'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വ്യാഴാഴ്‌ച, ഏപ്രിൽ 28, 2011

ഇസ്ലാമിന്റെ രാഷ്ട്രീയാടിത്തറകള്‍..

Abdul Latheef
ഇസ്ലാമിന്റെ രാഷ്ട്രീയം
മനുഷ്യന്റെ ഇഹപര സൗഭാഗ്യത്തിന് ദൈവം നല്‍കിയ മാര്‍ഗദര്‍ശനമാണ് ഇസ്ലാം. മനുഷ്യജീവിതത്തിന്റെ ഏതെങ്കിലും ഒരു മേഖല പ്രസ്തുത മാര്‍ഗനിര്‍ദ്ദേശത്തില്‍നിന്ന് ഒഴിവാക്കുക എന്നാല്‍ ഇസ്ലാമിക ദര്‍ശനം സമ്പൂര്‍ണമല്ല എന്ന് അംഗീകരിക്കുന്നതിന് തുല്യമാണ്. ഇസ്ലാമിനെ നാം പ്രാഥമിക പഠനത്തിന് വിധേയമാക്കിയാല്‍ പോലും ജീവിതത്തിലെ ഒരു മണ്ഡലവും അത് ഒഴിവാക്കിയിട്ടില്ല എന്ന് മനസ്സിലാക്കാന്‍ കഴിയും. ജീവിതത്തിലെ സുപ്രധാനമായ ഒരു മേഖലയാണ് രാഷ്ട്രീയ മേഖല.


ഇസ്ലാം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ഈ രംഗത്തും നാം പാലിക്കുമ്പോഴേ ഇസ്ലാമിനെ പൂര്‍ണമായി നാം ഉള്‍കൊണ്ടൂ എന്ന് പറയാന്‍ കഴിയൂ. ഭദ്രമായ അടിത്തറയിലാണ് ഇസ്ലാമിക രാഷ്ട്രീയ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നത്. രാഷ്ട്രീയ ഇസ്ലാം അപകടകരമാണ് എന്ന തെറ്റിദ്ധാരണ വ്യപകമായി പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നത് അതിനെ മനസ്സിലാക്കുന്നതിനോ മനസ്സിലാക്കി കൊടുക്കുന്നതിനോ ഒരു മുസ്ലിമിന് തടസ്സമാകാന്‍ പാടില്ല. ഇസ്ലാം സമാധാനമാണ് എന്ന് കരുതുന്ന മുസ്ലിംകളില്‍ പോലും ചിലര്‍ ഇസ്ലാമിന്റെ രാഷ്ട്രീയം അപകടകരമാണ് എന്ന തെറ്റിദ്ധാരണക്ക് വിധേമായിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിവരുന്നു.


ഇസ്ലാമിന്റെ രാഷ്ട്രീയം എന്നാല്‍ രാജ്യത്ത് ഇസ്ലാമിന്റെ ക്രിമിനല്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിന്റെ പേരാണ് എന്ന ധാരണയും ഇസ്ലാമിന്റെ രാഷ്ട്രീയത്തെക്കുറിച്ച അറിവില്ലായ്മയാണ്. അതുകൊണ്ട് ഇസ്ലാം മനസ്സിലാക്കാനാഗ്രഹിക്കുന്നവര്‍ ഈ വിഷയത്തെക്കുറിച്ച് അജ്ഞതാനായിരിക്കുന്നത് ഭൂഷണമല്ല.

ആദ്യമായി ഇസ്ലാമിന്റെ രാഷ്ടീയ അടിത്തറകള്‍ എന്തെന്ന് പരിശോധിക്കാം.

1. തൌഹീദ് (ഏകദൈവത്വം)


ദൈവമാണ് പ്രപഞ്ചത്തിന്റെയും അതിലെ അഖില വസ്തുക്കളുടെയും സ്രഷ്ടാവ്. അതിന്റെ ഉടമസ്ഥനും രക്ഷാകര്‍ത്താവും അവനാണ്. ശാസനാധികാരവും അവയുടെ ഭരണവും അവനാണ്. കല്‍പനകളും നിരോധങ്ങളും അവന്റെ അധികാര പരിധിയില്‍ പെട്ടതാണ്. ആരാധനകളും നിരുപാധികമായ അടിമത്തവും അനുസരണവും അവന് മാത്രമേ പാടുള്ളൂ. ഇവയിലൊന്നും മറ്റാരെയും പങ്കാളികളാക്കാവതല്ല. നമ്മുടെ ശരീരം, സമ്പത്ത്, അധികാരം ഇവയിലൊക്കെ ദൈവത്തിന്റെ നിയമ നിര്‍ദ്ദേശങ്ങളാണ് നാം പാലിക്കേണ്ടത്. നമ്മുകളുടെ കഴിവുകളുടെ ഉപയോഗവും നമ്മുടെ അധികാരങ്ങളുടെ പരിധിയും നിര്‍ണയിക്കേണ്ടത് നാമല്ല. ചുരുക്കത്തില്‍ പരമാധികാരി ദൈവമാണ്. അവന്റെ ആജ്ഞയാണ് നിയമം. ആരാധനാമേഖലയിലും, കുടുംബ-സമൂഹ-സാസ്‌കാരിക-സാമ്പത്തിക-രാഷ്ട്രീയ മേഖലയിലും ദൈവിക നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഒരു മുസ്ലിം പ്രവര്‍ത്തിക്കേണ്ടത്.ആരാധ്യന്‍ എന്ന നിലക്ക് മാത്രമല്ല നിയമദാതാവ് എന്ന നിലക്കും ദൈവത്തിന്റെ ഏകത്വം അംഗീകരിക്കുക എന്നതാണ് തൗഹീദിന്റെ സമ്പൂര്‍ണത.

2. രിസാലത്ത് (പ്രവാചകത്വം)


ദൈവത്തിന്റെ മേല്‍ സൂചിപ്പിച്ച നിയമം മനുഷ്യര്‍ക്കെത്തിക്കാന്‍ ദൈവം ഏര്‍പ്പെടുത്തിയ സംവിധാനത്തിന്റെ പേരാണ് രിസാലത്ത് (പ്രവാചകത്വം). രണ്ട് കാര്യങ്ങളാണ് ഇതിലൂടെ മനുഷ്യന് ലഭിക്കുന്നത് ഒന്ന് നിയമനിര്‍ദ്ദേശങ്ങളുടെയും അനുബന്ധവിഷയങ്ങളുടെയും സമാഹാരമായ ഗ്രന്ഥം (കിതാബ്). മറ്റൊന്ന്, പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാമാണികവിശദീകരണമായ നബിചര്യ(സുന്നത്ത്). മനുഷ്യജീവിത വ്യവസ്ഥക്ക് അടിത്തറയാകുന്ന എല്ലാ അടിസ്ഥാന സിദ്ധാന്തങ്ങളെയും കിതാബ് ഉള്‍കൊള്ളുന്നു. പ്രവാചകന്‍ നിത്യജീവിതത്തില്‍ അവ പ്രയോഗവല്‍ക്കരിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതരുന്നു. ഇവ രണ്ടും ഉള്‍കൊള്ളുന്നതാണ് ശരീഅത്ത് അഥവാ ഇസ്ലാമിക രാഷ്ട്രീയം കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാന ഭരണഘടന.

3. ഖിലാഫത്ത് (പ്രാതിനിധ്യം)


ഭൂമിയില്‍ മനുഷ്യന്റെ സ്ഥാനം അല്ലാഹുവിന്റെ പ്രതിനിധി എന്നതാണ്. ഇവിടെ ജീവിക്കുമ്പോള്‍ ദൈവത്തിന്റെ നിയമനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവന്റെ അധികാര പരിധികള്‍ ലംഘിക്കാതെ ജീവിക്കുക എന്നതാണ് ഈ പ്രാതിനിധ്യംകൊണ്ടര്‍ഥമാക്കുന്നത്. മനുഷ്യര്‍ മുഴുവന്‍ ദൈവത്തിന്റെ അടിമകളാണ്. എന്നാല്‍ ഈ അടിമത്തം നിരാകരിക്കാന്‍മനുഷ്യന് കഴിവുനല്‍കപ്പെട്ടിട്ടുണ്ട്‌ അതേപ്രകാരം മുഴുവന്‍ മനുഷ്യരും ദൈവത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍ ചുരുക്കം പേര്‍മാത്രമേ പ്രാതിനിധ്യവ്യവസ്ഥ പാലിച്ച് യഥാര്‍ഥ പ്രതിനിധികളാകുന്നുള്ളൂ. പ്രാതിനിധ്യവ്യവസ്ഥകള്‍ നാലാണ്. 1. പ്രതിനിധി യഥാര്‍ഥ ഉടമസ്തനല്ല എന്ന ബോധമുണ്ടായിരിക്കുക. 2. ആരുടെ പ്രതിനിധിയാണോ അയാളുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് മാത്രം കാര്യങ്ങള്‍ ചെയ്യുക. 3. പ്രതിനിധി തനിക്ക് നിശ്ചയിച്ച് നല്‍കപ്പെട്ട പരിധിക്കുള്ളില്‍നിന്ന് പ്രവര്‍ത്തിക്കുക 4. പ്രാതിനിധ്യം നല്‍കുന്നയാളിന്റെ ഉദ്ദേശ്യം പൂര്‍ത്തികരിക്കാന്‍ ശ്രമിക്കുക. ഒരാള്‍ ഈ നിബന്ധനകളിലേതെങ്കിലുമൊന്നില്‍ വീഴ്ചവരുത്തിയാല്‍ അയാള്‍ യഥാര്‍ഥ പ്രതിനിധി ആയിരിക്കുകയില്ല. ഈ പ്രാധിനിത്യം അംഗീകരിക്കുമ്പോള്‍ മാത്രമേ ഇസ്ലാമില്‍ സമ്പൂര്‍ണമായി പ്രവേശിക്കാന്‍ കഴിയൂ.


    • Nadersha Kizhakkanela Latheef sahib, It is very good, Fantastic. It is a brief introduction to avoid the misunderstanding about Islam. Your attempt is surely rewardful. Best regards.
      18 April at 16:48 ·

    • Abdul Latheef പ്രിയ നാദിര്‍ ഷാ,

      ഇസ്ലാമിന്റെ രാഷ്ട്രീയം ഏറെ അവഗണിക്കപ്പെട്ടതും തെറ്റിദ്ധരിപ്പിക്കപ്പെട്ടതുമാണ്. ഇക്കാര്യത്തില്‍ മുസ്ലിംകള്‍ എവിടെ നില്‍ക്കുന്നു എന്നത് പ്രസക്തമാണ്. പക്ഷെ വളരെ ശാഖാപരമായ കാര്യങ്ങളില്‍ പിടിച്ച് ചര്‍ച മുന്നോട്ടുപോകുന്ന പ്രവണതയാണ് പൊതുവെയുള്ളത്. രണ്ട് ദിവസത്തിനകം തിരിച്ചുകിട്ടാത്തവിധം താഴ്ന്ന് പോകാനിടയുള്ള ഈ പോസ്റ്റ് കമന്റ് നല്‍കി ശ്രദ്ധയില്‍ കൊണ്ടുവന്നതിന് നന്ദിയുണ്ട്.

      18 April at 16:56 ·

    • Abdul Latheef ഈ വിഷയത്തില്‍ സംഘടനാ പക്ഷപാതിത്തമില്ലാതെ സ്വതന്ത്രമായ ഒരു ചര്‍ചയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. വിശുദ്ധഖുര്‍ആനും തിരുസുന്നത്തും അടിസ്ഥാനമാക്കുകയും ഭൗതികമോ സംഘടനാപരമോ ആയ വികാരങ്ങള്‍ സ്വാധീനിക്കാതെയും നാം ഈ കാര്യം ചര്‍ചചെയ്യുന്ന പക്ഷം. ഇസ്ലാമിന്റെ സമഗ്രത അതിന്റെ രാഷ്ട്രീയം കൂടി നാം പരിഗണിക്കുമ്പോള്‍ മാത്രമാണ് എന്ന് കാണാന്‍ പ്രയാസമില്ല.
      18 April at 17:00 ·

    • Nadersha Kizhakkanela But sometimes it is panic that some true believers even express their comments considering their political line which will never help them to save from hellfire. Their eyesight is till LDF or UDF. More than that they are not able to see.
      18 April at 17:07 ·

    • Shameer Hasan തൗഹീദും,രിസാലത്തും,ഖിലാഫത്ത്(ഖുർആനിൽ "വലായ"എന്ന പദമാണ് കൂടുതലും)
      ഇവ മൂന്നും ഒരു രാഷ്ട്രീയ വ്യവസ്ഥിയിൽ എത്രമാത്രം ആന്തരീകമായും പരോക്ഷമായും സ്വാധീനം
      ചെലുത്തുമെന്നു പറയാതെ പോയി.

      18 April at 21:30 ·

    • Abdul Latheef അവ എന്ത് സ്വാധീനം ചെലുത്തും എന്ന് പറയേണ്ടതില്ല. അടിത്തറ ഒരു കെട്ടിടത്തിന് എത്രമാത്രം പ്രധാനമാണോ അത്രയും പ്രധാനം ഇസ്ലാമിക രാഷ്ട്രീയത്തിന് പ്രസ്തുത കാര്യങ്ങള്ക്കുണ്ട്. ഖിലാഫത്തിന് പകരം വിലായത്ത് എന്ന് പ്രയോഗിച്ചാല് മതിയാവുകയില്ല. അതിനെ വേറെ തന്നെ കാണണം.
      19 April at 20:43 ·

    • Shameer Hasan ‎"THE GENERAL PATTERN OF ISLAMIC
      THOUGHT IN THE QUR'AN" എന്ന SAYYED ALI KHAMENEI യുടെ ഗ്രന്ഥം ഈ വിഷയത്തിൽ
      വായിക്കപ്പെടേണ്ടതാണ്.

      19 April at 21:30 ·

    • Shameer Hasan ‎(Abdul Latheef @
      ഖിലാഫത്തിന് പകരം വിലായത്ത് എന്ന് പ്രയോഗിച്ചാല് മതിയാവുകയില്ല. അതിനെ വേറെ തന്നെ കാണണം.)

      അതെന്താ അങ്ങനെ? മൗദൂദി ആ പദം പറഞ്ഞത് കൊണ്ടാണോ?

      19 April at 21:32 ·

    • Abdul Latheef ഓ അതു ശരി, താങ്കളാണോ പക്ഷപാതിത്വത്തെക്കുറിച്ച് പറഞ്ഞത്. ഖാംനഇയും ഖുമൈനിയും പറഞ്ഞാല് മാത്രം കേള്ക്കുന്ന ആളാണ് അല്ലേ...
      20 April at 01:33 ·

    • Malayalam QuranSearch ഭരണത്തിന്റെ പരമാധികാരം അല്ലാഹുവിനാണ് http://www.malayalamquransearch.com/view_quran_topic.php?topic_id=150
      20 April at 03:26 ·

    • Shameer Hasan മൗദൂദിയെക്കാൾ ഭംഗിയായും ദാർശനികമായും അവർ കാര്യങ്ങൾ വിശദമാക്കി.ഇടക്ക് വായിക്കുന്നത് നല്ലതാണ്.അവർ അല്പമെങ്കിലും ലക്ഷ്യം കണ്ടവർ,ഇവരോ?
      20 April at 08:42 · ·  1 person

    • Abdul Latheef അവര് വിശദമാക്കി എന്ന വാര്ത്തയേക്കാള് ഇവിടെ പ്രസക്തം അവര് പറഞ്ഞതില്നിന്ന് താങ്കള് മനസ്സിലാക്കി ഇവിടെ അവതരിപ്പിക്കുന്നതിനാണ്.
      20 April at 11:22 · ·  1 person

    • Yahya Sadiq ഇസ്ലാമിക നവോഥാനത്തിന്റെ മുന്നണിപ്പോരാളികളായ മൗദൂദിയും ഖുമൈനിയും തമ്മിൽ, എന്തിനാണൊരടിയുടെ ആവശ്യം!!
      20 April at 19:50 · ·  1 person

    • Shameer Hasan ‎(Yahya Sadiq ഇസ്ലാമിക നവോഥാനത്തിന്റെ മുന്നണിപ്പോരാളികളായ മൗദൂദിയും ഖുമൈനിയും തമ്മിൽ, എന്തിനാണൊരടിയുടെ ആവശ്യം!!)

      തത്വത്തിലും പ്രായോഗികതയിലും വ്യത്യസ്തരാണ്.

      20 April at 21:33 · ·  1 person

    • Abdul Latheef ഈ വിഷയത്തിലൂന്നി സംസാരിക്കണമെന്ന് ഉണര്ത്തുന്നു.
      Tuesday at 00:54 ·

    • Shameer Hasan
      ‎(Abdul Latheef അവ എന്ത് സ്വാധീനം ചെലുത്തും എന്ന് പറയേണ്ടതില്ല. അടിത്തറ ഒരു കെട്ടിടത്തിന് എത്രമാത്രം പ്രധാനമാണോ അത്രയും പ്രധാനം ഇസ്ലാമിക രാഷ്ട്രീയത്തിന് പ്രസ്തുത കാര്യങ്ങള്ക്കുണ്ട്. ഖിലാഫത്തിന് പകരം വിലായത്ത് എന്ന് പ്രയോഗിച്ചാല് മതിയാവുകയില്ല. അതിനെ വേറെ തന്നെ കാണണം)

      ഇവിടെ ഇട്ട പല കമന്റുകളും നീക്കം ചെയ്തതായി കാണൂന്നത് പോകട്ടെ.ചർച്ചയിലേക്ക് വരാം.

      അടിത്തറ ശക്തമാണെന്ന കേവല പരാമർശം മാത്രം പോരാ,അത് നിങ്ങളിൽ മാത്രം ഒതുങ്ങുന്ന
      വിശ്വാസമായിത്തീരും.
      വലായ എന്ന പദം എങ്ങനെയാണ് കാണേണ്ടത് എന്ന് കൂടി പറയണം.

      Tuesday at 08:50 · ·  1 person

    • Abdul Latheef
      വ്യക്തിപരമായ ചാറ്റില്‍ വരേണ്ട വിഷയം ഇവിടെ കമന്റായി നല്‍കിയതുകൊണ്ടാണ് ഒഴിവാക്കിയത് എന്നറിയിക്കട്ടേ.


      മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുവിന്റെ ഖലീഫയാണ്. ഇതേ ഖിലാഫത്തധികാരത്തിന്റെ ഭാഗമായിട്ടാണ്. ഇസ്ലാം ഭൂമിയില്‍ അവരുടെ ആധിപത്യത്തെയും കാണുന്നത്. ഈ ഖിലാഫത്ത് അധികാരമാണ് ഭരണാധികാരിയുടെ പരിധിനിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ മൗദൂദിയെ പോലുള്ളവര്‍ ഖിലാഫത്തിനെ ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറയായി എണ്ണി.

      ഇവിടെ നിങ്ങള്‍ ഒരു പുതിയ പദവുമായി വന്നു. അതല്ലേ അടിത്തറയാകേണ്ടത് എന്ന് ചോദിക്കുന്നു. എന്തുകൊണ്ട് ഖിലാഫത്തിനെ അടിത്തറയായി താങ്കള്‍ക്ക് കാണാന്‍ സാധിക്കുന്നില്ല എന്ന് താങ്കളാണ് പറയേണ്ടത്. കൂട്ടത്തില്‍ വിലായത്താണ് കൂടുതല്‍ യുക്തമായ അടിത്തറയാകാന്‍ യോഗ്യമെങ്കില്‍ അത് എങ്ങനെ എന്ന് വിശദീകരിക്കുകയും ചെയ്യുക. മുന്‍ധാരണയില്‍ നട്ടം തിരിയേണ്ടതില്ല. തുറന്ന ചര്‍ചയാകാം. ഇത് സംഘടനയുടെ ഗ്രൂപ്പല്ല. ഇതിലെ എന്റെ അഭിപ്രായങ്ങള്‍ സംഘടനയുടേത് മാത്രമാകണമെന്നുമില്ല.

      Tuesday at 17:20 ·

    • Shameer Hasan
      മനുഷ്യൻ ഭൂമിയിൽ അല്ലാഹുവിന്റെ പ്രതിനിധി എന്നത് എല്ലാമനുഷ്യർക്കും വിശേഷണത്തിനർഹമായ
      കാര്യമാണ്.ആ വിശേഷണം മനുഷ്യരാശിക്കാകമാനം ഒരു പോലെ അവകാശപ്പെട്ടതാണ്.അതാണ് ആദിമമനുഷ്യനെ അല്ലാഹു ഖലീഫയാക്കി എന്നതിന്റെ താത്പര്യം.ഇതിൽ ഭരണാധികാരിയും ഭരണീയരും തുല്യമാണ്.
      "നിങ്ങളെല്ലാവരും ഇടയന്മാരാണ്,നിങ്ങളുടെ ആടിപറ്റത്തെ കുറിച്ച് ചോദ്യം
      ചെയ്യപ്പെടും' എന്ന പ്രവാചകവചനവും ഈ അർത്ഥവ്യാപ്തിയിൽ ഉൾപ്പെടും.
      ഇതിൽ മനുഷ്യരുടെ മേലുള്ള കൈകാര്യകർതൃത്വത്തിനു പ്രതേകം പ്രാധാന്യം എങ്ങനെ വ്യാഖ്യാനിക്കും.
      ഒരു ഇസ്ലാമിക രാഷ്ടത്തിന്റെ ഭരണാധികാരിയുടെ പ്രാതിനിത്യം എങ്ങനെ വ്യതിരിക്തമാകും?
      മാത്രമല്ല ഇവിടെ "പ്രതനിധി"(ഖലീഫ) അല്ലാഹുവിന്റെയാണ്,മനുഷ്യന്റെയല്ല.

      Tuesday at 18:42 · ·  1 person

    • Abdul Latheef
      ‎@Shameer Hasan
      താങ്കളിപ്പോഴാണ് ചര്‍ചയിലേക്ക് വന്നത്. എല്ലാ മനുഷ്യര്‍ക്കും യോജിക്കുന്ന വിശേഷണമാണ് ദൈവത്തിന്റെ അടിമ എന്നത്. എന്നാല്‍ മനുഷ്യരെല്ലാവരും ദൈവത്തിന്റെ അടിമത്തം അംഗീകരിക്കുന്നില്ല. എന്ന പോലെ ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധിയാകാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ് മാനവ സമൂഹം. എന്നാല്‍ പ്രാതിനിധ്യവ്യവസ്ഥകള്‍ പാലിക്കുന്നത് ചുരുക്കം ചിലരാണ്. അവരാണ് ദൈവിക ദൗത്യം നിര്‍വഹിച്ചവര്‍.

      വഖലീലുന്‍ മിന്‍ ഇബാദിയശ്ശകൂര്‍ എന്ന് പറയുമ്പോള്‍ മുഴുവന്‍ ആളുകളെയും അല്ലാഹു അടിമയായി പരാമര്‍ശിച്ചിരിക്കുന്നു. എന്നാല്‍ അടിമത്തം അംഗീകരിക്കാത്തവരില്ലേ. ഉണ്ട്. ഈസാനബിയ സംബന്ധിച്ച പറഞ്ഞപ്പോള്‍ അദ്ദേഹം നമ്മുടെ അടിമയാകുന്നതിന് മടികാണിക്കാത്തവനാണ് എന്ന് പറഞ്ഞിരിക്കുന്നു.

      ഇതേ പ്രകാരം തന്നെയാണ് ആദം നബിയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട് പറഞ്ഞപ്പോള്‍ നാം ഒരു പ്രതിനിധിയെ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം. നാം ആകേണ്ടത് ദൈവത്തിന്റെ പ്രതിനിധി എന്നതാണ്. എന്നാല്‍ അത് ആകാതിരിക്കാനും മനുഷ്യന് കഴിയും.

      ഇനി എന്തുകൊണ്ടാണ് വ്യക്തിക്കും അവരുടെ ഭരണാധികാരിക്കും ഖലീഫ എന്ന് തന്നെ പ്രയോഗിച്ചത് എന്ന് നോക്കാം.

      Yesterday at 01:06 ·

    • Shameer Hasan
      അല്ലാഹുവിന്റെ അടിമത്വം ആർ അംഗീകരിച്ചാലും ഇല്ലെങ്കിലും ഇസ്ലാമിക പ്രപഞ്ചവീക്ഷണത്തിൽ
      എല്ലാ മനുഷ്യരും അല്ലാഹുവിന്റെ അടിമയാണ്.ധാർമിക കാര്യങ്ങളിൽ ദൈവനീതി അംഗീകരിക്കാത്തവനും ജൈവപരമായി ആ അടിമത്തതിനു കീഴെയാണ്.നാം മുൻകൂട്ടി സ്വയം ജനിച്ചതല്ല,നമുക്ക്
      ശൈ...See more

      23 hours ago · ·  2 people

    • Abdul Latheef
      മനുഷ്യനെ അടിമയാക്കി സൃഷ്ടിച്ചു എന്ന് പറയുമ്പോഴും ഖലീഫയാക്കി എന്ന് പറയുമ്പോഴും ഒരേ പോലെതന്നെയാണ് എന്നാണ് സൂചിപ്പിച്ചത്. അതുതന്നെയാണ് താങ്കളും ആവര്‍ത്തിച്ചത്. (അഥവാ ഏത് മനുഷ്യനേയും അടിമ എന്നും ഖലീഫ എന്നും പറയാം ഖുര്ആനില് തന്നെ രണ്ടിനും തെള്വ് ലഭിക്കും.) മനുഷ്യന്റെ ലക്ഷ്യമെന്ത്, ദൗത്യമെന്ത് എന്നതാണ് ആ പദങ്ങളിലുള്ളത്. ആദ്യത്തേതില്‍ ദൈവത്തിന്റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ പാലിച്ച് അടിമത്തം അംഗീകരിച്ച് അതിലൂടെ അവര്‍ ഇഹലോകത്ത് നിര്‍ഭയനും പരലോകത്ത് ദുഖിക്കാനിടവരാത്ത അവസ്ഥയും ലഭ്യമാക്കുക എന്നതാണ് ഒരു മനുഷ്യന്റെ സൃഷ്ടിപ്പിന്റെ തന്നെ ലക്ഷ്യം.

      ഖലീഫ എന്ന പദവിയിലൂടെ മനുഷ്യന്‍ അല്ലാഹുവിന്റെ പ്രതിനിധ്യവ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ആവശ്യപ്പെടുന്നത് ഈ ഖിലാഫത്ത് വ്യവസ്ഥ പാലിക്കുന്ന ഒരോ വ്യക്തിയും ദൌത്യം ഉള്കൊണ്ട ഖലീഫയാണ്. തങ്ങളുടെ ഖിലാഫത്ത് അധികാരത്തിന്റെ ഒരു ഭാഗം നിര്‍വഹിക്കാന്‍ അവര്‍ തെരഞ്ഞെടുക്കുന്ന വ്യക്തിക്കും ഖലീഫ എന്ന് തന്നെയാണ് പ്രയോഗിക്കുന്നത്. അങ്ങനെയാണ് ഭരണാധികാരി ഖലീഫ എന്ന് വിളിക്കപ്പെടുന്നത്.

      കാര്യം വളരെ വ്യക്തമാണ്. ബോധപൂര്‍വം അവ്യക്തമാക്കാന്‍ വേണ്ടി വളച്ചുകെട്ടി അതിന് ശ്രമിക്കുമ്പോള്‍ മാത്രമേ ആശയം അവ്യക്തമാകുകയുള്ളൂ.

      ഇതിന് പകരം നില്‍ക്കാവുന്ന പദമല്ല വിലായത്ത്. താങ്കളെന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് താങ്കള്‍ തന്നെ വ്യക്തമാക്കുക. വലിയ് എന്നോ ഉലുല്‍ അംറ് എന്നോ ഒക്കെ ഒരു തെരഞ്ഞെടുക്കപ്പെട്ട ഖലീഫക്ക് പ്രയോഗിക്കാം. എന്നാല്‍ പോലും അവ മറ്റു അര്‍ഥത്തിലും വരാവുന്നതാണ്.

      22 hours ago ·

    • Abdul Latheef
      ‎. هُوَ الَّذِي جَعَلَكُمْ خَلَائِفَ فِي الْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُ ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًا ۖ وَلَا يَزِيدُ الْكَافِرِينَ كُفْرُهُمْ إِلَّا خَسَارًا (فاطر: ٣٩)


      അവനാണ്, നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത്. ആരെങ്കിലും അവിശ്വസിക്കുന്നുവെങ്കില്‍ ആ അവിശ്വാസത്തിന്റെ ദോഷം അവന്നുതന്നെ. അവിശ്വാസികള്‍ക്ക് അവരുടെ അവിശ്വാസം, അവര്‍ക്കെതിരെ റബ്ബിന്റെ കോപം ഏറെയേറെ വളര്‍ത്തുന്നുവെന്നല്ലാതെ യാതൊരു മേല്‍ഗതിയും നല്‍കുന്നില്ല. സത്യത്തെ നിഷേധിക്കുന്നവര്‍ക്ക് നഷ്ടം പെരുകുകയല്ലാതെ മേല്‍ഗതിയൊന്നുമില്ലതാനും.

      ഈ സൂക്തത്തില്‍ മനുഷ്യനെ മൊത്തമായി ഖലീഫ പ്രതിനിധി എന്ന് പരിചയപ്പെടുത്തിയിരിക്കുന്നു. ഇത് പ്രാതിനിധ്യവ്യവസ്ഥ അംഗീകരിച്ച് ദൈവിക ദൗത്യനിര്‍വഹണത്തില്‍ ഏര്‍പെട്ടവര്‍ എന്ന അര്‍ഥത്തിലല്ല. മൗലാനാ മൗദൂദി ഇതിന് മറ്റു രണ്ട് സാധ്യതതകള്‍ നല്‍കിയിരിക്കുന്നു.

      ['ഒന്ന്, പൂര്‍വ വംശങ്ങള്‍ക്കും സമുദായങ്ങള്‍ക്കും ശേഷം ഇപ്പോള്‍ അവന്‍ തന്റെ ഭൂമിയില്‍ അവരുടെ സ്ഥാനത്ത് നിങ്ങളെ താമസിപ്പിക്കുന്നു.

      രണ്ട്, അവന്‍ ഭൂമിയില്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള കൈകാര്യാധികാരം നിങ്ങള്‍ അവയുടെ ഉടമകളാണ് എന്ന നിലക്കല്ല; നിങ്ങള്‍ സാക്ഷാല്‍ ഉടമയുടെ പ്രതിനിധികളാണ് എന്ന നിലക്കാകുന്നു. ']

      ഇതനുസരിച്ച് ദൈവത്തിന്റെ പ്രതിനിധ്യം അംഗീകരിച്ച യഥാര്‍ഥ അടിമകളും പെടും. അതേ പ്രകാരം ദൈവിക നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പരിധിവിട്ട അടിമകളും പെടും. ഇതുകൊണ്ടൊന്നും ഖിലാഫത്തിന്റെ യഥാര്‍ഥ വിവക്ഷയോ അതിലൂടെ ദൈവം മനുഷ്യരില്‍നിന്നാവശ്യപ്പെടുന്ന ദൗത്യമോ അപ്രസക്തമാകുന്നു എന്ന് വരുന്നില്ല.

      22 hours ago ·

    • Shameer Hasan
      ‎(Abdul Latheef@


      ഇതേ പ്രകാരം തന്നെയാണ് ആദം നബിയുടെ സൃഷ്ടിയുമായി ബന്ധപ്പെട്ട് പറഞ്ഞപ്പോള്‍ നാം ഒരു പ്രതിനിധിയെ സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞതിന്റെ താല്‍പര്യം. നാം ആകേണ്ടത് ദൈവത്തിന്റെ പ്രതിനിധി എന്നതാണ്. എന്നാല്‍ അത് ആകാതിരിക്കാനും മനുഷ്യന് കഴിയും.)

      ഈ വാക്കുകൾ താങ്കളുടെ മുൻ കമന്റിൽ വന്നതാണ്.അതിനു താഴെക്ക് ചർച്ച പുരോഗമിച്ചപ്പോൾ
      ഖിലാഫത്ത്,അബ്ദിയത്ത് എന്നീ സംജ്ഞകളിൽ മനുഷ്യവർഗ്ഗം വേർതിരിവില്ലാതെ ഒരു കുടക്കീഴിൽ
      നിൽകുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ വന്ന് ചേർന്നു,നല്ലകാര്യം.

      പ്രപഞ്ചം മുഴുവൻ അല്ലാഹുവിന്റെ അടിമയാണ്.ആകാശത്തിലെ പറവയും,ജലത്തിലെ മീനും എല്ലാം
      അബ്ദിയത്ത് എന്ന പട്ടികയിൽ ഉൾപെടും.മനുഷ്യൻ വ്യത്യസ്തനാകുന്നത് ഖിലാഫത്ത് എന്ന പദവിയിലാണ്.മറ്റുജീവികൾ പ്രകൃതിയോട് സ്വയം ഇണങ്ങി ജീവിക്കുന്നു.മനുഷ്യനും അപ്രകാരം പ്രകൃതിയോട് ഇണങ്ങിമാത്രം കഴിഞ്ഞാൽ അവനു നൽകപ്പെട്ട കഴിവുകളിൽ അവൻ അപൂർണ്ണനാകും.ഇവിടെയാണ് ദൈവീക നിയമങ്ങളുടെ പ്രസക്തി.മനുഷ്യനു നൽകപെട്ട വിവേകബുദ്ധി പ്രവർത്തന സജ്ജമാകേണ്ടതും ഈ അവസ്ഥയിലാണ്.

      ഇസ്ലാമികസമൂഹത്തിന്റെ ഭരണഘടനയാണ് ഖുർആൻ.വ്യക്തിയിൽ നിന്നും സാമൂഹ്യമാറ്റത്തിലേക്ക്
      മനുഷ്യൻ പ്രയാണം നടത്തുമ്പോൾ "ഖിലാഫത്ത്" എന്ന പൊതുപദവിയിൽ നിന്നും ഉയർന്ന ഒരു
      തലത്തിലേക്ക് അവനിലെ കൈകാര്യകർത്താവ് ഉയരണം.അഥവാ ഖിലാഫത്ത് പൗരത്വമാണെങ്കി
      വലായ ഭരണകതൃത്വമാണ്.അവിടെയാണ് "വലായ"യുടെ പ്രാധാന്യം.ഖുർആൻ നമുക്ക് മുന്നിൽ കാട്ടിത്തരുന്ന "വലായ"ഇസ്ലാമിന്റെ രാഷ്ട്രീയ വിശകലനത്തിൽ ഏറ്റവും മുഖ്യമായി നിൽകുന്നത് എങ്ങനെയെന്ന് വിവരിക്കാം.

      വലായ എന്ന പദത്തിനർഥം അടുപ്പം എന്നാണ്.സത്യവിശ്വാസികൾ തമ്മിലുള്ള മാനസികവും
      ആദ്ധ്യാത്മികവും ആദർശപരവുമായ ഗാഢബന്ധം സാമൂഹികവും രാഷ്ട്രീയവുമായ മേഖലകളിലേക്ക്
      കൂടി വികസിച്ച് സ്വന്തവും അന്യവും നിശ്ചയിക്കുന്ന മാനദൺഡമാകുന്നത് "വലായയിൽ" കൂടി മനസ്സിലാകാം.

      { ٱللَّهُ وَلِيُّ ٱلَّذِينَ آمَنُواْ يُخْرِجُهُمْ مِّنَ ٱلظُّلُمَاتِ إِلَى ٱلنُّورِ وَٱلَّذِينَ كَفَرُوۤاْ أَوْلِيَآؤُهُمُ ٱلطَّاغُوتُ يُخْرِجُونَهُمْ مِّنَ ٱلنُّورِ إِلَى ٱلظُّلُمَاتِ أُوْلَـٰئِكَ أَصْحَابُ ٱلنَّارِ هُمْ فِيهَا خَالِدُونَ }
      (അൽബഖറ:257)

      "അല്ലാഹു വിശ്വാസികളുടെ രക്ഷാധികാരിയാകുന്നു.അന്ധകാരങ്ങളിൽ നിന്നും അവൻ അവരെ വെളിച്ചത്തിലേക്ക് നയിക്കുന്നു.സത്യനിഷേധികളുടെ രക്ഷാധികാരികൾ താഗൂത്താണ്.വെളിച്ചത്തിൽ നിന്നും അന്ധകാരങ്ങളിലേക്കാണ് അവരെ അവർ നയിക്കുന്നത്.അവർ നരകത്തിന്റെ കൂട്ടുകാരാണ്.അതിലാണവരുടെ നിത്യവാസവും"

      { إِنَّمَا وَلِيُّكُمُ ٱللَّهُ وَرَسُولُهُ وَٱلَّذِينَ آمَنُواْ ٱلَّذِينَ يُقِيمُونَ ٱلصَّلاَةَ وَيُؤْتُونَ ٱلزَّكَاةَ وَهُمْ رَاكِعُونَ }
      (മാഇദ:55)
      "നിങ്ങളുടെ രക്ഷാധികാരി അല്ലാഹുവും അവന്റെ ദൂതനും നമസ്കാരം നിലനിർതുന്നവരും റുക്കൂഅ്‌ ചെയ്ത് സകാത് നൽകുന്നവരുമായ സത്യവിശ്വാസികളുമാണ്"

      ഇസ്ലാമികലോകത്തിന്റെ മാനസികവും ശാരീരികവുമായ മുഴുവൻ പ്രവർതനങ്ങളുടെയും മേൽനോട്ടം വഹിക്കുന്ന ശക്തി,പരമാധികാരി അഥവാ ഇസ്ലാമിക സമൂഹത്തിന്റെ "വലിയ്യ്" അല്ലാഹു ആകുന്നു.
      ഖിലാഫത്ത് അല്ലാഹു മനുഷ്യനു നൽകിയ പദവിയാകയാൽ,വലായയുടെ വിശാലാർത്ഥത്തിൽ
      പരമാധികാരിയായ അല്ലാഹു ഉൾപ്പെടുന്ന രാഷ്ട്രീയവീക്ഷണം നൽകാൻ ഖിലാഫ്ത്തിനു ഖുർആൻ അദ്ധ്യാപനങ്ങളിലൂടെ കഴിയില്ല.

      ആദ്യം പറഞ്ഞ ആയത്തിൽ താഗൂത്തിനെ 'വലായ' ഏല്പിക്കുന്നത് തടയുന്നു.അൽ മുംതഹന 1 മുതൽ 4 വരെയുള്ള വാക്യങ്ങളിലും ബഹുദൈവവാദികളുമായുള്ള 'വലായ' ഏല്പിക്കുന്നതും വിലക്കുന്നുണ്ട്.ഇത്തരത്തിൽ ഒരു ഖുർആനിക അദ്ധ്യാപനം 'ഖിലാഫത്ത്' എന്ന ശബ്ദത്തിൽ ഖുർ ആനിലുണ്ടോ?

      'വലായ" കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് "Master and
      Mastership"എന്ന മുർതസാ മുതഹരിയുടെ ഗ്രന്ഥം നോക്കാം....
      ലിങ്ക്:http://www.al-islam.org/mastership/

      19 hours ago · ·  1 person

    • Shameer Hasan അല്ലാഹുവിന്റെയും,റസൂൽ(സ)ന്റെയും സത്യവിശ്വാസികളുടെയും അധികാരസ്ഥാനത്തെ കുറിക്കുവാൻ
      'വലായ'യിൽ നിന്നും ഉൽഭവിച്ച വലിയ്യ് എന്നപദം തന്നെയാണ് ഉപയോഗിച്ചത്.യഥാർത്ഥ അധികാരം സ്രഷ്ടാവും ഉടമസ്തനുമായ അല്ലാഹുവിനാണ്.അവൻ അധികാരം നൽകിയതാണ്
      പ്രവാചകനെ.റസൂൽ(സ)ന്റെ ശേഷം അധികാരസ്ത്ഥന്മാരായി വരുന്നത് റസൂൽ(സ)മുഖേന അല്ലാഹു മാർഗനിർദ്ദേശം ചെയ്തവരോ,നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവരോ ആണ്.

      18 hours ago ·

    • Abdul Latheef
      മനുഷ്യന് പൊതുവായി നല്‍കപ്പെട്ട ഖിലാഫത്തിന്റെ വിവക്ഷമുകളില്‍ തന്നെ നല്‍കിയിട്ടുണ്ട്. അതിനുപരിയായ ഖിലഫത്ത് പദവിയാണ് മനുഷ്യനില്‍നിന്ന് അല്ലാഹു ആവശ്യപ്പെടുന്നത്. അതേ ഖിലാഫത്ത് തന്നെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറയായി ഇവിടെ പരാമര്‍ശിക്കപ്പെട്ടത്. അല്ലാതെ മനുഷ്യന് പൊതുവായി ഉപയോഗിച്ച ഖിലാഫത്ത് പദവിയല്ല.

      വിലായത്ത് എന്നതാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറയായി വര്‍ത്തിക്കേണ്ടത് അല്ലാതെ ഖിലാഫത്തല്ല അത് എല്ലാ മനുഷ്യര്‍ക്കും പൊതുവാണ് എന്നതാണല്ലോ താങ്കളുടെ വാദത്തിന്റെ മര്‍മം.

      അല്ലാഹു സത്യവിശ്വാസികളുടെ വലിയ്യ് അല്ലെന്നോ അത്തരം ഒരു പദം ഖുര്‍ആനിലില്ലന്നോ ഇവിടെ ആര്‍ക്കും വാദമില്ല. ഇതില്‍ ഒന്ന് അംഗീകരിക്കാന്‍ മറ്റേതിനെ നിഷേധിക്കുന്നതില്‍ കാര്യമില്ല. ഖിലാഫത്തല്ല അടിത്തറ എന്ന് സ്ഥാപിക്കാന്‍ ഖിലാഫത്തിനെ മനുഷ്യന് നല്‍കിയ പൊതുപദവിയായി ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ ഖിലാഫത്ത് അഥവാ പ്രാതിനിധ്യം എങ്ങനെ സംഭവിക്കുന്നുവെന്നത് അജ്ഞാതമല്ല. അതിനാണ് പ്രാതിനിധ്യവ്യവസ്ഥകളെ പോസ്റ്റില്‍ നല്‍കിയത്.

      മനുഷ്യന്‍ വ്യക്തിപരമായി സ്വന്തം ജീവിതത്തിലും ഒരു ഭരണാധികാരിയെന്ന നിലയിലും ഈ ഖിലാഫത്ത് യഥാവിധി പ്രാവര്‍ത്തികമാക്കുക എന്നതാണ് ചെയ്യാനുള്ളത്.

      ഭരണാധികാരി എങ്ങനെയാണ് ഈ അല്ലാഹുവിന്റെ ഖലീഫ (പ്രതിനിധി) എന്നരൂപത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് വിശദീകരിക്കാതെ തന്നെ വ്യക്തമാണ്. അത് ഇപ്രകാരമാണ്.

      1.ഒരു രാജ്യത്തിന്റെ ഭരണാധികാരി ആ രാജ്യത്തിന്റെ ഉടമയല്ല. യഥാര്‍ഥ ഉടമയുടെ പ്രതിനിധി മാത്രമാണ്.

      2.ഒരു ഭരണാധികാരിക്ക് സ്വന്തം ഇഷ്ടം ആ ഭരണത്തില്‍ പ്രയോഗിക്കാന്‍ അധികാരമില്ല. അല്ലാഹുവിന്റെ ഇഷ്ടമാണ്, നിര്‍ദ്ദേശമനുസരിച്ചേ അയാള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അധികാരമുള്ളൂ.

      3.ഒരു ഭരണാധികാരി തന്റെ ഭരണാധികാരത്തിന്റെ പരിധിതീരുമാനിക്കുന്നത് ദൈവം നിശ്ചയിച്ചുകൊടുത്തതനുസരിച്ചാണ്.

      4.ഒരു ഭരണാധികാരിയുടെ ഉദ്ദേശ്യം തീരുമാനിക്കുന്നതും അദ്ദേഹമായിരിക്കില്ല അദ്ദേഹം ദൈവത്തിന്റെ ഉദ്ദേശ്യമാണ് പരിഗണിക്കുന്നത്.

      ഇതില്‍ പലതും പ്രത്യക്ഷത്തില്‍ സാമ്യം തോന്നാമെങ്കിലും സൂക്ഷമായ തലത്തില്‍ പോലും ദൈവിക നിര്‍ദ്ദേശങ്ങളില്‍നിന്നും ഉദ്ദേശ്യങ്ങളില്‍നിന്നും ഭരണാധികാരി വ്യതിചലിക്കുന്ന പക്ഷം ശരിയായ പ്രാതിനിധ്യസ്വഭാവം നഷ്ടപ്പെടുന്നു എന്നതിനാല് നാലായി എണ്ണി എന്നു മാത്രം.

      ഈ ഭരണത്തിന്റെ നേട്ടങ്ങള്‍ ദൈവത്തിന്റെ അടിയാറുകള്‍ക്ക് മൊത്തം അവകാശപ്പെട്ടതാണ്. അതിന് വേണ്ടിയാണ് ഒരിക്കലും ഈ അധികാരം ഒരു വ്യക്തിക്കോ ഒരുകൂട്ടം വ്യക്തികളിലേക്കോ വ്യതിചലിക്കാതെ കൊണ്ടുപോകുന്ന ഖിലാഫത്ത് തന്നെയായിരിക്കണം ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറ എന്ന് പറയാന്‍ കാരണം. നിയമ നിര്‍മാണത്തിന്റെ കാര്യത്തില്‍ ഭൂരിപക്ഷാഭിപ്രായം പോലും ഈ കാര്യത്തില്‍ കുറ്റമറ്റ സംവിധാനമല്ല എന്ന് ഇസ്ലാം കണക്കാക്കുന്നത് പോലും അതുകൊണ്ടാണ്.

      ഖിലാഫത്ത് ഖുര്‍ആനിലുണ്ടോ എന്ന ചോദ്യത്തിന് മുമ്പ് തൗഹീദ് എന്ന പദം ഖുര്‍ആനിലുണ്ടോ എന്ന് ചോദിക്കേണ്ടിയിരുന്നു. ഖലീഫ എന്ന പദവും അതിന്റെ ബഹുവചന രൂപവുമൊക്കെ ഖുര്‍ആനില്‍ വന്നിട്ടുണ്ട്. അതില്‍നിന്നും നാം പഠനത്തിന് വേണ്ടി തത്വങ്ങള്‍ നിര്‍ദ്ധാരണം ചെയ്‌തെടുക്കുമ്പോള്‍ ഉപയോഗിക്കുന്ന കൃത്യമായ പദമാണ് അവയൊക്കെ. അവ അങ്ങനെ തന്നെ ഖുര്‍ആനില്‍ ഉണ്ടാവണം എന്നത് എന്ത് ന്യായമാണ്.

      അധികാര സ്ഥാനത്തെ ഉപയോഗിക്കാന്‍ വലായ എന്നോ വിലായത്ത് എന്നോ ഉപയോഗിച്ചിട്ടുണ്ട് എന്നതിനാല്‍ ഖിലാഫത്ത് എന്ന അടിസ്ഥാനത്തെ നിരാകരിക്കണം എന്ന് പറയുന്നതിലും ന്യായം കാണുന്നില്ല.

      ചുരുക്കത്തില്‍ താങ്കള്‍ പറയുന്നത് ഞാന്‍ പറയുന്നതിന്റെ നിഷേധമാണ് എന്ന് എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല.

      14 hours ago ·

    • Shameer Hasan
      തൗഹീദിനെ വിവക്ഷിക്കുന്ന അല്ലാഹുവിന്റെ നാമങ്ങളിൽ 'വാഹിദ്'എന്ന പദം ഖുർആനിലുണ്ട്,
      രിസാലത്തിനെ സൂചിപ്പിക്കുന്ന "റസൂൽ " എന്ന പദവും ഖുർആനിലുണ്ട്.
      ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയെ സൂചിപ്പിക്കുന്ന "ഖിലാഫത്ത്" എന്ന പദമുണ്ടോ?


      ഇസ്ലാമിന്റെ ഭരണഘടനയാണ് ഖുർആൻ.അല്ലാഹുവിന്റെ കലാമുമാണ്.അതിൽ ഉപയോഗിച്ച "വലായ" എന്ന പദത്തിനു അർത്ഥഗാഭീര്യവും,വിശാല അർത്ഥ തലങ്ങളും ഉണ്ടായിരിക്കെ അതിനു പകരം എന്തിനു മറ്റുള്ളവ തേടി പോകണം?

      ഇതാണ് എന്റെ സംശയം?

      ഇങ്ങനെ ഒരു കമന്റ് മുൻപു താങ്കൾ പറഞ്ഞത് മുകളിലുണ്ട്

      "Abdul Latheef അവ എന്ത് സ്വാധീനം ചെലുത്തും എന്ന് പറയേണ്ടതില്ല. അടിത്തറ ഒരു കെട്ടിടത്തിന് എത്രമാത്രം പ്രധാനമാണോ അത്രയും പ്രധാനം ഇസ്ലാമിക രാഷ്ട്രീയത്തിന് പ്രസ്തുത കാര്യങ്ങള്ക്കുണ്ട്. ഖിലാഫത്തിന് പകരം വിലായത്ത് എന്ന് പ്രയോഗിച്ചാല് മതിയാവുകയില്ല. അതിനെ വേറെ തന്നെ കാണണം.
      April 19 at 8:43pm · Like"

      ഖിലാഫത്തും,വലായത്തും
      എന്തായാലും രണ്ടാണെന്ന ഭാഗത്ത് നിന്നും വാഹനം നീക്കിയത് നന്നായി.

      13 hours ago ·

    • Abdul Latheef
      ‎>>> തൗഹീദിനെ വിവക്ഷിക്കുന്ന അല്ലാഹുവിന്റെ നാമങ്ങളിൽ 'വാഹിദ്'എന്ന പദം ഖുർആനിലുണ്ട്,
      രിസാലത്തിനെ സൂചിപ്പിക്കുന്ന "റസൂൽ " എന്ന പദവും ഖുർആനിലുണ്ട്.
      ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയെ സൂചിപ്പിക്കുന്ന "ഖിലാഫത്ത്" എന്ന പദമുണ്ടോ? <<<


      തൗഹീദ് എന്നതിന് വാഹിദ് എന്ന് മതി !!
      രിസാലത്തിന് റസൂല്‍ എന്ന് മതി!!!
      ഖിലാഫത്തിന് ഖലീഫ എന്നത് പോര ഖിലാഫത്ത് തന്നെ വേണം.!!? ഈ യുക്തി എനിക്ക് മനസ്സിലായിട്ടില്ല.

      ഇവിടെ ജയിക്കാനുള്ള വാദം പ്രോത്സാഹിപ്പിക്കില്ല എന്നറിയാമല്ലോ. കുതര്‍ക്കവും അംഗീകരിക്കാനാവില്ല. ഇപ്പോള്‍ കുതര്‍ക്കം നടത്തി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഈ ശൈലി അങ്ങോട്ടാണ് എന്ന് ഞാന്‍ ആശങ്കിക്കുന്നു.

      12 hours ago ·

    • Abdul Latheef
      ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയെ സൂചിപ്പിക്കുന്ന "ഖിലാഫത്ത്" എന്ന പദമുണ്ടോ?


      ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരിയെ സുചിപ്പിക്കുന്ന ഖലീഫ എന്ന പദമുണ്ടോ എന്നായിരുന്നു ചോദ്യമെങ്കില്‍.


      ഖുര്‍ആനില്‍ പ്രയോഗിച്ച ഖലീഫ എന്ന പദം തന്നെയാണ് പ്രവാചകന്റെ ഉത്തരാധികാരിയായ അനുചരന്‍മാര്‍ക്ക് നല്‍കപ്പെട്ടത് എന്നത് പോരെ താങ്കള്‍ക്ക്. മുര്‍തസാ മുതഹ്ഹരിയെ പോലെയുള്ളവര്‍ക്ക് ഖലീഫയുടെ സ്ഥാനത്ത് വിലായത്ത് കൊണ്ടുവരേണ്ടി വരുന്നത് അവര്‍ അനുഭവിക്കുന്ന നിസ്സാഹായതയാണ്. അതാണ് താങ്കള്‍ക്ക് പഥ്യമായി തോന്നുന്നതെങ്കില്‍ അതാവാം.

      12 hours ago ·

    • Shameer Hasan
      Abdul Latheef @


      നിങ്ങൾ കുതർക്കമെന്ന് തെറ്റിദ്ധരിക്കുന്നു;മുൻവിധിയുടെ നുകം അഴിച്ച് വയ്ക്കാം!!
      ഞാൻ മുർതസാ മുതഹരിയല്ല ,കാര്യം ആരു പറഞ്ഞാലും അംഗീകരിക്കും.നിങ്ങൾക്ക് വിശദീകരിക്കനൊക്കുമോ? ഞാൻ ശ്രവിക്കാൻ തയ്യാറാണ്.
      ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു; ഖിലാഫത്ത് 'വലായ'യുടെ അർത്ഥവ്യാപ്തിയിൽ ഖുർ ആനിൽ ഉപയോഗിച്ചിട്ടുണ്ടോ?
      ഇല്ല എന്നാണ് ഉത്തരമെങ്കിൽ പറയാൻ എന്തിനു വിഷമിക്കണം?

      നബിക്ക് ശേഷം ഇസ്ലാമികഗവർമെന്റ് ഭരിച്ചവർക്ക് അക്കാലത്ത് "അമീറുല്മുഅ്‌മിനീൻ" എന്നാണ് കൂടുതലും ഉപയോഗിച്ചിരുന്നത്.

      എന്തു വിളിച്ചു എന്നതിലല്ല കാര്യം,ഭരണഘടനയായ ഖുർആൻ ലക്ഷ്യമാക്കി മനുഷ്യന്റെ കൈകാര്യകർത്താവിനെ പരിചയപ്പെടുത്താൻ അതിലെ ശബ്ദമല്ലെ നല്ലത്?

      12 hours ago · ·  1 person

    • Pravasi Man ‎21:10 തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?
      11 hours ago ·

    • Abdul Latheef ‎>>> നിങ്ങൾ കുതർക്കമെന്ന് തെറ്റിദ്ധരിക്കുന്നു;മുൻവിധിയുടെ നുകം അഴിച്ച് വയ്ക്കാം!! <<<

      ഞാന്‍ പറഞ്ഞത് ഇങ്ങനെ.

      ഇപ്പോള്‍ കുതര്‍ക്കം നടത്തി എന്ന് ഞാന്‍ പറയുന്നില്ല. പക്ഷെ ഈ ശൈലി അങ്ങോട്ടാണ് എന്ന് ഞാന്‍ ആശങ്കിക്കുന്നു.

      ഞാൻ മുർതസാ മുതഹരിയല്ല ,കാര്യം ആരു പറഞ്ഞാലും അംഗീകരിക്കും.നിങ്ങൾക്ക് വിശദീകരിക്കനൊക്കുമോ? ഞാൻ ശ്രവിക്കാൻ തയ്യാറാണ്.

      ഞാന്‍ പറഞ്ഞത് ഇങ്ങനെ. ഞാന്‍ ഇത്രയും പറഞ്ഞതില്‍ താങ്കള്‍ അംഗീകരിച്ചതെന്ത്. വലായത്ത് എന്ന ഒരു പദം പൊക്കിവന്നു ഖിലാഫത്ത് എന്നിടത്ത് സ്ഥാപിക്കാനുള്ള ശ്രമം നടത്തി എന്നല്ലാതെ. ഖിലാഫത്ത് എങ്ങനെയാണ് ഇസ്ലാമിക രാഷ്ട്രീയത്തിന്റെ അടിത്തറയാകുന്നത് എന്ന് ഞാന്‍ വിശദീകരിച്ചു. ജനങ്ങളുടെ അവസ്ഥ മൊത്തമായി പരാമര്‍ശിക്കാനും ആ പദം ഉപോഗിക്കാമെന്നും ഖുര്‍ആനില്‍ അപ്രകാരം വന്നിട്ടുണ്ട് എന്നും വ്യക്തമാക്കി. ഇസ്ലാമിക ഭരണകൂടത്തിന്റെ ഉത്തരാധികാരി എന്ന നിലക്ക് ഖലീഫ എന്ന് പ്രയോഗിക്കുന്നത് ഏത് ഉദ്ദേശ്യത്താലാണ് എന്നും പറഞ്ഞു. ഇവിടെ ചര്‍ച ഭരണാധികാരിക്ക് ഖലീഫ എന്ന് പ്രയോഗിക്കണോ അതല്ല വലിയ്യ് എന്ന് പ്രയോഗിക്കണോ എന്നല്ല. വിലായത്ത് താങ്കള്‍ വിശദീകരിച്ച രൂപത്തില്‍ നോക്കുമ്പോള്‍ സമഗ്രമായ സ്വഭാവത്തിലുള്ള രാഷ്ട്രീയ അടിത്തറയാകാന്‍ മാത്രം വിശാലത ഉള്‍കൊള്ളുന്നില്ല. എന്നാല്‍ അതില്‍ പറഞ്ഞതിനെ പൂര്‍ണമായി അംഗീകരിക്കുകയും ചെയ്യുന്നു.

      അമീറുല്‍ മുഅ്മിനീന്‍ എന്ന് അവരെ അഭിസംബോധന ചെയ്തുവെന്നത് ആ സ്ഥാനത്തെ ഖിലാഫത്ത് എന്ന് പ്രയോഗിക്കുന്നതിന് തടസ്സമല്ല എന്ന് അഹ് ലുസുന്നത്തിലെ പണ്ഡിതന്‍മാര്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിനാല്‍ അവര്‍ അപ്രകാരം ഉപയോഗിച്ചിട്ടുമുണ്ട്. ഒട്ടേറെ പ്രവാചക വചനങ്ങളില്‍ ആ പദം ഉപയോഗിച്ചിടുണ്ട്.

      ഈ കാലഘട്ടത്തില്‍ വെച്ച് ചിന്തിക്കുമ്പോള്‍ അത്യത്ഭുതകരമായ വിധം പുലര്‍ന്ന പ്രവാചന്റെ പ്രവചന സ്വഭാവമുള്ള ഹദീസിലും അതുണ്ട്. നോക്കുക.

      عن النعمان بن بشير عن حذيفة: أن النبي -صلى الله عليه وسلم- قال: "تكون النبوة فيكم ما شاء الله أن تكون، ثم يرفعها الله إذا شاء أن يرفعها، ثم تكون خلافة على منهاج النبوة، فتكون ما شاء الله أن تكون، ثم يرفعها الله إذا شاء أن يرفعها، ثم تكون ملكًا عاضًا (الملك العاض أو العضوض: هو الذي يصيب الرعية فيه عسف وتجاوز، كأنما له أسنان تعضهم عضًا)، فيكون ما شاء الله أن يكون، ثم يرفعها الله إذا شاء أن يرفعها. ثم تكون ملكًا جبرية (ملك الجبرية: هو الذي يقوم على التجبر والطغيان).، فتكون ما شاء الله أن تكون، ثم يرفعها إذا شاء أن يرفعها. ثم تكون خلافة على منهاج النبوة" ثم سكت

      വീണ്ടും താങ്കള്‍ ആവര്‍ത്തിക്കുന്നു

      >>> എന്തു വിളിച്ചു എന്നതിലല്ല കാര്യം,ഭരണഘടനയായ ഖുർആൻ ലക്ഷ്യമാക്കി മനുഷ്യന്റെ കൈകാര്യകർത്താവിനെ പരിചയപ്പെടുത്താൻ അതിലെ ശബ്ദമല്ലെ നല്ലത്? <<<

      ഭരണാധികാരിയെ വലിയ്യ് എന്നോ ഉലുല്‍ അംറ് എന്നോ അമീറുല്‍ മുഅ്മിനീന്‍ എന്നോ വിളിച്ചുകൊള്ളുക. പക്ഷെ അതേ ന്യായം ഖലീഫ എന്ന് വിളിക്കാനും ഉണ്ട്. ഇസ്ലാമി സമൂഹം അതേ പേരില്‍ വിളിച്ചിട്ടുണ്ട് ഖുര്‍ആനിലും ഹദീസിലും ആ പദം വന്നിട്ടുണ്ട്.

      ഇവിടെ ചര്‍ച ഇസ്ലാമിക രാഷ്ട്രത്തിന്റെ അടിത്തറ ഖിലാഫത്ത് എന്ന സംജ്ഞയില്‍ വിശദീകരിക്കുന്നത് എന്തുകൊണ്ടും ഉചിതമാണ്.

      പക്ഷെ താങ്കള്‍ ഇടക്കിടക്ക് എന്നില്‍ ആരോപിക്കുന്ന മുന്‍ധാരണ താങ്കളെ വല്ലാതെ നിയന്ത്രിക്കുന്നുണ്ട് എന്ന് തോന്നുന്നു.

      46 minutes ago ·

    • Abdul Latheef Shameer Hasan

      ഏതായാലും വിസ്മൃതിയില്‍ പോകുമായിരുന്ന ഈ പോസ്റ്റ് അതിന്റെ ചിലവശങ്ങളെങ്കിലും വിശദീകരിക്കാന്‍ സഹായകമായ വിധം ചിന്തയെ പ്രധാനം ചെയ്ത താങ്കളോടുള്ള നന്ദി അറിയിക്കുന്നു.

      ഒരു പദപ്രയോഗത്തില്‍ വലിയ കാര്യമില്ലെന്ന് അറിയാം. എന്നാല്‍ ഇവിടെ ഉപയോഗിച്ച പദം നീക്കാനാവശ്യമായ വസ്തുതകള്‍ ഇവിടെ നല്‍കാത്തതിനാല്‍ മാത്രമാണ് താങ്കളുടെ ആവശ്യം ഇവിടെ സ്വീകരിക്കാന്‍ നിവൃത്തിയില്ലാതെ വന്നത്.

      താങ്കള്‍ മുര്‍ത്തസാ മുതഹരിയല്ല. ആയിരുന്നെങ്കില്‍ ഒരു പക്ഷെ ഇതിനെക്കാള്‍ യുക്തമായ ഒരു വാദം കൊണ്ട് അത് സ്ഥാപിച്ചെടുക്കുമായിരുന്നു. അല്ലെങ്കില്‍ ഞാന്‍ ഇവിടെ പറഞ്ഞത് അംഗീകരിക്കുമായിരുന്നു.

      41 minutes ago ·

    • Abdul Latheef ‎>>> ഞാൻ വീണ്ടും വീണ്ടും ആവർത്തിക്കുന്നു; ഖിലാഫത്ത് 'വലായ'യുടെ അർത്ഥവ്യാപ്തിയിൽ ഖുർ ആനിൽ ഉപയോഗിച്ചിട്ടുണ്ടോ?
      ഇല്ല എന്നാണ് ഉത്തരമെങ്കിൽ പറയാൻ എന്തിനു വിഷമിക്കണം? <<<

      ഖിലാഫത്തിന്റെ പൂര്‍ണമായ അര്‍ഥവ്യാപ്തിയില്‍ തന്നെയാണ് വിശുദ്ധഖുര്‍ആനില്‍ ആ പദം പ്രയോഗിച്ചിട്ടുള്ളത് എന്ന് എന്റെ മേല്‍ കമന്റും പോസ്റ്റും വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും.

      ['ഇനി ഇതൊന്ന് ഓര്‍ത്തുനോക്കുക: ഞാന്‍ ഭൂമിയില്‍ ഒരു ഖലീഫ (പ്രതിനിധി)യെ നിശ്ചയിക്കുന്നു എന്ന് നിന്റെ നാഥന്‍ മലക്കുകളോടു പറഞ്ഞപ്പോള്‍, അവര്‍ അന്വേഷിച്ചു: `ഭൂമിയില്‍, അതിന്റെ ക്രമം താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിശ്ചയിക്കുകയാണോ?ഞങ്ങള്‍ നിന്നെ സ്തുതിച്ചും പ്രകീര്‍ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ.` അവന്‍ അരുളി: `നിങ്ങള്‍ക്കറിഞ്ഞുകൂടാത്തത് ഞാന്‍ അറിയുന്നു.` (2:30 )]

      മനുഷ്യരെ അല്ലാഹു സൃഷ്ടിക്കാന്‍ പോകുമ്പോള്‍ നടന്ന സംഭാഷണമാണല്ലോ ഇത്. ഇതില്‍ മനുഷ്യന്റെ സ്ഥാനം അല്ലാഹു അടയാളപ്പെടുത്തിയത് ഖലീഫ എന്നാണ്. അത് കേവലം ഒരു തലമുറക്ക് ശേഷം പിന്‍ തലമുറ എന്ന അര്‍ഥത്തിലുള്ള കേവലം ഒരു ഖിലാഫത്തിനെക്കുറിച്ചല്ല. എന്ന് തന്നെയാണ് ഖുര്‍ആന്റെ ശൈലിയനുസരിച്ച് നമ്മുക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. കേവലം ചില ആരാധനാ ചടങ്ങുകളനുഷ്ഠിക്കാനുമല്ല അവരെ സൃഷ്ടിച്ചത് എന്നും മലക്കുകളുടെ ചോദ്യത്തിനുള്ള മറുപടിയില്‍ ഉണ്ട്. പിന്നെ എന്താണ് മനുഷ്യ സൃഷ്ടിപ്പിന്റെ ഉദ്ദേശ്യം. എന്നതിന് നാം മറുപടി അന്വേഷിക്കേണ്ടത് ഖലീഫ എന്ന പദത്തില്‍ തന്നെയാണ്. അത് വെച്ച് ഞാന്‍ പോസ്റ്റില്‍ പറഞ്ഞ വിശദീകരണം വിശുദ്ധഖുര്‍ആന്റെ സന്ദേശം തന്നെയാണ് എന്ന് വ്യക്തമാകും. മൗദൂദിയെ പോലെയുള്ള മഹാദാര്‍ശനികനും ചിന്തകനുമായ ഒരാള്‍ പറഞ്ഞുവെച്ചത് ഞാന്‍ എന്റേതായ രൂപത്തില്‍ വിശദീകരിക്കുകയായിരുന്നു ഇവിടെ. മൗദൂദി പറഞ്ഞുവെന്നതല്ല അതിന്റെ പ്രാധാന്യം അത് ഞാന്‍ മനസ്സിലാക്കിയ വിശുദ്ധഖുര്‍ആന്റെ സന്ദേശത്തോടു യോജിച്ചുവരുന്നുവെന്നത് കൂടിയാണ് അതിനെ സ്വീകരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

      27 minutes ago ·

    • Abdul Latheef പ്രസ്തുത സൂക്തത്തില് പ്രയോഗിച്ച ഖലീഫ എന്ന പദത്തെ മൌദൂദി ഇങ്ങനെ വിശദീകരിച്ചു.

      ['ഒരു സാധനത്തെ അതിന്റെ ഉടമസ്ഥന്‍ ഏല്‍പിച്ച അധികാരമനുസരിച്ച് വിനിയോഗിക്കുന്നവനാണ് ഖലീഫ അഥവാ പ്രതിനിധി. പ്രതിനിധി ഉടമസ്ഥനല്ല; ഉടമസ്ഥന്റെ കീഴില്‍ കാര്യം നടത്തുന്നവനാണ്. അയാളുടെ അധികാരങ്ങള്‍ സ്വന്തമായുള്ളതല്ല; ഉടമസ്ഥന്‍ നല്‍കിയതുമാത്രമാണ്. ഉടമസ്ഥന്റെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കുക മാത്രമാണവന്റെ ജോലി. ഇനി അവന്‍ സ്വയം ഉടമസ്ഥനായി ചമഞ്ഞ് ഉടമസ്ഥന്‍ നല്‍കിയ അധികാരങ്ങളെ സ്വേഛാനുസാരം ഉപയോഗിക്കുകയോ അഥവാ, സാക്ഷാല്‍ ഉടമസ്ഥനൊഴിച്ച് മറ്റാരെയെങ്കിലും ഉടമസ്ഥനായി അംഗീകരിച്ച് അവരുടെ ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുകയും അവരുടെ ആജ്ഞാനുവര്‍ത്തിയായി നിലകൊള്ളുകയും ചെയ്കയോ ആണെങ്കില്‍ അത് രാജദ്രോഹവും ധിക്കാരവുമായിരിക്കും.' (തഫ്ഹീമുല് ഖുര്ആന് വ്യാഖ്യാനക്കുറിപ്പ് 2:30) ]

      24 minutes ago ·

    • Abdul Latheef ‎>>> ഖിലാഫത്ത് 'വലായ'യുടെ അർത്ഥവ്യാപ്തിയിൽ ഖുർ ആനിൽ ഉപയോഗിച്ചിട്ടുണ്ടോ?ഇല്ല എന്നാണ് ഉത്തരമെങ്കിൽ പറയാൻ എന്തിനു വിഷമിക്കണം? <<<

      'വലായ' വലായയുടെ അര്‍ഥവ്യാപ്തിയിലും 'ഖിലാഫത്ത് ' ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച അര്‍ഥവ്യാപ്തിയിലും ഉപയോഗിച്ചിട്ടുണ്ട് എന്നാണ്. അല്ലാതെ ഖിലാഫത്ത് വലായയുടെ അര്‍ഥ വ്യാപ്തിയില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് അസംബന്ധമാണ്. മറുപടി പറയാന്‍ എന്തുകൊണ്ട് വിഷമിക്കുന്നുവെന്നതിന് ഇതില്‍ ഉത്തരമുണ്ടോ നോക്കൂക.

      13 minutes ago ·

    • Abdul Latheef ‎>>> ഖിലാഫത്ത് 'വലായ'യുടെ അർത്ഥവ്യാപ്തിയിൽ ഖുർ ആനിൽ ഉപയോഗിച്ചിട്ടുണ്ടോ?ഇല്ല എന്നാണ് ഉത്തരമെങ്കിൽ പറയാൻ എന്തിനു വിഷമിക്കണം? <<<

      ഈ ചോദ്യത്തിന് ശരിയായ ഉത്തരം മേല്‍ പറഞ്ഞതല്ല. താങ്കളുടെ ചോദ്യത്തിന് ഖിലാഫത്തിന്റെ അര്‍ഥവ്യാപ്തി വിശദീകരിക്കുകയാണ് ഞാന്‍ ചെയ്തത്. ഇതിനുള്ള ഉത്തരം:

      'വലായ' വലായയുടെ അര്‍ഥവ്യാപ്തിയിലും 'ഖിലാഫത്ത് ' ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച അര്‍ഥവ്യാപ്തിയിലും ഉപയോഗിച്ചിട്ടുണ്ട് എന്നാണ്.

      അല്ലാതെ ഖിലാഫത്ത് വലായയുടെ അര്‍ഥ വ്യാപ്തിയില്‍ ഖുര്‍ആനില്‍ പ്രയോഗിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നത് അസംബന്ധമാണ്. മറുപടി പറയാന്‍ എന്തുകൊണ്ട് വിഷമിക്കുന്നുവെന്നതിന് ഇതില്‍ ഉത്തരമുണ്ടോ എന്ന് നോക്കൂക.

      11 minutes ago ·

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ഇസ്ലാം സംവാദം എന്ന ഗ്രൂപില്‍ നടന്ന ചര്‍ചയാണ് ഇവിടെ നല്‍കിയത്. ഫെയ്‌സ് ബുക്ക് ഗൗരവതരമായ ചര്‍ചക്ക് യോജിച്ചതല്ല. നാല് ദിവസത്തിനകം അത് മറഞ്ഞുപോകും. ബ്ലോഗിന് യോജിച്ച വിഷയമാണ് ഇത്. പക്ഷെ ഇവിടെ അതില്‍ പ്രതികരിക്കേണ്ടവര്‍ നിശബ്ദത പാലിക്കുന്നതിനാല്‍ ചര്‍ച നടക്കുന്നില്ല അതിനാല്‍ തന്നെ വിഷയത്തിന്റെ വിവിധ വഷങ്ങള്‍ വരുന്നുമില്ല. ഒരു റഫറന്‍സിന് മാത്രമായി അത് ഇവിടെയും പോസ്റ്റു ചെയ്യുകയാണ്. ഇവിടെ വരുന്ന വായനക്കാരുടെ അഭിപ്രയാങ്ങളും പ്രതീക്ഷിക്കുന്നു.

മുഖ്യമന്ത്രിമുതല്‍ ഇസ്ലാമിക രാഷ്ട്രീയം എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. കൈവെട്ട് ഇസ്ലാമിക രാഷ്ട്രീയത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് എന്നാണ് മുഖ്യമന്ത്രിയുടെ മുഖ്യമായ നിരീക്ഷണം എന്നതില്‍ നിന്നുതന്നെ ഈ വിഷയം പൊതുചര്‍ചക്ക് വിഷയീഭവിക്കേണ്ടതാണ് എന്ന് വരുന്നു. ശരി പറഞ്ഞുകൊടുക്കുന്നില്ലെങ്കില്‍ തെറ്റായി ധരിക്കുന്നവരെ കുറ്റം പറയാനാവില്ലല്ലോ.

ഇസ്ലാമിക രാഷ്ട്രീയത്തെക്കുറിച്ചുപറയുന്നത് തന്നെ രാജ്യദ്രോഹമാകുന്നു എന്നിടത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നത് ജനാധിപത്യ രാജ്യത്തിന് ഒട്ടും ഭൂഷണമല്ല.

CKLatheef പറഞ്ഞു...

ഇത്രയും ഇവിടെ പറഞ്ഞുവെച്ചത് സമയബന്ധിതമായി തീര്‍ക്കേണ്ട ഒരു രാഷ്ട്രീയ ദൗത്യത്തെ സൂചിപ്പിക്കാനല്ല. ഇസ്ലാമിന് അതിന്റെ തനതായ അടിത്തറയില്‍ രൂപം കൊണ്ട തികച്ചും വ്യത്യസ്ഥവും സര്‍വകാലികവുമായ ഒരു രാഷ്ട്രീയ വീക്ഷണമുണ്ട് എന്ന് വ്യക്തമാക്കാനാണ്. ഇസ്ലാമിനെ അവതരിപ്പിക്കുമ്പോള്‍ ഈ വശം മറച്ചുവെക്കുന്നതിന്റെ കാരണം എനിക്കിന്നേ വരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. ഇസ്ലാമിന്റെ ആത്മീയ സന്ദേശങ്ങള്‍ മനുഷ്യന് ഗുണകരമാണ് എന്ന് സമ്മതിക്കുന്നവര്‍ വരെ ജമാഅത്തെ ഇസ്ലാമി അതിന്റെ രാഷ്ട്രീവശംകൂടി പൊതുജനങ്ങളുടെ മുന്നില്‍ സമര്‍പിക്കുമ്പോള്‍ വല്ലാതെ അസ്വസ്ഥരാകുന്നു. അതിനെ മതരാഷ്ട്രം എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. അത്തരക്കാരുടെ ആശങ്കയും അതിന് ജമാഅത്തെ ഇസ്ലാമി നല്‍കിയ മറുപടിയും അടുത്ത പോസ്റ്റില്‍ വായിക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK