'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ വന്നു ?

ശബാബ് വാരികയിൽ വന്ന ലേഖനത്തിനെ അടിസ്ഥാനമാക്കി  ശബാബ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുമ്പോൾ ? എന്ന  പ്രതികരണക്കുറിപ്പിന്റെ രണ്ടാം ഭാഗം.  ആദ്യഭാഗം ഇവിടെ
---------------------
(ശിര്‍ക്കാണെന്ന്‌ ഒരു കാര്യത്തെപ്പറ്റി പറയുകയും അതേ കാര്യം ഭംഗിയായി നിര്‍വഹിക്കുകയും ചെയ്യുന്ന വൈരുധ്യം ജമാഅത്തെ ഇസ്‌ലാമിയുടെ ആദികാലം തൊട്ടുള്ള സവിശേഷതയാണ്‌. വെളുത്ത സായിപ്പ്‌ പോയി കറുത്ത സായിപ്പ്‌ ഭരിക്കുമെന്നതിനപ്പുറം സ്വാതന്ത്ര്യം ഒരു ഫലവും തരില്ലെന്ന്‌ മൗദൂദി സാഹിബ്‌ എഴുതി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പിടഞ്ഞു മരിച്ച പതിനായിരക്കണക്കിന്‌ മുസ്‌ലിംകളെ ഇകഴ്‌ത്തിക്കാണിക്കാനും മടികാണിച്ചില്ല.)


ജമാഅത്തെ ഇസ്ലാമി ശിർക്കാണെന്ന് പറഞ്ഞ ഏത് കാര്യമാണ് പിന്നീട് ലേഖകൻ പറയുന്നത് പോലെ ഭംഗിയായി നിർവഹിച്ചത്. വോട്ടിംഗിനെ സംബന്ധിച്ചാണ് പൊതുവെ മുജാഹിദുകൾ ഈ വാദം ഉന്നയിക്കാറ്. എന്നാൽ കേവലം വോട്ടുചെയ്യൽ ശിർക്കാണ് എന്ന് ജമാഅത്ത് പറഞ്ഞു എന്ന നിലക്കുള്ള മുജാഹിദ് പ്രചാരണം കല്ലുവെക്കാത്ത ഒരു നുണമാത്രമാണ്.

പലപ്പോഴും ചരിത്രത്തിൽ സംഭവിച്ച ഒരു ദുര്യോഗമാണ് മൗദൂദി ആലംങ്കാരികമായി അവതരിപ്പിച്ചത്. ഇന്ന് നാം അറബ് വസന്തത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ജനങ്ങൾക്ക് രണ്ടാം സ്വാതന്ത്ര്യസമരമാണ് നടത്തേണ്ടിവന്നത് എന്നത് വ്യക്തമായില്ലേ. അഫ്ഘാനികൾക്ക് സ്വാതന്ത്ര്യം ലഭിച്ചു റഷ്യൻ അടിമത്തത്തിൽ നിന്ന് എന്നാൽ ഇപ്പോൾ അവർ ആരുടെ അടിമയാണ് എന്ന് ശ്രദ്ധിക്കുക. അതുകൊണ്ടാണ് അന്ന് പാശ്ചാത്യരായ വെള്ളക്കാർ പോയാലും അവരുടെ അതേ സിദ്ധാന്തങ്ങളുപയോഗിച്ചാണ് ഇന്ത്യക്കാർ ഭരിക്കാൻ പോകുന്നതെങ്കിൽ ഭരണമാറ്റം പേരിൽ മാത്രമായിരിക്കും എന്നദ്ദേഹം പറഞ്ഞുവെച്ചത്.

അദ്ദേഹം 'മുസൽമാൻ ഔർ മൗജൂദാ സിയാസി കശ്മകശ്'  എന്ന പുസ്തകത്തിലൂടെ പറഞ്ഞതെന്താണ് എന്ന് നോക്കൂ.
'സ്വാതന്ത്ര്യമെന്നത് കരങ്ങൾ മാറുകയും, ഭരിക്കുന്നത് വിദേശികൾക്ക് പകരം സ്വദേശികളാവുകയും മാത്രമാണോ, അതല്ല ഒരു നല്ല സമൂഹത്തിന്റെ സൃഷ്ടിയോ ?. വിവിധ രാഷ്ട്രീയ കക്ഷികളുടെ, ഹിന്ദുക്കളും മുസ്ലിംകളുമായ നേതാക്കന്മാർ വാഗ്ദത്തം ചെയ്യുന്ന വിധത്തിൽ പാശ്ചാത്യലോകത്തെ വകതിരിവില്ലാതെ അനുകരിക്കുകയും പാശ്ചാത്യൻ സംസ്കാരം മൊത്തമായി പകർത്തുകയും ചെയ്യുന്നതുകൊണ്ട് ഒരു നല്ല സമൂഹത്തെ സംവിധാനിക്കുവാൻ സാധ്യമല്ല.' (ഉദ്ധരണം ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തിൽ, ഡോ. നജാത്തുല്ലാഹ് സിദ്ദീഖി പേജ് 8) ഇങ്ങനെ തന്നെയല്ലേ ഉൾക്കാഴ്ചയുള്ള ഒരു ചിന്തകന് പറയാനാവൂ. പതിനായിരക്കണക്കിന് മുസ്ലിംകൾ പിടഞ്ഞുമരിച്ചതിന് ഉത്തരവാദി ഏതായാലും ജമാഅത്തെ ഇസ്ലാമിയല്ല. ലീഗും അതിനെ പിന്തുണച്ച മുജാഹിദുകളുടെയും സാമുദായിക രാഷ്ട്രത്തിന് വേണ്ടിയുള്ള വൈകാരിക ഇടപെടലാണ് അതിൽ കലാശിച്ചത്. ബ്രിട്ടീഷുകാർക്കെതരിയുള്ള സമരത്തെ അനുകൂലിക്കുകയാണ് മൗദൂദി ചെയ്തിട്ടുള്ളത്.

(ഇന്ത്യയെ പോലുള്ള അമുസ്‌ലിം ഭൂരിപക്ഷ രാഷ്‌ട്രങ്ങളില്‍, നാട്ടിലെ അഭിപ്രായ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കേണ്ടത്‌ ഇസ്‌ലാമിക പ്രബോധനത്തിന്റെ സുഗമമായ പ്രയാണത്തിന്‌ അനുപേക്ഷണീയമാണെന്നും, രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികളെ ബലപ്പെടുത്തുന്നതിലൂടെ മാത്രമേ അത്‌ സാധിക്കൂവെന്നും മുജാഹിദ്‌ പ്രസ്ഥാനം അന്നു പറഞ്ഞപ്പോള്‍ അതിനെ പരിഹസിച്ചവര്‍, ഏറെത്താമസിയാതെ അതേ വഴിയില്‍ പിറകെ വന്നു.)


സത്യം പറഞ്ഞാൽ ഇപ്പറഞ്ഞവിധത്തിലൊന്നും മുജാഹിദ് പ്രസ്ഥാനം രാഷ്ട്രീയത്തിൽ ഒരു തീരുമാനം എടുത്തതായി നമ്മുക്ക് കാണാൻ കഴിയില്ല. രാഷ്ട്രീയം ദുൻയാ കാര്യമാണെന്നും ഓരോരുത്തരും സൗകര്യം പോലെ തീരുമാനിക്കാൻ അവകാശപ്പെട്ട രംഗമാണെന്നുമാണ് ഇന്നോളമുള്ള മുജാഹിദുകളുടെ പ്രബോധനം. അതുകൊണ്ട് തന്നെ അണികൾ മറ്റൊന്നും ചിന്തിക്കാതെ അവരുടെ സ്വാർഥവും വ്യക്തിപരവുമായ താൽപര്യങ്ങളാൽ ഓരോ പാർട്ടിയിലും ചേർന്ന് പ്രവർത്തിക്കുന്നു. പൊതുവെ ലീഗ് എന്ന സാമുദായിക രാഷ്ട്രീയ സംഘടനയിലാണ് ഭുരിപക്ഷം പേരും എന്നത് ഒരു യാദൃശ്ചികത മാത്രം. എന്നിട്ടാണ് ജമാഅത്തെ ഇസ്ലാമി അവരുടെ പിന്നാലെ വന്നുവെന്ന ഒരു ലജ്ജയുമില്ലാതെ എഴുതി വിടുന്നത്.

(പക്ഷേ, ഇസ്‌ലാമിക മുന്നേറ്റമോ ഇസ്‌ലാമിക പ്രബോധനമോ ജമാഅത്തിന്‌ മുഖ്യ അജണ്ടയല്ല. പ്രവാചകന്മാര്‍ നിര്‍വഹിച്ച ദൗത്യമാണ്‌ ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കും ദൗത്യമാകേണ്ടത്‌. ദീനിന്റെ സവിശേഷ ഭാവങ്ങളെ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുക എന്നത്‌ ജമാഅത്തിന്റെ അജണ്ടയില്‍ പ്രധാന വിഷയമല്ല. വിശ്വാസ വിമലീകരണത്തിന്‌ തരിമ്പുപോലും പരിഗണന നല്‌കാതെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ തലതിരിച്ചിടുകയാണ്‌ ജമാഅത്ത്‌ ചെയ്‌തത്‌. അതേസമയം, തങ്ങള്‍ മാത്രമാണ്‌ `സമഗ്ര' ഇസ്‌ലാമിന്റെ പ്രയോക്താക്കള്‍ എന്ന്‌ അവര്‍ നിരന്തരം പറയുകയും ചെയ്യുന്നു. തൗഹീദ്‌ പ്രബോധനത്തെപ്പോലും `ശാഖാപരം' എന്ന്‌ പരിഹസിച്ചുതള്ളുകയും സംഘടനാപരമായ നിലനില്‌പിനും പൊതു സമ്മതിക്കും വേണ്ടി ഭൗതിക പ്രശ്‌നങ്ങളെ ഏറ്റെടുക്കുകയും ചെയ്യുന്നത്‌ ഏത്‌ പ്രവാചകന്റെ മാതൃകയില്‍ നിന്നാണെന്നത്‌ ഉത്തരം കിട്ടേണ്ട ചോദ്യമാണ്‌.)


ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക മുന്നേറ്റമോ പ്രബോധനമോ ലക്ഷ്യം വെക്കുന്നില്ലെങ്കിൽ പിന്നെ മുജാഹിദുകൾ പോലും വിറളിയെടുക്കുന്നത് എന്തിനാണ്. ആകെ അവരുടെ പരാതി ഇസ്ലാമിനെ തീവ്രമായി അവതരിപ്പിക്കുന്നുവെന്നതാണ്. തീവ്രത എന്ന് അവർ പറയുന്നതാകട്ടേ, പ്രവാചകൻ പ്രബോധനം ചെയ്ത അതേ വിധം രാഷ്ട്രീയം കൂടി ഉൾചേർന്ന ഇസ്ലാമിനെ സമഗ്രമായി അവതരിപ്പിച്ചതും. ജമാഅത്തെ ഇസ്ലാമി അതിന്റെ പോളിസി പ്രോഗ്രാമിൽ ഒന്നാമതായി എണ്ണുന്നത് പ്രബോധനവും രണ്ടാമതായി വിശ്വാസ വിമലീകരണവുമാണ്. അഥവാ മുസ്ലിം സമൂഹത്തിന്റെ ഇസ്വ് ലാഹുമാണ്. അതേ സംഘടനയെക്കുറിച്ചാണ് അവ രണ്ടും അജണ്ടയേ അല്ല എന്ന് പറയുന്നത്. തൗഹീദ് പ്രബോധനത്തെ ശാഖാപരം എന്ന് ജമാഅത്ത് പരിഹസിച്ചിട്ടില്ല. കള്ളമാണ് അവർ ഈ പറയുന്നത്. മറിച്ച് കൈകെട്ടും ഖുനൂത്തും മുഖ്യ വിഷയമാക്കി പ്രകോപനപരമായ പ്രബോധനത്തെ ചോദ്യം ചെയ്യാറുണ്ട്. എന്നാൽ ഏറെ രസകരം അത്തരം കാര്യങ്ങൾ മനസ്സിലാക്കിയവരെന്ന് പറയുന്ന മടവൂർ വിഭാഗത്തിന്റെ വാരികയിൽ തന്നെ, അവർ ആരംഭിച്ചുകഴിഞ്ഞ സാമൂഹ്യ ഇടപെടലുകളെ ഭൗതിക പ്രശ്നമെന്ന് വിളിച്ചിരിക്കുന്നു. എന്നിട്ട് ഉത്തരം കിട്ടാത്ത ഒരു ചോദ്യമെന്ന നിലക്ക് അതിനെ അവതരിപ്പിക്കുന്നു. സുഹൃത്തേ നിങ്ങളുടെ നേതാവ് ഹുസൈൻ മടവൂരിനോട് ചോദിക്കുക ഏത് പ്രവാചക മാതൃകയിലാണ് ഇത്തരം കാര്യങ്ങളെ ഭൗതികമെന്നും മതപരമെന്നും തരം തിരിച്ചിട്ടുള്ളത് എന്ന്. 
 
(ജമാഅത്തെ ഇസ്‌ലാമി ഇന്ന്‌ നേരിടുന്നത്‌ അസ്‌തിത്വപരമായ പ്രശ്‌നമാണ്‌. ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന്‌ നിര്‍വഹിക്കാനുള്ള ദൗത്യം തന്ത്രപൂര്‍വം വിസ്‌മരിച്ചതോടെ ജമാഅത്തെ ഇസ്‌ലാമി ഇന്നൊരു വോട്ടുകെട്ട്‌ മാത്രമായി ചുരുങ്ങിപ്പോയി. മറ്റുള്ളവര്‍ക്കൊന്നുമില്ലെന്നും തങ്ങള്‍ക്കു മാത്രമുണ്ടെന്നും ജമാഅത്ത്‌ വാദിക്കുന്ന ഇസ്‌ലാമിന്റെ `സമഗ്രത' എന്താണ്‌? അത്‌ രാഷ്‌ട്രീയമാണ്‌. എന്താണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയം? ഇസ്‌ലാമിന്റെ രാഷ്‌ട്രീയ പദ്ധതി എന്ന വിധം ജമാഅത്ത്‌ അവതരിപ്പിക്കുന്ന പരീക്ഷണങ്ങളാണോ മൗദൂദി അവതരിപ്പിച്ച ഹുകൂമത്തെ ഇലാഹിയും ഇഖാമത്തുദ്ദീനെന്നും ജമാഅത്തിനെ അലട്ടുന്ന പ്രധാന പ്രശ്‌നമാണിത്‌. രാഷ്‌ട്രീയ ഭാഗ്യാന്വേഷണങ്ങളുടെ പേരില്‍ ഇടക്കാലത്ത്‌ പാര്‍ട്ടി നടത്തിയ ജനകീയബഹളം വന്ന വഴിക്കുതന്നെ തിരിച്ചുപോയി. അഖിലേന്ത്യാടിസ്ഥാനത്തില്‍ പുതിയൊരു രാഷ്‌ട്രീയ പാര്‍ട്ടിക്ക്‌ രൂപം നല്‌കിയതോടെ, മതത്തിലും രാഷ്‌ട്രീയത്തിലും പല നേതൃത്വമോ, എന്ന്‌ പണ്ട്‌ മറ്റുള്ളവരോടുയര്‍ത്തിയ ചോദ്യം ജമാഅത്തിനെ തന്നെ തിരിഞ്ഞുകുത്തുകയും ചെയ്യുന്നു. പഞ്ചായത്തിലേക്കും പാര്‍ലമെന്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത്ര അവര്‍ക്ക്‌ ഇത്ര ഇവര്‍ക്ക്‌ എന്ന്‌ വീതംവെച്ച്‌ ചെറുകിട രാഷ്‌ട്രീയപാര്‍ട്ടികളേക്കാളും വലിയ നിലവാരത്തകര്‍ച്ചയിലേക്ക്‌ കുമിഞ്ഞുകുത്തുന്നതിനേക്കാള്‍ നല്ലത്‌ പുതിയൊരു രാഷ്‌ട്രീയപാര്‍ട്ടിയാണെന്ന്‌ ജമാഅത്ത്‌ കണ്ടെത്തിയത്‌ ആശ്വാസമാണെന്നും കരുതാം. ഒരു രഹസ്യ സര്‍ക്കുലറിലൂടെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിക്കാവുന്ന വോട്ടുനയം, പത്രസമ്മേളനങ്ങള്‍ വഴി വിതരണം ചെയ്യുന്നിടം വരെ ജമാഅത്തിന്റെ വോട്ടും തെരഞ്ഞെടുപ്പും ബഹളമയമായിരുന്നു.)

അസ്തിത്വപ്രശ്നം ഒട്ടും ഇത് വരെ തീണ്ടിയില്ലാത്ത പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി. കാരണം അതിന്റെ അസ്തിത്വം ഇസ്ലാമിന്റെ അസ്ഥിവാരങ്ങളിലാണ്. ഇസ്ലാമിക പ്രമാണങ്ങളിലാണ് അത് ഊന്നിനിൽക്കുന്നത്. അതിന്റെ പ്രവർത്തനവും നയപരിപാടികളും രൂപപ്പെടുത്തപ്പെടുന്നത് ശൂറാ സമ്പ്രദായത്തിലൂടെയാണ്. പക്ഷ തികച്ചും ഒരു സാമുദായിക പാർട്ടിയുടെ വാലായി നിലകൊള്ളുന്ന മുജാഹിദ് പ്രസ്ഥാനത്തിന് കടുത്ത അസ്തിത്വ പ്രതിസന്ധി ഇതിനകം നേരിടുകയും കുറുകെ പിളരുകയും. പിളർന്നവ തന്നെ വീണ്ടും പിളരാൻ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് അസ്തിത്വപ്രതിസന്ധി.

ജമാഅത്തിന്റെ അജണ്ട നിശ്ചയിക്കേണ്ടതെങ്ങിനെയെന്നതും എന്ത് നിലപാട് സ്വീകരിക്കണമെന്നതും അതിന്റെ മാത്രം അവകാശത്തിൽ പെട്ടതാണ്.

ജമാഅത്തെ ഇസ്ലാമിയുടെ മുജാഹിദുകൾക്കെതിരിയുള്ള ഒരു മുഖ്യമായ വിമർശനമാണ്. അവർക്ക് രാഷ്ട്രീയത്തിലും മതത്തിലും വേറെവേറെ നേതൃത്വമാണ് എന്നത്. ഇത് ഇന്നും ശരിയാണ്. മതപരമായി മുജാഹിദും രാഷ്ട്രീയപരമായി ലീഗും. ലീഗ് നേതാവ് ഇവർ ഏതൊക്കെ ശിർക്ക് ഖുറാഫാത്തുകളെ എതിർക്കുന്നുവോ അതിന്റെയൊക്കെ പ്രചാരകനായാലും പ്രശ്നമില്ല എന്നതാണ് നിലപാട്. മാത്രമല്ല കടുത്ത നിരീശ്വരവാദി തന്നെയായിരിക്കാം. വെൽഫയർ പാർട്ടിവന്നതോടെ നിങ്ങൾക്കും രണ്ട് തരം നേതാക്കളായില്ലേ എന്നാണ് ഇമ്മിണി വലിയ ചോദ്യമായി ഉന്നയിക്കുന്നത്. സത്യത്തിൽ മറ്റുപലതിലും ഉത്തരം മനസ്സിലാകാത്തതുപോലെ തന്നെയാണ് ഇവിടെയും. വെൽഫയർ പാർട്ടി വന്നാലും ഒരു ജമാഅത്ത് പ്രവർത്തകന്റെ നേതാവ് ജമാഅത്തെ  ഇസ്ലാമിയുടെ നേതാവ് തന്നെയായിരിക്കും അന്തിമമായി. ഇവിടെ ലേഖകൻ സൂചിപ്പിച്ചപ്പോലെ വിവിധ പാർട്ടികളിലെ വിവിധ ആളുകളിൽ പ്രതീക്ഷിക്കപ്പെടുന്ന നന്മ കാണാണത്തതിനാൽ അകപ്പെട്ട പ്രതിസന്ധിക്ക് ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമം മാത്രമാണ് വെൽഫയർ പാർട്ടി. അത് ജമാഅത്തിന്റെ രാഷ്ട്രീയ പാർട്ടി എന്ന നിലക്കല്ല. ജമാഅത്ത് മുൻകൈ എടുത്ത് രൂപീകരിച്ച പൊതുവായി രാഷ്ട്രീയ പാർട്ടിയാണ്.

എന്നാൽ ഇങ്ങനെയൊരു നിലപാട് എന്നെങ്കിലും മുജാഹിദുകൾക്ക് സാധിച്ചിട്ടുണ്ടോ ഇനിയും സാധ്യമാണോ? ഇസ്ലാമിന്റെ സമഗ്രത ജമാഅത്ത് മുന്നോട്ടുവെക്കുന്നതല്ലെങ്കിൽ പിന്നെ എന്താണ് എന്ന് മുജാഹിദുകൾ വ്യക്തമാക്കണം. അവർക്ക് എന്ത് സമഗ്രത, എന്ത് ഇസ്ലാമിലെ രാഷ്ട്രീയം. ഇക്കാര്യത്തിലെല്ലാം അന്ധൻമാർ ആനയെ കണ്ടതുപോലെയാണ് മുജാഹിദു സംഘടനകൾ. 


(`ഇബാദത്ത്‌' എന്ന വിഷയത്തിലാണ്‌ ജമാഅത്ത്‌ സാഹിത്യങ്ങള്‍ ഏറെയുമുള്ളത്‌. അന്ധവിശ്വാസങ്ങളിലേക്കും ബഹുദൈവത്വപരമായ ആചാരങ്ങളിലേക്കും വഴിമാറിയ മുസ്‌ലിംകളെ യഥാര്‍ഥ `ഇബാദത്തി'ലേക്ക്‌ തിരിച്ചുകൊണ്ടുവരാനായിരുന്നോ ഈ ഗ്രന്ഥങ്ങള്‍? അല്ല; ശരിയായ തൗഹീദ്‌ അംഗീകരിച്ചവരുടെ മേല്‍ രാഷ്‌ട്രീയ ശിര്‍ക്ക്‌ ആരോപിക്കാനായിരുന്നു. ഇപ്പോള്‍ അതെല്ലാമെവിടെയെത്തി?)

ഇബാദത്തിനെക്കുറിച്ച അര ഡസൻ പുസ്തകം പ്രസിദ്ധീകരിച്ചത് ഇബാദത്തിന്റെ ശരിയായ വിവക്ഷ അംഗീകരിക്കാൻ വിസമ്മതിക്കുന്ന മുസ്ലിം വിഭാഗങ്ങളെ അത് പഠിപ്പിക്കാൻ വേണ്ടി തന്നെയാണ് ആ പുസ്തകങ്ങൾ തേടിപ്പിടിച്ച് വായിച്ചാൽ അത് ബോധ്യം വരും.

(അവസാനിച്ചു.)

8 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

മറ്റുള്ളവര്‍ക്കൊന്നുമില്ലെന്നും തങ്ങള്‍ക്കു മാത്രമുണ്ടെന്നും ജമാഅത്ത്‌ വാദിക്കുന്ന ഇസ്‌ലാമിന്റെ `സമഗ്രത' എന്താണ്‌? അത്‌ രാഷ്‌ട്രീയമാണ്‌. എന്താണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയം?

Unknown പറഞ്ഞു...

ചില സംഘടനകള്‍ക്ക് പ്രതിപക്ഷമില്ലാതെ പ്രവര്‍ത്തിക്കാനാവില്ല .അവരുടെ സംഘടനാ ഘടന അങ്ങനെയായിപ്പോയി .അവരങ്ങനെ വിമര്‍ശിച്ചു കൊണ്ടേയിരിക്കും .ചിലപ്പോള്‍ അതിനടിസ്തനമൊന്നും ഉണ്ടാകില്ല. അതില്‍ അവര്‍ക്ക് തന്നെ നിര്‍ബന്ധവുമില്ല .വിമര്‍ശനം നിര്‍ത്തിയാല്‍ തങ്ങളുടെ സംഘടനക്കു എന്ത് പ്രസക്തി എന്നാണവരുടെ ചോദ്യം .പക്ഷെ തങ്ങള്‍ എതിര്‍ സ്ഥാനത്ത് നിര്‍ത്തിയിരിക്കുന്ന സംഘടന പറഞ്ഞു എന്നതിന്‍റെ പേരില്‍ പകല്‍ പോലെ സത്യമയതിനെ തള്ളിക്കളയുന്ന്തിനെ നാം എന്തു പെരിട്ടാണ് വിളിക്കേണ്ടത് ?...

CKLatheef പറഞ്ഞു...

ഗഫൂർ സാഹിബ് ഈ ബ്ലോഗും പോസ്റ്റും വായിച്ചിട്ടുണ്ടാവും എന്ന് കരുതട്ടേ. താങ്കളെഴുതിയ ലേഖനത്തെ വിശകലനം ചെയ്ത് പറയുന്നത് സത്യസന്ധമല്ലെങ്കിൽ തിരുത്താൻ പൂർണമായ അവസരം ഇവിടെയുണ്ട്.

ഗഫൂർ സാഹിബിനെ സംബന്ധിച്ച് ജമാഅത്തെ ഇസ്ലാമി കണ്ടറിഞ്ഞതും കേട്ടറഞ്ഞതുമാണെങ്കിൽ ഇതിലുള്ള ഒരു വലിയ വിഭാഗത്തിന് അനുഭവിച്ച അറിവാണ്. ആ നിലക്ക് താങ്കളുടെ ജമാഅത്തിനെ പരിചയപ്പെടുത്തുന്ന ലേഖനം വായിക്കുമ്പോൾ പരിചയപ്പെടുത്തുന്നിനേക്കാൾ അതിനെ ബോധപൂർവം തെറ്റിദ്ധരിപ്പിക്കുന്നതായി ഞങ്ങൾക്ക് തോന്നുന്നു. അത് കേവലം തോന്നലായി മാറട്ടേ. ഇസ്ലാമിനോടും ജമാഅത്തിനോടുമുള്ള ഗുണകാംക്ഷയാണ് അതിന് പ്രേരിപ്പിച്ചതെന്നറിയുന്നതിൽ സന്തോഷമേയുള്ളൂ.

Gafur Pma പരാമർശിച്ച് പോയ വിഷയത്തിൽ ഗൗരവതരമായ ചർച നടക്കട്ടെ.. നിങ്ങൾക്കും അതിന് പ്രതികരണമായി ജമാഅത്ത് പ്രവർത്തകർക്കും പറയാനുള്ളത് സൗമ്യമായും ശാന്തമായും സൗഹൃദപരമായും ഇവിടെ സംസാരിക്കാൻ അവസരം ഒരുക്കുന്നതാണ്. താങ്കളെ വ്യക്തിത്വത്തെ മനപ്പൂർവം ഇടിച്ചു താഴ്തുന്ന പ്രതികരണങ്ങൾ ഇവിടെനിന്ന് ഉണ്ടാവുകയില്ല. താങ്കളുടെ ലേഖനത്തിൽ ഒരു പാട് വിഷയം പരാമർശിച്ച് പോയിട്ടുണ്ട്. അവ അങ്ങനെ തന്നെയാണ് എന്ന് ആത്മാർഥമായി താങ്കൾ വിചാരിക്കുന്നുവെങ്കിൽ അതിന് കൂടുതൽ തെളിവ് താങ്കളുടെ കൈവശം ഉണ്ടാവും അതെന്താണെന്ന് അറിയാൻ താൽപര്യമുണ്ട്.

അജ്ഞാതന്‍ പറഞ്ഞു...

ARIFA RIDWAN SAYS : വളരെ വ്യക്തമായി ലത്തീഫ് സാഹിബ്‌ പറഞ്ഞ കാര്യങ്ങള്‍ക്ക് ഗഫൂര്സാഹിബ് എന്തെങ്കിലും ഒരു മറുപടി പറയേണ്ടതുണ്ട്.അല്ലെങ്കില് മഹത്തായ ഒരു പ്രസ്ഥാനത്തോട് ചെയ്യുന്ന അനീതിയും അക്രമവും തന്നെയാണ് താങ്കളുടെ ലേഖനത്തിന്റെ നല്ലൊരു ഭാഗം എന്ന് പറയാതിരിക്കാന്‍ വയ്യ .ചുരുങ്ങിയത് സോളിടാരിടിയെയും വിഷന്‍ 2016 നെയെങ്കിലും കാണാതിരിക്കാ നോ അവഗണിക്കാനോ മാത്രം ജമാഅത് വിരോധം മടവൂര്‍ ഗ്രൂപിനും ശബാബിനും ഇല്ല എന്ന് കരുതാനാണ്‌ എനിക്കിഷ്ടം.

CKLatheef പറഞ്ഞു...

((ദീനിന്റെ സവിശേഷ ഭാവങ്ങളെ കുറ്റമറ്റ രീതിയില്‍ അവതരിപ്പിക്കുക എന്നത്‌ ജമാഅത്തിന്റെ അജണ്ടയില്‍ പ്രധാന വിഷയമല്ല. വിശ്വാസ വിമലീകരണത്തിന്‌ തരിമ്പുപോലും പരിഗണന നല്‌കാതെ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളെ തലതിരിച്ചിടുകയാണ്‌ ജമാഅത്ത്‌ ചെയ്‌തത്‌. അതേസമയം, തങ്ങള്‍ മാത്രമാണ്‌ `സമഗ്ര' ഇസ്‌ലാമിന്റെ പ്രയോക്താക്കള്‍ എന്ന്‌ അവര്‍ നിരന്തരം പറയുകയും ചെയ്യുന്നു.))

എന്താണ് ദീനിന്റെ സവിശേഷ ഭാവങ്ങൾ, എന്തടിസ്ഥാനത്തിലാണ് അവയെക്കുറ്റമറ്റ രീതിയിൽ അവതരിപ്പിക്കുന്നത് ജമാഅത്തിന്റെ അജണ്ടയിലില്ല എന്ന് പറഞ്ഞത്. ആ കാര്യങ്ങളെ മുജാഹിദ് വിഭാഗം സ്വയം പരിഹരിച്ചിട്ടുണ്ടോ?.

വിശ്വാസ വിമലീകരണത്തിന് തരിമ്പ് പോലും പരിഗണന നൽകുന്നില്ല എന്നത് എത്രമാത്രം ഗുരുതരമായ ഒരു ആരോപണമാണ്. വിശ്വസ വിമലീകരണം നടത്താതെയാണോ ഇന്ത്യയിൽ ഒരു വലിയ വിഭാഗത്തെ ജമാഅത്ത് ഒരുമിച്ചു കൂട്ടിയിട്ടുള്ളത്. അൽപമെങ്കിലും സത്യസന്ധതയുള്ളവർക്ക് ഈ ആരോപണം ഏറ്റ് പിടിക്കാനുള്ള ധൈര്യം ലഭിക്കമോ. ഈ പോസ്റ്റിന് ഞാൻ നൽകിയ ചിത്രം ഈ ആരോപണങ്ങളൾക്കുള്ള മൊത്തം മറുപടിയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ പരീക്ഷാ ക്രമക്കേടിനെതിരെ സഹനസമരം നടത്തുന്ന യൂണിവേഴ്സിറ്റി പഠിതാക്കളായ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാർഥി സംഘടനയായ എസ്.ഐ.ഒവിന്റെ പ്രതിനിധികളാണവർ നമസ്കാര സമയത്ത് സമരത്തിലായിരിക്കേ യൂണിവേഴ്സിറ്റിയുടെ പരിക്ഷാ ഭവന് മുന്നിൽ നമസ്കാരം ജമാഅത്തായി നിർവഹിക്കുകയാണ് അവർ. ഈ സമരം വിജയത്തിലെത്തിയതും ഈ പ്രശ്നത്തിൽ അവർ ചർചക്ക് വിളിച്ച് പരിഹരിക്കാമെന്ന വാക്ക് നൽകിയതും പത്രത്തിൽ വായിച്ചതാണ്. ഇസ്ലാമിന്റെ ഭൂമികയിൽ നിന്ന് നടത്തുന്ന ഇത്തരം സമരങ്ങളും പ്രവർത്തനങ്ങളുമൊന്നും ഇസ്ലാമിന്റെ സവിശേഷ ഭാവങ്ങളെ പ്രതിനിധീകരിക്കുന്നില്ലേ.

സമഗ്ര ഇസ്ലാമിനെക്കുറിച്ച് സംസാരിക്കാൻ ജമാഅത്തിന് യോഗ്യതയില്ലെങ്കിൽ പിന്നെയാർക്കാണതിന് യോഗ്യത എന്ന് ബഹുമാന്യലേഖകൻ വിശദീകരിച്ചു തരുമോ?

vaniyakkadu പറഞ്ഞു...

ലോകത്തുള്ള മുഴുവന്‍ മതങ്ങളെക്കാലും ഇസ്ലാമിനെ വേര്‍തിരിക്കുന്നത് അതിന്റെ കറകളഞ്ഞ ഏകദൈവ വിശ്വാസമാണ്. അതില്‍ എത്ര കണ്ടു തീവ്രമായി വിശ്വസിക്കുന്നുവോ അത്ര തന്നെ അതിന്റെ ഗുണഫലങ്ങള്‍ മനുഷ്യ സമൂഹത്തിന്റെ മുഴുവന്‍ മേഘലകളിലും അനുഭവപ്പെടും എന്നതാണ് കലെമതുത്തവ്ഹീദിനേ വടവൃക്ഷമായി ഉദാഹരിച്ചതിലൂടെ വിശുദ്ധ ഖുര്‍ആന്‍ കാണിച്ചു തരുന്നത്. സമഗ്ര ജീവിതത്തിലും മാതൃക കാണിച്ചു തന്ന പ്രവാചകന്റെ സുന്നത് പിന്‍പറ്റി സാധ്യമായ രീതിയില്‍ സംഘടിത ഇസ്ലാമിക പ്രവര്‍ത്തനം നടത്താന്‍ സംഘടന പക്ഷബാധിത്വം ആര്‍ക്കും തടസ്സമാവാതിരിക്കട്ടെ.

അജ്ഞാതന്‍ പറഞ്ഞു...

കത്തുകള്‍ - ശബാബ് വീക്കിലി

ജമാഅത്ത്‌ വിമര്‍ശനത്തിലെ വിയോജിപ്പ്‌

പി എം എ ഗഫൂറിന്റെ `കാലം കാല്‌പാടുകള്‍' എന്ന പംക്തി ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ്‌ ഞാന്‍. അദ്ദേഹത്തിന്റെ പല കാഴ്‌ചപ്പാടുകളോടും യോജിക്കാന്‍ സാധിക്കാറില്ല. ഈ പംക്തിയുടെ 42-ാം ഭാഗം വായിച്ചപ്പോള്‍ തോന്നിയ ചില വിയോജിപ്പുകള്‍ പങ്കുവെക്കട്ടെ.

ഒരു പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണത്തില്‍ മറ്റു പ്രസ്ഥാനങ്ങളെക്കുറിച്ച്‌ വരുന്ന ലേഖനങ്ങളായാലും പഠനങ്ങളായാലും വിമര്‍ശനങ്ങള്‍ സ്വാഭാവികമാണ്‌. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച്‌ അദ്ദേഹം ഉന്നയിച്ച വിമര്‍ശനങ്ങള്‍ ബാലിശമായ ആരോപണങ്ങള്‍ മാത്രമായിപ്പോയി. ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ച്‌ സത്യസന്ധമായി അവതരിപ്പിക്കാന്‍ ലേഖനത്തിന്റെ ആദ്യഭാഗത്ത്‌ അദ്ദേഹം ശ്രമിക്കുന്നുണ്ട്‌. പക്ഷെ, ആ സത്യസന്ധത വിശകലനത്തില്‍ പാലിക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

ജമാഅത്തെ ഇസ്‌ലാമി പ്രബോധന രംഗത്ത്‌ നിര്‍വഹിച്ച പങ്കിനെ അപ്പാടെ അവഗണിക്കുകയാണ്‌ ലേഖകന്‍. ഇസ്‌ലാമിക പ്രബോധന രംഗത്ത്‌ മാറ്റത്തിന്‌ വഴിതെളിയിച്ച സ്‌നേഹസംവാദം പോലെയുള്ള പരിപാടികള്‍ക്ക്‌ കേരളത്തില്‍ തുടക്കം കുറിച്ചത്‌ ജമാഅത്തെ ഇസ്‌ലാമിയാണെന്നാണ്‌ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്‌. മാത്രമല്ല, ദഅ്‌വാ രംഗത്ത്‌ വളരെയധികം സംഭാവനകള്‍ ജമാഅത്തെ ഇസ്‌ലാമിയുടെതായിട്ടുണ്ട്‌. ജമാഅത്ത്‌ നടത്തുന്ന റിലീഫ്‌ പ്രവര്‍ത്തനങ്ങള്‍ മാതൃകയില്ലാത്തതാണ്‌. ഗുജറാത്ത്‌ കലാപാനന്തരം ജമാഅത്ത്‌ നടത്തിയ റിലീഫ്‌ മാത്രം മതി അത്‌ തെളിയിക്കാന്‍.

ദേശീയതയെ വിമര്‍ശിക്കുമ്പോള്‍ തന്നെ ജമാഅത്തെ ഇസ്‌ലാമി വ്യത്യസ്‌ത ദേശീയതകളെ പുണര്‍ന്നിട്ടുണ്ട്‌ എന്ന വിമര്‍ശനം ഉന്നയിച്ചത്‌ എന്തിനാണെന്ന്‌ മനസ്സിലായില്ല. ദേശീയതയായാലും മതേതരത്വമായാലും ജനാധിപത്യമായാലും ഓരോ വ്യവസ്ഥകളെന്ന നിലക്ക്‌ ഇസ്‌ലാമിക പ്രത്യയശാസ്‌ത്രത്തിന്റെ പ്ലാറ്റ്‌ഫോമില്‍ നിന്നു കൊണ്ട്‌ വിമര്‍ശിക്കുകയല്ലേ മൗദൂദി ചെയ്‌തിട്ടുള്ളത്‌. ഇസ്‌ലാമിക ആദര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ വ്യവസ്ഥകളൊക്കെയും ഒരുപാട്‌ പോരായ്‌മകള്‍ വഹിക്കുന്നില്ല എന്നു പറയാന്‍ ലേഖകന്‌ സാധിക്കുമോ? അതുകൊണ്ടൊക്കെ തന്നെ തങ്ങള്‍ നിലനില്‌ക്കുന്നത്‌ ഒരു ജനാധിപത്യ രാജ്യത്തല്ല എന്ന്‌ പറയാന്‍ സാധിക്കുമോ? എന്നാലോ ഇതിന്റെ ദൂഷ്യങ്ങളൊന്നും തന്നെ ദൂഷ്യങ്ങളല്ലാതാകുമോ? മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ബഹുദൈവവിശ്വാസികളായ ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഇന്ത്യയില്‍ ഏകദൈവ വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ തെറ്റാണെന്ന്‌ വരില്ലേ. ജനാധിപത്യ രാജ്യത്ത്‌ ജീവിച്ചുകൊണ്ട്‌ തന്നെയാണ്‌ ജമാഅത്ത്‌ താത്വികമായ വിയോജിപ്പ്‌ പ്രകടിപ്പിക്കുന്നതും അതിനേക്കാള്‍ മികച്ച ഒരു വ്യവസ്ഥക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതും.

മൗദൂദി സാഹിബിന്‌ പാകിസ്‌താനില്‍ ഒരു ഇസ്‌ലാമിക രാഷ്‌ട്രം കെട്ടിപ്പടുക്കാനായില്ല എന്നും എഴുതിക്കണ്ടു. ഭൗതികമായി വിജയിക്കുന്നത്‌ മാത്രമാണ്‌ ശരി എന്നതാണ്‌ മാനദണ്ഡമെങ്കില്‍ പല പ്രവാചകന്മാരുടെ പ്രവര്‍ത്തനങ്ങളും ശരിയായിരുന്നില്ല എന്ന്‌ പറയേണ്ടിവരില്ലേ. എന്തിനു കേരളാ നദ്‌വത്തുല്‍ മുജാഹിദിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും തെറ്റാണെന്ന്‌ വരും. തങ്ങള്‍ വര്‍ഗീയവാദികളല്ലെന്നു സമര്‍ഥിക്കുന്നതിനിടയില്‍ ഫാസിസ്റ്റു ഭീഷണിയോടു സമര്‍ഥമായി പ്രതികരിക്കാന്‍ ജമാഅത്തിനാവുന്നില്ല എന്നും എഴുതിക്കണ്ടു. ഇന്ത്യയില്‍ തന്നെ ഫാസിസത്തെ ധൈഷണികമായി നേരിടുന്നതില്‍ ജമാഅത്താണ്‌ മുന്നില്‍ നില്‌ക്കുന്നത്‌. ഫാസിസത്തെ മാത്രമല്ല, മനുഷ്യ നിര്‍മിതമായ എല്ലാ വ്യവസ്ഥകളെയും അത്‌ കൈകാര്യം ചെയ്യുന്നുണ്ട്‌.

ജമാഅത്തിന്റെ സമഗ്രത രാഷ്‌ട്രീയമാണ്‌ എന്നാണ്‌ ഗഫൂര്‍ സാഹിബിന്റെ കണ്ടുപിടിത്തം. ലോകം പൊതുവേ ജീര്‍ണിച്ച രാഷ്‌ട്രീയ സന്ദര്‍ഭങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആ ജീര്‍ണതക്കെതിരെയുള്ള പ്രവര്‍ത്തനം അല്‌പം മുഴച്ചുനില്‌ക്കുന്നുണ്ടാവാം. എന്നാല്‍ ജമാഅത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പ്രതിബന്ധം വലിച്ചിടുന്നതില്‍ കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്ക്‌ പങ്കുണ്ട്‌. ജമാഅത്ത്‌ രാഷ്‌ട്രീയം പയറ്റുന്നു എന്ന പേരില്‍ കോലാഹലം ഉണ്ടാക്കി അത്‌ മാത്രം ഒരു ചര്‍ച്ചയാക്കുന്നത്‌ മുസ്‌ലിം സംഘടനകളാണ്‌.

യു കെ സയ്യീദ്‌ ഉളിയില്‍ റാസല്‍ഖൈമ

Unknown പറഞ്ഞു...

"ജിന്നൂരികള്‍" "മടവൂരികളെ", അവര്‍ ഇഖ്വാനികളും മൌദൂധികലുമായി അടിക്കുന്നു അഥവാ ഇവരുടെ ആശയങ്ങളുമായി അടുക്കുന്നു എന്നും "മടവൂരികള്‍ "ജിന്നൂരികളെ" അവര്‍ സുന്നികളുമായി അടുക്കുന്നു അഥവാ അവരുടെ ആശയങ്ങളുമായി അടുക്കുന്നു എന്നും പരാതി പറയുന്നു. യഥാര്‍ഥത്തില്‍ എന്താണ് ഇവരുടെ ഒളിയജണ്ട..?? മടവൂരികളുടെ ജമാത്ത്‌ വിമര്‍ശനം, മാതൃ സങ്ങടനയിലേക്കുള്ള അവരുടെ തിരിച്ചു പോക്കിനുള്ള സൂചനയായിട്ടാണ് എനിക്ക് തോന്നുന്നത്. ജിന്നൂരികള്‍ സുന്നികളെ പഴയപോലെ കിട്ടാത്തപ്പോലുള്ള പുതിയ അടവുമായും .......!!!

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK