ഇത്രയും ഇവിടെ വിശദീകരിച്ചത്. ജനാധിപത്യത്തില്‍ ചെറിയ മാറ്റം നിര്‍ദ്ദേശിച്ചാല്‍ അതിന്റെ ഏതെങ്കിലും വശത്തെ നിരൂപണം നടത്തുകയോ വിമര്‍ശനവിധേയമാക്കുയോ ചെയ്താല്‍ അത് ജനാധിപത്യവിരുദ്ധമാണ് എന്ന് പ്രഖ്യാപിക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ ശൈലി വ്യാപകമായി പിന്തുടരപ്പെടുന്നത് കൊണ്ടാണ്.


ഇനി മുകളില്‍ ഏഴ് നമ്പറിന് കീഴില്‍ ജനാധിപത്യാവകാശങ്ങളിലേക്ക് തിരിച്ചു പോകുക. അവ ഒരോന്നായി വിശകലനം ചെയ്തു നോക്കുക. ഇവയില്‍ ഏതൊന്നിനോടാണ് ഇസ്ലാം എതിരിട്ടുനില്‍ക്കുന്നത് എന്ന്. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ അന്തിമമോ മാറ്റമില്ലാത്തതോ അല്ല എങ്കിലും ഇതില്‍ രണ്ടാമത്തെ നമ്പറില്‍ പറഞ്ഞ ഒരുവാചകത്തിലൊഴികെ ബാക്കി  നമ്പറില്‍ പറയപ്പെട്ട എല്ലാ കാര്യങ്ങളും ഇസ്ലാം  പങ്കുവെക്കുന്ന മൂല്യങ്ങളാണ് എന്ന് കാണാന്‍ കഴിയും. ഈ ഒരു കാര്യത്തില്‍മാത്രം വിയോജിക്കുന്നതിനെ ജനാധിപത്യവിരുദ്ധം എന്ന് വിളിക്കാമെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി ജനാധിപത്യവിരുദ്ധമാണ് എന്ന് പറയേണ്ടിവരും. പക്ഷെ തികച്ചും ജനാധിപത്യവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമാണ് ആ വാദം എന്ന് പ്രഖ്യാപിക്കാന്‍ ജമാഅത്തിന് ആരോടും അ‌ന്വേഷിക്കേണ്ട കാര്യമില്ല. 

'തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുള്‍കൊള്ളുന്ന പാര്‍ലമെന്റിനും ലെജിസ്ലേറ്റീവിനുമാണ് നിയമം നിര്‍മിക്കാനും അതില്‍ ഭേദഗതി വരുത്താനുമുള്ള അവകാശമുള്ളത്.' 

ആധുനിക ജനാധിപത്യം നിര്‍മതത്തില്‍ കെട്ടിപ്പൊക്കിയതുകൊണ്ടും,  മതമൂല്യങ്ങളുടെ കാര്യത്തില്‍ സ്വീകരിക്കുന്ന സര്‍വതന്ത്ര സ്വാതന്ത്ര്യം കാരണമായും അനുഭവപ്പെട്ട നിസ്സാഹയതിയില്‍നിന്നാണ്, നിയമനിര്‍മാണത്തിന് ജനങ്ങളുടെ ഭൂരിപക്ഷത്തിന് അധികാരം നല്‍കിയത്. മറ്റൊരു ചോയ്‌സ് അതിന് മുമ്പില്‍ ഉണ്ടായിരുന്നില്ല. കാരണം മതപൗരോഹിത്യത്തിന്റെയും പള്ളിമേധാവിത്വത്തിന്റെ പിടുത്തത്തില്‍നിന്നും ഭരണവ്യവസ്ഥയെ മോചിപ്പിക്കുന്നതിന് വേണ്ടിയാണ് നിര്‍മതത്വത്തിന്റെ അടിസ്ഥാന ശിലകളില്‍ ആധുനികജനാധിപത്യം കെട്ടിപ്പടുത്തത് തന്നെ. അതിലേക്ക് തിരിച്ചുപോകണം എന്ന് ജമാഅത്തെ ഇസ്‌ലാമിയും ആവശ്യപ്പെടുന്നില്ല. ലോകം പൊതുവെ അംഗീകരിക്കുന്ന ചില ധാര്‍മിക സദാചാരമൂല്യങ്ങളുണ്ട്. ഇസ്‌ലാം അവ കലര്‍പ്പില്ലാതെ സമര്‍പിക്കുന്നു. ആ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ടുള്ള നിയമമേ മനുഷ്യന് അനുയോജ്യമായ നിയമമാകൂ എന്നാണ് അത് സിദ്ധാന്തിക്കുന്നത്. പോസ്റ്റുകള്‍ വല്ലാതെ ദീര്‍ഘിച്ചുപോകാനിടയുള്ളതുകൊണ്ടും എല്ലാവര്‍ക്കും സുപരിചിതമായതുകൊണ്ടുമാണ് ചരിത്ര സംഭവങ്ങളും തെളിവുകളും നല്‍കാന്‍ മടിക്കുന്നത്. പ്രവാചകന്റെ കാലത്തും നാല് ഖലീഫമാരുടെ കാലത്തും ഇവിടെ പറയപ്പെട്ട ജനാധിപത്യമൂല്യങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പാലിക്കപ്പെടുകയുണ്ടായി. ജനാധിപത്യ മര്യാദകള്‍ പാലിച്ച് അവ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള അവകാശവും ധാര്‍മിക ഉത്തരവാദിത്തവും ജമാഅത്തെ ഇസ്ലാമിക്കുണ്ട്. അതുവരെ നിലവിലെ സാഹചര്യം തുടരുന്നതിന് അതിന് യാതൊരെതിര്‍പ്പുമില്ല. ജമാഅത്തിന്റെ ഈ കാഴ്ചപ്പാട് മറ്റു ജനവിഭാഗങ്ങളില്‍ അടിച്ചേല്‍പിക്കുന്ന നിലപാട് അത് സ്വീകരിക്കുകയുമില്ല. ['ജമാഅത്ത് അതിന്റെ ലക്ഷ്യപ്രാപ്തിക്കായി രചനാത്മകവും സമാധാനപൂര്‍വവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ്. ആദര്‍ശപ്രചാരണവും പ്രബോധനവും വഴി ഹൃദയങ്ങളും സ്വഭാവചര്യകളും സംസ്കരിക്കുന്നതും, സാമൂഹിക ജീവിതത്തില്‍ ഉദ്ദിഷ്ടമായ ഉത്തമ വിപ്ളവം വരുത്തുന്നതിന് പൊതുജനാഭിപ്രായം വളര്‍ത്തിക്കൊണ്ടുവരുന്നതുമാണ്.' (ജമാഅത്തെ ഇസ്‌ലാമി ഭരണഘടന, പ്രവര്‍ത്തനമാര്‍ഗം ഖണ്ഡിക: 5:3)]

(തുടരും)

ശനിയാഴ്‌ച, ഡിസംബർ 11, 2010

മതേതരജനാധിപത്യത്തിന്റെ ഉത്ഭവചരിത്രം.

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (4)
----------------------------------------------------------------------


രാഷ്ട്രീയത്തില്‍ രാജഭരണവും സാമ്പത്തിക രംഗത്ത് ജന്മിത്തവും സാമൂഹിക-ധാര്‍മിക-വിദ്യാഭ്യാസ രംഗങ്ങളില്‍ പള്ളിമേധാവിത്വവും ജനജീവിതത്തെ ദുസ്സഹമാക്കിയിരുന്ന യൂറോപ്പിനെ മധ്യകാലയുഗത്തില്‍നിന്ന് ആധുനിക യുഗത്തിലേക്ക് നയിച്ചത്  നവോത്ഥാനം (Renaissance) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാനസികവും ചിന്താപരവുമായ പരിവര്‍ത്തനമായിരുന്നുവല്ലോ.

ഇസ്‌ലാമിക ചിന്തയുടെയും ഉദ്ബുദ്ധതയുടെയും നവ്യമായ അലയൊലികളുമായി മുസ്‌ലിംകള്‍ യൂറോപ്പില്‍ പ്രവേശിക്കുകയുണ്ടായി. മുസ്‌ലിം ജേതാക്കള്‍ക്ക് തങ്ങളുടെ ജീവിത വ്യവസ്ഥ പാശ്ചാത്യരെകൊണ്ട് അംഗീകരിപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ഉയര്‍ത്തിപ്പിടിച്ച ജീവിത വ്യവസ്ഥയുടെ ശരിയായ പ്രതിനിധാനത്തില്‍ അവര്‍ പരാജയപ്പെട്ടുവെങ്കിലും, മതവിശ്വാസത്തില്‍ യുക്തിയും കലാ വിജ്ഞാനങ്ങളില്‍ ഗവേഷണം മനോഭാവവും രാഷ്ട്രീയത്തില്‍ ശുദ്ധമായ ജനാധിപത്യവും സാമൂഹിക ജീവിതത്തില്‍ സാഹോദര്യവും പ്രായോഗികമായി അവര്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇങ്ങനെ യൂറോപിന്റെ ചരിത്രത്തെ മുസ്‌ലിംകള്‍ സ്വാധീനിച്ചു. ഈയടിസ്ഥാനത്തില്‍ യൂറോപിന്റെ നവോത്ഥാനത്തിനു യഥാര്‍ഥ കാരണം തന്നെ ഇസ്‌ലാമായിരുന്നുവെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല.

രാജഭരണത്തിനും പള്ളിമേധാവിത്വത്തിനും ജന്മി-ഭൂര്‍ഷ്വാ വിഭാഗങ്ങള്‍ക്കുമെതിരെ സാമാന്യജനത്തിനിടയില്‍ ഗുരുതരമായ ഒരു സമരത്തിന്റെ അഗ്നി ജ്വലിപ്പിക്കാന്‍ മേല്‍പറഞ്ഞ സാഹചര്യങ്ങള്‍ വഴിയൊരുക്കി. വിമര്‍ശന മനോഭാവവും പ്രതിഷേധ വാഞ്ഛയും അവരില്‍ ഉളവായി. എന്നാല്‍ അതിന്റെ പ്രതികരണമെന്ന നിലയില്‍ രാജ-ജന്മി-ബൂര്‍ഷ്വാ-പുരോഹിത  ശക്തികളിലോരോന്നും തങ്ങളുടെ ഏറ്റവും ബുദ്ധിശൂന്യമായ അവകാശങ്ങളെയും അങ്ങേ അറ്റം അക്രമപരമായ താല്‍പര്യങ്ങളെയും കുറേകൂടി ശക്തിയായി മുറുകെ പിടിച്ചു.

ഏതെങ്കിലും വിധത്തിലുള്ള പരിഷ്‌കരണത്തിന് അവര്‍ വിസമ്മതിച്ചു. ഇതിന്റെ ഫലമായി മറുവശത്ത് എതിര്‍പ്പിന്റെയും സമരത്തിന്റെയും വികാരങ്ങള്‍ കത്തിജ്വലിച്ചു. ക്രമേണ ഇരുവിഭാഗത്തും തീവ്രവാദം ശക്തിപ്പെട്ടു. യഥാസ്ഥിതികത്വത്തിന്റെ വക്താക്കള്‍ എല്ലാ പുതിയതിനെയും അടിച്ചമര്‍ത്തേണ്ടത് ആവശ്യമായി കരുതി. പുരോഗമനത്തിന്റെ പതാകവാഹകരാകട്ടെ, പഴമയുടേതായ എന്തിനെയും തച്ചുടക്കാനും തീരുമാനിച്ചു. അങ്ങനെ പതിനഞ്ചും പതിനാറും നൂറ്റാണ്ടുകള്‍ പിടിവാശിയും മര്‍ക്കടമുഷ്ടിയും മൂലം പരിവര്‍ത്തനത്തിന്റെ വികാരങ്ങള്‍ വഴിതെറ്റി നിര്‍മതത്തിലേക്കും നിരീശ്വരവാദത്തിലേക്കും അടിതെറ്റിവീണു. അങ്ങനെ വൈകാരിക വടംവലിയുടെയും സ്‌ഫോടനത്തിന്റെയും യുഗമായി അത് കലാശിച്ചു. പാശ്ചാത്യലോകത്ത് നിരീശ്വര സംസ്‌കാരത്തിന്റെ യുഗം ഉദ്ഘാടനം ചെയ്യപ്പെട്ടു.

നിര്‍മതത്വത്തിന്റെ ഉത്ഭവം  ചിന്താപരമെന്നതിനേക്കാള്‍ വൈകാരികവും പ്രതികാരപരവുമായിരുന്നുവെന്നതാണ് ചരിത്രവസ്തുത. ഈ പ്രതികാരചിന്ത ഇന്നോളം അത് തുടര്‍ന്നുപോരുന്നു. ഈ ലോകം കേവലം പാദാര്‍ഥിക പ്രതിഭാസമാണെന്നും, യാതൊരു സ്രഷ്ടാവുമില്ലാതെ സ്വയമേവ ഉണ്ടായി ഒരു നിയന്ത്രകനും അധിപനുമില്ലാതെ ചലിച്ചുകൊണ്ടിരിക്കുകയാണെന്നും, അതില്‍ നടക്കുന്ന നിയമങ്ങളും വ്യവസ്ഥകളും ഒരു നിയമനിര്‍മാതാവിന്റെയും വകയല്ലെന്നും, നിര്‍മതത്വം പ്രഖ്യാപിച്ചു. ഈ തത്വശാസ്ത്രത്തിന്‍മേലാണ്-പ്രപഞ്ചത്തിലെ നഗ്നമായ ദൃഷ്ടാന്തങ്ങളെയും മനുഷ്യപ്രകൃതിയുടെ ആഹ്വാനങ്ങളെയും തട്ടിനീക്കിക്കൊണ്ട്- നിര്‍മതസംസ്‌കാരത്തിന്റെ പ്രണേതാക്കള്‍ ജീവിത സൗധത്തെ കെട്ടിപ്പടുത്തത്. സമാന്യമനുഷ്യപ്രകൃതി ഇത്തരം നിര്‍മതത്തോട് വഴങ്ങാന്‍ മടികാണിക്കുമെന്ന് അനുഭവയാഥാര്‍ഥ്യമാണെങ്കിലും പാശ്ചാത്യലോകത്ത് ഈ നിര്‍മതത്വം ഇത്രമേല്‍ പച്ചപിടിക്കാന്‍ കാരണം അത്രമാത്രം മതപുരോഹിത്യവും പള്ളിമേധാവിത്തവും ഭരണവര്‍ഗവുമായി യോജിച്ച് മനുഷ്യനെ ഞെക്കിഞെരുക്കുകയും അവന്റെ സാമാന്യചിന്തക്ക് പോലും കൂച്ചുവിലങ്ങിടുകയും ചെയ്തിന്റെ ഫലമാണ്. ക്രൈസ്തവ സ്വാധീനമില്ലാത്ത, മറ്റുമത സ്വാധീനമുള്ള പൗരസ്ത്യന്‍ നാടുകളിലും ഇന്ത്യയിലും ഈ പ്രതിഭാസം തുല്ല്യ അളവില്‍ സ്വാധീനം ചെലുത്താതിരിക്കാന്‍ കാരണം മതത്തെ അനുഭവിച്ച ശൈലി പാശ്ചാത്യരില്‍നിന്നും ഇവിടെ ഭിന്നമായിരുന്നത് കൊണ്ടാണ്.

അതുവരെ ദൈവവിശ്വസത്തിന്റെ (പൌരോഹിത്യത്തിന്റെതല്ല) അടിത്തറകളില്‍ നിലനിന്നിരുന്ന മാനുഷിക-ജനായത്ത മൂല്യങ്ങളെ ആധുനിക സംസ്‌കാരത്തിന്റെ ശില്‍പികള്‍ ദൈവനിഷേധത്തിന്റെ അസ്തിവാരങ്ങളില്‍ പണിതുയര്‍ത്താനുള്ള സുദീര്‍ഘമായൊരു സംരംഭം ആരംഭിച്ചു. അവര്‍ ആവര്‍ത്തിച്ചുറപ്പിച്ചു: ദൈവമില്ല, ദിവ്യബോധനമില്ല, നിര്‍ബന്ധപൂര്‍വം അനുസരിക്കപ്പെടേണ്ട ഒരു ധാര്‍മികവ്യവസ്ഥയില്ല. പുനരുത്ഥാനമോ വിചാരണയോ പരലോകമോ ഇല്ല. ഈ സങ്കല്‍പത്തോടെയായി എല്ലാ ഗവേഷണത്തിന്റെയും തുടക്കം. ജീവശാസ്ത്രം, മനഃശാസ്ത്രം, രാഷ്ട്രമീമാംസ, സാമുഹിക ശാസ്ത്രം തുടങ്ങി ശാസ്ത്രത്തിന്റെ ഏത് മേഖലയിലും തൂലികയെടുക്കുമ്പോള്‍ നിര്‍മതത്വചിന്താഗതിയെ ഒരു യാഥാര്‍ഥ്യമായംഗീകരിപ്പിക്കാന്‍ തല്‍കര്‍ത്താക്കള്‍ പ്രതിജ്ഞാബദ്ധരായി. ഇപ്രകാരമാണ് ആധുനിക സംസ്‌കാരത്തിന് ശാസ്ത്രീയമായ അടിത്തറകള്‍ നിര്‍മിക്കപ്പെട്ടത്. പിന്നീട് പ്രസ്തുത ശാസ്ത്രീയടിത്തറകളില്‍ സാമൂഹിക വ്യവസ്ഥിതികളും സംഘടിത പ്രസ്ഥാനങ്ങളും നിലവില്‍വന്നു. ഇങ്ങനെ നിലവില്‍വന്ന സംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക-രാഷ്ട്രീയതത്വങ്ങളും ലോകത്തുടനീളം വ്യാപിച്ചു, വ്യാപിപിച്ചു എന്ന് പറയുന്നതാകും കൂടുതല്‍ ശരി. നിര്‍മതസംസ്‌കാരം മനുഷ്യജീവിതത്തിന്റെ വിവിധമേഖലകളെ എങ്ങനെ സ്വാധീനിച്ചു എന്നുവിശദമായി പിന്നീട് ചര്‍ചചെയ്യാം. ചുരുക്കത്തില്‍. ചിന്താരംഗത്ത് ലിബറലിസവും സാമ്പത്തിക, സദാചാര മേഖലകളില്‍ പദാര്‍ഥവാദവും പ്രയോജനാത്മകവാദവും അത് തത്വമായി അംഗീകരിച്ചു.

നിര്‍മതസംസ്‌കാരത്തില്‍നിന്ന് ജന്‍മമെടുത്ത ആദ്യത്തെ സാമുഹിക പ്രസ്ഥാനമാണ് 'മുതലാളിത്ത ജനാധിപത്യം' അഥവാ 'മതേതരജനാധിപത്യം'. ജനാധിപത്യം എന്നത് ഒരൊറ്റ നിര്‍വചനത്തില്‍ ഒതുങ്ങുന്നതല്ല. അതിന് ധാരാളം വകഭേദങ്ങളുണ്ടായിട്ടുണ്ട്. പൊതുവായി ചില മൂല്യങ്ങളുള്‍കൊള്ളുന്നത് കൊണ്ട് ജനാധിപത്യം എന്ന് ഉപയോഗിക്കുകയാണ്. ജനാധിപത്യം എന്ന് നാം പരിഭാഷപ്പെടുത്തുന്ന Democracy എന്ന പദം ഗ്രീക്ക് ഭാഷയില്‍നിന്നുണ്ടായതാണ്. ഗ്രീക്ക് ഭാഷയില്‍ demos  എന്നാല്‍ 'ജനങ്ങള്‍' എന്നും kratos എന്നാല്‍ 'ഭരണം' എന്നുമാണ് അര്‍ഥം. (Greek: δημοκρατία – (dēmokratía) "rule of the people"). ഭൂരിപക്ഷം ജനങ്ങളുടെ ഹിതമനുസരിക്കുക എന്നനിലക്ക് നാം അതിനെ ജനാധിപത്യം എന്ന സര്‍വസാധാരണമായി ഉപയോഗിച്ചുവരുന്നു. (ഈ പേര് വരാനുള്ള കാരണം. രാജത്വത്തിനും പള്ളിമേധാവിത്വത്തിനും ഫ്യൂഡലിസത്തിനും എതിരായി പൊരുതിയത് പൂര്‍ണമായും ജനങ്ങളായിരുന്നു.  ത്യാഗമനുഷ്ടിച്ചത് ജനങ്ങളായിരുന്നു. അതുകൊണ്ട് മറ്റെല്ലാറ്റിന്റെയും ആധിപത്യത്തെ തിരസ്‌കരിക്കാന്‍ ജനാധിപത്യം എന്ന പേര്‍ വെക്കുകയാണുണ്ടായത്.) വാക്കര്‍ഥം മാത്രമെടുക്കുമ്പോള്‍ ജനാധിപത്യം എന്നത് ദൈവാധിപത്യം എന്നതിന് വിരുദ്ധമായി തോന്നുമെങ്കിലും സാധാരണഗതിയില്‍ അത്രയും വൈപുല്യത്തോടെയല്ല അത് ഉപയോഗിക്കപ്പെടുന്നത്. അതുകൊണ്ട് ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്ന ഒരു വിശ്വാസിക്കും ജനാധിപത്യം എന്നവാക്കിനോട് അസ്പൃശ്യത വേണ്ടതില്ല. അതുകൊണ്ട് മനുഷ്യരുള്‍കൊണ്ട ഏത് സംഘടനകളും വ്യവസായ-വാണിജ്യ-മത-രാഷ്ട്രീയ സംഘങ്ങളും ജനാധിപത്യമാര്‍ഗം പിന്തുടരുന്നതിനെ നാം മഹത്തരമായി കാണുന്നു. അവപിന്തുടരാതിരിക്കുന്നത് ന്യൂനതയായും.  (തുടരും)

വെള്ളിയാഴ്‌ച, ഡിസംബർ 10, 2010

ജമാഅത്ത് ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടോ?.

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (3)

----------------------------------------------------------------------
മാനുഷിക വ്യവഹാരങ്ങള്‍ നടത്താന്‍ ഏറ്റവും ഉചിതമായ രീതിയായി ജനാധിപത്യത്തെ ജമാഅത്തെ ഇസ്ലാമി കാണുന്നു. വ്യവഹാരങ്ങള്‍ ആരുമായി ബന്ധപ്പെടുന്നുവോ അവരുടെ - ജനങ്ങളുടെ - ഹിതപ്രകാരം ഭരണത്തലവന്‍മാര്‍ നിശ്ചയിക്കപ്പെടുകയും അവര്‍ ജനങ്ങളുടെ ഹിതവും നിര്‍ദ്ദേശങ്ങളുമനുസരിച്ച് കാര്യങ്ങള്‍ കൊണ്ടുനടത്തുകയും  ജനവിശ്വാസം ലഭിക്കുന്നിടത്തോളം കാലം മാത്രം ഭരണത്തലവന്‍മാരായി തുടരുകയും ചെയ്യുക എന്നതാണല്ലോ അതിന്റെ അന്തസത്ത. അതിനു പകരം പിന്നെയുള്ളത്; ഒരു വ്യക്തിയോ ഗ്രൂപ്പോ സ്വയം ഭരണകര്‍ത്താക്കളായി ചമഞ്ഞ്, തന്നിഷ്ടപ്രകാരം കാര്യങ്ങള്‍ നടത്തുകയും അവരുടെ സ്ഥാനാരോഹണത്തിലോ സ്ഥാനത്യാഗത്തിലോ ഭരിക്കപ്പെടുന്ന ജനങ്ങളുടെ ഹിതത്തിനും അഭിപ്രായത്തിനും യാതൊരു പങ്കുമില്ലാതിരിക്കുക എന്ന അവസ്ഥയാണ്.

ഇപ്പറഞ്ഞതില്‍ ആദ്യത്തേതാണ് നാം ശരിയായ രീതിയായി കാണുന്നത്. അതുകൊണ്ടുതന്നെ രണ്ടാമത്തെ ഭരണരൂപത്തിലേക്കുള്ള മാര്‍ഗം  അടച്ചുകളയാന്‍ നാം ബാധ്യസ്ഥരാണ്. ഒന്നാമത്തെ രൂപം നടപ്പില്‍ വരുത്താന്‍ പരമാവധി മെച്ചപ്പെട്ട മാര്‍ഗങ്ങളെക്കുറിച്ചായിരിക്കണം ഒരു ജനാധിപത്യവാദി വിചിന്തനം നടത്തേണ്ടത്.

ജനാധിപത്യം നടപ്പില്‍ വരുത്താനായി ശ്രമിക്കുമ്പോള്‍ സംഭവിക്കാനിടയുള്ള ചില ന്യൂനതകളുണ്ട്. അവയേതൊക്കെയെന്ന് നോക്കാം.

1. മറ്റു രാഷ്ട്രീയ വ്യവസ്ഥിതികളെപ്പോലെ ജനാധിപത്യവും പ്രയോഗത്തില്‍ വരുമ്പോള്‍ അധികാരം ഭുരിപക്ഷത്തില്‍നിന്ന് പിടിച്ചെടുക്കപ്പെടുകയും ഏതാനും വ്യക്തികളില്‍ കേന്ദ്രീകൃതമായി ധനസമ്പാദനത്തിനുള്ള മാര്‍ഗമായി രൂപന്തരപ്പെടുകയും ചെയ്യുക. അങ്ങനെ ജനാധിപത്യം ഫലത്തില്‍ ധനികവാഴ്ചയോ കുടുംബ വാഴ്ചയോ ആയി പരിണമിക്കുക.

2. വൈവിധ്യപൂര്‍ണമായ ജനതയുടെ ആവശ്യവും താല്‍പര്യവും പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളുടെ മതാടിസ്ഥാനത്തിലല്ല. വേണ്ട വിധം പരിഗണിക്കാന്‍ സാധിക്കാതെ വരിക.

3. ഒരു രാജ്യത്തെ ജനങ്ങളില്‍ മിക്കപ്പോഴും അജ്ഞരും ശുദ്ധഗതിക്കാരും ഉദ്ബുദ്ധതയില്ലാത്തവരും ധന-വ്യക്തിപൂജകരുമാകുന്നു. സ്വര്‍ഥംഭരികള്‍ക്ക് അവരെ ഇഷ്ടാനുസാരം വഴിതെറ്റിക്കാന്‍ സാധിക്കും. ഈ പരിതഃസ്ഥിതിയില്‍ ജനാധിപത്യം ദുര്‍ബലമാകുന്നു.

4. മുകളില്‍ പറഞ്ഞ ജനങ്ങളുടെ അവസ്ഥ പരിഗണിക്കുമ്പോള്‍ അവരിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മെമ്പര്‍മാര്‍ കൂടിയാലോചിച്ചെടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും ജനഹിതത്തിനും ധാര്‍മിക വിശുദ്ധിക്കും ഗുണകരമാല്ലാത്ത അവസ്ഥ വരാനിടയാക്കുന്നു.

5. ജനാധിപത്യമാര്‍ഗത്തിലൂടെ തങ്ങളുടെ യഥാര്‍ഥ ഉദ്ദേശ്യം മറച്ചുപിടിച്ച് ഫാസിസ്റ്റ്-ഏകാധിപത്യ-സ്വേഛാധിപത്യ വിഭാഗങ്ങള്‍ ഭരണത്തിലേറാനും ജനാധിപത്യത്തെ റദ്ദ് ചെയ്ത് ഏകാധിപത്യവും ഫാസിസവും നടപ്പാക്കാനുള്ള സാധ്യത.

മുകളില്‍ പറഞ്ഞ അഞ്ച്  പോയിന്റുകള്‍ മനസ്സിലിരുത്തി ഇന്നത്തെ ഇന്ത്യന്‍ സാഹചര്യം വിലയിരുത്തുക. ഇന്ത്യന്‍ ജനാധിപത്യം സമാനമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടോ. നല്ല ഒരു പരിധിവരെ ഇന്ത്യയിലെ ജനാധിപത്യം ഈ ദൗര്‍ബല്യങ്ങളെ അഭിമുഖീകരിക്കുന്നു എന്ന് കാണാന്‍ പ്രയാസമില്ല. ഇത്തരം പതനത്തിലേക്ക് പോകുന്നതില്‍നിന്ന് തടയേണ്ടിയിരുന്ന മതേതരത്വമോ സോഷിലിസമോ ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിച്ചിട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ കാണാന്‍ കഴിയും. ഈ അവസ്ഥയിലേക്ക് ജനാധിപത്യം നീങ്ങുന്നതിനെ തടയാന്‍ ഇവയുടെ പക്കല്‍ പരിഹാരമെന്തെങ്കിലുമുണ്ടോ. ഒരു പരിധിവരെ ജനാധിപത്യത്തിന്റെ വിജയകരമായ നിലനില്‍പ്പ് സാധിക്കുന്നത്. ഉദ്ബുദ്ധവും ശക്തവുമായ പൊതുജനാഭിപ്രായത്തിനാണ്. അതിന് അനുപേക്ഷ്യമായ ബോധവും ധാര്‍മികതയും ജനങ്ങള്‍ക്കാവശ്യമുണ്ട്. അതില്ലാത്ത പക്ഷം ജനാധിപത്യം അതിന്റെ നന്മകള്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെടും.

രാജ്യത്തും ഭരണത്തിലും ഏറ്റവും ജനോപകാരപ്രദമായ വ്യവസ്ഥ നിലനില്‍ക്കണം എന്നാണ് ജമാഅത്തെ ഇസ്‌ലാമി ആഗ്രിഹിക്കുന്നത്. (ഇസ്‌ലാമാഗ്രഹിക്കുന്നത് എന്നാണ് പറയേണ്ടിയിരുന്നത് എന്നാല്‍ ഈ വിഷയം ചര്‍ചചെയ്യുന്ന കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെടതിനാല്‍ അപ്രകാരം പറയുന്നില്ല എന്നേ ഉള്ളൂ). അതുകൊണ്ട് ഒരിക്കലും സ്വേഛാധിപത്യത്തെയോ ഏകാധിപത്യത്തെയോ ഒട്ടും അംഗീകരിക്കാനാവില്ല.  ജനാധിപത്യമൂല്യങ്ങളെ  റദ്ദ് ചെയ്യുന്നതിനെക്കുറിച്ച് ഒരിക്കലും അതിന് ചിന്തിക്കാന്‍ പോലുമാവില്ല. കാരണം അവ ജമാഅത്തിന്റെ ദര്‍ശനത്തില്‍നിന്ന് ഉത്ഭവിച്ചതാണ്. ഇസ്‌ലാമിന്റെ ഭരണ സംവിധാനത്തിന്റെ അടിത്തറയില്‍ വരുന്നതാണ് ജനാധിപത്യമൂല്യങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യവും, കൂടിയാലോചനയിലെ ഭൂരിപക്ഷഹിതവും അത് പരിഗണിക്കുന്നു. നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ പൂര്‍ണമായും ജനഹിതം പരിഗണിക്കപ്പെടണമെന്നും, ഏകാധിപത്യമോ സ്വേഛാധിപത്യമോ ഒരിടത്തും സ്വാധീനം ചെലുത്തരുതെന്നും കടുത്ത വാശിയുണ്ട്.

ജനാധിപത്യവ്യവസ്ഥ പ്രയോഗത്തില്‍ കൊണ്ടുവരുമ്പോള്‍ സംഭവിക്കാനിടയുള്ള സകല ന്യൂനതകളെയും പരിഹരിക്കാനുള്ള ചേരുവകളോടെയാണ് ഇസ്‌ലാം അത് നടപ്പില്‍ വരുത്തിയത്. ഇസ്‌ലാം അംഗീകരിച്ച ജനായത്ത മൂല്യങ്ങളെ പുതിയ പേരില്‍ പുനവതരിപ്പിക്കുകയാണ് യൂറോപ്പ് ചെയ്തത്. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമി ജനാധിപത്യത്തെ അംഗീകരിക്കുന്നുണ്ടോ? എന്ന ചോദ്യത്തില്‍ പോലും അല്‍പം തമാശ ഒളിഞ്ഞിരിപ്പുണ്ട്. ഈ കാര്യം കൂടുതല്‍ വ്യക്തമാകാന്‍ അല്‍പം ചരിത്രം പറയേണ്ടി വരും. (തുടരും)

ബുധനാഴ്‌ച, ഡിസംബർ 08, 2010

മതേതരജനാധിപത്യം അവരുടെ ആശങ്കകള്‍

മതേതരജനാധിപത്യവും ജമാഅത്തെ ഇസ്‌ലാമിയും (2)

ഈ പോസ്റ്റില്‍ ആദ്യമായി ഏതാനും അഭിപ്രായങ്ങള്‍ വായിക്കുക. ബ്ലോഗിലെ ചര്‍ചയും വിശദീകരണവും ബൂലോകത്തെ പ്രതികരണത്തെ അടിസ്ഥാനമാക്കി നല്‍കുന്നതായിരിക്കുമല്ലോ കൂടുതല്‍ ഉചിതം. സമാനമായ പ്രതികരണങ്ങള്‍ തന്നയാണ് പുറത്തുമുള്ളത്. ജമാഅത്തെ ഇസ്‌ലാമിയും മതേതരത്വജനാധിപത്യവും ചര്‍ചയാകുമ്പോള്‍ സ്വാഭാവികമായി അതിന് മനസിലാക്കാനാഗ്രഹിക്കുന്നവരില്‍ ഉണ്ടാകുന്ന ആശങ്കകളാണ് ഇവിടെ നല്‍കിയ കമന്റുകളില്‍ വായിക്കാന്‍ കഴിയുന്നത്. കമന്റുകളെ കുറിച്ചുള്ള അഭിപ്രായം ഇവിടെ പറയാം. അതില്‍ പറയുന്ന വിഷയത്തിലുള്ള പ്രതികരണം അടുത്ത് പോസ്റ്റിലും തുടര്‍ന്ന് വായിക്കാം.
 
[Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...

"" എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ മതേതരത്വത്തിലും ജനാധിപത്യത്തിലും ഞാന്‍ വിശ്വസിക്കുന്നു. കാ‍രണം ഈ ഭൂമിയില്‍ ഏവര്‍ക്കും തുല്യാവകാശമേയുള്ളൂ എന്ന് ഞാന്‍ കരുതുന്നു. ""

സുകുമാരന്‍ സാറിനെ പോലെ ഞാനും ജനാധിപത്യത്തിലും മതേതരത്വത്തിലും തീവ്രമായി വിശ്വസിക്കുന്നു.. ഈ ആശയങ്ങളില്‍ വിശ്വസിക്കാത്തവരെ അവിശ്വസിക്കുകയും ചെയ്യുന്നു. എതിര്‍ക്കുകയും!!!

വാക്കേറുകള്‍ said...

'ന്റെ സൂമാരേട്ടോ ജമാത്തെ ഇസ്ലാമി എന്ത് ചെയ്യണംന്ന് അവര്‍ക്ക് നല്ല നിശ്ചയണ്ട്. തൃശ്ശൂര്‍ പൂരത്തിനു കാസര്‍കോട്ടുകാരനോ തെരോന്തരത്താര്‍നോ പോയപോലെ നിങ്ങളിതിന്റെ എടേ കെടന്ന് അതും ഇതും പറയാണ്ടെ വേറെ വല്ലതും പറയാന്‍ നോക്ക്.

ജമാ അത്തിനു കുടപിടിക്കാനും കുഴലൂതാനും കാലുകഴുകിക്കാനും കൂട്ടിരിക്കാനും കുറേ കപട ബുദ്ധിജീവികള്‍ ഇവിടെ ഉണ്ട്. ഇനിയിപ്പോള്‍ സൂമാരേട്ടന്റെ കുറവ് ഉണ്ടെന്ന് ആരും പറയില്ല. നിങ്ങള് നല്ലൊരു കമ്യൂണിസ്റ്റു വിരുദ്ധനായി എഴുതാന്‍ നോക്ക്. ജനാധിപത്യവും ജമാ അത്തും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോന്ന് ഒന്ന് അറിയാവുന്നവരോട് അന്വേഷിക്ക. അല്ലെങ്കില്‍ മൌദൂദിന്ന് പറയണ ആള്‍ എന്താ എഴുതിയിട്ടുള്ളേന്ന് ഒന്ന് വായിച്ച് നോകുക. ജമാ അത്തൊക്കെ എന്താ മൊതലെന്ന് നിങ്ങള്‍ അറിയാന്‍ ഇരിക്കുന്നേ ഉള്ളൂ.'

paarppidam said...സുകുമാരന്‍ ചേട്ടോ,

'ജനാധിപത്യം-മതേതരത്വം എന്ന മാനവീകമായ ആശയം ഒരു മതത്തിന്റെ നിയമങ്ങളിലൂടെ പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന സംഘടനയ്ക്ക് എങ്ങിനെ ആണ് അംഗീകരിക്കുവാനും മുന്നോട്ടു കൊണ്ടുപോകുവാനും സാധിക്കുക. ഒന്നുകില്‍ അവര്‍ തങ്ങളുടെ ആശയങ്ങള്‍ മറച്ചു വച്ച് മറ്റൊരു മുഖം പുറത്തു കാണീച്ച് അധികാരത്തില്‍ വരുവാനും എന്നാല്‍ അടിസ്ഥാനപരമായ തങ്ങളുടെ മത ചിന്തയും മറ്റും പുലര്‍ത്തുവാനും വേണ്ടിയാകാം.

എന്താണ് മൌദൂദിസം എന്നും അത് ജനാധിപത്യത്തെയും മതേതരത്വത്തേയും കമ്യൂണിസത്തേയും ഇന്ത്യയേയും എപ്രകാരം കാണുന്നു എന്നും ഒക്കെ താങ്കള്‍ ഒന്ന് അന്വേഷിച്ചറിയുന്നത് നല്ലതാണ്. വല്ലാതെ ആകര്‍ഷിക്കപ്പെട്ട ഒരു പ്രസ്ഥാനമായതിനാല്‍ അക്കാര്യങ്ങള്‍ ഒക്കെ കൃത്യമായി മനസ്സിലാക്കുവാന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്ന് കരുതുന്നു. സാഹചര്യത്തിനനുസരിച്ച് വെള്ളം ചേര്‍ത്തതല്ല ചേര്‍ക്കാത്ത ഒറിജിനല്‍ മൌദൂദിസത്തെ തന്നെ അറിയുക. 

ഒരു ജനാധിപത്യ-മതേതര സമൂഹത്തില്‍ മത മൌലീക വാദ സംഘടനകള്‍ എന്താണ് ചെയ്യുക എന്നത് ചിന്തിക്കുന്നത് രസകരം തന്നെ. ഇന്ത്യക്കെതിരായ യുദ്ധം നയിക്കുവാന്‍ ആഹ്വാനം ചെയ്യുന്ന/ചെയ്ത വ്യക്തിയെ ആരാധ്യരായി കണക്കാക്കുന്ന. അല്ലെങ്കില്‍ അത്തരക്കാരുടെ ആശയങ്ങള്‍ പിന്തുടരുന്നവര്‍ക്ക് എങ്ങിനെ ഇന്ത്യന്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുവാന്‍ കഴിയും എന്നതാണ് സുകുമാരേട്ടനെ പോലുള്ളവരോട് എനിക്ക് ചോദിക്കാനുള്ളൂ.'

manoj said...

Dear C.K.Latheef,

Democracy is a system where people or peoples representatives make laws and change laws.

JIH does not accept this. The system advocated by it can be called by any name but not by the term democracy.

Many other basic concept of democracy also is different from the concept advocated by JIH.]

ഈ കമന്റുകളിലൊക്കെ നിറഞ്ഞു നില്‍ക്കുന്നത്. കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി എന്ന ബ്ലോഗറോടുള്ള അത്മാര്‍ഥമായ സ്‌നേഹവും (സത്യത്തില്‍ അതുതന്നെയാണോ എന്ന് എനിക്ക് തീര്‍ചയില്ല. ചില ശൈലികള്‍ അതാണ് സൂചിപ്പിക്കുന്നത്) ജമാഅത്തെ ഇസ്‌ലാമിയുടെ ജനാധിപത്യത്തെയും മതേതരത്വത്തേയും കുറിച്ചുള്ള യഥാര്‍ഥ വീക്ഷണം അദ്ദേഹം അറിയാതെയാണ് ജമാഅത്ത് പ്രവര്‍ത്തനങ്ങളെയും പ്രവര്‍ത്തകരെയും അദ്ദേഹം പിന്തുണക്കുന്നത് എന്ന ബോധ്യവുമാണ്.

ജമാഅത്തെ ഇസ്ലാമി എന്തുചെയ്യണം? എന്ന അദ്ദേഹത്തിന്റെ ഒരു പോസ്റ്റാണ് ഇങ്ങനെ ചില ഉപദേശങ്ങള്‍ നല്‍കാന്‍ സഹബ്ലോഗര്‍മാരെ പ്രേരിപ്പിച്ചത്. നേരത്തെയും കെ.പി.എസ് ജമാഅത്തെ ഇസ്‌ലാമിയുടെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അന്നും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ശക്തമായ ബോധവല്‍കണം നടത്താന്‍ സകല തന്ത്രങ്ങളും വിമര്‍ശകര്‍ പുറത്തെടുത്തെങ്കിലും വേണ്ടത്ര വിജയിച്ചില്ല. അന്ന് അധികം പരാമര്‍ശിക്കാതെ പോയെ ഒരു വിഷയമാണ് ജമാഅത്തെ ഇസ്ലാമിയും മതേതരജനാധിപത്യവും എന്ന വിഷയം ആ കുറവാണ് ഇവിടെ പരിഹരിക്കപ്പെടുന്നത്. ഇവിടെയും ചില സൂത്രകാരന്‍മാര്‍ ഒരു തന്ത്രം പ്രയോഗിച്ചിട്ടുണ്ട്. 'സാഹചര്യത്തിനനുസരിച്ച് വെള്ളം ചേര്‍ത്തതല്ലാത്ത ഒറിജിനല്‍ മൗദൂദിസത്തെ തന്നെ അറിയുക' എന്ന് പറഞ്ഞുകൊണ്ട് ഇത്തരത്തിലുള്ള ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള ഒരു വൃഥാവിലാസം. 

സത്യത്തില്‍ അതുതന്നെയാണ് ജമാഅത്ത് പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. പഠനം അവിടം മുതല്‍ തുടങ്ങുന്നവര്‍ക്ക് മാത്രമേ സാഹചര്യത്തിനനുസരിച്ച് എത്രമാത്രം വെള്ളം ചേര്‍ത്തിട്ടുണ്ടെന്നും ചേര്‍ത്തത് വെള്ളമാണോ അതല്ല മറ്റെന്തെങ്കിലുമാണോ എന്നൊക്കെ തിരിച്ചറിയാന്‍ കഴിയൂ. അതുമാത്രമല്ല അപ്പോള്‍ മനസ്സിലാക്കാന്‍ കഴിയുക; മൗദൂദിസമെന്ന ഒരു ഇസമില്ലെന്നും അദ്ദേഹം പറയുന്നത് ശുദ്ധ ഇസ്‌ലാമിനെക്കുറിച്ചാണെന്നും അതിന്റെ തുടക്കമോ ഒടുക്കമോ മൗദൂദിയല്ലെന്നും മനസ്സിലാക്കാന്‍ കഴിയും. അതുകൊണ്ട് ജമാഅത്തിനെ മനസ്സിലാക്കാന്‍ മൗദൂദിയെ മാത്രം വായിച്ച് നിര്‍ത്തിയാല്‍ മതിയാകില്ലെന്ന തിരിച്ചറിവും ലഭിക്കും. മൗദൂദിതന്നെയും അത് അംഗീകരിച്ചിട്ടുണ്ടെന്നും മനസ്സിലാകും. മൗദൂദിയെ ഇവരാരും വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ലെന്നതിന് വ്യക്തമായ തെളിവ് ഈ ഉപദേശം തന്നെ. ഇവരുടെ വാദങ്ങളുടെ ആകെ ഊര്‍ജവും മൗദൂദിയെക്കുറിച്ച് ഇവര്‍ക്ക് കേട്ടുകേള്‍വിയേ ഉള്ളൂ എന്നാണ്.

മതേതരജനാധിപത്യത്തോടുള്ള ജമാഅത്തെ ഇസ്‌ലാമിയുടെ വീക്ഷണം ഇവര്‍ക്കൊക്കെ നല്ലവണ്ണം മനസ്സിലായിട്ടുണ്ടെന്ന് അവര്‍ സ്വയം കരുതുന്നു. ആ വീക്ഷണം മനസ്സിലാക്കിയവര്‍ സുകുമാരേട്ടനെ പോലെ ഒരിക്കലും ഇപ്രകാരം അഭിപ്രായം പറയില്ലെന്നും അവര്‍ കരുതുന്നു.
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി said...

['ഇന്ത്യന്റെ നിരീക്ഷണം “ഞാന്‍ അറിഞ്ഞിടത്തോളം ജമാഅത്തെ ഇസ്ലാമി അതിന്‍റെ പ്രവര്‍ത്തകര്‍ക്ക് ശക്തമായ സംസ്‌കരണം നല്കാന്‍ ശ്രമിക്കുന്ന സംഘടനയാണ്.“ എന്നത് എനിക്കും ബോധ്യപ്പെട്ടിട്ടുണ്ട്. അതാണ് ആ സംഘടനയില്‍ ഞാന്‍ കാണുന്ന മാഹാത്മ്യവും. ഈ വസ്തുത എതിര്‍ക്കുന്നവരും വിമര്‍ശിക്കുന്നവരും മനസ്സിലാക്കിയിട്ടില്ല. ജമാ‍‌അത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തകരുമായി നേരില്‍ ഇടപഴകുമ്പോള്‍ ആര്‍ക്കും ഇത് ബോധ്യമാകും. തത്വങ്ങളും ആദര്‍ശങ്ങളും മഹത്തായത്കൊണ്ട് കാര്യമില്ല. പ്രവര്‍ത്തകര്‍ സംസ്കരിക്കപ്പെട്ടില്ലെങ്കില്‍ ഏത് സംഘടനയും ഫലത്തില്‍ മനുഷ്യവിരുദ്ധമാവും.

മുന്‍പ് ആറെസ്സെസ്സില്‍ ഈ സംസ്കരണം നടക്കുന്നതായി എനിക്ക് അറിയാമായിരുന്നു. എന്നാല്‍ ആറെസ്സെസ്സിന്റെ സംസ്കരണത്തില്‍ ഹിന്ദു ഒഴികെയുള്ള മതവിഭാഗങ്ങളുമായി അടുക്കലല്ല അകല്‍ച്ചയും സ്പര്‍ദ്ധയും ആണ് പാഠഭാഗമായിരുന്നത് എന്ന് തോന്നുന്നു. സമൂഹത്തില്‍ മതവൈരം സൃഷ്ടിക്കാനേ അത് ഉതകിയുള്ളൂ. അത്കൊണ്ടാണ് ആറെസ്സെസ്സ് മറ്റുള്ളവര്‍ക്ക് അനഭിമതമായിപ്പോകുന്നത്. ഇവിടെയാണ് ജമാ‌അത്തെ ഇസ്ലാമി എന്നെപ്പോലെയുള്ളവര്‍ക്ക് സ്വീകാര്യമാവുന്നത്. കേരളത്തില്‍ ആറെസ്സെസ്സും ആക്രമണ സംഘടനയാണെന്ന് കരുതുന്നവരുണ്ട്. എന്നാ‍ല്‍ എനിക്ക് അങ്ങനെ കരുതാന്‍ വയ്യ. അവര്‍ സദാ പ്രതിരോധത്തിലാണ് എന്നതാണ് യാഥാര്‍ഥ്യം. എന്നാല്‍ ആക്രമങ്ങളെ ചുരുക്കം പേര്‍ അപലപിക്കുമ്പോള്‍ ഒരു ബാലന്‍സിന് വേണ്ടി ആറെസ്സെസ്സിനെയും തുല്യ ആക്രമണകാരികള്‍ ആയി കാണുകയാണ് ചെയ്യുന്നത്. ഇതിന്റെ അര്‍ത്ഥം ഞാന്‍ ആറെസ്സെസ്സിന് നല്ല സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു എന്നല്ല. അതിന്റെ മതപരമായ വിഭാഗീയത ശത്രുത സൃഷ്ടിക്കുന്നു എന്ന് പറയുമ്പോഴും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ആ സംഘടനയ്ക്കും തുല്യമാണ്.

അടിച്ചാല്‍ ഞങ്ങള്‍ തിരിച്ചടിക്കും എന്ന മുദ്രാവാക്യം ഏത് സംഘടന ഉയര്‍ത്തിയാലും അത് അപരിഷ്കൃതവും കാട്ടാളത്തപരവുമാണ്. പ്രത്യക്ഷത്തില്‍ ഈ മുദ്രാവാക്യം നിരുപദ്രവമല്ലെ എന്ന് തോന്നും. അടി കിട്ടുന്നത്കൊണ്ടല്ലെ തിരിച്ചടിക്കുന്നത് എന്നും തോന്നാം. എന്നാല്‍ പരിഷ്കൃത സമൂഹത്തില്‍ അടി കൊണ്ടവന്‍ നീതിന്യായ സംവിധാനത്തെയാണ് സമീപിക്കേണ്ടത്. അല്ലാതെ സ്വയം ശിക്ഷ നടപ്പാക്കലല്ല. ഇനി അഥവാ ഒരു വ്യക്തി സ്വന്തം നിലയില്‍ ഈ നിലപാട് സ്വീകരിച്ചാല്‍ അത് സമൂഹത്തെ അത്ര ബാധിക്കുന്നില്ല. എന്നാല്‍ ഒരു സംഘടന ഈ തിരിച്ചടി സിദ്ധാന്തം പ്രാവര്‍ത്തികമാക്കുകയും ആ രീതിയില്‍ പ്രവര്‍ത്തകരെ അസംസ്കരിക്കുകയും ചെയ്യുമ്പൊള്‍ അതിന്റെ പ്രത്യാഘാതം ഭയാനകമാണ്. അത്കൊണ്ടാണ് ബസ്സില്‍ പട്ടാപ്പകല്‍ കയറി ആളുകളെ തലങ്ങും വിലങ്ങും തറിച്ചുമുറിച്ചു കൊല്ലാന്‍ കഴിയുന്നത്.

ഇവിടെയാണ് പ്രവര്‍ത്തകരെ സംസ്കരിക്കുക എന്നതിന്റെ മഹത്വം മനസ്സിലാവുക. രക്തസാക്ഷികളെ മഹത്വവല്‍ക്കരിക്കുന്ന സംഘടനയ്ക്ക് ഒന്നോ രണ്ടോ പ്രവര്‍ത്തകര്‍ക്ക് അടി കിട്ടിയാലും തിരിച്ചടിക്കാതെ നിയമാനുസൃതം അടിച്ചവന് ശിക്ഷ കൊടുപ്പിക്കാന്‍ കഴിയേണ്ടതല്ലേ? അങ്ങനെ പ്രവര്‍ത്തകരും സംഘടനയും സംസ്കരിക്കപ്പെട്ടിരുന്നുവെങ്കില്‍ നാട് ഇന്ന് കാട്ടാളന്മാരുടേത് കൂടിയാകുമായിരുന്നില്ല.' ]
 
മനസ്സിലാക്കിയ നന്മകളെ പിന്തുണക്കുന്ന ഒരു ശരാശരി മനുഷ്യനുണ്ടാകേണ്ട ഗുണങ്ങള്‍ അദ്ദേഹത്തില്‍ കാണുന്നുവെന്നതാണ് ജമാഅത്തെ ഇസ്‌ലാമിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തോടുള്ള അടുപ്പത്തിന് കാരണം. അദ്ദേഹമാകട്ടെ ഒരു ചിന്താശേഷിയും വിവേചനബുദ്ധിയുമുള്ള മനുഷ്യനെന്ന നിലക്ക് അദ്ദേഹത്തിന് മുന്നില്‍ കാണുന്ന നന്മകളെ അംഗീകരിക്കുകയും തിന്‍മകളെ എതിര്‍ക്കുകയും ചെയ്യുന്നതിനാല്‍ അറിഞ്ഞിടത്തോളം ജമാഅത്തിനെ ഇഷ്ടപ്പെടുകയും അറിയാത്ത കാര്യത്തില്‍ അഭിപ്രായം പറയാതെ വിട്ടുനില്‍ക്കുകയും ചെയ്യുന്നു. ജമാഅത്തില്‍ തല്‍പര കക്ഷികള്‍ ആരോപിക്കുന്ന മുഖം മൂടി ഇതുവരെ ബോധ്യപ്പെടാത്തതിനാല്‍ അദ്ദേഹം അതിനനുസരിച്ച് ജമാഅത്തിനെ എതിര്‍ക്കണം എന്ന് മറ്റുപലരേയും പോലെ തീരുമാനിച്ചിട്ടില്ല. ഇനി ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുമോ എന്ന് ചോദിച്ചാല്‍ അപ്പോള്‍ കാണാം എന്നാണ് സുചിന്തിതമായ അദ്ദേഹത്തിന്റെ നിലപാട്.

ഇപ്പോള്‍ നന്മയുടെ പേരില്‍ ജമാഅത്തിനെ അനുകൂലിക്കുന്നവരാണ് അതിന്റെ പ്രവര്‍ത്തകരും അനുഭാവികളും അതേ ആളുകള്‍ക്ക് അതില്‍ തിന്മ ദര്‍ശിക്കാന്‍ തുടങ്ങിയാല്‍ എതിര്‍ക്കാനും അവകാശമുണ്ടാകുമല്ലോ. എന്നാല്‍ ഈ വീക്ഷണം പുലര്‍ത്തി നിശബ്ദമാകാന്‍ വിമര്‍ശകര്‍ക്ക് കഴിയില്ല. കാരണം ഒന്നാമത് ഇത്തരം വിമര്‍ശകര്‍ ഒരു തരം മിഥ്യാഭീതിയുടെ ഇരകളാണ്.

അവരുടെ ആശങ്ക ഇപ്രകാരം അവര്‍ വ്യക്തമാക്കുന്നു. "ജമാ അത്തൊക്കെ എന്താ മൊതലെന്ന് നിങ്ങള്‍ അറിയാന്‍ ഇരിക്കുന്നേ ഉള്ളൂ." എന്ന് വാക്കേറുകള്‍ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് പാവം. അദ്ദേഹം ഭയപ്പെടുന്നത് ഇതാകാം അറുപത് വര്‍ഷമായി ജമാഅത്ത് ആശയ പ്രചരണത്തിലും ജനസേവനത്തിലും മുഴുകി ഇന്ത്യാ ചരിത്രത്തില്‍ തുല്യതയില്ലാത്ത സമാധാന ജീവിതം കാഴ്ചവെച്ചു എന്നതൊന്നും നിങ്ങളെ വഞ്ചിക്കരുത്. ഇപ്പോള്‍ അവര്‍ പച്ചപ്പാവങ്ങളെ പോലെ പെരുമാറുന്നത് അവര്‍ അംഗബലം കുറഞ്ഞതുകൊണ്ടും അധികാരമില്ലാത്തതുകൊണ്ടുമാണ്. അത് ലഭിക്കുമ്പോളറിയാം അവരുടെ തനിനിറം. ഇതുപോലുള്ള ഭീരുക്കളും ചിന്താശേഷിയില്ലാത്തവരും ലോകാവസ്ഥയെക്കുറിച്ചും മനുഷ്യന്റെ മനശാസ്ത്രത്തെക്കുറിച്ചും സാമാന്യധാരണ പോലുമില്ലാത്തവരുടെ ഉപദേശങ്ങള്‍ ഒട്ടും പരിഗണനയര്‍ഹിക്കുന്നില്ലെങ്കിലും സാമാന്യജനത്തെ വഴിതെറ്റിക്കാന്‍ ഇവര്‍ക്കാകും എന്നത് കൊണ്ടാണ് വീണ്ടും അവ ഇവിടെ എടുത്ത് ചേര്‍ക്കേണ്ടി വരുന്നത്.

ഞാനിവിടെ ജമാഅത്ത് വിമര്‍ശകരെ ഇങ്ങനെ അഭിപ്രായപ്പെടുന്നത് അവര്‍ ജനാധിപത്യത്തെയോ മതേതരത്വത്തെയോ അനുകൂലിച്ചതുകൊണ്ടാണ് എന്ന് തെറ്റിദ്ധരിക്കരുത്. ജനാധിപത്യമതേതര മൂല്യങ്ങളോട് അവര്‍ക്കുള്ളതു പോലെയോ അതിനെക്കാളേറെയോ പ്രതിപത്തി ജമാഅത്തെ ഇസ്ലാമി പ്രവര്ത്തകര്ക്കുമുണ്ട്. പക്ഷെ അത് അന്ധമായ ഒരു തരം വിശ്വാസത്തിന്റെ തലത്തിലല്ല. ഗൗരവ പൂര്‍വം അതിന്റെ ശക്തിയേയും ദൗര്‍ബല്യത്തെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള യുക്തിപരമായ ഒരു തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് എന്ന് ഞാന് മനസ്സിലാക്കുന്നു.

ഈ കാര്യത്തില്‍ ജമാഅത്തിനെ വിമര്‍ശിക്കുന്നവര്‍ എന്താണ് ഈ വിഷയത്തില്‍ ജമാഅത്തിന്റെ കാഴ്ചപ്പാട് എന്ന് മനസ്സിലാക്കിയേ മതിയാകൂ. അല്ലെങ്കില്‍ കേവലം സമയ നഷ്ടമായിരിക്കും അതുമൂലം വിമര്‍ശകര്‍ക്കുണ്ടാവുക. അതുകൊണ്ട് വിമര്‍ശകരോട് എനിക്ക് പറയാനുള്ളത് നിങ്ങള്‍ ജമാഅത്ത് ഇസ്‌ലാമി എന്ത് പറയുന്നു എന്ന് സശ്രദ്ധം ശ്രവിക്കാന്‍ സന്നദ്ധമാകുക. എന്നിട്ട് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ക്ക് കൂടുതല്‍ അര്‍ഥമുണ്ടാകും ഇന്ത്യയുടെയോ ഇന്ത്യക്കാരുടെയോ താല്‍പര്യത്തിന് നിരക്കാത്ത ഒന്നും തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവരുതെന്ന് അതിന്റെ പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നുണ്ട്. അതിനാല്‍ സൗഹൃദ പൂര്‍വം ഞങ്ങളോട് സംവദിക്കുക.
     
ഗൗരവപുര്‍വം നടത്തപ്പെടുന്ന ഇത്തരം ചര്‍ചകളില്‍നിന്നകന്നുകൊണ്ട് കണ്ട ബ്ലോഗിലൊക്കെ വിവരക്കേടും വിദ്വേഷവും വമിപ്പിക്കുന്നവര്‍ മനുഷ്യനന്മയുടെ പേരില്‍ ജമാഅത്തിനെ വിമര്‍ശിക്കാന്‍ അര്‍ഹതയുണ്ടോ എന്ന് സ്വയം ചിന്തിക്കുക.

ചൊവ്വാഴ്ച, ഡിസംബർ 07, 2010

ജമാഅത്തും മതേതരജനാധിപത്യവ്യവസ്ഥയും (1)

ആമുഖം

ഒരു സംഘടന, അത് മതസംഘടനയോ രാഷ്ട്രീയ സംഘടനയോ ആകട്ടേ, അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളായി എന്ത് പറയുന്നുവെന്നത് പൊതുവെ ആളുകള്‍ ശ്രദ്ധിക്കാറില്ല. ആ സംഘടനയോടുള്ള നിലപാടുകള്‍ അതിനനുസരിച്ച് മാത്രം രൂപപ്പെടുത്താറുമില്ല. സംഘടന പറയുന്ന ആശയവും ആദര്‍ശവും മുഖവിലക്കെടുത്താല്‍ ആര്‍.എസ്.എസ് രൂക്ഷമായി എതിര്‍ക്കപ്പെടേണ്ട സംഘടനയാണ് എന്ന് ആരും പറയില്ല. താഴെ നല്‍കിയ ഭാഗം വായിച്ചു നോക്കൂ.

['ഭാരതമൊട്ടുക്ക്‌ പ്രവർത്തിക്കുന്ന ആർ.എസ്സ്‌.എസ്സ്‌, ഹിന്ദു സ്വയം സേവക സംഘം എന്ന പേരിൽ വിദേശത്തും പ്രവർത്തിക്കുന്നു. ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുക എന്നതാണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. മുഖ്യ ലക്‌ഷ്യം, 'വസുധൈവ കുടുംബകം' അല്ലെങ്കിൽ ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങൾക്ക് മാതൃകയാകുന്ന രീതിയിൽ, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ്. എന്നാൽ അതിനു മുൻപേ ഉള്ള ലക്‌ഷ്യം, സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ്. ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism) ഇന്റഗ്രൽ ഹ്യുമാനിസവുമാണ്‌(Integral Humanism). ആർ.എസ്സ്‌.എസ്സിന്റെ അഭിപ്രായമനുസരിച്ച്‌ ഒരു ഹിന്ദു എന്നത്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയും ഉൾപ്പെടുത്തിയാണ്‌ ഹിന്ദു എന്ന ആർ.എസ്സ്‌.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്‌. ഹൈന്ദവം എന്നത്‌ ഒരു മതമല്ല മറിച്ച്‌ ഒരു ജീവിതരീതിയാണ്‌ എന്ന് ആർ.എസ്സ്‌.എസ്സ്‌ വിശ്വസിക്കുന്നു. ആർ.എസ്സ്‌.എസ്സിന്റെ പ്രഖ്യാപിത ലക്ഷ്യം രാഷ്ട്രത്തെയും അതിന്റെ ജനങ്ങളേയും ദേവീരൂപത്തിൽ(ഭാരതാംബ) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ്‌.' (ml.wikipedia.org)]

വിക്കിയില്‍നിന്നെടുത്തതാണ് ഈ ഭാഗങ്ങള്‍ , അവ തിരുത്താതെ നിലനില്‍ക്കുന്നത് കൊണ്ട് മാത്രമല്ല, ആര്‍.എസ്.എസ് താത്വികാചാര്യനായ പി.പരമേശ്വരനുമായുള്ള അഭിമുഖം ടി.വി.യില്‍ കണ്ടതുകൊണ്ടും ഇങ്ങനെ അറിയപ്പെടാനും പ്രചരിപ്പിക്കപ്പെടാനുമാണ് അതിന്റെ പ്രവര്‍ത്തകരും നേതൃത്വവും ആഗ്രഹിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആര്‍.എസ്.എസ് അനുഭാവികളല്ലാത്ത ആരും ഇവിടെ പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യത്തിനനുസരിച്ചാണ് ആ സംഘടന ചരിക്കുന്നതെന്ന് മനസ്സിലാക്കുന്നില്ല.  അതിന്റെ പ്രവര്‍ത്തകരും ആ സന്ദേശം ഉള്‍കൊണ്ടിട്ടുണ്ടെന്ന്  ധരിക്കാന്‍ യാതൊരു പഴുതും അവരുടെ ഇന്നേവരെയുള്ള പ്രവര്‍ത്തനം നമുക്ക് നല്‍കുന്നില്ല.

ഒരിക്കലും യാതൊരു താരതമ്യവും അര്‍ഹിക്കാത്ത ഈ സംഘടനയെ ഇവിടെ താങ്കള്‍ പരാമര്‍ശിച്ചതിന്റെ ഉദ്ദേശ്യം എന്താണെന്ന് ചോദിക്കാം. ആര്‍.എസ്. എസ് സംഘടന മുന്നോട്ട് വെക്കുന്ന ആദര്‍ശവും അത് പുലര്‍ത്തുന്ന നയനിലപാടുകളും പ്രവര്‍ത്തനങ്ങളും ആളുകള്‍ക്കെല്ലാം ഏറെക്കുറെ സുപരിചിതമാണ്. അതിലെ വൈരുദ്ധ്യം ആളുകള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ഇപ്രകാരവും പ്രവര്‍ത്തികാന്‍ സാധ്യമാണ് എന്ന് ആളുകള്‍ മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് ജമാഅത്തിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആര്‍.എസ്.എസ് എന്ന സംഘടനയുമായി നിരന്തരം താരതമ്യം ചെയ്യുക ജമാഅത്ത് വിമര്‍ശകരുടെ ശൈലിയാണ്. അറിയപ്പെടുന്ന ഒന്നുമായിട്ടാണല്ലോ താരതമ്യം ചെയ്യുക. ഇവിടെ ആര്‍.എസ്.എസ് സുപരിചിതവും ജമാഅത്ത് ഏറെക്കുറെ അപരിചിതവുമാണ്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസിനെ ജമാഅത്തെ ഇസ്ലാമിയുമായി ആരും താരതമ്യം ചെയ്യുന്നത് കണ്ടിട്ടില്ല.

ഒരു സംഘടനയെ മനസ്സിലാക്കാന്‍ അതുകൊണ്ടുതന്നെ എഴുതപ്പെട്ട സാഹിത്യം മാത്രം മതിയാവില്ല. അത് ചൂണ്ടികാട്ടി സംഘടനയും പ്രാധാന്യവും അപ്രമാദിത്വവും സ്ഥാപിക്കാനാവില്ല. സ്വയം പ്രതിരോധവും പ്രത്യാക്രമണവും വ്യക്തിത്വമായി അംഗീകരിക്കുന്ന സംഘടനകള്‍ പോലും അത് തങ്ങളുടെ ലക്ഷ്യങ്ങളിലെവിടെയും എഴുതിവെക്കാറുമില്ല. എഴുതിവെച്ചത് അങ്ങനെത്തന്നെ പിന്തുടരപ്പെടേണ്ടതാണ് എന്ന ചിന്ത സംഘടനാ നേതൃത്വത്തെയോ പ്രവര്‍ത്തകരെയോ നയിക്കുന്നതായി തോന്നുന്നില്ല. മിക്ക സംഘടനകളുടെയും അവസ്ഥ ഇതായിരിക്കെ ഇതില്‍നിന്ന് ഒരു സംഘടന വ്യത്യസ്ഥമാണ് എന്ന് അംഗീകരിക്കാന്‍ പെട്ടെന്ന് ജനം തയ്യാറാകില്ല. ഇത് ജമാഅത്ത് നേരിടുന്ന ഒരു പ്രതിസന്ധിയാണ്.

നല്ല ലക്ഷ്യങ്ങള്‍ളും മാര്‍ഗവും എഴുതിവെക്കുകയും അതിനനുസരിച്ചുതന്നെ നിലപാടെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സംഘടനയെ എങ്ങനെ നേരിടും. അതിനുള്ള പരിഹാരമാണ് മുഖംമൂടി ആരോപണം. സംഘടനകള്‍ക്ക് മുഖം മൂടി പ്രവര്‍ത്തനവും സുപരിചിതമാണ്. മേല്‍ പറഞ്ഞ സംഘടനകളിലും ഞാന്‍ സൂചിപ്പിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അത് ആവശ്യത്തിന് പ്രയോഗിക്കുന്നവരാണ്. അതുകൊണ്ട് ജമാഅത്തിനെ പരിചയിക്കാത്തവരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ ആരോപണത്തിലൂടെ നിഷ്പ്രയാസം സാധിക്കും. ആശയപരമായി നേരിടാനോ പ്രവര്‍ത്തങ്ങളെ വിമര്‍ശിക്കാനോ സാധ്യമല്ലാതെ വന്നതിനാല്‍ ജമാഅത്തിനെതിരെ രണ്ട് തന്ത്രങ്ങളാണ് വിമര്‍ശകര്‍ പയറ്റിയത്. അതില്‍ ജമാഅത്ത് ഒരു തരം മുഖം മുടി അണിഞ്ഞിട്ടുണ്ടെന്നും, ആളുകളുടെ കണ്ണില്‍ പൊടിയിടാനാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും യഥാര്‍ഥ ലക്ഷ്യം അവരുടേത് മറ്റൊന്നാണെന്നും പറഞ്ഞു പ്രചരിപ്പിക്കുന്നു. ആ ലക്ഷ്യം എന്താണ് അത് തങ്ങള്‍ വിശദീകരിക്കും ജമാഅത്ത പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ അത് അംഗീകരിക്കണം. ഇതാണ് വിമര്‍ശകരുടെ നിലപാട്.

ഇക്കാരണത്താല്‍ ജമാഅത്ത് പ്രവര്‍ത്തകരും നേതാക്കളും അധിക സമയം ചെലവഴിക്കേണ്ടി വരുന്നത്. നിങ്ങള്‍ പറയുന്നതല്ല ഞങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനമാര്‍ഗമെന്നും വിശദീകരിക്കാനാണ്. 'നോക്കൂ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ , ഒരു ലക്ഷ്യം എഴുതിവെക്കുകയും അതിനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുകയും ചെയ്തുകൊണ്ട്. അതില്‍ രണ്ടിലും പെടാത്ത നിഗൂഢ ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതെങ്ങനെ?' എന്ന അവരുടെ ചോദ്യത്തിന് ഒരു വിലയും വിമര്‍ശകര്‍ കല്‍പിക്കുന്നില്ല. ഒരു സംഘടനക്കും ഈ ഗതിയുണ്ടാവില്ല. ലക്ഷ്യമെന്താണെന്ന് പ്രതിയോഗികള്‍ വിശദീകരിക്കുകയും ഇപ്പോഴുള്ള നിങ്ങളുടെ പ്രവര്‍ത്തനം കടപമാണെന്ന് വാദിക്കുകയും ചെയ്യുക. ഏതൊരു സംഘടനയും ഇത്തരം ഒരു ശ്രമത്തിന് മുമ്പില്‍ നിസ്സഹായമായി പോകും. ആദര്‍ശത്തിലും പ്രവര്‍ത്തനത്തിലും യഥാര്‍ഥ മുഖം മൂടിയിട്ട സംഘടനകള്‍ക്ക് ഈ പ്രതിസന്ധിയില്ല. കാരണം അവരുടെ മുഖം മൂടി അവര്‍ സ്വയംഅംഗീകരിക്കുന്നത് തന്നെയാണ്. അതുകൊണ്ട് വര്‍ഗീയതാരോപണം ആര്‍.എസ്.എസ് ഒരു അപമാനമായി കാണുന്നില്ല. പ്രത്യാക്രമണാരോപണം മുസ്‌ലിം തീവ്രവാദ സംഘടനകള്‍ ഒരു പോരായ്മയായി കാണുന്നില്ല. മറ്റുള്ളവരുടെ ഇത്തരം ആരോപണങ്ങള്‍ ഒരു സൗകര്യമായി മനസ്സിലാക്കപ്പെടുകയാണ് പലപ്പോഴും.

എന്നാല്‍ ജമാഅത്തിന് ഇത് അംഗീകരിക്കാനാവില്ല. തങ്ങളുടെ ലക്ഷ്യവും പ്രവര്‍ത്തനമാര്‍ഗവും തെറ്റിദ്ധരിപ്പിക്കുന്നതും വ്യത്യസ്ഥനിലപാടുകള്‍ക്ക് അവരുദ്ദേശിക്കാത്ത അര്‍ഥം നല്‍കുന്നതും അവരുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജമാഅത്തിന്റെ യഥാര്‍ഥ ശക്തി അതിന്റെ ലക്ഷ്യവും ആദര്‍ശവുമാണ്. ജമാഅത്ത് വിശദീകരിക്കുന്നത് പോലെ അത് ഉള്‍കൊള്ളുമ്പോള്‍ മാത്രമേ അതിന്റെ പ്രവര്‍ത്തനങ്ങളെ യഥാവിധി ഉള്‍കൊള്ളാന്‍ സാധിക്കുകയുള്ളൂ. ലക്ഷ്യങ്ങള്‍ ബോധപൂര്‍വം തന്നെ തെറ്റിദ്ധരിപ്പിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തങ്ങളില്‍ മുഖംമൂടി ആരോപണത്തെ ആശ്രയിക്കേണ്ടി വരുന്നത്. ജമാഅത്തിന്റെ പക്കല്‍ ഇതിനുള്ള പരിഹാരം തങ്ങളുടെ ലക്ഷ്യവും ആദര്‍ശവും പ്രവര്‍ത്തനമാര്‍ഗവും യഥാവിധി വിശദീകരിക്കുകയും അതിനെ പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുക മാത്രമാണ്. മറ്റൊരു കുറുക്കുവഴി അതിന് മുന്നിലില്ല.

ജമാഅത്തിന് അതിന്‍െതായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട്. അതുകൊണ്ട് ഇന്നേ വരെ ചിലപ്പോഴൊക്കെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നും മറ്റുള്ള പാര്‍ട്ടിക്ക് വോട്ടുചെയ്തും കഴിഞ്ഞു പോരുകയായിരുന്നു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പോടെ ജമാഅത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍നിന്നുകൊണ്ട് കൂറേകൂടി സക്രിയമായ ഇടപെടല്‍ അത് നടത്തുകയുണ്ടായി. ഇതിലൂടെ നഷ്ടം സംഭവിക്കുന്ന രാഷ്ട്രീയ കക്ഷിക്കള്‍ക്ക് സ്വാഭാവികമായും എതിര്‍പ്പുണ്ടാവും. തങ്ങളുടെ എതിര്‍പ്പിന്റെ കുന്തമുന ജമാഅത്തിന് നേരെ തിരിച്ചു. എങ്ങനെ ഈ കൂട്ടരെ ഒതുക്കണം എന്ന ചിന്ത ചെന്നെത്തിയത്; ജമാഅത്തിന് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനോ മത്സരിക്കാനോ അര്‍ഹതയില്ല കാരണം അവര്‍ ജനാധിപത്യത്തെ അംഗീകരിക്കുന്നില്ല എന്ന വാദം ശക്തിയായി ഉയര്‍ത്തുക എന്നിടത്താണ്. ബഹുമാന്യനായ സഖാവ് പിണറായി വിജയന്‍ അതിന് സമാരംഭം കുറിക്കുകയും ചെയ്തു. ഇന്ന് കേരളത്തില്‍ മുഖ്യമന്ത്രിയെക്കാളും ആധികാരികയുള്ളത് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കാണ്.

ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും ജമാഅത്തിന് പറയാനുള്ളത് എക്കാലത്തും ഒന്നുതന്നെയായിരുന്നു. അതന്താണെന്ന് വിശദീകരിക്കാനാണ് തുടര്‍ പോസ്റ്റുകളിലൂടെ ഞാന്‍ ഉദ്ദേശിക്കുന്നത്. ആദ്യമായി ഒന്നോര്‍മിപ്പിക്കട്ടെ ഇത് ജമാഅത്ത് സാഹിത്യങ്ങളില്‍നിന്നും ജമാഅത്ത് സാഹിത്യങ്ങള്‍ക്ക് അവലംബിച്ച സ്രോതസില്‍നിന്നും ജമാഅത്ത് പ്രവര്‍ത്തനങ്ങളില്‍നിന്നും ഞാന്‍ മനസ്സിലാക്കിയതിന്റെ രത്‌നച്ചുരുക്കമാണ്. എന്നുവെച്ചാല്‍ ഇവിടെ പറയുന്ന കാര്യങ്ങള്‍ ജമാഅത്തിന്റെ ഔദ്യോഗിക നിലപാടുകളാകാം എന്ന സാധ്യത മാത്രമേ ഉള്ളൂ.  ഔദ്യോഗിക നിലപാടുകളറിയാന്‍ ഞാന്‍ അവലംബിച്ച മാര്‍ഗങ്ങള്‍ നിങ്ങളും അവലംബിക്കുക മാത്രമാണ് പരിഹാരം. എന്റെ വിശദീകരണം ജമാഅത്തിനെ മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഏതെങ്കിലും അര്‍ഥത്തില്‍ സഹായകമാകും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. (തുടരും)

 
Design by CKLatheef | Bloggerized by CKLatheef | CK