'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

ഹമീദ് വാണിന്‍മേലിന് ഇത് അഭിമുഖങ്ങളുടെ കാലം.

ഹമീദ് വാണിന്‍മേല്‍ ഇപ്പോള്‍ കേരളത്തിലെ ടി.വിയും പത്രവും ഉള്ളിടത്തൊക്കെ സുപരിചിതനാണ്. ജമാഅത്തെ ഇസ്ലാമിയുടെ പോളിറ്റിക്കല്‍ സെക്രട്ടറിയായി സേവനമനുഷ്ടിച്ച വ്യക്തി ഇയ്യിടെ ജമാഅത്തില്‍നിന്ന് രാജിവെച്ചു. ജമാഅത്തെ ഇസ്ലാമിയില്‍നിന്ന് രാജിവെക്കുക എന്നത് വലിയ വാര്‍ത്താ പ്രാധാന്യമുള്ള കാര്യമാണ്. പി.ഡി.പി ഇയ്യിടെ രണ്ടോ മുന്നോ കഷ്ണമായപ്പോഴും അതിന് മുമ്പ് ചില മതസംഘടനകള്‍ കുറുകെ പിളര്‍ന്നപ്പോഴും ഇത്രയും വാര്‍ത്തയായിരുന്നില്ല. പലപ്പോഴും തമ്മില്‍ തല്ലും കേസുമൊക്കെയാണ് അതിനെ ജനശ്രദ്ധയില്‍ കൊണ്ടുവരുന്നത്.

ജമാഅത്തില്‍നിന്ന് ആരെങ്കിലും പുറത്ത് പോയാല്‍ അവരുടെ പിന്നാലെ ചാനലും പത്രമാസികകളും പിന്തുടരും. ചില ഉത്തരങ്ങള്‍ അവരില്‍നിന്ന അവര്‍ക്ക് ലഭിക്കേണ്ടതുണ്ട്. അതിനിണങ്ങുന്ന ചോദ്യങ്ങള്‍ അവര്‍ ചോദിക്കും. ഈ ഊഴം മുജാഹിദ് മടവൂര്‍ വിഭാഗം പുറത്തിറക്കുന്ന ശബാബ് മാസികക്കാണ്. ശബാബിന്റെ അഭിമുഖം തുടര്‍ന്ന് വായിക്കുക. എന്റെ അഭിപ്രായം കമന്റ് ബോക്‌സില്‍ നല്‍കിയിരിക്കുന്നു.
***********************************

['ഇടത്തോട്ട്‌ വഴികാട്ടുകയാണോ ജമാഅത്തിന്റെ പണി?
ഹമീദ്‌ വാണിമേലുമായി അഭിമുഖംകാല്‍നൂറ്റാണ്ടോളം കാലം ജമാഅത്തെ ഇസ്‌ലാമിയുടെ വളര്‍ച്ചയില്‍ നേതൃപരമായ പങ്കുവഹിച്ച്‌, കേവലം ഒരു സാമുദായിക സംഘടന മാത്രമായിരുന്ന പ്രസ്ഥാനത്തിന്‌ സാമൂഹ്യ, രാഷ്‌ട്രീയ ഇടപെടലിലൂടെ പൊതുസമൂഹത്തിന്‌ മുന്നില്‍ സ്വീകാര്യതയുണ്ടാക്കിയ ഹമീദ്‌ വാണിമേല്‍ സംഘടനയോട്‌ വിടപറഞ്ഞിരിക്കുകയാണ്‌. കേഡര്‍ സംവിധാനത്തില്‍ ഒളിപ്പിച്ചുവെച്ച വൈരുധ്യാധിഷ്‌ഠിത തത്വവാദങ്ങളില്‍ കെട്ടുപിണയാന്‍ ഇനി താനില്ലെന്ന്‌ വെട്ടിത്തുറന്ന്‌ പറഞ്ഞാണ്‌ ഹമീദ്‌ പടിയിറങ്ങുന്നത്‌. ഹാകിമിയ്യത്തില്‍ വെള്ളം ചേര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്ന നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയാണ്‌ ഹമീദ്‌ സംഘടനയുടെ പരമോന്നത സമിതിയായ അഖിലേന്ത്യാ ശൂറാ അംഗത്വം, സംസ്ഥാന ശൂറാ അംഗത്വം, സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗത്വം, പ്രാദേശിക അമീര്‍ സ്ഥാനം എന്നിവ രാജിവെച്ചിരിക്കുന്നത്‌. സംഘടന നിയമിച്ച പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്ത്‌ ആറ്‌ വര്‍ഷത്തോളം തുടര്‍ച്ചയായി ഹമീദ്‌ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഇത്രയും പദവികള്‍ വഹിച്ച ഒരാള്‍ സംഘടനയോട്‌ വിടപറയുന്നത്‌ ഒരുപക്ഷേ, കേരളത്തിലെ ജമാഅത്തെ ഇസ്‌ലാമിയുടെ ചരിത്രത്തില്‍ ആദ്യമായിരിക്കാം.

ജമാഅത്തെ ഇസ്‌ലാമിയോട്‌ വിടപറയുന്നതിലേക്കു നയിച്ച സാഹചര്യങ്ങള്‍ ചുരുക്കിപ്പറയാമോ?


ജമാഅത്തെ ഇസ്‌ലാമിയുമായി പ്രധാനമായും രണ്ട്‌ കാര്യങ്ങളിലായിരുന്നു എനിക്ക്‌ വിയോജിപ്പുണ്ടായിരുന്നത്‌. ഒന്ന്‌, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി പി എം നേതൃത്വം നല്‍കുന്ന എല്‍ ഡി എഫിന്‌ ജമാഅത്തെ ഇസ്‌ലാമി പിന്തുണ പതിച്ചുനല്‍കിയത്‌. അന്ന്‌ പിന്തുണ നല്‍കുമ്പോള്‍ ജമാഅത്ത്‌ മുന്നോട്ടുവെച്ച നിബന്ധന. നരേന്ദ്രന്‍ കമ്മീഷന്‍ കണ്ടെത്തിയ മുസ്‌ലിം പിന്നാക്കാവസ്ഥയ്‌ക്ക്‌ പരിഹാരം കാണാന്‍ ബാക്‌ലോഗ്‌ നികത്തുക എന്നതായിരുന്നു. എല്‍ ഡി എഫിന്റെ പ്രകടനപത്രികയില്‍ ഇത്‌ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തു. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഇത്‌ നടപ്പായില്ല.


കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ സി പി എം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ സര്‍ക്കാറിന്റെ ഭാഗത്തു നിന്ന്‌ അവഹേളനം മാത്രമാണ്‌ സംഘടനയ്‌ക്കുണ്ടായത്‌. അതില്‍ ഏറെ ദയനീയം ഹിറാ സെന്ററില്‍ നടന്ന റെയ്‌ഡായിരുന്നു. രണ്ട്‌ മഫ്‌തി പോലീസുകാര്‍ വന്ന്‌ ലൈബ്രറി ലെഡ്‌ജര്‍ പരിശോധിച്ചാല്‍ മതിയാകുമായിരുന്ന ഒരു നടപടിക്രമത്തിന്‌ ഒരു ഭീകരസംഘടനയുടെ ആസ്ഥാനം റെയ്‌ഡ്‌ ചെയ്യുന്നതിന്‌ സമാനമായ സന്നാഹങ്ങളോടെ റെയ്‌ഡ്‌ നടത്തിയത്‌ സംഘടനയെ അവഹേളിക്കാന്‍ വേണ്ടിയായിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ ഒരു പരിപാടിയിലും മന്ത്രിമാരോ മറ്റോ പങ്കെടുക്കാറില്ല. ഇഫ്‌ത്വാര്‍മീറ്റിന്‌ പോലും അവര്‍ വരാറില്ല. ഒരുതരം അസ്‌പൃശ്യത സി പി എം വെച്ചുപുലര്‍ത്തി. എല്‍ ഡി എഫിന്റെ വിജയത്തിനു വേണ്ടി സ്വന്തം ചെലവില്‍ 50ലധികം പൊതുയോഗങ്ങള്‍ നടത്തിയ ജമാഅത്തിന്‌ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന്‌ ലഭിച്ച അവഹേളനം സഹിക്കാവുന്നതിലപ്പുറമാണ്‌. പി കെ കുഞ്ഞാലിക്കുട്ടിയെ പോലുള്ളവരെ തോല്‍പിക്കാന്‍ അഹോരാത്രം സംഘടന പണിയെടുത്തിരുന്നു. ഹൈക്കോടതിയില്‍ ജമാഅത്തെ ഇസ്‌ലാമിയെ ദേശവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ നല്‍കിയ റിട്ടില്‍ വാദം കേള്‍ക്കുന്ന സമയത്ത്‌ സി പി എമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ തീവ്രവാദവിരുദ്ധ കാമ്പയിനില്‍ നിറഞ്ഞുനിന്നത്‌ ജമാഅത്തെ ഇസ്‌ലാമി തന്നെയായിരുന്നു.


വിദ്യാഭ്യാസ പരിഷ്‌കാരത്തിന്റെ പേരില്‍ ശാസ്‌ത്ര സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ മതവിരുദ്ധ പരിഷ്‌കാരങ്ങള്‍, വികസനത്തിന്റെ കാഴ്‌ചപ്പാടില്‍ സി പി എമ്മിനുണ്ടായ മാറ്റം, ഒരുവേള കൊടിയുടെ നിറം മാത്രം മാറിയ പാര്‍ട്ടികളായി സി പി എമ്മും കോണ്‍ഗ്രസും മാറിയ സാഹചര്യം, കിനാലൂരില്‍ മന്ത്രി എളമരം കരീമിന്റെ നേതൃത്വത്തില്‍ സോളിഡാരിറ്റി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച്‌ നടത്തിയ പോലീസ്‌ നടപടി -കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഇടതുഭരണത്തില്‍ ഉണ്ടായ ഈ അനുഭവങ്ങള്‍ മറച്ചുവെക്കാനാവുമോ?


രണ്ട്‌), പുതുതായി രൂപീകരിക്കുന്ന രാഷ്‌ട്രീയപ്പാര്‍ട്ടി. അത്തരം ഒരു രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ സ്‌പെയ്‌സ്‌ ഇല്ല എന്നാണെന്റെ അഭിപ്രായം. കാരണം, കേരളത്തില്‍ പ്രബലമായ ഒരു മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടി നിലവിലുണ്ട്‌. പുതിയ പാര്‍ട്ടി അഖിലേന്ത്യാതലത്തിലാണ്‌ രൂപീകരിക്കുന്നത്‌. എന്നാല്‍ സംസ്ഥാന ഘടകങ്ങള്‍ക്ക്‌ രാഷ്‌ട്രീയ പാര്‍ട്ടി രൂപീകരിക്കാനോ രൂപീകരിക്കാതിരിക്കാനോ സ്വാതന്ത്ര്യമുണ്ട്‌.


അങ്ങനെയാകുമ്പോള്‍, കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ പുതിയ പാര്‍ട്ടി വേണ്ടെന്ന്‌ തീരുമാനിക്കലാകും നല്ലത്‌ എന്നായിരുന്നു എന്റെ അഭിപ്രായം. ഇത്‌ പറയാന്‍ കാരണം, വോട്ട്‌ നല്‍കുന്നതിനും രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിനും പറഞ്ഞിരുന്ന സംഘടനാപരമായ ന്യായം സമുദായ താല്‍പര്യ സംരക്ഷണമാവണം എന്നതുകൊണ്ടായിരുന്നു. 25 ശൂറാ അംഗങ്ങളില്‍ ഞാന്‍ മാത്രമാണ്‌ ഈ വാദം ഉന്നയിച്ചത്‌. എന്നാല്‍ ഇത്‌ മുഖവിലക്കെടുക്കുന്നതിന്‌ പകരം നിരാശാബോധത്തില്‍ നിന്നുടലെടുത്ത ജല്‍പനങ്ങളാണിവയെന്ന മട്ടില്‍ സംസ്ഥാനത്തുടനീളം കാമ്പയിന്‍ നടത്താന്‍ ഒരു വിഭാഗം ശ്രമിച്ചു. എന്നെ പൊതുപരിപാടികളില്‍ നിന്ന്‌ മാറ്റിനിര്‍ത്തി ഒറ്റപ്പെടുത്താനും തെറ്റായ ആരോപണ പ്രചാരണത്തിനും ശ്രമമുണ്ടായി. ഈ സാഹചര്യത്തില്‍ രണ്ട്‌ മാസം മുമ്പ്‌ തന്നെ ജമാഅത്തിന്റെ ഇടത്തോട്ടുള്ള പോക്കില്‍ ഞാന്‍ വിയോജിപ്പ്‌ പ്രകടിപ്പിക്കുകയുണ്ടായി.

സംഘടനയില്‍ താങ്കളുടെ റോള്‍ എന്തായിരുന്നു?


അഖിലേന്ത്യാതലത്തില്‍ നിന്നും വിഭിന്നമായി കേരളത്തില്‍ സംഘടനയ്‌ക്ക്‌ ഒരു സവിശേഷ സ്വഭാവമുണ്ടായിരുന്നു. സാമൂഹ്യ-രാഷ്‌ട്രീയ രംഗത്ത്‌ സംഘടന നടത്തിയ ഇടപെടലുകള്‍ പൊതുസമൂഹത്തില്‍ സംഘടനയെപ്പറ്റി മതിപ്പ്‌ വര്‍ധിക്കാന്‍ കാരണമായി. ഈ രംഗത്താണ്‌ ഞാന്‍ ശ്രദ്ധിച്ചത്‌. 2003ല്‍ സോളിഡാരിറ്റി രൂപീകൃതമായപ്പോള്‍ അതിന്റെ സെക്രട്ടറി ഞാനായിരുന്നു. 2005ല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി. നീണ്ട ആറുവര്‍ഷം ഈ പദവിയില്‍ തുടര്‍ന്നു. ഈ കാലയളവില്‍ പലരുമായും ബന്ധപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനും സാധിച്ചു.

പുതിയ രാഷ്‌ട്രീയപ്പാര്‍ട്ടിയുടെ പിറവിയെക്കുറിച്ച്‌?


രാഷ്‌ട്രീയപ്പാര്‍ട്ടി രൂപീകരിക്കും എന്ന്‌ പ്രഖ്യാപിച്ചത്‌ അഖിലേന്ത്യാ അമീര്‍ തന്നെയാണ്‌. അപ്പോള്‍ ആ പാര്‍ട്ടിയുടെ സ്വഭാവം എന്താകുമെന്ന്‌ ഉദ്‌ബുദ്ധരായ ജനങ്ങള്‍ക്കറിയാം. നേരത്തെ ജമാഅത്തെ ഇസ്‌ലാമിയോട്‌ സ്വീകരിച്ച നിലപാട്‌ തന്നെയായിരിക്കും പുതിയ പാര്‍ട്ടിയോടും പൊതുസമൂഹം സ്വീകരിക്കുക. വലിയൊരായുസൊന്നും പുതിയ പാര്‍ട്ടിക്കുണ്ടാവില്ല. കേരളത്തില്‍ മുന്നണികള്‍ക്ക്‌ ബദലാവുക എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കും!

ജമാഅത്തെ ഇസ്‌ലാമിക്ക്‌ ഒരു നേതൃത്വം, അതിന്റെ രാഷ്‌ട്രീയപ്പാര്‍ട്ടിക്ക്‌ മറ്റൊരു നേതൃത്വം -ഇതിനെ എങ്ങനെ കാണുന്നു?


ശരിക്കും പറഞ്ഞാല്‍ ജമാഅത്തെ ഇസ്‌ലാമിയുടെ ആശയപരമായ പരാജയമാണിത്‌. രണ്ട്‌ നേതൃത്വം എന്ന്‌ പറയുന്നത്‌ ജമാഅത്തെ ഇസ്‌ലാമി ആറു പതിറ്റാണ്ടിലധികമായി വാതോരാതെ പറയുന്ന ഒരാശയത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്‌. ദീനും ദുന്‍യാവും രണ്ടാക്കലാണ്‌. കേരളത്തില്‍ മുജാഹിദുകള്‍ പറഞ്ഞിടത്താണ്‌ കാര്യങ്ങള്‍ എത്തുന്നത്‌. ഇതിന്റെ പേരിലായിരുന്നു ജമാഅത്തെ ഇസ്‌ലാമി തങ്ങളല്ലാത്ത മുസ്‌ലിംകളുടെ പേരില്‍ രാഷ്‌ട്രീയശിര്‍ക്ക്‌ ആരോപിച്ചത്‌. ഒരാള്‍ക്ക്‌ മതജീവിതവും പൊതുജീവിതവുമുണ്ടെന്ന്‌ ജമാഅത്തെ ഇസ്‌ലാമി സമ്മതിക്കുകയാവും പുതിയ സംഘടന രൂപീകരിക്കുന്നതോടെ. ഹാകിമിയ്യതുമായി ബന്ധപ്പെട്ട്‌ നടത്തിയ വാഗ്വാദങ്ങള്‍, ഇസ്‌ലാമിലെ നാല്‌ സാങ്കേതിക ശബ്‌ദങ്ങള്‍ക്ക്‌ നല്‍കിയ നിര്‍വചനം -ഇതെല്ലാം പാഴ്‌വേലയായിരുന്നു എന്ന്‌ പറയേണ്ടിവരും.

മതത്തില്‍ ഒരു സഘടന, രാഷ്‌ട്രീയത്തില്‍ മറ്റൊരു സംഘടന. ഇങ്ങനെയല്ലാതെ നിലവിലുള്ള സംഘടനയ്‌ക്ക്‌ തന്നെ രാഷ്‌ട്രീയപ്പാര്‍ട്ടിയായി പ്രവര്‍ത്തിച്ചുകൂടേ?


ജമാഅത്തെ ഇസ്‌ലാമി ഭരണഘടന തന്നെയാണ്‌ പ്രധാന തടസ്സം. മതാധിഷ്‌ഠിത ആശയമുള്‍ക്കൊള്ളുന്നതിനാല്‍ രാഷ്‌ട്രീയപ്പാര്‍ട്ടിയാകാന്‍ സാധിക്കില്ല.

സോളിഡാരിറ്റിയുടെ സ്ഥാപക കാല നേതാക്കളില്‍ പ്രമുഖനാണ്‌ താങ്കള്‍. ആ നിലയ്‌ക്ക്‌ ആ സംഘടനയുടെ വളര്‍ച്ചയെയും പുതിയ പ്രവര്‍ത്തന ശൈലിയെയും എങ്ങനെ നോക്കിക്കാണുന്നു?


പൊളിറ്റിക്‌സും ആക്‌റ്റിവ ിസവും എന്നതാണ്‌ സോളിഡാരിറ്റിയുടെ ലൈന്‍. എന്നാല്‍ അതിന്റെ ആധിക്യം പ്രസ്ഥാന പ്രവര്‍ത്തകരുടെ ആത്മീയതയില്‍ വന്‍ ഇടിവു വരുത്തി. മാനസികമായി പാകപ്പെടാത്ത പുതിയ പ്രവര്‍ത്തകരെ നയിക്കാന്‍ നേതൃത്വത്തിന്നാവുന്നില്ല. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്‌ ശരിക്കും പ്രകടമായത്‌ നാം കണ്ടു. പ്രവര്‍ത്തകരുടെ വികാരവിക്ഷോഭങ്ങള്‍ പരിധി ലംഘിച്ചു. രാഷ്‌ട്രീയമാവുമ്പോള്‍ മതപ്രസ്ഥാനം കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങള്‍ ഇല്ലാതാവും. സദാചാരം തകരും. ഒന്നാം പരീക്ഷണമായ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇത്തരം ദുഷ്‌പ്രവണതകള്‍ക്ക്‌ അര ഡസന്‍ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ പറ്റും. ജമാഅത്തെ ഇസ്‌ലാമി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണ്‌. ഈ വക കാര്യങ്ങളെ മതവുമായി ബന്ധിപ്പിക്കുമ്പോള്‍ സ്വാഭാവികമായും സംഘടന പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടിവരും. അല്ലെങ്കില്‍ `നാട്ടുനടപ്പ്‌' എന്ന്‌ പറഞ്ഞ്‌ മൗനസമ്മതം നല്‍കേണ്ടിവരും.

പ്രസ്ഥാനത്തിലെ പുതിയ തലമുറയെക്കുറിച്ച്‌?


ജമാഅത്തെ ഇസ്‌ലാമി പാരമ്പര്യമായി ഉയര്‍ത്തിപ്പിടിച്ച സംഘടനാമൂല്യങ്ങള്‍ പുതിയ തലമുറയില്‍ ഇല്ല. (സംഘടന വിട്ടു എന്ന്‌ പ്രഖ്യാപിച്ച പത്രസമ്മേളനം കഴിഞ്ഞതു മുതല്‍ എന്റെ ഫോണിലേക്ക്‌ വരുന്ന കോളുകളും എസ്‌ എം എസ്സുകളും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഒരു എസ്‌ എം എസ്‌ വായിച്ച മക്കള്‍ ചോദിക്കുന്നു: ഇത്തരമാള്‍ക്കാരുടെ കൂടെയായിരുന്നോ ഉപ്പ ഇതുവരെ നിലകൊണ്ടിരുന്നത്‌?) വിമര്‍ശകരെ അരിഞ്ഞുവീഴ്‌ത്താനാണ്‌ അവര്‍ ശ്രമിക്കുന്നത്‌. എതിരാളി നശിച്ചുകാണണം എന്ന തോന്നലില്‍ നിന്നാണ്‌ ഇതുണ്ടാവുന്നത്‌. പ്രസംഗങ്ങളും പ്രഭാഷണങ്ങളും ആ വഴിക്ക്‌ നീങ്ങുന്നു. ശാപപ്രാര്‍ഥനകള്‍ വരെ നടത്തുന്നു. അതിരുകടന്ന പ്രയോഗങ്ങള്‍ ഉണ്ടാവുന്നു.

സംഘടനാപരമാണോ ഈ വിമര്‍ശനങ്ങള്‍?


അല്ല. അങ്ങനെയെങ്കില്‍ പഴയ തലമുറയില്‍ കാണേണ്ടതല്ലേ? സംഘടനാ താല്‍പര്യം വഴിമാറിപ്പോയതിന്റെ ഫലമാണ്‌. സമൂഹത്തെ എങ്ങനെ നയിക്കണമെന്നറിയില്ല. ഒറ്റപ്പെടലില്‍ നിന്നുണ്ടാകുന്നതാണ്‌ ഈ രൂക്ഷ വിമര്‍ശനങ്ങള്‍. മുന്‍ഗണന ക്രമത്തില്‍ സംഘടന ആദ്യമേ വരികയും സമുദായവും സമൂഹവും പിന്നീട്‌ വരികയും ചെയ്യുന്നു.

ജമാഅത്തെ ഇസ്‌ലാമി മുജാഹിദുകളുമായാണ്‌ കൂടുതല്‍ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കാറ്‌. എന്താണ്‌ കാരണം?


കര്‍മശാസ്‌ത്ര വിഷയങ്ങളില്‍ അയഞ്ഞ നിലപാടാണ്‌ ജമാഅത്തിനുള്ളത്‌. സുന്നികളുടെ ആചാരരീതികളെ ഉള്‍ക്കൊള്ളുന്നതില്‍ സംഘടനയ്‌ക്ക്‌ പ്രയാസമുണ്ടാവുന്നില്ല. അതേസമയം ജമാഅത്തെ ഇസ്‌ലാമി ഉര്‍ത്തിപ്പിടിക്കുന്ന രാഷ്‌ട്രീയ നിലപാട്‌, ഹാകിമിയ്യത്തില്‍ നിന്നാരംഭിക്കുന്ന വാദങ്ങള്‍ ഇവയെ മുജാഹിദുകളാണ്‌ വിമര്‍ശിക്കാറ്‌. ഇതാകട്ടെ ജമാഅത്തെ ഇസ്‌ലാമിയുടെ അസ്‌തിത്വത്തെ ചോദ്യം ചെയ്യുന്നതാണ്‌. ഇതുകൊണ്ട്‌ ജമാഅത്തെ ഇസ്‌ലാമിയുടെ കേരളത്തിലെ ടാര്‍ജറ്റ്‌ ഗ്രൂപ്പുകളില്‍ മുജാഹിദുകള്‍ തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്‌.

ജമാഅത്തെ ഇസ്‌ലാമിയുടെ കേഡര്‍ സംവിധാനത്തെ എങ്ങനെ വിലയിരുത്തുന്നു?


ഇതിന്റെ മതപരമായ വശം എന്തെന്ന്‌ പരിശോധിക്കപ്പെടണം. അതേസമയം സംഘടനയ്‌ക്കപ്പുറമുള്ള എല്ലാറ്റിനോടും അസഹിഷ്‌ണത ഉണ്ടാകുന്നത്‌ കേഡര്‍ സംവിധാനം കൊണ്ടാണ്‌. നേരത്തെ സൂചിപ്പിച്ചപോലെ ശത്രുക്കളെ അടച്ചാക്ഷേപിക്കുന്നതും മറ്റും ഇതിന്റെ ഭാഗമാണ്‌. കേഡര്‍ സംവിധാനമുള്ള സി പി എം, ബി ജെ പി പോലുള്ള സംഘടനകളില്‍ കാണുന്ന വൈകല്യം ഇതിലും ദൃശ്യമാകും. സംഘടന വിട്ട ശേഷം വന്ന ഫോണ്‍കോളുകള്‍ പരിശോധിച്ചാല്‍ സംഘടന നാളിതുവരെ നടത്തിയ തര്‍ബിയത്തു ക്ലാസുകള്‍ കൊണ്ട്‌ ഒരു പ്രയോജനവും ഉണ്ടായില്ലെന്ന്‌ തോന്നിപ്പോകും.

വിമര്‍ശകരെ ശത്രുക്കളായിക്കാണുന്ന സമീപനത്തെക്കുറിച്ച്‌ പറഞ്ഞല്ലോ. ഡോ. എം കെ മുനീര്‍, കെ എം ഷാജി തുടങ്ങിയവരോടൊക്കെയുള്ള ജമാഅത്ത്‌ നേതൃത്വത്തിന്റെ വൈരാഗ്യ മനോഭാവം അതിനുദാഹരണമാണോ?


സമുദായത്തിനകത്തു നിന്നുള്ള വിമര്‍ശനങ്ങളെയാണ്‌ ജമാഅത്ത്‌ ഏറ്റവും കൂടുതല്‍ ഭയക്കുന്നത്‌. അതേസമയം മുനീറും ഷാജിയും ഉന്നയിച്ചതിനെക്കാള്‍ വലിയ ആരോപണങ്ങള്‍ ഉന്നയിച്ച പിണറായി വിജയനെ വിമര്‍ശിക്കുന്നില്ല. മറിച്ച്‌ പിന്തുണയുമായി വീണ്ടും അങ്ങോട്ട്‌ ചെല്ലുകയാണ്‌. ഇതാണ്‌ വൈരുധ്യം. ഇതിന്‌ രണ്ട്‌ കാരണങ്ങളുണ്ട്‌. ഒന്ന്‌, പിണറായി സംഘടനയെ കുറിച്ച്‌ പൊതുസമൂഹത്തില്‍ ഇളക്കിവിട്ട ധാരണ ഇല്ലാതാക്കുക. അതിന്‌ അവരുമായി സൗഹൃദം സ്ഥാപിക്കുക. മുനീറും ഷാജിയും സംഘടനയെക്കുറിച്ച്‌ ഉന്നയിക്കുന്ന തീവ്രവാദ, ഭീകരവാദ പ്രയോഗങ്ങള്‍ ഒറ്റുകാരന്റെ ലേബലിലാക്കുക. കടുത്ത നിലപാടില്‍ പ്രതികരിക്കുക.

കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?


കാല്‍ നൂറ്റാണ്ട്‌ കാലത്തോളം താങ്കള്‍ ജമാഅത്തിനൊപ്പം യാത്ര ചെയ്‌തു. മാറിയ നേതൃത്വങ്ങളെ അടിത്തറിഞ്ഞു. എന്തു തോന്നുന്നു?
1988ലാണ്‌ ഞാന്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ ചേരുന്നത്‌. ഈ കാലയാളവില്‍ രാഷ്‌ട്രീയ, സാമൂഹ്യരംഗത്തെ പലരുമായി സൗഹൃദം പങ്കുവെക്കാനും ആശയം കൈമാറാനും അവസരം ലഭിച്ചു. മുന്‍ അമീര്‍ കെ എ സിദ്ദീഖ്‌ ഹസന്‍ സാഹിബിന്റെ കാലഘട്ടത്തിലുണ്ടായ സ്വീകാര്യത ജമാഅത്തെ ഇസ്‌ലാമിക്ക്‌ കുറഞ്ഞുവരികയാണ്‌. സമുദായത്തിലെയും സമൂഹത്തിലെയും വ്യത്യസ്‌ത മേഖലകളിലെ ആളുകളെ മുഖവിലക്കെടുക്കാന്‍ പിന്നീട്‌ വന്ന നേതൃത്വത്തിന്‌ സാധിച്ചില്ല. പ്രസ്‌തുത കാലഘട്ടത്തിലാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ പബ്ലിക്‌ റിലേഷന്‍ ഏറ്റവും ഫലപ്രദമായത്‌. പിന്നീട്‌ ഇതിന്‌ മാറ്റംവന്നു. കാലവും സമയവും വൃഥാവിലാക്കുന്ന ഏര്‍പ്പാടായി സംഘടനാ പ്രവര്‍ത്തനം മാറുന്നതാണ്‌ ഇപ്പോള്‍ കാണുന്നത്‌.

കഴിഞ്ഞ പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കിയതുമായി ബന്ധപ്പെട്ട്‌ താങ്കള്‍ ചില വഴിവിട്ട നീക്കങ്ങള്‍ നടത്തിയതായി പരാതിയുണ്ടല്ലോ?


വയനാട്‌ മണ്ഡലത്തില്‍ എം ഐ ഷാനവാസിന്‌ പിന്തുണ നല്‌കാന്‍ ജമാഅത്തെ ഇസ്‌ലാമി ഐകകണ്‌ഠ്യേനയാണ്‌ തീരുമാനമെടുത്തത്‌. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ ഷാനവാസിനെ നേതൃത്വവുമായി ബന്ധിപ്പിച്ചത്‌ ഞാനാണ്‌. ഷാനവാസിന്‌ പിന്തുണ വാങ്ങിക്കൊടുത്തതിന്റെ മറവില്‍ ഞാന്‍ കമ്മീഷന്‍ പറ്റി എന്ന വിലകുറഞ്ഞ ദുരാരോപണങ്ങളുമായി ഇപ്പോള്‍ ചിലര്‍ രംഗത്തുണ്ട്‌. അടിസ്ഥാനരഹിതമാണത്‌. അങ്ങനെ ആരോപിക്കുന്നത്‌ ചില ലക്ഷ്യത്തോടെയാണ്‌. ആ വാദം ശരിയാണെന്നു വന്നാല്‍ വോട്ടുമറിക്കാന്‍ ജമാഅത്ത്‌ പണം പറ്റി എന്നാണുവരുന്നത്‌. കാരണം, ജമാഅത്തിന്റെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്‌ ഞാന്‍ ഷാനവാസുമായി ബന്ധപ്പെട്ടത്‌!


സാമ്രാജ്യത്വം, ആണവ കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ കോണ്‍ഗ്രസിന്റെ നിലപാട്‌ തന്നെയല്ലേ ഷാനവാസിനും. അപ്പോള്‍ ഷാനവാസിനെ പിന്തുണച്ചത്‌ എങ്ങനെ ന്യായീകരിക്കും?


ഷാനവാസിന്‌ മാത്രമല്ല, ഇന്ത്യയില്‍ ഇരുനൂറിലധികം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്‌തിട്ടുണ്ട്‌. ഷാനവാസിനെപ്പോലുള്ള ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ ഗുണകരമാവും എന്ന്‌ മാത്രമേ പിന്തുണയുമായി ബന്ധപ്പെട്ട്‌ കരുതിയുള്ളൂ.


കഴിഞ്ഞ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ നേതൃത്വത്തിലുള്ള ജനകീയ വികസന മുന്നണി മത്സരിക്കുകയുണ്ടായല്ലോ. കനത്ത തിരിച്ചടിയാണ്‌ മത്സരരംഗത്ത്‌ ജമാഅത്തിന്നുണ്ടായത്‌. അതേക്കുറിച്ച്‌ പുനരാലോചന നടത്തിയിരുന്നോ?


പ്രായോഗിക രാഷ്‌ട്രീയത്തില്‍ ജമാഅത്തെ ഇസ്‌ലാമിയുടെ പരിമിതി ശരിക്കും ബോധ്യപ്പെടുത്തുന്നതായിരുന്നു തെരഞ്ഞെടുപ്പ്‌ മത്സരം. പ്രവര്‍ത്തകരില്‍ അമിത ആത്മവിശ്വാസമാണ്‌ നേതൃത്വം ഉണ്ടാക്കിയത്‌. പ്രത്യേകിച്ച്‌ വനിതാ പ്രവര്‍ത്തകരില്‍. പ്രചാരണം കൊടുമ്പിരി കൊള്ളുന്ന ഘട്ടത്തില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ച എനിക്ക്‌ ബോധ്യമായ കാര്യങ്ങള്‍ ഞാന്‍ നേതൃത്വവുമായി പങ്കുവെച്ചിരിന്നു. പരമാവധി 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന്‌ എനിക്ക്‌ ബോധ്യമായിരുന്നു. ഇത്‌ തുറന്നുപറയണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാതായാല്‍ പ്രസ്ഥാനപ്രവര്‍ത്തകരില്‍ മനോരോഗികള്‍ വര്‍ധിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു.


ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ വികലവും യുക്തിഹീനവുമാണെന്നാണോ പുതിയ അനുഭവങ്ങള്‍ അടിവരയിടുന്നത്‌?


ദീര്‍ഘവീക്ഷണമില്ലാതെ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍ ഇടപെട്ടതുകൊണ്ട്‌ നിരവധി പ്രശ്‌നങ്ങളുണ്ടായി. ഓരോന്നിനെയും മറികടക്കാന്‍ പിന്നീട്‌ വിശദീകരണങ്ങള്‍ കണ്ടെത്തേണ്ട ഗതികേട്‌. ഇതിനായി സംഘനയുടെ വിലപ്പെട്ട ഊര്‍ജം ചെലവഴിക്കേണ്ടി വരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ തെരഞ്ഞെടുപ്പ്‌ നയങ്ങള്‍ ക്രോഡീകരിച്ചാല്‍ അത്‌ ലോകത്തെ ഏറ്റവും കൂടുതല്‍ വൈരുധ്യങ്ങളടങ്ങിയ പുസ്‌തകമായിരിക്കും.

ഭാവി പരിപാടി?


പെട്ടെന്ന്‌ ഒരു സംഘടനാ മാറ്റം ഉദ്ദേശിക്കുന്നില്ല. സാവധാനം ആലോചിച്ച്‌ തീരുമാനിക്കും. നിലവിലുള്ള സംഘടിത മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള എളിയ ശ്രമങ്ങള്‍ നടത്തും. പാര്‍ലമെന്ററി താല്‌പര്യമില്ല. ദിവസം പതിനെട്ട്‌ മണിക്കൂര്‍ ജോലി ചെയ്യുന്ന ഞാന്‍ വെറുതെയിരിക്കില്ല. എല്ലാം തെളിയട്ടെ. വായനയ്‌ക്കും എഴുത്തിനും സമയം നീക്കിവെക്കും. സമൂഹത്തിനും സമുദായത്തിനും വേണ്ടി കുറച്ചെങ്കിലും ചെയ്യണമെന്നുണ്ട്‌. അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട്‌ യോജിക്കാന്‍ പറ്റിയ മേഖലയില്‍ യോജിച്ച്‌ പ്രവര്‍ത്തിക്കും'] (അവലംബം)

***************************************

അഭിമുഖം വായിച്ചുവല്ലോ. എന്താണ് ഈ അഭിമുഖത്തിന്റെ പ്രസക്തി.

16 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

സംഭവമറിയാത്ത ആരെങ്കിലുമുണ്ടെങ്കില് ആദ്യം ഇവിടെ നോക്കുക.

CKLatheef പറഞ്ഞു...

Mahaboob Pathappiriyam Ali said..

അസംബ്ലി തെരഞ്ഞെടുപ്പിലെ നമ്മുടെ നിലപാടിനോട്‌, അത്‌ പ്രഖ്യാപിക്കപ്പെടുന്നതിന്‌ മുമ്പ്‌ തന്നെ, വിയോജിപ്പ്‌ പറഞ്ഞ്‌ ഒരു സഹോദരന്‍ പടിയിറങ്ങിപ്പോയതും കഴിഞ്ഞ ആഴ്‌ചയിലാണ്‌. തന്റെ അഭിപ്രായം സംഘടന സ്വീകരിച്ചില്ല എന്നതാണ്‌ ഇറങ്ങിപ്പോക്കിന്‌ കാരണമായി അദ്ദേഹം പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്‌. ഓരോ ആളും അയാളുടെ അഭിപ്രായം തന്നെയാണ്‌ ശരി എന്ന്‌ വിശ്വസിക്കുകയും അതിനെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ ഇറങ്ങിപ്പോവുകയും ചെയ്യുകയാണെങ്കില്‍ ലോകത്ത്‌ ഒരു സംഘടനക്കും നിലനില്‍ക്കാന്‍ സാധ്യമല്ല. അഭിപ്രായ വൈവിധ്യങ്ങളുള്ള വ്യക്തികള്‍ ചേര്‍ന്നതാണ്‌ സംഘടന. ഈ വൈവിധ്യങ്ങളെ പരസ്‌പരം ആദരിച്ചും പരിഗണിച്ചും വിശകലനം ചെയ്‌തും സന്തുലിതമായ ഒരു നിലപാടിലെത്തുമ്പോഴാണ്‌ സംഘടനയുണ്ടാവുന്നത്‌ തന്നെ. തന്റെ അഭിപ്രായത്തെ സംഘടന സ്വീകരിക്കാതിരിക്കുമ്പോള്‍ പത്രസമ്മേളനം വിളിക്കാന്‍ നിന്നാല്‍ ഓരോരുത്തരും ദിവസേന നിരവധി തവണ പത്രസമ്മേളനം വിളിക്കേണ്ടി വരും. സംഘടനാ ജീവിതത്തെക്കുറിച്ച്‌ പൊതുവെയും ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടനാ സംസ്‌കാരത്തെക്കുറിച്ച്‌ സവിശേഷമായും ഉണ്ടായിരിക്കേണ്ട വളരെ പ്രാഥമികമായ ഒരു പാഠം ആ സഹോദരന്‍ ഒട്ടുമേ ഗ്രഹിച്ചില്ല എന്നാണ്‌ ഇതില്‍ നിന്ന്‌ മനസ്സിലാക്കേണ്ടത്‌.

ആളുകള്‍ പടിയിറങ്ങിപ്പോവുകയെന്നത്‌ ഈ പ്രസ്ഥാനത്തില്‍ ആദ്യമല്ല. മഹാന്മാരായിട്ടുള്ള പലരും അങ്ങിനെ ചെയ്‌തിട്ടുണ്ട്‌. വിശ്വപ്രസിദ്ധനായ അബുല്‍ ഹസന്‍ അലി നദ്‌വി, മൗലാനാ അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി, മൗലാനാ ശംസ്‌ പീര്‍സാദ, മൗലാനാ സിയാവുര്‍റഹ്‌മാന്‍, മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ തുടങ്ങിയ പര്‍വതസമാനമായ വ്യക്തിത്വത്തിനും സാഗരസമാനമായ പാണ്‌ഡിത്യത്തിനും ഉടമകളായ ആളുകള്‍ ഈ പ്രസ്ഥാനത്തില്‍ നിന്ന്‌ ഇടക്ക്‌ വെച്ച്‌ പിരിഞ്ഞുപോയവരാണ്‌. നമുക്കിടയിലെ ഒരു സാധാരണക്കാരനെ ആ മഹാന്മാരോട്‌ താരതമ്യം ചെയ്യുന്നത്‌ പ്രസക്തമല്ല. എന്നാലും ഒരു കാര്യം നാം ചിന്തിക്കേണ്ടതുണ്ട്‌. നാം പറഞ്ഞ നേതാക്കളും പ്രസ്ഥാനവും തമ്മില്‍ എല്ലാകാലവും അനിതര സാധാരണമായ സ്‌നേഹബന്ധം നിലനിന്നിരുന്നു. പ്രസ്ഥാനത്തോട്‌ വിയോജിക്കവെ തന്നെ അവര്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചിരുന്നു. പ്രതിസന്ധി ഘട്ടങ്ങളില്‍ അവര്‍ക്കാവും വിധം താങ്ങ്‌ നല്‍കിയിരുന്നു. വൈജ്ഞാനികവും നിലപാടുപരവുമായ വിയോജിപ്പുകള്‍ ഉണ്ടായിരിക്കെത്തന്നെ അവര്‍ക്ക്‌ തരിമ്പും ശത്രുതയുണ്ടായിരുന്നില്ല. അവരാരും വിയോജിപ്പുകള്‍ വിളിച്ചു പറയാന്‍ പത്രസമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നില്ല. ആ അര്‍ഥത്തില്‍ പരിശോധിക്കുമ്പോള്‍ കഴിഞ്ഞയാഴ്‌ച പിരിഞ്ഞു പോയ സഹോദരന്റെ കാര്യം പ്രസ്‌ഥാന ചരിത്രത്തിലെ അപൂര്‍വമായ ഒരു അനുഭവമാണ്‌. ഏറ്റവും താഴെക്കിടയിലുള്ള ഒരു സാധാരണ പ്രവര്‍ത്തകനുണ്ടാവേണ്ട സാമാന്യമായ ഔചിത്യബോധത്തിന്റെ കണികാംശം പോലും സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ബോഡിയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ക്കുണ്ടായില്ല എന്നത്‌ ഗൗരവമായി നാം എടുക്കുന്നുണ്ട്‌. ആശയപരമോ നിലപാടുപരമോ ആയ വിയോജിപ്പുകളല്ല; മറിച്ച വ്യക്തിപരമായ ചില കാര്യങ്ങളായിരുന്നു അതിന്‌ പിന്നിലെന്നതാണ്‌ യാഥാര്‍ഥ്യം. നമ്മുടെ പ്രസ്ഥാനം വ്യക്തികളുടെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ കാണിക്കുന്ന കണിശതയെ ആ സഹോദരന്‍ ചൂഷണം ചെയ്‌തുവെന്ന്‌ മാത്രം.

CKLatheef പറഞ്ഞു...

Sajjad Vaniyambalam said...

'സംഘടന ഡ്രോപ്പ് ഔട്ട്‌മാര്‍ക്കെതിരെ സംഘടന അതിന്‍റെ വിപുലമായ കമ്മ്യൂണിക്കേശന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് അപവാദ പ്രചാരണങ്ങള്‍ നടത്തുമ്പോള്‍ അതിനെ ചെറുക്കാന്‍ വിമതര്‍ എതിര്‍ സംഘടനയുടെ മാധ്യമങ്ങള്‍ ഉപയോഗപെടുത്തുംപോള്‍ അത് അവര്‍ക്ക് തന്നെ വിനയവാറുണ്ട്..പലപ്പോഴും വിമതന്‍ ഉദേശിക്കത്ത അര്‍ത്ഥങ്ങളിലേക്കും ഊന്നലുകളിലേക്കും ഒക്കെ അഭിമുഖം നീണ്ടു എന്ന് വരാം.അവര്‍ ഉയര്‍ത്തുന്ന മൗലികമായ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര ചര്‍ച്ച ചെയ്യപെടതിരിക്കാനും വിമതനെ കുറിച്ച് കടുത്ത മുന്‍വിധി രൂപം കൊല്ലാനുമൊക്കെ അത് കാരണമാവും .. ഓ.അബ്ദുള്ള ആദ്യഘട്ടത്തില്‍ പറഞ്ഞതായി വന്ന പല കാര്യങ്ങളും ആ പ്രസിദ്ധീകരണത്തന്‍റെ തന്‍റെ വ്യഖ്യാനങ്ങലയിരുന്നു എന്ന് പിന്നീട് അദ്ധേഹത്തിനു തന്നെ പറയേണ്ടി വന്നിട്ടുണ്ട്..'

CKLatheef പറഞ്ഞു...

Riyas Abdulsalam said..

സംഘടന എന്തഅപവാദ പ്രചരണമാണ്‌ ഹമീദ് സാഹിബിനെതിരെ നടത്തുന്നത്, അല്ലെങ്കില്‍ ഓ . അബ്ദുല്ല സാഹിബിനെതിരെ നടത്തിയിട്ടുള്ളത് ?
അങിനെ ഒരു ശ്രമം സംഘടനയുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെങ്കില്, ഈ സംഘടനയുടെ പ്രചരണ സംവിധാനം വളരെ പരാജയമാണ്‌ എന്നാണ്‌ ഞാന്‍ പറയുക.

CKLatheef പറഞ്ഞു...

>>> വിമതര്‍ എതിര്‍ സംഘടനയുടെ മാധ്യമങ്ങള്‍ ഉപയോഗപെടുത്തുംപോള്‍ അത് അവര്‍ക്ക് തന്നെ വിനയവാറുണ്ട്..പലപ്പോഴും വിമതന്‍ ഉദേശിക്കത്ത അര്‍ത്ഥങ്ങളിലേക്കും ഊന്നലുകളിലേക്കും ഒക്കെ അഭിമുഖം നീണ്ടു എന്ന് വരാം.അവര്‍ ഉയര്‍ത്തുന്ന മൗലികമായ ചോദ്യങ്ങള്‍ക്ക് വേണ്ടത്ര ചര്‍ച്ച ചെയ്യപെടതിരിക്കാനും വിമതനെ കുറിച്ച് കടുത്ത മുന്‍വിധി രൂപം കൊല്ലാനുമൊക്കെ അത് കാരണമാവും .. ഓ.അബ്ദുള്ള ആദ്യഘട്ടത്തില്‍ പറഞ്ഞതായി വന്ന പല കാര്യങ്ങളും ആ പ്രസിദ്ധീകരണത്തന്‍റെ തന്‍റെ വ്യഖ്യാനങ്ങലയിരുന്നു എന്ന് പിന്നീട് അദ്ധേഹത്തിനു തന്നെ പറയേണ്ടി വന്നിട്ടുണ്ട്.. <<<

സജ്ജാദ് ഇത്രയും പറഞ്ഞതിനോട് അനുകൂലിക്കുന്നു. ജമാഅത്ത് നിന്ന് പുറത്ത് പോകുന്നവരെ സംബന്ധിച്ചിടത്തോളം, സംഘടന അപവാദ പ്രചരണം നടത്തിയിട്ടില്ലെങ്കില് പോലും കടുത്ത സമ്മര്ദ്ദത്തിലാകും. കാരണം പറയാന് കൊള്ളാവുന്ന കാരണങ്ങള് ലഭിച്ചിട്ടല്ല പുറത്ത് പോകുന്നത് എന്നതുകൊണ്ടുതന്നെ. ആദ്യം ഹമീദ് പറഞ്ഞകാരണം ഞാന് മുന്പൊരിക്കല് സൂചിപ്പിച്ച പോലെ ഇടതുപക്ഷത്ത് നിന്ന് ആര്കെങ്കിലും രാജിവെക്കാനുള്ള ന്യായമേ ആകുന്നുള്ളൂ. ഇവിടെ തന്നെ പറയുന്നത് കാണുക. ഇടതുപക്ഷം വാക്കുപാലിച്ച് ബാക്ക് ലോഗ് നികത്തിയില്ല എന്നത്. ജമാഅത്തെ ഇസ്ലാമി ഒരു രാഷ്ട്രീയ പാര്ട്ടിയല്ല. രാഷ്ട്രീയം അതിന്റെ ഒരു ഭാഗം മാത്രമാണ്. സന്പുര്ണ ഇസ്ലാമിക പ്രസ്ഥാനത്തില് സാധ്യമാകുന്ന പ്രവര്ത്തനം എന്ന നിലക്കാണ് ചിലപിന്തുണകളും മറ്റും നല്കുന്നത്. ഭൂരിപക്ഷാഭിപ്രായത്തില് ഒരു പാര്ട്ടിയെ പിന്തുണച്ചുവെന്നത് ഹമീദ് സാഹിബിന് ജമാഅത്ത് വിടാനുള്ള കാരണമായിട്ടുണ്ടെങ്കില് അദ്ദേഹം എന്തിന് വേണ്ടി ആര്ക്ക് വേണ്ടിയാണ് ഇത്രകാലം പ്രവര്ത്തിച്ചത് എന്ന് ചോദ്യം അന്വേഷണം അര്ഹിക്കുന്നതായി മാറുന്നു.

CKLatheef പറഞ്ഞു...

മുജാഹിദുകള്‍ ആഗ്രഹിച്ച മറുപടിയൊന്നും ഹമീദ് സാഹിബില്‍നിന്ന് ലഭിച്ചിട്ടില്ല എന്നാണ് വായിക്കുമ്പോള്‍ മനസ്സിലാക്കുന്നത്. ഈ സമയത്ത് അവരുടെ സംഘടന പിളര്‍ന്നപ്പോള്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ ഇതുമായി താരതമ്യം ചെയ്യുക.

ചോദ്യവും ഉത്തരവും ശ്രദ്ധിച്ചാല് അരിയെത്ര എന്നതിന് പയറഞ്ഞാഴി എന്നാണ് മിക്കയിടത്തും മറുപടി.

ആദ്യകാല പ്രവര്‍ത്തകര്‍ക്കുള്ള തര്‍ബിയത്ത് ഇപ്പോഴത്തെ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നില്ല എന്നത് വസ്തുത മാത്രമാണ്. അത് മാത്രമേ അദ്ദേഹത്തിനും പറയാനുള്ളൂ. ഹാക്കിമിയത്തൊന്നും അത്ര ഹമീദ് സാഹിബിന് പിടിച്ചിട്ടില്ല എന്നുതന്നെയാണ് മനസ്സിലാക്കാന്‍ കഴിയുന്ന മറ്റൊരു കാര്യം.

ജമാഅത്തിന് രാഷ്ട്രീയ സംഘടനയായി പ്രവര്‍ത്തിച്ചുകൂടെ എന്ന ചോദ്യം ഈ കൂട്ടരുടെ രാഷ്ട്രീയ വിജ്ഞാനത്തിന്റെ ആഴം വ്യക്തമാക്കും. ഉത്തരം കേട്ട ശേഷമെങ്കിലും ആ വിവരക്കേട് പത്രത്തില്‍ നല്‍കിയത് എന്തിന്റെ സൂചനയാണ്?.

ജമാഅത്തിന് ഒരു രാഷ്ട്രീയ വിംഗ് വന്നാല്‍ തങ്ങള്‍ ലീഗിനും കോണ്‍ഗ്രസിനും മാര്‍കിസ്റ്റ് പാര്‍ട്ടിക്കും വോട്ടുചെയ്യുന്നതും അതിന്റെ മുഴുസമയ പ്രവര്‍ത്തകരായിരിക്കുന്നതും ന്യായീകരിക്കപ്പെടും എന്ന ദിവാസ്വപ്‌നത്തിലാണ് മുജാഹിദ് നേതൃത്വം എന്നതിന് അടിവരയിടുന്ന ചോദ്യവും ഇവിടെ കാണാനുണ്ട്.

പുതിയ പാര്‍ട്ടിക്ക് ആയുസുണ്ടാവില്ല എന്നതാണ് ഒരു കണ്ടുപിടുത്തം. ശരിയായി മാറിയേക്കാം. എന്നാലും പ്രസ്ഥാന തീരുമാനം അതിന്റെ അടിസ്ഥാനത്തില്‍ തെറ്റാണ് എന്ന് പറയുന്നത് എങ്ങനെ.

CKLatheef പറഞ്ഞു...

Abdul Samad said.. തെറ്റിയാല്‍ തെറി പറയുക എന്നത് ഇസ്ല്ലാഹി പ്രസ്ഥാനം പഠിപ്പിച്ച തര്ബിയ്യതാണ്, അതുകൊണ്ടാണല്ലോ അവര്‍ മറ്റേ വിഭാഗത്തെ മടവൂരികള്‍ എന്ന് പറയുന്നത്, മാത്രമല്ല അവരുടെ പ്രവര്‍ത്തകരും എപ്പോഴും ദേഷ്യത്തോടെ പെരുമാരുന്നവരാന്.

CKLatheef പറഞ്ഞു...

>>> ഷാനവാസിന്‌ മാത്രമല്ല, ഇന്ത്യയില്‍ ഇരുനൂറിലധികം കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ ജമാഅത്തെ ഇസ്‌ലാമി വോട്ടു ചെയ്‌തിട്ടുണ്ട്‌. ഷാനവാസിനെപ്പോലുള്ള ഒരാള്‍ പാര്‍ലമെന്റില്‍ എത്തിയാല്‍ അത്‌ മുസ്‌ലിംകള്‍ക്ക്‌ ഗുണകരമാവും എന്ന്‌ മാത്രമേ പിന്തുണയുമായി ബന്ധപ്പെട്ട്‌ കരുതിയുള്ളൂ. <<<

ഇനിയേതായാലും മുജാഹിദുകള്‍ക്ക് ഇക്കാര്യത്തില് സംശയമുണ്ടായിരിക്കില്ല. :)

ഷാനവാസിനുള്ള പിന്തുണയുടെ കാര്യത്തില്‍ അത് ജമാഅത്ത് തീരുമാനത്തിന് വിധേയമായിട്ടായിരുന്നെങ്കിലും ഹമീദ് സാഹിബിന്റേത് തികച്ചും അസ്വാഭാവികമായ ബന്ധമായിട്ടാണ് എനിക്ക് തോന്നിയിരുന്നത്. പിന്തുണ പ്രഖ്യാപിച്ച ഉടനെയുള്ള അദ്ദേഹത്തിന്റെ ഷാനവാസിനുള്ള വിളിക്ക് സാക്ഷിയയായിരുന്നു. ഇദ്ദേഹം കോണ്‍ഗ്രസുകാരനാണോ അതല്ലലീഗുകാരനോ എന്ന സംശയമാണ് ആദ്യമായി എനിക്കുണ്ടായത്. തന്റെ പ്രാസ്ഥാനിക വ്യക്തിത്വം അവിടെ തീരെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.

ഷാനവാസിന്റെ കാര്യത്തില്‍ ഹമീദ് സാഹിബിനുള്ള പ്രത്യേകമായ താല്‍പര്യം ശൂറയില്‍ മറച്ചുവെക്കുകയും അതേ സമയം അദ്ദേഹത്തിന് അനുഗുണമാകും വിധം ശൂറയുടെ ഭൂരിപക്ഷത്തെ മാറ്റിയെടുക്കുകയും ചെയ്യുക എന്നത് അസംഭവ്യമല്ല. ശൂറാ തീരുമാനത്തിന്റെ അന്തസത്ത അതിന്റെ ഭൂരിപക്ഷാഭിമുഖ്യമാണ്.

ഹമീദ് സാഹിബിന്, ഇപ്രാവശ്യത്തെ വോട്ട് മൊത്തമായി യുഡിഎഫിന് മറിക്കാനുള്ള തന്റെ ഇഛയെ ഒരൊറ്റ വ്യക്തിയെകൊണ്ടുപോലും അംഗീകരിപ്പിക്കാനായില്ല എന്നതാണ് വസ്തുത.

CKLatheef പറഞ്ഞു...

ഒരു നേതാവിന് തന്റെ പ്രസ്ഥാനത്തെ പകുതിയാക്കി പിളര്‍ത്താന്‍ കഴിയുന്ന കേരള മതരംഗത്ത് ഒറ്റയാളു പോലും തന്റെ പിന്നാലെ വരില്ല എന്ന തിരിച്ചറിവ് ചിന്തനീയമാണ്. "ഒരു കേഡര്‍ സംഘടനയെന്ന നിലക്ക് പ്രവര്‍ത്തകര്‍ ചിന്തിക്കുമെങ്കിലും പുറത്ത് പോകാന്‍ കഴിയില്ല" എന്നാണ് ചാനലുകാരോട് അദ്ദേഹം പറയുന്നത്. കഴിയില്ല എന്നായിരുന്നില്ല പറയേണ്ടിയിരുന്നത്. (കഴിയുമെന്ന് അദ്ദേഹം തന്നെ തെളിയിച്ചല്ലോ) ചിന്തിക്കുന്നതിനാല്‍ തന്റെ തന്റെ വാദം അവര്‍ക്ക് ബോധ്യപെടാത്തതിനാല്‍ പുറത്ത് വരാന്‍ സാധ്യതയില്ല എന്നായിരുന്നു സത്യസന്ധമായ പ്രയോഗം.

CKLatheef പറഞ്ഞു...

‎>>> പരമാവധി 25 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളൂവെന്ന്‌ എനിക്ക്‌ ബോധ്യമായിരുന്നു. ഇത്‌ തുറന്നുപറയണമെന്നും ഞാന്‍ ആവശ്യപ്പെട്ടിരുന്നു. അല്ലാതായാല്‍ പ്രസ്ഥാനപ്രവര്‍ത്തകരില്‍ മനോരോഗികള്‍ വര്‍ധിക്കുമെന്നും ഞാന്‍ പറഞ്ഞിരുന്നു. <<<

പ്രസ്ഥാനപ്രവര്‍ത്തകരില്‍ എന്നിട്ട് മനോരോഗികള്‍ വര്‍ദ്ധിച്ചോ. ഞങ്ങളുടെ നാട്ടിലും മേഖലയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Kader പറഞ്ഞു...

പ്രസ്ഥാന താൽ‌പര്യത്തേക്കാളുപരി വെക്തിപരമായതാൽ‌പ്പര്യമാണ് ഹമീദ്സാഹിബിന് ഈ വിധത്തിലാക്കിയത് എന്ന ധാരണ തെറ്റാകുമോ?

CKLatheef പറഞ്ഞു...

തെറ്റാകുമെന്ന് പറയാന്‍ കഴിയില്ല. കാരണം അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാദങ്ങള്‍ കാര്യമായി വെല്ലുവിളിക്കുന്നത് മനുഷ്യന്റെ സാമാന്യബുദ്ധിയെ തന്നെയാണ്.

മുജാഹിദുകള്ക്കത് മനസ്സിലാകുന്നില്ലെങ്കിലും.

റിംഷാദ് RiM sHaD പറഞ്ഞു...

"25 ശൂറാ അംഗങ്ങളില്‍ ഞാന്‍ മാത്രമാണ്‌ ഈ വാദം ഉന്നയിച്ചത്‌"

തന്റെ അഭിപ്രായം മാത്രമാണ് ശരി എന്ന് കരുതുന്ന അഹങ്കാരികളുടെ കൂട്ടത്തില്‍ അള്ളാഹു നമ്മെ ഉള്‍പ്പെടുത്തുമാറാതിരിക്കട്ടെ ...

ഷെബു പറഞ്ഞു...

ഹമീദ് വാണിമേലിന്റെ കാര്യത്തില് ഞാന് ഇപ്പോള് പ്രതികരിക്കുന്നില്ല, അല്പം കൂടി കാത്തിരുന്നാള് കൂടുതല് വിവരങള് അറിയാം, എന്തിന് പോയി എന്നൊക്കെ. അപ്പോള് പിന്നെ പ്രതികരിക്കേണ്ടിയും വരില്ല.

ഷെരീഫ് കൊട്ടാരക്കര പറഞ്ഞു...

ചോദ്യം:-“എന്താണ് ഈ അഭിമുഖത്തിന്റെ പ്രസക്തി“.

ഉത്തരം:-“നിലവിലുള്ള സംഘടിത മുസ്‌ലിം രാഷ്‌ട്രീയപ്പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള എളിയ ശ്രമങ്ങള്‍ നടത്തും.“

ഒരു മുന്‍ കൂര്‍ ജാമ്യം ഈ അഭിമുഖം അഥവാ ഭാവിയിലേക്കുള്ള ഒരു ദിശാ സൂചന.

Noushad Vadakkel പറഞ്ഞു...

അഭിമുഖം : ഹമീദ്‌ വാണിമേല്‍ /സി പി സൈതലവി ;)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK