'നന്മയിലേക്കു ക്ഷണിക്കുകയും ധര്‍മം കല്‍പിക്കുകയും അധര്‍മം വിലക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കേണ്ടത് അനിവാര്യമാകുന്നു. ഈ ദൌത്യം നിര്‍വഹിക്കുന്നവരാരോ അവരാകുന്നു മോക്ഷം പ്രാപിക്കുന്നവര്‍.' (വിശുദ്ധ ഖുർആൻ )

ചൊവ്വാഴ്ച, ഡിസംബർ 13, 2011

ശബാബ് ജമാഅത്തെ ഇസ്ലാമിയെ പരിചയപ്പെടുത്തുമ്പോൾ ? (1)

മുജാഹിദ് മടവൂർ വിഭാഗത്തിന്റെ പ്രസിദ്ധീകരണമായ ശബാബ് വാരികയിൽ ജമാഅത്തെ ഇസ്ലാമിയ ഏറെക്കുറെ വിശദമായി തന്നെ പരിചയപ്പെടുത്തുകയുണ്ടായി. ഇടക്കാലത്ത് അൽപം ശമനമുണ്ടായിരുന്നെങ്കിലും ഇയ്യിടെ ഇറങ്ങിയ മിക്ക ശബാബിലും ഏതാനും പേജുകൾ ജമാഅത്തെ ഇസ്ലാമിക്ക് നീക്കിവെച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ പോസ്റ്റിൽ അത്തരം ചില ലേഖനത്തെക്കുറിച്ച ചർചയാണ് നിർവഹിക്കപ്പെട്ടത്. ഔദ്യോഗിക വിഭാഗം എന്നറിയപ്പെടുന്ന എ.പി. വിഭാഗം മുജാഹിദുകൾ ചവറ് പ്രവർത്തനങ്ങളായി പരിചയപ്പെടുത്തപ്പെടുന്ന സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ കൂടുതൽ വ്യാപരിക്കുമ്പോൾ മടവൂർ വിഭാഗം ഏൽക്കേണ്ടി വരുന്ന കടുത്ത ഒരു ആരോപണമാണ് ഇഖ്'വാനികളാണ് മടവൂർ വിഭാഗമെന്നത്. ഇതിന് തടയിടാനും തങ്ങൾ ജമാഅത്തുമായി ശത്രുതയിലാണെന്ന് അണികളെ ബോധ്യപ്പെടുത്താനുമാകണം ഇയ്യിടെ കൂടുതൽ ജമാഅത്ത് വിമർശനമെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. ജമാഅത്തെ ഇസ്ലാമി കേരളത്തിൽ എന്ന ലേഖനത്തിന്റെ ആദ്യ ഭാഗം കേരളത്തിലെ ജമാഅത്തിന്റെ തുടക്കം മുതൽ ഇന്നേ വരെയുള്ള ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം നടത്തുകയാണ്. ഏറെക്കുറെ സത്യസന്ധമായ വിവരണമാണിത് എന്ന് പറയേണ്ടതുണ്ട്. പ്രത്യേകിച്ചും സിമിയുമായും മറ്റും ബന്ധപ്പെട്ട് സത്യം പറയാൻ വിമുഖത കാണിക്കുന്ന പതിവു ശൈലി ഇവിടെ ഉപേക്ഷിച്ചിട്ടുണ്ട്. സമ്മേളനങ്ങളെയും അമീറുമാരെയും അതിന്റെ വിവിധരംഗങ്ങളിലെ ഇടപെടലുകളും പരാമർശിച്ച് പോയിട്ടുണ്ട്. ഒരു ലേഖനത്തിൽ ഇത്രമാത്രമേ ഉൾകൊള്ളിക്കാനും സാധിക്കൂ.


പക്ഷെ തുടർന്നുവരുന്ന ജമാഅത്ത് പ്രസ്ഥാനയാത്ര എന്ന ഭാഗത്താണ് പതിവു ചേരുവകളും തെറ്റിദ്ധിരിപ്പിക്കലും മറച്ചുവെക്കലും കടന്നുവരുന്നത്. എങ്കിലും അവതരണത്തിൽ സത്യസന്ധത പുലർത്തുന്നുവെന്ന ഒരു ധാരണ നിലനിർത്താനും ശ്രമിക്കുന്നു. പതിവു പരിഹാസ/യുക്തിരഹിതവാദ ശൈലിയിൽ നിന്നും വിട്ട് ഒരു തരം റിപ്പോർട്ട് ശൈലി സ്വീകരിച്ചാണ് വിമർശനം അതുകൊണ്ടു തന്നെ നേരിട്ട് ഒരു മറുപടി പറയുക അൽപം പ്രയാസവുമാണ്. എങ്കിലും ഇതേ സംബന്ധിച്ച് മൗനം പാലിക്കുന്നത് ഇവയിലെ തെറ്റായ പരാമർശങ്ങൾക്കും വിശകലനങ്ങൾക്കും നൽകുന്ന അംഗീകാരമായി ധരിക്കാനിടയുണ്ട് അതുകൊണ്ട്. ചെറിയ ഒരു വിശദീകരണം പ്രസക്തമാണ് എന്ന് തോന്നുന്നു. ഏന്തൊക്കെയായാലും ഇത് മാത്രം വായിച്ച് ഒരു പ്രസ്ഥാനത്തെ മനസ്സിലാക്കുന്നത് പലനിലക്കും ശരിയല്ല എന്ന് മനസ്സിലാക്കുന്നതിനാൽ നിഷ്പക്ഷമതികളായ മുജാഹിദ് അനുഭാവികൾക്ക് കുറേകൂടി സത്യസന്ധമായി കാര്യം ഗ്രഹിക്കാനും ഈ പോസ്റ്റ് സഹായകമാകുമെന്ന് കരുതുന്നു.

കളറിൽ ബോൾഡാക്കി നൽകിയാണ് ശബാബിലെ ലേഖനം അതിനിടക്ക് കറുത്ത നിറത്തിൽ സാദാ അക്ഷരങ്ങളിൽ എന്റെ പ്രതികരണവും.


( ജമാഅത്ത്‌: പ്രസ്ഥാനയാത്ര 1941ല്‍ അവിഭക്ത ഇന്ത്യയിലെ ലാഹോറില്‍ അബുല്‍ അഅ്‌ലാ മൗദൂദി രൂപംനല്‍കിയ പ്രസ്ഥാനമാണ്‌ ജമാഅത്തെ ഇസ്‌ലാമി. ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കിടയില്‍ ആശയപരമായ ചില ചേരിതിരിവുകള്‍ ശക്തിപ്പെട്ട കാലത്താണ്‌ ഹുകൂമത്തെ ഇലാഹി എന്ന വ്യത്യസ്‌തമായ മുദ്രാവാക്യവുമായി ജമാഅത്തെ ഇസ്‌ലാമി കടന്നുവരുന്നത്‌. ഏറെ വ്യാഖ്യാനവും സമര്‍ഥനവും ആവശ്യമായി വന്ന ഈ പുതിയ ആശയത്തെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ സംഭവ ബഹുലമായ അന്തരീക്ഷത്തില്‍ അധിക പേര്‍ക്കും സാധിച്ചില്ല.)

അബുൽ അഅ്ലാ മൗദൂദി രൂപം നൽകിയ പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്ലാമി എന്നത് സാങ്കേതികമായി ശരിയാണ്. എങ്കിലും അതിന്റെ രൂപീകരണ പശ്ചാതലം ശരിയായ വിധം മനസ്സിലാക്കേണ്ടതുണ്ട്. 1924 ലെ ഉസ്മാനിയാ ഖിലാഫത്തിന്റെ തകർച, 1925 സ്വാമി ശ്രദ്ധാനന്റെ നേതൃത്വത്തിൽ രൂപം കൊണ്ട ശുദ്ധീകരണ പ്രസ്ഥാനം തുടങ്ങിയവയൊക്കെ മൗദൂദിയെ സ്വാധീനിച്ചു. മാനവരാഷിക്ക് മാർഗദർശകരും ദൈമാർത്തിൽ പ്രബോധകരുമാകേണ്ട മുസ്ലിംകളെ പരസ്യമായി തന്നെ അതിന്റെ ഏതിർദിശയിലേക്ക് പരസ്യമായി ക്ഷണിക്കാൻ ഇടവന്ന സാഹചര്യമാണ് മൗദൂദിയെ ഏറെ ചിന്തിപ്പിച്ചത്. നാമമാത്രമുസ്ലിംകളെയും പാരമ്പര്യസമുദായത്തെയും ഒരിക്കൽകൂടി പ്രബോധക സംഘമായും ആദർശസമൂഹമായും മാറ്റിയെടുക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെട്ടതോടുകൂടിയാണ് അദ്ദേഹം തർജുമാനുൽ ഖുർആൻ എന്ന തന്റെ പ്രസിദ്ധീകരണത്തിലൂടെ  ഇക്കാര്യം ഇന്ത്യയിലെ പണ്ഡിതരുമായി പങ്കുവെച്ചത്. ഈ ശ്രമത്തിനൊടുവിൽ 1941 ആഗസ്ത് 26 ന് ലാഹോഹറിൽ, ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തിച്ചേർന്ന് പ്രഗൽഭരായ 75 പണ്ഡിതൻമാരുടെ സാന്നിദ്ധ്യത്തിലാണ് ജമാഅത്തെ ഇസ്ലാമി രൂപീകരിച്ചത്. ഇതിന് നേതൃത്വം നൽകിയത് മൗലാന മൗദൂദിയായിരുന്നു.

മുസ്ലിംകൾക്കിടയിൽ ആശയമായ ചേരിത്തിരിവ് രൂപപ്പെട്ട ഘട്ടം എന്നതും അൽപം വിശദീകരിക്കപ്പെട്ടില്ലെങ്കിൽ തെറ്റിദ്ധാരണയുണ്ടാകും. മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പാകിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭം രൂപ്പെടുകയും കേരളത്തിലടക്കമുള്ള മുജാഹിദുകൾ ലീഗിൽ ചേരൽ പോലും വാചിബാണ് എന്ന് ഫത് വ നൽകുകയും ചെയ്ത പശ്ചാതലത്തിൽ വിഭജനം ഇന്ത്യൻ മുസ്ലിംകൾക്ക് ഒരു നിലക്കും സഹായകമാകില്ലെന്ന് ചൂണ്ടിക്കാട്ടി വൈകാരികമായ മുസ്ലിം പൊതുബോധത്തിനെതിരെ സംസാരിച്ചുകൊണ്ടാണ് മൗലാനാ മൗദൂദി തന്റെ പ്രവർത്തനം തുടരുന്നത്.  'സ്വാതന്ത്ര്യസമരത്തെ പിന്തുണക്കുകയും ബ്രിട്ടീഷ ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തിരമാണ് നിർബന്ധവും. ഒരു മുസ്ലിമിനും അടിമത്തവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല' എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

അതോടൊപ്പം സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യയിൽ ഏത് ജീവിതരീതിയാണ് പിന്തുടരപ്പെടേണ്ടത് എന്നും ഏത് ഭരണക്രമം തുടരണമെന്നും ചർച നടക്കുന്ന കാലത്ത് ദൈവദത്തമായ ഒരു സമഗ്രജീവിത വ്യവസ്ഥയുടെ വക്താവെന്ന നിലയിൽ അന്നത്തെ മതനിരാസപരവും ദേശീയപക്ഷപാതത്തിലൂന്നിയതുമായ ഭൗതിക പ്രത്യായശാസ്ത്രത്തിന് പകരം ദൈവികമായ പരമാധികാരത്തിലൂന്നിയ ഇസ്ലാമിനെ സമർപിക്കാൻ അദ്ദേഹം മുന്നോട്ട് വന്നു. ഈ ദൈവിക ക്രമത്തെ 'ഹുകൂമത്തെ ഇലാഹി' എന്ന് വിളിച്ചു.

എന്നാൽ വിവേകത്തേക്കാൾ വികാരം മുറ്റിനിന്ന അന്തരീക്ഷത്തിൽ മൗദൂദിസാഹിബ് മുന്നോട്ട് വെച്ച ഒട്ടേറെ പ്രസക്തമായ നിർദ്ദേശങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോയി. അധിക പേർക്കും ഉൾകൊള്ളാൻ സാധിച്ചില്ല എന്ന ശബാബിന്റെ പരാമർശം അക്കാരണം കൊണ്ട് ശരിയുമാണ്.


(1947 വരെയുള്ള കാലയളവില്‍ 625 പേര്‍ മാത്രമാണ്‌ ജമാഅത്തില്‍ അംഗങ്ങളായത്‌. വിഭജനത്തെ തുടര്‍ന്ന്‌ 385 പേര്‍ പാകിസ്‌താനിലും 240 പേര്‍ ഇന്ത്യയിലുമായി. അങ്ങനെ പാകിസ്‌താന്‍ ജമാഅത്തെ ഇസ്‌ലാമി, ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ രണ്ടു ജമാഅത്തുകള്‍ നിലവില്‍ വന്നു. പിന്നീട്‌ കശ്‌മീരിലും ബംഗ്ലാദേശിലും വെവ്വേറെ ജമാഅത്തുകളുണ്ടായി. ദേശീയതയെ നഖശിഖാന്തം എതിര്‍ത്ത മൗദൂദിയുടെ പ്രസ്ഥാനം വ്യത്യസ്‌ത ദേശീയതകളെ സന്തോഷപൂര്‍വം അംഗീകരിച്ച്‌ പല തുണ്ടുകളായതില്‍ വൈരുധ്യമുണ്ട്‌. നാലു ദേശീയതകളെ സ്വമനസ്സാലോ അല്ലാതെയോ അംഗീകരിച്ചിരിക്കുകയാണിപ്പോള്‍ ജമാഅത്ത്‌. )

ജമാഅത്തെ ഇസ്ലാമിയുടെ ആഗ്രഹത്തിന് വിരുദ്ധമായി ഇന്ത്യാവിഭജനം യാഥാർഥ്യമായി. സ്വാഭാവികമായും ജമാഅത്തെ ഇസ്ലാമിയും രണ്ട് രാജ്യങ്ങളിലുമായി വേർപ്പെട്ടു. ഇന്ത്യയിൽ തന്നെ കാഷ്മീറിന്റെ അന്നത്തെ അനിശ്ചിതാവസ്ഥ തുടർന്നപ്പോൾ ജമാഅത്തെ ഇസ്ലാമി രണ്ടിന് പകരം മൂന്നായി പിന്നീട് കിഴക്കൻ പാകിസ്ഥാൻ ബംഗ്ലാദേശായി രൂപീകരിക്കപ്പെട്ടപ്പോൾ അവിടെയും ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി എന്ന പേരിൽ പ്രവർത്തിക്കാൻ തുടങ്ങി. ഇവിടെ ലേഖകൻ ഒരു കള്ളക്കളി നടത്തുന്നു. മൗലാനാ മൗദൂദി ദേശീയതയെ വിമർശിച്ചിട്ടുണ്ട്. അതിന് കാരണം സ്വന്തം നാട് ചെയ്യുന്നത് ധർമമായാലും അധർമമായാലും ന്യായീകരിക്കപ്പെടുന്ന ദേശീയ പക്ഷപാതിത്വത്തിന് ഇസ്ലാം എതിരായതുകൊണ്ടാണ്. ഈ കാര്യം പറഞ്ഞതുകൊണ്ട് വിഭജിക്കപ്പെട്ട രാജ്യത്ത് അതത് രാജ്യത്തെ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്നത് എങ്ങനെയാണ് ആക്ഷേപാർഹമാകുന്നത്. ദേശീയതകളെ സന്തോഷപൂർവം അംഗീകരിക്കുകയാണ് അതിലൂടെ എന്ന് എങ്ങനെയാണ് ലേഖകൻ കണ്ടെത്തുന്നത്.


(ഇന്ത്യാ വിഭനജത്തെ തുടക്കത്തിലെതിര്‍ത്ത അബുല്‍ അഅ്‌ലാ മൗദൂദിയും അനുചരന്മാരും അതൊരു യാഥാര്‍ഥ്യമായപ്പോള്‍ അജണ്ടയില്‍ മാറ്റം വരുത്തി. `പാകിസ്‌താനെ ഇസ്‌ലാമീകരിക്കുക' എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പാക്ക്‌ ജമാഅത്ത്‌ പ്രവര്‍ത്തിച്ചു. എന്നാല്‍ പട്ടാളാധിപത്യത്തിലമര്‍ന്ന പാകിസ്‌താനില്‍ ജമാഅത്തിന്‌ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സിന്ധ്‌-ബലൂചി-മഹാജിര്‍-ബംഗാള്‍ ഉപദേശീയ വികാരങ്ങള്‍ക്കു മീതെ, ശക്തമായ ഇസ്‌ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലും ജമാഅത്തിന്‌ വിജയിക്കാനായില്ല. ഖാദിയാനീ പ്രശ്‌നത്തില്‍ ജനങ്ങളെ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ജമാഅത്തിന്‌ പക്ഷേ, സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്യാനോ ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്‌ നേതൃത്വം നല്‌കാനോ കഴിയാതെ പോയി. ജനസ്വാധീനമില്ലാത്തൊരു രാഷ്‌ട്രീയപാര്‍ട്ടി മാത്രമാണ്‌ ഇന്ന്‌ പാകിസ്‌താനിലെ ജമാഅത്ത ഇസ്‌ലാമി. സിയാഉല്‍ ഹഖിനോട്‌ സഹകരിച്ച്‌ പാകിസ്‌താനിന്റെ ഇസ്‌ലാമീകരണം പൂര്‍ത്തിയാക്കാം എന്ന ആഗ്രഹവും ഫലം കണ്ടില്ല.)
 
ഇവിടെ എന്താണ് ലേഖകൻ അർഥമാക്കുന്നത് എന്ന് മനസ്സിലാകുന്നില്ല. പാകിസ്ഥാനിൽ ജമാഅത്ത് ചെയ്തത് തീർത്തും ശരിയായിരുന്നുവെന്നും. പക്ഷെ വേണ്ട വിധം അവിടെ വിജയിക്കാൻ സാധിച്ചില്ല എന്നുമാണ് ലേഖകൻ പറയാൻ ശ്രമിക്കുന്നതെന്ന് തോന്നുന്നു. എങ്കിലും ഈ പറയുന്നത് പോലുള്ള പരാജയം സംഭവിച്ചോ. ഇസ്ലാമിക ഭരണഘടന പാകിസ്ഥാൻ സർക്കാരിനെകൊണ്ട് അംഗീകരിപ്പിക്കുന്നതിലും മറ്റും ജമാഅത്ത് വിജയിക്കുകയുണ്ടായി. എന്നാൽ പൂർണാർഥത്തിൽ ജമാഅത്ത് ഉദ്ദേശിക്കുന്നവിധം ജനാധിപത്യസ്വഭാവത്തോടും ദൈവിക മൂല്യങ്ങളോടും കൂടിയ കുറ്റമറ്റ ഒരു ഇസ്ലാമിക വ്യവസ്ഥ സ്ഥാപിക്കാൻ ഇതുവരെ ജമാഅത്തിന് കഴിഞ്ഞിട്ടില്ല എന്നത് ശരിയാണ്. ചുരുക്കത്തിൽ പാകിസ്ഥാനിലെങ്കിലും ഇതുതന്നെയായിരുന്നു ജമാഅത്തെ ഇസ്ലാമി ചെയ്യേണ്ടിയിരുന്നതെന്ന കാര്യത്തിൽ മുജാഹിദ് ലേഖകന് സംശയമില്ലെന്ന് തോന്നുന്നു.

പക്ഷെ കുഴപ്പങ്ങളൊക്കെ ഉണ്ടായത് ഇന്ത്യയിലാണ് എന്ന ധ്വനി താഴെ വായിക്കുമ്പോൾ അനുഭവപ്പെടുന്നു. ചിലപ്പോൾ എന്റെ തോന്നലാകാം. 


(ഇനി, ജമാഅത്തിന്‌ ഇന്ത്യയിലെന്ത്‌ സംഭവിച്ചു? ഹുകൂമത്തെ ഇലാഹി വിമര്‍ശനമേറ്റു വാങ്ങിയപ്പോള്‍ ഇഖാമത്തുദ്ദീന്‍ എന്ന പുതിയൊരു മുദ്രാവാക്യം സ്വീകരിച്ചു. രണ്ടും ഒന്നു തന്നെയാണെന്ന്‌ വിശദീകരിക്കുകയും ചെയ്‌തു. വാരാന്തയോഗം, പുസ്‌തകപാരായണം, സമ്മേളനങ്ങള്‍, പത്രനടത്തിപ്പ്‌, റിലീഫ്‌ വര്‍ക്ക്‌, സ്ഥാപനങ്ങളുടെ നടത്തിപ്പ്‌ -ഇവയാണ്‌ ജമാഅത്തിന്റെ മുഖ്യ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ ഭരണവ്യവസ്ഥ അനിസ്‌ലാമികമായതിനാല്‍ അതിനോട്‌ സഹകിരക്കേണ്ടതില്ലെന്ന നിലപാടാണ്‌ ആദ്യഘട്ടത്തില്‍ ജമാഅത്ത്‌ സ്വീകരിച്ചത്‌. ഉയര്‍ന്ന സര്‍ക്കാര്‍ തസ്‌തികകളില്‍ ജോലി ചെയ്യുന്നത്‌ മതപരമായി നിഷിദ്ധമാണ്‌, ഹറാമാണ്‌ എന്ന്‌ ജമാഅത്ത്‌ വാദിച്ചു. തെരഞ്ഞെടുപ്പ്‌ പ്രക്രിയയില്‍ പങ്കെടുക്കുന്നത്‌ നിഷിദ്ധമായും കണ്ടു. നിയമനിര്‍മാണത്തിനുള്ള അധികാരം കല്‌പിക്കപ്പെടുന്ന സഭകളിലേക്ക്‌ മത്സരിക്കുന്നതും വോട്ടു രേഖപ്പെടുത്തുന്നതും അല്ലാഹുവില്‍ പങ്കുചേര്‍ക്കലാണെന്ന്‌ ജമാഅത്ത്‌ വിശദീകരിച്ചു. 1975ലെ അടിയന്തിരാവസ്ഥക്കാലത്ത്‌ ജമാഅത്ത്‌ നിരോധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇവ്വിഷയത്തില്‍ പാര്‍ട്ടി പുനരാലോചന നടത്തുന്നതും അംഗങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാനുള്ള അനുമതി നല്‌കുന്നതും. ഈ രണ്ട്‌ നിലപാടുകളെയും പൊരുത്തപ്പെടുത്തുന്നതിന്‌ ഒരുപാട്‌ വ്യാഖ്യാനാഭ്യാസങ്ങള്‍ നേതൃത്വത്തിന്‌ നടത്തേണ്ടിയും വന്നു.)

ഹുക്കൂമത്തെ ഇലാഹി എന്നത് ഇന്ത്യാവിഭജനത്തിന്റെ പ്രത്യേക സന്ദർഭത്തിൽ ജമാഅത്തെ ഇസ്ലാമി മുന്നോട്ട് വെച്ച ആശയമാണ് എന്നത് സത്യം. ഇസ്ലാമികാദർശം ഉൾകൊണ്ട് ഇസ്ലാമിക പ്രസ്ഥാനം എന്ന നിലക്ക് ജമാഅത്തിന് അന്ന് ചെയ്യാൻ സാധിക്കുന്നത് അത് മാത്രമായിരുന്നു. എന്നാൽ പ്രസ്തുത പദമോ ആശയമോ മൗദുദി കണ്ടുപിടിച്ചതല്ല. മൗലാനാ അബുൽകലാം ആസാദ് അതിനെ വിശദീകരിക്കുന്നത് കാണുക. ഇന്ത്യ സ്വതന്ത്രമായതിന് ശേഷം ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി രൂപീകരിക്കപ്പെട്ടപ്പോൾ, കുറേകൂടി ഖുർആനികമായ ഒരു പദം അത് ലക്ഷ്യമായി സ്വീകരിച്ചു. മാത്രമല്ല അത് മുഴുവൻ മുസ്ലിംകളുടെയും ഭിന്നിക്കാനവകാശമില്ലാത്ത ദൗത്യമായി ഖുർആൻ പ്രഖ്യാപിച്ചതുമാണ്. അതാണ് ഇഖാമത്തുദ്ദീൻ. ഹുകൂമത്തെ ഇലാഹി എന്ന് പറയുമ്പോഴും സമാനമായ ആശയം തന്നെയാണ് ജമാഅത്ത് ഉദ്ദേശിച്ചിരുന്നത് എന്ന് പറയുന്നത് ഒളിച്ചോട്ടമോ വ്യാഖ്യാനാഭ്യാസമോ ആയി കാണേണ്ട ആവശ്യമെന്താണ്.

ശബാബ് ലേഖകനുൾപ്പെടുന്ന മുജാഹിദ് പ്രസ്ഥാനം അന്ന് ജിന്നയുടെ നേതൃത്വത്തിലുള്ള മുസ്ലിം ലീഗിന് ശക്തിപകരാൻ പ്രാർഥിക്കുകയായിരുന്നു. എന്നാൽ അന്ന് ലീഗ് ഉയർത്തിയത് ഒട്ടും ഇസ്ലാമികമല്ലാത്ത സാമുദായിക വാദമായിരുന്നു. മുസ്ലിംകളുടെ രാഷ്ട്രം ആവശ്യപ്പെട്ടത് ഇസ്ലാമിക വ്യവസ്ഥിതി ഉദ്ദേശിച്ചായിരുന്നില്ല. അതുകൊണ്ടാണ് പാകിസ്ഥാൻ ജമാഅത്തെ ഇസ്ലാമിക്ക് മുജാഹിദ് ലേഖകൻ പറഞ്ഞത് പോലെ തങ്ങളുടെ ശ്രമത്തിൽ വേണ്ടത് പോലെ വിജയിക്കാൻ സാധിക്കാതെ പോയത്.

ശേഷം പറയുന്ന കുറേ കാര്യങ്ങളിൽ മുജാഹിദ് പക്ഷവും ജമാഅത്തെ ഇസ്ലാമിയും ഭിന്നമായ കാഴ്ചപ്പാടിലാണ് എന്നതാണ് വിമർശനത്തിന്റെ മർമം അല്ലാതെ ജമാഅത്തെ ഇസ്ലാമിയുടെ പ്രസ്തുത നിലപാടുകളൊന്നും ഇസ്ലാമികമായിരുന്നില്ല എന്ന് പറയാൻ ലേഖകൻ ധൈര്യം കാണിക്കുകയില്ല. അഥവാ അങ്ങനെ അക്കാര്യത്തെക്കുറിച്ച് വ്യക്തമാകാത്തിരിക്കുന്നതിലാണ് മുജാഹിദ് പ്രസ്ഥാനത്തിന്റെ സൗകര്യം. ജമാഅത്തിന് ഇക്കാര്യത്തിൽ വ്യാഖ്യാനാഭ്യാസങ്ങൾ നടത്തേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ ഒരു നിലപാടുമെടുക്കാൻ കഴിയാത്ത പരിതസ്ഥിതിയിൽ മുജാഹിദ് അത് ജനങ്ങളിൽ നിന്നും മറച്ച് വെച്ചത് സ്ഥാനത്തും അസ്ഥാനത്തും ജമാഅത്തിനെ വിമർശിച്ചുകൊണ്ടാണ്. ലീഗീന്റെ വാലായി തുടക്കം മുതൽ മുജാഹിദ് പ്രസ്ഥാനം തുടരുന്നതിനാൽ അവർ ഏറ്റവും കൂടുതൽ വിമർശിച്ചതും രാഷ്ട്രീയ നിലപാടുകളെ തന്നെ. സമയാസമയങ്ങളിൽ ജമാഅത്ത് ഈ വിഷയകമായി വിശദീകരിച്ചെങ്കിലും അത് കണ്ടില്ലെന്ന് നടിച്ച് മുജാഹിദുകൾ ഇന്നും ആ വിമർശനം തുടർന്ന് പോരുന്നു.

(എന്നിട്ടും പാതി ദഹിക്കാത്ത ആശയമായി അത്‌ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു. അയ്യായിരത്തില്‍ താഴെ അംഗങ്ങളും പതിനയ്യായിരത്തോളം പ്രവര്‍ത്തകരുമാണ്‌ ഇന്ത്യന്‍ ജമാഅത്തിന്റെ സംഘബലം. തങ്ങള്‍ വര്‍ഗീയവാദികളില്ലെന്ന്‌ ധരിപ്പിക്കുന്നതിനുള്ള ബദ്ധപ്പാടിനിടയ്‌ക്ക്‌, മുസ്‌ലിംകള്‍ നേരിടുന്ന ഫാസിസ്റ്റ്‌ ഭീഷണിയോട്‌ സമര്‍ഥമായി പ്രതികരിക്കാന്‍ ജമാഅത്തിന്‌ സാധിക്കുന്നില്ല.)

 
ഇവിടെയാണ് ലേഖകൻ തന്റെ ആടിൻതോല് വെളിപ്പെടുത്തുന്നത്. ജമാഅത്ത് പ്രവർത്തകരിൽ ആർക്കും ജമാഅത്ത് മുന്നോട്ട് വെച്ച ആശയത്തെക്കുറിച്ച് ഒരു അവ്യക്തതയും ഉണ്ടായിട്ടില്ല. ദഹിക്കാത്ത ആശയമായി എങ്ങനെയാണ് അവർ മനസ്സിലാക്കിയത്. ഏറ്റവും കെട്ടുറപ്പുള്ള പ്രസ്ഥാനമായി അത് നിലനിൽക്കുന്നത് കൃത്യമായ അതിന്റെ ആശഭദ്രതയും സംഘടന സെറ്റപ്പും കൊണ്ടാണ്. രൂപീകരിക്കപ്പെട്ട അന്ന് തന്നെ അതിന്റെ സ്വഭാവം നമ്മുക്ക് മനസ്സിലാക്കാം. ജമാഅത്ത് വർഗീയവാദികൾ തന്നെയെന്ന് പറയുന്ന ലേഖകന്റെ കുതന്ത്രം നോക്കുക. സത്യത്തിൽ ഇത്തരം കപട മതേതരത്വത്തിന്റെ വക്താക്കൾ നിരന്തരം അതിൽ വർഗീയത ആരോപിക്കുകയാണ്. ജമാഅത്തെ ഇസ്ലാമി മനുഷ്യരെന്ന നിലക്ക് ഇന്ത്യയിലെ വിവിധ വിഭാഗങ്ങൾക്ക് വേണ്ടി ചെയ്യുന്ന സേവനങ്ങളെ കൊച്ചാക്കി കാണിച്ച് തന്നിലെ വർഗീതയതെ താലോലിക്കുകയാണ് ലേഖകൻ ഈ പ്രയോഗിത്തിലൂടെ. സാമുദായികത പോലും അംഗീകരിക്കാത്ത ഒരു പ്രസ്ഥാനം വർഗീയമാകുന്നതെങ്ങനെ. ജമാഅത്തെ ഇസ്ലാമി പൂർണമായും ഒരു അവർഗീയ സംഘടനയാണ്.


മുസ്ലിംകൾ നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയോട് സമർഥമായി പ്രതികരിക്കാൻ ജമാഅത്തിന് സാധിക്കുന്നില്ല എന്ന് പറയുമ്പോൾ തങ്ങൾക്ക് അതിന് സാധിക്കുന്നുണ്ട് എന്ന് ലേഖകൻ പറയാൻ ശ്രമിക്കുന്നുണ്ടോ ആവോ. ഏതായാലും ഇന്ത്യയിൽ ജമാഅത്തെ ഇസ്ലാമിയുടെ ഇടപെടൽ സത്യസന്ധമായി വീക്ഷിക്കുന്ന ഒരാൾക്ക് ഈ ആരോപണം ഉന്നയിക്കാൻ സാധ്യമല്ല. ജമാഅത്തെ ഇസ്ലാമി ഫാസിസ്റ്റ് ശക്തികൾ അധികാരത്തിൽ ഭീഷണിയായി നിലനിന്ന ഒരു തെരഞ്ഞെടുപ്പിൽ അതിന്റെ വോട്ടവകാശം ഈ ഒരു അപകടത്തെ തരണം ചെയ്യാൻ വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയും വിജയം വരിക്കുകയുമുണ്ടായി. മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഫാസിസ്റ്റ് വിരുദ്ധ മുസ്ലിം കൂട്ടായ്മ ഫാസിസ്റ്റ് സ്ഥാനാർഥികൾക്കെതിരിൽ വിജയ സാധ്യതയുള്ള ഏത് സ്ഥാനാർഥിയെയും പിന്തുണക്കുക എന്ന തന്ത്രപരമായ സമീപനത്തിലൂടെയാണ് ഇത് സാധിച്ചത്. എന്നിട്ട് ലേഖകൻ കണ്ണും ചിമ്മി പച്ചക്കളം വെച്ച കാച്ചുന്നു. 



(ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും പ്രസക്തമായ പങ്ക്‌ നിര്‍വഹിക്കുന്നതില്‍ പാര്‍ട്ടിക്ക്‌ താല്‌പര്യവുമില്ല. റിക്ഷാവണ്ടി വലിക്കുന്നവരും വെള്ളം കോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മുസല്‍മാന്‌ സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്‌ലാമിക ശിക്ഷണം നല്‌കാന്‍ പോലും താല്‌പര്യം കാണിക്കാത്ത ഒരു മധ്യവര്‍ഗ സംഘടനയെ `ഇസ്‌ലാമിക പ്രസ്ഥാനം' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ തന്നെ അര്‍ഥഭംഗമുണ്ട്‌. പത്രമാസികകളും പുസ്‌തകങ്ങളും വായിക്കാനറിയാത്ത നിരക്ഷരരാണ്‌ ഇന്ത്യന്‍ മുസ്‌ലിംകളില്‍ വലിയൊരു ഭാഗം. ഫാസിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു മുന്നില്‍ മറ്റുള്ളവരെപ്പോലെ പകച്ചു നില്‌ക്കാനല്ലാതെ മറ്റൊന്നിനും ജമാഅത്തിന്‌ സാധിച്ചില്ല. ബാബ്‌രി മസ്‌ജിദ്‌ തകര്‍ക്കപ്പെട്ടപ്പോള്‍ പോലും, സന്ദര്‍ഭമാവശ്യപ്പെട്ട വിധം ഇന്ത്യന്‍ മുസ്‌ലിംകള്‍ക്ക്‌ നേതൃത്വം നല്‌കാന്‍ ഈ `അഖിലേന്ത്യാ' പ്രസ്ഥാനത്തിന്‌ സാധിച്ചില്ല. മറ്റു നേതാക്കള്‍ക്കൊപ്പം നരസിംഹ റാവുവിന്റെ ഉമ്മറപ്പടിയില്‍ ഖിന്നരായി കാത്തുനില്‌ക്കാന്‍ മാത്രമേ ജമാഅത്ത്‌ നേതൃത്വത്തിന്‌ സാധിച്ചുള്ളൂ. ഒടുവില്‍ വെറും കൈയോടെ മടങ്ങേണ്ടിയും വന്നു. കെടുകാര്യസ്ഥതയുടെ പേരില്‍ ഇന്ത്യന്‍ മുസ്‌ലിം രാഷ്‌ട്രീയ നേതൃത്വത്തെ ആക്ഷേപിക്കുന്ന ജമാഅത്തും പ്രസ്‌തുത കെടുകാര്യസ്ഥതയില്‍ പങ്കാളികളാണെന്ന വാസ്‌തവം ബോധപൂര്‍വം വിസ്‌മരിക്കപ്പെടുകയാണ്‌.)

എന്തൊക്കെയാണ് ശബാബ് ലേഖകൻ പറഞ്ഞുകൂട്ടുന്നത്. ജമാഅത്തെ ഇസ്ലാമി ഒരു മധ്യവർഗ സംഘടനയായിട്ടുണ്ടെന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാൽ അതിന് കാരണം ലേഖകനെ പ്പോലുള്ളവരുടെ തെറ്റിദ്ധരിപ്പിക്കലിൽ പാവങ്ങളായവർ അകപ്പെട്ടുവെന്നതാണ്. അതിലെ പൊള്ളത്തരം മനസ്സിലാക്കാൻ കഴിയുന്ന വിഭാഗം മധ്യവർഗമാകുക സ്വാഭാവികമാണ്. ഇത് ഇസ്ലാമിക പ്രസ്ഥാനം എന്ന് വിളിക്കാൻ തടസ്സമാണ് എന്നത് വിചിത്രമാണ്. ധാരാളം പാവപ്പെട്ടവരും ജമാഅത്തിലുണ്ട് എന്നത് സൗകര്യപൂർവം മറക്കാം.

ശരിയാണ് ബാബരിമസ്ജിദ് ധ്വംസനത്തോട് അനുബന്ധിച്ച് ജമാഅത്തിന് കാര്യമായി പ്രവർത്തിക്കാൻ സാധിച്ചില്ല. പക്ഷെ അതിന് കാരണമെന്തായിരുന്നുവെന്ന് സൗകര്യപൂർവം ലേഖകൻ മറക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയ തുടർന്ന് നിരോധിക്കപ്പെട്ടത് അദ്ദേഹം അറിയാതിരിക്കുമോ. എന്നാൽ അതിനുപരിയായി വ്യക്തികളെന്ന നിലക്ക് ബാബരിമസ്ജിദ് കോ-ഓഡിനേഷൻ കമ്മറ്റിയിലും മറ്റും നേതൃപരമായ പങ്ക് വഹിച്ചതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ് എന്നത് ലേഖകന് അറിഞ്ഞുകൂടെ ആവോ. ഇവിടെ ലേഖകന് പ്രശ്നം മുസ്ലിം ലീഗിനെ ഇക്കാര്യങ്ങളിൽ ജമാഅത്ത് വിമർഷിക്കുന്നതാണ് എന്ന് വരികളിൽനിന്ന് മനസ്സിലാക്കുന്നു. ഒരു ചെറിയ പ്രസ്ഥാനമാണെങ്കിലും ജമാഅത്തെ ഇസ്ലാമി ഇക്കാര്യത്തിലെല്ലാം അതിന്റെ റോൾ മറ്റാരെക്കാളും  നന്നായി വഹിച്ചിരിക്കുന്നു. 


(തങ്ങള്‍ ഊന്നല്‍ നല്‌കുന്ന രാഷ്‌ട്രീയ ഇസ്‌ലാമിനെ ഒരു ചിന്താ സംപ്രത്യയം എന്നതില്‍ കവിഞ്ഞ്‌ പ്രായോഗികാനുഭവമാക്കി മാറ്റുന്നതിലും അതിനുള്ള തുടര്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമീനും അടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും സാധിച്ചില്ല. മാത്രമല്ല, രാഷ്‌ട്രീയ ഇസ്‌ലാം തികഞ്ഞ പരാജയമാണെന്ന്‌ വിലയിരുത്താന്‍ സിയാവുദ്ദീന്‍ സര്‍ദാരിനെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നിടത്താണ്‌ ഇത്‌ കലാശിച്ചത്‌. മുസ്‌ലിമിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ പരിക്കേല്‍ക്കും വിധം `രാഷ്‌ട്രീയ ഇസ്‌ലാം' എന്ന പരികല്‌പന രൂപപ്പെടാന്‍ ഇടയാക്കിയതിന്‌ ഇഖ്‌വാനും ജമാഅത്തിനുമാണ്‌ ഉത്തരവാദിത്തം. ഹസനുല്‍ ബന്നയും ശഹീദ്‌ സയ്യിദ്‌ ഖുത്വുബും അബുല്‍ അഅ്‌ലാ മൗദൂദിയും വരച്ചുകാണിച്ച ഇസ്‌ലാമിക രാഷ്‌ട്രം, വെറുമൊരു ഫണ്ടമെന്റലിസ്റ്റ്‌ മൂഢ സ്വര്‍ഗമാണെന്നു വരെ വിലയിരുത്തപ്പെടുന്നിടത്താണ്‌ കാര്യങ്ങളെത്തിയത്‌. ഖുത്വുബിനും മൗദൂദിക്കും ശേഷം ഇഖ്‌വാനും ജമാഅത്തും ഒരേവിധം ചിന്താപരമായ വന്ധ്യത നേരിട്ടതിനുള്ള തെളിവുകള്‍ എമ്പാടുമുണ്ട്‌. രാഷ്‌ട്രീയ ഇസ്‌ലാമിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ധൈഷണിക രംഗത്ത്‌ ശക്തിപ്പെടുമ്പോഴും അതിനോട്‌ സമര്‍ഥമായി ഏറ്റുമുട്ടുന്ന കാഴ്‌ച വളരെ ദുര്‍ലഭമാണ്‌.)

ഇവിടെയും ലേഖകൻ ഏതിന്റെ പക്ഷത്താണ് സമഗ്രമായ ഇസ്ലാമിന്റെ പക്ഷത്തോ അതല്ല ഇസ്ലാം വിരുദ്ധരുടെ പക്ഷത്തോ. തുടക്കത്തിൽ അനുഭവപ്പെടുന്നത്. ഇസ്ലാമിനെ ചിന്താ സംപ്രത്യയമാക്കിയെങ്കിലും പ്രയോഗികാനുഭവമാക്കാൻ സാധിച്ചില്ല എന്നതാണ്. എങ്ങനെയാണ് പ്രായോഗികാനുഭവമാക്കേണ്ടത്. ജമാഅത്ത് പറയുന്ന വിധത്തിലാണെങ്കിൽ അതിന് ഇസ്ലാമിന് അധികാരം ലഭിക്കണം. ഇനി അധികാരം ലഭിച്ചില്ലെങ്കിലും സാധ്യമായ തലത്തിൽ ഇസ്ലാമിന്റെ നന്മകളെ ആസ്വദിക്കാൻ ജമാഅത്ത് അവസരം നൽകി. പക്ഷെ ഈ ആരോപണം ഉന്നയിക്കാനാവണം ജമാഅത്ത് ഇന്ത്യയിൽ ചെയ്ത കോടിക്കണക്കിന് രൂപയുടെ സേവന പ്രവർത്തനങ്ങളെ ഒട്ടും പരാമർശിക്കാതിരിക്കാൻ ലേഖകൻ തുടക്കം മുതൽ ശ്രദ്ധിച്ചുവന്നത്.

ഇനി രാഷ്ട്രീയ ഇസ്ലാമിനെക്കുറിച്ചാണെങ്കിൽ ഇത്രയേ പറയാനുള്ളൂ, ഏതായാലും മാറിയ പരിതസ്ഥിതിയിലും ഇതുതന്നെ ഇനിയും പറയാൻ മുജാഹിദുകൾക്ക് സാധിക്കണം. അവസാനം പറയുന്നത് വീണ്ടും വൈരുദ്ധ്യം രാഷ്ട്രീയ ഇസ്ലാം ഒരു മോശം കാര്യമായി അവതരിപ്പിച്ചതിന് ശേഷം അതിനെതിരെയുള്ള ധൈഷണിക വിമർശനങ്ങളെ സമർഥമായി പ്രതിരോധിക്കുന്നത് കാണുന്നില്ല എന്ന ആക്ഷേപവും.  
(അങ്ങേയറ്റം സ്‌ഫോടനാത്മകവും അതിതീവ്രവുമായ ആശയങ്ങളില്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനമായിരിക്കുമ്പോഴും, സുതാര്യമല്ലാത്ത ആദര്‍ശങ്ങള്‍ അകത്തിരിക്കുമ്പോഴും കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പൊതു സമൂഹത്തോട്‌ സക്രിയമായ സൗഹൃദം സൂക്ഷിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിക്ക്‌ സാധിച്ചുവെന്നത്‌ യാഥാര്‍ഥ്യമാണ്‌. ആ സൗഹൃദമാണ്‌ ജമാഅത്തിന്‌ പോഷകമായിത്തീര്‍ന്നതെന്നും കരുതാം. ജമാഅത്തെ ഇസ്‌ലാമി ഒരു തീവ്രവാദ വിഭാഗമാണോ എന്ന ചര്‍ച്ചയില്‍ ഈ ലേഖകന്‌ താല്‌പര്യമില്ലെങ്കിലും ഇന്നത്തെ ഏതൊരു തീവ്രവാദ ഗ്രൂപ്പിനെക്കാളും വലിയ തീവ്രവാദങ്ങളോടെയായിരുന്നു ജമാഅത്തിന്റെ ജനനമെന്ന്‌ പറയാതെ വയ്യ. ഖുത്വുബാത്തിലെയും അല്‍ജിഹാദിലെയും വരികള്‍ക്ക്‌ കൊടുവാളിന്റെ മൂര്‍ച്ഛയുണ്ട്‌. ദുര്‍ബലനായ ഏതൊരു മുസ്‌ലിമിനെയും വികാരാധീനനാക്കാന്‍ പോന്ന വാള്‍ത്തലപ്പുകളാണ്‌ മൗദൂദി കൃതികളില്‍ ഏറിയ പങ്കും. അതോടൊപ്പം തന്നെ ഇന്ത്യ കണ്ട ഉന്നതശ്രേഷ്‌ഠരായ ഇസ്‌ലാമിക പണ്ഡിതരില്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ സ്ഥാനം അപ്പാടെ നിഷേധിക്കുന്നതും കരണീയമായ ചരിത്രവായനയല്ല.)

വൈരുദ്ധ്യങ്ങൾ തന്നെ വീണ്ടും അങ്ങേ അറ്റം സ്ഫോടനാത്മകവും അതതീവ്രവുമായ ആശയങ്ങളിൽ പടുത്തുയർത്തിയ പ്രസ്ഥാനത്തിന് ഒരിക്കലും പൊതുസമൂഹത്തോട് സക്രിയമായ സൗഹൃദം സൂക്ഷിക്കാൻ കഴിയുകയില്ല. അവസാനത്തേത് ശരിയാണെങ്കിൽ ആദ്യത്തേത് തെറ്റാണ്.

ലേഖകന് ജമാഅത്ത് തീവ്രവാദികളാണോ എന്ന ചർചക്ക് താൽപര്യമില്ലെങ്കിലും തുടക്കം മുതൽ തീവ്രവാദത്തോടെയായിരുന്നുവെന്ന് സ്ഥാപിക്കാനും പ്രഖ്യാപിക്കാനും താൽപര്യമുണ്ട്. എന്തായിരുന്നു ആ തീവ്രാശയങ്ങൾ എന്ന് മാത്രം അദ്ദേഹം പറയില്ല. മുസ്ലിമായിരിക്കെ അദ്ദേഹത്തിന് പറയാനുമാവില്ല. വീണ്ടും വൈരുദ്ധ്യം ഇത്രയും തീവ്രാശയ വാദക്കാരന് ഇന്ത്യകണ്ട ഉന്നത ശ്രേഷ്ഠരായ ഇസ്ലാമിക പണ്ഡിതരിൽ സ്ഥാനം ലഭിക്കുന്നതെങ്ങനെ.

(തുടരും)

14 അഭിപ്രായ(ങ്ങള്‍):

CKLatheef പറഞ്ഞു...

(തങ്ങള്‍ ഊന്നല്‍ നല്‌കുന്ന രാഷ്‌ട്രീയ ഇസ്‌ലാമിനെ ഒരു ചിന്താ സംപ്രത്യയം എന്നതില്‍ കവിഞ്ഞ്‌ പ്രായോഗികാനുഭവമാക്കി മാറ്റുന്നതിലും അതിനുള്ള തുടര്‍ പ്രവര്‍ത്തനം വികസിപ്പിക്കുന്നതിലും ജമാഅത്തെ ഇസ്‌ലാമിയും ഇഖ്‌വാനുല്‍ മുസ്‌ലിമീനും അടക്കമുള്ള ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കൊന്നും സാധിച്ചില്ല. മാത്രമല്ല, രാഷ്‌ട്രീയ ഇസ്‌ലാം തികഞ്ഞ പരാജയമാണെന്ന്‌ വിലയിരുത്താന്‍ സിയാവുദ്ദീന്‍ സര്‍ദാരിനെപ്പോലുള്ളവരെ പ്രേരിപ്പിക്കുന്നിടത്താണ്‌ ഇത്‌ കലാശിച്ചത്‌)

ഇത് ജമാഅത്തിന്റെ മാത്രം ഉത്തരവാദിത്തമാണോ. ഇതൊന്നിനും മുസ്ലിം സംഘടനകളില്ലെങ്കിൽ പിന്നെന്താണ് ഇസ്ലാമിൽ അവരുടെ പങ്ക് ?

സിയാവുദ്ധീൻ സർദ്ദാരാണോ ഈ വിഷയത്തിൽ പരിഗണിക്കപ്പെടേണ്ട വ്യക്തിത്വം.

CKLatheef പറഞ്ഞു...

(മുസ്‌ലിമിന്റെ സമ്പൂര്‍ണതയ്‌ക്ക്‌ പരിക്കേല്‍ക്കും വിധം `രാഷ്‌ട്രീയ ഇസ്‌ലാം' എന്ന പരികല്‌പന രൂപപ്പെടാന്‍ ഇടയാക്കിയതിന്‌ ഇഖ്‌വാനും ജമാഅത്തിനുമാണ്‌ ഉത്തരവാദിത്തം. ഹസനുല്‍ ബന്നയും ശഹീദ്‌ സയ്യിദ്‌ ഖുത്വുബും അബുല്‍ അഅ്‌ലാ മൗദൂദിയും വരച്ചുകാണിച്ച ഇസ്‌ലാമിക രാഷ്‌ട്രം, വെറുമൊരു ഫണ്ടമെന്റലിസ്റ്റ്‌ മൂഢ സ്വര്‍ഗമാണെന്നു വരെ വിലയിരുത്തപ്പെടുന്നിടത്താണ്‌ കാര്യങ്ങളെത്തിയത്‌.)

ഇസ്ലാമിന്റെ സമ്പൂർണത, മുസ്ലിമിന്റെ സമ്പൂർണത എന്നിവക്കൊക്കെ പരിക്കേറ്റോ ഇസ്ലാമിന്റെ രാഷ്ട്രീയ വശത്തെക്കുറിച്ചുകൂടി പറഞ്ഞപ്പോൾ. അംഗവൈകല്യമുള്ള കുട്ടിയെ പൂർണശിശുവായി പരിചയപ്പെടുത്തുന്ന പരിഹാസ്യതയാണോ മുജാഹിദ് ലേഖകൻ ആഗ്രഹിച്ചത്.

ഈ മഹാൻമാരായ ചിന്തകർ വരച്ചുകാണിച്ച അതേ ഇസ്ലാമിക രാഷ്ട്രം തന്നെയാണ് അറബ് വസന്തത്തിന് ശേഷം പൂത്തുലയുന്നത്. മറിച്ച് സലഫികൾ അവസാനം ഗിഫ്റ്റെന്ന നിലക്ക് കണ്ട ഇസ്ലാമിലെ രാഷ്ട്രീയ അറബ് വസന്തത്തിലെ വൃണമായി പുഴുത്ത് നാറുന്നതും ശബാബ് തന്നെയാണല്ലോ പരിചയപ്പെടുത്തിയത്.

Muneer പറഞ്ഞു...

"പത്തണക്ക് കത്തി വാങ്ങി കുത്തി വാങ്ങും പാകിസ്ഥാന്‍" എന്ന് മതരാഷ്ട്രത്തിനു വേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ ആണ് മുസ്ലിം ലീഗുകാര്‍ . ഇസ്‌ലാമിലെ നന്മകള്‍ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്നും, അത് ഒരു സാമുദായിക അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്നത് ഇസ്‌ലാമിക തത്വങ്ങള്‍ക്ക് കടക വിരുദ്ധം ആണെന്നും ശക്തി യുക്തം വാദിച്ചവര്‍ ആയിരുന്നു ജമാഅത്തെ ഇസ്‌ലാമി. ഇന്ന് കാലം മാറി, ജാമാഅത്തെ ഇസ്ലാമിയെ മതാരാഷ്ട്രവാദികള്‍ ആക്കുന്നതില്‍ ഈ മതരാഷ്ട്ര വാദികള്‍ക്കും അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കല്‍ നിര്‍ബന്ധം ആക്കി പ്രമേയം പാസ്സാക്കിയവര്‍ക്കും ഒരു ഉളുപ്പും ഇല്ല.
വീഡിയോ കാണുക.

pma gafur പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
pma gafur പറഞ്ഞു...

സഹോദരന്റെ വിമർശനങ്ങൾകു സ്വാഗതം....ആശംസകളും പ്രാർഥനയും...

Kamar പറഞ്ഞു...

ഒരു മുസ്ലിം സംഘടന, അല്ലെങ്കില്‍ ഒരു മുസ്ലിം എന്ന് സ്വയം വിശേഷിപ്പിക്കുന്നവന്‍ ഹുകൂമത്തെ ഇലാഹി എന്ന ആശയത്തെ എതിര്‍ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. സ്വാതന്ത്ര്യത്തിനു മുമ്പ്‌ ഒരു പ്രത്യയശാസ്ത്രം അന്ന്വാഷിക്കുന ഇന്ത്യക്ക് അത് ഇസ്ലാമില്‍ ഉണ്ട് എന്ന് ചൂണ്ടിക്കാണിക്കുക ഒരു മുസ്ലിമിന്‍റെ ബാധ്യതയാണ്. ഖുത്ബാതിലെ അക്കാലത്തെ ഉദ്ധരണികള്‍ അതിന് തെളിവാണ്. അറബ് വിപ്ലവങ്ങളുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഏതാനും ലക്കങ്ങളില്‍ ശബാബില്‍ വന്ന ലേഖനങ്ങള്‍ തന്നെ ഇസ്ലാമിലെ ഈ വശം ചൂണ്ടിക്കാണിക്കുന്നു. ഇനി ന്യൂനപക്ഷമായ രാജ്യങ്ങളില്‍ ഈ വാദം പാടില്ല എന്നാണ് വാദമെങ്കില്‍ ആദ്യം വിമര്‍ശിക്കേണ്ടത് ആരെയാണ് ?
പ്രവാചകന്‍ മദീനയില്‍ ഒരിസ്ലാമിക രാഷ്ട്രം സ്ഥാപിച്ചപ്പോഴും മഹാ ഭൂരിപക്ഷവും അമുസ്ലീങ്ങളായിരുന്നു.
ഒരു ഭരണഘടന യാഥാര്‍ത്യമായത്തിനു ശേഷവും അതിനു പാര പണിയുന്ന പണി മുസ്ലിമിന് ചേര്‍ന്നതല്ല. എന്നാല്‍ അനുവദിക്കുന്ന രീതിയില്‍, ജനാധിപത്യത്തില്‍ നിന്നുകൊണ്ട് തന്നെ അതിന്‍റെ പോരായ്മകളെ ചൂണ്ടിക്കാണിക്കുക,ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് ഒരു നല്ല സമീപനം.

അബ്ദല്‍ ലത്തീഫ്‌ സാഹിബ്‌ താങ്കളെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.

CKLatheef പറഞ്ഞു...

pma gafur പറഞ്ഞു...

സഹോദരന്റെ വിമർശനങ്ങൾകു സ്വാഗതം....ആശംസകളും പ്രാർഥനയും...
2:38 PM, December 14, 2011

----------------------

ശബാബ് വാരികയിൽ ഈ ലേഖനമെഴുതിയ പി.എം.എ. ഗഫൂർ സാഹിബ് തന്നെ ഇവിടെ വന്ന് ആശംസകളും പ്രാർഥനയും നൽകിയത്. നന്ദിയോടെ സ്വീകരിക്കുന്നു. അടുത്ത ഭാഗം കൂടി വായിച്ച് താങ്കളുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഇവിടെ അറിയിക്കുമല്ലോ...

മുജാഹിദുകളെയോ മുജാഹിദ് പ്രസ്ഥാനത്തെയോ വിമർശിക്കുക ഈ ബ്ലോഗിന്റെ ലക്ഷ്യമല്ല. മുജാഹിദ് വാരിക ജമാഅത്തിനെതിരെ ആരോപിച്ച ആരോപണങ്ങളെ വിശകലനം ചെയ്യുക മാത്രമാണ് ഉദ്ദേശ്യം. തിരിച്ച് വല്ല ആരോപണവും ശ്രദ്ധയിൽപെട്ടിട്ടുണ്ടെങ്കിൽ അതിന് മറുപടി പറയാനും ഇവിടുത്തെ സൗകര്യം ഉപയോഗപ്പെടുത്തുമല്ലോ.

ഗഫൂർ സാഹിബ് ഈ ലേഖനങ്ങൾ ശ്രദ്ധയോടെ വായിച്ച് നിർദ്ദേശങ്ങൾ നൽകുമെന്ന് വീണ്ടും പ്രതീക്ഷിക്കുന്നു.

Reaz പറഞ്ഞു...

PMA ഗഫൂറിന്റെ ലേഖനത്തിന് പ്രതികരണമായി ശബാബില്‍ തന്നെ വന്ന കത്ത്
---------------
ജമാഅത്ത്‌: വിട്ടു കളഞ്ഞ വസ്‌തുതകള്‍

`കാലം കാല്‍പാടുകള്‍' പരമ്പരയില്‍ `ജമാഅത്തെ ഇസ്‌ലാമി കേരളത്തില്‍' എന്ന തലക്കെട്ടില്‍ പി എം എ ഗഫൂര്‍ എഴുതിയ ലേഖനം (ലക്കം 15) വായിച്ചു. സന്തോഷം.

എന്നാല്‍, അര്‍ഥശൂന്യമായ പല പരാമര്‍ശങ്ങളും ലേഖനത്തിലുണ്ട്‌. കശ്‌മീരിലും ബംഗ്ലാദേശിലും വെവ്വേറെ ജമാഅത്തുകളുണ്ടായതിനെ ചൂണ്ടിക്കാട്ടി, `മൗദൂദിയുടെ പ്രസ്ഥാനം വ്യത്യസ്‌ത ദേശീയതകളെ സന്തോഷപൂര്‍വം അംഗീകരിച്ച്‌ പല തുണ്ടുകളായതില്‍ വൈരുധ്യമുണ്ട്‌' എന്ന്‌ പറഞ്ഞതില്‍ അര്‍ഥമില്ല. ഇന്ത്യയിലെ ഒരു സംഘടനക്ക്‌ ബംഗ്ലാദേശില്‍ പോയി പ്രവര്‍ത്തിക്കാന്‍ പറ്റുമോ? ദേശീയ തലത്തില്‍ ജമാഅത്തിന്‌ യുവജന വിഭാഗമില്ല എന്ന്‌ പറഞ്ഞതും ശരിയല്ല. കേരളത്തിനു പുറത്ത്‌ ജമാഅത്തിലെ യുവജനങ്ങള്‍ക്ക്‌ പ്രവര്‍ത്തിക്കാന്‍ വേദിയില്ല എന്നാണല്ലോ ഇപ്പറഞ്ഞത്‌ കേട്ടാല്‍ തോന്നുക. സോളിഡാരിറ്റി യൂത്ത്‌ മൂവ്‌മെന്റ്‌ ഇപ്പോള്‍ കേരളത്തിലേ സംഘടിപ്പിക്കപ്പെട്ടിട്ടുള്ളൂ എന്നത്‌ ശരി. കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളില്‍ എസ്‌ ഐ ഒവില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം യുവാക്കളും പ്രവര്‍ത്തിക്കുന്നുണ്ട്‌.

ജമാഅത്തിനെ ഇന്ത്യാ ഗവണ്‍മെന്റ്‌ അടിയന്തരാവസ്ഥക്കാലത്തും ബാബരി മസ്‌ജിദ്‌ തകര്‍ച്ചയെ തുടര്‍ന്നും നിരോധിച്ചു എന്ന്‌ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോവുക മാത്രമാണ്‌ ലേഖകന്‍ ചെയ്‌തത്‌. ജനാധിപത്യരാഷ്‌ട്രമായ ഇന്ത്യയില്‍ സമാധാനപരമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തെ രണ്ട്‌ പ്രാവശ്യം നിരോധിച്ചതിന്‌ തക്കതായ ന്യായമുണ്ടായിരുന്നോ ഇല്ലേ എന്നതിനെക്കുറിച്ച്‌ ലേഖകനൊന്നും പറഞ്ഞില്ല. ആ നിരോധനങ്ങള്‍ നീങ്ങിയത്‌ എങ്ങനെയായിരുന്നു എന്ന കാര്യത്തിലും അദ്ദേഹം മൗനം പൂണ്ടു. പരാമര്‍ശമര്‍ഹിക്കുന്ന ഗൗരവമുള്ള കാര്യങ്ങളായിരുന്നു അവ.

`മുസ്‌ലിംകള്‍ നേരിടുന്ന ഫാസിസ്റ്റ്‌ ഭീഷണിയോട്‌ സമര്‍ഥമായി പ്രതികരിക്കാന്‍ ജമാഅത്തിന്‌ സാധിക്കുന്നില്ല' എന്ന്‌ ലേഖകന്‍ പറഞ്ഞത്‌ കാര്യങ്ങള്‍ കാണാതെയാണ്‌. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്ത്‌ തെരഞ്ഞെടുപ്പ്‌ നയം രൂപീകരിച്ചതു തന്നെ ഫാസിസ്റ്റ്‌ ശക്തികള്‍ അധികാരത്തില്‍ വരുന്നതു തടയുക എന്ന കാര്യത്തിലൂന്നിയായിരുന്നു. ഇത്‌ കാണാതെ പോയത്‌ കഷ്‌ടം തന്നെ.

മുജാഹിദ്‌-ജമാഅത്ത്‌ ഐക്യം സുദൃഢമായ കാലത്ത്‌ കേരളത്തിലുടനീളം `ഇസ്‌ലാമിനെ പരിചയപ്പെടുക എന്ന പ്രമേയത്തില്‍ ഇരുകൂട്ടരും ചേര്‍ന്ന്‌ കാമ്പയിന്‍ സംഘടിപ്പിക്കുക വരെ ചെയ്‌തു' എന്ന്‌ ലേഖകന്‍ പറഞ്ഞല്ലോ. എന്നുവരെയാണ്‌ ഈ ഐക്യം നിലനിന്നിരുന്നത്‌? കുറേക്കാലമായി ഈ ഐക്യം ഒട്ടുമില്ല. മുജാഹിദ്‌ സംഘടനകള്‍ തന്നെയാണ്‌ അകന്നുനില്‌ക്കുന്നത്‌. അവര്‍ ജമാഅത്ത്‌ വിമര്‍ശനം ഒരു സ്ഥിരം അജണ്ടയായി കൊണ്ടു നടക്കുകയും ചെയ്യുന്നു. ജമാഅത്ത്‌ അതിന്റെ സമ്മേളനങ്ങളില്‍ മുജാഹിദ്‌ സംഘടനയെയും മറ്റു മുസ്‌ലിം സംഘടനകളെയും പ്രസംഗിക്കാന്‍ ക്ഷണിച്ചുപോന്നിട്ടുണ്ട്‌. എന്നാല്‍ മുജാഹിദ്‌ സമ്മേളനങ്ങളില്‍ ജമാഅത്തിനെ പങ്കെടുപ്പിക്കാറുണ്ടോ? ഇല്ല എന്നേ ഉത്തരം നല്‌കാനാവൂ.

CKLatheef പറഞ്ഞു...

(ഇന്ത്യന്‍ മുസ്‌ലിംകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതിലും പ്രസക്തമായ പങ്ക്‌ നിര്‍വഹിക്കുന്നതില്‍ പാര്‍ട്ടിക്ക്‌ താല്‌പര്യവുമില്ല. റിക്ഷാവണ്ടി വലിക്കുന്നവരും വെള്ളം കോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മുസല്‍മാന്‌ സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്‌ലാമിക ശിക്ഷണം നല്‌കാന്‍ പോലും താല്‌പര്യം കാണിക്കാത്ത ഒരു മധ്യവര്‍ഗ സംഘടനയെ `ഇസ്‌ലാമിക പ്രസ്ഥാനം' എന്ന്‌ വിശേഷിപ്പിക്കുന്നതില്‍ തന്നെ അര്‍ഥഭംഗമുണ്ട്‌. )

ഈ ആരോപണത്തെക്കുറിച്ച് അൽപം കൂടി അലോചിക്കേണ്ടതുണ്ട്. ജമാഅത്തെ ഇസ്ലാമി എന്ന ഒരു ചെറിയ സംഘടനക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത സേവന പ്രവർത്തനമാണ് അത് മുസ്ലിംകളുടെ ഈ അവസ്ഥ മാറ്റാൻ നടത്തികൊണ്ടിരിക്കുന്നത്. ഇന്നോളം ജമാഅത്ത് അതിന്റെ അധ്വാനത്തിന്റെ വലിയ ഒരു പങ്ക് ചെലവഴിച്ചത് ഇന്ത്യയിലെ പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനാണ്. (ഇതൊക്കെ മുഖംമൂടിയായിട്ടാണ് മുജാഹിദ് പ്രസ്ഥാനം ഇതര ഇസ്ലാമിക വിരുദ്ധരാഷ്ട്രീയ സംഘടനകളോടൊപ്പം പരിചയപ്പെടുത്താറുള്ളത്). ചില സംരംഭങ്ങൾ നോക്കുക. വിശദീകരിക്കാൻ പ്രയാസമുള്ളതിനാൽ ലിങ്ക് മാത്രം നൽകാം.

ജനസേവനം.

ഐ.ആര്‍.ഡബ്ളിയു

സ്കോളര്‍ഷിപ്പ് സ്കീം

പലിശരഹിതനിധി

ഹൌസിംഗ് സ്കീം

ബൈത്തുസകാത്ത് കേരള.

ഇതിനൊക്കെ പുറമേ പ്രാദേശികമായി ഒരോ ഘടകവും ചെയ്യുന്ന സേവന പ്രവർത്തനങ്ങൾ വേറെയുമുണ്ട്. രണ്ടോ മൂന്നോ പ്രവർത്തകർ മാത്രമുള്ള ഘടകം പോലും അവിടെയുള്ള മറ്റേത് സംഘടനകളെക്കാളും ഇക്കാര്യത്തിൽ മുന്നിലാണ്. എന്നിട്ടാണ് പി.എം.എ ഗഫൂർ ജമാഅത്തെ ഇസ്ലാമിയെ (റിക്ഷാവണ്ടി വലിക്കുന്നവരും വെള്ളം കോരികളും ഭൂവുടമകളുടെ പാടങ്ങളില്‍ അടിമവേല ചെയ്യുന്നവരുമായ മഹാ ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ മുസല്‍മാന്‌ സാന്ത്വനമോ സംരക്ഷണമോ പ്രതീക്ഷയോ എന്തിനധികം ഇസ്‌ലാമിക ശിക്ഷണം നല്‌കാന്‍ പോലും താല്‌പര്യം കാണിക്കാത്ത ഒരു മധ്യവര്‍ഗ സംഘടന) എന്ന് വിശേഷിപ്പിച്ചത്. ഇത് ബോധപൂർവം സംഭവിച്ചതാണെങ്കിൽ ആ സഹോദരൻ ശബാബ് വായനക്കാരോട് മാപ്പ് പറയേണ്ടതുണ്ട്. അറിയാതെയാണെങ്കിൽ തെറ്റുതിരുത്തുകയും ശബാബിൽ തിരുത്ത് നൽകുകയും ചെയ്യേണ്ടതുണ്ട്. താൽപര്യം കാണിക്കാത്ത എന്ന് പ്രയോഗം ക്രൂരമായി പോയി എന്ന് പറയാതെ വയ്യ.

CKLatheef പറഞ്ഞു...

മുകളിൽ പറഞ്ഞതുതന്നെ അല്ലാഹുവിന്റെ അതിമഹത്തായ സഹായം ഒന്നുകൊണ്ടും ഇടപെടൽകൊണ്ടും മാത്രം ചെയ്യാവുന്ന കാര്യങ്ങളാണ്. അവിടെ കൊണ്ടും അവസാനിപ്പിക്കാതെ ഇന്ത്യൻ മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനും പാവപ്പെട്ടവരുടെ കണ്ണീരൊപ്പാനും ജമാഅത്ത് നേതൃത്വം നൽകുന്ന മഹത്തായ സംരംഭമാണ് വിഷൻ 2016 എന്ന പദ്ധതി. അതേക്കുറിച്ച് കൂടുതലറിയാൻ ഈ ലിങ്ക് സന്ദർശിക്കുക.

പ്രിയ സഹോദരൻ ഗഫൂർ ഇതൊന്നും അറിയാതെയാണോ താങ്കൾ ജമാഅത്തിനെ പരിചയപ്പെടുത്താൻ മുതിർന്നത്. താങ്കളുടെ ഭാഷാസ്വാധീനമോ വാക്കുകളുടെ ശക്തിയോ എന്റെ വാക്കുകൾക്ക് ഇല്ലാതിരിക്കാം. പക്ഷെ ഇത് വായിക്കുന്ന നിഷ്പക്ഷർക്ക് മനസ്സിലാകും താങ്കളുടെ ഭാഷാസ്വധീനം താങ്കൾ ഉപയോഗിച്ചത്, ജമാഅത്തിനെക്കുറിച്ച് അവാസ്തവം പ്രചരിപ്പിക്കാനാണെന്ന്.

CKLatheef പറഞ്ഞു...

[മുസ്‌ലിം സംഘടനകള്‍ക്കിടയിലെ ഐക്യസാധ്യത ചര്‍ച്ച ചെയ്യുമ്പോള്‍ അതിന്‌ ഇസ്‌ലാമികമായ അടിത്തറ അനിവാര്യമാണ്‌. മുസ്‌ലിംകള്‍ക്കിടയിലെന്നല്ല, മനുഷ്യര്‍ക്കിടയിലാകമാനം സന്മനോഭാവത്തിന്റെ സഹകരണാടിത്തറ പടുത്തുയര്‍ത്തിയ മതമാണ്‌ ഇസ്‌ലാം. ഐക്യത്തെയും യോജിപ്പിനെയും പ്രോത്സാഹിപ്പിക്കുക മാത്രമല്ല, അതിന്റെ രീതിശാസ്‌ത്രം പഠിപ്പിക്കുകയും ചെയ്‌തു. പ്രപഞ്ചത്തിന്റെ സുഖതാളത്തിലും സ്വസ്ഥവാസത്തിലും മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹൈക്യത്തിനുള്ള പ്രാധാന്യത്തെ ബോധിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ അതേ ഇസ്‌ലാമിന്റെ അനുയായികള്‍ അകല്‍ച്ചയുടെയും അസുര മനസ്സിന്റെയും വഴി സ്വീകരിച്ചത്‌ ചരിത്രത്തില്‍ നാം കണ്ടു.

വിയോജിപ്പും വിമര്‍ശനവും എങ്ങനെയായിരിക്കണമെന്നതിന്‌ സുവ്യക്തമായ പാഠങ്ങള്‍ ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്‌. ക്രൈസ്‌തവരുടെ ആശയാദര്‍ശങ്ങളില്‍ പലതിനോടും തുറന്ന വിയോജനം പ്രകടിപ്പിച്ചപ്പോള്‍ തന്നെ അവരുടെ ഗുണവശങ്ങളെ എടുത്തുകാണിക്കുന്നതായി കാണാം. `ഞങ്ങള്‍ ക്രിസ്‌ത്യാനികളാകുന്നു എന്നു പറഞ്ഞവരാണ്‌ ജനങ്ങളില്‍ സത്യവിശ്വാസികളോട്‌ ഏറ്റവും സൗഹൃദമുള്ളവര്‍ എന്നും നിനക്ക്‌ കാണാം. അവരില്‍ മത പണ്ഡിതന്മാരും സന്യാസികളും ഉണ്ടെന്നതും, അവര്‍ അഹംഭാവം നടിക്കുന്നില്ലെന്നതുമാണ്‌ അതിനു കാരണം'' (ഖുര്‍ആന്‍ 5:82). അന്ധമായ വിരോധത്തിന്റെ വഴിയല്ല, ഖുര്‍ആനിന്റേത്‌ എന്നതിന്‌ വ്യക്തമായ തെളിവാണിത്‌.

ഇന്നത്തെ ഇസ്‌ലാമിക സംഘടനകളും അവയിലെ നേതാക്കളും ഖുര്‍ആനിന്റെ ഈ തത്വാധിഷ്‌ഠിത നിലപാട്‌ എത്രത്തോളം സ്വീകരിക്കുന്നുണ്ട്‌? വിമര്‍ശിക്കപ്പെടുന്നവരിലെ നന്മകളെ തീര്‍ത്തും നിരസിക്കുകയും തിന്മകളെ പൊക്കിപ്പിടിക്കുകയും ചെയ്യുന്ന രീതിയല്ലേ, പലപ്പോഴും? സത്യസന്ധതയും ഹൃദയവിശാലതയും എന്തേ ഈ വിഷയത്തില്‍ നമുക്ക്‌ നഷ്‌ടപ്പെട്ടു. സംഘര്‍ഷത്തിനും ശത്രുതയ്‌ക്കും ആക്കംകൂട്ടുന്നതില്‍ ഈ നിലപാടിന്‌ കാര്യമായ പങ്കില്ലേ? വിയോജനം വിരോധത്തിലേക്കും വിരോധം ശത്രുതയിലേക്കും ശത്രുത ഹിംസയിലേക്കും വികസിക്കുന്നത്‌ സംഘടനാ വൈവിധ്യത്തിന്റെ പേരില്‍ പലപ്പോഴും നമുക്കിടയില്‍ കാണപ്പെടുന്നില്ലേ? വിശുദ്ധഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും നേര്‍പകര്‍പ്പുകള്‍ എന്ന്‌ എതിരാളി കേള്‍ക്കെ ഉച്ചത്തില്‍ ഉദ്‌ഘോഷിക്കുമ്പോഴും എന്തേ ഇതൊക്കെ മറന്നുപോകുന്നു? ഇതാണ്‌ ചര്‍ച്ചയുടെ മര്‍മം.]

ഈ വരികൾ പി.എം.എ ഗഫൂർ സാഹിബിന്റേതാണ് എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാമോ..എന്നാൽ സത്യം അതാണ്.

ഇതിൽ പറഞ്ഞ വാക്കുകളോട് അൽപമെങ്കിലും ആത്മാർഥയുണ്ടെങ്കിൽ സഹോദരന് എങ്ങനെയാണ് ഇങ്ങനെ ജമാഅത്തിനെ വിമർശിക്കാൻ സാധിച്ച്ത് എന്ന് പറഞ്ഞുതരണം.

CKLatheef പറഞ്ഞു...

(ഖുത്വുബാത്തിലെയും അല്‍ജിഹാദിലെയും വരികള്‍ക്ക്‌ കൊടുവാളിന്റെ മൂര്‍ച്ഛയുണ്ട്‌. ദുര്‍ബലനായ ഏതൊരു മുസ്‌ലിമിനെയും വികാരാധീനനാക്കാന്‍ പോന്ന വാള്‍ത്തലപ്പുകളാണ്‌ മൗദൂദി കൃതികളില്‍ ഏറിയ പങ്കും. അതോടൊപ്പം തന്നെ ഇന്ത്യ കണ്ട ഉന്നതശ്രേഷ്‌ഠരായ ഇസ്‌ലാമിക പണ്ഡിതരില്‍ അബുല്‍ അഅ്‌ലാ മൗദൂദിയുടെ സ്ഥാനം അപ്പാടെ നിഷേധിക്കുന്നതും കരണീയമായ ചരിത്രവായനയല്ല)

എന്താണ് ലേഖകൻ ഇതുകൊണ്ടുദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. കൊടുവാളിന്റെ മൂർചയുണ്ടെന്നും ദുർബലനായ ഏതൊരു മുസ്ലിമിനെയും വികാരാധീതനാക്കാൻ പോന്ന വാൾതലപ്പുകളാണ് എന്നും പറയുമ്പോൾ അത് നല്ല അർഥത്തിലും എടുക്കാമെന്ന് തോന്നുന്നു. കാരണം ഒട്ടേറെ പേർ ഈ ഗ്രന്ഥങ്ങൾ വായിച്ച് സത്യത്തിന്റെ വെളിച്ചം കണ്ടിട്ടുണ്ട്. ഏതായാലും ജിഹാദും ഖുതുബാത്തും വേണ്ട വിധം വായിക്കുന്ന പക്ഷം ഏറ്റവും സമാധാനപ്രിയരും ജനസേവകരുമായ ഒരു വിഭാഗമാണ് അതിലൂടെ ഉണ്ടാകുക എന്നതിന് തെളിവായി ജമാഅത്തെ ഇസ്ലാമി തന്നെ മതി.

CKLatheef പറഞ്ഞു...

ഈ പോസ്റ്റിന്റെ അടുത്ത ഭാഗം ഇവിടെ വായിക്കുക.

Kuttikkattoor News Live. പറഞ്ഞു...

a best blog

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അത് വിമർശനങ്ങളാകട്ടേ വിയോജിപ്പുകളാകട്ടേ, ഇവിടെ രേഖപ്പെടുത്തുക. കേവല തർക്കവിതർക്കങ്ങൾ സ്വാഗതം ചെയ്യുന്നില്ല.

 
Design by CKLatheef | Bloggerized by CKLatheef | CK