'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, മേയ് 03, 2011

ഇസ്ലാമിക രാഷ്ട്രീയവീക്ഷണം മാരകവിപത്തോ?

"ഇസ്ലാം ബലാല്‍ക്കാരേണ ലോകത്ത് നന്മ അടിച്ചേല്‍പിക്കാന്‍വന്ന മതമാണെന്ന തെറ്റിദ്ധാരണ അടുത്ത കാലത്ത് ചില മുസ്ലിംകളില്‍ പരന്ന ആപത്താണ്. മുസ്ലിമിന്റെ ജീവിതത്തിന്റെ മിനിമം ലക്ഷ്യം അധികാരം ഒപ്പിക്കുകയെന്നതായിരിക്കണം. അധികാരത്തിലൂടെ മാത്രമേ നന്മയിലധിഷ്ഠിതമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ സാധിക്കൂ. അതുകൊണ്ട് അധികാരത്തിന് വേണ്ടി ഒരു മുസ്ലിം ജീവിക്കണം. ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്ന പ്രസ്ഥാനങ്ങളും ആളുകളും ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് അത്യന്തം ദുര്‍ബലരായ മുസ്ലിം സമൂഹത്തിന് അശനിപാതത്തെക്കാള്‍ മാരകമായ വിപത്താണ്. മതത്തിന് രാഷ്ട്രീയവീക്ഷണം ഉണ്ടാകുന്നതും മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതും രണ്ടാണെന്ന് സാമൂഹികശാസ്ത്രത്തിന്റെയും മതത്തിന്റെയും പ്രാഥമികജ്ഞാനമുള്ള എല്ലാവര്‍ക്കും അറിയാം. മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുക വര്‍ഗീയതയുടെ മൂന്നു സാമൂഹിക ഉപകരണങ്ങളിലൊന്നാണ്. ഭാഷയും ഭൂമിയുമാണ് മറ്റു രണ്ടുപകരണങ്ങള്‍. തീവ്രമായ രാഷ്ട്രീയവീക്ഷണവുമായി അരങ്ങിലെത്തിയ ഒരു മുസ്ലിം സംഘടനക്ക് കാലക്രമേണ യാഥാര്‍ഥ്യബോധമുണ്ടാവുകയും നയമാറ്റങ്ങളിലൂടെ തങ്ങളുടെ വീക്ഷണത്തെ അവര്‍ തല്ലി പതംവരുത്തുകയും ചെയ്തു. (മിറ്റ്-ശബാബ് വാരിക, 26 ഒക്ടോബര്‍ 1990). മുജാഹിദ് വാരിക, വര്‍ഗീയത വളരാനുള്ള കാരണങ്ങള്‍ വിശകലനം ചെയ്തപ്പോള്‍ എത്തിച്ചേര്‍ന്ന ഈ നിഗമനത്തെക്കുറിച്ച് എന്തു പറയുന്നു?

ഉത്തരം : ഇന്ത്യയിലെ സാമുദായികാന്തരീക്ഷം അത്യന്തം വഷളാവുകയും കേരളത്തിലേക്കു കൂടി വര്‍ഗീയതയുടെ വിഷജ്വാലകള്‍ വ്യാപിക്കുകയും ചെയ്തിരിക്കെ, ഈ സ്ഥിതിവിശേഷത്തിന്റെ മൂലകാരണങ്ങള്‍ വസ്തുനിഷ്ഠമായി അപഗ്രഥിക്കേണ്ടതും പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതും അനുപേക്ഷ്യമാണ്. അപഗ്രഥനത്തിനിടയില്‍, മുസ്ലിംകളുടെ ഭാഗത്ത് സംഭവിച്ച അബദ്ധങ്ങളുടെ പാളിച്ചകളും വിമര്‍ശനബുദ്ധ്യാ വിലയിരുത്തുന്നത് പ്രസക്തവുമാണ്. അതിനുള്ള ആര്‍ജവം കാട്ടിയില്ലെങ്കില്‍ തെറ്റുകളും അവയുടെ ഭവിഷ്യത്തുകളും ആവര്‍ത്തിക്കുകയായിരിക്കും ഫലം. അതിനാല്‍, മുസ്ലിംലീഗ് ക്യാമ്പിലും മുജാഹിദ് ക്യാമ്പിലും ഒരുപോലെ സൈദ്ധാന്തിക വിശകലനങ്ങള്‍ നടത്താറുള്ള മാന്യന്‍ , യുവ മുജാഹിദ് ജിഹ്വയിലെഴുതിയ മൂല്യലേഖനം സഗൌരവമായ പരിഗണന അര്‍ഹിക്കുന്നു.


പക്ഷേ, ഇത്തരമൊരു താത്ത്വിക വിശകലനത്തില്‍ അന്ധമായ കക്ഷിപക്ഷപാതത്തിനോ മുന്‍വിധികള്‍ക്കോ സ്ഥാനമനുവദിക്കരുതെന്നും അപഗ്രഥനം സത്യസന്ധമായിരിക്കണം എന്നതും അതിന്റെ പ്രാഥമിക ഉപാധിയാണ്. ആ ഉപാധി, ചോദ്യകര്‍ത്താവ് ഉദ്ധരിച്ച വരികളില്‍ പാലിക്കപ്പെട്ടില്ലെന്നത് നിര്‍ഭാഗ്യകരമായിരിക്കുന്നു. വരികള്‍ക്കിടയില്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചാലും ജമാഅത്തെ ഇസ്ലാമിയെക്കുറിച്ചാണ് ലേഖകന്റെ പരാമര്‍ശങ്ങളെന്ന് വ്യക്തമാണ്. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് തികച്ചും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനകവുമായ പരാമര്‍ശങ്ങള്‍ നടത്തി എന്നത് മാത്രമല്ല ലേഖകന് സംഭവിച്ച തെറ്റ്; രാജ്യത്തിന്റെ വര്‍ഗീയധ്രുവീകരണത്തില്‍ അനിഷേധ്യ പങ്കുവഹിച്ച പ്രസ്ഥാനത്തെ സമര്‍ഥമായി മറച്ചുവെച്ചിരിക്കുന്നു എന്നതു കൂടിയാണ്.


ഇന്ത്യയിലെ പ്രബല സമുദായങ്ങളായ ഹിന്ദുക്കളും മുസ്ലിംകളും വ്യക്തമായ സാമുദായിക ധ്രുവീകരണത്തിന് വിധേയരാവാനും ഒരേ സമൂഹത്തില്‍ ഒരുമിച്ചുകഴിയാന്‍ സാധ്യമല്ലെന്നവര്‍ തീരുമാനിക്കാനും കാരണമായിത്തീര്‍ന്നത് ദ്വിരാഷ്ട്രവാദവും വിഭജനവുമാണെന്ന് മനസ്സിലാക്കാത്തവരുണ്ടാവില്ല. ഇതിന് വഴിയൊരുക്കിയത് ഹിന്ദു-മുസ്ലിം സാമുദായികതകളായിരുന്നുതാനും. പ്രതിരോധ സ്വഭാവത്തിലാണെങ്കിലും ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ വളര്‍ന്നുവന്ന മുസ്ലിം സാമുദായികപ്രസ്ഥാനമാണ് ഒടുവില്‍ ശക്തിപ്രാപിച്ച് ദ്വിരാഷ്ട്രവാദം മുന്നോട്ടുവെച്ചത്. സാഹചര്യങ്ങള്‍ അതിന് നിര്‍ബന്ധിച്ചു എന്നു മാത്രമാണ് അതിനെ ന്യായീകരിക്കുന്നവര്‍ക്ക് ഏറിവന്നാല്‍ പറയാനാവുക. എന്നാല്‍, സാര്‍വലൌകികവും മാനവികസാഹോദര്യത്തില്‍ അധിഷ്ഠിതവുമായ ഇസ്ലാമികാദര്‍ശത്തിന്റെ പ്രബോധനപരമായ ചുമതല ഏറ്റെടുക്കുകയും അതോടൊപ്പം സമുദായത്തിന്റെ സംസ്കരണത്തിനും അവകാശസംരക്ഷണത്തിനും തുല്യപ്രാധാന്യം നല്‍കുകയുമായിരുന്നു മുസ്ലിം സാമുദായികപ്രസ്ഥാനം ചെയ്തിരുന്നതെങ്കില്‍ ഹിന്ദു-മുസ്ലിം ബന്ധങ്ങള്‍ വഷളാവുമായിരുന്നില്ലെന്നു മാത്രമല്ല, രാജ്യം പിളര്‍ത്തുകൊണ്ടുപോയി എന്ന ശാശ്വതമായ അപഖ്യാതിക്ക് മുസ്ലിംകള്‍ ശരവ്യരാവുകയുമില്ലായിരുന്നു. വിഭജനാനന്തരം ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷം അനുഭവിക്കുന്ന എല്ലാ പീഡനങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും പ്രധാന പശ്ചാത്തലമായി വര്‍ത്തിക്കുന്നതും ഹിന്ദുവര്‍ഗീയവാദികളുടെ കൈയില്‍ ഏറ്റവും മൂര്‍ച്ചയേറിയ ആയുധമായിത്തീര്‍ന്നിരിക്കുന്നതും വിഭജനമാണെന്ന് ആര്‍ക്കും കാണാവുന്നതേയുള്ളൂ. സ്വതന്ത്ര ഇന്ത്യയിലെ മുസ്ലിംലീഗിന് ദ്വിരാഷ്ട്രവാദത്തോട് ആഭിമുഖ്യമില്ല. മുസ്ലിം ന്യൂനപക്ഷത്തിന്റെ താല്‍പര്യസംരക്ഷണത്തിലൊതുങ്ങും ലീഗിന്റെ ദൌത്യം. എന്നിട്ടും കേരളത്തിനു പുറത്ത് മുസ്ലിംലീഗ് വേരുപിടിക്കാത്തതിന്റെ പിന്നിലെ മുഖ്യകാരണങ്ങളിലൊന്ന് അതിന്റെ പേരും പതാകയും ഓര്‍മിപ്പിക്കുന്ന സ്വാതന്ത്ര്യ പൂര്‍വകാലചരിത്രമാണ്. ഈ വസ്തുത മറച്ചുവെച്ചുകൊണ്ട്, സമകാലിക ഇന്ത്യയില്‍ ഹൈന്ദവവര്‍ഗീയത ശക്തിയാര്‍ജിക്കാനുള്ള കാരണങ്ങളെക്കുറിച്ച വിശകലനം പൂര്‍ണമോ വസ്തുനിഷ്ഠമോ ആവില്ല.


അതേയവസരത്തില്‍, 1941-ല്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നിലവില്‍വന്ന ഇസ്ലാമികപ്രസ്ഥാനം സാമുദായികതയെ സാമുദായികതകൊണ്ട് നേരിടുന്നതിന് തീര്‍ത്തും എതിരായിരുന്നുവെന്നും ഇസ്ലാമിനെ സര്‍വമനുഷ്യര്‍ക്കും സ്വീകാര്യമായ ദൈവിക സന്മാര്‍ഗമായി അവതരിപ്പിക്കുന്നതിലും ഒപ്പം മുസ്ലിം സമൂഹത്തെ വര്‍ഗീയ-വിഭാഗീയ ചിന്തകള്‍ക്കതീതരായ ഉത്തമസമുദായമായി പരിവര്‍ത്തിപ്പിക്കന്നതിലുമാണ് പൂര്‍ണമായും ഊന്നിനിന്നതെന്നും അതിന്റെ ചരിത്രവും സാഹിത്യങ്ങളും പരിശോധിക്കുന്നവര്‍ക്ക് ബോധ്യപ്പെടും. ഇന്ത്യാ ചരിത്രം സത്യസന്ധമായി രേഖപ്പെടുത്തിയ ഒരു പണ്ഡിതനും മൌലാനാ മൌദൂദിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ ഇസ്ലാമിക രാഷ്ട്രീയസങ്കല്‍പമാണ് ഇന്ത്യയിലെ മുസ്ലിംകള്‍ക്ക് അശനിപാതത്തെക്കാള്‍ മാരകമായിത്തീര്‍ന്നതെന്ന് അഭിപ്രായപ്പെട്ടത് കണ്ടിട്ടില്ല. ചിലരെങ്കിലും വിഭജനവാദത്തെ എതിര്‍ത്ത ജമാഅത്തിന്റെ കാഴ്ചപ്പാടിനെ വിലമതിക്കുകയാണ് ചെയ്തിട്ടുള്ളത്. സ്വതന്ത്ര ഇന്ത്യയില്‍ ഹിന്ദുവര്‍ഗീയത ശക്തിപ്രാപിച്ചപ്പോള്‍ അതിനെ എതിര്‍ക്കേണ്ടിവന്ന സെക്യുലറിസ്റുകളില്‍ ചിലര്‍, കൃത്രിമമായ സന്തുലിതത്വവും നീതിബോധവും പ്രകടിപ്പിക്കാന്‍ ജമാഅത്തെ ഇസ്ലാമിയെ കുറ്റപ്പെടുത്താറുണ്ടെന്നത് ശരിയാണ്. അതിപ്പോഴും തുടരുന്നുമുണ്ട്. പക്ഷേ, ഈയാത്യന്തിക സെക്യുലറിസ്റുകളുടെ കണ്ണില്‍ മുസ്ലിംലീഗ് എക്കാലത്തും വര്‍ഗീയപാര്‍ട്ടി ആയിരുന്നുവെന്നും സലഫി സംഘടനകള്‍ ഉള്‍പ്പെടെയുള്ള മതസംഘടനകള്‍ ജമാഅത്തെ ഇസ്ലാമിയെപ്പോലെത്തന്നെ മതമൌലികതാവാദികളുടെ ഗണത്തിലാണ് ഉള്‍പ്പെട്ടിട്ടുള്ളതെന്നും മാന്യലേഖകന്‍ ഓര്‍ക്കണം. മതം ദൈവവും മനുഷ്യനും തമ്മിലുള്ള സ്വകാര്യഇടപാടു മാത്രമാണെന്നും ജീവിതത്തിന്റെ മറ്റൊരു മേഖലകളിലും മതത്തിന് പ്രവേശനമുണ്ടായിരിക്കരുതെന്നും സമ്മതിച്ചുകൊടുക്കാത്തവരെല്ലാം അവരുടെ ദൃഷ്ടിയില്‍ വര്‍ഗീയവാദികളും മതമൌലികതാവാദികളുംതന്നെ. ഷാബാനു കേസിലെ ശരീഅത്ത് വിരുദ്ധമായ സുപ്രീംകോടതിവിധിയെ വിമര്‍ശിച്ചതാണ് ഇന്നും മുസ്ലിം വര്‍ഗീയതക്കും ഫണ്ടമെന്റലിസത്തിനും ഏറ്റവും വലിയ തെളിവായി സെക്യുലര്‍ മീഡിയയും ലോബിയും കൊണ്ടുനടക്കുന്നത്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി മാത്രമാണ് 'കുറ്റവാളി' എന്ന് മുജാഹിദ് സൈദ്ധാന്തികര്‍ സമ്മതിച്ചുതരുമോ?


ഇസ്ലാം ബലാല്‍ക്കാരേണ ലോകത്ത് നന്മ അടിച്ചേല്‍പിക്കാന്‍ വന്ന മതമാണെന്നോ മുസ്ലിമിന്റെ ജീവിതത്തിന്റെ മിനിമം ലക്ഷ്യം അധികാരം ഒപ്പിക്കുകയാണെന്നോ ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനം വാദിച്ചിട്ടില്ല, വിശ്വസിക്കുന്നുമില്ല. വ്യക്തിസംസ്കരണത്തിലൂടെ സാമൂഹ്യസംസ്കരണവും അതുവഴി രാഷ്ട്രസംസ്കരണവും സാധിക്കണമെന്ന ഇസ്ലാമിന്റെ കാഴ്ചപ്പാടാണ് ജമാഅത്തെ ഇസ്ലാമി എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത്. പക്ഷേ, അതിനര്‍ഥം ഇസ്ലാം ആരാധനാകര്‍മങ്ങളിലൊതുങ്ങിയ ഒരു പാരമ്പര്യമതമാണെന്നും അധികാരവും രാഷ്ട്രീയവും അതിന് നിഷിദ്ധമാണെന്നും വാദിക്കലാണെങ്കില്‍ ആ വാദം സ്വീകരിക്കാനും ജമാഅത്ത് സന്നദ്ധമല്ല. രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവും ഉള്‍പ്പെടെ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ ഉള്‍ക്കൊള്ളുന്ന സമഗ്ര ജീവിതവ്യവസ്ഥിതിയാണ് ഇസ്ലാമെന്ന് ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ജമാഅത്ത് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെതിരെ മുഖംതിരിച്ചു നില്‍ക്കുകയും ഏത് രാഷ്ട്രീയ പാര്‍ട്ടിയിലും ചേര്‍ന്ന് എങ്ങനെയും മുസ്ലിംകള്‍ക്ക് പ്രവര്‍ത്തിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തവര്‍, ആശയസമരത്തില്‍ പരാജയപ്പെട്ട് പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുമ്പോള്‍ 'മതത്തിന് രാഷ്ട്രീയവീക്ഷണമുണ്ടാകും' എന്നെങ്കിലും സമ്മതിക്കുന്നത് നല്ല കാര്യംതന്നെ. പക്ഷേ, അപ്പോഴും ഐഡന്റിറ്റി നിലനിര്‍ത്താനും ദാര്‍ശനികമായ ദൌര്‍ബല്യം മറച്ചുവെക്കാനുമായി 'മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു' എന്ന ദുരാരോപണം ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മേല്‍ വെച്ചുകെട്ടുകയാണ്. മതത്തെ രാഷ്ട്രീയവല്‍ക്കരിക്കുക എന്ന പ്രയോഗത്തിന്റെ ആശയം തന്നെ അവ്യക്തമാണ്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി മതത്തെ ഉപയോഗപ്പെടുത്തുക എന്നാണോ വിവക്ഷ?.


ജീവിതത്തെ ഇസ്ലാമികവല്‍ക്കരിക്കണമെന്ന് പറയുമ്പോള്‍ രാഷ്ട്രീയം മാത്രം അതില്‍നിന്നൊഴിച്ചുനിര്‍ത്താന്‍വയ്യ. രാഷ്ട്രീയത്തില്‍ ആര്‍ക്കും എന്തും ആവാമെന്ന വാദം മതനിഷേധികളുടേതാണ്, മതവിശ്വാസികളുടേതല്ല. ഈ രാജ്യത്തും ലോകത്തും ഇന്നു നടക്കുന്ന സകലമാന തിന്മകളുടെയും പിന്നില്‍ രാഷ്ട്രീയവും അധികാരശക്തികളുമുണ്ട്. ശിര്‍ക്ക്, കൊലപാതകം, വ്യഭിചാരം, പലിശ, മദ്യപാനം തുടങ്ങി ഇസ്ലാം നിരോധിച്ച സര്‍വ പാപങ്ങളും അധികാരപീഠങ്ങളുടെ തണലില്‍ വളരുകയും ജനജീവിതംതന്നെ നരകീയമായിത്തീരുകയുമാണ്. അതൊക്കെ ഒരു വശത്ത് നടക്കട്ടെ, നമുക്കും അതിന്റെ ഗുണഭോക്താക്കളാവാം എന്ന മനോഭാവത്തോടെ സകല അധാര്‍മിക പാര്‍ട്ടികളുടെയും കൊടിപിടിക്കാന്‍ മുസ്ലിംകള്‍ക്ക് അനുവാദം നല്‍കുന്ന വീക്ഷണം ആരുടേതായാലും അതിനോട് സമരസപ്പെടാന്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് സാധ്യമല്ല. രാജ്യം നന്നാവണമെങ്കില്‍ ദൈവഭയമോ മനുഷ്യസ്നേഹമോ ഇല്ലാത്തവരുടെ കരങ്ങളില്‍നിന്ന് രാജ്യത്തിന്റെ കടിഞ്ഞാണ്‍ മോചിപ്പിക്കണം. അത് ഞങ്ങളുടെ ജോലിയല്ല, സെക്യുലര്‍ രാഷ്ട്രീയക്കാരുടെ ജോലിയാണെന്നാണ് ഇസ്ലാമിന്റെ അനുയായികള്‍ക്ക് പറയാനുള്ളതെങ്കില്‍, നന്മ സംസ്ഥാപിക്കാനും തിന്മ ഉന്മൂലനം ചെയ്യാനുമുള്ള ദൌത്യം അവര്‍ കൈയൊഴിഞ്ഞു എന്നേ അര്‍ഥം വരൂ. മുതലാളിത്തവും കമ്യൂണിസവും ഒരുപോലെ പരാജയത്തിന്റെ പടുകുഴിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്ന ഈ നൂറ്റാണ്ടിന്റെ അന്ത്യദശകത്തിലും ദൈവികസന്മാര്‍ഗത്തെ ഒരു സമ്പൂര്‍ണ ബദല്‍വ്യവസ്ഥയായി മുന്നോട്ടുവെക്കാന്‍ ലഭിച്ച സുവര്‍ണാവസരം ഉപയോഗപ്പെടുത്തുന്നതിനു പകരം അതിന് യത്നിക്കുന്നവരെ 'മാരക വിപത്തായി' ചിത്രീകരിക്കുന്നവരുടെ അവിവേകത്തെക്കുറിച്ച് എത്ര കുറച്ച് പറയുന്നുവോ അത്രയും നല്ലത്. മൌലീദിലെ 'ബിദ്അത്തും' വിവാഹത്തിലെ ധൂര്‍ത്തും കണ്ടെത്തുന്നതില്‍ മാത്രം കാലംകളയുന്നതാണ് വിപത്തൊഴിവാക്കാന്‍ വഴിയെന്ന് തോന്നുന്നവര്‍ സ്വന്തം വഴിക്ക് നീങ്ങട്ടെ. അവര്‍ക്കുവേണ്ടി ഇസ്ലാമികപ്രസ്ഥാനം അതിന്റെ ഇസ്ലാമിക കാഴ്ചപ്പാട് തല്ലി പതം വരുത്തുമെന്ന് മാത്രം അവര്‍ പ്രതീക്ഷിക്കരുത്.

(അവലംബം)

2 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ജമാഅത്തെ ഇസ്ലാമിയുടെ മേല്‍ അത് വാദിക്കാത്ത ഒരു വാദം കെട്ടിയേല്‍പിച്ചകൊണ്ടല്ലാതെ ഒരു മുസ്ലിം സംഘടനയില്‍ പെട്ട ആളും ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെക്കുന്ന ഇസ്ലാമിന്റെ രാഷ്ട്രീയ സങ്കല്‍പത്തെ വിമര്‍ശിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല.


മറിച്ച് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെങ്കില്‍ അവര്‍ ഇവിടെ അത് സമര്‍പ്പിക്കട്ടേ.

zubaida പറഞ്ഞു...

മലയാളം ബുലോകമേ നിന്നെ ഇവര്‍ അപമാനിച്ചിരിക്കുന്നു., നീ ലജ്ജിച്ചു തലതാഴ്ത്തുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK