'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ശനിയാഴ്‌ച, ഡിസംബർ 03, 2011

ശബാബ് വാരികയും ടികെയുടെ വിശ്രമ ജീവിതവും ?.

ജമാഅത്തെ ഇസ്ലാമി മുൻ കേരളാ അമീറും ശൂറാ അംഗവുമായ ടി.കെ അബ്ദുല്ലാ സാഹിബ് ജമാഅത്തെ ഇസ്ലാമിയുടെ പുതിയ പ്രവർനങ്ങളെക്കുറിച്ചും നയനിലപാടുകളെക്കുറിച്ചും ഒന്നും അറിയാതെ വിശ്രമ ജീവിതം നയിക്കുകയാണോ ?. അടുത്തിടെ നടന്ന കേന്ദ്രശൂറയിലടക്കം ഇയ്യിടെ നടന്ന എല്ലാ ശൂറായോഗങ്ങളിലും അദ്ദേഹം പങ്കെടുത്തതായിട്ടാണ് എനിക്കുള്ള അറിവ് എങ്കിലും മറ്റൊരു ശൂറാംഗമായ അബ്ദുല്ലാ ഹസ്സൻ സാഹിബിനെ വിളിച്ച് ഒന്ന് ഉറപ്പുവരുത്തി. വിശയത്തിലേക്ക് വരാം.

പ്രബോധനം വാരികയിൽ കൂറേ കാലമായി വന്നുകൊണ്ടിരിക്കുന്ന പംക്തിയാണ് നടന്നുതീരാത്ത വഴികളിൽ. ഇതിൽ മുജാഹിദ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് അവർ ഓർക്കാനിഷ്ടപ്പെടാത്ത പല സംഭവങ്ങളും അദ്ദേഹം ഓർമയിൽ നിന്ന് അവതരിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശബാബിനും ഇപ്പോൾ ടി.കെയും അദ്ദേഹം പറഞ്ഞതും വിഷയമാകുന്നു. ശബാബ് പുതിയ ലക്കത്തിൽ അദ്ദേഹത്തിന്റെ ചില പരാമർശങ്ങളെ അവലംബിച്ച് മുജാഹിദുകൾക്ക് ജമാഅത്തിനെതിരെ ഉന്നയിച്ച് വന്ന മുഴുവൻ ആരോപണങ്ങളും ആവർത്തിക്കാൻ അവസരമായി ഉപയോഗപ്പെടുത്തിയിരിക്കുന്നു. എന്നാലും മുജാഹിദുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ അവ്യക്തത തുടരുകയും ടി.കെയുടെ വാക്കുകളുടെ സത്യസന്ധത ഒന്നുകൂടി വ്യക്തമാകുകയും ചെയ്തിരിക്കുന്നു.

(ബ്രാകറ്റിൽ കളറിൽ നൽകിയതാണ് ശബാബിലെ ലേഖനം അതിന് ശേഷം നൽകിയത് എന്റെ വ്യക്തിപരമായ പ്രതികരണം. അദ്ദേഹത്തിന് ഒരു മുത്തഫിഖെങ്കിലും മറുപടി പറയണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തൽകാലം എന്റെ പ്രതികരണവും പ്രസക്തമാണ് എന്ന് മനസ്സിലാക്കുന്നു. ജമാഅത്തിനെക്കുറിച്ച് അറിയാത്ത മുജാഹിദു പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് ശബാബ് ലേഖനം കാണപ്പെടുന്നത്. ആരോഗ്യകരമായ ഒരു സംവാദത്തിന് പറ്റിയ വിധമല്ല അതിന്റെ ഘടന എന്നതിനാൽ ഓരോ വാചകങ്ങളായി എടുത്ത് അതിലെ വാചക കസർത്ത് തുറന്നുകാണിക്കു എന്നത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂ. ഇവിടെ വന്ന പല വിഷയങ്ങളും ഈ ബ്ലോഗിൽ തന്നെ വിശദമായി ചർച ചെയ്തതാണ്. അവ്യക്തയുള്ളവർക്ക് കമന്റ് ബോക്സിൽ സംശയനിവാരണം വരുത്താവുന്നതാണ്)

സ്ഥിരം ജമാഅത്ത് വിമർശകനായ ശംസുദ്ദീന്‍
പാലക്കോട്‌ എഴുതിയ ലേഖനം വായിക്കുക.

ജമാഅത്ത്‌ പരമാധികാരത്തില്‍ നിന്ന്‌ പരമാധികാരത്തിലേക്ക്‌

(തലവാചകത്തില്‍ കണ്ട ദുര്‍ഗ്രാഹ്യത പോലെ തന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമി എന്ന മതരാഷ്‌ട്ര പ്രസ്ഥാനം അതിന്റെ ആദര്‍ശ നിലപാടുകളില്‍ ഇപ്പോഴും തുടര്‍ന്നുവരുന്ന ദുര്‍ഗ്രാഹ്യത. അത്‌ പരമാവധി സുഗ്രാഹ്യതയോടെ അവതരിപ്പിക്കാനുള്ള ഒരു എളിയ ശ്രമമാണിവിടെ നടത്തുന്നത്‌. ജമാഅത്തുകാര്‍ ക്ഷമിച്ചേ പറ്റൂ! )

ജമാഅത്തിന്റവാദം ദുരർഗ്രാഹ്യമാണ് എന്ന് സ്ഥാപിക്കാൻ തലക്കെട്ടിൽ ദുർഗ്രഹ്യത വരുത്തിരിയിക്കുകയാണ്. ജമാഅത്ത് വാദങ്ങൾ ഇവിടെ സുഗ്രാഹ്യതയോടെ അവതരിപ്പിക്കാനാണോ ശ്രമിക്കുന്നത് എന്ന് ഇവിടെ നൽകുന്ന പ്രതികരണം കൂടി വായിച്ച് വായനക്കാർ തീരുമാനിക്കുക. ഇതിനേക്കാളെറെ അനീതി മുജാഹിദുകാരിൽ നിന്ന് ജമാഅത്ത് ക്ഷമിക്കുന്ന സ്ഥിതിക്ക് പ്രത്യേകം ക്ഷമ ചോദിക്കേണ്ടതില്ല.

(`നടന്നു തീരാത്ത വഴികളെ'യോര്‍ത്ത്‌ നിരാശപ്പെട്ടും നടന്നെത്താത്ത വഴികളെപ്പറ്റി വിചാരപ്പെട്ട്‌ അസ്വസ്ഥനായും കഴിയുന്ന പഴയ കാലത്തെ അമീര്‍ അബ്‌ദുല്ലാ സാഹിബ്‌ എന്തായാലും ക്ഷമിച്ചേ പറ്റൂ. കാരണം താങ്കളുടെ അനുയായികള്‍ നടന്നുനടന്ന്‌, വളര്‍ന്ന്‌ വലുതായി അല്‍പമൊക്കെ പ്രാക്‌ടിക്കലായി ചിന്തിച്ച്‌ പുതിയ കാലത്ത്‌, പുതിയ ലോകത്ത്‌, പുതിയ പാര്‍ട്ടിയും പരിപാടിയുമൊക്കെയായി കാലത്തിനൊപ്പം നടക്കാന്‍ തുടങ്ങിയ വിവരം താങ്കള്‍ അറിയാതെ പോയതാണോ എന്നും സംശയമുണ്ട്‌. താങ്കള്‍ ഓര്‍മകള്‍ അയവിറക്കുകയാണെങ്കിലും ഓര്‍മകളില്‍ `പരമാധികാരവും' `ഇബാദത്തും' `ഇത്വാഅത്തും' മണ്ണാങ്കട്ടയും എടുത്ത്‌ വലിച്ചുകൊണ്ടുവന്നത്‌ താങ്കളെപ്പോലെ `വിശ്രമജീവിതം' നയിക്കുന്ന ചെറിയൊരു വിഭാഗത്തെ ഹരം കൊള്ളിക്കുമെങ്കിലും പുതിയ തലമുറയിലെ `ജനപക്ഷ രാഷ്‌ട്രീയക്കാരായ' താങ്കളുടെ അനുയായികളില്‍ ബഹുഭൂരിപക്ഷത്തിനും അത്‌ ദഹനക്കേടുണ്ടാക്കും എന്നെങ്കിലും അബ്‌ദുല്ലാ സാഹിബ്‌ ഓര്‍ക്കേണ്ടതായിരുന്നു.)

ടി.കെ. അബ്ദുല്ല സാഹിബ് തന്നെയാണ് പുതിയ തലമുറയെ നയിക്കുന്നത്. അവരുടെ വിചാര വികാരങ്ങളും പുതിയ നയനിലപാടുകളും രൂപപ്പെടുത്തുന്നതിൽ മുഖ്യപങ്ക് വഹിച്ചുകൊണ്ടിരിക്കുന്നത് കേരള ശൂറയും കേന്ദ്രശൂറയും തന്നെയാണ് അവയിൽ മുടങ്ങാതെ പങ്കെടുക്കുന്ന അദ്ദേഹത്തിന് സംശുദ്ധീൻ പാലക്കോടിന്റേതായ ഉണർത്തലും ക്ലാസും ഈ വിഷയത്തിൽ ആവശ്യമുണ്ടാവില്ല. മാത്രമല്ല പുതിയ തലമുറ ടി.കെ അബ്ദുല്ല സാഹിബും കെ.സിയും വിശദീകരിച്ച ലോക സലഫി നേതാക്കൾ അംഗീകരിച്ച വിധത്തിൽ തന്നെ ഇബാദത്തും, ഇതാഅത്തും, ഹാകിമിയത്തും, താഗൂത്തും മനസ്സിലാക്കിയവരാണ് എന്നതിന് ബ്ലോഗിലെയും ഫെയ്സ്ബുക്കിലേയും ചർചകൾ കണ്ണോടിക്കുന്നവർക്ക് മനസ്സിലാകും. ഇവിടെ ആരാണ് വിശദീകരിക്കാൻ പാടുപെട്ട് കൊണ്ട് മുങ്ങികളയുന്നത് എന്നും ശംസുദ്ധീൻ പാലത്തിന് അറിയില്ലെങ്കിലും നെറ്റ് ഉപയോഗിക്കുന്ന മുജാഹിദുകൾക്ക് അടക്കം അറിയാം.

ഏതായാലും ജമാഅത്തെ ഇസ്ലാമി കൂടുതൽ പ്രാക്ടിക്കലായിരിക്കുന്നുവെന്ന് മുജാഹിദ് ലേഖകൻ സമ്മതിക്കുന്നു. അതിന്റെ പങ്ക് ടി.കെക്ക് കൂടി അവകാശപ്പെട്ടതാണ് എന്ന് പാലത്ത് മനസ്സിലാക്കുക. 


(പറഞ്ഞുപറഞ്ഞു വിഷയം പറയാന്‍ മറക്കരുതല്ലോ. ജമാഅത്ത്‌ പാര്‍ട്ടിയിലെ പുതിയ തലമുറക്ക്‌ അപരിചിതനും പഴയ തലമുറക്ക്‌ ആവേശവുമായിരുന്ന ടി കെ അബ്‌ദുല്ല എന്ന അബ്‌ദുല്ല സാഹിബ്‌)

ഈ വിശേഷണം തീർത്തും തെറ്റാണ്. അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാത്ത ആരും പുതിയ തലമുറയിലുണ്ടാവാനിടയില്ല. സി.ഡി.കളിലൂടെ മാത്രമല്ല, നേരിട്ടും. ഇന്നും പല പരിപാടികളിലും അദ്ദേഹം നേരിട്ട് പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം വരെ അദ്ദേഹം ശാന്തപുരത്ത് വന്ന് ക്ലാസെടുത്തിരുന്നു. ഇപ്പോൾ ആധുനിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയുന്നതിനാൽ കഷ്ടപ്പെടുത്തി ശാന്തപുരത്ത് കൊണ്ടുവരുന്നില്ല എന്ന് മാത്രം. പിന്നെ എങ്ങനെയാണ് പുതിയ തലമുറക്ക് അദ്ദേഹം അപരിചിതനാക്കുന്നത്.

(എഴുതുകയാണ്‌: ``രാഷ്‌ട്രീയ, സാമൂഹിക മേഖലകളിലുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ അന്നേ മുജാഹിദ്‌ പ്രസ്ഥാനത്തിലെ പലരും നിഷേധിക്കുന്നുണ്ടോ എന്നതാണ്‌ മൗലിക പ്രശ്‌നം. അടിസ്ഥാന ആദര്‍ശം അംഗീകരിക്കുന്നുവെങ്കില്‍ അവര്‍ സ്വീകരിക്കുന്ന നയനിലപാടുകള്‍ ഇജ്‌തിഹാദി വിഷയം മാത്രമാണ്‌. ജമാഅത്തെ ഇസ്‌ലാമിക്ക്‌ അത്‌ പ്രശ്‌നമാകേണ്ടതില്ല. ഇസ്‌ലാമിന്റെ രാഷ്‌ട്രീയ വ്യവസ്ഥയുമായി ബന്ധപ്പെട്ട നയപരമായ സമീപനം കൈക്കൊള്ളുന്നതിലുപരി, അടിസ്ഥാനം തന്നെ നിഷേധിക്കുന്നതാണ്‌ പ്രശ്‌നം. ഇബാദത്തില്‍ ഇത്വാഅത്ത്‌ ഉള്‍ക്കൊള്ളുന്നില്ലെന്ന വാദം പോലും രാഷ്‌ട്രീയമായി ബന്ധപ്പെട്ടതാണ്‌. ഒരു പദത്തിന്റെ അര്‍ഥത്തിലുള്ള സാങ്കേതികതയല്ല, അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ ഉണ്ടെന്ന്‌ സമ്മതിക്കേണ്ടിവരുമെന്ന ആശങ്കയാണ്‌ മുജാഹിദ്‌ വാദത്തിന്റെ കാതല്‍. ഇപ്പോഴും യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ സമൂഹത്തിന്‌ മുന്നില്‍ വേണ്ടവിധം വന്നുകഴിഞ്ഞിട്ടില്ല.'' (നടന്നുതീരാത്ത വഴികളില്‍, പ്രബോധനം 22-10-2011, പേജ്‌ 38))

ഈ പറഞ്ഞതത്രയും പതിരില്ലാത്ത കാര്യങ്ങളാണ്. ഇപ്പോഴും ഞാനടക്കമുള്ള പുതിയ തലമുറ അത്ഭുതപ്പെടുന്നത് എന്തുകൊണ്ട് മുജാഹിദുകാർ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാടും അഭിപ്രായവും പറയുന്നില്ല എന്നാണ്. 


(അബ്‌ദുല്ലാ സാഹിബ്‌ മുന്‍കൈ എടുത്ത്‌ ഇനിയുള്ള വേദികളിലും പേജുകളിലും ഇബാദത്ത്‌, ഇത്വാഅത്ത്‌, താഗൂത്ത്‌, ദൈവത്തിന്റെ പരമാധികാരം, ഹുകൂമത്തെ ഇലാഹി എന്നിവയുടെ നിജസ്ഥിതി വിശദീകരിക്കാന്‍ ഒരു രണ്ടാമൂഴത്തിനിറങ്ങണമെന്ന ആഗ്രഹം കൊള്ളാം. പക്ഷെ, പുതിയ പാര്‍ട്ടിയുമായി ജനാധിപത്യത്തെ കെട്ടിപ്പുണരാന്‍ ഇറങ്ങിത്തിരിച്ച പുതിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഈ ആഗ്രഹം ദഹിക്കുമോ അമീറേ? ദൈവത്തിന്റെ പരമാധികാരം `വേണ്ടവിധം' സമൂഹത്തിന്‌ ബോധ്യപ്പെടുത്താന്‍ അഥവാ താങ്കള്‍ അതിന്‌ തുനിഞ്ഞാല്‍ ഒരുപക്ഷെ താങ്കള്‍ എഴുതിക്കൊണ്ടിരിക്കുന്ന കോളം തന്നെ നിര്‍ത്തിവെപ്പിക്കാന്‍ കരുത്തുള്ള പുതിയ ജനാധിപത്യ-ജനപക്ഷ- ജനപ്രിയ-ജനസേവന തത്വങ്ങള്‍ വാരിപ്പുണര്‍ന്ന നിലയിലുള്ള അമീറും അനുയായികളും അതിനനുവദിക്കുമോ? കണ്ടറിയണം!)

അബ്ദുല്ലാ സാഹിബ് പ്രസ്ഥാനിക ചലനങ്ങളൊന്നുമറിയാതെ വിശ്രമജീവിതം നയിക്കുകയാണ് എന്ന അബദ്ധധാരണയിൽ നിന്നാണ് കാര്യങ്ങളെ നോക്കിക്കാണുന്നത്. ഇത് ഒന്നാമത്തെ പ്രശ്നം. രണ്ടാമത്തേത്. ടി.കെ അബ്ദുല്ലാ സാഹിബാണ് ഈ സാങ്കേതിക ശബ്ദങ്ങൾ വിശദീകരിച്ച് പഴയതലമുറക്ക് നൽകിയതെന്ന തെറ്റിദ്ധാരണ. അദ്ദേഹം മുമ്പോ അതിന് ശേഷമോ പ്രസംഗത്തിൽ പരാമർശിച്ച് പോകുന്നതല്ലാതെ ഇക്കാര്യം എഴുതി അവതരിപ്പിച്ചത് കണ്ടിട്ടില്ല. കെ.സി. അബ്ദുല്ല മൗലവിയാണ് മറ്റാർക്കും കൈകടത്തേണ്ടതില്ലാത്ത വിധം ഈ കാര്യങ്ങളെ താത്വികമായി അവതരിപ്പിച്ചത്. ഇനിയും ടി.കെ അത്തരമൊരു വിശദീകരണ മാമാങ്കത്തിന് ഇറങ്ങണമെന്നാഗ്രഹിച്ചാണ് പറയുന്നത് എന്ന് നിരൂപിക്കുമ്പോൾ വിശ്രമജീവിതം കൂടി മതിയാക്കേണ്ടി വരില്ലേ. ലേഖനം നിർത്തിവെപ്പിക്കുക എന്നത് മുജാഹിദ് ശൈലി അനുസരിച്ച് പറഞ്ഞതാവാനാണ് സാധ്യത. ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചാൽ പല സംഭവങ്ങളും മുജാഹിദ് വാരികകളുടെയും മാസികകളുടെയും വായനക്കാർക്ക് ഓർമവരും. അബ്ദുറഹ്മാൻ ഖാലിഖിന്റെ ലേഖനം ഇപ്പോൾ ഓർക്കുക. സലഫിസത്തിന്റെ താത്വികാചാര്യനായ അദ്ദേഹത്തിന്റെ  ലേഖനം പ്രസിദ്ധീകരിച്ച് വന്നപ്പോൾ ജമാഅത്ത് പറയുന്നതും അതും തമ്മിൽ ഒരു വ്യത്യാസവുമില്ല. മാത്രമല്ല അതിനേക്കാൾ കടുപ്പവും. അതുകൊണ്ട് തന്നെ തുടരും എന്ന് പറഞ്ഞ ലേഖനം പിന്നീട് തുടർന്നില്ല. ഇങ്ങനെ ടി.കെയുടെ ലേഖനം നിർത്തിവെപ്പിക്കും എന്നാണ് ഉദ്ദേശിച്ചതെങ്കിൽ ഇത് മുജാഹിദ് പ്രസ്ഥാനമല്ല ജമാഅത്തെ ഇസ്ലാമി എന്ന സമഗ്രഇസ്ലാമിക പ്രസ്ഥാനമാണ് എന്ന് പാലക്കോട് ഓർത്തുവെക്കുക. 


(ഗുരുതരമായ മൂന്ന്‌ അബദ്ധ ധാരണകള്‍ തന്നെയാണ്‌ പഴയ കാലത്തേക്ക്‌ തിരിഞ്ഞുനോക്കി പഴയ അമീര്‍ ഓര്‍ത്തെടുത്ത്‌ അതുതന്നെയാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ മൗലിക ആദര്‍ശം എന്ന്‌ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്‌. അവ ഇങ്ങനെ സംഗ്രഹിക്കാം:

1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.

2). ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ മുജാഹിദുകള്‍ വിസമ്മതിക്കുന്നത്‌ അല്ലാഹുവിന്‌ രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌ വകവെച്ചുകൊടുക്കേണ്ടിവരും എന്ന ആശങ്ക മൂലമാണ്‌. 

3). `പരമാധികാരത്തിന്റെ' വിഷയത്തിലുള്ള യഥാര്‍ഥ പ്രശ്‌നം എന്താണെന്ന്‌ ഇപ്പോഴും സമൂഹത്തിന്‌ ബോധ്യപ്പെട്ടിട്ടില്ല. രാഷ്‌ട്രീയ- സാമൂഹിക രംഗത്തുള്ള അല്ലാഹുവിന്റെ പരമാധികാരത്തെ മുജാഹിദുകള്‍ ഉള്‍പ്പെടെയുള്ള മുസ്‌ലിംകള്‍ നിഷേധിക്കുന്നു എന്നത്‌ ജമാഅത്തുകാര്‍ ആദ്യകാലത്ത്‌ അവരുടെ ലിഖിത രേഖകളില്‍ തന്നെ സുലഭമായി ഉന്നയിച്ച ഒരാരോപണമാണ്‌. എന്നാല്‍ ഈ ആരോപണത്തിന്‌ അവര്‍ ഉന്നയിച്ച തെളിവുകള്‍ അവര്‍ക്കെതിരെ തന്നെ തിരിയാന്‍ തുടങ്ങിയപ്പോള്‍ ഈ ആരോപണത്തിന്റെ മുനയൊടിയുകയും ഇതേ ചോദ്യം ജമാഅത്തിന്റെ നേരെ തന്നെ ജനം തിരിച്ചുവിടുകയും ചെയ്‌ത കാര്യം വിശ്രമ ജീവിതം നയിക്കുന്ന അബ്‌ദുല്ല സാഹിബ്‌ അറിയാതെ പോയതാവണം.)

ശംസുദ്ധീൻ പാലക്കോടിന്റെ ഈ വാചകകസർത്ത് ലേഖനത്തിന്റെ ഉത്ഭവം തന്നെ ടി.കെ വിശ്രമജീവിതം നയിക്കുകയാണ് എന്ന ചിന്തയിൽ നിന്നാണ്. ലേഖനം എഴുതുന്നതിന് മുമ്പ് അതൊന്ന് ഏതെങ്കിലും ജമാഅത്ത് പ്രവർത്തകനോട് വിളിച്ച് ഉറപ്പ് വരുത്താമായിരുന്നു.  സമാന്യമായി ഒരു മുജാഹിദുകാരൻ മനസ്സിലാക്കുന്നത്, ജമാഅത്ത് പണ്ടുള്ള ജമാഅത്തൊന്നുമല്ല. ഇപ്പോൾ ആരോക്കെയോ വന്ന് അതിനെ ഹൈജാക്ക് ചെയ്തിരിക്കുന്നുവെന്നും, ഇപ്പോൾ ടി.കെയെ പോലുള്ള നേതാക്കളൊക്കെ നിസ്സഹായരാണ് എന്നുമൊക്കെയാണ്. ഒരു പക്ഷെ സ്വന്തം പ്രസ്ഥാനത്തിന്റെ അനുഭവം മുജാഹിദുകൾ ജമാഅത്തിന്റെ പേരിൽ കൂടി കെട്ടിയേൽപിക്കുന്നതാകാം. അവരുടെ നേതാക്കളാണല്ലോ ചെറിയ നേതാക്കളെയും പ്രാസംഗികരെയും പിടിച്ചുകെട്ടാൻ സാധിക്കാതെ വലയുന്നത്. അതിൽ കുറേ ചെറുപ്പക്കാർ ചാടിപ്പോയി അവരെ അങ്ങനെ വിട്ടാൽ ശരിയാവില്ല എന്ന് കരുതി ചില പ്രായമായവരും പോയപ്പോൾ പുതിയ ഒരു സംഘടന രൂപം കൊണ്ടു. അതിന്റെ പ്രതിനിധിയാണല്ലോ ശംസുദ്ധീൻ പാലക്കോട്.


(ജമാഅത്തുകാരല്ലാത്ത മുസ്‌ലിംകള്‍ അല്ലാഹുവിന്റെ പരമാധികാരം എന്ന `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' അംഗീകരിക്കാത്തവരാണ്‌ എന്നതിലേക്ക്‌ ജമാഅത്തുകാര്‍ അവതരിപ്പിച്ച തെളിവ്‌ അവര്‍ ജനാധിപത്യ ഭരണകൂടങ്ങളില്‍ പങ്കാളിത്തം വഹിക്കുന്നു എന്നതും വോട്ടുചെയ്യുന്നു എന്നതുമായിരുന്നു.)

ഇത് മുജാഹിദുകൾക്ക് പിണഞ്ഞ അബദ്ധമോ അല്ലെങ്കിൽ അവർ മനപ്പൂർവം ഉന്നയിക്കുന്ന ഒരു കളവോ ആണ്. മുജാഹിദുകളെ സംബന്ധിച്ചാണ് ജമാഅത്ത് പ്രസ്തുത വാദം ഉന്നയിച്ചത്. അഥവാ അല്ലാഹുവിന്റെ ഹാകിമിയത്തിൽ രാഷ്ട്രീയപരമായ നിയമങ്ങൾ കൂടി ഉൾപ്പെടുന്നതിനെ മുജാഹിദുകൾ നിരാകരിക്കുന്നുവെന്ന വാദം. ഇത് കേവല വാദമല്ല. ഇക്കാലമത്രയും ഒരിക്കൽ പോലും അവർ തുറന്ന് അംഗീകരിക്കാത്തതും. ഈ കാര്യം  പറഞ്ഞതിന്റെ പേരിൽ ജമാഅത്തെ ഇസ്ലാമിയിയിൽ മതരാഷ്ട്രവാദം ആരോപിച്ചവരുമാണ്. കേവലം ആരെങ്കിലും വോട്ടു ചെയ്തതിന്റെ പേരിൽ ജമാഅത്ത് മൊത്തമായി മുസ്ലിംകളിൽ വെച്ചു കെട്ടിയതല്ല അത്. ഇതേ വാദം പണ്ട് മോഡേൺ ഏയ്ജ് സ്വസൈറ്റിക്കാരുന്നയിച്ചപ്പോൾ പ്രബോധനം നൽകിയ മറുപടിയാണ് പിന്നീട് ഇന്ദിരാഗാന്ധിയുടെ ആരാധകരെ പറ്റി എന്ന് തലക്കെട്ട് നൽകി ബഹുമാന്യനായ അബ്ദുഹമീദ് മദനി സാഹിബ് കഷ്ണം വെട്ടി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതും. മുജാഹിദുകൾ ഇപ്പോഴും തെറ്റിദ്ധരിച്ചുകൊണ്ടിരിക്കുന്നതും.

ടി.കെയും ജമാഅത്ത് പ്രവർത്തകരും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ മുജാഹിദുകളുടെ നിലപാട് വ്യക്തമാക്കണം എന്നാണ്. വ്യക്തമാക്കിയാൽ പിന്നീട് അവശേഷിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ് അതിൽ തെറ്റ് പറ്റിയാൽ ക്ഷമിക്കാവുന്നതാണ്. പക്ഷെ മുജാഹിദുകൾ ഹാകിമിയത്തിന്റെ ഈ വശത്തെ പാടെ തള്ളിക്കളയുന്നു.

(ജമാഅത്ത്‌ രേഖകളില്‍ ഇന്നും വായിക്കപ്പെടുന്ന ഒരു വാചകം ഇപ്രകാരമാണ്‌: ``ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിന്നും ഈമാനിന്നും കടകവിരുദ്ധമാണ്‌. നിങ്ങള്‍ അതിന്റെ മുന്നില്‍ സര്‍വാത്മനാ തല കുനിക്കുകയാണെങ്കില്‍ നിങ്ങളുടെ വിശുദ്ധ ഖുര്‍ആനിനെ പുറകോട്ട്‌ വലിച്ചെറിയലായിരിക്കും. നിങ്ങള്‍ അതിന്റെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കു വഹിക്കുകയാണെങ്കില്‍ നിങ്ങളുടെ തിരുദൂതനോടു ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങള്‍ അതിന്റെ കൊടിപിടിക്കുകയാണെങ്കില്‍ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയര്‍ത്തലായിരിക്കും.'' (സയ്യിദ്‌ മൗദൂദി, മതേതരത്വം ദേശീയത്വം ജനാധിപത്യം: ഒരു താത്വിക വിശകലനം, പേജ്‌ 35).)

ഇതുതന്നെയാണ് മുജാഹിദുകളുടെ പ്രശ്നവും. ഇപ്പോഴും ജനാധിപത്യവുമായി ബന്ധപ്പെട്ട് ഉയർന്ന് വരുന്ന നിയമനിർമാണത്തിന്റെ പരമാധികാരം ജനങ്ങളുടെ ഭൂരിപക്ഷത്തിന് എന്ന ഭാഗത്ത് സ്വന്തം നിലപാട് എന്താണ് എന്ന് അവരിതുവരെ തുറന്ന് പറഞ്ഞിട്ടില്ല. അത് പറഞ്ഞതിന്റെ പേരിൽ ജമാഅത്തിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അപ്പോൾ എന്താണ് അതിന്റെ അർഥം. രാഷ്ട്രത്തിന്റെ നിയമനിർമാണവുമായി ബന്ധപ്പെട്ട തൗഹീദിന്റെ വശത്തെ മുജാഹിദുകാർ നിരാകരിക്കുന്നുവെന്നതല്ലേ. അതുതന്നെയല്ലേ ടി.കെയും പറഞ്ഞത്. ഇത് മനസ്സിലാക്കാൻ എന്താണ് പ്രശ്നം. ഇത് അബദ്ധമോ കളവോ ആകൂന്നത്. മുജാഹിദ് പ്രസ്ഥാനം ഈ വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കുവോളം എന്തടിസ്ഥാനത്തിലാണ് ജമാഅത്ത് പ്രസ്തുത വാദത്തിൽ നിന്ന് പിൻമാറുക. 


(മറ്റൊരു ഉദ്ധരണി കാണുക: ``പ്രത്യക്ഷത്തില്‍ ചില വ്യക്തികളാണെങ്കിലും യഥാര്‍ഥത്തില്‍ ചില സിദ്ധാന്തങ്ങളും പ്രസ്ഥാനങ്ങളുമാണിന്ന്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ആ വ്യക്തികള്‍ക്ക്‌ വോട്ട്‌ കൊടുക്കുന്നതിന്റെ അര്‍ഥം അവര്‍ പ്രതിനിധാനം ചെയ്യുന്ന അനിസ്‌ലാമിക സിദ്ധാന്തങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ബൈഅത്ത്‌ ചെയ്യുകയാണെന്നും ഒരു യഥാര്‍ഥ മുസല്‍മാന്‌ അത്‌ സാധ്യമല്ല.'' (പ്രബോധനം -1960 ജനുവരി 15))

ഇതിൽ പിഴവുണ്ടെന്ന് പറയാനാവില്ല. ഇസ്ലാമിക വ്യവസ്ഥിതി അംഗീകരിക്കുകയും അതിന് വേണ്ടി പരിശ്രമിക്കലാണ് തങ്ങളുടെ ദൗത്യമെന്ന് കരുതുകയും ചെയ്യുന്ന ഒരു വിശ്വാസി സ്വാഭാവികമായും എത്തിച്ചേരുന്ന ഒരു നിഗമനമാണ് മേൽ പറഞ്ഞത്. എന്നാൽ അതൊരു ശാശ്വത നിലപാട് ആക്കാൻ പ്രയാസമുണ്ടാകും. കാരണം നേരത്തെ പറഞ്ഞ ഒരു വ്യവസ്ഥക്ക് വേണ്ടി പണിയെടുത്തുകൊണ്ടിരിക്കെ നിലവിലെ സാഹചര്യത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന ചർച വരുമ്പോൾ അനിസ്ലാമികമോ ഒരു പക്ഷെ മതവിരുദ്ധമോ ഒക്കെ ആയ പാർട്ടികൾക്ക് വോട്ടു ചെയ്യേണ്ടി വരും. ഇത് ജമാഅത്തെ ഇസ്ലാമി എന്നും അംഗീരിച്ച കാര്യമാണ്. 


(പുതിയ കാലത്തെ ജമാഅത്തുകാര്‍ കേള്‍ക്കാനോ ഓര്‍ക്കാനോ ചര്‍ച്ച ചെയ്യാനോ ഇഷ്‌ടപ്പെടാത്ത ഈ പ്രതിലോമവാദത്തിലേക്ക്‌ ജമാഅത്തുകാരെ തിരിച്ചുവിളിക്കുന്ന പഴയ അമീര്‍ അതിന്റെ ക്രമപ്രശ്‌നങ്ങള്‍ ഒട്ടും ഓര്‍ത്തുകാണില്ല. ഇത്തരം പ്രതിലോമവാദങ്ങളാണ്‌ ജമാഅത്തിനെ ഇത്രമേല്‍ പൊതു സമൂഹത്തില്‍ തെറ്റിദ്ധരിപ്പിച്ചത്‌ എന്ന്‌ 1985 ല്‍ തന്നെ പ്രമുഖ ജമാഅത്ത്‌ നേതാവ്‌ ടി മുഹമ്മദ്‌ സാഹിബ്‌ വ്യക്തമാക്കുകയുണ്ടായി. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ശിര്‍ക്കാണെന്ന്‌ പറഞ്ഞത്‌ തെറ്റാണെന്ന്‌ ജനങ്ങളോട്‌ തിരുത്തിപ്പറയണം എന്ന്‌ അദ്ദേഹം ജമാഅത്തുകാരെ ശക്തമായ ഭാഷയില്‍ ഉണര്‍ത്തിയിരുന്നു. ഇതെല്ലാം മുന്‍ അമീര്‍ മറന്നുപോയതായിരിക്കാമെന്നാണോ വായനക്കാര്‍ വിചാരിക്കേണ്ടത്‌?)

മേൽപറഞ്ഞ വാദത്തിൽ തുടർന്ന് പോരുകയാണെങ്കിൽ മാത്രമേ ടി. മുഹമ്മദ് സാഹിബ് പറഞ്ഞവെന്ന് ഇവിടെ പരമർശിക്കപ്പെട്ട കാര്യത്തിൽ പ്രസക്തിയുള്ളൂ. മറ്റൊരു കാര്യം ജമാഅത്തെ ഇസ്ലാമി എന്നതാൽ അത് ടി.കെ പറഞ്ഞതും ടി.എം (മുഹമ്മദ്) പറഞ്ഞതുമല്ല. ജമാഅത്തെ ഇസ്ലാമിയിൽ ഏത് പണ്ഡിതൻ പറഞ്ഞാലും അത് ജമാഅത്തെ ഇസ്ലാമിയെ അദ്ദേഹത്തിന്റെ ഭാഷയിൽ വിശദീകരിക്കാനുള്ള ശ്രമം മാത്രമാണ്. ജമാഅത്തെ ഇസ്ലാമി എന്നത് അതിന്റെ ഭരണഘടനയും പോളിസി പ്രോഗ്രാമും ശൂറാ പ്രമേയങ്ങളുമൊക്കെയാണ്. വ്യക്തമായ ഒരു ഘടനയില്ലാത്ത മുജാഹിദ് പ്രസ്ഥാനത്തിന് ഇതൊരു പക്ഷെ അത്ഭുതമായി തോന്നാം. വേണമെങ്കിൽ നേതാക്കളുടെ വാക്കുകൾക്ക് പോലും വിലകൽപിക്കാത്ത പ്രസ്ഥാനമെന്നോക്കെ അടുത്ത ലേഖനത്തിൽ കാച്ചുകയുമാവാം. ഇസ്ലാമിക പ്രസ്ഥാനം അഥവാ ജമാഅത്തെ ഇസ്ലാമി എന്താണെന്ന് ഇനിയും മുജാഹിദുകൾ പഠിച്ചിട്ട് വേണം. 


(രാഷ്‌ട്രീയ സാമൂഹിക മേഖലയില്‍ അല്ലാഹുവിന്റെ പരമാധികാരം എന്നതുകൊണ്ട്‌ എന്താണ്‌ അബ്‌ദുല്ല സാഹിബ്‌ ഉദ്ദേശിക്കുന്നത്‌ എന്നതിലാണ്‌ വ്യക്തത വേണ്ടത്‌. ഭൗതികമായ മേഖലയില്‍ ഒരു ജനാധിപത്യ സമൂഹത്തില്‍ പാര്‍ലമെന്റോ പ്രധാനമന്ത്രിയോ ജനങ്ങളുടെയും രാജ്യത്തിന്റെയും ഭൗതിക പുരോഗതിക്കാവശ്യമായ നിയമനിര്‍മാണം നടത്തിയാല്‍ അത്‌ അല്ലാഹുവിന്റെ `രാഷ്‌ട്രീയ ഹാകിമിയ്യത്ത്‌' എന്ന്‌ അബ്‌ദുല്ലാ സാഹിബ്‌ പറയുന്ന ദൈവിക പരമാധികാരത്തില്‍ പങ്കുചേര്‍ക്കലാകുമോ? മുജാഹിദുകള്‍ ആര്‍ജവത്തോടെ ഉയര്‍ത്തിവിട്ട ഈ ചോദ്യത്തിന്‌ മറുപടി പറയാന്‍ കഴിയുന്ന ഏതേങ്കിലും ശൂറാ മെമ്പറോ സാദാ മുത്തഫിഖോ ജമാഅത്തുകാരിലുണ്ടെങ്കില്‍ ആ മറുപടി കേള്‍ക്കാന്‍ പുതിയ സാഹചര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ മാത്രമല്ല, എല്ലാ മുസ്‌ലിംകള്‍ക്കും ആകാംക്ഷയും കൗതുകവുമുണ്ട്‌. അതിനാല്‍ മേല്‍ ചോദ്യത്തിന്‌ ആളുകള്‍ക്ക്‌ തിരിയുന്ന ഭാഷയില്‍ മറുപടി പറയാന്‍ ഒരു ടി കെ അബ്‌ദുല്ലയെങ്കിലും തയ്യാറാവുക. `പഴകിപ്പുളിച്ച' ഒരു വിഷയം പുറത്തെടുത്തിട്ട സ്ഥിതിക്ക്‌ പരമാധികാരത്തെ പറ്റിയുള്ള പരമപ്രധാനമായ ഈ ചോദ്യത്തിന്‌ മറുപടി പറയേണ്ട ബാധ്യത അബ്‌ദുല്ല സാഹിബിനുണ്ടല്ലോ.)

ഈ വിഷയത്തിന് ജമാഅത്തെ ഇസ്ലാമി ആവശ്യമായ വിശദീകരണം പണ്ടുമുതലേ നൽകിയിട്ടുണ്ട്. എന്നാൽ ഒരിക്കലും ആ വാദം മനസ്സിലാക്കാനുള്ള സന്മനസ്സ് മുജാഹിദുകൾ കാണിച്ചിട്ടില്ല. അവർക്ക് മാത്രം അത് മനസ്സിലാക്കുന്നില്ല എന്നത് അംഗീകരിക്കാൻ പ്രയാസമുണ്ട്. ജമാഅത്തെ ഇസ്ലാമിയിൽ സാധാരണ പ്രവർത്തകരടക്കം അത് മനസ്സിലാക്കുമ്പോൾ ഒരു പ്രസ്ഥാനത്തിന്റെ മുഖപത്രത്തിൽ ലേഖനമെഴുതി ആളുകളെ കാര്യങ്ങൾ വ്യക്തമാക്കികൊടുക്കുന്നവർ തികഞ്ഞ അസംബന്ധം ഇതുമായി ബന്ധപ്പെട്ട് എഴുതിവിടുന്നു.

പാലക്കോട് മനസ്സിലാക്കിയത് നോക്കുക. (
1). മുജാഹിദുകള്‍ ദൈവത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ല. ജമാഅത്തുകാര്‍ ഭൂമിയില്‍ കുറെ ഭാഗത്ത്‌ അല്ലാഹുവിന്‌ `നഷ്‌ടപ്പെട്ട'(!) പരമാധികാരം പുനസ്ഥാപിക്കാന്‍ വേണ്ടി നിലകൊള്ളുന്നു. മുജാഹിദുകളും യഥാര്‍ഥത്തില്‍ അതിനു വേണ്ടി നിലകൊള്ളേണ്ടവരാണ്‌.)

ഇതാണോ ജമാഅത്ത് വാദിക്കുന്നത്. അല്ലാഹുവിന് ഭൂമിയിൽ കുറേ ഭാഗത്ത് പരമാധികാരം നഷ്ടപ്പെട്ടിരിക്കുന്നു അത് പുനസ്ഥാപിക്കണം. എന്നാണോ ജമാഅത്ത് പറയുന്നത്. ഇനി ഇങ്ങനെ തന്നെ അവർ മനസ്സിലാക്കി എന്ന് വെക്കുക. എന്നാൽ തിരിച്ച് അല്ലാഹുവിന് നഷ്ടപ്പെട്ട ആരാധന വാങ്ങിക്കൊടുക്കാണ് മുജാഹിദുകൾ ശ്രമിക്കുന്നത് എന്ന് പറഞ്ഞാൽ മുജാഹിദുകൾ അംഗീകരിച്ചു തരുമോ. തരുമെങ്കിൽ ആ നിലക്ക് തന്നെ മറുപടിയും തരാം. 



ഇത് വരെ മനസ്സിലാക്കാത്ത വിഷയം ഇനി ടി.കെ.യോ ഏതെങ്കിലും ശൂറാ മെമ്പറോ മുത്തഫിഖോ പറഞ്ഞാൽ പാലക്കോടിന് മനസ്സിലാകും എന്ന പ്രതീക്ഷ തൽകാലം എനിക്കില്ല. ഈ ഗംഭീര ചോദ്യത്തിനൊന്നും ആർക്കും ഉത്തരം പറയാനാവില്ല എന്ന ഒരു ധാരണ അണികൾക്ക് ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ആകെയുള്ള അർഥം. 

(രണ്ടാമത്തെ വിഷയം ഇബാദത്തും ഇതാഅത്തും സംബന്ധിച്ചുള്ളതാണ്‌. മുജാഹിദുകള്‍ ഇബാദത്ത്‌ എന്ന്‌ കാണുന്നിടത്തെല്ലാം ഇത്വാഅത്ത്‌ എന്ന്‌ അര്‍ഥം പറയാന്‍ വിസമ്മതിക്കുന്നത്‌ ഇബാദത്തിന്റെയും ഇത്വാഅത്തിന്റെയും അര്‍ഥം ശരിക്കും ബോധ്യപ്പെട്ടതുകൊണ്ടാണ്‌. അഥവാ അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുസ്‌ലിം. പ്രവാചകന്‌ ഇബാദത്ത്‌ ചെയ്‌തവന്‍ മുശ്‌രിക്ക്‌. ഈ ലളിതമായ സമവാക്യത്തിലൂടെ ഇബാദത്തും ഇത്വാഅത്തും രണ്ടാണെന്ന്‌ മുജാഹിദുകള്‍ ജനങ്ങളെ പഠിപ്പിച്ചു. എന്നാല്‍ ജമാഅത്തുകാര്‍ ചെയ്‌തതോ?)

പതിറ്റാണ്ടുകൾക്ക് മുമ്പ് ഉമർ മൗലവി പറഞ്ഞ അബദ്ധങ്ങൾ അൽപം ചിന്താശേഷിയുള്ള മുജാഹിദുകൾ ആവർത്തിക്കാറില്ല. എന്ന് അത് അപ്പടി ആവർത്തിക്കാനുള്ള ബുദ്ധിയേ ഇക്കാര്യത്തിൽ പാലത്തിനുള്ളൂവെന്നത് മറുപടി പറയാൻ പോലുമുള്ള മൂഡ് നഷ്ടപ്പെടുത്തുന്നു. ഇബാദത്ത് എന്ന് കാണുന്നിടത്തെല്ലാം ഇതാഅത്ത് എന്ന് അർഥം പറയണം എന്ന് ഭൂമിയിലാർക്കെങ്കിലും പറയാൻ കഴിയുമോ എങ്കിൽ അത് അല്ലാഹുവിനെ തിരുത്തുന്ന ഒരു പണിയല്ലേ. അവിടെയൊക്കെ ഇത്വാഅത്ത് എന്നാണ് ഉദ്ദേശിക്കേണ്ടതെങ്കിൽ അല്ലാഹുവിന് ആ വാക്ക് അറിയാത്തതൊന്നുമല്ലല്ലോ. ഇത്വഅത്തിനേക്കാൾ വ്യപകമായ അർഥമുള്ളതാണ് ഇബാദത്ത് എന്ന പദം. അത് ആരാധന എന്ന പരിമിതാർഥമുള്ള മലയാളപദത്തിൽ ചുരുക്കികെട്ടരുത് എന്ന് മാത്രമാണ് മുജാഹിദുകളോട് ജമാഅത്ത് പറഞ്ഞത്. 


(ജനാധിപത്യ സര്‍ക്കാറുകളെയും രാജാധിപത്യ ഗവണ്‍മെന്റുകളെയും അനുസരിച്ചാല്‍ അത്‌ അവര്‍ക്കുള്ള ഇബാദത്താകയാല്‍ അത്‌ ശിര്‍ക്കും കുഫ്‌റുമായി മുദ്രകുത്തി, അത്‌ അല്ലാഹുവിന്റെ പരമാവധികാരത്തില്‍ അഥവാ `രാഷ്‌ട്രീയ ഹാകിമിയ്യത്തില്‍' പങ്കുചേര്‍ക്കലായി വിശേഷിപ്പിച്ചു. അങ്ങനെയാണ്‌ മുന്‍ അമീറുമാരായ അബ്‌ദുല്ലമാരുടെ കാലത്ത്‌ ജമാഅത്തുകാര്‍ ജനാധിപത്യ കോടതികളെ `താഗൂത്ത്‌' എന്ന്‌ മുദ്ര കുത്തിയത്‌. കലാലയങ്ങളെ കൊലാലയങ്ങള്‍ എന്ന്‌ വിശേഷിപ്പിച്ചത്‌. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നതിനെ നിരുത്സാഹപ്പെടുത്തിയത്‌. സര്‍ക്കാര്‍ ജോലിയില്‍ നിന്ന്‌ ആദ്യകാല ജമാഅത്ത്‌ നേതാക്കള്‍ രാജിവെച്ചതും സര്‍ക്കാര്‍ ജോലി നേടുന്നതില്‍ നിന്ന്‌ മുസ്‌ലിംകളെ നിരുത്സാഹപ്പെടുത്തിയതും.)

പറഞ്ഞവന്നവിഷയത്തിലെ ഗ്രിപ്പ് നഷ്ടപ്പെടുന്നതാണ് നാം കാണുന്നത്. വിഷയം സകല ആരോപണങ്ങളിലേക്കും വഴുതുന്നത് അങ്ങനെയാണ്. ഇബാദത്തും ഹാകിമിയത്തും മുജാഹിദ് പ്രസ്ഥാനം വ്യക്തമാക്കിയാൽ തീരേണ്ട സംശയമേ തുടർന്ന് വരുന്ന ഇത്തരം കാര്യത്തിലുള്ളൂ. ജമാഅത്തെ ഇസ്ലാമി പറയുന്നത് പലപ്പോഴും മനസ്സിലാക്കാൻ മുജാഹിദുകൾക്ക് കഴിയാതെ പോകുന്നത് അവരുടെ ഈ രംഗത്തെ അജ്ഞത കാരണമാണ്.

ഈ പറഞ്ഞതൊക്കെ ഇജ്തിഹാദുമായി ബന്ധപ്പെട്ട വിഷയമാണ്. ഇത് വായിച്ച് തെറ്റ് ശരി എന്ന് പറയാൻ കഴിയില്ല. ഏത് സാഹചര്യത്തിൽ പറഞ്ഞുവെന്നത് പ്രസക്തമാണ്. എന്നാൽ ഇപ്പറഞ്ഞതൊക്കെ ഒരു അടിസ്ഥാനമായി നയം രൂപീകരിക്കുന്നത് തെറ്റാണ്. അപ്രകാരം ജമാഅത്തെ ഇസ്ലാമി ചെയ്തിട്ടില്ല. സാഹചര്യം മാറിയപ്പോൾ അവസ്ഥ മാറിയപ്പോൾ അത്തരം ഇജ്തിഹാദി പ്രാധാന്യമുള്ള കാര്യങ്ങളിൽ മാറ്റം വരുത്തിയാണ് അത് മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. 


(ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നുകൂടി അര്‍ഥം പറഞ്ഞേ പറ്റൂ എന്ന്‌ ജമാഅത്തുകാര്‍ വാശിപിടിച്ചപ്പോള്‍ അവര്‍ എത്തിപ്പെട്ട സ്വാഭാവിക പരിണിതികളില്‍ ചിലത്‌ മാത്രമാണിവ. ഇബാദത്തിന്‌ ഇത്വാഅത്ത്‌ എന്നര്‍ഥം കൂടി കല്‌പിക്കല്‍ നിര്‍ബന്ധമാക്കിയപ്പോള്‍ ജമാഅത്തുകാര്‍ എത്തിപ്പെട്ട വിഷമസന്ധിയെപ്പറ്റി ആദ്യമായി ജമാഅത്തിനകത്ത്‌ നിന്ന്‌ ഒരു എതിര്‍ശബ്‌ദം വന്നത്‌ ടി മുഹമ്മദ്‌ സാഹിബിന്റേതായിരുന്നു. 1985 ജൂലൈ മാസത്തിലെ ഒരു മാസികയില്‍ നല്‌കിയ അഭിമുഖത്തില്‍ ടി മുഹമ്മദ്‌ സാഹിബ്‌ ഇപ്രകാരം പറയുകയുണ്ടായി:
``വിദ്യാഭ്യാസത്തോടുള്ള നമ്മുടെ സമീപനം രൂക്ഷമായിരുന്നു. നാമത്‌ വിമര്‍ശിച്ചു, പ്രോത്സാഹിപ്പിച്ചില്ല. മൗദൂദി സാഹിബിന്റെ ചില കൃതികളില്‍ `കലാലയങ്ങളല്ല, കൊലാലയങ്ങള്‍' എന്നുവരെ വിശേഷിപ്പിച്ചു. അതേ സ്ഥിതിയില്‍ നാം പ്രചരിപ്പിച്ചു. അവസാനം എന്തായി? വിചാരിച്ചപോലെ മുസ്‌ലിംകളെ, കുട്ടികളെ കിട്ടാതായി. നമ്മുടെ ആളുകള്‍ അത്യധ്വാനം ചെയ്‌ത്‌ പണിത സ്ഥാപനങ്ങള്‍ പോലും ഇന്ന്‌ അതിനായി നിലകൊള്ളുന്നു. അഖിലേന്ത്യാ തലത്തില്‍ നിലപാട്‌ ഇത്രയേറെ രൂക്ഷമായിരുന്നില്ല -ടി എം പറഞ്ഞു.'' ``തെരഞ്ഞെടുപ്പ്‌ നയമോ? തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ലെന്നായിരുന്നു നയം. പക്ഷെ, ചിലപ്പോഴൊക്കെ സ്വരം രൂക്ഷമായിരുന്നു. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്‌ ഈമാനെ, അഖീദയെ ബാധിക്കുമെന്നു പറഞ്ഞു'' (വിവേകം മാസിക -1985 ജൂലൈ `ടി എമ്മിനോടൊപ്പം' എന്ന അഭിമുഖ ലേഖനം))

ഇക്കാര്യത്തിൽ നേരത്തെ പറഞ്ഞ അഭിപ്രായം തന്നെയാണ് ഉള്ളത്. ജമാഅത്ത് എന്താണ് പറയുന്നത് എന്ന് തെറ്റാതെ തിരിച്ച് പറയാനുള്ള മിനിമം കഴിവ് മുജാഹിദുകൾ ആർജിച്ചെടുക്കണം. 


(ടി മുഹമ്മദ്‌ സാഹിബ്‌ സൂചിപ്പിച്ച വിഷമഘട്ടത്തിലേക്ക്‌ തിരിച്ചുനടക്കാന്‍ മാത്രമേ ടി അബ്‌ദുല്ലയുടെ മൗദൂദി ദര്‍ശന ഭൂമികയില്‍ നിന്നുകൊണ്ടുള്ള ഇബാദത്തും ഇത്വാഅത്തും രാഷ്‌ട്രീയ ഹാകിമിയ്യത്തും ഉപകരിക്കുകയുള്ളൂ എന്ന്‌ വ്യക്തം. അതിനാല്‍ തന്നെ പുതിയ ലോകത്തെ പുതിയ ജമാഅത്തുകാര്‍ക്കെല്ലാം മുന്‍ അമീറിന്റെ ഇബാദത്ത്‌ ചര്‍ച്ച ദഹനക്കേടുണ്ടാക്കുമെന്നതില്‍ സംശയമില്ല.)

ജമാഅത്തെ ഇസ്ലാമിയുടെ ദഹനവും ദഹനക്കേടും അവർ നോക്കിക്കൊള്ളും. അതിൽ ശംസുദ്ധിൻ പാലക്കോടും മുജാഹിദ് പ്രവർത്തകരും അസ്വസ്തപ്പെടേണ്ടതില്ല എന്നാണ് പറയാനുള്ളത്.(തുടരും)

9 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

ടി.കെയും ജമാഅത്ത് പ്രവർത്തകരും ആഗ്രഹിക്കുന്നത്. ഇക്കാര്യത്തിൽ മുജാഹിദുകളുടെ നിലപാട് വ്യക്തമാക്കണം എന്നാണ്. വ്യക്തമാക്കിയാൽ പിന്നീട് അവശേഷിക്കുന്നത് അതിന്റെ അടിസ്ഥാനത്തിലുള്ള ഇജ്തിഹാദാണ് അതിൽ തെറ്റ് പറ്റിയാൽ ക്ഷമിക്കാവുന്നതാണ്. പക്ഷെ മുജാഹിദുകൾ ഹാകിമിയത്തിന്റെ ഈ വശത്തെ പാടെ തള്ളിക്കളയുന്നു.

Ashraf പറഞ്ഞു...

"ഈ വിഷയത്തിന് ജമാഅത്തെ ഇസ്ലാമി ആവശ്യമായ വിശദീകരണം പണ്ടുമുതലേ നൽകിയിട്ടുണ്ട്"
"ഈ ഗംഭീര ചോദ്യത്തിനൊന്നും ആർക്കും ഉത്തരം പറയാനാവില്ല എന്ന ഒരു ധാരണ അണികൾക്ക് ഉണ്ടാക്കുക എന്നതാണ് ഇതിന്റെ ആകെയുള്ള അർഥം."
------------------------

വിഷയത്തിന് ജ.ഇ. നില്കാറുള്ള വിശദീകരണം എടുത്തുകൊടുത്തിരുന്നെങ്കില്‍, നിഷ്പക്ഷ വായനക്കാര്‍ക്കും പുതുവായനക്കാര്‍ക്കും ഉപകാരമാകുമായിരുന്നു. 'പാലോത്തിന് മറുപടി' എന്നതിനേക്കാള്‍ സത്യാനേഷികളെ മുന്‍നിര്‍ത്തി വിഷയം വിശദീകരിക്കുന്നത് നന്നായിരിക്കും, ആവര്‍ത്തനമാകുമെങ്കിലും. فَذَكِّرْ إِنْ نَفَعَتِ الذِّكْرَى

CKLatheef പറഞ്ഞു...

((Ashraf പറഞ്ഞു.. വിഷയത്തിന് ജ.ഇ. നില്കാറുള്ള വിശദീകരണം എടുത്തുകൊടുത്തിരുന്നെങ്കില്‍, നിഷ്പക്ഷ വായനക്കാര്‍ക്കും പുതുവായനക്കാര്‍ക്കും ഉപകാരമാകുമായിരുന്നു. 'പാലോത്തിന് മറുപടി' എന്നതിനേക്കാള്‍ സത്യാനേഷികളെ മുന്‍നിര്‍ത്തി വിഷയം വിശദീകരിക്കുന്നത് നന്നായിരിക്കും, ആവര്‍ത്തനമാകുമെങ്കിലും))

ശംസുദ്ധീൻ പാലത്തല്ല ലേഖന കർത്താവ് ശംസുദ്ധീൻ പാലക്കോടാണ്. വല്ല സ്ഥലത്തും അപ്രകാരം പറഞ്ഞുപോയിട്ടുണ്ടെങ്കിൽ തിരുത്തിവായിക്കാനപേക്ഷ. പാലക്കോടിന് മറുപടി എന്ന നിലക്ക് ഇത് കണ്ടിട്ടില്ല എന്ന് ഞാൻ തന്നെ സൂചിപ്പിച്ചല്ലോ. ആർക്കെങ്കിലും സംശയമുള്ള കാര്യമുണ്ടെങ്കിൽ അതിനായി കമന്റ് ബോക്സ് തുറന്ന് കിടക്കുകയാണ്. മുജാഹിദുകളുടെ ഒരു ജമാഅത്ത് വിമർശന ലേഖനം എങ്ങനെ പടക്കപ്പെടുന്നുവെന്ന് പറഞ്ഞുകൊടുക്കുക മാത്രമാണ് ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

CKLatheef പറഞ്ഞു...

@Qaem bi Al Qist

മുജാഹിദുകൾ എപ്പോൾ ഈ വിഷയം കൈകാര്യം ചെയ്യുന്നതും ജമാഅത്ത് പറയുന്നത് ശരിയല്ല എന്ന് പറയുന്നതിന് വേണ്ടിയാണ് എന്ന് തോന്നും. ജമാഅത്തിനെ ഭയപ്പെടാതെ അവർ ഈ വിഷയത്തിൽ മനസ്സിലാക്കിയ വിശദീകരണം നൽകുകയും ജമാഅത്ത് പറയുന്നതിൽ ഏത് ഭാഗമാണ് ഇസ്ലാമുമായി യോജിക്കാതെ പോകുന്നതെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. അതാണ് വേണ്ടതും. പക്ഷെ ഇപ്പോൾ അവർ ശ്രമിക്കുന്നത്. നിങ്ങൾ പറയുന്നത് പോലെയാണ് ഈ വിഷയത്തിൽ എല്ലാ മുസ്ലികളും ചിന്തിക്കുന്നത് എന്ന് പറയാനും വിശദീകരിക്കുമ്പോൾ അവർ അവരുടേതായ കാഴ്പ്പാട് ഒളിച്ച് കടത്താനുമാണ്.

Mohammed Ridwan പറഞ്ഞു...

@Qaem bi Al Qist

അവര്‍ അത് തുറന്നു പറഞ്ഞിരുന്നെങ്കില്‍ പിന്നെ അത് ജമാ-അത്ത് പറയുന്നതില്‍ നിന്നും ഒട്ടും ഭിന്നമാവില്ല. പിന്നെ മുജാഹിട്‌ സംഘടനക് എന്ത് പ്രസക്തി? അത് കൊണ്ട് തന്നെയാണ് അവര്‍ അത് തുറന്നു പറയാത്തതും.

Muneer പറഞ്ഞു...

@Ashraf,
"വിഷയത്തിന് ജ.ഇ. നില്കാറുള്ള വിശദീകരണം എടുത്തുകൊടുത്തിരുന്നെങ്കില്‍, നിഷ്പക്ഷ വായനക്കാര്‍ക്കും പുതുവായനക്കാര്‍ക്കും ഉപകാരമാകുമായിരുന്നു."

ഇതില്‍ തല പുകക്കാനോ സാധാരണക്കാരന് മനസ്സിലാവത്തതോ ആയ ഒന്നുമില്ല. സംഭവം ഇത്രയേ ഉള്ളൂ:
ഒരു രാഷ്ട്രത്തിലെ നിയമ നിര്‍മാണം നടത്തേണ്ടത് ദൈവിക നിയമങ്ങളുടെ അന്തസത്ത നോക്കിയാണ്. കാരണം അടിസ്ഥാനപരമായി അതിനുള്ള പരമാധികാരം അല്ലാഹുവിനാണ്.

ഇതിനോട് മുജാഹിദുകള്‍ യോജിക്കുന്നുണ്ടോ എന്നാണ് പ്രശ്നം. ഉണ്ടെങ്കില്‍ , രാഷ്ട്രത്തിലെ നിയമ നിര്‍മാണം നടത്തേണ്ടത് "ഭൂരിപക്ഷ ജനതയുടെ" താല്പര്യം നോക്കിയാണ്, വേറൊരു കോപ്പും നോക്കേണ്ടതില്ല എന്ന വാദത്തോട് വിയോജിക്കേണ്ടി വരും. പ്രസ്തുത വാദം കാരണമാണ് ഈ രാജ്യത്ത് പലിശയെ അടിസ്ഥാനമാക്കിയ ഒരു സാമ്പത്തിക വ്യവസ്ഥിതി വന്നത്.

ഇതിനോട് Ashrafന്‍റെ പ്രതികരണം എന്താണ്? യോജിക്കുന്നുണ്ടോ?

Muneer പറഞ്ഞു...

@Ashraf,
ഇനി ഇബാദത്ത് അന്ന വിഷയം എടുക്കാം. ജമാഅത്ത് എന്താണ് പറയുന്നത് എന്ന് ഇവിടെ ഞെക്കി വായിക്കാം.
അത് ഒരാവര്‍ത്തി വായിച്ചു നോക്കുക. ശേഷം മുജാഹിദുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശ്രദ്ധിക്കുക. അപ്പോള്‍ മനസ്സിലാകും മുജാഹിദുകള്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ എത്ര പൊള്ളയാണ് എന്ന്. ജമാഅത്തിന് ഇല്ലാത്ത വാദങ്ങള്‍ അവരുടെ തലയില്‍ വെച്ച് കെട്ടി അതിനു മറുപടി പറയുന്ന കാസര്ത്താണ് ഇത് വരെയായി ഇവര്‍ നടത്തി വന്നിട്ടുള്ളത് എന്ന് ബോധ്യമാവാന്‍ ഒട്ടും ബുദ്ധിമുട്ടേണ്ടി വരില്ല!

അജ്ഞാതന്‍ പറഞ്ഞു...

assalamu alaikum

kindly add malayalam font also for purpose of writing comments in malayalam.

അജ്ഞാതന്‍ പറഞ്ഞു...

Salam
Many of our salafi Madavoor faction brothers are reading Prabodhanam after these comments from Shamsudeen in Shabab weekly. Indirectly this has given greater mileage and acceptability for Prabodhanam and to the stand of JIH in the wake of their communal political outfit who were responsible for removal of prohibition in the state, now clamoring to restrict liquor, realizing their own wards are victims of this mother of all vices. God bless - Aameen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK